ഓത്തുപള്ളി വിട്ടു് മുസ്ഹഫും മാറത്തടുക്കിപ്പിടിച്ചു് ഓടിക്കിതച്ചാണു് പെരയിലെത്തിയതു്. തിണ്ണയിൽ കയറി നിന്നു് മുസ്ഹഫ് ഇറമ്പിലുള്ള തെങ്ങിൻമല്ലിന്റെ വിട്ടത്തു് ഭദ്രമായി വെച്ചു. ഉപ്പ മുമ്പാരത്തു് ഇരുന്നു് ചാർമിനാർ വലിച്ചു് പുകയൂതി വിടുന്നുണ്ടു്. ചാർമിനാറിന്റെ പാക്കറ്റും ഒട്ടകമാർക്ക് തീപ്പെട്ടിയും ഇനി പെരക്കു് കാവലാണു്. പറമ്പിൽ കൈക്കോട്ടു് കിള നടക്കുന്നു. മടാപ്പിടിയൻ മയമാക്കയും കുളണ്ടർ വേലായുധനും ആണു് നേതാക്കന്മാർ. കുളണ്ടർ മുറ്റത്തു് വന്നുനിന്നു് ഒരു കോപ്പ കഞ്ഞിവെള്ളം ചോദിച്ചു.
ഞാൻ മുണ്ടു് വലിച്ചൂരി മണ്ടകത്തേക്കു് വലിച്ചെറിഞ്ഞു. കൈയ്യും കാലും മുഖവും കിണറ്റിൻ കരയിൽ പോയി വെള്ളം കോരി കഴുകാൻ പറഞ്ഞു ഉമ്മ. കുളിക്കാൻ നേരമില്ല. പത്തുമണിക്കു് പത്തുമിനിട്ടേ ഉള്ളൂ. ഞങ്ങൾ ഓത്തുപള്ളിക്കുട്ടികൾക്കു് കുളിക്കാൻ നേരം കിട്ടാറില്ല. അതുകൊണ്ടു് തന്നെ കുളിക്കാത്തവരാണു് എന്ന അപഖ്യാതിയുമുണ്ടു് ഞങ്ങൾ മാപ്പിളക്കുട്ടികൾക്കു്. കുളണ്ടർ വേലായുധനു കഞ്ഞിവെള്ളം കൊടുത്തു് ഉമ്മ എന്നെ പിടിച്ചുവലിച്ചു തലയിൽ വെളിച്ചെണ്ണ പൊടിയിറക്കിത്തന്നു. ചീർപ്പു് തെരഞ്ഞുനോക്കി കിട്ടിയിട്ടില്ല. ഇക്കാക്കയുടെ മേശ തുറന്നു് റൗണ്ട് ചീർപ്പു് എടുത്തു് മുടി ചീകി.
കുപ്പായം മാറ്റുമ്പോൾ നടുപ്പുറത്തു് ഇന്നലെ രാത്രി കിട്ടിയ അടിയുടെ തിണർപ്പുകൾ ഉമ്മ അടുക്കളക്കരിപുരണ്ട കൈകൊണ്ടു് തലോടിത്തന്നു. എന്നിട്ടു് ചേർത്തണച്ചു് ഒരു ഉമ്മയും. തെങ്ങിൻ കുലച്ചിൽ കൊണ്ടാണു് ഇന്നലെ ഉപ്പ തല്ലിയതു്. എനിക്കു് പിന്നെയും സങ്കടം വന്നു.
“യ്യ് ഇപ്പാനേ ദേഷ്യം പിടിപ്പിച്ചിട്ടല്ലേ അന്നെ തല്ലിയത്.”
“ഇക്ക് ചെരിപ്പ് വാങ്ങിത്തരാമെന്ന് എത്രകാലായി പറേണത്.”
“ചെരിപ്പ് വാങ്ങിത്തരാത്തതിനു് ആ വൈക്കോകുണ്ട എന്തിനാണ് ഇജ്ജ് തട്ടിമറിച്ചിട്ടത്!”
ഉമ്മ എനിക്കെതിരെയുള്ള പരാതികൾ നിരത്തുകയാണു്.
“പെറ്റമ്മ എത്ര മെനക്കെട്ടിട്ടാണു് ആ കൂർക്കത്തലപ്പു് കുയിച്ചു് ഇട്ടതു്. ഇജ്ജി അതൊക്കെ നശിപ്പിച്ചില്ലേ. അന്നേ തല്ലുകയേ ചെയ്യൊള്ളൂ.”
ഒരു ചെരിപ്പ് വാങ്ങിത്തരണം എന്ന ആവശ്യം കുറേക്കാലമായി മുഴക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ നാലാം ക്ലാസ്സിലായില്ലേ. ഓത്തുപള്ളിയിൽ പതിനഞ്ചാം ജുസ്അ് അല്ലേ ഓതുന്നത്. യാസീൻ കാണാതെ ഓതാൻ പഠിച്ചാൽ ചെരിപ്പ് വാങ്ങിത്താരാമെന്ന് ഉപ്പ തന്നെയല്ലേ പറഞ്ഞത്. ആ പെരുവഴിയിലൂടെ നടക്കാൻ തന്നെ വയ്യ. അപ്പടി തൊരടി മുള്ളാണ്. ഇന്നാള് പാടത്തേക്ക് പോകുമ്പോൾ ഇന്റെ കാലിന്മേൽ ഇത്തേറം പോന്ന കാറമുള്ളെല്ലേ കുത്തിയത്. സ്കൂൾ പറമ്പ് നിറച്ചും ആമത്തോടാണ്. ആമത്തോട് കുത്തിത്തറഞ്ഞിട്ട്. ന്റെ കാലും മുറഞ്ഞില്ലേ. ഈ മഴക്കാലത്തെങ്കിലും ഒരു ചെരിപ്പ് വാങ്ങിത്തന്നുകൂടെ?
പലകയിൽ ഇരുന്നു ഉപ്പും മുളകും കൂട്ടി കുഞ്ഞിക്കൈയിലുകൊണ്ടു് കഞ്ഞികോരി കുടിക്കുന്നതിനു ഇടയിൽ ആ തിരുസന്നിധിയിലേക്കു് ആവലാതികളുടെ ചിറവെള്ളം കുത്തിയൊലിച്ചു് ഇറങ്ങിവന്നു.
“ആ കഞ്ഞി മുയിമനും അങ്ങട്ട് കുടിച്ചോ. ചെക്കന്റെ കോലം കണ്ടാല് മതി. അയിരി ഇട്ട് വെച്ച പെരേൽത്തീന്ന് അന്നെ കണ്ടാ തോന്നൂല.” കുഞ്ഞിക്കൈയില് തൊള്ളയിൽ കുത്തിത്തിരുകി കുണ്ടൻ പിഞ്ഞാണം ഉമ്മ തൊള്ളയിലേക്കു് ഒന്നാകെ ഒഴിച്ചു. മണ്ടകത്തു് പോയി. തൊട്ടിലിൽ ഉറങ്ങുന്ന സലീനയെ കുലുക്കി ഉണർത്തി. പെണ്ണു് കണ്ണു തുറന്നു് കരയാൻ തുടങ്ങി.
“എന്തിനാടാ ആ കുട്ടീനെ ഒണർത്തുന്നത്.”
ഉമ്മ ഓലക്കുടി ചുരുട്ടി എന്നെ തല്ലാൻ വന്നു.
“ഇക്ക് ഒരു നൂറുകൂട്ടം പണിയുണ്ട്. കൈകോട്ട് കിളക്കാർക്ക ചോറും കൂട്ടാനും കൊടുക്കണം. പാടത്ത് ഞാറ് പറിക്കുന്നുണ്ട്. അവിടെ പോകണം. ഒരു നൂറുകൂട്ടം അനദാരികളണ്ട് വേറെ. ആ കുട്ടി ഉണർന്നാൽ ന്റെ ഒരു പണീം നടക്കൂല.”
ഇജാസിന്റെ കൈയ്യും പിടിച്ചു് ഉപ്പ കിളക്കാർക്കു് അതിരും കള്ളിയും കാണിച്ചു കൊടുക്കുകയാണു്. മടാപ്പിടിയൻ മുന്നിൽ നിന്നു് കൈക്കോട്ടു കൊണ്ടു് ആഞ്ഞുവെട്ടി. നനഞ്ഞ മണ്ണു് ഇളകി. അതു് കൈകോട്ടു കൊണ്ടു് വെട്ടിയെടുത്തു് നീട്ടി വീശയെറിഞ്ഞു. ചീമക്കൊന്നയും കാട്ടപ്പയും പൊടി അയിനിയും വെട്ടിവെട്ടി അവിടവിടെ കൂട്ടിയിട്ടു. പറമ്പിലെ തെങ്ങുകളൊക്കെ നനഞ്ഞ മണ്ണിന്റെ ഇളക്കവും ആൾപ്പെരുമാറ്റവും കേട്ടു് ചിരിക്കാൻ തുടങ്ങി. തെങ്ങിൻ കുരലുകൾ ഇളകിയാടുന്നു. കാരമുൾക്കാടും കാഞ്ഞിരവും വിറക്കാൻ തുടങ്ങി. ഉപ്പ മടാപ്പിടിയനോടു് ഒരു വടി വെട്ടാൻ പറഞ്ഞു.
സ്ലേറ്റിനുമുകളിൽ കേരള പാഠാവലിയും അഭിനവഗണിതവും ഭൂമിശാസ്ത്രവും കറുത്ത റബ്ബറിട്ടു കെട്ടി. മുറ്റം കടന്നപ്പോഴാണു് സരോജിനി ടീച്ചർ പറഞ്ഞ വടിയുടെ കാര്യം ഓർമ്മ വന്നതു്. പറമ്പിന്റെ എതക്കൽ ഉള്ള നീലൂരിക്കാട്ടിലേക്കു് നൂഴ്‌ന്നു കയറി. ഒരു ഓന്തു് എന്റെ ചോരകുടിച്ചു് എത്തിച്ചുനോക്കുന്നു. രണ്ടു മൂന്നു് നീലൂരി വടികൾ ഒടിച്ചെടുത്തപ്പോഴാണു് ഉമ്മയുടെ നീട്ടിവിളി കേട്ടതു്.
“സ്കൂളിൽ വെക്കം പൊയ്ക്കെടാ. ആ നീലൂരിക്കാട്ടിൽ മൂർഖൻ പാമ്പുള്ളതാണ്. എന്ത് ആപത്താണാവോ ഈ ചെക്കൻ വരുത്തുക.”
ഉമ്മ മുമ്പാരത്തേക്കു് ഇറങ്ങിവന്നു് അട്ടാദിക്കുയാണു്.
കുത്തട്ടെ മുള്ള്. പിന്നെ പാമ്പും കടിക്കട്ടെ.
