
ഹൈന്ദവ സങ്കല്പമനുസരിച്ചു് ഒരു സംവത്സരത്തിൽ ആറു ഋതുക്കൾ അടങ്ങിയിരിക്കുന്നു. ഗ്രീഷ്മകാലം, വർഷാകാലം, ശരത്കാലം, ഹേമന്തകാലം, ശിശിരകാലം, വസന്തകാലം ഇവയാണു് ആ ഋതുസമാഹാരം. കാളിദാസന്റെ ‘ഋതുസംഹാര’മെന്ന കാവ്യം ഓരോ ഋതുവിന്റെയും സവിശേഷതയെ കാമുകിയുടെയും കാമുകന്റെയും ഭാവങ്ങളോടു കൂട്ടിയിണക്കി പ്രകൃതിയുടെയും, മനുഷ്യന്റെയും ഐക്യത്തെ ധ്വനിപ്പിക്കുന്നു. ഈ ഋതുഭേദങ്ങളെ പശ്ചാദ്ഭാഗങ്ങളാക്കി ഹിമാലയ പർവ്വതത്തിന്റെ അടിവാരത്തിൽ നടക്കുന്ന മനുഷ്യ മഹാനാടകത്തെ നമ്മുടെ മുൻപിൽ കൊണ്ടുവരുന്ന അലൻ സീലി യുടെ (Allan Sealy) “The Everest Hotel” എന്ന നോവൽ ഇൻഡോ ആംഗ്ലിയൻ കൃതികളിൽ അദ്വീതീയമാണെന്നു ഞാൻ വിചാരിക്കുന്നു. വിശ്വസാഹിത്യത്തിലും അതിനു അനിഷേധ്യമായ സ്ഥാനമുണ്ടു്. ബുക്കർസ്സമ്മാനം നേടിയ അരുന്ധതിറോയിയുടെ നല്ല നോവലായ ‘The God of Small Things’ സിലീയുടെ നോവലിന്റെ മുൻപിൽ നിഷ്പ്രഭമായിപ്പോകുന്നു.
“ലൈച്ചീ മരങ്ങളിലെ പുതിയ, ചുവന്ന ഇലകളെ ഒരു രോഗം നശിപ്പിച്ചു കഴിഞ്ഞു. ഈ രാത്രിയിലെ തണുപ്പു് രോഗമുണ്ടാക്കുന്ന പൂപ്പിനെ നശിപ്പിക്കും. വെളുത്തുള്ളിയുടെ ഒരു ഗോളം പച്ചനിറമാർന്ന ഒരു പൊടിപ്പിനെ മുകളിലേക്കു കൊണ്ടുവരും” പല അദ്ധ്യായങ്ങൾക്കും പൂർവപീഠികയെന്ന രീതിയിൽ സീലി എഴുതിച്ചേർക്കുന്ന ഭാവാത്മക വർണ്ണനങ്ങളിലെ ഒന്നിൽ നിന്നാണു ഈ ഭാഗം. ഇതു മർമ്മസ്പർശിയായ വാക്യമാണു്. നോവലിന്റെ കേന്ദ്രസ്ഥിതമായ ആശയത്തിലേക്കുള്ള ‘കൈചൂണ്ടിപ്പലക’യാണു. അനന്തമായ ജീവിതം. അതു മരണത്താൽ വിച്ഛേദിക്കപ്പെട്ടാലും നൂതനജീവിതത്തിന്റെ ആവിർഭാവത്താൽ നൈരന്തര്യം പുലർത്തും. ഈ തത്ത്വത്തിനു സീലി കലാസുഭഗമായ ആലേഖനം നല്കുന്നതു കാണേണ്ട കാഴ്ചയാണു.
ഹിമാലയ പർവ്വതത്തിന്റെ അടുത്തുള്ള ഒരു ചെറിയ പട്ടണമാണു് ദ്രമണ്ടു് ഗഞ്ച്. അവിടെ ഒരു കാലത്തു എവറസ്റ്റ് എന്ന വിശ്രുതമായ ഹോട്ടലുണ്ടായിരുന്നു. കഥയാരംഭിക്കുന്ന കാലത്തു അതു ഹോട്ടലല്ല; അനാഥർക്കു പാർക്കാനുള്ള ഭവനമാണു. അവരെ പരിപാലനം ചെയ്യുന്നതു കുറെ കന്യാസ്ത്രീകളും. ഇന്നു് ആ കന്യാസ്ത്രീമഠത്തിന്റെ അല്ലെങ്കിൽ അനാഥാലയത്തിന്റെ ഉടമസ്ഥൻ ജെദ്ദ് എന്ന പേരുള്ള തൊണ്ണൂറുവയസ്സുകാരനാണു. ചെറുപ്പകാലത്തു എവറസ്റ്റ് കൊടുമുടിയിലേക്കു കയറിയവൻ. സ്ത്രീവേട്ടക്കാരൻ. അയാളുടെ യൗവനകാലത്തെ ഡയറിയിലെ ചില ഭാഗങ്ങൾ ഈ വിഷയാസക്തിക്കു തെളിവുതരും. ‘മേജയുമൊരുമിച്ചു് പുറത്തേക്കു പോയി. ഉന്മത്ത ചുംബനങ്ങൾ” ‘മഞ്ഞുഗുഹയിൽ കിറ്റി. ക്ലൈൻ… ഇവരോടൊരുമിച്ചു ഉരുളുന്നു.” ‘സമ്മാനങ്ങൾ, സ്ഫടികഭാജനം ഫിന്നിഷ് പെൺകുട്ടിക്കു’ ഈ യൗവനകാല വൈഷയികത്വം തൊണ്ണൂറുവയസ്സായിട്ടും അയാൾ ഉപേക്ഷിക്കുന്നില്ല. അയാളെ ശുശ്രൂഷിക്കുന്ന കന്യാസ്ത്രീകളോടും മര്യാദയില്ലാതെ പെരുമാറുന്നുമുണ്ടു് ആ വൃദ്ധൻ. എവറസ്റ്റ് ഭവനത്തിന്റെ മുകൾത്തട്ടിൽ താമസിച്ചുകൊണ്ടു് അയാൾ Drummondganj Book of the Dead’ എഴുതുകയാണു്. അതിനു പ്രചോദനം നല്കാൻ അടുത്തൊരു ശവപ്പറമ്പുമുണ്ടു്. അതിന്റെ താക്കോൽ അയാളുടെ കൈയിലാണു. അതുകൊണ്ടു് ജെദ്ദ് യമരാജനെന്നു അറിയപ്പെടുന്നു. ഈ യമരാജനു നചികേതസ്സുമുണ്ടു്. അയാളാണു യുവാവായ ബ്യജ്. അവർ അങ്ങനെ കഴിഞ്ഞുകൂടുമ്പോൾ സസ്യശാസ്ത്രത്തിൽ തൽപരത്വമുള്ള ഋതു എന്ന യുവതിയായ കന്യാസ്ത്രീ ജെദ്ദിനെ പരിചരിക്കാനായി എവറസ്റ്റ് ഭവനത്തിലെത്തുന്നു. അവൾ വന്നതിനുശേഷം നാത്സിസത്തിൽ വിശ്വസിക്കുന്ന ഇങാ ഫോഗൽ എന്ന ജർമ്മൻ വനിതയും അവിടെ എത്തുകയായി (Inge Vogal). അവളുടെ ആഗമനത്തിനു ലക്ഷ്യമുണ്ടു്. യുദ്ധകാലത്തു തടവുപുള്ളിയായിത്തീർന്ന അവളുടെ വല്യമ്മാവൻ ഒറ്റോ പ്ലാങ്കു് (Otto Planke) അവിടത്തെ ശവപ്പറമ്പിലാണു സംസ്കരിക്കപ്പെട്ടതു. ആ ശവക്കുഴി കണ്ടെത്തി അവിടെ ഒരു ശീർഷോപലം സ്ഥാപിക്കണം അവൾക്കു. ശില്പകലയിൽ വിദഗ്ധയായ അവൾ അതു നിർമ്മിക്കുന്ന വേളയിൽ പലരുടെയും വിരോധത്തിനു പാത്രമായി. ജെദ്ദിന്റെ മരണത്തിനുശേഷം അവൾ എവറസ്റ്റ് ഭവനത്തിന്റെ ഉടമസ്ഥയാകുമെന്ന വാർത്തയും നാത്സിയാണെന്ന സത്യവും ശില്പകലയിൽ വിദഗ്ദ്ധനായ ഒരയൽക്കാരന്റെ അസൂയയും ഒക്കെ അവളുടെ മരണത്തിനു കാരണങ്ങളായി. ജെദ്ദിന്റെ ഉപയോഗശൂന്യമായ കാറു് സൂക്ഷിച്ചിരുന്ന ഷെഡ്ഡിൽ. കാറിനകത്തു അവൾ മുറിവേറ്റു മരിച്ചു കിടന്നതായി കാണപ്പെട്ടു. ഉദ്യാനത്തിന്റെ ചൗക്കീദാറായ തപ്പയുടെ വാളാകാം അവൾക്കു മാരകമായ മുറിവേല്പിച്ചതു. ദുർജ്ഞേയമായ ഈ കൊലപാതകം ദുർജ്ഞേയമായ ജീവിതം പോലെ ഈ നോവലിലെ കഥാപാത്രങ്ങളെ അനുധാവനം ചെയുന്നു. ഇനി ഋതുവെന്ന സസ്യശാസ്ത്രജ്ഞയ്ക്കു അവിടെ കഴിഞ്ഞുകൂടാൻ വയ്യ. അവിടെ ആരുമറിയാതെ വന്നെത്തിയ മാഷ എന്ന ഒരനാഥ ബാലികയോടൊരുമിച്ചു അവൾ അവിടം വിട്ടുപോകുന്നു. മൂന്നരവയസ്സുള്ള ആ കൊച്ചുകുട്ടിയുടെ അമ്മയായി അവൾ ഇനി ഡൽഹിയിൽ താമസിക്കും. നോവൽ അവസാനിക്കുന്നു: Her (Rita’s) eyes fill with sudden tears and she draws Masha to her. With one arm, so the child must lean over awkwardly. What’s the matter? Masha’s look says. Ritus can’t speak; her heart is breaking. She shakes her head swiftly, a small movement. Her eyes say, my Love and then, my dear love” തീവണ്ടിപ്പാളം കാട്ടിലേക്കു വളഞ്ഞുപോകുന്നു. നഗരത്തിലേക്കു പോകുന്ന സ്ത്രീകളെ ഋതു കാണുന്നുണ്ടു്. വിറകുകെട്ടു തലയിലേന്തി അതിന്റെ സമതുലിതാവസ്ഥയ്ക്കു ഭംഗം വരുത്താതെ അവർ നടക്കുകയാണു. ജീവിതത്തിന്റെ സമതുലിതാവസ്ഥയ്ക്കു ഭംഗം വരാതിരിക്കാൻ മനസ്സിരുത്തുന്നതുപോലെ ഋതു പഴയ ഡൽഹിയിൽ നിന്നു് എവറസ്റ്റ് ഭവനത്തിൽ വന്നെത്തിയതു തീവണ്ടിയിലാണു്. ഒരു വർഷം കഴിഞ്ഞു അവർ തീവണ്ടിയിൽത്തന്നെ തിരിച്ചുപോകുന്നു. തകർന്ന ഹൃദയവുമായി ബ്രിജ് അവളെയും അവൾ അയാളെയും സ്നേഹിച്ചു. ആ സ്നേഹത്തിനു സാഫല്യമുണ്ടായില്ല. ‘ജീവിതം പോലെ രണ്ടറ്റവും കാണാത്ത’ വഴിയിലൂടെ അവൾ വന്നു. തിരിച്ചു പോകുന്നു.
വീടു്—ഒരു നിർവ്വചനം തരൂ? കടം കൂടിയവനു ഒളിച്ചിരിക്കാനുള്ള സ്ഥലം.
