SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 1998-04-17-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: മലയാള സാ​ഹി​ത്യ​കാ​ര​ന്മാ​രെ പു​ച്ഛ​മാ​ണ​ല്ലേ?

ഉത്ത​രം: അയ്യോ, പു​ച്ഛ​മൊ​ട്ടു​മി​ല്ല. നല്ല സാ​ഹി​ത്യ​കാ​ര​ന്മാർ ഇവി​ടെ​യേ​റെ​യു​ണ്ടു്. പക്ഷേ, അമ്പ​തു കൊ​ല്ലം കഴി​ഞ്ഞു് നി​ഷ്പ​ക്ഷ​മാ​യി രചി​ക്ക​പ്പെ​ടു​ന്ന മലയാള സാ​ഹി​ത്യ​ച​രി​ത്ര​ത്തിൽ ഇവർ​ക്കു​ള്ള സ്ഥാ​നം ഫു​ട്നോ​ട്ടു​ക​ളിൽ മാ​ത്ര​മാ​യി​രി​ക്കും.

ചോ​ദ്യം: ഏതു ജീവിത തത്വ​ചി​ന്ത നല്ല​തു്?

ഉത്ത​രം: നി​ങ്ങൾ ഇവിടെ തൽ​കാ​ല​ത്തേ​ക്കു മാ​ത്ര​മു​ള്ള അതിഥി. മറ്റു​ള്ള​വർ ആതി​ഥേ​യർ. അവരിൽ ആരെ​യും വേ​ദ​നി​പ്പി​ക്ക​രു​തു്.

ചോ​ദ്യം: ഞാൻ കല്യാ​ണം കഴി​ക്കാൻ പോ​കു​ന്നു. എങ്ങ​നെ പെ​രു​മാ​റ​ണം ഞാൻ വധു​വി​നോ​ടു്?

ഉത്ത​രം: ഭാ​ര്യ​യു​മാ​യി എന്നും വൈ​കു​ന്നേ​രം നട​ക്കാൻ പോകണം. അങ്ങ​നെ പോ​കു​മ്പോൾ അവളെ തൊ​ട്ട​ടു​ത്തു് നട​ക്കാൻ പറയണം. ചി​ല​രെ​പ്പോ​ലെ ഭാ​ര്യ​യെ കാൽ ഫർ​ലോ​ങ് ദൂരെ പു​റ​കി​ലാ​യി നട​ത്ത​രു​തു്. ഒരു​മി​ച്ചു നട​ക്കു​മ്പോൾ നി​ങ്ങൾ മു​ണ്ടു് മട​ക്കി​ക്കു​ത്ത​രു​തു്. വൾ​ഗ​റാ​ണ​തു്.

ചോ​ദ്യം: നി​ങ്ങൾ ചത്തു​മ​ണ്ണ​ടി​ഞ്ഞാൽ?

ഉത്ത​രം: എന്റെ വീ​ട്ടി​ന്റെ മുൻ​പി​ലു​ള്ള വയ​ലി​ലെ നെ​ല്ലോ​ല​ക​ളു​ടെ ഇട​യിൽ​ക്കൂ​ടി മന്ദ​വാ​തം അന​വ​ര​തം ഒഴു​കി​ക്കൊ​ണ്ടി​രി​ക്കും.

ചോ​ദ്യം: സാറേ പൊ​റു​തി​യി​ല്ല. ഇവി​ടെ​യൊ​രു​ത്തൻ എന്നെ​ക്കു​റി​ച്ചു് അപ​വാ​ദ​ങ്ങൾ പ്ര​ച​രി​പ്പി​ക്കു​ന്നു. എന്തു ചെ​യ്യ​ണം ഞാൻ?

ഉത്ത​രം: ഒന്നും ചെ​യ്യേ​ണ്ട​തി​ല്ല. നേ​രി​ട്ടു നി​ങ്ങ​ളോ​ടു് അത്ത​ര​ത്തിൽ വല്ല​തും പറ​ഞ്ഞാൽ അവ​ന്റെ പല്ലു​കൾ കൊ​ഴി​യു​മാ​റു് അടി കൊ​ടു​ക്ക​ണം. പി​ന്നെ നി​ങ്ങൾ നല്ല​വ​നാ​യ​തു​കൊ​ണ്ടാ​ണു് അപ​വാ​ദ​ങ്ങൾ ഉണ്ടാ​കു​ന്ന​തു്.

ചോ​ദ്യം: ശു​ദ്ധ​മായ മല​യാ​ളം എഴു​തു​ന്ന​വർ ആരെ​ല്ലാം?

ഉത്ത​രം: സി. വി. കു​ഞ്ഞു​രാ​മൻ, ഇ. വി. കൃ​ഷ്ണ​പി​ള്ള, എം. ആർ. നായർ, മന്ന​ത്തു പദ്മ​നാ​ഭൻ, എസ്. ഗു​പ്തൻ​നാ​യർ.

