സ്മിതയുടെ വീടിന്റെ ഗെയിറ്റ് തുറന്നു അകത്തേക്കു് കടക്കുമ്പോൾ കോലായിൽ രണ്ടു കുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി നടക്കുകയാണു്. ഒന്നു് പെണ്ണും മറ്റേതു് ആണും. ഉന്തും തള്ളും പിടിവലിയും കൈചുരുട്ടി ഇടിയുമെല്ലാമുണ്ടു്. രണ്ടിനും ഏതാണ്ടു് പത്തു്-പന്ത്രണ്ടു് വയസ്സുണ്ടു്. സുന്ദരനും സുന്ദരിയും. നീളൻ പാവാടയും ടോപ്പുമിട്ട, ഇരുനിറവും ഒത്ത തടിയുമുള്ള പെണ്ണിന്റെ മുടി ബോബ് ചെയ്തിരിക്കുന്നു. ജീൻസും ടീ ഷർട്ടുമിട്ട, വെളുത്തു് കൊലുന്നനെയുള്ള ചെക്കന്റെ മുടി സ്പൈക് ചെയ്തിരിക്കുന്നു. കോലായിലുണ്ടായിരുന്ന ചെറുതും വലുതുമായ അഞ്ചാറു കുട്ടികൾ നല്ലൊരു അടി കാണാൻ കിട്ടിയ സന്തോഷത്തിലാണു്.
സ്മിതയെയും നാസറിനെയും കണ്ടിട്ടു് ഒരു പാടു് ദിവസമായിരുന്നു. രാവിലെ ചെന്നാൽ കാണാം എന്നു് വിചാരിച്ചു് ചായയും കുടിച്ചു് ഇറങ്ങിയതാണു്. സർവീസിൽ ബാക്കിയുള്ള മൂന്നു വർഷം തികയ്ക്കാൻ രക്തസമ്മർദ്ദം അനുവദിക്കാഞ്ഞപ്പോൾ സ്വയം പിരിഞ്ഞ സ്മിത സമയം പോകാൻ വീട്ടിൽ സ്കൂൾ കുട്ടികൾക്കു ട്യൂഷൻ എടുക്കാൻ തുടങ്ങിയ കാര്യം ആരോ പറഞ്ഞു കേട്ടിരുന്നു.
അടി പഞ്ചായത്താക്കാൻ സ്മിത വരാൻ വൈകി. അതിനിടയിൽ കേരളീയ നവോത്ഥാനത്തിനു പുതിയ ഭാഷ്യം ചമച്ചു കൊണ്ടു് അടിപിടിക്കാർ തെറിവിളി തുടങ്ങിയിയരുന്നു.
“പോടാ, പന്നീ”—പെൺകുട്ടി.
“പോടാ, തൊള്ളപ്പറച്ചി”—ആൺകുട്ടി.
ഇത്രയും ആയപ്പോഴേക്കു് സ്മിതയെത്തി രണ്ടിനെയും പിടിച്ചു മാറ്റി.
“കണ്ണു് തെറ്റിയാ രണ്ടും കച്ചറയായി. ഇങ്ങനെയാണെങ്കി നാളെ മുതൽ ഇങ്ങോട്ടു വരണ്ട. വീട്ടിലിരുന്നു് അടി കൂടിയാൽ മതി.”
പോരാളികൾ തൽക്കാലം പടക്കളത്തിൽ നിന്നു പിൻവാങ്ങി. അപ്പോഴാണു് സ്മിത എന്നെ ശ്രദ്ധിച്ചതു്.
“ആ, രമേശനോ. യ്യി വന്നിട്ടു് കൊറച്ചു നേരായോ?”
“ഇല്ല, സ്റ്റണ്ട് നടക്കുമ്പളാണു് വന്നതു്.”
“ഒന്നും പറയണ്ട. ഞാനൊന്നു് അടുക്കള തിരിച്ചു പിടിക്കാൻ പോയപ്പളേക്കു് കോലായില് യുദ്ധം തുടങ്ങി. സമയം പോകാൻ തുടങ്ങിയ ട്യൂഷൻ എനിക്കു് പാരയാകുന്നുണ്ടോ എന്നൊരു സംശയം.”
