
വൈശാഖന്റെ കൈവശം ഒരു പേരും വിലാസവുമുണ്ടു്. ഓഫീസിൽ നിന്നു കൊടുത്തതാണു്. വിലാസത്തിൽ പറഞ്ഞിട്ടുള്ള ഇടത്തേക്കു് പോവുക, അവിടെ ഉള്ളവരുമായി സംസാരിക്കുക, വിവരങ്ങൾ ശേഖരിക്കുക, ഫോട്ടോകൾ എടുക്കുക. ഇത്രയുമാണയാളെ ഏല്പ്പിച്ചിട്ടുള്ള ചുമതലകൾ. ആ വിലാസം തേടിയുള്ള യാത്രയിലാണു് അയാളിപ്പോൾ. പുറത്തു് തിളയ്ക്കുന്ന വെയിൽ. ധരിച്ചിരിക്കുന്ന ഷർട്ടിനടിയിൽ വിയർപ്പിന്റെയൊരു വഴുക്കൻ ഉടുപ്പു കൂടി ഉണ്ടോയെന്നു സംശയം. നഗരത്തിലെ ഒരു സായാഹ്നപത്രത്തിനു വേണ്ടിയാണു് അയാൾ ജോലി ചെയ്യുന്നതു്. സായാഹ്നത്തിലൂടെ നടന്നു ദിനപത്രത്തിൽ ചെന്നു കയറണം-അതാണാഗ്രഹം. അതിനു മുൻപു് വാർത്തകളുടെ നിർമ്മാണ രഹസ്യം പഠിച്ചെടുക്കണം. കാഴ്ച്ചകളിൽ നിന്നും, ശബ്ദങ്ങളിൽ നിന്നും വാർത്തകൾ ഇഴപിരിച്ചെടുക്കാൻ പഠിക്കണം. വാർത്തകളെ കഥകളാക്കുകയും, കഥകളെ വാർത്തകളാക്കുകയും ചെയ്യുന്ന മാന്ത്രികവിദ്യയുടെ രഹസ്യക്കൂട്ടറിയണം. ‘മീൻ!’ ‘മീൻ!’ എന്ന വിളിച്ചുകൂവൽ ശബ്ദത്തിനു നേർക്കു് തല തിരിച്ചപ്പോൾ കാഴ്ച്ച ചെന്നു തറച്ചതു് ഒരു ബാലനിലാണു്. വെള്ളം നിറച്ച ഒരു പ്ലാസ്റ്റിക് കവർ അവൻ ഉയർത്തി പിടിച്ചിട്ടുണ്ടു്. അതിനുള്ളിൽ തങ്ങളെ ആരോ ആർക്കോ വില്ക്കുകയാണെന്ന സത്യമറിയാതെ, അദൃശ്യമായ അതിരു് ഭിത്തി ഭേദിക്കാൻ നിരന്തരം ശ്രമിക്കുന്ന സ്വർണ്ണമത്സ്യങ്ങൾ. ആ കാഴ്ച്ചയിൽ നിന്നും കണ്ണെടുത്തു് അയാൾ ബസ് സ്റ്റാന്റിലേക്കു് വേഗം നടന്നു.
ബസ്സിലിരിക്കുമ്പോൾ, വാർത്തകളെക്കുറിച്ചായി ആലോചന. ദുരന്തത്തിന്റെ ഉരുക്കു കൈ പതിച്ചു്, അവശരായി ഇരിക്കുന്നവരെയാണു് പത്രങ്ങൾക്കാവശ്യം. വായനക്കാർക്കു് ചില വാർത്തകളോടു് ഒരു പ്രത്യേക തരം ആഭിമുഖ്യമുണ്ടു്. ആസക്തിയോളം പോന്ന ആഭിമുഖ്യം. അപകടങ്ങൾ, കൊലപാതകം, ബലാത്സംഗം, മോഷണം, കവർച്ച ഈ വിഷയങ്ങൾ വായിക്കാനാണു് വായനാഭൂരിപക്ഷത്തിനു താത്പര്യം. അതും വെറും ഒരു ബോക്സ് വാർത്ത കൊണ്ടു് തൃപ്തിപ്പെടില്ല. വായിക്കുകയല്ല, വായിച്ചാസ്വദിക്കുകയാണവർ. വിശദമായ വാർത്തയാണു് പ്രതീക്ഷിക്കുന്നതു്. ചിത്രങ്ങളുമുണ്ടെങ്കിൽ അവരുടെ മനസ്സു് നിറയും. അവർ അത്തരം വാർത്തകൾ ഇഷ്ടപ്പെടുന്നു എന്നു് പുറമെ പറയുകയില്ല. പക്ഷേ, വിശദാംശങ്ങൾ അറിയാൻ അവ നിരത്തുന്ന പത്രത്താളുകൾ തേടി പോകും. വാഹനാപകടമാണെന്നിരിക്കട്ടെ, മരിച്ചയാളുടെ പ്രായം, ഫോട്ടോ, അവയവങ്ങൾക്കു് പറ്റിയ ക്ഷതങ്ങൾ. ഇത്രയും നിർബന്ധം. വിവാഹിതനാണെങ്കിൽ എത്ര നാൾക്കു് മുൻപാണു് വിവാഹം കഴിഞ്ഞതു? കുട്ടികളുണ്ടെങ്കിൽ എത്ര കുട്ടികൾ? കുട്ടികളുടെ പ്രായം—ഇതൊക്കെയും