ഹോൺടിങ്. ഫാസിനേറ്റിങ്ങ് ഈ ഇംഗ്ലീഷ് പദങ്ങൾ കൊണ്ടാണു ഞാൻ ഈ കലാശില്പത്തെ വിശേഷിപ്പിക്കുന്നതു. തൊണ്ണൂറു വയസ്സുള്ള ജെദ്ദ് മരിക്കും. അയാളെ ശുശ്രൂഷിക്കുന്ന കന്യാസ്ത്രീകളും മരിക്കും. പ്രേമഭംഗം വന്ന ഋതുവിനും മരണം സംഭവിക്കും. പക്ഷേ വെളുത്തുള്ളി ഒരു പുതിയ മുള ഉയർത്തിയതുപോലെ അവിച്ഛിന്നമായ ജീവിതം മാഷ എന്ന കുഞ്ഞിലൂടെ പുതിയ നാമ്പുകൾ നീട്ടുന്നു. ജീവിതത്തിന്റെ നൈരന്ത്യം! അനശ്വരതയുടെ ചലനാത്മക ബിംബമാണു കാലമെന്നു പ്ലേറ്റോ പറഞ്ഞിട്ടുണ്ടു്. ആ കാലത്തെയാണു് സീലി തത്ത്വചിന്തകനെപ്പോലെ ഈ നോവലിൽ ചിത്രീകരിക്കുന്നതു. ഈ കാലത്തിൽ വർത്തിക്കുന്ന ക്ഷണിക “വസ്തു”ക്കളാണു ജെദ്ദും കന്യാസ്ത്രീകളും എവറസ്റ്റ് ഭവനവും. മരിച്ചവരുടെ ഗ്രന്ഥമെഴുതുന്ന അയാളും മരണവക്ത്രത്തിൽ വീഴും. മൂന്നു മാനങ്ങളുള്ള അയാൾ സ്ഥലത്തിന്റെയും കാലത്തിന്റെയും മാനങ്ങളിൽ വിലയം കൊള്ളും.
കാലത്തെക്കുറിച്ചുള്ള ഈ സങ്കല്പം ഞാൻ പ്രൂസ്തിന്റെയും കാസാൻദ്സാക്കിസിന്റെയും നോവലുകളിൽ കണ്ടിട്ടുണ്ടു്. പിന്നീടു ഞാൻ അതു കാണുന്നതു സീലിയുടെ ഉത്കൃഷ്ടമായ ഈ നോവലിലാണു.
ആവിഷ്കാരരീതിയിൽ ഈ നോവൽ നിസ്തുലമാണു. ഓരോ ഭാഗവും ഭാവഗീതം പോലെയാണു രചിക്കപ്പെട്ടിരിക്കുന്നതു. അതുകൊണ്ടു ഉത്കൃഷ്ടമായ കവിത വായിക്കുന്ന അനുഭവമാണു ഇതിന്റെ പാരായണമുളവാക്കുക. ജീവിതം ധന്യമാകുന്നതു ഇത്തരം കലാഗോപുരങ്ങളിൽ നമ്മൾ ആരോഹണം ചെയ്യുമ്പോഴാണു എന്നതിൽ എനിക്കു സംശയമില്ല. (The Everest Hotel-I, Allan Sealy, pp. 333, Rs 395.)
ചോദ്യം: സ്ത്രീയുടെയും പുരുഷന്റെയും ആഗ്രഹങ്ങൾ ഏതു തരത്തിലാണു?
ഉത്തരം: എനിക്കു ഇതിനു സ്വന്തമായ ഉത്തരമില്ല. കവി കോൾറിജ്ജ് പറഞ്ഞതു എഴുതാം. പുരുഷൻ സ്ത്രീയെ കിട്ടണമെന്നു ആഗ്രഹിക്കുന്നു. സ്ത്രീ. തന്നെ പുരുഷൻ ആഗ്രഹിക്കണമെന്നു ആഗ്രഹിക്കുന്നു
ചോദ്യം: വീടു്—ഒരു നിർവ്വചനം തരൂ
ഉത്തരം: കടം കൂടിയവനു ഒളിച്ചിരിക്കാനുള്ള സ്ഥലം
ചോദ്യം: മഹനീയമായ കല ഈശ്വരവിശ്വാസത്തിൽ നിന്നല്ലേ ഉണ്ടാകൂ?
ഉത്തരം: ഷെല്ലി ഈശ്വരവിശ്വാസി ആയിരുന്നില്ല. അദ്ദേഹത്തിന്റെ കവിത മഹത്തമമാണെന്നു നിരൂപകർ പറയുന്നു.
ചോദ്യം: A thing of beauty is a joy forever എന്നു കവി പറഞ്ഞതു ശരിയല്ലേ?
ഉത്തരം: ശരിയാണോ? പേരുകൾ പറയുന്നില്ല. നമ്മുടെ പഴയ ചലച്ചിത്രതാരങ്ങൾ അക്കാലത്തു Things of beauty ആയിരുന്നു. ഇപ്പോൾ അവർ joy forever ആണോ?
ചോദ്യം: ഏറ്റവും നല്ല സ്ത്രീയാകാൻ ഞാൻ എന്തുചെയ്യണം?
ഉത്തരം: ഏറ്റവും കുറഞ്ഞതുകൊണ്ടു തൃപ്തിപ്പെടുന്നവരാണു ഏറ്റവും നല്ല സ്ത്രീകളെന്നു പ്രവാചകൻ പറഞ്ഞിട്ടുണ്ടു്.
ചോദ്യം: ചരിത്രത്തിലെ ഏതെങ്കിലും ഒരു സ്ത്രീയെ നിങ്ങൾ ബഹുമാനിക്കുന്നുണ്ടോ?
ഉത്തരം: ഉണ്ടു്. മറീ അങ്ത്വാനത്തിനെ. (Marie Antoinette) വധസ്ഥലത്തേക്കു കൊണ്ടുപോയപ്പോൾ അവർ ഭയരഹിതയായി തല ഉയർത്തി വണ്ടിയിൽ ഇരുന്നു. അതിന്റെ ചിത്രമുണ്ടു കഴുത്തു മുറിക്കാനുള്ള സ്ഥലത്തേക്കു നടന്നപ്പോൾ അവർ വധകർത്താവിന്റെ കാലിൽ അറിയാതെ ചവിട്ടി. “ക്ഷമിക്കൂ. ഞാൻ അറിയാതെ ചവിട്ടിപ്പോയതാണു എന്നു അയാളോടു വിനയപൂർവം പറഞ്ഞു. ഷ്ടെഫാൻ സ്വൈഹ് അവരുടെ ജീവചരിത്രമെഴുതിയിട്ടുണ്ടു്. അതു വായിക്കൂ. കണ്ണീരൊഴുകാതെ നിങ്ങൾക്കു അതു വായിച്ചു തീർക്കാൻ പറ്റില്ല. ഇരുന്നൂറ്റിയഞ്ചുകൊല്ലം മുൻപു ദയനീയമായി വധിക്കപ്പെട്ട അവരെ ഓർമ്മിക്കുമ്പോൾ എന്റെ കണ്ണുകൾ ആർദ്രങ്ങളാവുന്നു.