“രണ്ടും കുറച്ചു അലവലയാണെന്നു് തോന്നുന്നുണ്ടല്ലോ”—ഞാൻ കുട്ടികൾ കേൾക്കാതെ, ശബ്ദം താഴ്ത്തി പറഞ്ഞു. “അങ്ങോട്ടും ഇങ്ങോട്ടും നല്ല സംഖ്യ ചാമ്പുന്നതു് കേട്ടു.”
“എന്തു് അലവലയായാലും പ്രമാണിമാരെ മക്കളാണു്. കൃഷ്ണപ്രിയ ഞമ്മളെ മരിച്ചു പോയ ഗോപാലകൃഷ്ണൻ ഡോക്ടറെ മോന്റെ മോളാണു്. റിസ്വാൻ ഔക്കർ മാഷെ മോളെ മോനും.”
സ്മിതയ്ക്കു കിതപ്പു വന്നു. സോഫയിൽ ഇരുന്നു. പണ്ടു് പാടി പേരെടുത്ത ഒരു പാട്ടും മുഴുവൻ പാടിയെത്തിക്കാൻ ഇപ്പോൾ സ്മിതക്കു് കഴിയാറില്ല. സുജാതയുടെ മകളുടെ കല്യാണത്തിനു് എല്ലാവരും നിർബന്ധിച്ചപ്പോൾ “പ്രിയതമാ, പ്രണയലേഖനം ” പാടാൻ തുടങ്ങി അഞ്ചെട്ടു വരി പാടിയപ്പോഴേക്കും കിതപ്പു് വന്നു. പണ്ടു് പ്രീഡിഗ്രിക്കു് ഇതേ പാട്ടു പാടി പകുതിവഴിക്കു് സഭാകമ്പം കൊണ്ടു് തൊണ്ടയിടറിയപ്പോൾ ഒരു ധൈര്യത്തിനു് മുൻനിരയിൽ ഇരുന്ന നിരപരാധിയായ എന്റെ മുഖത്തു് നോക്കിയാണു് സ്മിത ബാക്കിഭാഗം പാടിയതു്.
“ഇതു് രണ്ടും തമ്മിലാ എപ്പളും കച്ചറ.”
“‘ബാല്യകാലസഖി’യിൽ പറഞ്ഞ പോലെ അടിപിടി കൂടി രണ്ടും അവസാനം പ്രേമിക്കുമോ?”
“അതു് നടക്കൂല. അതൊക്കെ പണ്ടു്. സർട്ടിഫിക്കറ്റ് നോക്കിയിട്ടല്ലേ ഇപ്പളത്തെ പ്രേമം.”
സ്മിത ഒരു നിമിഷം നിശ്ശബ്ദയായി. കൃഷ്ണപ്രിയയും റിസ്വാനും ശീതയുദ്ധത്തിന്റെ അന്തരീക്ഷം നിലനിർത്തി വിട്ടുമാറിയിരിക്കുന്നതു് ഞാൻ ശ്രദ്ധിച്ചു.
“രണ്ടിന്റെയും കളി ലൈൻ മാറിപ്പോകുന്നുണ്ടോ എന്നാണു എന്റെ പേടി. രണ്ടു ദിവസം മുൻപു് എന്തോ പറഞ്ഞു തെറ്റിയപ്പോ കൃഷ്ണപ്രിയ റിസ്വാനോടു പറയ്വാ, ങ്ങൾ മാപ്ലാര് മൂന്നു നാലെണ്ണത്തിനെ കെട്ടൂലേ, ഒലോടു് കളിച്ചോ, ന്നോടു് കളിക്കാൻ വരണ്ടാന്നു്. റിസ്വാനും മോശമില്ല. ഓൻ പറഞ്ഞതു് കേക്കണോ? ങ്ങക്കു് ചൊവ്വാദോഷം, ബുധൻദോഷം ന്നൊക്കെ പറഞ്ഞു എന്തൊക്കെയോല്ലേ? യ്യൊക്കെ ആരും കെട്ടാൻ വരാണ്ടു് മൂത്തു് നരയ്ക്കും.”
“ഇതിറ്റിങ്ങൾക്കു് ഈ ഡയലോഗൊക്കെ എവിടുന്നു് കിട്ടുന്നതാ?”
