SFNസായാഹ്ന ഫൌണ്ടേഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 1998-01-30-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

തി​രു​വ​ന​ന്ത​പു​ര​ത്തെ പട്ട​മെ​ന്ന സ്ഥ​ല​ത്തു് ബി​ഷ​പ്പ് പാ​ല​സി​ന​ടു​ത്തു് ഒരു സർ​ക്കാ​രാ​പ്പീ​സു​ണ്ടാ​യി​രു​ന്നു. ആപ്പീ​സ് ഇപ്പോ​ഴു​മു​ണ്ടോ എന്ന​റി​ഞ്ഞു​കൂ​ടാ​ത്ത​തു​കൊ​ണ്ടാ​ണു് ‘ഉണ്ടാ​യി​രു​ന്നു’ എന്നു ഞാൻ എഴു​തി​പ്പോ​യ​തു്. ആപ്പീ​സ് ഉണ്ടെ​ങ്കി​ലും ഇല്ലെ​ങ്കി​ലും അതു പ്ര​വർ​ത്തി​പ്പി​ച്ചി​രു​ന്ന സൗധം ഇന്നും രാ​ജ​കീയ പ്രൗ​ഢി​യോ​ടെ വി​ല​സു​ന്നു​ണ്ടു്. മു​പ്പ​ത്തി​യ​ഞ്ചു​കൊ​ല്ലം മുൻ​പു് ഞാൻ ആ സൗ​ധ​ത്തി​ന്റെ രണ്ടാ​മ​ത്തെ നി​ല​യിൽ എത്തി ഒരു സ്നേ​ഹി​ത​നെ കാ​ണാ​നാ​യി. ഞങ്ങൾ സം​ഭാ​ഷ​ണം തു​ട​ങ്ങി​യ​തേ​യു​ള്ളു. പൊ​ടു​ന്ന​നെ കർ​ണ്ണ​ര​ന്ധ്ര​ങ്ങ​ളെ പി​ളർ​ന്നു​കൊ​ണ്ടു​ള്ള നി​ല​വി​ളി. Get down, get down എന്നു് ആക്രോ​ശി​ച്ചു​കൊ​ണ്ടു് സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഉന്തും തളളും നട​ത്തി കോ​ണി​പ്പ​ടി​ക​ളി​ലൂ​ടെ താ​ഴ​ത്തേ​ക്കു് ഓടി. ചിലർ ബഹ​ള​ത്തി​നി​ട​യിൽ പടി​ക​ളിൽ​ത്ത​ന്നെ വീണു. വീ​ണ​വ​രെ ചവി​ട്ടി​യ​ര​ച്ചു​കൊ​ണ്ടാ​ണു് പ്രാ​ണ​ര​ക്ഷ​യ്ക്കാ​യി മറ്റു​ള്ള​വ​രു​ടെ ഓട്ടം. ദയ​നീ​യ​മായ നി​ല​വി​ളി. കോപം കലർ​ന്ന ഭർ​ത്സ​ന​ങ്ങൾ എന്താ​ണു സം​ഭ​വി​ച്ച​തെ​ന്ന​റി​യാ​തെ ഞാൻ പക​ച്ചു നി​ന്നു. കോ​ലാ​ഹ​ലം പെ​ട്ടെ​ന്നു് ഇല്ലാ​തെ​യാ​യി. കെ​ട്ടി​ടം ഇടി​ഞ്ഞു​വീ​ഴാൻ പോ​കു​ന്നു​വെ​ന്നു് ആരോ പറ​ഞ്ഞ​തു വി​ശ്വ​സി​ച്ചാ​യി​രു​ന്നു ആളു​ക​ളു​ടെ ഓട്ടം. രണ്ടോ മൂ​ന്നോ ദിവസം മുൻ​പു് മി​ന്ന​ലേ​റ​റു് സൗ​ധ​ത്തി​ന്റെ ഒരു ചുവരു പി​ളർ​ന്നു പോ​യ​തു​ക​ണ്ടു​ള്ള പേ​ടി​യാ​വാം ഒരു​ത്ത​നെ അസത്യ പ്ര​സ്താ​വ​ത്തി​നു പ്രേ​രി​പ്പി​ച്ച​തു്. ഏതാ​നും നി​മി​ഷ​ങ്ങൾ കൊ​ണ്ടു് എല്ലാം ശാ​ന്ത​മാ​യി. ഞാൻ സ്നേ​ഹി​ത​നോ​ടു സം​സാ​രി​ച്ച​തി​നു​ശേ​ഷം തി​രി​ച്ചു പോ​രി​ക​യും ചെ​യ്തു.

സാ​ഹി​ത്യ​ര​ചന വ്യ​ക്തി​യു​ടെ സർ​ഗ്ഗ​വൈ​ഭ​വ​ത്തി​ന്റെ ഫല​മാ​ണെ​ങ്കി​ലും കേ​ര​ളീയ ജീ​വി​ത​ത്തി​ന്റെ സവി​ശേ​ഷ​ത​കൾ അതിൽ പ്ര​തി​ഫ​ലി​ക്കാ​തി​രി​ക്കി​ല്ല. ആ ജീ​വി​തം സാ​ഹി​ത്യ​കൃ​തി​ക​ളി​ലൂ​ടെ എങ്ങ​നെ ആവി​ഷ്ക​രി​ക്ക​പ്പെ​ട്ടു എന്നു സ്പ​ഷ്ട​മാ​ക്കി​യി​ല്ലെ​ങ്കിൽ വാ​യ​ന​ക്കാർ​ക്കു് ഒന്നും നേടാൻ കഴി​യു​ക​യി​ല്ല.

ബോംബ് പരീ​ക്ഷ​ണം നട​ത്തി​യ​പ്പോൾ ഭാ​ര​തീ​യ​രിൽ പലർ​ക്കും വിവിധ വി​കാ​ര​ങ്ങ​ളാ​ണു​ണ്ടാ​യ​തു്. ചി​ലർ​ക്കു് ആഹ്ലാ​ദാ​തി​രേ​കം. വേറെ ചി​ലർ​ക്കു് നി​രാ​ശത. മറ്റു ചി​ലർ​ക്കു് ഉത്ക​ണ്ഠാ​ധി​ക്യം. ഈ വിവിധ വി​കാ​ര​ങ്ങൾ കുറെ ദി​വ​സ​ത്തേ​ക്കു​ണ്ടാ​യി​രു​ന്നു ഓരോ പൗ​ര​നും. പി​ന്നീ​ടു് അതു കെ​ട്ട​ട​ങ്ങി. ഒരു വി​കാ​ര​ത്തി​നും സ്ഥാ​യി​ത്വ​മി​ല്ല​ല്ലോ. അതി​നാൽ ആ കെ​ട്ട​ട​ങ്ങൾ തി​ക​ച്ചും സ്വാ​ഭാ​വി​കം. പാ​കി​സ്ഥാൻ ബോംബ് പൊ​ട്ടി​ച്ച​പ്പോൾ അതേ വി​കാ​ര​ങ്ങൾ വീ​ണ്ടു​മു​ള​വാ​യി. കു​റ​ച്ചു ദി​വ​സ​ങ്ങൾ കൊ​ണ്ടു് അവയും ഇല്ലാ​താ​യി. പക്ഷേ ഒരു ഇം​ഗ്ലീ​ഷ് വാരിക ഭയം ജനി​പ്പി​ക്കു​ന്ന തല​ക്കെ​ട്ടു​കൾ നല്കി​യും പ്ര​മു​ഖ​ന്മാ​രു​മാ​യു​ള്ള അഭി​മു​ഖ​സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ തമോ​വ്യ​ത​ങ്ങ​ളായ റി​പോ​ടു​കൾ അച്ച​ടി​ച്ചും ഉഗ്ര​ദർ​ശ​ന​ങ്ങ​ളായ ചി​ത്ര​ങ്ങൾ നല്കി​യും വാ​യ​ന​ക്കാർ​ക്കു് അസ്വ​സ്ഥത ജനി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ആയു​ധ​പ​രീ​ക്ഷ​ണ​ങ്ങൾ​ക്കു ശേഷം പ്ര​ശാ​ന്ത​ത​യാർ​ജ്ജി​ച്ച മന​സ്സു​ക​ളെ വീ​ണ്ടും ആകു​ലാ​വ​സ്ഥ​യി​ലാ​ക്കു​ക​യും അതിനെ വി​ദ​ഗ്ദ്ധ​മാ​യി നി​ല​നി​റു​ത്തു​ക​യും ചെ​യ്യു​ക​യാ​ണു് ഈ വാരിക. ‘ഞങ്ങൾ വസ്തു​നി​ഷ്ഠ​മാ​യി കാ​ര്യ​ങ്ങൾ നി​ര​ത്തു​ന്നു’ എന്നു വാ​രി​ക​യു​ടെ മട്ടു്. പക്ഷേ ലേ​ഖ​ന​ങ്ങ​ളു​ടെ​യും മറ്റു രച​ന​ക​ളു​ടെ​യും അടി​ത്ത​ട്ടിൽ ഭയം ജനി​പ്പി​ക്കു​ന്ന അം​ശ​ങ്ങൾ പ്ര​ഗ​ല്ഭ​നാ​യി നി​വേ​ശി​പ്പി​ക്കു​ന്ന വാ​രി​ക​യു​ടെ അധി​പ​ന്മാർ. ഭയാ​ദി​വി​കാ​ര​ങ്ങൾ വാ​യ​ന​ക്കാ​രിൽ ഉത്പാ​ദി​പ്പി​ച്ചു് അവ​യ്ക്കു സ്ഥാ​യി​ത്വം നല്കി​യാ​ലേ വാരിക ചെ​ല​വാ​കു​ക​യു​ള്ളു. ഇതു ആത്മ​വ​ഞ്ച​ന​യും ജന​വ​ഞ്ച​ന​യു​മാ​ണു്.

