images/Carl_Weber_Landscape.jpg
Landscape, a painting by Carl Weber (1850–1921).
ആഖ്യാനവും നോവലിന്റെ കലയും
ഷാജി ജേക്കബ്
ഒന്നു്
images/MHAbrams.png
അബ്രാംസ്

‘ആഖ്യാന (Narrative) മാണു് നോവൽ’ എന്ന സമവാക്യത്തിലേക്കു പരിണമിച്ചെത്തുന്ന ഒരു സൗന്ദര്യശാസ്ത്രചരിത്രം കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികം കാലംകൊണ്ടു് നോവലിന്റെ കലാചിന്തയ്ക്കു കൈവരുന്നുണ്ടു്. ‘An ordered sequential account of events or records of events; the form, pattern or structure by which stories are constructed and told’ എന്നു് സാഹിത്യ സംജ്ഞാകോശങ്ങൾ (അബ്രാംസ് മുതൽ വില്യംസ് വരെ) ‘ആഖ്യാന’ത്തിനു നൽകുന്ന ഹ്രസ്വനിർവചനം പ്രത്യക്ഷത്തിൽ കഥപറച്ചിലിന്റെ രീതി എന്നതുമാത്രമായി നോവലിന്റെ ആഖ്യാനത്തെ കാണാൻ പലരെയും പ്രേരിപ്പിക്കുന്നുണ്ടെങ്കിലും സംഗതികൾ അത്ര സരളമല്ല. യഥാർഥത്തിൽ ഈ നിർവചനം മുൻനിർത്തിത്തന്നെ നോവലിന്റെ ആഖ്യാനമെന്നതു് അതിന്റെ കലയും രാഷ്ട്രീയവും സമഗ്രമായി പ്രതിനിധാനം ചെയ്യപ്പെടുന്ന എഴുത്തിന്റെ രൂപപരവും ഭാവപരവും മറ്റുമായ മുഴുവൻ ഘടകങ്ങളും സ്വഭാവങ്ങളും സംവഹിക്കുന്ന ഒന്നാണെന്നു മനസ്സിലാക്കാം. ആഖ്യാനം എന്ന സങ്കല്പനം, അതിന്റെ സാങ്കേതിക പരിമിതികൾക്കപ്പുറത്തു് നോവലിന്റെ സൌന്ദര്യശാസ്ത്ര-പ്രത്യയശാസ്ത്ര തലങ്ങളെ ചരിത്രപരമായി രൂപപ്പെടുത്തുന്ന ആവിഷ്കാരപ്രകാരം തന്നെയാകുന്നു എന്നർഥം. ആഖ്യാനത്തെ മുൻനിർത്തി കഴിഞ്ഞ നൂറ്റാണ്ടിൽ നോവലിനെക്കുറിച്ചുണ്ടായ കലാചിന്തകളുടെ ചരിത്രം ഇങ്ങനെ സംഗ്രഹിക്കാം.

1.
1880–1930 കാലത്തു് ഇംഗ്ലീഷിലെഴുതപ്പെട്ട നോവൽപഠനങ്ങൾ മിക്കവയും ഒരു ആധുനികസാഹിത്യരൂപം, ഗണം എന്നീ നിലകളിൽ നോവലിന്റെ ആഖ്യാനത്തെ പരമ്പരാഗതവും സാങ്കേതികവുമായ ധാരണകളിൽ ഉറപ്പിച്ചെടുത്തവയാണു്. ഹെൻറി ജയിംസ് (The Art of Fiction—1884), പെഴ്സി ലബ്ബക്ക് (The Craft of Fiction—1921), ഇ. എം. ഫോസ്റ്റർ (Aspects of the Novel—1927),എഡ്വിൻ മ്യൂർ (The Structure of the Novel—1928) തുടങ്ങിയവരുടെ പഠനങ്ങൾ നോവലിന്റെ കലയും ഘടനയും ആവിഷ്കാരവും ഭാഷയും മറ്റും വിശദീകരിച്ചതു് പ്രായേണ ഇതരസാഹിത്യരൂപങ്ങളോടു ചേർത്തുനിർത്തിയായിരുന്നു. ‘A novel is a picture, a portrait, and we do not forget that there is more in a portrait than the ‘likeness’. Form, design, composition are to be sought in a novel as in any other work of art, a novel is the better for possessing them’—പെഴ്സി ലബ്ബക്ക് തന്റെ ഗ്രന്ഥത്തിലെഴുതി (p.10). നോവലിന്റെ ആഖ്യാനത്തെ നിർണയിക്കുന്ന ഏഴു ഘടകങ്ങളെ ഫോസ്റ്റർ അക്കമിട്ടു വിവരിക്കുന്നതും, നിലവിലുണ്ടായിരുന്ന സാഹിത്യരൂപങ്ങളോടു ബന്ധപ്പെടുത്തിത്തന്നെയാണു്. ഹെന്റി ജയിംസിനു മുൻപുതന്നെ ഹെന്റി ഫീൽഡിങ്, ജയിൻ ഓസ്റ്റിൻ, വാൾട്ടർ സ്കോട്ട്, നഥാനിയൽ ഹാഥോൺ തുടങ്ങിയവർ നോവലിനെക്കുറിച്ചെഴുതിയിട്ടുണ്ടു്. മുഖ്യമായും നോവലും റൊമാൻസും തമ്മിലുള്ള ബന്ധമായിരുന്നു അവരുടെയൊക്കെ ചർച്ചാവിഷയം. സാമുവൽ ജോൺസൻ തൊട്ടുള്ള നിരൂപകർ നോവലിനെ സാമൂഹ്യ സദാചാരബദ്ധവും ധാർമികവുമായ ഒരു ആഖ്യാനരൂപമെന്ന നിലയിൽ സമീപിക്കുകയും ചെയ്തിരുന്നു. ക്ലാരാ റീവ് (1785), ജോൺ ഡൺലപ് (1816) തുടങ്ങിയവർ നോവലിനെക്കുറിച്ചു് മുഴുനീള പഠനഗ്രന്ഥങ്ങൾ തന്നെ പ്രസിദ്ധീകരിച്ചു. ജനകീയത, സ്ത്രീകളുടെ വായന തുടങ്ങിയ സ്വഭാവങ്ങൾ മുൻനിർത്തി നോവലിനെ നിലവാരം കുറഞ്ഞ സാഹിത്യവ്യവഹാരമായി കുറ്റപ്പെടുത്തിയ കോളറിഡ്ജി നെപ്പോലുള്ളവരുടെ നിരൂപണങ്ങളുടേതാണു് മറ്റൊരു മേഖല. നോവലിന്റെ ഇതിവൃത്തം, കഥാപാത്രം, ഡിസൈൻ, ഐക്യം, നോവലിലെ സദാചാരപരത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു് ജോർജ് എലിയറ്റ് ഉൾപ്പെടെയുള്ള നോവലിസ്റ്റുകളും ലെസ്ലി സ്റ്റീഫൻ ഉൾപ്പെടെയുള്ള നിരൂപകരും വിക്ടോറിയൻ പത്രമാസികകളിൽ എഴുതിയിരുന്നു (Norton Anthology of Theory and Criticism, 2001: 852). ടോൾസ്റ്റോയി, ആൽഡസ് ഹക്സ്ലി തുടങ്ങിയവരുടെ നോവൽചിന്തകളും ഇതോടു ചേർത്തുവയ്ക്കാവുന്നവയാണു്. പിൽക്കാലത്തു വികസിച്ചുവന്ന സാമൂഹികമോ സാംസ്കാരികമോ ചരിത്രപരമോ പ്രത്യയശാസ്ത്രപരമോ ഒന്നുമായ സമീപനങ്ങൾ ഇവരിൽ കാണുകയില്ല. കലാരൂപം-സാഹിത്യരൂപം എന്ന നിലയിൽ നോവലിന്റെ ഭാഷയും ഉള്ളടക്കവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന സാങ്കേതിക സമീപനം മാത്രമായിരുന്നു ഇവരുടെ പഠനങ്ങൾ. നോവലിന്റെ കലയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇവരുന്നയിച്ചതു് ഘടനാപരമായ തലങ്ങൾ മാത്രം മുൻനിർത്തിയാണു്. കഥ, കഥാപാത്രങ്ങൾ, സംഭാഷണം, ഇതിവൃത്തം, വീക്ഷണദിശ തുടങ്ങിയ ഘടകങ്ങളാണു് നോവൽ എന്നു് ഇവർ കരുതി. ഈ ഘടകങ്ങളുടെ ചേർച്ചയും സൗന്ദര്യവുമാണു് നോവലിന്റെ കലയും ആഖ്യാനവും എന്നു് ഇവർ പ്രഖ്യാപിച്ചു. ‘അൻപതിനായിരം വാക്കുകളിൽ കൂടുതലുള്ളതാണു് നോവൽ’ എന്നു നിർവചിക്കാൻ പോലും ഇവർ (ഫോസ്റ്റർ) തയാറായി. മലയാളത്തിൽ എം. പി. പോൾ മുതൽ കെ. എം. തരകൻ വരെയുള്ളവർ ഇംഗ്ലീഷ് സാഹിത്യപഠനത്തിന്റെ ഭാഗമായി തങ്ങൾക്കു ലഭിച്ച നോവൽ ധാരണകളും വിശകലന രീതികളും വെളിപ്പെടുത്തിയതു് മേല്പറഞ്ഞ നിരൂപകരുടെ വഴിയിലാണു്. പ്രമേയം, ഇതിവൃത്തം, കഥാപാത്രം, ഭാഷ, വീക്ഷണസ്ഥാനം, സംഭാഷണം തുടങ്ങിയവ കേന്ദ്രീകരിച്ചു് 1930-കളിൽ (‘നോവൽസാഹിത്യം’) പോളും റിയലിസം, സ്ഥലം, കാലം, ഭാവഗീതപരത, ബോധധാരാശൈലി തുടങ്ങിയ ഘടകങ്ങൾ കേന്ദ്രീകരിച്ചു് 1970-80 കാലത്തു് കെ. എം. തരകനും (ആധുനികനോവൽദർശനം) നടത്തിയ നോവൽപഠനങ്ങൾക്കുള്ളതു് ഈ സ്വഭാവമാണു്. കെ. സുരേന്ദ്രൻ, പി. കെ. ബാലകൃഷ്ണൻ തുടങ്ങിയവരുടെ നോവൽ വായനകൾ ഇത്രമേൽ അക്കാദമികമായിരുന്നില്ലെങ്കിലും സൌന്ദര്യാത്മകമായിരുന്നു. “മലയാളനോവൽസാഹിത്യചരിത്ര”മെഴുതുമ്പോൾ തരകൻ മാർക്സിയൻ നോവൽ വിമർശനത്തിന്റെ ആദ്യകാല വക്താക്കളിൽ ചിലരോടു് കലഹിക്കുകകൂടി ചെയ്യുന്നുണ്ടു്. സിഗ്മണ്ട് ഫ്രോയ്ഡ്, ഡി. എച്ച്. ലോറൻസ്, ആൽബേർ കാമു തുടങ്ങിയവരുടെ സാഹിത്യസങ്കല്പനങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും തന്റെ കാലത്തു പ്രബലമായിരുന്ന അമേരിക്കൻ-യൂറോപ്യൻ നവവിമർശനത്തിന്റെ (New Criticism) നോവൽ നിരൂപണകല തരകനു് പ്രയോഗതലത്തിൽ കൊണ്ടുവരാൻ കഴിഞ്ഞില്ല. 1980-കളിൽ, ആധുനികതാ വാദത്തിന്റെ വക്താക്കളായി രംഗത്തുവന്ന കെ. പി. അപ്പനെ പ്പോലുള്ളവരാണു് നവവിമർശനത്തിന്റെ വഴിയിൽ മലയാളനോവൽ നിരൂപണത്തെ ഒരു സാഹിത്യകലയായി വികസിപ്പിച്ചെടുത്തതു്.
2.
1920-50 കാലത്തു് അമേരിക്കൻ നവവിമർശനത്തിന്റെ രൂപവാദപരവും രാഷ്ട്രീയ മുക്തവും ചരിത്ര ബാഹ്യവും അക്കാദമികവുമായ പാണ്ഡിത്യ വിരുദ്ധ-നിരൂപണപദ്ധതി സൃഷ്ടിച്ച നോവൽപഠനങ്ങളിലാണു് ആഖ്യാനകലയ്ക്കു് പുതിയൊരു മാനം പിന്നീടു കൈവരുന്നതു്. ഒരു വശത്തു് യൂറോപ്യൻ മാർക്സിസ്റ്റ് നിരൂപണത്തിന്റെ സാംസ്കാരിക രാഷ്ട്രീയത്തോടുള്ള എതിർപ്പു്, മറുഭാഗത്തു് മനോവിജ്ഞാനീയപരവും ചരിത്രപരവും സാമൂഹ്യനിഷ്ഠവും മറ്റുമായ അക്കാദമിക പഠന പദ്ധതികളോടുള്ള വിയോജിപ്പു്—നവവിമർശനം സാഹിത്യത്തെ ആധുനികതാ വാദത്തിന്റെ ലാവണ്യപരതയിലും ഭാഷയുടെ സൗന്ദര്യാത്മകതയിലും കൃതിയുടെയും കർത്താവിന്റെയും ഉഭയപരതയിലും പ്രതിഷ്ഠിച്ചു. കർത്താവു് അപ്രസക്തനാണു്, കൃതി മാത്രമേ പ്രസക്തമാകുന്നുളളു എന്ന റിച്ചാർഡ്സി ന്റെയും മറ്റും കാഴ്ചപ്പാടുകൾ ഭാഗികമായി മാത്രമേ നവവിമർശകർ ഉൾക്കൊണ്ടുള്ളു. ഭാഷാഘടനയിലും വ്യക്തിഭാഷയിലും ബിംബകല്പനകളിലും മിത്തുകളിലും മറ്റും ഊന്നിയ ആഖ്യാന കലയെക്കുറിച്ചു് നവവിമർശനം ശൈലീ വിജ്ഞാനീയത്തിന്റെ പിന്തുണയോടെ ചിന്തിച്ചു. 1966-ലെഴുതിയ The Language of Fiction മുതൽ 1996-ലെഴുതിയ The art of the Fiction വരെയുള്ള കൃതികളിലൂടെ ഡേവിഡ് ലോജിനെ പ്പോലുള്ളവർ ഗാഢവായന (Close reading) എന്നു വിളിക്കപ്പെട്ട ഈ വിമർശനപദ്ധതിയുടെ തുടർസാന്നിധ്യം ഉറപ്പാക്കി. 1961-ൽ പുറത്തുവന്ന വയൻ. സി. ബൂത്തിന്റെ The Rhetoric of Fiction, എന്ന ഗ്രന്ഥം കർത്താവിന്റെ പ്രാധാന്യം തറപ്പിച്ചുപറഞ്ഞു. കർത്താവു് ഒരു രണ്ടാം സ്വത്വ (a second self) മായി നോവലിന്റെ ആഖ്യാനം നിർവഹിക്കുകയാണെന്നു് വിശദീകരിക്കുന്ന ബൂത്തിന്റെ പരികല്പനയാണു് ‘Implied author’ എന്നതു്. മിലൻ കുന്ദേര യുൾപ്പെടെയുള്ള ആധുനികാനന്തര നോവൽ നിരൂപകരുടെ അടിസ്ഥാനപരമായ നോവൽ ദർശനവും ഇതിൽനിന്നു ഭിന്നമല്ല. റൊളാങ് ബാർത്ത് കർത്താവിന്റെ മരണം പ്രഖ്യാപിച്ചതൊന്നും മിക്ക നിരൂപകരെയും നിരൂപണപദ്ധതികളെയും സ്വാധീനിച്ചില്ല എന്നതാണു് യാഥാർഥ്യം. “The birth of the art of the novel was linked to the consciousness of an author’s rights and to their fierce defense. The novelist is the sole master of his work; he is his work. It was not always, thus, and it will not always be thus. But when that day comes, then the art of the novel, Cervantes’s legacy, will cease to exist” (2005:100). എലിയറ്റ് മുതലുള്ളവർ ചൂണ്ടിക്കാണിച്ചതുപോലെ, ‘കവിത കവിത മാത്ര’മാണെന്ന നിലപാടിൽ സാഹിത്യരചനയെ കാണുമ്പോഴും നവവിമർശനത്തിന്റെ പദ്ധതി പിൻപറ്റി നോവൽ പഠനത്തിലിടപെട്ട അപ്പനും രാജകൃഷ്ണനും മറ്റും നോവലിൽ കർത്താവിന്റെ മരണം കണ്ടെത്താൻ ശ്രമിച്ചതേയില്ല. പകരം, ‘തിരസ്കാര’ത്തിൽ അപ്പൻ സമഗ്രമായി വിശദീകരിക്കുന്നതുപോലെ, നവവിമർശനം മുന്നോട്ടുവച്ച ചരിത്രനിരാസത്തെയും അരാഷ്ട്രീയ വാദത്തെയും ഏറ്റെടുത്തു്, അക്കാദമിക പാണ്ഡിത്യത്തോടു കലഹിച്ചും മാർക്സിയൻ നിലപാടുകളിൽ അവിശ്വസിച്ചും മലയാളത്തിലെ ആധുനികതാവാദ നോവലിന്റെ കലയും സൌന്ദര്യശാസ്ത്രവും വിശദീകരിക്കാനാണു് അവർ ശ്രമിച്ചതു്. ‘മാറുന്ന മലയാളനോവലും’ ‘രോഗത്തിന്റെ പൂക്ക’ളും ഇതിന്റെ മാതൃകകളായി.
3.
1910–1960 കാലത്തു് നോവൽനിരൂപണത്തിൽ പലനിലകളിൽ ഇടപെട്ടു് മാർക്സിയൻ സാഹിത്യവിമർശകർ രൂപപ്പെടുത്തിയതാണു് ആഖ്യാന കലയെക്കുറിച്ചുള്ള മൂന്നാമതൊരു കാഴ്ചപ്പാടു്. രണ്ടുതലങ്ങളിൽ കാണണം, മാർക്സിസ്റ്റ് നിരൂപകരുടെ ഈ ഘട്ടത്തിലെ നോവൽ വായനയെ; ഒന്നു്, യാന്ത്രികമാർക്സിസ്റ്റുകളുടെ (പ്ലഖനോവ് മുതൽ കോഡ്വലും റാൽഫ് ഫോക്സും വരെയുള്ളവർ) നോവൽ നിരൂപണങ്ങൾ സാഹിത്യകൃതിയുടെ പ്രമേയപരമായ രാഷ്ട്രീയതാല്പര്യങ്ങൾ മുൻനിർത്തി സങ്കല്പിച്ചെടുത്ത എഴുത്തിന്റെ സാമൂഹ്യവിധേയത്വങ്ങൾ. സ്കോട്ട്, ബൽസാക്ക്, ടോൾസ്റ്റോയി എന്നിവരെ മുൻനിർത്തി റിയലിസത്തെക്കുറിച്ചു നടത്തുന്ന വായനയിലും (The Theory of the Novel—1916) ചരിത്ര നോവലിനെക്കുറിച്ചു നടത്തുന്ന വായനയിലും (Historical Novel—1924) ജോർജ്ലൂക്കാച്ച് ഈ നിലപാടുകൾ സ്ഥാപിച്ചെടുക്കുന്നു. തന്റെ കാലത്തിന്റെ പ്രതിനിധിയാകാൻ പറ്റിയ കലയായി ലൂക്കാച്ച് നോവലിനെ കാണുന്നതു് മുഖ്യമായും അതിന്റെ ആഖ്യാനഘടനയുടെ കാലബദ്ധത കൊണ്ടാണു്. അദ്ദേഹമെഴുതി; “The novel is the representative art form of our age: because the structural categories of the novel constitutively coincide with the world as it is today” (1916). അതിന്റെ തുടർച്ചയായെന്നോണം, ‘ദൈവമുപേക്ഷിച്ച ലോകത്തിന്റെ ഇതിഹാസമായി’ (‘The novel is the epic of the world forsaken by God’) ലൂക്കാച്ച് നോവലിനെ നിർവചിക്കുന്നു. The Novel and the People (1937) എന്ന കൃതിയിൽ റാൽഫ് ഫോക്സ്, ഹൊവാർഡ് ഫോസ്റ്റ് എഴുതിയതുപോലെ, യഥാർഥകല ജനങ്ങളിൽ നിന്നേ രൂപംകൊള്ളു എന്നു സ്ഥാപിച്ചു. നോവലിന്റെ ഉത്ഭവവും ചരിത്രവും പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ മധ്യവർഗത്തോടും മുതലാളിത്തത്തോടും ബന്ധപ്പെടുത്തി ചർച്ചചെയ്യുന്ന മാർക്സിസ്റ്റ് വായനകളുടേതാണു് രണ്ടാമത്തെ തലം. ആർനോൾഡ് കെറ്റിൽ (An Introduction to the English Novel—1951), ഇയാൻ വാട്ട് (The rise of the Novel—1957), റെയ്മണ്ട് വില്യംസ് (The Long Revolution—1961, The English Novel: From Dickens to Lawrence—1970) തുടങ്ങിയവരുടെ സമീപനങ്ങൾ ഉദാഹരണമാണു്. റൊമാന്റിസിസത്തിനെതിരെയുള്ള സാഹിതീയ കലാപം, റിയലിസത്തിന്റെ ഉദയം, ഫ്യൂഡലിസത്തിന്റെ തകർച്ച, മുതലാളിത്തത്തിന്റെയും മധ്യവർഗത്തിന്റെയും വളർച്ച, വ്യവസായ വിപ്ലവം, അച്ചടി എന്നിങ്ങനെ യൂറോപ്യൻ നോവലിന്റെ കലയും യൂറോപ്യൻ സമൂഹങ്ങളുടെ രാഷ്ട്രീയവും കൂട്ടിയിണക്കി തങ്ങളുടെ സാഹിത്യ ചിന്തകളാവിഷ്കരിക്കുകയായിരുന്നു, ഇവർ. നോവലിന്റെ റിയലിസമെന്നതു് നോവൽ ചിത്രീകരിക്കുന്ന മനുഷ്യ ജീവിതത്തിന്റെ യാഥാർഥ്യനിഷ്ഠതയും വിവരിക്കുന്ന കാര്യങ്ങളുടെ വിശദാംശങ്ങളിൽ പോലുമുള്ള വസ്തുനിഷ്ഠതയും സംഭവ്യതയും സൂക്ഷ്മതയും മാത്രമല്ല, ആഖ്യാനത്തിന്റെതന്നെ യഥാതഥത്വമാണു്. ‘പ്രതിനിധാനത്തിന്റെ അസാധാരണമായ കൃത്യത (exceptional accuracy of representation) യാണു് റിയലിസ’മെന്ന റെയ്മണ്ട് വില്യംസ് പറയുന്നുണ്ടു്. (1983: 259). ഭാഷ മുതൽ ചരിത്രംവരെയുള്ള മുഴുവൻ തലങ്ങളിലും റിയലിസത്തിന്റെ സൂക്ഷ്മസാന്നിധ്യം ഉറപ്പാക്കിക്കൊണ്ടാണു് പത്തൊമ്പതാം നൂറ്റാണ്ടിൽപോലും നോവൽ ആഖ്യാനം ചെയ്യപ്പെട്ടതു്. അനുഭവപരമായ യാഥാർത്ഥ്യത്തിന്റെ നിർമിതി എന്ന നിലയിൽ നോവലിലെ റിയലിസത്തെ പരമ പ്രധാനമായ ഭാവുകത്വ ഘടകമായി കാണുന്ന ഇയാൻവാട്ട്, റിച്ചാർഡ്സൺ നോവലിൽ (ക്ലാരിസ) ആർജിച്ച ആഖ്യാന സൂക്ഷ്മതയെ ഗ്രിഫിത്ത് ചലച്ചിത്രകലയിൽ ക്ലോസ് അപ് സാങ്കേതികതകൊണ്ടു് ആർജിച്ച യാഥാർഥ്യത്തിന്റെ പുതിയ പ്രാതിനിധ്യത്തോട് താരതമ്യം ചെയ്യുന്നുണ്ടു് (2000: 25). പതിനെട്ടാം നൂറ്റാണ്ടിലെ പ്രശസ്തങ്ങളായ നോവലുകളുടെ ആഖ്യാനവും രൂപപരതയും വിശകലനം ചെയ്തുകൊണ്ടു് അദ്ദേഹം നിരീക്ഷിക്കുന്നു; “…the historical importance of Defoe and Richardson therefore primarily depends on the suddenness and completeness with which they brought into being what maybe regarded as the lower common denominator of the novel genre as a whole, its formal realism”(2000:34).സാഹിത്യത്തിന്റെ കേന്ദ്രത്തിൽ നോവലിനെയും നോവലിന്റെ കേന്ദ്രത്തിൽ സാമൂഹ്യ മനുഷ്യനെയും പ്രതിഷ്ഠിക്കുകയായിരുന്നു, ഇവർ. മുഖ്യമായും ഇംഗ്ലണ്ടിലെ സാമൂഹിക-സാമ്പത്തിക മാറ്റങ്ങളുടെ ഫലമായി നോവലിന്റെ ഉത്ഭവത്തെ കണ്ട ഇയാൻ വാട്ട് ഒരിടത്തെഴുതുന്നതു നോക്കുക: “The rise of the novel, then, would seem to be connected with the much greater freedom of women in Modern Society, a freedom which, especially as regards marriage, was achieved earlier and more completely in England than elsewhere” (2000: 138). റിച്ചാർഡ്സൺ ന്റെ പമേലയെക്കുറിച്ചുള്ള ചർച്ചയിൽ പ്രണയമെന്ന അനുഭവത്തെ മുൻനിർത്തിത്തന്നെ ഇയാൻവാട്ട് നോവൽ ആവിഷ്കരിച്ച പുതിയ മനുഷ്യാവസ്ഥകളെക്കുറിച്ചു ചർച്ചചെയ്യുന്നുണ്ടു് (Ibid: 135–173). പത്തൊൻപതാം നൂറ്റാണ്ടിലെ ഇന്ത്യൻ നോവലുകളെക്കുറിച്ചുള്ള പഠനത്തിൽ മീനാക്ഷി മുഖർജിയും ആധുനിക വ്യക്തിയെ സാധ്യമാക്കിയ മാനവിക മൂല്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി പ്രണയത്തെക്കുറിച്ചെഴുതുന്നുണ്ടു് (1999: 68–100). പതിനെട്ടാം നൂറ്റാണ്ടിനു ശേഷമുള്ള ഇംഗ്ലീഷ് നോവലുകളുടെ ആധാര ശിലകളിലൊന്നായ വ്യക്തിവാദത്തിന്റെ മുഖ്യമൂല്യങ്ങളിലൊന്നു് പ്രണയത്തിലും വിവാഹത്തിലുമുള്ള സ്ത്രീയുടെ സ്വാതന്ത്ര്യമായിരുന്നു. ബംഗാളിലും കേരളത്തിലും എഴുതപ്പെട്ടവയായിട്ടും ഏതാണ്ടു് സമാനമായ അന്തരീക്ഷത്തിലും സാഹചര്യത്തിലും ഭാവന ചെയ്യപ്പെടുന്നവയാണു് ‘ഫുൽമോണിയുടെയും കോരുണയുടെയും കഥ’ യിലും ‘ഘാതകവധ’ ത്തിലും നായികമാരാകുന്ന പെൺകുട്ടികളുടെ സ്വത്വം. യഥാക്രമം മിസിസ് കാതറിൻ ഹന്നാ മുള്ളൻസും മിസിസ് കൊളിൻസും എഴുതിയ ഈ നോവലുകളിലെ സ്ത്രീത്വം യൂറോപ്യൻ അവബോധത്തിൽ രൂപം കൊണ്ടതാണെങ്കിൽ, ചന്തുമേനോനിലെത്തുമ്പോൾ അതു് കുറെക്കൂടി യൂറോപ്യനാകുക മാത്രമേ ചെയ്യുന്നുള്ളൂ. പ്രണയത്തിലും വിവാഹത്തിലും സ്വന്തം ഇഷ്ടമാണു്, പുരുഷന്റെ താല്പര്യമോ വീട്ടുകാരുടെ തീരുമാനമോ പാരമ്പര്യമോ ആചാരമോ അല്ല അഭികാമ്യമെന്നു് സമൂഹത്തെ ബോധ്യപ്പെടുത്തുന്നവരാണു് ഈ നായികമാരെല്ലാം. പ്രണയവും വിവാഹവുമെന്നതു് ശരീരം, ലൈംഗികത, അധികാരം, സ്ത്രീത്വം തുടങ്ങിയ മുഴുവൻ കർത്തൃത്വഘടകങ്ങളെയും നിർണയിക്കുന്ന മണ്ഡലങ്ങളായി മാറുന്നിടത്താണു് ഈ പരിഷ്കാരത്തിന്റെ പ്രസക്തി. പ്രണയത്തിലും സ്ത്രീപുരുഷബന്ധത്തിലെ മറ്റെല്ലാമണ്ഡലങ്ങളിലും സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞും കുടുംബമെന്ന ആധുനിക സ്ഥാപനത്തിലേക്കു് ഇഴചേർന്നും ജീവിക്കുന്ന സ്ത്രീകളുടെ ഒരു നിര തന്നെ ആദ്യകാല നോവലുകളിൽ കാണാം. സ്വാഭാവികമായും നോവലിന്റെ ആഖ്യാനത്തെ നിർണയിക്കുന്നതു് സാമൂഹ്യ യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിലും പ്രതിനിധാനം ചെയ്യുന്നതിലും അതിനുള്ള സാധ്യതകൾ തന്നെയാകുന്നു. പിൽക്കാല മാർക്സിസ്റ്റുകളായ ഫ്രെഡ്റിക് ജയിംസണും ടെറി ഈഗിൾടണും മറ്റും ഈ സങ്കല്പനത്തെ ആധുനികാനന്തര സമീപനങ്ങളിലേക്കു വികസിപ്പിച്ചു. രാഷ്ട്രീയാബോധം (Political Unconscious) എന്ന നിലയിൽ ചരിത്രം നോവലിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ചുള്ള ജയിംസൺന്റെയും പൊതുമണ്ഡലവുമായി ബന്ധപ്പെട്ട നിരൂപണത്തിനൊപ്പം നോവലിനും കൈവരുന്ന ജനാധിപത്യ സ്വഭാവത്തെക്കുറിച്ചുള്ള ഈഗിൾട്ടണിന്റെയും വിശകലനങ്ങൾ ഉദാഹരണം (ഈ വിഷയത്തിന്റെ വിശദമായ ചർച്ചക്കു് കാണുക, ഷാജി ജേക്കബ്, 2014).
4.
‘ഇതിഹാസ’ത്തിൽ നിന്നുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചുകൊണ്ടാണു് ആഖ്യാനകലയെന്ന നിലയിൽ നോവലിനുള്ള മൗലികമായ അസ്തിത്വം മിഖായേൽ ബക്തിൻ വിശദീകരിക്കുന്നതു്. ഒരുപക്ഷേ, മുഴുവൻ സാമ്പ്രദായിക മാർക്സിസ്റ്റുകളിൽനിന്നും ഭിന്നമായി ആധുനികതയുടെ ലിബറൽ മാനവിക പശ്ചാത്തലത്തിൽ ചരിത്രബദ്ധമായിത്തന്നെ നോവലിന്റെ വിമർശനകല രൂപപ്പെടുത്താനും (സ്റ്റാലിനിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇരയായിരുന്നുവല്ലോ ബക്തിൻ) അതിനു് വ്യാപകമായ അംഗീകാരം നേടിയെടുക്കാനും ബക്തിനു കഴിഞ്ഞു. യൂറോപ്യൻ നോവലിന്റെ കലയെ ഏറ്റവും സമഗ്രമായി വിശകലനം ചെയ്ത സൈദ്ധാന്തികരിലൊരാളാണു് ബക്തിൻ. Rabelais and his works. The Dialogic Imagination, Problems of Dostoyevsky’s Poetics തുടങ്ങിയ കൃതികളിൽ അദ്ദേഹമവതരിപ്പിക്കുന്ന നോവൽചിന്തകൾ ജനപ്രിയസംസ്കാരം (Popular culture), ഉത്സവീകരണം (Carnivalization), ബഹുഭാഷകത്വം (Polyglossia), ബഹുസ്വരത (Polyphony), മിശ്രഭാഷകത്വം (Heteroglossia), സ്ഥലകാലസംയുക്തം (Heterotopia) എന്നിങ്ങനെ നിരവധി സങ്കല്പനങ്ങളെ ചരിത്രപരവും സൈദ്ധാന്തികവും സൗന്ദര്യശാസ്ത്രപരവുമായി രൂപപ്പെടുത്തിക്കൊണ്ടാണു് നോവലിന്റെ ആഖ്യാനകല വിശദീകരിക്കുന്നതു്. മറ്റു സാഹിത്യഗണ/രൂപങ്ങളിൽ നിന്നു നോവലിനെ ഭിന്നമാക്കുന്ന മൂന്നു ഘടകങ്ങൾ ബക്തിൻ ചൂണ്ടിക്കാണിക്കുന്നു.
  1. Its stylistic three dimensionality, which is linked with the multilmgual consciousness realized in the novel (ബഹുഭാഷകത്വം സൃഷ്ടിക്കുന്ന ശൈലീപരമായ ത്രിമാനത).
  2. The radical change it effects in the temporal co-ordinates of the literary image (സാഹിത്യത്തിന്റെ ലൗകികത/ഭൗതികത/മതേതരത്വം).
  3. The new zone opened by the novel for structuring literary images, namely, the zones of maximal contact with the present (with contemporary reality) in all its openendedness(നോവലിന്റെ സമകാലികതയും യഥാതഥത്വവും).

മധ്യകാലകാർണിവൽ സംസ്കാരവും അച്ചടിസാങ്കേതികതയും ചേർന്നു സാധ്യമാക്കിയ നോവലിന്റെ ആഖ്യാനകലയെ ഏറ്റവും നിർണായകമായി സ്വാധീനിക്കുന്ന ഘടകം അതിന്റെ വായനാപരതയാണെന്നു് ബക്തിൻ പറയും. മറ്റു മുഴുവൻ സാഹിത്യഗണ/രൂപങ്ങളും വായനേതരമായ ഇന്ദ്രിയാനുഭൂതികൾ ലക്ഷ്യമിടുമ്പോൾ നോവൽ അവയിൽനിന്നെല്ലാം ഭിന്നമായി വായനയെ ലക്ഷ്യവും മാർഗവുമാക്കുന്നു. ‘സാഹിത്യ’മെന്ന സംജ്ഞയുടെ ചരിത്രവും പരിണാമവും വിശദീകരിക്കുന്ന വിഖ്യാതമായ പഠനത്തിൽ (Marxism and Literature—1977) റെയ്മണ്ട് വില്യംസ്, അച്ചടിയോടും വിശേഷിച്ച് പുസ്തകത്തോടും, അതിന്റെ വായനയോടും ബന്ധപ്പെടുത്താതെ സാഹിത്യത്തെ നിർവചിക്കാനോ ചരിത്രവൽക്കരിക്കാനോ കഴിയില്ല എന്നു ചൂണ്ടിക്കാണിക്കുന്നുണ്ടു്. “Novel was practically the emblem of the reading revolution” എന്നു് J. J. Kloek. വാൾട്ടർ ബൻയാമിൻ, ‘പുസ്തകം എന്ന നിലയിൽ നോവലിനു കൈവന്ന സ്വരൂപവും സ്വഭാവവുമാണു് അതിന്റെ ഏറ്റവും മൗലികമായ സാഹിതീയഘടകം എന്നു വിശദീകരിക്കുന്നുണ്ടു്. Illuminations എന്ന കൃതിയിലെ The Story Teller എന്ന പ്രബന്ധത്തിൽ, നാടോടിക്കഥ മുതൽ ഇതിഹാസം വരെയുള്ള സാഹിതീയരൂപങ്ങളിൽനിന്നു് നോവലിനെ മൗലികമായി വ്യത്യസ്തമാക്കുന്നതു് വാമൊഴിയിൽ നിന്നു് പുറപ്പെടുന്നതോ വാമൊഴിയിലേക്കു പുറപ്പെടുന്നതോ അല്ലാത്ത അതിന്റെ ആഖ്യാനരീതിയാണെന്നു് ബൻയാമിൻ: “What distinguished the novel from the story (and from the epic in the narrower sense) is its essential dependence on the book. The dissemination of the novel becomes possible only with the invention of the book… what differentiates the novel from all other forms of prose literature—the fairytale, the legend, even the novella—is that it neither comes from oral tradition or goes into it”.

