ഉടലിന്റെയുടലതെന്നാരറിഞ്ഞൂ
പ്രാണന്റെ പ്രാണനെന്നാരറിഞ്ഞൂ
അതു വികാരത്തിൻ വികാരമെന്നും?
അതു ദൂരെയെന്നു പ്രതീതമാകെ
അതു ചാരെയെന്നു പ്രകടമാകും
അതു് പുറ,ത്തതകത്തുമെന്നു ചൊല്ലി
അവരിതാ തർക്കിച്ചു വിവശരായി.
(വചനം 802)—സച്ചിദാനന്ദൻ
അല്ലമാ പ്രഭുവിനെക്കുറിച്ചുള്ള ഒരു ഐതിഹ്യം അദ്ദേഹം ശിവൻ തന്നെയായിരുന്നു എന്നതാണു്: മനുഷ്യരെ സ്വാന്ത്ര്യത്തിന്റെ മാർഗ്ഗങ്ങൾ പഠിപ്പിക്കാൻ ഭൂമിയിൽ വന്ന ശിവൻ. അദ്ദേഹത്തെ പരീക്ഷിക്കാൻ പാർവ്വതി തന്റെ തമോരൂപമായ മായയെ (കന്നഡത്തിൽ ‘മായേ’) പറഞ്ഞയച്ചു. അല്ലമായുടെ മാതാപിതാക്കളുടെ പേരുകൾ പ്രതീകാത്മകങ്ങളാണു്: ‘നിരഹങ്കാരിക’യും ‘സുജ്ഞാനി’യും. മായയാകട്ടെ മായാദേവിക്കും മമകാര (സ്വാർത്ഥത) ന്നും ജനിച്ചവൾ. സത്യജ്ഞനും ദുഃഖമുക്തനുമായ ഒരു മകന്നു വേണ്ടി തപസ്സു ചെയ്ത ദമ്പതികൾ അരികിൽ കിടക്കുന്ന ഒരു തിളങ്ങുന്ന ശിശുവിനെ കണ്ടു: അങ്ങനെയാണു് അജന്മിയായി അല്ലമാ ഭൂമിയിൽ വന്നതു് എന്നാണു വിശ്വാസം. പിന്നൊരിക്കൽ അല്ലമാ അമ്പലത്തിൽ ചെണ്ട കൊട്ടുമ്പോൾ മായ അല്ലമായുമായി പ്രണയത്തിലായി, അദ്ദേഹത്തെ തന്റെ നൃത്താദ്ധ്യാപകനായി നിയമിച്ചു. മായ എല്ലാ വശീകരണതന്ത്രങ്ങളും പ്രയോഗിച്ചിട്ടും അല്ലമാ കുലുങ്ങിയില്ല. തന്റെ പ്രയത്നം വ്യർത്ഥം എന്നു് തിരിച്ചറിഞ്ഞ പാർവ്വതി മായയെ തിരിച്ചെടുത്തു. വേറൊരു കഥയിൽ അല്ലമായും മായയും ഭൂമിയിൽ ജനിക്കാൻ ശപിക്കപ്പെട്ട ശിവ-പാർവ്വതിമാരുടെ സേവകരാണു്.
വീരശൈവരുടെ ചരിതങ്ങൾ പദ്യത്തിൽ എഴുതിയ പതിനഞ്ചാം നൂറ്റാണ്ടിലെ ഹരിഹരന്റെ കഥയിൽ ഒരു നൃത്താദ്ധ്യാപികയുടെ മകനായ വിദഗ്ദ്ധവാദ്യക്കാരനായ അല്ലമാ, കാമലതയുമായി പ്രേമത്തിലാകുന്നു, അവർ തൃഷ്ണയുടെ അവിഘ്നലീലകളിൽ ഏർപ്പെടുന്നു. അതിനിടെ പെട്ടെന്നു് കാമലത ജ്വരം മൂലം മരണമടയുന്നു. അല്ലമാ അവളുടെ പേരു വിളിച്ചു് ഓർമ്മ നശിച്ചു് ഭ്രാന്തനെപ്പോലെ അലയുന്നു. നാട്ടിലും കാട്ടിലും അലഞ്ഞു ഹതാശനായി ഒരു കാവിൽ ഇരിക്കുമ്പോൾ അയാളുടെ കാൽനഖത്തിൽ “സ്വാതന്ത്ര്യ ദേവതയുടെ സ്തനാഗ്രം പോലെ” ഒരു മന്ദിരത്തിന്റെ സ്വർണ്ണത്താഴികക്കുടം തടയുന്നു, അവിടം കുഴിച്ചു അയാൾ ഒരു മന്ദിരകവാടത്തിനു മുന്നിലെത്തുന്നു. വാതിൽ തട്ടിത്തുറന്ന അല്ലമാ കണ്ടതു് ഒരു യോഗി ശിവലിംഗത്തിനു മുന്നിൽ സമാധിസ്ഥനായി ഇരിക്കുന്നതാണു്. അയാളുടെ രുദ്രാക്ഷമാലയും തിളങ്ങുന്ന ജടയും മുഖവും