മൺകല്ലുകൾ കൊണ്ടു് കെട്ടിപ്പൊക്കിയ ഒരു ചെറിയ കലുങ്കായിരുന്നു, അതു്. ഇരുൾ മൂടിയതുകൊണ്ടു് ചെങ്കല്ലിന്റെ നിറം വ്യക്തമായിരുന്നില്ല. മുകളിൽ മരച്ചില്ല പോലൊന്നിൽ തൂങ്ങിയാടുന്നതു് ഒരു സ്ത്രീ ശരീരമാണെന്നു് ഇരുട്ടിലും എനിക്കു് മനസ്സിലായി. സത്യത്തിൽ അതു മാത്രമാണു് നിഴൽ പോലെ കാണാൻ പറ്റിയിരുന്നതു്. ഓരോ ആട്ടത്തിലും കഴുത്തു് നേർത്തു നേർത്തു് വന്നു് കയർ കഴുത്തിനുള്ളിലെ ഏക ബിന്ദുവിൽ വന്നു നിന്നു. അടുത്ത ആട്ടത്തിൽ ശരീരവും തലയും രണ്ടിടത്തു് ആവുമെന്നും അതു് പാടില്ലെന്നും എന്റെ ഉള്ളിൽ ആരോ പറഞ്ഞു കൊണ്ടിരുന്നു.
ആ നിമിഷത്തിൽ തന്നെയായിരിക്കണം ഉണർന്നതു്. അല്ലെങ്കിൽ ഉണർന്നു എന്നു് തോന്നിയതു്. തിരിഞ്ഞും മറിഞ്ഞും കുറച്ചു നേരം കിടന്നു. പുറത്തു നിന്നു് ഒരു കിലുക്കം കേട്ടതു കൊണ്ടാണു് എഴുന്നേറ്റു കളയാം എന്നു വെച്ചതു്. നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. കിലുക്കം അടുത്തെവിടെ നിന്നോ ആണെന്നു് തോന്നി. ഞാൻ ജനാലയുടെ കർട്ടൻ വകഞ്ഞു കൊണ്ടു് പുറത്തേക്കു് നോക്കി. ഇപ്പോൾ ശബ്ദം ചുവരിനുള്ളിൽ നിന്നു് വരുന്നതു് പോലെയാണു്. ആരോ ചുവരിലൂടെ ഊർന്നിറങ്ങി കൊലുസിന്റെ ശബ്ദത്തോടെ താഴേക്കു് ചാടുന്നു. പെട്ടെന്നു് എന്തോ ഭയം തോന്നിയെങ്കിലും അടുത്ത നിമിഷത്തിൽ അതു വക വെക്കാതെ ഞാൻ ജനലിലൂടെ പുറത്തേക്കു് നോക്കി.
കന്നി!
അവൾ പാവാടയിൽ എന്തോ നിറച്ചു് വെച്ചതു് കൈ കൊണ്ടു് താങ്ങി പിടിച്ചു് പതിയെ നടന്നു മറഞ്ഞു. കിലുക്കം അകന്നു പോയി.

ഇതു് എത്രാമത്തെ തവണയാണു് കന്നിയെ സ്വപ്നം കാണുന്നതു്! ചിലപ്പോൾ സ്വപ്നം കഴിഞ്ഞിട്ടും ഒരു തുടർച്ചയെന്നവണ്ണം ഞാൻ മറ്റെന്തൊക്കെയൊ കാണുന്നു, പാതി ഉണർവിലും. എന്റെ സങ്കല്പത്തിലെ തസ്ക്കരൻമാർക്കു് സ്ത്രീയുടെ, കന്നിയുടെ ഛായയായിരുന്നു. ഏതു ചുവരിലൂടെയും കയറിയിറങ്ങാൻ കഴിയുന്ന കൊലുസിട്ട ഒരു തമിഴ് പെൺകുട്ടിയുടെ ഛായ. ഞാൻ അവളെ പല തവണ സ്വപ്നം കണ്ടു് ഞെട്ടിയെഴുന്നേറ്റു.