വേണം. മരിച്ചവരുടെ എണ്ണം കൂടുന്നതു് അനുസരിച്ചു് ചിത്രങ്ങളുടെ എണ്ണവും കൂടണം. ഇടിയേറ്റ വാഹനം വന്ന വഴി, ഇടിച്ച വാഹനം വന്ന വഴി… ഒക്കെയും വരച്ചു കാണണം. എങ്കിലേ വാർത്ത പൂർണ്ണമാവൂ! ബലാത്സംഗം എന്നു മാത്രം പറഞ്ഞാൽ പോരാ, അതിനു മുന്നിൽ ‘ക്രൂരമായി’ എന്നു കൂടി ചേർക്കണം. മുറിവേറ്റ അവയവങ്ങളുടെ വിശദമായ വിവരണവും വേണം. മുറിപ്പാടുകളുടെ, കടിയേറ്റ പാടുകളുടെ, അറ്റുപോയ, തുളഞ്ഞുപോയ ശരീരഭാഗങ്ങളുടെ… അങ്ങനെ എല്ലാം വേണം. ‘സാഡിസ്റ്റുകൾ’ അയാൾ പിറുപിറുത്തു. വായനക്കാരെ സാഡിസ്റ്റുകളാക്കുകയാണു്… അവരറിയാതെ…
വഴിയിലെ തിക്കും തിരക്കും തടസ്സങ്ങളും കാരണം പ്രതീക്ഷിച്ചതിലും വൈകിയാണു് ബസ്സ് ലക്ഷ്യസ്ഥാനത്തു് എത്തിച്ചേർന്നതു്. അടുത്തു കണ്ട ഹോട്ടലിൽ നിന്നും ഉച്ചയൂണു് വാങ്ങി വിശപ്പിനു മുകളിൽ തട്ടിയിട്ടു് ക്ഷീണമൊതുക്കിയ ശേഷം വൈശാഖൻ വീടന്വേഷിച്ചിറങ്ങി. അപരിചിതരോടു് അന്വേഷിച്ചും, അവർ ചൂണ്ടിക്കാട്ടിയ ഇടങ്ങളിലൂടെ നടന്നും വീടിരിക്കുന്ന വഴിയിലെത്തിച്ചേർന്നു. വഴി ടാറിട്ടിട്ടു് അധികനാളായെന്നു തോന്നുന്നില്ല. റോഡിൽ ചിലയിടങ്ങളിൽ പൈപ്പിനു വേണ്ടി കുഴിച്ച കുഴികൾ മണ്ണിട്ടു് മൂടിയതു് കണ്ടു. മുറിവിനു മുകളിൽ മരുന്നു വെച്ചു കെട്ടിയതു് പോലെയുണ്ടു്. വീട്ടിലേക്കു് നടന്നടക്കുമ്പോൾ ശ്രദ്ധിച്ചു, വഴിക്കിരുവശത്തുമുള്ള മിക്ക വീടുകളും പുതുതായി പണികഴിപ്പിച്ചവ. പുതിയ മാതൃകയിലുള്ളവ. വൈശാഖൻ വീടിനു മുന്നിൽ ഒരു നിമിഷം നിന്നു. രണ്ടു ഭീമാകാരന്മാർക്കിടയിൽ ഞെരുങ്ങി നില്ക്കുന്ന ഒരു കുള്ളനെ പോലെ തോന്നിച്ചു ആ വീടു്. അപ്പുറവുമിപ്പുറവും മാളികകൾ. നടുവിലായി ഓടിട്ട ആ പഴയ കെട്ടിടം. ആരെയോ ഭയന്നു്, പതുങ്ങി ആ ചെറിയ വീടു് കൂനിപ്പിടിച്ചിരിക്കുന്നു. പെയ്ന്റടർന്ന, തുരുമ്പിന്റെ ഭക്ഷണമായിക്കൊണ്ടിരിക്കുന്ന ഗേറ്റു് തുറന്നു് വൈശാഖൻ നടന്നു. മുൻവശത്തു് അല്പം മുറ്റമുണ്ടു്. വരണ്ടുണങ്ങി, ക്ഷീണിച്ചു് തല താഴ്ത്തി നില്ക്കുന്ന ചെടികൾ. ദാഹിച്ചു നില്ക്കുന്ന പച്ചജീവനുകൾ. വരാന്തയിൽ ഒരു തടി സ്റ്റൂളും രണ്ടു് തടിക്കസേരകളും കാണുന്നുണ്ടു്. വിലാസം തെറ്റിയിട്ടില്ല, വീടു മാറി പോയിട്ടുമില്ല. പക്ഷേ, ഇതായിരുന്നില്ല മനസ്സിൽ അവ്യക്തമായെങ്കിലും വരച്ചിട്ട ചിത്രം.
ഓഫീസിൽ നിന്നിറങ്ങുമ്പോൾ, കണ്ണിറുക്കലിന്റെ അകമ്പടിയോടെ കിട്ടിയ ഒരു ഉപദേശം, വൈശാഖന്റെ മനസ്സിൽ തെളിഞ്ഞു മറഞ്ഞു. ‘വാർത്ത കൊടുത്താലും ഗുണമുണ്ടാകും… കൊടുക്കാതിരുന്നാലും ഗുണമുണ്ടാകും. ഈ വാർത്ത കൊണ്ടും, ചില ഗുണങ്ങളൊക്കെയുണ്ട്!’
