പാരഡൈസ് ഷോപ്പിങ്ങിൽ തിരക്കൊഴിഞ്ഞ ഒരു ഇരുപത്തെട്ടാം തീയ്യതി വെള്ളിയാഴ്ച, അന്തി മയങ്ങുന്ന നേരം. മൂന്നു കൗണ്ടറുകളിൽ ഒന്നു മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. അതിൽ തന്നെ ബില്ലാക്കി പണമടക്കാൻ സാധനങ്ങളുമായി നിൽക്കുന്നതു് ഒന്നുരണ്ടു പേർ മാത്രം. കൗണ്ടറിനടുത്തു് പത്രമാസികകൾ വെച്ച സ്റ്റാന്റിനടുത്തു നിന്നു് മൊബൈലിലെ ആവശ്യമില്ലാത്ത മെസ്സേജുകൾ ഒഴിവാക്കിക്കൊണ്ടിരുന്ന നിഖിലിനെ പെട്ടെന്നു് ക്രോക്കറി സെക്ഷനിൽ നിന്നു് രഹന വിളിച്ചു.
“നിഖിലേ, ഇതു നോക്ക്. അനക്ക് പറ്റിയ സാഹിത്യം. നല്ല ഇടിവെട്ടാ. ഇതാ കേട്ടോ. ആദ്യം തന്നെ രണ്ടു വരി കവിതയാണ് ”
രഹന കയ്യിൽ നിവർത്തിപ്പിടിച്ച കടലാസിൽ നോക്കി ഉറക്കെ വായിച്ചു.
“പട്ടിണിയുടെ തടവുകാരേ നിങ്ങളുണരുവിന്‍/
ഭൂമിയിലെ പീഡിതരേ, നിങ്ങളുണരുവിന്‍”
“വയനാട്ടിലെ ആദിവാസികളെപ്പറ്റിയാണോ?” അടുത്തു നിന്ന ഫൈസലിനു് സംശയം.
“മിണ്ടാണ്ട് നിക്കെടാ, ഓള് വായിക്കട്ടെ”. ഫൈസൽ തോക്കിൽ കയറി വെടിവെച്ചതു് അപർണ്ണക്കു് ഇഷ്ടമായില്ല.
ഉറച്ച ശബ്ദത്തില്‍, തെളിഞ്ഞ ഉച്ചാരണത്തിൽ രഹന വായന തുടർന്നു. സംസ്ഥാന യുവജനോത്സവത്തിൽ പ്രസംഗമത്സരത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം കിട്ടിയിട്ടുണ്ടു് രഹനക്കു്.
“അന്താരാഷ്ട്ര നാണയനിധിയിൽ നിന്ന് ഇഷ്ടാനുസരണം വായ്പ വാങ്ങി എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് എക്കാലവും ജനങ്ങളെ വിശ്വസിപ്പിക്കാമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വ്യാമോഹിക്കുകയാണു്. ഉല്‍പാദനമേഖലയിലെ തകര്‍ച്ച കനത്ത തൊഴിലില്ലായ്മ സൃഷ്ടിച്ചിരിക്കുന്നു. സമ്പദ്വ്യവസ്ഥയാകെ കള്ളപ്പണത്തിന്റെ പിടിയിലമർന്നിരിക്കുന്നു. ജനകീയ പ്രക്ഷോഭങ്ങളെ ജനങ്ങളുടെ പേരിൽ ഭരിക്കുന്ന ഗവണ്‍മെന്റുകൾ ചോരയിൽ മുക്കിക്കൊല്ലുമ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത്? ദാ, പിന്നേം കവിത—കൂട്ടുകാരാ, ഭീരുത്വം മൂലം ഒരിക്കലും ഒരു പട്ടി കുരക്കാതിരിക്കുന്നില്ല. ഒരു പട്ടി പോലുമാകാതെ നമ്മൾ…”
“നിർത്ത്, നിർത്ത്, നോക്കട്ടെ”. മെസ്സേജുകൾ ഡിലീറ്റ് ചെയ്യുന്നതു് നിർത്തി നിഖിൽ അടുത്തേക്കു് ചെന്നു.