ഇതു​പോ​ലെ​യൊ​രു ആത്മ​വ​ഞ്ച​ന​യും ജന​വ​ഞ്ച​ന​യും നട​ത്തു​ക​യാ​ണു് ഡി. സി. ബു​ക്സ് അടു​ത്ത​കാ​ല​ത്തു പ്ര​സാ​ധ​നം ചെയ്ത ആധു​നിക മലയാള സാ​ഹി​ത്യ​ച​രി​ത്രം—പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ എന്ന ഗ്ര​ന്ഥം. സാ​ഹി​ത്യ​ത്തി​ലും സം​സ്കാ​ര​ത്തി​ലും താൽ​പ​ര്യ​മു​ള്ള​വ​രും സത്യം പറയണം എന്നു ദൃ​ഢ​നി​ശ്ച​യ​ത്തി​ലെ​ത്തി​യ​വ​രു​മായ രണ്ടോ മൂ​ന്നോ എഴു​ത്തു​കാ​രെ മാ​റ്റി നി​റു​ത്തി​യാൽ ശേ​ഷ​മു​ള്ള​വ​രെ​ല്ലാം ‘ആനാ​ലും എൻ​പി​ള്ള​യ​ല്ല​വാ’ എന്ന നയം സ്വീ​ക​രി​ച്ചാ​ണു് എഴു​തു​ന്ന​തു്. ചിലർ വ്യ​ക്തി​ശ​ത്രുത എന്ന പേ​പ്പ​ട്ടി​യെ അഴി​ച്ചു​വി​ട്ടു് ഒരു​പ​ദ്ര​വ​വും ചെ​യ്യാ​ത്ത മാ​ന്യ​ന്മാ​രെ കടി​പ്പി​ക്കു​ന്നു. വേറെ ചിലർ അനർ​ഹ​ന്മാ​രെ സ്തു​തി​ച്ചു് ബ്ര​ഹ്മാ​ണ്ഡ കടാ​ഹ​ത്തി​ന്റെ മേൽ​ത്ത​ട്ടി​ലേ​ക്കു കൊ​ണ്ടു ചെ​ല്ലു​ന്നു. മറ്റു ചിലർ സ്വ​ന്തം കൃ​തി​ക​ളെ അനു​കൂ​ല​മാ​യി വി​ല​യി​രു​ത്തു​ന്നു. മര​ണ​ത്തി​നു​ശേ​ഷം പി​ണ്ഡം വയ്ക്കാൻ ആളി​ല്ലെ​ങ്കിൽ ജീ​വി​ച്ചി​രി​ക്കു​മ്പോൾ​ത്ത​ന്നെ സ്വയം പി​ണ്ഡം വയ്ക്ക​ണ​മ​ല്ലോ. നന്നു്. ചി​ലർ​ക്കും നാ​ലു​വാ​ക്യം ശരി​യാ​യി എഴു​താ​ന​റി​ഞ്ഞു​കൂ​ടാ. ദു​ശ്ശാ​സ​നൻ പാ​ഞ്ചാ​ലി​യെ വസ്ത്രാ​ക്ഷേ​പം ചെ​യ്തു് നി​ന്ദ​ന​വും അപ​മാ​ന​ന​വും ഒരു​മി​ച്ചു് നിർ​വ​ഹി​ച്ച​തു​പോ​ലെ മനോ​ഹ​ര​മായ മലയാള ഭാഷയെ വസ്ത്രാ​ക്ഷേ​പം ചെ​യ്തു ഈ രണ്ടു കൃ​ത്യ​ങ്ങ​ളും അനു​ഷ്ഠി​ക്കു​ന്നു ചില വി​ദ്വാൻ​മാർ. ഒരാ​ളി​ന്റെ പ്ര​യോ​ഗം ‘അക്കാ​ദ​മീ​യം’ എന്നു്. അതു് എന്തൊ​രു ‘ഈയ’മാണു്? എനി​ക്ക​റി​ഞ്ഞു​കൂ​ടാ. ‘രാ​ജ​രാ​ജ​വർ​മ്മ​യു​ടെ സ്വാ​ധീ​നം’ എന്നൊ​രു പ്ര​യോ​ഗം ഒരി​ട​ത്തു കണ്ടു. ഇതിൽ സ്വാ​ധീ​നം വി​ശേ​ഷ​ണ​വും സ്വാ​ധീ​നത നാ​മ​വു​മാ​ണു്. അതി​നാൽ ‘രാ​ജ​രാ​ജ​വർ​മ്മ​യു​ടെ സ്വാ​ധീ​നത’ എന്നാ​ണു് എഴു​തേ​ണ്ട​തെ​ന്നു സ്ക്കൂൾ​ക്കു​ട്ടി​കൾ​ക്കു പോ​ലു​മ​റി​യാം.