‘ആരുമില്ലെ?’ രണ്ടു വട്ടം ചോദിച്ചിട്ടു്, വൈശാഖൻ വരാന്തയിലേക്കു് പതിയെ കാലെടുത്തു വെച്ചു. മറുപടിശബ്ദമൊന്നും കേൾക്കാത്തതു് കൊണ്ടു് ഒന്നു രണ്ടു് ചുവടുകൾ കൂടി മുന്നോട്ടു് വെച്ചു. പാതി തുറന്നു കിടന്ന വാതിൽപാളികൾക്കിടയിലൂടെ, വീട്ടിനുള്ളിൽ നിറഞ്ഞിരിക്കുന്ന ഇരുട്ടു് കാണാം. കട്ടപിടിച്ചു്, നിശ്ചലമായി നില്ക്കുന്ന ഇരുട്ടു്. വാതിലിൽ രണ്ടു മൂന്നു് വട്ടം നടുവിരൽ മടക്കി മുട്ടി. മറുപടിയെന്നോണം ഉള്ളിലെവിടെ നിന്നോ കഫം കഴുത്തു മുറുക്കിയ ചുമശബ്ദം കേട്ടു. രണ്ടു ചുവടു് പിന്നോക്കം മാറി നിന്നു. ഇരുട്ടു് മുറിച്ചു് ഒരു വൃദ്ധരൂപം വരാന്തയിലേക്കു് ഇറങ്ങി വന്നു. ഉറക്കക്ഷീണം നിറഞ്ഞു തൂങ്ങിയ കണ്ണുകൾ. നെഞ്ചു നിറയെ, ജീവിച്ചു തീർത്ത കാലം തെളിയിക്കുന്ന എഴുന്നു നിൽക്കുന്ന നരച്ച രോമം. നീളം കുറഞ്ഞ, മുഷിഞ്ഞ കൈലി മുണ്ടു്, പൊരി വന്നു തുടങ്ങിയ കാലുകൾ കാണിച്ചു തരുന്നുണ്ടു്.
വൈശാഖൻ സ്വയം പരിചയപ്പെടുത്തി. എന്തിനാണു് വന്നതെന്നും അറിയിച്ചു. ഒന്നും ചോദിക്കുകയോ, പറയുകയോ ചെയ്യാതെ വൃദ്ധൻ, തുറന്നു കിടന്ന തുരുമ്പിച്ച ഗേറ്റിലേക്കു് നിസ്സംഗതയോടെ മുഖം തിരിച്ചു. തന്റെ നേർക്കു് നോക്കുന്നതു് പോലുമില്ല. ഈ അമ്മാവൻ തന്നോടു് പോയ്ക്കൊള്ളാനാണൊ പറയുന്നതു? ചിലപ്പോൾ മാധ്യമങ്ങളുടെ ശക്തിയേക്കുറിച്ചു് ശരിയായ അവബോധമുണ്ടാവില്ല. അതോ ഉറക്കത്തിനിടയിൽ വിളിച്ചുണർത്തിയതു് തീരെ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ലെന്നു വരുമോ? അതോ കേൾവിക്കുറവു്? വൈശാഖൻ കുറച്ചു് കൂടി ഉച്ചത്തിൽ പറഞ്ഞു, ‘അമ്മാവാ, നിങ്ങടെ മോനെ സ്റ്റേഷനിൽ കൊണ്ടുപോയി തല്ലിച്ചതച്ചില്ലെ?… അത് നമ്മുടെ പത്രത്തിൽ കൊടുത്താൽ കൂടുതൽ ശ്രദ്ധ കിട്ടും. എന്തെങ്കിലും നടപടിയുണ്ടാവും. നഷ്ടപരി…’
അപ്പോഴേക്കും വൃദ്ധൻ ഞൊറി വന്നു തുടങ്ങിയ വലതു കൈ ഉയർത്തി ആ വാക്കിന്റെ വരവു് തടഞ്ഞു. അപ്പോഴും അയാൾ വൈശാഖന്റെ നേർക്കു് നോക്കിയില്ല.
ഈ അമ്മാവനെന്താ പത്രക്കാരോടിത്ര ദേഷ്യം?
വൈശാഖനു് അവിടെ വന്നപ്പോൾ മുതൽ അസുഖകരമായ ഒരു വികാരം തോന്നിത്തുടങ്ങിയിരുന്നു. അല്പം ശബ്ദമുയർത്തി വൈശാഖൻ ചോദിച്ചു:
‘അമ്മാവാ… ഞാൻ പറയുന്നത് അമ്മാവന് മനസ്സിലാവുന്നുണ്ടോ?’
വൃദ്ധൻ തുരുമ്പു ഗേറ്റിൽ നിന്നും കണ്ണെടുക്കാതെ ദുർബ്ബലമായ ശബ്ദത്തിൽ ചോദിച്ചു:
‘മോനേത്… പത്രത്തീന്നാ പറഞ്ഞേ?’
വൈശാഖൻ അഭിമാനത്തോടെ പേരു് വീണ്ടും പറഞ്ഞു. അത്രയ്ക്കു് അറിയപ്പെടുന്നതൊന്നുമല്ലേലും, തെറ്റില്ലാത്ത പ്രചാരമുള്ളതാണു്. കേട്ടിരിക്കാൻ സാധ്യതയുണ്ടു്.
‘അകത്തേക്ക് വന്ന്… കാണുന്നില്ലെ?’ വൈശാഖന്റെ നേർക്ക് നോക്കാതെ വൃദ്ധൻ ചോദിച്ചു.