നിഖിൽ കടലാസ് വാങ്ങി നോക്കി. എന്നോ നല്ല വെള്ള നിറമായിരുന്നിരിക്കാൻ സാദ്ധ്യതയുള്ള കടലാസിന്റെ ഇപ്പോഴത്തെ നിറം കാലപ്പഴക്കത്തിന്റെ മഞ്ഞയാണു്.
“കപ്പും സോസറും വന്ന കാർട്ടണിലെ പാക്കിങ്ങിന്ന് കിട്ടിയതാ”.
“ഏതു കാലത്ത് ആരിറക്കിയ നോട്ടീസാണെന്ന് ആർക്കറിയാം. അടിഭാഗം കീറിപ്പോയിട്ടുണ്ട്”.
“ചുരുക്കി പറഞ്ഞാല്‍, തലയും വാലുമില്ല”.
“തലയുണ്ട്, വാലില്ല”.
“ഇതെവിടെയോ കേട്ട പോലെയുണ്ട്”. സുമതിയേച്ചി അടുത്തുവന്നു നിന്നതു് ആരും ശ്രദ്ധിച്ചിരുന്നില്ല.
പറഞ്ഞു തീർന്നില്ല, അപ്പോഴേക്കു് സുമതിയേച്ചിയുടെ മൊബൈൽ ശബ്ദിച്ചു. “ഓർമ്മകളേ, കൈവള ചാർത്തി” എന്ന പഴയ പാട്ടാണു് റിങ്ടോണ്‍. “ശാന്തിനിയേടത്തിയല്ലേ? ങ്ങളെ ഇപ്പോ കാണാനില്ലല്ലോ. ഞാനോ? ഞാനിപ്പോ സെയില്‍സ് ഗേളല്ലേ”.
സുമതിയേച്ചിയുടെ ഫോൺ സംഭാഷണം അഞ്ചു മിനുട്ടോളം നീണ്ടു. തീരുന്നതു വരെ രഹന ക്ഷമയോടെ കാത്തു നിന്നു. തീർന്നപ്പോൾ പറഞ്ഞു: “സുമതിയേച്ചീ, ങ്ങള് സെയില്‍സ് ഗേളാണെന്ന് പറഞ്ഞത് ശരിയായില്ല”.
“ഞാൻ പിന്നെ എന്താ”?
“സെയില്‍സ് ഗ്രാനി എന്ന് പറയുന്നതല്ലേ കുറച്ചും കൂടി ശരി”?
“ഗ്രാനിയോ, അതെന്താ”?
“ഗ്രാനി എന്നു പറഞ്ഞാ മുത്തശ്ശി”. രഹന പ്ലസ് റ്റൂ വരെ പഠിച്ചതു് ഇംഗ്ലീഷ് മീഡിയത്തിലാണു്.
“പോടീ അവിടുന്ന്. മുത്തശ്ശി അന്റെ അമ്മയാ”.
കിലുകിലാ ചിരിച്ചു കൊണ്ടു് രഹന ഓടിപ്പോയി.
രഹനയുടെ നാവിനു് ലൈസന്‍സില്ല എന്നതു് പ്രസിദ്ധമാണു്. പക്ഷേ, ഇപ്പോൾ ദൂരെ പോയി നിന്നു് സ്വയംവിമര്‍ശനം നടത്തിയപ്പോൾ സുമതിയേച്ചിക്കു് കൊടുത്ത അടി മർമ്മത്തിലായിപ്പോയി എന്നു് കുറ്റബോധം തോന്നി.