ചോദ്യം: സ്വച്ഛന്ദശബ്ദത്തിനു താന്തോന്നി എന്ന അർത്ഥമേയുള്ളൂ എന്ന നിങ്ങളുടെ അഭിപ്രായം തെറ്റല്ലേ?
ഉത്തരം: “സ്വതന്ത്രോപാവൃതസ്വൈരീ സ്വച്ഛന്ദോ നിരവഗ്രഹഃ” എന്നു അമരകോശം.
തനിക്കു താൻ തന്നെ പ്രാധാന്യം കല്പിക്കുന്നവൻ
തടസ്സമില്ലാത്തവൻ
തന്റെ ഇഷ്ടം പോലെ നടക്കുന്നവൻ. താന്തോന്നി
സ്വന്തമായ ആഗ്രഹത്തോടു കൂടി നടക്കുന്നവൻ: താന്തോന്നി.
തടസ്സമില്ലാത്തവൻ
ഞാൻ വായിച്ച സംസ്കൃത ഗ്രന്ഥങ്ങളിലെല്ലാം സ്വച്ഛന്ദ ശബ്ദം താന്തോന്നി എന്ന അർത്ഥത്തിലാണു പ്രയോഗിച്ചിട്ടുള്ളതു. ശബ്ദതാരാവലി ‘അബദ്ധപ്പഞ്ചാംഗ’മാണെങ്കിലും സ്വച്ഛന്ദ പദത്തിന്റെ അർത്ഥം ശരിയായിത്തന്നെ നല്കിയിരിക്കുന്നു.
തന്നിഷ്ടപ്രകാരമുള്ള: താന്തോന്നിയായ
സ്വാതന്ത്ര്യം (അന്യന്റെ വരുതിക്കു കീഴടങ്ങാതിരിക്കൽ.) ആത്മാശ്രിതൻ. അനിയന്ത്രിതൻ. സ്വേച്ഛായുക്തൻ എന്നൊക്കെയാണു സ്വതന്ത്രന്റെ അർത്ഥം.
“ജ്ഞാതിഭ്യോ ദ്രവിണം ദത്ത്വാ കന്യായൈ
ചൈവ ശക്തിതഃ
കന്യാപ്രദാനം സ്വാച്ഛന്ദ്യാഭാസുരോ
ധർമ്മ ഉച്യതേ”
(മനുസ്മൃതി: അധ്യായം: 3, ശ്ലോകം 31. കുല്ലുകഭട്ടന്റെ വ്യാഖ്യാനത്തോടു കൂടിയതു, Motilal Banarsidass, Delhi.)
(കന്യകയുടെ ജ്ഞാതികൾക്കും കന്യകയ്ക്കും യഥാശക്തി ധനം നല്കി സ്വേച്ഛയാ കന്യകയെ സ്വീകരിക്കുന്നതിനു ആസുരവിവാഹം എന്നു പറയുന്നു)
അറിവുള്ളവനു പറഞ്ഞുകൊടുക്കേണ്ടതില്ല. അറിവില്ലാത്തവനു പറഞ്ഞുകൊടുക്കാം. രണ്ടും കെട്ടവന്മാർ നപുംസകത്വം കാണിച്ചുകൊണ്ടു ആക്രമിക്കാൻ വരുമ്പോൾ മാന്യന്മാർക്കു ഓടിയൊളിക്കാനേ കഴിയൂ”

കാരൂർ നീലകണ്ഠപിള്ളയുടെ “അഞ്ചു കടലാസ്സു” എന്ന കഥ ചലച്ചിത്രമാക്കിയതു കാണാൻ ഞാനും ഒരു പരിചയക്കാരനും പോയി. ഒരനാഥബാലികയൂടെ തലയിൽ. അവൾക്കു ചുമക്കാൻ വയ്യാത്ത വലിയ ചക്കയെടുത്തു വച്ചിട്ടു ഗൃഹനായകനോ ഗൃഹനായികയോ അതു വിറ്റുകൊണ്ടുവരാൻ ആജ്ഞാപിക്കുന്ന ‘രംഗ’മുണ്ടു് സിനിമയിൽ. ആ കൊച്ചുകുട്ടിയോടു സഹതാപം തോന്നുന്ന മട്ടിൽ സംവിധായകൻ കഥ കൊണ്ടുവന്നതുകൊണ്ടു് പ്രേക്ഷകർ ആ അവസ്ഥാവിശേഷം കണ്ടു ദുഃഖിക്കും. എന്റെ പരിചയക്കാരൻ അധിക്ഷേപാർഹമായ സത്യസന്ധതയുള്ളവനായിരുന്നു. ഇംഗ്ലീഷിൽ ആ മാനസികനിലയെ നയീവ്റ്റേ (naivete) എന്നു പറയും. അയാൾ ചലച്ചിത്രത്തിലെ ആ ഭാഗം കണ്ടയുടനെ ചുറ്റുമിരുന്നവർ കൂടി കേൾക്കത്തക്കവിധത്തിൽ പറഞ്ഞു: ‘കൊച്ചിനു ചക്ക വില്ക്കാൻ സാധിച്ചില്ലെങ്കിൽ ഞാൻ ഇനി ഒരു സിനിമ കാണാനും വരില്ല.’ ഞാനതുകേട്ടു ഉള്ളാലെ ചിരിച്ചു. മറ്റുള്ളവർ ഉറക്കെച്ചിരിച്ചു. ചിരിച്ചെങ്കിലും അതു അയാളെസംബന്ധിച്ചടത്തോളം സത്യമായിരുന്നു. മലയാള മനോരമയിൽ ശ്രീ. സി. രാധാകൃഷ്ണൻ എഴുതിയ ഒരു കൊച്ചു കഥയിലെ കുട്ടി മണ്ണെരയെക്കണ്ടു ‘പാമ്പു’ എന്നു നിലവിളിച്ചുകൊണ്ടു ചെല്ലുന്നതും അമ്മ അസത്യപ്രസ്താവത്തിൽ കോപിച്ചു അവനെ ശിക്ഷിക്കുന്നതും അച്ഛൻ അതുകണ്ടു ‘അതു അവന്റെ സത്യമാണെ’ന്നു പറയുന്നതും ഒക്കെ ഞാൻ വേറൊരിടത്തു എഴുതിയിരുന്നു. സിനിമയിൽ കഥാപാത്രം ബോളി തിന്നുന്നതുകണ്ടു ആ ബോളി തങ്ങൾക്കും വേണമെന്നു പറഞ്ഞുകരയുന്ന കുട്ടികൾ ഏറെയാണു. ചലച്ചിത്രത്തിലെ ബോളി പ്രായം കൂടിയ നമുക്കു നിഴലാണെങ്കിലും കുട്ടികൾക്കു യഥാർത്ഥമായ ബോളി തന്നെയാണു.
