സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1998-12-11-ൽ പ്രസിദ്ധീകരിച്ചതു്)

“കോർതാസാറിന്റെ രചനകൾ വായിക്കാത്തയാൾ നശിച്ചുകഴിഞ്ഞു: പീച്ച് പഴങ്ങൾ ഒരിക്കലും തിന്നിട്ടില്ലാത്തവനെപ്പോലെ. അയാൾ ഒതുക്കത്തോടെ കൂടുതൽ വിഷാദത്തിൽ വീഴും. കാണത്തക്കവിധത്തിൽ വിളറും അല്പാല്പമായി അയാളുടെ മുടി കൊഴിയും.”

images/Cortazar.jpg
ഹുൽയോ കോർതാസാർ

ബ്രസൽസിൽ ജനിച്ച ആർജന്റീനിയൻ സാഹിത്യകാരൻ ഹുൽയോ കോർതാസാറി നെക്കുറിച്ചു് നോബൽ ലോറിയിറ്റായ പാവ്ലോ നേറുദാ (Pable Neruda, 1904–1973) പറഞ്ഞതാണിതു്. ലണ്ടനിലെ Harvil Press ഈ വർഷം പ്രസാധനം ചെയ്ത കോർതസാറിന്റെ ‘Bestiary’ എന്ന തിരഞ്ഞെടുത്ത കഥകളുടെ സമാഹാരഗ്രന്ഥം വായിക്കുക. നേറുദാ ഉക്തിചാതുര്യത്തോടെ പറഞ്ഞതിന്റെ ആന്തരമായ അർത്ഥം ശരിയാണെന്നു ഗ്രഹിക്കാം. (Bestiary–Julio Cortazar, Selected Stories, Translated from the Spanish, The Harvill Press, London, pp. 340.)

images/ONeill-Eugene.jpg
ഓനീൽ

ഓനീലി ന്റെ ‘Beyond the Horizon’ എന്ന നാടകത്തിലെ സ്വപ്നദർശകനായ റോബർട്—“This time I am going! It isn’t the end. It’s a free beginning. The start of my voyage! I’ve won… my trip—the right of release—beyond the horizon!” എന്നു പറഞ്ഞു് ചക്രവാളത്തിനപ്പുറമുള്ള രഹസ്യം തേടി കൃഷിസ്ഥലത്തെ പാതയിലൂടെ നടന്നു നീങ്ങുന്നതു പോലെ കോർതാസാറിന്റെ കഥാപാത്രങ്ങൾ അവ്യക്തമായി വിദൂരതയിൽക്കണ്ട സത്യത്തെ അന്വേഷിച്ചു് മുന്നോട്ടു പോകുന്നു. അതു സാക്ഷാത്കരിക്കാൻ അവർക്കു കഴിയുന്നില്ല. ഓനീലിന്റെ റോബർട് മരിച്ചു വീഴുന്നു. കോർതാസാറിന്റെ കഥാപാത്രങ്ങൾ മരിക്കുന്നില്ല. അത്രേയുള്ളു വ്യത്യാസം. അദ്ദേഹത്തിന്റെ ‘Continuity of Parks’ എന്ന കഥയുടെ സംക്ഷേപം നല്കട്ടെ: എസ്റ്റേറ്റ് മാനേജറുമായി കരാറിൽ ഏർപ്പെട്ടിട്ടു് താൻ വായിച്ചുകൊണ്ടിരുന്ന നോവൽ അയാൾ തുടർച്ചയായി വായിക്കാൻ തുടങ്ങി. ക്രമേണ കഥാപാത്രങ്ങളുമായി അയാൾ താദാത്മ്യം പ്രാപിച്ചു. നോവലിലെ സ്ത്രീകഥാപാത്രം ആദ്യമായി എത്തി. പിന്നീടു് അവളുടെ കാമുകനും. അയാളുടെ നെഞ്ചിൽ കഠാര ചൂടാർന്നു് ഇരിക്കുകയാണു്. നശിപ്പിക്കേണ്ട വേറൊരു ശരീരം അവർ ‘സ്കെച്ച് ചെയ്തു’. നോവൽ വായനക്കാരൻ കഥാപാത്രമായി മാറി. അയാൾ കത്തിയുമായി ഓടുമ്പോൾ കഥ അവസാനിക്കുന്നു. “The door of the salon, and then the knife in hand, the light from the great windows, the high back of an armchair covered in green velvet, the head of the man in the chair reading a novel.”

images/Bestiary.jpg

സത്യം സാക്ഷാത്കരിക്കാനാവതെ വ്യാമോഹത്തിൽ വീഴുന്നതിനെ ചിത്രീകരിക്കുകയാണു് ഇക്കഥ. വിശ്വവിഖ്യാതമായ ‘The Night Face up’ എന്ന ചെറുകഥ (പുറം 166) കോർതാസാറിന്റെ കഥകളുടെ മറ്റൊരു സ്വഭാവം സ്പഷ്ടമാക്കുന്നു. ഒരുത്തൻ മോട്ടോർ സൈക്കിൾ അപകടത്തിൽപെട്ടു. അഞ്ചു മിനിററിനകം പോലീസ് ആംബ്യുലൻസ് എത്തി അയാളെ ആശുപത്രിയിൽ കൊണ്ടുപോയി. ആശുപത്രിയിലുളളവർ ആദ്യം എക്സറേ ഡിപ്പാർട്മെന്റിലേക്കും പിന്നീടു് സർജറിയിലേക്കും അയാളെ പ്രവേശിപ്പിച്ചു. എല്ലാം കിനാവു എന്ന പോലെ അസാധാരണം. പല തരത്തിലുള്ള മണങ്ങൾ. മനുഷ്യ വേട്ടയിക്കിറങ്ങിയ ആസ്റ്റെക്കുകളിൽ നിന്നു താൻ പേടിച്ചു് ഓടിപ്പോവുകയാണെന്നു് അയാൾക്കു തോന്നൽ (മെക്സിക്കോ താഴ്‌വരയിൽ 12-ാം ശതകത്തിൽ വന്നു കയറിയവരാണു് ആസ്റ്റെക്കുകൾ—ലേഖകൻ). ‘യുദ്ധത്തിന്റെ മണം’ എന്നു് അയാൾ വിചാരിച്ചു. അസഹനീയമായ പൂതിഗന്ധം മൂക്കിൽ കയറി അയാൾ സ്വപ്നത്തിൽ മുന്നോട്ടേക്കു കുതിച്ചു. അപ്പോൾ അടുത്ത കട്ടിലിലെ രോഗി അയാളോടു പറഞ്ഞു: “നിങ്ങൾ കട്ടിലിൽ നിന്നു താഴെ വീഴാൻ പോകുകയാണു്. കുതിക്കുന്നതു നിറുത്തു.”

