അരുവിയിൽ നിന്നു വെള്ളം കുടിക്കുന്ന ആട്ടിൻകുട്ടിയെ ചെന്നായ് കണ്ടു. ‘നീയാണു് ഇതിലെ വെള്ളമാകെ കലക്കിയതു കഴിഞ്ഞവർഷം’ എന്നു് അവൻ അവളോടു പറഞ്ഞു. ‘അതുകൊണ്ടു് എനിക്കു നല്ല വെളളം കുടിക്കാൻ സാധിച്ചില്ല. ഈ ദ്രോഹം ആവർത്തിക്കരുതെന്നു് ഞാൻ തീരുമാനിച്ചിരിക്കുകയാണു്. നിന്നെ ഞാൻ കൊല്ലാൻ പോകുന്നു’ എന്നും ചെന്നായ് അറിയിച്ചപ്പോൾ ആട്ടിൻകുട്ടി പറഞ്ഞു. ‘ഞാൻ കഴിഞ്ഞവർഷം ജനിച്ചിട്ടേയില്ലായിരുന്നു. ഞാനായിരിക്കില്ല വെളളം കലക്കിയതു്’ ചെന്നായ് അതുകേട്ടു വേറെ പല വാദങ്ങളും കൊണ്ടുവന്നു. ആട്ടിൻകുട്ടി എന്തുകൊണ്ടു മരിക്കണമെന്നു തെളിയിക്കാനായി. ഓരോ വാദവും തെറ്റാണെന്നു് അപരാധം ചെയ്യാത്ത ആട്ടിൻകുട്ടി സ്പഷ്ടമാക്കിക്കൊടുത്തു. ‘ശരി. ശരി വാദങ്ങൾ മതി. നീ പറഞ്ഞതു ശരിയായിരിക്കാം. ഞാൻ പറഞ്ഞതു തെറ്റും. പക്ഷേ, എനിക്കു വിശപ്പുള്ളതുകൊണ്ടു് ഞാൻ നിന്നെ തിന്നാൻ പോകുന്നു’ എന്നു ചെന്നായ്. ‘നിറുത്തു്’ എന്ന മനുഷ്യശബ്ദം. മലയിടുക്കിന്റെ ചരിവിലൂടെ ഒരാളെത്തി. ‘എടാ ഉപദ്രവകാരി, ഭംഗിയുള്ള, അപരാധം ചെയ്യാത്ത ഈ ആട്ടിൻകുട്ടിയെ നീ കൊല്ലരുതു്. ഞാൻ ഇതിനെ രക്ഷിക്കും’ എന്നു വന്നയാൾ പറഞ്ഞു. ചെന്നായ് നിഷ്ക്രമിച്ചു. നമ്മുടെ ധീരനായ മനുഷ്യൻ തുടർന്നു പറഞ്ഞു. ‘പാവപ്പെട്ട കൊച്ചാട്ടിൻകുട്ടീ, മനോഹരവും മൃദുലവുമായ കുഞ്ഞേ. ഞാൻ വന്നതു് എത്ര നന്നായി. നിന്നെ അവൻ പേടിപ്പിച്ചതു് ഓർക്കുമ്പോൾ എന്റെ ചോര തിളയ്ക്കുന്നു. എന്നോടുകൂടിപോരു. പുതുതായി കിട്ടിയ കൂട്ടുകാരനോടൊരുമിച്ചു് കളിച്ചു് ആട്ടിൻകുട്ടി ആഹ്ലാദത്തിമിർപ്പിലായി. സത്യസന്ധതയുള്ള കോപത്തോടെ നമ്മുടെ നേതാവു വിചാരിച്ചു ദുഷ്ടതയുള്ള ചെന്നായ്ക്കളെ ആ പ്രദേശത്തുനിന്നു നിശ്ശേഷം നശിപ്പിക്കണമെന്നു. ആ പുൽത്തകിടികൾ ഷീപോക്രസിക്കുവേണ്ടി (ഡെമോക്രസി പോലെ ഷീപോക്രസി—ആടുകളുടെ ഭരണം) സുരക്ഷിതമാക്കണമെന്നു്. ക്രൂരതയുള്ള ചെന്നായെ കടുത്ത വാക്കുകൾ കെണ്ടു ശകാരിച്ചുകൊണ്ടു് അയാൾ ആട്ടിൻകുട്ടിയുടെ കഴുത്തു മൃദുലമായി മുറിച്ചു. കാരുണ്യത്തോടെ പാചകം ചെയ്തു. സ്നേഹത്തോടെ മസാലക്കൂട്ടു് ചേർത്തു. ആർദ്രതയോടെ അവളെ ഉളളിലാക്കി. ഭക്തിയോടെ ഈശ്വരനു നന്ദി പറഞ്ഞു. ഭക്ഷണത്തിനുശേഷം അയാൾ പൈപ്പ് വലിച്ചുകൊണ്ടു് ചെന്നായ്ക്കളുടെ ക്രൂരതയെപ്പറ്റി വിചാരിച്ചുകൊണ്ടു് ഇരുന്നു. പാവപ്പെട്ട, നിഷ്കളങ്കരായ ആട്ടിൻകുട്ടികളെ ഉപദ്രവിക്കാൻ അനുമതി നല്കുന്ന ലോകത്തിന്റെ നീതിയില്ലായ്മയെക്കുറിച്ചും ആലോചിച്ചു. പത്രങ്ങളിൽ ഈ ദുഷ്ടതയെക്കുറിച്ചു് എഴുതിയാലെന്തു് എന്നും അയാൾ വിചിരിക്കാതിരുന്നില്ല. ഇതൊഴിവാക്കാൻ എന്തെങ്കിലും ചെയ്തുകൂടേ എന്നായി അയാളുടെ ചിന്ത.

