‘ടേക്കിറ്റ് ഫോർ ഗ്രാന്റഡ്’
ഹരി ആ വാചകത്തെക്കുറിച്ചു് വീണ്ടുമോർത്തു. അയാൾ ‘മിന്നി’ എന്നു വിളിക്കുന്ന, അയാളെ ‘പിൽസ്’ എന്നു് വിളിക്കുന്ന, അയാളുടെ കൊച്ചുമകൾ മാധവിശങ്കർ പറഞ്ഞതാണാ വാചകം. സിനിമാനടി മാധവിയോടുള്ള ആരാധന മൂത്തിട്ടാവും, മകൻ ശങ്കർ മകൾക്കു് ആ പേരിട്ടതെന്നു് അയാൾക്കു് സംശയം തോന്നിയിട്ടുണ്ടു്, പലവട്ടം. കോളേജിൽ പഠിക്കുന്ന കാലത്തു് ശങ്കറിനു് മാധവിയോടു് ആരാധന ഉണ്ടായിരുന്നതാണു്. എവിടെ നിന്നൊക്കെയോ വെട്ടിയെടുത്ത, മാധവിയുടെ ചിത്രങ്ങൾ ചുവരിലും പുസ്തകത്തിലും ഒട്ടിച്ചു വെച്ചതിനു് എത്ര വട്ടം വഴക്കു് പറഞ്ഞിരിക്കുന്നു! വിവാഹശേഷം ‘അസുഖം’ മാറുമെന്നു വിചാരിച്ചു. എന്നാൽ മകൾക്കു് ആ പേരു് തന്നെ ഇട്ടു്, ഹരിയുടെ വിചാരം തെറ്റാണെന്നു് മകൻ തെളിയിച്ചു. മിന്നിയാണെങ്കിൽ മാധവിയെന്ന പേരു് മാറ്റണമെന്ന തീരുമാനത്തിലാണിപ്പോൾ. തന്റെ അപ്പിയറൻസിനു് ആ പേരു് ചേരില്ല, ഓരോ മുഖത്തിനും ഓരോ പേരുണ്ടു് എന്നൊക്കെയാണവളുടെ വാദങ്ങൾ. രണ്ടു ദിവസം മുൻപാണവൾ തിരികെ പോയതു്. ഇടയ്ക്കൊക്കെ അപ്പൂപ്പന്റെ വീട്ടിലേക്കു് ഒരു സർപ്രൈസ് വിസിറ്റ് നടത്താറുണ്ടവൾ.
“പിൽസിനെ മിസ്സ് ചെയ്യുന്നു” എന്നും പറഞ്ഞാണവൾ വരിക.
‘അപ്പൂപ്പാ’ എന്നു ലേശം കൊഞ്ചലോടെ വിളിച്ചു കൊണ്ടിരുന്ന അവൾ, കൈക്കും കാലിനും നീളം വെച്ചപ്പോൾ ഒരുനാൾ അയാളെ ‘പിൽസ്’ എന്നു് വിളിച്ചു തുടങ്ങി. ‘മൂപ്പിൽസ്’ എന്ന വാക്കിനെ മുറിച്ചു് ചെറുതാക്കിയതാണു്! കേട്ടപ്പോൾ ആദ്യം അല്പം വല്ലായ്മ തോന്നിയെങ്കിലും, ആ വിളിയിൽ ഒരു ശരിയുണ്ടെന്നു് പിന്നീടു് തോന്നി തുടങ്ങി. ഗുളികകളിലാണു് ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും! ഗുളികകൾ കൊണ്ടു് ഭാഗിച്ചു പോയിരിക്കുന്നു അയാളുടെ പകലും രാത്രിയും. പിൽസ് എന്ന വിളിയിൽ ഒരല്പം പരിഷ്ക്കാരമൊക്കെ ഉണ്ടെന്നും വിശ്വസിക്കാൻ തുടങ്ങിയിട്ടുണ്ടിപ്പോൾ. മിന്നിക്കു് നോയ്ഡയിൽ ഒരു ഐടി കമ്പനിയിലാണു് ജോലി. ഹിന്ദിയിലും ഇംഗ്ലീഷിലും മാറി മാറി അവൾ ഫോണിൽ സംസാരിക്കുന്നതു് എത്ര തവണ അയാൾ കേട്ടിരിക്കുന്നു. ഫോണുമായി കടന്നു പോവുമ്പോൾ അങ്ങനെ കേട്ട കൂട്ടത്തിൽ പെട്ടു പോയതാണാ വാചകം.
“മിന്നിയെ… നീ കുറച്ചു് മുൻപു് പറഞ്ഞില്ലെ? ടേക്കിറ്റ് ഫോർ… എന്തോ ഒന്നു്… എന്താ അതിന്റെ അർത്ഥം?”
“ഓഹോ, അപ്പോ പിൽസ് എല്ലാം ഒളിഞ്ഞിരുന്നു് കേൾക്കാണല്ലെ?”
ജിജ്ഞാസയുടെ നാളുകൾ… അയാൾ എന്തോ ഓർത്തു് ചിരിച്ചു.
അവൾ ആ വാചകം മൊഴിമാറ്റം നടത്താനൊരു ശ്രമം നടത്തി.
“അതു പിന്നെ, വെറുതെ കിട്ടുമ്പോ വിലയറിയില്ലെന്നൊ മറ്റോ പറയൂല്ലെ?… അതു തന്നെ”
അയാൾ മൂളി. ആ പറഞ്ഞതു് സത്യം. ഇപ്പോഴയാൾക്കു് പലരോടും അസൂയയാണു്. പ്രത്യേകിച്ചും മൂത്രം പിടിച്ചു് നിർത്താൻ കഴിയുന്നവരോടു്. അതിന്റെ വില അറിയാത്തവരോടു്. പാർക്കിൻസൺസിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചു് കുമാരൻ ഡോക്ടർ വ്യക്തമായി പറഞ്ഞു തന്നിട്ടുള്ളതാണു്. നടക്കുമ്പോൾ വലതു കൈ വീശാൻ മറന്നു പോകുന്നതായിരുന്നു തുടക്കം. കൂടെ നടക്കുമ്പോൾ, സുമിത്ര പലവട്ടം കണ്ണുരുട്ടി കാണിച്ചും ശകാരിച്ചും ഓർമ്മപ്പെടുത്തും. പതിയെ പതിയെ ഡോക്ടർ പ്രവചിച്ച പലതും സത്യമായി. ജാതകത്തിൽ പ്രവചിച്ചിരുന്ന പലതും സംഭവിച്ചതുമില്ല. വൈദ്യം ജയിച്ചു കൊണ്ടിരുന്നു, ജോത്സ്യം തോറ്റു കൊണ്ടും. ഇറ്റിറ്റു് വീഴുന്ന മൂത്രത്തുള്ളികൾ അയാളുടെ സ്വൈര്യക്കേടായി മാറി. സ്ത്രീകളുടേതു പോലെ പറ്റുതുണിയോ പാഡോ വെച്ചാലോ എന്നൊരാലോചന വന്നു പോയി. ഇപ്പോൾ മൂന്നു മണിക്കൂറാണു് റെക്കോർഡ്. അതിനും മുൻപെ ഒഴിച്ചു് കളഞ്ഞില്ലേൽ പരവശപ്പെടും, കുളിരു് തോന്നും. പിന്നെ ചെറിയ വിറയലും. അതു കൊണ്ടു് ദീർഘദൂരയാത്രകൾ അയാൾ സ്വയം നിഷേധിച്ചു. ഇപ്പോൾ നടക്കുമ്പോൾ വേച്ചു പോകുന്നോന്നു് സംശയം. കൈവിരലുകളും അനുസരണക്കേടു് കാട്ടിത്തുടങ്ങിയിരിക്കുന്നു. എഴുതുന്നതു് സ്വന്തം കൈ കൊണ്ടാണെങ്കിലും, കൈയ്യക്ഷരം മറ്റാരുടേതോ ആണു്. പഴയ എഴുത്തുകൾ കാണുമ്പോൾ ഇപ്പോഴയാൾക്കു് തന്നെ അത്ഭുതമാണു്.