കണ്ണുകളും ചെവിയിലെ സർപ്പവളയങ്ങളും അല്ലമായെ വിസ്മയിപ്പിച്ചു. ആ യോഗിയുടെ പേരു് ‘അനിമിഷയ്യാ’ എന്നായിരുന്നു. ഇമകൾ ഇല്ലാത്തവൻ, അഥവാ സദാ കണ്ണു തുറന്നിരിക്കുന്നവൻ എന്നർത്ഥം. യോഗി അല്ലമായ്ക്കു് ഒരു ലിംഗം നൽകി. ഒപ്പം അദ്ദേഹം ജീവൻ വെടിഞ്ഞു. ആ നിമിഷം അല്ലമായ്ക്കു് ബോധോദയമുണ്ടായി, പ്രഭുവിന്റെ പാദങ്ങൾ പിന്തുടരാൻ നിശ്ചയിച്ചു. ഗുഹാമന്ദിരത്തിലെ ഈ അനുഭവമാണു് അല്ലമായിലെ വചനങ്ങളിൽ കാണുന്ന ‘ഗുഹേശ്വരാ’ എന്ന നാമമുദ്രയുടെ പ്രഭവം. ബസവ, അക്ക മഹാദേവി, ചെന്ന ബസവ, സിദ്ധരാമ, മുക്തയക്ക ഇങ്ങിനെ പലരും അല്ലമായെ ഗുരുവായിക്കരുതി. അങ്ങിനെ അക്കയ്ക്കും അണ്ണയ്ക്കുമെല്ലാം മീതേ അദ്ദേഹം ‘പ്രഭു’വായി. അല്ലമായും മറ്റു ഭക്തരുമായുള്ള സംവാദങ്ങൾ ‘ശൂന്യ സമ്പാദനെ’ എന്ന കൃതിയിൽ കാണാം. അല്ലമാ ഉണ്ടായിരുന്നതിനാലാണു് കല്യാണ ശിവശരണരുടെ കേന്ദ്രമായതു്. അല്ലമായുടെ അദ്ധ്യക്ഷതയിൽ അവർ നടത്തിയ ഒത്തുചേരലുകൾ ‘അനുഭവ മണ്ഡപം’ എന്നറിയപ്പെട്ടു.
അല്ലമാ ആചാരങ്ങളെ തീർത്തും വർജ്ജിച്ചു. അവയിൽ ചിലതു ബാക്കി നിർത്തിയവരെ അദ്ദേഹം പരിഹസിച്ചു, ബസവയുടെ ഉദ്യോഗത്തെപ്പോലും വെറുതെ വിട്ടില്ല, അധികാരം നല്ല കാര്യങ്ങൾക്കാണു് ബസവ വിനിയോഗിച്ചിരുന്നതെങ്കിലും. മഹാദേവി നഗ്നയായിട്ടും എന്തിനാണു് മുടി കൊണ്ടു് ദേഹം മറയ്ക്കുന്നതു് എന്നദ്ദേഹം കളിയാക്കി. ‘ഗോരക്ഷ’ (ഇതൊരു പേരാണു്) യെപ്പോലുള്ള സിദ്ധരുടെ ഗൂഢപ്രയോഗങ്ങളേയും അദ്ദേഹം നിരാകരിച്ചു. മന്ത്രസിദ്ധികൾ പോലും അധികാരപ്രയോഗത്തിന്റെ പ്രലോഭനങ്ങളാണെന്നു് അല്ലമാ കരുതി. വജ്രതുല്യമായ ശരീരത്തെക്കുറിച്ചു് അഹങ്കരിച്ചിരുന്ന ഗോരക്ഷയെ അല്ലമാ വെല്ലുവിളിച്ച ഒരു കഥയുണ്ടു്. ഗോരക്ഷയുടെ വാൾ അല്ലമായിൽ ഏശിയില്ല, അതു് ശൂന്യതയിലൂടെ കടന്നു പോകുന്നതായി അയാൾക്കു തോന്നി. അങ്ങിനെ തന്റെ ശക്തമായ ശരീരം അല്ലമായുടെ കേവലാത്മാവിന്നു മുന്നിൽ എത്ര നിസ്സാരമാണെന്നു അയാൾ പഠിച്ചു. അദ്ദേഹം എല്ലാ ചൂഷണത്തെയും വെറുത്തു; മൃഗങ്ങളെയല്ലാ ബലി കൊടുക്കേണ്ടതു് എന്നും മൃഗീയവാസനകളെ ആണെന്നും പഠിപ്പിച്ചു. വാക്കുകളുടെ ചങ്ങലകൾ കൊണ്ടു് മുക്തമായ ആത്മാവിനെ നിർവ്വചിക്കാൻ കഴിയില്ലെന്നു്, യോഗം കൊണ്ടു ശരീരമേ നിർമ്മിക്കാൻ കഴിയൂ, ആത്മാവിനെ പോഷിപ്പിക്കാൻ കഴിയില്ലെന്നു്, ഭയം എന്ന ഇരുമ്പിനെ ദയ എന്ന സ്വർണ്ണമാക്കി പരിവർത്തനം ചെയ്യുന്നതാണു് ശരിയായ അത്ഭുതരാസവിദ്യ—ആൽകെമി—എന്നു്, അദ്ദേഹം പറഞ്ഞു, പരിഹസിച്ചും ആക്രമിച്ചും കവിത ചൊല്ലിയും വാദിച്ചും സ്നേഹിച്ചും അദ്ദേഹം മറ്റു ഭക്തരെ നിർമുക്തരാക്കി. തന്റെ ജീവിതത്തെക്കുറിച്ചു് ഏറെ സൂചനകളൊന്നും അല്ലമായുടെ വചനങ്ങളിലില്ല, പക്വത പ്രാപിച്ച ശേഷമാണു് അദ്ദേഹം അവ രചിച്ചതു്. ആദ്യകാലത്തെ തന്റെ ആത്മസമരങ്ങളുടെ രേഖകൾ അദ്ദേഹം അവശേഷിപ്പിച്ചില്ല, ചിത്രശലഭത്തിനു പുഴുവിന്റെ ഓർമ്മകളില്ലാ എന്നു് അദ്ദേഹം പ്രസ്താവിച്ചു. മറ്റു ശൈവരുടെ വചനങ്ങൾ അധികവും ഭക്തിയുടെ ആദ്യഘട്ടങ്ങളെക്കുറിച്ചാണെങ്കിൽ, അല്ലമായുടെതു് അധികവും സാക്ഷാത്കാരം നേടിയ ശേഷം ഉള്ളവയാണു്. പ്രാരംഭം, ഭക്ത, മഹേശ്വര, പ്രസാദി, പ്രാണലിംഗി, ശരണ, ഐക്യ എന്നിങ്ങിനെ അദ്ദേഹത്തിന്റെ 1321 വചനങ്ങളെ അനുക്രമമായി ബസവരാജു തരം തിരിച്ചിരിക്കുന്നു. ഇതിൽ അഞ്ഞൂറിലേറെ വചനങ്ങൾ ഐക്യം (ലയനം, സാക്ഷാത്കാരം) നേടിയ ശേഷം ഉള്ളതാണു്.
കാലുകൾ, നോക്കുക, ഇരുചക്രങ്ങൾ,
ഭാരം കേറ്റിയ വണ്ടി ശരീരം;
ഓടിക്കുന്നവരായിട്ടഞ്ചാൾ[1]
ഓരോരുത്തരുമോരോ തരമേ.
അറിയണമതിനുടെ വഴികൾ മുഴുവൻ,
അറിയില്ലെങ്കിലതിന്നച്ചാണി
ഒടിയും വഴിയിൽ, തീർച്ച, ഗുഹേശ്വര!
(വചനം 42)
മാവെവിടെ നിന്നൂ,
കുയിലെവിടെ വന്നൂ
അവരെപ്പൊഴെങ്ങിനെ
തോഴരായ് തീർന്നൂ?
അല്ലെങ്കിലെന്തിനു,
-ഞാനെപ്പോഴാവാം
എൻ ഗുഹേശ്വരനോടു
ബന്ധുവായ് ചേർന്നൂ?
(വചനം 59)
ഹൃദയപദ്മത്തിൽ ജനിച്ചോരു തേനീച്ച
ഗഗനത്തെയാകെ വിഴുങ്ങീ
ചിറകിൽ നിന്നുണ്ടായ കാറ്റിൽ ത്രിലോകങ്ങൾ
തല തിരിഞ്ഞങ്ങിനെ തൂങ്ങീ
ഒരു ഹംസമുണ്ടായി പഞ്ചവർണ്ണങ്ങളിൽ
അതിനുടെ കൂടു് തകർന്നൂ,
അതിനൊപ്പം വീണു ആ തേനീച്ചയും താഴെ-
ച്ചിറകു കൊഴിഞ്ഞതാ മണ്ണിൽ[3]
മമ ഗുഹേശ്വര, നിന്റെ ശിഷ്യർക്കിടയിൽ ഞാൻ
പല നാളായ് കഴിയുന്നു, അതിനാൽ
ഇടയായി കാണുവാൻ സത്യം ചരിക്കുന്ന
മധുരമാം വഴികൾ, തന്ത്രങ്ങൾ.
(വചനം, 95)
ഹൃദയങ്ങൾ ഗർഭം ധരിപ്പതു കണ്ടു ഞാൻ
ശിശുവിനെയേറ്റി വീർക്കുന്ന
കരതലം കണ്ടു, കർപ്പൂരത്തിൻ തൂമണം
ചെവികൾ കുടിപ്പതു കണ്ടൂ,
മരതകത്തിന്റെ തിളക്കമോ മൂക്കുകൾ
രുചിയിൽ കഴിപ്പതു കണ്ടൂ[4]
ഇന്ദ്രനീലക്കല്ലിനുള്ളിൽ ത്രിലോകവും
എന്റെ ഗുഹേശ്വരാ, കണ്ടൂ!
(വചനം 101)
മലകൾ മഞ്ഞിനാൽ
വിറയ്ക്കുമെങ്കിൽ നാം
അവയെ എന്തിനാൽ
പുതപ്പിക്കും പ്രഭോ?
ദിഗംബരം ശൂന്യ-
സ്ഥലമെങ്കിൽ നമ്മൾ
അതിനുടുപ്പെന്തു
കൊടുത്തിടും വിഭോ?