സാ​ഹി​ത്യ​ര​ചന വ്യ​ക്തി​യു​ടെ സർ​ഗ്ഗ​വൈ​ഭ​വ​ത്തി​ന്റെ ഫല​മാ​ണെ​ങ്കി​ലും കേ​ര​ളീയ ജീ​വി​ത​ത്തി​ന്റെ സവി​ശേ​ഷ​ത​കൾ അതിൽ പ്ര​തി​ഫ​ലി​ക്കാ​തി​രി​ക്കി​ല്ല. ആ ജീ​വി​തം സാ​ഹി​ത്യ കൃ​തി​ക​ളി​ലൂ​ടെ എങ്ങ​നെ ആവി​ഷ്ക​രി​ക്ക​പ്പെ​ട്ടു എന്നു സ്പ​ഷ്ട​മാ​ക്കി​യി​ല്ലെ​ങ്കിൽ വാ​യ​ന​ക്കാർ​ക്കു് ഒന്നും നേടാൻ കഴി​യു​ക​യി​ല്ല. നമ്മു​ടെ കാ​ല​യ​ള​വി​നു് സാ​ഹി​ത്യം എങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ന്നു​വെ​ന്നും സ്പ​ഷ്ട​മാ​വു​ക​യി​ല്ല. ഇവ​യെ​ല്ലാം ഈ ഗ്ര​ന്ഥ​ത്തിൽ അന്വേ​ഷി​ക്കു​ന്ന​തു് വ്യർ​ത്ഥ യത്ന​മാ​യേ പരി​ണ​മി​ക്കു. സാ​ഹി​ത്യ​ത്തി​ന്റെ അനു​സ്യൂ​ത​വും അനർ​ഗ്ഗ​ള​വു​മായ പ്ര​വാ​ഹ​ത്തിൽ വ്യ​ക്തി​യായ കാ​റ്റ​ലോ​ഗി​ന്റെ രീ​തി​യിൽ എഴു​ത്തു​കാ​രു​ടെ വി​വ​ര​ങ്ങൾ നല്കാ​നാ​ണു് ഭൂ​രി​പ​ക്ഷം പ്ര​ബ​ന്ധ​കാ​ര​ന്മാ​രും മന​സ്സി​രു​ത്തി​യി​ട്ടു​ള്ള​തു് ഒരു​ദാ​ഹ​ര​ണം:

“പി. ശങ്ക​രൻ നമ്പ്യാർ: പാ​ശ്ചാ​ത്യ പൗ​ര​സ്ത്യ സാ​ഹി​ത്യ​ങ്ങ​ളി​ലെ അഭി​ന​വാ​ശ​യ​ങ്ങൾ ഉൾ​ക്കൊ​ണ്ടു് ഉപ​ന്യാ​സ​ങ്ങൾ എഴു​തി​യി​രു​ന്ന പി. ശങ്ക​രൻ നമ്പ്യാർ (1892–1954) വി​മർ​ശ​ക​നും സാ​ഹി​ത്യ ചരി​ത്ര​കാ​ര​നു​മാ​യി​രു​ന്നു. സാ​ഹി​ത്യ​നി​ഷ്കു​ടം മക​ര​ന്ദ​മ​ഞ്ജ​രി എന്നീ സമാ​ഹാ​ര​ങ്ങ​ളി​ലെ ഉപ​ന്യാ​സ​ങ്ങൾ വി​ജ്ഞാ​ന​പ്ര​ദ​ങ്ങ​ളാ​ണു്” (പുറം 514)

ഞാ​നൊ​രു നാ​ട​ക​മെ​ഴു​തു​ക​യും അതിലെ കഥാ​പാ​ത്ര​മായ ഗോ​പാ​ലൻ​നാ​യ​രെ​ക്കു​റി​ച്ചു് താ​ഴെ​യെ​ഴു​തു​ന്ന രീ​തി​യിൽ വി​വ​ര​ങ്ങൾ നല്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നു കരു​തുക:

ഗോ​പാ​ലൻ​നാ​യർ: 22 വയ​സ്സു്. കറു​ത്ത നിറം. ലേശം വി​ക്കു​ണ്ടു്. വെ​ളു​ത്ത വസ്ത്ര​മേ ധരി​ക്കൂ. കു​ഞ്ഞു​രാ​മൻ എന്ന കഥാ​പാ​ത്ര​ത്തി​ന്റെ ചേ​ട്ട​നാ​ണു് ഇയാൾ.

ശങ്ക​രൻ നമ്പ്യാ​രെ​ക്ക​റി​ച്ചു് പ്ര​ബ​ന്ധ​കാ​രൻ തരു​ന്ന തുച്ഛ വി​വ​ര​ങ്ങ​ളും ഞാൻ നല്കു​ന്ന കഥാ​പാ​ത്ര സൂ​ച​ന​ക​ളും തമ്മിൽ എന്തേ വ്യ​ത്യാ​സം? ക്ഷു​ദ്ര​ത​യോ​ളം ചെ​ന്നെ​ത്തു​ന്ന ഇത്ത​രം ഹ്ര​സ്വ പ്ര​സ്താ​വ​ങ്ങ​ളു​ടെ സമാ​ഹാ​ര​മാ​ണു് ഈ സാ​ഹി​ത്യ​ച​രി​ത്രം. ഇതു വാ​യി​ച്ചാൽ മലയാള സാ​ഹി​ത്യ​ത്തി​ന്റെ ചാ​രു​ത​യെ​വി​ടെ ഇരി​ക്കു​ന്നു​വെ​ന്നു് നമു​ക്ക​റി​യാൻ കഴി​യു​ക​യി​ല്ല. നി​രൂ​പ​ണ​സം​ബ​ന്ധി​യും വി​മർ​ശ​ന​സം​ബ​ന്ധി​യു​മായ അന്വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ സ്ഫു​രി​ക്കു​ന്ന ശക്തി​വി​ശേ​ഷം ഇവി​ടെ​യി​ല്ല. സമ​കാ​ലിക സാ​ഹി​ത്യ​ത്തി​ന്റെ സവി​ശേ​ഷത കാ​റ്റ​ലോ​ഗിൽ നി​ന്നു കി​ട്ടു​ന്ന​തെ​ങ്ങ​നെ? Literary fraud എന്നു ഞാൻ ഈ ഗ്ര​ന്ഥ​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്നു.

ബാ​ല​ച​ന്ദ്രൻ ചു​ള​ളി​ക്കാ​ടു്
images/Byron.jpg
ബൈറൺ

ബൈറൺ എഴു​തിയ Don Juan എന്ന മനോ​ഹ​ര​മായ കാ​വ്യ​ത്തിൽ Dead scandals form good subjects for dissection എന്നു പറ​ഞ്ഞി​ട്ടു​ണ്ടു്. (1st Canto–XXXI) ശ്രീ. ബാ​ല​ച​ന്ദ്രൻ ചു​ള​ളി​ക്കാ​ടു് മല​യാ​ളം വാ​രി​ക​യി​ലെ​ഴു​തിയ ‘ശിഷ്യ’ എന്ന അനു​ഭ​വർ​ണ്ണ​ന​ത്തി​ന്റെ വിഷയം മരി​ച്ച കു​ത്സി​ത​ത്വം തന്നെ. വൈ​രൂ​പ്യ​മു​ള്ള ഒരു പെ​ണ്ണി​ന്റെ കാ​മ​ഭ്രാ​ന്ത് വി​ശ്വ​സ​നീ​യ​മായ വി​ധ​ത്തിൽ വർ​ണ്ണി​ക്കു​ന്നു ബാ​ല​ച​ന്ദ്രൻ. ഒടു​വിൽ പെ​ണ്ണു് ഒളി​ച്ചോ​ടാൻ സന്ന​ദ്ധ​യാ​വു​മ്പോൾ സംഭവം വർ​ണ്ണി​ക്കു​ന്ന​യാൾ അവ​ളു​ടെ അച്ഛ​നെ അത​റി​യി​ച്ചു രക്ഷ​നേ​ടു​ന്നു. കാ​മ​ഭ്രാ​ന്തു് എന്നു ഞാൻ എഴു​തി​യെ​ങ്കി​ലും പെ​ണ്ണി​ന്റേ​തു് ഗു​രു​നാ​ഥ​നെ​സ്സം​ബ​ന്ധി​ച്ചു​ണ്ടാ​കു​ന്ന അതി​രു​ക​ട​ന്ന അഭി​ലാ​ഷ​മാ​ണു്. ആ അഭി​ലാ​ഷ​ത്തെ ആവി​ഷ്ക​രി​ക്കു​മ്പോ​ഴും അതിനെ വി​ദ​ഗ്ദ്ധ​മാ​യി വി​ച്ഛേ​ദ​നം ചെ​യ്യു​മ്പോ​ഴും ചു​ള​ളി​ക്കാ​ടി​ന്റെ തൂലിക പത​റു​ന്നി​ല്ല. ആ ശക്തി വി​ശേ​ഷ​മാ​ണു് ഈ രച​ന​യ്ക്കു വി​ശ്വാ​സ്യത എന്ന ഗുണം കൈ​വ​രു​ത്തു​ന്ന​തു്. വൈ​രൂ​പ്യ​മു​ള്ള ആ പെ​ണ്ണു് മജ്ജ​യും മാം​സ​വു​മാർ​ന്നു് ചോ​ര​യോ​ട്ട​ത്തോ​ടു കൂടി എന്റെ മുൻ​പിൽ നി​ല്ക്കു​ന്നു. അല്ലെ​ങ്കിൽ വാ​രി​ക​യു​ടെ വെൺ​മ​യാർ​ന്ന താ​ളു​ക​ളി​ലെ കറു​ത്ത​യ​ക്ഷ​ര​ങ്ങ​ളിൽ നി​ന്നു് എഴു​ന്നേ​റ്റു വരു​ന്നു. അവ​ളോ​ടു് സഹ​താ​പം തോ​ന്നു​മാ​റു്. സന്മാർ​ഗ്ഗ​ത്തി​ന്റെ ശബ്ദ​മു​യർ​ത്തി ബാ​ല​ച​ന്ദ്രൻ ചു​ള​ളി​ക്കാ​ടു രചന നിർ​വ​ഹി​ക്കു​ന്നു.

