പതിവുപോലെ നാലുമണിക്കു് ഉണർന്നു. വാതിലിന്റെ കൈപ്പിടി കൊളുത്തി നൈറ്റിയിലുണ്ടായ കീറൽ കൈമുട്ടിൽ തടഞ്ഞു. ഇനിയുറക്കം വരില്ല. മദ്യവും മദരാക്ഷിയുമായി രാവേറെച്ചെന്നു് ഉറങ്ങിയാലും ബ്രാഹ്മമുഹൂർത്തത്തിൽ ഉണരുന്ന മാടമ്പ് കുഞ്ഞുക്കുട്ടന്റെ ‘അശ്വത്ഥാമാ’വിലെ നായകനെ ഓർമ്മ വന്നു. ബ്രാഹ്മമുഹൂർത്തത്തിന്റെ ഗുണം ശൂദ്രർ, സ്ത്രീകൾ തുടങ്ങിയ വിഭാഗങ്ങൾക്കു് കിട്ടുമോ? കിട്ടാനിടയില്ല.
പത്തു മിനുട്ട് വെറുതെ കണ്ണടച്ചു കിടന്നു. പിന്നെ എഴുന്നേറ്റു പല്ലു തേച്ചു. അടുക്കളയിൽ ചെന്നു് ചായയുണ്ടാക്കി കുടിച്ചു. ടോയ്ലറ്റിൽ പോയി.
തിരിച്ചു വന്നു ലൈറ്റിട്ടു് ലാപ്ടോപ്പ് തുറന്നു. യു എസ് ബി കുത്തി നെറ്റ് കണക്റ്റ് ചെയ്തു. റെയിഞ്ച് കുറവാണു്. പക്ഷേ, സ്പീഡുണ്ടു്. ഫർസാനയുടെ മെയിലുണ്ടു്. ഖുര്‍അത്തുൽ ഐൻ ഹൈദറി ന്റെ ഉർദു കഥ സ്കാൻ ചെയ്തു് അയച്ചിരിക്കുന്നു. ഹരികൃഷ്ണനെ ഏല്പിക്കുന്നതു് ഒന്നുകൂടി ആലോചിച്ചിട്ടു മതി. വിവർത്തനം ഗംഭീരമാകുമെങ്കിലും എന്നു തീരും എന്നതിനു് ഒരുറപ്പും ഉണ്ടാകില്ല. സഫിയ ടീച്ചറോടു് കൂടി ഒന്നു ചോദിച്ചു നോക്കാം.
മാക്മില്ലനു വേണ്ടി ചെയ്തു കൊണ്ടിരുന്ന മുണ്ടശ്ശേരിയുടെ ലേഖനത്തിന്റെ വിവർത്തനത്തിൽ ഒന്നു കൈ വെച്ചു. രണ്ടു് ഖണ്ഡികയോളം ചെയ്തപ്പോൾ ബോറടിച്ചു. കഴുത്തു് കുറേശ്ശെ വേദനിക്കുന്നു. മോണിറ്ററിൽ നോക്കുമ്പോൾ കഴുത്തു് വേദനിക്കാൻ തുടങ്ങിയിട്ടു് കുറേ ദിവസമായി. ഇന്നെന്തായാലും സനലിനെ കാണിക്കണം.
കസേരയിൽ ചാരിയിരുന്നു് ബിസ്മില്ലാ ഖാന്റെ ലളിത് വെച്ചു. അതു് തീരുന്നതിനു മുമ്പു് പള്ളിയിൽ നിന്നു ബാങ്ക് മുഴങ്ങി. റോഷ്നാരാ ബീഗത്തിന്റെ ഭൈരവ് പകുതി ആയപ്പോഴാണു് അമ്പലത്തിൽ നിന്നു് ജ്ഞാനപ്പാന തുടങ്ങിയതു്. ജ്ഞാനപ്പാനയുടെ സമയം എന്നും ഒന്നു തന്നെ—അഞ്ചര. ബാങ്കിന്റെ സമയമാണു് മാറുന്നതു്. ജനുവരി പകുതി ആയാൽ ജ്ഞാനപ്പാന തുടങ്ങിക്കഴിഞ്ഞാണു് ബാങ്ക് കേൾക്കുക. മതനിരപേക്ഷതയിൽ സ്പെഷലൈസ് ചെയ്ത സാംസ്കാരിക നായകർക്കു് ഉപയോഗിക്കാൻ പറ്റിയ ഒരു പ്രയോഗം തോന്നി: അടുത്തും അകന്നും കഴിയുന്ന രണ്ടു് വിശ്വാസസംഹിതകള്‍. മോശമില്ല. ഇങ്ങനെ ഓരോന്നു തോന്നുമ്പോഴാണു് മഞ്ഞു മൂടിയ ഗുഹകളിലെ താപസികൾക്കു് രതിമൂർഛ ഉണ്ടാകുന്നതു് എന്നല്ലേ ബ്രിട്ടിഷ് കവി റ്റെഡ് ഹ്യൂസ് പറഞ്ഞതു്.
കഴുത്തു വേദന പോയില്ല. ലാപ് ഓഫ് ചെയ്തു്, ലൈറ്റ് ഓഫാക്കി കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു.
മൊബൈലിൽ സുല്‍ത്താൻ ഖാന്റെ ആഹിര്‍ഭൈരവും ഭീംസെൻ ജോഷിയുടെ കോമൾ റിഷബും ആസാവരി യും കേട്ടു കഴിഞ്ഞപ്പോൾ നല്ല സുഖം തോന്നി. സമയം നോക്കിയപ്പോൾ ഏഴു കഴിഞ്ഞിരുന്നു. ധൃതിയിൽ എഴുന്നേറ്റു കുളിച്ചു. ചുഡീദാറും ടോപ്പും എടുത്തിട്ടു. ലാപ്പ് പൗച്ചിലാക്കി തോളിലേക്കിട്ടു.
ആരും കാണാതെ ഇറങ്ങാം എന്നു് വിചാരിച്ചതു നടന്നില്ല.
“എങ്ങോട്ടാണ്ടീ, രാവിലെത്തന്നെ”—അമ്മ.
“ചായ കുടിച്ചിട്ടു് പോയ്ക്കോ. വെറുംവയറ്റില് ഫെമിനിസം പയറ്റണ്ട”—സൂധീഷേട്ടൻ.
“രജന്യേന്റി പോവ്വാണോ?”—രമ്യമോള്‍.
രമ്യമോളോടു് കൈവീശി കാണിച്ചു മുറ്റത്തേക്കിറങ്ങി. വണ്ടി സെൽഫ് എടുക്കുന്നില്ല. ഒടുക്കത്തെ ബാറ്ററി. ചവിട്ടി സ്റ്റാർട്ടാക്കി.
ആസ്പത്രിയിൽ വലിയ തിരക്കില്ലായിരുന്നു. ക്യൂവിൽ മുന്നിൽ രണ്ടാളേ ഉണ്ടായിരുന്നുള്ളൂ. കൃത്യം എട്ടു മണിക്കു തന്നെ ഡോ പി കെ സനൽ, എം ഡി (മെഡിസിൻ) വന്നു സീറ്റിലിരുന്നു. മുന്നിലുള്ളവരുടെ പരിശോധന കഴിഞ്ഞു് മുറിയിലേക്കു് കയറിയപ്പോൾ സനൽ ഭംഗിയായി ചിരിച്ചു. സ്കൂളിൽ പെൺകുട്ടികളെ കുപ്പിയിലാക്കാൻ പ്രയോഗിച്ച അതേ ചിരി. പ്ലസ് റ്റൂവിനു് ആന്വൽ ഡേയ്ക്കു് ‘മാലിനി നദിയിൽ കണ്ണാടി നോക്കും’ എന്ന പഴയ യുഗ്മഗാനം കൂടെ പാടി കുളമാക്കി കൂവൽ വാങ്ങിയിറങ്ങിയപ്പോൾ ചിരിച്ചതും അതേ ചിരി.
ചിരി മുഖത്തു് ഫ്രീസ് ചെയ്തുവെച്ചു് സനൽ ഇരിക്കാൻ ആംഗ്യം കാണിച്ചു.
“എന്താടോ പ്രശ്നം?”
“കഴുത്തുവേദന. മോണിറ്ററിലേക്കു് നോക്കിയാൽ വല്ലാതെ അധികമാകും.”
“അപ്പോ സംഗതി പോസ്റ്റ്മോഡേണാണു്. നോക്കട്ടെ.”
കഴുത്തു് പല ആംഗിളിലും തിരിച്ചു വേദനയുണ്ടോ എന്നു നോക്കി. വേദനയുടെ ഉത്ഭവം, വളർച്ച, സ്വഭാവം തുടങ്ങിയതെല്ലാം ചോദിച്ചു.
“പ്രശ്നമൊന്നും കാണുന്നില്ല. വേദനക്കു് ഒരു ഗുളിക എഴുതിത്തരാം. കഴുത്തു് ഇടക്കു് അഞ്ചെട്ടു പ്രാവശ്യം റൊട്ടേറ്റ് ചെയ്യണം. കുറച്ചു ദിവസത്തേക്കു് കമ്പ്യൂട്ടർ പണിയൊന്നു് കുറച്ചോ. അത്യാവശ്യമാണെങ്കിൽ നന്നായി ചാരിയിരുന്നു് മോണിറ്ററിലേക്കു് നോക്കിക്കോ. ഒരാഴ്ച കഴിഞ്ഞു് പ്രശ്നമുണ്ടെങ്കിൽ വാ.”
“എടാ, നിന്റെ പ്രൊഡക്ഷൻ നമ്പർ വൺ റിലീസായോ?”
“ഓ, കഴിഞ്ഞാഴ്ച. കുട്ടി പെണ്ണു്. തള്ളയും കുട്ടിയും സുഖം.”
“മെറ്റേണിറ്റി ലീവ് ആറു് മാസമാക്കിയില്ലേ. സുഖമായി.”