മകന്റെ ഭാര്യാവീട്ടിലേക്കു് വർഷത്തിൽ ഒന്നു രണ്ടു തവണയെങ്കിലും ഹരിയും സുമിത്രയും സന്ദർശനം നടത്താറുണ്ടു്. രണ്ടാഴ്ച്ച മുമ്പാണു് അവിടേക്കു് അവസാനമായി പോയതു്. അവിടെയുമുണ്ടു് രണ്ടു് വൃദ്ധാത്മാക്കൾ. അവിടേക്കുള്ള സന്ദർശനം ബാറ്ററി റീച്ചാർജ് ചെയ്യുന്നതു പോലെയാണു്. അവരെ കണ്ടു്, അവിടെ ചുറ്റുവട്ടത്തു് നടന്നും സംസാരിച്ചും കഴിഞ്ഞു് മടങ്ങി വരുമ്പോഴേക്കും രണ്ടുപേരും ഒന്നു ഉഷാറാവും.
“മനുഷ്യരു് മനുഷ്യരെ കാണാതിരുന്നിട്ടു് എന്തു കിട്ടാനാ? എത്ര നാളാ ഇനി നമുക്കൊക്കെ?”
അതു പറഞ്ഞു തുടങ്ങുമ്പോഴേക്കും സുമിത്ര യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും.
അവിടെ ചെന്നാൽ, സ്ത്രീകൾ പരദൂഷണവും കുടുംബനാഥനെ കുറിച്ചുള്ള പരാതികളും പറഞ്ഞു് ആശ്വസിക്കുമ്പോൾ, പുരുഷരത്നങ്ങൾ രാഷ്ട്രീയവും സാമൂഹികവും മാത്രമല്ല ആഗോളപ്രശ്നങ്ങളിലുമുള്ള തങ്ങളുടെ നിലപാടു് വ്യക്തമാക്കി സായൂജ്യമടയും.
വയസ്സന്മാർ രണ്ടുപേരും ഒന്നിച്ചു് ഒരു പ്രഭാതസവാരി പതിവുണ്ടു്. പോയി തിരിച്ചു വരും വഴി കവർപ്പാലും ചിലപ്പോൾ പച്ചക്കറിയും വാങ്ങും. അങ്ങനെ പച്ചക്കറി വാങ്ങാൻ ചെന്നു് തക്കാളിയുടെ മിനുപ്പും വഴുതനയുടെ തിളക്കവും നോക്കി നിൽക്കുമ്പോഴാണു് ഒരു പഴയ പരിചിത മുഖം ഇടയിലേക്കു് കയറി വന്നതു്. തന്നെ പോലെ തല നരച്ചു്, ശരീരം ചുരുങ്ങി പോയെങ്കിലും, പഴയ സുഹൃത്തു് രവിയെ തിരിച്ചറിയാൻ ഹരിക്കു് ബുദ്ധിമുട്ടുണ്ടായില്ല. രവി ഒരു പുതിയ വീടു് വാങ്ങി അങ്ങോട്ടു് താമസമായതേയുള്ളൂ. ഹരി പഴയ വോളിബോൾ ജോയിയെ കുറിച്ചും, കവി സക്കറിയയെ കുറിച്ചും ചോദിച്ചു. ജോയി പോയി. സക്കറിയ എവിടെയെന്നറിയില്ല. “നമ്മുടെ പഴേ സേതു… സേതുമാധവൻ… അവനിപ്പൊ എവിടെ?”
“അവനെ… കുറച്ചു് നാളു് മുൻപു് കണ്ടിരുന്നു… എന്തൊക്കെയോ പ്രശ്നങ്ങളുണ്ടു്. പഴേ പോലെ അധികം സംസാരമൊന്നുമില്ല”
“രാധയോ?”
“അവനൊന്നും തന്നെ പറഞ്ഞില്ല… സംസാരിക്കാൻ വലിയ താല്പര്യമില്ലാത്തതു് പോലെ… പിന്നെ ഞാൻ ചോദിക്കാനും പോയില്ല”
രവി പറഞ്ഞതു് കേട്ടു് ഹരിക്കു് വിഷമം മാത്രമല്ല, ഒരല്പം അപമാനവും തോന്നി. എന്നാലും സേതു തന്നെ കുറിച്ചു് ഒന്നും ചോദിച്ചില്ലല്ലോ…
ഹരി, സേതുവിന്റെ വീടു് ചോദിച്ചറിഞ്ഞു്, വിലാസം മനസ്സിൽ കുറിച്ചു വെച്ചു. പറഞ്ഞു വന്നപ്പോൾ തന്റെ വീട്ടിൽ നിന്നും ഏതാണ്ടു് ഒന്നര മണിക്കൂർ ദൂരം മാത്രം. സേതുമാധവനും രാധാലക്ഷ്മിയും… അവരുടെ പ്രണയം… അത്യാവശ്യം വിപ്ലവവും വഴക്കും കഴിഞ്ഞു് പൊട്ടിത്തെറിച്ചതു് പോലെ ഇരുവരും സ്വന്തം കുടുംബങ്ങളിൽ നിന്നും അകന്നതു്… ചുട്ടു പഴുത്ത ആദർശങ്ങളുടെ കാലം… തോളത്തു് കൈയ്യിട്ടു് നടക്കാൻ ഒരുപാടു് സുഹൃത്തുക്കളുണ്ടായിരുന്ന സുന്ദരകാലം. ഒരു നിമിഷം ഓർമ്മകളിലേക്കു് മനസ്സു് വലിച്ചു കൊണ്ടു പോയി. ഉറ്റ സുഹൃത്തു്… ഇപ്പോഴവൻ ഏതോ സ്വൈര്യക്കേടിൽ പെട്ടു കിടക്കുകയാണു്. തിരികെ നടക്കുമ്പോൾ, വഴി മുഴുക്കെയും ഹരി അതേക്കുറിച്ചു് തന്നെ തിരിച്ചും മറിച്ചുമിട്ടു് ചിന്തിച്ചു, കവർപ്പാലിന്റെ തണുപ്പു് പ്ലാസ്റ്റിക് കവറിലൂടെ, കൈയ്യിലൂടെ അയാളിലേക്കു് പടർന്നു കയറി ചിന്തകളെ വേർപെടുത്തും വരെ.
മൂന്നാം ദിവസം വീട്ടിൽ മടങ്ങിയെത്തുമ്പോഴേക്കും സേതു എന്ന പേരു് അയാളുടെ ഉള്ളിൽ കിടന്നു് തിളയ്ക്കാൻ തുടങ്ങിയിരുന്നു.