ഡൻ മർക്വസ് (Don Marquis, 1878–1937) എന്ന അമേരിക്കൻ ഹാസ്യകവിയുടെ ഒരു കവിതയുടെ ദുർബ്ബലമായ ഭാഷാന്തരീകരണമാണിതു്. ഇംഗ്ലണ്ടിലെ Faber and Faber പ്രസാധകർ 1998-ൽ പ്രസിദ്ധപ്പെടുത്തിയ “the archy and mehitabel omnibus” എന്ന മർക്വസ് കവിതകളിൽ ഒന്നാണതു്. ആർചീ[1] എന്ന പാറ്റ രചിച്ചതാണിതു് എന്നത്രേ കവി സങ്കല്പം. ആർച്ചീ എങ്ങനെ കവിതയെഴുതി എന്നതിന്റെ വിശദീകരണമുണ്ടു് ആമുഖത്തിൽ. മർക്വസ് ഒരു ദിവസം നേരം നന്നേ വെളുക്കുന്നതിനു് മുൻപു് മുറിയിലേക്കു ചെന്നപ്പോൾ ഒരു വലിയ പാറ്റ. റ്റൈപ് റൈറ്റിന്റെ കട്ടകളിൽ മാറി മാറി ചാടുന്നതുകണ്ടു. പാറ്റ അദ്ദേഹത്തെ കണ്ടില്ല. അതു് മെഷ്യനിൽ കയറി തലതാഴ്ത്തി ശക്തിയോടെ ചാടും. ശക്തി വളരെകൂടുതലായതുകൊണ്ടു് കട്ട താഴും. അതിൽ വച്ചിരിക്കുന്ന കടലാസ്സിൽ അക്ഷരം പതിയും. കാപ്പിറ്റൽ അക്ഷരങ്ങളോ കോമ, ഫുൾസ്റ്റാപ് ഇവയോ കടലാസ്സിൽ വീഴ്ത്താൻ പാറ്റയ്ക്കു കഴിയുകയില്ല. ഒരു മണിക്കൂർ നേരത്തെ ഈ പരിശ്രമത്തിനുശേഷം പാറ്റ വിയർത്തു്. തളർന്നു താഴെ വീഴും. ഒരു ദിവസം കണ്ട കവിത ഇങ്ങനെ: “ആവിഷ്കാരം എന്റെ ആത്മാവിന്റെ ആവശ്യകതയാണു്. ഞാൻ ഒരിക്കൽ കവിയായിരുന്നു. ഞാൻ മരിച്ചതിനുശേഷം ഒരു പാറ്റയുടെ ശരീരത്തിൽ കടന്നു. അതു് ജീവിതത്തെസ്സംബന്ധിച്ചു് എനിക്കു നൂതന ദർശനം നല്കി.”

പുസ്തകത്തിനു രണ്ടു ഭാഗങ്ങളുണ്ടു്. രണ്ടാമത്തേതു് മഹിതബെൽ (Mehitabel) എന്ന പൂച്ചയെസ്സംബന്ധിച്ചുള്ളതാണു് (പെൺകുട്ടിയുടെ പേരാണു് മഹിതബെൽ എന്നതു്). മഹിതബെൽ പൂച്ചയാകുന്നതിനു മുൻപു് ക്ലീയപട്രയും അവളെപ്പോലെ മറ്റു പല സ്ത്രീകളുമായിരുന്നു. പൂച്ചയ്ക്കു റ്റൈപ് റൈറ്റർ ഉപയോഗിക്കാൻ അറിഞ്ഞുകൂടാ. അതുകൊണ്ടു് ആർചീ എന്ന പാറ്റയാണു് അവളുടെ റിപോർടർ. ഈ റിപോർടുകളും അത്യന്തം രസകരങ്ങളാണു്.