5.
കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിൽ നോവലിന്റെ ആഖ്യാനകലയെക്കുറിച്ചു് വഴിമാറിച്ചിന്തിച്ച മറ്റൊരു വിമർശനപദ്ധതി ഘടനാവാദ ത്തിന്റേതാണു്. റഷ്യൻ ഫോർമലിസത്തിൽ തുടങ്ങി ക്ലോദ് ലെവിസ്ട്രോസി ലൂടെ സ്വെറ്റൻ ടൊഡറോവ്, റോമൻ യാക്കോബ്സൺ, സെയ്മർ ചാറ്റ്മാൻ, ജൊനാഥൻ കള്ളർ, ജെറാൾഡ് ഷെനെ തുടങ്ങിയവരിലേക്കു വളർന്ന ഘടനാവാദം പിന്നീടു് ആഖ്യാനവിജ്ഞാനം (Narratology) എന്നൊരു വിമർശനപദ്ധതിക്കുതന്നെ രൂപംകൊടുത്തു. ഒരർഥത്തിൽ സാംസ്കാരിക നരവംശശാസ്ത്രകാരനായ നോർത്രോപ് ഫ്രൈ മുതൽ പ്രജനക വ്യാകരണകാരനായ നോം ചോംസ്കി വരെയുള്ളവർ ഈ സമീപനപദ്ധതിയിൽ ഉൾപ്പെട്ടവരാണെന്നു പറയാം. The Poetics of Prose (1971)-ൽ ടൊഡറോവും Structuralist Poetics (1975)-ൽ കള്ളറും Story and Discourse: Narrative structure in Fiction and Film (1978)-ൽ ചാറ്റ്മാനും ആവിഷ്കരിക്കുന്ന വാദങ്ങൾ നോവൽ ഉൾപ്പെടെയുള്ള സാഹിത്യകലകളുടെ ആഖ്യാനത്തെ സവിശേഷമായ ഒരു പഠനമേഖലയായി വികസിപ്പിച്ചു. ടൊഡറോവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “Novels do not imitate reality; they create”. ഭാഷയും അതിന്റെ വിന്യാസവും കൊണ്ടു് നോവൽ സൃഷ്ടിക്കുന്ന യാഥാർഥ്യത്തെക്കുറിച്ചാണു് ടൊഡറോവ് പറയുന്നതു്. ആഖ്യാനഭാഷയിലൂടെ നോവൽ യാഥാർഥ്യത്തിന്റെ പ്രതിഫലനമോ പ്രതിനിധാനമോ നിർമിക്കുകയല്ല, യാഥാർഥ്യത്തെത്തന്നെ സൃഷ്ടിക്കുകയാണു് എന്നർഥം. ‘Structural Analysis of Narrative’ എന്ന പഠനത്തിൽ ടൊഡറോവ് ‘ഇതിവൃത്ത’ത്തിനു് ആഖ്യാനത്തിലുള്ള പ്രാധാന്യം ചർച്ചചെയ്യുന്നു. “How does the text get us to construct an imaginary world? Which aspects of the text determine the construction we produce as we read? And in what way?” ഈ ചോദ്യങ്ങളുടെ ഉത്തരമാണു് ആഖ്യാനകലയെക്കുറിച്ചുള്ള ഘടനാവാദികളുടെ അന്വേഷണം തേടിയതു്. ആഖ്യാനം തന്നെയാണു് സാഹിത്യമുൾപ്പെടെയുള്ള മുഴുവൻ കലകളിലും അന്വേഷിക്കേണ്ടതു് എന്ന കാഴ്ചപ്പാടു രൂപീകരിച്ചുകൊണ്ടു് ഈ പദ്ധതിയുടെ പ്രമുഖനായ മറ്റൊരു വക്താവു് സെയ്മർ ചാറ്റ്മാൻ സിനിമയെയും നോവലിനെയും കൂട്ടിയിണക്കുന്നു. കഥ (Story), വ്യവഹാരം (Discourse) എന്ന രണ്ടു തലങ്ങളാണു് അദ്ദേഹം ആഖ്യാനത്തിനു കല്പിക്കുന്നതു്. ഉള്ളടക്കം, സംഭവപരമ്പര, കഥാപാങ്ങൾ തുടങ്ങിയ ഘടകങ്ങൾ നിർണയിക്കുന്നതാണു് കഥ. ഒരു ആഖ്യാനം എന്താണെന്നു് (what?) കഥ വിശദീകരിക്കും. അതിനപ്പുറത്തു് പറച്ചിലിന്റെ ക്രമവും രീതിയും ഘടനയും ഒക്കെച്ചേരുന്നതാണു് വ്യവഹാരം. എങ്ങനെയാണു് (How?) ഒരു കലയുടെ ആഖ്യാനം എന്നതിന്റെ ഉത്തരമാണു് വ്യവഹാരം. മാർസൽ പ്രൂസ്തി ന്റെ നോവലുകളെക്കുറിച്ചുള്ള പഠനത്തിൽ ഷെനെ കഥ (story), ഇതിവൃത്തം (plot), ആഖ്യാനം (narrative) എന്നീ പരികല്പനകൾ കൊണ്ടു വിശദീകരിക്കുന്നതും ഇതേ ആശയം തന്നെയാണു്.
6.
ഘടനാവാദാനന്തര, ആധുനികാനന്തര സമീപനങ്ങൾ ആഖ്യാനത്തിനു സൃഷ്ടിച്ചുകൊടുത്ത വ്യാഖ്യാനസാധ്യതകളാണു് മറ്റൊന്നു്. എഴുത്തിനെക്കാൾ പ്രാധാന്യം വായനയ്ക്കു കൈവന്ന കാലത്തെയും പ്രക്രിയയെയുമാണു് മുഖ്യമായും റൊളാങ് ബാർത്തി ലൂടെ വ്യവസ്ഥപ്പെട്ട ഈ വീക്ഷണം മുന്നോട്ടുവയ്ക്കുന്നതു്. അപനിർമാണമെന്ന വിശകലനരീതിയോടു ചേർന്നുനിന്നു് ഴാക് ദറിദയും ജൂലിയ ക്രിസ്തേവയുമുൾപ്പെടെയുള്ളവർ ആവിഷ്കരിച്ച പാഠാന്തരത (intertextuality) യാണു് ഈ ഘട്ടത്തിലെ ആഖ്യാനവിശകലനത്തിന്റെ മുഖ്യരീതിശാസ്ത്രങ്ങളിലൊന്നായി മാറിയതു്. പാഠം (Text) എന്ന പരികല്പനക്കു് സാഹിത്യത്തിന്റെ പശ്ചാത്തലത്തിൽ ബാർത്ത് നൽകുന്ന അർഥവും മൂല്യവും മുഴുവൻ സംസ്കാര രൂപങ്ങളിലേക്കും വ്യാവർത്തിപ്പിക്കാൻ ‘പാഠാന്തരത’ക്കു കഴിയുന്നു. ‘The text is a process; the work is a product’ എന്നു സ്ഥാപിച്ച ‘From work to Text’ എന്ന പ്രബന്ധത്തിൽ ബാർത്ത് എഴുതുന്നു: “Over against the traditional notion of the work, for long-and still-conceived of in a, so to speak, Newtonian way, there is now the requirement of a new object, obtained by the sliding or over turning of former categories. That object is the Text”. സാഹിത്യത്തിനൊപ്പം മാധ്യമം, ജനപ്രിയസംസ്കാരം, ഫോട്ടോഗ്രഫി, പരസ്യം തുടങ്ങിയ മേഖലകളെക്കുറിച്ചും ബാർത്ത് നടത്തുന്ന നിരീക്ഷണങ്ങൾ വായനയെന്ന സർഗാത്മക പ്രക്രിയയിൽ ഊന്നി കർത്താവിനും കൃതിക്കും പരമ്പരാഗതമായി കല്പിച്ചുനൽകപ്പെട്ടിരുന്ന ദൈവതുല്യമായ കർത്തൃത്വം നിരാകരിച്ചതോടെ, നോവൽ ഉൾപ്പെടെയുള്ള മുഴുവൻ സാംസ്കാരിക വ്യവഹാരങ്ങളുടെയും അർഥമൂല്യങ്ങൾ മാറിവന്നു. ബൽസാക്കി ന്റെ Sarrasine എന്ന നോവലെറ്റിന്റെ വായനയിലൂടെ ബാർത്ത് തെളിയിക്കാനാഗ്രഹിച്ച വസ്തുത ഇതായിരുന്നു; ‘Its language which speaks, not the author’. അതിനു വേണ്ടി അദ്ദേഹം രൂപപ്പെടുത്തിയ കല്പനയായിരുന്നു ‘കർത്താവിന്റെ മരണ’മെന്നതു്. ‘… the birth of the reader must be at the cost of the death of the author’ എന്ന വാക്യാർധം (1968) ഏറെ ഉദ്ധരിക്കപ്പെടുന്നതാണല്ലോ. ഇതോടൊപ്പംതന്നെ പരിഗണിക്കണം, ചിഹ്നവിജ്ഞാനീയത്തിന്റെ (Semiotics) ആധാരമായി സാഹിത്യ വിമർശനം പരിഗണിക്കുന്ന അഞ്ചു കോഡുകൾ (codes of actions, codes of puzzles, cultural codes, connotative codes, symobolic codes എന്നിവ) നോവൽ ഉൾപ്പെടെയുള്ള രൂപങ്ങളിൽ ബാർത്ത് പരീക്ഷിക്കുന്നതു്. ആഖ്യാനപ്രകിയയിൽ ഭാഷയ്ക്കുള്ള പ്രാധാന്യമാണു് ബാർത്ത് വിളംബരം ചെയ്യുന്നതു്. “For literature is itself a science, or at least knowledge, no longer of the ‘human heart’, but of human language” എന്നു് അദ്ദേഹം നിരീക്ഷിക്കുന്ന സാഹചര്യവും മറ്റൊന്നല്ല.
7.
നിരവധി നോവലിസ്റ്റുകൾ പല കാലങ്ങളിലായി അവതരിപ്പിച്ച നോവൽചിന്തകൾ ഈ സാഹിത്യരൂപത്തിന്റെ എഴുത്തിനെയും വായനയെയും കുറിച്ചുള്ള ശ്രദ്ധേയമായ ആലോചനകളായി പരിണമിച്ചിട്ടുണ്ടു്. ഹെൻറി ജയിംസ് മുതൽ മിലൻ കുന്ദേര വരെ, ലോകപ്രശസ്തരായ എത്രയെങ്കിലും നോവലെഴുത്തുകാർ നോവൽ വിമർശകരും ചിന്തകരും കൂടിയാണെന്നതും ഓർക്കുക. (ഇംഗ്ലീഷിലൂടെ നമുക്കു പരിചയം വന്നവരുടെ മാത്രം കാര്യമാണിവിടെ സൂചിപ്പിക്കുന്നതു്.) ടോൾസ്റ്റോയി, ഇ. എം. ഫോസ്റ്റർ, ആൽഡസ് ഹക്സ്ലി, വെർജിനിയ വുൾഫ്, ജോർജ് ഓർവെൽ, ഏണസ്റ്റ് ഹെമിംഗ്വേ, ഴാങ്പോൾ സാർത്ര്, ആൽബർ കാമു, ജയിംസ് ജോയ്സ്, തോമസ് മൻ, സൂസൻ സൊണ്ടാഗ്, റെയ്മണ്ട് വില്യംസ്, ഡേവിഡ് ലോജ്, ടെറി ഈഗിൾട്ടൺ, ഇറ്റാലോ കാൽവിനോ, ഉംബർട്ടോ എക്കോ, ടോണി മോറിസൺ, ചിനു അച്ചേബാ, സൽമാൻ റുഷ്ദി, ഓർഹൻ പാമുക്… എന്നിങ്ങനെ ഇവരുടെ നിര നീളുന്നു. (സെർവാന്റിസി നെപ്പോലും ഒന്നാന്തരം നോവൽചിന്തകനായാണു് കുന്ദേരയും മറ്റും അവതരിപ്പിക്കുന്നതു്.) The Art of the Novel (1986), Testaments betrayed (1993), The Curtain (2005), Encounter (2009)എന്നീ ഗ്രന്ഥങ്ങളിലൂടെ തന്റെ നോവൽചിന്തകൾ വിപുലമായാവിഷ്കരിച്ച മിലൻ കുന്ദേരയുടെ ചില കാഴ്ചപ്പാടുകൾ മാത്രം സൂചിപ്പിക്കാം. ആധുനികതയുടെ തന്നെ നിർമാണതത്വങ്ങളിലൊന്നായാണു് കുന്ദേര നോവലിനെ കാണുന്നതു്. “Indeed, for me, the founder of Modern era is not only Descartes, but also Cervantes” എന്നു് ‘നോവലിന്റെ കല’യിൽ അദ്ദേഹമെഴുതി. ‘സെർവാന്റിസിന്റെ പൈതൃകം’ എന്നാണു് കുന്ദേര നോവലിനെ വിളിക്കുന്നതു്. നോവലിനെക്കുറിച്ചുള്ള ലൂക്കാച്ചിന്റെ വിഖ്യാത നിരീക്ഷണത്തെ ഓർമയിലെത്തിച്ചുകൊണ്ടു്, ‘ദൈവത്തെ സ്ഥാനഭ്രഷ്ടനാക്കി ലോകം പിടിച്ചെടുത്ത ആധുനികതയുടെ വേദഗ്രന്ഥ’മായി അദ്ദേഹം നോവലിനെ നിർവചിക്കുന്നു. The Curtain എന്ന ഗ്രന്ഥത്തിൽ കുന്ദേര നോവലിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നു: “A magic curtain, woven of legends, hung before the world” (p.92). നോവലും നോവലിസ്റ്റും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചു് കുന്ദേരക്കുള്ള അഭിപ്രായം മുൻപു സൂചിപ്പിച്ചു. ‘അതിപരിചിതമായ രൂപകം’ എന്ന മുന്നറിയിപ്പോടെ നോവലിന്റെ കലയിൽ കുന്ദേര എഴുതുന്നു: “The Novelist destroys the house of his life and uses its stones to build the house of his novel” (p.145). അതുപോലെ തന്നെ ശ്രദ്ധേയമാണു് നോവലും അധികാരവും തമ്മിലും നോവലും ഓർമയും തമ്മിലുമുള്ള ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും. പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ രാഷ്ട്രീയ സർവാധിപത്യങ്ങൾക്കെതിരെയുള്ള പ്രതിരോധങ്ങളാണു് ഏതുകാലത്തുമെന്നപോലെ തന്റെ കാലത്തും നോവലെന്നു് കുന്ദേര കണ്ടു. “The world of one single truth and the relative ambiguous world of the novel are moulded of entirely different substances. Totalitarian truth excludes relativity, doubt, questioning; it can never accomodate what I would call the spirit of the novel” എന്നു് കുന്ദേര ‘നോവലിന്റെ കല’യിൽ എഴുതുന്നുണ്ടു് (1993:14).യഥാർഥത്തിൽ കുന്ദേര ഒറ്റയ്ക്കല്ല ഇത്തരമൊരു രാഷ്ട്രീയത്തെ തങ്ങളുടെ സാമൂഹ്യജീവിതത്തിന്റെയും സാംസ്കാരിക വിചാരത്തിന്റെയും ഭൂമികയാക്കുന്നതു്. കാഫ്ക മുതൽ തോമസ്മൻവരെയും പാസ്തർനാക് മുതൽ സോൾഷെനിറ്റ്സൻ വരെയും കാമു മുതൽ റുഷ്ദിവരെയും ഫ്യുവെന്റസ് മുതൽ വർഗാസ് യോസ വരെയും… ഉദാഹരണങ്ങൾ എത്രയെങ്കിലുമുണ്ടു്. ഓർമയുടെ രാഷ്ട്രീയമെന്ന നിലയിൽ നോവലിനു കൈവന്ന ആഖ്യാനസ്വരൂപത്തെക്കുറിച്ചുള്ള നിലപാടുകളാണു് മറ്റൊന്നു്. ‘അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ സമരം, മറവിക്കെതിരെയുള്ള ഓർമയുടെ സമരംതന്നെയാണു്’ എന്ന പ്രഖ്യാതമായ കല്പന പാലിച്ചെഴുതപ്പെട്ട കുന്ദേരയുടെ നോവലുകളിലൂടെയും നോവൽ പഠനങ്ങളിലൂടെയും തെളിഞ്ഞു കിട്ടുന്ന വസ്തുതയും മറ്റൊന്നല്ല. മലയാളത്തിലും ആധുനികാനന്തര നോവലിന്റെ ആഖ്യാന കലയിൽ ‘ഓർമ’ക്കു കൈവരുന്ന രാഷ്ട്രീയ പ്രാധാന്യം ചെറുതല്ലല്ലോ. റബലെയും സെർവാന്റിസും മുതൽ ബ്രോക്കും കാഫ്കയും വരെയുള്ള നോവലിസ്റ്റുകളുടെ രചനകൾ മുൻനിർത്തി കുന്ദേര മുന്നോട്ടുവയ്ക്കുന്ന നോവൽചിന്തകളൊന്നടങ്കം അവയുടെ ആഖ്യാനകലയുടെ രാഷ്ട്രീയത്തെക്കുറിച്ചാണു് അടിസ്ഥാനപരമായി ചർച്ചചെയ്യുന്നതു്. ‘അസ്തിത്വത്തിന്റെ പര്യവേഷകൻ’ (Explorer of Existence) എന്ന നിലയിൽ നോവലിസ്റ്റ് നടത്തുന്ന ഭാവനാ സഞ്ചാരത്തിന്റെ ലക്ഷ്യം ചരിത്രത്തെ അസ്തിത്വത്തിന്റെ പാഠരൂപമായി തിരിച്ചറിയുകയും അതായിത്തന്നെ നോവലിൽ ആവിഷ്കരിക്കുകയുമാണു്. നോവലിന്റെ ആഖ്യാനകലയിൽ ആശയലോകങ്ങളുടെ ബഹുസ്വരതയും സംഗീതത്തിന്റെ ഭാവാത്മകതയും (ഭാവഗീതാത്മകതയല്ല!) മുതൽ വാക്കുകളുടെ നാനാർഥങ്ങൾ വരെയുള്ളവയുടെ പ്രാധാന്യം കുന്ദേര ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. (മിലൻ കുന്ദേരയുടെ നോവൽചിന്തകൾ സമഗ്രമായി വിശകലനം ചെയ്യുന്ന പഠനം കാണുക: ഗ്രന്ഥാലോകം, ഡിസംബർ, 2014).
8.
ആധുനികാനന്തരനോവലിന്റെ ആഖ്യാന കലയെക്കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവും പ്രസിദ്ധവും രാഷ്ട്രീയമായി ഏറ്റവും പ്രസക്തവുമായ ഒന്നു് ഫ്രോങ്കോ ലിയോത്താർ അവതരിപ്പിച്ച ബൃഹദാഖ്യാന (Grand Narrative) സങ്കല്പനത്തെ കേന്ദ്രീകരിച്ചു രൂപംകൊണ്ടതാണു്. ആധുനികതയുടെ അപനിർമ്മാണവും ആധുനികാനന്തരതയുടെ സാംസ്കാരിക സമവാക്യവുമായി ലിയോത്താർ മുന്നോട്ടുവയ്ക്കുന്ന ഈ സങ്കല്പനം ആഗോളതലത്തിൽതന്നെ ശ്രദ്ധ നേടിയ ഒരു തത്വചിന്താപദ്ധതിയും നോവലുൾപ്പെടെയുള്ള സാഹിത്യരൂപങ്ങളുടെ ആഖ്യാനയുക്തിയുമായി മാറിയതു് വളരെ വേഗമാണു്. “ആധുനികാനന്തരതയെന്നതു് സൂക്ഷ്മങ്ങളും ബഹുലങ്ങളുമായ ആഖ്യാനരൂപങ്ങളുടെ കാലമാണു്; ബൃഹദാഖ്യാനങ്ങളുടേതല്ല”, എന്നു് ലിയോത്താർ. ആധുനികതയുടെ ഏകീകരണയുക്തി നിരാകരിക്കപ്പെടുന്നതോടെ, ആ യുക്തിയിലധിഷ്ഠിതമായിരുന്ന ബൃഹദാഖ്യാനങ്ങൾ (ദേശീയത, മതം, ശാസ്ത്രം, യുക്തി, കമ്യൂണിസം…) ശിഥിലികൃതമാകുകയും സൂക്ഷ്മങ്ങളും ബഹുലങ്ങളുമായ ലഘ്വാഖ്യാനങ്ങൾ നിലവിൽവരികയും ചെയ്യുന്ന ചരിത്രാനുഭവത്തെയാണു് ലിയോത്താർ ആധുനികാനന്തരത എന്നതുകൊണ്ടർഥമാക്കുന്നതു്. സൂക്ഷ്മരാഷ്ട്രീയം, സ്വത്വരാഷ്ട്രീയം, കീഴാളത, പ്രാദേശികത തുടങ്ങിയ നിരവധി തലങ്ങളിലൂടെ ഈ ചരിത്രാനുഭവം മൂർത്തമായ സാംസ്കാരികാനുഭൂതികൾക്കു രൂപം നൽകുകയും ചെയ്യുന്നു. നോവലിൽ തികച്ചും പ്രസക്തമാണു് ഈ രാഷ്ട്രീയങ്ങൾ. സാഹിത്യവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെ പുനർനിർവചിച്ചു കൊണ്ടും ആധുനികതയിൽ സാഹിത്യത്തിനു കല്പിക്കപ്പെട്ടിരുന്ന സമഗ്രതായുക്തി റദ്ദാക്കിക്കൊണ്ടും നോവലുൾപ്പെടെയുള്ളവയുടെ ഭാവുകത്വങ്ങളും ആഖ്യാനകലയും പുതുരൂപങ്ങൾ നേടി. ചെറുതുകളും കീഴാളങ്ങളും പ്രാന്തവൽകൃതങ്ങളും ന്യൂനപക്ഷങ്ങളും പ്രാദേശികങ്ങളുമായ സ്വത്വങ്ങളുടെ നാവും സ്വരവുമായി നോവൽ മാറി. ചിതറുന്ന ആഖ്യാനങ്ങളുടെ കാലമായി, ആധുനികാനന്തര നോവലിന്റേത്. ഇറ്റാലോ കാൽവിനോ, “The uses of literature” എന്ന പ്രബന്ധത്തിൽ (1976/1986) എഴുതുന്നു; “Literature is necessary to politics above all when it gives a voice to whatever is without a voice, when it gives a name to what as yet has no name, especially to what the language of politics excludes or attempts to exclude. I mean aspects, situations and languages both of the outer and of the inner world, the tendencies repressed both in individuals and in society. Literature is like an ear that can hear things beyond the understanding of the language of politics; it is like an eye that can see beyond the color spectrum perceived by politics. Simply because of the solitary mdividualism of his work, the writer may happen to explore areas that no one has explored before, within himself or outside, and to make discoveries that sooner or later turn out to be vital areas of collective awareness (Quoted in, Dennis Walder, 2008:114). ആധുനികാനന്തരമലയാളസാഹിത്യത്തിൽ പൊതുവെയും നോവലിൽ വിശേഷിച്ചും രൂപംകൊള്ളുന്ന രാഷ്ട്രീയഭാവുകത്വങ്ങളിൽ ഏറ്റവും പ്രമുഖം ഈ വിധമുള്ള സാമൂഹിക ജാഗ്രതയുടെ രണ്ടാംവരവാണു്. ആധുനികതാവാദം സാഹിത്യത്തിൽ പൊതുവെ നിരസിച്ച സാമൂഹികതയുടെ മടങ്ങിവരവെന്ന നിലയിൽ ഈ രാഷ്ട്രീയം മലയാളത്തിൽ പലകുറി ചർച്ച ചെയ്യപ്പെട്ടതാണു്. അതിലുപരി, ആധുനികതയുടെ ബൃഹദാഖ്യാനങ്ങൾക്കു സംഭവിച്ച ശൈഥില്യം സൃഷ്ടിച്ച സ്വത്വരാഷ്ട്രീയങ്ങളുടെ വരവു് എന്ന നിലയിൽ ഈ ഭാവുകത്വ മാറ്റത്തെ കാണുകയാവും കൂടുതൽ യുക്തിസഹം. കീഴാള, സ്ത്രീ, പാരിസ്ഥിതിക, പ്രാദേശിക സാമൂഹികതകളുടെ പ്രകടവും പ്രത്യക്ഷവുമായ രാഷ്ട്രീയം പങ്കുവയ്ക്കുന്നവയാണു് ബഹുഭൂരിപക്ഷം ആധുനികാനന്തര നോവലുകളും എന്നതിനാൽ വിശേഷിച്ചും. ആധുനികതാവാദ ഘട്ടത്തിൽ നവവിമർശനത്തിന്റെ വഴിയിൽ ശ്രദ്ധനേടിയ മലയാളനോവൽ വിമർശനത്തിൽ പിന്നീടൊരു വേറിട്ട വഴി തുറക്കപ്പെടുന്നതും ഈ ഘട്ടത്തിലാണു്.
9.
ആധുനികതക്കുശേഷം രൂപപ്പെട്ട നോവൽവിമർശനപദ്ധതികളിൽ ഇതുപോലെതന്നെ പ്രമുഖമാണു് ദേശീയതയുടെ പാഠരൂപങ്ങളെന്ന നിലയിൽ നോവലിനുണ്ടായ വായനകൾ. കോളനിയനന്തരവാദം, ദേശീയതാവാദം എന്നിവ സമന്വയിപ്പിച്ചും അല്ലാതെയും നോവലിനെക്കുറിച്ചുണ്ടായ പഠനങ്ങളിൽ പ്രമുഖമാണു് ഇതു്. രാഷ്ട്രംതന്നെ സ്വയം ഒരാഖ്യാനമാണെന്നും നോവൽ രാഷ്ട്രത്തിന്റെ സൂക്ഷ്മപാഠമാണെന്നുമുള്ള കാഴ്ചപ്പാടുകൾ രൂപംകൊള്ളുന്നതു് 1990-കളിലാണു്. ബനഡിക്ട് ആൻഡേഴ്സൺ ദേശീയതയെ ഭാവനാത്മക സമൂഹങ്ങളുടെ രാഷ്ട്രീയാവബോധമായി വിശദീകരിക്കുന്ന ഗ്രന്ഥത്തിലും (Imagined communities—1983) ചിനു അച്ചേബ യുൾപ്പെടെയുള്ള ആഫ്രിക്കൻ എഴുത്തുകാർ കോളനിയനന്തരവാദത്തിന്റെ പശ്ചാത്തലത്തിൽ രൂപംകൊടുത്ത നിലപാടുകളിലും ഈ സമീപനത്തിന്റെ തുടക്കം കാണാം. പ്രാദേശികഭാഷകൾക്ക് ആശയവിനിമയത്തിന്റെയും ആവിഷ്കാരത്തിന്റെയും കരുത്തുകൈവന്നതോടെയാണു് നോവൽ ‘ദേശീയതാ മനസ്സാക്ഷി’യായി മാറുന്നതെന്നു് ആൻഡേഴ്സൺ നിരീക്ഷിക്കുന്നുണ്ടു്. ഹോമി കെ. ഭാഭ എഡിറ്റുചെയ്ത ‘Nation and Narration’ (1990) എന്ന ഗ്രന്ഥം ഈ രംഗത്തെ ക്ലാസിക്കായി അറിയപ്പെടുന്നു. പാർഥാ ചാറ്റർജി, അർജുൻ അപ്പാദുരെ, ജി. എൻ. ഡേവി, തേജസ്വിനി നിരഞ്ജന, ഗായത്രി സ്പിവാക് (മുഖ്യമായും മഹാശ്വേതാദേവി യുടെ രചനകൾ മുൻനിർത്തി) തുടങ്ങിയവരുടെ സാഹിത്യ/നോവൽ പഠനങ്ങൾ ഈ രംഗത്തു ശ്രദ്ധേയമാണു്. ഭാഷ, ദേശം, വ്യക്തിസ്വത്വം, ചരിത്രം തുടങ്ങിയവയെല്ലാം നോവലിൽ രൂപംകൊള്ളുന്നതു് ദേശരാഷ്ട്രബോധത്തിൽ നിന്നാണെന്നു് ലാറ്റിനമേരിക്കൻ നോവൽപഠനങ്ങൾ തെളിയിക്കുന്നുണ്ടു്. ബൂം (Boom) എന്നറിയപ്പെട്ട ലാറ്റിനമേരിക്കൻ നോവലിലെ ആധുനികതാവാദപ്രസ്ഥാന (1950–70) ത്തിനുശേഷം നിലവിൽ വന്ന പോസ്റ്റ് ബൂം പ്രസ്ഥാനം ജനപ്രിയ നോവൽ ധാരണകളെയാണു് പ്രധാനമായും മുന്നോട്ടുവച്ചതു്. “ജനപ്രിയങ്ങളും സമൂഹോന്മുഖവുമായ നോവലുകളിലേക്കു തിരിച്ചുപോവുക” എന്ന കാർപ്പന്റിയ റുടെ ആഹ്വാനം പ്രസിദ്ധമാണു്. ‘The Post Boom in Spanish American Fiction’ എന്ന ഗ്രന്ഥത്തിൽ (1998) ഡൊണാൾഡ് എൽ. ഷാ, ഈ പ്രസ്ഥാനം നവചരിത്രവാദമുൾപ്പെടെയുള്ളവയുടെ സ്വാധീനത്തിൽ നോവലിന്റെ ആഖ്യാനകലയിൽ വരുത്തിയ മാറ്റങ്ങൾ ക്രോഡീകരിക്കുന്നു. ചരിത്രം, ജനപ്രിയത, രാഷ്ട്രീയ-സാമൂഹ്യപ്രതിബദ്ധത, റിയലിസം, പ്രവാസി സംസ്കാരം എന്നിങ്ങനെയുള്ള അടിസ്ഥാന സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന പോസ്റ്റ് ബൂം സാഹിത്യത്തിന്റെ ഏറ്റവും പ്രിയപ്പെട്ട പ്രമേയങ്ങളിലൊന്നു് പ്രണയമാണു്. മാജിക്കൽ റിയലിസം പോലുള്ള സങ്കേതങ്ങൾ ലാറ്റിനമേരിക്കൻ നോവൽ കൈവെടിഞ്ഞിരിക്കുന്നു. കുറ്റാന്വേഷണ കഥകളും പുതിയ ചരിത്ര നോവലുകളും മറ്റുമാണു് ഇന്നു് പ്രചാരമുള്ള രൂപങ്ങൾ. പോസ്റ്റ് ബൂമിലേക്കുള്ള പരിവർത്തനഘട്ടത്തിന്റെ വക്താക്കളായി കരുതാവുന്ന പ്രധാനപ്പെട്ട എഴുത്തുകാർ മാനുവൽ പ്യൂയിഗ്, മാരിയോ ബനഡിറ്റി, സെവെറോ സാർഡൂയി തുടങ്ങിയവരാണു്. ഇവരുടെ നോവലുകളും നോവൽ വിമർശനങ്ങളുമാണു് പോസ്റ്റു ബൂമിന്റെ അടിത്തറയുറപ്പിച്ചതു് എന്നു് ഷാ ചൂണ്ടിക്കാണിക്കുന്നു. ജനപ്രിയ നോവൽ എന്നമട്ടിൽ പ്രണയം മുഖ്യഇതിവൃത്തമായ മാർക്കേസി ന്റെ ‘കോളറകാലത്തെ പ്രണയം’ പോലുള്ള കൃതികൾ എഴുതപ്പെട്ടതു് പോസ്റ്റ് ബൂം ഒരു യാഥാർഥ്യമായതിനുശേഷമാണു് എന്നും അദ്ദേഹം പറയുന്നു. ബൂം എഴുത്തുകാർ ആഗോളവൽക്കരിച്ച ലാറ്റിനമേരിക്കൻ നോവലിനെ സ്വന്തംദേശീയതകളിലേക്കു തിരിച്ചു കൊണ്ടു വരികയാണു് പോസ്റ്റ് ബൂം എഴുത്തുകാർ ചെയ്യുന്നതു്. ബനഡിറ്റി ചൂണ്ടിക്കാണിക്കുന്നതുപോലെ, സാംസ്കാരിക സാമ്രാജ്യത്വത്തിന്റെ സ്വാധീനത്തിൽ ബൂം എഴുത്തുകാർ ആഗോളവൽക്കരിച്ച ലാറ്റിനമേരിക്കൻ നോവലിനെ സാംസ്കാരികമായി മോചിപ്പിക്കുകയാണു് പോസ്റ്റ് ബൂം നോവലിസ്റ്റുകൾ ചെയ്യുന്നതു് എന്നും പറയാം. വായനയുടെയും ഭാഷയുടെയും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളിൽ നിന്നു രൂപംകൊണ്ട ആഖ്യാനത്തിന്റെ ലാളിത്യം പോസ്റ്റ് ബൂം നോവലിസ്റ്റുകളുടെ മുഖമുദ്രയാണു്. ഉന്നത സംസ്കാരം എന്ന സങ്കല്പനം അവർ നിരാകരിക്കുന്നു. ജനപ്രിയ സംസ്കാരത്തിന്റെ മണ്ഡലങ്ങൾ (ടെലിവിഷൻ, സിനിമ, പോപ്പ്സംഗീതം, ഫാഷൻ, വിപണി തുടങ്ങിയവ) പുതിയ നോവലിനെ വൻതോതിൽ സ്വാധീനിക്കുന്നു. മാർക്കേസിന്റെ തന്നെ ‘ന്യൂസ് ഓഫ് എ കിഡ്നാപ്പിംഗ്’ പത്രറിപ്പോർട്ടിന്റെ സങ്കേതം സ്വീകരിച്ച സാഹചര്യം ഓർമിക്കുക. “ബൂം കാല്പനിക വിരുദ്ധമായിരുന്നു. പോസ്റ്റ് ബൂം ജീവിതത്തിലേക്കും സമൂഹത്തിലേക്കും കാല്പനികത തിരിച്ചുകൊണ്ടു വന്നു”—പ്യൂയിഗിന്റെയും സ്കർമേറ്റ യുടെയും അലൻഡ്വെ യുടെയും നോവലുകൾ സാക്ഷ്യപ്പെടുത്തി ഷാ വിശദീകരിക്കുന്നു. ഫെന്റസിനെപ്പോലുള്ളവർ വിമർശനങ്ങളിൽ സ്വീകരിച്ച, നോവൽ അടിസ്ഥാനപരമായി ഒരു ഭാഷാ വിനിയോഗമാണു് എന്ന നിലപാടു് സാർഡൂയിയെപ്പോലുള്ളവർ ഏറ്റെടുത്തു വിപുലീകരിച്ചു. ബൂം കാലത്തെ എൻസൈക്ലോപീഡിക് നോവലുകൾക്കുപകരം ചെറിയ, സങ്കീർണമല്ലാത്ത നോവലുകൾ രചിക്കുന്ന രീതിയാണു് ഇന്നുള്ളതു്. പോസ്റ്റ് ബൂമിനെക്കുറിച്ചു്, വർഗാസ് യോസ യുമായി റെയ്മണ്ട് വില്യംസ് നടത്തിയ ഒരഭിമുഖത്തിൽ യോസ ഇങ്ങനെ പറയുന്നുണ്ടു്: “പ്രധാന മാറ്റമായി ഞാൻ കാണുന്നതു് നോവലിന്റെ രൂപത്തെക്കുറിച്ചുള്ള ധാരണയാണു്. അറുപതുകളിൽ എനിക്കും മറ്റ് ലാറ്റിനമേരിക്കൻ നോവലിസ്റ്റുകൾക്കും നോവലിന്റെ രൂപമെന്നതു് പ്രമേയമോ കഥാപാത്രമോ പോലെ ഒന്നായിരുന്നു. ഇന്നിപ്പോൾ അതു മാറിയിരിക്കുന്നു. നോവലിന്റെ രൂപപരവും സാങ്കേതികവുമായ സാധ്യതകളിലുള്ള പരീക്ഷണമാണു ലാറ്റിനമേരിക്കൻ നോവലിന്റെ പുതിയമുഖം.” ഈ വാക്കുകൾ വിശകലനം ചെയ്തുകൊണ്ടു ഷാ എഴുതുന്നു: “പോസ്റ്റ് ബൂം നോവൽ കൂടുതൽ ഇതിവൃത്ത കേന്ദ്രിതമാണു്; പ്രമേയപരവും സാങ്കേതികവുമായി കൂടുതൽ ലളിതമാണു്; കൂടുതൽ വായനോന്മുഖവുമാണു്”. ആഖ്യാനത്തിലെ പരീക്ഷണങ്ങൾ അടിസ്ഥാനമാക്കി റോബർട്ടോ ഗൊൺസാൽവസ് എച്ചെവരിയ യെപ്പോലുള്ള നിരൂപകർ ബൂമിനെ വടക്കേ അമേരിക്കൻ, യൂറോപ്യൻ അർഥത്തിലുള്ള ആധുനികതയോടും പോസ്റ്റ് ബൂമിനെ ആധുനികാനന്തരതയോടും സമാനപ്പെടുത്തുന്നു. പോസ്റ്റ് ബൂം നോവലിന്റെ മൂന്നു പ്രധാന ധാരകൾ ഇവയാണു്—ഡോക്യുമെന്റെറി നോവൽ, ചരിത്ര നോവൽ, ഡിറ്റക്ടീവ് നോവൽ. ‘80-കളിൽ തരംഗമുയർത്തിയ പുതിയ ചരിത്ര നോവലുകളാണു് ഇവയിൽ ഏറ്റവും പ്രമുഖം. പരമ്പരാഗത ചരിത്രനോവലുകളിൽ നിന്നു് ഇവ വ്യത്യസ്തമാകുന്നതു് പ്രധാനമായും ചരിത്ര സങ്കല്പങ്ങളിൽ വന്ന പൊളിച്ചെഴുത്തുകൾ കൊണ്ടു തന്നെയാണു്. ചരിത്രമെഴുതുന്നതിനു സമാന്തരമായി ചരിത്രനിർമാണത്തെക്കുറിച്ചും ഇ നോവലുകൾ എഴുതുന്നു. നവചരിത്രവാദത്തിന്റെ രീതി ശാസ്ത്രം വൻതോതിൽ ഇവരെ സ്വാധീനിച്ചിട്ടുണ്ടു്. സാഹിത്യ കൃതികളുടെ സ്വയംപൂർണമായ സാമൂഹ്യ-ചരിത്ര പശ്ചാത്തലവൽക്കരണം മുൻനിർത്തി ശുദ്ധമായ രൂപവാദത്തെ ഇവർ നിരാകരിക്കുന്നു. ബൂം നോവലുകളിലെ ഉദാത്തവൽകരിക്കപ്പെട്ട ആത്മനിഷ്ഠത ‘80-കളിലും 90-കളിലും ചരിത്രപരമായ വസ്തുനിഷ്ഠതയിലേക്കു മാറുന്നു. സാഹിത്യവും സാഹിത്യേതരവും എന്ന വേർതിരിവ് പരക്കെ നിരസിക്കപ്പെടുകയും ചെയ്യുന്നു. മെക്സിക്കൻ നോവലിസ്റ്റായ ഫെർണാണ്ടോ ദെൽ പാസോ വിന്റെ ‘Noticias dei Imperio’ എന്ന കൃതി ഇത്തരം നവചരിത്ര നോവലുകൾക്കുള്ള മികച്ച ഉദാഹരണമായി പെല്ലൺ ചൂണ്ടികാണിക്കുന്നുണ്ടു്. ശൈലീപരമായി, ബൂം കാലത്തെ എൻസൈക്ലോപീഡിക് നോവലുകളോടു് സാമ്യമുള്ള കൃതിയാണിതു്. സാഹിതീയവും സാഹിത്യേതരവുമായ നിരവധി ആഖ്യാന ഘടകങ്ങൾ കൊണ്ടു് സമ്പന്നമായ ‘Dei imperio വായിക്കുന്നതു് ‘ഫോട്ടോഗ്രാഫുകൾകൊണ്ടുതീർത്ത ഒരു ചരിത്ര ചിത്രം കാണുന്നതു പോലെയാണു്’ എന്നു് പെല്ലൺ. പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു മെക്സിക്കൻ ഫ്രഞ്ച് ചരിത്ര സംഭവം വിശദീകരിച്ചുകൊണ്ടു് പാസോ എഴുതുന്നു: “This book is based on that historial event and the tragic destiny of the ephemeral emperor and empress of Mexico.” പക്ഷേ, തൊട്ടടുത്ത വാക്യത്തിൽ തന്നെ കഥാന്തരീക്ഷവും കാലവും സ്ഥലവുമൊക്കെ മാറിമറിയുകയും ചരിത്ര വിജ്ഞാനീയത്തിന്റേയും അതികഥയുടേയും തലത്തിലേക്കു് ആഖ്യാനം കടന്നുപോകുകയും ചെയ്യുന്നു. പരമ്പരാഗത ചരിത്ര നോവലിനേക്കാൾ സങ്കീർണമായ ആഖ്യാനവും ചരിത്രഗ്രന്ഥത്തേക്കാൾ വിശദമായ ചരിത്രവും ഈ നോവൽ മുന്നോട്ടു വെയ്ക്കുന്നു. അതിനപ്പുറം ലാറ്റിനമേരിക്കൻ ചരിത്രാനുഭവങ്ങളെക്കുറിച്ചുള്ള വ്യവസ്ഥാപിത മിത്തുകളെ ചോദ്യം ചെയ്യാൻ ഈ നോവൽ എഴുത്തുകാരെയും വായനക്കാരെയും വെല്ലുവിളിക്കുകയും ചെയ്യുന്നു. ഇതേ മാതൃകയിൽ ചരിത്രത്തിന്റേയും ചരിത്രചനയുടേയും ചരിത്രനോവലിന്റെയും പൊളിച്ചെഴുത്തു നടത്തുന്ന മറ്റൊരു കൃതിയാണു് Love in the Time of Cholera മുതൽ ഒരു ഒന്നാം നിര പോസ്റ്റ് ബൂം നോവലിസ്റ്റായി മാറിക്കഴിഞ്ഞ മാർക്കേസിന്റെ ‘The General in his Labyrinth’. ബൊളിവറുടെ ശരീര രാഷ്ട്രീയം കൊണ്ടാണു് മാർകേസ് ദേശീയ രാഷ്ട്രീയത്തെ മാറ്റി പ്രതിഷ്ഠിക്കുന്നതു്. അതേസമയം തന്നെ ബൊളിവറുടെ അവസാനകാലം പുനഃസൃഷ്ടിച്ചുകൊണ്ടു് അധികാരത്തിന്റെ ഏകാന്തതയെക്കുറിച്ചു് ഉപന്യസിക്കാനും മാർക്കേസിനു കഴിയുന്നു. ഏകാന്തതയുടെ നൂറുവർഷങ്ങളിലും കുലപതിയുടെ പതനത്തിലും കഥാപാത്രങ്ങളനുഭവിക്കുന്ന ഈ ഏകാന്തത ഒരു ചരിത്ര പുരുഷനിലേക്കു മാറ്റുകയാണു് ഇവിടെ നോവലിസ്റ്റ്. തന്നെയുമല്ല, ചരിത്രത്തെക്കുറിച്ചുള്ള കാവ്യാത്മക വ്യാഖ്യാനവും ചരിത്രവസ്തുതകളും തമ്മിലുള്ള സംവാദങ്ങളൊരുക്കുവാനും മാർക്കേസ് തയാറാകുന്നു. സൽമാൻ റുഷ്ദിയുടെ ‘Imaginary homelands’ (1992) പോലുള്ള ഗ്രന്ഥങ്ങളും ‘ദേശീയത’ യുടെ ആധുനികാനന്തരമായ അർഥവൈവിധ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ടോണി മോറിസണെപ്പോലുള്ള ഹിസ്പാനിക് നോവലിസ്റ്റുകളുടെ നിലപാടും ഭിന്നമല്ല. രാഷ്ട്രത്തോടും അതിന്റെ രൂപീകരണത്തോടും നിലനില്പിനോടും ബന്ധപ്പെടുത്തി ചരിത്രം, സ്ത്രീ, കീഴാളത, പ്രാദേശിക ജനതകൾ, വംശ-ഗോത്ര-ജാതി വിഭാഗങ്ങൾ തുടങ്ങിയ സംവർഗങ്ങളെയൊക്കെ നാനാരീതികളിൽ പ്രശ്നവൽക്കരിക്കുകയാണു് ഇത്തരം പഠനങ്ങളുടെ രീതി. നോവലിന്റെ ആഖ്യാനമെന്നതു് ഇവിടെ രാഷ്ട്രത്തിന്റെതന്നെ സൂക്ഷ്മരൂപമായി മനസ്സിലാക്കപ്പെടുന്നു. കൊളോണിയൽ കാലത്തെ ദേശരാഷ്ട്രരൂപീകരണത്തിന്റെ രാഷ്ട്രീയം മുതൽ ആഗോളവൽക്കരണകാലത്തെ ദേശരാഷ്ട്രങ്ങളുടെ അഴിഞ്ഞുപോക്കു വരെ ഈ കാഴ്ചപ്പാടിൽ വിശദീകരിക്കപ്പെടുന്നു; അതിനെതിരെയുള്ള പ്രതിരോധങ്ങളെന്ന പോലെതന്നെ. കൊളോണിയൽ ആധുനികതയുടെ സാംസ്കാരികരാഷ്ട്രീയം പ്രവർത്തിച്ച ഏറ്റവും പ്രമുഖമായ സാഹിത്യവ്യവഹാരമെന്ന നിലയിൽ ഇന്ത്യൻഭാഷകളിൽ നോവൽ, വർത്തമാനപത്രത്തിനൊപ്പം നിർവഹിച്ച ദൗത്യങ്ങൾ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. സാഹിത്യ അക്കാദമിക്കുവേണ്ടി ഇ.വി. രാമകൃഷ്ണൻ എഡിറ്റുചെയ്ത ‘Narrating India: the Novel in search of the Nation’ എന്ന ഗ്രന്ഥത്തിലും (2005) ഈ ലേഖകൻ എഡിറ്റുചെയ്ത ‘മലയാളനോവൽ: ദേശഭാവനയും രാഷ്ട്രീയഭൂപടങ്ങളും’ എന്ന ഗ്രന്ഥത്തിലും (2008) നോവലും ദേശീയതയും തമ്മിലുള്ള ബന്ധം പല നിലകളിൽ പ്രശ്നവൽക്കരിക്കുന്ന പഠനങ്ങളുണ്ടു്. ഉരുവംകൊണ്ടു വരുന്ന ദേശരാഷ്ട്രത്തിന്റെ വാക്രൂപങ്ങളും സൂക്ഷ്മപാഠങ്ങളുമായി ഈ ഗ്രന്ഥങ്ങളിലെ പല പഠനങ്ങളും കൊളോണിയൽ നോവലിനെ വ്യാഖ്യാനിക്കുന്നു. തുടർന്നുള്ള കാലത്തെ നോവലുകളിലും ഭാവനാത്മക സമൂഹങ്ങളും ദേശാവബോധങ്ങളുമൊക്കെയായി ഈ രാഷ്ട്രീയം പ്രവർത്തിക്കുന്നു. ‘ഘാതകവധം’ മുതൽ ‘മരുഭൂമികൾ ഉണ്ടാകുന്നതു്’ വരെയുള്ള മലയാളനോവലുകളുടെ ആഖ്യാനത്തെ ദേശീയതയെക്കുറിച്ചുള്ള രാഷ്ട്രീയ ബോധങ്ങൾ സ്വാധീനിക്കുന്നതിനെക്കുറിച്ചു് 2005-ലെ ഗ്രന്ഥത്തിൽ അയ്യപ്പപ്പണിക്കരും ഉദയകുമാറും രാമകൃഷ്ണനും രാജകൃഷ്ണനുമുൾപ്പെടെയുള്ളവർ എഴുതുന്നുണ്ടു്. കെ. എൻ. പണിക്കരും രാമകൃഷ്ണനുമുൾപ്പെടെയുള്ളവരാണു് 2008-ലെ ഗ്രന്ഥത്തിലും സമാനമായ ചില അന്വേഷണങ്ങൾ നടത്തുന്നതു്. നോവൽ ഉൾപ്പെടെയുള്ള സാഹിത്യരൂപങ്ങളെ ആധാരമാക്കി ഇന്ത്യൻ ഭാഷകളിലെ ഭാഷാസാഹിത്യചരിത്രങ്ങളുടെ രചനയെ സമാനമായ രീതിശാസ്ത്രപദ്ധതിയിൽ പഠിക്കുന്ന ഗ്രന്ഥമാണു് ഹാൻസ്ഹാർഡർ എഡിറ്റുചെയ്ത Literature and Nationalist Ideology (2010).
10.
നോവലിന്റെ ആഖ്യാനകലയെക്കുറിച്ചുള്ള ഈ ചർച്ചയിൽ അവസാനമായി ചൂണ്ടിക്കാണിക്കാനുള്ളതു് ‘പൊതുമണ്ഡലവും നോവലും’ എന്ന വിഷയവും സമീപനവുമാണു്. 1960-കളിൽ ഹേബർമാസ് ആവിഷ്കരിച്ചതാണെങ്കിലും 1990-കളിൽ മാത്രമാണു് ഈ സങ്കല്പനം ജർമനിക്കു വെളിയിൽ കാര്യമായി ചർച്ചചെയ്യപ്പെട്ടു തുടങ്ങുന്നതു്. പൊതുവിൽ ആധുനികത, അച്ചടി, വായന, മധ്യവർഗം, ബഹുജനാഭിപ്രായം, ജനാധിപത്യം തുടങ്ങിയ പരികല്പനകളെ കൂട്ടിയിണക്കുന്ന ഒരു താക്കോൽവാക്കാണു് പൊതുമണ്ഡലം (Public sphere). സാഹിതീയ പൊതുമണ്ഡലത്തെക്കുറിച്ചുള്ള ഹേബർമാസിന്റെ ചർച്ചകളിൽ സാഹിത്യവിമർശനത്തിനാണു് മുഖ്യ ഊന്നലെങ്കിലും നോവലും വിശകലനം ചെയ്യപ്പെടുന്നുണ്ടു്. അച്ചടിക്കുശേഷം മാത്രം സാധ്യമായതും മധ്യവർഗത്തിന്റെ സാംസ്കാരിക താല്പര്യങ്ങൾ തൃപ്തിപ്പെടുത്തിയതും പ്രസാധകർ രൂപം കൊടുത്തതും സ്ത്രീകളുടെ വായനാഭിരുചി മുൻനിർത്തി എഴുതപ്പെട്ടതും പത്രപ്രവർത്തനത്തിന്റെ ഉപോല്പന്നവുമൊക്കെയായി നിർവചിക്കപ്പെട്ടിട്ടുള്ള നോവൽ, സാമൂഹ്യജീവിതത്തിന്റെ രേഖീകരണവും എഴുത്തിന്റെ ജനാധിപത്യവും ഒരേ സമയം സാധ്യമാക്കുകയായിരുന്നു. മുമ്പൊരു സാഹിത്യരൂപത്തിനും ഈ സ്വഭാവങ്ങളുണ്ടായിരുന്നില്ല. ഭരണകൂടത്തിന്റെയോ പള്ളിമതത്തിന്റെയോ സംരക്ഷണത്തിലല്ലാതെ, വിപണിയുടെ സാധ്യതകളുപയോഗപ്പെടുത്തി കലയും സാഹിത്യവും രൂപംകൊള്ളുന്നതു് പതിനെട്ടാം നൂറ്റാണ്ടിലാണു്. ബൂർഷ്വാപൗരസമൂഹത്തിന്റെ വിപണിസ്ഥാപനങ്ങളാണു് സാഹിത്യ പൊതുമണ്ഡലത്തെ നിർണയിച്ചിരുന്നതു് (“The literary public sphere was constituted by the market institutions of bourgeois civil society” —Keith Michael Barker in Habermas and the Public SphereCraig Calhaun, Ed. 1996:185). ഇവയിൽ ഏറ്റവും സവിശേഷമായത് നോവലായിരുന്നു. നവസാക്ഷര സമൂഹത്തിനായി രൂപം കൊണ്ട വിപണികലയാണു് നോവൽ. മൂന്നു സ്വഭാവങ്ങളാണു് നോവലിനെ വേറിട്ടുനിർത്തിയതെന്നു് ഹേബർമാസ് ചൂണ്ടിക്കാണിക്കുന്നുണ്ടു്. ഒന്നു് കഥയെക്കാൾ പ്രധാനം സോദ്ദേശ്യപരതക്കായി. കത്തെഴുത്തു പഠിപ്പിക്കൽ, വായനാശീലമുണ്ടാക്കൽ, പ്രാദേശിക ഭാഷകൾ സാഹിത്യയോഗ്യമാക്കൽ, സ്ത്രീകളുടെ മാനവിക മൂല്യവിചാരങ്ങളുറപ്പിക്കൽ എന്നിങ്ങനെ എത്രയോ ദൌത്യങ്ങളാണു് അവ ഏറ്റെടുത്തതും വൻതോതിൽ സ്ത്രീ വായനക്കാരുടെ പ്രീതി നേടിയെടുത്തതും. രണ്ടു്, വ്യക്തിയുടെ ആന്തരവികാരങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ തുറന്നവതരിപ്പിക്കുന്ന രീതി ഇതാദ്യമായി സാഹിത്യത്തിന്റെ സമീപനമായി മാറി. അതിലൂടെ പൊതു-സ്വകാര്യമണ്ഡലങ്ങളെ നോവൽ കൂട്ടിയിണക്കി. നോവലെഴുത്തുകാരും വായനക്കാരും ഒരുപോലെ നോവലിന്റെ വൈകാരികതയിലും മാനവികതയിലും പങ്കുചേരുന്നതിനെക്കുറിച്ചു് റിച്ചാർഡ്സൺന്റെ ‘പമേല’ ഉൾപ്പെടെയുള്ള നോവലുകൾ മുൻനിർത്തി ഹേബർമാസ് നടത്തിയ നിരീക്ഷണം പ്രസിദ്ധമാണു്.
11.
കുടുംബമെന്ന സാമൂഹ്യസ്ഥാപനത്തിന്റെ വ്യവസ്ഥപ്പെടലിനു സമാന്തരമാണു് നോവലിന്റെയും ആവിർഭാവം. സ്വകാര്യ, കുടുംബ ജീവിതത്തിലെ വൈകാരികാനുഭൂതികളെ (emotions) നോവൽ ചരിത്രവൽക്കരിക്കുകയും അതുവഴി മാനുഷികതയെ (humanness) പുനർനിർവചിക്കുകയും ചെയ്തു. നോവലിന്റെ ഉള്ളടക്കം മാത്രമായിരുന്നില്ല ഈ വൈകാരികതയും മാനുഷികതയും. അവ കർത്താവും വായനക്കാരും തമ്മിലുള്ള ബന്ധംതന്നെ പൊളിച്ചെഴുതി. വടവൃക്ഷങ്ങൾ പോലെ പടർന്നു പന്തലിക്കുന്ന കുടുംബങ്ങളുടെ കഥകൾ ചരിത്രത്തിന്റെ അനേകം ഒഴുക്കുകളിലൊന്നാണെന്നും അവ ലോകനോവലിന്റെ ഏറ്റവും പ്രിയപ്പെട്ട ഇതിവൃത്തങ്ങളിലൊന്നാണെന്നും ജയിൻ ഓസ്റ്റിന്റെ നോവലുകളെക്കുറിച്ചുള്ള പഠനത്തിൽ റെയ്മണ്ട് വില്യംസ് നിരീക്ഷിക്കുന്നുണ്ടു്. (The English Novel from Dickens to Lawrence എന്ന ഗ്രന്ഥം—1970) നോവലുകൾ തുടർച്ചയായിത്തന്നെ വായനക്കാരെ നേരിട്ടഭിസംബോധന ചെയ്ത് എഴുതുന്ന രീതി നിലവിൽവന്നു. ചരിത്രം, വസ്തുത, സത്യം, സംഭവിച്ചതു് എന്നിങ്ങനെയുള്ള വിശേഷണങ്ങൾ നോവലുകളിൽ പറയുന്ന കാര്യങ്ങളോടുള്ള വായനക്കാരുടെ ആഭിമുഖ്യം അങ്ങേയറ്റം വിശ്വാസ്യതയുള്ളതാക്കി മാറ്റി. പതിനെട്ടാം നൂറ്റാണ്ടു്, കലയുടെയും സാഹിത്യത്തിന്റെയും മണ്ഡലങ്ങളിൽ സൃഷ്ടിച്ച അടിസ്ഥാനപരമായ മാറ്റം, ബൂർഷ്വാസിയുടെ രൂപത്തിൽ ഉരുത്തിരിഞ്ഞ കലാസാഹിത്യാസ്വാദകരായ ഒരു വർഗത്തിന്റെ നിർമിതിയായിരുന്നു. കലാസാഹിത്യാദികളെ വിപണിവൽക്കരിച്ചുകൊണ്ടു നിലവിൽവന്ന ഈ മാറ്റം കലാസാഹിത്യപ്രവർത്തകരെ പള്ളിയുടെയും ഭരണകൂടത്തിന്റെയും പുറത്തേക്കുകൊണ്ടു വന്നു. ഇതു് ഏറ്റവും കൂടുതൽ പ്രകടമായതു് നോവലിലായിരുന്നു (Edgar Andrew, 2006: 125). പതിനെട്ടാം നൂറ്റാണ്ടിന്റെ സാഹിത്യരൂപമായി നിലവിൽവന്ന നോവൽ നവമധ്യവർഗത്തിന്റെ സാംസ്കാരികോല്പന്നമെന്ന നിലയിൽ വളരെവേഗം ഖ്യാതിനേടി. നോവലിന്റെ ഉത്ഭവം കത്തുകളിലും ഡയറിക്കുറിപ്പുകളിലും നിന്നാണെന്നു് ഹേബർമാസ് പറയുന്നുണ്ട് (1993: 48-50). ആദ്യകാല നോവലുകൾ പലതും കത്തുകളുടെയും ഡയറിക്കുറിപ്പുകളുടെയും ശേഖരം തന്നെയാണു്. മധ്യവർഗത്തെ ‘എഴുതാൻ’ പഠിപ്പിക്കുക എന്നുതന്നെയായിരുന്നു നോവലിന്റെ പ്രഥമ ദൗത്യം. കഥയും ഭാവനയുമൊക്കെ പിന്നീടേ പ്രസക്തമാകുന്നുള്ളു. ആ ‘എഴുത്താ’ കട്ടെ, വെറുതെയുള്ള എഴുത്തല്ല, വ്യക്തികളുടെ ആന്തരവികാരങ്ങൾ പരസ്യമായും കലാത്മകമായും ആവിഷ്കരിക്കുക തന്നെയായിരുന്നു. ഗെല്ലർട്ടി ന്റെ വാക്കുകളിൽ പറഞ്ഞാൽ ‘ആത്മാവിന്റെ മുദ്ര പതിഞ്ഞവയും ഹൃദയരക്തം കൊണ്ടെഴുതപ്പെട്ടവയുമായിരുന്നു’ ആ എഴുത്തുകൾ (Habermas, 1993: 49). ഹേബർമാസ് എഴുതുന്നു: “…Thus the directly or indirectly audience oriented subjectivity of the letter exchange or diary explained the origin of the typical genre and authentic literary achievement of that century: the domestic novel, the psychological description in autobiographical form” (1993:49). സ്വകാര്യ-പൊതുമണ്ഡലങ്ങൾ തമ്മിലുള്ള ഇണക്കുകണ്ണിയായി നോവൽ ഉൾപ്പെടെയുള്ള സാഹിത്യരൂപങ്ങൾ മാറുന്നതങ്ങനെയാണു്. മലയാളത്തിൽ നവോത്ഥാനാധുനികതയുടെ സാംസ്കാരിക ജനാധിപത്യ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിൽ ഈ സാഹിത്യരൂപം വഹിച്ച പങ്കു് നോവലും പൊതുമണ്ഡലവും തമ്മിലുള്ള ബന്ധം മുൻനിർത്തി വിശദമായി ചർച്ചചെയ്യുന്ന ഒരു ലേഖനം ഈ ലേഖകന്റെ പൊതുമണ്ഡലവും മലയാളഭാവനയും എന്ന ഗ്രന്ഥത്തിൽ (കൈരളിബുക്സ്, കണ്ണൂർ—2014) ചേർത്തിട്ടുണ്ടു്. മേല്പറഞ്ഞ നോവൽ വിമർശനസന്ദർഭങ്ങളും അവ ആഖ്യാനത്തെക്കുറിച്ചുന്നയിച്ച കാഴ്ചപ്പാടുകളും മുൻനിർത്തി ചിന്തിച്ചാൽ പ്രാഥമികമായും നോവലിനെ മറ്റെല്ലാ വ്യവഹാരങ്ങളെയും പോലെ ഒരു ആഖ്യാനമായി (നിർമിതിയും പാഠരൂപവും) കാണാം. ഗണമോ രൂപമോ കൃതിയോ ആകട്ടെ, അതു രൂപംകൊള്ളുന്ന സാംസ്കാരിക പശ്ചാത്തലം മുതൽ അതിനെക്കുറിച്ചുണ്ടാകുന്ന ഭിന്നവായനകൾ വരെ ഇവിടെ പരിഗണിക്കേണ്ടി വരുന്നു. അങ്ങനെ വരുമ്പോൾ ഭാഷാ ശൈലിയോ ഭാഷണ രീതിയോ എഴുത്തിന്റെ സാങ്കേതിക തന്ത്രങ്ങളോ മാത്രമല്ല ആഖ്യാനം എന്നു തിരിച്ചറിയാം. നോവലിന്റെ ഘടനയോ പ്രമേയത്തിന്റെ വിന്യാസ ക്രമമോ കഥപറച്ചിൽ രീതിയോ രൂപസംവിധാനമോ മാത്രവുമല്ല, അതു്. മറിച്ചു്, നോവലിനെ സാധ്യമാക്കുന്ന ചരിത്ര സന്ദർഭങ്ങളും സാംസ്കാരികാനുഭവങ്ങളും മുതൽ നോവലിന്റെ വായന സൃഷ്ടിക്കുന്ന അനുഭൂതിയുടെ നാനാർഥങ്ങൾ വരെ ഉൾക്കൊളളുന്ന പ്രത്യയ ശാസ്ത്രഘടനയാണു് ആഖ്യാനം.
images/Chinua_Achebe.jpg
ചിനു അച്ചേബ