“അല്ല, നിനക്കു് ഈ മാതിരി ഏർപ്പാടൊന്നും വേണ്ടാന്നാണോ?”
“എടാ, അലവലാതീ,” ശബ്ദം താഴ്ത്തിയാണു് പറഞ്ഞതു്. പുറത്തു് കാത്തു നില്കുന്ന രോഗികൾക്കു് ഡോക്റ്ററോടുള്ള ബഹുമാനം കുറഞ്ഞു പോകരുതല്ലോ. “അമ്മതൻ താരാട്ടും അമ്മിഞ്ഞപ്പാലും ബാലാമണിയമ്മയുമായി നീയും ലസിതട്ടീച്ചറും കെട്ടിമറിഞ്ഞോ. എന്നെ വെറുതെ വിട്ടേക്കു്.”
“നീ ആരെയാണു് അലവലാതീന്നു് വിളിച്ചതെന്നു് അിറയാമോ? നഗരത്തിലെ പേരും പെരുമയുമുള്ള ഭിഷഗ്വരനെ. ഭിഷഗ്വരൻ എന്നു് തന്നെയല്ലേ? ഉണ്ണിമാധവൻ മാഷോടു് ചോദിക്കേണ്ടി വരും.”
“പോടാ.”
പുറത്തിറങ്ങുമ്പോൾ തിരിഞ്ഞുനോക്കി. സനലിന്റെ മുഖത്തെ ചിരി മാഞ്ഞിട്ടില്ല.
സ്റ്റാന്റിൽ നിന്നിറക്കി ചാവി ഇട്ടു് ഇഗ്നിഷൻ അമർത്തിയപ്പോള്‍, അതിശയം, വണ്ടി സ്റ്റാർട്ടായി.
ആസ്പത്രിക്കു മുന്നിലെ മെഡിക്കൽ ഷാപ്പിൽ നിന്നു് സനൽ കുറിച്ചു തന്ന മരുന്നു വാങ്ങി. ഫ്ളൈ ഓവറിനു് താഴെയുള്ള എ ടി എമ്മിൽ നിന്നു് ആയിരം രൂപയെടുത്തു. പെൻക്രാഫ്റ്റിൽ നിന്നു് വന്ന ചെക്കു് മൂന്നു് ദിവസം മുമ്പു് ക്രെഡിറ്റ് ചെയ്തതാണു്.
ഭയങ്കരമായ വിശപ്പു തോന്നി. വെങ്കിടേശ്വര കഫേക്കു മുന്നിൽ വണ്ടി നിറുത്തി.
മസാലദോശ കഴിച്ചപ്പോൾ വിശപ്പ് മുഴുവൻ അടങ്ങിയില്ല. രണ്ടു് ഇഡ്ഡിലി കൂടി വാങ്ങി കഴിച്ചു. റാഹത്തായി. പക്ഷേ, ചായ പറയിപ്പിച്ചു. കടുപ്പവുമില്ല, മധുരവുമില്ല. ഇതിലും നല്ലതു് കൂരിയാൽ ഇടയിലെ തട്ടുകടയാണു്. പൊറാട്ടയും മുട്ടറോസ്റ്റും തരക്കേടില്ല എന്നേ പറയാവൂ. പക്ഷേ, ചായ ഉഗ്രനായിരിക്കും.
ഒമ്പതേ കാലാകുന്നേയുള്ളൂ. ആർക്കൈവ്സ് തുറക്കാൻ പത്തു മണിയാകണം. സ്റ്റെല്ലയുമായി കുറച്ചു നേരം കത്തിയടിക്കാം. വണ്ടി ചിന്താവളപ്പു് വഴി ചാലപ്പുറത്തേക്കു് വിട്ടു.
സുബിന്റെ അമ്മച്ചിയാണു് വാതിൽ തുറന്നതു്.
“ആ, രജനിയോ. ഒത്തിരി നാളായല്ലോ കണ്ടിട്ടു്.”
സ്റ്റെല്ലയുടെ ജോലി തുടങ്ങുന്നതു് ഉച്ച തിരിഞ്ഞാണു്. ഗ്രാമീൺ ബാങ്കിന്റെ കുന്ദമംഗലം ശാഖയിൽ ജോലി ചെയ്യുന്ന സുബിൻ പോയിക്കഴിഞ്ഞിരുന്നു.
ചുമരിൽ ചാരിവെച്ച തലയണയിൽ ചാരിയിരുന്നു് നോവൽ വായിക്കുകയാണു് സ്റ്റെല്ല.
“എന്താടാ, രാവിലെത്തന്നെ ഈ വഴിക്കു്?”
“ബീച്ചാസ്പത്രിയിൽ പോയിട്ടു് വര്വാ.”
സനലിന്റെ കഥ പറഞ്ഞപ്പോൾ സ്റ്റെല്ല ചിരിച്ചു.
“നിന്റെ ഓരോ ബോയ്ഫ്രണ്ട്സിന്റെ കാര്യം!”
നോവൽ അടച്ചുവെച്ചു് സ്റ്റെല്ല എഴുന്നേറ്റു. അഴിഞ്ഞ മുടി കൈകൊണ്ടു് പിന്നിലേക്കു് ചീകിയൊതുക്കി സങ്കടം പറഞ്ഞു.
“പന്ത്രണ്ടു മണിക്കൊക്കെയാണു് പണി തീരുക. ജേണലിസ്റ്റ് ട്രെയിനികൾ അടിമകളാണെന്നാണു് അവരുടെ വിചാരം. കല്ല്യാണം കഴിഞ്ഞിട്ടും കന്യകാത്വത്തിന്റെ ഹാങ്ങോവർ മാറാത്ത അവസ്ഥയാണു്!”
“നിന്റെ സ്വകാര്യജീവിതം അവരെ വിഷയമല്ലല്ലോ. ഫോർത്ത് എസ്റ്റേറ്റ്, കോപ്പ് എന്നൊക്കെ പറഞ്ഞാലും മുതലാളിമാർ മുതലാളിമാർ തന്നെ. അത്യാവശ്യത്തിനു് ചില്ലറ തരുന്നുണ്ടല്ലോ എന്ന ന്യായവും പറയാം. ഇരുപതിനായിരം ഉറുപ്പിക അത്ര മോശമല്ലല്ലോ.”
സുബിന്റെ അമ്മച്ചി കൊണ്ടുവന്ന ചായ കുടിച്ചപ്പോൾ നേരത്തേ കുടിച്ച ചായയുടെ ചളിപ്പു് മാറി.
“നീ എന്നാ പയ്യന്നൂരീന്നു് വന്നതു്?”
“ഇന്നലെ.”
“എന്തായി?”
ഒന്നുമായില്ല. പയ്യന്നൂർ ടൗണില് നാളെയോ മറ്റന്നാളോ കൂറേ അധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടു് ഒരു പ്രകടനം നടത്തുന്നുണ്ടു്. അജിതേച്ചി വിളിച്ചു പറയാം എന്നു പറഞ്ഞിട്ടുണ്ടു്.
വാച്ച് നോക്കിയപ്പോൾ പത്തിനു് പത്തു് മിനുട്ട്.
“എടാ, ഞാൻ പോട്ടേ, ആർക്കൈവ്സിൽ കുറച്ചു പണിയുണ്ടു്.”
ആർക്കൈവ്സിൽ സമദ് വന്നിട്ടില്ല. അപകടത്തിൽ പെട്ടു് വിശ്രമത്തിലാണെന്നു് മിനി പറഞ്ഞു. എതിരെ വന്ന കാറിനെ വെട്ടിച്ചപ്പോൾ ബൈക്ക് മതിലിൽ ഇടിച്ചതാണു്. കുറച്ചു് തൊലി പോയതും കാലുളുക്കിയതുമല്ലാതെ എല്ലൊടിഞ്ഞില്ല, ഭാഗ്യം. അവന്റെ ഒടുക്കത്തെ സ്പീഡ്.
വിവരങ്ങൾ എവിടെയാണുള്ളതെന്നു് മിനിക്കറിയില്ല. അലമാരകൾ തുറന്നു് ഇഷ്ടം പോലെ പരതിക്കൊള്ളാൻ സ്വാതന്ത്ര്യം തന്നു. ഇ എഫ് തോമസ് പേരു് കൊണ്ടു് വെൽഷുകാരൻ തന്നെ. പക്ഷേ, വെയിൽസിൽ എവിടെ, മുഴുവൻ പേരെന്തു്, മറ്റു പല ബ്രിട്ടിഷ് ഉദ്യോഗസ്ഥരേയും പോലെ പബ്ലിക് സ്കൂളിൽ പഠിച്ചതാണോ?
തോമസ് സായ്വ് മലബാറിൽ കാണിച്ച പരാക്രമങ്ങളുടെ പൊട്ടും പൊളിയുമല്ലാതെ രണ്ടു മണിക്കൂറോളം തെരഞ്ഞിട്ടും മറ്റൊന്നും കിട്ടിയില്ല. നെറ്റിൽ കൊളോണിയൽ രേഖകളുടെ സൈറ്റിൽ പോലും തോമസിന്റെ ഒരു പ്രൊഫൈൽ കിട്ടിയിരുന്നില്ല. അടിക്കുറിപ്പിനു് കുറച്ചെന്തെങ്കിലും കിട്ടാതെ പുസ്തകം ഇറക്കാൻ കഴിയില്ലെന്നാണു് രാജേഷ് പറഞ്ഞതു്. ഇനി ഹൈക്കമ്മീഷനിൽ നിന്നു് എന്തെങ്കിലും തുമ്പ് കിട്ടുമോ എന്നേ നോക്കാനുള്ളൂ. ജെ എൻ യൂവിലെ കവിതയോടു് വിളിച്ചു പറയാൻ പറയാം.