ധൈ​ഷ​ണിക ഭാവന
images/Italo_Calvino.jpg
ഈതാലോ കാൽ​വീ​നോ

ഫ്ര​ഞ്ചു് സാ​ഹി​ത്യ​നാ​യ​കൻ യൂഗോ ഒരി​ക്കൽ ഫ്ര​ഞ്ച് മഹാ​ക​വി ബോ​ദ​ലേ​റി നോടു പറ​ഞ്ഞു: You have created a new shudder താ​ങ്കൾ പുതിയ ഞടു​ക്കം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു. ധൈ​ഷ​ണിക ഭാവന കൊ​ണ്ടു് നൂ​ത​ന​മായ പ്ര​ക​മ്പ​നം ഉള​വാ​ക്കിയ മഹാ​നായ സാ​ഹി​ത്യ​കാ​ര​നാ​ണു് ഈതാലോ കാൽ​വീ​നോ (Italo Calvino 1923–1985). എന്താ​ണു് ധൈ​ഷ​ണിക ഭാവന? വൽ​റ്റർ ഡി ല മർ എന്ന ബ്രി​ട്ടീ​ഷ് കവി എഴു​തിയ Rupert Brooke and the Intellectual Imagination എന്ന പ്ര​ബ​ന്ധം നാ​ല്പ​തു വർഷം മുൻ​പു് ഞാൻ വാ​യി​ച്ചു. പക്ഷേ, അതിലെ ഒരു ചി​ന്ത​യും എന്റെ ഓർ​മ്മ​യി​ലി​ല്ല ഇപ്പോൾ. അതു​കൊ​ണ്ടു് എനി​ക്കു തോ​ന്നു​ന്ന​തു് എഴു​താം. ധൈ​ഷ​ണിക ഭാവന കലാ​ത്മക ഭാവന പോലെ ആകർ​ഷ​ക​മാ​ണെ​ങ്കി​ലും അതു് (ധൈ​ഷ​ണിക ഭാവന) അനു​വാ​ച​ക​നിൽ സവി​ശേ​ഷ​മായ മാ​ന​സി​കാ​വ​സ്ഥ ഉള​വാ​ക്കും. കലാ​ത്മക ഭാവന സഹൃ​ദ​യ​രിൽ പഞ്ഞി​ക്കെ​ട്ടിൽ തീ പി​ടി​ച്ച​തു പോ​ലെ​യു​ള്ള അവ​സ്ഥ​യു​ള​വാ​ക്കു​മ്പോൾ ധൈ​ഷ​ണിക ഭാവന പ്ര​ഭാ​ഷ​ണാ​ത്മ​ക​ത​യോ​ടു സാ​ദൃ​ശ്യ​മു​ള്ള മാ​ന​സി​കാ​വ​സ്ഥ​യാ​ണു് ഉള​വാ​ക്കുക. കലാ​ത്മക ഭാവന രൂപം നൽ​കു​ന്ന രച​ന​കൾ​ക്കു ബേനോ ദേതോ ക്രോ​ചെ പറഞ്ഞ infinity of expression ഉണ്ടു്. ഈ ആവി​ഷ്കാ​ര​ത്തി​ന്റെ അന​ന്തത ധൈ​ഷ​ണിക ഭാ​വ​ന​യു​ടെ സൃ​ഷ്ടി​കൾ​ക്കി​ല്ല. എങ്കി​ലും ഇവ​യ്ക്കാ​യി​രി​ക്കും കലാ​ത്മക ഭാ​വ​ന​യു​ടെ സൃ​ഷ്ടി​ക​ളേ​ക്കാൾ ബഹു​ജ​ന​മ​ദ്ധ്യ​ത്തിൽ പ്ര​ചാ​രം.

images/Walter_de_la_Mare.jpg
വൽ​റ്റർ ഡി ല മർ

ഇതാലോ കാൽ​വി​നോ​യു​ടെ നോ​വ​ലു​ക​ളും ചെ​റു​ക​ഥ​ക​ളും വി​സ്മ​യാ​വ​ഹ​ങ്ങ​ളായ ധൈ​ഷ​ണിക സൃ​ഷ്ടി​ക​ളാ​ണു്. പക്ഷേ, കാ​ല​പ്ര​വാ​ഹ​ത്തിൽ അവ കട പുഴകി നിലം പതി​ക്കും. ക്ര​മ​വും വ്യ​വ​സ്ഥ​യും ഉള്ള​പ്പോൾ ക്ര​മ​മി​ല്ലാ​യ്മ​യും വ്യ​വ​സ്ഥ​യി​ല്ലാ​യ്മ​യും സൃ​ഷ്ടി​ക്കാ​നു​ള്ള പ്ര​വ​ണത കലാ​കാ​ര​ന്മാർ​ക്കു​ണ്ടാ​കു​മെ​ങ്കി​ലും അതാ​ണു് തന്റെ കൃ​തി​ക​ളിൽ കാ​ണു​ന്ന​തെ​ന്നും കാൽ​വി​നോ പറ​ഞ്ഞി​ട്ടു​ണ്ടു്. (I am) prompted by a kind of intellectual agoraphobia എന്നും ‘Intellectual process is quite simply the revenge and triumph of all that is combinatory over continuous flux’ എന്നും കാൽ​വി​നോ അഭി​പ്രാ​യ​പ്പെ​ട്ടു. ഈ ധൈ​ഷ​ണി​ക​ത്വ​മാ​ണു് ശ്രീ. വൈ​ക്കം മുരളി ഭാ​ഷാ​ന്ത​രീ​ക​ര​ണം ചെയ്ത ഒരു കാൽ​വി​നോ കഥ​യി​ലു​ള്ള​തു്. (മല​യാ​ളം വാരിക) ‘ഗ്ര​ന്ഥ​ശാ​ല​യിൽ ഒരു ജനറൽ’ എന്ന രച​ന​യിൽ ആന്റി​ഫാ​സ്സി​സ്റ്റായ കാൽ​വി​നോ​യെ കാണാം. സം​സ്കാ​ര​ത്തെ ഫാ​സ്സി​സം മർ​ദ്ദി​ച്ചൊ​തു​ക്കു​ന്ന​തു ദർ​ശി​ക്കാം. കഥാ​കാ​രൻ അന്യാ​ദൃ​ശ​മായ ഒരു ലോ​ക​ത്തെ ആലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇതു് ആന്റി റി​യ​ലി​സ​മാ​ണെ​ന്നും മാ​ത്ര​മേ എനി​ക്കു പറ​യാ​നു​ള്ളൂ.

ജോസ് പന​ച്ചി​പ്പു​റം
images/BridgeofDreams.jpg

ലേഡി സാ​റാ​ഷീന എന്ന ജാ​പ്പ​നീ​സ് എഴു​ത്തു​കാ​രി​യു​ടെ ‘As I Crossed A Bridge of Dreams’ എന്ന പു​സ്ത​കം സു​ന്ദ​ര​മാ​ണു്. അതി​ലൊ​രി​ട​ത്തു് അവർ പറ​യു​ന്നു: The moon was wonderfully clear and beautiful. Sat down, and I wrote the poems.

Even as I wander on my journey

It always stays above me in the sky-

This moon I gazed on in the capital

… No longer having any sorrows of my own, I concentrated on providing the best possible upbringing for my children and waited impatiently for them to grow up. I also, prayed for my husband’s future and I was confident that my prayers would be answered.