അയാൾ കണ്ണു തുറന്നപ്പോൾ ഉച്ച കഴിഞ്ഞു. കൈ പ്ലാസ്റ്ററിൽ. അതു കാരണം കുപ്പികളുമായി ഉപകരണത്തിൽ നിന്നു തൂക്കിയിട്ടിരിക്കുകയാണു്. അയാൾക്കു പനികൂടി. യുദ്ധം തുടങ്ങി വീണ്ടുമുളള കിനാവിൽ. മൂന്നു പകലും മുന്നു രാത്രിയുമായി യുദ്ധം ആരംഭിച്ചിട്ടു്. കാട്ടിലെങ്ങാനും ഒളിക്കാൻ സാധിച്ചെങ്കിൽ ശത്രുക്കൾ അയാളെ കാണുകയില്ലായിരുന്നു. നിലവിളികൾ കേട്ടു് അയാൾ കത്തിയുമായി ചാടി. അടുത്ത കട്ടിലിലെ രോഗി പറഞ്ഞു: “ഇതു പനി കൊണ്ടുണ്ടാകുന്നതാണു്. എന്നെ അവർ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിപ്പോഴും ഇതുണ്ടായി എനിക്കു്. കുറച്ചു വെളളം കുടിക്കൂ. നിങ്ങൾ ഉറങ്ങും.”

ആശുപത്രി വാർഡിന്റെ യാഥാർത്ഥ്യം വീണ്ടും. ദൂരെയുള്ള ഒരു ചുവരിൽ ഒരു ദീപം. അതു സംരക്ഷിക്കുന്ന ദീപം പോലെ. ചുമ കേൾക്കാം. ശ്വാസം വലിക്കുന്നതു കേൾക്കാം. മന്ത്രിക്കലുകൾ കേൾക്കാം. ഉത്തരക്ഷണത്തിൽ യുദ്ധത്തിന്റെ കിനാവു്. ദീപയഷ്ടികൾ മുൻപിൽ. അവർ അയാളെ കൊണ്ടുപോവുകയാണു്. കണ്ണു തുറന്നപ്പോൾ ആശുപത്രിയിലെ മേൽക്കൂര. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശമാണുള്ളതു്. ഇങ്ങനെ ഒന്നിടവിട്ടു് ആശുപത്രിയുടെ യാഥാർത്ഥ്യവും സ്വപ്നത്തിന്റെ മായികത്വവും. കഥ അവസാനിക്കുന്നതു് ഇങ്ങനെ: “In the infinite lie of the dream they had also picked him up off the ground, someone had approached him also with a knife in his hand, approached him who was lying face up, face up with his eyes closed between the bonfires on the steps.”

ഒരു വ്യക്തിയുടെ സ്വത്വത്തിൽ നിന്നു മാറി നിൽക്കുന്ന ഏതിനെയും തത്ത്വചിന്തകർ other എന്നു വിളിക്കുന്നു. ഈ other ചിലപ്പോൾ വ്യക്തിയുടെ ഉള്ളിൽ തന്നെയുണ്ടാകും.

മോട്ടോർ സൈക്കിൽ അപകടവും ആശുപത്രിയിലെ കിടപ്പും യാഥാർത്ഥ്യം. സ്വപ്നദർശനം സാങ്കല്പികം. പക്ഷേ, ആഖ്യാനത്തിന്റെ സവിശേഷതയാൽ രണ്ടും ഒന്നു പോലെയാകുന്നു ഇക്കഥയിൽ. രണ്ടു തലങ്ങളിലും അനുഭവങ്ങൾക്കു സാദൃശ്യമുണ്ടു്. ആസ്റ്റെക്കുകൾ പിന്തുടരുമ്പോൾ മുന്നോട്ടു ചാടുന്ന രോഗിയോടു് ‘നിങ്ങൾ കട്ടിലിൽ നിന്നു താഴെ വീഴാൻ പോകുകയാണു് എന്നു് അടുത്ത കട്ടിലിലെ രോഗി പറഞ്ഞ് യാഥാർത്ഥ്യത്തിന്റെ തലത്തിലേക്കു് അയാളെ കൊണ്ടു വരുന്നതു് നോക്കുക. ആശുപത്രിയിൽ വെളിച്ചം ആസ്റ്റെക്കുകൾ ആക്രമണം നടത്തുന്ന കാട്ടിൽ ഇരുട്ടു്. കഥ വായിച്ചു തീരുമ്പോൾ വാസ്തവികതയേതു്, കിനാവേതു് എന്ന സംശയമുണ്ടാകുന്നു വായനക്കാർക്ക്. പരമ്പരാഗതമായ മട്ടിലുള്ള പര്യവസാനമല്ല കോർതാസാറിന്റെ ഇക്കഥയ്ക്കും മറ്റുള്ള കഥകൾക്കും. ജീവിതത്തിൽ എല്ലാം സന്ദിഗ്ദ്ധങ്ങളായതു കൊണ്ടു് കഥകളും അങ്ങനെ തന്നെയാവണമെന്നു് കോർതാസാർ വിചാരിക്കുന്നു.

അക്സോലെറ്റ്ൽ (Axolotl, ഉച്ചാരണം ak-so-letl) എന്ന ചെറുകഥയിൽ വേറൊരു തത്ത്വചിന്തയാണുള്ളതു്. ഒരുതരം ഉടുമ്പാണു് അക്സോലെറ്റ്ൽ. അതിനെ അക്വേറിയത്തിൽ നോക്കിക്കൊണ്ടിരിക്കുന്ന ഒരാൾ അതായി മാറുന്നു. അങ്ങനെ തന്നെ ജീവിക്കുന്നു പിന്നീടു്. “I learned in the same moment of being myself prisoner in the body of an axolotl, metamorphosed into him with my human mind into it …” (pp. 164).

images/MythandArchive.jpg

ഒരു വ്യക്തിയുടെ സ്വത്വത്തിൽ നിന്നു മാറിനിൽക്കുന്ന ഏതിനെയും തത്ത്വചിന്തകർ other എന്നു വിളിക്കുന്നു. ഈ other ചിലപ്പോൾ വ്യക്തിയുടെ ഉള്ളിൽ തന്നെയുണ്ടാകും. Myth and Archive എന്ന ഗ്രന്ഥമെഴുതിയ Roberto Gonzalez Echevarria ഇതിനെ Other Within എന്നു വിളിക്കുന്നു. അക്സോലെറ്റ്ലിനെ നോക്കുന്നയാൾ അതിനെ പേടിക്കുന്നു. അതായിത്തീരാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇക്കഥയിൽ അതുതന്നെ സംഭവിക്കുന്നു (Myth and Archive, Cambridge University Press).

വിസ്മയോത്പാദകങ്ങളായ ഏറെ ചെറുകഥകളുണ്ടു് ഈ പുസ്തകത്തിൽ. വൈചിത്ര്യരഹിതമായ നമ്മുടെ കഥാസാഹിത്യം മാത്രം പരിചയിച്ചവർക്കു് നൂതനങ്ങളായ ധൈഷണികാനുഭൂതികൾ നൽകും കോർതാസാറിന്റെ ചെറുകഥകൾ.

ചോദ്യം, ഉത്തരം

ചോദ്യം: കുമാരനാശാനോ വള്ളത്തോളോ വലിയ കവി?

ഉത്തരം: ഇതിനു് ഉത്തരം നൽകാൻ വൈഷമ്യം ഉണ്ടു്. രണ്ടു കവികളെ താരതമ്യപ്പെടുത്തിയാൽ ഒരു കവിയുടെ ദോഷവും മറ്റേക്കവിയുടെ ഗുണവും മാത്രമേ കണ്ണിൽപ്പെടൂ. കവികൾ കലാകാരന്മാർ ഈ ലോകത്തെ നവീനതയോടെ പ്രദർശിപ്പിക്കുന്നു. ഒരോ കവിയുടെയും പ്രദർശനം ഓരോ തരത്തിൽ. അവ തമ്മിൽ വ്യത്യസ്തതയുണ്ടെങ്കിലും ദൃഷ്ടാക്കൾക്കു്—വായനക്കാർക്കു്—എല്ലാം ആസ്വാദ്യങ്ങളാവും. അതേയുള്ളൂ.

ചോദ്യം: വിഗ്രഹത്തിന്റെ മുൻപിൽ പല വിധത്തിൽ ദീപം ഉഴിയുന്നതിന്റെ അർത്ഥമെന്തു?

ഉത്തരം: “അമുനാ വേദദീപേന മയാ നീരാജിതോ ഹരിഃ” എന്നു കേട്ടിട്ടുണ്ടോ. വേദദീപം കൊണ്ടു് ഞാൻ ഹരിയെ പ്രകാശിപ്പിക്കുന്നു. അതുപോലെ വിഗ്രഹത്തിലെ ഐശ്വര്യാംശത്തെ പ്രകാശിപ്പിക്കാനാണു് ദീപാരാധനം നിർവഹികുന്നതു്. (ആരാധനത്തിനു് ഉപാസനാ. അർച്ചനാ എന്നൊക്കെ അർത്ഥം. ‘ആരാധനായാസ്യ സഖീസമേതാം’ എന്നു കുമാരസംഭവത്തിൽ. സന്തോഷം സേവ എന്ന അർത്ഥമുണ്ടു് ആരാധനം എന്ന പദത്തിനു്. പണ്ടു് ഡോക്ടർ കെ ഗോദവർമ്മ എന്നെ ‘ഉത്തരരാമചരിതം’ പഠിപ്പിച്ചതു് ഓർമ്മയിലെത്തുന്നു. ‘യദി വാ ജാനകീമപി ആരാധനായ ലോകനാം മുഞ്ചതോ നാസ്തി മേ വ്യഥാ’ എന്ന ഭാഗം ചൊല്ലി സാറു് ഹർഷാതിരേകത്താൽ വീണതു് മനക്കണ്ണു കൊണ്ടു് ഞാൻ ഇപ്പോഴും കാണുന്നു.)

ചോദ്യം: നമ്മുടെ ആളുകൾ കന്നുകാലികളെ അടിച്ചും ഇടിച്ചും തൊഴിച്ചും വണ്ടിയിൽക്കെട്ടിയ കാളയുടെ വാലു പിടിച്ചു തിരിച്ചും ഉപദ്രവിക്കുന്നതു ശരിയോ?

ഉത്തരം: ഇൻഡ്യയിലെ ഈ ആളുകളെക്കുറിച്ചു് കവി സ്റ്റീവൻ സ്പെൻഡർ പറഞ്ഞതു് ഞാൻ എഴുതാം. ‘ഒരു മൃഗം മറ്റൊരു മൃഗത്തെ പീഡിപ്പിക്കുന്നു.’

ചോദ്യം: നിങ്ങൾ കോളത്തിൽ പലതും ആവർത്തിക്കുന്നുണ്ടല്ലോ ഇതു വായനക്കാർക്കു് വിരസത ഉണ്ടാക്കുമെന്നു് അറിയാമോ?

ഉത്തരം: ആവർത്തനം ശരിയല്ല. ക്ഷമിക്കൂ. ഇരുപത്തിയെട്ടു കൊല്ലമായി എല്ലാ ആഴ്ചയും ഇതെഴുതുന്നു. ഒരാളിന്റെ ഉള്ളിൽ നിന്നു വരുന്നതല്ലേ എല്ലാം. ആവർത്തനം വന്നു പോകും. ഇനി മനസ്സിരുത്താം. തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി.

ചോദ്യം: കേരളത്തിലെ പ്രതിഭാശാലികളെ തെറി പറയുന്ന നിങ്ങളെക്കാണാൻ ഞാൻ അങ്ങോട്ടു വരുന്നുണ്ടു്. കരുതിയിരുന്നുകൊള്ളൂ. കേട്ടോ?

