images/Pappadam_eaten_in_Kerala.jpg
Pappadam Eaten in Kerala, a photograph by Ravi Dwivedi .
വന്നേരി നാട്ടിലെ പപ്പടപ്പെരുമ
ഷൗക്കത്തലീ ഖാൻ

മലയാളിയുടെ ആഹാരചരിത്രത്തിന്റെ ഇത്തിരി സമൃദ്ധിയുടെ ഇലപ്പുറത്തെ ഞെട്ടില്ലാത്ത വട്ടയിലയാണു് പപ്പടം… കേരളത്തിന്റെ ജാതിവ്യവസ്ഥയിൽ പപ്പടവും പപ്പടത്തൊഴിലാളികളും എങ്ങനെയാണു് കയറിപ്പറ്റിയതു് എന്നു് ലന്തൻ ബത്തേരിയിലെ ലുത്തിയിനകൾ എന്ന നോവലിൽ എൻ. എസ്. മാധവൻ പറയുന്നു. “ഞാൻ ജന്മനാ കൊങ്ങിണിയല്ലേ നിങ്ങള് സ്കൂളിലും ഉത്സവപറമ്പിലും നാടകം കളിച്ചു് തിരുമൽ ദേവാന്നും പണ്ടാറമടങ്ങാനും എന്നൊക്കെ പറയിപ്പിച്ചു് കൊങ്ങിണിയെ ഒരു ചിരിപ്പിക്കുന്ന പരദേശി ആക്കിയില്ലേ, ഒരു നിര്‍ദോഷി. ഗോവയിലെ ക്രിസ്ത്യൻ നവോത്ഥാന ശ്രമങ്ങൾ പോര്‍ച്ചുഗീസുകാരെ ആട്ടിയോടിച്ചു. മതദ്രോഹവിചാരണ. മറ്റു മതങ്ങളെയും വെറുതെ വിട്ടില്ല. കൊച്ചിയിലേക്കു് ഗോവയിൽ നിന്നും പണക്കാരായ കൊങ്ങിണി ബ്രാഹ്മണന്മാര്‍ ചെട്ടികൾ—ഒളിച്ചോടി. ഗോവ അസ്തമിച്ചു. കൊച്ചിയും മക്കാവും പോര്‍ച്ചുഗീസ് സാമ്രാജ്യത്തിന്റെ പ്രമുഖ നഗരങ്ങളായി. ഗോവയിൽ നിന്നും ഓടിവന്നവരുടെ കൂട്ടത്തിൽ നിർധനരായ കൊങ്ങിണികൾ പപ്പടസ്വാദ് അറിയിച്ചു. പിന്നെ പപ്പടമുണ്ടാക്കുന്ന തൊഴിലുമായി അവര്‍ കൊച്ചിയിലെ ജാതി വ്യവസ്ഥയിൽ കയറിപ്പറ്റി.”