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: ആർടും ക്രാ​ഫ്റ്റും തമ്മി​ലെ​ന്താ​ണു് വ്യ​ത്യാ​സം?

ഉത്ത​രം: ആർട് ആധ്യാ​ത്മി​ക​ത​ല​ത്തി​ലേ​ക്കു നമ്മ​ളെ കൊ​ണ്ടു ചെ​ല്ലും. ക്രാ​ഫ്റ്റി​നു കഴി​വി​ല്ല അതി​നു്.

ചോ​ദ്യം: ചങ്ങ​മ്പുഴ ‘രമണ’നു​മാ​യി നി​ങ്ങ​ളു​ടെ മുൻ​പിൽ വന്നു നി​ന്നാൽ?

ഉത്ത​രം: മി​ണ്ടാ​തെ​യാ​ണു് അദ്ദേ​ഹം നി​ല്ക്കു​ന്ന​തെ​ങ്കിൽ ഞാനും ഒന്നും മി​ണ്ടു​ക​യി​ല്ല. അതല്ല അദ്ദേ​ഹം അതു തു​റ​ന്നു​വാ​യി​ക്കാൻ തു​ട​ങ്ങി​യാൽ ഞാൻ ഓടും. ചങ്ങ​മ്പു​ഴ​യു​ടെ കവിത വാ​യി​ക്കൽ അത്ര​യ്ക്കു് അസ​ഹ​നീ​യ​മാ​ണു്.

ചോ​ദ്യം: ഇന്ന​ത്തെ ചെ​റു​ക​ഥ​ക​ളു​ടെ ദോഷം?

ഉത്ത​രം: മനു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ കഥ അവയിൽ ഇല്ല.

ചോ​ദ്യം: നി​ങ്ങൾ​ക്കു് ഇത്ര പ്രാ​യ​മാ​യി​ട്ടും ഒരു രോ​ഗ​വു​മി​ല്ലാ​ത്ത​തെ​ന്താ​ണു്?

ഉത്ത​രം: ആരു പറ​ഞ്ഞു രോ​ഗ​മി​ല്ലെ​ന്നു്. എനി​ക്കു സാ​ഹി​ത്യ​ത്തി​ന്റെ രോ​ഗ​മു​ണ്ടു്. അതു ചി​കി​ത്സി​ച്ചു മാ​റ്റാൻ ഏറെ ഡോ​ക്ടർ​മാർ വരു​ന്നു​ണ്ടു്.

ചോ​ദ്യം: കഷ​ണ്ടി​ക്കു മരു​ന്നു​ണ്ടോ?

ഉത്ത​രം: ഉണ്ടു്. മരണം. എന്നാ​ണു് ഔഷ​ധ​ത്തി​ന്റെ പേരു്.

ചോ​ദ്യം: ധർ​മ്മ​രാജ. രാ​മ​രാ​ജ​ബ​ഹ​ദൂർ ഇവ യഥാർ​ത്ഥ​ത്തിൽ നി​ങ്ങൾ ആസ്വ​ദി​ച്ചി​ട്ടു​ണ്ടോ?

ഉത്ത​രം: ധർ​മ്മ​രാ​ജാ. രാ​മ​രാ​ജ​ബ​ഹ​ദൂർ എന്നെ​ഴു​ത​ണം. ആ പേ​രു​കൾ നവാബ് കൊ​ടു​ത്ത​വ​യാ​ണു്: ബി​രു​ദ​ങ്ങൾ. രണ്ടു നോ​വ​ലു​ക​ളും ഞാൻ വാ​യി​ച്ചി​ട്ടു​ണ്ടു്. രണ്ടും നന്നു്. വാ​യി​ക്കു​മ്പോൾ അര​മ​ണി​ക്കൂ​റി​ലൊ​രി​ക്കൽ ഓരോ ഗ്ലാ​സ് ജീ​ര​ക​വെ​ള​ളം കൂ​ടി​ക്ക​ണ​മെ​ന്നേ​യു​ള്ളൂ.

ചോ​ദ്യം: ലോ​ക​ത്തു് ഏറ്റ​വും മനോ​ഹ​രം സു​ന്ദ​രി​യായ യു​വ​തി​യു​ടെ ചി​രി​യാ​ണെ​ന്നു നി​ങ്ങൾ പണ്ടു് ‘മല​യാ​ള​നാ​ട്ടി’ൽ എഴു​തി​യി​ട്ടു​ണ്ടു്. ഞാൻ ഏറെ സു​ന്ദ​രി​ക​ളു​ടെ ചിരി കണ്ടി​ട്ടു​ണ്ടു്. വെറും പല്ലി​ളി​ക്കൽ എന്നേ എനി​ക്കു തോ​ന്നി​യി​ട്ടു​ള​ളു. എന്തു പറ​യു​ന്നു?

ഉത്ത​രം: സൂ​ര്യ​പ്ര​കാ​ശം തി​ര​മാ​ല​യിൽ പതി​ച്ചു് അതു വെ​ള്ളി​ത്ത​കി​ടു പോ​ലെ​യാ​കു​ന്ന​തു കണ്ടാ​ലും നി​ങ്ങൾ​ക്കൊ​ന്നും തോ​ന്നു​കി​ല്ല.

മൂ​ന്നു തവണ അസ​ഹ​നീ​യം

ചെ​ടി​ക്കൂ​ട്ട​ങ്ങ​ളെ വക​ഞ്ഞു​മാ​റ്റി​ക്കൊ​ണ്ടു് വൈ​രൂ​പ്യ​മി​ല്ലാ​ത്ത ഒരു സ്ത്രീ നെ​ഞ്ചു തളളി മാമറി ഗ്ലാൻ​ഡ്സി​ന്റെ പർ​വ്വത വൈ​പു​ല്യം പ്രേ​ക്ഷ​ക​രെ കാ​ണി​ച്ചു​കൊ​ണ്ടു് ഓടു​ന്നു. പു​രു​ഷൻ വേ​റൊ​രു സ്ഥ​ല​ത്തു നി​ന്നു് ഓടി​യെ​ത്തു​ന്നു. രണ്ടു​പോ​രും ചും​ബ​ന​ത്തി​നു തയ്യാ​റാ​വു​ന്നു. അപ്പോൾ പ്രേ​ക്ഷ​ക​രു​ടെ വി​കാ​രം ഉദ്ദീ​പി​പ്പി​ക്കു​മാ​റു് പെ​ണ്ണു് ഒരു തേ​യി​ല​ക്കൂ​ടെ​ടു​ത്തു തന്റെ​യും പു​രു​ഷ​ന്റെ​യും മു​ഖ​ങ്ങൾ​ക്കി​ട​യിൽ വയ്ക്കു​ന്നു.

മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പി​ലൂ​ടെ ഒരു കഥാ​വ​നിത ഓടി​വ​രു​ന്നു. തേ​യി​ല​ക്കാ​രി​ക്കു വക​ഞ്ഞു​മാ​റ്റാൻ ചെ​ടി​ക​ളു​ള്ള​തു​പോ​ലെ ഈ കഥാം​ഗ​ന​യ്ക്കു് ആകർ​ഷ​ക​ത്വ​മി​യ​റ്റാൻ വർ​ണ്ണോ​ജ്ജ്വ​ല​ങ്ങ​ളായ ചി​ത്ര​ങ്ങ​ളു​ണ്ടു്. സഹൃ​ദ​യൻ ചു​ണ്ടു​ക​ളു​ടെ സ്പർ​ശ​ന​ത്തി​നു് ഉദ്യ​മി​ക്കു​മ്പോൾ അവൾ അർ​ത്ഥ​ശൂ​ന്യ​ത​യു​ടെ കൂ​ടെ​ടു​ത്തു രണ്ടു​പേ​രു​ടെ​യും മു​ഖ​ങ്ങൾ​ക്കി​ട​യിൽ വയ്ക്കു​ന്നു. ഹുക്ക വലി​ക്കു​ന്ന ഒരു​ത്തൻ. അയാ​ളു​ടെ ഭാര്യ. ഒരു പാ​ട്ടു​കാ​രൻ. കൃഷ്ണ എന്ന പെ​ണ്ണു്. ആണും പെ​ണ്ണു​മ​ല്ലാ​ത്ത ഒരു ജീവി. ഇത്ര​യും ആളു​ക​ളെ​ക്കൊ​ണ്ടു് ഒരു പോ​യി​ന്റു​മി​ല്ലാ​തെ സം​സാ​രി​പ്പി​ച്ചു് കഥ പര്യാ​വ​സ​നാ​ത്തിൽ കൊ​ണ്ടു​വ​രു​ന്നു ശ്രീ. ബോണി തോമസ്. വെ​റു​മൊ​രു ആഖ്യാ​ന​മാ​ണോ ഇതു്? അല്ല. പ്ര​മേ​യ​ത്തെ കേ​ന്ദ്ര​സ്ഥാ​ന​ത്തു നി​റു​ത്തി കഥാ​പാ​ത്ര​ങ്ങ​ളു​ടെ പ്ര​ക്രി​യ​കൾ കൊ​ണ്ടു് അതിനു തി​ള​ക്കം വരു​ത്തു​ന്നു​ണ്ടോ ഇവിടെ? ഇല്ല. എവി​ടെ​യെ​ങ്കി​ലും ഇതു ചെ​ന്നെ​ത്തു​ന്നു​ണ്ടോ? ഇല്ല ഏതൊരു സാ​ഹി​ത്യ​കൃ​തി​യും സാം​സ്കാ​രി​ക​മായ അനു​ഭാ​വ​മാ​ണ​ല്ലോ. അതും പ്ര​ദാ​നം ചെ​യ്യു​ന്നി​ല്ല ഈ രച​നാ​ഭാ​സം.

images/C_Kesavan.jpg
സി. കേശവൻ

പണ്ടു് സി. കേശവൻ മന്ത്രി​യാ​യി​രു​ന്ന കാലം. കോ​ട്ട​യ​ത്തു ചിലരെ നി​യ​മ​പ​രി​പാ​ല​കർ മർ​ദ്ദി​ച്ച​താ​യി പരാ​തി​യു​ണ്ടാ​യി. മന്ത്രി കോ​ട്ട​യ​ത്തെ പോ​ലീ​സ് സ്റ്റെ​യ്ഷ​നി​ലെ​ത്തി ക്ഷ​താം​ഗ​രായ തട​വു​കാ​രെ കണ്ടു. കൂ​ട​യു​ണ്ടാ​യി​രു​ന്ന ഡി. എസ്. പി യോടു് അദ്ദേ​ഹം ചോ​ദി​ച്ചു: ‘നി​ങ്ങൾ ഇതു കാ​ണു​ന്നി​ല്ലേ. കാ​ണു​ന്നി​ല്ലേ? അസ​ഹ​നീ​യം. അസ​ഹ​നീ​യം. അസ​ഹ​നീ​യം’. സി. കേ​ശ​വ​ന്റെ ആ വാ​ക്കു​കൾ കട​മെ​ടു​ത്തു് വി​ക​ലാം​ഗ​രാ​യി​ക്കി​ട​ക്കു​ന്ന അനു​വാ​ച​ക​രെ​ച്ചൂ​ണ്ടി ഞാൻ എന്നോ​ടു​ത​ന്നെ പറ​യു​ന്നു അസ​ഹ​നീ​യം. അസ​ഹ​നീ​യം. അസ​ഹ​നീ​യം.

വി​ചാ​ര​ങ്ങൾ
images/Alfred_Edward_Housman.jpg
എ. ഇ. ഹൗ​സ്മൻ

ചി​ന്ത​യി​ലേ​ക്കു് അതി​വേ​ഗ​ത്തോ​ടെ കട​ന്നു​ചെ​ന്നു് അജാ​ഗ​രി​ത​ഹൃ​ദ​യ​ത്തിൽ​പ്പോ​ലും പ്ര​ക​മ്പ​നം ഉള​വാ​ക്കു​ന്ന​താ​ണു് കവിത. മന​സ്സി​ന്റെ താ​ഴ്ച​യു​ടെ​യും താഴെ കാരണം കൂ​ടാ​തെ​യു​ള്ള ക്ഷോ​ഭ​ത്തി​ന്റെ സശ​ക്ത​മായ പ്ര​ക​മ്പ​നം ജനി​പ്പി​ക്കു​ന്ന​താ​ണു കവിത—ഇതു പറ​ഞ്ഞ​തു് എ. ഇ. ഹൗ​സ്മൻ എന്ന കവി​യാ​ണു്. ഇതു ശരി​യാ​ണെ​ങ്കിൽ താഴെ ചേർ​ക്കു​ന്ന കവി​ത​യു​ടെ സ്ഥാ​ന​മെ​ന്താ​യി​രി​ക്കും മലയാള സാ​ഹി​ത്യ​ത്തിൽ?

അർ​ബ്ബു​ദം കാർ​ന്ന കണ്ണു​കൾ​ക്കു്

കാഴ്ച വേണം

അവൻ തന്ന അഗ്നി​യാ​ണു്

എന്റെ നെ​ഞ്ചിൽ

(ശ്രീ. എ. അയ്യ​പ്പൻ, ഭാ​ഷാ​പോ​ഷി​ണി, ജൂൺ 1998)

ചങ്ങ​മ്പുഴ ‘രമണ’നു​മാ​യി നി​ങ്ങ​ളു​ടെ മുൻ​പിൽ വന്നു നി​ന്നാൽ? മി​ണ്ടാ​തെ​യാ​ണു് അദ്ദേ​ഹം നി​ല്ക്കു​ന്ന​തെ​ങ്കിൽ ഞാനും ഒന്നും മി​ണ്ടു​കി​ല്ല. അതല്ല അദ്ദേ​ഹം അതു തു​റ​ന്നു വാ​യി​ക്കാൻ തു​ട​ങ്ങി​യാൽ ഞാൻ ഓടും. ചങ്ങ​മ്പു​ഴ​യു​ടെ കവിത വാ​യി​ക്കൽ അത്ര​യ്ക്കു് അസ​ഹ​നീ​യ​മാ​ണു്.

