മഹാത്മാഗാന്ധി ചില വൻകാര്യങ്ങളുടെ നിർവ്വഹണത്തിൽ ഗത്യന്തരം കാണായ്കയാൽ രണ്ടു് മൂന്നു പ്രാവശ്യം നിരാഹാരവ്രതമനുഷ്ഠിച്ചതിന്നു ശേഷം അനുകരണഭൂമിയായ ഈ ഇന്ത്യാരാജ്യത്തിൽ എത്രയാളുകൾ എന്തിന്നെല്ലാം വേണ്ടി പട്ടിണി കിടന്നു! ഗാന്ധിജിയെക്കൊണ്ടു് വ്രതമവസാനിപ്പിയ്ക്കുവാനായി ഒരു വിദ്വാൻ ആഹാരം വേണ്ടെന്നുവെച്ചു; സഹതാപം പ്രദർശിപ്പിയ്ക്കുവാനായി അനേകം പേർ പട്ടിണി കിടന്നു. ഇങ്ങനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ തീർപ്പുമാറ്റൽ തുടങ്ങി അംശംകോൽക്കാരനെ നേർവഴിയ്ക്കു നടത്തൽ വരെയുള്ള എല്ലാ ഉദ്ദേശ്യങ്ങൾക്കുംവേണ്ടി ഇന്ത്യയിലെ സഖാക്കളും, ചിന്തകന്മാരും പട്ടിണിയെ ഒരു ആംഗ്യമായി സ്വീകരിച്ചു.
പക്ഷേ, ഞാൻ പറയുന്നതു് ഹോട്ടൽക്കാരൻ സ്വാമി സംഭാരത്തിൽ വെള്ളം ജാസ്തി ചേർത്തതിന്നും, അയൽവക്കകാരന്റെ പശു ധാന്യം നശിപ്പിച്ചതിന്നും കമ്മീഷണർ “ഇഡിയട്ട്” എന്നു് വിളിച്ചതിന്നും ഒക്കെ അഞ്ചും പത്തും ദിവസം പട്ടിണി കിടക്കുന്നവർക്കു് “ഇമാജിനേഷൻ” പോരെന്നാണു്. ആകെ നിവാസികളുടെ പകുതിയിൽ അധികം ഭാഗം മാസത്തിൽ ഇരുപതു് പട്ടിണിയും രണ്ടു് ഏകാദശിയുമായിക്കഴിയുന്ന ഈ ഇന്ത്യാമഹാരാജ്യത്തിൽ ഒരാൾ അഞ്ചോ പത്തോ ദിവസം പട്ടിണി കിടന്നാൽ അതിനെക്കുറിച്ചു് വളരെ കുറച്ചു പേർക്കുമാത്രമേ അത്ഭുതം തോന്നുകയുള്ളു. എനി മേലാൽ നമ്മുടെ സഖാക്കൾ വല്ലതും വേണ്ടെന്നുവെയ്ക്കുകയാണെങ്കിൽ, അതു് നാട്ടിലെ ഏറ്റവും ദരിദ്രന്നുകൂടി നിഷ്പ്രയാസമായും സുലഭമായും കിട്ടുന്നതും ജീവിതത്തിന്നു് അത്യാവശ്യവുമായ എന്തെങ്കിലും ഒരു കാര്യമായിരിയ്ക്കണം.