ഉത്തരം: കേട്ടു. ഞാൻ വിൽക്കിൻസൺ എന്ന ഫോറിൻ ബ്ലെയ്ഡ് കൊണ്ടാണു് ഷേവു് ചെയ്യുന്നതു്. അതു തന്നെ കൊണ്ടുവരൂ. ഇൻഡ്യൻ ബ്ലെയ്ഡ് കൊണ്ടുവരല്ലേ. എന്റെ ഉണക്കമുഖം മുറിയുന്നതു് എനിക്കിഷ്ടമല്ല.

ചോദ്യം: നിങ്ങൾക്കു് എത്ര ഭാഷകളറിയാം?

ഉത്തരം: മലയാളം തന്നെ എനിക്കു് ശരിക്കറിഞ്ഞുകൂടാ. അതിനാൽ ചോദ്യത്തിനു് യൗക്തികത്വമില്ല.

ചോദ്യം: നമ്മുടെ രാജ്യം നന്നാകാൻ എത്രവർഷം കാത്തിരിക്കണം?

ഉത്തരം: ഒരു നക്ഷത്രത്തിന്റെ രശ്മികൾ മറ്റൊരു നക്ഷത്രത്തിലെത്താൻ കോടാനുകോടി പ്രകാശവർഷങ്ങൾ വേണം. (കോടാനുകോടി എന്നതു മലയാളത്തിലെ പ്രയോഗം. കോട്യനുകോടി എന്നാവാം സംസ്കൃതത്തിൽ.) അതിലും കവിഞ്ഞ കാലം വേണ്ടിവരും ഭാരതം നന്മയിലേക്കു ചെല്ലാൻ.

ചോദ്യം: എന്റെ ഒരു സ്നേഹിതൻ മണ്ടനാണു്. അയാളോടു് ഞാൻ എങ്ങനെ പെരുമാറണം?

ഉത്തരം: കഴിയുന്നതും ഒഴിവാക്കൂ അയാളെ. ആടിന്റെ മുൻപിലൂടെ അതിനെ സമീപിക്കരുതു്. കുതിരയുടെ പിറകിലൂടെ അടുത്തേക്കു് ചെല്ലരുതു്. മണ്ടനെ ഒരു വശത്തു കൂടെയും സമീപിക്കരുതു് എന്നു് പഴഞ്ചൊല്ലു്.

കഷായം കൊടുക്കു

വായനക്കാരുടെ മാനസികാരോഗ്യം കൂടിക്കൂടി വരുന്നു. പക്ഷേ, എഴുത്തുകാർ ഒന്നിനൊന്നു രോഗികളാവുകയാണു്.

വായനക്കാരുടെ മാനസികാരോഗ്യം കൂടിക്കൂടി വരുന്നു. പക്ഷേ, എഴുത്തുകാർ ഒന്നിനൊന്നു രോഗികളാവുകയാണു്. അതിനുള്ള തെളിവു് ‘മാധ്യമം’ ആഴ്ചപ്പതിപ്പിലെ രണ്ടു ചെറുകഥകളത്രേ. ആ വാരികയുടെ പ്രചാരം വർധിക്കുന്നതു് വായനക്കാരുടെ മാനസികാരോഗ്യത്തെ പ്രത്യക്ഷമാക്കുന്നു. എഴുത്തുകാരന്റെ മാനസികാരോഗ്യം ക്ഷയിക്കുന്നുവെന്നു പി എഫ് മാത്യൂസിന്റെ ‘ദുഷ്യന്തന്റെ മരണ’വും, ശ്രീധരൻ പള്ളിക്കരയുടെ ‘നിന്നെപ്പോലൊരുവ’നും സ്പഷ്ടമാക്കുകയാണു്. അന്യോന്യബന്ധമില്ലാത്ത കുറെ വാക്യങ്ങളുടെ സമാഹാരമാണു് മാത്യൂസിന്റെ കഥ. അതു് ഒരനുഭൂതിയും ഉളവാക്കാതെ അർത്ഥരഹിതമായ അനുഭവരഹിതമായ വാചികതലത്തിൽ നിൽക്കുന്നു. ശ്രീധരൻ പള്ളിക്കരയുടെ രചന പരിഷ്കരിച്ച പൈങ്കിളിയാണു്. വിപ്ലവകാരിയായ കാമുകനെ പോലീസ് കൊന്നതിൽ ഒരു സുന്ദരിപ്പെണ്ണു് ദുഃഖിക്കുന്നതാണു് കഥയുടെ വിഷയം. ആക്രിക്കച്ചവടക്കാരൻ “പേപ്പറുണ്ടോ, കുപ്പിയുണ്ടോ, പഴയ ചെരിപ്പുണ്ടോ” എന്നു വിളിച്ചു ചോദിക്കുന്നതു പോലെ ‘അർത്ഥമില്ലാത്ത പൈങ്കിളി വാക്കുകളുണ്ടോ, ഇക്കിളിപ്പെടുത്തുന്ന വാങ്മയചിത്രങ്ങളുണ്ടോ’ എന്നു് കർണ്ണകഠോരമായ രീതിയിൽ ചോദിക്കുന്നു ശ്രീധരൻ. രണ്ടുപേരോടും കോർതാസാറിന്റെ കഥകൾ വായിക്കൂ എന്നല്ല പറയേണ്ടതു്. അദ്ദേഹത്തിന്റെ കഥാസമാഹാരം വെള്ളത്തിലിട്ടു് തിളപ്പിച്ചു് പതിനാറിലൊന്നാക്കി വറ്റിച്ചു് ഓരോ ഔൺസായി ദിവസം മൂന്നു നേരം കഴിക്കാൻ പറയണം രണ്ടാളുകളോടും. മേമ്പൊടിയായി മോപസാങ്ങിന്റെയോ ചെക്കോവിന്റെയോ കഥകൾ കൊടുക്കാം. അതു കിട്ടിയില്ലെങ്കിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ഏതെങ്കിലും കഥ മേമ്പൊടിയാക്കിയാൽ മതി.