“ഈ പ്രാവശ്യമെന്താ പോയി വന്നിട്ടൊരു ഉഷാറില്ലല്ലോ… ” സുമിത്ര ചോദിക്കുകയും ചെയ്തു.
“ഞാൻ പറഞ്ഞിട്ടില്ലെ കൂടെ പഠിച്ച സേതുമാധവനെ പറ്റി?”
“ങാ… സേതുവും… രാധയും… അല്ലെ?”
“ങാ… അവനെന്തോ പ്രശ്നമുണ്ടു്… അവന്റെ വീടു് ഇവിടന്നു് വലിയ ദൂരമൊന്നുമില്ല… എനിക്കൊന്നു പോയി കാണാൻ തോന്നുന്നു… ”
സേതുവിനെ കാണാൻ യാത്ര തുടങ്ങുമ്പോൾ ഒരു കാര്യം ശ്രദ്ധിച്ചു, വിറ അപ്രത്യക്ഷമായിരിക്കുന്നു! നശിച്ച വിറയും മൂത്രപ്രശ്നവും കാരണമാണു് ആയിടയ്ക്കു് എക്സ് എംപ്ലോയീസ് തീരുമാനിച്ച ജപ്പാൻ യാത്രയിൽ നിന്നും അവസാനനിമിഷം അയാൾ പിൻമാറിയതു്. കുറച്ചു് ദിവസങ്ങൾ മുൻപു വരെ ജപ്പാനായിരുന്നു അയാളുടെ ദിവാസ്വപ്നങ്ങളിൽ. ആ ദിവസങ്ങളിൽ അച്ഛന്റെ പഴയ യാഷിക്കാ ക്യാമറ അയാളുടെ ഓർമ്മകളിൽ ക്ലിക്ക് ചെയ്തു കൊണ്ടിരുന്നു.
കോണിക്കയെ കുറിച്ചോർത്തു…
ചെറി മരങ്ങൾ…
ലൗ ഇൻ ടോക്ക്യോ എന്ന പഴയ ഹിന്ദി സിനിമ…
സുമോ ഗുസ്തിക്കാർ…
കിമോണ ധരിച്ച ചെറിയ കണ്ണുകളുള്ള സുന്ദരികൾ…
എല്ലാം ഒരു രാത്രിയിൽ അയാളിൽ നിന്നും ചോർന്ന മൂത്രത്തുള്ളികളിൽ അവസാനിച്ചു. ആത്മവിശ്വാസത്തെ മുക്കിക്കൊന്നു കൊണ്ടു്, ബെർമുഡയിൽ തെളിഞ്ഞു വന്ന നനഞ്ഞ വൃത്തങ്ങളിലേക്കു് നോക്കി അയാൾ മുഖം കുനിച്ചിരുന്നു.
സേതുവിന്റെ വീടിന്റെ ഗേറ്റിനു മുന്നിൽ ചെന്നു നിന്നപ്പോൾ താനൊരു വലിയ മണ്ടനായോ എന്നൊരു നിമിഷം ഹരിക്കു തോന്നി. ഗേറ്റിന്റെ ഇരുകൈകളേയും ചേർത്തു് പിടിച്ചു് കിടക്കുന്നു ഒരു വലിയ താഴ്! രണ്ടുനില വീടാണു്. കാർപോർച്ച് ഒഴിഞ്ഞു കിടക്കുന്നു. ഗേറ്റിൽ നിന്നും വീടു് അല്പം അകത്തേക്കാണു്. അവിടേക്കു് സിമന്റ് കൊണ്ടു് ഒരു ചെറിയ പാത. ഇരുവശത്തും ചില ചെടികൾ വരിക്കു് നട്ടു പിടിപ്പിച്ചിട്ടുണ്ടു്. സിമന്റ് പാതയിൽ കാറ്റു കൊണ്ടിട്ട കൊഴിഞ്ഞ ഇലകൾ. ആകെ മൊത്തം ആൾപ്പാർപ്പിന്റെ ലക്ഷണമൊന്നുമില്ല. ഇനി സേതു ഇവിടെ നിന്നും താമസം മാറിയിട്ടുണ്ടാവുമോ? വന്നതു് വെറുതെ ആയോ? ഇനിയും നിൽക്കണോ അതോ തിരികെ പോകണോ എന്ന ചിന്ത ടോസ്സിട്ട് നോക്കുമ്പോൾ അയാൾ കണ്ടു, സേതു വീടിന്റെ മുൻവാതിൽ തുറന്നു് വരുന്നതു്. ആരെ കബളിപ്പിക്കാനാണു് ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതു? സാമ്പത്തികമായി വല്ല വലക്കുരുക്കുകളിലും പെട്ടു് കടക്കാരെ ഭയന്നു്… അല്ലെങ്കിൽ പിരിവുകാരെ ഭയന്നു്…
സംശയത്തോടെ സേതു ഗേറ്റിനരികിലേക്കു് വരുന്നതു് കണ്ടു. ഹരി അയാളെ സംശയത്തോടെയാണു് നോക്കി നിന്നതും. അത്രയ്ക്കും മാറി പോയിരിക്കുന്നു! സൂക്ഷിച്ചു നോക്കി നിന്നപ്പോൾ സ്വയം പരിചയപ്പെടുത്തണമോ വേണ്ടയോ എന്ന സന്ദേഹമായി. ‘ഹരിയല്ലെ…’ എന്നു പറഞ്ഞു് അയാൾ ഗേറ്റ് തുറന്നു് സന്ദർശകനെ അകത്തേക്കു് വരാനനുവദിച്ചു. ഉടനെ തന്നെ ഗേറ്റ് പൂട്ടുകയും ചെയ്തു. ഇതായിരുന്നില്ല പ്രതീക്ഷിച്ച സ്വീകരണം. തന്നെ കണ്ടു് കെട്ടിപ്പിടിച്ചു്, പൊട്ടിച്ചിരിയോടെ സ്വീകരിക്കുമെന്നു് കരുതിയതൊക്കെയും… വർഷങ്ങൾ കൊണ്ടു് പലർക്കും പല മാറ്റങ്ങളും സംഭവിച്ചിരിക്കാം. വിചിത്രമായ പെരുമാറ്റം മാനസികസന്തുലിതാവസ്ഥ നഷ്ടപ്പെട്ടതിന്റെ ലക്ഷണമല്ലെ? ഒന്നും ചോദിക്കുന്നുമില്ല പറയുന്നുമില്ല. ഹരിക്കു് ചെറുതായി ഭയം തോന്നി. താൻ പഴയതു പോലെ പച്ചക്കുതിരയോ, പടക്കുതിരയോ അല്ല. ഒന്നോടാൻ പോലുമാവാത്ത ബലഹീനനായ… വാർദ്ധക്യം എന്ന ഫിനിഷിംഗ് പോയിന്റിലേക്കു് പതിയെ നടന്നടുക്കുന്ന… യാചന മാത്രമാണു് തന്റെ തേഞ്ഞ ആയുധം… താൻ ഇവിടേക്കു് വന്നു കയറിയതു് ആരെങ്കിലുമൊക്കെ കണ്ടു കാണില്ലെ? ശരിക്കുമൊരു കെണിയിൽ അകപ്പെട്ടുവോ? പ്രതിരോധങ്ങളും മുൻകരുതലുകളുമെല്ലാം മറികടന്നു്… താൻ ചോർന്നൊലിക്കുമോ?