ഇവ​രെ​പ്പോ​ലെ കു​ഞ്ഞു​ങ്ങ​ളു​ടെ ഭാ​വി​യിൽ മന​സ്സി​രു​ത്തു​ന്ന​വ​ളും ഭർ​ത്താ​വി​ന്റെ ഭാവി ഭാ​ഗ​ധേ​യ​ത്തിൽ തല്പ​ര​ത്വ​മു​ള്ള​വ​ളും ആയ എത്ര സ്ത്രീ​കൾ കാണും? തീ​രെ​യി​ല്ലാ​തെ​യി​ല്ല. പക്ഷേ, അവർ​ക്കു സം​ഖ്യാ​വ​ലം​ബ​മി​ല്ല. സാ​റാ​ഷീ​ന​യു​ടേ​തു് പ്ര​ണ​യ​മാ​ണു്. സ്ത്രീ​യും പു​രു​ഷ​നും പര​സ്പ​രം കാ​ണു​മ്പോൾ ഒരാ​ളി​നു് ഉണ്ടാ​കു​ന്ന​തു് രാഗം. രണ്ടു​പേർ​ക്കും അതു ജനി​ക്കു​മ്പോൾ അനു​രാ​ഗ​മാ​യി. അവർ വി​വാ​ഹം ചെ​യ്തു​ക​ഴി​യു​മ്പോൾ പ്രേ​മം. ഈ കാ​ല​യ​ള​വിൽ ഭർ​ത്താ​വ് അന്യ​സ്ത്രീ​യെ പ്രാ​പി​ക്കു​ന്ന​തു ഭാര്യ സഹി​ക്കി​ല്ല. വള​രെ​ക്കാ​ലം അങ്ങ​നെ കഴി​യു​മ്പോൾ രണ്ടു​പേ​രു​ടേ​യും സ്വാർ​ഥ​താ​ത്പ​ര്യ​ങ്ങൾ നശി​ക്കു​ന്നു. ഭാ​ര്യ​യു​ടെ ആഹ്ലാ​ദ​ത്തിൽ ഭർ​ത്താ​വി​നും ഭർ​ത്താ​വി​ന്റെ ആഹ്ലാ​ദ​ത്തിൽ ഭാ​ര്യ​യ്ക്കും തല്പ​ര​ത്വം വരും. ഇതാണു പ്ര​ണ​യാ​വ​സ്ഥ. ഇതി​ന്റെ പര​കോ​ടി​യിൽ ഭർ​ത്താ​വി​ന്റെ പര​സ്ത്രീ​ഗ​മ​നം ഭാര്യ അനു​വ​ദി​ച്ചു കൊ​ടു​ക്കും. ഇങ്ങ​നെ​യൊ​ക്കെ​യാ​ണു് ഞാൻ ഏതോ സം​സ്കൃ​ത​ഗ്ര​ന്ഥ​ത്തിൽ കണ്ട​തു്.

സത്യ​ത്തി​ന്റെ മുഖം സ്വർ​ണ്ണ​പ്പാ​ത്രം കൊ​ണ്ടു മൂ​ട​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന ചൊ​ല്ല് ആദ്യ​മാ​യി കേൾ​ക്ക​നി​ട​യാ​യ​പ്പോൾ ഒരു മുൻ​കേ​ന്ദ്ര​മ​ന്ത്രി ഉടനേ രഹ​സ്യ​മാ​യി അന്വേ​ഷി​ച്ചു പോലും‘എവിടെ’

ദമ്പ​തീ​വി​ഷ​യ​ക​മായ ഈ ആദർ​ശ​വ​ത്ക​ര​ണം (ആദർ​ശ​വ​ത്ക​ര​ണം എന്ന പ്ര​യോ​ഗം വ്യാ​ക​രണ സമ്മ​ത​മ​ല്ല) ഭാ​ര​തീ​യ​രു​ടെ സവി​ശേ​ഷ​ത​യാ​ണു്. പ്രാ​യോ​ഗിക തല​ത്തിൽ അതിൽ സം​വീ​ക്ഷ​ണം ചെ​യ്യു​ന്ന​തു് പടി​ഞ്ഞാ​റു​ള്ള​വ​രാ​ണു്. ഇഷ്ട​പ്പെ​ടാൻ കഴി​യാ​ത്ത ഒരു​ത്ത​നെ​യാ​ണു് പെ​ണ്ണി​നു കി​ട്ടു​ന്ന​തെ​ങ്കി​ലോ? അപ്പോൾ സ്ത്രീ എങ്ങ​നെ പെ​രു​മാ​റും എന്ന​തി​ന്റെ ചി​ത്ത​വൃ​ത്തി​പ​ര​മാ​യി പ്ര​കാ​ശി​പ്പി​ക്കു​ന്ന കഥ​യാ​ണു് ശ്രീ. ജോസ് പന​ച്ചി​പ്പു​റം മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പി​ലെ​ഴു​തിയ ‘സ്വ​പ്നം ബല​ക്ഷ​യം’ എന്ന​തു്. വി​വാ​ഹം കഴി​ഞ്ഞു മൂ​ന്നു ദി​വ​സ​മാ​യി​ല്ല. ഭാ​ര്യ​യും ഭർ​ത്താ​വും തീ​വ​ണ്ടി​യിൽ കയറി മധു​വി​ധു ആഘോ​ഷി​ക്കാൻ പോ​കു​ന്നു. കഥാ​കാ​ര​ന്റെ ഓരോ വാ​ക്യ​വും സ്ത്രീ​യു​ടെ വി​ദ്വേ​ഷ​ത്തെ നമ്മു​ടെ ശ്ര​ദ്ധ​യിൽ കൊ​ണ്ടു​വ​രു​ന്നു. അവ​ളു​ടെ നി​സ്സം​ഗത ജനി​പ്പി​ക്കു​ന്ന മൗനം തന്നെ ഒരു​ത​രം പ്ര​തി​കാര നിർ​വ്വ​ഹ​ണ​മാ​ണു്. അതിനെ അവൾ വി​ദ​ഗ്ധ​മാ​യി നി​യ​ന്ത്രി​ക്കു​ന്നു. പക്ഷേ, ഈ നി​യ​ന്ത്ര​ണം ഒരു സന്ദർ​ഭ​ത്തിൽ ഇല്ലാ​തെ​യാ​വും. അതി​നാ​ലാ​ണു് അവൾ കൂടെ സഞ്ച​രി​ച്ച മറ്റൊ​രു പു​രു​ഷ​നിൽ കൗ​തു​ക​മു​ള്ള​വ​ളാ​യി മാ​റു​ന്ന​തു്. അയാൾ തീ​വ​ണ്ടി​യിൽ നി​ന്നി​റ​ങ്ങി ആൾ​ക്കൂ​ട്ട​ത്തി​ലേ​ക്കു മറ​യു​ന്നു. അവ​ളു​ടെ കണ്ണു​കൾ ആ അജ്ഞാ​ത​പു​രു​ഷ​നെ തേ​ടു​ന്നു. ഇതു രതി​ഭാ​വ​മ​ല്ല. തന്നെ വി​വാ​ഹം കഴി​ച്ച​വ​നോ​ടു​ള്ള നീ​ര​സ​ത്താൽ ഉള​വാ​യ​താ​ണു്. ആഖ്യാ​ന​ത്തി​ന്റെ ശീ​ഘ്ര​ഗ​തി തീ​വ​ണ്ടി​യു​ടെ ശീ​ഘ്ര​ഗ​തി​ക്കു് അനു​രൂ​പ​മാ​യി​രി​ക്കു​ന്നു. എല്ലാം കൊ​ണ്ടും ചാ​രു​ത​യാർ​ന്ന കഥ​യാ​ണി​തു്.