പപ്പടം വൃത്തിയുള്ള വട്ടമായി കുടിലിലും കൊട്ടാരത്തിലും പുതുരുചികളിലും പൊള്ളച്ചു് പെരുമയോടെ മലയാളിത്തത്തെ കുമ്പിട്ടു് ഇപ്പോഴും വണങ്ങി നില്‍ക്കുന്നു. പപ്പടമില്ലാത്ത ഒരു നേരത്തെ ഊണു് മുണ്ടുടുക്കുന്ന മലയാളിയുടെയും മുല്ലപ്പു ചൂടുന്ന മലയാളി മങ്കയുടെയും കേരളീയമായ പ്രഥമ ദൃഷ്ടാന്തങ്ങളിൽ ഒന്നല്ല ഒന്നാമത്തേതുകൂടിയാണു്. ഭാഷയും സംസ്കാരവും ജനതതന്നെയും വ്യക്തിത്വമില്ലാത്ത തലയില്ലാത്ത വെറും ഉടലുകളായി പരസ്യകമ്പോളത്തിന്റെ ചൂണ്ടയാകുമ്പോഴും മലയാളിയുടെ അരമുറിത്തേങ്ങയുടെ നിലാമുറ്റത്തു് അമ്പിളിവട്ടത്തിൽ ഒരു പപ്പടം ചിരിതൂകി നമ്മെ കാത്തു് ഏതു പാതിരാത്രിയിലും ഉറക്കമൊഴിച്ചു് കാത്തിരിപ്പുണ്ടാകും. ഭാഷാന്തരീകരണത്തിനു് പിടിതരാതെ മലയാളീസ്വത്വത്തെയും കേരളീയതയെയും നെഞ്ചിൽ ചേര്‍ത്തു് പപ്പട് എന്ന പപ്പടം ഡിക്ഷണറികളിലും ഈ ഭാഷയെ ആത്മാഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടുന്നു. പപ്പടം നമ്മുടെ ഭക്ഷണരീതികളുടെ പരമ്പരാഗത ഇലവട്ടത്തിലെ പൊള്ളയായ ഒരു യാഥാര്‍ഥ്യമാണു്. തൊട്ടാൽ പൊട്ടുന്ന ഈ പൊടിമൂപ്പൻ ആഗോളവത്കരണാനന്തരമുള്ള തന്റെ മൃദുമേനിയുമായി പുതുകാലമനസ്സിന്റെ പ്രതീകമായി നിലകൊള്ളുന്നു. പരിണാമത്തിന്റെ അനുസ്യൂത പ്രയാണത്തിൽ ഹോമോ സാപ്പിയൻ എന്ന ഇരുകാലിയിൽ നിന്നും വര്‍ഷങ്ങളുടെ കുത്തിയൊഴുക്കിലൂടെ വിര്‍ച്ച ്വൽ റിയാലിറ്റിയിലൂടെയും ഇന്‍ര്‍നെറ്റ് കിസ്സുകള്‍ക്കുമിടയിൽ അഭിരമിക്കുന്ന മനുഷ്യനു് കൈമോശം വന്നിരിക്കുന്നതു് ദൃഢതയുള്ള അവന്റെ മനസ്സാണു്. മനസ്സിന്റെ ദൗർബ്ബല്ല്യമാണു് മലയാളി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

പപ്പടത്തിന്റെ ദുര്‍ബലമേനി പുതുവായനകളായി കാര്‍ഷിക തകര്‍ച്ചയുടെ തിളച്ച വെളിച്ചെണ്ണയിൽ വീര്‍ത്തു് വീര്‍ത്തു് പൊള്ളച്ചു് ഏതൊക്കെയോ പടല്ലിടുക്കിൽ അരഞ്ഞു് മണ്ണോടു ചേരുകയാണു്. ഏതു തിളച്ചുമറിയലിനെയും പ്രതിരോധിച്ചു് ഒരു പപ്പടവടയാകാൻ നമ്മുടെ മനസ്സുകള്‍ക്കു് എന്നു കഴിയും?