ആർക്കൈവ്സിൽ നിന്നിറങ്ങിയപ്പോൾ പന്ത്രണ്ടേ കാലായിരുന്നു. എരഞ്ഞിപ്പാലത്തു് ട്രാഫിക് ജാമിൽ കുടുങ്ങി ബൈപാസ്സിലേക്കു് കയറാൻ പത്തു മിനുട്ടിലധികം എടുത്തു. ബസ് സ്റ്റാന്റിന്റെ മുന്നിൽ നിർത്തി ചെരിപ്പിന്റെ പൊട്ടിയ വള്ളി തുന്നിച്ചു. സ്റ്റഡി മെറ്റീരിയലിനുള്ള ഡ്രാഫ്റ്റ് അയക്കേണ്ട കാര്യം ഒർമ്മ വന്നു. ബുധനാഴ്ചയായിട്ടും ബാങ്കിൽ കുറച്ചു് തിരക്കുണ്ടായിരുന്നു. പുറത്തിറങ്ങിയപ്പോൾ നന്നായി വിശന്നു. സ്റ്റേഡിയം ജങ്ഷനിൽ വണ്ടി ഓരം ചേർത്തിട്ടു് ‘അല്‍മുബാറ’ക്കിലേക്കു് കയറി.
“ചേച്ചീ, ചോരല്ലേ?”, ഗ്ലാസ്സിൽ വെള്ളം കൊണ്ടുവെച്ചു് നേപ്പാളി ചെക്കൻ മഹേഷ് ചോദിച്ചു.
“ചോരല്ല, ചോറ്. ഒന്നു കൂടി പറ, കേൾക്കട്ടെ.”
മഹേഷ് ചിരിച്ചു.
അയക്കൂറ പൊരിച്ചതുണ്ടായിരുന്നു. കഷണത്തിനു് മുപ്പത്തഞ്ചുറുപ്പിക വിലയായതുകൊണ്ടു് ആത്മസംയമനം പാലിച്ചു. പകരം ഓംലെറ്റിനു പറഞ്ഞു.
റോഡിലേക്കിറങ്ങിയപ്പോൾ മൊബൈൽ ശബ്ദിച്ചു. അജിതേച്ചിയാണു്. വെള്ളിയാഴ്ച വൈകുന്നേരം പയ്യന്നൂർ ടൗണിൽ പ്രകടനം നടത്താൻ തീരുമാനിച്ച കാര്യം പറഞ്ഞു. ബിന്ദിയയെ വിളിച്ചു പറയണം. രണ്ടുമൂന്നു പ്രാവശ്യം ബിന്ദിയയെ വിളിച്ചു. റിങ്ങ് ചെയ്തിട്ടും ഫോൺ എടുത്തില്ല. നെറ്റിന്റെ ചാർജ്ജ് തീരാറായ കാര്യം ഓർത്തു. ബാങ്ക് റോഡിലെ കൺസ്യൂമർ കെയർ സെന്ററിൽ നിന്നു് റീചാർജ്ജ് ചെയ്തു.
ലിങ്ക്റോഡിന്റെ അറ്റത്തു് വണ്ടി നിറുത്തി ‘വട്ടേരി തട്ടുകട’യിലേക്കു് കയറിയപ്പോൾ സുകുവേട്ടൻ പുറം തിരിഞ്ഞു നിന്നു് ഉള്ളി അരിയുകയാണു്. അരിഞ്ഞുകൂട്ടിയ ഒരു കുന്നു് ഉള്ളി അടുപ്പിനടുത്തു് വെച്ച വലിയ, പരന്ന പാത്രത്തിൽ കിടക്കുന്നു.
“സുകുവേട്ടാ, സുഖം തന്നെയല്ലേ.”
“ആ, രജനിയോ. യ്യെവിടെയാ? കാണാൻല്ല്യല്ലോ.”
“സുനിത വധക്കേസ് ആക്ഷൻ കമ്മിറ്റിയുമായിട്ടു് പയ്യന്നൂരായിരുന്നു ഒരാഴ്ച.”
“പേപ്പറില് വായിച്ചു. എന്തായി അതു്?”
“പ്രകടനവും പൊതുയോഗവും വീടുതോറും പ്രചാരണവും നടത്തി. ഒരു ദിവസം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. അറസ്റ്റ് ചെയ്തു കേസെടുത്തു് വിട്ടു.”
“എന്തെങ്കിലും കാര്യം ണ്ടാകുവോ?”
“ഒന്നും പറയാൻ പറ്റില്ല. കൊന്നതു് ആരാണെന്നു് എല്ലാർക്കും അറിയാം. രാഷ്ട്രീയക്കാര് ഒത്തുകളിക്കുകയാ. പഞ്ചായത്തിൽ രണ്ടു വാര്‍ഡില് ഉപതെരഞ്ഞെടുപ്പു് വരുന്നുണ്ടു്. കേസ് അന്വേഷണം അട്ടിമറിച്ചാൽ തെരഞ്ഞെടുപ്പു് ബഹിഷ്കരിക്കാൻ ആഹ്വാനമുണ്ടു്. അതു് ചെലപ്പോ ഏൽക്കും.”
മൊബൈൽ ശബ്ദിച്ചു. മിസ്കോൾ കണ്ടു് ബിന്ദിയ തിരിച്ചു വിളിച്ചതാണു്. വെള്ളിയാഴ്ചത്തെ പ്രകടനത്തിന്റെ കാര്യം പറഞ്ഞു. പറ്റിയാൽ വരാമെന്നു് ബിന്ദിയ പറഞ്ഞു.
“ഷർബീനന്റെ ബാപ്പ മരിച്ചുപോയി,” സുകുവേട്ടൻ പെട്ടെന്നു് പറഞ്ഞു.
“എപ്പോ? ഞാനറിഞ്ഞില്ല.”
“ശനിയാഴ്ച. രണ്ടു ദിവസം ആസ്പത്രിയിലായിരുന്നു. പ്രസാദ് വന്നുപോയി. ഷെർബീനക്കും അധികം ലീവില്ല. മറ്റന്നാള് പോകണം. ഓളെ നെറ്റ് കണക്ഷൻ തകരാറായി കെടക്കുകയാ. യ്യി ഒരു ടിക്കറ്റ് ബുക്ക് ചെയ്യ്. ഇവിടുന്നു് കിട്ടിയില്ലെങ്കിൽ മംഗലാപുരം വഴിക്കു് പോകുന്ന യശ്വന്ത്പൂരിനു് കണ്ണൂരിന്നു് ബുക്ക് ചെയ്താലും മതി.”
ലാപ് തുറന്നു് യു എസ് ബി കുത്തി നെറ്റ് കണക്റ്റ് ചെയ്തു. സൈറ്റ് പെട്ടെന്നു് കിട്ടി.
“ടിക്കറ്റില്ല, സുകുവേട്ടാ. നാളെ രാവിലെ തൽക്കാലിനു് നോക്കാം.”
ലാപ് അടച്ചുവെച്ചു് സുകുവേട്ടന്റെ അടുത്തു ചെന്നു നിന്നു. ഉള്ളിയും തക്കാളിയും തീർത്തു് പച്ചമുളകിലേക്കു് എത്തിയിരിക്കുകയാണു് സുകുവേട്ടൻ. പഴയ പാട്ടിൽ പറഞ്ഞ പോലെ മുടിയിൽ കാലത്തിന്റെ മുല്ലപ്പൂ വിരിഞ്ഞാലും കവിളത്തെ താമര വാടിയാലും സുകുവേട്ടന്റെ ചൊങ്കത്തം കണ്ണിൽ ബാക്കി നില്കുന്നുണ്ടു്.
“അല്ല, സുകുവേട്ടാ, ഞാൻ ആലോചിക്കുകയാ. വിപ്ലവകാരിയും കൂമൻനെല്ലി സമരനായകനുമായ സഖാവ് വട്ടേരി സുകുമാരൻ തട്ടുകട തുടങ്ങാനുണ്ടായ ചരിത്രസാഹചര്യങ്ങളെ പറ്റി ഒരു ഫീച്ചർ എഴുതിയാലോ.”
“പൊന്നുമോളേ, യ്യി ഇന്നെ വിട്ടേക്കു്. പഴയ ബുദ്ധിജീവികളെ ആരെയെങ്കിലും പിടിച്ചോ.”
“എന്നാ പോട്ടെ. ഏതായാലും നല്ല പ്രാസഭംഗിയുണ്ടു്—വട്ടേരി തട്ടുകട. കുറച്ചുനേരം സഹായിക്കണോ?”
“യ്യി അന്റെ പണി നോക്ക്, രജന്യേ.”
തിരിച്ചു ചെന്നു് വട്ടക്കസേരയിൽ ഇരുന്നു് മേശപ്പുറത്തു് വെച്ച ലാപ്ടോപ്പ് തുറന്നു. ഫർസാനയുടെ മെയിലുണ്ടു്. രാവിലത്തെ മെയിലിനു മറുപടി അയക്കാൻ മറന്നു പോയിരുന്നു. വിവർത്തനം ഏല്പിക്കാമെന്നു് മെയിലിട്ടു. കഴുത്തു വേദന കുറവുണ്ടു്. സനലിന്റെ മരുന്നു് വേദനസംഹാരിയാണല്ലോ.
മടിപിടിച്ചാൽ ഒന്നും നടക്കില്ല. മുണ്ടശ്ശേരിയെ ഒരു വഴിക്കാക്കണമല്ലോ.
കടിച്ചുപിടിച്ച് ഒരു മണിക്കൂർ ഒപ്പിച്ചു. കഷ്ടിച്ചു് രണ്ടു പേജ് തീർന്നു. ഇനിയുമുണ്ടു് നാലു പേജ്. സുകുവേട്ടൻ ഒരു ഗ്ലാസ്സ് കട്ടൻ ചായ മുന്നിൽ കൊണ്ടു വെച്ചു. ഏലക്കായിട്ട, നല്ല മധുരമുള്ള സ്പെഷൽ സുലൈമാനി. ചായ മൊത്തിക്കുടിച്ചു കൊണ്ടു് ഇഖ്ബാല്‍ബാനു വിന്റെ ഗസൽ കേട്ടു—
“മുഹബ്ബത് കര്‍നേവാലേ, തും കം ന ഹോംഗേ
തേരി മെഹ്ഫിൽ മെ ലേകിൻ ഹം നാ ഹോംഗേ.”
“അനക്കു് എവിടുന്നാ ഇമ്മാതിരി പാട്ടു് കിട്ടുന്നതു്?” ഗസൽ പാടിത്തീർന്നപ്പോൾ സുകുവേട്ടൻ ചോദിച്ചു.
“നെറ്റീന്നു് അടിച്ചുമാറ്റുന്നതാ.”
വാച്ച് നോക്കിയപ്പോൾ നാലര.
“സുകുവേട്ടാ, ഞാൻ പോകുന്നേ. നാദാപുരം ടൗണിലുള്ള ആ പഴയ വീട്ടിൽ തന്നെയല്ലേ ഷർബീന ഉള്ളതു്?”
“അവടെത്തന്നെ.”
റോഡിൽ വൈകുന്നേരത്തെ തിരക്കു് തുടങ്ങിക്കഴിഞ്ഞിരുന്നു. മാവൂർ റോഡ് ജങ്ഷനെത്താൻ പത്തു മിനുട്ട് മുഴുവൻ എടുത്തു. പാരഡൈസ് ഷോപ്പിങ്ങിന്റെ ഇടുങ്ങിയ പാർക്കിങ് ലോട്ടിന്റെ അറ്റത്തു് വണ്ടി നിറുത്തി. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണു് ഹമീദ് ജോലി ചെയ്യുന്ന കെ എസ് എഫ് ഇ-യുടെ ഓഫീസ്. താഴെ പുതുതായി തുടങ്ങിയ സൂപ്പർ മാർക്കറ്റ്.
സൂപ്പർ മാർക്കറ്റിലേക്കു് വെറുതെ കണ്ണെറിഞ്ഞു. അപ്പോൾ ആരാണു് ഇറങ്ങി വരുന്നതു്? സാക്ഷാൽ സജീഷ്! കുറച്ചുകൂടി തടിച്ചിട്ടുണ്ടു്. മഞ്ഞയിൽ കറുത്ത വരകളുള്ള നല്ലൊരു ബ്രാന്‍ഡഡ് ഷർട്ട് ചാമ്പിയിട്ടുണ്ടു്. പ്രീതിയുടെ ഭര്‍തൃപരിഷ്കരണ നടപടികൾ പുരോഗമിക്കുന്നുണ്ടു്. അക്ഷമ മുഖത്തു തെളിയുന്നുണ്ടു്. പ്രീതി അകത്തുണ്ടാകും. നിന്ന നില്‍പിൽ രണ്ടു് തിരിച്ചിൽ തിരിഞ്ഞപ്പോഴാണു് കണ്ടതു്. ഉടനെ ഉള്ള പുച്ഛമെല്ലാം മുഖത്തു് ആവാഹിച്ചു്, ഓരോ അടിയും അളന്നു് കൃത്രിമമായ അലസതയോടെ അടുത്തേക്കു് വന്നു.
“സുഖം തന്നെയല്ലേ?”
“പരമസുഖം. സുഖം കൊണ്ടു് നില്ക്കാൻ വയ്യ.”
“കൊസറ പറയുന്ന സ്വഭാവം മാറിയിട്ടില്ല, അല്ലേ?”
“അങ്ങനെ എല്ലാ സ്വഭാവവും മാറ്റാൻ പറ്റ്വോ?”
സജീഷിന്റെ ശബ്ദം വേണ്ടതിലധികം ഉയർന്നിരുന്നു. ശരീരഭാഷയും പിശകായതു കൊണ്ടു് കൗണ്ടറിനു് അടുത്തു നിന്ന സെയിൽസ് ഗേൾസ് ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. റോഡിലെ ട്രാഫിക് കാരണം ഒന്നും കേൾക്കാൻ വയ്യാത്തതു് ഭാഗ്യം. കസ്റ്റമറുടെ പ്രതിച്ഛായ പോലെ വിശുദ്ധമായി മറ്റെന്തുണ്ടു്?
“അപ്പോ, നമ്മളെ സ്വഭാവമൊക്കെ മാറിയിട്ടുണ്ടാകും അല്ലേ.”
“സ്വഭാവം ഒക്കെ മാറ്റാൻ എന്താ നല്ലനടപ്പിനു് ശിക്ഷിച്ചിട്ടുണ്ടോ?”
“തമാശ! ശരിക്കും മാമുക്കോയ ഡയലോഗ്. പിന്നെ, അനിയത്തിയോടുള്ള അസൂയ കൊണ്ടു് ചോദിക്കുകയാണെന്നു് വിചാരിക്കരുതു്—പ്രീതി നിനക്കു് പറ്റിയ ചരക്കു് തന്നെയാണോ?”
“നിനക്കു് ആ ഒരൊറ്റ കാര്യം ആലോചിച്ചാൽ മതിയല്ലോ.”
“അയ്യോ, ഇതാരു്, മാന്യശ്രീ വിശ്വാമിത്രനോ? ഞാനും ഒരു തമാശ പറഞ്ഞതാണെന്നു് വിചാരിച്ചാൽ മതി. അതുപോട്ടെ. ഇടിവെട്ടു് ഷർട്ടാണല്ലോ. ആരെ സെലക്ഷനാണു്?”
ഷർട്ടിന്റെ അറ്റം പിടിച്ചു നോക്കി. സജീഷ് പരിഭ്രമത്തോടെ ചുറ്റും കണ്ണോടിച്ചു. സെയിൽസ് ഗേൾസ് ആഘോഷിക്കാൻ തുടങ്ങിയോ എന്നു സംശയം. ഷർട്ടിൽ നിന്നു് പിടിവിട്ടു.
സജീഷ് വാലു് മടക്കി കഴിഞ്ഞിരുന്നു.
“പ്രീതി അകത്തുണ്ടു്.”
“അയ്യോ, ഞാൻ കാണുന്നില്ല. ഇന്നത്തേക്കുള്ള കുടുംബകലഹത്തിനു് വകയാകും. പ്രിയമോളെ സ്കൂളിൽ ചേർത്തോ?”
“ഇല്ല. സ്കൂള് നോക്കുന്നുണ്ടു്.”
സെയിൽസ് ഗേള്‍സിന്റെ നോട്ടം അവഗണിച്ചു് സജീഷ് അകത്തേക്കു പോയി.
എന്നാണു് സജീഷ് ഉത്തമ സദാചാരവാദിയായതു്? രതിമൂർഛയോടു് ഗൃഹാതുരത്വം ഉണ്ടാക്കിത്തരുന്നവൻ എന്നു് കാല്പനിക മലയാളത്തിൽ ആരേയെങ്കിലും വിശേഷിപ്പിക്കാൻ പറ്റുമെങ്കിൽ അതു സജീഷിനെയായിരിക്കും. വേറെ എന്തു കുറ്റം പറഞ്ഞാലും അക്കാര്യത്തിൽ അവൻ ഉഷാറായിരുന്നു. പക്ഷേ, രതി—അതാണോ എല്ലാം? എട്ടും പൊട്ടും തിരിയാത്ത ഇരുപത്തി മൂന്നാം വയസ്സിൽ അവന്റെ കൂടെ നടക്കുമ്പോൾ അത്രയ്ക്കു് ആലോചിച്ചില്ല.
ഹമീദ് മറ്റു രണ്ടു പേരോടൊപ്പം കോണിപ്പിടിയിറങ്ങി വന്നു. കൂടെയുള്ളവർ പരിചയഭാവത്തിൽ ചിരിച്ചു നടന്നുപോയി.
“എന്താണൊരു അർജ്ജുനവിഷാദയോഗം?”
“ഒരു മലയാളം എം എ കയ്യിലുണ്ടെന്നു് വിചാരിച്ചു് എന്തു സംസ്കൃതവും പറയാമെന്നാണോ? വിഷാദമൊന്നുമില്ല. അനിയത്തീന്റെ ഭർത്താവിനോടു് കുറച്ചു് ലോഗ്യം പറഞ്ഞതിന്റെ ക്ഷീണമാണു്.”
“ഓ, നിന്റെ പഴയ ലൈൻ. മൂപ്പരല്ലേ ഇപ്പോ കല്ലായിറോഡിൽ മൊബൈലിന്റെ കട നടത്തുന്നതു്?”
“അതുതന്നെ ആള്.”
വണ്ടി സ്റ്റാർട്ടാക്കി. രാവിലത്തെ ഇടങ്ങേറിനു ശേഷം മര്യാദക്കു സ്റ്റാർട്ടാകുന്നുണ്ടു്. ഹമീദ് പിന്നിൽ കയറിയിരുന്നു.
“ഭയങ്കര വിശപ്പു്, എന്തെങ്കിലും തിന്നണം,” സ്വിമ്മിങ്പൂളിനു് അടുത്തെത്തിയപ്പോൾ ഹമീദ് പറഞ്ഞു.
വണ്ടി ഇടത്തോട്ടു തിരിച്ചു. ‘ഗ്രീൻ കോര്‍ണ’റിൽ ഹമീദ് നെയ്റോസ്റ്റ് കഴിച്ചുകൊണ്ടിരുന്നപ്പോൾ വലിയ വിശപ്പില്ലാത്തതിനാൽ കാലിച്ചായ മാത്രം കുടിച്ചു് അവനു കമ്പനി കൊടുത്തു.
ബൈപാപസിൽ മുടിഞ്ഞ ട്രാഫിക് ജാം. വാഹനങ്ങളുടെ നിരക്കു് ഒരു കിലോമീറ്ററിലധികം നീളം. ദൂരെ സിഗ്നൽ കാണാം. ജങ്ഷനിൽ എത്താൻ ആറുവട്ടം സിഗ്നൽ മാറേണ്ടി വന്നു.