കാ​ഴ്ച​പ്പാ​ടു​കൾ
images/C_Radhakrishnan.jpg
സി രാ​ധാ​കൃ​ഷ്ണൻ

സത്യ​ത്തി​ന്റെ മുഖം സ്വർ​ണ്ണ​പ്പാ​ത്രം കൊ​ണ്ടു മൂ​ട​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന ചൊ​ല്ല് ആദ്യ​മാ​യി കേൾ​ക്ക​നി​ട​യാ​യ​പ്പോൾ ഒരു മുൻ​കേ​ന്ദ്ര​മ​ന്ത്രി ഉടനേ രഹ​സ്യ​മാ​യി അന്വേ​ഷി​ച്ചു പോലും‘എവിടെ’ ശ്രീ. സി. രാ​ധാ​കൃ​ഷ്ണൻ മാ​ധ്യ​മം ആഴ്ച​പ്പ​തി​പ്പിൽ—ഒന്നാം​ത​രം ഫലിതം. കു​റ​ച്ചു വർഷം മുൻപു ഒരു വൈസ് ചാൻ​സ​ലർ അധ്യ​ക്ഷ​നാ​യി​രു​ന്ന മീ​റ്റിം​ഗിൽ ഞാൻ പ്ര​സം​ഗി​ച്ചു. അധ്യ​ക്ഷൻ ഭാ​ര​ത​നാ​ട്യം എന്നു കൂ​ടെ​ക്കൂ​ടെ പറ​ഞ്ഞു. മീ​റ്റിം​ഗ് കഴി​ഞ്ഞു ഹോ​ളി​നു പു​റ​ത്തേ​ക്കു പോന്ന എന്നോ​ടു ശ്രോ​താ​ക്ക​ളി​ലൊ​രാൾ ചോ​ദി​ച്ചു. ‘സാർ ആ ഭാ​ര​ത​നാ​ട്യ പ്ര​യോ​ഗം തി​രു​ത്താ​ത്ത​തു് എന്തു്’ ഞാൻ മറു​പ​ടി നല്കി: ‘എന്തി​നു തി​രു​ത്ത​ണം. ഭാ​ര​ത​ത്തി​ലു​ള്ള​തു ഭാ​ര​ത​നാ​ട്യം. ശരി​യാ​ണ​ല്ലോ വൈസ് ചാൻ​സ​ലർ പറ​ഞ്ഞ​തു്’

2. ‘പറയാൻ വയ്യാ​ത്ത രീ​തി​യിൽ ബു​ദ്ധി​ശൂ​ന്യ​മാ​യ​തു പാ​ട്ടാ​യി ആവി​ഷ്ക​രി​ക്ക​പ്പെ​ടു​ന്നു’ എന്നു് ഒരു ഫ്ര​ഞ്ച് തത്ത്വ​ചി​ന്ത​കൻ. ശരി​യ​ല്ലേ? ഒന്നാ​ലോ​ചി​ച്ചു നോ​ക്കുക. നമ്മു​ടെ സി​നി​മാ​പ്പാ​ട്ടു​കൾ തന്നെ​യാ​വ​ട്ടെ. ‘ഗു​രു​വാ​യൂ​ര​മ്പ​ല​ന​ട​യിൽ ഒരു ദിവസം ഞാൻ പോകും’ എന്നു് ആരെ​ങ്കി​ലും നമ്മ​ളോ​ടു പറ​ഞ്ഞാൽ സാ​ക്ഷാൽ തി​രു​വ​ന​ന്ത​പു​രം ഭാ​ഷ​യിൽ ‘അതിനു ഞാ​നെ​ന്ത​രു വേ​ണ​മെ​ടേ. പോ​യി​ട്ടു വാ’ എന്നു മറു​പ​ടി നല്കും. പക്ഷേ, അനു​ഗൃ​ഹീ​ത​നായ ഗായകൻ ആ ശു​ഷ്ക​വാ​ക്യ​ത്തെ ലയ​ത്തിൽ നൃ​ത്തം ചെ​യ്യി​ക്കു​മ്പോൾ ബു​ദ്ധി​ശൂ​ന്യ​മാ​യ​തു ഉദാ​ത്ത​മാ​കു​ന്നു. അദ്ദേ​ഹ​മു​ള്ള​തു നമ്മു​ടെ പാ​ട്ടെ​ഴു​ത്തു​കാ​രു​ടെ ഭാ​ഗ്യം.