പ്രഭുവിൽ വിശ്വസി-
പ്പവരും ലൌകികർ,
അവർക്കുപമയെ-
ന്തഹോ ഗുഹേശ്വരാ?
(വചനം 109)
ഉടലാകെ മന്ദിരമെങ്കിൽ നാമെന്തിനായ്
അലയണം
വേറൊന്നു തേടി?
ഒരുവനും വേണ്ടല്ലോ രണ്ടമ്പലങ്ങൾ, നീ
ശിലയെങ്കിൽ
ഞാനാരു ദേവാ?
(വചനം 213)
മുറുകെപ്പിടിക്കുന്ന കയ്യിന്നു മുകളിൽ
ഇരുളാണു്, കാണുന്ന കണ്ണിന്നു മീതേ
ഇരുളാണു്, ഓർക്കുന്ന ഹൃദയത്തിൻ മീതേ
ഇരുളാണു്, എൻ ഗുഹേശ്വര, മന്ദിരത്തിൽ
ഇരുളാണു്, ഇരുളാണു്, നീ പുറത്തെങ്കിൽ.
(വചനം 219)
തവള ആകാശം വിഴുങ്ങിയപ്പോൾ
കയറി വന്നൂ രാഹു, അപ്പൊഴയ്യാ
കുരുടനാ സർപ്പത്തെക്കയ്ക്കലാക്കി.
അതു കണ്ടു ഞാനും പഠിച്ചു, ലോകം
അറിയാതെയീശ്വരാ ജീവപാഠം.[5]
(വചനം 277)
പൂച്ച വിഴുങ്ങിയ കോഴി കൂവി-
ക്കേട്ടു; കറുത്ത കുയിലു തിന്നു
തീർക്കുന്ന സൂര്യനെക്കണ്ടു നിന്നു
കത്തി അളു,ക്കതിൻ പൂണുനൂലേ
ബാക്കിയായ്; ഭേദിപ്പു പ്രാണലിംഗം
നാട്ടുനടപ്പുകൾ, ഉത്പതിഷ്ണു.[6]
നീരിലെക്കാലടി പിന്തുടരാൻ
ആവതില്ലാർക്കും; ഗുഹേശ്വരന്റെ-
നാദമതുപോലെ, വാക്കതൊന്നും
ദൂരത്തിലല്ല, ചാരത്തുമല്ലാ.
(വചനം 299)
കണ്ണിൽ വീണിടും ഈയിരുട്ടെന്തോ?
ഉള്ളിലുള്ള മരണം, മനസ്സി-
ലുള്ള പോർക്കളം, കാതിൽ പതിക്കും
കൊഞ്ചും കാമം, എൻ കാലടികൾക്കു
നല്ലപോലറിയുന്നൊരീപ്പാത?
(വചനം 316)
വാനിൽ വളർന്നൊരു കാനന,മാ-
ക്കാനനമതിലൊരു നായാടി,
നായാടിക്കോ, കയ്യുകളിൽ
മാനും; മാനതു ചാവോളം
ചാവുകയില്ലാ നായാടി.[7]
ബോധമുദിക്കുക ദുഷ്കരമെ-
ന്നാകാം, അല്ലേ, പറകയ്യാ!
(വചനം 319)
മരത്തിനുള്ളിലെയഗ്നി മരത്തെ
എരിച്ച പോലെയെരിഞ്ഞൂഞാൻ
മരുത്തിൽ വീശും മലരിൻ സൗരഭ-
മെടുത്തു പോയെൻ നാസികയും
മെഴുകിൽ തീർത്തൊരു പാവക്കുട്ടി:
കനലിലതലിഞ്ഞു പോയ് തീർത്തും
മുഴുകി ഗുഹേശ്വരപൂജയി,ലപ്പോൾ
ഉലകെന്റേതല്ലാതായ് പോയീ.
(വചനം 396)
തേനീച്ച വന്നപ്പോൾ കണ്ടു ഞാൻ: പൂക്കൾ തൻ
വാസന പാഞ്ഞു പോകുന്നൂ.[8]
എന്തു ദിവ്യാത്ഭുതം, ഹൃത്തെങ്ങു പോകുന്നു,
പാഞ്ഞകന്നീടുന്നു ബുദ്ധി;
ഈശ്വരൻ വന്ന ഞൊടിയിൽ ഞാൻ കണ്ടു, ഹാ
ക്ഷേത്രവും പാഞ്ഞു പോകുന്നൂ.
(വചനം 429)
പട്ടണത്തിന്നു
പുറത്തൊരു മന്ദിരം:
മന്ദിരത്തിൽ പാർത്തിടുന്നു
സന്ന്യാസിനി.
സന്ന്യാസിനിയുടെ കയ്യിൽ
ഒരു സൂചി,
സൂചിതൻ തുമ്പിൽ
പതിന്നാലു ലോകവും.