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു എന്നു പറഞ്ഞു തുടങ്ങിയിരുന്ന കോഴിക്കോട്ടെ പുരാതന കുടുംബത്തിലെ മൂന്നു പെണ്‍മക്കളിൽ മൂന്നാമത്തവളായിരുന്നു സുമതിയേച്ചി. വേറെ വിശേഷമൊന്നും ഇല്ലാത്തത്തു കൊണ്ടു് പെണ്ണു് ചോദിച്ചു വരുന്നവരുടെ എണ്ണം തുച്ഛം. ചെക്കനെ അങ്ങോട്ടു് അന്വേഷിക്കുന്നതു് സമുദായത്തിൽ ചേപ്പറയാണല്ലോ. ആ ചേപ്പറത്തരത്തിനു് സുമതിയേച്ചിയുടെ അച്ഛൻ പാലാട്ടു് ശേഖരൻ മുതിർന്നില്ല. സുമതിയേച്ചിയുടെ ഏട്ടത്തി ജലജയുടെ കല്ല്യാണം കഴിഞ്ഞതു് ഇരുപത്തെട്ടാം വയസ്സിലായിരുന്നു. നാല്‍പ്പത്തി മൂന്നു് വയസ്സുള്ള ഒരു എക്സ് മിലിട്ടറിക്കാരനായിരുന്നു വരന്‍. സുമതിയേച്ചി അങ്ങനെ നിന്നു പോയി. അച്ഛന്‍—കേന്ദ്രിതമായ പഴയ കുടുംബത്തിൽ വളർന്നതു കൊണ്ടു് സ്വന്തം ജീവിതത്തിന്റെ കര്‍തൃത്വം കയ്യാളാൻ വേണ്ട മിനിമം സ്ത്രീവാദവും സുമതിയേച്ചിക്കു് കിട്ടിയില്ല. ഇപ്പോൾ നാല്‍പ്പത്തി ഏഴാം വയസ്സിൽ അടുക്കളയിൽ നിന്നു് അരങ്ങത്തേക്കു് വന്നതു് ഇപ്പാപ്പന്റെ മകൻ അജിയുടെ നിര്‍ബന്ധം കൊണ്ടാണു്. സ്വന്തം പെങ്ങന്മാർ ഇല്ലാത്ത അജി കുറേക്കാലം തേരാപാരാ നടന്ന ശേഷം അടുത്ത കാലത്താണു് കര പിടിച്ചതു്. പാരഡൈസ് ഷോപ്പിങ്ങിന്റെ പാർട്ട്ണർ മേച്ചിനാടത്തു് റഷീദ് അജിയുടെ ക്ലാസ്സ്മേറ്റാണു്.
ഏതോ കസ്റ്റമർക്കു് കാറിലേക്കു് സാധനങ്ങൾ ട്രോളിയിൽ എത്തിച്ചു് മടങ്ങി വരുന്ന സുഹൈലിനെ കണ്ടപ്പോൾ സുമതിയേച്ചി ലേശം തണുത്തു.
“എടാ ചെക്കാ, അന്റെ ജീന്‍സ് മാറ്റാനായില്ലേ. ദ് ഇപ്പോ എത്രാമത്തെ ദെവസാ”?
“ആറ് ദിവസമായിട്ടേയുള്ളൂ, ഏച്ചീ. ഓണ്‍ലി സിക്സ് ഡേസ്”.
“ഓവർ മൈലേജുള്ള ബൈക്ക് ഇരട്ടി വെല കൊടുത്ത് കമ്പനി തിരിച്ചു വാങ്ങുന്ന പോലെ അന്റെ ജീന്‍സും ചെലപ്പോ വാങ്ങും. ചോദിച്ചു നോക്ക്”—അനീഷിന്റെ വക.
സ്ഥാപനത്തിലെ ഏറ്റവും വൃത്തികെട്ട വസ്ത്രധാരണം സുഹൈലിന്റേതാണു്. അതിന്റെ അഹങ്കാരം തീരെയില്ല എന്നാണു് രഹന പറയാറ്. സുഹൈൽ തവണ വ്യവസ്ഥയിൽ വാങ്ങിയ ബൈക്കിന്റെ ഡൗൺ പേമെന്റിൽ സുമതിയേച്ചി അയ്യായിരം ഉറുപ്പിക കട്ടയിട്ടതു് പരസ്യമായ രഹസ്യമാണു്. മുടിഞ്ഞ പുത്രവാത്സല്യം.
വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട്സ് സെക്ഷനിൽ പ്രജിതയോടു് സംസാരിച്ചു നിൽക്കുകയാണു് നിഖിൽ. എല്ലാവർക്കും പള്ള നിറച്ചും ചിരിക്കാനുള്ള വക രണ്ടാളും ഉണ്ടാക്കിയതു് രണ്ടാഴ്ച മുമ്പാണു്. നിഖിൽ ജോലിക്കു് കയറിയിട്ടു് മൂന്നു മാസമാകുന്നേയുള്ളൂ. തുടക്കം മുതൽ അവനു് പ്രജിതയിൽ ഒരു കണ്ണുണ്ടായിരുന്നു എന്നാണു് രഹന പറയുന്നതു്. കാര്യങ്ങൾ അങ്ങനെ പോയിക്കൊണ്ടിരുന്നപ്പോൾ ഒരു ദിവസം രാവിലെ ഒരു കാര്യം പറയാനുണ്ടെന്നു് നിഖിൽ പ്രജിതയോടും എന്തു കാര്യമായാലും ഉച്ചക്കു് പറയാമെന്നു് പ്രജിത നിഖിലിനോടും പറയുന്നതു് ഒരു റാക്കിന്റെ മറവിൽ നിന്നു് കേട്ട രഹന ഉച്ചയാകാൻ കാത്തു് അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു.
ഉച്ചക്കു് ഭക്ഷണത്തിനു് ശേഷം വീണ്ടും കണ്ടപ്പോൾ ആദ്യം സംസാരിച്ചു തുടങ്ങിയതു് പ്രജിതയാണു്.
“യ്യി പറയാൻ പോകുന്ന കാര്യം ഇനിക്ക് മനസ്സിലായി. എന്നോടിഷ്ടം കൂടാമോ എന്നല്ലേ. തെറ്റില്ല. ന്റെ രണ്ടു കുട്ടികളേയും കൂടി ഏറ്റെടുത്താൽ സന്തോഷം. എന്താ പറ്റ്വോ”?
ബാക്കി കേൾക്കാൻ നൽക്കാതെ രഹന ഉടനെ ബ്രേക്കിങ്ങ് ന്യൂസായി വിവരം എല്ലാവരേയും അറിയിച്ചു.
“ഇതാണ് സൗന്ദര്യം ഓവറായാലുള്ള പ്രശ്നം” എന്നായിരുന്നു ഫൈസലിന്റെ കമന്റ്.
കുട്ടികളുടെ കാര്യം പോകട്ടെ, പ്രജിതയുടെ പത്തു വർഷം പഴക്കമുള്ള ദാമ്പത്യജീവിതം കട്ടപ്പുറത്തു് കയറി കുടുംബകോടതിയിൽ എത്തിയ കാര്യവും നിഖിലിനു് അറിയില്ലായിരുന്നു. എന്നാൽ നിഖിൽ ചമ്മി നാറിപ്പോയെന്ന നിരീക്ഷണവും ഒരാഴ്ചത്തേക്കു് പനിച്ചു കിടക്കും എന്ന പ്രവചനവും ചീറ്റിപ്പോയി. “കുട്ടികളെ കാര്യം ഒന്നു കൂടി ആലോചിച്ചിട്ട് പറയാം. ഗവണ്‍മെന്റിനു് തന്നെ ഒന്നും ഏറ്റെടുക്കാൻ കഴിയുന്നില്ല, പിന്നെയല്ലേ, ഇനിക്ക്” എന്ന നിഖിലിന്റെ ഉരുളക്കുപ്പേരി, അല്ലെങ്കിൽ ഐസ്ക്രീമിനു് ഫാലൂദ, രഹന കേട്ടില്ലല്ലോ. സംഭവം കഴിഞ്ഞു് നാൾതോറും വളരുന്ന അവരുടെ ബന്ധത്തിന്റെ ബലതന്ത്രം ആർക്കും പിടികിട്ടിയുമില്ല.
അപർണ്ണക്കു് പെട്ടെന്നൊരു സംശയം. “സുമതിയേച്ചീ, ബോസ്റ്റൺ ക്രീം പൈ എന്നു പറഞ്ഞാലെന്താ? അതാ, കേക്കും ബിസ്ക്കറ്റും വെച്ചേടത്തു കണ്ടില്ലേ”.