ചെരുപ്പു് വാങ്ങിത്തരാൻ പറഞ്ഞിട്ടു് കേൾക്കുന്നില്ലല്ലോ. കാശു് ഇല്ലത്രെ. എന്നാണു് കാശു് ഇനി ഉണ്ടാകുക. എത്ര കിട്ടിയാലും തികയുന്നില്ല. എന്നും പാടത്തും പറമ്പിലും പണിക്കാരാണു്. അവിടെ കിള, ഇവിടെ പൂട്ടൽ, ഞാറു പറി, കൊയ്ത്തു്, മെതി. നെല്ലു്. എവിടെനോക്കിയാലും നെല്ലിന്റെ ചാക്കുകളാണു് നെല്ലിന്റെ കൂമ്പാരങ്ങൾ. കാശു് ഒട്ടും ഇല്ലതാനും. ഒരു ചെരിപ്പു് വാങ്ങിത്തരാൻ പറഞ്ഞിട്ടു് കാലം കുറെ ആയി. ഉപ്പാടെ കൈയ്യിൽ ഒറ്റ പൈസ പോലും ഇല്ലത്രെ. ഒരു ചെരുപ്പു് കിട്ടിയിരുന്നെങ്കിൽ ആ ഇടവഴയിലൂടെയൊക്കെ വേലിപ്പഴുതിലൂടെയും ഒക്കെ ധൈര്യത്തോടെ നടക്കാമായിരുന്നു. കാലിൽ അപ്പടി മുറിവുകളാണു്. ആമത്തോടു് മുറിഞ്ഞുള്ള വേദന വേറെയും. ഒരു ചെരിപ്പു് കിട്ടിയിരുന്നെങ്കിൽ…
രാത്രി പെയ്ത മഴയിൽ നനഞ്ഞു കിടക്കുകയാണു് റോഡ്. റോട്ടിലെ കുഴികളിലും താഴ്‌ന്ന ഇടങ്ങളിലുമൊക്കെ വെള്ളം കെട്ടിനിൽക്കുന്നു. അശോകനും അഷറഫും പൈങ്കിളി മാമദും വരുന്നുണ്ടു്. അവരുടെ കൂടെ നടന്നു് വെള്ളക്കെട്ടുകളിൽ വെള്ളം പൊട്ടിച്ചു് കളിച്ചു. വേലിയുടെ തുഞ്ചത്തുള്ള കൂവളത്തിന്റെ അറ്റത്തു് വന്നിരിക്കുന്ന തുമ്പികളുടെ പിന്നാലെ നടന്നു. തുമ്പിയെ പിടിക്കണമെങ്കിൽ വളരെ പതുക്കെ സാവധാനം നടന്നു് ഒറ്റ പിടുത്തമാണു്. അശോകനു് തുമ്പിയെ പിടിക്കാനറിയാം. കാളവണ്ടി പോകുന്നുണ്ടു്. അതിന്റെ പിന്നിൽ ഞാന്നു കിടന്നു് മൂരിച്ചാണകത്തിൽ ചവിട്ടി കാലിൽ അഴുക്കായി. വലിയ കുളത്തിൽ ഇറങ്ങി കാലുകഴുകാമെന്നു പറഞ്ഞു പൈങ്കിളി മാമദ്. ഓത്തുപള്ളിയുടെ അടുത്തു് കോട്ടും കള്ളിത്തുണിയും തുർക്കിത്തൊപ്പിയുമായി ഇബ്രാഹിം മുസ്ലിയാർ നിൽക്കുന്നു. ആ മഹാസാനു കടന്നു് ഈ മൂരിച്ചാണകം പുരണ്ട കാലും വെച്ചു് എങ്ങനെ വലിയ കുളത്തിൽ ഇറങ്ങും. ഞങ്ങൾ പറങ്കൂച്ചിയുടെ പിന്നിൽ ഒളിച്ചു. കുറേ നേരം നിന്നു. പൈങ്കിളിയുടെ കൈയ്യിൽ ചകിരിക്കൊട്ടനും എരിയങ്കലത്തിന്റെ ഇലയും മുണ്ടായിരുന്നനു. രണ്ടു് പുന്നക്കോട്ടികൾ കൊടുത്തു് ഒരു എരിയങ്കലത്തിന്റെ ഇല വാങ്ങി തിന്നു. എരിവുള്ള നല്ല മധുരമാണു് എരിയങ്കലത്തിന്റെ ഇലക്കു്. മൊയ്ലിയാർ പോയിരിക്കുന്നു. ഞങ്ങൾ സംഘമായി കുളത്തിലിറങ്ങി മൂരിച്ചാണകം കഴുകിക്കളഞ്ഞു. കുളത്തിന്റെ വക്കത്തു് തവളാപുട്ടലുകളുണ്ടായിരുന്നു. അശോകൻ വെള്ളം തട്ടിത്തെറിപ്പിച്ചു് ഒരു വെട്ടൻ പൂച്ചൂടിയെയാണു് കിട്ടിയതു്. അവൻ അതു് സ്ലെയിറ്റ് മായിക്കുന്ന വെള്ളമുള്ള ഇഞ്ചക്ഷന്റെ ഒഴിഞ്ഞ കുപ്പിയിലേക്കിട്ടു. വലിയകുളത്തിന്റെ വക്കത്തിരുന്നു് കുഞ്ഞാപ്പി ചൂണ്ടലിടുന്നു. ഞങ്ങൾ കുഞ്ഞാപ്പിയുടെ കൂടയിലേക്കു നോക്കി. രണ്ടു വലിയ കണ്ണനും കുറേ കുറുന്തല പരലുമുണ്ടു്. കുഞ്ഞാപ്പി ചൂണ്ടലിടാൻ തുടങ്ങുമ്പോൾ മീനുകൾ അയാളുടെ ചൂണ്ടക്കൊളുത്തിലേക്കു് ഓടി വരുമത്രെ. മുഷിഞ്ഞ ചുരുളൻ തലേകെട്ടിലും കഴുത്തിലുള്ള അയിക്കല്ലിലും അതിനുള്ള മാരണങ്ങൾ മന്ത്രിച്ചു കെട്ടിയിട്ടുണ്ടു്. അങ്ങാടിയായി. വലിയ കുളം അങ്ങാടി. അങ്ങാടിയലൂടെ പോകാൻ കുട്ടികൾക്കു് വിലക്കുണ്ടു്.
മീൻ മാർക്കറ്റ് ചുറ്റി കാപ്പിക്കാരൻ മൊയ്ദുണ്ണിക്കയുടെ കടയുടെ പിന്നിലൂടെ ട്രാൻസ്ഫോർമറിന്റെ അടിയിലൂടെ അതിന്റെ മുഴക്കങ്ങളും ലോഹച്ചുറ്റുകളുടെ അത്ഭുതങ്ങളും കൺകുളിർക്കെ കണ്ടു് വലിയ കുണ്ടനിടവഴി കടന്നാൽ സ്കൂൾ പറമ്പായി. ആ പെരും മാവിന്റെ ഉച്ചിയിൽ ഒന്നു് എറിയാതെ പൈങ്കിളിക്കു് സമാധാനമില്ല. അവിടെ അതാ ഒരു അണ്ണാൻ കുഞ്ഞു് ഇരിക്കുന്നു. നേരം വൈകി. കാപ്പിക്കാരനോടു സമയം ചോദിച്ചു. 10.20. സ്ക്കൂൾ പറമ്പിൽ ചെട്ട്യാന്മാരുടെ തിരക്കാണു്. ചെമ്പൻ മുടിയും സ്പിരിറ്റിന്റെ മണവുമുള്ള ചപ്രക്കൂട്ടങ്ങൾ. മുഷിഞ്ഞ വസ്ത്രങ്ങൾ. കരിപുരണ്ട കലത്തിന്റെ മിഴിച്ചുനോട്ടങ്ങൾ. ആമ ചുടാൻ തുടങ്ങിയിരിക്കുന്നു. ആമത്തോടുകളുടെ കഷ്ണങ്ങൾ ചിതറിക്കിടക്കുന്നു.
സ്കൂളിൽ എത്തി. നേരം വൈകിയല്ലോ. ഞാൻ കൊണ്ടു വന്ന നീലൂരി വടി വാങ്ങി അച്ചുതൻ മാസ്റ്റർ ഉള്ളം കൈ നോക്കി രണ്ടെണ്ണം തന്നു. നടുപ്പുറത്തു് ഇന്നലെ കിട്ടിയ തേങ്ങാകുലച്ചിലിന്റെ മാരക പ്രഹരത്തോടൊപ്പം നീലൂരിക്കാടും എന്നെ ചതിച്ചിരിക്കുന്നു. അച്ചുതൻ മാസ്റ്റർ നല്ല തടിയുള്ള ഒരു നീലൂരി വടികൊണ്ടു്. അന്നു് ക്ലാസ്സിൽ ഒരു ചാറ്റൽ മഴ പെയ്യിച്ചു.
ശുചിത്വത്തിന്റെ അനിവാര്യതയെക്കുറിച്ചു് പറഞ്ഞ വേലായുധൻ മാസ്റ്റർ രണ്ടാമത്തെ പീരീഡിൽ വൃത്തിയിലും വെടിപ്പിലും നടക്കണമെന്നു് ഉപദേശിച്ചു. എല്ലാവരും കാലിൽ ചെരിപ്പു ധരിക്കണമെന്നു് ഉപദേശിച്ചു. കുട്ടികൾ വൃത്തിയായിരിക്കണം. ആരൊക്കെയാണു് ചെരിപ്പുള്ളവർ വേലായുധൻ മാസ്റ്റർ ചോദിച്ചു. നാല്പതു പേരുള്ള ക്ലാസ്സിൽ മൂന്നു് ആൺകുട്ടിയും ഒരു പെൺകുട്ടിയും എഴുന്നേറ്റുനിന്നു. മനയ്ക്കലെ ജയകുമാർ തന്റെ കെട്ടിപ്പൂട്ടിയ പ്ലാസ്റ്റിക് ചെരുപ്പുമായി ഒന്നാം ബെഞ്ചിൽ അഭിമാനത്തോടെ ഉത്കന്ധര ശിരസ്സിതനായി. സുന്ദരിട്ടീച്ചറുടെ ഹരികൃഷ്ണൻ, അച്ചുതൻ മാസ്റ്ററുടെ സുഭാഷ് കുമാർ, സുലൈമാൻ ഹാജിയുടെ മകൻ കുഞ്ഞഹമ്മദ്. പി. ശ്രീപതി എന്നിവർ താന്താങ്ങളുടെ ചെരുപ്പുമായി പുളകിതരായി. പെൺകൂട്ടത്തിൽ എ. വി. ശോഭന തന്റെ പൂവുള്ള ചെരുപ്പുമായി നമ്രമുഖിയായി. വേലായുധൻ മാസ്റ്റർ പുത്തൻ ചെരുപ്പുമായി ഓഫീസിലേക്കു പോയി. ചെരിപ്പിട്ട സുജായികൾ ചെരിപ്പിടാത്ത മറ്റൊരു വിഭാഗവും.
പുറത്തെ തേങ്ങാകുലച്ചിലിന്റെ പാടുകൾ ഇതിനകം പീഡിതരോടു് ഐക്യദാർഢ്യപ്പെട്ടിരിക്കണം. ജയകുമാറിന്റെ അടുത്തേക്കു കുറച്ചു് ചേർന്നിരുന്നു. മനയ്ക്കലെ കുട്ടിയാണു്. നല്ല വെളുത്ത തുടുത്ത സുന്ദരക്കുട്ടപ്പൻ. അവൻ ക്ലാസ്സിൽ ഒന്നാമനുമാണു്. മാതൃകാവിദ്യാർത്ഥി. സരോജിനി ടീച്ചർ അവന്റെ നഖവും കൈകാലുകളും ചെവിയുമൊക്കെപ്പിടിച്ചു് ഉറക്കെ പറയും. എല്ലാവരും ജയകുമാറിനെ പോലെ വൃത്തിയിലും വെടിപ്പിലും വരണം. അവനെ കൊണ്ടുപോകാനും കൊണ്ടുവരാനും ആളുണ്ടു്. ജയകുമാറിന്റെ കെട്ടിപ്പൂട്ടിയ ചെരിപ്പു് ഞാൻ ഒന്നു് കാലിലണിയാൻ ചോദിച്ചു.