ഇനി വായിച്ചറിഞ്ഞതു. ‘ലേഡി ചാറ്റർലിയുടെ കാമുകൻ’ എന്ന സിനിമ കാണാൻ കാമുകനും കാമുകിയും ചെന്നു. ലേഡി ചാറ്റർലി കുടിലിനകത്തു ഗെയിം കീപ്പറുമായി വേഴ്ചയിൽ ഏർപ്പെടുന്നു. ചലച്ചിത്രത്തിൽ അവളുടെ മുഖം മാത്രമേ കാണിക്കുന്നുള്ളു. നായികയുടെ ഹർഷാതിരേകം മുഴുവൻ അവളുടെ മുഖത്തുണ്ടു. മഴ പെയ്യുന്നു. കാമുകി കാമുകനോടു ദുഃഖത്തോടെ പറയുന്നു. “ലേഡി ചാറ്റർലി കയറിവന്ന കുതിര മഴ നനയുന്നല്ലോ” ഇതും ‘നയീവ്റ്റേ’യാണു. നമുക്കു പരിഹാസജനകമെങ്കിലും അവൾക്കു സത്യം.

ഈ സത്യം പലപ്പോഴും സാഹിത്യസൃഷ്ടികളിൽ വരും. അപ്പോൾ അനുവാചകൻ അതിൽ ചിരിക്കാതെ കോൾറിജ്ജ് പറഞ്ഞ അവിശ്വാസത്തിന്റെ താൽക്കാലിക നിരോധനത്തിലൂടെ രസാനുഭൂതിയിലെത്തും. ഇതു സംഭവിക്കുന്നില്ല ശ്രീ. പെരുമ്പടവം ശ്രീധരൻ കേസരി വാർഷികപ്പതിപ്പിലെഴുതിയ ‘കുന്നുകളിൽ മഴ പെയ്യുമ്പോൾ’ എന്ന കഥയിൽ. ശല്യക്കാരനായ യാചകനു പണം കൊടുത്തു പാരുഷ്യമാർന്ന മാനസിക നിലയുണ്ടാക്കുന്നു കഥ പറയുന്ന ആളിനു. അയാൾ ഒന്നും കൊടുക്കാതെയായി ആ ഉപദ്രവക്കാരനു. അങ്ങനെയിരിക്കെ ആ “ഭിക്ഷാംദേഹിക്കാരൻ” മരിക്കുന്നു. മരിച്ചെന്നു അറിഞ്ഞപ്പോൾ അയാൾക്കു ദുഃഖം. പിന്നീടു വീട്ടിലെത്തിയ വേറൊരു യാചകനു അയാൾ ഉള്ളതെല്ലാം വാരിക്കൊടുക്കുന്നു. മാത്രമല്ല, തുടർന്നു വരാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. ആ നിർദ്ദേശത്തിലേക്കു നയിക്കത്തക്കവിധത്തിൽ കഥയുടെ മറ്റുഭാഗങ്ങളെ ചിത്രീകരിച്ചിട്ടില്ല ശ്രീധരൻ. അതിനാൽ കഥയുളവാക്കേണ്ട വിശ്വാസം ഈ നിർദ്ദേശം ജനിപ്പിക്കുന്നില്ല. ശ്രീധരന്റെ ഈ രചന പരാജയപ്പെടുന്നു.
അച്ഛനും അമ്മയും മകൾക്കുവേണ്ടി സമ്പാദിക്കുന്നു. അവൾക്കു അഞ്ചു വയസ്സാകുമ്പോൾത്തൊട്ടു സ്വർണ്ണം വാങ്ങി സംഭരിക്കുന്നു. പെണ്ണിനു വിവാഹപ്രായമാകുമ്പോൾ തന്ത നെട്ടോട്ടമോടി വരനെ കണ്ടുപിടിക്കുന്നു. ഇപ്പോഴത്തെ ഏതു വിവാഹത്തിനും കുറഞ്ഞതു പത്തുലക്ഷം രൂപ ചെലവു വരും (കുറഞ്ഞ തുകയാണേ ഇതു്). അതു സന്തോഷത്തോടെ ചെലവാക്കി മകളെ വിവാഹം കഴിപ്പിച്ചു അയയ്ക്കുന്നു. വർഷം തോറും അവൾ പ്രസവിക്കാൻ വരുമ്പോൾ ലക്ഷക്കണക്കിനു രൂപ ചെലവാക്കുന്നു. അവൾ ഭർത്താവിനോടൊരുമിച്ചു താമസിക്കുമ്പോൾ അയാൾ വേണ്ടാത്തവ പോലും വാങ്ങിക്കൊണ്ടു വരുന്നു വീട്ടിൽ. അച്ഛനമ്മമാർ മകനുവേണ്ടി ഒന്നും സമ്പാദിക്കുന്നില്ല. അവനെ പഠിപ്പിക്കുമായിരിക്കും. ജയിച്ചാൽ ‘എവിടെയാണെങ്കിലും പോയി ജോലി ഉണ്ടാക്കെടാ’ എന്നു് സ്നേഹശൂന്യമായി അച്ഛൻ പറയുന്നു.