images/khasakkinte-ithihaasam.jpg

3. മലയാള സാ​ഹി​ത്യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ശ്രീ. ഒ. വി. വി​ജ​യ​ന്റെ ‘ഖസാ​ക്കി​ന്റെ ഇതി​ഹാ​സം’ യു​ഗ​നിർ​മ്മാണ നോ​വ​ലാ​ണു്. ‘രാ​മ​രാ​ജ​ബ​ഹ​ദൂർ’ ‘ബാ​ല്യ​കാ​ല​സ​ഖി’ ഇവ ഓരോ കാ​ല​യ​ള​വു സൃ​ഷ്ടി​ച്ച​തു​പോ​ലെ. പക്ഷേ, അതി​നെ​ക്കു​റി​ച്ചു് ഉണ്ടാ​കു​ന്ന നി​രൂ​പ​ണ​ങ്ങൾ ഹി​മാ​ലയ പർ​വ്വ​ത​ത്തോ​ളം വലി​പ്പ​മാർ​ജ്ജി​ക്കു​ന്നു. സാ​യ്പി​ന്റെ ഒരു നേ​ര​മ്പോ​ക്കു് ഓർ​മ്മ​യി​ലെ​ത്തു​ന്നു.

നി​ങ്ങൾ സിനിമ കാ​ണാ​നി​രി​ക്കു​മ്പോൾ ഒരാന വന്നു നി​ങ്ങ​ളു​ടെ മുൻ​പി​ലു​ള്ള സീ​റ്റിൽ ഇരു​ന്നാൽ എന്തു ചെ​യ്യും? എന്നു ചോ​ദ്യം. ‘സി​നി​മ​യു​ടെ ഭൂ​രി​ഭാ​ഗ​വും കാണാൻ കഴി​യാ​തെ വരും’ എന്നു മറു​പ​ടി. വി​മർ​ശ​ന​ഗ​ജം വന്നു് അനു​വാ​ച​ക​ന്റെ മുൻ​പിൽ ഇരി​ക്കു​ന്നു. വള​രെ​ക്കാ​ല​മാ​യി. അതി​നാൽ ഖസാ​ക്കി​ന്റെ ഇതി​ഹാ​സം ആസ്വ​ദി​ക്കാൻ വാ​യ​ന​ക്കാ​ര​നു കഴി​യു​ന്നി​ല്ല. ‘ഗോ​കു​ലം കതിർ’ മാ​സി​ക​യിൽ ശ്രീ. ബാലൻ തളിയൽ എഴു​തിയ ‘വീ​ണ്ടും ഖസാ​ക്കി​ലേ​ക്കു്’ എന്ന ലേഖനം വാ​യി​ച്ച​പ്പോൾ ഇത്ര​യും കു​റി​ക്ക​ണ​മെ​ന്നു തോ​ന്നി.

4.

A narrow fellow in the Grass

Occasionally rides-​

You may have met him did you not

His notice sudden is-

The Grass divides as with a comb

A spotted shaft is seen-

And then it closes at your feet

And open further on-

Emily Dickinson എഴു​തിയ ഒരു കാ​വ്യ​ത്തി​ന്റെ ഒരു ഭാ​ഗ​മാ​ണി​തു്. സർ​വ​സാ​ധാ​ര​ണ​ങ്ങ​ളായ പദ​ങ്ങൾ പ്ര​യോ​ഗി​ച്ചു് പാ​മ്പു് ഇഴ​ഞ്ഞു​വ​രു​ന്ന​തി​നെ വർ​ണ്ണി​ക്കു​ക​യാ​ണു് കവി (സ്ത്രീ). ഇതു വാ​യി​ച്ചു കഴി​യു​മ്പോൾ യഥാർ​ത്ഥ​മായ പാ​മ്പി​നെ കണ്ടാൽ നമു​ക്ക് ഉണ്ടാ​കു​ന്ന അറ​പ്പും വെ​റു​പ്പും ഇല്ലാ​താ​കു​ന്നു. കവി വർ​ണ്ണി​ക്കു​ന്ന പാ​മ്പി​നെ​കാ​ണാൻ നമ്മൾ വീ​ണ്ടും വീ​ണ്ടും കവിത വാ​യി​ക്കു​ന്നു. ഇതാ​ണു് കവി​ത​യു​ടെ മാ​ജി​ക്ക്. ഈ മാ​ന്ത്രി​ക​ത്വ​മു​ള​വാ​ക്കാൻ എപ്പോ​ഴും കഴി​യു​ന്ന കവി​യാ​ണു് ശ്രീ​രേഖ. കട​ല​മ്മ​യോ​ടു് അദ്ദേ​ഹം ചോ​ദി​ക്കു​ന്നു:

കയ്യിൽ നി​റ​ച്ചും മു​ത്താ​ണോ?

കാ​ണാ​പ്പൊ​ന്നിൻ കി​ഴി​യാ​ണോ?

കര​യി​ല​തെ​ല്ലാം വി​ത​റു​മ്പോൾ

ചി​രി​യു​തി​രു​ന്ന​തു പതി​വാ​ണോ?

എവി​ടു​ന്നാ​ണീ നീലപ്പ-​

ട്ടെ​വി​ട​ന്നാ​ണീ നീലവള?

ഇവിടെ enchanting എന്ന ഇം​ഗ്ലീ​ഷ് പദം പ്ര​യോ​ഗി​ച്ചാ​ലേ എനി​ക്കു മതി​യാ​വു​ക​യു​ള്ളൂ. ശ്രീ​രേ​ഖ​യു​ടെ കവി​ത​യ്ക്കു​ള്ള നൈ​സർ​ഗ്ഗി​ക​ത​യും മനോ​ഹാ​രി​ക​ത​യും സഹൃ​ദ​യർ വേണ്ട വി​ധ​ത്തിൽ അറി​യു​ന്നി​ല്ല. പരു​ക്കൻ പദ്യ​ങ്ങ​ളാ​ണ​ല്ലോ ഇക്കാ​ല​ത്തു കവി​ത​യു​ടെ വേഷം കെ​ട്ടി നമ്മു​ടെ മുൻ​പി​ലേ​ക്കു വരു​ന്ന​തു്.