“കൊട്ടാരം റോഡിലൂടെ പോന്നാൽ മതിയായിരുന്നു,” ഹമീദ് പിറുപിറുത്തു.
വാടകവീട്ടിന്റെ മുറ്റത്തു് വണ്ടി നിറുത്തിയപ്പോൾ ഹമീദിന്റെ സഹവാസികൾ കൂടണയാൻ തുടങ്ങിയിട്ടേയുള്ളൂ. അനീഷ് മുറ്റത്തിന്റെ മൂലയിൽ ടാപ്പിനടിയിലെ സിമെന്റ് തളത്തിൽ കുന്തിച്ചിരുന്നു തുണി കഴുകുകയാണു്. ജോബി വരാന്തയിൽ കസേരയിലിരുന്നു് സിഗരറ്റ് വലിച്ചൂതുകയാണു്. ഹരിയും സുനിലും എത്തിയിട്ടില്ല.
സിഗരറ്റിന്റെ കുറ്റി വലിച്ചെറിഞ്ഞു് ജോബി ചിരിച്ചു.
“രജനീ, നീ ഞങ്ങളെയൊക്കെ വിട്ടു് പോയീന്നല്ലേ വിചാരിച്ചതു്.”
“നിന്നെയൊന്നും വിട്ടു് പോകാൻ മനസ്സു് വരുന്നില്ലെടാ.”
“താങ്ക് യൂ, താങ്ക് യൂ.”
അകത്തു കയറി ബാത്റൂമിൽ നിന്നു് കൈയും മുഖവും കഴുകിയപ്പോൾ നല്ല സുഖം.
മൊബൈലിൽ റഷീദ് ഖാന്റെ മുല്‍ത്താനി വെച്ചപ്പോൾ അനീഷ് തുണി കഴുകിക്കഴിഞ്ഞു് എത്തിയിരുന്നു.
“അതൊന്നു് എന്റെ മൊബൈലിലേക്കു് അയക്കുമോ?”
“ഇതിനു് ബ്ലൂടൂത്ത് ഇല്ലെടാ.”
“കോഡ് തരാം. എന്റേതും അതേ സെറ്റാ. ജോബീന്റെ ലാപ്പിലേക്കു് കോപ്പി ചെയ്തിട്ടോ. ഞാനതിൽ നിന്നു് എടുത്തോളാം.”
ഹരിയും സുനിലും വന്നപ്പോൾ ഏഴു കഴിഞ്ഞു. ഹമീദ് പച്ചക്കറി അരിഞ്ഞു തുടങ്ങിയിരുന്നു. അനീഷും സജീവമായി. ആണുങ്ങളുടെ നളപാചകം കുറച്ചുനേരം നോക്കി നിന്നു. വേവിച്ച പയറ് ഉപ്പേരിയാക്കാൻ കടുകു് പൊട്ടിച്ചിട്ടപ്പോഴാണു് ഇടപെട്ടതു്. അതു് കുളമായി. കയ്യിൽ നിന്നു് കോരിക വഴുതി ചട്ടിയിൽ വീണു് തിളച്ച എണ്ണ തെറിച്ച് കൈ പൊള്ളി.
“അറിയാത്ത പണിയെടുത്താൽ അങ്ങനെയാ.”
ജോബി പിന്നിൽ നില്ക്കുന്നതു് അറിഞ്ഞിരുന്നില്ല. പരിഹാസം പെട്ടെന്നു് ഉല്‍കണ്ഠയായി.
“വേഗം തണുത്ത വെള്ളം ഒഴിക്കു്.”
അമാന്തം കാണിച്ചപ്പോൾ ജോബി കൈ പിടിച്ചുവലിച്ചു് സിങ്കിൽ കാണിച്ചു് ടാപ്പ് തുറന്നു. സെന്റിമെന്റ്സ് വർക്കൗട്ട് ചെയ്യരുതെന്നു് മനസ്സു് പ്രതിരോധം തീർത്തിട്ടും എന്തോ ഉറവ പൊട്ടി. ഈ ചെക്കനെ ഇതുവരെ ആരും കൊത്തിക്കൊണ്ടു പോയില്ലേ? ജോബിയുടെ തെളിഞ്ഞ കണ്ണിലേക്കു് നോക്കാതെ തിരിഞ്ഞു നടന്നു.
വരാന്തയിൽ നവസാമൂഹ്യപ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ചർച്ച കൊഴുക്കുകയാണു്. പഴയ നക്സലൈറ്റ് കുടുംബത്തിലെ ഇളയ കണ്ണിയായ സുനിലാണു് ചർച്ച നയിക്കുന്നതു്.
“ഇതു് വിശുദ്ധ റോമാ സാമ്രാജ്യം എന്നു പറഞ്ഞതു പോലെയാണു്. നവം എന്നു് പറയുകയേ വേണ്ട. സാമൂഹ്യപ്രസ്ഥാനം എന്നു് പറയാൻ മാത്രം എവിടെയും എത്തിയിട്ടുമില്ല.”
“അല്ലെങ്കിലും സ്വത്വരാഷ്ട്രീയം എന്നു പറഞ്ഞാൽ തന്നെ ഒന്നു് ഒന്നിനോടു ചേർന്നു പോകാത്ത കുറേ ഗ്രൂപ്പുകളുടെ കളിയല്ലേ.”
“അങ്ങനെ പറയാൻ പറ്റ്വോ? ആഗോളതലത്തിൽ ഇത്തരം ഗ്രൂപ്പുകൾ തമ്മിൽ സഖ്യം രൂപപ്പെട്ടു വരുന്നില്ലേ? ഇടതുപക്ഷത്തിന്റെ അപചയത്തിനു് ശേഷം വേറെ എന്താണൊരു ബദൽ?”
ഇടപെടേണ്ടി വന്നു.
“പിൻവാങ്ങിയെങ്കിലും ഇടതുപക്ഷം ഇല്ലാതായി എന്നു പറയാൻ പറ്റ്വോ? ഇടതുപക്ഷത്തോടു് സംവാദത്തിൽ ഏർപ്പെട്ടു കൊണ്ടായിരിക്കില്ലേ ഇനി നവസാമൂഹ്യപ്രസ്ഥാനങ്ങളുടെ ഭാവി?”
അടുക്കളയിൽ നിന്നു് സിഗരറ്റ് കത്തിച്ചുകൊണ്ടു വന്ന ജോബി ആഗോളമുതലാളിത്തം സ്വത്വരാഷ്ട്രീയത്തെ വിഴുങ്ങുന്നതിലേക്കു് ചർച്ച വഴി തിരിച്ചു വിട്ടു.
“ഹാപ്പി പീര്യെഡ്സ് എന്നു പറയുന്നതു വരെ എത്തിയില്ലേ?”
“വിഴുങ്ങാതെ എന്തിനെയെങ്കിലും ബാക്കി വെക്കുന്നുണ്ടോ? ഇടതുപക്ഷത്തേയും വിഴുങ്ങുകയല്ലേ? വിഴുങ്ങി, വിഴുങ്ങി മലമ്പാമ്പിനെപ്പോലെ അവസാനം ദഹനക്കേടു കൊണ്ടായിരിക്കും ചാകുന്നതു്.”
“പറഞ്ഞിട്ടെന്താ കാര്യം. വിഴുങ്ങപ്പെടാൻ ക്യൂ നിൽകുകയല്ലേ. കീഴാളസ്വത്വങ്ങളെ രക്ഷിക്കുന്ന പൊന്നു തമ്പുരാനായും അവതരിച്ചില്ലേ?”
പപ്പടവും മാമ്പഴവും, അനീഷ് വൈകുന്നേരം വരുന്ന വഴിക്കു് ഹോട്ടലിൽ നിന്നു് വാങ്ങിക്കൊണ്ടു വന്ന ബിഫ് ചില്ലിയുമായപ്പോൾ അത്താഴം കൊഴുത്തു.
കൈ കഴുകി പുറത്തേക്കു് വന്നപ്പോഴേക്കും ജോബി സിഗരറ്റ് കത്തിച്ചു് വലി തുടങ്ങിയിരുന്നു.
മുറ്റത്തേക്കിറങ്ങുന്ന പടിയിൽ ഇരുട്ടിലേക്കു നോക്കി കുറച്ചുനേരം ഇരുന്നു.
ഹമീദ് പുറത്തു തട്ടി.
“ഇനി വിട്ടോ, മണി ഒമ്പതര കഴിഞ്ഞു.”
“ഒരു തിരക്കുമില്ലാത്ത ആള് ഞാനല്ലേ.”
മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു.
“ഇപ്പോ ചെന്നു കയറിയാൽ ഭയങ്കര അലമ്പാണു്. ആളെണ്ണി നൊടിച്ചിൽ കേൾക്കണം—അമ്മ, ഏട്ടൻ, നാത്തൂൻ. ഏട്ടന്റെ മോള് കുറച്ചും കൂടി വലുതായാൽ ഓളും പറയും! ഇവിടെത്തന്നെ കിടന്നാലോ എന്നു് ആലോചിക്കുകയാണു്.”
കേൾക്കേണ്ട താമസം ജോബി ചാടി വീണു.
“നല്ലോണം ആലോചിച്ചിട്ടു തന്നെയാണോ? നാലു് ഉശിരൻ ആണുങ്ങളാണു് ഇവിടെയുള്ളതു്. ഹമീദിനു് ഒറ്റക്കു് നിന്നെ രക്ഷിക്കാൻ കഴിയില്ല.”