ചില ദേശക്കാര്‍ ചില പ്രത്യേക തൊഴിൽ മേഖലകളിൽ വിദഗ്ധരാണു്. തലശ്ശേരിക്കാരുടെ ഹോട്ടലുകള്‍, കോഴിക്കോടിന്റെ ഹല്‍വയും, ബിരിയാണിയും ആറന്മുള കണ്ണാടി, കാവാലം ചുണ്ടൻ വള്ളങ്ങൾ. സാഹിത്യത്തിനും സംസ്കാരത്തിനും പേരുകേട്ട വന്നേരിനാടു് രേഖപ്പെടുത്തിയ സാംസ്കാരിക മുദ്രകളിലൂടെയും ചരിത്രമുഹൂര്‍ത്തങ്ങളിലൂടെയും കേരളീയ സമൂഹത്തിൽ ഇടംനേടിയിട്ടുണ്ടു്. എംആര്‍ബിയും പ്രേംജിയും നമ്പൂതിരിയെ മനുഷ്യനാക്കാൻ ഇറങ്ങിത്തിരിച്ച സാമൂഹ്യപരിഷ്ക്കര്‍ത്താക്കളാണെങ്കിൽ നാലപ്പാട്ടെ നാരായണമേനോനും, ബാലാമണിയമ്മയും, മാധവിക്കുട്ടിയും സാഹിത്യത്തിലും, ചിത്രകലയിൽ കെ. സി. എസ്. പണിക്കരും വന്നേരിയുടെ സാംസ്കാരികപാരമ്പര്യത്തിന്റെ പതാക ഏന്തിയവരാണു്. ഉമര്‍ഖാസിയും, സയ്യിദ് സനാവുള്ള മക്തി തങ്ങളും മുസ്ലിം നവോത്ഥാനത്തിന്റെ പതാകവാഹരും. ഇവര്‍ക്കൊക്കെ ചരിത്രത്തിന്റെ കയ്യൊപ്പുമുണ്ടു്. എന്നാൽ ചരിത്രത്തിലൊന്നുമില്ലാത്ത പ്രാന്തവത്കൃതരുടെ രേഖപ്പെടുത്താതെ പോയ ഒരു സംസ്കാരിക തൊഴില്‍ഭൂമിക വന്നേരിനാട്ടിൽ അലഞ്ഞുകിടപ്പുണ്ടു്. കേരളത്തിന്റെ എല്ലായിടങ്ങളിലും പപ്പടത്തൊഴിലാളികൾ വന്നേരിനാട്ടുകാരാണു്. മാറഞ്ചേരിക്കാരനോ ഒരു പുന്നയൂര്‍ക്കുളത്തുകാരനോ ആണു്. ഇതു് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാനാവിധസംസ്ഥാനങ്ങളിൽ വിദേശരാജ്യങ്ങളിൽ മലയാളി നിലനിൽപിനായി ഈരും വേരും ഉപേക്ഷിച്ചു് പ്രവാസത്തിന്റെ വിരഹക്കനി തിന്നു് നരച്ച കുടചൂടി താവളമുറപ്പിച്ച ഇടങ്ങളിലെല്ലാം അവന്റെ രസനകളെ താലോലിക്കാനും പൊടിപടലങ്ങളുടെ വരണ്ടകാറ്റുമായി പപ്പടത്തിന്റെ രസതന്ത്രവും പേറി അലഞ്ഞു നടന്ന ഫക്കീറന്മാരിൽ ഏറെയും വന്നേരിയിലെ കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളായിരുന്നു. പ്രവാസത്തിന്റെ കുട ചൂടിപ്പോയ പപ്പടത്തൊഴിലാളികളുടെ ചരിത്രം ഗള്‍ഫ് കുടിയേറ്റത്തിന്റെ സൌരഭ്യഭാരത്തിലും നമ്മുടെ നാട്ടിൽ ഈരോടു പൊടിയുടെ മൃദു മേനിയോടൊപ്പം തീരെ ദുര്‍ബലമല്ലാത്ത ഒരു സമാന്തര സമ്പദ്വ്യവസ്ഥയും സൃഷ്ടിച്ചിട്ടുണ്ടു്. നാം കുടിയേറിയ ഇടങ്ങളിൽ നമ്മുടെ ഇഷ്ടവിഭവമായ പപ്പടവും അനാര്‍ഭാടം യാത്രയായി. അവ നെയ്തെടുക്കാനായി പപ്പടത്തൊഴിലാളികളും.

കേരളത്തിൽ നിന്നും ഗള്‍ഫ് കുടിയേറ്റം ആരംഭിച്ച എഴുപതുകളിൽ എന്‍ഒസിയും കൈയ്യിലേന്തി. മുംബൈ മഹാ നഗരത്തിലെത്തുന്നവര്‍ക്കു് താങ്ങും തണലുമായിരുന്നതു് മുഹമ്മദാലി റോഡിൽ സീനത്ത് പപ്പടകമ്പനി നടത്തിയിരുന്ന വന്നേരിക്കാൻ എരമംഗലം ചപ്പയിൽ കുഞ്ഞെദ്രുവായിരുന്നു. കള്ളലോഞ്ചിൽ മുംബായിൽ നിന്നും അറേബ്യൻ ഗൾഫിലേക്കു് ജബല്‍ദാനവഴി കുടിയേറാൻ ഒരുങ്ങുന്നവരും കുഞ്ഞെദ്രുവിന്റെ വിരുന്നുകാരായി ആ ലാവണത്തിൽ അന്തിയുറങ്ങിയിട്ടാണു് ഇരുട്ടുറങ്ങുന്ന ലോഞ്ചറകളിലേക്കു് ധ്യാനസ്ഥരായി ഇറങ്ങുന്നത്.