“അത് ഒരു മാതിരി കേക്ക് തന്നെ. അമേരിക്കയിലൊക്കെ ഉള്ളതാണെന്നു തോന്നുന്നു. ഇതുണ്ടാക്കിയത് ചെലപ്പോ മ്പളെ കുന്ദംകുളത്തായിരിക്കും! അജി വരുമ്പോ ഇങ്ങനത്തെ ഓരോന്ന് കൊണ്ടരലുണ്ട്”.
“ഒന്ന് തൊറന്ന് നോക്കിയാലോ”?
“പൈസ കൊടുത്ത് വാങ്ങിയിട്ട് തൊറന്നാ മതി. ഉള്ള പണി തെറിച്ചു പോകണ്ട. ഒളിക്യാമറ കൈക്കൂലി വാങ്ങുന്നത് പിടിക്കാനും പെണ്ണുങ്ങള് ഉടുത്തത് അഴിക്കുന്നത് കാണാനും മാത്രം ഉള്ളതാണെന്നാണോ യ്യി വിചാരിച്ചത് ? ഇതിന്റകത്ത് എട്ടെണ്ണമുണ്ട്. ഇന്നാള് സ്പ്രേ എടുത്ത് ഷർട്ടിനുള്ളിലിട്ട ചെക്കനെ പിടിച്ചില്ലേ”?
അപർണ്ണ പോയപ്പോൾ തനൂജ മെല്ലെ സുമതിയേച്ചിയുടെ അടുത്തേക്കു ചെന്നു ശബ്ദം താഴ്ത്തി ചോദിച്ചു: “സുമതിയേച്ചീ, ഒരായിരം ഉറുപ്പിക തരുമോ. ചൊവ്വാഴ്ച തരാം”.
“എല്ലാരും ഇന്നോട് കടം ചോദിക്കാൻ ഞാനെന്താ ബാങ്കോ”?
പക്ഷേ, സുമതിയേച്ചിക്കു് തനൂജയോടു് പാവം തോന്നി. മാനേജർ ചന്ദ്രേട്ടനോടു് ആയിരം ഉറുപ്പിക വാങ്ങിക്കൊടുത്തു. എപ്പോൾ വേണമെങ്കിലും കടം ചോദിക്കാനുള്ള അവകാശം സുമതിയേച്ചിക്കു് മാത്രം.
അടുത്തുള്ള പള്ളിയിൽ നിന്നു് ഇശാ ബാങ്ക് മുഴങ്ങി.
“പീടിക പൂട്ടാനായി, മക്കളേ. വേഗം റെഡിയായിക്കോളീന്‍”, സുമതിയേച്ചി നാടകത്തിലെ സൂത്രധാരനെപ്പോലെ പറഞ്ഞു.
പാരഡൈസ് ഷോപ്പിങ്ങിന്റെ പേരും മുദ്രയുമുള്ള ജാക്കറ്റ് എല്ലാവരും അഴിച്ചു് മടക്കി പൊതിഞ്ഞു വെച്ചു. കൗണ്ടറിലെ പണം പല മൂല്യത്തിലുള്ള നോട്ടുകളുടെ വേറെ വേറെ കെട്ടുകളാക്കി മൃദുല ചന്ദ്രേട്ടനെ ഏല്‍പിച്ചു.
“യ്യി വീട്ടിലേക്കാണോ”?, ബൈക്ക് സ്റ്റാന്റിൽ നിന്നു് പുറത്തേക്കെടുക്കുമ്പോൾ നിഖിലിനോടു് പ്രജിത ചോദിച്ചു.
“ആ”.
“ഇന്നെയൊന്ന് കല്ലായില് വിട്ടുതര്വോ. ഇന്റെ വണ്ടി വർക്ക്ഷോപ്പിലാ”.
“ആ, കേറ് ”.
“ബൈക്കില് കേറി എന്ന് വെച്ചിട്ട് പ്രേമിക്കുകയൊന്നും ഇല്ലട്ടോ”. പിന്‍സീറ്റിൽ കയറിയിരുന്നു കൊണ്ടു് പ്രജിത പറഞ്ഞു.
“പിന്നേ, ബൈക്കിൽ കയറുന്ന പെണ്ണുങ്ങളൊക്കെ പ്രേമിക്കാൻ തൊടങ്ങിയാൽ പതിനാറായിരത്തെട്ട് പ്രേമമായിപ്പോകൂലേ”.