“ചളിയാകും.”
“അയ്യേ നിന്റെ കാലിലെന്താ…? ഇതു് ഭയങ്കര നാറ്റവുമുണ്ടല്ലോ.!” മൂരിച്ചാണകത്തിന്റെ അവശിഷ്ടം കാലിന്റെ ഞെരിയാണിയുടെ ഭാഗത്തുണ്ടു്. ആരും കാണാതെ അതു് കൈകൊണ്ടു് തുടച്ചു് ചൊറിപിടിച്ച ബെഞ്ചിന്റെ അടിയിൽ തേച്ചു. ജയകുമാറിന്റെ അടുത്തു് നിന്നു് മാറി ഇരുന്നു.
സ്ലെയിറ്റ് കടിച്ചു തിന്നുന്ന ചക്കരബാബുവിന്റെ അടുത്താണു് ഞാനിപ്പോൾ. അവന്റെ ടൗസറിൽ നിന്നും എരിയങ്കലത്തിന്റെ ഇലകൾ തലനീട്ടി നോക്കി. തിക്കി തിക്കി അവനെന്നെ നിലത്തേക്കിട്ടു. തലക്കിട്ടു് ഒരു കിഴുക്കും തന്നു. നന്നായി വേദനിച്ചു. നടുപ്പുറത്തു് ചെരിപ്പിനു് വേണ്ടി കരഞ്ഞപ്പോൾ തേങ്ങാക്കുലച്ചിൽ തന്ന തലോടലുകൾ… ഉള്ളം കൈയ്യിൽ സ്വന്തം പറമ്പിലെ നീലൂരിക്കാടുകൾ തന്ന ആശ്ലേഷങ്ങൾ… ഇപ്പോൾ ഇതാ ചക്കരബാബുവിന്റെ തിക്കലും. അവന്റെ മുതുക്കൻ കൈകൊണ്ടു് എന്റെ കഴുത്തിനിട്ടു് കിഴുക്കിയിരിക്കുന്നു. എങ്കിലും അവിടെ ഇപ്പോൾ എരിയങ്കലത്തന്റെ സുഗന്ധമുണ്ടു്.
കഞ്ഞികുടിക്കാൻ പോകുന്നതിനുള്ള നീണ്ട ബെല്ലടിച്ചു. എല്ലാവരും ഉപ്പുമാവിനുള്ള ഓട്ടമായി. ഒറ്റ ഓട്ടത്തിനു് ഞാനും വീട്ടിലെത്തി. ഉമ്മയില്ലാത്തതു കാരണം ഉച്ചപ്പട്ടിണി ചവച്ചു് പറമ്പിലേക്കു നോക്കി. കരിയോലകൾ നിരത്തിവെച്ചു് കൈകോട്ടു് കിളക്കാർ വിശ്രമിക്കുന്നു. കടലാവണക്കു നില്ക്കുന്ന കള്ളി കിളച്ചു് മാടിമാടിഒതുക്കിയിരിക്കുന്നു. ഇനി മാട്ടത്തിന്റെ മേലെ നിന്നു് സുഖമായി തോഴോട്ടു് നിരങ്ങാം. പണിക്കരുടെ കാവു കടന്നപ്പോഴാണു് ഉപ്പയെ കണ്ടതു്. കൈയ്യിൽ ഒരു പൊതിയുമുണ്ടു്… വെളുത്ത നൈലോൺ നൂലുകൊണ്ടാണു് കെട്ടിയിരിക്കുന്നതു്. പലചരക്കു സാധനമല്ല. എന്തോ വിശിഷ്ട സാധനമാണു്. ഉപ്പയെ ഞങ്ങൾക്കൊക്കെ വല്ലാത്ത പേടിയാണു്. കൊമ്പൻ മീശക്കാരനാണു്. ഐവ മെയ്ദുണ്ണി, പേർഷ്യക്കാരൻ മെയ്ദുണ്ണി എന്നീ പേരുകൾക്കപ്പുറം മീശക്കാരൻ മെയ്ദുണ്ണി എന്ന പേരുമുണ്ടു് ഉപ്പാക്കു്. കാര്യസ്ഥൻ മയമുക്കാന്റെ ചങ്ങാതിക്കുറിക്കു് പോയി 5 രൂപ വരിയെഴുതി ചെറ്റാറയിൽ മെയ്ദുണ്ണി എന്നു് പറഞ്ഞപ്പോഴാണു് വരിയെഴുത്തുകാരൻ മുട്ടുംമ്ലി മെയ്ദ പേർഷ്യക്കാരൻ എന്നു് ബ്രാക്കറ്റിൽ എഴുതി മുഴുമിപ്പിച്ചതു്. ഉപ്പ അടുത്തെത്തി. പേടി കാരണം ഞാൻ റോഡിന്റെ അങ്ങേഭാഗത്തേക്കു് നീങ്ങി നടന്നു. കൈ രണ്ടും പിന്നിൽ കെട്ടിയാണു് ഉപ്പ നടക്കുക. എന്തായിരിക്കും ആ പൊതിയിൽ.
ഇന്നലെ ചെക്കൻ ചെരുപ്പിനു് വേണ്ടി കരഞ്ഞതല്ലേ. ചെരുപ്പായിരിക്കുമോ. കൗതുകം വിടരാൻ തുടങ്ങി. വളവു തിരിഞ്ഞു് അദ്ദേഹം തിരിഞ്ഞു നോക്കുന്നുണ്ടു്. ചീത്ത പറയുമോ? നടത്തത്തിനു് വേഗത കൂടി. കല്ലുകൊണ്ടു് തച്ചുപൊട്ടിയ വലത്തേക്കാലിലെ തള്ളവിരൽ നീറുന്നുണ്ടു്. പല്ലൂരയിലെ പടിക്കലെത്തി. ആ നൈലോൺ നൂലുകൊണ്ടു് കെട്ടിയ പൊതിയിൽ എന്തായിരിക്കും. ഉപ്പാക്കു് അലിവു് തോന്നി മനസ്സു് മാറിയിരിക്കുമോ. കൊമ്പൻ മീശയുടെ അറ്റത്തു് സ്നേഹത്തിന്റെ കൂർമ്മതയായിരിക്കുന്നു. വീട്ടിലേക്കു് സാധനങ്ങൾ വാങ്ങിച്ചുകൊണ്ടുവരുന്ന പതിവില്ല. ഇന്നു് എന്താണു് സ്പെഷൽ പൊതിയുമായി ഈ നട്ടുച്ചക്കു്. ഉമ്മാക്കുള്ള നാല്പാമരാദി കഷായമായിരിക്കുമോ? അതോ ഇജാസിനു് കരപ്പനുള്ള കൊടക്കാടൻ വൈദ്യരുടെ മരുന്നാകുമോ?
കണ്ണൻ പോക്കരുടെ കാളവണ്ടി ബീരാവുഹാജിയുടെ പലചരക്കു കടയിൽ സാധനങ്ങൾ ഇറക്കി മടങ്ങി വരുന്നു. രാവിലെ കാലു് വെടക്കാക്കിയ മൂരി ഇതിൽ ഏതായിരിക്കും? കാളവണ്ടി ഒരു ഗട്ടറിൽ വീണു. മൂരികളുടെ പുറത്തു് പോക്കരുടെ ചാട്ടവാറിന്റെ ശബ്ദം.
“മ്പ…മ്പ…മ്പ ഏല മൂര്യേ.”
മിണ്ടാപ്പാവങ്ങൾ. ഒരു മൂരിയതാ മൂത്രമൊഴിക്കുന്നു. പുറകെ ചാണകവുമുണ്ടു്. ഫ്രഷായ മൂരിച്ചാണക ലായനി റോഡിലാകെ പരന്നു. അങ്ങാടിയുടെ പിൻഭാഗത്തേക്കു നീങ്ങി കരുവാൻ വേലുക്കുട്ടി ആലയുടെ മൂട്ടിൽ കിടന്നു് ഉറങ്ങുന്നു. തള്ളയാടിന്റെ പള്ള പോലെ കൈകളിലെ മസിൽ ഉന്തി നില്ക്കുന്നു. ഒന്നു് പോയി തൊട്ടാലോ. അച്ചിശർക്കര മണക്കുന്ന അങ്ങാടിയിൽ ചാക്കിന്റെ കരിമ്പനോല കവചങ്ങളിൽ മണിയനീച്ചകൾ ആർത്തിരക്കുന്നു. അറവുശാലയുടെ അരികിലൂടെ ചോരച്ചാലു് കട്ടപിടിച്ചു് കിടപ്പുണ്ടു്. സ്കൂൾ പറമ്പിൽ കരിപിടിച്ച മൺകലങ്ങൾക്കരികൽ ആമയിറച്ചി പകുത്തെടുക്കുന്നു ചെട്ടിയക്കുട്ടികൾ. കലപില തമിഴിൽ ഒരു ഭാഷ ഇരുന്നു് വെയിലു തിന്നുന്നു.
ക്ലാസ്സിലെത്തി. നാലുമണിയാകുന്നില്ലല്ലോ. വേലപ്പൻ എന്ന കർഷകൻ എന്ന പാഠം ദേവിട്ടീച്ചർ ഉറക്കെ വായിപ്പിച്ചു. എന്തൊക്കെയോ ചോദിച്ചു. ഒന്നിനും ഉത്തരം കിട്ടിയില്ല. ചക്കരബാബു കേട്ടെഴുത്തു നടക്കുമ്പോൾ സ്ലേറ്റിന്റെ മരവക്കുകൾ കടിച്ചുതുപ്പി. ദീർഘചതുരത്തിലുളള അവന്റെ സ്ലെയ്റ്റിൽ നാലുഭാഗങ്ങളിലും മുൻവരിപ്പല്ലിന്റെ അടയാളങ്ങൾ കാണാം.
പുളിക്കത്രകാവിലെ മുരളിയും ഹരിദാസനും കൊണ്ടുവന്ന ചകിരിക്കൊട്ടന്റെ കുരുവും എര്യാംഗലത്തിന്റെ ഇലകളുടെയും വില്പന തകൃതിയായി. പുന്നക്കോട്ടികൾ പറങ്കിയണ്ടികൾ, ഉണങ്ങിയ മാങ്ങാത്തോലുകൾ പഴുത്തനൊട്ടങ്ങ എന്നിവയുടെ കൈമാറ്റക്കച്ചവടവും. ഇവ നിറഞ്ഞുകവിഞ്ഞു് മുരളിയുടെ ട്രൗസറിന്റെ പള്ള വീർത്തു. ശ്രീനിവാസൻ ബെല്ലടിച്ചു. കളിക്കാൻ വിട്ടിരിക്കുകയാണു്.
തച്ചുപൊട്ടിയ കാലിന്റെ വിരലിൽ എം. പ്രകാശൻ വീണ്ടും ചവുട്ടി. ശരീരവേദനകളും മുറിവുകളും കൂടി വരുന്നു. മുറിയാളരുടെ ലീഡർ ചക്കരബാബു തന്നെ. അവന്റെ മേത്തു് അപ്പടി മുറിവടയാളങ്ങളാണു്. മൂസക്കുട്ട്യാക്കയുടെ തോട്ടിന്റെ കരയിൽ നിൽക്കുന്ന പെരും അയ്നിയിൽ കൊത്തിപ്പിടിച്ചു് കയറി നിരങ്ങിവീണിട്ടു് ചക്കരയുടെ കൈയിലും കാലിലും ഒന്നാകെ തോലരങ്ങിയ മുറിവു് ഒരു നീണ്ട വടുവായി മാറിയിട്ടുണ്ടു്. അയിനിച്ചക്ക പൊട്ടിക്കാൻ കയറിയതിനു് കിട്ടിയ കൂലി. എപ്പഴും തെങ്ങുംമൊരി ഉരച്ചെടുത്തു് മുറിവിൽ വെച്ചു് കെട്ടുന്നതു് കാണാം. സ്കൂളിലെ ഗജപോക്കിരിയല്ലേ ചക്കര ബാബു.