ശരിയാണു്, വന്നതു് അകത്തുള്ള ആളിനെ കാണാനാണു്. അയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണു്. അയാളുടെ ചില ഫോട്ടോകൾ എടുക്കാനാണു്. ഈ അമ്മാവനു് അറിയില്ല പത്രത്തിന്റെ ശക്തി! ഈ വാർത്ത ഒന്നു മഷി പുരണ്ടു് വന്നോട്ടെ…
വൃദ്ധൻ പതിയെ തിരിഞ്ഞു് അകത്തേക്കു് പോയി. ഇരുട്ടിലേക്കു് കയറും മുൻപു് അയാൾ ഒന്നു തിരിഞ്ഞു നോക്കി. പിന്തുടർന്നു പോകണോ വേണ്ടയോ എന്നു് സംശയിച്ചു നിൽക്കുകയായിരുന്നു വൈശാഖൻ.
മുറിക്കകത്തേക്കു് കാലു് വെച്ചതും, പിടിച്ചു നിർത്തിയതു പോലെ വൈശാഖൻ നിന്നു പോയി. ഒരടി കൂടി മുന്നോട്ടു് വെയ്ക്കാൻ വയ്യ. മുഴുക്കെയും ഇരുട്ടു്. ഇരുട്ടിൽ ചവിട്ടിയാണു് നില്ക്കുന്നതു്. കൈ നീട്ടിയാൽ, തൊടുന്നതു് ഇരുട്ടിലാവും. സ്വിച്ചു് ഓൺ ചെയ്യുന്ന ശബ്ദം കേട്ടു. അടുത്ത നിമിഷം, മങ്ങിയ മഞ്ഞവെളിച്ചം മേല്ക്കൂരയിൽ ഉദിച്ചു. കണ്ണിലേക്കു് കയറി വന്ന കാഴ്ച്ചയിൽ, കുമ്മായം തേച്ച ചുവരിനോടു ചേർത്തിട്ട കട്ടിലിൽ ഒരു രൂപമുണ്ടായിരുന്നു. വലതു കൈയ്യിൽ ഒരു വെളുത്ത കെട്ടു്. അതിൽ നിന്നുമൊരു ചരടു് കഴുത്തിലേക്കു് നീണ്ടു് പോയിട്ടുണ്ടു്. തലയിൽ വലിച്ചൊട്ടിച്ചൊരു പ്ലാസ്റ്റർ. കിടക്കുന്ന രൂപത്തിനടുത്തേക്കു് മുഖമടുപ്പിച്ചപ്പോൾ കണ്ടു, പോറലുകൾ നിറഞ്ഞ, നീരു് വന്നു് വീങ്ങിയ ശരീരവുമായി ഒരാൾ കണ്ണടച്ചു കിടക്കുന്നതു്. മരുന്നുകളുടെ മണം. ഒരാശുപത്രി വാർഡിലേക്കു് കാലെടുത്തു വെച്ചതു പോലെ തോന്നി.
‘ഫോട്ടോ… എടുക്കുന്നില്ലെ?’
പരിഹാസം പുരണ്ട വൃദ്ധശബ്ദം വൈശാഖനു പിന്നിൽ നിന്നും മുന്നിലേക്കു് കയറി വന്നു. വൈശാഖൻ ഒന്നും മിണ്ടാതെ ആ രൂപത്തിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. രൂപത്തിന്റെ നെഞ്ചുംകൂടു് പതിയെ ഉയർന്നു താഴുന്നുണ്ടു്. ഉറക്കമാണു്. വെളിച്ചം പതിയെ കണ്ണിലേക്കു് കയറി വന്നു. കാഴ്ച്ച കുറച്ചു കൂടി വ്യക്തമായി. അപ്പോഴാണു് കിടക്കുന്ന രൂപത്തിനെ ചുറ്റിപ്പിടിച്ച ഒരു മെല്ലിച്ച കൈ കൂടി കാണാൻ കഴിഞ്ഞതു്. മെലിഞ്ഞ ഒരു പെൺകുട്ടി ആ രൂപത്തിനെ ചേർത്തു പിടിച്ചിരിക്കുകയാണു്. പുള്ളിയുള്ള പാവാടയാണവൾ ധരിച്ചിരിക്കുന്നതു്. പെൺകുട്ടിയുടെ വലതുകാൽ രൂപത്തിനെ പൊതിയും പോലെ ചേർത്തു വെച്ചിരിക്കുന്നു. ആർക്കും ഈ രൂപത്തിനെ വിട്ടു കൊടുക്കില്ല എന്ന ഭാവത്തിൽ.
വൈശാഖന്റെ കൈ ക്യാമറയിലേക്കു് നീണ്ടു. അയാൾ ക്യാമറ മറച്ചു പിടിക്കാനാണു് ശ്രമിച്ചതു്.
‘ഒന്നും ചോദിക്കുന്നില്ലെ?’ ചതഞ്ഞ ശബ്ദം വീണ്ടും കേട്ടു.
അതിനു മറുപടി പറയാൻ നിൽക്കാതെ വൈശാഖൻ തിരിഞ്ഞു് പതിയെ മുറിക്കു് പുറത്തേക്കു് നടന്നു. ചുരുങ്ങി ഒരു കടുകോളം ചെറുതായി പോയെന്നും, എത്ര നടന്നിട്ടും വാതിൽ വരെയെത്താൻ കഴിയുന്നില്ലയെന്നും തോന്നി. കാലുകൾക്കു് ബലക്ഷയമനുഭവപ്പെടുന്നുണ്ടു്. മുറിക്കു് പുറത്തേക്കു് തല നീട്ടിയപ്പോൾ വലിയ ആശ്വാസം തോന്നി.