“തമാശ! തമാശ”!
കല്ലായിപ്പാലം കഴിഞ്ഞു് കൃഷ്ണമേനോൻ റോഡ് ജങ്ഷനിൽ എത്തിയപ്പോൾ പ്രജിത വണ്ടി നിർത്തിച്ചു.
“ഇനി ഞാൻ പോയ്ക്കോളാം”.
“ഇരിക്ക്. ഞാൻ വീട്ടിൽ വിട്ടു തരാം”.
“വേണ്ട, ഇവിടുന്ന് കുറച്ചല്ലേയുള്ളൂ”.
“ഇന്റെ കൂടെ ബൈക്കിലിരിക്കുന്നത് നാട്ടുകാര് കാണുമോന്നുള്ള പേടിയാണോ”?
“ഓ, പിന്നേ. നാട്ടുകാരല്ലേ ഇനിക്ക് ചെലവിന് തരുന്നത്”!
പ്രജിത സീറ്റിൽ ഒന്നു കൂടി അമർന്നിരുന്നു.
മെഡിക്കൽ ഷോപ്പിനു് മുന്നിലെത്തിയപ്പോൾ പ്രജിത വണ്ടി നിറുത്താൻ പറഞ്ഞു. പക്ഷേ, മരുന്നു് കിട്ടിയില്ല.
“നട്ടെല്ല് വളഞ്ഞ് കാലിൽ ട്രാക്ഷൻ ഇട്ട ശേഷം അമ്മ സ്ഥിരമായി കഴിക്കുന്ന കാല്‍ഷ്യം ഗുളികയാണ്. എപ്പളും ഇവടെ ഉണ്ടാകുന്നതാ. തീർന്നു പോയി പോലും”.
“ഇമ്പീരിയലിന്റെ അടുത്ത് വലിയൊരു മെഡിക്കൽ ഷോപ്പുണ്ട്. എല്ലാ മരുന്നും അവിടെ കിട്ടും. ഇവിടെ നിന്നോ. ഞാനിപ്പോ കൊണ്ടത്തരാം”.
“വെറുതെ പെട്രോള് കത്തിക്കണ്ട. പൊന്നിന്റെ വെലയല്ലേ. ഞാൻ നാളെ വാങ്ങിക്കോളാം. ഒന്നുരണ്ട് ഗുളിക ബാക്കിയുണ്ടാകും”.
പൊക്കാവ് സ്കൂളിനപ്പുറം വീട്ടിലേക്കു് പോകുന്ന ഇടവഴി തുടങ്ങുന്നിടത്തു് പ്രജിത ഇറങ്ങി.
“വീട്ടിലേക്ക് ക്ഷണിക്കുന്നില്ല. അനക്ക് തരാൻ ഒന്നുംല്ല്യ അവടെ”.
“ഞാൻ നിന്നിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചില്ലല്ലോ, പ്രജിതേ”.
“നിർത്തിക്കാള്, അന്റൊരു ഒടുക്കത്തെ സാഹിത്യം”!
രണ്ടടി വെച്ച പ്രജിത പെട്ടെന്നു് നിന്നു. തിരിഞ്ഞു് അടുത്തേക്കു് വന്നു. “ഒരു കാര്യം പറയാൻ വിചാരിച്ചതാ, മറന്നു പോയി. ഇന്റെ വണ്ടി പാട്ടയായി. ഇടക്കിടക്ക് റിപ്പയറാ. വണ്ടിയില്ലാതെ പറ്റുകയും ല്ല. നടന്നും രണ്ടു ബസ്സ് പിടിച്ചുമൊക്കെ വരുമ്പളേക്ക് ഒരു പാടു് സമയമാകും. മിനിമം ചാര്‍ജ്ജ് കൂട്ടിയതിന് ശേഷം ബസ്സിലും ലാഭം സ്വന്തം വണ്ടിയാ. രാവിലെ കുട്ടികളെ സ്കൂളിൽ വിട്ടുകൊടുക്കുകയും വേണ്ടേ. ഒരു പത്തു പതിനഞ്ചുറുപ്പികക്ക് തരക്കേടില്ലാത്ത സെക്കനാന്‍ഡ് വണ്ടി കിട്ടാൻ വഴീണ്ടോ”?