1960-കളോടെ ജന്മിത്വത്തിന്റെയും ജാതി വ്യവസ്ഥയുടെയും അന്ത്യംകണ്ട കേരളീയ സമൂഹത്തിനു മുന്നിൽ തൊഴിലില്ലായ്മ ഒരു വലിയ ശാപമായി മാറിയപ്പോൾ ഭൂപരിഷ്കരണം സമ്മാനിച്ച 10 സെന്റിന്റെ പട്ടയമൂലധനവും മനസ്സിലെ അടങ്ങാത്ത ജീവിതാവേശവും കേരളത്തിൽ നിന്നും അവനെ പുറത്തുപോകാൻ പ്രേരിപ്പിച്ചു. യാഥാര്‍ഥ്യങ്ങളുടെ കടുപ്പമേറിയ കാരം രുചിച്ചവര്‍ കൂടുതൽ അരുചന്തമുള്ള ഒരു ജീവിതം കെട്ടിപ്പടുക്കാൻ പപ്പടനിര്‍മ്മാണത്തിന്റെ ഉരുട്ടുവിദ്യയുമായി കോലും പലകയുമേന്തി എങ്ങോട്ടൊക്കെയോ യാത്രയായി. മുംബൈയിലും, ഹൈദരാബാദിലും മദിരാശിയിലും ഗള്‍ഫ് നാടുകളിലും വന്നേരിനാടു് നവസൌരഭ്യങ്ങള്‍ക്കു് കുറുകെ കട്ടുപൊടിയുടെയും ഉഴുന്നുമാവിന്റെയും ചാക്കു കെട്ടഴിച്ചു. മന്തിനോടും കല്ലിനോടും പഞ്ചപിടിച്ചു് വെയിലിന്റെ വരണ്ട ഭൂതലങ്ങളിലൂടെ പപ്പടത്തിന്റെ കവിത രചിക്കാൻ തുടങ്ങി.

ഒരു നേരത്തെ അമേരിക്കൻ ഉപ്പുമാവിനു വേണ്ടി മാത്രം ഉസ്ക്കൂളില്‍പോയിരുന്നവരിൽ പലരും നാലാം ക്ലാസ്സിലും ആറാം ക്ലാസ്സിലും പഠനമുപേക്ഷിച്ചു് വെയിലിലിറങ്ങി. കൊട്ടൻ വെയിലിന്റെ ഉഷ്ണജ്വാല ഉരുക്കുന്ന ഉച്ചകളിൽ പപ്പടം ഉണക്കാനായിരുന്നു. ഭക്ഷണം അമൂല്യമായിരുന്നവരുടെയും ഉച്ചക്കഞ്ഞിയും പുളക്കിഴങ്ങും ഉടമുണ്ടുമുറുക്കിയ ബാല്യങ്ങളുടെ കുഞ്ഞിളംകൈകളിൽ അഞ്ചിന്റെയും പത്തിന്റെയും നോട്ടുകൾ പൊട്ടിച്ചിരിച്ചു. അറമുഖന്‍, രാജന്‍, ബാലന്‍, മാമദ്, സുലൈമാന്‍… കുറ്റിപ്പുറത്തു നിന്നും രാജ്യത്തിന്റെ തെക്കോട്ടും വടക്കോട്ടും നീണ്ട റെയിൽ പാളങ്ങളിലൂടെ മുംബൈ മജകൾ കണ്ടും മദിരാശി പൂക്കൾ മണത്തും പപ്പടമുണ്ടാക്കി. 1970-കളിലും 80-കളിലും കുറേയേറെ ബാല്യങ്ങൾ പപ്പടത്തിന്റെ ലോകത്തേക്കു് എടുത്തെറിയപ്പെട്ടിട്ടുണ്ടു്.