രണ്ടു പദ്ധതികൾ സഞ്ജയന്റെ മനസ്സിൽ ഇപ്പോൾത്തന്നെ രൂപവല്ക്കരിക്കപ്പെട്ടുകഴിഞ്ഞു. ഇവയിൽ ഒന്നു ശ്വാസം മുട്ടിക്കുകയും, മറ്റേതു് ഉറക്കമൊഴിക്കുകയുമാണു്. ശ്വാസം വേണ്ടെന്നുവെക്കുന്ന കാര്യം നന്നെ ആലോചിച്ചുമാത്രമേ ചെയ്യാൻ പാടുള്ളു. അതു മേപ്പടി പ്രയോഗംകൊണ്ടു് ആരുടെ മനസ്സു് ഇളക്കുവാൻ ഉദ്ദേശിക്കുന്നുവോ, അവരുടെ മുമ്പാകെതന്നെ ചെയ്യണം; ഇല്ലെങ്കിൽ അവർ വിവരം അറിയുമ്പോഴേയ്ക്കു് ശ്വാസസഖാവു് ധനാശിപാടി ഗ്രന്ഥം കെട്ടീട്ടുണ്ടായിരിക്കും. മുനിസിപ്പാൽ കൗൺസിൽ പാസ്സാക്കിയ ഒരു പ്രമേയത്തെ പ്രിതിഷേധിക്കുവാനാണു് ഈ പ്രാണായാമമെങ്കിൽ, കൗൺസിൽ യോഗം നടന്നുകൊണ്ടിരിക്കെ, ഹാളിന്റെ പടിഞ്ഞാറെ വാതിൽക്കൽ പ്രത്യക്ഷനായി, “ഇതാ, നിങ്ങൾ ആ പ്രമേയത്തെ റദ്ദാക്കിയില്ലെങ്കിൽ ഞാൻ ശ്വാസം മുട്ടിച്ചു മരിക്കുവാൻ പോകുന്നു. ദൈവം നിങ്ങളെ രക്ഷിക്കട്ടെ!” എന്നു പറഞ്ഞു് ഒരു വലിയ മുണ്ടുകൊണ്ടു മൂക്കും വായയും അടച്ചുകെട്ടി കൗൺസിലർമാർകാണെ കണ്ണടച്ചു മലർന്നുകിടക്കണം. പ്രമേയം പോയവഴി കാണുകയില്ല. അടിയന്തരമായി ചെയ്തുകിട്ടേണ്ട സംഗതികൾക്കു് ഉത്തമവിദ്യ ഇതാണെന്നു സഞ്ജയന്നു തോന്നുന്നു.
പട്ടിണിക്കുപകരം സ്വീകാര്യമായി കാണപ്പെടുന്ന രണ്ടാമത്തെ മാർഗ്ഗം നിർനിദ്രവ്രതമാണു്: മലയാളത്തിൽ ഇതിന്നു് ഉറക്കമൊഴിക്കൽ എന്നു പറയും. ശിവരാത്രിക്കും ഗുരുവായൂരേകാദശിക്കും പട്ടിണിക്കുപുറമെ ഉറക്കമൊഴിക്കൽകൂടി നോമ്പിന്റെ ചടങ്ങുകളിൽ ഒന്നാകയാൽ ഇതിന്നു മതത്തിന്റെ അനുവാദവും കൂടിയുണ്ടു്. പട്ടിണിപോലെതന്നെ മനഃശുദ്ധിപ്രദമായി നിർനിദ്രത്വത്തെക്കൂടി പൂർവ്വികന്മാർ കരുതീട്ടുണ്ടെന്നു് ഇതിൽനിന്നു വെളിവാകുന്നുണ്ടല്ലോ.
നിങ്ങളുടെയെല്ലാം അനുവാദമുണ്ടെങ്കിൽ കോഴിക്കോടു് മുനിസിപ്പാലിറ്റിയിലെ ഗട്ടറുകളിലേയ്ക്കു് കൗൺസിലിന്റെ ശ്രദ്ധയെ ഇറക്കിവിടുവാനായി സഞ്ജയൻ അടുത്തൊരു ദിവസം ഈ ഭയങ്കരവ്രതം ആരംഭിക്കുവാൻപോകുന്നു. പതിനഞ്ചു ദിവസത്തെ ഉറക്കമൊഴിക്കുവാനാണു് ഇപ്പോൾ തീർച്ചപ്പെടുത്തീട്ടുള്ളതു്. വ്രതകാലത്തു് ഉറക്കമൊഴിക്കുവാൻ സഹായിക്കുന്ന കാപ്പി ചായ മുതലായ പാനീയങ്ങളോ, പുകയിലപ്പൊടി മുതലായ ലഹരിപദാർത്ഥങ്ങളോ സഞ്ജയൻ ഉപയോഗിക്കുകയില്ല. എന്നു മാത്രമല്ല, ഈ വ്രതത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കുവാൻ വേണ്ടി ഉറക്കം വരുവാൻ സഹായിക്കുന്ന ഓവൽടിൻ, ലൂമിനോൾ, ബ്രോമൈഡുകൾ, ഓംനോപോൺ, ലഘുമാത്രകളിൽ മോർഫിയ മുതലായതു് ഇടയ്ക്കിടെ കഴിച്ചുകൊണ്ടിരിക്കുകയും ചെയ്യും. “ഈ വിദ്വാൻ സ്വകാര്യമായി ഉറങ്ങുന്നുണ്ടു്” എന്നു് അവിശ്വാസികൾക്കു് പറയുവാൻ ഇടകൊടുക്കരുതെന്നു കരുതി മുപ്പതടി ഉയരത്തിൽ ഒരു തൂൺ സ്ഥാപിച്ചു് അതിന്മേൽ ഒരു മുക്കാലിവെച്ചു് ആ മുക്കാലിമേൽ ഇരുന്നുകൊണ്ടാണു് നിർനിദ്രവ്രതം അനുഷ്ഠിക്കുക. ഉറക്കം തൂക്കിയാൽ താഴെ വീണു സിദ്ധി.