“വട്ടക്കിണറിനടുത്ത് വണ്ടീന്റെ ഇടപാടുള്ള ഒരു ചങ്ങാതിയുണ്ട്. ചോദിച്ചു നോക്കാം”.
“പതിനെട്ടു വരെ പോകാം”. പ്രജിത കഴുത്തിലെ താലി തൊട്ടു കാണിച്ചു. “ഇതു പണയം വെക്കാം. ഒന്നര പവനുണ്ട്. താലി കൊണ്ടു് എന്തെങ്കിലും ഒരു ഗുണം വേണ്ടേ”!
പ്രജിത ഇടവഴിയിൽ നടന്നു മറയുന്നതു് നോക്കി നിന്നപ്പോൾ നിഖിലിനു് ഓർമ്മ വന്നതു് മുത്താച്ചൻ ഇടക്കിടക്കു് വെക്കുന്ന പഴയ നാടകഗാനമാണു്. പ്രജിതക്കു് പണയം വെക്കാൻ താലിയുണ്ടു്, സുമതിയേച്ചിക്കു് തറവാട്ടുസ്വത്തു് ഭാഗിച്ചപ്പോൾ കിട്ടിയ പന്ത്രണ്ടു് സെന്റുണ്ടു്, നിഖിലിനു് വിൽക്കാൻ നല്ലൊരു ബൈക്ക് പോലുമില്ല എന്നു് മാറ്റിപ്പാടിയാൽ മതി. ഉള്ള ബൈക്ക് വെറുതെ കൊടുത്താൽ പോലും ആരും എടുക്കാത്ത പന്ന രണ്ടായിരത്തി രണ്ടു് മോഡലാണു്. നന്ദനയുടെ എന്‍ട്രന്‍സ് കോച്ചിങ് ഫീസിന്റെ ആദ്യഗഡു ആറായിരം ഉറുപ്പികയാണു്. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ നന്ദനയോടു് കോച്ചിങ്ങിനൊന്നും പോകണ്ട, വീട്ടിലിരുന്നു് പഠിച്ചാൽ മതി എന്നു് പറയുന്നതിലും ഒരു ചളിപ്പില്ലേ?
കല്ലായിറോഡിൽ എന്തുകൊണ്ടോ തിരക്കു കുറവായിരുന്നു. കണ്ണഞ്ചേരി എത്തിയപ്പോൾ വല്ലാത്ത ദാഹം തോന്നി. നാരങ്ങസോഡ കുടിക്കാൻ ബിച്ചാക്കയുടെ പെട്ടിപ്പീടികക്കു മുന്നിൽ നിർത്തി.
“അന്റെ മൊഖത്തെന്താ ഒരു തെളിച്ചം ഇല്ലാത്തത്”? സോഡ ഒഴിക്കുമ്പോൾ ബിച്ചാക്ക ചോദിച്ചു.
“അത് പോസ്റ്റിലെ ലൈറ്റ് കത്താത്തതു കൊണ്ട് ങ്ങക്ക് തോന്നുന്നതാ”.
“അന്റെ തമാശ വിട്”.
സോഡ കുടിച്ചു് ഷർട്ടിന്റെ കീശയിൽ കയ്യിട്ടു് നോട്ടാണെന്നു് വിചാരിച്ചു് പുറത്തെടുത്തതു് നാലായി മടക്കിയ “പട്ടിണിയുടെ തടവുകാരേ” എന്നു തുടങ്ങുന്ന നോട്ടീസ് കഷണമാണു്. വടി പാമ്പായ പോലെ. രഹനയുടെ കയ്യിൽ നിന്നു് വാങ്ങി വായിച്ച ശേഷം അറിയാതെ മടക്കി കീശയിൽ ഇട്ടതാണു്. ചുരുട്ടിയെറിയാതെ കീശയിലേക്കു് തന്നെ ഇട്ടു. പര്‍സ് തുറന്നു നോക്കിയപ്പോൾ കണ്ടതു് അഞ്ഞൂറിന്റെ ഒരൊറ്റ നോട്ടാണു്. മൂന്നു് ദിവസത്തേക്കുള്ള ജീവനാംശം. ഉള്ള ചില്ലറയൊക്കെ എവിടെപ്പോയി?