ജോലി ആവശ്യത്തിനായി ചെന്നൈയിലെ ഓഫീസ് ഗസ്റ്റ് ഹൗസിൽ ഒരാഴ്ച താമസിച്ച കാലത്തു് ബാംഗ്ലൂരിലെ അപാർട്മെന്റിന്റെ പുറത്തെ ചുവരിൽ മണ്ണു പുരണ്ട കാലടയാളങ്ങൾ സ്വപ്നം കണ്ടിരുന്നു. ആ രാത്രിയിലെ സ്വപ്നത്തിലാണു് അലമാരയിൽ അടുക്കി വെച്ച എന്റെ അടിയുടുപ്പുകളിൽ ഒന്നൊഴികെ എല്ലാം കവർച്ച പോയിരിക്കുന്നു എന്നു് കണ്ടതു്. എന്നിട്ടു് നഷ്ടപ്പെട്ടുപോയവയുടെ നിറങ്ങൾ ഓർത്തെടുക്കാനാവാതെ രാത്രിയുടെ മധ്യത്തിലെപ്പൊഴൊ എഴുന്നേറ്റു് ലാപ്ടോപ്പ് തുറന്നു് ഓഫീസ് ജോലികൾ പൂർത്തിയാക്കിയതു്. പിന്നീടു് അതേ ഇരുപ്പിൽ ബാക്കി ഉറക്കം പൂർത്തിയാക്കിയതു്. സ്ഥാനം തെറ്റി വെച്ച ചായപ്പൊടി ഡബ്ബ കണ്ടു പിടിക്കാൻ പറ്റാതെ രാവിലെ വീട്ടിൽ നിന്നു ഭർത്താവു വിളിച്ചപ്പോൾ ഞാൻ സ്വപ്നകഥ വിവരിച്ചു കൊണ്ടു് പറഞ്ഞു.
“നമ്മൾ അന്നു നോക്കി വെച്ച പൂട്ടുള്ള ഗോദറെജ് അലമാര വാങ്ങിക്കണം, വില അല്പം കൂടുതലാണെങ്കിലും. അല്ലെങ്കിൽ ഒരു ചെറിയ ലോക്കർ”
“എന്തിനു്, അടിയുടുപ്പുകൾ പൂട്ടി വെക്കാനോ!” ഫോണിന്റെ മറുതലയ്ക്കൽ അദ്ദേഹം പൊട്ടിച്ചിരിച്ചു.
കന്നി എന്റെ കുഞ്ഞുടുപ്പുകളാണു് ആദ്യം മോഷ്ടിച്ചതു്. ലക്ഷ്മി മാമിയുടെ വീടിന്റെ ചുവരുകളിലാണു് അവളുടെ കാല്പാദങ്ങൾ ഞാൻ ആദ്യം കണ്ടതു്. പിന്നീടു് സ്വപ്നങ്ങളിൽ അവ എന്നെ പിന്തുടർന്നു. മണ്ണു പുരണ്ട പാദങ്ങൾ ചുവരിലൂടെ ഊർന്നിറങ്ങി. ലക്ഷ്മി മാമിയും കുടുംബവും എന്റെ ബാല്യകാലത്തെ അയല്പക്കമായിരുന്നു. കന്നി എന്ന തമിഴ് പെൺകുട്ടി മറ്റൊരു അയല്പക്കത്തെ പണിക്കാരിയും. അവൾ എങ്ങിനെ ഇവിടെ വന്നു പെട്ടു എന്നതു് എനിക്കു് ഓർമ്മയില്ലാത്ത കാര്യമാണു്. പശുവിനു് കാടി കൊടുക്കാൻ അയൽ വീടുകളിൽ നിന്നു് കഞ്ഞി വെള്ളം എടുക്കാൻ ഉച്ച കഴിഞ്ഞ സമയത്തു് കന്നി വരും. വീട്ടുകാർ വടക്കെ അറയിൽ പായ വിരിച്ചു് ഒന്നു് മയങ്ങുന്ന സമയം. തുറന്നിട്ട വാതിലുകളിലൂടെ കാറ്റു് പരക്കം പായുന്ന ശബ്ദം കേൾക്കാം. എങ്കിലും കന്നി വന്നു് കഞ്ഞി കൊണ്ടു പോവുന്ന ശബ്ദം ആരും കേട്ടിരിക്കില്ല. അത്ര നിശ്ശബ്ദമായാണു് അവൾ വന്നു പോവാറുള്ളതു്. എങ്കിലും ഞാൻ സ്വപ്നത്തിൽ ഒരു കൊലുസിന്റെ ശബ്ദം കേട്ടിരുന്നു. ഉടുപ്പുകൾ കാണാതാവുന്നതു് ആദ്യമൊന്നും അമ്മ ശ്രദ്ധിച്ചിരുന്നില്ല. ലക്ഷ്മി മാമിയും കുടുംബവും ഗുരുവായൂർ താമസിച്ചു തൊഴാൻ പോയ ഒരു രാത്രി കഴിഞ്ഞുള്ള പകൽ സമയത്താണു് അവരുടെ വീട്ടിൽ നിന്നും നിലവിളി ഉയർന്നതു്. കരച്ചിൽ കേട്ടു് ഓടിക്കൂടിയ അയൽക്കാരിൽ ഞാനും ഉണ്ടായിരുന്നു. ഓടുകൾ ഇളക്കി മാറ്റിയ നിലയിൽ ചുവരിലൂടെ ഒരു കയർ തൂങ്ങിക്കിടന്നു. ചുവരിൽ മണ്ണു പുരണ്ട പാദമുദ്രകൾ.

“എല്ലാം പോയാച്ചു് അമ്മാ!” ലക്ഷ്മി മാമിയുടെ മകൾ ചിപ്പി, മാമിയെ കെട്ടിപ്പിടിച്ചു് കരഞ്ഞു. അവൾ എന്റെ കളിക്കൂട്ടുകാരി കൂടെയാണു്. അവളുടെ പാവക്കുട്ടികളും കുപ്പായങ്ങളും അടുക്കളയിൽ നിന്നു് കുറേ മധുര പലഹാരങ്ങളും അന്നു് കളവു പോയിരുന്നു. ഇതിനു മുൻപു് പല തവണ കൊള്ളയടിക്കപ്പെട്ടിട്ടുള്ള അവരുടെ വീട്ടിൽ ഇത്തരമൊന്നു് അസാധാരണമായിരുന്നു. ആ കവർച്ചയുടെ അന്വേഷണം ചെന്നു നിന്നതു് കന്നിയുടെ താവളത്തിലായിരുന്നു. പുറത്തെ അയയിൽ വിരിച്ചിട്ടതിനു ശേഷം എവിടെ നഷ്ടപ്പെട്ടുവെന്നു് അറിയാതിരുന്ന എന്റെ കുഞ്ഞുടുപ്പുകളും അതു പോലെ നഷ്ടപ്പെടുകയും ആരും ശ്രദ്ധിക്കാതിരിക്കുകയും ചെയ്ത മറ്റനേകം സാധനങ്ങളും അവളുടെ താവളത്തിൽ നിന്നും കണ്ടെടുക്കപ്പെട്ടു. പിന്നീടു് കന്നിക്കു് എന്തു് സംഭവിച്ചു എന്നതു് എന്റെ ഓർമ്മയിൽ ഇല്ല. എങ്കിലും, ഇടയ്ക്കു് ഒരു കിലുക്കത്തോടെ അവൾ എന്റെ സ്വപ്നങ്ങളിൽ ഊർന്നിറങ്ങി.