വരാന്തയിൽ ഇട്ടിരുന്ന കസേരകളിൽ ഇരിക്കാനാണു് ഹരി താല്പര്യപ്പെട്ടതു്. സേതു വീട്ടിനുള്ളിലേക്കു് തന്റെ പഴയ സുഹൃത്തിനെ നയിച്ചു. കയറിയതും പൂക്കളുടെ… വാസന സോപ്പിന്റെ… പെർഫ്യൂമിന്റെ ഗന്ധം… അനുഭവപ്പെട്ടു.
“രാധ… രാധാലക്ഷ്മി ഇല്ലെ?”
“ഉം… ഉറക്കമാ… ”
“ഈ നേരത്തോ?”
എന്താ ഇവിടെ എല്ലാം ഇത്ര വിചിത്രം? കുറഞ്ഞപക്ഷം അകത്തേക്കു് പോയി രാധയെ വിളിച്ചുണർത്തേണ്ടതല്ലെ? അതല്ലെ മര്യാദ? താൻ അത്രയ്ക്കും അപരിചിതനായി പോയോ? ഇവരുടെ പ്രണയത്തിനും വിവാഹത്തിനും സാക്ഷിയായ തന്നെ, ഇവരുടെ ഭയമെല്ലാം മായ്ച്ചു് കളഞ്ഞു് ഇവരോടൊപ്പം കരിങ്കല്ലു് പോലെ നിന്ന തന്നെ… ഇത്രയും അപമാനം താനർഹിക്കുന്നില്ല. ഏതായാലും വന്നു പോയി. ഇനി രണ്ടു വാക്കു് പറഞ്ഞു് നല്ല മുഖത്തോടെ പിരിയണം. മര്യാദ എന്ന വാക്കിനോടു് തനിക്കല്പം ബഹുമാനമുണ്ടു്.
ഒരു ചായ? കുറഞ്ഞപക്ഷം വെയിലത്തു കൂടി വന്ന തനിക്കല്പ്പം തണുത്തവെള്ളം?
“നിനക്കു് ഞാൻ ചായയെടുക്കട്ടെ?”
“ഉം… ”
ഇവിടെ ഇവനാണോ എല്ലാം? ചായ ഒരു ഫ്ളാസ്ക്കിൽ നിന്നും ഗ്ലാസ്സിലേക്കു് പകരുന്നതു് ഹരി കണ്ടു.
എന്തിനാണു് ഫ്ളാസ്കിൽ എല്ലാം തയ്യാറാക്കി വെയ്ക്കുന്നതു?
ഹരി രവിയെ കണ്ടുമുട്ടിയതു് പറഞ്ഞു. അയാൾ പുതിയ വീട്ടിലേക്കു് മാറിയ കാര്യം. ജോയിയെ കുറിച്ചും സക്കറിയയെ കുറിച്ചുമൊക്കെ.
“നീ പഴയ ആൾക്കാരെ വല്ലോം കണ്ടോ?”
സേതു ഇല്ലെന്നു് തലയാട്ടി.
“നിനക്കു് കുട്ടികൾ?” ഹരി ചോദിച്ചു.
“മോളാ… അവളിപ്പോ ബാംഗ്ലൂരിലാ… ഇടയ്ക്കു് വരും”
മുറിയിലേക്കു് കടക്കുമ്പോൾ തന്നെ ഷോകേസ്സിനുള്ളിൽ ചാരി വെച്ച, ഒരു ചെറിയ പെൺകുട്ടിയുടെ ഫോട്ടോ ശ്രദ്ധിച്ചിരുന്നു. പിന്നെ ആ പഴയ വിവാഹഫോട്ടോയും. പരിഭ്രാന്തിയോടെ നിന്ന സേതുവിന്റേയും രാധയുടെയും ഫോട്ടോ.
“രാധ… അവൾ എപ്പോ എണീക്കും?” ഹരി അക്ഷമനായി തുടങ്ങിയിരുന്നു.
അവളെയും കണ്ടു കഴിഞ്ഞാൽ സ്ഥലം വിടാം. പൂട്ടിയ ഗേറ്റിനപ്പുറം എത്തുന്നതു വരെ സ്വസ്ഥതയില്ല.
“രാധയ്ക്കു്… ”
സേതു അസുഖകരമായ എന്തോ പറയാൻ, അനുയോജ്യമായ ഒരു ആമുഖം തിരഞ്ഞു. അപ്പോഴേക്കും ഉള്ളിലെ മുറിയിലെന്തോ ശബ്ദം കേട്ടു. എന്തോ തട്ടി വീഴുന്നതോ മറ്റോ…
“നീ ഇരിക്കു്… ഞാനിപ്പൊ വരാം” അതും പറഞ്ഞു് അയാൾ പെട്ടെന്നെഴുന്നേറ്റു് അകത്തേക്കു് പോയി.
ഉച്ചത്തിലുള്ള ചില വർത്തമാനങ്ങൾ കേട്ടോ? കേട്ട സ്ത്രീ ശബ്ദം–അതു രാധയുടേതു തന്നെയോ? ശകാരമോ? നിലവിളിയോ? അതോ രണ്ടും കൂടിയോ? ഇവിടെ ഇവരെ കൂടാതെ വേറെ ആരെങ്കിലും?
ഹരി മുറിയിൽ ഒരു നയനപ്രദക്ഷിണം നടത്തി. ഒരു മൂലയിൽ പൊടിയുടെ ആവരണമണിഞ്ഞ പ്ലാസ്റ്റിക് പൂക്കൾ നിറച്ച ഒരു കൂജ. വിളറിത്തുടങ്ങിയ ചുവരുകൾ. ചുവരിന്റെ മൂലകളിൽ നരച്ച ഓർമ്മകൾ പോലെ തൂങ്ങി നിൽക്കുന്ന ചുക്കിലി വലകൾ. മുറിക്കു് പോലും വാർദ്ധക്യം ബാധിച്ചതായി തോന്നുന്നു. ഇടയ്ക്കൊരു കാറ്റു് വന്നു് മുഷിഞ്ഞ ജനാലവിരി ഉയർത്തി അകത്തു കയറിയതു് അല്പം ആശ്വാസമായി. ജനാല തുറന്നു കിടപ്പുണ്ടല്ലോ!
കുറച്ചു് കഴിഞ്ഞു സേതു വന്നു. കയറി പോയ മുറിയുടെ വാതിൽ അടച്ചിട്ടാണു് അയാൾ വന്നതു്.
“എന്താടാ… രാധയ്ക്കെന്താ?”
ചോദിക്കണ്ടാന്നു് വിചാരിച്ചു് വെച്ച ചോദ്യം ഒടുവിൽ സകല മര്യാദയുടേയും വേലി തകർത്തു് അല്പം ഈർഷ്യയോടെ പുറത്തെത്തി.
സേതു സോഫയിൽ ഹരിക്കു് സമീപം വന്നിരുന്നു. ഹരി ചായക്കപ്പു് ടീപ്പോയിൽ വെച്ചു സേതുവിലേക്കു് ശ്രദ്ധ തിരിച്ചു.
