“ജാനകീ…”
“ഇക്കുറി നേരത്തേയെത്തീല്ലോ. ഒരാഴ്ചകൂടി വൈകൂന്നാ കരുതിയേ.”
ഗോപാലൻനായരുടെ വിളിക്കു മറുപടിയുമായി ഉടുമുണ്ടിൽ കൈതുടച്ചുംകൊണ്ടു് ജാനകി അടുക്കളയിൽനിന്നോടിയെത്തി. ഗോപാലൻനായരെന്നും യാത്രയിലാകും. പലനാടുകളിൽ പാട്ടത്തിനു ഭൂമിയെടുത്തു കൃഷിചെയ്യുന്നാളാണു്. കൂട്ടിനുകോരയുമുണ്ടു്.
ഗോപാലൻ നായരുടെ അച്ഛനും കോരയുടെ അപ്പനും ആത്മ സുഹൃത്തുകളായിരുന്നു. ഒരുമിച്ചു കച്ചവടം നടത്തിയിരുന്നു. ചന്തക്കടവിലായിരുന്നു കട. നാട്ടിലെ ഏക പലചരക്കുകട. പിതാക്കന്മാരുടെ സൗഹൃദം മക്കളിന്നും തുടരുന്നു. ആത്മബന്ധം!
‘മാപ്പിളക്കുട്ടി മണിക്കുട്ടി’യെന്നു സ്വയം വിശേഷിപ്പിക്കുന്ന ശുദ്ധൻ. രണ്ടുപേരുംകൂടി കൂട്ടുകൃഷിയാണു്. മക്കളേഴുണ്ടു് കോരയ്ക്കു്.
“ഞങ്ങടെ മതത്തിനാളു വേണ്ടായോ. പത്തു തികയ്ക്കണംന്നാ”, കോരയുടെ ന്യായീകരണം!
“വിത കഴിഞ്ഞപ്പൊ ഒന്നുവന്നു പോകാന്നു വിചാരിച്ചു. നിന്നേം പിള്ളാരേം കണ്ടു പോകാല്ലോ. മാപ്ലക്കും പെമ്പിള്ളേക്കാണാൻ പൂതിയെളകീരിക്കണു.”
ജാനകി കൊടുത്ത സംഭാരം കുടിക്കുന്നതിനിടെ ഗോപാലൻ നായർ പറഞ്ഞു.
നീണ്ടുവെളുത്തു മെലിഞ്ഞ സുമുഖനാണു നായർ. നീണ്ടമൂക്കും നേർത്തമീശയും. നാല്പത്തഞ്ചു നടപ്പാണു്. ആരും ശ്രദ്ധിക്കുന്ന രൂപം. വെള്ളമുണ്ടും ജുബ്ബയും ഷാളുമാണു വേഷം.
ജാനകി പൊക്കംകുറഞ്ഞു് ഇരുനിറത്തിലൊരു സുന്ദരി. കറുത്തിരുണ്ട മുടി. കാതിലെ ചെറിയ കല്ലുകമ്മലും വെള്ളക്കൽ മൂക്കുത്തിയും നേർത്ത താലിമാലയും ജാനകിക്കു മാറ്റുകൂട്ടി. മുട്ടിനു താഴെയെത്തുന്ന നേർത്ത കരയുള്ള മുണ്ടും പുള്ളികളുള്ള റവുക്കയും, അവൾക്കെന്തൊരഴകാണു്!
നാട്ടിലെ പ്രശസ്തമായ നായർതറവാട്ടിലെ ഇളയമകന്റെ ഭാര്യയായെത്തുമ്പോൾ ജാനകിക്കു പ്രായം പതിനേഴു തികഞ്ഞില്ലാ. മുപ്പത്തിയഞ്ചു തികഞ്ഞു, ഈ ചിങ്ങത്തിൽ. മൂത്തമോൾ സരസൂനു് പതിന്നാലാകാറായി. താഴെയുള്ളോർക്കു് പത്തും ഏഴുമായി.