ഏറ്റവും നല്ല സ്ത്രീയാകാൻ ഞാൻ എന്തുചെയ്യണം? ഏറ്റവും കുറഞ്ഞതുകൊണ്ടു തൃപ്തിപ്പെടുന്നവരാണു ഏറ്റവും നല്ല സ്ത്രീകളെന്നു പ്രവാചകൻ പറഞ്ഞിട്ടുണ്ടു്.
സ്ത്രീക്കു ബസ്സിൽ കയറിയാൽ അവൾക്കു മാത്രമിരിക്കാൻ സർക്കാർ സീറ്റ് റിസർവ് ചെയ്യുന്നു. ആ സ്പെഷൽ സീറ്റുകളിൽ സ്ത്രീകൾ ഇരുന്നുകഴിഞ്ഞിട്ടു പിന്നീടും സ്ത്രീകൾ നില്ക്കുന്നുവെന്നു കണ്ടാൽ പുരുഷന്മാർ ചാടിയെഴുന്നേറ്റു സ്വന്തം സീറ്റു് ഓഫർ ചെയ്യുന്നു. തീവണ്ടിയാപ്പീസ്, ബസ് സ്റ്റേഷൻ, സിനിമാശാല ഇവിടെയെല്ലാം നെടുനീളത്തിൽ പുരുഷന്മാർ ക്യു ആയി നില്ക്കുമ്പോൾ ഒരു സെക്കൻഡുകൊണ്ടു റ്റിക്കറ്റു് വാങ്ങിക്കൊണ്ടു സ്ത്രീകൾ പോകും. ജവുളിക്കടയിലും ലേഡീസ് സ്റ്റോറിലും കയറുന്ന പുരുഷന്മാരെ കടയുടമസ്ഥൻ പുച്ഛിച്ചിട്ടു സ്ത്രീകൾക്കു വേണ്ടതു എടുത്തു മേശപ്പുറത്തു നിരത്തും. ഓട്ടോറിക്ഷയ്ക്കു വേണ്ടി പുരുഷൻ കൈകാണിക്കുമ്പോൾ ദൂരെനിന്നു ഒരുത്തി കൈ വീശിയാൽ ഡ്രൈവർ അവളുടെ അടുത്തേ വാഹനം നിറുത്തു. കൊലപാതകം ചെയ്ത പുരുഷൻ സുന്ദരിയായ ഭാര്യയുമായി റോഡിൽ നടന്നാൽ പൊലിസു പോലും കൊലപാതികയെ കാണുകയില്ല. അവളെ നോക്കുകയേയുള്ളു (ഈ. വി. കൃഷ്ണപിള്ള യോടു കടപ്പാടു ഈ നേരമ്പോക്കിനു്). ഗൃഹത്തിലെത്തുന്ന അന്യൻ ഗൃഹനായകനെയും ഗൃഹനായികയെയും ഒരുമിച്ചു കണ്ടാൽ സകല ചോദ്യങ്ങളും ചോദിക്കുന്നതു അവളോടു് ആയിരിക്കും. ഭർത്താവെന്ന തടിയൻ ‘മിഴുങ്ങസ്യ’ എന്ന മട്ടിൽ നില്ക്കും. പുരുഷന്മാരെ ആക്ഷേപിച്ചു് സ്ത്രീകളെഴുതുന്ന കഥകളും മറ്റും ആകർഷകമായി അച്ചടിക്കുന്നതു പുരുഷന്മാർ തന്നെയാണു. ഇത്രയും മതി; ഇനിയും എഴുതാമെന്നതേയുള്ളൂ. സത്യമിതൊക്കെയായിട്ടും സ്ത്രീസമത്വവാദം സ്ത്രീസമത്വവാദം എന്നേ കേൾക്കാനുള്ളു. പുരുഷന്മാർ പുരുഷസമത്വവാദവുമായി ഇറങ്ങേണ്ടിയിരിക്കുന്നു. “സർവരാജ്യ പുരുഷന്മാരേ സംഘടിക്കുവിൻ. നിങ്ങൾക്കു നഷ്ടപ്പെടാൻ സ്ത്രീകൾ നിങ്ങളുടെ കൈയിൽ ഇടുന്ന ചങ്ങലകളേയുള്ളു.”

വിദ്യാലയങ്ങൾ ദേശസ്നേഹം പഠിപ്പിക്കുന്നുവെന്നും വർത്തമാനപ്പത്രങ്ങൾ അതു (ദേശസ്നേഹം) ക്ഷോഭത്തിന്റെ തലത്തിലേക്കു ഉയർത്തുന്നുവെന്നും രാഷ്ട്രവ്യവഹാര മണ്ഡലത്തിലെ നേതാക്കന്മാർ തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി ആ ക്ഷോഭത്തെ ചൂഷണം ചെയ്യുന്നുവെന്നും ബർട്രൻഡ് റസ്സൽ ഒരിക്കൽ പറഞ്ഞു. അതേസമയം ജനത ആത്മഹത്യയിലേക്കു നീങ്ങുകയാണെന്നു ചൂണ്ടിക്കാണിക്കാൻ ആ മഹാനായ തത്ത്വചിന്തകൻ മറന്നില്ല. ഇതു ശരിയല്ലേ? ഇന്ത്യയും പാകിസ്ഥാനും ഇറാനും ഇറാക്കുമൊക്കെ രോഗാർത്തമെന്ന അവസ്ഥയിലേക്കു ദേശസ്നേഹത്തെ ഉയർത്തിക്കൊണ്ടു വരികയല്ലേ? ദേശസ്നേഹം പോലെ തന്നെയാണു് സ്വകീയസാഹിത്യ സ്നേഹവും. അതിനെ സാഹിത്യകാരന്മാർ തന്നെ ജ്വലിപ്പിച്ചു വിടുന്നു. ക്ഷോഭമാണു് ആ ജ്വാലാകലാപദർശനത്തിന്റെ ഫലം. പരിണിത പ്രജ്ഞനും സാഹിത്യകാരനും ഉത്കൃഷ്ട പുരുഷനുമായ ശ്രീ. കെ. കുഞ്ഞികൃഷ്ണൻ മലയാള സാഹിത്യത്തെക്കുറിച്ചു പറയുന്നതു കേട്ടാലും:
സർവരാജ്യ പുരുഷന്മാരേ സംഘടിക്കുവിൻ. നിങ്ങൾക്കു നഷ്ടപ്പെടാൻ സ്ത്രീകൾ നിങ്ങളുടെ കൈയിൽ ഇടുന്ന ചങ്ങലകളേയുള്ളു.