മഹാപാപമാണേ ഇത്

തിരുവിതാംകൂർ സർവകലാശാലയുടെ ബിരുദദാന സമ്മേളനത്തിനുശേഷം കോട്ടും തൊപ്പിയും കാൽച്ചട്ടയും കണ്ഠകൗപീനവുമൊക്കെയായി റോഡിലേക്കു് ഏന്തിയേന്തി വരുന്ന ഒരു ചെറുപ്പക്കാരനെ ഞാൻ കണ്ടു. അയാളുടെ മുഖത്തെ മാംസപേശികൾ വക്രീഭവിച്ചു് വൈരൂപ്യമുളവാക്കി. നെടുമങ്ങാട്ടുകാരനായ ആ യുവാവിനെ എനിക്കു് അറിയാമായിരുന്നു. അതുകൊണ്ടു് അയാളുടെ ദൈന്യത്തിനു കാരണമെന്തെന്നറിയാൻ എനിക്കു താല്പര്യമുണ്ടായി. ഞാൻ ചോദിച്ചു: “കോൺവൊക്കേഷൻ പരമബോറായിരുന്നു അല്ലേ?” അയാൾ: “അല്ല”. ഞാൻ: “ഒരുപാടുനേരം അവിടെ ഇരിക്കേണ്ടിവന്നു അല്ലേ?” അയാൾ: “കുറച്ചുനേരം ഇരുന്നതുകൊണ്ടു് എനിക്കു് വൈഷമ്യമില്ല.” വിശപ്പാകാം അയാളുടെ ക്ഷീണതയ്ക്കും ആകുലാവസ്ഥയ്ക്കും കാരണമെന്നു് വിചാരിച്ചു് ഞാൻ വീണ്ടും: “കാപ്പി കുടിക്കണോ? എങ്കിൽ നമുക്കിതാ ഈ കാപ്പിക്കടയിൽ കയറാം.” അയാൾ: “എനിക്കു് വിശപ്പോ ദാഹമോ ഒട്ടും തന്നെയില്ല”. ഞാൻ: പിന്നെ എന്താണു് ഈ ദു:ഖത്തിനു കാരണം?” അയാൾ: “ഞാൻ ജീവിതത്തിലാദ്യമായി ബൂട്സ് ഇടുകയാണു്. കാലുപൊട്ടി ചോരയൊലിക്കുന്നു. വല്ലാത്ത വേദന. ഒരിഞ്ചു പോലും എനിക്കു നടക്കാൻ വയ്യ”. ഞാൻ ഫുട്പാത്തിൽ അയാളെ മാറ്റിനിറുത്തി ബൂട്സു് അഴിപ്പിച്ചു. ഈശ്വരാ. രണ്ടിഞ്ച് വ്യാസത്തിൽ തൊലി പോയിരിക്കുന്നു. ചോര വരുന്നുണ്ടു്. ഞാൻ തന്നെ ആ പാദരക്ഷകൾ കൈയിലെടുത്തു. റ്റാക്സി കാർ വിളിച്ചു് അയാളെ അതിൽ കയറ്റി നേരെ ഡോക്ടർ രാമകൃഷ്ണപിള്ളയുടെ ആശുപത്രിയിൽ കൊണ്ടുപോയി. മുറിവു് ഡ്രസു് ചെയ്തു. ആ കാറിൽ തന്നെ നെടുമങ്ങാട്ടേക്കു് അയാളെ അയച്ചു. ബിരുദദാന സമ്മേളനം ആണ്ടിലൊരിക്കൽ ഉണ്ടാകുന്ന വലിയ സംഭവം. ജീവിതത്തിൽ ഒരു തവണ മാത്രം ബൂട്സു് ധരിക്കുന്നതു് ചെറിയ കാര്യം. പക്ഷേ, ആ ചെറിയ കാര്യം കോൺവൊക്കേഷൻ എന്ന വലിയ കാര്യത്തെ നിസ്സാരമാക്കുന്നതു നോക്കൂ. പിന്നീടൊരിക്കലും ആ മനുഷ്യൻ ബൂട്സിടാൻ ധൈര്യം കാണിച്ചിരിക്കില്ല. ആ ‘രക്തസാക്ഷിയെ’ എനിക്കു് മറക്കാൻ വയ്യ.