അന്നൊന്നും കോളേജുകളിൽ ഇത്രയധികം സ്വാശ്രയ പേമം സൃഷ്ടിക്കപ്പെട്ടിരുന്നില്ല. ഐ ടി ലോകത്തിന്റെ മാന്ത്രിക വാതായനങ്ങളോ മൊബൈൽ ഫോണിന്റെ ഫൈവ്ജി ദൃശ്യതയാൽ ആയുസ്സു് മുഴുവൻ സംസാരിക്കാവുന്ന പോസ്റ്റ്പെയ്ഡ് കാർഡുകളോ വൈഫൈ സമൃദ്ധിയോ നിറഞ്ഞിരുന്നില്ല. ഇത്രയധികം വര്‍ത്തമാന പത്രങ്ങളും സോഷ്യൽ മീഡിയകളും ചാനലുകളും പരത്തുന്ന പരദൂഷണ അപവാദ വ്യവസായങ്ങളും നാടിനെ മലിനമാക്കിയിരുന്നില്ല. ബേക്കറികളിലും ജിംനേഷ്യങ്ങളും കോഴിക്കച്ചവടവും പെരുകിയിരുന്നില്ല. അയൽപക്ക സൌഹൃദങ്ങളും കൂട്ടായ്മകളിലൂടെ രൂപം കൊണ്ടിരുന്ന കല്യാണ ശ്രമങ്ങൾ കേറ്ററിംങ് സർവ്വീസിന്റെ കച്ചവട പരിധിയിലേക്കു് വഴി മാറിയിരുന്നില്ല. ചുട്ടപപ്പടവും കഞ്ഞിയും ചമ്മന്തിയും ആയിരുന്നെങ്കിലും… മതിലുകളും ഗെയിറ്റുകളും അപരിചിതരായ പരിചിതരും ഇത്ര പെരുകിയിരുന്നില്ല. ഇടവഴികളും നാട്ടു മാവുകളും ചിരിച്ചിരുന്ന ഒരു കാലം

ഇന്ത്യയില്‍, പ്രത്യേകിച്ചു് കേരളത്തിൽ വന്നേരി നാട്ടുകാര്‍ സൃഷ്ടിച്ചെടുത്ത ഗുരുവായൂര്‍ പപ്പടം പേരും പെരുമയും നേടിയിരുന്നു. പപ്പട നിര്‍മ്മാണം ഒരുപാടു് അപനിര്‍മ്മാണത്തിലൂടെ രൂപാന്തരത്വം പ്രാപിക്കുന്ന നിര്‍മ്മാണ മേഖലയാണു്. യന്ത്രവത്കരണം വന്നിട്ടും മനുഷ്യരുടെ കരസ്പര്‍ശത്തിലൂടെ രൂപപ്പെടുന്ന പപ്പടത്തിന്റെ വൃത്തിയും വെടിപ്പും രൂപഭദ്രതയും ഇനിയും യന്ത്രങ്ങള്‍ക്കു് പ്രദാനം ചെയ്യാൻ ആയിട്ടില്ല.