എന്റെ ഗുഹേശ്വരാ,
വന്നൊരുറുമ്പിതാ
സന്ന്യാസിനിയെ വിഴുങ്ങുന്നു,
സൂചിയെ,
പിന്നെപ്പതിന്നാലു
ലോകം മുഴുവനും.[9]
(വചനം 431)
ഒരിക്കൽ കാണിക്കയെന്നെ
മിഴിയുടെ കുടലുകൾ
അറുത്തൊരു മനുഷ്യനെ,
ഹൃദയത്തിന്നകക്കാമ്പു
പൊരിച്ചൊരു മനുഷ്യനെ
വചനത്തിൻ പ്രഭവങ്ങൾ
പഠിച്ചൊരു മനുഷ്യനെ[10]
ഗുഹേശ്വരാ, ഗുഹേശ്വരാ!
(വചനം 451)
നിഴലുകളൊക്കെ ഞങ്ങൾ കുഴിച്ചിട്ടുകഴിഞ്ഞെന്നു
കരുതിക്കരുതി ലോകം തളർന്നിരിപ്പൂ
അവയവമെല്ലാമുള്ള മൃഗങ്ങൾക്കു നിഴലുകൾ
മരിക്കുമോ? ഇവിടെ നിന്നലറിയാൽ, ശപിച്ചാലും
മറുകരെ നിൽക്കും കള്ളൻ മരിച്ചു പോമോ?
നരരിവർക്കറിയില്ലാ വികാരത്തിൻ തയ്,പ്പാശിച്ചാ-
ലുടൻ ഗുഹേശ്വരൻ മുന്നിൽ വരുമെന്നുണ്ടോ?
(വചനം 459)
മണ്ണില്ലാത്ത നിലത്തു ജനിച്ചൊരു വൃക്ഷം,[11]
കണ്ടാലും, ഇടിമിന്നൽ നിറമാർ-
ന്നുണ്ടതിൽ മലരുകൾ എട്ടു്;
കൊമ്പിൽ കായ്ക്കും കായ പഴുക്കു-
ന്നുണ്ടേ വേരിൽ തന്നേ.
ഞെട്ടിൽ നിന്നുമടർന്നി-
ട്ടാരും കാണാത്തേടം
വീണൊരു കനി തിന്നവനേ
നിന്നുടെയാൾ, കേവലമവനേ
നിന്നുടെയാൾ, ഗുഹേശ്വരാ!
(വചനം 532)
നഗരത്തിൻ തീയെല്ലാം കാട്ടിലെരിഞ്ഞൂ,[12]
അതു പിന്നെപ്പട്ടണം മുഴുവൻ പടർന്നൂ,
അതു കേൾക്ക, അതു കേൾക്ക, ആളുന്നു നാലു
ദിശയിലും തീയിന്റെ ജ്വാലകൾ നീളെ
മിഴിയിൽ ജ്വലിച്ചുമെരിഞ്ഞും പൊരിഞ്ഞും
ഉടലുകളായിരം അതിലാടീ നടനം:
അവ, ഗുഹേശ്വര, എത്ര മരണം മരിപ്പൂ!
(വചനം 537)
പോയ്പോയ കവികളെൻ
വെപ്പാട്ടി തൻ മക്കൾ
വന്നിടും കവികളെ-
ന്നനുകമ്പ തൻ മക്കൾ
വാനിന്റെ കവികളെൻ
തൊട്ടിലിൻ പൈതങ്ങൾ
വിഷ്ണു, ബ്രഹ്മാവുമെൻ
വംശ, മെന്നനുചരർ
(വചനം 550)
അഗ്നി പെയ്യുമ്പോൾ
ജലമാവുക, മഴ പെയ്കെ[14]
കാറ്റായിയടിക്കുക,
മലവെള്ളത്തിൻ മീതേ
ആകാശമായീടുക,
ലോകങ്ങളൊടുങ്ങുന്നൊ-
രാ മഹാപ്രളയത്തിൽ
ആത്മാവു് വെടിയുക
പ്രഭുവായ് മാറീടുവാൻ
(വചനം 556)
ആരറിവൂ പുല്ലിൻ ജ്വാല
ആരറിവൂ കല്ലിൻ ബീജം,
വെള്ളത്തിൻ നിഴലുകൾ, കാറ്റിൻ,
ഗന്ധം, തീ വാറ്റിയ രസവും
നാവിൽ വെയിലിൻ രുചി, ഉള്ളിൽ
ആളുന്ന വെളിച്ചവു, മീശ്വര,[15]
നിൻ ജനമല്ലാതാരേ?
(വചനം 616)
ഒരാൾ മരിക്കുന്നു,
ഒരാൾ അയാളുടെ ശവമെടുക്കുന്നു,
ഇനിയൊരാൾ ഇരുവരെയും കൊണ്ടുപോയ്
ചിതയിൽ വെയ്ക്കുന്നു
വരനാർ, ആർ വധു
അറിയുന്നില്ലാരും
മരണം വീഴുന്നു
വിവാഹത്തിൻ മീതേ കുറുകെ
തോരണം നിറം കെടും മുൻപേ
മരിച്ചു പോകുന്നു
വരൻ, ഗുഹേശ്വരാ,
മരണമില്ലാത്തോർ
തവ ജനം മാത്രം.