മൂസക്കുട്ട്യാക്കയുടെ കിണറ്റിൽ പോയി വെള്ളം കുടിച്ചു. സ്കൂൾ കുട്ടികൾക്കു് വെള്ളംകോരിക്കുടിക്കാൻ ഒരു പാളയും കയറുമുണ്ടു്. ടാറിട്ടു് അടച്ച പാട്ട കൊണ്ടു് കോരി വെള്ളം കുടിച്ചു. നല്ല മധുരം തോന്നി. അവരുടെ മുറ്റത്തതാ ഒരു ആട്ടിൻ കുട്ടി ടാറിൽ പുതഞ്ഞു് കിടന്നു് കരയുന്നു. മണ്ണെണ്ണക്കുപ്പിയുമായി മയമുക്ക മൂസക്കുട്ട്യാക്കയെ സഹായിക്കുന്നു.
മനക്കലെ ജയകുമാറിനെയും അരവിന്ദാക്ഷനേയും വിളിക്കാൻ കുമാരൻ വന്നു നില്പായി. കാളിയത്തേൽ അസറുവും കെ. കുമാരനും കൂടി വന്നു് ബാബുഹോട്ടലിനു് സമീപമുള്ള വെള്ളക്കെട്ടിൽ കാൽവഞ്ചികളിറക്കി കാൽപ്പടക്കങ്ങൾ പൊട്ടിക്കാൻ വിളിച്ചു. ഇടത്തെ കാൽ വെള്ളക്കെട്ടിൽ ചാടി ഒറ്റചവിട്ടു് പൊങ്ങിയ വെള്ളം വലത്തെ പൊറാടികൊണ്ടു് ഒറ്റ വെട്ടു്. ഠേ… ഠേ… എന്ന ഒരു പൊട്ടു് കേൾക്കാം ഇതാണു് വെള്ളം പൊട്ടിച്ചു കളി.
നമ്പീശൻമാഷ് ബെല്ലടിക്കാൻ ശ്രീനിവാസനു് നിർദേശം നൽകിക്കഴിഞ്ഞു. ക്ലാസ്സിലേക്കോടി. ബെല്ലടി നിന്നതും ‘ജയ ജയ ജയഹെ’ സ്ക്കൂൾ പറമ്പിലുപേക്ഷിച്ചു് ഓട്ടമായി. മൂസക്കുട്ട്യാക്കയുടെ പറമ്പിൽ മയമുക്ക കൈക്കോട്ടുകൊണ്ടു് ഒരു കുഴിവെട്ടിമൂടുന്നു. ഇഞ്ചിപ്പുല്ലുകളുടെ കാട്ടിൽ ഒരു തള്ളയാടു് നിർത്താതെ കരയുന്നു. മയമുക്കയുടെ കൈയ്യിൽ ടാറിന്റെ കറകൾ പറ്റിപ്പിടിച്ചിട്ടുണ്ടു്. പ്രാകുന്ന സെയ്ദു പറയുന്നു. മൂസക്കുട്ട്യാക്കയുടെ ആടുങ്ങൾക്കു് നകരവിത്തിന്റെ മൂപ്പേ ഉള്ളൂ. ഏറിയാൽ ഇരുപതോ ഇരുപത്തഞ്ചോ ദിവസം.
മഴക്കാറുണ്ടു്. പെട്ടന്നു് ഒരു ഇടിയും വെട്ടി. അഴകു മാമദും പല്ലൂരയിൽ മാമദ്ക്കയും മാർക്കറ്റിൽ അടിയുണ്ടാക്കുന്നു. അഴകു മാമദും വാഴയിലെ മൈദിൻ കുട്ടിയും കൂടി… നല്ല ജോറായ അടി.
“വെക്കം പൊയ്ക്കെടാ ഇടിയും മിന്നലുമല്ലെ വരുന്നതു്.” കുഞ്ഞിക്കയാണു്. ഉമ്മയുടെ ഒരേയൊരു നേരാങ്ങള. ചായപ്പീടികയിൽ കള്ളിമുണ്ടും മടക്കിക്കുത്തി സമോവറിൽ നിന്നും തിളച്ച വെള്ളവുമെടുത്തു് കൈകൾ വായുവിൽ നീട്ടിപ്പിടിച്ചു് ചായ വീഴ്ത്തുകയാണു് കുഞ്ഞിക്കാക്ക. അവിടെ ഇത്തിരിനേരം കൂടി പറ്റിനിന്നാൽ ഒരു വെള്ളച്ചായയും പഴമ്പൊരിയും കിട്ടും. നേരമില്ല. ഉച്ചക്കു് ഉപ്പ കൊണ്ടുപോയ കൗതുകം തുറന്നു നോക്കാൻ മനസ്സു് വെമ്പുകയാണു്, ആ ആകാംക്ഷ കാലിൽ അണിയാതെ നിപ്പെരങ്ങ് കിട്ടുന്നില്ല. അതു് അണിഞ്ഞിട്ടു വേണം ജയകുമാറിന്റെ മുന്നിൽ അന്തസ്സോടെ ചെന്നു് ഇരിക്കാൻ. വേലായുധൻ മാസ്റ്ററുടെ വൃത്തിയുള്ളവരുടെ കൂട്ടത്തിൽ കയറി പറ്റണം. അഹങ്കാരികളായ ഹരികൃഷ്ണനെയും ശ്രീപതിയെയും അമ്പരിപ്പിക്കണം. ഏ. വി. ശോഭനയ്ക്കും ആ ചെരുപ്പൊന്നു് കാണിക്കണം.
പണിക്കരുടെ കാവിലുള്ള പൊട്ടക്കിണറ്റിൽ കൂടോത്രപ്പൊതികൾ എറിയാൻ ആരോ വന്നുനിൽക്കുന്നുണ്ടു്. മന്ത്രവാദി അറമുഖന്റെ ശിങ്കിടികളാണു്. അരയാലിലകൾ വിറക്കുന്നു. കരിയിലകൾക്കു മുകളിലൂടെ ചെമ്പോത്തുകൾ പതുക്കപ്പതുക്കെ നടന്നുപോകുന്നു. കാവിന്റെ ഉള്ളിൽ ചെലാട്ടിക്കിളിയുടെ പടയുണ്ടു്. കൊങ്ങത്തിത്തള്ള ഒരു അപ്പത്തിന്റെ കഷ്ണം. ചെലാട്ടിക്കൂട്ടത്തിലേക്കു് എറിഞ്ഞുകൊടുത്തു. കാരമുൾക്കാട്ടിലേക്കു് എന്തോ ഇഴഞ്ഞുപോയി. കാലിൽ ഒരു തൊരടിമുള്ളും കുത്തി.
പെരയിലെത്തി. ചാർമിനാറിന്റെ കൂടും ഒട്ടകമാർക്ക് തീപ്പെട്ടിയും താക്കീതു നൽകി. ഉപ്പ വീട്ടിലില്ല. ഇനി ധൈര്യമായി സംസാരിക്കാം. പാട്ടുപാടാം. കൂക്കി വിളിക്കാം. വൈക്കോൽ കുണ്ടയിൽ കിടന്നു് കെട്ടിമറിയാം. പറങ്കൂച്ചിയുടെ ഇലകൾ ഒടിച്ചു വീഴ്ത്താം. ടയറിന്റെ വട്ടു് ഉരുട്ടി. പണിക്കരുടെ പറമ്പിലേക്കു് കയറിപ്പോകാം.
റേഡിയോ ഓൺചെയ്തു് ശ്രീലങ്കൻ പ്രക്ഷേപണ നിലയം ഉറക്കെ വെച്ചു. ‘നീലഗിരിയുടെ സഖികളെ… ജ്വാലാമുഖികളെ’ എന്ന പാട്ടു് ഒഴുകി വന്നു. ഉമ്മയെ കാണാനില്ലല്ലോ. മണ്ടകത്തും ഇടനാഴികയിലും ഇല്ല. വടക്കിനിയലും കാണാനില്ല. ഉമ്മ കൈകോട്ടു് കിളക്കാരുടെ അടുത്താണു്. പറമ്പിലേക്കു് ഓടിച്ചെന്നു.
“ഉമ്മാ… ഉച്ചക്കു് ഉപ്പ വരുമ്പോ കൈയിലുണ്ടായിരുന്ന പൊതിയിൽ എന്താണു്.”
“അതു് അനക്കും ഇജാസിനും ഓരോ ജോഡി ചെരുപ്പാണു്.”
ആകാംക്ഷയുടെ പൊതിക്കെട്ടഴിഞ്ഞു.
“എവിടയാ വെച്ചിരിക്കുന്നതു്. മണ്ടകത്തു് നെല്ലിട്ടു വെക്കുന്ന കള്ളിപ്പെട്ടിയുടെ മോളിലുണ്ടു്.”
പൊന്നനിയൻ ഇജാസ് അതാ ദിഗംബരനായി നടന്നു വരുന്നു. അവന്റെ കാലിൽ കെട്ടും പൂട്ടുമൊക്കെയുള്ള ഒരു നീലച്ചെരുപ്പു്. അതിന്റെ പെരുന്നാളാഘോഷത്തിൽ ഞാനവന്റെ പിന്നാലെ ഓടിച്ചെന്നു് പിടിച്ചു നിർത്തി ചെരുപ്പു് നോക്കി.
ചെരുപ്പു് കാണാൻ എനിക്കു തിരക്കായി. മണ്ടകത്തു് കയറി. ഇരുട്ടാണു്. മണ്ടകത്തു് എപ്പോഴും ഇരുട്ടാണു്. കണ്ണു് കാണുന്നില്ല. അടുപ്പൂതി അരിപ്പാക്കുടി കാട്ടി തീയുണ്ടാക്കി ചിമ്മിനിവിളക്കു് കത്തിച്ചു. വിളക്കുമായി മണ്ടകത്തു് എത്തിയിരുന്നു. പെരാപെരാ എന്നൊരു ഒച്ച. പൊരിഞ്ഞ കോഴികൾ എഴുന്നേറ്റു് നിൽക്കുന്നു. അതാ ഒരു നീലച്ചെരുപ്പു്!
