SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 1998-09-11-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

images/Andre_Brink.jpg
ആങ​ദ്രേ ബി​ങ്ക്

ജപ്പാ​നി​ലും ചൈ​ന​യി​ലും പ്ര​ച​രി​ക്കു​ന്ന സെൻ (Zen), ബു​ദ്ധ​മ​ത​ത്തി​ന്റെ അവാ​ന്ത​ര​വി​ഭാ​ഗ​മാ​ണു്. അതിലെ കോ ആൻ (Koan) ലോ​ക​പ്ര​ശ​സ്തി​യാർ​ജ്ജി​ച്ചി​രി​ക്കു​ന്നു. പ്രാ​ചീ​ന​കാ​ല​ത്തെ മഹാ​നായ ആചാ​ര്യ​ന്റെ വൈ​രു​ദ്ധ്യാ​ത്മ​ക​മായ ഉക്തി​യാ​ണ​തു്. ‘ഒരു കൈ മാ​ത്രം അടി​ക്കു​മ്പോൾ ഉണ്ടാ​കു​ന്ന ശബ്ദ​മെ​ന്താ​ണു് ?’ (‘What is the sound of one hand clapping?’) എന്ന​തു കോ ആനാ​ണു്. യു​ക്തി​ര​ഹി​ത​വും വൈ​രു​ദ്ധ്യ​മാർ​ന്ന​തു​മായ ഈ ഉക്തി​വി​ശേ​ഷം ഒരാ​ധ്യാ​ത്മി​ക​ത​ത്ത്വ​മാ​ണു് ആവി​ഷ്ക​രി​ക്കു​കു. കാ​റ്റിൽ ആടി​ക്കൊ​ണ്ടി​രു​ന്ന കൊ​ടി​യെ​ക്കു​റി​ച്ചു​ള്ള ഒരു കോ ആൻ ഇങ്ങ​നെ: അതു​ക​ണ്ട ഒരു സെൻ ബു​ദ്ധ​മത സന്ന്യാ​സി പറ​ഞ്ഞു. കൊ​ടി​യാ​ണു് ഇള​കു​ന്ന​തെ​ന്നു്. വേ​റൊ​രു സന്ന്യാ​സി അതു​കേ​ട്ടു് പറ​യു​ക​യാ​യി ‘കാ​റ്റാ​ണു് ഇള​കു​ന്ന​തു്’. അവ​രു​ടെ ഈ വി​ഭി​ന്നത പ്ര​സ്താ​വ​ങ്ങൾ ശ്ര​വി​ച്ച ഒരാ​ചാ​ര്യൻ അവ​രോ​ടു് അപ്പോൾ പറ​ഞ്ഞു. ‘കൊ​ടി​യു​മ​ല്ല കാ​റ്റു​മ​ല്ല ഇള​കു​ന്ന​തു്: മന​സ്സാ​ണു് ഇള​കു​ന്ന​തു്’. ഇതു് എടു​ത്തെ​ഴു​തി​യി​ട്ടു് ആഫ്രി​ക്കൻ നോ​വ​ലി​സ്റ്റായ ആങ​ദ്രേ ബി​ങ്ക് (Andre Brink) തന്റെ നി​രൂ​പ​ണ​ഗ്ര​ന്ഥ​മായ ‘The Novel’ എന്ന​തി​ന്റെ ആമു​ഖ​പ്ര​ബ​ന്ധ​ത്തിൽ പറ​യു​ന്നു: ‘കൊ​ടി​യു​മ​ല്ല കാ​റ്റു​മ​ല്ല. ഭാ​ഷ​യാ​ണു് ഇള​കു​ന്ന​തു്’.

എന്താ​ണു് ഭാ​ഷ​യു​ടെ ഈ ചല​നാ​ത്മ​ക​ത്വം? അതി​നു​ള്ള ഉത്ത​ര​മാ​ണു് ബ്രി​ങ്കി​ന്റെ ഈ വി​ശി​ഷ്ട​മായ പു​സ്ത​കം. ഭാ​ഷ​യു​ടെ ശക്തി​കൊ​ണ്ടു് ഓരോ നോ​വ​ലും അന്യാ​ദൃ​ശ​സ്വ​ഭാ​വ​മു​ള്ള​താ​യി​ത്തീ​രു​ന്നു എന്നു സ്ഥാ​പി​ക്കു​ക​യാ​ണു് അദ്ദേ​ഹം. അതി​നു​വേ​ണ്ടി ബ്രി​ങ്ക് തെർ​വാ​ന്റേ​സി​ന്റെ (Cervantes 1547–1616) Don Quixote, ലഫ​യെ​തി​ന്റെ (La Fayette 1634–1693) La Princesse de cleves, ഡാ​നി​യൽ ഡി​ഫോ​യു​ടെ (Daniel Defoe, 1660–1731) Moll Flamders, ദനീ ദീ​ദ്റോ യുടെ (Denis Diderot 1713–1784) Jacques the Fatalist and His Master, ജെയ്ൻ ഓസ്റ്റി​ന്റെ (Jane Austen 1775–1817) Emma, ഗു​സ്താ​വ് ഫ്ളോ​ബ​റി​ന്റെ (Gustave Flaubert 1821–1880) Madane Bovary, ജോർ​ജ്ജ് എല്യ​റ്റി​ന്റെ

images/Madame_de_La_Fayette.jpg
ലഫ​യെ​ത്

(George Eliot, 1819–1880) Middle March, റ്റോ​മ​സ്മാ​നി ന്റെ (Thomas Mann, 1875–1955) Death in Venice, ഫ്രാൻ​സ് കാ​ഫ്കാ യുടെ (Franz Kafka 1883–1924) The Trial അലങ് റോബ് ഗ്രീ​യേ യുടെ (Alain Robbe Grillet, b. 1922) Le Voyer, ഗാർ​സി​യാ മാർ​കേ​സി​ന്റെ (Garcia Marquez, b. 1928) One Hundred Years of Solitude, മാർ​ഗ​റി​റ്റ് ആറ്റ്വു​ഡി ന്റെ (Margaret Atwood, b.1939) Surfacing, മീലാൻ കു​ന്ദേര യുടെ (Milan Kundera, b. 1929) The Unbearable Lightness of Being, എ. എസ്. ബയ​റ്റി ന്റെ (A. S. Byatt, b. 1936) Possession, ഈതോലോ കാൽ​വി​നോ യുടെ (Italo Calvino 1923–1985) If On a Winter’s Night A Traveller ഈ കൃ​തി​കൾ വി​മർ​ശ​ന​വി​ധേ​യ​ങ്ങ​ളാ​ക്കു​ന്നു. തെർ​വാ​ന്റേ​സ് തൊ​ട്ടു് എല്യ​റ്റ് വരെ​യു​ള്ള​വ​രു​ടെ നോ​വ​ലു​കൾ ക്ലാ​സി​ക് കൃ​തി​കൾ.

images/TheNovel.jpg

മാ​നി​ന്റെ​യും കാ​ഫ്ക​യു​ടെ​യും കൃ​തി​കൾ അധു​നാ​ത​ന​ങ്ങൾ. ഗ്രീ​യേ തൊ​ട്ടു കാൽ​വി​നോ വരെ​യു​ള്ള​വ​രു​ടെ കൃ​തി​കൾ പോ​സ്റ്റ് മോ​ഡേ​ണു​കൾ. ഏതു പ്ര​സ്ഥാ​ന​ത്തിൽ​പ്പെ​ട്ട കൃ​തി​യാ​യാ​ലും ഭാ​ഷ​യെ​ക്കു​റി​ച്ചു് അതി​ന്റേ​തായ സങ്ക​ല്പ​മു​ണ്ടെ​ന്നു സ്ഥാ​പി​ക്കു​ക​യാ​ണു് ബ്രി​ങ്ക്. ഭാ​ഷ​യു​ടെ ഈ അന്യാ​ദൃ​ശ്യ സ്വ​ഭാ​വം​കൊ​ണ്ടു് ഓരോ നോ​വ​ലും നവീ​ന​മാ​യി തോ​ന്നു​ന്നു എന്ന​താ​ണു് ഗ്ര​ന്ഥ​കാ​ര​ന്റെ അഭി​പ്രാ​യം. പോ​സ്റ്റ് മോ​ഡേ​ണി​സ്റ്റ് നോവൽ നോ​ക്കുക.