വരാന്തയുടെ ഭാഗമായ അരമതിലിലിരുന്നു് വൈശാഖൻ മുഖം കൊടുക്കാതെ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു, ‘സത്യത്തിൽ… എന്തിനാണ്… പിടിച്ചു കൊണ്ട് പോയതു?… ആരാണ് ഇങ്ങനെ… ഇത്രയും…’
വൃദ്ധൻ പൊട്ടിത്തെറിക്കുമോ എന്നു ഭയന്നാണു് ചോദിച്ചതു്. എന്നാലത്ഭുതകരമാവിധം നിസ്സംഗതയോടെ പുറത്തേക്കു് നോക്കി നില്ക്കുന്ന അയാളെ കണ്ടു് വൈശാഖൻ വല്ലാണ്ടായി. മൗനത്തിന്റെ ഭാരവും, മൗനം പേറുന്ന പ്രതിഷേധവും അന്നാദ്യമായി വൈശാഖൻ അനുഭവിച്ചു.
വൈശാഖൻ അയാളെ സൂക്ഷിച്ചു നോക്കിയിരുന്നു. ഒരു വാക്കെങ്കിലും?
വൃദ്ധൻ ചുവരിനോടു് ചേർത്തിട്ടിരുന്ന തടി സ്റ്റൂളിൽ കൂനിക്കൂടി ഇരുന്നു.
അതു കണ്ടപ്പോൾ ചിറകുകളൊതുക്കിയിരിക്കുന്ന ഒരു വലിയ വയസ്സൻ പക്ഷിയുടെ ചിത്രം മനസ്സിലേക്കു് കയറി വന്നു. ഒരു നീണ്ട ശ്വാസമെടുത്തു് പതിഞ്ഞ സ്വരത്തിൽ വൃദ്ധൻ ചോദിച്ചു, ‘മോനേത് പത്രത്തീന്നാ പറഞ്ഞത്?’
ഇത്തവണ, ശബ്ദം താഴ്ത്തി മറുപടി പറയുമ്പോൾ വൈശാഖനു് തന്റെ ആത്മവിശ്വാസം പകുതിയും ആവിയായി പോയതായി തോന്നി.
‘മോനിവിടെ ആദ്യായിട്ടാണൊ വരുന്നത്?’
‘ഉം’
‘ഈ… വീട് കണ്ടോ?… മോൻ ചുറ്റിലുമുള്ള വീടുകളൊക്കെ കണ്ടോ?’
‘ഉം’
‘ഇതേതാണ്ട് പത്തു സെന്റുണ്ട്. എന്റപ്പന്റെ സ്വത്താ… ഇതു മാത്രേ ഉള്ളു ഇപ്പൊ… തൊട്ടപ്പുറത്ത് ആരാ താമസിക്കുന്നതെന്നറിയാമോ?’
‘ഇല്ല’.
താൻ അയൽക്കാരെ കുറിച്ചു് അൽപ്പമെങ്കിലുമറിയാൻ ശ്രമിക്കണമായിരുന്നു. ആരോടെങ്കിലും ഈ സ്ഥലത്തെ വസ്തുതകൾ തിരക്കണമായിരുന്നു…
‘അപ്പുറത്ത് ഒരു പോലീസ് ഉദ്യോഗസ്ഥനാ…’
‘ഉം’
‘ഇപ്പുറത്ത് താമസിക്കുന്നത് അയാളുടെ ഒരു ബന്ധുവാ’
‘ഉം’
‘കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ ഇവിടെ ഒന്നു രണ്ട് ചെറിയ വീടുകൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ… ചുറ്റുമുള്ള വലിയ വീടുകളൊക്കെ അടുത്ത കാലത്ത് വന്നതാ. കണ്ടില്ലെ എന്റെ ഈ വീടു മാത്രം ഒരു അശ്രീകരം പോലെ ബാക്കി വീടുകൾക്കിടയിലിരിക്കുന്നത്?’ അത് പറഞ്ഞ് അയാൾ ശബ്ദമില്ലാതെ ചിരിച്ചു.
വൈശാഖൻ അതിനു മൂളിയില്ല.
‘കുറച്ച് മാസങ്ങൾക്ക് മുൻപ് ഇവിടെ ഒരാള് വന്ന് ഈ വസ്തു കൊടുക്കുന്നോ എന്ന് ചോദിച്ചു. എങ്ങനെ കൊടുക്കാനാണ്? എന്നിട്ട് എവിടെ പോകാനാണ്? എന്റെ പീടിക ഇവിടെ അടുത്താണ്. എന്റെ അപ്പനെ അടക്കിയത് ഈ പറമ്പിലാണ്… ഈ മണ്ണിൽ… ഞാൻ ജനിച്ചതും വളർന്നതുമൊക്കെ ഇവിടെയാ… ഞാൻ മരിക്കണതും ഇവിടെ തന്നെ ആവും… എന്റെ അപ്പന്റെ അടുത്ത്…’
അതു പറഞ്ഞു്, വിളക്കു് വെയ്ക്കുന്നിടത്തേക്കു് വൃദ്ധൻ നോക്കി. എന്നിട്ടു തുടർന്നു, ‘അന്ന് അയാളു പോയ ശേഷം ഇവിടെ വേറെ പലരും വന്നു വസ്തു വിൽക്കുന്നോ എന്നു ചോദിക്കാൻ തുടങ്ങി. ഞാൻ സമ്മതിക്കുന്നില്ലാന്ന് കണ്ടപ്പോ, അവരു ഭീഷണിയായി…’
‘എന്നിട്ട്… പോലീസിൽ പോയി പരാതി പറഞ്ഞില്ലെ?’