കോഴിയെ പിടിച്ചു് മുറ്റത്തേക്കു്. വലിച്ചെറിഞ്ഞു. എന്നിട്ടു് മണ്ടകത്തിൽ കള്ളിപ്പെട്ടിയുടെ മൂല നന്നായി പരതി. ആകാംക്ഷ കൈയ്യിൽ തടഞ്ഞു. പൊതിയുടെ കെട്ടഴിച്ചു. ഹായ് ചെരുപ്പു്. കടും ചുകപ്പു് നിറമാണു്. കെട്ടും പൂട്ടും ഉണ്ടു്. കിട്ടിയപാടെ ആ അനുഭൂതിയുടെ ചൂരും ചുണയും ഒന്നാകെ ഉള്ളിലേക്കു് ആവാഹിച്ചു. സ്വപ്നത്തിന്റെ ശോണിമ ഉള്ളിലാകെ നിറഞ്ഞു. ജീവിതത്തിൽ ആദ്യം കിട്ടിയ ആ സ്വപ്ന പാദുകം പകൽ വെളിച്ചത്തിലേക്കു കൊണ്ടു വന്നു. ചിമ്മിനിവിളക്കൂതി വാതിലിന്റെ മുക്കിലേക്കു് വെച്ചു. പിന്നെയും പിന്നെയും ഉമ്മ വെച്ചു് ആ സ്വപ്ന ഗന്ധത്തിന്റെ അനുഭൂതികൾ ഉള്ളിലേക്കു് എവിടേക്കോ ഇറങ്ങിപ്പോയി. ചവിട്ടു കല്ലിൽ വെച്ചു് തച്ചുപൊട്ടിയ വിരലിലെ രക്തക്കറ തുടച്ചു് നനഞ്ഞ മണ്ണും ചെളിയും ചേർന്നു് അശുദ്ധമായ രണ്ടു് കാൽപാദങ്ങളിലെയും ചെരുപ്പിന്റെ പിന്നിലെ സ്റ്റീൽ നിറത്തിലുള്ള കെട്ടും പൂട്ടും അഴിച്ചു. കാലിൽ അണിഞ്ഞു. കാൽപൊറാടികൾ മൂടി. രണ്ടു് കാലും പരമാവധി ഉള്ളിലേക്കു് കയറ്റി. ചെരുപ്പിന്റെ കാൽ ഭാഗം വെളിയിലാണു്. പാകമാകാത്ത ഒരു സ്വപ്നമായിരുന്നുവോ അതു്.
ആച്ചു നീലയും വെള്ളയും യുണിഫോമിൽ കയറി വന്നതു് പെട്ടന്നായിരുന്നു. ചെരുപ്പിട്ട കാലിലേക്കു് നോക്കി അവൾ ഉറക്കെ പ്രഖ്യാപിച്ചു.
“ഇതു് പാകമല്ല. വെക്കം മാറ്റിച്ചാളെ.”
കുളണ്ടർ വേലായുധനും ഉമ്മയും പറഞ്ഞു. പാകമല്ല. മടാപ്പിടിയൻ മയമാക്കയും പറഞ്ഞു.
“പാകമല്ല. എവിടുന്നാണു് വാങ്ങിച്ചതു് എന്നു് വെച്ചാൽ അവിടെ കൊണ്ടുപോയി പെട്ടെന്നു് മാറ്റിച്ചാളെ.” ആദ്യം കിട്ടിയ സ്വപ്നം കൈവിട്ടുപോകുന്നല്ലോ എന്ന ഭീതിയോടെ ഞാനും പറഞ്ഞു.
“ഇതുമതി.”
“ഇതുമതി എന്താ ചെക്കനക്ക്. പാകമല്ലാത്ത ചെരുപ്പ് എങ്ങനെയാ ഇട്ട് നടക്കാ.”
ഉമ്മ ചെരുപ്പു് കാലിൽ നിന്നും ഊരി വാഴയുടെ ഇല കൊണ്ടു് മണ്ണും ചെളിയും തുടച്ചു.
“ഇനി ആ ഒലുമക്കടലാസ്സിൽ പൊതിഞ്ഞു് പായ്പ്പൊത്തിൽ കൊണ്ടുവെച്ചാളെ.” തലയിലെ തട്ടം നേരെയാക്കി ഉമ്മ പറമ്പിലേക്കു തന്നെ പോയി. നഷ്ടപ്പെടാൻ പോകുന്ന കിനാവു് നെഞ്ചത്തടുക്കിപ്പിടിച്ചു് പിന്നെയും കള്ളിപ്പെട്ടി പരതി. ഇരുട്ടിലൂടെ വിരൽ പായിച്ചു് ഒലുമക്കടലാസ്സു് കൈയ്യിൽ തടഞ്ഞു. സ്വപ്നം പൊതിഞ്ഞു് പായ്പ്പൊത്തിൽ വെച്ചു. പെറ്റമ്മ ചക്കരക്കിഴങ്ങും ശർക്കരച്ചായയും കൊണ്ടു വന്നു. അതു് തിന്നുന്നതിനിടയിൽ പെറ്റമ്മ ചോദിച്ചു.
“എന്താ അനക്ക് മണ്ടകത്ത് ഒരു പൈമാസി.”
“പൈമാസി ഒന്നുമല്ല. ഉപ്പ എനിക്ക് ചെരുപ്പ് വാങ്ങിത്തന്നിട്ടുണ്ട് അത് നോക്കിയതാ.”
മോണകാട്ടി ചിരിച്ചു് പെറ്റമ്മ മുറുക്കാൻ തുപ്പലം മുറ്റത്തേക്കു് നീട്ടിത്തുപ്പി. എന്നിട്ടു് വടിക്കിനിയിലെ ഉരലിൽ ചെന്നിരുന്നു. വെള്ളക്കുപ്പായം പെരയുടെ വെട്ടത്തു് തൂക്കിയിട്ടിരിക്കുന്നു. ചാർമിനാറും തീപ്പെട്ടിയും എത്തിനോക്കുന്നുണ്ടു്. ഞങ്ങളിവിടെ ഉണ്ടെന്നു് നേർത്തു് വരുന്ന പുകച്ചുരുളുകൾ സ്വകാര്യം പറഞ്ഞു.
അങ്ങാടിയിലുള്ള ചേട്ടന്റെ കടയിൽ നിന്നാണു് ചെരുപ്പു് വാങ്ങിച്ചതു് എന്ന അരുളപ്പാടുണ്ടായി. ചെരുപ്പു് മാറ്റിയെടുക്കാം എന്നുള്ള ഉത്തരവും വന്നു. സ്വപ്ന പാദുകവും കെട്ടിപ്പിടിച്ചു് ധൃതിയിൽ പുറത്തിറങ്ങി. ചായയും ചക്കരക്കിഴങ്ങും തിന്നാത്തതിൽ പെറ്റമ്മ കിടന്നു് നിലവിളിക്കുന്നു. അങ്ങാടിയുടെ തെക്കേ അറ്റത്തു് സ്കൂളിന്റെ മുന്നിലാണു് ചേട്ടന്റെ പീടിക. ഒരു പൈസക്കു് രണ്ടു് പല്ലിമുട്ടായി കിട്ടുന്ന കട. എരമംഗലത്തെ ഏറ്റവും വലിയ കച്ചവടസ്ഥാപനം. പാട്ടയും ബക്കറ്റുകളും കൈതോലപ്പായയും ചൂടിക്കയറുകളും പാതാളക്കരണ്ടിയും കൂറ്റൻ ഭരണികളിൽ മിഠായികൾ കുട്ടികളെ നോക്കി മാടിവിളിക്കുന്ന എരമംഗലത്തെ ചേട്ടന്റെ പീടിക. വലിയ ഭരണിയുടെ പിന്നിൽ നിൽക്കുന്ന കാക്കിക്കുപ്പായക്കാരനായ ദീർഘകായനാണു് ചേട്ടൻ. വരയൻ കള്ളികളുള്ള കള്ളിമുണ്ടാണു് ചേട്ടൻ ധരിക്കാറുള്ളതു്. തൂവെള്ള നിറത്തിൽ കൃതാവുള്ള ക്ലീൻ ഷേവുള്ള മുഖം. നടു കുറച്ചു് വളഞ്ഞിട്ടുണ്ടു്. ചേട്ടന്റെ പീടികയിൽ നിന്നും വാഴക്കാടന്റെ വീടരു് ഒരു കൈതോലപ്പായ വാങ്ങി ഇറങ്ങി വരുന്നു. ഓലക്കുണ്ടകളിൽ ഉറുപ്പികയ്ക്കു് നൂറു് മത്തിയുമായി ആളുകൾ കിഴക്കോട്ടു് നടക്കുന്നു. ചേട്ടന്റെ പീടികയില്ക്കു് കയറി. പൊതി സഹായി ചക്കപ്പനെ ഏല്പിച്ചു. വെള്ളക്കുപ്പായത്തിന്റെ കുടുക്കിടാത്ത ചക്കപ്പൻ പൊതി വാങ്ങി തുറന്നു നോക്കി.
“ഇതു് നമ്മടെ പേർഷ്യക്കാരൻ മൊയ്ദുണ്യാപ്പ്ള കൊണ്ടുപോയതല്ലേ. രണ്ടു് മൂന്നു് ദിവസായി മൂപ്പരു് ഇവിടെ വരാൻ തുടങ്ങിയിട്ടു്. മൊതലാളി ഇല്ലാത്തതു് കാരണം ഇന്നാണു്. ചെരുപ്പു് വാങ്ങി പോയതു്. ഇതു് എന്തേ ഇപ്പോ മടക്കി കൊണ്ടു് വന്നേ…”
“ഇതു് പാകല്യ മാറ്റിത്തരണം.”
മരപ്പടിയിൽ അട്ടിയിട്ട ചെരുപ്പുകളുടെ കൂട്ടത്തിൽ പലതും ഇട്ടു് നോക്കി ഒരു എണ്ണം പോലും പാകമാകുന്നില്ല. അവസാനം ചേട്ടൻ തന്നെ പറഞ്ഞു. മോനേ ഒരു ആഴ്ച്ച കഴിഞ്ഞാൽ വണ്ടി വരും. മയ്ദുണ്യാപ്ളടെ മോനല്ലേ. അപ്പോ നമക്കു് മുന്ത്യേതു് നോക്കി തന്നെ ഇട്ക്കാം. ശരിക്കും പാകമാകുന്നതു്. ആ സ്വപ്നം വഴുതിപ്പോയിരിക്കുന്നു. നെഞ്ചത്തടുക്കിപ്പിടിച്ച ആ പ്രേമത്തെ ഒരിക്കൽകൂടി നോക്കി തിരിച്ചു പോന്നു.
വീട്ടിലും പറമ്പിലും ഓടിനടന്നു് അർമാദിക്കുകയാണു് ഇജാസ്. പുതിയ ചെരുപ്പു് കിട്ടിയ ആഘോഷം. അവൻ പറമ്പിലാകെ ചെരുപ്പിട്ടു് ഓടിക്കളിക്കുന്നു. ഏനാമ്പഴത്തിന്റെ കൊമ്പിൽ കയറുന്നു. ഇരുമ്പാംപുളിയുടെ ഉയരം കുറഞ്ഞ കൊമ്പിൽ ചെരുപ്പു് തൂക്കിയിടുന്നു. അവൻ വീടാകെ നിറയുന്നു. ഇപ്പോൾ ഇജാസിന്റെ കാലിലല്ല ചെരുപ്പു് കിണറ്റിൻ കരയിൽ നിന്നും കഴുകി വൃത്തിയാക്കിയ ചെരുപ്പുമായി തിണ്ണ നിരങ്ങുന്നു. ചെരുപ്പു് കാലിലിടാനുള്ള ഭാഗ്യം ഇല്ലാതായ എന്നെ നോക്കി ആച്ചു പറഞ്ഞു.
“അതിനൊക്കെ യോഗം വേണം മോനേ യോഗം.” ഓളുടെ ഒരു യോഗം. അവളുടെ മുടി പിടിച്ചുവലിച്ചു് പുറത്തു് പടോന്നു് ഒരു ഇടി വെച്ചു് കൊടുത്തു.
ഇജാസ് ചെരുപ്പു് കാലിൽ നിന്നും മാറ്റി ഇപ്പോൾ രണ്ടു് കൈയ്യിലും വെച്ചു് തിണ്ണയിലൂടെ ബസ്സ് ഓടിച്ചു് കളിക്കുകയാണു്. എന്നിട്ടു് വിഷണ്ണനായി നിൽക്കുന്ന എന്റെ മുന്നിലൂടെ അച്ചാലും മുച്ചാലും ‘പോം…പോം…’ എന്നു് മുഴക്കുന്നു.