images/Alain_Robbe-Grillet.jpg
അലങ് റോബ് ഗ്രീ​യേ

പ്രാ​ചീ​ന​കാ​ല​ത്തു​ണ്ടായ നോ​വ​ലി​നോ​ടു സൌ​മു​ഖ്യം ഭജി​ക്കാൻ അതിനു പ്ര​യാ​സ​മി​ല്ല. ഭാ​ഷ​യെ​സ്സം​ബ​ന്ധി​ച്ച വീ​ക്ഷ​ണ​ത്തിൽ ഓരോ​ന്നും നൂ​ത​ന​മാ​ന​ങ്ങൾ പ്ര​ദർ​ശി​പ്പി​ച്ചു് വാ​യ​ന​ക്കാ​രെ രസി​പ്പി​ക്കു​ന്നു​വെ​ന്ന​താ​ണു് ബ്രി​ങ്ക് പറയുക. തു​ള​ച്ചു​ക​യ​റു​ന്ന അപ​ഗ്ര​ഥ​ന​പാ​ട​വം ഗ്ര​ന്ഥ​കാ​ര​ന്റെ പ്ര​ബ​ന്ധ​ങ്ങ​ളി​ലാ​കെ​യു​ണ്ടു്. കൊ​ടി​യു​മ​ല്ല, കാ​റ്റു​മ​ല്ല. ഭാ​ഷ​യാ​ണു് ഇള​കു​ന്ന​തു് എന്ന അസ​ന്ദി​ഗ്ദ്ധ​മാ​യി തെ​ളി​യി​ക്കു​ന്നു ബ്രി​ങ്ക്. ഭാ​ഷ​യാ​ണു് ആത്മാ​വു്. ആ ആത്മാ​വി​ലേ​ക്കു ചെ​ല്ലാൻ വാ​ക്കു​ക​ളേ​യു​ള്ളു. നവീ​ന​ത​യു​ള്ള ആശയം.

images/marthandavarma.jpg

ബ്രി​ങ്ക് എവിടെ? ഞാൻ എവിടെ? എങ്കി​ലും പറ​യു​ക​യാ​ണു്. പോ​സ്റ്റ് മോ​ഡേ​ണി​സം എന്ന പി​ന്തി​രി​പ്പൻ പ്ര​സ്ഥാ​ന​ത്തി​ന്റെ ചില ആശ​യ​ങ്ങൾ അവ​ലം​ബി​ച്ചു​കൊ​ണ്ടു​ള്ള ഈ അഭി​പ്രാ​യ​പ്ര​ക​ട​നം അത്ര​ക​ണ്ടു ശരിയോ എന്നു് എനി​ക്കു സംശയം. നോവൽ വാ​യി​ക്കു​മ്പോൾ നമ്മൾ വാ​ക്കു​ക​ളെ മറ​ക്കു​ക​യാ​ണു് ചെ​യ്യു​ന്ന​തു്. ‘മാർ​ത്താ​ണ്ഡ​വർ​മ്മ’യുടെ ആദ്യ​ത്തെ അധ്യാ​യം വാ​യി​ച്ചു തു​ട​ങ്ങൂ. ആദ്യ​ത്തെ ഏതാ​നും വാ​ക്യ​ങ്ങൾ വാ​യി​ച്ചു കഴി​യു​മ്പോൾ​ത​ന്നെ നമ്മൾ ഭാഷ മറ​ക്കു​ന്നു. നോ​വ​ലാ​ണു് അതെ​ന്ന വസ്തുത മറ​ക്കു​ന്നു. സി. വി. രാ​മൻ​പി​ള്ള​യാ​ണു് രച​യി​താ​വു് എന്ന​തു മറ​ക്കു​ന്നു. നമ്മു​ടെ മുൻ​പിൽ കാടും അവിടെ മു​റി​വേ​റ്റു​കി​ട​ക്കു​ന്ന യു​വാ​വും അയാളെ എടു​ത്തു​കൊ​ണ്ടു​പോ​കാൻ വന്ന​വ​രും മാ​ത്ര​മേ​യു​ള്ളു. ഭാഷ ആത്മാർ​ജ്ജ​നം ചെ​യ്യു​മ്പോ​ളാ​ണു് കല ആവിർ​ഭ​വി​ക്കു​ന്ന​തു്. പക്ഷേ ബ്രി​ങ്ക് പറ​യു​ന്ന​തു​പോ​ലെ മാ​ത്ര​മേ പോ​സ്റ്റ് മോ​ഡേ​ണി​സ്റ്റു​കൾ പറയൂ. അതു മന​സ്സി​ലാ​ക്കാൻ വേ​ണ്ടി ഈ വി​മർ​ശ​നം​ഗ്ര​ന്ഥം വാ​യി​ക്കാം. വാ​യി​ക്കേ​ണ്ട​തു​മാ​ണു്. (The Novel, Language and Narrative from Cervantes to Italo Calvino, First published 1998 by Macmillan Press Ltd., pp. 373, £12.99).

അവിയൽ

കൈ​നി​ക്കര കു​മാ​ര​പി​ള്ള​യും ഞാനും തി​രു​വ​ന​ന്ത​പു​ര​ത്തെ പൂ​ജ​പ്പുര മണ്ഡ​പ​ത്തി​ന​ടു​ത്തു​ള്ള ബസ്സ് സ്റ്റോ​പ്പിൽ ബസ്സ് കാ​ത്തു നി​ല്ക്കു​ക​യാ​യി​രു​ന്നു. അപ്പോൾ അതു വഴി പുതിയ കാറിൽ കട​ന്നു​പോയ പി. കേ​ശ​വ​ദേ​വ് കാറ് നി​റു​ത്തി ‘വരൂ’ എന്നു് ഞങ്ങ​ളെ വി​ളി​ച്ചു. കൈ​നി​ക്കര ‘വരു​ന്നി​ല്ല’ എന്നു പരു​ക്കൻ മട്ടിൽ മറു​പ​ടി പറ​ഞ്ഞു. കേ​ശ​വ​ദേ​വി​ന്റെ മു​ഖ​ഭാ​വം മാറി. ‘പി​ന്നെ​ക്ക​ണ്ടു​കൊ​ള്ളാം’ എന്ന മട്ടിൽ അദ്ദേ​ഹം ഒരാം​ഗ്യം കാ​ണി​ച്ചി​ട്ടു് ഡ്രൈ​വ​റോ​ടു കാറ് വിടാൻ ആഞ്ജാ​പി​ച്ചു.