കോമിക് ജീനിയസ്സാണു് മർക്വസ്. മനുഷ്യന്റെ തിന്മകളും ദൗർബല്യങ്ങളും സമൂഹത്തിന്റെ ആകെയുള്ള മാലിന്യങ്ങളും പരിഹാസകവിതകളിലൂടെ മർക്വസിനെപ്പോലെ ആകർഷകമായി പ്രതിപാദിച്ച മറ്റുകവികളെ എനിക്കറിഞ്ഞുകൂടാ. ഈ ഗ്രന്ഥത്തിലെ ഓരോ കവിതയും ഹർഷോദ്രേകം നൽകും വായനക്കാർക്കു്. ആർചിയുടെ ചില അനിയമിതചിന്തകൾ എടുത്തെഴുതിക്കൊണ്ടു് ഞാനിതു് അവസാനിപ്പിക്കാം.
“one thing that
shows that
insects are
superior to man
is the fact that
insects run their
affairs without
political campaigns
election and so forth
a man thinks
he amounts to a lot
but to a mosquito
a man is
merely
something to eat”
(ആർചി കോമ, പൂർണ്ണവിരാമം ഇവ ഉപയോഗിക്കുന്നില്ലെങ്കിലും വായനക്കാർക്കു് ചിന്താക്കുഴപ്പമുണ്ടാകാതിരിക്കാനായി ഞാനവ ഇട്ടിട്ടുണ്ടു്. പക്ഷേ, പാറ്റ കാപിറ്റൽ അക്ഷരങ്ങൾ റ്റൈപ് ചെയ്യാത്തതുപോലെ ഞാനും അവ എഴുതിയിട്ടില്ല. എല്ലാം കൊച്ചക്ഷരങ്ങൾ. ഇപ്പുസ്തകത്തിന്റെ വില GBP 6.99. പുറങ്ങൾ 311.)
ചോദ്യം: ഏതു സംബോധന കേട്ടാണു് സ്ത്രീ സന്തോഷിക്കുന്നതു?
ഉത്തരം: പ്രഥമരാവിൽ നവവരൻ ‘തങ്കം’ എന്നു വിളിക്കുമ്പോൾ അവൾക്കു പുളകം. കാലം കഴിഞ്ഞു് ആ ഭർത്താവു് ‘എടീ’ എന്നു വിളിക്കുമ്പോൾ നീരസം. ആദ്യത്തെ കുഞ്ഞു് ‘അമ്മേ’ എന്നു വിളിക്കുമ്പോൾ ഉൾക്കുളിരു്. മകളുടെ മകൾ ‘അമ്മൂമ്മേ’ എന്നു വിളിക്കുമ്പോൾ ഞെട്ടൽ. സമപ്രായക്കാരും ചിലപ്പോൾ അവളെക്കാൾ പ്രായം കൂടിയവരുമായ സ്ത്രീകൾ ‘ആന്റി’ എന്നു വിളിക്കുമ്പോൾ കോപം.
ചോദ്യം: നെഹ്രുവിന്റെ സമാധാനപരമായ സഹവർത്തിത്വം എന്ന സിദ്ധാന്തത്തിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
ഉത്തരം: എല്ലാവർക്കുമറിയാവുന്ന ഒരു നേരമ്പോക്കു് പറയാം. മോസ്കോയിലെ ഒരു ജന്തുശാല കാണാൻ ഒരുത്തൻ പോയി. ഒരു കൂട്ടിൽ കരടിയും ആട്ടിൻകുട്ടിയും ഒരുമിച്ചു കിടക്കുന്നതുകണ്ടു് സന്ദർശകൻ അദ്ഭുതപ്പെട്ടു. അപ്പോൾ ജന്തുശാലയുടെ സെക്രട്ടറി പറഞ്ഞു: ‘ഇതാണു് സമാധാനപരമായ സഹവർത്തിത്വം.’ ആഗതൻ അപ്പോഴും അവിശ്വാസം പ്രകടിപ്പിച്ചപ്പോൾ സെക്രട്ടറി പറഞ്ഞു: ‘പക്ഷേ, ഓരോ ദിവസവും കാലത്തു് ഞങ്ങൾ ഓരോ ആട്ടിൻകുട്ടിയെ ഈ കൂട്ടിനകത്തേക്കു് ഇടും.’ അമേരിക്കൻ കരടിയുടെ അടുത്തു് ദിവസവും നുതനരൂപമാർജ്ജിച്ചുകൊണ്ടിരുന്ന ഇന്ത്യ ആട്ടിൻകുട്ടിയായി ചെന്നുനിന്നതാണു് നെഹ്രുവിന്റെ സമാധാനപരമായ സഹവർത്തിത്വം.
ചോദ്യം: നിങ്ങൾ നേരമ്പോക്കു് എഴുതാത്തതു് എന്തുകൊണ്ടു്?