അന്നു് രാത്രി ഏറെ നേരം കഴിഞ്ഞാണു് ഉറങ്ങിയതു്. കാലിൽ മണൽതരികൾ കിടന്നു് കിലുങ്ങുന്നു. വളംകടിയുടെ ലക്ഷണമാണു്. പായയിൽ വെച്ചു് കുറേ ഉരച്ചു. ചേട്ടന്റെ കടയിൽ തിരിച്ചേൽപിച്ച ആ ചുവന്ന ചെരുപ്പിന്റെ മൊഞ്ചും മോറും കാലിൽ വന്നു് ഇക്കിളി കുട്ടുന്നു. ചിമ്മിനി വിളക്കിന്റെ അരണ്ട വെളിച്ചത്തിലാണു് കണ്ടതു്. ഇജാസ് ചെരുപ്പു് ഇട്ടിട്ടാണു് ഉറങ്ങുന്നതു്. ഉപ്പ അവന്റെ ചെരുപ്പു് ഊരിയെടുത്തു് മാറ്റിവെക്കുന്നു. മണ്ണെണ്ണ ഇല്ലാത്തതു് കാരണം വിളക്കുകളൊക്കെ ഊതി ഉമ്മ വാതിൽ അടച്ചു. കുപ്പിവിളക്കു് കത്തിച്ചു് ഉസ്മാൻക്ക കയ്യാലയിൽ ഇരുന്നു പഠിക്കുന്നു. കുപ്പിവിളക്കുമായി ആച്ചു ഇടനാഴികയിൽ പുസ്തകത്തിൽ മുഖം പൂഴ്ത്തി ഉറങ്ങുന്നു. റാന്തൽ വിളക്കു് എടുത്തു് തിരിതാഴ്ത്തി ഉമ്മ മുമ്പാരത്തു് തൂക്കിയിട്ടു. നായ്ക്കൾ ഓരിയിടുന്നു. പാലമരത്തിൽ വന്നിരുന്നു ഒരു കുറ്റിച്ചൂളൻ കരയുന്നു. ആരോ മരിക്കാനായിരിക്കുന്നു. മലക്കുൽ മൗത്തിനെ കണ്ടിട്ടായിരുന്നത്രെ കുറ്റിച്ചൂളാൻ കരയുന്നതു്. മണ്ടകത്തു് മുറിക്കുള്ളിൽ നിന്നും പെറ്റമ്മയുടെ അശരീരി. പെട്ടന്നുണ്ടായ ഭയപ്പകർച്ചയിൽ ഞാൻ മണ്ടകത്തു് പെറ്റമ്മ കിടക്കുന്ന പത്തായപ്പെട്ടിയിലേക്കു് ചാടിക്കയറി.
രാവിലെ ഇജാസിന്റെ ചെരുപ്പു് ആയിരുന്നു കണി. അവൻ കൈയ്യിൽ നിന്നും അതു് തലയിലേക്കു് മാറ്റി സ്ഥാപിച്ചിരിക്കുന്നു. ഒരു ആഴ്ച്ച എങ്ങനെ തള്ളിനീക്കും ഒരു ആഴ്ച്ച കഴിഞ്ഞാൽ പുതിയ ചെരുപ്പിന്റെ വണ്ടി വരുമെന്നായിരുന്നു ചേട്ടൻ പറഞ്ഞിരുന്നുതു്. കുളത്തിൽ നിന്നും വുളൂഅ് എടുത്തു് മേച്ചു് മേച്ചു് വരുന്നു പെറ്റമ്മ. ചെറിയിക്ക ചെരുപ്പു് ഇട്ടു് പറമ്പിലിരിക്കാൻ പോകുന്നു. നീർക്കോട്ടേലെ പറമ്പിലെ ഒഴിഞ്ഞ വിശാലതയിൽ പൂഴി മണലിന്റെ വൃത്തിയും തിരഞ്ഞു് പോകുകയാണു്. പൂട്ടുകാരൻ അപ്പു വന്നിട്ടുണ്ടു്. ചാക്കിലാക്കിയ വിത്തു് മുളപ്പിക്കാനായി കുളത്തിലേക്കു് എടുപ്പിക്കുന്നു. വേലായുധേട്ടനും വന്നിട്ടുണ്ടു്. പൊക്കാളിയാണത്രേ വിത്തു്. മൂന്നു പൂവനും കൃഷി ചെയ്യാൻ പറ്റുന്ന മണ്ണൂപ്പാടത്തിന്റെ മഹിമകൾ അപ്പുവേട്ടൻ വിവരിക്കുന്നു. ഈ പാടം കാരണമാണു് ഈ നെല്ലും വൈക്കോലും ഈ പെരയിലിങ്ങനെ ശല്യമായി കിടക്കുന്നതു്.
ഗൾഫിൽ നിന്നും ഇക്കാക്കയുടെ കത്തു് വരാത്ത ദുഃഖത്തിലാണെന്നു് തോന്നുന്നു ഉപ്പ. രാവിലെ എണീറ്റപ്പോൾ ഉപ്പ കത്തുകൾ തൂക്കിയിടുന്ന കമ്പിയിൽ നിന്നും ഒരു കത്തു് ഊരിയെടുത്തു് ഒറ്റക്കിരുന്നു് വായിക്കുന്നു. ആച്ചുവിനെ വിളിച്ചു് പോസ്റ്റോഫീസിൽ പോയി എയറോഗ്രാം വാങ്ങിക്കുന്നതിനായി നാൽപത്തഞ്ചു പൈസ എടുത്തുകൊടുത്തു. ഇന്നു് രാത്രി കത്തെഴുത്തു് ഉണ്ടാകും. എല്ലാവരും കൂടി വട്ടം വളഞ്ഞിരുന്നു് നടുമുഖത്തു് ഇരുന്നാണു് കത്തു് എഴുതുക. ഉസ്മാൻക്കയാണു് എഴുത്തുകാരൻ.
പാടത്തു് പണിക്കു് കാശില്ലാത്തത്
ഉപ്പാടെ വായുമുട്ടിന്റെ വിവരണങ്ങൾ
സോഷ്യലിസ്റ്റ് പാർട്ടിയുടെ വിശേഷങ്ങൾ
എ. കെ. ജി.-യുടെ സൂക്കേടു് ഇവയൊക്കെ വിവരിക്കും. ഇവക്കെല്ലാം പരിഹാരമായി കുറച്ചു് പൈസ വേഗം അയക്കണമെന്നാണു് പ്രത്യേകം എഴുതുക. കത്തിന്റെ ഒടുവിൽ ഒരു വരി എഴുതാൻ എന്നെ അനുവദിക്കാറുണ്ടു്.
സ്കൂളിൽ പോയെങ്കിലും ഒരു ഉഷാർ തോന്നിയില്ല. ഇന്റർ വെല്ലിനു് ചേട്ടന്റെ കടയിൽ ചുറ്റിപ്പറ്റി നിന്നു.
“കുട്ടി എന്തിനാ ഇന്നു് വന്നതു്. ഒരു ആഴ്ച്ച കഴിഞ്ഞിട്ടു് ചെരുപ്പു് വരുന്നല്ലേ പറഞ്ഞതു്.” ചേട്ടന്റെ പരിഭവം.
“അല്ല ഞാൻ പല്ലിമുട്ടായി വാങ്ങാനാണ് വന്നത്.” പൈങ്കിളി മാമദും കെ. കുമാരനും കുടെ ഉണ്ടായിരുന്നു. കെ. കുമാരൻ പല്ലിമുട്ടായി വാങ്ങി ഒരു എണ്ണം എനിക്കു് തന്നു. എരമംഗലം കൃഷ്ണ ടാക്കീസിലെ കടല വില്പനക്കാരൻ കൂടിയാണു് കെ. കുമാരൻ. ഉണ്ണിയാർച്ച നാലു വാരം ഓടിയപ്പോൾ മാറ്റിനിക്കു് കടല വില്ക്കാൻ പോയ അവൻ ഒരു മാസം സ്കൂളിലു് വന്നതേ ഇല്ല.
വേലായുധൻ മാസ്റ്റരുടെ ക്രിയാത്മകമായ പ്രബോധനഫലമായി ഒരു ആഴ്ച്ചക്കുള്ളിൽ ചെരുപ്പു് ക്ലബ്ബിൽ കുട്ടികൾ കൂടി. കുന്നത്തുനിന്നും വരുന്ന സുരേന്ദ്രനും കെ. സെയ്ദും ചെരുപ്പുകാരായി. ഒരു രാത്രിയിൽ വട്ടം വളഞ്ഞിരുന്നു് കത്തു് എഴുത്തു് തുടങ്ങി. അടിയിൽ ഒരുവരി എഴുതാൻ എനിക്കും അനുവാദം കിട്ടി.
“വല്ല്യക്കാക്ക്.
ഇക്കാക നാട്ടിൽ വരുമ്പോൾ എനിക്ക് ഒരു നല്ല ചെരുപ്പ് കൊടുത്തയക്കണം. എന്നു് അനുജൻ ഷൗക്കത്ത്.
കൃത്യം ഒരുമാസം കഴിഞ്ഞു് ഞാനും കെ. കുമാരനും കൂടി ചേട്ടന്റെ കടയിൽ ഹാജരായി… ഉച്ചക്കു് വലിയ ചോറ്റു പാത്രത്തിൽ പോർക്ക് ഇറച്ചിയും മത്തോക്കും കൂടി തട്ടിവിടുകയായിരുന്നു ചേട്ടൻ. ഞാൻ ചോദിച്ചു.
“ചെരുപ്പ് വന്നോ?”
“ഏതു് ചെരുപ്പ്?”
“ന്റെ പ്പ പേർഷ്യക്കാരൻ മൊയ്തുണ്ണി ഒരു ചെരുപ്പു് വാങ്ങിയിരുന്നില്ലേ. അതിൽ ഒന്നു് പാകമാകാത്തതു്, മാറ്റിത്തരാനായി തിരിച്ചേല്പിച്ചിരുന്നു… അതു് വന്നോ?…”
“ആ മ്മളെ പേർഷ്യക്കാരന്റെ”
“അതെ”
“മോനേ ലോഡ് വന്നിട്ടില്ലല്ലോ”
നിരാശയോടെ ഞാനും കെ. കുമാരനും കൂടി അച്ചാണി എന്ന സിനിമയുടെ വാൾ പോസ്റ്റ് കാണാൻ മെട്രോ ഹോട്ടലിന്റെ മുന്നിലേക്കു് പോയി. ചെരുപ്പിടാതെ കണക്കുകൾ പഠിപ്പിക്കുന്ന മുഹമ്മദ് മാസ്റ്റർ നടന്നു പോകുന്നതു് കെ. കുമാരൻ കാണിച്ചു തന്നു.
മാഷമ്മാരല്ലേ അവർക്കു് എന്തും ആകാം.