‘കക്കുന്നോരോടെങ്ങനെ കള്ളനെ കുറിച്ച് പറയും?’ ആ പറഞ്ഞതു് കുറച്ചുറക്കെയായിരുന്നു.
‘അതെന്താ?’
‘ഈ വസ്തു വാങ്ങാനും പിന്നെ ഭീഷണിപ്പെടുത്താനുമൊക്കെ ആളെ വിട്ടതു് അപ്പുറത്തെ പോലീസുകാരൻ തന്നെയാ… ഒരു ദിവസം… എന്റെ പീടിക ആരോ കുത്തിത്തുറന്നു് എല്ലാമെടുത്തോണ്ടു് പോയി’ ‘പരാതി പറഞ്ഞില്ലെ?’
‘ആരോട്?… പരാതി പറയാൻ പോയതാ… അന്നയാള് പറഞ്ഞത്… തന്നോടന്നേ പറഞ്ഞില്ലെ കൂടുംകുടുക്കേമൊക്കെ എടുത്ത് സ്ഥലം വിട്ടോളാൻ… ഇപ്പോ കണ്ടില്ലെ എന്ന്…’ ‘എന്നിട്ട് കള്ളനെ പിടിച്ചോ?’

‘ഇല്ല… നാട്ടില് അതിലും വലിയ കാര്യങ്ങളൊക്കെ നടക്കുമ്പോ… ഈ ചെറിയ പീടിക മോഷണം ആര് അന്വേഷിക്കാനാ…’
‘അമ്മാവന്റെ മോന്… ശരിക്കും എന്താ പറ്റീതു?’
‘അയാളിപ്പോ എന്റെ മോന്റെ പിറകയാ…’
‘ഉം?’
‘അവൻ ജോലി ചെയ്യുന്നിടത്ത് എന്തോ തിരിമറി കണ്ടെന്നും പറഞ്ഞ് അവനെ പിടിച്ചോണ്ട് പോയി… പിന്നെ വന്നത് ഇങ്ങനെയാ…’
‘…’
‘ഞങ്ങളെ എങ്ങനേലും ഇവിടന്ന് പൊറത്താക്കണം അതിനാ… ഇതൊക്കെ…’
വൈശാഖൻ ചുമരിലേക്കു് കണ്ണയച്ചു.
പെയ്ന്റടർന്ന ചുവരിൽ തൂങ്ങി കിടപ്പുണ്ടായിരുന്നു, മങ്ങിയ തടി ഫ്രേയ്മിനുള്ളിൽ ചില പഴയ നേതാക്കളുടെ ചിത്രങ്ങൾ. സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം അപരിചിതനായ ഒരാളുടെ ചിത്രവും.
‘അമ്മാവൻ… പാർട്ടിയോട് ഇതൊന്നും പറഞ്ഞില്ലെ?’
‘ഉം… പാർട്ടിക്ക് എന്നെ കൊണ്ടെന്തു ഗുണം?… അതൊക്കെ പണ്ടല്ലെ?… ഗുണമുള്ളോരുടെ കൂടെയല്ലെ പാർട്ടി?… എന്റെ കൈയ്യിലെവിടെ പണം?… അപ്പൻ സ്വാതന്ത്ര്യസമരത്തിലൊക്കെ പങ്കെടുത്ത ആളായിരുന്നു… ഇപ്പോ എല്ലാത്തിനും സ്വാതന്ത്ര്യമായല്ലോ… ആർക്കും… എന്തിനും…’
‘ആരെങ്കിലും… ഒരാളെങ്കിലും…’
‘ഒരാളോ?… ഒരാള് വിചാരിച്ചാൽ എന്തു് നടക്കാനാ?… മോൻ ഒറ്റയ്ക്കല്ലെ?… മോനെന്ത് ചെയ്യാൻ പറ്റും?’
‘എനിക്കിത് പത്രത്തിൽ കൊടുക്കാൻ പറ്റും’
‘കൊടുത്തിട്ട്?… എത്ര നാളിതൊക്കെ ആളുകള് വായിക്കും?… ഇതു് പത്രത്തിൽ വന്നാ പിന്നെ അതിനും അയാള്…’
‘എന്നിട്ട് അമ്മാവൻ എന്ത് ചെയ്യാൻ പോവാണ്?’