(വചനം 629)
നീരില്ലാത്തോരാട്ടുകല്ലു്
നിഴലില്ലാത്ത കുഴവ,
ഉടലില്ലാത്ത പെണ്ണുങ്ങൾ
അരിയില്ലാത്ത നെല്ലു്,
അവരാട്ടുന്നു, പൊടിക്കുന്നൂ,
പെറാത്ത പെണ്ണിൻ മകനായി-
പ്പാടുന്നൂ, ഒരു താരാട്ടു്.[16]
വിറകൂതുന്നോർക്കടിയിൽ
ഭവാന്റെ കുഞ്ഞു കളിക്കുന്നു.
(വചനം 634)
വാനിന്റെ താരാട്ടു കേട്ടു്
താനേയുറക്കമായ് കാറ്റു്.
ശൂന്യത മെല്ലെ മയങ്ങീ-മുല-
യേകിയനന്തത ചാരെ.
മൌനത്തിൽ വീണിതാ വാനം
താരാട്ടുനിൽക്കെ; വാഴുന്നൂ
താനില്ലയെന്നപോലീശൻ[17]
(വചനം 668)
വെട്ടമിരുട്ടു
വിഴുങ്ങീ,
ഒറ്റയ്ക്ക്
ഞാൻ അകത്തായീ.
കാണുമിരുട്ടു
പൊഴിച്ചൂ
ഞാൻ
നിന്റെയുന്നമായ്ത്തീർന്നൂ:
എന്റെ ഗുഹേശ്വരന്നുന്നം.
(വചനം 675)
ഉറങ്ങു നീ മഹേശ്വരീ
ത്രിലോകനാഥയീശ്വരീ,
കറങ്ങിയൊക്കെയും വലിച്ചെടുത്തു
ശ്വാസമൂറ്റി, മജ്ജയൂറ്റി-
നീ വലിച്ചെറിഞ്ഞിടുന്നിതൊക്കെയും.
നേർക്കുവാനൊരാളുമില്ല-
വൾക്ക,വൾ തൊടുക്കുമമ്പിനാൽ
പൊങ്ങിടുന്നു, വീണിടുന്നു ഹാ, ജനം.
(വചനം 699)
ഓടും നദിക്കു
കാൽ മാത്രം,
ആളുന്ന തിയ്യിന്നു
വായും
വീശുന്ന കാറ്റിനോ
കൈകൾ
എന്നീശ്വരാ, നിൻ ജനത്തി-
ന്നംഗങ്ങളെല്ലാം
പ്രതീകം.
(വചനം 775)
ഉടലിന്റെയുടലതെന്നാരറിഞ്ഞൂ
പ്രാണന്റെ പ്രാണനെന്നാരറിഞ്ഞൂ
അതു വികാരത്തിൻ വികാരമെന്നും?
അതു ദൂരെയെന്നു പ്രതീതമാകെ
അതു ചാരെയെന്നു പ്രകടമാകും
അതു് പുറ,ത്തതകത്തുമെന്നു ചൊല്ലി
അവരിതാ തർക്കിച്ചു വിവശരായി.
(വചനം 802)
ചിലരതു കണ്ടെന്നോതുന്നൂ
അതിനുടെ രൂപ,മതെന്താകാം?
വളയം പോലൊരു പകലോനോ
വളയും താരകഗണമെന്നോ?
താമസമാണു് ഗുഹേശ്വരനെന്നാൽ
തിങ്കൾമലയുടെ നഗരത്തിൽ.
(വചനം 809)
എത്ര തേടിയിട്ടെന്തു,
കാണുന്നില്ലവരതിൻ
നിഴൽ ആ കണ്ണാടിയിൽ.
പുരികക്കൊടികൾ തൻ
നടുവിൽ വൃത്തങ്ങളാ-
യതു കത്തിടുന്നെന്ന-
തറിവോനാരോ, അവ-
ന്നുള്ളതെൻ ഗുഹേശ്വരൻ
(വചനം 836)
ഊട്ടുക പാവങ്ങളെ,
സത്യമോതുക, നീരു
ലഭ്യമാക്കുക ദാഹി-
പ്പോർക്ക്, പട്ടണങ്ങളിൽ
വെട്ടുക കുളങ്ങളും.
അപ്പൊൾ നീ പൂകും സ്വർഗ്ഗം
മരിച്ചാൽ, പക്ഷെയടു-
ത്തെത്തുകയില്ലാ പ്രഭു-
വിന്റെ നേരി,നാ നേരിൻ
തത്വത്തെയറിവോനോ
കിട്ടില്ലാ ഫലമൊന്നും.
(വചനം 959)
വിപിനാഗ്നിയ്ക്കിര കാടു്,
ബഡവാഗ്നിക്കു വെള്ളവും,
ജഠരാഗ്നിയ്ക്കുടൽ, ആളും
മരണാഗ്നിക്കു ലോകവും
നിൻ ജനത്തിന്റെ കോപാഗ്നി-
യ്ക്കെല്ലാ ചീത്ത മനുഷ്യരും-
എങ്കിലും നിന്റെ മായാഗ്നി-
യ്ക്കിര ഞാനല്ലയീശ്വരാ!