ഗോപാലൻനായരെത്തിയാൽ വീട്ടിൽ ആഘോഷമാണു്. വിശേഷ ഭക്ഷണമാണുണ്ടാക്കുക. നായർ ഭക്ഷണപ്രിയനാണു്.
ജാനകിയോ നല്ലൊരു കൈപ്പുണ്യക്കാരിയും. കരിമീൻ വറക്കും. വരാൽ തേങ്ങാപ്പാലിൽ കൊടമ്പുളിയിട്ടു വറ്റിക്കും. കൂടാതെ പച്ചക്കറികളും.
അമ്പലപ്പറമ്പിലെ തങ്കപ്പൻ പിടക്കണ മീനുമായെത്തും, നായരെത്തിയാലുടനെ. തങ്കപ്പന്റെ ഭാര്യ തങ്ക മീനൊക്കെ വെട്ടിക്കഴുകിക്കൊടുക്കും. തങ്കപ്പൻ തറവാട്ടിലെ കുടിയാനായിരുന്ന ചാത്തുവിന്റെ മകനാണു്. പക്ഷേ, തങ്കപ്പനും ഗോപാലൻനായരും തമ്മിൽ അടിയാനുടയോൻ ബന്ധമല്ലാ. ഉറ്റതോഴരാണവർ.
സർപ്പക്കാവിനോരംപറ്റി വളർന്നുനിൽക്കുന്ന, മഞ്ഞനിറമുള്ള മാങ്ങകൾ കുലകുലയായുണ്ടാകുന്ന നാട്ടുമാവിനു താഴ്‌ന്നുവളർന്ന ബലമേറിയ ശിഖരമുണ്ടു്. ആനപ്പുറത്തിരിക്കുംപോലെ മൂന്നാലാൾക്കു നിരന്നിരിക്കാൻ പറ്റും.
വൈകുന്നേരങ്ങളിൽ രണ്ടുപേരുംകൂടി തങ്കപ്പൻ കൊണ്ടുവരുന്ന മധുരക്കള്ളും മോന്തി ഏറെ നേരമിരിക്കും. അപ്പോൾ, പണ്ടു കുട്ടികളായിരുന്നപ്പോൾ ചാത്തുമൂപ്പനൊപ്പം വരുമായിരുന്ന തങ്കപ്പനും ഗോപാലനുമാകുമവർ.
ചാത്തുമൂപ്പൻ തെങ്ങിനു തടമെടുത്തും കുരുമുളകുവള്ളികളെ പരിപാലിച്ചും നിക്കുമ്പോൾ കുട്ടികളിരുവരും ചുറ്റിപ്പറ്റിയുണ്ടാകും.
“മുണ്ടൻപാതിരി മുളകു പറിച്ചു,
മുണ്ടിൽക്കെട്ടി തൊണ്ടിലെറിഞ്ഞു,
മടിയൻമാത്തരു കണ്ടുപിടിച്ചു,
മുണ്ടൻവടി കൊണ്ടൊന്നു കൊടുത്തു”
എന്ന മൂപ്പന്റെ പാട്ടവരേറ്റു പാടും.
കാലം കടന്നുപോയി. ചാത്തുമൂപ്പൻ മരിച്ചു. കുടികിടപ്പും നിയമങ്ങളും മാറി. തങ്കപ്പനും ഗോപാലൻനായരും മാറിയില്ലാ. അവരുടെ സ്നേഹം അന്നത്തേപ്പോലെതന്നെ. തങ്കപ്പൻ നാട്ടിലെ അറിയപ്പെടുന്ന പലവേലക്കാരനാണു്. എന്നും പണിയുണ്ടു്. ആരോഗ്യവാനാണു്. നായരെത്തിയെന്നറിഞ്ഞാൽ മറ്റു പണിക്കൊക്കെ തങ്കപ്പൻ അവധി കൊടുക്കും.
വൈകിട്ടു തങ്കപ്പനുമായി മാവിൻകൊമ്പിൽ സൊറപറഞ്ഞിരിക്കുന്നതിനിടയിൽ ജാനകിയുമെത്തി. കുട്ടികൾ അമ്പലമുറ്റത്തു് കളിയിലാണു്.