ഉത്തരം: വാരികകളിൽ വരുന്ന നവീന കവിതകൾ, നവീന ചെറുകഥകൾ ഇവയെക്കുറിച്ചു് ഞാൻ എഴുതാറുണ്ടല്ലോ.
ചോദ്യം: റോമയിൻ റോളണ്ടിന്റെ ജിൻ ക്രിസ്റ്റൊഫ് എങ്ങനെയുള്ള നോവലാണു്?
ഉത്തരം: റോമങ് റൊലാങിന്റെ ഷാങ് ക്രിസ്തോഫിനു ‘majestic’ എന്ന വിശേഷണമാണു് ചേരുക.
ചോദ്യം: നിത്യതയിൽ—eternity—നിങ്ങൾക്കു് വിശ്വാസമുണ്ടോ?
ഉത്തരം: ഉണ്ടു്. കുറച്ചു കാലത്തെ കഷ്ടപ്പാടിനു ശേഷം ശവപ്പറമ്പിൽ വിശ്രമം. അതുതന്നെ നിത്യത.
ചോദ്യം: ചങ്ങമ്പുഴയെ ജീനിയസ് എന്നു നിങ്ങൾ വിളിക്കുന്നതിനു കാരണം?
ഉത്തരം: പലരും നടന്നു നടന്നു് ആകർഷകത്വവും നവീനതയും നശിച്ച മാർഗ്ഗത്തെ ഇംഗ്ലീഷിൽ beaten path എന്നു പറയും. സംസ്കൃതത്തിൽ പ്രഹതമാർഗ്ഗമെന്നും. ജീനിയസ് ഈ പ്രഹതമാർഗ്ഗം ഉപേക്ഷിക്കുന്നു. ചങ്ങമ്പുഴ തന്റെതായ മാർഗ്ഗത്തിലൂടെ നടന്ന കവിയാണു്. വൈലോപ്പിള്ളിയും കുഞ്ഞിരാമൻ നായരും ഒഴിച്ചുള്ള കവികൾ നവീനപഥം കണ്ടെത്തിയവരല്ല. അവർ കവിതയെഴുതുന്നുണ്ടാവും. പക്ഷേ, ജീനിയസ്സുകളല്ല. സാരമാഗു ജീനിയസ്സാണു്. സ്റ്റൈൻബക്ക് അല്ല. ദാര്യോ ഫോ തീരെയല്ല.
അമേരിക്കൻ കരടിയുടെ അടുത്തു് ദിവസവും നൂതനരൂപമാർജ്ജിച്ചു കൊണ്ടിരുന്ന ഇന്ത്യ ആട്ടിൻകുട്ടിയായി ചെന്നുനിന്നതാണു് നെഹ്രുവിന്റെ സമാധാനപരമായ സഹവർത്തിത്വം.
വള്ളത്തോളിനെ കവിതയെഴുതാൻ പഠിപ്പിക്കേണ്ടതുണ്ടോ? ഇതളുകൾ വിടർത്തി പരിമളം പ്രസരിപ്പിക്കാൻ താമരപ്പൂവിനെ അഭ്യസിപ്പിക്കേണ്ടതുണ്ടോ? മേഘശകലത്തിൽ മറഞ്ഞ ചന്ദ്രൻ നിർമ്മലാന്തരീക്ഷത്തിൽ മെല്ലെയെത്തുന്നതു് നമ്മൾ ആജ്ഞാപിക്കുന്നതുകൊണ്ടാണോ? കാമുകനെ കാണുമ്പോൾ കാമുകിയുടെ തുടുത്ത കവിളുകൾ കൂടുതൽ തുടുക്കുന്നതു് അയാളുടെ ആവശ്യകത അനുസരിച്ചാണോ? കാറ്റടിക്കുമ്പോൾ ചാഞ്ഞും ചരിഞ്ഞും നിന്നു് സ്വയം പൊലിയാതെ നിൽക്കാൻ നിലവിളക്കിലെ സ്വർണ്ണദീപത്തെ നമ്മൾ പഠിപ്പിക്കേണ്ടതുണ്ടോ? ഇല്ല. പക്ഷേ, ദേശാഭിമാനി വാരികയിൽ ‘അരുന്ധതിയും ഞാനും പത്രാധിപർ തിരിച്ചയച്ച കഥയും’ എന്ന ചെറുകഥയെഴുതിയ പി. ആർ. രഘുനാഥനെ കഥയെഴുതേണ്ടതു് എങ്ങിനെയെന്നു പഠിപ്പിച്ചേ തീരൂ. പഠിപ്പിച്ചില്ലെങ്കിൽ അദ്ദേഹം ഇതുപോലെ അനേകം കഥകളെഴുതി ലോകത്തിന്റെ ദുഃഖം കൂട്ടും. സംശയമില്ല.