images/Albert_Speer.jpg
ആൽ​ബർ​ട്ട് ഷ്പേർ

5. നാ​ത്സി ഗവൺ​മെ​ന്റി​ന്റെ വാ​സ്തു​വി​ദ്യാ വി​ദ​ഗ്ദ്ധ​നും മന്ത്രി​സ​ഭ​യി​ലെ അം​ഗ​വു​മാ​യി​രു​ന്ന ആൽ​ബർ​ട്ട് ഷ്പേ​റി​ന്റെ (Albert Speer 1905–1981) ഷ്പാൻ​ഡൗ (Spandau) എന്ന രഹ​സ്യ​ഡ​യ​റി​കൾ ചി​ന്ത​യു​ടെ ഔന്നി​ത്യം കൊ​ണ്ടും ആവി​ഷ്കാ​ര​ത്തി​ന്റെ ചാരുത കൊ​ണ്ടും നി​സ്തു​ല​മാ​ണു്. Fascinating എന്നാ​ണു് മഹാ​ന്മാർ ഈ ഗ്ര​ന്ഥ​ത്തെ വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ള്ള​തു്. അദ്ദേ​ഹം ഒരി​ട​ത്തു പറ​യു​ന്നു: “ഞാൻ ഷാങ് പോൾ സാർ​ത്രി​ന്റെ The Age of Reason (എന്ന നോവൽ) വാ​യി​ക്കു​ക​യാ​ണു്. ഇന്ന​ത്തെ ഏറെ രച​ന​ക​ളെ​പ്പോ​ലെ ഇതു് എന്നെ ഞെ​ട്ടി​ക്കു​ന്നു. ക്ഷോ​ഭി​പ്പി​ക്കു​ന്നു. എന്താ​ണു് സം​ഭ​വി​ക്കു​ന്ന​തു്. വെ​ളി​യി​ലു​ള്ള ആളു​ക​ളെ​ക്കാൾ ആശ്ര​യ​സ്വ​ഭാ​വ​മു​ള്ള​തും സു​ര​ക്ഷി​ത​ത്വ​മാർ​ജ്ജി​ച്ച​തു​മായ ജീ​വി​ത​മാ​കാം ഞാൻ ജയി​ലിൽ നയി​ക്കു​ന്ന​തു്. തട​വ​റ​ക​ളിൽ കി​ട​ക്കു​ന്ന ഞങ്ങൾ​ക്കു​ള്ള​തി​നേ​ക്കാൾ ഏകാ​ന്തത സാർ​ത്രി​ന്റെ കഥാ​പാ​ത്ര​ങ്ങൾ​ക്കു​ണ്ടു്. കൂ​ടാ​തെ അവ​രു​ടെ വി​വി​ക്ത​ത​യ്ക്കു അവ​സാ​ന​മി​ല്ല. അവർ ഒരി​ക്ക​ലും സ്വ​ത​ന്ത്ര​രാ​കു​ക​യി​ല്ല. എനി​ക്കു ഒരു പ്ര​തീ​ക്ഷ​യെ​ങ്കി​ലു​മു​ണ്ടു്. ഒരു പക്ഷേ, ഇതൊരു വ്യാ​മോ​ഹ​മാ​കാം. എങ്കി​ലും എനി​ക്ക​തിൽ പി​ടി​ച്ചു നിൽ​ക്കാം. ഈ നോവൽ യഥാർ​ത്ഥാ​വ​സ്ഥ​ക​ളെ വർ​ണ്ണി​ക്കു​ന്നോ അതോ ഉത്ക​ണ്ഠ​ക​ളെ വർ​ണ്ണി​ക്കു​ന്നോ എന്നാ​ണു് എന്റെ ചോ​ദ്യം എന്നോ​ടു​ത​ന്നെ. സാ​മാ​ന്യ​മാ​യി പറയാം. ആധു​നിക സാ​ഹി​ത്യം ബാ​ഹ്യ​ജീ​വി​ത​ത്തി​ന്റെ സത്യ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നി​ല്ല. ബൽ​സാ​ക്ക്, ടോൾ​സ്റ്റോ​യി, പത്തൊൻ​പ​താം ശതാ​ബ്ദ​ത്തി​ലെ മഹാ​ന്മാ​രായ ഇം​ഗ്ലീ​ഷ് നോ​വ​ലി​സ്റ്റു​കൾ ഇവ​രു​ടെ നോ​വ​ലു​ക​ളിൽ നി​ന്നു് ജന​ങ്ങൾ ജീ​വി​ച്ച കാ​ല​ത്തി​ന്റെ​യും സമു​ദാ​യ​ത്തി​ന്റെ​യും സൂ​ക്ഷ്മ​ചി​ത്രം കി​ട്ടും. എനി​ക്കു തോ​ന്നു​ന്നു ഇന്ന​ത്തെ സാ​ഹി​ത്യ​ക​ഥാ​പാ​ത്ര​ങ്ങൾ മി​ഥ്യാ​രൂ​പ​ങ്ങ​ളെ​പ്പോ​ലെ​യാ​ണു്. സമു​ദാ​യം യഥാർ​ത്ഥ​ത്തിൽ ഇവ​യി​ലി​ല്ല. അതി​നെ​ക്കു​റി​ച്ചു​ള്ള വർ​ത്ത​മാ​ന​ങ്ങ​ളേ​യു​ള്ളൂ”.

നാ​ത്സി​ക​ളെ വെറും കു​റ്റ​വാ​ളി​ക​ളെ​ന്നു മു​ദ്ര​യ​ടി​ച്ചു വി​ട​രു​തു് നമ്മൾ. മറ്റു രാ​ജ്യ​ങ്ങ​ളി​ലെ ഏതു സമു​ന്നത നി​രൂ​പ​കർ​ക്കും സദൃ​ശ​രാ​ണു് അവർ.