പണ്ടു് ഒരു തി​രു​മ​ണ്ടൻ ചീഫ് സെ​ക്ര​ട്ട​റി​യു​ണ്ടാ​യി​രു​ന്നു തി​രു​വി​താം​കൂ​റിൽ. അദ്ദേ​ഹം പെൻഷൻ പറ്റിയ നാളിൽ ‘പാർ​ടി​ങ് കി​ക്ക്’ എന്ന നി​ല​യിൽ സെ​ന്റോ​ഫ് നട​ത്തി. കാ​പ്പി​കു​ടി. എല്ലാ​വർ​ക്കും ബോളി കൊ​ടു​ത്ത​പ്പോൾ ചീഫ് സെ​ക്ര​ട്ട​റി​ക്കും അതു കൊ​ടു​ത്തു. ബോ​ളി​യി​ലൊ​ഴി​ക്കാൻ പാ​ല്പാ​യ​സം കൊ​ണ്ടു​വ​രു​ന്ന​തി​നു മുൻ​പു് അദ്ദേ​ഹം അതു തി​ന്നു​തീർ​ത്തു. എന്നി​ട്ടു് പായസം വി​ള​മ്പു​ന്ന​വ​നോ​ടു് അഭ്യർ​ത്ഥി​ച്ചു. “എനി​ക്കു ഇനി​പ്പു​ള്ള ഈ ദോശ ഒന്നു കൂടി വേണം” (ഇനി​പ്പു് = മാ​ധു​ര്യം) ബോ​ളി​യെ ഇനി​പ്പു​ള്ള ദോ​ശ​യാ​ക്കു​ന്ന ചീഫ് സെ​ക്ര​ട്ട​റി​മാർ വാ​ണ​രു​ളിയ സെ​ക്ര​ട്ടേ​റി​യ​റ്റിൽ ശ്രീ. ആർ. രാ​മ​ച​ന്ദ്രൻ നാ​യ​രു​ടെ​യും ശ്രീ. സി. പി. നാ​യ​രു​ടെ​യും ഭര​ണ​കാ​ലം സാ​ഹി​ത്യ​ത്തിൽ തൽ​പ​ര​ത്വ​മു​ള്ള എനി​ക്കു് ആഹ്ലാ​ദ​ദാ​യ​ക​മാ​യി​രു​ന്നു. രാ​മ​ച​ന്ദ്രൻ നായർ പ്ര​തി​ഭാ​സ​മ്പ​ന്ന​നാ​ണു്. അദ്ദേ​ഹ​ത്തി​ന്റെ മു​ക്ത​ക​ങ്ങൾ ഒന്നാ​ന്ത​രം. പാർ​വ​തീ പരി​ണ​യം ആട്ട​ക്കഥ ദോ​ഷ​മു​ക്തം. പ്ര​ഭാ​ഷ​കൻ എന്ന നി​ല​യിൽ രാ​മ​ച​ന്ദ്രൻ നാ​യർ​ക്കു​ള്ള പ്രാ​ഗ​ല്ഭ്യം നി​സ്തു​ല​മ​ത്രേ. ഏതു വി​ഷ​യ​വും രസ​ക​ര​മാ​യും വി​ദ്വ​ജ്ജ​നോ​ചി​ത​മാ​യും അദ്ദേ​ഹം പ്ര​ഭാ​ഷ​ണ​ത്തി​ലൂ​ടെ ആവി​ഷ്ക​രി​ക്കു​ന്ന​തു കണ്ടും കേ​ട്ടും മല​യാ​ളാ​ധ്യ​പ​ക​നായ എനി​ക്കു് അസൂയ ഉണ്ടാ​യി​ട്ടു​ണ്ടു്.

ശ്രീ. സി. പി. നായർ വി​ദ​ഗ്ദ്ധ​നാ​ണു്. സമു​ദാ​യ​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ളെ ആക്ഷേ​പി​ച്ചു് അദ്ദേ​ഹം ഹാ​സ്യം സൃ​ഷ്ടി​ക്കു​ന്നു. ശബ്ദ​മു​യർ​ത്തി​യ​ല്ല അദ്ദേ​ഹം പരി​ഹ​സി​ക്കു​ന്ന​തു്. കട​ക്ക​ണ്ണിൽ പു​ഞ്ചി​രി​യോ​ടെ അദ്ദേ​ഹം ഓരോ മാ​ലി​ന്യ​ത്തെ​യും അധാർ​മ്മിക പ്ര​വൃ​ത്തി​യെ​യും നോ​ക്കു​ന്നു. കണ്ട​തു് ഹാ​സ്യ​ത്തി​ന്റെ പട്ടു​പൊ​തി​ഞ്ഞു് നമ്മു​ടെ മുൻ​പിൽ വയ്ക്കു​ന്നു. പണ്ടു് അദ്ദേ​ഹം കട​മ്മ​നി​ട്ട​യു​ടെ ഒരു കവി​ത​യെ അവ​ലം​ബി​ച്ചു​കൊ​ണ്ടു് രചി​ച്ച സറ്റ​യർ (മഴ പെ​യ്യു​ന്നു. മദ്ദ​ളം കൊ​ട്ടു​ന്നു) നി​സ്തു​ല​മാ​യി​രി​ക്കു​ന്നു.

images/Milan_Kundera.jpg
മിലാൻ കൂ​ന്ദേര

ഇപ്പോ​ഴ​ത്തെ ചീഫ് സെ​ക്ര​ട്ട​റി ശ്രീ. എം. മോ​ഹൻ​കു​മാർ ഇം​ഗ്ലീ​ഷിൽ കവി​ത​യെ​ഴു​തു​മെ​ന്നു് ഞാൻ പന​ച്ചി പറ​ഞ്ഞു മന​സ്സി​ലാ​ക്കി (ഭാ​ഷാ​പോ​ഷി​ണി​യി​ലെ കവി​ത​യും കഥയും ഒരു നി​ഷേ​ധ​ക്കു​റി​പ്പും എന്ന ലേഖനം). അതിൽ മോ​ഹൻ​കു​മാ​റി​ന്റെ ഒരിം​ഗ്ലീ​ഷ് കവി​ത​യു​ടെ മലയാള തർ​ജ്ജമ ചേർ​ത്തി​ട്ടു​ണ്ടു്. ഭാ​ഷാ​ന്ത​രീ​ക​ര​ണം ആരു​ടേ​തെ​ന്നു് അറി​ഞ്ഞു​കൂ​ടാ. മംഗളം ദി​ന​പ​ത്ര​ത്തിൽ വന്ന​താ​ണു് അതെ​ന്നു് പന​ച്ചി നമ്മ​ളെ അറി​യി​ക്കു​ന്നു. തർ​ജ്ജമ മോ​ഹൻ​കു​മാ​റി​ന്റേ​താ​യി​രി​ക്കി​ല്ല. അതിൽ ‘ജീവിത പന്ഥാ​വ്’ എന്നൊ​രു പ്ര​യോ​ഗം കണ്ടു. പന്ഥാ​വ് സമാ​സ​ത്തി​ന്റെ ഉത്ത​ര​പ​ദ​മാ​യി വരു​മ്പോൾ ‘പഥം’ എന്നാ​കും. പു​ണ്യ​പ​ഥം സാ​ഹി​ത്യ​പ​ഥം. താ​രാ​പ​ഥം ഈ പ്ര​യോ​ഗ​ങ്ങൾ നോ​ക്കുക. ജല​ത്തി​നു മു​ക​ളിൽ നി​ലാ​വു് വീ​ണു​കി​ട​ക്കു​ന്ന​തു​പോ​ലെ പന​ച്ചി​യു​ടെ ലേ​ഖ​ന​ത്തിൽ ഹാ​സ്യ​ച​ന്ദ്രിക വീ​ണി​രി​ക്കു​ന്നു.