ചുരുക്കത്തിൽ നോവലിന്റെ എഴുത്തിലും പ്രസാധനത്തിലും വിതരണത്തിലും വായനയിലും വിശകലനത്തിലും ഒരുപോലെ പ്രസക്തമാകുന്ന നിരവധി ഘടകങ്ങൾ മുൻനിർത്തി മാത്രമേ ആഖ്യാനത്തെ പഠിക്കാൻ കഴിയൂ. ഇത്തരം പഠനസാധ്യതകളിൽ പ്രധാനപ്പെട്ട ചിലതു് ഇവിടെ സൂചിപ്പിക്കാം.

  1. അച്ചടിയുടെ വ്യാപനവും ഭാഷയുടെ വിനിയോഗവും നോവലിന്റെ ഉദയവും മറ്റും രൂപപ്പെടുത്തുന്ന ഭാവുകത്വപശ്ചാത്തലം മുൻനിർത്തിയുള്ള വിശകലനം. വാൾട്ടർ ബൻയമിൻ, മിഖായേൽ ബക്തിൻ, ഹേബർമാസ് തുടങ്ങിയവരുടെ കാഴ്ചപ്പാടുകൾ ഓർമിക്കുക.
  2. നോവൽരൂപത്തിന്റെ മൌലികത, ഇതര രൂപങ്ങളിൽനിന്നു് അതിനുള്ള വ്യത്യാസം എന്നിവയിൽ ഊന്നുന്ന ആഖ്യാനപഠനം. അഥവാ രൂപവും പ്രത്യയശാസ്ത്രവും എന്ന നിലയിൽ നോവലിനു നിർവഹിക്കാവുന്ന പഠനം. മിഖായേൽ ബക്തിൻ, റൊളാങ് ബാർത്ത്, ജൂലിയ ക്രിസ്തേവ, ഫ്രെഡറിക് ജയിംസൺ എന്നിങ്ങനെ നിരവധി വിമർശകരുടെ നോവൽ സമീപനങ്ങൾ ഓർക്കുക.
  3. നോവലിനെ നിർമിച്ച സാഹിത്യ പൊതുമണ്ഡലം, നോവലിന്റെ മധ്യ വർഗപരത, നോവലിന്റെ വായനാ സംസ്കാരം തുടങ്ങിയവ മുൻനിർത്തുന്ന പഠനം. ‘സാഹിത്യം’ എന്ന വ്യവഹാരത്തെത്തന്നെ പ്രാഥമികമായും വായനാ രൂപമെന്ന നിലയിൽ നിർവചിക്കുന്ന റെയ്മണ്ട് വില്യംസിന്റെ ചിന്തകൾ മാത്രമല്ല, ഇയാൻ വാട്ട് മുതലുള്ള മിക്ക മാർക്സിയൻ നിരൂപകരും ഹേബർമാസും നോവലിനെക്കുറിച്ചുന്നയിക്കുന്ന കാഴ്ചപ്പാടുകളും ഉദാഹരണം.
  4. സ്ഥലം, കാലം, ഭാഷ, ദേശീയത, മതം, ജാതി, വംശം തുടങ്ങിയ സംവർഗങ്ങളുടെ സാന്നിധ്യം നിർണയിക്കുന്ന സാമൂഹികതയുടെ പഠനം. കോളനിയനന്തരവാദപരവും ദേശീയതാവാദപരവുമായ നോവൽചർച്ചകൾ സൂചിതം.
  5. ചരിതം, ഭിന്നപാഠരൂപങ്ങളിൽ നോവലിൽ സന്നിഹിതമാകുന്നതിന്റെ പഠനം. ഒപ്പം നോവലിലെ സമാനമായ ഇതര വ്യവഹാരങ്ങളുടെ അപഗ്രഥനവും. നവചരിത്രവാദം, സാംസ്കാരിക ചരിത്രമെന്ന നിലയിൽ നോവലിനെ പഠിക്കുന്നതിന്റെ ഭിന്നമാതൃകകൾ റെയ്മണ്ട് വില്യംസും ഹെയ്ഡൻ വൈറ്റും ലിൻഡാ ഹച്ചിയണും ഫ്രെഡറിക് ജയിംസണുമൊക്കെ അവതരിപ്പിക്കുന്നതോർക്കുക.
  6. സ്വത്വരാഷ്ട്രീയനിർമിതികളുടെ നോവൽ സാധ്യതകളെക്കുറിച്ചുള്ള വിശകലനം. ലിയോത്താർ അവതരിപ്പിച്ച ബൃഹദാഖ്യാനങ്ങളുടെ തകർച്ച മുതൽ കോളനിയനന്തരവാദമവതരിപ്പിക്കുന്ന കീഴാളപഠനങ്ങൾ വരെ ഉദാഹരണമാണു്. ലിംഗപദവീപഠനങ്ങൾ വിശേഷിച്ചും.
  7. നവവിമർശനം രൂപപ്പെടുത്തിയ രീതിയിൽ നോവലിന്റെ ഭാഷയെ ക്രേന്ദീകരിക്കുന്ന പാഠവായനയും ഗാഢവായനയും. വായനയെന്നപോലെ, പുനർവായനകൾ സൃഷ്ടിക്കുന്ന നവപാഠങ്ങളെ ആധാരമാക്കുന്ന രീതിയും പ്രസക്തമാകുന്നു.
  8. നോവലിന്റെ എഴുത്തുസാങ്കേതികതകൾ, പ്രകാശന/പ്രസിദ്ധീകരണ മാധ്യമം, അക്ഷരത്തെയും പുസ്തകത്തെയും മറികടക്കുന്ന ഗ്രാഫിക് നോവൽ മുതൽ ഇ-നോവൽ വരെ തുടങ്ങിയവയൊക്കെ മുൻനിർത്തുന്ന പഠനം. എഴുത്തിലെന്നപോലെ പ്രസാധനത്തിലും വിതരണത്തിലും വായനയിലും നടക്കുന്ന സാങ്കേതികവിപ്ലവം നോവലിന്റെ ആഖ്യാനകലയെ തലകീഴ്മറിക്കുന്നതിന്റെ മാതൃകകൾ.
  9. ആധുനികതയിലെന്നപോലെ ആധുനികാനന്തരതയിൽ വരേണ്യ-ജനപ്രിയ വിഭജനയുക്തികൾ അത്രമേൽ പ്രസക്തമല്ല എന്നു് നാം കണ്ടു. പ്രമേയതലം മുതൽ ആവിഷ്കാരതലം വരെ; ഭിന്നവിജ്ഞാനങ്ങളുടെ സാന്നിധ്യം മുതൽ ഇതര മാധ്യമങ്ങളുടെ പ്രഭാവം വരെ-ഓരോ തലത്തിലും ജനപ്രിയതയുടെ സമവാക്യങ്ങളെ സമകാല നോവൽ സ്വീകരിക്കുന്നതിന്റെ പഠനം.
  10. സവിശേഷമായ ചില എഴുത്തുരീതികൾ നോവലിന്റെ ഭാവുകത്വത്തെ പരിണമിപ്പിക്കുന്നതിന്റെ വിശകലനം. അതികഥ, പാഠാന്തരത, സൈബർ ഫിക്ഷൻ, പാസ്റ്റിഷ്, പാരനോയിയ, ഫാബുലേഷൻ… എന്നിങ്ങനെ ആധുനികാനന്തര നോവലിന്റെ സ്വരൂപഘടനകളായി ചൂണ്ടിക്കാണിക്കപ്പെടുന്ന എഴുത്തുരീതികൾ മലയാളത്തിലും രൂപംകൊണ്ടുകഴിഞ്ഞിട്ടുണ്ടു്. ഇവയെക്കുറിച്ചുള്ള ശ്രദ്ധേയമായ ചില പഠനങ്ങളും വന്നുകഴിഞ്ഞു. ‘പാരനോയിയ’ എന്ന സങ്കല്പനം മുൻനിർത്തി രചിച്ച ‘ഫ്രാൻസിസ് ഇട്ടിക്കോര’യെക്കുറിച്ചുള്ള പി. കെ. രാജശേഖര ന്റെ ദീർഘമായ പ്രബന്ധം ഉദാഹരണം (മലയാളം റിസർച്ച് ജേണൽ, 2013 മെയ്–ഓഗസ്റ്റ് ലക്കത്തിൽ).

ഈയൊരു പശ്ചാത്തലത്തിൽ വേണം മലയാളനോവലിന്റെ ആഖ്യാന പരിണാമങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടു്, ആധുനികാനന്തരഘട്ടത്തിൽ ആ കലയ്ക്കു കൈവന്ന ഭാവുകത്വ സ്വരൂപങ്ങൾ ചർച്ചചെയ്യാൻ.

രണ്ടു്
images/Edwin_Muir.jpg
എഡ്വിൻ മ്യൂർ

മലയാള നോവലിന്റെ നാളിതുവരെയുള്ള ആഖ്യാനകലാ പരീക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മുഖ്യമായും നാലുഘട്ടങ്ങളിൽ ഊന്നിയുള്ള വിശകലനം സാധ്യമാകും എന്നു കാണാം. കൊളോണിയൽ ആധുനികത (1950–1950), ദേശീയാധുനികത (1890–1950), ആധുനികതാവാദം (1950–1990), ആധുനികാനന്തരത (1990–) എന്നിങ്ങനെ. ഈ ഓരോ ഘട്ടത്തിലും പ്രാമുഖ്യം നേടിയ നോവലിന്റെ ആഖ്യാനകലകളെ കുറെക്കൂടി സൂക്ഷ്മമായി വിശകലനം ചെയ്താൽ പതിനൊന്നു തലങ്ങളിലേക്കു് അതു വ്യാപിപ്പിക്കാനും കഴിയും. സംഭവം, ക്രിയ തുടങ്ങിയവയുടെ (ക്രമം, രേഖീകരണം, കഥപറച്ചിലിന്റെ രീതി, ശൈലി, ഭാഷ എന്നിവയെക്കാൾ നോവലിന്റെ രൂപം, മാതൃക, ഘടന എന്നിവയുടെ നിർമിതിയെ നിർണയിക്കുന്ന രാഷ്ട്രീയത്തെയാണു് ഈ വിഭജനത്തിനു മാനദണ്ഡമാക്കുന്നതു്. ഇവ ഇങ്ങനെ സംഗ്രഹിക്കാം:

images/E_M_Forster.jpg
ഇ. എം. ഫോസ്റ്റർ

കൊളോണിയൽ ആധുനികതയുടേതെന്നു വിളിക്കാവുന്ന ഒന്നാംഘട്ടത്തിൽ മുഖ്യമായും മൂന്ന് തലങ്ങളാണുള്ളതു്. കീഴാള നോവലുകളിലൂടെ മിഷനറിമാരും മിഷനറി രാഷ്ട്രീയം പങ്കുപറ്റിയവരുമായ എഴുത്തുകാർ മുന്നോട്ടുവച്ച ദലിത് സാമൂഹികതയുടെ രാഷ്ട്രീയമാണു് ആദ്യത്തേതു്. മലയാളത്തിൽ നടാടെ മനുഷ്യജീവിതം ആവിഷ്കൃതമായ സാഹിത്യ-ഭാവനാരൂപമെന്ന നിലയിൽ മാത്രമല്ല, ഘാതകവധവും പുല്ലേലിക്കുഞ്ചുവും സരസ്വതീവിജയവുമടങ്ങുന്ന ഒന്നാംഘട്ട നോവലിനെ മനസ്സിലാക്കേണ്ടത്. കേരളീയ സാമൂഹ്യ ചരിത്രത്തിലും മലയാള സാഹിത്യചരിത്രത്തിലും നടന്ന കീഴാള രാഷ്ട്രീയ-സാംസ്കാരിക വിപ്ലവമായിക്കൂടിയാണു്. പ്രൊട്ടസ്റ്റന്റ് മാനവികതയുടെ പ്രത്യയശാസ്ത്ര പിൻബലത്തിൽ അച്ചടിക്കും വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കുമൊപ്പം സംഭവിച്ച ആധുനികതയുടെ സാംസ്കാരിക വ്യതിയാനങ്ങളുടെ മാനിഫെസ്റ്റോകളായിരുന്നു ലോകത്തെവിടെയുമെന്നപോലെ മലയാളത്തിലും വർത്തമാന പത്രങ്ങൾക്കൊപ്പം നോവലുകളും. ബക്തിനിയൻ, ഹേബർമാസിയൻ പരികല്പനകൾ എത്രയും യുക്തിസഹമായി ഇണക്കിച്ചേർക്കാവുന്ന സാംസ്കാരിക പശ്ചാത്തലങ്ങളിലാണു് നോവലിന്റെ രാഷ്ട്രീയ സാധ്യതകൾ മതമൂല്യ വിമർശനം മുതൽ ജാതി വിവേചന വിമർശനം വരെയുള്ള മണ്ഡലങ്ങളിലേക്കു വ്യാപിപ്പിച്ച രചനകളുടെ ഈ കാലം പ്രസക്തമാകുന്നതു്. ദലിത്, സ്ത്രീ കർതൃത്വങ്ങൾക്ക് സാഹിത്യത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠ ലഭിക്കുന്ന ചരിത്ര മുഹൂർത്തം. ഇംഗ്ലീഷിനോട് വിവർത്തനപരവും സ്വാധീനതാപരവും ഭാവുകത്വപരവുമായ ബന്ധങ്ങൾ രൂപപ്പെടുക വഴി മലയാള നോവലിന്റെ ഘടനയും ശൈലിയും വ്യവസ്ഥാപിതമായ ഘട്ടം. ഭാഷയും ആഖ്യാനവും നോവൽവൽക്കൃതമാകുന്ന ആദ്യ സന്ദർഭം. അച്ചടിയും എഴുത്തും വായനയും പുസ്തകവും ജനകീയമായി മാറുന്ന വഴിത്തിരിവു്.

സാമൂഹ്യജ്ഞാന വ്യവഹാരങ്ങൾ നോവലിന്റെ ആഖ്യാനഘടനയിൽ ഇണങ്ങിച്ചേർന്ന സവർണ, സമുദായ നോവലുകളുടേതാണു് ഈ ഘട്ടത്തിലെ രണ്ടാമത്തെ ആഖ്യാനകല. ഇന്ദുലേഖയിൽ തുടങ്ങി, ‘അപ്ഫന്റെ മകളി’ലൂടെ നീളുന്ന ഇത്തരം നോവലുകളുടെ സാമൂഹ രാഷ്ട്രീയവും മുമ്പു സൂചിപ്പിച്ച നോവൽ ഭാവുകത്വം പോലെതന്നെ പിൽക്കാല മലയാള ഭാവനയെ ഏറെ സ്വാധീനിച്ച ഒന്നാണു്. 1880-കളുടെ അവസാനത്തോടെ നോവലിനെക്കുറിച്ചു് മാറിവന്ന ധാരണകൾ സൃഷ്ടിച്ച എഴുത്തുരീതിയുടെ പുതുമകൾ, ഇംഗ്ലീഷ്-യൂറോപ്യൻ നോവൽ മാതൃകകളുടെ വൈവിധ്യമാർന്ന സ്വാധീനങ്ങൾ, റിയലിസത്തിന്റെ ഭാവുകത്വപരമായ വ്യവസ്ഥാപനം, നോവൽ വായനാ സമൂഹത്തിനു സംഭവിച്ച മാറ്റം, ദേശീയതാ ബോധത്തിന്റെയും സാമൂഹ്യാനുഭവങ്ങളുടെയും പുതിയ മാനങ്ങളിൽ നോവലിനു കൈവന്ന വിനിമയമൂല്യം, അച്ചുകൂടങ്ങളുടെയും പത്രമാധ്യമങ്ങളുടെയും വ്യാപനത്തോടെ നോവലിന്റെ എഴുത്തിലും പ്രസാധനത്തിലും വിതരണത്തിലും വായനയിലും വിമർശനത്തിലും മറ്റുമുണ്ടായ കുതിപ്പ്, നവോത്ഥാനാധുനികതയുടെ പൊതുവും കേരളീയാധുനികതയുടെ സവിശേഷവുമായ മൂല്യമണ്ഡലങ്ങളെ നോവൽവൽക്കരിക്കുന്നതിന്റെ സാധ്യതകൾ… വായനകളിലും പുനർവായനകളിലും കൂടി മലയാള നോവലിനു നിർമിച്ചുകിട്ടിയിട്ടുള്ള കലാപദവികളുടെ ശ്രദ്ധേയമായ ചരിത്രസ്ഥാനമാണു് ഈ തലം.

images/V_Rajakrishnan.jpg
രാജകൃഷ്ണൻ

ഒന്നാംഘട്ടത്തിലെ മൂന്നാമത്തെ ആഖ്യാനകല ചരിത്രനോവലുകളുടേതാണു്. രാഷ്ട്രീയനോവലുകൾ എന്നും വിളിക്കാവുന്ന ഈ ഗണത്തിൽ സി. വി. രാമൻപിള്ള യും നാരായണക്കുരുക്കളും മുതൽ കെ. എം. പണിക്കർ വരെയുള്ളവരുടെ രചനകൾ പെടുന്നു. ഭാഷയിലും ശൈലിയിലും പുലർത്തുന്ന വൈവിധ്യം, ഭൂതകാലഭക്തി, സമകാല ഭരണ-രാഷ്ട്രീയവസ്ഥകളുടെ വിമർശനം, ഇതിഹാസപുരാണങ്ങൾ മുതൽ ക്ലാസിക്കൽ കലകൾ വരെയുള്ള ഭിന്നങ്ങളായ കേരളീയ ആഖ്യാനപാഠങ്ങളെ നോവലിന്റെ കലയിൽ കൂട്ടിയിണക്കാനുള്ള ശ്രമം, ജാതി-ലിംഗബോധ്യങ്ങളുടെ കാലാതീതമായ സന്നിവേശം, വീരനായകസങ്കല്പത്തിന്റെ ക്ലാസിക്കൽ നിയോക്ലാസിക്കൽ ഭാവനകളിൽ നിന്നുള്ള വിട്ടുപോരൽ, നോവലും ദേശീയതയുമായുള്ള ബന്ധത്തിൽ സൃഷ്ടിക്കുന്ന വിസ്മയകരമായ പൊളിച്ചെഴുത്തുകൾ… ഒട്ടേറെ മണ്ഡലങ്ങളിലേക്കു സഞ്ചരിച്ചുപോകുന്ന സവിശേഷമായ ഒരു ആഖ്യാനകലയുടെ നോവൽമാതൃകകളാണു് ഈ ഗണത്തിലുള്ളതു്.

ദേശീയാധുനികത എന്നു വിളിക്കാവുന്ന രണ്ടാംഘട്ടത്തിൽ, പൊതു സാമൂഹികതയുടെ കടന്നുവരവും കേരളീയ നവോത്ഥാനത്തിന്റെ സംഘർഷങ്ങളും നോവലിന്റെ ആഖ്യാനകലയിൽ രൂപംകൊടുത്ത വഴികൾ മേല്പറഞ്ഞവയിൽനിന്നു തികച്ചും ഭിന്നമാണു്. ഒരുവശത്തു് ‘പാവങ്ങൾ’ തൊട്ടുള്ള പാശ്ചാത്യനോവൽതർജമകളുടെ പ്രഭാവം. മറുവശത്തു് ഇന്ത്യൻദേശീയതയുടെ രാഷ്ട്രീയസ്വാധീനം. ഒരുവശത്തു് ആഗോള ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രഭാവം. മറുവശത്തു് പ്രാദേശികതയുടെ ജൈവ രാഷ്ട്രീയം-‘നവോത്ഥാന കഥാസാഹിത്യം’ എന്നു പേരുകേട്ട രാഷ്ട്രീയ ഭാവനയിലേക്കു വളർന്നെത്തുന്ന ഒരു ഉഭയജീവിതം ഈ ഘട്ടത്തിലെ മലയാള നോവലുകൾക്കുണ്ട്. മുഖ്യമായും 1940-’50 ദശകങ്ങളിൽ, സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പുമായി, അഥവാ കേരളത്തിൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തുന്നതിന്റെ പശ്ചാത്തലത്തിൽ സംഭവിക്കുന്ന നോവൽ ഭാവനയുടെ ഈ രാഷ്ട്രീയപരിണാമം തകഴി, ദേവ് തുടങ്ങിയവരിൽനിന്നു മുന്നോട്ടുപോയി ഗാന്ധിയൻ മാനവികതയുടെയും (ബഷീർ, ഉറൂബ്…) ജനപ്രിയവായനയുടെയും (പാറപ്പുറത്ത്, മുട്ടത്തു വർക്കി…) ഇരുകൈവഴികളിലൂടെ പരന്നൊഴുകിയാണു് ആധുനികതാവാദത്തിന്റെ (എം. ടി, കോവിലൻ, വി. കെ. എൻ, സുരേന്ദ്രൻ, വിലാസിനി…) ആദ്യപടവുകളിലെത്തുന്നതു്.

images/Henry_James.jpg
ഹെൻറി ജയിംസ്

ആധുനികതാ വാദത്തിന്റെ മൂന്നാംഘട്ടത്തിൽ, പ്രത്യക്ഷത്തിൽതന്നെ മൂന്നു കലാമാർഗങ്ങൾ മലയാള നോവലിൽ പ്രകടമാകുന്നു. തൊട്ടുമുൻഘട്ടത്തിൽ പ്രകടമായ ഇടത്-പുരോഗമന-സോഷ്യലിസ്റ്റ് റിയലിസ്റ്റ്-സാമൂഹ്യഭാവുകത്വത്തിൽനിന്നു് ഭിന്നമായ ഗാന്ധിയൻ മാനവികതയുടെയും ചരിത്ര വിശകലനത്തിന്റെയും തലമാണു് ഒന്ന്. മുഖ്യമായും 1950-80 കാലം. കാല്പനിക-ജനപ്രിയ ആധുനികതയുടേതാണു് രണ്ടാമത്തെ തലം (1950-’90 കാലം). ആധുനികതാ വാദത്തിന്റെ തന്നെ ദന്തഗോപുരവൽക്കരണം മുന്നിട്ടുനിന്ന 1970-80 ദശകങ്ങൾ പ്രകടമാക്കിയ ‘രാഷ്ട്രീയ ആധുനികത’ (സച്ചിദാനന്ദന്റെ പ്രയോഗം) യുൾപ്പെടെയുള്ള രീതികൾ ഉൾപ്പെടുന്നതാണു് മൂന്നാമത്തെ തലം.