“മലയാളത്തിലെ എഴുത്തുകാർ ലോകത്തിലെ ഏതു് സാഹിത്യത്തിലെയും ഏറ്റവും മികച്ച എഴുത്തുകാരോടൊപ്പം സമശീർഷരും ഉന്നതസ്ഥാനീയരുമാണു്. മലയാളത്തിലെ സാഹിത്യകൃതികൾ മറ്റേതു് ലോകസാഹിത്യ കൃതികളോടും കിടപിടിക്കാൻ തക്ക മേന്മയുള്ളവയാണു്. അവ എണ്ണത്തിൽ കുറവാണെങ്കിലും നമ്മുടെ വിമർശകരിൽ വലിയൊരു ഭാഗം അംഗീകരിക്കുകയില്ലെങ്കിലും. ഈയൊരു സത്യം നാം വേണ്ടത്ര അംഗീകരിക്കുന്നില്ല എന്നതാണു് കഷ്ടം. മുറ്റത്തെ മുല്ലയ്ക്കു് മണമില്ല എന്നതു് അന്വർത്ഥമാക്കുന്ന രീതിയിൽ നാം പടിഞ്ഞാറു് നോക്കികൾ മാത്രമായിത്തീർന്നിരിക്കുന്നു. മലയാളത്തെ മറക്കാൻ വേണ്ടിയാവില്ല ഇങ്ങനെ നിരന്തരമായി നമുക്കു് മികച്ച സാഹിത്യമില്ല എന്ന മുറവിളി ഉയരുന്നതു്. പക്ഷേ പരോക്ഷമായി അതിന്റെ ഫലം അങ്ങിനെയാവുന്നു. നമ്മുടെ ഭാഷയുടെ സൂക്ഷ്മമായ ശൈലികളും പ്രയോഗങ്ങളും സ്ഥിതിവിശേഷങ്ങളും വിവർത്തനങ്ങൾക്കു് വഴങ്ങാൻ ബുദ്ധിമുട്ടുള്ളതായിരിക്കാം. പക്ഷേ, നമ്മുടെ സാഹിത്യത്തെ ഇകഴ്ത്തത്തക്ക സ്ഥിതിയിലേക്കു് അതിനെ എത്തിക്കുന്നതു് മലർന്നു് കിടന്നു് തുപ്പുന്നതിനു് സമമാണല്ലൊ” (‘മലയാളം മറക്കുന്നതെങ്ങനെ?’—ചില്ല മാസിക).
മഹാഭാരതം, രാമായണം, ഇലിയഡ്, ഒഡിസി, ഡിവൈൻ കോമഡി ഇവയാണു വിശ്വസാഹിത്യത്തിലെ മഹത്തമങ്ങളായ കൃതികൾ. പ്രതിപാദ്യവിഷയത്തിന്റെ ഉജ്ജ്വലത. സത്യത്തിന്റെ ഔന്നത്യം. രൂപശില്പത്തിന്റെ സൗന്ദര്യാതിരേകം ഇവയാണു് ഈ കൃതികളെ മഹനീയങ്ങളാക്കുന്നതു. അല്ലെങ്കിൽ മഹത്തമങ്ങളാക്കുന്നതു. ഏതു വിമർശനത്തിന്റെ കൊടുങ്കാറ്റടിച്ചാലും ഇവയ്ക്കു അല്പം പോലും ചാഞ്ചല്യമുണ്ടാകുകയില്ല. അതിനാലാണു് അവ ഇത്രയും ശതാബ്ദങ്ങളായിട്ടും ഹിമാലയ പർവ്വതം പോലെ സ്ഥായിത്വമാർന്നു നില്ക്കുന്നതു്. മലയാള സാഹിത്യത്തിൽ ഇതുപോലെ ഒരു കൃതിയുമില്ല. കണ്ണശ്ശൻ, എഴുത്തച്ഛൻ, ചമ്പുകാരന്മാർ. ആട്ടക്കഥാകർത്താക്കന്മാർ ഇവർ നമ്മുടെ സൗന്ദര്യാസ്വാദന തൽപരത്വത്തെയും സന്മാർഗ്ഗികാഭിവാഞ്ച്ഛയെയും തൃപ്തിപ്പെടുത്തുന്നതിനാൽ ഉത്കൃഷ്ടങ്ങളായ കൃതികളാണു്. മഹാകവിയത്രയത്തിലേക്കു വന്നാൽ സൗന്ദര്യസൃഷ്ടിയിൽ അവർ വിജയം വരിച്ചുവെന്നു കാണാം. പക്ഷേ ഷെല്ലി, കീറ്റസ്, ബൈറൺ, വേഡ്സ്വർത്തു് ഇവർ സൃഷ്ടിച്ച മഹാസൗന്ദര്യത്തിന്റെ ശതാംശം പോലും അവർക്കു സൃഷ്ടിക്കാൻ കഴിഞ്ഞില്ല. നോവൽ സാഹിത്യത്തിൽ സി. വി. രാമൻപിള്ള മലയാള സാഹിത്യത്തെസ്സംബന്ധിച്ചിടത്തോളം മാത്രമേ സുപ്രധാനനായിട്ടുള്ളു. ടോൾസ്റ്റോയിയുടെ ‘വാർ ആൻഡ് പീസി’നോ ദസ്തെവ്സ്കിയുടെ ‘ബ്രദേഴ്സ് കാരമാസോവി’നോ ഉള്ള വൈപുല്യമോ ഔജ്ജ്വല്ല ്യമോ സി. വി. യുടെ കൃതികൾക്കില്ല. ചന്തുമേനോന്റെ നോവലുകൾ പാരായണ യോഗ്യങ്ങളായ ഇടത്തരം കൃതികൾ മാത്രമാണു്.