ഇനി സങ്കല്പം. അതാ വരുന്നു ഒരാൾ. വല്ലാത്ത പീഡനമേറ്റ മട്ടുണ്ടു് അയാൾക്കു്. ഞാൻ ചോദിച്ചു: “ചങ്ങാതീ, രാഷ്ട്രീയപ്രവർത്തകനായ നിങ്ങളെ പോലീസ് അറസ്റ്റുചെയ്തു മർദ്ദിച്ചോ?” ചങ്ങാതി: “ഇല്ല, പോലീസ് അറസ്റ്റ് ചെയ്താലും എന്നെ മർദ്ദിക്കുകയില്ല. പോലീസുകാർ എന്റെ കൂട്ടുകാരാണു്.” ഞാൻ: “നിങ്ങൾക്കു് രോഗം വല്ലതുമുണ്ടോ?” ചങ്ങാതി: “ഇല്ല. തികഞ്ഞ ആരോഗ്യമുണ്ടു് എനിക്ക്.” ഞാൻ: “വീട്ടിലെന്തെങ്കിലും കുഴപ്പമുണ്ടോ? ചങ്ങാതി: “ഒരു കുഴപ്പവുമില്ല. ഞാൻ ഇൻഡ്യാ റ്റുഡേയിലെ ഒരു ഗ്രന്ഥനിരൂപണം വായിച്ചു. ആ സമയം തൊട്ടു തുടങ്ങിയതാണു് ഈ ദുരവസ്ഥ.” അയാൾ ഇൻഡ്യാ റ്റുഡേ തുറന്നു കാണിച്ചു. ‘അക്ഷരപ്പച്ചയുടെ പദകോശം’ എന്നു തലക്കെട്ടു്. ചങ്ങാതി: “ഈ തലക്കെട്ടിന്റെ അർത്ഥമെന്താണു്?” ഞാൻ: “നവീന മലയാളത്തിലെ പ്രയോഗങ്ങളുടെ അർത്ഥം ചോദിക്കുന്ന നിങ്ങളല്ലേ മണ്ടൻ?” ചങ്ങാതി: “മനുഷ്യ കേന്ദ്രിതമായ ലോകവീക്ഷണത്തിന്റെ സ്വാർത്ഥവും ഉപഭോഗതൃഷ്ണയാൽ ആവിലവുമായ മുഖ്യധാരാപ്രത്യയശാസ്ത്രങ്ങളുടെ കപടകാഴ്ചകൾക്കു് ഒരു പ്രതിരോധമായി പ്രകൃതിയുടെ ഈ നേർകാണൽ നമ്മുടെ സാഹിത്യത്തിലും പച്ചപിടിച്ചുവരുന്നു എന്നതു് ഇതിലെ വേറൊരു വാക്യം. എന്താണു് ഇതിന്റെ അർത്ഥം?” ഞാൻ: “കിറുക്കിന്റെ അർത്ഥം ചോദിക്കുന്ന നിങ്ങളല്ലേ കിറുക്കൻ?” ചങ്ങാതി: “വൈചിത്ര്യത, വൈവിധ്യത, വൈഷയികത്യം, തിമിംഗലം എന്നൊക്കെ ഇതിൽ ഞാൻ കണ്ടു. ശരിയാണോ ഇവ?” ഞാൻ: “വൈചിത്ര്യം, വൈവിധ്യം, ഇവ നാമങ്ങളാകയാൽ ‘ത’ ചേർത്തുകൂടാ. വൈഷയികത്യം എന്നൊരു വാക്കില്ല. തിമിംഗലം തെറ്റു്. തിമിംഗിലം ശരി.” ചങ്ങാതി: “മലയാള ഭാഷയിലെ എല്ലാ അക്ഷരങ്ങളും അറിഞ്ഞവനെക്കൊണ്ടല്ലേ റെവ്യു എഴുതിക്കേണ്ടതു?” ഞാൻ: “അതു് നിങ്ങളുടെ പഴഞ്ചനഭിപ്രായം. റെവ്യു ചെയ്യുന്നവൻ എത്രത്തോളം നിരക്ഷനാണോ അത്രയും നന്നു് എന്നാണു് ഇപ്പോഴത്തെ മതം”. നെടുമങ്ങാട്ടുകാരൻ രക്തസാക്ഷിയായതു പോലെ എന്റെ ചങ്ങാതിയും വേറൊരു രക്തസാക്ഷിയായി. കീശയിൽ വേണ്ടിടത്തോളം പണമില്ലാതിരുന്നതുകൊണ്ടു് ഞാൻ അയാൾക്കു് കാറ് ഏർപ്പാടു ചെയ്തുകൊടുത്തില്ല. ചെറിയപാപം ചിലപ്പോൾ വലിയ പാപത്തെ ജയിച്ചടക്കി വലിയ പാപമാകാറുണ്ടു്. ഇവിടെ അതുസംഭവിക്കുന്നില്ല. മലയാളഭാഷ ശരിയായി അറിഞ്ഞുകൂടാതെ നിരൂപണപ്രക്രിയ നടത്തുന്നതു് മഹാപാപം തന്നെയാണു്.

ടി.വി. കൊച്ചുബാവ

ഞാൻ മഹാരാഷ്ട്രയിലെ ബലാർഷാ എന്ന തീവണ്ടിയാപ്പീസിൽ നിന്നു് തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയിൽ കയറി, മലയാളിയായ സ്റ്റെയ്ഷൻ മാസ്റ്ററുടെ കാരുണ്യത്താൽ. റിസെർവേഷൻ റ്റിക്കറ്റില്ലാതിരുന്ന എന്നെ അദ്ദേഹം സഹായിച്ചു യാത്രയ്ക്ക്. ഇരുന്നയുടനെ ഞാൻ റഷ്യൻ മഹാകവി പസ്ത്യർനാക്കിന്റെ കാവ്യഗ്രന്ഥം തുറന്നു വായിച്ചു. ‘Railway Station’ എന്ന കാവ്യം.

A whistle dies down, echoed weakly

Another flies from distant tracks

A train comes past bare platforms sweeping

A blizzard of many hunched backs.

And twilight is rearing to go.

And, lured by the smoke and the steam

The wind and the field rush and now

I wish I could be one of them!

images/Boris_Pasternak.jpg
പസ്ത്യർനാക്ക്

ഏതു വിരസമായ വിഷയത്തെയും കവിതയാക്കി മാറ്റാനുളള മഹാകവിയടെ പ്രതിഭ കണ്ടു് അദ്ഭുതപ്പെട്ടു ഇരിക്കുന്ന എന്നെ ആരോ തട്ടിവിളിച്ചു. തിരിഞ്ഞുനോക്കിയപ്പോൾ റ്റിക്കറ്റ് എക്സാമിനർ നില്ക്കുന്നു. അയാൾ എന്നെ വിളിച്ചുകൊണ്ടു പോയി ഇടനാഴിയിൽ നിറുത്തി അടക്കിയ സ്വരത്തിൽ പറഞ്ഞു. You have to give me four hundred rupees. ബലാർഷായിൽ നിന്നു തിരുവനന്തപുരത്തേക്കു് അന്നു് എൺപതു രൂപയായിരുന്നു റ്റിക്കറ്റ് ചാർജ്. ഞാൻ 400 രൂപ കൊടുത്തു. പിന്നീടു് ചായ കുടിക്കാൻ പോലും ഒരു രൂപ എന്റെ കൈയിലില്ലായിരുന്നു. റ്റിക്കറ്റ് എക്സാമിർക്കു് കുടുതലൊന്നും കൊടുക്കരുതെന്നു് സ്റ്റെയ്ഷൻ മാസ്റ്റർ പറഞ്ഞിരുന്നെങ്കിലും എനിക്കു നാന്നൂറു രൂപ കൊടുക്കേണ്ടി വന്നു. രൂപ കൊടുത്തതിലല്ലായിരുന്നു വൈഷമ്യം. ഓരോ സ്റ്റെയ്ഷനിലെത്തുമ്പോഴും റ്റിക്കറ്റ് എക്സാമിനർ എന്നെ വിളിച്ചു വേറൊരു കംപാർട്മെന്റിൽ കൊണ്ടിരുത്തും. കനമാർന്ന പെട്ടിയും തൂക്കി ഞാൻ അയാളുടെ പിറകേ പോകും. തിരുവനന്തപുരത്തു വന്നിറങ്ങിയ ഞാൻ കൈയിൽ അക്കാലത്തെ ഒരണ പോലുമില്ലാതെ നാലുനാലര നാഴിക പെട്ടി തൂക്കിപ്പിടിച്ചു നടന്നു. പ്രിയപ്പെട്ട വായനക്കാരേ ഒരുതരം ഓർഗനൈസ്ഡ് കറപ്ഷനാണു് റേയിൽവേയിലാകെ. ഇതൊക്കെ ഇന്നും നടക്കുന്നുണ്ടോ എന്നെനിക്കു് അറിഞ്ഞുൂകൂടാ. വർഷങ്ങളോളമായി ഞാൻ തീവണ്ടിയിൽ സഞ്ചരിച്ചിട്ടു്.