“ബിച്ചാക്കാ, പൈസ നാളെ തരാം. ഒരൊറ്റ പൈസ ചില്ലറയില്ല. അഞ്ഞൂറിന്റെ നോട്ട് തന്നാൽ ങ്ങള് സംഖ്യ ചാമ്പും”.
ബിച്ചാക്ക ചിരിച്ചു. “മര്യാദക്ക് നാളെത്തന്നെ തന്നോ. അല്ലെങ്കില് അന്നെ മൊത്തം ഞാൻ ജപ്തി ചെയ്യും. ഇന്നിട്ടും കടം തീർന്നില്ലെങ്കില് ക്വട്ടേഷൻ കൊടുത്ത് അന്റെ കയ്യും കാലും ഒടിപ്പിക്കും”.
പെട്ടെന്നു് വിളക്കുകൾ ഒന്നിച്ചണഞ്ഞു. രാത്രിയിലെ അരമണിക്കൂർ പവർകട്ട് തുടങ്ങി. ബിച്ചാക്ക വിരലൊന്നമർത്തിയപ്പോൾ പെട്ടിപ്പീടിക വെളിച്ചത്തിൽ കുളിച്ചു.
“ചൈനയാണ്”
ചൈനയുടെ അത്ഭുതവെളിച്ചം നോക്കിനിന്നപ്പോൾ ബിച്ചാക്ക ഗ്ലാസ്സ് കഴുകി കമിഴ്ത്തി വെച്ചു. അപ്പോൾ, ഓർക്കാപ്പുറത്ത്, ചാർജ് തീർന്ന ചൈന കെട്ടുപോയി. ഇരുട്ടു് മടങ്ങി വന്നു.
ഇരുട്ടത്തു് ലൈറ്റർ തപ്പിയെടുത്തു് ഞെക്കി ബിച്ചാക്ക വെളിച്ചത്തെ വീണ്ടെടുത്തു.
മേലേടത്ത് ആയിഷയുടേയും കക്കുഴി മാളിയേക്കൽ ഹാഷിമിന്റേയും മകനായി 1962 ഒക്റ്റോബർ 20-നു് കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ ജനിച്ചു. അത്തോളി ഗവൺമെന്റ് എൽ. പി. സ്കൂൾ, കോഴിക്കോട്ടെ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ, മലബാർ ക്രിസ്ത്യൻ കോളേജ്, ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഗുജറാത്തിൽ സൂറത്തിലെ വീർ നർമ്മദ് ദക്ഷിൺ ഗുജറാത്ത് സർവ്വകലാശാലയിൽ നിന്നു് ഗവേഷണബിരുദം. മലയാളത്തിലും ഇംഗ്ലീഷിലും എഴുതും. മലയാളം, ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, ഗുജറാത്തി എന്നീ ഭാഷകൾക്കിടയിൽ വിവർത്തനം ചെയ്യും. ഗുജറാത്തി ദലിത് രചനകളുടെ ഇംഗ്ലീഷിലുള്ള സമാഹാരം Ekalavyas with Thumbs, വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെപ്പറ്റി ഇംഗ്ലീഷിൽ പുസ്തകരൂപത്തിൽ വന്ന ആദ്യ പഠനമായ Kunjupathumma’s Tryst with Destiny, ഖദീജ മുംതാസിന്റെ ‘ബർസ’ എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം, ‘പോ, മോനേ, ദറീദാ’ എന്ന മലയാള കവിതകളുടെ സമാഹാരം തുടങ്ങി വിവർത്തനങ്ങളും മൌലികരചനകളുമായി എട്ടോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. കാലിക്കറ്റ് സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായി റിട്ടയർ ചെയ്തു.
ഭാര്യ വിലങ്ങിൽ നാസിനി. മക്കൾ, നിഹാൽ നേഹ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.