മത, ജാതി വിമർശനങ്ങളുടെയും ജനാധിപത്യ സംവാദങ്ങളുടെയും ഗാന്ധിയൻ ദേശീയതാ-മാനവികതാ ബോധ്യങ്ങളുടെയും യുക്തി-സൗന്ദര്യചിന്തകളുടെയുമൊക്കെ സാന്നിധ്യവും സ്വാധീനവും മലയാള ഭാവനയിൽ ഏറ്റവും മൂർത്തമായി ഏകീഭവിച്ച നോവൽ കല ബഷീർ-ഉറൂബ്-കോവിലൻ-വി. കെ. എൻ. എന്നിവരിലാണു് ഈ ഘട്ടത്തിൽ പ്രകടമാകുന്നതു്. പിന്നീടു് ഈ ധാര ആനന്ദിലേക്കു നീളുകയും ചെയ്തു. കൽക്കത്താ തീസിസിന്റെയും ഗാന്ധിവധത്തിന്റെയും രാഷ്ട്രീയാഘാതം സൃഷ്ടിച്ച ആധുനികതാ വാദത്തിന്റെ ബാക്കിപത്രങ്ങളായിരുന്നു, കമ്യൂണിസത്തോടും സോഷ്യലിസ്റ്റ് റിയലിസത്തോടും മറ്റുമുള്ള വിയോജിപ്പും ഉദാര മാനവികതയോടുള്ള ആഭിമുഖ്യവുമായി മലയാളഭാവനയെ 1950-കളിൽ നവീകരിച്ച രചനകൾ ഏതാണ്ടൊന്നടങ്കം. ഭരണകൂടം, അധികാരം, പുരുഷാധിപത്യം തുടങ്ങിയവയോടുള്ള നിശിതമായ വിമർശനവും സ്ത്രീയുടെ കർതൃത്വം ആഖ്യാനത്തിന്റെ കേന്ദ്രത്തിലേക്കു മാറുന്ന പ്രകിയയും ഈ ഘട്ടത്തിന്റെ മുഖമുദ്രകളായി. വരേണ്യചരിത്രത്തിന്റെ വിമർശനവും അപനിർമാണവും ദേശീയതയുടെ അയുക്തികളോടുള്ള വിയോജിപ്പും അതിനു പിന്തുണ നൽകി കൂടെനിന്നു.

images/Leslie_Stephen.jpg
ലെസ്ലി സ്റ്റീഫൻ

എം. ടി, പാറപ്പുറത്ത്, സുരേന്ദ്രൻ, വിലാസിനി, മുട്ടത്തുവർക്കി, കാനം ഇ. ജെ, കോട്ടയം പുഷ്പനാഥ്, പമ്മൻ തുടങ്ങിയവരിൽനിന്നു് മാത്യുമറ്റം, ജോയ്സി, ബാറ്റൺബോസ് തുടങ്ങിയവരിലേക്കു വളർന്ന, മലയാളനോവലിന്റെ ചരിത്രത്തിലെ ഏറ്റവും ജനപ്രിയമായ എഴുത്ത്-വായനാ ഘട്ടത്തിൽ രൂപംകൊടുത്ത നോവൽ കലയാണു് മറ്റൊരു തലം. വായനശാലകൾ, പുസ്തകപ്രസാധകർ, ആനുകാലികങ്ങൾ എന്നീ മൂന്നു ഘടകങ്ങൾ ചേർന്നു്, സാക്ഷരതാവിപ്ലവത്തിന്റെ പിന്തുണയിൽ നോവലിന്റെ വായനയിൽ സൃഷ്ടിച്ച വൻ കുതിപ്പിനൊപ്പം പ്രസക്തമാണു് ചലച്ചിത്ര രൂപാന്തരം നോവലുകളുടെ ജനപ്രീതിയിൽ സൃഷ്ടിച്ച മുന്നേറ്റവും. പ്രണയ ഭാവനയ്ക്കു ലഭിച്ച മേൽക്കോയ്മയും കാല്പനിക ഭാവനയ്ക്കു കൈവന്ന ഗദ്യസ്വരൂപവും ചേർന്ന് നോവലിന്റെ എഴുത്തും പ്രചാരവും വായനയും അങ്ങേയറ്റം ജനപ്രിയമാക്കി നിലനിർത്തുകയും ചെയ്തു. തൊണ്ണൂറുകളുടെ തുടക്കത്തിലാരംഭിക്കുന്ന ടെലിവിഷൻ പരമ്പരകളുടെ പ്രചാരംവരെ നിലനിന്ന, നാലുപതിറ്റാണ്ടിന്റെ ഈ നോവൽ കാലം ഭാഷയിലും ഭാവനയിലും എന്നതിനെക്കാൾ പ്രസാധനത്തിലും വിതരണത്തിലും വായനയിലും സൃഷ്ടിച്ച വിപണി വിപ്ലവമാണു് ആ സാഹിത്യ രൂപത്തിന്റെ ആഖ്യാന കലയെ പ്രാഥമികമായും നിർണയിച്ചതു് എന്നും കാണാം.

ആധുനികതാവാദത്തിന്റെ മൂന്നാം തലം, വി. കെ. എൻ,കോവിലൻ എന്നിവരിൽ തുടക്കമിട്ട് വിജയൻ, ആനന്ദ്, കാക്കനാടൻ, മുകുന്ദൻ, കുഞ്ഞബ്ദുള്ള, സേതു, സുകുമാരൻ തുടങ്ങിയവരിലൂടെ മുന്നോട്ടുപോയ ഒന്നാണു്. എഴുത്തിന്റെ സാങ്കേതികതയിലും (അലിഗറി, ഫാന്റസി, മിത്ത്, സറ്റയർ …) നോവലിന്റെ ഭൂമിശാസ്ത്ര പശ്ചാത്തലത്തിലും (ഉത്തരേന്ത്യ, ദൽഹി) ഒരേസമയം തന്നെയുള്ള ആത്മീയതാവാദത്തിലും (വിജയൻ, സുകുമാരൻ) ആത്മീയതാ നിരാസത്തിലും (വി.കെ.എൻ, കോവിലൻ, ആനന്ദ്…) കമ്യൂണിസത്തിന്റെ സർവാധിപത്യ രാഷ്ട്രീയത്തോടുള്ള നിശിതമായ എതിർപ്പിലും (ഏതാണ്ടു് മുഴുവൻ പേരും) പ്രാദേശികതാ സ്വത്വവാദത്തിലേക്കുള്ള തിരിച്ചുപോക്കിലും (വിജയൻ, കോവിലൻ…) ചരിത്രത്തിന്റെ പ്രശ്നവൽക്കരണത്തിലും (വി.കെ.എൻ, കോവിലൻ, വിജയൻ, ആനന്ദ്, സി. ആർ. പരമേശ്വരൻ …) മറ്റും മറ്റും ഈ ഘട്ടം സൃഷ്ടിച്ച ആഖ്യാന പരീക്ഷണങ്ങൾ ആസൂത്രിതമായി എഴുത്തിന്റെയും വായനയുടെയും തലങ്ങളിൽ മലയാള നോവലിന് അക്കാദമികവും വരേണ്യവുമായ ഒരു ദന്തഗോപുര സ്വഭാവം നിർമിച്ചുനൽകുകയും ചെയ്തു. മറുവശത്തു് ജനപ്രിയ നോവലിന്റെ കാല്പനിക ഭാവുകത്വവും കാവ്യാത്മക റിയലിസവും സജീവമായി നിലനിന്നതുകൊണ്ടു് വിശേഷിച്ചും. സാഹിത്യത്തിൽ മാത്രമല്ല സിനിമ, നാടകം, ചിത്ര-ശില്പകലകൾ, സംഗീതം തുടങ്ങിയ മുഴുവൻ കലാമണ്ഡലങ്ങളിലും മലയാളഭാവനയിൽ ഉദാത്ത-ജനപ്രിയ വിവേചനം ശക്തമായ കാലമായിരുന്നു ഇതെന്നും ഓർക്കണം. നിരവധി സാമൂഹിക സ്ഥാപനങ്ങളുടെയും രാഷ്ട്രീയ നിലപാടുകളുടെയും സൃഷ്ടിയായിരുന്നുവല്ലോ ഈ സാംസ്കാരിക വരേണ്യവാദം. നോവലിന്റെ വരേണ്യ സൗന്ദര്യശാസ്ത്രവും കേവലം ഭാവനാപരം മാത്രമായിരുന്നില്ല.

മൂന്നു്
images/Roland_Barthes_Vertical.jpg
റൊളാങ് ബാർത്ത്

ആധുനികാനന്തരതയുടെ ഘട്ടത്തിലാകട്ടെ, മുഖ്യമായും നാലുതലങ്ങളിലാണു് നോവലിന്റെ ആഖ്യാനകല വേരുപടർത്തി നിൽക്കുന്നതു്. യഥാക്രമം, സാമൂഹികതയുടെ തിരിച്ചുവരവ്, ചരിത്രാത്മകത, ജനപ്രിയതയുടെ ആധുനികാനന്തര സ്വരൂപം, എഴുത്തിന്റെ സാങ്കേതികത എന്നിവ മുൻനിർത്തിയാണു് ഈ വിഭജനം ഇവിടെ സൂചിപ്പിക്കുന്നതു്. അഭയാർഥികൾ (1984) തൊട്ടാരംഭിക്കുന്ന ആധുനികാനന്തര ചരിത്ര-രാഷ്ട്രീയ സംവാദങ്ങളുടെ പശ്ചാത്തലം മലയാള നോവലിനുണ്ടെങ്കിലും ആഗോളവൽകൃത-കമ്യൂണിസ്റ്റനന്തര-ഇലക്ട്രോണിക് മാധ്യമ-സ്വത്വരാഷ്ട്രീയകാലമെന്നു വിളിക്കാവുന്ന 1990-കളുടെ തുടക്കം മുതലാണു് അടിമുടി ഭിന്നമായ ഭാവുകത്വ സ്വഭാവങ്ങൾ ഈ സാഹിത്യ ശാഖ പ്രകടിപ്പിക്കുന്നതു്. ആഖ്യാനകലയിലെ മാറ്റങ്ങളും ഇതിന്റെ ഭാഗമാണു്. മുമ്പു സൂചിപ്പിച്ച മൂന്നുഘട്ടങ്ങളിലും നിന്നു് ഈ ഘട്ടത്തിനുള്ള പ്രകടമായ വ്യത്യാസം, ഇനി സൂചിപ്പിക്കുന്ന നാലു സവിശേഷതകളും തമ്മിൽതമ്മിൽ ഭിന്നങ്ങളായി നിലനിൽക്കുന്നവയോ ഓരോ വിഭാഗം കൃതികളൂടെയും എഴുത്തുകാരുടെയും പ്രവണതകളായി വേറിട്ടുകാണാവുന്നവയോ അല്ല എന്നതാണു്. ഒരു കൃതിയിലോ കർത്താവിലോ തന്നെ പ്രകടമാകും, ഈ ഭാവുകത്വങ്ങളെല്ലാംതന്നെ. അഥവാ അപൂർവമായ ഒരു സമീകരണ പ്രകിയ നടപ്പായിക്കഴിഞ്ഞിരിക്കുന്നു, ആധുനികാനന്തര മലയാള നോവലിന്റെ ആഖ്യാന കലയിൽ. സൂക്ഷ്മാർഥത്തിൽ അവയ്ക്കുള്ള വൈവിധ്യങ്ങൾ (വൈരുധ്യങ്ങളല്ല) മാത്രമാണു് ഇവിടെ സൂചിതം.

(എ) സാമൂഹികതയുടെ തിരിച്ചുവരവു് എന്ന തലം നോക്കുക. ഒന്നും രണ്ടും ഘട്ടങ്ങളിലെ മലയാള നോവൽ അവയുടെ നിശിതമായ സാമൂഹിക ജാഗ്രതയും നിതാന്തമായ രാഷ്ട്രീയ പ്രബുദ്ധതയും കൊണ്ടു് നവോത്ഥാനാധുനികതയുടെയും ദേശീയാധുനികതയുടെയും ഇടതുപക്ഷ ബോധത്തിന്റെയുമൊക്കെ സത്യവാങ്മൂലങ്ങളായി ഭിന്നനിലകളിൽ പ്രവർത്തിച്ചുവെന്നതു് ഏറെ ചർച്ചചെയ്യപ്പെട്ട വിഷയമാണു്. ആധുനികതാവാദ ഘട്ടത്തിൽ ചുരുക്കം ചില എഴുത്തുകാരൊഴികെ ആരുംതന്നെ ആവിധമുള്ള സാമൂഹിക പ്രതിബദ്ധതയും രാഷ്ട്രീയ ജാഗ്രതയും പ്രകടിപ്പിക്കുകയുണ്ടായില്ല. അഥവാ സാഹിത്യത്തെ സാഹിത്യം തന്നെയായി കാണാനും സൗന്ദര്യവസ്തുവെന്ന നിലയിൽ അതിനുള്ള സാധ്യതകൾ അതിന്റെതന്നെ മുല്യങ്ങൾകൊണ്ടളക്കാനുമാണു് അവർ പൊതുവെ ശ്രമിച്ചതു്. അരാഷ്ട്രീയവാദമോ സാമൂഹ്യപരാങ്മുഖത്വമോ അവരുടെ താല്പര്യങ്ങളായി എന്നല്ല, സാഹിതീയമാണു് നോവലിന്റെ പ്രാഥമികമൂല്യം എന്നു് അവർ കരുതിയെന്നു മാത്രമേ ഇതിനർഥമുള്ളു. പ്രസാധകർ മുതൽ എഴുത്തുകാരും നിരൂപകരും വരെയുള്ളവർ ഈ മാറ്റത്തിനു കുടപിടിച്ചു. നിശ്ചയമായും ഇതേ ഘട്ടത്തിൽതന്നെ രംഗത്തുവന്ന ആനന്ദിലൂടെയാണു് ആധുനികാനന്തര മലയാള നോവൽ അതിന്റെ രാഷ്ട്രീയ സ്വത്വം ഏറ്റവും ഈർജസ്വലമായി തിരിച്ചുപിടിച്ചതു്. അടിസ്ഥാനപരമായി അതു് കൊളോണിയൽ, ദേശീയതാവാദ, കമ്യൂണിസ്റ്റ് സാമൂഹികതകൾക്കും രാഷ്ട്രീയത്തിനും എതിരായിരുന്നു എന്നു മാത്രം. ആനന്ദിനുപിന്നാലെ സി. ആർ. പരമേശ്വരനിലും കെ. ജെ. ബേബി യിലും എം. സുകുമാരനിലും സജീവമായ ഈ രാഷ്ട്രീയം സാറാജോസഫും എൻ. പ്രഭാകരനും നാരായനും ടി. പി. രാജീവനും അംബികാസുതനും രാജു കെ. വാസുവും മറ്റും ഏറ്റെടുത്തു. ബദൽ ചരിത്രങ്ങൾ, പ്രത്യയശാസ്ത്ര വിമർശനങ്ങൾ, ജനകീയ പ്രതിരോധങ്ങൾ, സ്ത്രീ-കീഴാള-പ്രാദേശിക സ്വത്വബോധങ്ങൾ, മതവിമർശനം, ഭരണകൂട വിമർശനം, ആധുനിക ചരിത്രവിജ്ഞാനീയത്തിന്റെ അപനിർമാണം, പലമകളെയും ചെറുതുകളെയും കുറിച്ചുള്ള ആകാംക്ഷ, പങ്കാളിത്ത ജനാധിപത്യത്തിന്റെ അനുഭവങ്ങൾ… എന്നിങ്ങനെ ഈ ഘട്ടത്തിലെ നോവലുകൾ പ്രകടിപ്പിക്കുന്ന സാമൂഹികത അപൂർവമാംവിധമുള്ള ഒരു രാഷ്ട്രീയ ജീവിതം സമകാല മലയാള നോവലിനു നിർമിച്ചു നൽകുന്നു.

images/Terry_Eagleton.jpg
ടെറി ഈഗിൾടൺ

ചരിത്രപരമായിത്തന്നെ ആധുനിക ബൃഹദ്-രാഷ്ട്രീയാ-ഖ്യാനങ്ങൾക്കു സംഭവിച്ച ശൈഥില്യം ജന്മംകൊടുത്ത സ്വത്വരാഷ്ട്രീയങ്ങളുടെ സൂക്ഷ്മ-ബഹു-ലഘു ആഖ്യാനങ്ങളുടെ പാഠരൂപങ്ങളായെഴുതപ്പെടുന്ന നോവലുകളുടെ സാന്നിധ്യമാണു് ഈ ഘട്ടത്തിലെ ഏറ്റവും പ്രകടവും പ്രബലവുമായ ധാരകളിലൊന്നു്. സ്ത്രീ, കീഴാള, പാരിസ്ഥിതിക, പ്രാദേശികതാ വാദങ്ങളുടെ സന്നിവേശം സാമ്രാജ്യത്തം മുതൽ മുതലാളിത്തം വരെയും ബ്രാഹ്മണ്യം മുതൽ പുരുഷാധിപത്യം വരെയും ആഗോളവൽക്കരണം മുതൽ ഉപഭോഗ സംസ്കാരം വരെയും പ്രത്യയശാസ്ത്ര സർവാധിപത്യങ്ങൾ മുതൽ മതമാമൗലികവാദം വരെയുമുള്ള മുഴുവൻ അധികാര-സ്ഥാപന-വ്യവസ്ഥകളോടുമുള്ള പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ഉഭയരാഷ്ട്രീയം ഏറ്റെടുക്കുകയാണു് ഈ നോവലുകളിൽ ചെയ്യുന്നതു്. ഇവയോരോന്നും ഒറ്റയ്ക്കും കൂട്ടായും സന്നിഹിതമാകാം നോവലിൽ. ഒന്നു മറ്റൊന്നിൽ നിന്നു ഭിന്നമോ വിരുദ്ധമോ അല്ലെന്നു മാത്രമല്ല പലപ്പോഴും പരസ്പര പൂരകവും ബന്ധിതവുമാണെന്നും കാണാം.

ആനന്ദ് (അഭയാർഥികൾ, അപഹരിക്കപ്പെട്ട ദൈവങ്ങൾ, സംഹാരത്തിന്റെ പുസ്തകം), സി. ആർ. (പ്രകൃതിനിയമം), സുകുമാരൻ (ശേഷക്രിയ, ജനിതകം), ബേബി (മാവേലിമൻറം), മുകുന്ദൻ (ഒരു ദലിത് യുവതിയുടെ കദനകഥ, പുലയപ്പാട്ട്), സേതു (പെണ്ണകങ്ങൾ), സാറാജോസഫ് (ആലാഹ…, മാറ്റാത്തി, ഒതപ്പ്, ഊരുകാവൽ, ആതി, ആളോഹരി), നാരായൻ (കൊച്ചരേത്തി, ഈരാളിക്കുടി), ഉത്തമൻ (ചാവൊലി), രാഘവൻ അത്തോളി (ചോരപ്പരിശം), രാജു കെ. വാസു (ചാവുതുള്ളൽ), ഖദീജ മുംതാസ് (ബർസ), സഹീറാതങ്ങൾ (റാബിയ), സുരേന്ദ്രൻ (ജൈവം), പ്രഭാകരൻ (തീയൂർ രേഖകൾ, ജനകഥ), അംബികാസുതൻ (മരക്കാപ്പിലെ തെയ്യങ്ങൾ, എൻമകജെ), രാജീവൻ (പാലേരിമാണിക്യം…), പ്രകാശൻ മടിക്കൈ (കൊരുവാനത്തിലെ പൂതങ്ങൾ), ബന്യാമിൻ (ആടുജീവിതം), സന്തോഷ്കുമാർ (അന്ധകാരനഴി), രാജീവ് ശിവശങ്കരൻ (തമോവേദം, പ്രാണസഞ്ചാരം, കൽപ്രമാണം) എന്നിങ്ങനെ നീളുന്നു, ഈ ആഖ്യാനകല പങ്കിടുന്ന നോവലുകളുടെ നിര.

images/Tzvetan_Todorov.jpg
സ്വെറ്റൻ ടൊഡറോവ്

ചരിത്രം, നരവംശശാസ്ത്രം, സാമൂഹ്യവിജ്ഞാനം, രാഷ്ട്രീയം, രാഷ്ട്രാന്തരസംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചെഴുതപ്പെട്ട ആഗോള, ദേശീയ, പ്രാദേശിക പഠനങ്ങൾ മാത്രമല്ല, കുറ്റവാളി ഗോത്രങ്ങളെക്കുറിച്ചും ആദിവാസി വംശീയതകളെക്കുറിച്ചും പരിസ്ഥിതി രാഷ്ട്രീയത്തെക്കുറിച്ചുമൊക്കെയുള്ള ആനന്ദിന്റെയും സ്ത്രീജീവിതത്തിന്റെ അവസ്ഥാ വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും കുറിച്ചുള്ള സാറാജോസഫിന്റെയും ദേവികയുടെയും ദലിത്-കീഴാള സാമൂഹികതകളെക്കുറിച്ചുള്ള കൊച്ചിന്റെ യും സണ്ണി യുടെയും ജാനുവിന്റെയും സെലീനയുടെയും ആഗോളവൽക്കരണത്തെക്കുറിച്ചുള്ള പ്രഭാകരന്റെയും പ്രവാസജീവിതത്തെക്കുറിച്ചുള്ള മുസാഫിറി ന്റെയും ദേശീയതയെക്കുറിച്ചുള്ള ഇ.വി. രാമകൃഷ്ണന്റെയുമൊക്കെ പഠനങ്ങളും വിശകലനങ്ങളും ഇക്കാലഘട്ടത്തിന്റെ നോവൽ ഭാവനയെ പലനിലകളിൽ പൂരിപ്പിക്കുകയും ചെയ്തു.

സാറാജോസഫിന്റെ ആലാഹയുടെ പെണ്മക്കൾ എന്ന കൃതി നോക്കുക. അക്കാദമിക ഫെമിനിസത്തിനു് സൗന്ദര്യാനുഭൂതിയിലേക്കു സംഭവിക്കുന്ന പരകായ പ്രവേശത്തിന്റെ മികച്ച മാതൃകയെന്ന നിലയിൽ കാണാവുന്ന ‘ആലാഹ’, ആധുനികാനന്തര മലയാള നോവലിന്റെ, പല നിലകളിൽ പടർന്നു നിൽക്കുന്ന ആഖ്യാനകലയുടെ സാധ്യതകൾ വെളിപ്പെടുത്തുന്ന രചനകളിലൊന്നാണു്. പ്രത്യക്ഷത്തിൽ ക്രൈസ്തവ മതാനുഭവങ്ങളുടെ സ്ത്രീപക്ഷ വിമർശനമാണെന്നു കരുതാവുന്ന നോവൽ, ആധുനിക ചരിത്രവിജ്ഞാനീയത്തിന്റെ രീതിപദ്ധതികൾ ഉടച്ചുവാർക്കുന്ന ചരിത്ര സമീപനങ്ങളും ആധുനിക ഭാഷാവബോധത്തിന്റെ വ്യാകരണ രാഷ്ട്രീയം അപനിർമിക്കുന്ന ഭാഷാസ്വഭാവങ്ങളും പുരുഷാധീശ സാമൂഹ്യഘടനയുടെ പൊളിച്ചെഴുത്തു സാധ്യമാക്കുന്ന സ്ത്രീസാമൂഹികതയുടെ നിർമിതിയും ആഖ്യാനത്തിലൂടനീളം അതിന്റെ കലയും പ്രത്യയശാസ്ത്രവുമായി വികസിപ്പിക്കുന്നു.

images/Severo_Sarduy.jpg
സെവെറോ സാർഡൂയി

ആനിയെന്ന പെൺകുട്ടിയുടെ കാഴ്ചകളിലൂടെയും അവൾ കേൾക്കുന്ന കഥകളിലൂടെയുമാണു് നോവലിന്റെ ആഖ്യാനം വികസിക്കുന്നതു്. ബാല്യം ഓരോ വ്യക്തിയുടെയും ചരിത്രമാണു് (Childhood is the history of every Individual) എന്ന സൂചന ആനിയുടെ ചിത്രീകരണത്തിലുണ്ടു്. “യക്ഷിക്കഥകളെക്കാൾ അവൾക്കു പ്രിയം ചരിത്ര കഥകളാണു്” എന്നു് നോവലിൽ പറയുന്നു (2001: 30). ഈ ചരിത്ര കഥകളാകട്ടെ അവൾ കണ്ടും കേട്ടും അനുഭവിച്ചുമറിയുന്ന കോക്കാഞ്ചിറയുടെ ജീവിതം തന്നെയാണു്. ഭൂത, വർത്തമാനകാലജീവിതങ്ങൾ. ചരിത്രത്തെയും ചരിത്രരചനയെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിയ സാഹചര്യത്തിൽ, ചരിത്രമെന്നതു് ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയ വസ്തുതകൾ മാത്രമല്ലാതായി. ചരിത്രരചന, ചരിത്ര പണ്ഡിതരുടെ അക്കാദമിക് വൃത്തി മാത്രവുമല്ലാതെയായി. മനുഷ്യനെക്കുറിച്ചു്, സ്ഥലകാലങ്ങളിൽ ഊന്നിനിന്നുകൊണ്ടു് നടത്തുന്ന ഏതൊരാഖ്യാനവും സംസ്കാരത്തിന്റെ ഭാഗമായതോടെ സംസ്കാരത്തിന്റെ അടയാളപ്പെടുത്തൽ എന്ന നിലയിൽ ചരിത്രം ജനകീയവും അതുവഴി കൂടുതൽ സാമൂഹികവുമായി. ചരിത്രത്തിന്റെ ജനാധിപത്യവൽക്കരണമായ വാക്ചരിത്രത്തിന്റെ സാധ്യതകൾ ചരിത്രത്തിൽ ആത്മനിഷ്ഠതക്കുള്ള വിലക്കുകൾ കൂടി നീക്കിയതോടെ ചരിത്രമെന്നതു് കഥയും കവിതയും നാടകവും നോവലും പോലെ അഥവാ അവകൂടിയുൾപ്പെട്ട ആഖ്യാനങ്ങൾ തന്നെയാണു് എന്നുവന്നു. ആഖ്യാന സ്രോതസ്സുകളാണു് വാക്ചരിത്രത്തിന്റെ സ്രോതസ്സുകൾ എന്നു ചൂണ്ടിക്കാണിച്ചുകൊണ്ടു് സാഹിത്യത്തിന്റെയും ഫോക്ലോറിന്റെയും ആഖ്യാനസിദ്ധാന്തങ്ങളുമായി അതിനുള്ള ബന്ധം വിശകലനം ചെയ്യുന്നുണ്ട് അലസാന്ദ്രോ പോർട്ടെല്ലി (The Death of Luigi Trastulli and other stories: Form and meanings of Oral history—1991). ആഖ്യാനത്തിന്റെ ക്രമംതന്നെ ആഖ്യാതാവിനു ചരിത്രവുമായുള്ള ബന്ധത്തിന്റെ സ്വഭാവം വ്യക്തമാക്കും. വസ്തുതയും ഭാവനയും തമ്മിൽ അഭേദം കല്പിക്കുന്ന കഥകളിലൂടെ നിർവഹിക്കപ്പെടുന്ന ‘ആലാഹയുടെ പെൺമക്കളി’ലെ ആഖ്യാനത്തിനുള്ള സ്വഭാവവും മറ്റൊന്നല്ല. ഈ നോവൽ ഒരു ഗ്രാമത്തിന്റെയും അതിലെ മനുഷ്യരുടെയും ചരിത്രമാകുന്നത്, ചരിത്രത്തെക്കുറിച്ചുള്ള ഈയൊരു കാഴ്ചപ്പാടിലാണു്.

“സ്ഥലനാമചരിത്രങ്ങളിലൊന്നും കോക്കാഞ്ചറയുടെ പേർ കാണില്ലായിരിക്കാം. എന്നാലും കോക്കാഞ്ചറയും ചരിത്രമുള്ള ഒരു സ്ഥലംതന്നെയാണു്”. കുട്ടിപ്പാപ്പൻ പറഞ്ഞു: “ചരിത്രാതീത കാലത്തും അതിവിടെ ഉണ്ടായിരുന്നു. അനേകം കോടി കാറ്റുകൾ അതിന്റെ മീതെ വീശിപ്പോയി. അത്രതന്നെ മഴകളും പെയ്തു. ഉൽഖനനങ്ങളൊന്നും അവിടെ നടന്നിട്ടില്ല. ഏറെ താഴ്ത്തിയാൽ അസ്ഥികൂടങ്ങൾ പൊങ്ങി വരും. കോക്കാഞ്ചറക്ക് ഒറ്റചരിത്രമല്ല ഉള്ളതു്. അനേകങ്ങളാണു്” (2001:30). ചരിത്രങ്ങളുടെ ഈ ബഹുലതയാണു് കോക്കാഞ്ചറയുടെ കഥ. കഥകളുടെ ബഹുലത കോക്കാഞ്ചറയുടെ ചരിത്രവും. “ആലാഹയുടെ പെൺമക്കൾ” ചരിത്രവും കഥയും ഈ വിധം സമന്വയിപ്പിക്കുന്നതിലൂടെ നോവലിന്റെ ചരിത്രവൽക്കരണത്തിനുള്ള മൗലികമായ ഒരു ആഖ്യാനസങ്കേതം സാക്ഷ്യപ്പെടുത്തുകകൂടി ചെയ്യുന്നുണ്ടു്. ഈ ചരിത്രവൽക്കരണത്തിന്റെയും ആഖ്യാനത്തിന്റെയും പശ്ചാത്തലം മുമ്പു സൂചിപ്പിച്ചതുപോലെ, ചരിത്രത്തെക്കുറിച്ചുള്ള മാറിയ കാഴ്ചപ്പാടുകൾ തന്നെയാണു്.

images/Nathaniel_Hawthorne.jpg
നഥാനിയൽ ഹാഥോൺ

കോക്കാഞ്ചറയുടെ ചരിത്രം ‘ആനിയുടെ മനസ്സുപറഞ്ഞ കഥ’ക്കും ‘അമ്മാമയുടെ വാമൊഴികഥാചരിത്ര’ത്തിനും ‘തോട്ടികൾ പറഞ്ഞ കഥ’ക്കും ‘ഇറച്ചിവെട്ടുശാലയുടെ കഥ’ക്കും പുറമെ അനേകം ‘കഥ’കളിലൂടെയാണു് പൂരിപ്പിക്കപ്പെടുന്നതു്. “ഇനിയുമുണ്ട് പല ചരിത്രങ്ങൾ. പലർ രേഖപ്പെടുത്തിയവ. മീൻകച്ചവടക്കാർ, തരകുകാർ, ദല്ലാളന്മാർ, ചെറിയ ചെറിയ കള്ളന്മാർ, ചാരായം വാറ്റുകാർ, ശരീരം വില്പന നടത്തുന്നവർ അങ്ങനെയങ്ങനെ കോക്കാഞ്ചറ നിറഞ്ഞു. നഗരം പുറന്തള്ളിയവരൊക്കെ വേഗം വേഗം കോക്കാഞ്ചറയിലെത്തി. നഗരവും വളരുകയായിരുന്നു”. നഗരം പുറന്തള്ളിയവരുടെ കൂട്ടത്തിലാണു് ആനിയുടെ കുടുംബവും പെടുന്നതു്. അമ്മാമ പറയുന്നു: “പട്ടാളം റോഡിലെ സ്ഥലം ഒഴിയാൻ പറഞ്ഞപ്പോൾ നാഴീം ചെരട്ടീം പോലിള്ള ക്ടാങ്ങളീം കുഴിലേക്കു് കാലും നീട്ടിയിരിക്കണ തന്തേനീം തളേളനീം കൊണ്ടു് ഗോസായിക്കുന്നാ കേറി ഈ ശവക്കോട്ടേൽ വന്നാ കെടന്നത്ണ്ടല്ലാ? ഒക്കെ ഒരു ദയിര്യാ” (2001:33, 34). റോഡുകളും പാർക്കുകളും വൈദ്യുതപദ്ധതികളും കെട്ടിടസമുച്ചയങ്ങളും കെട്ടിയുയർത്തി നഗരങ്ങളിലെ ജീവിതം സുഖകരമാക്കാൻ വെളിമ്പുറങ്ങളിലേക്കു് ആട്ടിപ്പായിക്കുന്ന ജനങ്ങളുടെ ചരിത്രം ആധുനിക സംസ്കാരത്തിന്റെ ഒരു മുഖംതന്നെയാണു്. കോക്കഞ്ചറയിലേക്കു് മുഖ്യധാരാ സമൂഹങ്ങൾ പുറന്തളളിയ ഈ പ്രാന്തവൽകൃത സമൂഹങ്ങളുടെ ചരിത്രം, ജാതി, സാമ്പത്തിക നില, തൊഴിൽ, വിദ്യാഭ്യാസം, മതം, സാമൂഹികാന്തസ് എന്നിങ്ങനെയുള്ള ജീവിത മണ്ഡലങ്ങളിലെല്ലാം അവർ അനുഭവിക്കുന്ന അധഃകൃതാവസ്ഥയുടെ അടിവേരുകളോളം ചെന്ന്, ഓർമകളും അനുഭവങ്ങളും സ്വപ്നങ്ങളും പ്രതിഷേധങ്ങളും സഹനങ്ങളുമായി പുനഃസൃഷ്ടിക്കുകയാണു് ആലാഹയുടെ പെൺമക്കൾ. ചരിത്രത്തെക്കുറിച്ചുള്ള ഈയൊരു ധാരണ, ആധുനികാനന്തര ചരിത്രരചനയുടെയും ചരിത്രവിജ്ഞാനീയത്തിന്റെയും രീതിശാസ്ത്രങ്ങൾക്കൊപ്പം സാഹിത്യരചനയുടെയും സാഹിത്യത്തിന്റെ ചരിത്രവൽക്കരണത്തിന്റെയും രീതിശാസ്ത്രങ്ങൾ കലർത്തി ആഖ്യാനം ചെയ്യുന്നതിലൂടെ (ആനന്ദിന്റെ “നാലാമത്തെ ആണി” എന്ന കഥയിൽ മുൻപ് പരിചയപ്പെട്ട) “ചരിവിജ്ഞാനീയപരമായ അതികഥന’ത്തിന്റെ തലത്തിലേക്കു് ഈ നോവലിനെ എത്തിക്കുന്നു.

ഒരുപക്ഷേ, ചരിത്രപരമായി ‘ആലാഹയുടെ പെൺമക്കൾ’ മലയാളനോവലിൽ പ്രസക്തി നേടുന്നതു് മറ്റൊരർഥത്തിലാകാം. നോവലിന്റെ ശീർഷകം മുതൽ ഭാഷയും ആഖ്യാനവും മുഖ്യ കഥാപാത്രങ്ങളും വരെ സൂചിപ്പിക്കുന്നതുപോലെ മറ്റൊരു പ്രാന്തവൽകൃത സമൂഹമായ സ്ത്രീയുടെ ലോകം കഥാലോകമാക്കുന്നതിലൂടെ. ഈ സ്ത്രീലോകത്തെ പൂർത്തീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രത്യയശാസ്ത്രോപകരണം നോവലിലെ ഭാഷയാണു്. പുരുഷന്മാരായ പളളീലച്ചന്മാർക്കുമാത്രം അവകാശപ്പെട്ട പിശാചിനെ ഒഴിക്കൽ, അതിനുള്ള പുരുഷ മഹാമന്ത്രമായ ആലാഹയുടെ നമസ്കാരം ഹൃദിസ്ഥമാക്കി നിർവഹിക്കുന്നതിലൂടെ അമ്മാമ നിറവേറ്റുന്നതു് ഈ രാഷ്ട്രീയ ധർമമാണു്. നോവലിൽ സ്വന്തമായി ഭാഷയുള്ള ഏക പുരുഷൻ കുട്ടിപ്പാപ്പനാണ്. കുട്ടിപ്പാപ്പന്റെ ഭാഷയാകട്ടെ ‘പാഠപുസ്തകത്തിലെ’പ്പോലെ വരിവരിയായുള്ള വ്യാകരണബദ്ധമായ അച്ചടിഭാഷയാണു്. “കുട്ടിപ്പാപ്പന്റെ ഭാഷതന്നെ വേറെയാണു്. കുട്ടിപ്പാപ്പൻ സംസാരിക്കുമ്പോൾ ആനിക്കു തോന്നും അവൾ കോപ്പിയെഴുതുകയാണെന്ന്” (2001: 29). ഭാഷ, വ്യക്തിയുടെ ലിംഗ, സാമൂഹിക സ്വത്വങ്ങളെ നിർണയിക്കുന്ന ഏറ്റവും വലിയ ശക്തിയാണെന്ന ലക്കാനി യൻ കാഴ്ചപ്പാടും, വ്യാകരണം പിത്രാധികാരത്തിന്റെ ഒരു രൂപംതന്നെയാണെന്ന ഫെമിനിസ്റ്റ് കാഴ്ചപ്പാടും ഓർമിക്കുക. സാറാജോസഫ് ഈ ഭാഷയെയും വ്യാകരണത്തെയും പൊളിച്ചെഴുതുന്ന കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതിലൂടെ സ്ത്രീയുടേതു മാത്രമായ ഒരു ആഖ്യാന മണ്ഡലം സൃഷ്ടിക്കുകയാണു് തന്റെ നോവലിൽ. ആ അർഥത്തിൽ പുരുഷ നിർമിതമായ ഭാഷയുടെയും വ്യാകരണത്തിന്റെയും പാരമ്പര്യത്തിൽനിന്നും പുറത്തു കടക്കാനുള്ള ഒരെഴുത്തുകാരിയുടെ ശ്രമം ‘ആലാഹയുടെ പെൺമക്കളി’ലുണ്ടു്. പുരുഷ ഭാഷയെ നിരാകരിച്ചുകൊണ്ടു് സ്ത്രീ ഭാഷയിൽ നോവലെഴുതാനുള്ള മലയാളത്തിലെ ആദ്യശ്രമമാണു് ഇതു് (ഗ്രേസി, കഥയിൽ പരീക്ഷിച്ചതു്). കൊളോണിയലിസം സ്വത്വങ്ങളെ ലിംഗവൽക്കരിക്കുകയും തദ്ദേശീയമായതിനെയെല്ലാം പ്രാകൃതവും സ്ത്രൈണവുമായി തരംതാഴ്ത്തുകയും ചെയ്തുവന്ന അലോക് റായി യുടെ നിഗമനം ഇ. വി. രാമകൃഷ്ണൻ ഉദ്ധരിക്കുന്നുണ്ട് (2000: 96). ഓദ്യോഗിക ദേശീയതക്കു പുറത്താണു് പ്രാദേശിക സ്വത്വങ്ങളും സ്ത്രീയും നിലകൊളളുന്നതു് എന്ന സങ്കല്പനത്തിന്റെ ഏറ്റവും നല്ല സൂചകം ഭാഷയാണു്. എന്തെന്നാൽ വ്യവസ്ഥപ്പെടുന്ന ദേശീയതയുടെ ഏറ്റവും വലിയ ചിഹ്നം വ്യവസ്ഥപ്പെടുന്ന ഭാഷയാണു്. സംസ്കൃതവൽക്കരണത്തിലൂടെയാണു് ഭാഷ വ്യവസ്ഥപ്പെടുന്നതു്. സംസ്കൃതവൽക്കരണം അധികാരത്തിനു കീഴ്പ്പെടുത്തലാണു്. അധികാരവും വ്യവസ്ഥയും പുരുഷാധിപത്യപരമാണു്. അതുകൊണ്ടു് വ്യവസ്ഥപ്പെടുന്ന ഭാഷ പുരുഷ ഭാഷയാണു്. സ്ത്രീഭാഷ അവ്യവസ്ഥിതമാണു്. വ്യവസ്ഥപ്പെട്ട ഭാഷയാകട്ടെ കൃത്രിമവും. ഹിന്ദുഭാഷയായി മാറിയ ഹിന്ദി, ഉറുദുവിനെ മുസ്ലിംഭാഷയാക്കി പുറന്തളളിയതുപോലെ കോക്കാഞ്ചറയിലെ നിരക്ഷരരായ സ്ത്രീകളുടെ ഭാഷയെ നഗരത്തിൽ നിന്നുവന്ന ടീച്ചർമാർ പ്രാകൃതമെന്നു പരിഹസിക്കുന്നു. അധികാരം കേന്ദ്രീകരിച്ചിരിക്കുന്ന പുരുഷസമൂഹത്തിനു വെളിയിൽ സ്ത്രീസമൂഹത്തിന്റെ ലിംഗസ്വത്വം ഈ നോവലിൽ ആവിഷ്കരിക്കപ്പെടുന്നത്, പുരുഷഭാഷയുടെ വ്യാകരണച്ചിട്ടകൾക്കു പുറത്തു് സ്ത്രീഭാഷ അതിന്റെ അവ്യവസ്ഥകൾകൊണ്ടു നിറവേറ്റുന്ന ഭാഷാസ്വത്വത്തിലൂടെയാണു്.

images/Craig_Calhoun.jpg
Craig Calhaun

‘The Making of Europe’(1894) എന്ന ഗ്രന്ഥത്തിൽ റോബർട്ട് ബാർട്ടലെറ്റ് സൂചിപ്പിക്കുന്നതുപോലെ, വംശീയതയുടെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനങ്ങൾ മുന്നോട്ടുവയ്ക്കുന്ന പ്രധാനപ്പെട്ട ആശയങ്ങളിലൊന്ന് ‘ഭാഷകളിൽ നിന്നു് വംശങ്ങളുണ്ടായി’ എന്നതാണു്. അതേസമയം, കൊളോണിയൽ ഭരണകാലത്തു് ഭരണകൂടത്തിന്റെ ഭാഷ എങ്ങനെ പ്രാദേശിക ഭാഷകളെയും അതുവഴി പ്രാദേശിക സ്വത്വങ്ങളെയും അടിച്ചമർത്തിയെന്ന് ഇന്ത്യൻ ഭാഷകൾ മുൻനിർത്തി ഡൊണാൾഡ് ഹൊറൊവിറ്റ്സ് നടത്തുന്ന അന്വേഷണം ശ്രദ്ധേയമാണു്. ചില വിഭാഗങ്ങളെ ‘മുഖ്യധാര’യിൽ നിന്നൊഴിവാക്കാനുള്ള ഏറ്റവും വിദഗ്ദ്ധമായ തന്ത്രമെന്ന നിലയിൽ അവരുടെ ഭാഷയെ തമസ്കരിക്കുന്നതു് വ്യാപകമായി നടപ്പിലിരുന്നുവെന്ന് ഹൊറൊവിറ്റ്സ് ചൂണ്ടിക്കാണിക്കുന്നു (Ethnic Groups and Conflicts—1985). വിദ്യാഭ്യാസം, അച്ചടി, വ്യാകരണം, ഓദ്യോഗിക ഭാഷാപദവി, ദേശീയഭാഷാസങ്കല്പം എന്നിങ്ങനെ നിരവധി മാർഗങ്ങളിലൂടെ തകർക്കപ്പെടുന്ന വാമൊഴി വഴക്കങ്ങളുടെ സാംസ്കാരിക പ്രതിസന്ധികൾ ഇവിടെ ഓർമിക്കുക തന്നെവേണം.

images/John_Dunlop.png
ജോൺ ഡൺലപ്

പത്തൊൻപതാം നൂറ്റാണ്ടിലെ ലാറ്റിനമേരിക്കൻ നോവലിൽ ലാറ്റിനമേരിക്കൻ വംശീയസ്വത്വങ്ങളുടെ ചരിത്രാഖ്യാനം നിർവഹിക്കുന്നതിൽ വാമൊഴികൾക്കും പ്രാദേശിക ഭാഷകൾക്കുമുള്ള പ്രാധാന്യം ചൂണ്ടിക്കാണിക്കുന്ന ജൂലിയ റാമോസി ന്റെ പഠനം (Faceless Tongues: Language and Citizenship in Nineteenth Century Latin America) ഈ വിഷയം ചർച്ചചെയ്യുന്നുണ്ടു്. മാനകഭാഷ എന്ന സങ്കല്പം ലോകത്തെവിടെയും ദേശീയതയുടെ രൂപീകരണവുമായി നേരിട്ടു ബന്ധപ്പെടുന്ന ഒന്നാണു്. സംസ്കാര ബഹുലതയുടെ നിരാകരണത്തിലേക്കു നയിക്കുന്ന ഒന്നായിരുന്നു യൂറോപ്പിലും ലാറ്റിനമേരിക്കയിലുമൊക്കെ കൊളോണിയൽ കാലത്തു നടന്ന ഭാഷകളുടെ ഈ മാനകീകരണ പ്രകിയ. ഇതിനെതിരെയുള്ള രാഷ്ട്രീയമെന്ന മട്ടിലാണു് ക്യൂബൻ അടിമത്തവിരുദ്ധ (Abolitionist) നോവലിനെ റാമോസ് ഈ പഠനത്തിൽ വിശകലനം ചെയ്യുന്നതു്. ലാറ്റിനമേരിക്കയിലെ ഏറ്റവും പ്രമുഖനായ വൈയാകരണനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന ആന്ദ്രെബെല്ലോ, ‘വ്യാകരണമാണു് ആധുനിക രാഷ്ട്രത്തിന്റെ അടിസ്ഥാന വ്യവഹാരങ്ങളിലൊന്ന്’ എന്നു പറയുന്നതു് റാമോസ് ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രനിർമാണത്തിന്റെ സംസ്കാരരൂപീകരണം നടക്കുന്ന പ്രക്രിയ തന്നെയാകുന്നു, വ്യാകരണത്തിന്റെ ചിട്ടപ്പെടലും ഭാഷയുടെ മാനകീകരണവും. വാമൊഴികളുടെ ‘പ്രാകൃതത്വ’വും നാട്ടുഭാഷകളുടെ വൈവിധ്യവും തകർത്തുകൊണ്ടു് ‘ശുദ്ധ’ഭാഷയുടെ ചൈതന്യം വിജയം നേടുന്നതിനെക്കുറിച്ചും ബെല്ലോ പറയുന്നുണ്ടു്. ഏഷ്യയുടെയും ആഫ്രിക്കയുടെയും ‘കാടൻ സംസ്കാര’ത്തിൽനിന്നു് യൂറോപ്യൻ സംസ്കാരത്തിന്റെ പരിഷ്കൃത നാഗരികതയിലേക്കു് ലാറ്റിനമേരിക്കൻ നാടുകൾ മാറുന്നതിന്റെ സൂചനയായും ബെല്ലോ വ്യാകരണത്തിന്റെ ചിട്ടപ്പെടലിനെ കാണുന്നു.

images/AndresBello.jpg
ആന്ദ്രെബെല്ലോ

കോക്കാഞ്ചറയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഭാഷയെക്കുറിച്ചു് പുറംലോകത്തിനുള്ളതും ഇതേ അഭിപ്രായങ്ങളാണല്ലോ. തീർച്ചയായും ആഗോളവൽക്കരണത്തിനു ശേഷമുള്ള പുതിയ ഒരു മതാത്മക, സാമ്പത്തിക ദേശീയതയുടെ തന്നെ പശ്ചാത്തലത്തിൽ ‘ആലാഹയുടെ പെൺമക്കളി’ലെ ഭാഷാ, ലിംഗ, മത, സംസ്കാര സ്വത്വങ്ങൾ ചരിത്രത്തിന്റെ പ്രശ്നവൽക്കരണവുമായി നേരിട്ടു ബന്ധപ്പെടുന്ന നിരവധി ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടു്. ഭാഷയുടെ രാഷ്ട്രീയം മുൻനിർത്തി ഒരു ജനതയുടെ സാംസ്കാരിക സ്വത്വം ആഖ്യാനം ചെയ്യുന്നതിൽ ആധുനികാനന്തര ചരിത്ര സമീപനങ്ങൾ ഉപയോഗിക്കുന്ന മലയാളത്തിലെ ആദ്യ നോവലായി ‘ആലാഹ’ മാറുന്ന സാഹചര്യം ഇതാണു്.