“അതിനാണോ പ്രയാസം—ദീർഘദർശനം ചെയ്യുന്ന ദൈവജ്ഞരില്ലേ വീട്ടിൽ. കഴിഞ്ഞ ഓണത്തിന്റെ തലേന്നു് ടൗണിൽ കണ്ടപ്പോ പ്രഭാവതി ടീച്ചർ ചോദിച്ചു ഷോപ്പിങ്ങൊക്കെ കഴിഞ്ഞോന്നു്. ഇല്ലാന്നു് പറഞ്ഞപ്പോൾ ടീച്ചറ് ഒറ്റ ഡയലോഗ്: ങ്ങക്കതിനു് ഓണം ല്ല്യല്ലോ. കുറേക്കാലമായിട്ടു കേട്ടു് തഴമ്പിച്ചതു് കൊണ്ടു് ഞാൻ അതിനൊന്നും ഏറ്റു പിടിക്കാൻ പോകാറില്ല. പക്ഷേ, അന്നെന്തോ ചൊറിഞ്ഞു വന്നു. ഞങ്ങക്കു് ഓണമില്ലാന്നു് ഗവണ്മെന്റ് ഓർഡർ ഇറക്കീട്ടുണ്ടോ, ഞാൻ ചോദിച്ചു. അതു് കേട്ടപ്പോൾ പ്രഭാവതി ടീച്ചറ് തിരിഞ്ഞു ഒരൊറ്റ നടത്തം.”
അതിനിടക്കു് കുട്ടികളുടെ പുതിയൊരു കച്ചറ തുടങ്ങി. കാർട്ടൂൺ കണ്ടു കൊണ്ടിരുന്ന ഒരുത്തന്റെ ടാബ്ലറ്റ് വേറൊരുത്തൻ പിടിച്ചു പറ്റിയതാണു് കേസ്. സ്മിത എഴുന്നേറ്റു് പോയി ക്രമസമാധാന പാലനം നടത്തി. സ്മിതയും ഞാനും പണ്ടു് അടിപിടി നടത്തി പിടിച്ചു പറ്റിയതു് തീപ്പെട്ടി ചിത്രങ്ങളായിരുന്നു.
“നാസറിന്റെ ഉറക്കം തീർന്നില്ലേ?”
രാത്രി ഏറെ ചെല്ലുന്ന വരെ വായിക്കുന്ന—ഞാൻ എന്നോ ഉപേക്ഷിച്ച—ശീലം ഇപ്പോഴും ഉള്ളതു കൊണ്ടു് നാസറിനു പുലർച്ചെ പാതിരായാണു്.
“എട്ടു മണിക്കു് പോയതാണു്. വടകരയിൽ പരിഷത്തിന്റെ ഒരു യോഗമുണ്ടു്.”
കൃഷ്ണപ്രിയയേക്കാൾ ലേശം ഉയരം കൂടിയ ഒരു പെൺകുട്ടി എഴുന്നേറ്റു് സ്മിതയുടെ അടുത്തേക്കു് വന്നു. കയ്യിൽ തുറന്നു പിടിച്ച നോട്ടുപുസ്തകമുണ്ടു്.
“മിസ്സേ, ഞാൻ പോയം ചൊല്ലട്ടെ?”
“ആ, ചൊല്ലിക്കോ.”
“ഇതു് ഗായത്രി”, സ്മിത പെൺകുട്ടിയെ എനിക്കു് പരിചയപ്പെടുത്തി. “നന്നായിട്ടു ഇംഗ്ലീഷ് കവിത ചൊല്ലും.”
ഗായത്രി എന്നെ നോക്കി ഒന്നു് പുഞ്ചിരിച്ചു.
ഗായത്രി മോശമില്ലാത്ത ഉച്ചാരണത്തിൽ ചൊല്ലിയ കവിത നല്ല പരിചയം തോന്നി. കുറച്ചു കൂടി കേട്ടപ്പോൾ പിടികിട്ടി—സെക്കന്റ് കമിങ്.
സ്മിത ഗായത്രിയെ കൊണ്ടു് രണ്ടു തവണ കൂടി കവിത ചൊല്ലിച്ചു. ആക്സന്റ് മോശമില്ലെങ്കിലും കവിതയുടെ ഭാവം വന്നോ എന്നു് സംശയം. ഓൾഡ് ജനറേഷൻ ആയതു് കൊണ്ടു് എനിക്കു് തോന്നിയതുമാകാം. കവിത ചൊല്ലിക്കഴിഞ്ഞു മറ്റു കുട്ടികൾക്കിടയിൽ ചെന്നിരുന്നു ഗായത്രി പുസ്തകത്തിൽ നോക്കി നിശ്ശബ്ദമായി വായിക്കാൻ തുടങ്ങി.