images/Shelley.jpg
ഷെ​ല്ലി

ദേ​വി​ന്റെ മുൻ​പിൽ വി​ന​യ​ത്തോ​ടെ എപ്പോ​ഴും പെ​രു​മാ​റു​ന്ന എന്നെ അദ്ദേ​ഹം തു​റി​ച്ചു​നോ​ക്കി. ആ നോ​ട്ട​ത്തി​ന്റെ അർ​ത്ഥം കൈ​നി​ക്ക​ര​യോ​ടു​കൂ​ടി നി​ല്ക്കു​ന്ന​തു​കൊ​ണ്ട​ല്ലേ ‘താനും കാറിൽ കയ​റാ​ത്ത​തു്. തന്നെ​യും ഞാൻ കണ്ടു​കൊ​ള​ളാം’ എന്നാ​യി​രു​ന്നു. കു​മാ​ര​പി​ള്ള​യു​ടെ പരു​ക്കൻ മറു​പ​ടി​യും കേ​ശ​ദേ​വി​ന്റെ ‘പരു​പ​രു​ക്കൻ’ ചേ​ഷ്ട​ക​ളും കണ്ടു് ഞാൻ കെ. എം. പണി​ക്ക​രു​ടെ ‘പരു​ക്കൻ കവിത വി​ത​റു​മി​പ്പ​ട്ടർ​തൻ പത്നി​യാ​യാൽ’ എന്ന സം​സ്കാ​ര​ര​ഹി​ത​മായ കാ​വ്യ​ശ​ക​ലം ഓർ​മ്മി​ച്ചു​പോ​യി. ആ അസം​സ്കൃത പ്ര​സ്താ​വം മൃദുല സ്വ​ഭാ​വ​മു​ള്ള കവി​ത​യി​ലേ​ക്കു് എന്നെ കൊ​ണ്ടു​ചെ​ന്നു. ആ ചി​ന്ത​യു​ടെ പ്രേ​ര​ണ​യാ​ലാ​വും ഞാൻ കൈ​നി​ക്ക​ര​യോ​ടു ചോ​ദി​ച്ചു. ‘സാർ ഷെ​ല്ലി​യോ കീ​റ്റ്സോ വലിയ കവി’. അദ്ദേ​ഹ​ത്തി​നു് ആലോ​ചി​ക്കേ​ണ്ട​താ​യി വന്നി​ല്ല. പൊ​ടു​ന്ന​നെ ഉത്ത​രം തന്നു. ‘സം​ശ​യ​മെ​ന്തു്? ഷെ​ല്ലി’. ‘എന്തു​കൊ​ണ്ടു്?’ എന്നു് എന്റെ ചോ​ദ്യം. അദ്ദേ​ഹം പറ​ഞ്ഞു: “ഷെ​ല്ലി തന്നെ ഉത്കൃ​ഷ്ട​മായ കവി​ത​യു​ടെ സ്വാ​ഭാ​വം സ്പ​ഷ്ട​മാ​ക്കി​യി​ട്ടു​ണ്ടു്. ഇച്ഛാ​ശ​ക്തി​യാ​ണു് യു​ക്തി​വാ​ദ​ത്തി​നു് അടി​സ്ഥാ​നം. കവി​ത​യു​ടെ അടി​സ്ഥാ​നം അതല്ല. ഞാൻ കവി​ത​യെ​ഴു​ത​ട്ടെ എന്നു് ഒരു മഹാ​ക​വി​യും ഇന്നു​വ​രെ പറ​ഞ്ഞി​ട്ടി​ല്ല.

images/Keats.jpg
കീ​റ്റി​സ്

“അവ്യ​ക്ത​ശോ​ഭ​യോ​ടെ ഇരി​ക്കു​ന്ന കല്ക്ക​രി​ത്തു​ണ്ടിൽ കാ​റ്റു വന്ന​ടി​ക്കു​മ്പോൾ അതു കൂ​ടു​തൽ തി​ള​ങ്ങു​ന്ന​തു​പോ​ലെ, വി​വർ​ണ്ണ​മായ പൂവു് വി​ക​സി​ക്കാൻ തു​ട​ങ്ങു​മ്പോൾ കൂ​ടു​തൽ ശോഭ വഹി​ക്കു​ന്ന​തു​പോ​ലെ ശക്തി​വി​ശേ​ഷം ഉള്ളിൽ നി​ന്നു​ണ്ടാ​കും. അപ്പോ​ഴാ​ണു് കവി​ത​യു​ടെ ആവിർ​ഭാ​വം എന്നു ഷെ​ല്ലി പറ​ഞ്ഞി​ട്ടു​ണ്ടു്. അതു​ത​ന്നെ​യാ​ണു് അദ്ദേ​ഹ​ത്തി​ന്റെ കവി​ത​യും”. അപ്പ​റ​ഞ്ഞ​തു് കീ​റ്റി​സി​ന്റെ കവി​ത​യ്ക്കും ചേ​രു​കി​ല്ലേ എന്നാ​യി എന്റെ സംശയം. എങ്കി​ലും കൈ​നി​ക്ക​ര​യെ നീ​ര​സ​പ്പെ​ടു​ത്താൻ മടി​ച്ചു ഞാൻ അതു ചോ​ദി​ച്ചി​ല്ല. ‘എവി​ടെ​യാ​ണു​ള്ള​തു് ഷെ​ല്ലി​യു​ടെ ഈ അഭി​പ്രാ​യം’ എന്നു മാ​ത്രം ചോ​ദി​ച്ചു. ‘എന്തോ’ എന്നു കൈ​നി​ക്കര പറ​ഞ്ഞു. അദ്ദേ​ഹ​ത്തി​നു പ്രി​യ​പ്പെ​ട്ട പദ​മാ​ണു് ഈ ‘എന്തോ’ എന്ന​തു്. ‘സാ​റി​നെ​ക്കു​റി​ച്ചു് ഞാൻ ദീപിക ആഴ്ച​പ്പ​തി​പ്പി​ലെ​ഴു​തി​യി​രു​ന്നു. അതു​ക​ണ്ടോ?’ മറു​പ​ടി ‘എന്തോ’. കാ​ലി​നു ഒര​ന​ക്ക​മി​ല്ലാ​യ്മ എനി​ക്കു് എന്നു് അദ്ദേ​ഹം. ‘എന്താ സാർ അതിനു കാരണം?’ എന്നു എന്റെ ചോ​ദ്യം. ‘എന്തോ എന്നു മറു​പ​ടി’. ‘കേ​ശ​വ​ദേ​വ് ദേ​ഷ്യ​പ്പെ​ട്ടാ​ണോ പോ​യ​തു് സാർ’ ‘എന്തോ’ എന്നു കൈ​നി​ക്കര.

ഭാ​ഷ​യാ​ണു് ആത്മാ​വു്. ആ ആത്മാ​വി​ലേ​ക്കു ചെ​ല്ലാൻ വാ​ക്കു​ക​ളേ​യു​ള്ളൂ.