‘ആര്യേ, ഒരുങ്ങിക്കഴിഞ്ഞെങ്കിൽ ഇങ്ങോട്ടുവരൂ’ എന്നു ‘ശാകുന്തളം’ നാടകത്തിലെ സൂത്രധാരൻ നടിയോടു് ആവശ്യപ്പെടുന്നു. അയാൾക്കറിയാം അവൾക്കു് ഒരുങ്ങാൻ അപരിമിതമായ സമയം വേണമെന്നു്. കാളിദാസന്റെ കാലത്തെ പെണ്ണുങ്ങളുടെ ഒരുക്കത്തെക്കുറിച്ചു് എനിക്കൊന്നുമറിഞ്ഞുകൂടാ. ഇപ്പോഴത്തെ പെണ്ണുങ്ങളുടെ ഒരുക്കത്തെക്കുറിച്ചു് ലേശമറിയാം. കുളികഴിഞ്ഞുവന്നു് തല തോർത്തിയിട്ടു് ഫാനിന്റെ താഴെ നിൽക്കുന്നു കുറച്ചു നേരം. അതു മുടിനാരുകൾ പാറിപ്പറക്കാനാണു്. പിന്നെ വസ്ത്രധാരണം. ചുരീദാർ എന്ന കാലുറയും കണങ്കാൽ വരെയെത്തുന്ന കുപ്പായവുമാണെങ്കിൽ രണ്ടും മാച്ച് ചെയ്യുന്ന വിധത്തിൽ ആവണം. അവ ധരിച്ചിട്ടു് സൗന്ദര്യം വന്നില്ലെന്നുതോന്നിയാൽ വേറെ രണ്ടെണ്ണം ധരിക്കുകയായി. പിന്നെയും ഉണ്ടാകും മാറ്റിദ്ധരിക്കൽ. തൃപ്തിയടഞ്ഞാൽ വലത്തോട്ടു് തിരിഞ്ഞു് ഇടതുവശം നിലക്കണ്ണാടിയിൽ പ്രതിഫലിപ്പിച്ചു നോക്കും. ഇടത്തോട്ടു് തിരിഞ്ഞു വലതുവശത്തെ പ്രതിഫലനം നോക്കും. പൊട്ടുകൾ മാറിമാറി ഒട്ടിച്ചുനോക്കും. അപ്പോഴേക്കും ക്ഷമകെട്ട ഭർത്താവു് ‘ആര്യേ. ഒരുങ്ങിക്കഴിഞ്ഞാൽ ഇങ്ങോട്ടുവരൂ’ എന്നല്ല പറയുക. അതു സംസ്കാരഭദ്രമായ അപേക്ഷയാണല്ലോ. ഇപ്പോഴത്തെ ഭർത്താവു് പറയുന്നതെന്തെന്നു് അച്ചടിക്കാൻ വയ്യ. അതു ഞാൻ വായനക്കാരുടെ ഭാവനയ്ക്കു വിട്ടുകൊടുക്കുന്നു. ഇങ്ങനെ ഒരുങ്ങുന്ന ചെറുപ്പക്കാരി സ്വതേ സുന്ദരിയാണെങ്കിൽ ഒരുക്കത്തിനു ശേഷം കൂടുതൽ സുന്ദരിയാകും. പക്ഷേ, ദൗഭാഗ്യം കൊണ്ടു പല സ്ത്രീകൾക്കും സൗന്ദര്യമില്ല. ഭംഗിയില്ലാത്തവരും മുകളിലെഴുതിയ മട്ടിൽ ഒരുങ്ങും. അതുകഴിഞ്ഞു് ഭർത്താവിന്റെ അടുത്തെത്തുമ്പോൾ വൈരൂപ്യം ഇരട്ടിച്ചിരിക്കും. എന്റെ ഹതവിധി എന്നു മനസ്സിൽ പറഞ്ഞു് അയാൾ അവളെയും കൂട്ടി റോഡിലേക്കിറങ്ങും. ഭാര്യ സുന്ദരിയാണെങ്കിൽ കുറെ ദൂരമെങ്കിലും അവളെയും കൊണ്ടു് ഭർത്താവു് നടക്കും. നാലുപേർ അവളെ കാണട്ടെ എന്നാവും അയാളുടെ വിചാരം. പെണ്ണു് വൈരൂപ്യത്തിനു് ആസ്പദമാണെങ്കിൽ നടത്തമില്ല. റോഡിലിറങ്ങി റ്റാക്സി വരട്ടെയെന്ന മട്ടിൽ ‘നെടുനെടാ’ നിൽക്കും. ആദ്യം കിട്ടുന്ന റ്റാക്സിക്കാറിലോ ഓട്ടൊറിക്ഷയിലോ അവളെ തള്ളിക്കയറ്റി ഒറ്റപ്പോക്കാണു്.