“അതു്… കുറച്ചു് നാൾ മുൻപു് തുടങ്ങിയതാണു്… ഞാൻ അത്രയും ശ്രദ്ധിച്ചില്ല… അവളെല്ലാം മറന്നു പോണെടാ… മരുന്നു് കഴിക്കുന്നുണ്ടു്… പക്ഷേ, അതു കൊണ്ടൊന്നും… ചിലപ്പോ എന്നെ പോലും മറന്നു പോവും… പിന്നെ ഭയങ്കര ദേഷ്യവും… കരച്ചിലുമൊക്കെയാ… ”
ഹരി തരിച്ചു് നിശ്ശബ്ദനായി ഇരുന്നു. നിശ്ശബ്ദത അസഹ്യമാവുന്നതു് തിരിച്ചറിഞ്ഞപ്പോൾ ചോദിച്ചു,
“നിനക്കു് രാധേ ഏതെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തൂടെ?… അല്ലേൽ വല്ല ഹോം നഴ്സിനെ… ”
“എവിടെ ആയാലും ഞാൻ നോക്കുന്നതു് പോലെ ആവുമോ?… അവളെ അവിടെ കൊണ്ടു വിട്ടാൽ എനിക്കു് സമാധാനമായി ഇരിക്കാൻ പറ്റുവോ?”
“രാധയ്ക്കു്… നിന്നെ ഇപ്പോ തിരിച്ചറിയാൻ… ”
“ചിലപ്പോഴൊക്കെ… ”
“ഞാനൊന്നു് കണ്ടോട്ടെ… ചിലപ്പോ എന്നെ… ”
പെട്ടെന്നു വളർന്ന ഒരു ആത്മവിശ്വാസമായിരുന്നു ആ ഒരു വെല്ലുവിളിക്കു് കാരണം.
അതു വേണോ എന്ന മട്ടിൽ സേതു ഹരിയെ കുറച്ചു് നേരം നോക്കിയിരുന്നു. പിന്നെ നിലത്തു നോക്കി പറഞ്ഞു,
“നീ വാ… ചിലപ്പോ… ”
ഹരി പതിയെ എഴുന്നേറ്റു. ഏതോ പരീക്ഷയ്ക്കു് പോകുന്നതു് പോലെ തോന്നി അയാൾക്കു്. അവളെ കളിയാക്കി ‘താരകരൂപിണി’ എന്ന പാട്ടു് അക്ഷരം തെറ്റിച്ചു് പാടിയിട്ടുണ്ടു്. വിവാഹ രജിസ്റ്ററിൽ സാക്ഷികളുടെ കോളത്തിൽ ഒരൊപ്പു് തന്റേതാണു്. അങ്ങനെയുള്ള തന്നെ അത്രയെളുപ്പമൊന്നും മറക്കില്ലെന്നുറപ്പാണു്.
മുറിക്കുള്ളിലേക്കു് കയറിയപ്പോൾ സർക്കാർ ആശുപത്രിയിലെ ഏതോ വാർഡിലേക്കു് കാലെടുത്തു് വെച്ചതു് പോലെ തോന്നി. ലോഷൻ? ഡെറ്റോൾ? റൂം ഫ്രഷ്ണർ? അതോ, അതൊക്കെയും?
അവൾ കിടക്കുകയായിരുന്നു.
സേതു അടുത്തു് ചെന്നു് പതിയെ എന്തോ പറഞ്ഞു. അവളുടെ കൈയ്യിൽ മൃദുവായി പിടിച്ചു.
ഹരി പതിയെ കട്ടിലിനടുത്തേക്കു് ചെന്നു. രാധ വിളറി പോയിരിക്കുന്നു. അവളുടേയും മുടി നരച്ചിട്ടുണ്ടു്. ദൃഷ്ടി എവിടെയൊക്കെയോ തെന്നി തെറിച്ചു് പോവുന്നു. ഹോ! അവൾ വൃദ്ധയായിരിക്കുന്നു. തന്നേക്കാളും… സേതുവിനേക്കാളും… സുമിത്രയേക്കാളും…
“രാധാ… ഇതു ഞാനാ” ഹരി ചിരിക്കാൻ ശ്രമിച്ചു.
“ഇതു് നമ്മുടെ പഴേ ഹരിയാ… ” സേതുവും ഒരു ശ്രമം നടത്തി.
“രാധാ നിനക്കു് മനസ്സിലായില്ലെ?… ഇവന്റെ മുടിയൊക്കെ പോയെന്നേയുള്ളൂ… ” അയാളൊരു തമാശ പറയാൻ ശ്രമിച്ചു.
അവൾ ഹരിയുടെ നേർക്കു് കുറച്ചു് നേരം നോക്കി ഇരുന്നു. പുരികം വിടർന്നു. തൊട്ടടുത്ത നിമിഷം വാതിലടയുന്നതു് പോലെ ഇടുങ്ങുകയും ചെയ്തു. പിന്നീടു് മുഖം തിരിച്ചു് സേതുവിനെ തന്നെ നോക്കി ഇരുന്നു. അവളുടെ മുഖത്തു് ഭയം പതിയെ പിടിച്ചു കയറുന്നു എന്നു തോന്നി.
“ഹരി… നമുക്കു്… പുറത്തിരിക്കാം… നീ… ”
ഹരി രാധയെ നോക്കി ചിരിക്കാൻ ശ്രമിച്ചു പിന്നീടു് തിരിഞ്ഞു നടന്നു.
സോഫയിൽ ഹരി മുഖം കുനിച്ചു് മൊസേക്ക് തറയിലെ നിറപ്പൊട്ടുകളും നോക്കി ഇരുന്നു.
അല്പസമയം കഴിഞ്ഞു് മുറിയുടെ വാതിലടയുന്ന ശബ്ദം കേട്ടപ്പോഴാണു് തലയുയർത്തിയതു്.
“ഇപ്പോ… നിനക്കു് മനസ്സിലായില്ലെ?”
ഇല്ല, ഒന്നും മനസ്സിലാകുന്നില്ല… എങ്ങനെയാണു് ഇത്രയും പരിചയമുള്ള ഒരാൾ ഇത്രയ്ക്കും അപരിചിതയായ ഒരാളാവുന്നതു?
“രാധയെ… കുളിപ്പിക്കുന്നതും, ഡ്രെസ്സ് ചെയ്യിക്കുന്നതും, ഫുഡ് കൊടുക്കുന്നതുമൊക്കെ ഇപ്പൊ… ഞാനാ… ചില സമയം അവളെല്ലാം മറന്നു പോവും… ഡ്രസ്സ് ചെയ്യണമെന്നോ, ബാത്ത് റൂമല്ല ബെഡ് റൂമാണെന്നു് അറിയാതെ… അതൊക്കെ… ”
ഹരി സേതുവിനെ തന്നെ നോക്കിയിരുന്നു.
“ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതു് കണ്ടോ?… കുറച്ചു് നാളു് മുൻപു് അതും തുറന്നു് പുറത്തു് പോയി… ഭാഗ്യത്തിനു്… അതിനു ശേഷമാ എല്ലാം പൂട്ടിയിട്ടു്… ഒരു കാവൽക്കാരനെ പോലെ… എങ്ങും പോവാതെ… ” അയാളുടെ കണ്ണു് നിറയുന്നതു് കണ്ടു. ഹരി സേതുവിന്റെ അടുത്തേക്കു് ചേർന്നിരുന്നു. മുൻപു് സുഹൃത്തുക്കളുമൊത്തു് കൂട്ടമായി ഇരിക്കുമ്പോൾ തോളോടു് തോൾ ചേർന്നിരുന്നതു് പോലെ. സേതു ഹരിയുടെ തോളിൽ തല ചായ്ച്ചു. അയാളുടെ മുതുകിൽ പതിയെ തടവാനെ ഹരിക്കു് കഴിഞ്ഞുള്ളു. ചുമലു കുലുങ്ങും വിധം കരയുന്ന അയാളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നു് ഹരിക്കു് അറിയില്ലായിരുന്നു.