ഷെ​ല്ലി​യു​ടേ​തെ​ന്നു കൈ​നി​ക്കര പറഞ്ഞ ഈ കലാ​ത​ത്ത്വം കവി​ത​യ്ക്കു മാ​ത്ര​മ​ല്ല കഥ​യ്ക്കും ചേരും. അന്തർ​ജ്ജാ​ത​മായ ശക്തി​വി​ശേ​ഷം അനു​ഗ്ര​ഹി​ക്കാ​ത്ത കഥ​യാ​ണു് ശ്രീ. പി. കെ. ശ്രീ​വ​ത്സ​ന്റെ ‘ചാ​നൽ​മഴ’യെ​ന്ന​തു്. (മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പു്, ലക്കം 27) ഭാ​ര്യ​യും ഭർ​ത്താ​വും വീ​ട്ടി​ലു​ള്ള രണ്ടു പി​ള്ളേ​രും. മകൾ ഹോ​സ്റ്റ​ലിൽ. അവൾ വരാ​മെ​ന്നു പറഞ്ഞ ദി​ന​ത്തിൽ വരു​ന്നി​ല്ല. അമ്മ​യ്ക്കു് ഉത്ക​ണ്ഠ. റ്റി. വി. സെ​റ്റിൽ കാ​ണു​ന്ന ഒരു ദൃ​ശ്യം അവരെ രണ്ടു​പേ​രെ​യും അല​ട്ടു​ന്നു. ആഖ്യാ​ന​ത്തി​ന്റെ സ്പ​ഷ്ട​ത​യി​ല്ലാ​യ്മ കൊ​ണ്ടു് ഏതാ​ണു് റ്റി. വി. സെ​റ്റി​ലെ കാഴ്ച. ദമ്പ​തി​ക​ളു​ടെ ഏതു തോ​ന്ന​ലാ​ണു് വാ​സ്ത​വി​കം എന്നൊ​ക്കെ വേർ​തി​രി​ച്ച​റി​യാൻ വയ്യ. അതു​പോ​ക​ട്ടെ. പ്ര​തി​പാ​ദ്യ​വി​ഷ​യ​ത്തി​ന്റെ നേരിയ ശോഭ ഭാ​വ​ന​യു​ടെ കാ​റ്റേ​റ്റ് തി​ള​ക്ക​മാർ​ന്നു വരു​ന്നി​ല്ല. കഥാ​പു​ഷ്പ​ത്തി​ന്റെ ഉള്ളി​ലെ അവ്യ​ക്ത​വർ​ണ്ണം വി​ക​സി​താ​വ​സ്ഥ​യിൽ ഉജ്ജ്വ​ലത ആവ​ഹി​ക്കു​ന്നി​ല്ല. ഒര​വി​യൽ​ക്ക​ഥ​യാ​ണി​തു്. സ്വാ​ദി​നു വേ​ണ്ടി സെ​ക്സ് എന്ന വെ​ളി​ച്ച​ണ്ണ ഒഴി​ച്ചി​ട്ടും ചേ​ന​യും കായും പയ​റു​മൊ​ക്കെ വെ​ന്തു് ഒരു​മി​ച്ചു് ചേ​രാ​തെ വെ​വ്വെ​റെ കി​ട​ക്കു​ന്ന​തു​കൊ​ണ്ടു് കേ​ര​തൈ​ല​ത്തി​നും സ്വാ​ദി​ല്ല. കൈ​നി​ക്കര ജീ​വി​ച്ചി​രി​ക്കു​ന്നു​വെ​ന്നു വി​ചാ​രി​ക്കൂ. ‘സാർ ഇക്കഥ കൊ​ള്ളാ​മോ?’ എന്നു ഞാൻ ചോ​ദി​ച്ചാൽ ‘എന്തോ’ എന്നു് ഉദാ​സീ​ന​നാ​യി അദ്ദേ​ഹം മറു​പ​ടി പറയും. ഞാൻ എന്നോ​ടു​ത​ന്നെ ആ ചോ​ദ്യം ചോ​ദി​ച്ചാൽ ‘കൊ​ള്ളു​കി​ല്ല’ എന്നു മറു​പ​ടി നല്കും.

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: തി​രു​വ​ന​ന്ത​പു​ര​ത്തെ ഏറ്റ​വും വി​രൂ​പ​വും ഏറ്റ​വും മനോ​ഹ​ര​വു​മായ കെ​ട്ടി​ട​ങ്ങൾ ഏവ?

ഉത്ത​രം: റ്റാ​ഗോർ സെ​ന്റി​ന​റി ഹോൾ ‘വൈ​രൂ​പ്യ​ത്തി​നൊ​രാ​സ്പ​ദം’. കാഴ്ച ബം​ഗ്ലാ​വ് അതി​സു​ന്ദ​രം.

ചോ​ദ്യം: ഈ ലോ​ക​ത്തെ കണ്ടു​പി​ടി​ത്ത​ങ്ങ​ളിൽ മഹ​ത്ത്വ​മാർ​ന്ന​തു് ഏതു്?

ഉത്ത​രം: ഏറ്റ​വും വലിയ കണ്ടു​പി​ടി​ത്തം പു​സ്ത​ക​മാ​ണെ​ന്നു ഗോർ​ബ്ബ​ച്ചെ​വി​ന്റെ ഭാര്യ ആത്മ​ക​ഥ​യിൽ പറ​ഞ്ഞി​ട്ടു​ണ്ടു്.

ചോ​ദ്യം: ‘ഇന്ദു​ലേഖ’യിലെ പതി​നെ​ട്ടാം അദ്ധ്യാ​യം എടു​ത്തു​മാ​റ​റേ​ണ്ട​ത​ല്ലേ?

ഉത്ത​രം: ആ അദ്ധ്യാ​യം ആ നോ​വ​ലി​ന്റെ ഒരു ഭാ​ഗ​മാ​ണു്. അതു മാ​റ്റാൻ പാ​ടി​ല്ല. ഏതു നോ​വ​ലി​ലും ഏതു കാ​വ്യ​ത്തി​ലും വി​ര​സ​ങ്ങ​ളായ ഭാ​ഗ​ങ്ങൾ കാണും. ടോൾ​സ്റ്റോ​യി​യു​ടെ ‘യു​ദ്ധ​വും സമാ​ധാ​ന​വും’ എന്ന നോ​വ​ലിൽ കലാ​ത്മ​ക​മ​ല്ലാ​ത്ത എത്ര​യെ​ത്ര വി​വ​ര​ണ​ങ്ങ​ളു​ണ്ടു്. ‘മഹാ​ഭാ​രത’ത്തി​ലെ എല്ലാ ഭാ​ഗ​ങ്ങ​ളും സു​ന്ദ​ര​ങ്ങ​ളാ​ണോ?

ചോ​ദ്യം: പ്രേ​മ​ബ​ന്ധം എങ്ങ​നെ അവ​സാ​നി​ക്കും?

ഉത്ത​രം: പു​രു​ഷൻ സ്ത്രീ​യെ കണ്ടാൽ പേ​ട​മാ​നെ​ക്ക​ണ്ട വേ​ട്ട​ക്കാ​ര​നെ​പ്പോ​ലെ പിറകേ ഓടും. പക്ഷേ അയാൾ അവളെ പി​ടി​കൂ​ടു​ന്ന​തി​നു മുൻ​പു് അവൾ അയാളെ കര​വ​ല​യ​ത്തി​ലാ​ക്കും. പി​ന്നെ എത്ര ശ്ര​മി​ച്ചാ​ലും പു​രു​ഷ​നു രക്ഷ​പ്പെ​ടാ​നാ​വു​ക​യി​ല്ല.

ചോ​ദ്യം: തി​രു​വ​ന​ന്ത​പു​രം സം​സ്കൃത കോ​ളേ​ജിൽ നി​ങ്ങൾ അധ്യാ​പ​ക​നാ​യി​രു​ന്ന​പ്പോൾ പഠി​പ്പി​ച്ച വി​ദ്യാർ​ത്ഥി​ക​ളിൽ ബു​ദ്ധി​കൂ​ടി​യ​താ​രു്?

ഉത്ത​രം: അഞ്ചു​പേ​രെ ഞാൻ ഓർ​മ്മി​ക്കു​ന്നു. 1. എച്ച്. ഗോ​പാ​ല​കൃ​ഷ്ണ​യ്യർ (തൃ​പ്പൂ​ണി​ത്തുറ സം​സ്കൃത കോ​ളേ​ജി​ന്റെ പ്രിൻ​സി​പ്പ​ലാ​യി​രു​ന്നു) 2. പി. പി. രാ​മ​കൃ​ഷ്ണ​പി​ള്ള 3. ഡോ​ക്ടർ എൻ. പി. ഉണ്ണി (വൈസ് ചാൻ​സ​ലർ, ശങ്ക​രാ​ചാ​ര്യ സർ​വ്വ​ക​ലാ​ശാല) 4. ഡോ​ക്ടർ പൂ​വ​റ്റൂർ രാ​മ​കൃ​ഷ്ണ​പി​ള്ള 5. എം. കൃ​ഷ്ണൻ…

ചോ​ദ്യം: കാ​ണ്ടാ​മൃ​ഗ​ത്തി​നു​ള്ള​തി​നെ​ക്കാൾ തൊ​ലി​ക്ക​ട്ടി നി​ങ്ങൾ​ക്കി​ല്ലേ?