‘എന്ത് ചെയ്യാനാണ്?… എന്റെ മരണം വരെ ഇങ്ങനെ പോവും… അതിനു ശേഷം… അറിഞ്ഞൂടാ… അവന്റെ മോൾക്കാണേൽ അമ്മയില്ല… ദൂരെ എവിടേലും പോയി അവളെ വേറേ പള്ളിക്കൂടത്തിൽ ചേർത്ത് പഠിപ്പിക്കാനോ, എന്റെ പീടിക വിറ്റിറ്റ് പോവാനോ… അതൊന്നും നടക്കൂല മോനെ…’
വൈശാഖൻ അയാളെ തന്നെ നോക്കിയിരുന്നു… എന്താണിയാളോടു് പറയേണ്ടതു? പ്രശ്നങ്ങൾ സ്വന്തം ജീവിതത്തിൽ നടന്നു കയറുമ്പോൾ മാത്രമാണു് ഗൗരവഭാവം വരുന്നതു്… അതുവരേക്കും അതെല്ലാം വെറും വാർത്തകൾ… മറന്നു പോകാൻ സൗകര്യമുള്ള വാർത്തകൾ… വാർത്തകളെ മൂടാനും മറയ്ക്കാനും കെൽപ്പുള്ള ഒന്നേയുള്ളൂ… പുതിയ വാർത്തകൾ…
ഇവിടെ ഈ ചെറിയ മണ്ണിൽ എത്രയെത്ര വിഷമ പ്രശ്നങ്ങൾ… എത്രയെത്ര തർക്ക വിഷയങ്ങൾ… അതിനൊക്കെയും ഉത്തരങ്ങളോ പരിഹാരമോ… എല്ലാം മാഞ്ഞു് പോയിട്ടേയുള്ളൂ… ഒന്നുകിൽ കാലത്തിന്റെ ഒഴുക്കിൽ… അല്ലെങ്കിൽ മറവിയിൽ… ആയുസ്സില്ലാത്ത, അനാഥരായിക്കൊണ്ടിരിക്കുന്ന വാർത്തകൾ…
‘എന്തൊക്കെ തരം മനുഷ്യര്…’ വൈശാഖൻ ആരോടെന്നില്ലാതെ പിറുപിറുത്തു…
വൃദ്ധൻ വൈശാഖനെ നോക്കിയ ശേഷം പതിയെ പറഞ്ഞു, ‘ഇല്ല മോനെ, വെറും രണ്ടു തരം മനുഷ്യരെ ഉള്ളൂ… പേടിയൊള്ളോരും അതില്ലാത്തോരും…’
അൽപനേരത്തെ മൗനത്തിനു ശേഷം വൃദ്ധൻ ചോദിച്ചു, ‘മോനെന്തേലും… കുടിക്കാനെടുക്കട്ടെ?’
വൈശാഖൻ വൃദ്ധന്റെ വാക്കുകളെ കുറിച്ചു് തന്നെ ആലോചിക്കുകയായിരുന്നു.
കൂട്ടി വെച്ചു കൊണ്ടിരുന്ന ചിന്തകൾ ആ ചോദ്യത്തിൽ ചിതറി പോയി.
‘വേണ്ട അമ്മാവാ… ദാഹമില്ല…’
വൈശാഖനു അവിടെ തന്നെ ഇരിക്കണമെന്നും അതല്ല, അടുത്ത നിമിഷം അവിടെ നിന്നും ഇറങ്ങി നടക്കണമെന്നും തോന്നി.
‘നേരം… ഇരുട്ടി തുടങ്ങീലെ…’ അതും പറഞ്ഞു് വൈശാഖൻ പതിയെ എഴുന്നേറ്റു.
പോക്കറ്റിലേക്കു് കൈ നീട്ടിയപ്പോൾ കിട്ടിയതു് നൂറിന്റേം അമ്പതിന്റേം കുറച്ചു് നോട്ടുകളാണു്.
‘അമ്മാവാ… ഇതിരിക്കട്ടെ… എന്തേലും…’ അതും പറഞ്ഞു ചുളിവു വീണ കൈകളിൽ പിടിപ്പിക്കാൻ ശ്രമിച്ചു.
‘അയ്യോ… വേണ്ട വേണ്ട…’ അയാൾ കൈകൾ പിന്നിലേക്കു് വലിച്ചു. വൈശാഖൻ നോട്ടുകൾ അരമതിലിൽ വെച്ചു തിരിഞ്ഞു.
‘ഞാൻ… ഞാനിനിയും വരാം…’ അത്രയുമേ വൈശാഖനു പറയാൻ പറ്റിയുള്ളൂ…
ഇരുട്ടു് നിറയാൻ തുടങ്ങിയ മുറ്റത്തു് കൂടി നടക്കുമ്പോൾ വൈശാഖനു തോന്നി, പിന്നിൽ ആ പടിക്കലിൽ, തന്നേയും നോക്കി ആ വൃദ്ധൻ അവിടെ തന്നെ നിൽപ്പുണ്ടാവുമെന്നു്.
പ്രതീക്ഷകളോ, പരിഹാരവഴികളോ ഇല്ലാതെ… നിസ്സംഗനായി…
ഒരു പക്ഷേ, … താൻ പോയി കഴിയുമ്പോൾ അയാൾ അപ്പന്റെ കുഴിമാടത്തിലേക്കു് നോക്കുമായിരിക്കും…
നടക്കുമ്പോൾ വൈശാഖന്റെ തല കുനിഞ്ഞു പോയിരുന്നു. പിന്നിലേക്കൊരു വട്ടം കൂടി നോക്കണമെന്നുണ്ടായിരുന്നെങ്കിലും ആവും വിധം നിയന്ത്രിച്ചു. അപ്പോഴറിഞ്ഞു, മൂർച്ച തേഞ്ഞൊരു ചോദ്യം തനിക്കു് വല്ലാത്ത സ്വൈര്യക്കേടു് തന്നു കൊണ്ടിരിക്കുന്നു. ഉള്ളിലെവിടെയോ കൊണ്ടു് പോറിയ ഒന്നു്.
‘ഒരാള് വിചാരിച്ചാൽ എന്ത് നടക്കാനാ?… മോൻ ഒറ്റയ്ക്കല്ലെ?… മോനെന്ത് ചെയ്യാൻ പറ്റും?’
ആ അമ്മാവൻ പറഞ്ഞതിൽ പാതിയെ ശരിയുള്ളൂ. രണ്ടു തരം മനുഷ്യരേയുള്ളൂ… പ്രതികരിക്കുന്നവരും പ്രതികരിക്കാത്തവരും… അയാൾ വെളിച്ചം വിതറി നിന്ന ഒരു വൈദ്യുത പോസ്റ്റിനടുത്തെത്തിയപ്പോൾ നിന്നു. വാർത്തകളെഴുതുന്നതിലും നല്ലതു് സ്വയമൊരു വാർത്ത ആവുന്നതാണു്. വൈശാഖൻ തിരിഞ്ഞു നടക്കാൻ തുടങ്ങി.