സാഹിത്യകൃതിയുടെ അകർതൃക സ്വഭാവമാണു-impersonal character ആണു അതിനു മഹനീയത നല്കുന്നതെന്നു റ്റി. എസ്. എല്യറ്റ് പറഞ്ഞിട്ടുണ്ടു്. രാജഭക്തിയുടെ ചെറിയ വൃത്തത്തിൽ കിടന്നു കറങ്ങുന്ന സി. വി. രാമൻപിള്ളയുടെ കൃതികൾക്കു ഈ സവിശേഷതയില്ല. അതിനാലാണു രണ്ടുവിധത്തിലുള്ള മൂല്യനിർണ്ണയം അദ്ദേഹത്തിന്റെ കൃതികളെസ്സംബന്ധിച്ചു ഉണ്ടാകുന്നതു. മഹാനായ കലാകാരൻ എന്നു തിരുവിതാംകൂറുകാരും രാജഭക്തി സ്ത്രോത്രപ്രായങ്ങളായ ആഖ്യായികകളുടെ കർത്താവെന്നു വടക്കോട്ടുള്ളവരും (മുണ്ടശ്ശേരി ഇതിൽ ഉൾപ്പെടും) സി. വി. യെ വിശേഷിപ്പിക്കുന്നതിനു കാരണമിതാണു. ഈ രണ്ടു ചിന്താഗതികളും തമ്മിൽ എപ്പോഴുമിടയുന്നു. എന്നാൽ ടോൾസ്റ്റോയി. ദസ്തെയ്വ്സ്കി. റ്റോമസു് മാൻ ഇവരുടെ നോവലുകളെക്കുറിച്ചു പറയുമ്പോൾ ഈ ദ്വന്ദ്വസ്വഭാവം ഒരു നിരൂപകന്റെയും മുന്നിലെത്തുന്നില്ല.
തകഴി, കേശവദേവ്, ബഷീർ, ഉറൂബ് ഇവരുടെ നോവലുകൾ പാരായണ യോഗ്യങ്ങളാണു. കാലയളവിന്റെ—സമൂഹത്തിന്റെ—പരിമിതികൾ അവയ്ക്കും പരിമിതികൾ നല്കുന്നു.

‘മലയാളത്തിലെ എഴുത്തുകാർ ലോകത്തിലെ ഏതു സാഹിത്യത്തിലെയും ഏറ്റവും മികച്ച എഴുത്തുകാർക്കും’ സദൃശരാണെന്നു് കുഞ്ഞികൃഷ്ണന്റെ പ്രസ്താവത്തിൽ വാശിയുടെ ചൂടുണ്ടെങ്കിലും സത്യത്തിന്റെ വെളിച്ചമില്ല. മാർകേസിന്റെ ‘One Hundred Years of Solitude’. റോ ആബാസ്തോസിന്റെ ‘I the Supreme’. ഹെർമാൻ ബ്രോഹിന്റെ ‘Sleep- walkers’. കാസാൻദ്സാക്കീസിന്റെ ‘Christ recrucified’ ഇവയുടെ ഏഴയലത്തു വരുന്ന ഒരു നോവലും നമുക്കില്ല. എന്തിനു പടിഞ്ഞാറൻ ദേശത്തേക്കു പോകുന്നു? ‘ആരോഗ്യനികേതന’ത്തെ സമീപിക്കാൻ യോഗ്യതയുള്ള ഒരു നോവലെങ്കിലും നമുക്കുണ്ടോ? “ഞാനൊന്നു ചോദിക്കട്ടെ സാദരം”. കുഞ്ഞികൃഷ്ണൻ താനീസാക്കിയുടെ എല്ലാ നോവലുകളും വായിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ കൃതികൾക്കു സദൃശ്യങ്ങളായി ഇവിടെ നോവലുകളുണ്ടോ?

നമ്മുടെ നാടകസാഹിത്യം തുച്ഛമാണു. മേരി കെറലി യുടെ ‘ബറാബസി’ന്റെ അനുകരണമായ ‘കാൽവരിയിലെ കല്പപാദപം (കൈനിക്കര പദ്ഭനാഭപിള്ള) റ്റാഗോറിന്റെ The King of the Dark Chamber-ന്റെ അനുകരണമായ ‘മോഹവും മുക്തിയും’ (കൈനിക്കര കുമാരപിള്ള—തന്റെ നാടകം അനുകരണമാണെന്നു കുമാരപിള്ള തന്നെ എന്നോടു നേരിട്ടു പറഞ്ഞിട്ടുണ്ടു്). എൻ. കൃഷ്ണപിള്ളയുടെ വെറും ക്രാഫ്റ്റുകളായ കുറെ നാടകങ്ങൾ. തോപ്പിൽ ഭാസിയുടെ mere spectacle എന്നു നെഹ്റു വിശേഷിപ്പിച്ച ചില നാടകങ്ങൾ. ഷൊർഷ് കൈസറിന്റെ ‘Coral’, Gas’ ഈ നാടകങ്ങളുടെ സംക്ഷിപ്തരൂപമായ ‘സമത്വവാദി’ (പുളിമാന പരമേശ്വരൻപിള്ള) ഇവയേ നമുക്കുള്ളൂ.
കേരളീയർക്കു സാമുവൽ ബക്കിറ്റ്, യെനസ്കോ, വാറ്റ്സ്റ്റാഫ് ഹാവൽ, പേറ്റർ ഹൻറ്റ്കെ ഇവരൊക്കെയുണ്ടോ? അല്പമായ സൗന്ദര്യത്തിന്റെയും ക്ഷുദ്രമായ ധിക്ഷണാശക്തിയുടെയും ചെറിയ വൃത്തത്തിനകത്തു സസുഖം വർത്തിക്കുന്ന നമ്മുടെ സാഹിത്യസൃഷ്ടികളെ നോക്കി കുഞ്ഞികൃഷ്ണൻ അഹോരൂപം! അഹോസ്വരം! എന്നു ഉദ്ഘോഷിക്കുന്നു.