ഉത്ത​രം: കാ​ണു​മാ​യി​രി​ക്കും. പക്ഷേ ക്ലി​ന്റ​ണു​ള്ളി​ട​ത്തോ​ളം തൊ​ലി​ക്ക​ട്ടി എനി​ക്കി​ല്ല. കു​റ്റ​സ​മ്മ​ത​ത്തി​നു ശേഷം ആ മനു​ഷ്യൻ ഭാ​ര്യ​യു​ടെ മു​ഖ​ത്തു നോ​ക്കി​യ​തു നമു​ക്കു മന​സ്സി​ലാ​ക്കാം. പക്ഷേ സ്വ​ന്തം മക​ളു​ടെ മു​ഖ​ത്തു നോ​ക്കി​യ​തു് എങ്ങ​നെ?

ചോ​ദ്യം: വാ​യി​ച്ചി​ല്ലെ​ങ്കിൽ നഷ്ട​മെ​ന്നു കരു​താ​വു​ന്ന പു​സ്ത​ക​ങ്ങൾ ഏവ?

ഉത്ത​രം: ഒരി​ക്കൽ ഇതു് എഴു​തി​യ​താ​ണു്. സെ​യി​ന്റ് ഒഗ​സ്റ്റി​ന്റെ Confessions 2. City of God. അമേ​രി​ക്കൻ കവി​യും സാ​ഹി​ത്യ​നി​രൂ​പ​ക​നും ക്രൈ​സ്തവ പു​രോ​ഹി​ത​നു​മായ തോമസ് മെർ​ട​ന്റെ (1915–68) The Seven Storey Mountain നീ​ക്കോ​സ് കാ​സാൻ​ദ​സാ​ക്കീ​സി​ന്റെ (Nikos Kazantzakis 1883–1957) ‘റി​പോർ​ട് റ്റു ഗ്രെ​ക്കോ’ (മെർ​ട​ന്റെ ആത്മ​കഥ അടു​ത്ത​കാ​ല​ത്താ​ണു് എനി​ക്കു കി​ട്ടി​യ​തു്. അതു് എനി​ക്കു വാ​യി​ക്കാൻ തന്ന ശ്രീ. സി. കെ. വേ​ണു​വി​നു് (മല​യാ​ളം പത്ര​ത്തി​ന്റെ പത്രാ​ധി​പ​സ​മി​തി​യി​ലെ അംഗം) നന്ദി.

പല വി​ഷ​യ​ങ്ങൾ

ഇന്നെ​ഴു​തു​ന്ന പലരും ചെ​റു​പ്പ​കാ​ല​ത്തെ മരി​ച്ചു കഴി​ഞ്ഞി​രി​ക്കു​ന്നു. നമ്മൾ കാ​ണു​ന്ന​തു് അവ​രു​ടെ പ്ര​ത്യ​ക്ഷ ശരീ​ര​ങ്ങൾ മാ​ത്രം.

The Bedform Glossary of Critical and Literary Terms എന്ന നല്ല ഗ്ര​ന്ഥ​ത്തിൽ അലി​ഗ​റി​യെ​ക്കു​റി​ച്ചു് പറ​ഞ്ഞി​രി​ക്കു​ന്ന​തു് ഇങ്ങ​നെ: ഒര​മൂർ​ത്താ​ശ​യ​ത്തെ കൂ​ടു​തൽ മൂർ​ത്ത​മായ മാർ​ഗ്ഗ​ത്തി​ലൂ​ടെ പ്ര​കാ​ശി​പ്പി​ക്കു​ന്ന​തു് അലി​ഗ​റി. ഗദ്യ​ത്തി​ലോ പദ്യ​ത്തി​ലോ നാ​ട​ക​ത്തി​ലോ ആയി ആഖ്യാ​നം നിർ​വ​ഹി​ക്കു​ന്ന അലി​ഗ​റി​ക്കു രണ്ടു തല​ങ്ങ​ളു​ണ്ടു്. ആദ്യ​ത്തെ​തു് ഉപ​രി​ത​ല​ത്തി​ലു​ള്ള കഥ… അലി​ഗ​റി​കൾ​ക്കു ബന്ധ​മു​ള്ള ഇതി​വൃ​ത്ത​ങ്ങ​ളു​ണ്ടെ​ങ്കി​ലും രണ്ടാ​മ​ത്തെ അഗാ​ധ​ത​ല​ത്തി​ലു​ള്ള അർ​ത്ഥം വാ​യ​ന​ക്കാർ കണ്ട​റി​യ​ണ​മെ​ന്നു രച​യി​താ​ക്കൾ​ക്കു പ്ര​തീ​ക്ഷ​യു​ണ്ടു്. ആ അർ​ത്ഥം സാ​ന്മാർ​ഗ്ഗി​ക​മോ രാ​ഷ്ട്ര​വ്യ​വ​ഹാര സം​ബ​ന്ധി​യോ തത്ത്വ​ചി​ന്താ​പ​ര​മോ മത​പ​ര​മോ ആകാം.

1. ദേ​ശാ​ഭി​മാ​നി വാ​രി​ക​യിൽ ശ്രീ. വി. എസ്. അനിൽ​കു​മാർ എഴു​തിയ ‘ശാ​ന്തി​വ​നം’ എന്ന കഥ അലി​ഗ​റി​യാ​ണു്—ലാ​ക്ഷ​ണി​ക​ക​ഥ​യാ​ണു്. ഉപ​രി​ത​ല​ത്തിൽ അതൊരു കലാ​ശാ​ല​യു​ടെ ജീർ​ണ്ണ​ത​യു​ടെ കഥ​യാ​ണു്. അഗാ​ധ​ത​ല​ത്തിൽ ഭാ​ര​ത​ത്തി​ന്റെ കഥയും ഉപ​രി​ത​ല​ത്തി​ലെ കഥയിൽ നി​ന്നു അഗാ​ധ​ത​ല​ത്തി​ലെ കഥ​യി​ലേ​ക്കു കട​ക്കു​ന്ന​തു ബു​ദ്ധി​യോ​ടു ബന്ധ​പ്പെ​ട്ട പ്ര​ക്രി​യ​യാ​ണു്. ആ പ്ര​ക്രിയ കഴി​ഞ്ഞാൽ പി​ന്നെ ഒന്നു​മി​ല്ല. അതു​കൊ​ണ്ടു് മസ്തി​ഷ്ക​ത്തോ​ടു ബന്ധ​പ്പെ​ട്ട അലി​ഗ​റി​ക്കു കല​യോ​ടു ബന്ധ​മി​ല്ല. ഹേ​ഗ​ലി​ന്റെ​യും ക്രോ​ചെ​യു​ടെ​യും മത​മി​താ​ണെ​ന്നു് ഓർമ്മ പറ​യു​ന്നു. ചില ഗ്ര​ന്ഥ​കാ​ര​ന്മാർ പ്രാ​ഗ​ല്ഭ്യം കൊ​ണ്ടു് അലി​ഗ​റി​ക്കു് ഒരു തര​ത്തി​ലു​ള്ള ചാരുത വരു​ത്താ​റു​ണ്ടു്. ഉദാ​ഹ​ര​ണം ഓർ​വെ​ലി​ന്റെ Animal Farm. ആ ചാരുത പോലും അനിൽ​കു​മാ​റി​ന്റെ ‘ശാ​ന്തി​വന’ത്തി​നു് ഇല്ല. (മെൽ​വി​ലി​ന്റെ ‘മോ​ബി​ഡി​ക്കോ’ എന്ന ചോ​ദ്യ​മു​ണ്ടാ​കാം. മോ​ബി​ഡി​ക്ക് അലി​ഗ​റി​യ​ല്ല. അതു സിം​ബൊ​ലി​ക്കാ​ണു്. തി​മിം​ഗ​ലം വേട്ട എന്ന ഉപ​രി​തല കഥ​യു​ടെ അടി​ത്ത​ട്ടിൽ തി​മിം​ഗ​ല​ത്തെ​പ്പോ​ലെ തെ​ന്നി​ത്തെ​ന്നി​പ്പോ​കു​ന്ന അർ​ത്ഥ​മു​ണ്ടു്. അതു കണ്ട​റി​യു​ന്ന സഹൃ​ദ​യ​നു കല​യോ​ടു ബന്ധ​പ്പെ​ട്ട ആഹ്ലാ​ദ​മു​ണ്ടാ​കും).