“പോടാ, നിന്നെപ്പോലുള്ള കഞ്ഞികളെ ആർക്കാണു് പേടി. പിന്നെ നിങ്ങളെപ്പോലെ എനിക്കു് കന്യകാത്വം നഷ്ടപ്പെടുമോ എന്നു് പേടിയില്ലല്ലോ. ഹമീദിനോടു് എനിക്കു് ഏകകാമുകവ്രതം ഉണ്ടെന്നു് ആരാണു് നിന്നോടു് പറഞ്ഞതു് ?”
“അതു് കലക്കി! നമ്മക്കു് രജനീനെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയരക്റ്ററാക്കണം. ക്ലാസ്സിക്കൽ പദവി കിട്ടിയില്ലെങ്കിലും മലയാളഭാഷ രക്ഷപ്പെട്ടോളും. ഏകകാമുകവ്രതവും ബഹുകാമുകവ്രതവും! അതു പോട്ടെ, വേറൊരു തമാശയുള്ളതു്, ഈ ഏരിയയിൽ എല്ലാ യുവജനസംഘടനകൾക്കും യൂണിറ്റുണ്ടു്—യൂത്ത് കോണ്‍ഗ്രസ്സ്, ഡി വൈ എഫ് ഐ, യൂത്ത് ലീഗ്, യുവമോർച്ച. ആർക്കു് എപ്പോഴാണു് സദാചാരം ഇളകുകാന്നു പറയാൻ പറ്റില്ല.”
“സദാചാരപ്പോലീസിനെ പേടിച്ചു് ജീവിക്കുന്ന നിന്നെയൊക്കെ കുതിരവട്ടത്തു് കൊണ്ടു പോയി ഇടുന്നതാ നല്ലതു്.”
ജോബി വിടുന്നില്ല.
“വേറൊരു കാര്യമുള്ളതു് ഈ വീടു് കുമ്മങ്ങാട്ടു് ഇബ്രായിൻ ഹാജീന്റേതാണു്. ഏറിയ കയ്യും കാലും പിടിച്ചിട്ടാണു് കിട്ടിയതു്. അവിവാഹിതരായ ചെറുപ്പക്കാർക്കു്—ഞങ്ങളേ പോലുള്ള പുണ്യാളന്മാർക്കായാലും—വീടു കിട്ടാൻ എളുപ്പമല്ലല്ലോ. പൊന്നുമോളേ, ഞങ്ങളെ വഴിയാധാരമാക്കരുതു്.”
ഇത്രയുമായപ്പോൾ അനീഷ് ഇടപെട്ടു.
“നിർത്തെടാ. നീ കൊസറയിലാണോ പി എച്ച് ഡി ചെയ്യുന്നതു്? രജനി ഇവിടെ കിടന്നോ. ഓന്റെ വർത്തമാനം കേൾക്കണ്ട.”
“വേണ്ടെടാ. എന്നും ഇവിടെ കിടക്കാൻ പറ്റുമോ?”
വണ്ടി അനുസരണയോടെ സെല്‍ഫെടുത്തു. ഇടവഴിയിൽ നിന്നു റോഡിൽ കയറി കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ മുന്നിലെ ചക്രം മങ്ങിയ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ കാണാതിരുന്ന കുഴിയിൽ ചാടി. ബ്രെയിക്ക് ചവിട്ടി ഹാന്‍ഡിൽ പുളഞ്ഞു് ആക്സിലറേറ്ററിൽ അറിയാതെ കൈ മുറുകി. പെട്ടെന്നു് കൂടിയ വെളിച്ചത്തിൽ മതിലിനോടു് ചേർന്നു കിടക്കുന്ന സ്ത്രീരുപം കണ്ടു ഞെട്ടി. തെരുവു വിളക്കുകൾ ഒന്നും കത്തുന്നില്ല. സാധാരണ പോലെ റോഡ് വിജനമാണു്. വണ്ടി ഓഫ് ചെയ്യാതെ സ്റ്റാന്റിലിട്ടു് ഹെഡ്ലൈറ്റ് അങ്ങോട്ടു തിരിച്ചുവെച്ചു. അടുത്തു ചെന്നു നോക്കിയപ്പോൾ ചെരിഞ്ഞാണു കിടക്കുന്നതെങ്കിലും ആളെ പെട്ടെന്നു് തിരിച്ചറിഞ്ഞു—ഭാമേടത്തി.
മലർത്തിക്കിടത്തി പേടിയോടെ നെഞ്ചിൽ കൈ വെച്ചുനോക്കി. ശ്വാസമുണ്ടു്. കുഴഞ്ഞു വീണതല്ല. മതിലിന്റെ ഇത്ര അടുത്തു കിടക്കുന്നെങ്കിൽ ഏതോ വാഹനം തട്ടിയിട്ടതാണു്. മൊബൈലിലെ ടോർച്ച് അടിച്ചു് പരിശോധിച്ചെങ്കിലും പരിക്കൊന്നും കണ്ടില്ല. ഇടിയുടെ ആഘാതം കൊണ്ടു് ബോധം പോയതാരിക്കും.
വണ്ടി അതിവേഗത്തിൽ തിരിച്ചോടിച്ചു. വാതിലടച്ചിരിക്കുന്നു. വണ്ടി സ്റ്റാന്റിലിട്ടു് ഓടിച്ചെന്നു് വാതിലിൽ ആഞ്ഞുമുട്ടി. വാതിൽ തുറന്നതു് ജോബിയാണു്.
“എന്താ, വണ്ടീന്റെ ടയറ് പഞ്ചറായോ?”
“ടയറല്ല, ആളാണു് പഞ്ചറായതു്.”
“ഏ!” ജോബി ഞെട്ടി.
സംസാരം കേട്ടു് മറ്റുള്ളവരും പുറത്തേക്കു വന്നു.
“ആളെ എനിക്കറിയാം. ജങ്ഷനിലുള്ള ‘ഗെറ്റോൾ ടെക്സ്റ്റൈല്‍’സിലാണു് ജോലി. വീടു് ഫറോക്കിൽ കരുവൻതുരുത്തി റോഡിൽ എവിടെയോ ആണു്. ഭർത്താവിനു് ഫറോക്കിൽ ഏതോ ഓട്ടുകമ്പനിയിലാണു് ജോലി. സ്കൂളിൽ പഠിക്കുന്ന രണ്ടു് പെൺകുട്ടികളുണ്ടു്.”
“വാ, പോയ് നോക്കാം.”
ഹമീദ് പിന്നിൽ കയറി. ജോബി ബൈക്കെടുത്തു. പിന്നിൽ അനീഷ് കയറി. അനീഷും ഹമീദും ജോബിയും കുനിഞ്ഞു് ചുറ്റും പരിശോധിച്ചപ്പോൾ പഴ്സും ചെറിയ സഞ്ചിയും കിട്ടി. പഴ്സിൽ നിന്നു് കിട്ടിയ മൊബൈലിനു് ചാർജ്ജ് ഉണ്ടായിരുന്നില്ല.
“ഇവിടന്നു് ഇപ്പോ ഓട്ടോ കിട്ടില്ല. ജോർജ്ജിനെ വിളിച്ചു നോക്കാം. ഓന്റെ കാറുണ്ടെങ്കിൽ പോകാം.”
“ഇടിച്ച വണ്ടി ഇനി കണ്ടുപിടിക്കുന്ന കാര്യം സംശയമാണു്. ഒരു മണിക്കൂറെങ്കിലും ആയില്ലേ. എട്ടരക്കല്ലേ ടെക്സ്റ്റൈൽസ് പൂട്ടുന്നതു്. എന്നാലും ഒന്നു് നൂറിൽ വിളിച്ചു പറയാം. ഇവരുടെ പേരും സ്ഥലവും പറയണം. ആസ്പത്രിയിലേക്കു നമ്മള് കൊണ്ടുപോകുകയാണെന്നും പറയാം.”
“അനീഷേ, നീ ആ മൊബൈൽ ഒന്നു് ചാർജ്ജ് ചെയ്തിട്ടു അതിലെ ഏതെങ്കിലും നമ്പറില് ഇവരുടെ അഡ്രസ്സ് കൃത്യമായിട്ടു് അറിയുന്ന ആരെയെങ്കിലും കിട്ടുമോ എന്നു് നോക്കു്.”
“ജോബീ ഫറോക്കിൽ പോയി വീടു് കണ്ടുപിടിക്കാൻ പറ്റുമോ എന്നു് നോക്കട്ടെ. ബൈപ്പാസ് വഴി പോയാൽ പത്തിരുപതു് മിനിട്ടു കൊണ്ടു് എത്തും. കരുവൻതുരുത്തി റോഡില് കുറച്ചങ്ങോട്ടു് പോയാൽ മതിയെന്നാണു് പറഞ്ഞതു്.”
ജോർജ്ജ് വീട്ടിലുണ്ടായിരുന്നു. അഞ്ചു മിനുട്ടിനുള്ളിൽ കാറെത്തി. അതിനിടയിൽ അനീഷിനെ വീട്ടിൽ വിട്ടു് ജോബി ഫറോക്കിലേക്കു ബൈക്കിൽ പറപ്പിച്ചു പോയി.
ഭാമേടത്തിയെ പിൻസീറ്റിൽ കിടത്തി, കാലു് മടക്കിവെച്ചു് തല മടിയിൽ വെച്ചു. മുൻസീറ്റിൽ ജോർജ്ജിനോടൊപ്പം ഹമീദ് കയറി.
കാഷ്വാലിറ്റിയിൽ വലിയ തിരക്കില്ലായിരുന്നു. നഴ്സുമാരിൽ ഒരാൾ പരിചയമുള്ള ആൻസിയായിരുന്നു. പേരിനോടൊപ്പം സ്വന്തം മേൽവിലാസം കൊടുത്തു. വയസ്സ് ഊഹിച്ചു് മുപ്പത്തഞ്ചു് എന്നു് പറഞ്ഞു. ഡ്യൂട്ടി ഡോക്റ്റർ പരിശോധിച്ചു് പെട്ടെന്നു് ഐ സി യുവിലേക്കു് മാറ്റി.