ഈ കറപ്ഷന്റെ മനുഷ്യത്വമില്ലാത്ത മറ്റൊരു ഭാഗമാണു് ശ്രീ. ടി. വി. കൊച്ചുബാവ ‘റെയിൽവേ സ്റ്റേഷൻ’ എന്ന ചെറുകഥയിലൂടെ ചിത്രീകരിക്കുന്നതു്. ഗർഭിണിയായ ഭാര്യയും അവളുടെ ഭർത്താവും തീവണ്ടി കയറാൻ വരുന്നു. മംഗലാപുരത്തേക്കു പോകാനുളള അവർക്കു തീവണ്ടി വന്നുനിൽക്കുന്ന പ്ലാറ്റ് ഫോം ഏതാണെന്നു അറിഞ്ഞുകൂടാ, അനൌൺസ്മെന്റ് മനസ്സിലാകാത്തതുകൊണ്ടു. ഗർഭിണി വണ്ടിയിൽ കയറിയിരുന്നപ്പോൾ ഭർത്താവു് കാപ്പി വാങ്ങിക്കാൻ പോയി. തിരിച്ചെത്തിയ അയാൾ ഓടുന്ന മറ്റൊരു തീവണ്ടിയിൽ ചാടിക്കയറി വഴുതി വീണു. ഭാര്യയും താനിരുന്ന ട്രേയ്നിൽ നിന്നു് ഇറങ്ങി. തിരിച്ചു വരാത്ത ഭർത്താവിനെ കാത്തു കാത്തു് അവൾ ഇരിക്കുകയാണു്. ഇതിനിടയ്ക്കു് അവളെ വ്യഭിചരിക്കാൻ പലരുമെത്തുന്നു. ഒടുവിൽ കണ്ണൂർ സ്റ്റേയ്ഷൻ പ്ലാറ്റ് ഫോമിൽ ഭർത്താവു് ഉണ്ടായിരിക്കുമെന്നു വിചാരിച്ചു് അവൾ അവിടത്തേക്കുളള തീവണ്ടിയിൽ കയറിപ്പോകുന്നു. ആ പാവപ്പെട്ട യുവതിയെ സ്മരിച്ചു് നമ്മൾ കണ്ണീരൊഴുക്കുന്നു. അതാണു് കഥാകാരന്റെ വൈദഗ്ദ്ധ്യം. ഈ നൃശംസതകളുടെ നൈരന്തര്യത്തെ ഹൃദയഹാരിയായി ധ്വനിപ്പിച്ചുകൊണ്ടു് കൊച്ചുബാവ കഥ പര്യവസാനത്തിൽ കൊണ്ടുചെല്ലുന്നു. തീവണ്ടിയാത്രയുടെയും അതുളവാക്കുന്ന ട്രാജഡിയുടെയും കഥയാണിതു്. പക്ഷേ, ലോകത്തിന്റെ ആകെയുളള ട്രാജഡിയായി അതു മാറുന്നു. തീവണ്ടി ലോകത്തിന്റെ സൂക്ഷ്മാകാരമായി മാറുന്നു. തീവണ്ടി സ്റ്റേയ്ഷനിൽ സംഭവിക്കുന്ന ട്രാജഡി ലോകത്തു് എമ്പാടും ഉണ്ടാകുന്ന ട്രാജഡിയുടെ സ്വഭാവം ആവഹിക്കുന്നു.

കുട്ടികൃഷ്ണമാരാർ, എം. കെ. സാനു
images/Sanu_MK.jpg
എം. കെ. സാനു

പ്രഫെസർ എം. കെ. സാനു കുങ്കുമം വാരികയിൽ കുട്ടികൃഷ്ണമാരാരെക്കുറിച്ചു് എഴുതിയ ലേഖനങ്ങൾ ഞാൻ മനസ്സിരുത്തി വായിച്ചു. ദൌർഭാഗ്യം കൊണ്ടു എനിക്കു് അദ്ദേഹത്തിന്റെ മതങ്ങളോടു യോജിക്കാനാവുന്നില്ല. സാനു കുട്ടികൃഷ്ണമാരാർക്കു മഹനീയമായ സ്ഥാനമാണു് നല്കുന്നതു്. അതത്ര ശരിയല്ല എന്നാണു് വിനയപൂർവ്വം എനിക്കു പറയാനുളളതു്.