കന്നിയും മകരവും പണിയെടുക്കാൻ മണ്ണുപാടത്തേക്കുള്ള അയ്യാറെട്ടിന്റെയും ചീരയുടെയും വിത്തുകൾ കയ്യാലയിൽ കൂട്ടിയിട്ടു് നനഞ്ഞ ചാക്കുകൊണ്ടു് ഉമ്മയും വേലായുധേട്ടനും കൂടി മൂടിയിട്ടു. ഒരു ദിവസം അതിനു മുകളിൽ കയറി ചാടിക്കളിച്ചതിനു് ഉമ്മ കൊട്ടക്കയിലിന്റെ കണ കൊണ്ടു് പള്ള നിറച്ചും അടിച്ചു. മുട്ടിനു താഴെ പിന്നെയും തിണർപ്പുകൾ… വൈകുന്നേരം സലീനാക്കു് കൊടുക്കുന്ന കുന്നമ്പഴത്തിന്റെ പൊടി ശർക്കര ചേർത്തു് ഒരു പാത്രം തന്നു.
“വിത്ത് പനിച്ചു കിടക്കുകയാണ് അതിന്റെ മുകളിൽ ചാടി മറിയരുത്. ചാടി മറിഞ്ഞാൽ വിത്തിന്റെ പനി മുറിയും. വിത്തുകൾ മുളക്കാതാകും” ഉമ്മ കാലിന്മേൽ മലർത്തിക്കിടത്തി കുട്ടിക്കു് പൊടി കൊടുക്കുന്നതിനിടയിൽ ഉപദേശിച്ചു.
ഞാൻ നേരെ കയ്യാലയിലേക്കു് ചെന്നു് നനഞ്ഞ ചാക്കിന്റെ അടിയിൽ നെന്മണികൾക്കു് മേലെ തൊട്ടു നോക്കി. നല്ല ചൂടുണ്ടു്. വിത്തു് പനിച്ചുകിടക്കുകയാണു്. ഇജാസും സലീനയും പനിച്ചു കിടക്കുമ്പോൾ ചൂടുള്ളതുപോലെ വിത്തിനും ചൂടുണ്ടു്. വിത്തുകൾ പനിച്ചു കിടക്കുകയാണു് പോലും.
ഇക്കാക്കയുടെ കത്തു് വന്നു. ഒരു ഫോട്ടോയും ഉണ്ടായിരുന്നു. ഉപ്പയും ഉമ്മയും കൂടി മുരിങ്ങാമരത്തിന്റെ ചുവട്ടിൽ വെച്ചു് ഫോട്ടോ കണ്ടു് രസിച്ചു. ഇക്കാക്കു് പൊടിമീശ നന്നായി വന്നിരിക്കുന്നു എന്ന സത്യം എല്ലാവരും മനസ്സിലാക്കി. അടുത്ത വരവിനു് കല്യാണകാര്യം നോക്കണം. കത്തിന്റെ ഉള്ളിൽ 100 രൂപയുടെ പത്തു് നോട്ടുകൾ ഉപ്പ കീശയിലേക്കു് എടുത്തു് വച്ചു. കത്തിന്റെ കവറിലുണ്ടായിരുന്ന സ്റ്റാമ്പുകൾ ഉസ്മാൻക്ക സൂക്ഷിച്ചു് കീറിയെടുത്തു. കത്തു് ഞങ്ങളെല്ലാവരും മാറിമാറി വായിച്ചു. രണ്ടു് പേജ് നിറച്ചുമുണ്ടു്. കത്തു് അവസാനിപ്പിക്കുന്നതു് ഇങ്ങനെയാണു്. കത്തു് ചുരുക്കുന്നു. ആയിരം ഉമ്മകളോടെ സ്വന്തം മകൻ ഉമ്മർ. കത്തിന്റടിയിൽ ഒപ്പു്. കത്തിന്റടിയിൽ ഷൗക്കത്തിനു് എന്ന ഭാഗത്തു് ഇങ്ങനെ എഴുതിയിരിക്കുന്നു.
“ഷൗക്കത്തിനു്, നീ എത്രാം ക്ലാസ്സിലാണു് പഠിക്കുന്നതു്. കൈയ്യക്ഷരം നന്നാക്കുക. ഇക്കാക്ക വരുമ്പോൾ നിനക്കു് ചെരുപ്പു് മാത്രമല്ല കൊണ്ടു് വരുന്നതു്. ഒരു വാച്ചും പേനയും ഉണ്ടായിരിക്കും. എന്നു് സ്വന്തം വല്യക്കാക്ക.”
ബീരാവുഹാജിയുടെ പീടികയിൽ പോയി 100 രൂപക്കു് 5 രൂപകൾ കൊണ്ടുവന്നു. കന്നുപൂട്ടുകാരൻ അപ്പു. കുഞ്ഞിമാൻ, വേലായി എന്നിവരുടെ കണക്കു് തീർത്തു. കിളക്കാരുടെ മുഴുവൻ പൈസയും കൊടുത്തു. മായിനാക്കയുടെ പീടികയിൽ മുന്നൂറു് രുപ പറ്റു് കൊടുത്തു. ഉപ്പാടെ വെള്ളക്കുപ്പായത്തിന്റെ കീശ പിന്നെയും കാലിയായി. ചാർമിനാർ തീർന്നു. തേങ്ങാപ്പറ്റുകാരൻ കുമ്മപ്പറമ്പിൽ മയമുട്ടിക്കയുടെ വീട്ടിൽ ഉപ്പ ഇരിക്കുന്നതു് കണ്ടു. പെറ്റുമ്മാടെ കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞു കഴിഞ്ഞു. ഇരുപത്തിനാലു് എണ്ണത്തിൽ രണ്ടെണ്ണം ചത്തു. ഇടനാഴികയിൽ പെറ്റമ്മ അവക്കു് കാവൽ നിൽക്കുന്നു.
നെല്ലു് കുത്തി ചേറി കിട്ടിയ മുറത്തിൽ നിന്നും പൊടിയരി വേറെയാക്കി വെച്ചിട്ടുണ്ടു്. അതു് കുറച്ചെടുത്തു് പെറ്റമ്മ കോഴിക്കുഞ്ഞുങ്ങൾക്കു് വിതറിക്കൊടുത്തു. തള്ളക്കോഴി ചിറകു വിരുത്തി കൊത്താൻ വരുന്നു. എറളാടികൾ കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാതിരിക്കാൻ പുത്തൻപള്ളിക്കലെ മൂപ്പർക്കു് പത്തു് കോഴിമുട്ടകൾ വേലായുധേട്ടനെ വിളിച്ചു കൊടുത്തയക്കുന്നതു് കണ്ടു.
രണ്ടാഴ്ച്ച കഴിഞ്ഞു് ചേട്ടന്റെ കടയിൽ പിന്നെയും പോയി. പായയും ചൂടിക്കയറും പ്ലാസ്റ്റിക്ക് ബക്കറ്റും പുറത്തെടുത്തു് വെക്കുകയായിരുന്നു അയാൾ. ലോഡ് വന്നിരുന്നു. അതിൽ ചെരുപ്പില്ലല്ലോ മോനേ. അടുത്താഴ്ച്ച എന്തായാലും വരും. പാകമല്ലെങ്കിലും ചെരുപ്പു് കൊടുക്കേണ്ടായിരുന്നു. അതു് മതിയായിരുന്നു. അത്രക്കു് ഭംഗിയുണ്ടായിരുന്നു ആ ചെരുപ്പിനു്. അതിന്റെ പുതുമണം ഇപ്പോഴും മൂക്കിനു് തുമ്പത്തുണ്ടു്. ചെരുപ്പു് കാലിൽ നിന്നും ഒഴിച്ച നേരമില്ല ഇജാസിനു്. ഉപ്പാടെ കൂടെ കോസഡിയിൽ കിടക്കുമ്പോളും അവന്റെ കാലിൽ ചെരുപ്പു് ഉണ്ടാകും. കുമ്മപ്പറമ്പിലു് മജീദ് ഒരു ചെരിപ്പുകാരനായി. അതു് ഒരു വള്ളിചെരുപ്പു് ആയിരുന്നു. കൊല്ലൻ രാമൻ ചെരുപ്പു് ഉണ്ടാക്കിക്കൊടുക്കുമത്രേ. അയാളെ ഒന്നു് പോയി കണ്ടാലോ. പക്ഷേ, അതിനു് അനുവാദമില്ല.
രണ്ടു മാസമായി ചേട്ടന്റെ പീടികയിലേക്കു് നടക്കാൻ തുടങ്ങിയിട്ടു്. തനിക്കു് മാത്രം പാകമാകുന്ന കെട്ടിപ്പൂട്ടും കൊളുത്തുമുള്ള ചെരിപ്പു് ആ പീടികയിൽ ഇല്ല പോലും. ഇപ്പോൾ ചേട്ടൻ എന്നെക്കണ്ടാൽ നന്നായി തിരിച്ചറിയും പേർഷ്യക്കാരന്റെ മോനല്ലേ. അടുത്താഴ്ച്ച എന്തായാലും വരും ആ ആഴ്ച്ചയും വന്നില്ല. പിറ്റേ ആഴ്ച്ചയിലും വന്നില്ല. ഇപ്പോൾ പഴയ പോലെ ചേട്ടനു് എന്നെക്കണ്ടാൽ ഒരു സന്തോഷവുമില്ല. മുഖം പെട്ടന്നു് ഗൗരവം കൊള്ളും. എന്തോ ഒരു വെറുപ്പുള്ളതുപോലെ. ഒരിക്കൽ അല്പം ഈറയോടെ ചേട്ടൻ പറയുകയും ചെയ്തു.
“വന്നിട്ടില്ല എന്നല്ലേ പറഞ്ഞതു്. പിന്നെ എന്തിനാ എപ്പോഴും ഇങ്ങനെ വന്നു് ആളെ ബുദ്ധിമുട്ടിക്കുന്നതു്. രണ്ടാഴ്ച്ച കഴിഞ്ഞു് വാ.”
രണ്ടാഴ്ച കഴിഞ്ഞാൽ ഇനി ചെരുപ്പു് കിട്ടാതെ വരുമോ. ഇതിനിടയിൽ രണ്ടു മൂന്നു് പുതിയ കൂട്ടുകാർ കയ്യിലും കാലിലും ഉണ്ടായി. പുതിയ മുറിവുകൾ. പണിക്കരെ കാവിലെ കാരക്കാട്ടിൽ നിന്നും കാരപ്പഴം പൊട്ടിക്കാൻ പോയപ്പോൾ ഉള്ളം കാലിൽ ഒരു കാരമുള്ളു കുത്തി. നന്നായി കടഞ്ഞു. പഴുത്തു. മുറിക്കു് ചലം വെച്ചു. മുറിവായിൽ നിന്നു് നീരും വരാൻ തുടങ്ങി. മുറിവായ കെട്ടി തൊത്തിച്ചാടിയാണു് ഇപ്പോൾ നടപ്പു്. അതു കഴിഞ്ഞപ്പോഴാണു് തെങ്ങുകയറ്റം കഴിഞ്ഞ പറമ്പിൽ നിന്നും ഒരു മടലിന്റെ കൂർത്ത അറ്റം ഞെരിയാണിയുടെ താഴെ തറച്ചു കയറിയതു്. മുറി പഴുത്തു. മാറഞ്ചേരിയിലെ ആശുപത്രിയിലേക്കു യാത്ര പോകാൻ തുടങ്ങി. മുറിവു് ഉണങ്ങിയെങ്കിലും ഇപ്പോൾ അവിടെ വട്ടത്തിൽ ഒരു അടയാളമായി. തെങ്ങുകൾ തന്ന ഒരു സ്നേഹചുംബനം. രണ്ടാഴ്ചയായിരുന്നു സ്കൂളിൽ മുടങ്ങിയതു്.