മഹാത്മജിയുടെ എല്ലാ വ്രതങ്ങളും ആളുകൾ അനുകരിക്കുവാൻ തുടങ്ങിയിരിക്കുന്ന സ്ഥിതിക്കു് അദ്ദേഹം ഇപ്പോൾ ആരംഭിച്ചിരിക്കുന്ന മൗനവ്രതം കുറെ അധികം ആളുകൾ അനുകരിക്കുമെന്നു് സഞ്ജയൻ പ്രതീക്ഷിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു. നമ്മുടെ സ്വതന്ത്രചിന്തകന്മാർക്കു് ഇത്ര പറ്റിയ വ്രതം ഞാൻ വേറെ കാണുന്നില്ല. വ്രതത്തിന്നു വ്രതമായി; വലിയ ബുദ്ധിമുട്ടുമില്ല. അതുകൊണ്ടു് നാട്ടിന്നു നന്മയുണ്ടാകുമോ ഇല്ലയോ എന്നുള്ളതിനെക്കുറിച്ചു് അവർ സംശയിക്കേണ്ട. ഉണ്ടാകുമെന്നു് ഞാൻ ഉറപ്പുതരുന്നു. മിണ്ടുകയില്ലെന്നുമാത്രമല്ല, അത്യാവശ്യങ്ങൾക്കൊഴിച്ചു് അവർ എഴുതുകയില്ലെന്നും സിദ്ധാന്തിക്കണം. വ്രതത്തിന്റെ അവധി ഗാന്ധിജി ചെയ്തതുപോലെ ഒരു മാസമാക്കേണമെന്നുമില്ല. കഴിയുമെങ്കിൽ നമ്മൾ ഗാന്ധിജിയെ ഈ മാതിരി സംഗതികളിൽ പിന്നിലാക്കുവാൻകൂടി ശ്രമിക്കണം. അഞ്ചോ ആറോ കൊല്ലത്തേയ്ക്കോ, അഥവാ ആജീവനാന്തം തന്നെയോ, ഈ വ്രതം തുടർന്നുകൊണ്ടുപോകാവുന്നതാണു്. രാജ്യത്തിന്നു നന്മയുണ്ടാകും; വളരെ വളരെ നന്മയുണ്ടാകും.
നമ്മുടെ ചിന്തകന്മാർ എന്തു പറയുമോ, ആവോ! അവർക്കു് ചിന്തിക്കുന്നതിൽ ഒരു പ്രതിബന്ധവുമുണ്ടായിരിക്കുകയില്ല. കമ്യൂണിസം, വിപ്ലവം, ഈശ്വരന്റെ ഇല്ലായ്മ മുതലായ വമ്പിച്ച വിഷയങ്ങളെക്കുറിച്ചു് നിർബ്ബാധമായി ഒരു ജീവകാലം മുഴുവനാലോചിച്ചു് ആ ആലോചനയുടെ ഒത്ത നടുവിൽ സമാധിയടഞ്ഞുപോകുന്നതു ചില്ലറക്കാര്യമാണോ? സമാധിക്കുശേഷം അവരുടെ പേരു നശിച്ചുപോകുമെന്നോ, പത്രങ്ങളിൽ തങ്ങളുടെ പേർ കാണുകയില്ലെന്നോ കരുതി അവർ വ്യസനിക്കരുതു്. അക്കാര്യം ഞാനേറ്റു. അവരുടെ സ്വതന്ത്രചിന്തയുടെ സ്മരണ എന്നെന്നും ആളുകളുടെ ഇടയിൽ നില്ക്കത്തക്കവിധത്തിൽ അനവധി വായനശാലകളും, ക്ലബ്ബുകളും, പ്രതിമാസ്ഥാപനങ്ങളും, ഇവയുടെ പണംപിരിവിന്നുവേണ്ടി നാടക പ്രദർശനാദികളും ഞങ്ങൾ ഏർപ്പാടുചെയ്യാം.
27-3-’35