കൂ​ന്ദേ​ര​യു​ടെ കലാ​ശി​ല്പം

ചെ​ക്ക് നോ​വ​ലി​സ്റ്റും ചെ​റു​ക​ഥാ​കാ​ര​നും നാ​ട​ക​കർ​ത്താ​വും കവി​യു​മായ മിലാൻ കൂ​ന്ദേര (Milan Kundera b. 1929) ബ്രി​ട്ടീ​ഷ് നോ​വ​ലി​സ്റ്റായ ഈയൻ മക്യൂയ നോടു (Ian McEwan, b. 1948) പറ​ഞ്ഞു: “നോ​വ​ലി​ന്റെ ലക്ഷ്യം സമു​ദാ​യ​ത്തെ വർ​ണ്ണി​ക്ക​ല​ല്ല. അതിനു കൂ​ടു​തൽ നല്ല മാർ​ഗ്ഗ​ങ്ങൾ വെ​റെ​യു​ണ്ടു്. ചരി​ത്ര​കാ​ര​ന്മാർ​ക്കു് അതു ചെ​യ്യാ​മ​ല്ലോ. സ്റ്റാ​ലി​നി​സ​ത്തെ തള​ളി​പ്പ​റ​യുക എന്ന​തും അതി​ന്റെ (നോ​വ​ലി​ന്റെ) ലക്ഷ്യ​മ​ല്ല. സൽ​ഷ​ന്യീ​റ്റ്സ​നു് (Soizhenitsyn, b. 1918) പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലൂ​ടെ അതു നിർ​വ​ഹി​ക്കാം. നോ​വ​ലി​ന്റെ മാർ​ഗ്ഗം വർ​ണ്ണി​ക്ക​ലാ​ണു്. പ്ര​ദർ​ശി​പ്പി​ക്ക​ലാ​ണു്. മനു​ഷ്യ​ജീ​വി​ത​ത്തെ അതി​ന്റെ എല്ലാ അം​ശ​ങ്ങ​ളി​ലും നി​സ്ത്വ​ചീ​ക​ര​ണം (peeling = തൊ​ലി​യു​രി​ക്കൽ) നിർ​വ​ഹി​ക്ക​ലാ​ണു്. നോവൽ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തു മറ്റൊ​രു ധൈ​ഷ​ണിക പ്ര​വർ​ത്ത​നം കൊ​ണ്ടും സാ​ക്ഷാ​ത്ക​രി​ക്കാൻ വയ്യ. അസ്തി​ത്വ​വാ​ദ​മെ​ന്ന തത്ത്വ​ചി​ന്ത​യ്ക്കും വയ്യ”.

images/Ian_McEwan.jpg
ഈയൻ മക്യൂ​യൻ

സി​തോ​പ​ല​ത്തി​ന്റെ സു​താ​ര്യാ​വ​സ്ഥ​യോ​ടു സാ​ദൃ​ശ്യം കല്പി​ക്കാ​വു​ന്ന തര​ത്തിൽ സു​താ​ര്യ​ത​യു​ള്ള ഈ പ്ര​സ്താ​വം കേ​ട്ടു​ക​ഴി​ഞ്ഞി​ട്ടും കൂ​ന്ദേ​ര​യെ സ്വ​ദേ​ശം ത്യ​ജി​ച്ച സാ​ഹി​ത്യ​കാ​ര​നാ​യും അസ്തി​ത്വ​വാ​ദം സ്വീ​ക​രി​ച്ച എഴു​ത്തു​കാ​ര​നാ​യും കാ​ണു​ന്ന​തു് ശരി​യ​ല്ല. അദ്ദേ​ഹ​ത്ത​ന്റെ പുതിയ നോവൽ Identity-​യും (Translated from the French by Linda Asher, Faber & Faber, London) ഈ സത്യം ഉദ്ഘോ​ഷി​ക്കു​ന്നു. നോ​വ​ലി​ന്റെ പേരു സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ ഐഡ​ന്റി​റ്റി—അന​ന്യത—എന്ന വിഷയം അദ്ദേ​ഹം അതി​വി​ദ​ഗ്ദ്ധ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ടു്. എങ്കി​ലും സമ​ഗ്ര​ജീ​വി​ത​ത്തി​ന്റെ പ്ര​തീ​തി ഈ മനോ​ഹ​ര​മായ നോവൽ ഉള​വാ​ക്കു​ന്നു.

images/Identity.jpg

ഫ്രാൻ​സി​ന്റെ വട​ക്കു​പ​ടി​ഞ്ഞാ​റു് ഭാ​ഗ​ത്തു​ള്ള നൊർ​മാ​ങ്ദീ (Normandy) പ്ര​ദേ​ശ​ത്തു് ഒരു ഹോ​ട്ട​ലിൽ ഷാ​ങ്തൽ (Chantal) എന്ന യുവതി വന്നു ചേ​രു​ന്നു. തന്റെ കാ​മു​കൻ ഷാ​ങ്മ​റി​നെ (Jean-​Marc) കാ​ണാ​നാ​ണു് അവൾ​ക്കു താൽ​പ​ര്യം. റ്റെ​ലി​വി​ഷൻ സെ​റ്റ് പ്ര​വർ​ത്തി​ക്കു​ന്നു​ണ്ടു്. കാ​ണാ​തെ​യായ ആളു​ക​ളേ​ക്കു​റി​ച്ചു് വി​വ​ര​ങ്ങൾ പ്രേ​ക്ഷ​കർ​ക്കു നല്കു​ക​യാ​ണു് റ്റെ​ലി​വി​ഷൻ. ഹോ​ട്ട​ലി​ലെ ജോ​ലി​ക്കാ​രി ഷാ​ങ്ത​ലി​നോ​ടു പറ​ഞ്ഞു: “You know that programme on TV about people who’ve disappeared?” “Lost to Sight” it is called. ‘കാ​ണാ​തെ​യാ​യ​വർ’—ഇതാണു നോ​വ​ലി​ലെ പ്ര​ധാ​ന​പ്പെ​ട്ട ആശയം. ഹോ​ട്ട​ലിൽ കി​ട​ന്നു​റ​ങ്ങു​മ്പോൾ ഷാ​ങ്തൽ സ്വ​പ്നം കണ്ടു. അവ​ളു​ടെ അമ്മ (വള​രെ​ക്കാ​ല​ത്തി​നു മുൻ​പു് അപ്ര​ത്യ​ക്ഷ​യാ​യി—മരി​ച്ചു എന്നർ​ത്ഥം) ആദ്യ​ത്തെ ഭർ​ത്താ​വു് (അയാ​ളും അവ​ളു​ടെ മുൻ​പിൽ വരു​ന്നി​ല്ല ഏറെ​ക്കാ​ല​മാ​യി) ഷാ​ങ്മ​റി​ന്റെ കൂ​ട്ടു​കാ​രൻ എഫ്. ഇവർ കാ​ണ​പ്പെ​ടു​ന്നി​ല്ല. ഇങ്ങ​നെ ഓരോ വ്യ​ക്തി​യും കാ​ണാ​തെ​യാ​വു​ന്നു. ഷാ​ങ്തൽ കട​പ്പു​റ​ത്തേ​ക്കു ചെ​ന്നു. അവിടെ ഭാ​ര്യ​മാ​രു​ടെ ദൃ​ഷ്ടി​പ​ഥ​ത്തിൽ നി​ന്ന് ഓടി​പ്പോയ ഭർ​ത്താ​ക്കാ​ന്മാർ പട്ടം പറ​ത്തു​ക​യാ​ണു്. ജീ​വി​ത​മെ​ന്ന​തു വൈ​ര​സ്യം നി​റ​ഞ്ഞ​താ​യ​തു​കൊ​ണ്ടു് നമ്മൾ തന്നെ മറ്റു​ള്ള​വ​രിൽ നി​ന്നു് അക​ലു​ന്നു. അവർ നമ്മ​ളിൽ നി​ന്നു് അക​ലു​ന്നു. Lost to Sight—ഇതു​ത​ന്നെ​യാ​ണു ജീ​വി​തം. മൂ​ന്നു വി​ധ​ത്തി​ലാ​ണു വൈ​ര​സ്യം. ജഡ​ത​യാർ​ന്ന വൈ​ര​സ്യം—നൃ​ത്തം ചെ​യ്തു​കൊ​ണ്ടു് കോ​ട്ടു​വാ​യി​ടു​ന്ന പെൺ​കു​ട്ടി. അന​ല​സ​മായ വൈ​ര​സ്യം—പട്ടം പറ​ത്തു​ന്ന​തിൽ തൽപരർ. വി​പ്ല​വാ​ത്മ​ക​മായ വൈ​ര​സ്യം—കാ​റു​കൾ കത്തി​ക്കു​ക​യും കടകൾ തകർ​ക്കു​ക​യും ചെ​യ്യു​ന്ന ചെ​റു​പ്പ​ക്കാർ. ഈ മൂ​ന്നു വൈ​ര​സ്യ​ങ്ങ​ളും ഒരു​മി​ച്ചു ചേ​രു​മ്പോൾ ജീ​വി​ത​മാ​യി. ആ ജീ​വി​ത​ത്തി​നു പ്ര​തി​നി​ധീ​ഭ​വി​ക്കു​കു​യാ​ണു് ഈ നോ​വ​ലി​ലെ കഥാ​പാ​ത്ര​ങ്ങൾ.