നമ്മുടെ ചെറുകഥകൾ സുന്ദരികളെപ്പോലെയാണു്, വൈരൂപ്യമുള്ളവരെപ്പോലെയാണു്. ആഖ്യാനത്തിന്റെ ചുരീദാറും സ്വഭാവ ചിത്രീകരണത്തിന്റെ റ്റോപ്പും അന്തരീക്ഷ സൃഷ്ടിയുടെ സുന്ദരവദനവുമായി ‘വാടകവീടുകൾ’ എന്ന കഥാനടി സൂത്രധാരനായ ഉറൂബിന്റെ മുൻപിലെത്തുന്നു. ഇതൊക്കെ ഇന്ദുചൂഡന്റെ (കിഴക്കേടം) ‘പ്രകൃതിയുടെ ചിത്രങ്ങൾ’ എന്ന കഥാദുർദർശനയ്ക്കുമുണ്ടു്. ഒരുത്തനും ഒരുത്തിയും ഒരു വേലപ്പനും മുള്ളുവള്ളിയിൽ വരുന്നു. തിരിച്ചു പോകുന്നു. ഇതിനിടയിൽ എന്തൊക്കെയോ പറഞ്ഞു് ആഖ്യാനം നിർവഹിക്കുന്നു. ആ ഒരുത്തിയുടെ സങ്കടത്തെക്കുറിച്ചു് പറഞ്ഞു് സ്വഭാവ ചിത്രീകരണത്തിനു ശ്രമിക്കുന്നു. എല്ലാം അനുഭൂതിരഹിതം വാചികതലത്തിൽ നിൽക്കുന്നു ഓരോന്നും. കലയെയും ഭാഷയെയും എത്രത്തോളം അകറ്റാമോ അത്രത്തോളം അകറ്റുന്നു, ഇവിടെ. മാതൃഭൂമി എന്ന വാരികയുടെ നാടകവേദിയിലേക്കു വരാൻ കണ്ണാടിയുടെ മുൻപിൽനിന്നു് മുതുകും ചന്തിയും നോക്കുന്ന ബീഭത്സ സത്വത്തോടു് സൂത്രധാരനായ ഇന്ദുചൂഡനെ തട്ടിമാറ്റിക്കൊണ്ടു് ഞാൻ പറയുന്നു: ‘വൈരൂപ്യത്തിനു ഇരിപ്പിടമേ. അണിയറയിൽത്തന്നെ നിന്നുകൊള്ളൂ. ഒരുങ്ങിക്കഴിഞ്ഞെങ്കിൽ. ഇങ്ങോട്ടു് വരരുതേ’.
വള്ളത്തോളിനെ കവിതയെഴുതാൻ പഠിപ്പിക്കേണ്ടതുണ്ടോ? ഇതളുകൾ വിടർത്തി പരിമളം പ്രസരിപ്പിക്കാൻ താമരപ്പൂവിനെ അഭ്യസിപ്പിക്കേണ്ടതുണ്ടോ? മേഘശകലത്തിൽ മറഞ്ഞ ചന്ദ്രൻ നിർമ്മലാന്തരീക്ഷത്തിൽ മെല്ലെയെത്തുന്നതു് നമ്മൾ ആജ്ഞാപിക്കുന്നതുകൊണ്ടാണോ.
ഉത്കടവികാരങ്ങൾ കാലം കഴിയുന്തോറും കുറഞ്ഞു കുറഞ്ഞു വരും. കാമം, സ്നേഹം, കാരുണ്യം ഈ വികാരങ്ങൾ യൗവനാവസ്ഥയിൽ പ്രബലങ്ങളായിരിക്കുമെന്നു് ഞാൻ പറഞ്ഞിട്ടുവേണ്ട വായനക്കാർക്കു് മനസ്സിലാക്കാൻ. ഇവയിൽ കാരുണ്യവികാരം പാരുഷ്യമായി മാറാൻ ദിവസങ്ങൾ വേണ്ട. മണിക്കൂറുകൾ മാത്രം മതി. യാചകന്റെ പിച്ചച്ചട്ടിയിൽ നല്ല സംഖ്യ ആദ്യത്തെ ദിവസം ഇട്ടിട്ടു പോകുന്ന ആൾ അടുത്ത ദിവസം ഒന്നും കൊടുക്കാതെ പോകുമെന്നും അതിനടുത്ത ദിവസം അയാളെ പോലീസിൽ ഏല്പിക്കുമെന്നും ബ്രഹ്റ്റ് തന്റെ ‘ത്രീപെനി ഓപ്റ’ എന്ന നോവലിൽ പറഞ്ഞതു് ഞാൻ മുൻപു് എടുത്തെഴുതിയിരുന്നു. വികാരങ്ങളുടെ ഈ ക്രമാനുഗതമായ ലോപം സർവസാധാരണമാണെങ്കിലും എന്റെ ഗുരുനാഥനായ ഡോക്ടർ കെ. ഗോദവർമ്മയോടു് എനിക്കു് അമ്പത്തിയേഴു വർഷം മുൻപു് തോന്നിയ സ്നേഹാദരങ്ങൾക്കു് ഇന്നും കുറവില്ല. പ്രഗൽഭനായ അധ്യാപകൻ. കവി. ഇംഗ്ലീഷ്, സംസ്കൃതം, മലയാളം ഈ ഭാഷകളിൽ പാണ്ഡിത്യമുള്ളയാൾ. കാരുണ്യശാലി. ശിഷ്യസ്നേഹപരതന്ത്രൻ. ശുദ്ധമനസ്കൻ. ഇവയൊക്കെയായിരുന്നു എന്റെ ഗുരുനാഥൻ. ചികിത്സയുടെ പിഴവുകൊണ്ടാണു് അദ്ദേഹം അകാലചരമം പ്രാപിച്ചതു്. കാലാവസ്ഥ മാറുമ്പോൾ സാറിന്റെ തൊലിപ്പുറത്തു് ഒരുതരം ‘ഫങ്ഗസ്’ വരുമായിരുന്നു. ഏതാനും ആഴ്ചകൾ കഴിയുമ്പോൾ അതു് വന്നപോലെ പോകുകയും ചെയ്യുമായിരുന്നു. പക്ഷേ, അതു ചികിത്സിച്ചു മാറ്റണമെന്നു് അദ്ദേഹത്തിനു് ആഗ്രഹം. ഒരു വൈദ്യൻ ചികിത്സ തുടങ്ങി. ചികിത്സ കൊണ്ടു സാറിന്റെ ശരീരമാകെ നീരു വന്നു. അദ്ദേഹം മരിക്കുന്നതിനു മൂന്നുദിവസം മുൻപു് ഞാനും കെ. രാമചന്ദ്രൻ നായരും (ഡോക്ടർ. കെ. രാമചന്ദ്രൻ നായർ) അദ്ദേഹത്തെ കാണാൻ ചെന്നു. നീരു വന്നു ഭയജനകമായ രീതിയിൽ കിടന്ന അദ്ദേഹത്തോടു് ഉത്കണ്ഠ മറച്ചു് വിനയപൂർവം ഞാൻ ചോദിച്ചു: “സാർ ചികിത്സ മാറ്റണ്ടേ?” സാറ് പറഞ്ഞു: “വേണ്ട. ഉള്ളിൽക്കിടക്കുന്ന മാലിന്യമെല്ലാം പുറത്തേക്കു് പോരുകയാണു്. അതാണു് ഈ നീരു്”. ഞങ്ങൾ യാത്ര പറഞ്ഞു. സാറ്: “കാപ്പികുടിക്കാതെ പോകുകയാണോ?” അദ്ദേഹം—72മണിക്കൂർ കഴിഞ്ഞാൽ എല്ലാക്കാലത്തേക്കുമായി ഇവിടം വിട്ടുപോകുന്ന അദ്ദേഹം—വീട്ടുകാരെ വിളിച്ചു. “രണ്ടുപേർക്കും കാപ്പികൊണ്ടുകൊടുക്കൂ” എന്നു പറഞ്ഞു. കാപ്പികുടിച്ചിട്ടു് ഞങ്ങൾ പോയി. അതായിരുന്നു അവസാനത്തെ സന്ദർശനം. ഇതെഴുതുമ്പോഴും എനിക്കു സാറിന്റെ വിയോഗമോർത്തുള്ള ദുഃഖവും യാതനയും. എന്റെ ആ ഗുരുനാഥന്റെ മകൾ ശ്രീമതി. സുജാതയ്ക്കു കോമൺവെൽത്തു് പുരസ്കാരം കിട്ടിയെന്നു് ഞാനറിഞ്ഞപ്പോൾ എനിക്കു് അത്യധികം സന്തോഷമുണ്ടായി. ശ്രീമതിയെക്കുറിച്ച് ശ്രീ. ജോണി, എം. എൽ. മലയാളം വാരികയിലെഴുതിയ ലേഖനം എനിക്കു ആഹ്ലാദം ജനിപ്പിച്ചു. സമ്മാനത്തിനു അർഹമായ കഥ എനിക്കിതുവരെ വായിക്കാൻ കിട്ടിയില്ല. വൈകാതെ അതു കിട്ടുമെന്നു കരുതുന്നു. ഗോദവർമ്മ സാറില്ലാത്തതിനാൽ ദുഃഖം അദ്ദേഹത്തിന്റെ മകൾക്കു് പുരസ്കാരം ലഭിച്ചതിൽ ഹർഷം. ഈ സമ്മിശ്രവികാരങ്ങളോടുകൂടി ഞാൻ ഈ ചിന്ത അവസാനിപ്പിക്കട്ടെ.