“ഒക്കെ… ശരിയാവുമെടാ… ”
അയാളതു് കേട്ടിട്ടുണ്ടാവില്ല.
“ഇപ്പോഴവളു് ഒരു കൊച്ചു കുട്ടിയെ പോലെയാ… ചിലപ്പോ വാശി പിടിച്ചു് കരയും… എനിക്കെന്തു് ചെയ്യണമെന്നറിയില്ല… ചിലപ്പോ വല്ലാതെ വയലന്റാവും. നമുക്കു് പരിചയമുള്ള രാധയേ അല്ലാതാവും. ആ രാധയെ എന്തു് ചെയ്യണമെന്നു് എനിക്കറിഞ്ഞൂടാ”
സേതു ഓരോരോ കാര്യങ്ങളും പറഞ്ഞു കൊണ്ടിരുന്നു. അയാൾക്കു് ഒരു കേൾവിക്കാരനെ വേണമായിരുന്നു. ഹരി അയാളേയും ചേർത്തു പിടിച്ചു് ഇരുന്നു.
തിരികെ വീട്ടിലെത്തുമ്പോൾ ഹരി നന്നായി ക്ഷീണിച്ചിരുന്നു, ശാരീരികമായും മാനസികമായും. സുമിത്രയോടു് സേതുവിന്റേയും രാധയുടെയും കാര്യം പറഞ്ഞു. അവൾ അയാളേയും നോക്കിയിരുന്നു. ഒരു വാക്കു് പോലും പറഞ്ഞില്ല. ഒരു ദീർഘനിശ്വാസം മാത്രം. ഇപ്പോൾ അസുഖകരമായ വാർത്തകൾ കേൾക്കുമ്പോൾ ദീർഘനിശ്വാസമാണു് സുമിത്രയുടെ പ്രതികരണം. ഹരിയും അതു അനുകരിക്കാൻ തുടങ്ങിയിരിക്കുന്നു.
മുൻവശത്തെ മുറിയിൽ തളർച്ച മാറ്റാനിരിക്കുമ്പോൾ ഷോക്കേസിൽ നിരത്തി വെച്ചിരിക്കുന്ന വസ്തുക്കളിലൂടെ കണ്ണോടിച്ചു. യാത്രകളിൽ പലയിടങ്ങളിൽ നിന്നുമായി വാങ്ങിയ കൗതുക വസ്തുക്കൾ. ഹണിമൂണിനു പോയപ്പോൾ വാങ്ങിയതു പോലുമുണ്ടു് ആ കൂട്ടത്തിൽ. എന്നാണവസാനമായി അതിലൊന്നെടുത്തു് നോക്കിയതു?
അയാൾ സേതു കണ്ണീരോടെ പറഞ്ഞ കാര്യങ്ങളോർത്തു. ഒരു ദിവസം നോക്കുമ്പോൾ മുറിയിൽ രാധ അമേധ്യത്തിൽ കുളിച്ചു്… തനിക്കെന്തു് പറ്റിയെന്നറിയാതെ, ചുവരു് മുഴുക്കെയും തേച്ചു് വെച്ചു്… എന്തു ചെയ്യണമെന്നറിയാതെ കരഞ്ഞു കൊണ്ടു്…
ചില ദിവസങ്ങളിൽ രാധ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്ന ഒരു കൊച്ചു കുഞ്ഞിനെ പോലെയാവും… പലതും പറഞ്ഞും, പാടിയും, ശകാരിച്ചും… ചില നേരങ്ങളിൽ അകാരണമായി അയാളെ, അതുവരെ പെരുമാറിയിട്ടില്ലാത്ത വിധം അസഭ്യം പറഞ്ഞും, ഉപദ്രവിച്ചും…
കവിതകൾ ഇഷ്ടപ്പെടുകയും, എഴുതുകയും, പാടുകയും ചെയ്യുമായിരുന്ന ചുറുചുറുക്കുള്ള, ബുദ്ധിശക്തിയുള്ള ഒരു പെൺകുട്ടി എങ്ങനെ ഈ വിധം മാറിയെന്നു വിശ്വസിക്കാൻ ഹരി പ്രയാസപ്പെട്ടു. കാലം തന്റെ മനസ്സിൽ പാകിയ ഓർമ്മകളുടെ വിത്തുകളെ കുറിച്ചു് ഓർത്തു. ചില വിത്തുകൾ മുള പൊട്ടി, ചെടിയായി, മരമായി, നിലനിൽക്കുന്നു. ചിലതു് കൊഴിഞ്ഞും വാടിയും കരിഞ്ഞും അപ്രത്യക്ഷമായി. ഉറച്ചു് നിൽക്കുന്ന വൻമരങ്ങളിലെ ഇലകൾ ഇടയ്ക്കിടെ കൊഴിയുന്നുണ്ടു്. കൊഴിഞ്ഞു പോവുന്നതു് അറിയുന്നുണ്ടു്… അപ്രത്യക്ഷമാവുന്ന ഓർമ്മമരത്തിലെ ഇലകൾ…
രാവിലെ ബാത്ത്റൂമിൽ കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ അയാൾ സ്വന്തം രൂപം കണ്ണിമയ്ക്കാതെ നോക്കി നിന്നു. ഒരു ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ സ്വന്തം പേരു മറന്നു പോയാൽ? കൂടെ താമസിക്കുന്ന സ്ത്രീ അപരിചിതയായ ആരോ ആണെന്നു തോന്നിയാൽ? ഇതു തന്റെ വീടല്ലെന്നും ആരോ തന്നെ തടവിലാക്കിയിരിക്കുകയാണെന്നും തോന്നിയാൽ? എന്നാൽ എവിടേക്കു് പോകണമെന്നു് അറിയാതേയും പോയാൽ…
ഓർമ്മകൾ മരിച്ചു പോകുന്നതു് ജീവിച്ചിരുന്നതിന്റെ തെളിവു് നഷ്ടപ്പെട്ടു പോകുന്നതു് പോലെയല്ലെ? കാലത്തിന്റെ ഒരുതരം സ്ലോ പോയ്സണിംഗ്… മറന്നു പോകുന്നു എന്നു പറയുന്നതും മരിച്ചു പോകുന്നു എന്നു് പറയുന്നതും ഒന്നു തന്നെ… ആ ചിന്ത അയാളിലൊരു ഞെട്ടലുണ്ടാക്കി. എല്ലാം മറന്നു് മറന്നു് ഒടുവിൽ… ജീവനുമായി കൊരുത്തു വെച്ചിരിക്കുന്ന ഓർമ്മകളുടെ കെട്ടുകൾ ഓരോന്നോരോന്നായി അഴിഞ്ഞു്… ഒരുപക്ഷേ, മരണത്തിന്റെ മാന്ത്രികവിദ്യകളിലൊന്നു് ഓർമ്മകളെ ഇല്ലാതാക്കുക എന്നതാവാം… പുതിയൊരു ജന്മത്തിലേക്കുള്ള തയ്യാറെടുപ്പെന്നോണം ഓർമ്മകളെ മുഴുക്കെയും തുടച്ചു നീക്കിയ ശേഷം, ഒരു നവജാത ശിശുവിന്റേതു പോലെ, ഒന്നുമെഴുതാത്ത സ്ലേറ്റ് പോലെ ആയതിനു ശേഷമാവും മരണം ജീവനെ പുറത്തേക്കു് വലിച്ചെടുക്കുക…
വർഷങ്ങൾക്കു് മുൻപു്… രാധയുമായുള്ള വിവാഹം നടക്കില്ലെന്നു് ഒരു നേരിയ സംശയം പൊതിഞ്ഞപ്പോൾ, തന്റെ തോളിൽ തല ചായ്ച്ചു് സേതു കരഞ്ഞതു്… ഇന്നലെ തന്റെ തോളിൽ തല ചായ്ച്ചു കരഞ്ഞതു പോലെ… ചിലപ്പോൾ ലജ്ജയില്ലാതെ കരയാൻ തന്റെ മുന്നിൽ മാത്രമെ സേതുവിനു ആവുന്നുണ്ടാവുള്ളൂ എന്നു ഹരിക്കു് തോന്നി.