ഈ ജീ​വി​ത​ത്തിൽ വന്നു​ചേ​രു​ന്ന​താ​ണു് ഐഡ​ന്റി​റ്റി​യു​ടെ—അന​ന്യ​ത​യു​ടെ—പ്ര​ശ്നം. (പ്ര​ശ്ന​മെ​ന്ന​തു മല​യാ​ള​ത്തിൽ പ്ര​യോ​ഗി​ക്കു​ന്ന അർ​ത്ഥ​ത്തിൽ. പ്ര​ശ്ന​ത്തി​നു ചോ​ദ്യ​മെ​ന്നാ​ണർ​ത്ഥം സം​സ്കൃ​ത​ത്തിൽ) ഹോ​ട്ട​ലിൽ നി​ന്നു കട​പ്പു​റ​ത്തേ​ക്കു പോയ ഷാ​ങ്ത​ലി​നെ അന്വേ​ഷി​ച്ചു് അവിടെ വൈ​കി​യെ​ത്തിയ ഷാ​ങ്മർ ചെ​ന്നു.

‘I live in a world where men will never turn to look at me again’ എന്നാ​ലോ​ചി​ച്ചു് ഐഡ​ന്റി​റ്റി നഷ്ട​പ്പെ​ട്ടു കട​പ്പു​റ​ത്തു നി​ല്ക്കു​ന്ന ഷാ​ങ്ത​ലി​നെ Sea yacht-​ൽ നി​ന്നു രക്ഷി​ക്കാൻ (yacht—മത്സ​ര​ത്തി​നു​ള്ള നൗക) അയാൾ ഓടി​ച്ചെ​ന്ന​പ്പോൾ കണ്ട​തു് വാർ​ദ്ധ്യ​ക്യ​മു​ള്ള വൈ​രൂ​പ്യ​മു​ള്ള. ദയ​നീ​യ​മായ വി​ധ​ത്തിൽ അന്യ​ത​യു​ള്ള വ്യ​ക്തി​യെ​യാ​ണു്. അന​ന്യത—ഐഡ​ന്റി​റ്റി—നഷ്ട​പ്പെ​ട്ട ഷാ​ങ്തൽ.

ഷാ​ങ്ത​ലി​നു് ശരി​യായ പേ​രു​വ​യ്ക്കാ​ത്ത പ്രേ​മ​ലേ​ഖ​ന​ങ്ങൾ മു​റ​യ്ക്കു കി​ട്ടി​ക്കൊ​ണ്ടി​രു​ന്നു. ലൈം​ഗി​ക​ത്വ​ത്തി​ന്റെ പനി​നീർ​പ്പൂ സൗ​ര​ഭ്യം ആസ്വ​ദി​ക്കാൻ കൗ​തു​ക​മു​ള്ള അവൾ അവ ‘ബ്രാ’കളുടെ അടി​യിൽ ഒളി​ച്ചു​വ​ച്ചു. കള്ള​ക്ക​ത്തു​ക​ളി​ലെ കൈ​യ​ക്ഷ​ര​വും ഷാ​ങ്മ​റി​ന്റെ യഥാർ​ത്ഥ പ്രേ​മ​ലേ​ഖ​ന​ത്തി​ലെ കൈ​യ​ക്ഷ​ര​വും ഒന്നാ​ണെ​ന്നു് ഒരു ഹോ​ട്ടൽ ബോ​യി​യിൽ നി​ന്നു മന​സ്സി​ലാ​ക്കിയ ഷാ​ങ്തൽ ലണ്ട​നി​ലേ​ക്കു പോയി. അവ​ള​റി​യാ​തെ ഷാ​ങ്മ​റും അവളെ അനു​ഗ​മി​ച്ചു. ആഹ്ലാദ വി​ഹാ​ര​ത്തി​ന്റെ പര​കോ​ടി​യി​ലെ​ത്തിയ ഒരു ഭവ​ന​ത്തിൽ വച്ചു് അവൾ സ്വ​ന്തം നഗ്നത (burning nakedness എന്നു കു​ന്ദേര) കണ്ടു. ഒരാൾ അവളെ ‘ആൻ’ എന്നു വി​ളി​ച്ചു. (അന​ന്യ​ത​യു​ടെ നഷ്ടം—ലേഖകൻ) ഒടു​വിൽ അവൾ ഷാ​ങ്മ​റു​ടെ കൈ​ക​ളി​ലാ​യി. അയാൾ അവളെ ചും​ബി​ക്കാൻ ഭാ​വി​ച്ച​പ്പോൾ. ‘No, I just want to watch you’ എന്നാ​യി മറു​പ​ടി. എല്ലാ രാ​ത്രി​ക​ളി​ലും അവൾ വി​ളി​ക്കു കത്തി​ച്ചു വയ്ക്കു​മെ​ന്നു പറ​യു​മ്പോൾ നോവൽ അവ​സാ​നി​ക്കു​ന്നു. ഇനി സ്നേ​ഹ​മി​ല്ല. വേ​ഴ്ച​യി​ല്ല. അന്യോ​ന്യ​മു​ള്ള വീ​ക്ഷ​ണ​ങ്ങൾ മാ​ത്രം.

സമ​കാ​ലിക ജീ​വി​ത​ത്തി​ന്റെ വി​ഷാ​ദ​മ​ത്ര​യും കലാ​ത്മ​ക​മാ​യി ആവി​ഷ്ക​രി​ക്കു​ന്ന ഉദാ​ത്ത​മായ നോ​വ​ലാ​ണി​തു്. മനു​ഷ്യ​ത്വ​ത്തെ ഗ്ര​സി​ക്കു​ന്ന ഏകാ​ന്ത​ത​യെ, ഉത്ക​ണ്ഠ​യെ ഇതി​നെ​ക്കാൾ ശക്ത​മാ​യി സ്ഫു​ടീ​ക​രി​ച്ച മറ്റൊ​രു നോവൽ എന്റെ അറി​വി​ല്ലി​ല്ല.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-01-30.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 28, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.