ആശയവിനിമയത്തിന്റെയും ആത്മാവിഷ്കാരത്തിന്റെയും മാർഗം എന്നതിലുപരി ഭാഷ അടിച്ചമർത്തലിന്റെയും അന്യവൽക്കരണത്തിന്റെയും സാമൂഹികമാർഗം തന്നെയാണു്’ എന്ന ബാർത്തിന്റെ നിരീക്ഷണം (Mythologies, 1957). ‘ആലാഹയുടെ പെൺമക്കളു’ടെ ചരിത്രസ്വഭാവം സാക്ഷാൽക്കരിക്കുന്ന ആശയങ്ങളിലൊന്നാണു്. മുഖ്യധാരാസമൂഹങ്ങളുടെ ഭാഷാധിപത്യത്തെയും അതുവഴി അവരുടെ സംസ്കാരത്തെയും വെല്ലുവിളിക്കുകയാണു് കോക്കാഞ്ചറയിലെ സ്ത്രീകൾ. കോക്കാഞ്ചറയും കൊടിച്ചിയങ്ങാടിയും തന്റെ സ്ഥലപ്പേരുകളായതിൽ ആനി ദുഃഖിക്കുന്നുണ്ടു്. ‘പെണ്ണുങ്ങൾ കൊടിച്ചിപ്പട്ടികളെപ്പോലെ കടിപിടി കൂടുന്നതുകൊണ്ടാണു് അങ്ങാടി കൊടിച്ചിയായതു്. കൂനിന്മേൽ കുരുപോലെയാണു് കോക്കാഞ്ചറയിന്മേൽ കൊടിച്ചിയങ്ങാടി’—കുട്ടിപ്പാപ്പൻ ആനിക്കു പറഞ്ഞുകൊടുക്കും. കുട്ടിപ്പാപ്പന്റെ കാഴ്ചതന്നെയാണു് തൃശൂരിലെ ടീച്ചർമാർക്കും. കോക്കാഞ്ചറയിലെ കുട്ടികൾ ‘പിശാശ്’ക്കളാണു് എന്നവർ ആവർത്തിച്ചു. കോക്കാഞ്ചറയിൽ മനുഷ്യരില്ലെന്നാണവരുടെ അഭിപ്രായം. ആ ടീച്ചർമാർ ഒരു വർഗമാണു്. കോക്കാഞ്ചറയിലെ സ്ത്രീകൾ മറ്റൊരു വർഗവും. വർഗം വർഗത്തിനു നേർക്കെടുക്കുന്ന ഇത്തരം നിലപാടുകളാണു് ചരിത്രത്തിന്റെ രേഖപ്പെടുത്താത്ത ഏടുകൾ എന്നു് നോവൽ തെളിയിക്കുന്നു. പ്രാന്തവൽക്കരിക്കപ്പെടുന്ന സ്ത്രീകളുടെ നെടുവീർപ്പുകളിന്മേലാണു് ‘ആലാഹയുടെ പെൺമക്കളു’ടെ ചരിത്രദർശനം രൂപം കൊളളുന്നതു്. ആത്മനിഷ്ഠമായ യാഥാർഥ്യങ്ങളുടെ ചരിത്രവൽക്കരണ പ്രക്രിയയാണിതു്. ഒരു സമൂഹത്തിലെ സ്ത്രീകളുടെ ഓർമകളെ ചരിത്രമാക്കി മാറ്റുന്ന ഫെമിനിസ്റ്റ് വാൿചരിത്രത്തിന്റെ രീതിശാസ്ത്രം വിശകലനം ചെയ്തുകൊണ്ടു് സ്ത്രീയുടെ നിശ്ശബ്ദതകളും സഹനങ്ങളും പ്രതിഫലം കിട്ടാത്ത ഗാർഹികാധ്വാനങ്ങളും പോലും സ്ത്രീയുടെ ചരിത്രം പൂരിപ്പിക്കുന്ന സംഗതികളാണെന്നു് ജോവൻ സാംഗ്സ്റ്റർ സൂചിപ്പിക്കുന്നുണ്ട് (Women’s History Review—1994). കോക്കാഞ്ചറയിലെ സ്ത്രീചരിത്രങ്ങളിലൂടെ ‘ആലാഹയുടെ പെൺമക്കൾ’ നിർവഹിക്കുന്ന ദൌത്യവും മറ്റൊന്നല്ല.

images/Samuel_Johnson.jpg
സാമുവൽ ജോൺസൻ

ആനിയുടെയും അവളുടെ അമ്മയുടെയും അമ്മാമയുടെയും അമ്മായിമാരുടെയും കഥയും ഇട്ടിയെ കല്യാണം കഴിച്ച് ദിവസങ്ങൾക്കകം വിധവയായി തിരിച്ചെത്തിയ കുഞ്ഞിലയുടെ കഥയും ഡേവിസ് ശെമ്മാശ്ശനെ കെട്ടിയ ചെറിച്ചി അമ്മായിയുടെ കഥയും ഭാര്യയെ മറന്ന് കുഞ്ഞിലയെ പ്രേമിച്ച കുഞ്ചൻ കമ്പോണ്ടറുടെ കഥയും ദേശീയ പ്രസ്ഥാനത്തെക്കുറിച്ചു സ്വപ്നം കാണുന്ന കുട്ടിപ്പാപ്പന്റെ കഥയും ‘കമ്മു’ക്കൾക്കെതിരെ വിശ്വാസികളെ സംഘടിപ്പിച്ച പള്ളിയുടെ കഥയും കോക്കാഞ്ചറയെ വിറപ്പിച്ച പതിനാലു കേഡികളുടെ കഥയും കുറിക്കച്ചവടം നടത്തുന്ന വെളുത്ത കുഞ്ഞാറത്തിന്റെയും കറുത്ത കുഞ്ഞാറത്തിന്റെയും കഥയും കൊല്ലച്ചെക്കന്റെ കൂടെ നാടുവിട്ട നോനു അമ്മായിയുടെ കഥയും മിത്തുകളെക്കാൾ വിസ്മയകരമായ അനുഭവങ്ങൾ സ്വന്തമായുള്ള പന്ത്രണ്ടു തോട്ടിക്കുടുംബങ്ങളുടെ കഥയും തോട്ടികളുമായി തീരായുദ്ധത്തിലേർപ്പെട്ട ഇറച്ചിവെട്ടുകാരുടെ കഥയും ആത്മനിഷ്ഠം തന്നെയായ ആഖ്യാനങ്ങളിലൂടെ കോക്കാഞ്ചറയുടെ ചരിത്രവും സംസ്കാരവും മുഴുമിപ്പിക്കുന്നു.

images/doctorow.jpg
ഇ. എൽ. ഡോക്ടറോവ്

ചരിത്രത്തെ ക്രേന്ദമാക്കിയും കീഴാളവർഗത്തെയും അവരുടെ സാമൂഹികതയെയും സാംസ്കാരികതയെയും മുൻനിർത്തിയും മലയാളത്തിലെഴുതപ്പെടുന്ന ആദ്യനോവലായിരിക്കും ‘ആലാഹ’യെന്ന നിരീക്ഷണം ‘ചരിത്രത്തിന്റെ പുറമ്പോക്കുകളും പുറമ്പോക്കുകളുടെ ചരിത്രവും’ എന്ന പഠനത്തിൽ (മധുസൂദനൻ, ജി. 2002:364) സി. ബി. സുധാകരൻ മുന്നോട്ടുവയ്ക്കുന്ന പശ്ചാത്തലവും മറ്റൊന്നല്ല. കോക്കാഞ്ചറയുടെ ഭൂമിശാസ്ത്രത്തിലും ആലാഹയുടെ നമസ്കാരങ്ങളിലും പ്രകൃതിദർശനത്തിന്റെ മൗലികമായൊരു വാതിൽ തുറന്നിടുന്ന ഇ. വി. രാമകൃഷ്ണന്റെ പഠനം വേറിട്ടൊരു കാഴ്ചയിലൂടെ ഈ നോവലിന്റെ ആഖ്യാനകലയെ സ്ഥല രാഷ്ട്രീയത്തോടു ബന്ധപ്പെടുത്തുന്നു (അതിൽതന്നെ). ഇത്തരം നിരീക്ഷണങ്ങൾക്കൊക്കെ ഇടംനൽകുംവിധം ആഖ്യാനത്തിന്റെ തുറസ്സുകളിലേക്കു് എഴുത്തിന്റെയും വായനയുടെയും സാധ്യതകളെ കൈപിടിച്ചു നടത്തുകവഴി ‘ആലാഹയുടെ പെണ്മക്കൾ’ ആധുനികാനന്തര മലയാള നോവലിന്റെ ഒരു ഭാവുകത്വമുഖംതന്നെയായി മാറുന്നു എന്നു ചുരുക്കം.

(ബി) ചരിത്രമെന്ന വ്യവഹാരത്തിന്റെ പ്രത്യക്ഷത്തിൽതന്നെയുള്ള പ്രശ്നവൽക്കരണങ്ങളാണു് മറ്റൊരു തലം. ചരിത്രാത്മകവും ചരിത്രപരവുമായ ഭാവനാരൂപമെന്ന നിലയിൽ നോവലിനു കൈവന്ന സാംസ്കാരികപദവികളാണു് ആനന്ദിൽ തുടക്കമിടുന്ന ഈ ഘട്ടത്തിലെ സവിശേഷമായ ഒരു ആവിഷ്ക്കാരമേഖലയായി വേറിട്ടുനിൽക്കുന്നതു്. ‘അഭയാർഥികൾ’ തൊട്ടുള്ള ആനന്ദിന്റെ നോവലുകൾക്കൊപ്പം കോവിലൻ, വിജയൻ, മുകുന്ദൻ, വി. കെ. എൻ. എന്നിവരുടെ ചില രചനകളും സജീവമാക്കിയ ഈ ഭാവുകത്വശൈലിയാണു് പിന്നീടുവന്ന മലയാളനോവലിസ്റ്റുകൾ ഏതാണ്ടൊന്നടങ്കം ഏറ്റെടുത്തതു്. സാറാജോസഫ് മുതൽ കെ. ആർ. മീര വരെ; എൻ. എസ്. മാധവൻ മുതൽ ടി. ഡി. രാമകൃഷ്ണൻ വരെ. ഈ പഠനത്തിന്റെ മൂന്നാം അധ്യായത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, ആധുനികതയുടെ ചരിത്ര യുക്തികളെയും പാഠങ്ങളെയും വിവിധ നിലകളിൽ അപനിർമിക്കുന്ന നവ-ചരിത്രവാദങ്ങളുടെ സാരസ്വത രൂപങ്ങളായി മാറുന്നു, ഈ ഘട്ടത്തിലെ പല നോവലുകളും. പുതിയ രീതിശാസ്ത്രങ്ങൾ (ഓർമ, വാമൊഴി, കീഴാളത, സ്ത്രീ, ജനപ്രിയത, പ്രാദേശികത, മിത്ത്…) കൊണ്ടു പുതുക്കിപ്പണിയുന്ന ചരിത്രത്തിന്റെ അസ്തിവാരങ്ങളിന്മേലാണു് ആധുനികാനന്തര നോവലിന്റെ ആഖ്യാനഘടന മുഖ്യമായും നിർമിക്കപ്പെടുന്നതെന്നു് മലയാളവും തെളിയിക്കുന്നു.

images/Hayden_White.jpg
ഹെയ്ഡൻ വൈറ്റ്

ആധുനിക ചരിത്ര വിജ്ഞാനീയങ്ങളുടെ വിമർശന പദ്ധതിയെന്ന നിലയിൽ ഉയർന്നുവന്ന ചരിത്ര വിചാരങ്ങൾക്ക് മുക്കാൽ നൂറ്റാണ്ടെങ്കിലും പഴക്കമുണ്ടു്. വാൾട്ടർ ബൻയമിനും ഴാക് റാൻസിയറും മുതൽ റെയ്മണ്ട് വില്യംസും ഫ്രെഡറിക് ജയിംസണും ഹെയ്ഡൻ വൈറ്റും റോബർട്ട് ഹോൾട്ടണും പിയറി വെയ്നും ലിൻഡാ ഹച്ചിയനും വരെയുള്ള നിരൂപകരും ആൽബർ കാമുവും നോർമൻ മെയ്ലറും മിലൻ കുന്ദേരയും സൽമാൻ റുഷ്ദിയുമുൾപ്പെടെയുള്ള നോവലിസ്റ്റുകളും ചരിത്രവും നോവലുൾപ്പെടെയുള്ള സാഹിത്യവും തമ്മിലുള്ള ബന്ധം നിരവധി തലങ്ങളിൽ പ്രശ്നവൽക്കരിച്ചവരാണു്. ചരിത്രം, കഥ എന്നീ പാഠരൂപങ്ങൾ നിർമിക്കുന്ന പ്രതിനിധാനങ്ങൾ ആധുനികാനന്തരതയുടെ ആഖ്യാന രാഷ്ട്രീയമായി മാറുന്നതിനെക്കുറിച്ചാണു് ഇവരുടെ നോവൽ വിചാരങ്ങൾ അന്വേഷിച്ചതു്. ഇ.പി. തോംസൺ ന്റെയും ല്യോത്താറിന്റെയും ചരിത്ര വിമർശനം 1970-കൾക്കു ശേഷം ഇവരിൽ ചിലർക്കു പിന്തുണനൽകി. ഭൂതകാലത്തിന്റെ ഓരോ പ്രതിനിധാനത്തിനും സവിശേഷമായ പ്രത്യയ ശാസ്ത്രഫലങ്ങളുണ്ട് എന്നു് ഹെയ്ഡൻ വൈറ്റ് പറയുന്നു. കഥയും കവിതയും ആത്മകഥയും ജീവചരിത്രവുംപോലുള്ള ആഖ്യാനരൂപങ്ങളുമായി നോവലിനുകൽപിച്ചിരുന്ന അതിർവരമ്പുകൾ ഇടിഞ്ഞു തുടങ്ങിയതാണു് ആധുനികാനന്തരതയുടെ കാവ്യശാസ്ത്രത്തെ നിർണയിക്കുന്ന ഘടകങ്ങളിൽ പ്രമുഖമെന്നു് ലിൻഡാ ഹച്ചിയൺ ചൂണ്ടിക്കാണിക്കുന്നതു് ചരിത്രവിജ്ഞാനീയത്തിലും നോവൽ വിചാരത്തിലും രൂപം കൊണ്ട ആധുനികതാ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണു്. ചരിത്രം നാം ജീവിക്കുകയും അതിജീവിക്കാനാഗ്രഹിക്കുകയും ചെയ്യുന്ന കഥയാണു്; കഥയാകട്ടെ ഈഹിച്ചെടുക്കാവുന്ന ചരിത്രവുമാണു്, എന്നു് ഇ. എൽ. ഡോക്ടറോവ്.

images/Ponjikara_rafi.png
പോഞ്ഞിക്കര റാഫി

ഗോവർധന്റെ യാത്രകൾ, തട്ടകം, ആലാഹയുടെ പെണ്മക്കൾ, ലന്തൻബത്തേരിയിലെ ലുത്തിനിയകൾ, പാലേരിമാണിക്യം, ഫ്രാൻസിസ് ഇട്ടിക്കോര, മനുഷ്യനു് ഒരു ആമുഖം, ആരാച്ചാർ, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്നിങ്ങനെ ഏറെ ചർച്ചചെയ്യപ്പെട്ട രചനകൾ പോലെതന്നെ ശ്രദ്ധേയമാണു് ഈ ഘട്ടത്തിലുണ്ടായ മറ്റുചില വിഭാഗം കൃതികളും. ഉദാഹരണത്തിന്, പോഞ്ഞിക്കര റാഫി സ്വർഗദൂതനിൽ (1948/1958) അവതരിപ്പിച്ച തീരദേശ കത്തോലിക്കാ സമൂഹത്തിന്റെ മിത്തിക്കൽ ഭ്രമ ഭാവനകളുടെ ചരിത്രവൽക്കരണവും സവിശേഷമായ ഒരു സാംസ്കാരിക ദേശീയതയുടെ സ്വത്വാനുഭൂതികളും തുടർക്കണ്ണികൾ പോലെ കോർക്കപ്പെടുന്ന പി.എഫ്. മാത്യൂസിന്റെയും (ചാവുകടൽ) വി. ജെ. ജയിംസിന്റെയും (പുറപ്പാടിന്റെ പുസ്തകം) കെ. എ. സെബാസ്റ്റ്യന്റെയും (രാജാക്കന്മാരുടെ പുസ്തകം) സെബാസ്റ്റ്യൻ പള്ളിത്തോടിന്റെയും (ആഞ്ഞൂസ് ദേയി, ജീവിച്ചിരിക്കുന്നവരുടെ മനസ്സിൽ) ജോണി മിറാൻഡയുടെയും (ജീവിച്ചിരിക്കുന്നവർക്കുള്ള ഒപ്പീസ്) മറ്റും നോവലുകൾ സൃഷ്ടിക്കുന്ന ആഖ്യാനകലയുടെ ഭാഷാപരവും മതാത്മകവുമായ സ്വഭാവങ്ങൾ. എല്ലാവിധ അധികാര വ്യവസ്ഥകളോടും വരേണ്യതകളോടും പ്രത്യയശാസ്ത്ര വരട്ടുവാദങ്ങളോടും കലഹിക്കുകയും യഥാതഥമെന്നതുപോലെതന്നെ മിത്തിക്കലുമായ സ്ഥല-കാല ഭൂമികകളിൽ രൂപപ്പെടുന്ന മനുഷ്യാവസ്ഥകളെ ചരിത്രവൽക്കരിക്കുകയും ചെയ്യുന്ന രചനകളിലൂടെ എൻ. പ്രഭാകരൻ (ബഹുവചനം, തീയൂർരേഖകൾ, ജനകഥ), കെ. പി. ഉണ്ണി (ചരിത്രത്തിൽ ഇടപെടുമ്പോൾ, ഫോസിലുകളിൽ ഉണ്ടായിരുന്നത്, മാതംഗിഫാം, കല്പിതകഥയിലേതുമാതിരി), സി. അഷ്റഫ് (ചില വിശുദ്ധജന്മങ്ങൾ, ഭാരപ്രദർശനശാല) തുടങ്ങിയവർ സ്വീകരിക്കുന്ന സമീപനമാണു് ശ്രദ്ധേയമായ മറ്റൊരു ആഖ്യാനവഴി.

ആധികാരിക ചരിത്രങ്ങളെ ഉടച്ചുവാർത്തും അഴിച്ചുപണിതും നിർമിച്ചെടുക്കുന്ന സമാന്തര ജനകീയ ചരിത്രങ്ങളായി മാറുന്നവയാണു് ഈ രചനകളോരോന്നും. പരാജിതരുടെയും പുറമ്പോക്കുകളുടെയും ചരിത്രം താഴെ നിന്നെഴുതുന്നതിന്റെ രാഷ്ട്രീയമാണു് ഇവയിൽ ചില കൃതികൾക്കുള്ളതെങ്കിൽ മുഖ്യധാരാ ചരിത്രങ്ങൾ തമസ്കരിച്ച പാർശ്വധാരകളുടെയും കീഴാളരുടെയും ചരിത്രമാണു് മറ്റു ചിലതിലുള്ളതു്. ആധുനികത ചരിത്രരചനയ്ക്കു സ്വീകരിച്ച രീതിശാസ്ത്രങ്ങളുടെ വിമർശനമാണു് ചില കൃതികളുടെ വിഷയമെങ്കിൽ ദേശീയതയുടെയും സവർണതയുടെയും നിരാകരണമാണു് ഇനിയും ചിലകൃതികളുടെ സ്വഭാവം. ചരിത്രത്തിൽ നിശ്ശൂബ്ദരാക്കപ്പെട്ടവരും നിർവീര്യരാക്കപ്പെട്ടവരും ചില കൃതികളിൽ ഉയർന്നുവരുമ്പോൾ ഇത്തരം ചരിത്രരചനാപദ്ധതികൾ കാണാതെ പോകുന്ന ഭാവനയുടെ താമോഗർത്തങ്ങൾ മറ്റു ചില കൃതികൾ മറ നീക്കിക്കാണിക്കുന്നു. ഏതർഥത്തിലും ചരിത്രവിജ്ഞാനീയത്തിന്റെ ആധുനികതാപദ്ധതികളെയും അധീശപ്രത്യയശാസ്ത്രങ്ങളെയും വെല്ലുവിളിക്കുന്ന ആധുനികാനന്തരപാഠങ്ങളായി അവ മാറുന്നു.

എൻ. എസ്. മാധവന്റെ ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ’ എന്ന കൃതി നോക്കുക.

images/Henry_Fielding.png
ഹെന്റി ഫീൽഡിങ്

യാഥാർഥ്യങ്ങളെ ഭാവനയിൽനിന്നു വേർപെടുത്താത്ത ചരിത്രത്തിന്റെ ജനകീയതകളിലൂടെയാണു് ലന്തൻബത്തേരി അതിന്റെ ലുത്തിനിയകൾ ചൊല്ലുന്നതു്. രാഷ്ട്രീയം, മതം, നാടകം, സിനിമ, സംഗീതം, പാചകം, വള്ളംപണി, മദ്യപാനം, സമുദ്രയാത്ര എന്നിങ്ങനെ ഒരു ജനത ചവിട്ടിയാടുന്ന അനുഭവങ്ങളുടെ ആഘോഷമാണു് ലന്തൻബത്തേരിയിലെ ജീവിതം. ആഖ്യാതാവായ ജസീക്ക, നോവലിൽ ഒരു നിമിത്തമോ ആഖ്യാന കർതൃത്വമോ മാത്രമല്ല, ചരിത്രത്തിലെയും ഭാവനയിലെയും യുക്തിക്കു പിടിതരാത്ത ഒരാവർത്തനം കൂടിയാണു്. നിരവധി സമാനതകളിലൂടെ യേശുവിന്റെ സ്ത്രീഭാവമാരോപിക്കുന്നുണ്ട് മാധവൻ ജസീക്കയിൽ.

യഥാർഥത്തിൽ കഥയെന്ന മട്ടിൽ പറയാൻ ലന്തൻബത്തേരിയിൽ കുറച്ചു കാര്യങ്ങളേയുള്ളു. ജസീക്കയുടെ ആത്മകഥാപരമായ കഥനമായാണു് നോവലിന്റെ ആഖ്യാനം മുന്നേറുന്നതു്. ആശാരി മത്തേവുസിന്റെയും മറ്റിൽഡയുടെയും ഈ ഏക മകളുടെ ഓർമകളും സ്വപ്നങ്ങളും ഭീതികളും പ്രാർഥനകളും വിഭ്രമങ്ങളുമാണു് ആ അർഥത്തിൽ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ. യേശുവിന്റെ പാതിവയസ്സുവരെ ജീവിച്ച ജസീക്ക. അപ്പനമ്മമാർ, ബന്ധുക്കൾ, പളളി, പളളിക്കൂടം, കൂട്ടുകാർ, പ്രാർഥനകൾ, നിശിതമായ കുസൃതികൾ എന്നിങ്ങനെ ജസീക്കയുടെ ബാല്യം. ആദിപ്രലോഭനങ്ങളുടെ കൗമാരം, സ്വപ്നലോകത്തിലെ യാത്രകൾ, ഒരധ്യാപകനിൽനിന്നു നേരിടുന്ന ആഘാതം, അതിന്റെ തുടർച്ചയായുണ്ടാകുന്ന വിഭ്രമിപ്പിക്കുന്ന ഭാവനകൾ, അവിശ്വാസങ്ങൾ. സമാന്തരമായി മത്തേവൂസിന്റെ കുടുംബം, കടലിൽ പോയി മരിച്ചുവെന്നു കരുതിയ അപ്പന്റെ നാല്പതാണ്ടിനു ശേഷമുള്ള തിരിച്ചുവരവ്, സന്ത്യാഗുവിന്റെയും കൂട്ടരുടെയും നാടകലഹരി, എഡ്വിന്റെ പാചകജ്ഞാനം, രാഘവന്റെയും ഷേണായിയുടെയും ജോസഫിന്റെയും രാഷ്ട്രീയം, വിമോചന സമരത്തിനു നേതൃത്വം നൽകിയ പീലാത്തോസച്ചന്റെ പളളി, ഗിൽബർട്ടിന്റെയും കൂട്ടരുടെയും സംഗീതം, പുഷ്പാംഗദന്റെ കണക്ക് എന്നിങ്ങനെ ലന്തൻബത്തേരിയുടെ നാനാമണ്ഡലങ്ങളിലേക്കു പടരുന്ന ജനജീവിതത്തിന്റെ കഥവഴികൾ.

images/Gayatri_Spivak.jpg
ഗായത്രി സ്പിവാക്

ജസീക്കയുടെ സ്വത്വത്തിൽ നോവലിസ്റ്റ് കൊണ്ടുവരുന്ന അതീത ഘടകങ്ങളും ലന്തൻബത്തേരിയുടെ സാമൂഹിക സ്വത്വത്തിലെ മായിക ഘടകങ്ങളും ഭാഷയും ആഖ്യാനതന്ത്രങ്ങളും ചേർന്ന് മലയാളത്തിൽ എഴുതപ്പെട്ട ആദ്യ ‘ലാറ്റിനമേരിക്കൻ’ നോവൽ എന്ന വിശേഷണം ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ’ക്ക് സമ്മാനിച്ചേക്കാമെങ്കിലും മലയാള നോവലിലെതന്നെ ഗണപരമായ ഒരു തുടർച്ചയുടെ സ്വഭാവവും ഈ കൃതിക്കുണ്ട്. നോവലിനെ ചരിത്രാഖ്യാനത്തിന്റെ ഒരു സാധ്യതയായി കാണുന്നതിന്റെ ഈ തുടർച്ചയിൽ ലന്തൻബത്തേരി ‘സ്വർഗദൂത’ ന്റെയും ‘എണ്ണപ്പാട’ത്തിന്റെയും ‘തട്ടക’ത്തിന്റെയും ‘ആലാഹയുടെ പെൺമക്കളു’ ടെയും പിൻഗാമിയാണു്.

ഭൂമിശാസ്ത്രം, സമൂഹം, സംസ്കാരം എന്നിവയെ കൂട്ടിയിണക്കി സ്ഥലത്തിലും കാലത്തിലും ഒരേപോലെ പടർന്നുനിൽക്കുന്ന ഒരു നാടിന്റെ ജനകീയ ചരിത്രമാവിഷ്കരിക്കുന്ന രചനയെന്ന നിലയിൽ റാഫി സ്വർഗദൂതനിൽ തുടങ്ങിവച്ച, മുൻപു സൂചിപ്പിച്ച നോവൽഭാവനയുടെ താവഴിയിൽ ഇടംപിടിച്ചുകൊണ്ടു് ലന്തൻബത്തേരി മലയാളനോവലിൽ വേറിട്ടുനിൽക്കുന്നു. വൻകര-പുഴ-ദ്വീപ് എന്ന മൂന്നു ക്രേന്ദസ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പാലം, ബോട്ട് എന്നീ മാധ്യമങ്ങളും ദ്വീപിലെയും വൻകരയിലെയും എടുപ്പുകളും ഇടങ്ങളുംകൊണ്ടു സമൃദ്ധമായ ഒരു സ്ഥലപടം സ്വർഗദൂതനെന്നപോലെ ലന്തൻബത്തേരിക്കുമുണ്ടു്. ‘നാലുവെള്ളങ്ങളാൽ ചുറ്റപ്പെട്ട’ ഈ ഭാവനാഭൂപടത്തിന്റെ സാമൂഹിക സ്വത്വം വൻകരയിൽ രൂപംകൊണ്ടു തുടങ്ങിയ നഗരത്തിന്റെ തണലിലേക്കു് നീളുന്ന തലമുറകളുടെ വേരുകളാണു്. മതം, രാഷ്ട്രീയം, വിദ്യാഭ്യാസം, തൊഴിൽ, ഗതാഗതം, വിനോദം എന്നിങ്ങനെ എല്ലാ രംഗങ്ങളിലും. 17-ാം നൂറ്റാണ്ടിൽ കൊച്ചി കീഴടക്കിയ ഡച്ചുകാർ വൻകരയിൽനിന്നു തുരത്തിയ മുക്കുവരുടെയും സങ്കരജാതിക്കാരുടെയും പിൻഗാമികളാണു് ലന്തൻബത്തേരിക്കാർ. വർഷങ്ങൾ, വ്യക്തികൾ, സംഭവങ്ങൾ, സ്ഥലങ്ങൾ എന്നിവയിലെല്ലാം ചരിത്രത്തിന്റെ വസ്തുനിഷ്ഠതയെ വൻതോതിൽ ആശ്രയിച്ചുകൊണ്ടുതന്നെ അതിൽ ഭാവനയുടെ സ്ഥല, കാലപടങ്ങൾ സൃഷ്ടിക്കാൻ മാധവനു കഴിയുന്നു.

സന്ത്യാഗു എന്ന കഥാപാത്രം പറയുന്നതുപോലെ ‘കമ്യൂണിസം വന്ന് ദൈവവിശ്വാസം നശിക്കണ’ കാലത്തിന്റെ കഥയാണു് നോവലിൽ കടന്നുവരുന്ന ലന്തൻബത്തേരിയുടെ സാമൂഹിക ചരിത്രത്തിന്റെ ആദ്യ ഘട്ടം. 1950-കളുടെ തുടക്കം. നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ ദ്വീപിൽ ഒരാളേ തയാറുള്ളു, ഗോമസ്. ദ്വീപിലെ ബാക്കി കമ്യൂണിസ്റ്റുകൾ വരത്തന്മാരാണു്. ദ്വീപുവാസികൾ ഏതാണ്ടു് പൂർണമായിത്തന്നെ പള്ളിയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധത വളർത്തിയെടുത്ത ക്രൈസ്തവരാണു്. ’50-കളിലും ’60-കളിലും കൊച്ചിയിൽ പാർട്ടിക്കുണ്ടാകുന്ന വേരോട്ടവും വേരിളക്കവും നോവലിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രധാരയാണു്. ‘ഒളിവിലും തെളിവിലും പ്രവർത്തിക്കുന്ന സഖാക്കൾ, 57-ലെ ‘മന്ത്രിസഭ’, 59-ലെ ‘വിമോചനസമരം’, 64-ലെ ‘പിളർപ്പു്’ എന്നിങ്ങനെ നിരവധി ഘട്ടങ്ങളിലൂടെ ലന്തൻബത്തേരിക്കാരുടെ ഏറ്റവും വലിയ വിശ്വാസഭീതിയായി വളരുന്ന കമ്യൂണിസ്റ്റ് പാർട്ടിയും അതിന്റെ നേതാക്കളും പ്രവർത്തകരും നോവലിലുണ്ടു്.

images/George_Eliot.jpg
ജോർജ് എലിയറ്റ്

ചവിട്ടുനാടകമാണു് ഈ നോവലിന്റെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക ചരിത്രമണ്ഡലം. ‘കാറൽമാൻ ചരിത’ത്തിന്റെ ഐതിഹാസികമായ രൂപപ്പെടലിന്റെ കഥ തൊട്ട് ‘ക്രിസ്ത്യാനികളുടെ കഥകളിയല്ല ചവിട്ടുനാടകം’ എന്ന തിരിച്ചറിവിലൂടെ വളരുന്ന സന്ത്യാഗുവിന്റെയും സുഹൃത്തുക്കളുടെയും ചവിട്ടുനാടക ക്രമങ്ങളിലൂടെയാണു് ദ്വീപുവാസികളുടെ ജീവിതത്തിന്റെ ഭാവനാസ്ഥലങ്ങൾ മിക്കതും ഉരുവംകൊള്ളുന്നതു്. സിനിമ, പിന്നീടു് അതിന്റെ മായികമായ ദൃശ്യ, സംഗീതവിലാസങ്ങളിലും വൈകാരികതയിലും കൂടി കവർന്നെടുക്കുന്ന ഈ ഭാവനാസ്ഥലത്തിന്റെ പരിണതികൾ നോവലിലെ വംശീയചരിത്രത്തിന്റെ രേഖകളാണു്. ഹിന്ദി, മലയാളം സിനിമാപ്പാട്ടുകളും ഗിൽബർട്ടും കുന്തൻ മ്യൂസിക് ക്ലബ്ബും ചേർന്ന് ലന്തൻബത്തേരിയുടെ പ്രാചീനങ്ങളായ പ്രാർഥനാഗീതങ്ങൾക്കു ബദലുകൾ സൃഷ്ടിക്കുന്നു.

ഇത്തരം സാംസ്കാരികാനുഭവങ്ങളിലൂടെ ഒരു ജനതയുടെ ചരിത്രം നോവൽവൽക്കരിക്കുന്നതിൽ ‘ലന്തൻബത്തേരി’ മറ്റൊരു മലയാളനോവലും കൈവരിക്കാത്ത മാനങ്ങൾ സ്വന്തമാക്കുന്നുണ്ടു്. നിരവധി തന്ത്രങ്ങളിലൂടെ ഭിന്നതലങ്ങളിലേക്കു വ്യാപിച്ചുപോകുന്ന ചരിത്രത്തിന്റെ ഒഴുക്കുകളും അടരുകളും ആഖ്യാനത്തിന്റെ ഭാഗമാക്കാൻ മാധവനു കഴിയുന്നതുകൊണ്ടാണിതു്. ഒരുദാഹരണം ‘എഴുത്തു്’ തന്നെയാണു്. നോവലിന്റെ തുടക്കംതന്നെ സിനിമാ നോട്ടീസ് എഴുത്തിലുള്ള ആഖ്യാനകൗശലങ്ങളുടെ ചർച്ചയിൽ നിന്നാണു്. ‘കാറൽമാൻ ചരിത’രചനയുടെ ഐതിഹ്യങ്ങൾ ലന്തൻബത്തേരിയുടെ ഏറ്റവും മൗലികമായ ഒരു ചരിത്രാന്വേഷണമാണു്. സ്വന്തം പിതാവിനെപ്പോലെ സന്ത്യാഗുവിനും ചവിട്ടുനാടകത്തിന്റെ രചന വലിയൊരു സ്വത്വപ്രശ്നം തന്നെയായി മാറുന്നു. കാനം ഇ ജെയിലും എം.ടി. വാസുദേവൻ നായരിലും മറ്റും പുതിയ രീതിയിൽ എഴുതപ്പെടുന്ന സാഹിത്യത്തിന്റെ വായന ലന്തൻബത്തേരിയുടെ ഭാവുകത്വത്തെ മാറ്റിയെടുക്കുന്നതു് മറ്റൊരു വിഷയമാണു്. വിമോചനസമരത്തിനു മുദ്രാവാക്യമെഴുതാൻ കെ. ബാലകൃഷ്ണനും സി. ജെ. തോമസും എറണാകുളത്തെത്തുന്നതാണു് മറ്റൊരു സംഭവം. എഴുത്തുപോലെതന്നെ പ്രസംഗവും (പിലാത്തോസച്ചൻ, ബ്രദർ വടക്കൻ എന്നിവർ തൊട്ട് പാർട്ടിയാഫീസിലെ ജോസഫ് വരെ) മാധ്യമങ്ങളും പത്രം, റേഡിയോ, സിനിമ, നാടകം, സംഗീതം എന്നിങ്ങനെ) മറ്റു നിരവധി സാംസ്കാരിക സൂചകങ്ങളും ചേർന്നു പൂർത്തികരിക്കുന്നതാണു് ലന്തൻബത്തേരിയുടെ ചരിത്രം.

images/Georgi_Plekhanov.jpg
പ്ലഖനോവ്

ജീവിതത്തിന്റെയും ചരിത്രത്തിന്റെയും സൂക്ഷ്മയാഥാർഥ്യം കൂടുതൽ തെളിയുന്നതു് സാഹിത്യത്തിലാണു് എന്നു സൂചിപ്പിച്ചുകൊണ്ടു് സുനിൽ പി. ഇളയിടം ലന്തൻബത്തേരിയുടെ ചരിത്രാനുഭൂതികൾ വിശദീകരിക്കുന്ന സന്ദർഭം ഓർമിക്കാവുന്നതാണു് (2013). സുനിൽ എഴുതുന്നു: “ലന്തൻബത്തേരിയിൽ ചരിത്രം അനുഭൂതികൾ നിറഞ്ഞതാണു്. ആധുനിക ചരിത്രവിജ്ഞാനീയത്തിന്റെ സത്ത ദൈവരഹിതവും ശൂന്യവും ഏകാത്മകവുമായ കാലമാണെന്ന വാൾട്ടർ ബെഞ്ചമിന്റെ നിരീക്ഷണം ലന്തൻബത്തേരിയിൽ സാധുവായി തുടരുന്നില്ല. വർത്തമാനജീവിതത്തിലും ചരാചരങ്ങളിലും ആഴത്തിൽ വേരോടിപ്പടർന്ന നിലയിലാണു് ലന്തൻബത്തേരിക്കാർ ചരിത്രത്തെ അറിയുന്നതു്. ചരിത്രമവിടെ വികാരനിർഭരവും അനുഭവനിഷ്ഠവുമാണു്. ജൈവപ്രകൃതിയിൽനിന്നും നിത്യ ജീവിതത്തിന്റെ ദൈനംദിനത്വത്തിൽനിന്നും ലന്തൻബത്തേരിക്കാർ ചരിത്രം കണ്ടെടുക്കുന്നു. വർത്തമാനജീവിതത്തിനു് പുറത്തു് നിത്യജീവിതത്തിന്റെ താല്പര്യങ്ങളാലും വികാരങ്ങളാലും കളങ്കപ്പെടാത്ത ഭൂതകാല സംഭവങ്ങളും അവയെക്കുറിച്ചുള്ള ആഖ്യാനങ്ങളുമല്ല ലന്തൻബത്തേരിയിലെ ചരിത്രം. ദൈവങ്ങളും മനുഷ്യരും ചരാചരങ്ങളും പങ്കുചേരുന്ന പുതിയൊരു അനുഭവലോകമാണതു്. ഈ നോവലിന്റെ ഭാവനാത്മകതയുടെ കേന്ദ്രവും ഇത്തരമൊരു ചരിത്രബോധമാണു്” (2013: 1959). നിശ്ചയമായും മൌലികമായ ചരിത്രബോധങ്ങളുടെയും അവ നിർമിച്ചുനൽകുന്ന ആഖ്യാനകലയുടെയും വൈവിധ്യത്തിലൂടെ അടയാളപ്പെടുന്ന ഒരു കലാ ജീവിതം ലന്തൻബത്തേരിക്കു മാത്രമല്ല, ഈ ഘട്ടത്തിലെ ശ്രദ്ധേയമായ മിക്ക മലയാളനോവലുകൾക്കുമുണ്ടു്.