“നാളെ പടിഞ്ഞാറു പോയി സരസൂനെ കണ്ടു വന്നാലോ?” ന്നു നായർ.
“ഞാനതു പറയാനിരിക്കയായിരുന്നു. പാവം, കുട്ടി. അവൾ എല്ലാരേം കാണാൻ കൊതിച്ചിരിക്കയാവും. ഞാനവളെയെന്നും സ്വപ്നം കാണും”, എന്നു ജാനകി.
സരസു പടിഞ്ഞാറു് ജാനകിയുടെ നാട്ടിലാണു്. ജാനകിക്കു വീതമായിക്കിട്ടിയ ചെറിയവീടും കുറച്ചു തെങ്ങിൻ പുരയിടവുമുണ്ടു്. ജാനകിക്കു രണ്ടുവയസ്സുള്ളപ്പോൾ അമ്മയും പത്തുതികയുംമുമ്പേ അച്ഛനും മരിച്ചതാ. അമ്മയുടെ അവിവാഹിതയായ ഇളയസഹോദരി—ചിറ്റയാണു് ജാനകിയെ വളർത്തിയതു്. ചിറ്റക്കിപ്പോൾ വയസ്സായി. കൂട്ടിനാണു് സരസൂനെ അവിടെ സ്കൂളിൽ ചേർത്തതു്.
ഇവിടെ ചന്തക്കടവിൽനിന്നു് ദിവസവും കമ്പനിവള്ളമുണ്ടു് പടിഞ്ഞാറൻദിക്കിലേക്കു്. അതിൽപ്പോയാൽ വെച്ചൂർക്കടവിലിറങ്ങാം. കടവിനടുത്താണു് വീടു്.
“രാവിലെ കമ്പനിവള്ളത്തിലു പോവാം. രണ്ടുദിവസം അവിടെ തങ്ങീട്ടു് വരാം. നിനക്കു് വരാൻ കഴിയ്യോ?”
കറവപ്പശുവും രണ്ടു് കുട്ടികളും മറ്റു പ്രാരാബ്ധങ്ങളുമായി ജാനകിക്കു് വരാനാവില്ല എന്നറിഞ്ഞുകൊണ്ടു തന്നെയാണു് ഗോപാലൻ നായർ അങ്ങനെ ചോദിച്ചതു്.
“നിങ്ങക്കറിയാഞ്ഞിട്ടാ? പോയി അവളെ കണ്ടുവരൂ. അവൾക്കിഷ്ടോള്ള അരിമുറുക്കും ചിറ്റയ്ക്കു് പുകയിലയും വാങ്ങാൻ മറക്കണ്ടാ”ന്നു് ജാനകി.
ഇരുട്ടു വീണുതുടങ്ങി.
തങ്കപ്പൻ പിരിഞ്ഞുപോയി. കിണറ്റുകരയിലെ ഓലമറച്ച കുളിമുറിയിലെ കരിങ്കൽത്തൊട്ടിയിൽ വെള്ളം കോരിനിറച്ചിരുന്നു ജാനകി.
ഗോപാലൻ നായർ കുളികഴിഞ്ഞെത്തി. പണിയെല്ലാം ഒതുക്കി ജാനകി മേക്കഴുകിവന്നു.
മുറ്റത്തു് വളർന്നു മുറ്റിനിൽക്കുന്ന കിളിഞ്ഞിലിൽ പടർന്നു കയറിയിരുന്ന മുല്ലയാകെ പൂത്തിരുന്നു. മുല്ലപ്പൂ വിരിഞ്ഞ മണം രാവിനെ തഴുകിവരുത്തി. ജാനകി കൈക്കുടന്നയിൽ നിറയെ മുല്ലപ്പൂവിറുത്തെടുത്തു.