പപ്പടം വളരെ നിര്‍ണ്ണായകമായ ഒരു രാഷ്ട്രീയം മുന്നോട്ടു വെക്കുന്നുണ്ടു്. അതു് സംഘടിത തൊഴിലാളിയുടെ അവകാശബോധ രാഷ്ട്രീയമോ സ്ഥിതി സമത്വത്തിന്റെ സോഷ്യലിസ്റ്റ് രാഷ്ട്രീയമോ അല്ല. ആഗോളവത്കരണത്തിന്റെ പുതു രുചികള്‍ക്കായി നമ്മുടെ നാവുമരങ്ങളെ നിശ്ശബ്ദമാക്കി ഒരു മൌനരാഷ്ട്രീയത്തിന്റെ മുഴക്കം പെരുകുമ്പോളും വർണങ്ങളിൽ പലപല ഭാവങ്ങളിൽ അധിനിവേശത്തിന്റെ പോളകൾ നൂഡില്‍സായും കെന്റകി ഫ്രൈഡ് ചിക്കനായും നമ്മുടെ പരമ്പരാഗത രുചികളെ അട്ടിമറിക്കുമ്പോഴും പപ്പടം ഉയര്‍ത്തുന്ന കേരളീയമായ ചെറുത്തുനിൽപു് പ്രധാനമാണു്. മലയാളിയുടെ തനതു് മുദ്രയായി പപ്പടം തുടരേണ്ടതുണ്ടു്. അസംഘടിതവും നിശ്ശബ്ദവുമായ ഈ തൊഴിൽ മേഖലയിൽ കേരളീതയുടെ സ്വത്വം പൊള്ളച്ചു നില്‍ക്കുന്നുണ്ടു്. ആ തെളിച്ച കേരളീയത്തിൽ അടിമുടി പൂത്തുലഞ്ഞു പപ്പടം പുളകമണിയട്ടെ. മലയാളത്തോടൊപ്പവും മുണ്ടിനോടൊപ്പവും തിളക്കുന്ന വെളിച്ചെണ്ണയിൽ പപ്പടം വളരേണ്ടതുണ്ടു്. എല്ലാ കാലങ്ങങ്ങളിലും നമ്മുടെ ലളിത സമൃദ്ധിയുടെ ഇലപ്പുറത്തു് പപ്പടം ചിരി തുടരട്ടെ…

തിളച്ചു മറിഞ്ഞു്

തീവ്രാവേശം

തിരതള്ളുന്നൊരാ

സ്നേഹച്ചൂടിലേക്കു്…

അടി മുടി പൂത്തുലഞ്ഞു്

വ്രീളാ വിവശം

മുക്കിപ്പൊരിച്ചെടുത്തിട്ടാണു്

ആർക്കുമെളുപ്പത്തിൽ

പൊട്ടിച്ചു് ചവച്ചരയ്ക്കാവുന്ന

ഉള്ളം പൊള്ളിയ

പൊള്ളകളുണ്ടാകുന്നതു്

ഷൗക്കത്തലീ ഖാൻ
images/shoukathali.png

പൊന്നാനിയിലെ എരമംഗലം സ്വദേശി. എരമംഗലത്തെ എൽ. പി., യു. പി. സ്കൂളുകൾ പൊന്നാനി എ. വി. ഹൈസ്കൂൾ കോഴിക്കോടു് ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ പഠനം. ആനുകാലികങ്ങളിൽ എഴുതുന്നു 5 പുസ്തകങ്ങൾ. ആസുരനക്രങ്ങൾ, പൊത്തു് (കവിത സമാഹാരങ്ങൾ) വന്നേരിയുടെ വഴിയടയാളങ്ങൾ, (ചരിത്രം) കാഞ്ഞിരവും കാരമുൾക്കാടും (ഓർമ്മ) കണ്ടാരി (നോവെല്ല) എന്നിങ്ങനെ. തിരൂരിലെ എസ്. എസ്. എം. പോളിയിൽ ജീവനം.

ഭാര്യ: ആരിഫ

കുട്ടികൾ: മുബഷിറ, സ്തുതി, ആയിഷ സന.

എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക

ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.

images/shoukath-alighan-new@oksbi.jpg

Download QR Code

കൂടുതൽ വിവരങ്ങൾ ഇവിടെ.

Colophon

Title: Vanneri Nattile Pappadaperuma (ml: വന്നേരി നാട്ടിലെ പപ്പടപ്പെരുമ).

Author(s): Shoukathali Khan.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Experience note, Shoukathali Khan, Vanneri Nattile Pappadaperuma, ഷൗക്കത്തലീ ഖാൻ, വന്നേരി നാട്ടിലെ പപ്പടപ്പെരുമ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: August 4, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Pappadam Eaten in Kerala, a photograph by Ravi Dwivedi . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.