“യേറ്റ്സൊ ക്കെ ഈ കുട്ടികൾക്കു് എടുത്താൽ പൊന്തുമോ?”
“എ ഗ്രേഡും ഒന്നാം സമ്മാനവും കിട്ടും എന്നൊക്കെ ക്ലാസ് ടീച്ചർ പിരി കയറ്റി വിട്ടാൽ യേറ്റ്സിനെയല്ല, യേറ്റ്സിന്റെ ബാപ്പാനെയും പഠിക്കും.”
“ജമീലക്കു് എന്തു പറ്റി”, സ്മിത പെട്ടെന്നു് ചോദിച്ചു. “ഇന്നലെ രാത്രി ഫോൺ ചെയ്തപ്പോൾ തൊണ്ട അടച്ച പോലെ തോന്നി. ഫോൺ പെട്ടെന്നു് വെക്കുകയും ചെയ്തു. എന്താ, നല്ല സുഖമില്ലേ?”
“അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല, വാർധക്യസഹജം തന്നെ.”
“പോടാ, അന്റെയൊരു ഒടുക്കത്തെ തമാശ. അൻപത്തി രണ്ടു വയസ്സിലാണല്ലോ വാർദ്ധകസഹജം! യ്യി കാര്യം പറ”.
“എന്നാ സത്യം പറയാം. ഇന്നലെ ഉച്ചക്കു് കല്ലായിൽ ഒരു കല്യാണത്തിനു് പോയതായിരുന്നു ഞങ്ങൾ. ഞമ്മളെ പഴയ ലക്ഷ്മി തിയേറ്ററിനു് അടുത്തെത്തിയപ്പോൾ ഒരുത്തൻ റോഡില് ഉന്തുവണ്ടിയിൽ കുൽഫി വിൽക്കുന്നതു് കണ്ടു. ഞങ്ങൾ ഗൃഹാതുരത്വം കൊണ്ടു. ഗൃഹാതുരത്വം കൊള്ളുക എന്നു് പറഞ്ഞാൽ ശരിയാകുമോ?”
“അതു് പവിത്രനോടു് ചോദിക്കേണ്ടി വരും. എന്നിട്ടു്?”
“ക്ലാസ്സ് കട്ട് ചെയ്തു മാറ്റിനിക്കു് പോയ കാലം ഓർത്തു്, ലേശം കണ്ണീരൊക്കെ വാർത്തു് ഞങ്ങള് മത്സരിച്ചു കുൽഫി തിന്നാൻ തുടങ്ങി. ജമീല നാലെണ്ണം, ഞാൻ മൂന്നെണ്ണം. തൊണ്ട വർക്ഷോപ്പിൽ കയറാൻ വേറെ എന്തെങ്കിലും വേണോ? എനിക്കും ചെറുതായിട്ടു് വേദന തുടങ്ങിയിട്ടുണ്ടു്”.
“ആഹാ, ചെക്കനെ ഗൾഫിൽ പറഞ്ഞയച്ചു രണ്ടാം മധുവിധു ആഘോഷിക്കുകയാണല്ലേ?”
“നിന്റെയും നാസറിന്റെയും മധുവിധു നേരത്തെ തുടങ്ങിയില്ലേ? ഷീബ ഹൈദരാബാദിൽ ആയിട്ടു് ഇപ്പൊ നാലു് കൊല്ലമായില്ലേ?”
സ്മിത കുറച്ചു നേരം ഒന്നും മിണ്ടിയില്ല. പിന്നെ ചെറുതായി ഒന്നു് ചിരിച്ചു.
“ഞാനും നാസറും എന്തോർത്തിട്ടാ ഗൃഹാതുരത്വം കൊള്ളേണ്ടതു് എന്നു് ആലോചിച്ചു പോയതാണു്.”
സ്മിതയുടെ ഇടത്തെ കൈ അറിയാതെ നെറ്റിയിലേക്കു് നീങ്ങി. നെറ്റിയിൽ, കൃത്യമായി സീമന്തരേഖയിൽ വിറകു് കൊള്ളി കൊണ്ടു് അടിയേറ്റു് മുറിഞ്ഞതിന്റെ നീണ്ട പാടുണ്ടു്.