എല്ലാവരും അത്താഴം കഴിച്ചു. കുട്ടികളുറങ്ങി. ജാനകിയും ഗോപാലൻ നായരും ചായിപ്പുമുറിയിൽ കയറി കതകടച്ചു. അപ്പോഴാണു് തന്റെ തോൾസഞ്ചിയിൽ നിന്നു് പത്രക്കടലാസിൽപൊതിഞ്ഞ നീളൻപൊതി നായർ പുറത്തെടുത്തതു്. പ്രേമാർദ്രനായി അതു് ജാനകിക്കു കൊടുത്തു് അയാൾ പറഞ്ഞു, ‘പാലക്കാട് പോയിരുന്നു, ഞാനും കോരയും. അവിടുത്തെ നെയ്ത്തുശാലയിൽനിന്നു് നിനക്കായി വാങ്ങിയതാണീ കസവുനേര്യതു്. കോരയും വാങ്ങിയൊന്നു്, അവന്റെ പെമ്പിളയ്ക്കു്. ഇഷ്ടായോ നിനക്കു്?’
പൊതിതുറന്നു് കൈതപ്പൂവീതിയിൽ കസവു കരയുള്ള നേര്യതു കണ്ടു് ജാനകി നമ്രമുഖിയായി.
“ഇത്ര കസവുള്ളതു് എന്തിനാ വാങ്ങിയതു്?പണം ഒരുപാടു് ആയില്ലേ. ഞാനിതു് എവിടെ ഉടുക്കാനാ. ന്നാലും, നിക്കു് ഒരു പാടിഷ്ടായീ” ന്നു ഗോപാലൻ നായരോടുചേർന്നുനിന്നു ജാനകി.
“ഇതിപ്പോ ന്റെ കാല്പെട്ടിക്കൊരലങ്കാരമായിരുന്നോട്ടെ. നിങ്ങടെകൂടെ എവിടേലും യാത്രപോകുമ്പോ ഞാൻ ചുറ്റിക്കോളാം.”
കട്ടിലിനോരം ചേർന്നു് തടി കൊണ്ടുള്ള പിത്തളകെട്ടിയ പൂട്ടുള്ള കാൽപ്പെട്ടിയാണു് ജാനകിയുടെ കലവറ …അതിലാണു് നാട്ടിൽ പോകുമ്പോൾ മാത്രം ഉപയോഗിക്കുന്ന, റൗക്കയുടെ കുടുക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന, സ്വർണബട്ടൻ ജാനകി സൂക്ഷിച്ചു വച്ചിരിക്കുന്നതു്. പിന്നെ, ഗോപാലൻനായർ യാത്ര പോകുമ്പോൾ വീട്ടുചെലവിനായി കൊടുക്കുന്ന ചെറിയ പണക്കിഴിയും.
കാൽപ്പെട്ടി തുറന്നാൽ കൈതപ്പൂമണം പരക്കും. മുണ്ടും നേര്യതും റൗക്കകൾക്കും ഇടയിലായി കൈതപ്പൂവിതളുകൾ സൂക്ഷിച്ചു വെച്ചിരുന്നു ജാനകി. ജാനകിക്കും കൈതപ്പൂവിനും ഒരേമണമാണെന്നു് ഗോപാലൻ നായർ പറയാറുണ്ടു്. അതു് കേൾക്കുമ്പോൾ ജാനകി സീതയാകും. രാമന്റെ സീത!
മുല്ലപ്പൂക്കൾ മടക്കുകൾക്കിടയിൽ വിതറി കസവുനേര്യതു് പെട്ടിയിൽവെച്ചു് പെട്ടിപൂട്ടി താക്കോൽ കിടക്കയ്ക്കടിയിൽ ഭദ്രമായിവച്ചു. ചായ്പ്പുമുറിയിൽ അവർ സീതയും രാമനുമായി. സരയു താളത്തിലൊഴുകി.
പുലർച്ചെ ക്ഷേത്രത്തിലെ ശംഖൊലി കേട്ടു് ജാനകിയുണർന്നു. പശുവിനെ കറന്നു് ചായവച്ചു. ഗോപാലൻ നായരെ ഉണർത്തി.