രാധ… രാധയ്ക്കെങ്ങനെ മാധവനെ മറക്കാനാവും? ഹരി നൂറ്റാണ്ടുകൾ മുൻപു് വന്നു പോയ മാധവനേയും രാധയേയും കുറിച്ചോർത്തു. അന്നും ഒടുവിൽ രാധ മാധവനെ മറന്നു പോയിട്ടുണ്ടാവുമോ? ഒരുപക്ഷേ, രാധ മാധവനെ മാത്രം മറന്നു പോയിട്ടുണ്ടാവില്ല. അതു പോലെ മാധവൻ രാധയേയും ഒരിക്കലും മറന്നു പോയിട്ടുണ്ടാവില്ല. മറന്നു പോകാതിരിക്കാൻ അവർ വീണ്ടും വീണ്ടും പുനർജ്ജനിക്കുന്നുണ്ടാവും. വീണ്ടും കണ്ടുമുട്ടുകയും, പ്രണയിക്കുകയും ചെയ്യുന്നുണ്ടാവും. ആരുമവരെ തിരിച്ചറിയുന്നുണ്ടാവില്ല. പ്രണയിക്കാനായി പുനർജ്ജനിക്കുന്നവർ…
സേതു, ഹരിയെ തുടർന്നുള്ള ദിവസങ്ങളിൽ ഇടയ്ക്കിടെ വിളിച്ചു കൊണ്ടിരുന്നു, വിചിത്രമായ കഥകൾ പങ്കുവെയ്ക്കാൻ.
“കണ്ടു കൊണ്ടിരിക്കെ ഒരാളെ കാണാതായാൽ… വേറൊരാളായാൽ… ഒരു പരിചയവുമില്ലാത്തതു് പോലെ പെരുമാറാൻ തുടങ്ങിയാൽ… എന്തു ചെയ്യും?… ഞാനാണവളുടെ സേതു എന്നു് എങ്ങനെയൊക്കെയാണു് അവളെ ബോധ്യപ്പെടുത്തേണ്ടതെന്നു് എനിക്കു പോലുമറിയില്ല… ”
സേതു പറയുന്ന കാര്യങ്ങൾ കേട്ടു്, സേതുവിന്റെ സ്ഥാനത്തു് താനും രാധയുടെ സഥാനത്തു് സുമിത്രയും ആയിരുന്നെങ്കിൽ… അതു് സങ്കൽപ്പിക്കാൻ പോലും ഹരി ഭയപ്പെട്ടു. വെറും ഒറ്റത്തവണ സങ്കൽപ്പിച്ചു പോയാൽ പോലും ചിലപ്പോൾ അതു പോലെ സംഭവിച്ചു പോയാലോ?
ചില കാര്യങ്ങൾ സംഭവിക്കാതിരിക്കുന്നതാണു് ഭാഗ്യം. ഹരി ഭാഗ്യങ്ങളെ കുറിച്ചാലോചിച്ചു കൊണ്ടിരുന്നു. ഓർക്കാൻ ആരെങ്കിലും ഉണ്ടാവുക എന്നതാണു് ഏറ്റവും വലിയ ഭാഗ്യം. ആ ഭാഗ്യത്തെക്കുറിച്ചു് അറിയാതെ പോകുന്നതാണു് ഏറ്റവും വലിയ നിർഭാഗ്യം. ജീവിതത്തിന്റെ അവസാനത്തെ അധ്യായങ്ങളിലെത്തുമ്പോൾ ചില സുന്ദര ഓർമ്മകൾ മാത്രമാവും സമ്പാദ്യം. ഓർമ്മകൾ പങ്കുവെയ്ക്കാനാരുമില്ലാതെ, വെറും ശൂന്യതയുമൊത്തു് ശൂന്യമായ മനസ്സുമായി ജീവിക്കുന്നതു്… വാർദ്ധക്യം ഭീകരമാവുന്നതു് ആ വെറും ഓർമ്മകൾ കൂടി നഷ്ടപ്പെടുമ്പോഴാണു്. അതു് നഷ്ടപ്പെട്ടവരുമൊത്തു് ജീവിക്കുമ്പോഴാണു്… ‘ശേഷം ചിന്ത്യം’ എന്നു് ജാതകത്തിലെഴുതിയ ആളെ ഹരി ആ നിമിഷം വെറുത്തു.
ഒരു ദിവസം സേതുവിനെ വിളിച്ചപ്പോൾ ഹരി ചോദിച്ചു,
“നീ ബ്രഹ്മാനന്ദന്റെ… ആ പഴയ പാട്ടു്… അതിപ്പോൾ പാടാറില്ലെ?”
“ഉം… ഇടയ്ക്കൊക്കെ… അതു കേൾക്കുമ്പോൾ അവൾ ശാന്തയാവും… കുറച്ചു് നേരം എന്തോ ഓർക്കുന്നതു് പോലെ എന്നേം നോക്കി ഇരിക്കും… അവൾ വയലന്റാവുമ്പോ… തിരിച്ചു കൊണ്ടു വരാൻ എനിക്കിപ്പോ ആ ഒരു പാട്ടു് മാത്രമേ ഉള്ളൂ… ”
ചില ദിവസങ്ങളിൽ രാത്രിയാവും ഫോൺ വരിക. മൊബൈൽ ഫോൺ വിറ കൊള്ളുമ്പോൾ, സുമിത്ര ഉണരാതിരിക്കാൻ ആവതും ശ്രമിച്ചു കൊണ്ടു് ഹരി കിടക്കയുടെ ഒരു വശത്തു കൂടി പതിയെ വഴുതിയിറങ്ങും. ലൈറ്റിടാതെ മുൻവശത്തെ മുറിയിലേക്കു് നിശ്ശബ്ദം നടന്നു പോകും. ഇരുട്ടിൽ, തണുത്ത സോഫയിലിരുന്നു് സേതുവിനെ കേൾക്കും, അറിയും, ആശ്വസിപ്പിക്കും, അയാൾ അടുത്തുണ്ടെന്ന മട്ടിൽ വാക്കുകളാൽ മുതുകിൽ പതിയെ തടവിക്കൊടുക്കും. തനിക്കു് ഓർത്തെടുക്കാനാവുന്ന നല്ല കാലങ്ങളെ കുറിച്ചു് പറഞ്ഞു കൊണ്ടിരിക്കും. വരണ്ട ഭൂവിടങ്ങളൊഴിവാക്കി പച്ചപ്പുകളിലൂടെ നടന്നു കൊണ്ടിരിക്കും. ഓർമ്മകളുടെ ചരടുകൾ മുറുക്കി കെട്ടിക്കൊണ്ടിരിക്കണം… അയഞ്ഞു പോയാൽ…
മിന്നി ഒരു ദിവസം വിളിച്ചു, അവൾ അവൾക്കായി കണ്ടെത്തിയ പുതിയ പേരു് പറയാൻ. പേരിലൊന്നും കാര്യമില്ല, എപ്പോൾ വേണമെങ്കിലും മറന്നു പോയേക്കാവുന്ന വെറുമൊരു വാക്കു് മാത്രമാണു് പേരെന്നു് പറയണമെന്നു തോന്നി ഹരിക്കു്. ആരു് ആരെ ഏതു പേരിൽ എത്ര കാലം ഓർത്തു വെയ്ക്കുമെന്നു ആർക്കും പറയാൻ പറ്റില്ലല്ലോ.