“പ്രേമം കുറ്റകൃത്യമാണോ?”
കുറ്റകൃത്യം എന്നു് കേട്ടതോടെ പതിനൊന്നു കെ വി ലൈനിൽ തൊട്ട പോലെ ഭയങ്കരമായ ഷോക്കടിച്ചു. “കുറ്റകൃത്യം” അല്ലാതെ വേറൊരു വാക്കും സ്മിതക്കു് കിട്ടിയില്ലേ?
കുറ്റകൃത്യമല്ലാത്ത മറ്റൊന്നിനെ പറ്റി ആർ ഇ സി യുടെ മതിലിൽ എഴുതാൻ താറും കുമ്മായവും കലക്കിയതു് കട്ടാങ്ങലെ അബ്ദുവിന്റെ ഹോട്ടലിന്റെ പിന്നാമ്പുറത്തു് നിന്നായിരുന്നു. അയ്യപ്പനും, ജോബും, ഹരിദാസനും സോമൻ മാഷും എല്ലാം ഉണ്ടായിരുന്നു. വിവരം ആദ്യം അറിഞ്ഞതു്, പക്ഷേ, ഞങ്ങൾ ആരും ആയിരുന്നില്ല, അഞ്ചാറു വിദേശഭാഷകൾ അറിയുന്ന ആലപ്പുഴക്കാരൻ അദ്ഭുതക്കുട്ടി സുധീഷായിരുന്നു. വിദേശ റേഡിയോ സ്റ്റേഷനുകൾ സ്ഥിരമായി ശ്രദ്ധിക്കുന്ന സുധീഷ് ഒരു ദിവസം രാവിലെ അയ്യപ്പനോടു് പറഞ്ഞു: എടാ, നിന്റെ മഹാനായ അമരക്കാരന്റെ പെമ്പ്രന്നോത്തി തൂങ്ങുന്ന ലക്ഷണമുണ്ടു്. പക്ഷേ, തള്ള കോടതിയിൽ പറഞ്ഞതു് എനിക്കിഷ്ടമായി: റിവൊല്യൂഷൻ ഈസ് നോട്ട് എ ക്രൈം.
അന്താരാഷ്ട്ര ബന്ധമുള്ള ചില മുതിർന്ന സഖാക്കളോടു് വിവരം അന്വേഷിച്ചു ഉറപ്പിക്കാൻ മൂന്നു ദിവസമെടുത്തു.
ചുവരെഴുത്തു് നടത്തിയതിന്റെ പിറ്റേന്നു് ബാലകൃഷ്ണേട്ടനാണു് പറഞ്ഞതു്: പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക എന്നതിനു ശേഷം കേരളത്തിൽ ചുവരെഴുത്തായി പ്രത്യക്ഷപ്പെട്ട ഏറ്റവും ശക്തമായ രാഷ്ട്രീയ മുദ്രാവാക്യമായിരിക്കും അതു്. പ്രവർത്തനം ഒന്നുമില്ലാതെ മൗനിയായിപ്പോയ ബാലകൃഷ്ണേട്ടൻ ലേശം അകത്തു ചെന്നാൽ മാത്രമായിരുന്നു രാഷ്ട്രീയം പറയാറ്. അന്നു്, പക്ഷേ, തുള്ളി അടിച്ചിരുന്നില്ല.
“എന്തു പറ്റി ? യ്യി പിന്നേം ഗൃഹാതുരത്വം കൊള്ളാൻ തുടങ്ങിയോ?”
ഓർമ്മയുടെ തരിപ്പു് കുടഞ്ഞെറിഞ്ഞു് ഗൃഹാതുരചിന്ത സ്മിതക്കു് വിവരിച്ചു കൊടുത്തു.
സ്മിത ഉറക്കെ ചിരിച്ചു.
“നിന്റെ ആ ചൈനക്കാരിയുടെ ഒരു കാര്യം! പണ്ടുള്ളവർ പറയുന്ന പോലെ മാവോയെ കൈവിഷം കൊടുത്തു് മയക്കിയ നാടകക്കാരി!”
“ചൈനയിൽ കൈവിഷമുണ്ടോ?”