  1. കുട്ടിക്കൃഷ്ണമാരാരുടെ സംസ്കൃതപാണ്ഡിത്യം സാനുവിന്റെ പ്രശംസ നേടുന്നു. ഉളളൂർ പരമേശ്വരയ്യർ, കൊല്ലങ്കോടു് ഗോപാലൻനായർ, എം. എച്ച്, ശാസ്ത്രികൾ, ഇവർക്കുളള സംസ്കൃത ഭാഷാപാണ്ഡിത്യം കുട്ടികൃഷ്ണമാരാർക്കില്ല. അദ്ദേഹത്തിന്റെ മലയാളശൈലി, ശാകുന്തളം ഗദ്യപരിഭാഷ, മേഘസന്ദേശം പരിഭാഷ, ഇവ ഇതിനു തെളിവു നല്കും. ഒരു ഉദാഹരണം നല്കാനേ സ്ഥലമുളളു. അഭിജ്ഞാനശാകുന്തളം മൂന്നാമങ്കത്തിലെ ‘ക്ഷാമക്ഷാമകപോലമാനനം’ എന്ന ശ്ലോകത്തിനു പരിഭാഷ നല്കുന്ന കുട്ടിക്കൃഷ്ണമാരാർ ‘മുഖത്തു കവിളുകൾ ഉലഞ്ഞു’ എന്നെഴുതുന്നു. ക്ഷാമക്ഷാമത്തിനു് ക്ഷാമപ്രായമെന്ന അർത്ഥമുളളു. യഥാർത്ഥത്തിൽ ഉലഞ്ഞിട്ടില്ല. ഉലഞ്ഞെന്നു് ദുഷ്യന്തനു തോന്നുന്നുവെന്നേയുളളു. ശകുന്തളയുടെ കവിളുകൾ സോഡാക്കുപ്പിയുടെ അററം പോലെ ഒട്ടിപ്പോയാൽ രതി എന്ന സ്ഥായിഭാവത്തിനു ഉദ്ദീപനം വന്നു ശൃംഗാര രസാനുഭൂതി ഉണ്ടാവുകയില്ല. ‘പ്രകാരേ ഗുണവചനസ്യ’ എന്നു സൂത്രം. ശാകുന്തളത്തിനു വ്യഖ്യാനമെഴുതിയ രാഘവഭട്ടനും ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്നാണു് എന്റെ ഓർമ്മ. പുസ്തകം കൈയിലില്ല.
  2. സഹൃദയനായിരുന്നില്ല കുട്ടിക്കൃഷ്ണമാരാർ. വിക്തോർ യൂഗോയുടെ ‘പാവങ്ങ’ളാണു് ടോൾസ്റ്റോയിയുടെ ‘വാർ ആന്റ് പീസി’നെക്കാൾ കേമമെന്നു് വാദിച്ച അദ്ദേഹത്തിന്റെ സഹൃദയത്വം പത്താം തരത്തിലായിരുന്നു. അതുകൊണ്ടാണു് അദ്ദേഹം ചങ്ങമ്പുഴയെ നിന്ദിച്ചു് നാലപ്പാട്ടു നാരായണ മേനോനെ വാഴ്ത്തിയതു്. കുഞ്ചൻ നമ്പ്യാരുടെയും ശ്രീഹർഷന്റെയും പ്രതിഭയെ കാണാത്തതു്. കുമാരനാശാന്റെ ലീലാകാവ്യത്തിലെ നായിക ഭർത്താവിനെ കൊന്നുവെന്നു് വാദിച്ചതു്. ‘കാലികൾ നക്കിത്തുടയ്ക്കുമച്ചെന്തളിർക്കാലടി വെച്ചുകൊണ്ടുണ്ണിക്കണ്ണൻ സഞ്ചരിക്കുന്ന നിൻ ദിക്കിലെങ്ങാനുമൊരു പിഞ്ചുപുല്ലായി പിറക്കാവൂ ഞാൻ’ എന്ന വളളത്തോളിന്റെ വരികൾക്കു ‘കൃഷ്ണന്റെ പാദസ്പർശമേൽക്കുവാൻ ഇടവന്നില്ലെങ്കിലും അതു നക്കിത്തുടയ്ക്കാൻ ഭാഗ്യം സിദ്ധിച്ച ഗോക്കൾ വന്നു ആ വായ് കൊണ്ടു പിഞ്ചു പുല്ലായ എന്നെ കടിക്കുകയെങ്കിലും ചെയ്തേക്കാമല്ലോ എന്നും വ്യഞ്ജിക്കുന്നു’ എന്നു വ്യാഖ്യാനം നല്കിയതു്. എന്തൊരു വിലക്ഷണമായ വ്യാഖ്യാനം! എന്തൊരു സഹൃദയത്വമില്ലായ്മ!
  3. മഹാഭാരതം, രാമായണം, ഇവയെ സന്മാർഗ്ഗ ഭ്രംശത്തോടകൂടി സമീപിച്ചയാളാണു് കുട്ടിക്കൃഷ്ണമാരാർ. ഞാൻ പലപ്പോഴും പറഞ്ഞതു് ആവർത്തിക്കാൻ മടിയുണ്ടു്. എങ്കിലും മഹാഭാരതത്തിലും രാമായണത്തിലും എവിടെയെല്ലാം ധർമ്മമുണ്ടോ അതൊക്കെ അധർമ്മമാണു് അദ്ദേഹത്തിനു്. എവിടെയെല്ലാം അധർമ്മമുണ്ടോ അതൊക്കെ ധർമ്മവും ലിറ്റററി പെർവേർഷൻ കാണിച്ച നിരൂപകനാണു് കുട്ടിക്കൃഷ്ണമാരാർ.
  4. വ്യക്തിവിവേകകാരനായ മഹിമഭട്ടന്റെ ശിഷ്യനാണു് കുട്ടിക്കൃഷ്ണമാരാർ. കാളിദാസന്റെ അതിമനോഹരങ്ങളായ ശ്ലോകങ്ങളിൽ പ്രക്രമഭംഗവും മററും മഹിമഭട്ടൻ കാണുമ്പോൾ നമ്മൾ ഞെട്ടും. അദ്ദേഹത്തിന്റെ യുക്തിരാഹിത്യത്തിന്റെ നൂറിലൊരംശം യുക്തിരാഹിത്യം കടമെടുത്തു കുട്ടിക്കൃഷ്ണമാരാർ എഴുതുമ്പോൾ ചെറിയ തോതിലാണെങ്കിലും ഞെട്ടൽ നമുക്കുണ്ടാകും.

സ്ത്രീകൾക്കാണു് സംശയം കൂടുതൽ. ആദം വൈകുന്നേരം നടക്കാൻ പോയിട്ടു് രാത്രി തിരിച്ചു എത്തുമ്പോൾ ഈവ് അയാളുടെ വാരിയെല്ലുകൾ എണ്ണിനോക്കുമായിരുന്നുവെന്നു് ആരോ പറഞ്ഞിട്ടുണ്ടു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-12-11.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.