2. മാർ​ക്സ് പറഞ്ഞ വർ​ഗ്ഗ​ര​ഹിത സമു​ദാ​യം എങ്ങും ഉണ്ടാ​യി​ട്ടി​ല്ല. ഉണ്ടാ​കു​മെ​ന്നും തോ​ന്നു​ന്നി​ല്ല. വർ​ഗ്ഗ​ര​ഹിത സമു​ദാ​യ​ത്തി​നു​വേ​ണ്ടി തൊ​ണ്ട​കീ​റി പ്ര​സം​ഗി​ക്കു​ന്ന​വ​രെ​ല്ലാം ബൂർ​ഷ്വാ​സി​യിൽ പെ​ട്ട​വ​രെ​ക്കാൾ സു​ഖ​പ്ര​ദ​മായ ജീ​വി​ത​മാ​ണു് നയി​ക്കു​ന്ന​തു്. സകല നൂതന സൌ​ക​ര്യ​ങ്ങ​ളു​മു​ള്ള കൊ​ട്ടാ​രം പോ​ലു​ള്ള കെ​ട്ടി​ടം. സൌ​ധ​ങ്ങൾ എന്നു തി​രു​ത്തി​പ്പ​റ​യ​ണം. സഞ്ച​രി​ക്കാൻ പുതിയ കാറു്. അവ​രു​ടെ വീ​ട്ടിൽ​ചെ​ന്നാൽ അവർ സഹ​ധർ​മ്മി​ണി​യെ അതി​ഥി​യു​ടെ മുൻ​പിൽ വരാനേ സമ്മ​തി​ക്കി​ല്ല. ഭാര്യ മുൻ​പി​ലെ​ത്താ​ത്ത​തു ബുർ​ഷ്വാ​സി​യു​ടെ നി​യ​മ​മ​നു​സ​രി​ച്ചാ​ണു്. ബൂർ​ഷ്വാ​സി​യിൽ​പ്പെ​ട്ട ഞാൻ ഓട്ടോ​റി​ക്ഷ​യി​ലോ ബസ്സി​ലോ കയറാൻ പണ​മി​ല്ലാ​തെ ഏന്തി വലി​ഞ്ഞു റോ​ഡി​ലൂ​ടെ നട​ക്കു​മ്പോൾ എന്റെ മേൽ ചെ​ളി​വെ​ള​ളം തെ​റി​പ്പി​ച്ചു​കൊ​ണ്ടു് തൊ​ഴി​ലാ​ളി നായകൻ ഏറ്റ​വും പുതിയ കാറിൽ പാ​ഞ്ഞു​പോ​കും. പോ​കു​ന്ന​തു തൊ​ഴി​ലാ​ളി സമ്മേ​ള​ന​ത്തിൽ പ്ര​സം​ഗി​ക്കാ​നാ​ണു്. അവിടെ കയ​റി​നി​ന്നു് ‘സർ​വ​രാ​ജ്യ തൊ​ഴി​ലാ​ളി​ക​ളേ സം​ഘ​ടി​ക്കു​വിൻ. നി​ങ്ങൾ​ക്കു നഷ്ട​പ്പെ​ടാൻ കൈ​ച്ച​ങ്ങ​ല​ക​ള​ല്ലാ​തെ വേ​റൊ​ന്നു​മി​ല്ല’ എന്നു് തൊണ്ട പൊ​ട്ടു​ന്ന രീ​തി​യിൽ നി​ല​വി​ളി​ക്കും. അതു​ക​ഴി​ഞ്ഞു് പുതിയ കാറിൽ കയറി വീ​ട്ടി​ലേ​ക്കു പോകും. തൊ​ഴി​ലാ​ളി മഴ നന​ഞ്ഞു വീ​ട്ടി​ലേ​ക്കു നട​ക്കു​ന്ന സന്ദർ​ഭ​ത്തിൽ നേ​താ​വു് ലാർജ് ബ്രാൻ​ഡി നു​ണ​ഞ്ഞു വീ​ട്ടി​ലി​രി​ക്കു​ക​യാ​യി​രി​ക്കും. തൊ​ഴി​ലാ​ളി നേ​താ​വു് തൊ​ഴി​ലാ​ളി​ക​ളു​ടെ വി​കാ​ര​വു​മാ​യി ‘താ​ദാ​ത്മ്യം’ പ്രാ​പി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണു് ഈ ഹി​പ്പൊ​ക്ര​സി ഉണ്ടാ​കു​ന്ന​തു്. ഇതി​ല്ലാ​ത്ത—ഹി​പ്പോ​ക്ര​സി ഇല്ലാ​ത്ത—നേ​താ​ക്ക​ന്മാർ കാ​ണു​മാ​യി​രി​ക്കും. അങ്ങ​നെ​യു​ള്ള രണ്ടു​പേ​രെ എനി​ക്ക​റി​യാം. സു​ഗ​തൻ​സാ​റും കെ. സി. ജോർ​ജ്ജും. അവ​രു​ടെ സ്മ​ര​ണ​യ്ക്കു മുൻ​പിൽ ഞാൻ ആദ​രാ​വ​ന​ത​നാ​യി നി​ല്ക്കു​ന്നു.

3. കേ​ശ​വ​ദേ​വ് ജീ​വി​ച്ചി​രി​ക്കു​മ്പോൾ​ത്ത​ന്നെ അദ്ദേ​ഹം മരി​ച്ചു​വെ​ന്നു് കെ. ദാ​മോ​ദ​രൻ പറ​ഞ്ഞു. (കെ. ദാ​മോ​ദ​രൻ കേരള കൌ​മു​ദി​യു​ടെ പത്രാ​ധി​പ​രാ​യി​രു​ന്ന കെ. സു​കു​മാ​ര​ന്റെ സഹോ​ദ​രൻ) അദ്ദേ​ഹ​ത്തി​ന്റെ ആ പ്ര​സ്താ​വം അക്ക​ലാ​ത്തെ പത്ര​ങ്ങ​ളിൽ വലിയ അക്ഷ​ര​ങ്ങ​ളിൽ അച്ച​ടി​ച്ചു വന്നു. കേ​ശ​വ​ദേ​വി​ന്റെ സർ​ഗ്ഗ​ശ​ക്തി നശി​ച്ചു​പോ​യി​യെ​ന്നാ​ണു ദാ​മോ​ദ​രൻ പറ​ഞ്ഞ​തു്. കേ​ശ​വ​ദേ​വി​നു പ്രാ​യ​മേ​റെ​ച്ചെ​ന്ന​പ്പോ​ഴാ​യി​രു​ന്നു ദോ​മോ​ദ​ര​ന്റെ പ്ര​ഖ്യാ​പ​നം. നമ്മു​ടെ സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ സ്ഥി​തി അതല്ല. ഇന്നെ​ഴു​തു​ന്ന പലരും ചെ​റു​പ്പ​കാ​ല​ത്തെ മരി​ച്ചു കഴി​ഞ്ഞി​രി​ക്കു​ന്നു. നമ്മൾ കാ​ണു​ന്ന​തു് അവ​രു​ടെ പ്ര​ത്യ​ക്ഷ ശരീ​ര​ങ്ങൾ മാ​ത്രം.