ഒരാഴ്ച്ച സേതുവിന്റെ ഫോൺ വിളികൾ ഉണ്ടായില്ല. ഹരിക്കു് പരിഭ്രമമായി. രാധയ്ക്കു്? എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാവുന്നതാണു്. അവളുടെ ഓർമ്മയുടെ സ്ലേറ്റിലെ അവസാനത്തെ അക്ഷരവും മാഞ്ഞു പോയിട്ടുണ്ടാവുമോ?… സ്വൈര്യക്കേടു് പെരുകി വന്നപ്പോൾ നേരിട്ടു് ചെന്നു കാണാൻ തീരുമാനിച്ചു. തനിക്കു് മാത്രമെ അവനെ ആശ്വസിപ്പിക്കാനാവൂ. നേരിൽ കണ്ടു സംസാരിക്കുമ്പോൾ സമാധാനമാവും… അവനും തനിക്കും.
ചെല്ലുമ്പോൾ കണ്ടു, ഗേറ്റും കെട്ടിപ്പിടിച്ചു് ചങ്ങല കിടക്കുന്നതു്. ആശ്വാസമായി, ആളുണ്ടു്. ഫോൺ കേടായതാവും. ആവലാതിപ്പെട്ടതു വെറുതെ! ഗേറ്റിൽ പതിയെ തട്ടി നോക്കി. അല്പനേരം കാത്തു നിന്നു. എവിടെ അവൻ? ജനാലവിരി ഉയരുന്നതു് കാണുന്നില്ല, മുൻവശത്തുള്ള വാതിൽ തുറക്കുന്നതുമില്ല. ഹരി സേതുവിനെ ഉറക്കെ വിളിച്ചു. ഗേറ്റിൽ അല്പം കൂടി ശക്തിയായി തട്ടി. അപ്പോഴാണു് കതകു് തുറന്നതു്. അടുത്ത വീട്ടിലേതാണെന്നു മാത്രം. അയാൾ ഗേറ്റ് തുറന്നു് വന്നു് ഹരിയോടു് പറഞ്ഞു,
“അവിടെ ഇപ്പോ ആരുമില്ല… ”
“എവിടെ പോയി?… ഞാൻ സേതുവിന്റെ ഫ്രണ്ടാണു്… രാധയ്ക്കു് വല്ലതും?”
“അവിടുത്തെ ആളു് മരിച്ചു പോയി. രണ്ടു ദിവസം കഴിഞ്ഞാണു് എല്ലാരും അറിഞ്ഞതു്… ”
“എന്നിട്ടു് രാധ?” ഹരി പരിഭ്രമത്തോടെ ചോദിച്ചു.
“അവരെ മോളു് വന്നു കൂട്ടിക്കൊണ്ടു് പോയി. ഇപ്പൊഴേതോ ഹോസ്പിറ്റലിലാണെന്നു കേട്ടു”
പിന്നീടൊന്നും ചോദിക്കാനും കേൾക്കാനുമില്ലായിരുന്നു. ഹരി തിരിഞ്ഞു നടന്നു. അടുത്ത നിമിഷം ഭയത്തോടെ തിരിച്ചറിഞ്ഞു, താൻ വിറയ്ക്കുന്നു… വേച്ചു പോകുന്നു!
“എവിടെ ആയാലും ഞാൻ നോക്കുന്നതു് പോലെ ആവുമോ?” സേതു പറഞ്ഞതോർത്തു. സേതുവിന്റെ ശബ്ദം കേട്ടു.
രണ്ടു ദിവസം… അപ്പോഴേക്കും സേതുവിന്റെ ശരീരം ജീർണ്ണിച്ചു തുടങ്ങിയിട്ടുണ്ടാവില്ലെ?… രാധ ഒന്നും കഴിക്കാതെ, അടച്ചിട്ട മുറിയിൽ… കരഞ്ഞും… നിലവിളിച്ചും… താൻ ആരെന്നറിയാതെ… ഭക്ഷണം കഴിക്കാതെ… സേതുവിന്റെ ശബ്ദം കേൾക്കാതെ…
ഹരി അപ്പോൾ ഒരിക്കൽ കൂടി കാരണമില്ലാതെ ആ വാചകം ഓർത്തു,
‘ടേക്കിറ്റ് ഫോർ ഗ്രാന്റഡ്…’
ജനനം: 1972-ൽ.
സ്വദേശം: തിരുവനന്തപുരം.
അമ്മ: പി. ലളിത
അച്ഛൻ: എം. എൻ. ഹരിഹരൻ
കെമിസ്ട്രിയിൽ ബിരുദവും, കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ഡിപ്ലോമയും. സോഫ്റ്റ് വെയർ ഇഞ്ചിനീയർ. വായന, എഴുത്തു്, യാത്ര, ഭക്ഷണം എന്നിവയിൽ താത്പര്യം. താഴെ പറയുന്നവയിൽ കഥകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ടു്.
മാതൃഭൂമി, ദേശാഭിമാനി, കേരള കൗമുദി, അകം (ആഴ്ച്ചപ്പതിപ്പു്)
മാതൃഭൂമി, ജനയുഗം, കേരള കൗമുദി, ചന്ദ്രിക, കേരളഭൂഷണം (വാരാന്തപ്പതിപ്പു്)
അകം, കേരള കൗമുദി (ഓണപ്പതിപ്പു്)
രണ്ടു് പുസ്തകങ്ങൾ (കഥാസമാഹാരങ്ങൾ) പ്രസിദ്ധീകരിച്ചു.
- ‘നിയോഗങ്ങൾ’ (പൂർണ പബ്ലിക്കേഷൻസ്, 2015)
- ‘ഉടൽദാനം’ (സൈകതം ബുക്സ്, 2017)
ഭാര്യ: സിനു
മകൻ: നന്ദൻ
പുരസ്കാരം: നന്മ സി. വി. ശ്രീരാമൻ സ്മാരക കഥാമത്സരം 2019 ഒന്നാം സമ്മാനം.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രങ്ങൾ: വി. പി. സുനിൽകുമാർ