(സി) ജനപ്രിയസംസ്കാരത്തിന്റെ ഭിന്നമണ്ഡലങ്ങൾ ആഖ്യാനത്തിന്റെ കലയും പ്രത്യയശാസ്ത്രവുമായി മാറുന്നുവെന്നതാണു് ആധുനികാനന്തര മലയാളനോവലിന്റെ ലാവണ്യാനുഭൂതിയുടെ മുഖ്യരസതന്ത്രം. ആധുനികതാവാദ ഘട്ടത്തിലെ കാല്പനിക-ജനപ്രിയഭാവനയുടെ ആവർത്തനമല്ല ഇതു്. എഴുത്തിന്റെയും വായനയുടെയും ആ ജനപ്രിയഭാവന’ 90-കളുടെ തുടക്കത്തിൽ ടെലിവിഷൻ പരമ്പരകൾ പ്രചാരം നേടുന്നതോടെ ദൃശ്യഭാവുകത്വത്തിലേക്കു സംക്രമിക്കുകയും ജനപ്രിയ വാരികകളിലും ഗ്രാമീണ വായനശാലകളിലും കേന്ദ്രീകരിക്കപ്പെട്ടിരുന്ന നോവൽ വായന വൻതോതിൽ ക്ഷയിക്കുകയും ചെയ്തു. അതേ സമയം തന്നെ ആധുനികതാവാദം സൃഷ്ടിച്ച രണ്ടാമത്തെ നോവൽ ഭാവനയുടെ ദന്തഗോപുര സ്വഭാവം ലോകത്തെവിടെയുമെന്ന പോലെ മലയാളത്തിലും ജനപ്രിയവൽക്കരണത്തിനു വിധേയമായിത്തുടങ്ങി. ചരിത്രം തലകീഴ്മറിഞ്ഞ 1989-ൽ തന്നെ പുറത്തുവന്ന ‘മരുഭൂമികൾ ഉണ്ടാകുന്നതു്’ തൊട്ടുള്ള കാലത്തു് ആനന്ദിന് മലയാളത്തിൽ ലഭിച്ച പ്രസാധന-വായനാചരിത്രം മാത്രം മതി ഈ പ്രവണത തെളിയിക്കാൻ. തൊണ്ണൂറുകളുടെ തുടക്കം തൊട്ടുണ്ടാകുന്ന മലയാളനോവലിലെ ഈ ഭാവുകത്വ വ്യതിയാനം പിന്നീടുള്ള പതിറ്റാണ്ടുകളിൽ ആനന്ദിനും മുകുന്ദനുമൊപ്പം സാറാ ജോസഫ് മുതൽ രാമകൃഷ്ണൻ വരെയുള്ളവരുടെ രചനകൾ സമർഥമായി ഏറ്റെടുക്കുകയും ചെയ്യുന്നു. ജനകീയ രാഷ്ട്രീയങ്ങളുടെ പങ്കുപറ്റൽ മുതൽ സാംസ്കാരികമണ്ഡലത്തിലെ സജീവസാന്നിധ്യം വരെയുള്ളവ ഈ ജനപ്രിയവൽക്കരണത്തിനു പിന്നിലുണ്ടു്. എഴുത്തുരീതികളിലെ നവീനത മുതൽ പ്രസാധന രംഗത്തെ വഴിത്തിരിവുകൾ വരെയുള്ളവ ഈ മാറ്റത്തിനു ചുക്കാൻ പിടിച്ചു. ഒന്നാംനിര പ്രസാധകരോ മുൻനിര സാഹിത്യപ്രസിദ്ധീകരണമോ അല്ല ഏറ്റവും സ്വീകാര്യതയുള്ള കൃതികളുടെ വിപണിനിയന്ത്രിക്കുന്നതു് എന്ന അവസ്ഥ പ്രകടമായിത്തുടങ്ങി. ഒരു സങ്കീർത്തനംപോലെ, ആടുജീവിതം എന്നീ രചനകൾ, ഈ ഘട്ടത്തിൽ ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിയുകയും നൂറുപതിപ്പുകൾ വരെ പുറത്തിറക്കുകയും ചെയ്തതു് ഉദാഹരണമാണു്. സമാനമാണു്, മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചവയാണു് ഫ്രാൻസിസ് ഇട്ടികോരയും ആരാച്ചാരും സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയും എന്ന വസ്തുതയും. എന്തായാലും പുതിയ നൂറ്റാണ്ടിൽ ആനന്ദ്, മുകുന്ദൻ, സാറാജോസഫ്, അംബികാസുതൻ മാങ്ങാട്, രാജീവൻ, രാമകൃഷ്ണൻ, മീര തുടങ്ങിയവരുടെ രചനകൾക്കുണ്ടാകുന്ന തുടർപതിപ്പുകൾ പോലെ തന്നെ ശ്രദ്ധേയമാണു് മലയാളത്തിൽ നോവലിനു മാത്രം നിലനിൽക്കുന്ന വായനാലോകത്തിന്റെ സവിശേഷതകളും. ഇതര, പരമ്പരാഗത സാഹിത്യരൂപങ്ങളൊന്നടങ്കം വായനാവിപണിയിൽ നിരാകരിക്കപ്പെടുമ്പോൾ തന്നെയാണു് നോവലിന്റെ പ്രസാധന, വായനാവിപണി ഏറ്റവും സജീവമായി നിലനിൽക്കുന്നതു്.

images/PKRajasekharan-critic.jpg
പി.കെ. രാജശേഖരൻ

പല കാരണങ്ങൾ കൊണ്ടാണു് ആധുനികാനന്തര നോവൽ അതിന്റെ ജനപ്രിയത്വം നിലനിർത്തുന്നതു് എന്നു കാണാൻ വിഷമമില്ല. പ്രസാധന, വായനശാല, വിപണിഘടകങ്ങൾ ഒരുവശത്ത്. ചലച്ചിത്രം, ടെലിവിഷൻ, നവമാധ്യമങ്ങൾ എന്നിവക്കു സമാന്തരമായി നോവൽ കൈവരിക്കുന്ന ദൃശ്യഭാവുകത്വം മറുവശത്ത്. ആഖ്യാനകലയിൽ നോവൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ സമവാക്യങ്ങൾ ഇനിയും ഒരുവശത്ത്. ആനന്ദിൽ അതു് മുഖ്യമായും നോവലിന്റെ കലയിൽ സമർഥമായി കൂട്ടിയിണക്കപ്പെടുന്ന ചരിത്രമുൾപ്പെടെയുള്ള വൈജ്ഞാനിക വ്യവഹാരങ്ങളുടെ സാന്നിധ്യമാണെങ്കിൽ സാറാജോസഫിൽ സാമൂഹ്യ ജാഗ്രതയും സൂക്ഷ്മരാഷ്ട്രീയങ്ങളും സൃഷ്ടിക്കുന്ന ജനകീയ ആക്ടിവിസമാണു്. രാമകൃഷ്ണനിൽ ചരിത്രത്തിന്റെ തന്നെ ജനപ്രിയ സ്വരൂപങ്ങളും മിത്തുകളുടെ പരകായ പ്രവേശവുമാണു് മുന്നിട്ടു നിൽക്കുന്നതെങ്കിൽ അംബികാസുതനിൽ അങ്ങേയറ്റം ജൈവികവും സ്വാഭാവികവുമായ ജീവിതപ്രശ്നങ്ങളുടെ നിരന്തര സാന്നിധ്യമാണു് ഏറി നിൽക്കുന്നതു്. രാജീവനിലാകട്ടെ, ആധുനികതയുടെ രാഷ്ട്രീയചരിത്രങ്ങളുടെ കൂസലില്ലാത്ത അപനിർമ്മാണത്തിന്റെ കലയും.

പ്രസിദ്ധീകൃതമായി മൂന്നുവർഷത്തിനകം (നവംബർ 2012-നവംബർ 2015) ഇരുപതു പതിപ്പുകളിലായി എൺപതിനായിരം കോപ്പികൾ വിറ്റഴിഞ്ഞ ആരാച്ചാർ വെളിപ്പെടുത്തുന്നതും നോവലിന്റെ ആഖ്യാനവും ജനപ്രിയത്വവും തമ്മിൽ മലയാളത്തിലുള്ള അപൂർവമായ ഈ രസകലാതന്ത്രം തന്നെയാണു്. യഥാർഥത്തിൽ മാധവിക്കുട്ടിക്കും സാറാജോസഫിനും ശേഷം മലയാളത്തിലുണ്ടായ ഏറ്റവും പ്രൊഫഷണലായ എഴുത്തുകാരിയാണു് കെ. ആർ. മീര. മാധവിക്കുട്ടിയെപ്പോലെ, തന്റെ തലമുറയിലെ മുഴുവൻ പുരുഷ എഴുത്തുകാരെയും പ്രതിഭയിലും ജനപ്രീതിയിലും മറികടക്കുന്നതിൽ മാത്രമല്ല ഈ പ്രൊഫഷണലിസം മീര പ്രകടമാക്കുന്നതു്. പ്രസാധകർ, നിരൂപകർ, മാധ്യമങ്ങളിലെ പ്രചാരകർ തുടങ്ങിയവരുടെ പിന്തുണയോടെ തന്റെ സർഗജീവിതം എഴുത്തുകളത്തിൽ സമർഥമായി കരുനീക്കുന്നതിൽ മീരയ്ക്കുള്ള വൈഭവം മറ്റൊരു മലയാളി എഴുത്തുകാരിക്കുമില്ല. ഭാവനയുടെ പരപ്പിൽ, ഭാഷയുടെ തളിർപ്പിൽ, മീരയ്ക്കു സമകാലികരാരും ഭീഷണിയുമല്ല. മാധ്യമ പ്രവർത്തനവും സാഹിത്യ പ്രവർത്തനവും തമ്മിൽ കഴിഞ്ഞ നാലുനൂറ്റാണ്ടായി നിലനിൽക്കുന്ന ഉറ്റ സൗഹൃദത്തിന്റെ ഇങ്ങേത്തലയ്ക്കലാണു് മീരയുടെ ഇടം. സാഹിത്യവും സിനിമയും ടെലിവിഷനും; ഫീച്ചറും അഭിമുഖവും കഥയും തിരക്കഥയും നോവലും—ഓരോ മാധ്യമത്തിലും രചനയിലും മീരയ്ക്കു സ്വന്തമായൊരു കയ്യൊപ്പുകാണും. ‘ആരാച്ചാർ’ ആ കയ്യൊപ്പിന് തൂക്കുകയറിലെ കുടുക്കിന്റെ ആകൃതി നിർമിച്ചു നൽകിയിരിക്കുന്നു.

images/Raymond_Williams.jpg
വില്യംസ്

ആധുനികാനന്തരം മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മികച്ച നോവലുകളിലൊന്നാണു് ‘ആരാച്ചാർ’. ആനന്ദ് സൃഷ്ടിച്ച ചരിത്രാഖ്യായികകളുടെ പരമ്പരയാണല്ലോ ആധുനികാനന്തര മലയാളനോവലിന്റെ ഏറ്റവും ദീപ്തമായ മുഖം. ആരാച്ചാരും മറ്റൊരു താവഴിയിലല്ല രൂപം കൊണ്ടിട്ടുള്ളത്. ചരിത്രവും മിത്തും ഭൂതകാലത്തെയെന്നപോലെ വർത്തമാനകാലത്തെയും പ്രശ്നവൽക്കരിക്കുന്നതിന്റെ ഭാവനാ ഭൂപടമാണു് ഈ നോവൽ. ബംഗാളി നോവലുകളുടെ ഭൂമിശാസ്ത്രം മാത്രമല്ല, ഭാഷാ, ജീവിത സംസ്കാരങ്ങളും അസ്ഥിവരെ തുളഞ്ഞിറങ്ങിയ കൃതി. സമീപകാല ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനപരമായ മൂല്യസംഘർഷങ്ങളിലൊന്നിന്റെ നേർചരിത്രം. വാർത്താടെലിവിഷൻ മനുഷ്യജീവിതത്തിൽ നടത്തുന്ന മേച്ഛവും ഹീനവുമായ കടന്നുകയറ്റങ്ങളുടെ കുറ്റവിചാരണ. എല്ലാറ്റിനുമുപരി ഒരു സ്ത്രീക്കുമാത്രമറിയാവുന്ന അവളുടെ ആത്മാനുഭവങ്ങളുടെയും പുരുഷ-പൊതു സാമാന്യബോധത്തിനു പിടിതരാത്ത കാമനകളുടെയും തുറന്നെഴുത്ത്. അപൂർവമാംവിധം ഭാവബദ്ധമായ ആത്മസംഘർഷങ്ങളുടെയും വൈകാരിക ബന്ധങ്ങളുടെയും രൂപകസമൃദ്ധമായ ആഖ്യാനശൈലി. ഈ പ്രവണതകളെല്ലാം സംഗ്രഹിച്ചു പറഞ്ഞാൽ, മനുഷ്യജീവിതത്തിന്റെ മുഴുവൻ പ്രാണസഞ്ചാരങ്ങളെയും നിഷ്പ്രഭമാക്കുന്ന മരണഭീതിയുടെ മഹോപാഖ്യാനം.

നാനൂറ്റി അൻപത്തൊന്നുപേരെ തൂക്കിലേറ്റിയ കൊൽക്കൊത്തയിലെ ആരാച്ചാർ ഫണിഭൂഷൺ ഗൃദ്ധാ മല്ലിക്കിന്റെയും മകൾ ചേതനയുടെയും കഥയാണു് ഈ നോവൽ. ഒപ്പം ഗൃദ്ധയുടെ നശിച്ച കുടുംബത്തിന്റെയും. ചേതനയെ ലോകത്തെ ആദ്യ വനിതാ ആരാച്ചാരാക്കി മാറ്റി (മല്ലിക് കുടുംബത്തിൽ പതിമൂന്നാം നൂറ്റാണ്ടിൽ പിംഗളകേശിനിയെന്ന വനിതാ ആരാച്ചാർ ജീവിച്ചിരുന്നു) തന്റെ മാധ്യമത്തിന്റെ റേറ്റിങ് ഉയർത്താൻ ശ്രമിക്കുന്ന വാർത്താചാനൽ റിപ്പോർട്ടർ സഞ്ജീവ്കുമാർ മിത്രയാണു് നോവലിലെ മറ്റൊരു (പ്രധാന കഥാപാത്രം. കൊൽക്കൊത്തയുടെ മനസ്സാക്ഷിയെന്ന പോലെ ജീവിക്കുന്ന ‘ഭവിഷ്യത്’ പത്രാധിപർ മാനൊബേന്ദ്ര ബോസ്, അരയ്ക്കു മുകളിൽ മാത്രം ശരീരവും ജീവിതവുമുള്ള, ചേതനയുടെ സഹോദരൻ രാമുദാ, തൂക്കിലേറ്റാൻ വിധിക്കപ്പെട്ട യതീന്ദ്രനാഥ ബാനർജി എന്നിങ്ങനെ നിരവധി കഥാപാത്രങ്ങൾ വേറെയും.

images/Kpappan.jpg
കെ. പി. അപ്പൻ

വധശിക്ഷക്കെതിരെയുള്ള യതീന്ദ്രനാഥ ബാനർജിയുടെ ദയാഹർജി രാഷ്ട്രപതി കൊളളുന്നതിനും തളളുന്നതിനുമിടയിലുള്ള ചുരുങ്ങിയ മാസങ്ങളാണു് നോവലിന്റെ പ്രത്യക്ഷകാല പശ്ചാത്തലം. കൊൽക്കൊത്തയിലെ പൊതുസമൂഹവും മാധ്യമസമൂഹവും നടത്തുന്ന വിധിയെഴുത്തുകളുടെയും ശിക്ഷ നടപ്പാക്കലുകളുടെയും ഒരു സമാന്തരലോകം സ്ഥലപശ്ചാത്തലവും.

മല്ലിക് കുടുംബത്തിന്റെ പുരാണം ചരിത്രവും മിത്തുമായി കൂടിക്കുഴഞ്ഞാവിഷ്കൃതമാകുന്ന ഭൂതകാലത്തിന്റെ ആഖ്യാനമാണു് ഈ നോവലിലെ ഏറ്റവും ഭാവനാ സമ്പന്നമായ ഭാഗം. ചേതനയും സഞ്ജീവ്കുമാറും തമ്മിലുള്ള പ്രണയത്തിന്റെയും കലഹത്തിന്റെയും ‘ഔട്ട്ഡോർ’ ചിത്രീകരണങ്ങൾ ഏറ്റവും മൂർച്ചയുള്ള ഭാഗവും. ‘ഗില്ലറ്റിൻ’ പോലുള്ള ചെറുകഥകളിൽ മുൻപുതന്നെ മീര പ്രശ്നവൽക്കരിച്ചിട്ടുള്ള ഹിംസയുടെ ചരിത്രപാഠങ്ങൾ ഈ നോവലിന്റെ രാഷ്ട്രീയാന്തർധാരയാകുമ്പോൾ അസാധാരണമാംവിധം ബിംബവൽക്കരിക്കപ്പെടുകയും ദൃശ്യവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ഭാഷയുടെ ആഖ്യാന ലാവണ്യം ആരാച്ചാരുടെ വായനാക്ഷമത ഉറപ്പാക്കുന്നു.

കൊൽക്കൊത്തയുടെ ഗലികളും ഘാട്ടുകളും തെരുവുകളും ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങളും വേശ്യാലയങ്ങളും മുതൽ ടി.വി. സ്റ്റുഡിയോകളും ഹോട്ടലുകളും സൂപ്പർ മാർക്കറ്റുകളും ജയിലുകളുംവരെ, ആരാച്ചാർ സൃഷ്ടിക്കുന്ന ഭാവനാഭൂമിശാസ്ത്രം അതിസൂക്ഷ്മമായ ഒരു സ്ഥലപുരാണത്തിന്റെ ഊടുംപാവുമായി മാറുന്നു. മിത്തും ചരിത്രവും ഇടകലരുന്ന രാജഭരണത്തിന്റെയും കൊളോണിയൽ ആധിപത്യത്തിന്റെയും ആധുനിക ബംഗാളിന്റെയും ജീവിതചിത്രങ്ങൾ നോവൽ കാല ഭൂപടത്തിൽ വരയുന്നു. മിത്തിക്കൽ കഥാപാത്രങ്ങൾ ചരിത്ര കഥാപാത്രങ്ങൾക്കൊപ്പം ബംഗാളിന്റെ ഉൾനാടുകളിലും വയലേലകളിലും രാജകൊട്ടാരങ്ങളിലും തടവറകളിലും റൈറ്റേഴ്സ് ബിൽഡിങ്ങിലുമൊക്കെ തങ്ങളുടെ ജീവിതം ജീവിച്ചുതീർക്കുന്നു. നാനാതരം ഹിംസകളുടെ സമാന്തരചരിത്രങ്ങൾ ഭരണകൂടത്തിന്റെ ഓദ്യോഗികഹിംസയുടെ രാഷ്ട്രീയത്തെ പൂരിപ്പിക്കുന്നു. വധശിക്ഷക്കനുകൂലവും പ്രതികൂലവുമായ സംവാദങ്ങളും പ്രക്ഷോഭങ്ങളും പൊതുസമൂഹത്തിലും മാധ്യമങ്ങളിലും ഒരുപോലെ അരങ്ങേറുന്നു.

images/Christopher_Caudwell.jpg
കോഡ്വൽ

യതീന്ദ്രനാഥ ബാനർജിയുടെ തൂക്കിക്കൊലയിൽ നോവൽ അവസാനിക്കുന്നില്ല. എൺപത്തെട്ടാം വയസ്സിൽ സ്വന്തം സഹോദരനെയും അയാളുടെ ഭാര്യയെയും കൊന്ന് ഗൃദ്ധാമല്ലിക് ജയിലിലായി. ആലിപ്പൂർ ജയിലിൽ യതീന്ദ്രനാഥിനെ തൂക്കിലേറ്റി, ചാനൽ സ്റ്റുഡിയോയിലെത്തിയ ചേതന, തന്റെ ജീവിതത്തെത്തന്നെ ഒരു കുടുക്കാക്കി മാറ്റി, തന്നെ വഞ്ചിച്ച സഞ്ജീവ് കുമാറിനെ കാമറയ്ക്കും പ്രേക്ഷകർക്കും മുന്നിൽ, തത്സമയം തൂക്കിലേറ്റുന്നു. മനുഷ്യ ജീവിതത്തിന്റെ അർഥവും മൂല്യവും ഹിംസയുടെ തത്വചിന്തകളുമായി താരതമ്യം ചെയ്യപ്പെടുന്നു, ‘ആരാച്ചാരി’ൽ.

നോവലിന്റെ ചരിത്രവൽക്കരണമെന്ന നിലയിൽ ‘ആരാച്ചാർ’ മലയാളഭാവനയിൽ ഒരു കുതിച്ചുചാട്ടമാണു്. ഭാഷയുടെ ഇന്ദ്രജാലത്തിൽ, കവിതകളായി മാറുന്ന ഒറ്റവരിവാക്യങ്ങളിൽ, കഥപറച്ചിലിന്റെ ഒഴുക്കിൽ, കാമനകളുടെ തീപിടിത്തങ്ങളിൽ, അധ്യായങ്ങളുടെ ഘടനയിൽ, മിത്തുകളുടെ തുടർച്ചയിൽ, ചരിത്രത്തിന്റെ പടർച്ചയിൽ, ഈ നോവൽ നിർമിക്കുന്ന ആഖ്യാനമണ്ഡലം ‘അഗ്നിസാക്ഷി’ക്കും ‘എന്റെ കഥ’ക്കും ‘ആലാഹ’ക്കും ശേഷം മലയാളത്തിലുണ്ടായ ഏറ്റവും ഭാവനാ സമ്പന്നമായ സ്ത്രീ നിർമിതിയാണു്.

അങ്ങേയറ്റം സിനിമാറ്റിക്കാണു് ‘ആരാച്ചാരു’ ടെ ആഖ്യാനം. ഒരു സ്കൂൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തുകൊന്ന കുറ്റം ചുമത്തി വധശിക്ഷക്കു വിധിക്കപ്പെട്ട ആലിപ്പൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ധനഞ്ജയ് ചാറ്റർജിയെന്ന തടവുകാരനെക്കുറിച്ചു് എം. എസ്. സത്യു നിർമിച്ച 1994-ലെ ഡോക്യുമെന്ററി മുതൽ അവസാനത്തെ ആരാച്ചാരെക്കുറിച്ചുള്ള ജോഷി ജോസഫിന്റെ സിനിമ വരെയുള്ളവയുടെ പലനിലകളിലുള്ള സ്വാധീനം മീരയുടെ രചനയിലുണ്ടു്. അതേസമയംതന്നെ ചേതനയുടെ ആത്മഭാഷണമായി രൂപപ്പെടുന്ന നോവൽ പലപ്പോഴും ആധുനികതയുടെ ലാവണ്യ ശാസ്ത്രങ്ങളിലൊന്നായ സിനിമാറ്റിക് ആഖ്യാനത്തെ മറികടന്ന് ആധുനികാനന്തരതയുടെ ആഖ്യാനപാഠങ്ങളിൽ പ്രമുഖമായ ടെലി-വിഷ്വൽ സ്വഭാവത്തിലേക്കു മാറുകയും ചെയ്യുന്നു. ഏതുനിലയിലും ദൃശ്യാത്മകം.

മീരതന്നെ സൂചിപ്പിക്കുന്നതുപോലെ, സ്ത്രീയും പുരുഷനും പ്രണയവും സമൂഹവും ആത്മീയതയും മതവും രാഷ്ട്രീയവും അധികാരവും ശരീരവും സദാചാരവും നീതിയും നിയമവും എന്നിങ്ങനെ വിവിധ ഇഴകൾ ചേർത്തുപിരിച്ചുണ്ടാക്കിയ തൂക്കുകയർ പോലെയാണു് ഈ നോവലിന്റെ ശില്പകല രൂപപ്പെടുന്നതു്. ജീവിതാനുഭവങ്ങളെ ചോരയും കണ്ണീരുമിറ്റുനിൽക്കുന്ന വാക്കുകളാക്കി മാറ്റുന്ന, അങ്ങേയറ്റം കാവ്യാത്മകവും ബിംബസമ്പന്നവും വികാരവത്തുമായ ഭാഷണ കലയാണു് മീരയുടേത്. ഏതുഭാഗവും നോക്കുക:

“സൂര്യൻ കത്തിജ്വലിച്ചു. ശരീരം വിയർത്തൊഴുകി. മുറുക്കെയടച്ച അടുക്കളപ്പാത്രത്തിനുള്ളിൽ തിളയ്ക്കുന്ന ആവിപോലെ എന്തോ ഒന്നു് എന്റെ ഹൃദയത്തിലും ശരീരത്തിലും വിങ്ങി” (2013: 15).

images/Percy-Lubbock.png
പെഴ്സി ലബ്ബക്ക്

“അന്നു രാത്രി ആ വർഷത്തെ ആദ്യത്തെ മഴ പെയ്തു. ചിതയുടെ ഗന്ധത്തേക്കാൾ രൂക്ഷമായ ഒരു ഗന്ധം മൂക്കു തുളച്ചു. മഴയുടെ ഇരമ്പലിൽ പുറത്തെ ആരവങ്ങൾ മുങ്ങി. ഇടുങ്ങിയ ഗലികളിൽ കൂട്ടിയിട്ട ചപ്പുചവറുകൾ നനഞ്ഞുനാറി. എന്റെ ഹൃദയം നനഞ്ഞു കുതിർന്ന കീറച്ചാക്കുപോലെ ഭാരിച്ചുതുങ്ങി. ഗ്രാമത്തിൽനിന്നു് നഗരത്തിലേക്കു വീട്ടുപണിക്കെത്തി തനിയെ കുടുക്കിട്ടു തൂങ്ങിമരിച്ച പെൺകുട്ടിയെ ഞാൻ കാരണമില്ലാതെ ഓർത്തു. മായയുടെ പഴയൊരു സാരിത്തുണ്ട് അടപ്പായും തിരശ്ശീലയായും ഉപയോഗിക്കുന്ന ജനാലയ്ക്കരികിൽ പായവിരിച്ചു കിടക്കുമ്പോൾ തൂവാനം എന്റെ വിയർത്ത നെറ്റിമേൽ തെറിച്ചുവീണു. എനിക്കു് അന്നു് ഇരുപത്തിരണ്ടു വയസ്സു്. സ്നേഹമില്ലാതെ സ്പർശിക്കുന്ന പുരുഷന്റെ കരങ്ങൾ എത്ര പരുപരുത്തതാകാമെന്നും അയാളുടെ ദുർഗന്ധങ്ങൾ എത്ര അരോചകമാകാം എന്നും ഒരിക്കൽ മാത്രം തിരിച്ചറിഞ്ഞതൊഴിച്ചാൽ ലോകമെന്തെന്നു് എനിക്ക് അറിയുമായിരുന്നില്ല. മാരുതി പ്രസാദിന്റെ സ്പർശത്തിൽ ആർത്തിയാണുണ്ടായിരുന്നതു്. സഞ്ജീവ് കുമാർ മിത്രയുടേതിൽ അഹങ്കാരവും അധീശത്വവും. ആർത്തിയോടു ക്ഷമിക്കാൻ എനിക്കു സാധിക്കും. പക്ഷേ, അധീശത്വത്തോട്—സാധ്യമല്ല. ഞാൻ പുതപ്പു വലിച്ചെറിഞ്ഞു. തൂവാനത്തുള്ളികൾ കല്ലുകൾ പോലെ എന്റെ മുഖത്തു പതിച്ചു. ഇതാണു് എന്റെ ദൈവം എന്നു പറയാൻ ഒരു പുരുഷനെയും എനിക്കു ലഭിച്ചില്ല. എല്ലാവരും ആരാധന ആവശ്യപ്പെട്ടു. ആരും അതിനു് അർഹത തെളിയിച്ചില്ല. ഹൃദയത്തിൽ കുടുക്കിട്ട് എത്ര മുറുക്കിയിട്ടും ചൂടുകണ്ണുനീർ ചൂടുമഴത്തുളളികളോടു് ഇടകലർന്നൊഴുകി. ഇടതുമാറിടം പഴുത്തുവിങ്ങിയതുപോലെ വേദനിച്ചപ്പോൾ പുകച്ചിലോടെ ഞാൻ തീരുമാനിച്ചു: കൃത്യമായ അളവിൽ അയാൾക്കു വേണ്ടി ഞാൻ കയർ അളന്നെടുക്കും. ഒരിഞ്ചു കൂടുകയുമില്ല; കുറയുകയുമില്ല. അയാളെ എനിക്കും ഒരിക്കലെങ്കിലും അനുഭവിക്കണം” (2013:58).

“മനുഷ്യരെ തണുപ്പിക്കുന്നതിനു പകരം കൂടുതൽ ഉഷ്ണിപ്പിക്കുന്ന കൊൽക്കൊത്തയിലെ മഴ പോലെയായിരുന്നു എന്റെ പ്രണയവും. സാന്ത്വനിപ്പിക്കുന്നതിനു പകരം അതെന്നെ പരിഭ്രാന്തയാക്കി” (2013: 198).

“കറുത്ത കണ്ണടയ്ക്കുളളിൽ പച്ച നിറമുള്ള കണ്ണുകളിലെ ഭാവം എനിക്കു മനസ്സിലായില്ല. അയാൾ എന്റെ കൈത്തലത്തിൽ വിരലുകൾ കൊണ്ടു വരച്ചപ്പോൾ എനിക്ക് ഈർഷ്യ തോന്നി. മോഷ്ടാവിന്റെ കയ്യടക്കവും കുതന്ത്രബുദ്ധിയുമായിരുന്നു, സ്നേഹിക്കുന്ന സ്ത്രീയോടുള്ള ആർദ്രതയായിരുന്നില്ല, അയാളുടെ വിരൽത്തുമ്പിൽ. എന്റെ ഹൃദയത്തിൽ സംശയത്തിന്റെ ഒരായിരം സർപ്പങ്ങൾ അവയുടെ രണ്ടായി മുറിഞ്ഞ നാവുകൾ പുറത്തേക്കു നീട്ടി ശബ്ദങ്ങൾക്കും ഗന്ധങ്ങൾക്കും വേണ്ടി ജാഗരൂകമായി” (2013:225),

“മുട്ടയിടാൻ കടലിൽനിന്നു പത്മാനദിയിലേക്കു് ആയിരത്തിയിരുനൂറു കിലോമീറ്റർ നീന്തുന്ന ഇലിഷ് മത്സ്യത്തെപ്പോലെയാണു് എന്റെ ചേച്ചി നീഹാരിക വിവാഹിതയായി ബർധ്മാനിലേക്കു പോയതും തൂങ്ങിമരിക്കാൻ വേണ്ടി മടങ്ങിയെത്തിയതും” (2013: 244).

“തീപിടിച്ച തുവലുകളുള്ള പക്ഷിയെപ്പോലെയാണു മദൻ മോഹൻ ലെയിനിലൂടെ ഞാൻ പറന്നതു്. എന്റെ ചുണ്ടുകളിൽ ആന്ധാരോഷകോലി എന്ന ഗാനത്തിന്റെ തരി തീപ്പൊരി പോലെ പറ്റിപ്പിടിച്ചു. എന്റെ ചുണ്ടുകളെയും നാവിനെയും അതു നീറ്റി” (2013:394).

“തൂക്കുമരത്തിലും അങ്ങനെതന്നെ എന്നു ഞാൻ പൊട്ടിച്ചിരിച്ചു. പട്ടുതുണിക്കുള്ളിൽ മൺതരികൾ കിരുകിരുത്തു. മരണത്തിന്റെ വഴുവഴുപ്പുള്ള കൈകൾകൊണ്ടു് ഞാൻ അതു മുറുകെപ്പിടിച്ചു. അങ്ങനെ, പ്രണയത്തിന്റെയും മണ്ണിന്റെയും മരണത്തിന്റെയും പേരിൽ എന്റെ നാമവും ജീവിതവും ഭാരതത്തിലും മുഴുവൻ ലോകത്തും ഞാൻ അനശ്വരമാക്കി. എന്നെ ആരും തടയുകയില്ലെന്നു് ഉറപ്പായിരുന്നു. മഴയും മണ്ണും പ്രകാശവും ചരിത്രവും എന്നെ കാത്തുനിന്നു. ‘ജോഡി തോർ ഡാക്ഷുനെ കേവു ന അഷെ തോബെ ഏക്ല ഛലോരെ’ എന്നു മൂളിക്കൊണ്ടു ഞാൻ ‘ഭവിഷ്യത്തി’ലേക്കുള്ള യാത്ര ആരംഭിച്ചു” (2013: 552).

മിത്തുകളുടെയും ചരിത്രത്തിന്റെയും ഭൂതകാലത്തിന്റെയും വർത്തമാനകാലത്തിന്റെയും ആഖ്യാനത്തിൽ ഒരുപോലെ തുടരുന്ന ജീവസ്സുറ്റ ഇത്തരമൊരു ഭാഷയുടെയും ഭാവനയുടെയും വ്രജബലം ആരാച്ചാരുടെ വായനാപരതയെ ആദിമധ്യാന്തം ത്രസിപ്പിക്കുന്ന ഊർജ്ജത്തിൽ നിലനിർത്തുന്നു. ഇതു രൂപം കൊള്ളുന്നതാകട്ടെ, മുകളിൽ കണ്ടതുപോലെ, ഈ രചന ഭാഷയിലും ഭാവബന്ധങ്ങളിലും സൃഷ്ടിക്കുന്ന വാൾത്തലപോലെ മൂർച്ചയുള്ള ജീവിതബദ്ധതയിലാണു്. തുടക്കം മുതൽ ഒടുക്കം വരെ ആരാച്ചാർ ഒരേ തീവ്രതയിൽ നിലനിർത്തുന്ന രാഷ്ട്രീയത്തിനും സൗന്ദര്യാത്മകതയ്ക്കും ചരിത്രത്തിന്റെയും മിത്തുകളുടെയും മാത്രമല്ല, യാഥാർഥ്യത്തിന്റെയും കാല്പനികതയുടെയും അസാമാന്യമായ ഒരു മാന്ത്രികതയുണ്ടു്. സ്ത്രീയുടെ ആന്തരലോകത്തെ, കാമനാ സംഘർഷങ്ങളെ, ആത്മബോധങ്ങളെ, ശരീര സംത്രാസങ്ങളെ, പ്രണയപാരവശ്യങ്ങളെ ഇത്രമേൽ ജീവിത ബന്ധത്തോടെ ആവിഷ്കരിക്കുന്ന എത്ര രചനകൾ മലയാളത്തിലുണ്ട്? നോവലിന്റെ ആഖ്യാന കലയിൽ മീര നേടുന്ന ഈ വിജയം സിവി-ഉറൂബ്-ആനന്ദ് ശ്രേണിയിൽ മലയാളത്തിലുണ്ടായ വിസ്മയങ്ങളിലൊന്നായിത്തന്നെ കാണണം. എഴുത്തിന്റെ ഗതിനിർണയിക്കുന്നതു് സംഭവങ്ങളോ ക്രിയകളോ അല്ല മനുഷ്യരുടെ അവസ്ഥകളും അനുഭവങ്ങളുമാണു് എന്നു് ഇവരെപ്പോലെ മീരയും സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിൽനിന്നു് ഈ നോവൽ കണ്ടെടുക്കുന്ന അനുഭവ സന്ധികളുടെ ആവിഷ്കാരമാകട്ടെ, അസാധാരണമാം വിധം ശില്പഭദ്രവും ഭാവതീവ്രവും രൂപക സമൃദ്ധവുമാണു്. ചുരുക്കിപ്പറഞ്ഞാൽ മൃതിയാൽ കൊടിപ്പടം താഴ്ത്തപ്പെടാത്ത ജീവിതത്തോടു ചേർന്നുനിന്നുകൊണ്ടുതന്നെ രചിക്കപ്പെടുന്ന ഹിംസയുടെ വേദാന്തമാണു് ആരാച്ചാർ.

(ഡി) എഴുത്തിന്റെയും പ്രസാധനത്തിന്റെയും വിതരണത്തിന്റെയും വായനയുടെയും സാങ്കേതികതകളിലും രൂപപരവും മാധ്യമപരവുമായ പരീക്ഷണങ്ങളിലും കൂടി ആധുനികാനന്തര നോവൽ പ്രകടിപ്പിക്കുന്ന കലയുടെ സാധ്യതകളാണു് ഈ ഘട്ടത്തിലെ നാലാമത്തെ തലം. അതികഥ, പാഠാന്തരത, പാസ്റ്റിഷ്-പാരനോയിയ-ഫാബുലേഷൻ തുടങ്ങിയ സങ്കല്പനങ്ങൾ, ഹിസ്റ്റോറിയോഗ്രഫിക് മെറ്റഫിക്ഷൻ, സൈബർ ഫിക്ഷൻ, ഡയസ്പോറ ഫിക്ഷൻ, ഇ-നോവൽ, ഗ്രാഫിക് നോവൽ, ഇ-ബുക്ക് റീഡറിന്റെ വ്യാപനം, ഡിജിറ്റൽ ലൈബ്രറികൾ… എന്നിങ്ങനെ ആധുനികാനന്തര നോവലിന്റെ മണ്ഡലത്തിൽ ലോകത്തെവിടെയും സംഭവിക്കുന്ന പരിണാമങ്ങൾ മലയാളത്തിലും പ്രകടമാകുന്നു. ഗോവർധന്റെ യാത്രകൾ (1995) എന്ന ആനന്ദിന്റെ നോവൽ സൃഷ്ടിച്ച എഴുത്തുരീതികളുടെയും ചരിത്രാവബോധത്തിന്റെയും പരിണത സ്വഭാവത്തിലാണു് ഈ പ്രവണതകളുടെ വലിയൊരു തുടക്കം കാണാനാവുക. മുകുന്ദൻ, സാറാജോസഫ്, മാധവൻ, പ്രഭാകരൻ, അംബികാസുതൻ, രാജീവൻ, രാമകൃഷ്ണൻ, മീര എന്നിങ്ങനെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിൽ ശ്രദ്ധേയമായ നോവലുകളെഴുതിയവരെല്ലാംതന്നെ തങ്ങളുടെ ഭാവനയെ നവീകരിച്ചതു് മുഖ്യമായും സാങ്കേതിക പരീക്ഷണങ്ങളിൽകൂടിയാണു്. ഒപ്പം, ഭിന്ന വ്യവഹാരങ്ങളുടെ സങ്കലനം, മിത്തുകളുടെ പുനർവായന, സ്ഥലഭാവനയുടെ പുനർവിന്യാസം, പ്രവാസ ജീവിതത്തിന്റെ ആവിഷ്കാരം, മാധ്യമ സംസ്കാരത്തിന്റെയും സൈബർ സംസ്കാരത്തിന്റെയും പ്രശ്നവൽക്കരണം എന്നിങ്ങനെ നിരവധിയായ വിഷയ/അനുഭവ സമീപനങ്ങളിലും ഇവർ ആധുനികതയിൽനിന്നു വഴിമാറി നടക്കുകതന്നെ ചെയ്തു. ആധുനിക ചരിത്ര വിജ്ഞാനീയത്തിന്റെ അപനിർമാണം, മുമ്പു ചൂണ്ടിക്കാണിച്ചതുപോലെ ഇവരുടെ കലയെ പ്രത്യയശാസ്ത്രവൽക്കരിക്കുകയും ചെയ്തു.