വല്ല്യക്കാക്ക കൊടുത്തയച്ച പോളിസ്റ്റർ കുപ്പായം കുമാരന്റെ സ്റ്റൈൽ ടൈലറിങ്ങിൽ നിന്നും തയ്പ്പിച്ചതും ഇട്ടു് സ്കൂളിലെത്തി. ചുവന്നു് പളപളാ മിന്നുന്ന ലങ്കുന്ന കുപ്പായം വേലായുധൻ മാസ്റ്റർ വരെ പിടിച്ചുനോക്കി. ഇതു് എവിടുന്നു കിട്ടി
“ഇക്കാക്ക ഗൾഫിൽ നിന്നും കൊടുത്തയച്ചതാണു്.”
ഇന്റർവെല്ലിനു് എം. പ്രകാശനെയും കൂട്ടി ചേട്ടന്റെ കടയിലേക്കു് പോയി. സഹായി ചക്കപ്പനാണു് കടയിൽ.
“ചെരുപ്പ് വന്നോ.”
“ആ വന്നല്ലോ. മോൻ ഇരിക്ക്”
ഹാവൂ സമാധാനമായി. ചെരുപ്പു് വെച്ചിരിക്കുന്ന മരപ്പലകയുടെ കള്ളിയിലക്കു് ചക്കപ്പന്റെ കൂടെ പ്രവേശിച്ചു. ഒരു എണ്ണം ചുവന്നതു് എടുത്തു് കാലിൽ ഇട്ടുനോക്കാൻ പറഞ്ഞു ചക്കപ്പൻ. അയാൾ കെട്ടും പൂട്ടും അഴിച്ചു തന്നു. സ്വപ്നപാദുകം ഇതാ കരഗതമായിരിക്കുന്നു. ഇതും കാലിൽ ഇട്ടു് ഇപ്പോൾ തന്നെ ക്ലാസ്സിൽ ഇരിക്കാമല്ലോ. ലങ്കുന്ന കുപ്പായവും ചുവന്നു് ലങ്കുന്ന ചെരുപ്പു്.
“മോനേ മുതലാളി ഒന്നിങ്ങോട്ടു് വന്നോട്ടെ. ഒരു അഞ്ചു് മിനിട്ടു് നിൽക്കു്.”
അയാളുടെ സമ്മതമില്ലാതെ ചക്കപ്പൻ ചെരുപ്പു് തരും എന്നു തോന്നുന്നില്ല. കടയുടെ അരികിൽ ടാറിൻ വീപ്പകളാണു് അടുക്കിവച്ചിരിക്കുന്നു. വീപ്പ പൊട്ടി ഉരുകിയോലിച്ച ടാറ് റോഡ് സൈഡിൽ കെട്ടിക്കിടക്കുന്നു. തൊട്ടടുത്തു് ഇഞ്ചിപ്പുല്ലിന്റെ കാട്ടിൽ മൂസക്കുട്ട്യാക്കയുടെ തള്ളയാടുകൾ കുട്ടികളോടൊപ്പം പുല്ലു് തിന്നുന്നു. ഞാൻ പോകുന്നു. ഇപ്പോൾ ബല്ലടിക്കും. എം. പ്രകാശൻ സ്കൂളിലേക്കു് പോയി, ചക്കപ്പൻ കപ്പി അന്വേഷിച്ചു വന്ന ആൾക്കു് കപ്പി എടുത്തു കൊടുത്തു. ചെരുപ്പു് അതാ അവിടെ… ചേട്ടന്റെ വരവും കാത്തു് അതിന്റെ ഉടമയുടെ കൂടെ ഇറങ്ങിപ്പോകാൻ അക്ഷമയോടെ കണ്ണും മിഴിച്ചു് ഇരിക്കുന്നു. എന്റെ കാലിലേക്കു് കയറിപ്പറ്റാനുള്ള തിരക്കു് എന്നെപ്പോലെ തന്നെ ചെരുപ്പിനുമുണ്ടു്.
സാവിത്രിടീച്ചറാണു്, നേരം വൈകിയാൽ അങ്ങാടിയിലെ പീടികയിൽ ചിറിയിൽ നോക്കി നിന്നതിനു് രണ്ടടി കൂടുതൽ കിട്ടും. അഞ്ചു മിനിട്ട് കഴിഞ്ഞു. പത്തു മിനുട്ടായി. അതു് ഇരുപതു് മിനിട്ടിലേക്കു് വളർന്നു. കാര്യസൻ മാമുക്ക വന്നു് ഒരു കുറിപ്പുസ്തകം വാങ്ങിപ്പോയി. മടാപ്പിടിയൻ മയമാക്ക ഒരു പുതിയ കൈക്കോട്ടും വാങ്ങി. വേലികെട്ടുന്ന കമ്പി വാങ്ങാൻ പത്തിരുത്തമ്മേൽ ഉള്ള വേലികെട്ടുകാരൻ ചങ്ങനും വന്നു. നിന്നുനിന്നു് അര മണിക്കൂറായി. എന്നെ നോക്കി ചിരിതുടങ്ങിയ പല്ലിമുട്ടായികളുടെ മുഖം ദേഷ്യം കൊണ്ടു് കോടാൻ തുടങ്ങി. ഒടുവിൽ ചേട്ടൻ എന്ന ദീർഘകായൻ കരയണയാൻ പോകുന്ന പെരമഞ്ചി പോലെ അലൂമിനയം പാത്രങ്ങളുള്ള ചാക്കും ചുമന്നു വന്നു. ചക്കപ്പൻ വന്നു് ചാക്കു് ഇറക്കി. മൂടു് തട്ടി. വിയർത്തു് കുളിച്ച ചേട്ടൻ കാക്കിക്കുപ്പായത്തിന്റെ രണ്ടു് കുടുക്കുകൾ അഴിച്ചിട്ടു. അയാൾ എന്നെ കണ്ടിരിക്കുന്നു. ചക്കപ്പൻ കാര്യം പറഞ്ഞു. മ്മ്ളെ ചെരുപ്പു് അന്വേഷിച്ചു് വരുന്ന ആ പേർഷ്യക്കാരന്റെ കുട്ടിയില്ലേ. ദാ കുറെ നേരമായി ഇവിടെ കാത്തു നിൽക്കുന്നു. ആ കുട്ടി പാകമായ ചെരുപ്പു് എടുത്തു വച്ചിട്ടുണ്ടു്. അതു് അങ്ങട്ടു് കൊടുക്കട്ടെ.
വേണ്ട അതു് കൊടുക്കണ്ട. മുഖത്തടിച്ചതുപോലെയായിരുന്നു ചേട്ടന്റെ മറുപടി.
ടാറിൻ വീപ്പയുടെ അറ്റത്തു് നിന്നും ഒരു നിലവിളി കേട്ടു. മുസക്കുട്ട്യാക്കയുടെ ഒരു ആട്ടിൻ കുട്ടി കൂടി വീപ്പയിൽ വീണിരിക്കുന്നു. തള്ളയാടു് അമറി അമറി കുറ്റിയടിച്ച കയറും പറിച്ചു് ഉറക്കെ കരയുന്നു. ആട്ടിൻ കുട്ടിക്കു് നീങ്ങാൻ ആകുന്നില്ല. മ്പേ… മ്പേ.
“അല്ല അപ്പോ ആ കുട്ടി കുറേ ആയില്ലേ വരാൻ തുടങ്ങിയിട്ടു്.”
“മേടിച്ചതിന്റെ കാശു് തന്നെ തന്നിട്ടില്ല. എന്നിട്ടാപ്പോ… ഇതും കൂടി കൊടുക്കുന്നതു്. മൂന്നു് ഉറുപ്പിക മുന്നത്തേതു്. മൂന്നര ഉറുപ്പിക ഇതിന്റീം. രണ്ടും കൂടി ആറര ഉറുപ്പിക. ചക്കപ്പാ ഇയ്യ് തര്വോ അതു്. ചക്കപ്പാ മുണ്ടാണ്ടു് അവിടെ എങ്ങാനും പോയി ഇരുന്നോ.”
ഒന്നും മുണ്ടാതെ നിരാശയും ദുഃഖവും കൂട്ടിക്കുഴച്ചു് തിരിച്ചു നടന്നു.
നേരംവൈകിയതിനും കണ്ണിൽ കണ്ട പീടികയിൽ ചിറിയിൽ നോക്കി നിന്നതിനും നീലൂരിയുടെ വടികൊണ്ടു് ആറു് അടി കിട്ടി. തുള്ളിച്ചാടിയ കണ്ണീരിന്റെ അലകളിൽ പൊങ്ങിക്കിടന്നു. എല്ലാ ദുഃഖങ്ങളെയും കെട്ടിപ്പിടിച്ചു് അണച്ചുകൊണ്ടു്. പുതിയ ലങ്കുന്ന കുപ്പായത്തിന്റെ അറ്റം കൊണ്ടു്. ഒഴുകിച്ചാടിയ ആ പരിശുദ്ധിയുടെ തെളിനീരു് ഒപ്പിയെടുത്തു. നനവു് പുരണ്ട കുപ്പായത്തിലേക്കു് എല്ലാവരും ഉറ്റുനോക്കുന്നുണ്ടു്.
കിട്ടാതെപോയ ആ ചെരിപ്പു് ആ വർഷം മുഴുവൻ കാലിന്റെ അടിയിൽ കിടന്നു് അകന്നുപോയ കിനാവിന്റെ നൊമ്പരങ്ങളെ ഓർത്തിരിക്കണം. നനഞ്ഞും തപിച്ചും തണുത്തും കിടന്ന മൺവീറിലേക്കു് ഉള്ളംകാൽ അമർത്തിച്ചവിട്ടിയപ്പോൾ വിരൽ മൊട്ടിലൂടെ അന്നു് ഉള്ളിലേക്കു് തറഞ്ഞു കയറിയ മണ്ണിന്റെ നനവും വേവും ആണു് ഇന്നും ഉള്ളിൽ മുളകാത്തു് കിടക്കുന്ന അകം വേവുകളെ പനിച്ചു കിടക്കാൻ പഠിപ്പിച്ചതു്. ചരാചരപ്രേമത്തിന്റെ ചക്ഷുസ്സുകളുമായി എല്ലാം എല്ലാവരുടേതുമാണു് എന്ന കാഴ്ചപ്പാടുമായി അതിരുകളില്ലാത്ത ശരദാകാശങ്ങൾക്കു് മേലെ അവയ്ക്കു് എത്രകാലം പറന്നുയരാനാകും?
![images/shoukathali.png](images/shoukathali.png)
പൊന്നാനിയിലെ എരമംഗലം സ്വദേശി. എരമംഗലത്തെ എൽ. പി., യു. പി. സ്കൂളുകൾ പൊന്നാനി എ. വി. ഹൈസ്കൂൾ കോഴിക്കോടു് ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ പഠനം. ആനുകാലികങ്ങളിൽ എഴുതുന്നു 5 പുസ്തകങ്ങൾ. ആസുരനക്രങ്ങൾ, പൊത്തു് (കവിത സമാഹാരങ്ങൾ) വന്നേരിയുടെ വഴിയടയാളങ്ങൾ, (ചരിത്രം) കാഞ്ഞിരവും കാരമുൾക്കാടും (ഓർമ്മ) കണ്ടാരി (നോവെല്ല) എന്നിങ്ങനെ. തിരൂരിലെ എസ്. എസ്. എം. പോളിയിൽ ജീവനം.
ഭാര്യ: ആരിഫ
കുട്ടികൾ: മുബഷിറ, സ്തുതി, ആയിഷ സന.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.
![images/shoukathalighan@oksbi.jpg](images/shoukathalighan@oksbi.jpg)