രണ്ടു മാളികകൾക്കിടയിൽ പതുങ്ങിയിരിക്കുന്ന ആ ചെറിയ കൂര… മാളികയുടെ മുന്നിൽ വന്നു നിന്നു ചുറ്റിലും നോക്കി.
വഴിയുടെ ഒരു വശത്തായി റോഡ് പണിക്കായി കൂട്ടിയിട്ടിരുന്ന ചെറിയ കരിങ്കൽ കഷ്ണങ്ങൾ…
ആദ്യത്തെ കല്ലു പാഞ്ഞു ചെന്നു് ലക്ഷ്യം കണ്ടതു് ഒന്നാം നിലയിലെ ജനാലയുടെ ചില്ലിലായിരുന്നു. രണ്ടാമത്തേതിനു് കുറച്ചു കൂടി കൃത്യത വേണ്ടിയിരുന്നു. മുൻവശത്തു് പാർക്കു് ചെയ്തിരുന്ന കാറിന്റെ ചില്ലു്… മൂന്നാമത്തേതു് ഇടതു ചൂണ്ടുവിരൽ കാട്ടിയ ദിശയിലേക്കു് പായുമ്പോൾ ചിലർ ശബ്ദമുണ്ടാക്കി കൊണ്ടു് കതകു് തുറന്നു വരുന്നു…
അയാൾ കല്ലുകളെടുക്കാനായി കുനിഞ്ഞു. പേന പോക്കറ്റിൽ നിന്നും താഴെ വീണു. നിവരുമ്പോൾ മുന്നിൽ കൂടി ഒരു സൈക്കിൾ ബെല്ലടിച്ചു കൊണ്ടു് വേഗത്തിൽ പോയി. അയാൾ മാളികയിലേക്കു് നോക്കി. രണ്ടാം നിലയിലെ മുറിയിൽ ഇപ്പോൾ വെളിച്ചമുണ്ടു്. ചുറ്റിലും നോക്കി. ആരുമില്ല. ആരും തന്റെ നേർക്കു് ഓടി വരുന്നില്ല. ഒന്നാം നിലയുടെ കണ്ണാടി ജന്നൽ… കെട്ടിടത്തിന്റെ മുൻവശത്തു് പാർക്കു് ചെയ്തിരുന്ന കാറിന്റെ ചില്ലു്… ഒന്നിലും ഒരു പോറൽ കൂടിയില്ല. എറിയാനെടുത്ത കല്ലുകളെല്ലാം കൈവെള്ളയിലിപ്പോഴും… ശരീരം മുഴുക്കെയും വിയർത്തിരിക്കുന്നു. കൈയ്യിൽ നിന്നും കല്ലുകൾ അയാളറിയാതെ വഴുതി താഴേക്കു് വീണു. തെരുവു് വിളക്കിന്റെ മങ്ങിയ വെളിച്ചത്തിനു കീഴെ വിളക്കുക്കാലിനെ പോലെ അയാൾ തല കുനിച്ചു നിന്നു. അതുവരെ അയാളുടെ ചെയ്തികൾ ആകാംക്ഷയോടെ നോക്കി നിന്നിരുന്ന, ചില മോക്ഷം കിട്ടാത്ത ആത്മാക്കൾ, ‘ഭീരൂ’ എന്നു് അയാളെ നോക്കി വിളിച്ച ശേഷം ഇരുട്ടിലേക്കു് പിൻവാങ്ങി. വൈശാഖൻ പതിയെ തിരിഞ്ഞു നടന്നു. താഴെ വീണു പോയ പേന, തിരികെയെടുക്കാൻ മറന്നു പോയിരുന്നു അയാൾ.

ജനനം: 1972-ൽ.
സ്വദേശം: തിരുവനന്തപുരം.
അമ്മ: പി. ലളിത
അച്ഛൻ: എം. എൻ. ഹരിഹരൻ
കെമിസ്ട്രിയിൽ ബിരുദവും, കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ഡിപ്ലോമയും. സോഫ്റ്റ് വെയർ ഇഞ്ചിനീയർ. വായന, എഴുത്തു്, യാത്ര, ഭക്ഷണം എന്നിവയിൽ താത്പര്യം. താഴെ പറയുന്നവയിൽ കഥകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ടു്. മാതൃഭൂമി, ദേശാഭിമാനി, കേരള കൗമുദി, അകം (ആഴ്ച്ചപ്പതിപ്പു്), ജനയുഗം, കേരളഭൂഷണം (വാരാന്തപ്പതിപ്പു്), അകം, കേരള കൗമുദി (ഓണപ്പതിപ്പു്).
രണ്ട് പുസ്തകങ്ങൾ (കഥാസമാഹാരങ്ങൾ) പ്രസിദ്ധീകരിച്ചു.
- ‘നിയോഗങ്ങൾ’ (പൂർണ പബ്ലിക്കേഷൻസ്, 2015)
- ‘ഉടൽദാനം’ (സൈകതം ബുക്സ്, 2017)
കഴിഞ്ഞ പത്തു വർഷങ്ങളായി ന്യൂ സീലാന്റിൽ ഭാര്യയും മകനുമൊത്തു് താമസം.
ഭാര്യ: സിനു
മകൻ: നന്ദൻ
ചിത്രങ്ങൾ: വി. മോഹനൻ