ശനിയാഴ്ചത്തെ വള്ളത്തിൽ തിരികെയെത്താമെന്നു പറഞ്ഞു് നായർ ഇറങ്ങി.
ശനിയാഴ്ചതന്നെ നായർ തിരിച്ചെത്തി. ഞായറാഴ്ച കോരയുമെത്തി. രണ്ടുപേരും ഒരുമിച്ചു് ദൂരെയുള്ള കൃഷിയിടങ്ങളിലേക്കു് പുറപ്പെട്ടു.
ഇനി രണ്ടുമാസമെങ്കിലും കഴിഞ്ഞു് വിളവെടുപ്പിനു ശേഷമേ വരൂ. ദിവസങ്ങൾ കടന്നുപോയി.
പടിഞ്ഞാറു്, ജാനകിയുടെ നാട്ടിലെ അമ്പലത്തിൽ ഉത്സവമായി. കുട്ടികളെ തൊഴീക്കണം. രണ്ടുദിവസം നിൽക്കാം സരസുവിനൊപ്പം. പശുവിനെ തങ്കയെ ഏൽപ്പിച്ചു. പുലർച്ചെ ജാനകി കുളിച്ചു. കുട്ടികളെയും ഒരുക്കി.
മുണ്ടും റൗക്കയും സ്വർണ്ണബട്ടനും കുറച്ചു പണവും എടുക്കാൻ കാല്പെട്ടി തുറന്നു.
കൈതപ്പൂവിന്റെയും മുല്ലപ്പൂവിന്റെയും സമ്മിശ്രസുഗന്ധം മുറിയിൽ പരന്നു…
‘നേര്യതെവിടെ? ന്റെ കസവുനേര്യതു്?!’, ജാനകി തേങ്ങിപ്പോയി.
പെട്ടിയിലാകെ പരതി. മുല്ലപ്പൂക്കൾ ചിതറിക്കിടന്നിരുന്നു.
തേങ്ങലടക്കി കുട്ടികളുമായി വള്ളക്കടവിലേക്കു നടന്നു. വള്ളം ഓളങ്ങളെത്തഴുകി മുന്നോട്ടു പോയപ്പോൾ ജാനകി ആറ്റിറമ്പിലെ കൈതപ്പൂക്കൾ നോക്കിയിരുന്നു. ചിലപൂക്കൾ ആറ്റിലൂടെ ഒഴുകി നടക്കുന്നുണ്ടു്. തന്റെമനസ്സുപോലെ!!
കൈതമുള്ളുനെഞ്ചിൽത്തറച്ചതു പോലെ നീറ്റൽ. വള്ളക്കാരൻ തുഴയലിന്നിടയിൽ ലയിച്ചുപാടി,
‘സൂരിയൻ പോകുമ്പം
ചന്ദിരനെത്തുമേ…,
ഏങ്ങിക്കരയേണ്ട
പെൺമണിയേ…’
താറാവിൻപറ്റത്തെത്തെളിച്ചു കൊണ്ടു് കൊതുമ്പുവള്ളം തുഴഞ്ഞുപോയയാളും ഇമ്പമേറിയ ശബ്ദത്തിൽ പാടുന്നതു കേട്ടു.
പതിവുയാത്രകളിൽ ജാനകി ഇതൊക്കെ കേട്ടു രസിക്കാറുണ്ടു്. ഇക്കുറി മനസ്സിനാകെ വിഷാദം! വള്ളത്തിലിരുന്നു് കാഴ്ചകൾ കണ്ടുരസിക്കുന്ന കുട്ടികൾക്കൊപ്പം കൂടാനായില്ലവൾക്കു്!
ഈ ഭൂമി എത്ര സുന്ദരമാണെന്നും അതു് മനുഷ്യരുടേതു മാത്രമല്ലെന്നും എല്ലാ ജീവികൾക്കുമുള്ളതാണെന്നും അവൾ മക്കളോടു പറയാറുണ്ടു്. പറവകളും പൂക്കളും പുഴയിലെ മീനുമെല്ലാം ദൈവത്തിന്റെ സന്തതികളാണെന്ന ബോദ്ധ്യമുണ്ടു് കുട്ടികൾക്കു്.