പെയിന്റ് പണിക്കാരൻ ചന്ദ്രപ്പയുടെ കൂടെ ഒരു കിലുക്കവും കൂടെ വന്നപ്പോൾ ഞാൻ കന്നിയെ വീണ്ടും ഓർത്തു. അപാർട്മെന്റ് പെയിന്റ് ചെയ്യാൻ ഞങ്ങൾ അയാൾക്കു് കോൺട്രാക്റ്റ് കൊടുത്തിരുന്നു. പെയിന്റ് വീണ നിലം വൃത്തിയാക്കാൻ അയാൾ ഒരു പെണ്ണിനെയും കൊണ്ടു വന്നതാണു്. പേരു്, മല്ലിക. കൈയ്യിൽ പല വർണ്ണ കുപ്പിവളകളും കാലിൽ വീതി കുറഞ്ഞ കൊലുസും ധരിച്ച ഒരു ടിപ്പിക്കൽ തമിഴ് പെണ്ണു്. പതിനാറു—പതിനെട്ടു വയസു കാണണം. കുനിഞ്ഞിരുന്നു് നിലം തുടക്കുന്നതിനിടയിൽ അവൾ പറഞ്ഞു:
“അപ്പാ കന്നഡിഗാ, അമ്മ തമിൾ, അണ്ണാ കോളേജ് പഠിക്കറുതു്”
ചന്ദ്രപ്പയുടെ മകൾ ആണെന്നു് അപ്പോഴാണു് മനസിലായതു്.
“നീ എന്താ സ്ക്കൂൾ പോവാഞ്ഞതു്?”
“രണ്ടു പസങ്ങളെ പഠിക്ക വെക്കറുതു് അപ്പാക്കു് മുടിയാതു്. അവരു നല്ലാ പാക്കറുതു്. അതുക്കു് നാൻ അപ്പാവെ ഹെൽപ്പ് പണ്ണറുതു്” അവൾ അഭിമാനത്തോടെ പറഞ്ഞു.
പെൺകുട്ടിയെ സ്കൂളിൽ വിടാത്തതിനു് എനിക്കു് ചന്ദ്രപ്പയോടു് ദേഷ്യം തോന്നി.
പെയിന്റ് പണിയുടെ ബാക്കി നിന്നിരുന്ന പൈസ വാങ്ങാൻ എത്തിയപ്പോൾ ഞാൻ ചന്ദ്രപ്പയോടു് ചോദിച്ചു.
“നിങ്ങൾക്കു് എത്ര മക്കളാണു്?”
“എനിക്കു് ഒന്നേയുള്ളൂ. അവൻ കോളേജിൽ പോവുന്നു. ഇവളെ വളർത്തുന്നതാ! ഇവളുടെ അപ്പനും അമ്മയും ഒക്കെ മരിച്ചു പോയി!”
വളർത്തുന്നതോ! വളർത്താൻ ഇവളെന്താ പൂച്ചയോ പട്ടിയോ ആണോ എന്നു് ചോദിക്കണമെന്നുണ്ടായിരുന്നു. ആളുകളെ മുഷിപ്പിക്കാൻ എനിക്കു മടിയാണു്. അതു കൊണ്ടു് വേറൊന്നു് ചോദിച്ചു.
“ഇവളെയെന്താ സ്ക്കൂളിൽ വിടാത്തതു്?”
ചന്ദ്രപ്പ അവളുടെ മുഖത്തു നോക്കി കളിയാക്കാൻ തുടങ്ങി.

“ഇവളോ, ഇവൾ എന്തിനാ സ്ക്കൂളിൽ പോവുന്നതു് എന്നറിയാമോ? ഡാൻസ് ചെയ്യാൻ! ഏഴാം ക്ലാസ്സ് തോറ്റു. ഇവർക്കൊക്കെ എന്തറിയാം ജീവിതം! മാഡം, ടി. വി.-യിലൊക്കെ കാണുന്നതാണു് ജീവിതം എന്നാ ഇവൾ വിചാരിച്ചു വെച്ചിരിക്കുന്നതു്!”
അവളുടെ മുഖം വീർത്തു. അവൾ അയാളോടു് കയർത്തു.
സീൻ അവസാനിപ്പിക്കാമെന്നു് വെച്ചു് ഞാൻ വേഗം ചന്ദ്രപ്പക്കു് പൈസ എടുത്തു കൊടുത്തു. അയാൾ സന്തോഷവാനായി.