4. ജർ​മ്മൻ തത്ത്വ​ചി​ന്ത​ക​നായ ആഡോർ​നോ യുടെ (Theodor Adorno 1903–1969) Aesthetic Theory എന്ന അത്യു​ജ്ജ്വ​ല​മായ പു​സ്ത​കം ഞാൻ വാ​യി​ച്ചി​ട്ടു​ണ്ടു്. അതി​ന്റെ തർ​ജ്ജമ വി​ശ്വ​സി​ക്കാൻ കൊ​ള്ളാ​ത്ത​താ​ണെ​ന്നു് പറ​ഞ്ഞു പ്ര​സാ​ധ​കർ അതു പിൻ​പ​ലി​ച്ചു. പി​ന്നീ​ടു​ണ്ടായ തർ​ജ്ജമ എനി​ക്കു കി​ട്ടി​യ​തു​മി​ല്ല. അടു​ത്ത​കാ​ല​ത്തു ഞാൻ വാ​യി​ച്ച ഒരു പഠ​ന​ത്തിൽ ബ്ര​ഹ്റ്റി ന്റെ ഒരു നാ​ട​ക​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​തി​പാ​ദ​ന​മു​ണ്ടു്.

images/AestheticTheory.jpg

ഷി​ക്കാ​ഗോ​പ്പ​ട്ട​ണ​ത്തി​ലെ ഭീ​ക​ര​പ്ര​വർ​ത്ത​കർ​ക്കും തേഡ് റീ​ഹി​ലെ ഭര​ണ​കർ​ത്താ​ക്കൾ​ക്കും (Third Reich 1933 തൊ​ട്ടു് 1945 വരെ​യു​ള്ള നാ​ത്സി​ഭ​ര​ണ​കാ​ലം) സാ​ദൃ​ശ്യം കല്പി​ക്കു​ന്നു ബ്ര​ഹ്റ്റ്. നാ​ത്സി ഭര​ണ​ത്തി​നും ഭീ​ക​ര​പ്ര​വർ​ത്ത​ന​ത്തി​നും സാ​ദൃ​ശ്യം നല്കി ബ്ര​ഹ​റ്റ് രചി​ച്ച ഈ അലി​ഗ​റി ദുർ​ബ്ബ​ല​മാ​ണെ​ന്നാ​ണു് ആഡോർ​നോ​യു​ടെ അഭി​പ്രാ​യം. ഭീ​ക​ര​പ്ര​വർ​ത്ത​ന​ത്തെ​യും നാ​ത്സി​ക​ളു​ടെ ക്രൂ​ര​ത​യെ​യും സദൃ​ശ​ങ്ങ​ളാ​ക്കു​മ്പോൾ നാ​സ്തി നൃ​ശം​സ​ത​യ്ക്കു ന്യൂ​ന​ത്വം വരു​ന്നു​വെ​ന്നാ​ണു് അദ്ദേ​ഹം പറയുക. ശരി​യാ​ണു്. പക്ഷേ ഇത​ല്ലാ​തെ എന്തു​ചെ​യ്യും? ക്രൂ​ര​ത​യ്ക്കു സദൃ​ശ​മാ​യി എന്തെ​ങ്കി​ലും ഈ ലോ​ക​ത്തു കണ്ടു​പി​ടി​ക്കാ​നൊ​ക്കു​ക​യി​ല്ല. ലോ​ക​ത്തു​ള്ള​വ​യെ​യെ​ല്ലാം പര​സ്പ​രം തു​ല്യ​ങ്ങ​ളാ​ക്കാ​നേ എഴു​ത്തു​കാ​ര​നു കഴിയൂ. മൂർ​ച്ഛാ​ജ​ന​ക​മായ മരു​ന്നു കൊ​ടു​ത്തു മയ​ക്കിയ രോ​ഗി​ണി മേ​ശ​പ്പു​റ​ത്തു കി​ട​ക്കു​ന്ന​തു​പോ​ലെ സാ​യാ​ഹ്നം അന്ത​രീ​ക്ഷ​ത്തിൽ ശയി​ക്കു​ന്നു​വെ​ന്നു പറ​യു​മ്പോ​ഴും ഔപ​മ്യ​ത്തി​നു് ദൌർ​ബ്ബ​ല്യം വരു​ന്നു. (അല​ങ്കാ​ര​പ്ര​യോ​ഗം റ്റി. എസ്. എല്യ​റ്റി​ന്റ​തു്).

ചി​ത്ര​ശ​ല​ഭം

യു​വ​തി​യെ​ക്ക​ണ്ടാൽ യു​വാ​വി​നു​ണ്ടാ​കു​ന്ന​തു രാഗം. യു​വി​തി​ക്കു ആ വി​കാ​രം അപ്പോ​ഴു​ണ്ടാ​ക​ണ​മെ​ന്നി​ല്ല. ആ യു​വ​തി​ക്കും ആ യു​വാ​വി​നും രാ​ഗ​മു​ണ്ടാ​യാൽ അതു് അനു​രാ​ഗം. അതി​ന്റെ മൂർ​ദ്ധ​ന്യാ​വ​സ്ഥ പ്രേ​മം. പ്രേ​മ​മാർ​ന്ന അവർ രണ്ടു​പേ​രും വി​വാ​ഹം കഴി​ച്ചു കുറെ വർ​ഷ​ങ്ങൾ കഴി​യു​മ്പോൾ അതു പ്ര​ണ​യ​മാ​യി​ബ്ഭ​വി​ക്കു​ന്നു. പ്രേ​മ​ത്തിൽ​പ്പെ​ട്ടു കഴി​യു​മ്പോൾ സ്ത്രീ​ക്കു അസൂയ സ്വാ​ഭാ​വി​കം. പു​രു​ഷ​ന്റെ പര​സ്ത്രീ​ഗ​മ​നം അവർ സഹി​ക്കി​ല്ല. പ്ര​ണ​യാ​വ​സ്ഥ​യിൽ ഭർ​ത്താ​വി​ന്റെ സു​ഖ​മാ​ണു ഭാ​ര്യ​യു​ടെ സുഖം. അപ്പോൾ അയാൾ പര​സ്ത്രീ​ഗ​മ​നേ​ച്ഛ​യു​ള്ള​വ​നാ​ണെ​ങ്കി​ലും ഭാ​ര്യ​ക്കു സങ്ക​ട​മി​ല്ല. ഈ പ്ര​ണ​യ​ത്തെ​യാ​ണു് ഭവ​ഭൂ​തി വാ​ഴ്ത്തി​യ​തു്.