“എന്താ ഉള്ളതെന്നു് വെച്ചാൽ അതു്. രാജ്യം തറവാട്ടു സ്വത്തു് പോലെ കൊണ്ടു് നടന്നു. പാർട്ടിയിലെ ശത്രുക്കളെ ഒതുക്കാൻ സാംസ്കാരിക വിപ്ലവം എന്നും പറഞ്ഞു കുറേ കുട്ടിക്കുരങ്ങന്മാരെ ഇറക്കി വിട്ടു”.
“എന്തൊരു രാഷ്ട്രീയ നിരീക്ഷണ പാടവം! ലക്ഷണമൊത്ത പാശ്ചാത്യ പത്രപ്രവർത്തക! ആയകാലത്തു് ഫീൽഡിൽ ഇറങ്ങിയിരുന്നെങ്കിൽ നീ ഇന്നാരാ! ബി ബി സി വേൾഡ് സർവ്വീസ്, ദ ന്യൂസ് റെഡ് ബൈ സ്മിത വള്ളിക്കാട്ടിൽ.”
ട്യൂഷൻ കുട്ടികളുടെ കശപിശ പിന്നെയും തുടങ്ങി. കൃഷ്ണപ്രിയയും റിസ്വാനും തന്നെ പ്രതികൾ.
“മിസ്സെ, ഓനിന്റെ ചന്ദനക്കുറി മായ്ച്ചു കളഞ്ഞു”, കൃഷ്ണപ്രിയ ചിണുങ്ങി.
“വെറുതെ പറയാ, മിസ്സെ, ഞാനൊന്നും ചെയ്തിട്ടില്ല”, പട്ടാങ്ങം നടിച്ചു കൊണ്ടു് റിസ്വാന്റെ പ്രതിഷേധം.
“രണ്ടിനും ഞാൻ തരാം—സ്മിത ചാടി എഴുന്നേറ്റു.”
ലഹളയൊതുക്കി തിരിച്ചു സോഫയിൽ വന്നിരുന്നപ്പോൾ സ്മിത കിതക്കുന്നുണ്ടായിരുന്നു.
“ആയമ്മ ജയിലിൽ കിടന്നു മരിച്ചതു് വെറുതെയായി, ല്ലേ?”
“ഏയമ്മ?”
പറഞ്ഞു കൊണ്ടിരുന്ന കാര്യം സ്മിത മറന്നു പോയിരുന്നു.
“ജിയാങ് ജിങ്”, ഞാൻ ഓർമ്മപ്പെടുത്തി.
മേലേടത്ത് ആയിഷയുടേയും കക്കുഴി മാളിയേക്കൽ ഹാഷിമിന്റേയും മകനായി 1962 ഒക്റ്റോബർ 20-നു് കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ ജനിച്ചു. അത്തോളി ഗവൺമെന്റ് എൽ. പി. സ്കൂൾ, കോഴിക്കോട്ടെ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ, മലബാർ ക്രിസ്ത്യൻ കോളേജ്, ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഗുജറാത്തിൽ സൂറത്തിലെ വീർ നർമ്മദ് ദക്ഷിൺ ഗുജറാത്ത് സർവ്വകലാശാലയിൽ നിന്നു് ഗവേഷണബിരുദം. മലയാളത്തിലും ഇംഗ്ലീഷിലും എഴുതും. മലയാളം, ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, ഗുജറാത്തി എന്നീ ഭാഷകൾക്കിടയിൽ വിവർത്തനം ചെയ്യും. ഗുജറാത്തി ദലിത് രചനകളുടെ ഇംഗ്ലീഷിലുള്ള സമാഹാരം Ekalavyas with Thumbs, വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെപ്പറ്റി ഇംഗ്ലീഷിൽ പുസ്തകരൂപത്തിൽ വന്ന ആദ്യ പഠനമായ Kunjupathumma’s Tryst with Destiny, ഖദീജ മുംതാസിന്റെ ‘ബർസ’ എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം, ‘പോ, മോനേ, ദറീദാ’ എന്ന മലയാള കവിതകളുടെ സമാഹാരം തുടങ്ങി വിവർത്തനങ്ങളും മൌലികരചനകളുമായി എട്ടോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. കാലിക്കറ്റ് സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായി റിട്ടയർ ചെയ്തു.
ഭാര്യ വിലങ്ങിൽ നാസിനി. മക്കൾ, നിഹാൽ നേഹ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.