വീർ​ത്ത​ക​ണ​ങ്കാൽ

പി​താ​ക്ക​ന്മാർ മകളെ വേഷം കെ​ട്ടി​ച്ചു് ഭാവി വര​ന്റെ മുൻ​പിൽ കൊ​ണ്ടു​വ​രു​മ്പോൾ അവൾ​ക്കു കണ​ങ്കാൽ വീ​ക്ക​മു​ണ്ടെ​ങ്കിൽ സ്വർ​ണ്ണ​ക്കൊ​ലു​സ്സു് കൂടെ ചാർ​ത്താൻ സമ്മ​തി​ക്ക​രു​തു്

വധു​വി​ന്റെ മു​ഖ​സൗ​ന്ദ​ര്യം കു​റ​വാ​ണെ​ങ്കിൽ പു​രു​ഷൻ സഹി​ക്കും. പക്ഷേ, അവ​ളു​ടെ കണ​ങ്കാൽ തടി​ച്ച​താ​ണെ​ങ്കിൽ അയാൾ​ക്കു സഹി​ക്കാ​നാ​വി​ല്ല. എന്റെ ഒരു കൂ​ട്ടു​കാ​രൻ കൂ​ടെ​ക്കൂ​ടെ പെ​ണ്ണു​കാ​ണാൻ പോ​കു​മാ​യി​രു​ന്നു. അയാൾ തി​രി​ച്ചെ​ത്തു​മ്പോൾ ഞാൻ ചോ​ദി​ക്കും ‘പെ​ണ്ണി​നെ ഇഷ്ട​പ്പെ​ട്ടോ?’ അയാൾ മറു​പ​ടി പറയും. ‘കാ​ണാ​നൊ​ക്കെ തര​ക്കേ​ടി​ല്ല​ടേ, പക്ഷേ, അവൾ​ക്കു കണ​ങ്കാൽ വീ​ക്കം. വേ​ണ്ടെ​ന്നു വച്ചു’. അങ്ങ​നെ പല പെൺ​കു​ട്ടി​ക​ളെ​യും വേ​ണ്ടെ​ന്നു വച്ച അയാൾ എറ​ണാ​കു​ള​ത്തു് ഒരു വലിയ ഉദ്ദ്യോ​ഗ​സ്ഥ​ന്റെ മകളെ കാണാൻ പോയി. ആ വി​വാ​ഹം നട​ക്കു​മെ​ന്നു് വി​ചാ​രി​ച്ച എനി​ക്കു ഇച്ഛാ​ഭം​ഗ​മാ​ണു​ണ്ടാ​യ​തു്. അയാൾ എറ​ണാ​കു​ള​ത്തു നി​ന്നു തി​രു​വ​ല്ല​യിൽ തി​രി​ച്ചെ​ത്തി​യി​ട്ടു് മു​ത്തൂ​റ്റു് ജങ്ഷ​നിൽ വച്ചു് വക്കം അബ്ദുൾ ഖാ​ദ​റി​ന്റെ സാ​ന്നി​ദ്ധ്യ​ത്തിൽ എന്നോ​ടു പറ​ഞ്ഞു. “അവൾ​ക്കു​മു​ണ്ടു് കണ​ങ്കാൽ വീ​ക്കം. എങ്കി​ലും അങ്ങ് നട​ത്തി​ക്ക​ള​യാം എന്ന തീ​രു​മാ​ന​മാ​യി​രു​ന്നു എനി​ക്കു്. പക്ഷേ, വീ​ങ്ങിയ കണ​ങ്കാ​ലു​ക​ളിൽ അവൾ സ്വർ​ണ്ണ​ക്കൊ​ലു​സ്സ് ഇട്ടി​രു​ന്നു. വീ​ങ്ങിയ ചതയിൽ സ്വർ​ണ്ണ​ക്കൊ​ലു​സ്സ് കൂ​ടി​യാ​യ​പ്പോൾ വൈ​രൂ​പ്യം ഇര​ട്ടി​ച്ചു. പെ​ണ്ണു് ആഭരണം ചാർ​ത്താ​തെ​യാ​ണു് വന്ന​തെ​ങ്കിൽ ശരി​യെ​ന്നു ഞാൻ പറ​ഞ്ഞേ​നേ”. ഇതു​കേ​ട്ടു് വക്കം അബ്ദുൾ ഖാദർ ബീഡി ശക്തി​യോ​ടെ വലി​ച്ചു പുക വി​ട്ടി​ട്ടു പൊ​ട്ടി​ച്ചി​രി​ച്ചു. മു​ത്തൂ​റ്റു് രാഘവൻ നായർ എന്ന കവി ഞങ്ങ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു അപ്പോൾ. അദ്ദേ​ഹം വാ​പൊ​ത്തി ചി​രി​ച്ചു കൊ​ണ്ടു് അടു​ത്തു​ള്ള കട​യി​ലേ​ക്കു പോയി എന്തോ വാ​ങ്ങാൻ.

images/Satre.jpg
സാർ​ത്ര്

ശ്രീ. പി. വി. ആന്റ​ണി കു​ങ്കു​മം വാ​രി​ക​യു​ടെ താളിൽ നിർ​ത്തി​യി​രി​ക്കു​ന്ന ‘തത്ത​ക്കൂ​ട്’ എന്ന കഥാം​ഗ​ന​യ്ക്കു് കണ​ങ്കാൽ വീ​ക്കം. സഹൃ​ദ​യ​നെ​ന്ന വരൻ അതു​ക​ണ്ടു് പി​ന്മാ​റു​ന്നു. പി​ന്മാ​റേ​ണ്ട​തി​ല്ല എന്നു് ഉത്ത​ര​ക്ഷ​ണ​ത്തിൽ അയാൾ​ക്കു തോ​ന്നി​യാൽ ‘അലി​ഗ​റി’ എന്ന സ്വർ​ണ്ണ​ക്കൊ​ലു​സ്സ് അവൾ അണി​ഞ്ഞി​രി​ക്കു​ന്ന​തു കാണാം. അതോടെ പെ​ണ്ണി​നെ വേ​ണ്ടെ​ന്നു അയാൾ ഉറ​ക്കെ​പ്പ​റ​ഞ്ഞു കളയും.