‘ഇന്നമ്മയെന്തേ ഒന്നും മിണ്ടാത്തേ’,അവർ
തങ്ങളിൽ പറയുന്നുണ്ടായിരുന്നു.
വീടിനടുത്ത കടവിൽ വള്ളമടുത്തതു് അവൾ അറിഞ്ഞില്ലാ. വള്ളക്കാരൻ അടുത്തുവന്നു് വിളിച്ചു. കുട്ടികളുമായി ഇറങ്ങി. തെങ്ങുകൾക്കിടയിലൂടെയുള്ള നടപ്പാതയിൽക്കൂടി വീട്ടിലേക്കു് നടന്നു. അറിയാവുന്ന പലരെയും വഴിയിൽക്കണ്ടു. ‘ഉത്സവത്തിനു് എത്തിയല്ലോ, ജാനൂട്ടീ, നായരില്ലേ കൂടെ?’ ആരൊക്കെയോ ചോദിച്ചു. മറുപടി പറഞ്ഞും പറയാതെയും വീടെത്തി.
സരസു സ്കൂളിൽനിന്നെത്തിയിരുന്നു. അവൾക്കു് സന്തോഷമായി. ഓടി വന്നു് ജാനകിയെ കെട്ടിപ്പിടിച്ചു. കുഞ്ഞനിയനെ വാരിയെടുത്തു.
അവൾ വളർന്നിരിക്കുന്നു. അവൾടച്ഛന്റെകൂട്ടു് നീളമുള്ള പ്രകൃതമാണു്.
തഴച്ചുവളർന്ന മുടി അവളെ കൂടുതൽ സുന്ദരിയാക്കിയിട്ടുണ്ടു്.
പറമ്പിൽ വീണുകിടന്ന ഒരു തേങ്ങയും രണ്ടു് പഴുക്കടയ്ക്കയുമായി “ന്റെ ജാനൂട്ടി വന്നൂലോ” എന്നു ചിരിച്ചുനിന്നു ചിറ്റ.
തനിക്കുള്ള പുകയില കിട്ടിയപ്പോൾ ചിറ്റക്കെത്ര സന്തോഷം!
“ഇന്നലെ കൊടിയേറി, ജാനൂട്ടിയേ. ഞാനും സരസുവും കൊടിയേറ്റു തൊഴുതു. ഇന്നു് ദീപാരാധനയ്ക്കു് കുട്ടികളെയും കൊണ്ടു് നീ പോയി തൊഴുതു വാ” എന്നു ചിറ്റ.
കുട്ടികൾ മൂവരുമായി ജാനകി അമ്പലത്തിൽ പോയി. നാട്ടിലെ എല്ലാവരുമുണ്ടു്. പെണ്ണുങ്ങളെല്ലാം നല്ലവേഷത്തിൽ മുല്ലപ്പൂ ചൂടി സന്തോഷവതികളായി എത്തിയിട്ടുണ്ടു്. കൊടിമരച്ചുവട്ടിൽ തൊഴുതു നിന്നു ചിറ്റേത്തെ നളിനി. നളിനിയെയല്ലാ ജാനകി കണ്ടതു്! കൈതപ്പൂമണവും മുല്ലപ്പൂമണവും ലയിച്ചുചേർന്ന ഉൻമാദഗന്ധം പരത്തുന്ന കസവുനേര്യതു്! അതു് കിളിഞ്ഞിലിൽ പടർന്ന മുല്ലവള്ളി പോലെ നളിനിയുടെയുടലിൽ!
സരസു അവളുടെ സമപ്രായക്കാരിയായ കൂട്ടുകാരിയുടെ കൈപിടിച്ചുവന്നു പറഞ്ഞു,
“അമ്മേ, ഇതു് രാധ. ആ നളിന്യേടത്തിയുടെ മോളാ. ഞങ്ങൾ ഒരു ക്ലാസിലാ.”