(വചനം 966)
നിന്റെ വെളിച്ചവും
തേടി ഞാൻ പോയീ
കണ്ടു ഞാൻ കോടി
സൂര്യന്മാർ തിളക്കും
ഉജ്ജ്വലം, പെട്ടെന്നു-
പൊങ്ങും പ്രഭാതം
മിന്നൽപിണരുകൾ
തന്തുക്കൾ പോലെ
ഒന്നായുയർന്നിടും
വിസ്മയയോഗം.
എൻ ഗുഹേശാ, നീ
പ്രകാശമാണെങ്കിൽ
നിർവ്വചിക്കാനില്ല
രൂപകമൊന്നും.
(വചനം 972)
[1] അഞ്ചാൾ-പഞ്ചേന്ദ്രിയങ്ങൾ.
[2] വസന്തത്തിൽ കുയിൽ വൃക്ഷത്തിൽ എത്തുന്നതു്; അച്ചാറിൽ ഉപ്പും നെല്ലിക്കയും ഒന്നിക്കുന്നതു്.
[3] ഇതു് ഒരു പ്രശ്നകവിത (ബെദഗിനവചന) ആണു്. ചെറുതായിരിക്കെത്തന്നെ വെളിച്ചം മറയ്ക്കുകയും ലോകങ്ങളെ മറിച്ചിടുകയും ചെയ്യുന്ന അജ്ഞാനമാണു് തേനീച്ച; ശരീരത്തിന്റെ നശ്വരത തിരിച്ചറിയുമ്പോഴേ ആ തേനീച്ചയ്ക്കു ശക്തി നഷ്ടപ്പെടുകയുള്ളൂ. അഞ്ചു നിറമുള്ള അരയന്നം ആത്മാവിന്റെ ചിരന്തന പ്രതീകം (കബീർ തുടങ്ങിയ ഭക്തകവികളിലും ഇതു് കാണാം).
[4] മറ്റൊരു പ്രശ്നകവിത. ഹൃദയം ഗർഭം ധരിക്കുന്ന ശിവൻ ആരാധനാസൌകര്യത്തിന്നായി കയ്യിലെ ഇഷ്ടലിംഗമാകുന്നു; കർപ്പൂരം ആത്മബോധം—ഒന്നും ബാക്കി വെയ്ക്കാതെ അതു് കത്തിത്തീരുന്നു; മരതകം നിർവ്വാണം; വജ്രങ്ങൾ പ്രപഞ്ചത്തിന്റെ അർത്ഥങ്ങൾ; ഇന്ദ്രനീലക്കല്ലു് മായ. ഇന്ദ്രിയാനുഭവങ്ങളെ ഇവിടെ ബോധപൂർവ്വം കൂട്ടിക്കുഴയ്ക്കുന്നു (synesthesia).
[5] ആകാശം ആത്മാവു്; തവള പ്രാണകേന്ദ്രമായ ബ്രഹ്മരന്ധ്രം; രാഹു, യോഗത്താൽ ജാഗ്രത്താകുന്ന ശരീരചക്രങ്ങളിൽ കൂടി വളഞ്ഞു പുളഞ്ഞു സഞ്ചരിക്കുന്ന സർപ്പം. ഈ വചനം ഭക്തി-യോഗം-തന്ത്രം: ഇവയുടെ ബന്ധം സൂചിപ്പിക്കുന്നു. യോഗം, തന്ത്രം ഇവയുടെ ആനന്ദതന്ത്രങ്ങൾ എടുത്തു പറയുമ്പോഴും കവി ഒടുവിൽ ഭക്തിയെ, അഥവാ, അനുഗ്രഹത്തെ, തിരഞ്ഞെടുക്കുന്നു കണ്ണില്ലാതെ—വിദ്യകൾ അറിയാതെ—തന്നെ രാഹുവിനെ കണ്ടു പിടികൂടുന്ന ഭക്തനാണു് കുരുടൻ.
[6] പൂച്ച-പരമജ്ഞാനം, കോഴി-ലൌകികജ്ഞാനം, പരമ ജ്ഞാനം നേടുമ്പോൾ ലൌകികജ്ഞാനം ‘ജീവിതത്തിലേക്കു് മരിക്കുന്നു’. കരിങ്കുയിൽ ക്രിയാശക്തിയാണു്; സൂര്യൻ പ്രതിനിധാനം ചെയ്യുന്ന വെളിപ്പെട്ട അറിവിനെ അതു് ഉപാധിയാക്കുന്നു, അളുക്കു് (മനസ്സു്) ഉപേക്ഷിക്കപ്പെടുന്നു; പൂണുനൂൽ (അനുഭൂതി) മാത്രം ബാക്കിയാകുന്നു. നീരിലെ കാലടി (ബോധോദയം വരുന്ന വഴി) പിന്തുടരാൻ ആർക്കുമാവില്ല; ദൈവാനുഭവം (ഗുഹേശ്വരശബ്ദം) അവിഭാജ്യമാണു്, അതിനെ സ്ഥാനപ്പെടുത്താൻ കഴിയില്ല.
[7] ആത്മാവു് (വാനം), കാനനം (ബോധശൂന്യത), തൃഷ്ണ (നായാടി) ജീവിതത്തെ (മാൻ) വേട്ടയാടുന്നു; ജീവിതം അവസാനിക്കും വരെ തൃഷ്ണയും ഒടുങ്ങുന്നില്ല.