കേശവന്റെ വിലാപങ്ങൾ (മെറ്റഫിക്ഷൻ), നൃത്തം (സൈബർഫിക്ഷൻ), ഒരു ദലിത് യുവതിയുടെ കദനകഥ (പാഠാന്തരത), പ്രവാസം (ഡയസ്പോറ ഫിക്ഷൻ) തുടങ്ങിയ രചനകളിലൂടെ എം. മുകുന്ദനാണു് ഈ രംഗത്ത് നിരന്തരം പരീക്ഷണപരമായ ശ്രമങ്ങൾ നടത്തുന്നതെന്നു കാണാം. മുകുന്ദന്റെ പിൻതലമുറയിൽ നിന്നുള്ള എഴുത്തുകാരും ഈ വഴിതന്നെ തേടുന്നു. ആനന്ദിന്റെയും സാറാജോസഫിന്റെയും രാജീവന്റെയും രാമകൃഷ്ണന്റെയും നോവലുകൾ “ഹിസ്റ്റോറിയോഗ്രഫിക് മെറ്റഫിക്ഷൻ” എന്ന സമീപനത്തെ സമർഥമായുപയോഗപ്പെടുത്തുന്നവയാണു്. ഒപ്പം പാഠാന്തരതയുടെ സാധ്യതകളും. പ്രഭാകരൻ, അംബികാസുതൻ, വി. ജെ. ജയിംസ്, രാജീവ് ശിവശങ്കർ തുടങ്ങിയവരുടെ നോവലുകൾ മിക്കതും തുടർച്ചയായിത്തന്നെ മിത്തുകളെ ചരിത്രത്തിന്റെ അപരവും ബദലും പൂരകവും തുടർച്ചയുമായി സങ്കല്പിക്കുന്നു; രാഷ്ട്രീയവൽക്കരിക്കുന്നു. പി. മോഹനൻ (കാലസ്ഥിതി), കെ. വി. പ്രവീൺ (ഡിജാൻലീ, പ്രച്ഛന്നവേഷം), ബന്യാമിൻ (ആടുജീവിതം, അൽ-അറേബ്യൻ നോവൽ…) തുടങ്ങിയവരാണു് മലയാളത്തിൽ പ്രവാസനോവലിന്റെ യഥാർഥ വക്താക്കൾ. പ്രവാസത്തെ ഒരു ചരിത്രാനുഭവമെന്ന നിലയിൽ മാത്രമല്ല, സന്ദിഗ്ധമായ അസ്തിത്വമായും ഇവർ പ്രശ്നവൽക്കരിക്കുന്നു. ‘ആടുജീവിതം’ മുതൽ മുസാഫിറിന്റെ മരുഭൂജീവിത കഥകളും അഷ്റഫ് താമരശ്ശേരിയുടെ ജീവിതകഥയും വരെയുള്ളവ സൃഷ്ടിച്ച ഗൾഫ്ജീവിതത്തിനു പുറത്താണു് പ്രവീണിന്റെ രചനകൾ സൃഷ്ടിക്കുന്ന അമേരിക്കൻ-സൈബർ ജീവിതങ്ങളുടെ കലയും രാഷ്ട്രീയവും നിലനിൽക്കുന്നതു്. സ്ഥലഭാവനയുടെ പുനർവിന്യാസം പുതിയ നോവലിന്റെ സവിശേഷ രാഷ്ട്രീയമാക്കി മാറ്റുന്നതിൽ പ്രഭാകരനും അംബികാസുതനും രാജീവനും മാത്രമല്ല പി. എഫ്. മാത്യൂസും സെബാസ്റ്റ്യനും സുഭാഷ്ചന്ദ്രനും സന്തോഷ്കുമാറും മീരയുമൊക്കെ ശ്രദ്ധവയ്ക്കുന്നു. തിയൂർരേഖകളും മരക്കാപ്പിലെ തെയ്യങ്ങളും പാലേരി മാണിക്യവും ചാവുകടലും രാജാക്കന്മാരുടെ പുസ്തകവും മനുഷ്യന് ഒരാമുഖവും അന്ധകാരനഴിയും ആരാച്ചാരുമൊക്കെ ഈ ഭാവനയുടെ വൈവിധ്യം വെളിപ്പെടുത്തുകയും ചെയ്യുന്നു.

മാധ്യമസംസ്കാരത്തിന്റെ പലനിലകളിലുള്ള ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളുമാണു് മറ്റൊരുവഴി. ദൈവത്തിന്റെ വികൃതികളിൽ മുകുന്ദനും ലന്തൻബത്തേരിയിൽ മാധവനും തിയൂർരേഖകകളിൽ പ്രഭാകരനും കല്പിതകഥയിലേതുമാതിരിയിൽ ഉണ്ണിയും മനുഷ്യനു് ഒരാമുഖത്തിൽ സുഭാഷ് ചന്ദ്രനും ആരാച്ചാരിൽ മീരയും കെ. ടി. എൻ. കോട്ടുരിൽ രാജീവനും കൽപ്രമാണത്തിൽ രാജീവും ഡജാൻലിയിൽ പ്രവീണും ഫ്രാൻസിസ് ഇട്ടിക്കോരയിലും സുഗന്ധി എന്ന ആണ്ടാൾദേവനായകി യിലും രാമകൃഷ്ണനും… ഏറെ സമ്പന്നമാണു് ആഖ്യാനത്തിന്റെ ഈ മാധ്യമ സങ്കേതം—അച്ചടി മുതൽ സൈബർവരെ.

പാരനോയിയ (സംശയാത്മകത) മുതൽ കോൺസ്പിരസി തിയറി (ഉപജാപസിദ്ധാന്തം) വരെയുള്ള എഴുത്തുതന്ത്രങ്ങളുടെ ഘടനയിലേക്കു് മലയാളനോവലുകളെ ചുവടുമാറ്റുന്നതിൽ ടി. ഡി. രാമകൃഷ്ണൻ നടത്തുന്ന ശ്രമങ്ങൾ ‘ഫ്രാൻസിസ് ഇട്ടിക്കോര’ മുൻനിർത്തി സൂക്ഷ്മമായ പഠിക്കുന്ന പി. കെ. രാജശേഖരന്റെ പഠനം (2013) ഈ വിഷയത്തെക്കുറിച്ചു് മലയാളത്തിലുണ്ടായിട്ടുള്ള ശ്രദ്ധേയമായ (ഏക) രചനയാണു്. രാജശേഖരൻ എഴുതുന്നു; “നാം ജീവിക്കുകയും അനുഭവിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ലോകത്തിലെ സംഭവങ്ങൾക്കുപിന്നിൽ നാം കാണുന്നതിനും മനസ്സിലാക്കുന്നതിനും അപ്പുറമുള്ള ഒരു രഹസ്യപദ്ധതിയുണ്ടെന്ന, അല്ലെങ്കിൽ ഒരു നിഗൂഢശക്തി അവയെ നിയന്ത്രിക്കുകയാണെന്ന, യാദൃച്ഛികമെന്നു തോന്നുന്ന സംഭവങ്ങൾ തമ്മിൽ ഗൂഢമായ പരസ്പരബന്ധം നിലനിൽക്കുകയാണെന്ന ബോധം വായനക്കാരിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഫ്രാൻസിസ് ഇട്ടിക്കോര ഉപജാപസിദ്ധാന്തത്തിന്റെയും സംശയാത്മക ചിത്തവിഭ്രമ (paranoia) ത്തിന്റെയും വിജ്ഞാനകോശമായി മാറുന്നു. കഥാഖ്യാനത്തിന്റെ തലത്തിൽ ചരിത്രം, ശാസ്ത്രം, രാഷ്ട്രവ്യവഹാരം, വാണിജ്യം, നോവലിന്റെ രൂപഘടന, ആഖ്യാനം തുടങ്ങിയവയോടുള്ള ഉപജാപവും സംശയാത്മകത്വവും പ്രകടിപ്പിച്ചുകൊണ്ട് ഈ നോവൽ മലയാളത്തിലെ ഉത്തരാധുനിക ഭാവുകത്വത്തിനു് വിപുലനം നൽകുകയും ചെയ്യുന്നു.

ആധുനികതയ്ക്കുശേഷമുള്ള മലയാളനോവലിലെ പ്രധാന സവിശേഷതകളിലൊന്നു് ചരിത്രത്തെ സംബോധന ചെയ്യാനുള്ള ശ്രമമാണു്. വ്യത്യസ്തരീതിയിൽ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളെ അഭിമുഖീകരിക്കുന്ന അവ സാമ്പ്രദായിക നിർവചനപ്രകാരമുള്ള ചരിത്രനോവലുകളല്ല. ചരിത്രത്തെയും ചരിത്രരചനയെയും ഭാവനാത്മകമായി വ്യാഖ്യാനിക്കാനും ഭാവനാചരിത്രങ്ങൾ നിർമിക്കാനും അവ ശ്രമിക്കുന്നു. ആഖ്യാനത്തിന്റെ രേഖീയത തിരസ്കരിക്കുന്നതും ശൈലികൾ മിശ്രണം ചെയ്യുന്നതും ഉൾപ്പെടെയുള്ള രീതികളിലൂടെയാണു് നോവലുകൾ ഭിന്നമായ ചരിത്രകാംക്ഷ പ്രകടിപ്പിക്കുന്നതു്. ഈ ഉത്തരാധുനികപ്രവണതയിൽ ഫ്രാൻസിസ് ഇട്ടിക്കോരയിലൂടെ ടി. ഡി. രാമകൃഷ്ണൻ ഒരു പുതിയ ഇടം നിർമിക്കുന്നു. ചരിത്രത്തോടുള്ള ഉപജാപവും സംശയാത്മകത്വവും നിറഞ്ഞ ഇട്ടിക്കോര അദൃശ്യത്തിന്റെ ഭൂപടനിർമാണമാണു്. വ്യത്യസ്തമായ ആഖ്യാനസ്ഥാനങ്ങളും ശൈലികളും രചനാരൂപങ്ങളും നിറഞ്ഞ ഈ നോവൽ ജനപ്രിയഭാവനയെയും ഗൌരവമുള്ള സാഹിത്യഭാവനയെയും കൂട്ടിക്കലർത്തി അവ തമ്മിൽ നിലനിൽക്കുന്നതായി സങ്കല്പിക്കപ്പെടുന്ന അതിരുകൾ മായ്ച്ചുകളയുന്നു.

കഥയാണു്, കഥാഖ്യാനമാണു് ഫ്രാൻസിസ് ഇട്ടിക്കോരയുടെ വിഷയം, പലർ പറയുന്ന കഥകൾ; വ്യത്യസ്ത ആഖ്യാനസ്ഥാനങ്ങൾ. മുഖ്യ ആഖ്യാതാവിന് നോവലിസ്റ്റ് നൽകുന്ന പേരുതന്നെ കഥയെഴുത്ത് എന്നാണ്; അതൊരു ക്രിയാപദമല്ല, സംജ്ഞാനാമമാണു്. നേർവിവരണമായും ഇ-മെയിലായും ബ്ലോഗായും പുസ്തകമായും പ്രഭാഷണമായും പ്രത്യക്ഷപ്പെടുന്ന ആഖ്യാനങ്ങൾ ചേർന്ന് നോവലിന്റെ പ്രമേയം വികസിക്കുന്നു. മിശ്രണത്തിന്റെ ലോകമാണതു്. വ്യത്യസ്ത ജനുസ്സുകളും ഭാഷണരീതികളും ഭാഷകളും ശൈലികളും നോവലിസ്റ്റ് കൂട്ടിക്കലർത്തുന്നു. ജനപ്രിയ ത്രില്ലറും അപസർപ്പകക്കഥയും ശാസ്ത്രപ്രബന്ധവും ഫാന്റസിയും പുരാലിഖിതവും വിജ്ഞാനകോശവും ഉൾപ്പെടെയുള്ള ജനുസ്സുകൾ. മലയാളത്തിനുപുറമെ സംസ്കൃതവും ഇംഗ്ലിഷും സ്പാനിഷും ഹീബ്രുവും ഉൾപ്പെടെയുള്ള ഭാഷകൾ. ഗണിതം, ചിത്രകല, ശില്പകല, പുരാവൃത്തം, ലൈംഗികത, വ്യഭിചാരം, കൂട്ടിക്കൊടുപ്പ്, നിഗൂഢതാഭിലാഷം, ഹിംസാവാസന, കൊലപാതകം, ശാരീരികപീഡനം ആഭിചാരം, സാങ്കേതികവിദ്യ, രാഷ്ട്രീയതീവ്രവാദം, വിജ്ഞാനവിതരണം തുടങ്ങിയവയെല്ലം ആഖ്യാനത്തിൽ പല അനുപാതങ്ങളിൽ കൂട്ടിയിണക്കപ്പെടുന്നു. ഇട്ടിക്കോരയുടെ പ്ലോട്ട് (ഇതിവൃത്തം) തന്നെ ‘പ്ലോട്ട്’ (ഗൂഢാലോചന, രഹസ്യപദ്ധതി, ഉപജാപം) ആണു്. ഒരു ആഖ്യായികയിലെ സംഭവങ്ങളുടെ ഘടനാവിതാനം, പദ്ധതി അല്ലെങ്കിൽ ഡിസൈൻ ആണ് പ്ലോട്ട് എന്ന ഇതിവൃത്തം. വായനക്കാരിൽ ഉദ്വേഗവും ജിജ്ഞാസയും ഉണർത്തുന്നതു് പ്ലോട്ട് എന്ന കഥക്കെട്ടാണ്. ഇതിവൃത്തത്തിന്റെ സ്ഥലകാലാനുസ്യൂതിയിലാണു് ‘അതെങ്ങനെയാണുസംഭവിച്ചത്?’ ‘അതെങ്ങനെയാണു സംഭവിക്കുന്നത്?’ ‘അടുത്തെന്താണു സംഭവിക്കാൻ പോകുന്നത്?’ തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നതു്. ‘ഇട്ടിക്കോര’യിലെ പ്ലോട്ട് /ഇതിവൃത്തം തന്നെ ‘പ്ലോട്ട്’ ആണു്; ലോകത്തെ സംഭവങ്ങൾക്കെല്ലാം പിന്നിൽ ഒരു നിഗുഢസംഘത്തിന്റെ ഗൂലോചന/പ്ലോട്ടിങ് ഉണ്ടെന്ന വിശ്വാസം. അതിശക്തരും കൗശലശാലികളുമായ ആ രഹസ്യ സംഘത്തിന്റെ ഗൂഢപദ്ധതിയിലെ കളിപ്പാവകൾ മാത്രമാണു നാം എന്നു ഞെട്ടലോടെ തിരിച്ചറിയുകയും അതേസമയംതന്നെ ഭീതിയോടെയാണെങ്കിലും അതിനെപ്പറ്റി അപസർപ്പക ബുദ്ധിയോടെ അന്വേഷിക്കുകയും ചെയ്യുന്നവരാണു് ഇട്ടിക്കോരയിലെ കഥാപാത്രങ്ങൾ. ആ അന്വേഷണത്തിലൂടെയാണു് നോവലിലെ ഇതിവൃത്തം വികസിക്കുന്നതു്. ആ രഹസ്യ സംഘത്തിന്റെ ഉപജാപത്തിനെതിരായ ഉപജാപമായി മാറുന്നു നോവലിലെ ഇതിവൃത്തവും ആഖ്യാനവും. ‘പ്ലോട്ട്’ അന്വേഷിച്ചുനടക്കുന്നവരാണു് ഇട്ടിക്കോരയിലെ കഥാപാത്രങ്ങൾ. ആ അന്വേഷണം ഉപജാപത്തിന്റെയും പാരനോയിയയുടെയും ഒരു ഇരുണ്ടലോകം തുറക്കുന്നു. ഫലത്തിൽ, ഉപജാപകമായ ലോകവീക്ഷണത്തെ എതിർക്കുകയല്ല അതിനെ ദൃഢീകരിക്കുകയാണു് നോവലിസ്റ്റ് അവതരിപ്പിക്കുന്ന ഉപജാപസിദ്ധാന്തം. ലോകത്തിലെ സംഭവങ്ങളെയെല്ലാം, അവ വസ്തുതയായാലും ഭാവനയായാലും സദൃശീകരണവും സംശയാത്മകമായ അതിനിർണയനവും കൊണ്ടു് ഗൂഢമായ ഒരു അധോലോകപദ്ധതിയുമായി ബന്ധിപ്പിച്ചു കാണുന്നതാണു് ഉപജാപസിദ്ധാന്തം (കോൺസ്പിറസി തിയറി). ആഖ്യാനം തന്നെ അവിടെ പാരനോയിയയുടെ ഒഴിയാബാധയായി മാറുന്നു. ഉപജാപത്തിന്റെയും സംശയാത്മകത്വത്തിന്റെയും ഈ ലോകമാണു് ഇട്ടിക്കോരയിൽ ടി.ഡി. രാമകൃഷ്ണൻ തുറന്നിടുന്നതു്” (2013: 2012–2014).

ആനന്ദിന്റെ ‘വിഭജനങ്ങൾ’ (2006) എന്ന നോവൽ മുൻനിർത്തി ഭിന്നവിജ്ഞാനങ്ങളുടെയും വ്യവഹാരങ്ങളുടെയും പാഠാന്തര സന്നിവേശത്തിലൂടെ നോവലിനു കൈവരുന്ന അന്തർവിജ്ഞാനസ്വരൂപം വിശദീകരിക്കാനാണു് ഇവിടെ ശ്രമിക്കുന്നതു്.

ആഖ്യാനഘടനയിൽ ഓർമയും ചരിത്രവും കഥയും സംസ്കാരവും ഒന്നായിമാറുന്ന ഒരു കൊളാഷാണ് വിഭജനങ്ങൾ. അഭയാർഥികളിൽ (1984) പ്രത്യക്ഷവൽക്കുരിച്ച രാഷ്ട്ര വിഭജനമെന്ന ചരിത്ര യാഥാർഥ്യത്തിൽ നിന്നു മുന്നോട്ടുപോയി ഇവിടെ സംസ്കാരത്തിന്റെ രീതിശാസ്ത്രവും നീതിശാസ്ത്രവുമായി ‘വിഭജന’ത്തെ കണ്ടെടുക്കുകയാണു് ആനന്ദ് ചെയ്യുന്നതു്. നാലു പതിറ്റാണ്ടുമുമ്പ് രണ്ടു വർഷം ജീവിച്ച വഡോദര സന്ദർശിക്കാൻ സുഹൃത്തായ തൃദീപ് സുഹൃദിന്റെ ക്ഷണം സ്വീകരിക്കുന്ന ആഖ്യാതാവ് 1999-ൽ അവിടെയെത്തി തന്റെ ഓർമയിലും അനുഭവത്തിലും നിന്നു് ചരിത്രത്തെ തിരിച്ചു പിടിക്കാൻ നടത്തുന്ന ശ്രമങ്ങളാണു് വിഭജനങ്ങളുടെ സംഭവതലം. തെരുവുകൾ, നിർമിതികൾ, വെളിമ്പുറങ്ങൾ, സമീപ ഗ്രാമങ്ങൾ, റസ്റ്റോറന്റുകൾ, സിനിമാ ശാലകൾ എന്നിങ്ങനെ സ്ഥല ബിംബങ്ങളിലൂടെ ഭൂതകാലത്തെ വർത്തമാന കാലത്തിനുള്ളിൽ നിന്നു ചികഞ്ഞെടുക്കാൻ അയാൾ നടത്തുന്ന ശ്രമങ്ങൾ, സ്ഥലത്തെയും കാലത്തെയും വിഭജിച്ചുകൊണ്ടു് ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രശ്നകാരണങ്ങളായി ഈ ആഖ്യാനത്തിന്റെ അവസാനപുറം വരെയും നീണ്ടുപോകുന്നു. വഡോദര സന്ദർശനത്തിന്റെ നാലുദിനങ്ങൾക്കു പുറമെ രണ്ടു ഘട്ടങ്ങൾകൂടി ഈ കൃതിയിൽ സങ്കല്പിക്കപ്പെടുന്നുണ്ടു്. വഡോദരയിൽ ആഖ്യാതാവിന്റെ ഓർമയെ ചരിത്രമാക്കി മാറ്റുന്ന ജയ്കിഷൻ ജുനേജ എന്ന പുസ്തകവ്യാപാരി കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ അവസാനനാളുകളിൽ ദൽഹിയിലെത്തി ആഖ്യാതാവുമായി നടത്തുന്ന സംഭാഷണങ്ങളുടെയും ഗുജറാത്ത് ഭൂകമ്പത്തിനു ശേഷം നഷ്ടപ്പെടുന്ന ജുനേജയുമായുള്ള ബന്ധത്തിന്റെയും ഒരു ഘട്ടവും, നാലുവർഷത്തിനുശേഷം ഗുജറാത്തിലെ ധൗളാവീര എന്ന സ്ഥലത്ത് ഉൽഖനനം ചെയ്യപ്പെട്ട സൈന്ധവസംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയുടെ കഥ വിവരിക്കുന്ന മറ്റൊരുഘട്ടവും, നാലു സഹസ്രാബ്ദം മുമ്പുണ്ടായിരുന്ന ഒരു ജനപദത്തിനു് അജ്ഞാതമായ കാരണങ്ങളാൽ സംഭവിച്ച തിരോഭാവത്തിന്റെ മാത്രമല്ല, നാലു വർഷം മുമ്പ് താൻ കണ്ട വഡോദരയുടെ ആസന്ന ഭൂതകാലത്തിനു് പുതിയ സഹസ്രാബ്ദത്തിന്റെ ആരംഭകാലം സമ്മാനിച്ച ഭൂകമ്പത്തിന്റെയും കഥ വിഭജനങ്ങളുടെ ഇതിവൃത്തഘടന നിശ്ചയിക്കുന്നവയാണു്. വിദൂരഭൂതകാലത്തെ ജനപദമെന്ന പോലെതന്നെ അജ്ഞാതവും അജ്ഞേയവുമായ മറവിയിലേക്കാണു് ഭൂകമ്പകാലത്തു് ജുനേജയും മറഞ്ഞു പോകുന്നതു്. അപാരമായ അശുഭവിശ്വാസത്തിന്റെ നടുക്കടലിൽ നിന്നാണു് ജുനേജ തന്റെ അവസാനത്തെ സന്ദേശം ആഖ്യാതാവിനയയ്ക്കുന്നതു്. “നമുക്കു് ഒന്നും ചെയ്യാൻ കഴിയില്ല, നമുക്കു് ഒന്നും ചെയ്യുവാനില്ല” എന്നരണ്ടു വരികളാണു് ഭൂകമ്പത്തിന്റെയും ഗോധ്രാകലാപത്തിന്റെയും കൂട്ടക്കൊലയുടെയും ആ നാളുകളിൽ അഭിശപ്തമായ തന്റെ കാലത്തിന്റെ ചരമക്കുറിപ്പെന്നപോലെ അയാൾ സന്ദേശമയയ്ക്കുന്നതു്. പിന്നീടു് ഭൂകമ്പത്തിൽ ഇന്ത്യയുടെ ആത്മാവ്, ഗാന്ധിയുടെ ആശ്രമം, പോർബന്തർ-സബർമതി-ദണ്ഡി മേഖലകൾ തന്നെ ഒന്നോടെ തകർന്നു തരിപ്പണമാവുകയാണു്. “ഗാന്ധിയുടെ ഗുജറാത്ത് ചരിത്രത്തിൽ നിന്നു് സ്വയം വിഭജിച്ചു പുറത്തുപോകുകയായിരുന്നു” വെന്നു് ആനന്ദ് എഴുതുന്നു (പുറം. 193).

ആദിവാസികൾക്കും നാടോടികൾക്കുമിടയിൽ പ്രവർത്തിക്കുന്ന സുഹൃദിന്റെ ക്ഷണമനുസരിച്ചു് വഡോദരയിലെത്തിയ ആഖ്യാതാവിന്റെ അന്വേഷണം തുടങ്ങുന്നതു് നാലു പതിറ്റാണ്ടു മുമ്പത്തെ വഡോദരയുടെ സ്ഥലഭൂപടത്തിൽ നിന്നാണു്. എണ്ണപ്പാടങ്ങളുടെ ഭൂഗർഭപടലങ്ങൾ തന്നെ നിക്ഷേപങ്ങളുടെ കാലാന്തര വിഭജനമാണു്. സ്ഥലത്തിൽ, കാലത്തിന്റെ മറ്റൊരു ഭൂപടം സ്വയം രചിച്ചു കൊണ്ടു വർത്തമാനവും ഭൂതവും തമ്മിലുള്ള ഈ വിഭജനം നോവലിലുടനീളം മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്നു. സ്ഥിരവാസികളും നാടോടികളും തമ്മിലുള്ള വിഭജനം മനുഷ്യർക്കിടയിലെ നിരവധിയായ വിഭജനതലങ്ങളുടെ തുടക്കമാണെങ്കിൽ ആനന്ദിന്റെ മറ്റുമിക്ക രചനകളിലുമാവർത്തിക്കുന്ന നഗര-ഗ്രാമവിഭജനത്തിന്റെ ചരിത്ര രീതിശാസ്ത്രം ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല. അതേസമയം സ്ഥലത്തിന്റെയും കാലത്തിന്റെയും മാനകങ്ങൾക്കുള്ളിൽ കടന്നു വരാവുന്ന മിക്ക മനുഷ്യാവസ്ഥകളുടെയും വിഭജിത സ്വഭാവങ്ങൾ തുടർന്നങ്ങോട്ട് വിശദമായ ചർച്ചകളായിത്തന്നെ ഈ കൃതി ഏറ്റെടുക്കുന്നു. സുഹൃദിന്റെ പത്നി, സസ്യശാസ്ത്രജ്ഞയായ മാലിനി, സസ്യ-മാംസഭക്ഷണത്തിന്റെ വിഭജനത്തിൽ നിന്നു് സസ്യ-ജന്തുലോകങ്ങളുടെ ജൈവഘടനയിലേക്കും വർഗീകരണങ്ങളിലേക്കും നോവലിലെ ആദ്യ ചർച്ച നയിക്കുന്നു. പരിഷ്കൃത സമൂഹങ്ങൾക്കുള്ളിൽ നിലനിൽക്കുന്ന കുറ്റവാളി ഗോത്രങ്ങൾ സംസ്കാരത്തിൽ സൃഷ്ടിക്കുന്ന നെടുകെയും കുറുകെയുമുള്ള വിഭജനങ്ങളിലേക്കാണു് വഡോദരയിലെ ആദ്യകാഴ്ച ആഖ്യാതാവിനെ നയിക്കുന്നതു്. ഛാരാനഗറിന്റെ വർത്തമാനം ഛാരാകളുടെ ഭൂതകാലത്താൽ വേട്ടയാടപ്പെടുന്ന ചരിത്രത്തിന്റെ വലിയൊരു വിപര്യയമാണു്. പാർശ്വവൽക്കരിക്കപ്പെട്ട ഈ ഗോത്രം, മുഖ്യധാരാസമൂഹവുമായി വിഭജിക്കുപ്പെട്ടു നിൽക്കുന്ന തലങ്ങളുടെ രാഷ്ട്രീയം കായിനീൽനിന്നു തുടങ്ങുന്ന ജിപ്സികളുടെ ചരിത്രമായി ആനന്ദ് വ്യാഖ്യാനിക്കുന്നു. ഛാരാഗോത്രജനായ കാംജിലാൽ എന്ന വക്കീൽ, കുറ്റകൃത്യങ്ങൾ ജീവിതത്തിലെ ഏകസ്വരതയെ തടയുമെന്ന കാൾ മാർക്സിന്റെ നിരീക്ഷണം ചൂണ്ടിക്കാണിച്ച് ഛാരാകളുടെയും മറ്റു കുറ്റവാളിഗോത്രങ്ങളുടെയും ജൈവസ്വത്വത്തെ സമർഥിക്കുന്നുണ്ടു്. ബൻകാരാ, ഖിൽവാസി തുടങ്ങിയ ആദിവാസി ഗോത്രങ്ങളുടെ സവിശേഷമായ സംസ്കാരങ്ങളിലേക്കും ചരിത്ര പങ്കാളിത്തങ്ങളിലേക്കുമാണു് പിന്നീടുള്ള യാത്ര. നർത്തകരായ സ്ത്രീകളും കൈനോട്ടക്കാരായ പുരുഷന്മാരുമടങ്ങുന്ന ഒരു നാടോടി ഗോത്രത്തെക്കുറിച്ചു് സുഹൃദ് പറയുന്നു. “വേരുകൾ നഷ്ടപ്പെട്ട മനുഷ്യർ എല്ലാ അസംബന്ധത്തിനും വഴങ്ങിക്കൊടുക്കുന്നു. കുടുംബബന്ധം നഷ്ടപ്പെട്ട സ്ത്രീകൾ. കാലം നഷ്ടപ്പെട്ട നാടോടികൾ. അത്ഭുതം, കുറെക്കഴിയുമ്പോൾ അവർ സ്വയം ആ അസംബന്ധത്തെ അസംബന്ധമായും വഞ്ചനയെ വഞ്ചനയായും കാണാതാകുന്നു എന്നതാണു്. നർത്തകി നൃത്തത്തിൽ ഭാവരസങ്ങൾ പകർന്നു് അതിനെ കലയാക്കുന്നു. ആ കല പിൽക്കാലത്തു് ഭരതനാട്യവും മോഹിനിയാട്ടവും പോലുള്ള അതീവ ശാസ്ത്രീയ കലകളായി പരിണമിക്കുന്നു. നാടോടികളായ ഭാവി പ്രവാചകർ ഭാവി നിർണയത്തെയും കൈരേഖകളും മറ്റും ഉപയോഗിച്ചുള്ള ഒരു ശാസ്ത്രമാക്കുന്നു” (പുറം. 23, 24).

നഗരത്തിന്റെ ഒരു പുതിയ ഭൂപടവുമായി ഭൂതകാലത്തെ വർത്തമാനകാലത്തിൽ നിന്നു വിഭജിച്ചെടുക്കാൻ നടത്തുന്ന യാത്രകളിലേക്കാണു് നോവൽ തുടരുന്നതു്. ഗുജറാത്തിന്റെ ചരിത്രമെന്നത്, ഇന്ത്യാവിഭജനത്തിനുശേഷം, ഇന്ത്യയ്ക്കുള്ളിലുണ്ടായ രക്തരൂഷിതങ്ങളായ സംസ്ഥാന വിഭജനങ്ങളുടെ ഭാഗമാണു്. മറാഠികളും ഗുജറാത്തികളും ചോര കൊണ്ടുപോരടിച്ച കാലത്തിന്റെയും കലാപങ്ങളുടെയും കഥകളിലൂടെ വഡോദരയിലെ എണ്ണപ്പാടങ്ങളിലെത്തിപ്പെട്ട ഭൂതകാലം ആഖ്യാതാവു് വേർതിരിച്ചെടുക്കുന്നു. പുതിയ നഗരം പഴയനഗരത്തെ വിഴുങ്ങിക്കഴിഞ്ഞു. വാസ്തുശില്പത്തിന്റെയും ഭൂവിജ്ഞാനീയത്തിന്റെയും എണ്ണപര്യവേഷണത്തിന്റെയും ഉൽഖനനത്തിന്റെയും നാളുകളിൽ സഹപ്രവർത്തകരുമായി നടത്തിയ സംവാദങ്ങളിൽ നിന്നാരംഭിക്കുന്നു, വിഭജനമെന്ന രാഷ്ട്രീയ-സാംസ്കാരിക രീതിശാസ്ത്രമുപയോഗിച്ചു പ്രശ്നവൽക്കരിക്കുന്ന ഈ നോവലിലെ ഏറ്റവും ശ്രദ്ധേയമായ പത്തോളം ചരിത്രസന്ദർഭങ്ങളിൽ ആദ്യത്തേതു്. കോംഗോയുടെ കോളനി വിരുദ്ധസമരത്തിന്റെ ചരിത്രമാണതു്. ശീതയുദ്ധത്തിന്റെ പാരമ്യം. കോംഗോയുടെ പ്രധാനമന്ത്രിയായിരുന്ന പാട്രിസ് ലുമുംബെ കൊല്ലപ്പെട്ട സന്ദർഭത്തെ ഒരുപക്ഷേ, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഗോളരാഷ്ട്രീയ വിഭജനത്തിന്റെ സൂചകങ്ങളിലൊന്നായി ചർച്ചയ്ക്കെടുക്കുകയാണു് ഇവിടെ. സ്വാതന്ത്ര്യത്തിനുമുമ്പും പിമ്പും ഒരേപോലെ ഭയാനകമായ ചരിത്രം തീറെഴുതിക്കിട്ടിയ കോംഗോവിന്റെ ദുരന്തം ഒറ്റപ്പെട്ട ഒന്നല്ല. വിഭജനമെന്നതു് വൈരുധ്യങ്ങളുടെ മാത്രം പ്രശ്നവുമല്ല. “കറുത്തവനും കറുത്തവനും ഒത്തുതീർപ്പില്ലാത്തവിധം വിഭജിക്കപ്പെട്ടു കിടക്കുന്ന ആഫ്രിക്കയുടെ ഹൃദയഭാഗത്ത്, ഗോത്രങ്ങളും ഗോത്രങ്ങളും തമ്മിലും വാർ ലോഡുകളും വാർ ലോഡുകളും തമ്മിലും നടക്കുന്ന യുദ്ധങ്ങളിൽ ഗ്രാമങ്ങൾ തന്നെ അപ്രത്യക്ഷമാകുന്നു. വരൾച്ചയും ക്ഷാമവും മാത്രം ബാക്കിയാക്കി, കലാപങ്ങൾ പഴയകാലത്തെ പ്ലേഗും വസൂരിയും പോലെ, ഒരിടത്തു നിന്നു് വേറൊരിടത്തേക്കു മുന്നേറുന്നു. തെക്കൻ രാജ്യങ്ങളിൽ ഇന്നും വെളുത്തവനും കറുത്തവനും ഏറ്റുമുട്ടുന്നു. വടക്ക് ക്രിസ്ത്യാനികളും മുസ്ലീമുകളും തമ്മിൽ, അല്ലെങ്കിൽ തീവ്രവാദി മുസ്ലീമും ലിബറൽ മുസ്ലീമും തമ്മിൽ” (പുറം. 38).

തുടർന്ന് ചർച്ചയ്ക്കെടുക്കുന്നതു് സോവിയറ്റ് യൂണിയനിലേതുൾപ്പെടെയുള്ള കമ്യൂണിസ്റ്റ് സർവാധിപത്യങ്ങൾ എങ്ങനെയാണു് ചരിത്രപരതയിൽ നിന്നു് തെന്നിമാറി വിശ്വാസപരതയിലെത്തിച്ചേർന്നതു് എന്നാണു്. ആനന്ദ് എഴുതുന്നു. “കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും വലിയദോഷവും, അതിന്റെ അപചയത്തിനു് കാരണവും അതിൽ അന്തർലീനമായ എക്സ്ക്ലുസിവ്നെസ് ആണെന്നു പറയാം. അതൊഴിച്ചുള്ള എല്ലാത്തിനെയും അതു് തെറ്റായി കരുതുകയും നിഷേധിക്കുകയും ശത്രുവായി ദർശിക്കുകയും ചെയ്തു. മനുഷ്യസമൂഹത്തെ മുഴുവൻ രണ്ടായി കീറി തലതിരിച്ചിടുന്ന വിഭജനത്തിന്റെ ഒരു ജരാസന്ധപർവം അതു് ദർശനത്തിലും രാഷ്ട്രീയത്തിലും തുടങ്ങിവച്ചു. സംവാദമെന്നതിനെ അസാധ്യമാക്കിത്തീർക്കുക മാത്രമല്ല, അരുതാത്തതെന്ന തോന്നലുണ്ടാക്കുക കൂടി ചെയ്യുന്ന ഒരു വിഭജനമാണു് അതു് ആവശ്യപ്പെടുന്നതു്. മനുഷ്യപ്രകൃതിക്കോ, സാംസ്കാരിക പാരമ്പര്യത്തിനോ യോജിക്കാത്തതായിരുന്നു, അതു് പ്രയോഗത്തിൽ കൊണ്ടുവന്ന ഞങ്ങളും ഞങ്ങളല്ലാത്തവരും എന്ന തരംതിരിവു്” (പുറം.43).

കമ്യൂണിസവും മാർക്സിസവും ഉയർത്തിയ ഏറ്റവും വലിയ ചോദ്യമെന്ന നിലയിൽ വിപ്ലവത്തെ വിശകലനം ചെയ്യാൻ എം. എൻ. റോയി യെയും ബോറിസ് പാസ്തർനാക്കിനെയും മാത്രമല്ല കമ്യു വിനെയും വില്യം ബാരറ്റി നെയും സീമൊൻ വീലിനെയും ദസ്തയവ്സ്കി യെയും കൂട്ടുപിടിക്കുന്നു, ആനന്ദ്. ‘Revolutions are made by fanatical men of action with one track mind, men who are narrow minded to the point of genius’ എന്ന ഡോക്ടർ ഷിവാഗോവിലെ ചിന്ത ആനന്ദ് പങ്കിടുന്നു. റീസണിൽ നിന്നു് റവല്യൂഷനിലേക്കു നീങ്ങുന്ന റോയിയെയും റവല്യൂഷനിൽ നിന്നു് റിബല്യനിലേക്കു നീങ്ങുന്ന കമ്യുവിനെയും വിപ്ലവത്തിന്റെ ഇരുവശത്തും നിർത്തി ആനന്ദ് അതിന്റെ ഏകസ്വരതയെ വിചാരണചെയ്യുന്നു.

സമാനമായ എട്ടു ചരിത്രസന്ദർഭങ്ങൾ കൂടി ഈ നോവലിൽ വിഭജനത്തിന്റെ രാഷ്ട്രീയവും രീതി ശാസ്ത്രവുമായി ചർച്ചചെയ്യപ്പെടുന്നുണ്ടു്. ആര്യാധിനിവേശത്തിന്റെ സംസ്കാരസംഘർഷങ്ങൾ സൃഷ്ടിച്ച ഭാഷകളുടെയും ലിപികളുടെയും മതങ്ങളുടെയും വിശ്വാസങ്ങളുടെയും നാഗരികതകളുടെയും അതീത ഭൂതകാലം, സിന്ധികളും പാർസികളും തങ്ങളുടെ വംശപരിണാമങ്ങളിൽ അനുഭവിച്ച കൊടിയ ദുഃഖങ്ങളുടെ വിദൂരകാലം, ദേശീയതയ്ക്കുള്ളിൽ ഉപദേശീയതയായി വിഭജിച്ചു നിൽക്കാൻ ഗോവ നടത്തിയ പോരാട്ടങ്ങളുടെ സമീപഭൂതകാലം, പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യം മുതൽ ചൈനയിൽ ഹുങ്സിയു ചുവാന്റെ നേതൃത്വത്തിലുണ്ടായ അതിഭയാനകമായ കലാപങ്ങളുടെയും കൂട്ടക്കൊലകളുടെയും ദുരന്തങ്ങളുടെയും ചരിത്രം, തിബത്തും ചൈനയും ഇന്ത്യയും ഉൾപ്പെട്ട ഒരു രാഷ്ട്രീയതർക്കം ഇന്ത്യാ-ചൈനായുദ്ധമായി പരിണമിച്ച ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കലാപഭരിതമായ ചരിത്രം, ഒന്നാംലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിൽ, വിശേഷിച്ചും ജർമനിയിൽ നടന്ന ആണവ പരീക്ഷണങ്ങളുടെയും ഒരുപക്ഷേ, മനുഷ്യചരിത്രത്തെ തന്നെ രണ്ടായി വിഭജിച്ച അണു വിഭജനത്തിന്റെയും എഴുതപ്പെടാത്ത ഗൂഢവും സമാന്തരവുമായ ചരിത്രങ്ങൾ, അണുവിഭജനത്തിനു പിന്നാലെ കണ്ടെത്തിയ ഡി.എൻ.എ. ഘടനയുടെ വിശകലനം ശാസ്ത്രത്തിന്റെയെന്നതുപോലെ മനുഷ്യാസ്തിത്വത്തിന്റെയും നിർണായകമായ മൂല്യസംഘർഷങ്ങൾക്കു രൂപം കൊടുത്തതിന്റെ ചരിത്രം, പതിനഞ്ചാം നൂറ്റാണ്ടിൽ ചൈനയിൽ നടന്ന വംശീയ ഹത്യകളുടെ ചരിത്രം എന്നിങ്ങനെ ഇവ നീളുന്നു.

