തിക്കോടിയന്റെ എല്ലാ കൃതികളും സ്വതന്ത്ര ഡിജിറ്റൽ പ്രസാധനത്തിനു സമർപ്പിച്ച മകൾ പുഷ്പകുമാരിക്കു് 2022 ആഗസ്റ്റ് 13-ാം തിയതി, ശനിയാഴ്ച കോഴിക്കോടു വെച്ച് പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ ഇ. പി. ഉണ്ണി ആദ്യ സായാഹ്ന പ്രൈസ് സമർപ്പിക്കുന്നു.
‘അച്ഛന്റെ എല്ലാ കൃതികളും ആളുകൾ വായിക്കട്ടെ’ എന്ന ചിന്തയോടെ സ്വതന്ത്രപ്രസാധനത്തിനു വഴിയൊരുക്കിയ പുഷ്പകുമാരിക്കും കുടുംബത്തിനും ഈ വർഷത്തെ സായാഹ്ന പ്രൈസ് സമ്മാനിക്കാൻ സായാഹ്ന ഫൗണ്ടേഷൻ തീരുമാനിച്ചിരിക്കുന്നു. ദശാബ്ദങ്ങളോളം കോഴിക്കോടിന്റെ സാംസ്കാരിക-സാമൂഹ്യ രംഗത്തെ സജീവ പ്രവർത്തകനായിരുന്ന തിക്കോടിയനുള്ള മരണാനന്തര ബഹുമതിയാണ് ഈ പുരസ്കാരം. ഇന്ത്യൻ എക്സ്പ്രസ്സിന്റെ ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ഇ. പി. ഉണ്ണി തിക്കോടിയന്റെ വീട്ടിലെത്തിയാണ് പുരസ്കാരം നല്കുന്നതു്. അഞ്ചു ലക്ഷം രൂപയും പ്രശസ്ത ചിത്രകാരൻ കെ. എം. മധുസൂദനൻ രൂപകല്പന ചെയ്ത ഫലകവുമടങ്ങിയതാണ് സായാഹ്ന പ്രൈസ്.
ആഘോഷങ്ങളില്ലാതെയാണു് ഈ ചടങ്ങ് സംഘടിപ്പിക്കുന്നതു്. ലളിത ജീവിതം എന്ന തത്ത്വം കർശനമായി പാലിച്ചിരുന്ന തിക്കോടിയൻ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കുന്ന കാര്യത്തിൽ പോലും അതിയായ വിയോജിപ്പു് രേഖപ്പെടുത്തിയിരുന്നു. അതു പാലിക്കുന്നതിൽ മകളും സുഹൃത്തുക്കളും നിഷ്കർഷ പുലർത്തുകയും ചെയ്തു. അക്കാര്യംകൂടി കണക്കിലെടുത്താണു് ഈ ചടങ്ങ് ലളിതമാക്കുന്നതു്.
വി. ആർ. നായനാരുടെ നേതൃത്വത്തിൽ ദേവധാർ മലബാർ പുനരുദ്ധാരണ സംഘത്തിലെ സന്നദ്ധപ്രവർത്തനം മുതൽ 1993-ൽ പാലിയേറ്റീവ് കെയർ പ്രസ്ഥാനത്തിലെ സ്ഥാപക അംഗത്വം വരെ സാമൂഹ്യപ്രവർത്തനത്തിന്റെ ശ്രേഷ്ഠപാരമ്പര്യമുള്ള ആളായിരുന്നു തിക്കോടിയൻ. തന്റെ ജീവിതം കൊണ്ട് സമൂഹത്തിനു മേന്മ വരണമെന്ന ആത്മാർത്ഥമായി ആഗ്രഹിച്ച, നർമ്മവും ലാളിത്യവും ജീവിതചര്യയാക്കിയ തിക്കോടിയന്റെ കൃതികൾ വിദ്യാർത്ഥികൾക്കും ബഹുജനങ്ങൾക്കും സ്വതന്ത്രവായനക്കായി ഒരുക്കുന്നതിൽ സായാഹ്ന ഫൗണ്ടേഷനു് അതിയായ ചാരിതാർത്ഥ്യമുണ്ട്.
ഒരു ദശാബ്ദത്തോളം മലയാളഭാഷാസാങ്കേതികതയെ ലോക നിലവാരത്തിലേക്കെത്തിക്കാൻ നിരന്തരം പ്രയത്നിക്കുന്ന നോട്ട് ഫോർ പ്രോഫിറ്റ് കമ്പനിയാണ് സായാഹ്ന ഫൗണ്ടേഷൻ. ലാടെക് എന്ന സ്വതന്ത്ര സോഫ്റ്റ് വെയർ നിരന്തരം പുതുക്കിയും കൂട്ടിച്ചേർത്തലുകൾ നടത്തിയുമാണ് പുസ്തകങ്ങൾ സായാഹ്ന രൂപകല്പന ചെയ്യുന്നതു്. സമഗ്രമലയാള ലിപിയിൽ മൊബൈൽ ഫോണുകളിൽ പോലും സുഖമായി വായിക്കാൻ പര്യാപ്തമായ പുസ്തകങ്ങളാണു് അവ. എക്സ് എം എൽ സങ്കേതമുപയോഗിച്ച് ഡാറ്റ സംരക്ഷിക്കപ്പെടുന്നതിനാൽ ഈ പുസ്തകങ്ങൾക്ക് കമ്പ്യൂട്ടറുകളുള്ള കാലത്തോളം ആയുസ്സുണ്ടാവുന്നു.
ശബ്ദതാരാവലിയുടെ രണ്ടാം പതിപ്പ്, ഉള്ളൂരിന്റെ സാഹിത്യചരിത്രം, പാവങ്ങൾ (നാലപ്പാട്ടു നാരായണമേനോന്റെ പരിഭാഷ), കെ. ദാമോദരന്റെ സമ്പൂർണ്ണകൃതികൾ, എ. ആർ. രാജരാജവർമ്മ, സി. ജെ. തോമസ്, കേസരി ബാലകൃഷ്ണപിള്ള എന്നിവരുടെ മിക്കവാറും കൃതികൾ, സി. വി. രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മ, രാമരാജാബഹദൂർ, ആർ. നാരായണപ്പണിക്കരുടെ സാഹിത്യചരിത്രം, എം. കൃഷ്ണൻ നായരുടെ സാഹിത്യവാരഫലം, തുടങ്ങി അനേകം കൃതികൾ സായാഹ്ന ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയൊക്കെ books.sayahna.org എന്ന സൈറ്റിൽ ലഭ്യമാണു്. ഇനിയും പതിനായിരക്കണക്കിനു പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യേണ്ടതുണ്ട്.
സായാഹ്നയുടെ പ്രവർത്തനങ്ങൾ അധികവും സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടെയാണു് നടപ്പിലാവുന്നതു്. ഇനിയും മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ പേരുടെ സഹകരണം പ്രതീക്ഷിക്കുന്നു.