ഒരു പ്രൊ​ഫ​സർ തത്ത​യു​ള്ള കൂ​ടു​മാ​യി നട​ക്കു​ന്നു. ആ പക്ഷി​യോ​ടു സം​സാ​രി​ക്കു​ന്നു. ഒരു ദിവസം തത്ത അപ്ര​ത്യ​ക്ഷ​മാ​യി. അപ്പോൾ പ്രൊ​ഫ​സ​റു​ടെ ഒരു ശി​ഷ്യ​ത്തി തത്ത​യാ​യി മാറി ആ കൂ​ട്ടിൽ കയ​റി​യി​രി​ക്കു​ന്നു. കു​റെ​ദൂ​രം അയാ​ളോ​ടൊ​ത്തു സഞ്ച​രി​ച്ചി​ട്ടു് ആ തത്ത​യും രക്ഷ​പ്പെ​ടു​ന്നു. Silly എന്ന വി​ശേ​ഷ​ണ​മാ​ണു് ഈ കഥ​യ്ക്കു ചേരുക. പി​താ​ക്ക​ന്മാർ മകളെ വേഷം കെ​ട്ടി​ച്ചു് ഭാവി വര​ന്റെ മുൻ​പിൽ കൊ​ണ്ടു​വ​രു​മ്പോൾ അവൾ​ക്കു കണ​ങ്കാൽ വീ​ക്ക​മു​ണ്ടെ​ങ്കിൽ സ്വർ​ണ്ണ​ക്കൊ​ലു​സ്സു് കൂടെ ചാർ​ത്താൻ സമ്മ​തി​ക്ക​രു​തു്.

സൗ​ന്ദ​ര്യ​മേ​ളം

കോളിൻ റോ​ബോ​ത്ത​മി​ന്റെ Relative Sadness എന്ന കൊ​ച്ചു കവിത:

Einstein’s eyes

were filled with tears

when he heard about Hiroshima

Mr Tamihi

had no eyes left

to show his grief

(ഹി​രോ​ഷി​മ​യെ​ക്കു​റി​ച്ചു കേ​ട്ട​പ്പോൾ ഐൻ​സ്റ്റൈ​ന്റെ കണ്ണു​കൾ നി​റ​ഞ്ഞു കണ്ണീ​രു കൊ​ണ്ടു. എന്നാൽ സ്വ​ന്തം ദുഃഖം കാ​ണി​ക്കാൻ തമീ​ഹി​ക്കു കണ്ണു​കൾ ഇല്ലാ​യി​രു​ന്നു.)

ജപ്പാ​നിൽ ആറ്റം​ബോം​ബി​ട്ട​തു മനു​ഷ്യ​ക്കു​രു​തി നട​ത്തി​യ​തി​നെ​ക്കു​റി​ച്ചു് ആയിരം പു​റ​ങ്ങ​ളിൽ മഹാ​കാ​വ്യ​മെ​ഴു​തി​യാ​ലും ഈ ആറു​വ​രി​കൾ ഉള​വാ​ക്കു​ന്ന ചി​ത്തോ​ദ്വോ​ഗം അതിനു ജനി​പ്പി​ക്കു​വാൻ കഴി​യു​ക​യി​ല്ല.

ഒക്താ​വ്യോ പാ​സ്സി​ന്റെ Touch എന്ന കവിത:

My hands

Open the curtains of your being

Clothe you in a further nudity

Uncover the bodies of your body

My hands

Invent another body for your body.

images/ShortPoems.jpg

(എന്റെ കൈകൾ നി​ന്റെ അസ്തി​ത്വ​ത്തി​ന്റെ തി​ര​ശ്ശീ​ല​ക​ളെ അനാ​വ​ര​ണം ചെ​യ്യു​ന്നു. വീ​ണ്ടും ഒരു നഗ്ന​ത​യിൽ ആച്ഛാ​ദ​നം ചെ​യ്യു​ന്നു. നി​ന്റെ ശരീ​ര​ത്തി​ന്റെ ശരീ​ര​ങ്ങ​ളെ അനാ​വ​ര​ണം ചെ​യ്യു​ന്നു. എന്റെ കൈകൾ നി​ന്റെ ശരീ​ര​ത്തി​നു് മറ്റൊ​രു ശരീരം കണ്ടു​പി​ടി​ക്കു​ന്നു)

ഇങ്ങ​നെ ആറു​വ​രി​കൾ എനി​ക്കെ​ഴു​താൻ കഴി​ഞ്ഞെ​ങ്കിൽ! അല്ലെ​ങ്കിൽ വേണ്ട ഒരു​വ​രി എഴു​താൻ കഴി​ഞ്ഞാൽ എന്റെ ജീ​വി​തം ധന്യ​മാ​കും. ഞാൻ മഹാ​ക​വി​യാ​കും. എ. മോ​റി​താ​ക്കെ എന്ന ജാ​പ്പാ​നീ​സ് കവി​യു​ടെ “Fallen Flower” എന്ന കവിത.

Fallen flower I see

Returning to its branch

Ah! a butterfly.

(വീ​ണ​പൂ​വു് അതി​ന്റെ ചി​ല്ല​യി​ലേ​ക്കു തി​രി​ച്ചു പോ​കു​ന്ന​തു ഞാൻ കാ​ണു​ന്നു. ഹാ! ഒരു ചി​ത്ര​ശ​ല​ഭം) ഭാ​വ​ന​യു​ടെ പ്ര​കാ​ശ​പൂർ​ണ്ണ​മായ ലോകം സൃ​ഷ്ടി​ക്കു​ക​യാ​ണു് ഈ മഹാ​ക​വി.

ഇതു​പോ​ലെ​യു​ള്ള 150 കൊ​ച്ചു കവി​ത​ക​ളു​ണ്ടു്. The Macmillan Book of Short Poems എന്ന പു​സ്ത​ക​ത്തിൽ (Edited by Leelavati Mohapatra, K. K. Mohapatra and N. P. Tripathy, pp. 156, Rs. 80) ഇതു വാ​യി​ച്ചാൽ നമ്മു​ടെ കവി​താ​സ്വാ​ദ​ന​ത്തി​ന്റെ അതി​രു​കൾ വി​ക​സി​ക്കും. നമ്മൾ ഉത്കൃ​ഷ്ട​ത​യി​ലേ​ക്കു ചെ​ല്ലും.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-04-17.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.