പതിനഞ്ചു് മിനുട്ടോളം കഴിഞ്ഞാണു് ആൻസി പുറത്തേക്കു് വന്നതു്.
“പരിക്കൊന്നും കാണാനില്ല. ബോധം തെളിഞ്ഞാലേ എന്തെങ്കിലും പറയാൻ പറ്റൂ. ഇരുപത്തിനാലു മണിക്കൂർ ഒബ്സർവേഷനിൽ വെക്കും. എന്റെ പരിചയക്കാരിയാണെന്നാണു് ഡോക്റ്ററോടു് പറഞ്ഞതു്. ഞാൻ ശ്രദ്ധിക്കുന്നുണ്ടു്.”
മൊബൈൽ ശബ്ദിച്ചു. അനീഷാണു്.
“മൊബൈൽ അവർ ആരോടോ തൽക്കാലത്തേക്കു് കടം വാങ്ങിയതാണെന്നു് തോന്നുന്നു. കുറേ നമ്പർ വിളിച്ചുനോക്കി. ആർക്കും അവരെ അറിയില്ല.”
“സാരമില്ല. ജോബി അന്വേഷിക്കാൻ പോയിട്ടുണ്ടല്ലോ. ഓൻ വിളിച്ചാൽ ഞാൻ അങ്ങോട്ടു വിളിക്കാം.”
ജോർജ്ജ് പോകാൻ പുറപ്പെട്ടപ്പോൾ ഹമീദിനോടും പോയ്ക്കോളാൻ പറഞ്ഞു.
“നിനക്കു് രാവിലെ ജോലിക്കു പോകണ്ടേ? എനിക്കു് അങ്ങനെ ഒരു തിരക്കുമില്ലല്ലോ. ജോബി എന്തായാലും ഇങ്ങോട്ടു വരും. ഞാൻ ഓന്റെ കുടെ വന്നോളാം.”
ഒന്നു മടിച്ചു നിന്ന ശേഷം ഹമീദ് ജോർജ്ജിന്റെ കൂടെ കാറിൽ പോയി.
കണ്ണിൽ ഉറക്കം കടിക്കുന്നു. പാതി തുറന്നു വെച്ച കൊളാപ്സിബിൾ ഗെയിറ്റിൽ ചാരി കാഷ്വാൽറ്റി ബ്ലോക്കിന്റെ പടിയിൽ ഇരുന്നപ്പോൾ മയങ്ങിപ്പോയി. നിലവിളിയോടെ പാഞ്ഞു വന്ന ആംബുലൻസ് ഉറക്കം കെടുത്തി. സ്ട്രെച്ചറിൽ വൃദ്ധനെ അകത്തേക്കു കൊണ്ടു പോകുന്നതു് കണ്ടുകൊണ്ടു് വീണ്ടും മയങ്ങിപ്പോയി.
ജോബിയുടെ ഫോൺ മയക്കത്തിൽ നിന്നുണർത്തി.
ആളെ കിട്ടി. അവരുടെ ഭർത്താവും ഞാനും ഇതാ എത്തി.
ജോബിയെ കാത്തിരുന്നു് പിന്നെയും മയങ്ങിപ്പോയി. ജോബിയും ഭാമേടത്തിയുടെ ഭർത്താവും എത്താൻ അര മണിക്കൂറെടുത്തു. ജോബി കുലുക്കിയുണർത്തി.
“പേടിക്കാനൊന്നുമില്ല. പരിക്കൊന്നുമില്ല. ബോധം തെളിയാൻ കുറച്ചു സമയം എടുക്കും എന്നേയുള്ളൂ.”
ഭാമേടത്തിയുടെ ഭർത്താവിനു് പരിഭ്രമം മാറിയില്ല. “കാണാൻ പറ്റുമോ?”
ആൻസിയുടെ കൂടെ അയാളെ അകത്തേക്കു് അയച്ചു.
ജോബി മുറ്റത്തേക്കിറങ്ങി നിന്നു് സിഗരറ്റ് കത്തിച്ചു.
“നീ എങ്ങനെ കണ്ടുപിടിച്ചു?”
“ഒന്നും പറയണ്ട. പത്തുമണി കഴിഞ്ഞില്ലേ. പീടികകളൊക്കെ പൂട്ടി. വഴിയിൽ കണ്ട ഒന്നു രണ്ടാളുകളോടു് ചോദിച്ചു. അവർക്കറിയില്ല. കൂറേക്കൂടി മുന്നോട്ടു പോയപ്പോൾ അലങ്കരിച്ച കല്ല്യാണവീടു് കണ്ടു. ഇപ്പോ കല്ല്യാണത്തിനു് ഞായറാഴ്ച എന്ന കണക്കൊന്നുമില്ലല്ലോ. ഹാള് വാടകക്കു് കിട്ടുന്ന ദിവസം കല്ല്യാണം. ഭക്ഷണമെല്ലാം കഴിഞ്ഞു് പാട്ടും ഡാൻസും തുടങ്ങിയിട്ടുണ്ടു്. ചെക്കന്മാർ നല്ല വെള്ളത്തിലാണു്. എനിക്കൊരു ഐഡിയ തോന്നി. സൗണ്ട് സിസ്റ്റം ഓപ്പറേറ്ററോടു് പറഞ്ഞു് മൈക്കിലൂടെ അനൗൺസ് ചെയ്യിച്ചു. ഉടനെ അവിടെയുണ്ടായിരുന്ന ഒരു വയസ്സൻ എന്നെ കൂട്ടിക്കൊണ്ടു പോയി വീടു കാണിച്ചു തന്നു. അവരെ കുട്ടികളെ കാര്യമാണു് കഷ്ടം. കരഞ്ഞു കരഞ്ഞു് ഒരു വഴിക്കായി.”
പുറത്തു വന്നപ്പോൾ ഭാമേടത്തിയുടെ ഭർത്താവിന്റെ മുഖത്തെ പരിഭ്രമം കുറഞ്ഞിരുന്നു.
“ഇനി ങ്ങള് പോയ്ക്കോളിൻ. ങ്ങള് കണ്ടതു് ഓളെ ഭാഗ്യം.”
ഭാമേടത്തിയുടെ പഴ്സും സഞ്ചിയും അയാളെ ഏല്പിച്ചു. അയാളുടെ മൊബൈൽ നമ്പർ ചോദിച്ചു സെയ്വ് ചെയ്തു വെച്ചു. അതിലേക്കു് മിസ്കോളിട്ടു. അപ്പോഴാണു് ഓർത്തതു്—പോലീസ് ഇനിയും വന്നിട്ടില്ല. അവരുടെ കണക്കിനു് ഒരു സാധാരണ അപകടം മാത്രമായ സ്ഥിതിക്കു് പാട്രോൾ കഴിഞ്ഞു് മടങ്ങുമ്പോൾ ഒന്നു കയറി അന്വേഷിക്കുമായിരിക്കും.
പോലീസിനോടു് പറയാൻ അപകടത്തിന്റെ സ്ഥലവും മറ്റു് വിവരങ്ങളും ഭാമേടത്തിയുടെ ഭർത്താവിനു് പറഞ്ഞുകൊടുത്തു.
“ഭാമേടത്തിന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ അവിടെയുണ്ടു്. രാവിലെ വരുമ്പോ തരാം.”
“വേണ്ട. ഞാനവിടെ വന്നു് വാങ്ങിക്കോളാം.”
“രാവിലെ ഞാൻ വരുന്നുണ്ടു്.”
കോവൂർ ഇറക്കം കഴിയുന്നതിനു് മുമ്പു തന്നെ ജോബി വണ്ടി അടിച്ചു മിന്നിക്കാൻ തുടങ്ങി.
“മെല്ലെ വിടെടാ. ആക്രാന്തം വേണ്ട.”
അനുസരണയോടെ ജോബി വേഗത കുറച്ചു.
പാച്ചാക്കിൽ ജങ്ഷനിൽ അധികം കാഴ്ചയിൽ പെടാതെ ഒതുക്കി നിർത്തിയ ജീപ്പിന്റെ മറവിൽ നിന്നിരുന്ന പെട്രോൾ പോലീസ് വണ്ടി കൈ കാണിച്ചു നിർത്തിച്ചു. മധ്യവയസ്കനായ എസ് ഐയും ചെറുപ്പക്കാരായ രണ്ടു് കോൺസ്റ്റബിൾമാരും.
“കടലാസൊക്കെ ഒന്നു കാണട്ടെ.”
ജോബി പെട്രോൾ ടാങ്കിൽ ഘടിപ്പിച്ച സഞ്ചിയിൽ നിന്നു് ഇൻഷൂറൻസ് പോളിസിയുടേയും, ആർസിയുടേയും പുകപരിശോധന സർട്ടിഫിക്കറ്റിന്റേയും കോപ്പികളും പർസിൽ നിന്നു് ലൈസൻസും എടുത്തു നീട്ടി.
കടലാസുകളിൽ എസ് ഐ വലിയ താൽപര്യം കാണിച്ചില്ല.
“നിങ്ങൾ എവിടെയാ താമസിക്കുന്നതു്? എന്താ ചെയ്യുന്നതു്?”
“എരഞ്ഞിപ്പാലത്താണു്. യൂനിവേർസിറ്റിയിൽ റിസർച്ച് സ്കോളറാണു്.”
എസ് ഐ ഒന്നയഞ്ഞു. പക്ഷേ, കൂടുതൽ സംശയിക്കേണ്ട ആൾ വേറെയുണ്ടല്ലോ.
“നിങ്ങളോ?”
“കരിക്കാംകുളം. ഫ്രീലാൻസ് എഴുത്തുകാരിയാണു്.”
“അതെന്തു് എഴുത്താണു്?”
കോൺസ്റ്റബിൾമാർ ചിരിയമർത്തിയോ?
“പത്രങ്ങളിലോ മറ്റു പ്രസിദ്ധീകരണങ്ങളിലോ ജോലി ചെയ്യാതെ സ്വതന്ത്രമായി എഴുതുന്നതു്.”