[8] ‘വാസന’ മുജ്ജന്മസൌരഭം; തേനീച്ച ഇവിടെ പൂർണ്ണമായ ബ്രഹ്മജ്ഞാനമാണു്; ബുദ്ധിയും ഹൃദയവും ഈ വചനത്തിൽ വേർപെടുന്നു; ക്ഷേത്രം ശരീരം തന്നെ.
[9] പട്ടണം-പരിമിതികളുള്ള ശരീരം; ക്ഷേത്രം-ആഭ്യന്തരമായ സാന്നിദ്ധ്യം അഥവാ ചിത്-പിണ്ഡം; സന്യാസിനി-ജ്ഞാനശക്തി; അവളുടെ സൂചി-മനസ്സു്; അതിന്മേലാണു് പതിന്നാലു ലോകങ്ങളുടെ നിൽപ്പു്. മഹാബോധോദയത്തിന്റെ ഉറുമ്പു് ഈ വ്യവച്ഛേദങ്ങളെയെല്ലാം വിഴുങ്ങുന്നു.
[10] ഭക്തൻ പരിശീലിക്കേണ്ട അച്ചടക്കം: കാഴ്ച്ചയുടെ മായയെ കീഴ്പ്പെടുത്തുക, ഹൃദയത്തിന്റെ ഇച്ഛയെയും ആത്മസംശയതെയും കത്തിച്ചു കളയുക, ഭാഷയുടെ, ആദിയിലെ വചനത്തിന്റെ, സ്രോതസു് അറിയുക.
[11] ഭൌതിക പ്രകൃതിയെ (മണ്ണില്ലാത്ത നിലം) കീഴ്പ്പെടുത്തുമ്പോഴേ ബോധത്തിന്റെ വൃക്ഷം വളരൂ അതു് എട്ടു തരം പൂക്കൾ (സൂക്ഷ്മ ശരീരങ്ങൾ) നൽകുന്നു, ശാഖകളിൽ (ധാർമ്മികജീവിതം) അതു് ഫലം വിരിയിക്കുന്നു; ഒടുവിൽ വേരിൽ (മൌലികജ്ഞാനം) എത്തുന്നു.
[12] പ്രകൃതിദത്തമായ ശരീരം (നഗരം) പഞ്ചഭൂതനിർമ്മിതമാണു്; അതിലുയരുന്ന പരമജ്ഞാനം ലൌകിക ജീവിതത്തിന്റെ കാടു് എരിച്ചു കളയുന്നു; ഒടുവിൽ ഈ തീ ശരീരത്തെയും വിഴുങ്ങാനായി തിരിച്ചു വരുന്നു.
[13] ഭക്തൻ ഭൂത-വർത്തമാന-ഭാവികളെ കീഴ്പ്പെടുത്തുന്നു. അവന്നു ബ്രഹ്മാവും വിഷ്ണുവും അനുചരർ മാത്രം. ശിവബോധത്തിൽ നിന്നാണു് ചിച്ഛക്തി ജനിക്കുന്നതു്. അതിനെ വേട്ട് ഭക്തൻ ശിവന്റെ മരുമകനാവുന്നു.
[14] സൃഷ്ടിചക്രത്തിലെ നാലു യുഗാവസാനങ്ങളുടെ-പ്രളയങ്ങളുടെ-സൂചന.
[15] ദൈവത്തിന്റെ ആന്തരികസാന്നിദ്ധ്യതിന്റെ പ്രതീകങ്ങൾ: മരത്തിലും പുല്ലിലും ഒളിച്ചിരിക്കുന്ന തീ; ശില പോലുള്ള നിർവ്വികാരതയിൽ ആത്മത്തിന്റെ വിത്തുകൾ; നിഴലുകൾ ചഞ്ചല മനസ്സിന്റെ മിഥ്യകൾ, കാറ്റിന്റെ വാസന മുജ്ജന്മങ്ങൾ; ലൌകിക തൃഷ്ണയുടെ രസം ശരീരതാപത്തിലുണ്ടു്; ആഗ്രഹത്തിന്റെ നാവു ബോധത്തിന്റെ വെയിൽ രുചിക്കണം.
[16] നീരില്ലാത്ത ആട്ടുകല്ലു്-ഇച്ഛാരഹിതമായ ശരീരം; നിഴലില്ലാത്ത കുഴവ-ബ്രഹ്മൈകജ്ഞാനം; ഉടലില്ലാത്ത പെണ്ണുങ്ങൾ-ഷഡ്ശക്തികൾ, അരിയില്ലാത്ത നെല്ലു്-പൊടിച്ചു ശുദ്ധമാക്കുന്ന സത്യം; പെറാത്ത പെണ്ണിൻ മകൻ-അജന്മിയും അനാദിയും അനന്തവുമായ ബ്രഹ്മം.
[17] ബോധോദയത്തിന്റെ അന്ത്യഘട്ടങ്ങൾ. കാറ്റു്–ഭക്തന്റെ പ്രാണൻ; ആകാശം-ആത്മാവു്; താരാട്ടുകൾ-‘ശിവോഹം, ശിവോഹം’ എന്ന ജപം.
കലിഗ്രഫി: എൻ. ഭട്ടതിരി