ആനപ്പന്തലിൽ തൂണിൽചാരി നെറ്റിപ്പട്ടംകെട്ടിയ പിടിയാനയെപ്പോലെനിന്ന നളിനിയെ ചൂണ്ടി സരസു പറഞ്ഞു.
രാത്രിയിൽ സരസു ജാനകിയെ കെട്ടിപ്പിടിച്ചു കിടന്നു.
“അച്ഛൻ ഇന്നാള് വന്നപ്പോ അവൾടെ വീട്ടില് ചെന്നൂന്നു് രാധ പറഞ്ഞു. രാത്രി അവിടെ ഉറങ്ങിയത്രേ. രാധയുടെ അമ്മയ്ക്കു് ഒരു കസവുനേര്യതു് എന്റച്ഛൻകൊടുത്തൂന്നു്”. ജാനകി മൂളിക്കേട്ടു മോളുടെ വാക്കുകൾ.
നളിനിയുടെ ഭർത്താവു് രാമൻപിള്ള തൃപ്പൂണിത്തുറയിൽ ഏതോ കോവിലകത്തെ ആനപ്പാപ്പാനാണെന്നും നാട്ടിൽ വല്ലപ്പോഴുമേ കാണൂവെന്നും ജാനകിക്കറിയും. ഉത്സവം കഴിഞ്ഞു് തിരിച്ചുള്ളയാത്രയിൽ വള്ളത്തിലിരുന്നപ്പോൾ ജാനകി രാമനുപേക്ഷിച്ച സീതയായി. വീട്ടിലെത്തി. ദിനചര്യകൾ പഴയതുപോലെ.
രണ്ടുമാസത്തിനുശേഷം ഗോപാലൻ നായർ തിരിച്ചെത്തി, കൈനിറയെ പണവുമായി. “ഭാഗ്യമുള്ള വർഷമായിരുന്നു, നല്ല വിളവു കിട്ടി!”യെന്നുപറഞ്ഞു പണക്കിഴി ജാനകിയെ ഏൽപ്പിച്ചു ഗോപാലൻ നായർ. നായർ കാൺകെ ജാനകി കാല്പെട്ടി തുറന്നു. കൈതപ്പൂമണവും മുല്ലപ്പൂമണവും പരന്നൊഴുകി. ഗോപാലൻ നായർ കട്ടിലിലിരുന്നു. പണക്കിഴി പെട്ടിയിൽവച്ചു് പെട്ടിപൂട്ടി ജാനകി മുറിയിൽനിന്നിറങ്ങി. രാമനെയുപേക്ഷിച്ച സീതയായവൾ, കുട്ടികൾക്കൊപ്പം ഉറങ്ങാൻകിടന്നു.
കോട്ടയം ജില്ലയിലെ ആയാംകുടിയാണു് സ്വദേശം. കേരള യൂണിവേഴ്സിറ്റിയിൽനിന്നു് ഇംഗ്ലീഷ് സാഹിത്യത്തിൽ എം. ഏ. ബിരുദം. രജിസ്ട്രേഷൻ ഐജി തിരുവനന്തപുരം ഓഫീസിൽനിന്നു് സീനിയർ സൂപ്രണ്ടായി വിരമിച്ചു. യുറീക്ക, തളിരു് എന്നിവയിൽ ചെറുകവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. സോഷ്യൽമീഡിയയിൽ കഥകളും കവിതകളുമെഴുതാറുണ്ടു്. ഇംഗ്ലീഷ് കവിതകൾ മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്യാറുണ്ടു്. ഒരു മലയാളകവിതാസമാഹാരം ഇംഗ്ലീഷിലേയ്ക്കു മൊഴിമാറ്റം ചെയ്തതു് പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
ഭർത്താവു്: കെ. ജി. മൻമഥൻ നായർ (RBI Rtd. Ast. Manager), രണ്ടുമക്കൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.