ഒന്നാ​യും സൌ​ഖ്യ​ദുഃ​ഖ​ങ്ങ​ളി​ല​നു​ഗു​ണ​മാ​യേ​തു

കാ​ല​ത്തു​മുൾ​പ്പൂ

വി​ന്നു​ള​ളാ​ശ്വാ​സ​മാ​യും രസമതു ജരയാൽ

ഭേ​ദി​യാ​തു​ള്ള​താ​യും

പി​ന്നെ​ക്കാ​ലേന ചേർ​ന്നാ​മ​റ​വു​ക​ളൊ​ടു​വിൽ

സ്നേ​ഹ​സ​ത്താ​യു​മെ​ന്നും

ഭി​ന്നി​ക്കാ​തു​ള്ള പത്നീ​പ്ര​ണ​യ​മ​ധിക

പു​ണ്യ​ത്തി​നാ​ലേ ലഭി​ക്കൂ

ഈ പ്ര​ണ​യാ​വ​സ്ഥ​യി​ലെ​ത്തിയ തകഴി യു​ടെ​യും അദ്ദേ​ഹ​ത്തി​ന്റെ സഹ​ധർ​മ്മി​ണി​യു​ടെ​യും ദാ​മ്പ​ത്യ​ജീ​വി​ത​ത്തെ വാ​ഴ്ത്താ​ത്ത​വ​രി​ല്ല. ശ്രീ. ഇ. വി. ശ്രീ​ധ​ര​നും അവ​രു​ടെ ആ ജീ​വി​ത​ത്തെ പ്ര​ശം​സി​ക്കു​ന്നു. (കലാ​കൌ​മു​ദി ഓണ​പ്പ​തി​പ്പു്, സാ​ഹി​ത്യ​മേ ജീ​വി​തം എന്ന ലേഖനം) ആ പ്ര​ശംസ പൊ​ള്ള​യ​ല്ല. വസ്തു​സ്ഥി​തി കഥ​ന​മ​ത്രേ. ചെ​റു​ക​ഥാ​കാ​ര​നായ ഇ. വി. ശ്രീ​ധ​രൻ ആകർ​ഷ​ക​മാ​യി അതു നിർ​വ​ഹി​ക്കു​ന്നു. അതി​ന്റെ കൂടെ തക​ഴി​യു​ടെ സാ​ഹി​ത്യ​ജീ​വി​ത​ത്തി​ന്റെ സവി​ശേ​ഷ​ത​ക​ളും.

images/ChuangTsu.jpg
ജു​ആ​ങ്ദ്സു

ബി. സി. നാലാം ശത​ക​ത്തി​ലെ ചൈ​നീ​സ് തത്ത്വ​ചി​ന്ത​കൻ ജു​ആ​ങ്ദ്സു (Chuang Izu) ഒരി​ക്കൽ സ്വ​പ്നം കണ്ടു താൻ ചി​ത്ര​ശ​ല​ഭ​മാ​യി പൂ​ക്കൾ തോറും പാ​റി​പ്പ​റ​ന്നു​വെ​ന്നു്. പെ​ട്ടെ​ന്നു് അദ്ദേ​ഹം ഉണർ​ന്നു. അപ്പോൾ അദ്ദേ​ഹ​ത്തി​നു സംശയം. താൻ ചി​ത്ര​ശ​ല​ഭ​മാ​യി​യെ​ന്നു സ്വ​പ്നം കണ്ടു​വോ അതോ ചി​ത്ര​ശ​ല​ഭ​മായ താൻ മനു​ഷ്യ​നാ​ണെ​ന്നു സ്വ​പ്നം കണ്ടു​വോ?

തക​ഴി​ക്കു ഈ ഭ്ര​മ​മി​ല്ല. ‘ചെ​മ്മീൻ’ എന്ന സു​ന്ദ​ര​മായ നോ​വ​ലെ​ഴു​തു​മ്പോൾ അദ്ദേ​ഹം ചി​ത്ര​ശ​ല​ഭ​മാ​ണു്. ഇ. വി. ശ്രീ​ധ​ര​നും അദ്ദേ​ഹ​ത്തെ​പ്പോ​ലെ​യു​ള്ള നല്ല​യാ​ളു​ക​ളും ചെ​ല്ലു​മ്പോൾ തകഴി സ്നേ​ഹ​സ​മ്പ​ന്ന​മായ മനു​ഷ്യ​നാ​ണു്. തക​ഴി​യു​ടെ ചി​ത്ര​ശ​ല​ഭാ​വ​സ്ഥ​യെ​യും മനു​ഷ്യാ​വ​സ്ഥ​യെ​യും കാ​ണി​ച്ചു​ത​രു​ന്നു ഇ. വി. ശ്രീ​ധ​രൻ.

കു​മാ​ര​നാ​ശാ​ന്റെ ‘നളിനി’ എന്ന കാ​വ്യ​ത്തി​ലെ രസം ശാ​ന്ത​മാ​ണെ​ന്നു് കെ. ബാ​ല​രാ​മ​പ​ണി​ക്കർ എഴു​തി​യ​പ്പോൾ അതു ശരി​യ​ല്ലെ​ന്നു് ഈ ലേഖകൻ പറ​ഞ്ഞു. ശാ​ന്ത​ര​സ​ത്തി​ന്റെ സ്ഥാ​യി​ഭാ​വ​മായ നിർ​വ്വേ​ദം നളി​നി​യി​ലി​ല്ല. ‘നീ കുലീന ഗു​ണ​ദീ​വി​കേ വീടും ലോ​ക​മാ​ണു ദയ​നീ​യ​മെൻ പ്രി​യേ’ എന്നു വി​ല​പി​ക്കു​ന്ന സന്ന്യാ​സി​ക്കു് എവിടെ നിർ​വ്വേ​ദം? നളിനി രസ​പ്ര​ധാ​ന​മായ കൃ​തി​യ​ല്ല. ഭാ​വ​പ്ര​ധാ​ന​മാ​ണു് എന്നാ​യി​രു​ന്നു എന്റെ വാദം.

images/Nalini.jpg

ബാ​ല​രാ​മ​പ്പ​ണി​ക്കർ അതിനു നേ​രി​ട്ടു മറു​പ​ടി​യെ​ഴു​താ​തെ ഒരു പയ്യ​നെ​ക്കൊ​ണ്ടു പ്ര​ത്യാ​ഖ്യാ​നം നിർ​വ​ഹി​പ്പി​ച്ചു. ആ ലേഖനം പകു​തി​യോ​ളം പ്രൌ​ഢം. പകുതി ‘അല​വ​ലാ​തി’ വർ​ത്ത​മാ​നം. സംഗതി വ്യ​ക്തം. ആദ്യ​ത്തെ പ്രൌ​ഢ​ഭാ​ഗം ബാ​ല​രാ​മ​പ്പ​ണി​ക്കർ പറ​ഞ്ഞു​കൊ​ടു​ത്ത​തു്. ബാ​ക്കി​യു​ള്ള​തു പയ്യ​ന്റേ​തു്. ഞാൻ അയാളെ വി​ളി​ച്ചു ഉപ​ദേ​ശി​ച്ചു: ‘നി​ങ്ങൾ​ക്കു പറ​യ​ണ​മെ​ന്നു തോ​ന്നി​യാൽ പറയു. പക്ഷേ വേ​റൊ​രാൾ പറ​ഞ്ഞു​ത​രു​ന്ന​തു സ്വ​ന്തം പേരിൽ അച്ച​ടി​ക്ക​രു​തു്’. അയാൾ പരു​ങ്ങി​നി​ന്നു അതു​കേ​ട്ടു.

ഉത്കൃ​ഷ്ട​മായ ഒരു ദി​ന​പ​ത്ര​ത്തി​ന്റെ വാ​രാ​ന്ത്യ​പ്പ​തി​പ്പിൽ ഒരാൾ തന്ത പറ​ഞ്ഞു​കൊ​ടു​ക്കു​ന്ന​തു മഴു​വ​നും പകർ​ത്തി വയ്ക്കു​ന്നു. ലജ്ജാ​വ​ഹ​മായ പ്ര​വൃ​ത്തി​യാ​ണി​തു്. ആത്മാ​ഭി​മാ​ന​മു​ള്ള​വർ, അന്ത​സ്സു​ള്ള​വർ ഈ പ്ര​വൃ​ത്തി ചെ​യ്യു​ക​യി​ല്ല. തൽ​ക്കാ​ലം ഇത്ര​യും മതി. വേ​ണ്ടി​വ​ന്നാൽ ഇനി​യു​മാ​കാം.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-09-11.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.