ഫ്രീലാൻസിന്റെ മലയാളമെന്താണു്? സ്വതന്ത്ര എന്നു ചേർത്താൽ മതിയോ? എസ് ഐയുടെ ജിജ്ഞാസ, പക്ഷേ, വേറെ വഴിക്കാണു് തിരിഞ്ഞതു്.
“നിങ്ങൾ തമ്മിൽ എന്താ ബന്ധം?”
ചോദ്യം തൊടുക്കുമ്പോൾ എസ് ഐയുടെ നോട്ടം ശരിയായ ആൺനോട്ടം തന്നെ. കേട്ടുകേൾവി മാത്രമുള്ള പഴയ കരുണാകര-പുലിക്കോട കാലം ഓർമ്മ മാത്രമായതു ഭാഗ്യം. അല്ലെങ്കിൽ, അങ്ങനെ പറയാറായോ?
മറുപടി പറഞ്ഞതു് ജോബിയാണു്.
“അങ്ങനെ പ്രത്യേകിച്ചു് ബന്ധമൊന്നുമില്ല. എന്റെ അമ്മയല്ല എന്നു് കണ്ടാലറിയാമല്ലോ. അതു പോലെത്തന്നെ പെങ്ങളോ, ഭാര്യയോ, കാമുകിയോ അല്ല. സുഹൃത്തു് എന്നു് കഷ്ടിച്ചു പറയാം. പത്രഭാഷയിൽ പറഞ്ഞാൽ ഞാൻ ഇവരുടെ ആൺസുഹൃത്താണു് എന്നു വേണമെങ്കിൽ പറയാം. പിന്നെ, സാറേ ഒരു സംശയം. ഇതൊക്കെ ചോദിച്ചറിയാൻ സദാചാരപ്പോലീസ് എന്നു പറഞ്ഞ വേറെത്തന്നെ ഒരു ടീമില്ലേ? അവർക്കു് വിട്ടുകൊടുത്താ പോരേ?”
എസ് ഐ ചമ്മി. അടുത്ത ചോദ്യം ചമ്മൽ അഡ്ജസ്റ്റ് ചെയ്യാനായിരുന്നു.
“ഇപ്പോ എങ്ങോട്ടാ പോകുന്നതു്?”
“വീട്ടിലേക്കു്. അപകടത്തിൽ പെട്ട ഒരാളെ ആസ്പത്രിയിൽ എത്തിച്ചു് മടങ്ങുകയാ.”
എസ് ഐ ശരിക്കും അയഞ്ഞു.
“പോയ്ക്കോളിൻ. ഇപ്പോ രാത്രി ഈ സമയത്തു് ഒരു പാടു പ്രശ്നമുള്ളതു കൊണ്ടാണു് ഇതൊക്കെ ചോദിച്ചതു്.”
പ്രത്യാക്രമണം നടത്താതെ വിടാൻ തോന്നിയില്ല.
“ആസ്പത്രിയിൽ പോലീസ് എത്തിയില്ലല്ലോ. ഞങ്ങൾ കണ്ട്രോൾ റൂമിൽ വിളിച്ചു പറഞ്ഞിട്ടു് രണ്ടു് മണിക്കൂറായല്ലോ.”
“ആ ഭാഗത്തു് ഡ്യൂട്ടിയിലുള്ള ആരെങ്കിലും വന്നോളും.”
ജോബി ബൈക്ക് സ്റ്റാർട്ടാക്കുമ്പോൾ എസ് ഐ കോൺസ്റ്റബിളിനോടു് ചോദിക്കുന്നതു കേട്ടു:
“മെഡിക്കൽ കോളേജിൽ ഇന്നാർക്കാ ഡ്യൂട്ടി?”
മലാപ്പറമ്പിലെത്തിയപ്പോൾ ബൈപ്പാസിലെ ലോറി ഡ്രൈവർമാർക്കു വേണ്ടി തുറന്നുവെച്ച ഹോട്ടലിൽ കയറി കട്ടൻചായ കുടിച്ചു.
വീട്ടിലെത്തി വണ്ടി സ്റ്റാന്റിലിട്ടപ്പോൾ ജോബി ഒരു നിമിഷം മരവിച്ചു നിന്നു.
“രജനീ, നീ ഇപ്പോ പോകണ്ട. ഇവിടെ കിടന്നോ. നേരത്തേ പറഞ്ഞതിനൊക്കെ സോറി. ഒരാവേശത്തിൽ അങ്ങു പറഞ്ഞു പോയതാ.”
“എടാ, നീ വെറുതേ സെന്റി അടിക്കണ്ട. നീ മഹാത്മാ ഗാന്ധിയോ സ്വാമി വിവേകാനന്ദനോ അല്ലല്ലോ. കൊണ്ടും കൊടുത്തും തന്നെയാണു് എല്ലാവരും ജീവിക്കുന്നതു്. പെണ്ണായതു കൊണ്ടു് പ്രത്യേക പരിഗണന വേണ്ട. പ്രത്യേക ഉപദ്രവം ഇല്ലാഞ്ഞാൽ മതി.”
കിട്ടേണ്ടതു് കിട്ടിയപ്പോൾ ജോബി പിന്നെയും ജോബിയായി.
“പക്ഷേ, ഹമീദിന്റെ കൂടെ കിടക്കാം എന്ന വ്യമോഹം വേണ്ട.”
“നിന്റെ കൂടെ കിടക്കുന്നതിൽ വിരോധമുണ്ടോ?”
“ഉണ്ടു്. നിന്റെ സ്വഭാവം എനിക്കു് പകരും.”
ജോബി ഹരിയുടെ മൊബൈലിലേക്കു് വിളിച്ചു. ഉറക്കച്ചടവോടെ ഹരി എഴുന്നേറ്റു വന്നു് വാതൽ തുറന്നു.
“എന്തായി?”
“ബോധം തെളിഞ്ഞിട്ടില്ല. ഭർത്താവു് അവിടെയുണ്ടു്.”
ഹരിയുടെ കൂടെ കിടക്കുന്ന മുറിയിലേക്കു് കയറി ജോബി നിലത്തിട്ട കിടക്കയുടെ അടിയിൽ നിന്നു് പായ വലിച്ചെടുത്തു. കിടക്കയിൽ നിന്നു് ഒരു തലയണ പെറുക്കിയെടുത്തു.
“വാടാ, നമ്മക്കു് പുറത്തു് കിടക്കാം. ഇവിടെ രജനി കിടന്നോട്ടെ.”
“രജനി ഇവിടെ കിടന്നാൽ എന്തൊക്കെയോ സംഭവിക്കുമെന്നു് നീയല്ലേ കുറച്ചു നേരത്തേ പ്രസംഗിച്ചതു്?”
“എന്റെ പിഴ, എന്റെ വലിയ പിഴ. ഇനി രജനിക്കു് ഇവിടെ എത്ര വേണമെങ്കിലും കിടക്കാം.”
“ഇവിടെ നൈറ്റിയില്ല, പുറത്തെ തളത്തിൽ പായ വിരിക്കുമ്പോൾ ജോബി വിളിച്ചു പറഞ്ഞു. വേണെങ്കി ലുങ്കി തരാം.”
“വേണ്ട.”
“എന്നാ, ഗുഡ്നൈറ്റ്.”
“ഗുഡ്നൈറ്റ്.”
കട്ടി കുറഞ്ഞ ഫോമിന്റെ കിടക്കയിൽ അമർന്നപ്പോൾ സുഖകരമായ ഭാരമില്ലായ്മ തോന്നി. വാതിലടക്കാൻ മറന്നു പോയിരുന്നു. എഴുന്നേൽക്കാൻ തോന്നിയില്ല. ഉറക്കം കണ്ണിനെ മൂടുമ്പോൾ മാന്ത്രികപ്പരവതാനിയിൽ പറന്നു് മടക്കയാത്രയില്ലാത്ത എവിടെയോ നഷ്ടപ്പെടുന്ന പോലെ.
മേലേടത്ത് ആയിഷയുടേയും കക്കുഴി മാളിയേക്കൽ ഹാഷിമിന്റേയും മകനായി 1962 ഒക്റ്റോബർ 20-നു് കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ ജനിച്ചു. അത്തോളി ഗവൺമെന്റ് എൽ. പി. സ്കൂൾ, കോഴിക്കോട്ടെ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ, മലബാർ ക്രിസ്ത്യൻ കോളേജ്, ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഗുജറാത്തിൽ സൂറത്തിലെ വീർ നർമ്മദ് ദക്ഷിൺ ഗുജറാത്ത് സർവ്വകലാശാലയിൽ നിന്നു് ഗവേഷണബിരുദം. മലയാളത്തിലും ഇംഗ്ലീഷിലും എഴുതും. മലയാളം, ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, ഗുജറാത്തി എന്നീ ഭാഷകൾക്കിടയിൽ വിവർത്തനം ചെയ്യും. ഗുജറാത്തി ദലിത് രചനകളുടെ ഇംഗ്ലീഷിലുള്ള സമാഹാരം Ekalavyas with Thumbs, വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെപ്പറ്റി ഇംഗ്ലീഷിൽ പുസ്തകരൂപത്തിൽ വന്ന ആദ്യ പഠനമായ Kunjupathumma’s Tryst with Destiny, ഖദീജ മുംതാസിന്റെ ‘ബർസ’ എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം, ‘പോ, മോനേ, ദറീദാ’ എന്ന മലയാള കവിതകളുടെ സമാഹാരം തുടങ്ങി വിവർത്തനങ്ങളും മൌലികരചനകളുമായി എട്ടോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. കാലിക്കറ്റ് സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായി റിട്ടയർ ചെയ്തു.
ഭാര്യ വിലങ്ങിൽ നാസിനി. മക്കൾ, നിഹാൽ നേഹ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.