നോവലിന്റെ അവസാനഖണ്ഡം, ധൗളാ വീരയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയ ഹരപ്പൻ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളെക്കുറിച്ചുള്ള ഒരു വിവരണമാണു്. ജിയോളജിസ്റ്റുകളും എഞ്ചിനീയർമാരും വഡോദരയുടെ പ്രാന്തപ്രദേശങ്ങളിൽ എണ്ണയ്ക്കു വേണ്ടി നാലുപതിറ്റാണ്ടു മുമ്പു നടത്തിയ ഉൽഖനനങ്ങളിൽ നിന്നു ഭിന്നമാണു് 1990 മുതൽ ആർക്കിയോളജിസ്റ്റുകൾ നടത്തിവരുന്ന ഉൽഖനനം. രണ്ടുകൂട്ടരും ഭൂതകാലത്തെ തേടിയാണു് ഭൂമി കുഴിച്ചു കുഴിച്ചുപോകുന്നതു്. ആദ്യത്തെ കൂട്ടർ ഭൂമിയുടെ അടരുകൾക്കടിയിൽ ചരിത്രം നിക്ഷേപിച്ച ഫോസിലുകളിൽ നിന്നുണ്ടാകുന്ന എണ്ണയാണു് തിരയുന്നതെങ്കിൽ രണ്ടാമത്തെ കൂട്ടർ തിരയുന്നതു് പ്രീ-ഹാരപ്പൻ കാലം തൊട്ടുള്ള വിവിധ ജനപദങ്ങളുടെ സംസ്കാരത്തിന്റെ ഈടുവയ്പുകളാണു്. എഞ്ചിനീയറിങ്ങിനെ ഒരു സംസ്കാരമായി കാണുന്നവരാണു് ആദ്യകൂട്ടരെങ്കിൽ സംസ്കാരത്തെ എഞ്ചിനീയറിങ്ങായി കാണുന്നവരാണു് രണ്ടാമത്തെ കൂട്ടർ. ഈ വിധം, വിഭജനങ്ങളുടെ രീതിശാസ്ത്രത്തെ വിഭജനങ്ങളുടെ പ്രത്യയശാസ്ത്രം തന്നെയാക്കി പ്രശ്നവൽക്കരിക്കുന്നതിന്റെ രാഷ്ട്രീയമാണു് ചരിത്രത്തിന്റെ ഭിന്നകാലങ്ങളിലും സ്ഥലങ്ങളിലും സന്ദർഭങ്ങളിലും നിന്നുള്ള ഘട്ടങ്ങളെ വിശകലനം ചെയ്യുന്നതിൽ ഈ കൃതി പിന്തുടരുന്നതു്. ഇവയിൽ ഏറ്റവും മൗലികവും സവിശേഷവുമായ ഘട്ടങ്ങൾ ചൈനയിലെ തെയ് പിങ് കലാപത്തിന്റെ വിശകലനവും അണുവിഭജനത്തിന്റെയും ഡിഎൻഎ ഘടനയുടെ കണ്ടെത്തലിന്റെയും വിശകലനങ്ങളുമാണു്. ചൈനയിലെ കലാപത്തെക്കുറിച്ചു് മുഖ്യധാരാ ചരിത്രങ്ങൾ മറന്നുകളഞ്ഞ മനുഷ്യദുരന്തങ്ങളുടെ കഥയാണു് നോവൽ തിരിച്ചു പിടിക്കുന്നതെങ്കിൽ അണുവിഭജനത്തെയും ഡിഎൻഎ, ഗവേഷണത്തെയും കുറിച്ചെഴുതപ്പെട്ട ചരിത്രങ്ങൾ ശാസ്ത്രത്തിനുവേണ്ടി മറന്നുകളഞ്ഞ മനുഷ്യാനുഭവങ്ങളുടെ കഥയാണു് മുന്നോട്ടു കൊണ്ടുവരുന്നതു്. രാഷ്ട്രീയ ചരിത്രത്തിലെന്നപോലെ ശാസ്ത്രചരിത്രത്തിലും മനുഷ്യന്റെ യുക്തിയും ധാർമികതയും നൈതികതയും വൈകാരികതകളും ഒരു വശത്തും അധികാരഭ്രാന്തും പ്രത്യയശാസ്ത്രമൗലികവാദവും മറുവശത്തുമായി നടക്കുന്ന നിരന്തരമായ യുദ്ധങ്ങളുണ്ടു്. എഴുതപ്പെടാതെ പോകുന്ന ചരിത്രങ്ങളെന്നതുപോലെ പറയപ്പെടാതെ പോകുന്ന കഥകളുണ്ടു്. എഴുത്തിന്റെയും പറച്ചിലിന്റെയും ചരിത്രം തന്നെയും വിട്ടുകളയലുകളുടെയും ഒഴിവാക്കലുകളുടെയും അഥവാ തിരഞ്ഞെടുപ്പുകളുടെയും പക്ഷപാതങ്ങളുടെയും കലയാണു്.

ചരിത്രത്തെയും സംസ്കാരത്തിന്റെ ഭിന്നമണ്ഡലങ്ങളെയും വിഭജനമെന്ന രീതിശാസ്ത്രം മുൻനിർത്തി വിശകലനം ചെയ്യുന്നതിൽ ഈ കൃതി സ്വീകരിക്കുന്ന സങ്കേതമാകട്ടെ പുസ്തകങ്ങളും അവയെ ആധാരമാക്കി ജയ്കിഷൻ ഉന്നയിക്കുന്ന സംവാദങ്ങളുമാണു്. ആധുനികതയുടെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക സൂചകമെന്ന നിലയിൽ പുസ്തകം (The Book) രൂപപ്പെടുത്തിയ സാംസ്കാരിക മൂലധനത്തിന്റെയും ചരിത്രപരമായ ജ്ഞാനശാസ്ത്രത്തിന്റെയും ഉള്ളറകൾ തേടിയുള്ള ഒരന്വേഷണമെന്ന രീതിയിൽ കാണാം പുസ്തകങ്ങളിലൂടെയുള്ള ഇത്തരമൊരന്വേഷണത്തെയും അതുമുൻനിർത്തിയുള്ള സംവാദങ്ങളെയും. സംശോധൻ പുസ്തകാലയത്തിന്റെ ഉടമ ജയ്കിഷൻ ജൂനേജയാണു് മുപ്പത്തേഴുവർഷം മുമ്പ് തന്റെ കടയിൽ പുസ്തകം വായിക്കാനെത്തിയപ്പോഴും മുപ്പത്തേഴുവർഷത്തിനുശേഷം നിലവിലില്ലാത്ത കടയന്വേഷിച്ചെത്തിയപ്പോഴും ആഖ്യാതാവിനെ എണ്ണമറ്റ വിഷയങ്ങളിലേക്കും പുസ്തകങ്ങളിലേക്കും അവയെക്കുറിച്ചുള്ള സംവാദങ്ങളിലേക്കും കൊണ്ടുപോകുന്നതു്. വ്യക്തികൾക്കും ആശയങ്ങൾക്കും വിഷയങ്ങൾക്കും ചരിത്രത്തിനു തന്നെയും പകരം നിൽക്കുന്നവയാണു് ഈ കൃതിയിൽ ചർച്ചയ്ക്കെടുക്കുന്ന മുപ്പതിലധികം പുസ്തകങ്ങൾ. മുമ്പ്, ഗോവർധന്റെ യാത്രകൾ, വ്യാസനും വിഘ്നേശ്വരനും, സംഹാരത്തിന്റെ പുസ്തകം എന്നീ കൃതികളിൽ ആനന്ദ് കൃതിയും കർത്താവും തമ്മിലുള്ള ബന്ധത്തിന്റെയും കൃതിയുടെ കർത്തൃത്വപരവും കർത്തൃത്വ ബാഹ്യവുമായ സ്വത്വങ്ങളുടെയും പാഠാന്തരബന്ധങ്ങളുടെയുമൊക്കെ അർഥ ബഹുലതകളും രാഷ്ട്രീയ സാധ്യതകളും ചർച്ച ചെയ്തിരുന്നു. “വിഭജനങ്ങൾ” അവയിൽ നിന്നൊക്കെ ഭിന്നമായി പുസ്തകങ്ങളിലൂടെതന്നെ മുന്നോട്ടുകൊണ്ടുപോകുന്ന സംസ്കാരവിശകലനത്തിന്റെയും ആശയചർച്ചകളുടെയും വലിയൊരു ഭൂമിക വായനക്കായി തുറന്നിടുന്നു. വരമൊഴിയും വാമൊഴിയും തമ്മിൽ, ഓർമയും മറവിയും തമ്മിൽ, വിശ്വാസവും യാഥാർഥ്യവും തമ്മിൽ, ഭൂതവും വർത്തമാനവും തമ്മിൽ, നിരന്തരം ഇടപഴകിയും അതിർവരമ്പുകൾ മുറിച്ചു കടന്നും നിൽക്കുന്ന വിഭജനങ്ങളുടെ ഒരു ലോകം അവ നിർമിക്കുകയും ചെയ്യുന്നു.

ചരിത്രം, സാഹിത്യം, ശാസ്ത്രം, സാമൂഹ്യചിന്ത, എഞ്ചിനീയറിങ്, ഭൂവിജ്ഞാനം എന്നിങ്ങനെ നിരവധി വിഷയങ്ങളിലായി എഴുതപ്പെട്ടവയാണു് ഈ പുസ്തകങ്ങൾ. Bury me Standing (ഇസബെൽ ഫൊൺസീക്ക), Reason, Romanticism and Revolution (എം. എൻ. റോയി), (ബിമൽ മിത്ര), മാൻഡരിൻസ് (സീമൊൻ ദ ബുവ്വ), Irraational Man(വില്യംബാരറ്റ്), Oppression and liberty(സീമോൺ വെയിൽ), Doctor Zhivago(ബോറിസ് പാസ്റ്റർനാക്), The Rebel, Plague (ആൽബർ കാമു), The Rape ofNanking(ഐറിസ് ചാങ്), All Quiet on the Western front(എറിക് മരിയ റെമാനിക്), The last days of Mankind(കാൾ ക്രൗസ്), A life in physics (റൂത്ത് ലെവിൻസേ‌ം), The Double Helix (ജയിംസ് വാട്സൺ), The dark lady of D.N.A. (ബ്രേൻസി മാഡോസ്), കൊപൻഹേഗൻ (മിക്കേയ്ൽ ഫ്രെയ്ൻ), Rosalind Franklin (ആനിസെയർ), The Ascent of man (ജേക്കബ് ബ്രോണോവ്സ്കി), What is life? (ഏർവിൻ ഫ്രോഡിംഗർ), Seven daughters of Eve (ബ്രയാൻ സൈക്സ്), The Geography of the puranas (എസ് എം. അലി), The Modular (ലെ കോർബുസിയർ), On the National history of Destruction(സെബാൾഡ്), Five thousand years of Pakistan(മോർട്ടിമർ വീലർ), The Indus Saga (ഐജാസ് അഹ്സൻ), The happy Warriors (ഹാൽഡോർ ലാക്സ് നെസ്), The Tribal Word (വെറിയർ എൽവിൻ), The Proud Tower (ബാർബറാ ടക്മാൻ), Practical design of simple steel structures (ഡേവിഡ് എസ്. സ്റ്റുവർട്ട്), The Origin of Continents and Oceans (ആൽഫ്രഡ് വെഗ്നർ) എന്നിങ്ങനെ ഇവയുടെ പട്ടിക നീളുന്നു. ഇവ മുൻനിർത്തിയുള്ള ചർച്ചകൾ, ഇവയിൽ നിന്നുള്ള ആശയങ്ങൾ, ഇവയിലെ കഥാപാത്രങ്ങളുടെ സാന്നിധ്യം, ഇവ തുറന്നു തരുന്ന കാലസൂചനകൾ, ഇവ പ്രാതിനിധ്യം വഹിക്കുന്ന മനുഷ്യാവസ്ഥകൾ, ഇവ എഴുതപ്പെടാനുണ്ടായ സമ്മർദങ്ങൾ എന്നിങ്ങനെ നോവലിൽ ഈ പുസ്തകങ്ങളുടെ പ്രസക്തി നിരവധി തലങ്ങളിലേക്കു വ്യാപിച്ചു നിൽക്കുന്നു. ഈ ഓരോ കൃതിയും രീതിശാസ്ത്രവും നീതിശാസ്ത്രവുമായി കടന്നുവരുന്ന വിഭജനങ്ങളുടെ രാഷ്ട്രീയത്തെ മുൻനിർത്തി ചരിത്രത്തെയും സംസ്കാരത്തെയും ഓരോ തലത്തിൽ അഭിസംബോധന ചെയ്യുന്നവയാണു്. ചിലവ എഴുതപ്പെടാത്ത ചരിത്രത്തിന്റെ നീതിശാസ്ത്രമായി മാറുമ്പോൾ മറ്റു ചിലവ എഴുതപ്പെട്ട ചരിത്രത്തിന്റെ രീതിശാസ്ത്രമായി മാറുന്നു. മറ്റു ചിലവ നിലനിൽക്കുന്ന സംസ്കാരത്തിന്റെ രീതിശാസ്ത്രമായി മാറുമ്പോൾ ചിലവ നിലവിൽ വരേണ്ട സംസ്കാരത്തിന്റെ നീതിശാസ്ത്രമായിത്തീരുന്നു. ഈ പുസ്തകങ്ങളിൽ വലിയൊരു വിഭാഗം സാഹിത്യകൃതികളാണു്. മനുഷ്യന്റെ ചരിത്രത്തെയും അനുഭവങ്ങളുടെ യഥാർഥ്യത്തെയും ആഖ്യാനം ചെയ്യുന്നതിൽ സാഹിത്യത്തിനുള്ള സാധ്യതകളിലേക്കാണു് ഡോക്ടർ ഷിവാഗോ ഉൾപ്പെടെയുള്ള രചനകൾ വിരൽ ചൂണ്ടുന്നതു്. ഓർമയും ചരിത്രവും തമ്മിലുള്ള ബന്ധമാണു് ഭാഷയും എഴുത്തും തമ്മിലുള്ളതു് എന്നതിനാൽ കൃതിയും വായനയും തമ്മിലുള്ള ബന്ധത്തെ ഈ പുസ്തകങ്ങളിലൂടെ പ്രശ്നവൽക്കരിക്കുന്ന ഒരു ദീർഘ പ്രബന്ധമായി നോവൽ മാറുന്നു.

(സിനിമ മുൻനിർത്തിയുള്ള സംസ്കാര വിശകലനത്തിനും വിഭജനങ്ങൾ താല്പര്യം കാണിക്കുന്നുണ്ടു്. സാഹബ് ബീബി ഗുലാം മുതൽ ലഗാൻ വരെയുള്ള ഹിന്ദി സിനിമകളുടെ ജനപ്രിയ സംസ്കാരത്തിന്റെ ചരിത്രം, ആഖ്യാനരൂപങ്ങളേതിന്റെയും ചരിത്രപരതയെക്കുറിച്ചുള്ള പാഠവിശകലനമെന്ന നിലയിൽ, പുസ്തകങ്ങൾക്കൊപ്പം, ആധുനികതയുടെ സാംസ്കാരിക രാഷ്ട്രീയമായി ‘വിഭജനങ്ങ’ളിൽ കടന്നുവരുന്നു).

ജീവിതത്തെയും സാഹിത്യത്തെയും ഓർമയെയും ചരിത്രത്തെയും കൂട്ടിയിണക്കിക്കൊണ്ടു് ആനന്ദ് എഴുതുന്നു. “സാഹിത്യത്തിന്റെ വഴി ജീവിതത്തിൽ നിന്നു് ഭിന്നമായി, ഭൂതകാലത്തിന്റെ കുറ്റബോധത്താൽ നിങ്ങളെ എപ്പോഴും രോഗാതുരമാക്കിക്കൊണ്ടിരിക്കുകയാണു്. മറവി, ജീവിതത്തിനുള്ളതാണ്; ഓർമ സാഹിത്യത്തിനും. ജീവിതവും സാഹിത്യവും വേറെയായിരിക്കുന്നതു് ഈ വിധമാണു്. സാഹിത്യത്തിന്റെ വീക്ഷണത്തിൽ, വർത്തമാനകാലത്തിന്റെ ഭൂമിക നിങ്ങൾക്കു സുഖജീവിതം തരികയല്ല, വിരിഞ്ഞുകൊണ്ടിരിക്കുന്ന പൂമൊട്ടുകൾ കൊണ്ടു് ഉദ്യാനം പണിയുകയല്ല, ഭാവി ദുരന്തങ്ങൾക്കെതിരെ ഓർമകൾകൊണ്ടു കാവലിരിക്കുകയാണു്. കംപ്യൂട്ടർ വഴി സെറ്റ് ചെയ്ത് ഓഫ് സെറ്റിൽ അച്ചടിച്ചു വരുന്ന ഇന്നത്തെ കൃതികൾ തൊട്ട് പാർച്ച്മെന്റിലും കളിമൺ ഫലകങ്ങളിലും എഴുതപ്പെട്ടവ വരെയുള്ളതിലെല്ലാം അലിഞ്ഞു കിടക്കുന്ന പൊതുവായ ഒന്നുണ്ടെങ്കിൽ അതു് ഈ കുറ്റബോധമാണു്, നിരന്തരമായ സംശോധനം ആണു്” (പുറം.153).

കുറ്റകൃത്യങ്ങളാൽ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിന്റെ അപഗ്രഥനമെന്ന നിലയിൽ, എഴുതപ്പെട്ട മുഴുവൻ ആഖ്യാനങ്ങളെയും വിഭജനങ്ങൾ വിലയിരുത്തുന്നു. ഒപ്പം, വിഭജനങ്ങളെ സംസ്കാരത്തിന്റെ രീതിശാസ്ത്രവും ചരിത്രത്തിന്റെ നീതിശാസ്ത്രവുമായി അവതരിപ്പിക്കുകയും ചെയ്യുന്നു. ഭാവി ദുരന്തങ്ങൾക്കെതിരെ ഓർമകൾ കൊണ്ടു കാവലിരിക്കുക എന്നതുതന്നെയാണു് ഈ കൃതി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം. ഓർമയെ ചരിത്രവൽക്കരിക്കുകയെന്നാൽ സംസ്കാരത്തെ രാഷ്ട്രീയവൽക്കരിക്കുക എന്നാണർഥം. ഗുജറാത്ത് കൂട്ടക്കൊലയുടെ ഭാഗമായുള്ള ബെസ്റ്റ് ബേക്കറികേസ് വഡോദരയുടെ ഏറ്റവും പുതിയ സന്ദർഭമെന്ന നിലയിൽ ഓർമപ്പെടുത്തുന്ന ചരിത്രത്തിന്റെ കുറ്റവൽക്കരണത്തിന്റെ രാഷ്ട്രീയവും മറ്റൊന്നല്ലല്ലോ.

ചരിത്രത്തെയും ഓർമയെയും സംസ്കാരത്തെയും ആഖ്യാനകലയിൽ സമന്വയിപ്പിച്ചുകൊണ്ടു് ഈ കൃതി, ബാർത്ത് രേഖപ്പെടുത്തുന്നതുപോലെ, തുറന്ന പാഠങ്ങളുടെ അനന്ത ബഹുലതകളിലേക്കു സഞ്ചരിക്കുന്ന ആഖ്യാനകലയുടെ ആധുനികാനന്തരമാതൃകയെന്ന നിലയിൽ സമകാലമലയാളഭാവനയിൽ ഇടം പിടിക്കുകയും ചെയ്യുന്നു. “അറിവിന്റെ നീതിശാസ്ത്രം” എന്ന പഠനത്തിൽ (2013) ആര്യ കെ.ചൂണ്ടിക്കാണിക്കുന്നതുപോലെ, “ചരിത്രം തമസ്കരിച്ച ശബ്ദങ്ങൾ, സ്ഥലങ്ങൾ, നിർമിതികൾ, നീതിബോധങ്ങൾ, ഓർമകൾ എന്നിവയുടെ കുഴിച്ചെടുക്കലായിമാറുന്നുണ്ട് (വിഭജനങ്ങളിൽ) ആനന്ദിന്റെ ആഖ്യാനകല” (2013: 1971). മലയാളനോവലിൽ നാളിതുവരെ സംഭവിക്കാത്തവിധം ആധുനികശാസ്ത്രത്തിന്റെ നീതിബോധത്തെക്കുറിച്ചുള്ള സംവാദഘട്ടങ്ങളിലൊന്നായി ഈ കൃതിയിൽ ആനന്ദ് സന്നിവേശിപ്പിക്കുന്ന ഒരു ആഖ്യാനമണ്ഡലത്തെ ആര്യ സൂക്ഷ്മമായി വിശദീകരിക്കുകയും വംശീയത, ലിംഗവിവേചനം എന്നിവയുടെ പരീക്ഷണശാലകളായി മാറിയ ആധുനികശാസ്ത്രത്തിന്റെ വിമർശനപാഠമായി വിഭജനങ്ങളെ വായിച്ചെടുക്കുകയും ചെയ്യുന്നു.

images/Thomas_Pynchon.jpg
തോമസ് പിൻചൺ

എം.വി. നാരായണൻ, “പതിനെട്ടാമധ്യായത്തിന്റെ ബാക്കിപത്രങ്ങൾ” എന്ന ലേഖനത്തിൽ (2010) ആധുനികാനന്തര മലയാളനോവലിന്റെ ആഖ്യാനകലയിൽ സംഭവിച്ച അടിസ്ഥാനപരമായ മാറ്റങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുത മേല്പറഞ്ഞ നിരീക്ഷണങ്ങളെ സാധൂകരിക്കുന്നുണ്ടു്. നാരായണൻ എഴുതുന്നു; “ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തുമ്പോൾ, പലപ്പോഴും കഥപറയുക എന്ന ആവശ്യംപോലും ഉപേക്ഷിച്ച്, പൂർണമായും തത്വചിന്താപരമോ സാമൂഹ്യശാസ്ത്രപരമോ ഒക്കെയായ മാനങ്ങൾക്കും ചിന്തകൾക്കും മാത്രമുള്ള ഒരു രൂപം കൂടിയായി നോവൽ മാറുന്നുണ്ട് എന്ന കാര്യവും വിസ്മരിച്ചുകൂടാ. പ്രത്യേകിച്ച്, ആനന്ദിന്റെ “വിഭജനങ്ങൾ, ദ്വീപുകളും തീരങ്ങളും” എന്നീ കൃതികൾ നോവൽ എന്നു് വിളിക്കപ്പെടുമ്പോഴും നോവലിന്റെ രൂപം ഏതാണ്ടു് പൂർണമായും ത്യജിച്ചവയാണു്. ആ നിലയ്ക്കു് അവയെ നോവൽ എന്നു വിശേഷിപ്പിക്കുന്നത്, നോവലിസ്റ്റ് എഴുതുന്നതെല്ലാം നോവൽ എന്ന ലളിതമായ പ്രസാധക സമവാക്യമാകുന്നതോടൊപ്പം, മലയാളസാഹിത്യത്തിലെ ജനുസ്സുകളുടെ ദാരിദ്ര്യത്തെയും സൂചിപ്പിക്കുന്നുണ്ടു്. എന്നാൽ അതേസമയം, പ്രബന്ധരൂപത്തിലുള്ള ഒരു ജ്ഞാനവ്യവഹാരത്തിന്റെ ആവിർഭാവം കൂടി അവ കുറിക്കുന്നുണ്ടോ എന്നതും ചിന്തനീയമാണു്. അപ്പോഴും, അവയ്ക്കു് പൂർണമായ അർഥത്തിൽ ജ്ഞാന വ്യവഹാരങ്ങളാകാനുള്ള ആന്തരികമായ കരുത്തുണ്ടോ, ഉണ്ടാകുമോ, എന്നതു് സംശയമാണു്. കാരണം, അടിസ്ഥാനപരമായ ജ്ഞാനങ്ങൾ ഉല്പാദിപ്പിക്കാൻ മലയാളത്തിനും മലയാളിസമൂഹത്തിനും കഴിയാത്തിടത്തോളം, യഥാർഥത്തിലുള്ള ജ്ഞാനവ്യവഹാരങ്ങൾ അതത് മേഖലകളിൽ വികസിക്കാത്തിടത്തോളം, ജ്ഞാനത്തിന്റെ പ്രതീതിയുളവാക്കുന്ന സാഹിത്യപരമായ ദ്വിതീയ വ്യവഹാരങ്ങൾ മാത്രമാകാനായിരിക്കും അവയുടെ വിധി. പകര വ്യവഹാരങ്ങൾ അസ്സൽ വ്യവഹാരങ്ങൾക്ക് വഴിമാറിക്കൊടുത്തു എന്നിരിക്കാം. പക്ഷേ, അവ അസ്സൽവ്യവഹാരങ്ങളായിത്തീരുക എന്നതു് അതിവിരളം മാത്രമല്ല, അധികപങ്കും അസംഭവ്യം കൂടിയാണു്”.

നാരായണന്റെ നിരീക്ഷണം, ‘വിഭജനങ്ങൾ’ ഉൾപ്പെടെയുള്ള നോവലുകളുടെ സൗന്ദര്യശാസ്ത്രപരമായ പരിമിതിയോ ദൗർബല്യമോ അല്ല ചൂണ്ടിക്കാണിക്കുന്നത്, മറിച്ചു്, നോവൽ മലയാളത്തിൽ ഏറ്റെടുക്കേണ്ടിവരുന്ന ഇതര ജ്ഞാനവ്യവഹാരങ്ങളുടെ അധികഭാരം തന്നെയാണു്. ‘ആൾക്കൂട്ടം’ (1970) എന്ന നോവലിന് 1971-ലെഴുതിയ നിരൂപണത്തിൽ തീർത്തും ഋണാത്മകമായിത്തന്നെ എം.ആർ. ചന്ദ്രശേഖരൻ നടത്തുന്ന ഒരു നിരീക്ഷണമുണ്ടു്. ‘ഇന്ദുലേഖയുടെ പതിനെട്ടാമധ്യായം ഒരു നോവലായാൽ എങ്ങനെയിരിക്കും? അതു് ഈ ‘ആൾക്കൂട്ടം’ പോലെയിരിക്കും” (2010:46). കാലം മാറിവന്നപ്പോൾ ഈ നിരീക്ഷണത്തിനു കൈവന്ന വിമർശനസാധ്യത കൌതുകകരമായ ഒന്നാണു്.

നാലു്
images/Alexander_Grothendieck.jpg
ഗ്രോഥന്റിക്

ആധുനികാനന്തര നോവലിന്റെ ആഖ്യാനകലയെന്ന നിലയിൽ നാലുതലങ്ങളെ മുൻനിർത്തി ചില രചനകളുടെ സാമാന്യമായ അപഗ്രഥനമാണു് ഇവിടെ നടത്തിയതു്. ആഖ്യാനകലയുടെ പഠനം എത്രമേൽ വിശദവും വിപുലവുമാണെന്നതിന്റെ സൂചന നൽകാൻ മാത്രമായി ടി. ഡി. രാമകൃഷ്ണന്റെ ‘ഫ്രാൻസിസ് ഇട്ടിക്കോര’ (2009) എന്ന നോവലിന്റെ വിശകലന സാധ്യതകൾകൂടി ചൂണ്ടിക്കാണിക്കട്ടെ.

ഈ നോവലിനെക്കുറിച്ചു് ഇതിനകം പുറത്തുവന്ന നിരവധി പഠനങ്ങളിൽ ചിലതു് അവതരിപ്പിക്കുന്ന വിശകലന സമീപനങ്ങൾ നോക്കുക.

  1. ആഷാമേനോൻ നോവലിനെഴുതിയ അവതാരിക, ‘ഹിംസയുടെ ക്ഷേത്രഗണനകൾ, ഹൈപേഷ്യൻ ഗണിതശാസ്ത്രത്തിന്റെയും മധ്യകാല കേരളീയ ഗണിതത്തിന്റെയും ഗ്രോഥന്റിക് മുന്നോട്ടുവച്ച ശാസ്ത്രതത്വങ്ങളുടെയും (മൂന്നു കാലങ്ങളുടെ) ചരിത്രപരതയ്ക്കുള്ളിൽ ഫ്രാൻസിസ് ഇട്ടിക്കോരയിലെ വാണിഭങ്ങളും കാമനകളും ചേർന്നു സൃഷ്ടിക്കുന്ന ഹിംസയുടെ സംഗീതാത്മകതയിലൂന്നിയാണു് ഈ നോവലിന്റെ ആഖ്യാനകല വിശദീകരിക്കുന്നതു്.
  2. ‘ചരിത്രത്തിന്റെ ഒളിപ്പോരുകൾ’ എന്ന പഠനം (ഷാജി ജേക്കബ്, 2013: 141-151) ‘ജനപ്രിയചരിത്രം’ എന്നു വിളിക്കാവുന്ന തരത്തിൽ മധ്യകാല മതജീവിതങ്ങളുടെയും കലാനുഭവങ്ങളുടെയും വാണിജ്യതന്ത്രങ്ങളുടെയും അധോചരിത്രം പുനഃസൃഷ്ടിക്കുന്ന ഒന്നാണു് ഇട്ടിക്കോരയുടെ ആഖ്യാനകല എന്നു വിശദീകരിക്കുന്നു. മലയാളത്തിലും ആധുനികാനന്തരനോവൽ തിരിച്ചുപിടിക്കുന്ന ജനപ്രിയഭാവുകത്വത്തിന്റെ രാഷ്ട്രീയപാഠമെന്ന നിലയിലാണു് ഈ പഠനം ഇട്ടിക്കോരയെ കാണുന്നതു്.
  3. ഉംബർട്ടോ എക്കോ മുതൽ തോമസ് പിൻചൺ വരെയുള്ള യൂറോ-അമേരിക്കൻ ആധുനികാനന്തര നോവലിസ്റ്റുകളുടെ ആഖ്യാനസാങ്കേതികതകളിൽ പ്രസിദ്ധമായ പാരനോയിയ, കോൺസ്പിരസി തിയറി എന്നിവ മുൻനിർത്തി ഇട്ടിക്കോരയുടെ ‘പ്ലോട്ട്’ അഴിച്ചെടുക്കുകയാണു് പി. കെ. രാജശേഖരൻ. സമകാല മലയാളനോവൽപഠനത്തിലെ അപൂർവവും മൗലികവുമായ ഒരന്വേഷണമായി ഈ പ്രബന്ധം വേറിട്ടു നിൽക്കുന്നു.
  4. ‘സൈബർ ഫിക്ഷൻ’ എന്ന പരികല്പന മുൻനിർത്തി ഇട്ടിക്കോരയുടെ ആഖ്യാനകല അപഗ്രഥിക്കുന്നു, സുനിത ടി. വി. (വിജ്ഞാന കൈരളി, 2014 ജൂൺ). ശരീരം, മാധ്യമങ്ങൾ, ഹിംസ, രതി എന്നിവ മുതൽ ചരിത്രവും ഭാഷയും വരെയുള്ള തലങ്ങളെ സ്പർശിച്ചുകൊണ്ടാണു് സുനിതയുടെ പഠനം മുന്നേറുന്നതു്. ഈ നോവലിന്റെ ആഖ്യാനകല വിശകലനം ചെയ്യാവുന്ന എത്രയെങ്കിലും രീതിപദ്ധതികൾ ഇനിയുമുണ്ടു്. ചിലതു നോക്കുക.
  5. ഡാൻബ്രൗണിന്റെ ഡാവിഞ്ചികോഡ്, ഇട്ടിക്കോരക്കു പ്രചോദനമാകുന്നതിനെക്കുറിച്ചു് മിക്കവരും സൂചിപ്പിക്കുന്നുണ്ടു്. ഡാവിഞ്ചികോഡിന് ഉംബർട്ടോ എക്കോയുടെയും മറ്റും മധ്യകാല മതവിചാരണ നോവലുകൾ (Blasphemy fiction) പ്രചോദനമായതിനെക്കുറിച്ചും ഓർമിക്കേണ്ടതാണു്. ഇട്ടിക്കോരയുടെ മുഖ്യ പ്രമേയവും ആഖ്യാനകാലവും മധ്യനൂറ്റാണ്ടുകളാണല്ലോ. ആ നിലയിൽ ഒരു മതവിചാരണ പുസ്തകമാണു് ഇട്ടിക്കോരയും. രാജീവ് ശിവശങ്കറിന്റെ ‘തമോവേദം’ പോലുള്ള നോവലുകൾ ആവിഷ്കരിക്കുന്ന Black magic, പിശാച് പൂജ തുടങ്ങിയവയുടെ പശ്ചാത്തലവും ഇതുതന്നെയാണു്.
  6. എക്കോയുടെതന്നെ ‘ദ നെയിം ഓഫ് ദ റോസി’ന്റെ ഘടനയിൽ ഗൂഢാത്മകതയുടെ അപാവരണവും കുറ്റാന്വേഷണത്തിന്റെ രീതിശാസ്ത്രവും കൂട്ടിയിണക്കി ഒരു ബദൽ ഭൂമിക സൃഷ്ടിക്കുന്ന രചനയെന്ന നിലയിൽ ഇട്ടിക്കോരയ്ക്കുള്ള സാധ്യതകൾ ആരായലാണു് മറ്റൊരു വഴി. ടി. പി. രാജീവന്റെ പാലേരിമാണിക്യം പോലുള്ള പല മലയാളനോവലുകൾക്കും ബാധകമാണു് ഈ ആഖ്യാനകല. മാർക്കേസിന്റെ ‘News of a kidnapping’,പോസ്റ്റ്ബൂം ഘട്ടത്തിൽ ലാറ്റിനമേരിക്കൻ നോവൽ കുറ്റാന്വേഷണഭാവനയെ പ്രശ്നവൽക്കരിക്കുന്നതിന്റെ മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടല്ലോ.
  7. പ്രവാസനോവലുകൾ സൃഷ്ടിച്ച അന്യദേശജീവിതങ്ങളുടെയും വിദൂര സംസ്കൃതികളുടെയും മാതൃകയെന്ന നിലയിൽ ഇട്ടിക്കോരയ്ക്കുള്ള സാധ്യതകളാണു് മറ്റൊരു വായനയ്ക്കു രൂപംകൊടുക്കുക. ടി. ഡി. രാമകൃഷ്ണൻ 2003-ൽ പ്രസിദ്ധീകരിച്ച ആദ്യ നോവൽ ‘ആൽഫ’യും 2014-ൽ പുറത്തുവന്ന ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’യും സൃഷ്ടിക്കുന്ന നോവൽ ഭാവുകത്വങ്ങളുടെ കേന്ദ്ര പശ്ചാത്തലങ്ങളിലൊന്നു് ഇത്തരം ഭാവനാഭൂപടങ്ങളുടെ ചരിത്രബദ്ധമെന്നതുപോലെതന്നെ മിത്തിക്കലുമായ ക്രോഡീകരണമാണു്.
  8. നവോത്ഥാന-ആധുനിക ജ്ഞാനവ്യവഹാരങ്ങളുടെ സാന്നിധ്യമുറപ്പിക്കുന്ന നോവൽ ഭാവനയെന്ന നിലയിൽ ഇട്ടിക്കോരക്കുള്ള വിശകലനസാധ്യതയാണു് മറ്റൊന്നു്. എം. വി. നാരായണന്റെ ലേഖനത്തെയും നിരീക്ഷണത്തെയും കുറിച്ചു് സൂചിപ്പിച്ചു. ഗണിതം, ചിത്രകല, ജ്യോതിശാസ്ത്രം എന്നിവയുടെ വിപുലവും ചരിത്രബദ്ധവുമായ വ്യവഹാരസന്നിവേശം ഇട്ടിക്കോരയുടെ നോവൽഘടനയിൽ ഉടനീളം സൃഷ്ടിക്കുന്ന ഭാവനാലോകങ്ങൾ ഈയർഥത്തിൽ പഠിക്കാവുന്നതാണു്.
  9. സമാനമായിത്തന്നെ സ്വീകരിക്കാവുന്ന മറ്റൊരു പഠനപദ്ധതിയാണു് ‘പാഠാന്തരത’യുടെ നോവൽരൂപമെന്ന നിലയിൽ ശാസ്ത്രം, കല, മതം, ഗൂഢവിജ്ഞാനം, അധോചരിത്രം, വാണിജ്യം, സമുദ്രയാനം തുടങ്ങിയ നിരവധി ‘പാഠ’ങ്ങൾക്ക് ഇട്ടിക്കോരയിൽ കൈവരുന്ന മാനങ്ങൾ. ‘പടിയോല’കൾ മുതൽ ഇ-മെയിലും വെബ്സൈറ്റുകളും വരെയുള്ളവയും ഈ പാഠാന്തരതയുടെ തലങ്ങളാണു്.
  10. ഹിംസയുടെ ചരിത്രപുസ്തകമെന്ന നിലയിൽ നമ്മുടെ കാലത്തിന്റെ രാഷ്ട്രീയയാഥാർഥ്യങ്ങൾ മറനീക്കുന്ന ഒരു ഡോക്യുഫിക്ഷനായി ഇട്ടിക്കോരയുടെ ആഖ്യാനകല വിശകലനം ചെയ്യാം. മധ്യകാല മതവിചാരണകൾ മുതൽ ഇറാഖ് യുദ്ധംവരെ; ഹൈപേഷ്യൻ ഹിംസകൾ മുതൽ ലാറ്റിനമേരിക്കൻ വിമോചന സംഘടനകളുടെ ഒളിയുദ്ധങ്ങൾ വരെ -തെക്കെ അമേരിക്കൻ, പശ്ചിമേഷ്യൻ, യൂറോപ്യൻ, ഏഷ്യൻ ഭൂസാന്നിധ്യങ്ങളിൽ പടർന്നുകിടക്കുന്ന ഹിംസയുടെ മഹാപ്രസ്ഥാനമാണു് ഫ്രാൻസിസ് ഇട്ടിക്കോര.

നോവൽപഠനങ്ങൾ ഏതാണ്ടൊന്നടങ്കവും ആഖ്യാനപഠനങ്ങൾ തന്നെയായി മാറിവരുന്നുവെന്നാണു് ഇവിടെ സൂചിപ്പിച്ച വിശകലനസാധ്യതകൾ തെളിയിക്കുന്നതു്. ആധുനികാനന്തര മലയാളനോവലിന്റെ ആഖ്യാനകല സൗന്ദര്യശാസ്ത്രപരവും പ്രത്യയശാസ്ത്രപരവുമായി അപഗ്രഥിക്കുമ്പോൾ എത്തിച്ചേരാവുന്ന അർഥാന്തരങ്ങളുടെ ആകാശം തുറന്നിടുന്നതും മറ്റൊരു വസ്തുതയല്ല.

ഷാജി ജേക്കബ്
images/shaji-jacob.jpg

1967-ൽ ജനിച്ചു. കേരളസർവകലാശാലയിൽനിന്നു് എം. എ, എം. ഫിൽ, പി. എച്ച്. ഡി. 1995 മുതൽ മൂന്നരവർഷക്കാലം ഇന്ത്യാടുഡേയിൽ സബ് എഡിറ്റർ. 1998 മുതൽ കാലടി സംസ്കൃത സർവകലാശാലയിൽ അധ്യാപകൻ. ചരിത്രത്തിന്റെ രാഷ്ട്രീയം: ആനന്ദിന്റെ ദർശനം (1997), നോവൽ: ചരിത്രത്തിന്റെ പാഠഭേദം (2003), ടെലിവിഷൻ: കാഴ്ചയും സംസ്കാരവും (2004), മാധ്യമങ്ങളുടെ രാഷ്ട്രീയം (2006), നോവലും സംസ്കാരവും (2008), ജനപ്രിയസംസ്കാരം: ചരിത്രവും സിദ്ധാന്തവും (2008), വിപരീതങ്ങൾ (2012), മലയാളനോവൽ: ഭാവനയുടെ രാഷ്ട്രീയം (2013), പൊതുമണ്ഡലവും മലയാളഭാവനയും (2013) എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. മലയാളനോവൽ: ദേശഭാവനയും രാഷ്ട്രീയ ഭൂപടങ്ങളും (സാഹിത്യ അക്കാദമി, 2010), ആധുനികാനന്തര മലയാളസാഹിത്യവിമർശനം (2013) എന്നിവ എഡിറ്റു ചെയ്തു. ശശി തരൂരിന്റെ നെഹ്റു, ഇന്ത്യയെ കണ്ടെത്തൽ (2008) വിവർത്തനം ചെയ്തു. സംസ്കാരപഠനം: ചരിത്രം, സിദ്ധാന്തം, പ്രയോഗം (2007) എന്ന ഗ്രന്ഥത്തിന്റെ എഡിറ്റർമാരിലൊരാൾ.

Colophon

Title: Akhyanavum Novelinte Kalayum (ml: ആഖ്യാനവും നോവലിന്റെ കലയും).

Author(s): Shaji Jacob.

First publication details: Sayahna Foundation; Trivandrum, Kerala; 2023-01-13.

Deafult language: ml, Malayalam.

Keywords: Article, Shaji Jacob, Akhyanavum Novelinte Kalayum, ഷാജി ജേക്കബ്, ആഖ്യാനവും നോവലിന്റെ കലയും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 14, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape, a painting by Carl Weber (1850–1921). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.