“പൈസ കിട്ടിയ കാര്യം നീ പോയി അമ്മയോടു് വിളമ്പണ്ട” അയാൾ മകളെ നോക്കി താക്കീതു് ചെയ്തു.
അവൾ അതു പോലെ തന്നെ മുഖം വീർപ്പിച്ചു നിന്നു.
പെയിന്റ് ഡബ്ബകൾ കഴുകുന്നതിനിടയിൽ അവൾ പറഞ്ഞു.
“അപ്പാ പൈസ എല്ലാം ബാറിൽ കൊടുത്തു മുടിച്ചിരുക്കു്. വേറെ പൊണ്ടാട്ടികൾക്കും കൊടുക്കറുതു്”
“വേറെ പൊണ്ടാട്ടിയോ?”
“ആമാ അക്കാ. മൂന്നു പേർ ഇരുക്കു്”
അവൾ പല കഥകളും പറഞ്ഞു് കൈകളും കാലുകളും ഉരച്ചു് കഴുകി പണി മുഴുവനാക്കി. ബാക്കിയുള്ള പെയിന്റ് ഡബ്ബകളും തൂക്കി അവൾ ഒരു കിലുക്കത്തോടെ നടന്നു പോയി. പിന്നീടു് മല്ലികയെ ഞാൻ കണ്ടിട്ടില്ല. ചന്ദ്രപ്പ അപാർട്മെന്റിലെ പല വീടുകളിലും പെയിന്റ് പണിക്കു് വന്നിരുന്നു. പൈസ കിട്ടുന്ന ദിവസങ്ങളിൽ മദ്യപിച്ചു് ലക്കു് കെട്ടുറങ്ങി, പിറ്റേന്നു് അയാൾ ജോലിക്കു വന്നിരുന്നില്ല. ഇതേ ചൊല്ലി പലരും പരാതിപ്പെട്ടു കൊണ്ടിരുന്നു.
ഒരിക്കൽ അപാർട്മെന്റ് അസോസിയേഷൻ അയാൾക്കു് വേണ്ടി പണപ്പിരിവു നടത്തിയപ്പോഴാണു് അയാളുടെ ഭാര്യ മരിച്ച വിവരം ഞാൻ അറിഞ്ഞതു്.
“She hanged herself. What a tragedy!” ഗൂഗ്ൾ പേയിൽ പൈസ അയക്കാൻ നിർദ്ദേശിച്ചു കൊണ്ടു് അസോസിയേഷൻ സെക്രട്ടറി മെസേജ് ചെയ്തു.
“നിനക്കറിയില്ലേ, അയാളുടെ ഭാര്യയെ! കന്നി! പെയിന്റ് പണിക്കു് അയാളെ സഹായിക്കാൻ കൂടെ വരാറുണ്ടു്. നല്ലൊരു പണിക്കാരി. അവൾ തൂങ്ങി മരിക്കാൻ സാധ്യതയില്ല. അയാൾ ചവിട്ടിക്കൊന്നതാവും”—പിന്നീടെന്നോ ഒരു സായാഹ്ന നടത്തത്തിനിടയിൽ കൂടെയുണ്ടായിരുന്ന സ്ത്രീകൾ ഏറെ ലാഘവത്തോടെ പറഞ്ഞു.

തൃശ്ശൂർ ജില്ലയിലെ പോട്ടോർ സ്വദേശി. ബാംഗ്ലൂരിൽ താമസം. ഏയറോസ്പേയ്സ് എഞ്ചിനീറിംഗ് മേഖലയിൽ പ്രവർത്തിക്കുന്നു.
ഇന്ത്യൻ എക്സപ്രസ് മലയാളം, മനോരമ ഓൺലൈൻ, ട്രൂ കോപ്പി തിങ്ക്, സിഡ്നി മലയാളം ലൈവ് തുടങ്ങിയ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ ലേഖനം, കഥ, കവിത തുടങ്ങിയവ എഴുതിയിട്ടുണ്ടു്.
ചിത്രീകരണം: വി. പി. സുനിൽകുമാർ