ധിഷണയുടെ സ്ഫുലിംഗമുള്ള ഒരു വാക്യം ആരോ പറഞ്ഞപ്പോൾ അതുകേട്ട ഓസ്കാർ വൈൽഡ് പറഞ്ഞു: “ഇതു് എനിക്കു പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണു് എന്റെ ആഗ്രഹം” എന്നു്. അതു കേട്ടയുടനെ വാക്യം പറഞ്ഞയാൾ വൈൽഡിനോടു് പറഞ്ഞു: “നിങ്ങളിതു് പറയും. പറയും”. വൈൽഡിന്റെ ആശയചോരണത്തെ ലക്ഷ്യമാക്കിയായിരുന്നു അയാളുടെ പരിഹാസം. എങ്കിലും ഇതിലൊരു സാഹിത്യതത്ത്വം ഒളിഞ്ഞിരിക്കുന്നുണ്ടു്. അന്തരംഗസ്പർശിയായ ഒരു കഥ വായിച്ചാൽ ‘ഇതെനിക്കു് എഴുതാൻ കഴിഞ്ഞെങ്കിൽ’ എന്നു് സഹൃദയനു് തോന്നാതിരിക്കില്ല. ഈ തോന്നലുളവാക്കുന്നതിലാണു് കലാസൃഷ്ടിയുടെ മഹനീയതയിരിക്കുന്നതു്. ശ്രീ. പി. എം. നാരായണൻ ടോൾസ്റ്റോയിയുടെ ‘ഇവാൻ ഇലീച്ചിന്റെ മരണം’ എന്ന കഥയെക്കുറിച്ചു് മലയാളം വാരികയിലെഴുതിയിട്ടുണ്ടു്. ഇക്കഥയുടെ മഹത്വമെവിടെ എന്നു ചോദിച്ചാൽ ഞാൻ അതിന്റെ അന്തരീക്ഷത്തിലേക്കു് അനായാസമായി പ്രവേശിക്കുകയും ഇതു് എന്റെ കഥ തന്നെയെന്നു് അറിയുകയും ചെയ്യുന്നു എന്നാണു് ഉത്തരം. ഇതിനു കഴിയാത്ത കഥ ആ പേരിനു് അർഹമായിരിക്കാം.

പക്ഷേ, അതു മഹനീയമായ കഥയല്ല. ഇതു തന്നെയാണു് ദേശാഭിമാനി വാരികയിലെ ‘നായിക’ എന്ന കഥയെക്കുറിച്ചും പറയാനുള്ളതു് (സുനിൽ ഗംഗോപാദ്ധ്യായ എഴുതിയതു്. തർജ്ജമ ശ്രീ. നസീർ ഹുസ്സൈന്റെതു്). ഒരു പുരുഷന്റെയും സ്ത്രീയുടെയും ജീവിതത്തെ സംബന്ധിച്ചു് വേറൊരുത്തനു ജിജ്ഞാസയുണ്ടാവുന്നു. ആ ജിജ്ഞാസ തെറ്റായിപ്പോയിയെന്നു് അയാൾ മനസ്സിലാക്കുന്നു. പശ്ചാത്തപിക്കുന്നു. ഇതുപോലെയുള്ള ‘ശരാശരി’ക്കഥകൾ എത്രയെത്ര? പിന്നെയെന്തിനാണു് ബംഗാളിയിൽ നിന്നു് ഇതിനെ മലയാളത്തിലേക്കു് കൊണ്ടുവന്നതു? മരങ്ങളും ചെടികളും സ്വാഭാവികതയോടെ വളർന്നു നിൽക്കുന്നതാണു് കാണാൻ ഭംഗി. സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ മുൻപിൽ അവയെ കൊക്കായും തീവിഴുങ്ങിപ്പക്ഷിയായും താറാവായും മാറ്റി സംരക്ഷിക്കുമ്പോൾ എന്നെപ്പോലെയുള്ളവർക്കു് അസ്വസ്ഥതയേയുണ്ടാകൂ. സുനിൽ ഗംഗോപാദ്ധ്യായ അനുഭവങ്ങൾക്കു സ്വാഭാവികരൂപം നൽകാതെ ഉദ്യാനപാലകനെപ്പോലെ കത്രികയുമായി നടക്കുന്നു. അവയ്ക്കു മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങൾ വരുത്താൻ.

ഫ്രഞ്ച് ജന്തുശാസ്ത്രജ്ഞൻ ലാമാർക്കി ന്റെയും (Lamarck, 1744–1829) റഷ്യൻ ഉദ്യാനനിർമ്മിതി കലാകാരനായ മൈചുർയി ന്റെയും (Mirchurin, 1855–1935) സിദ്ധാന്തങ്ങളെ അവലംബിച്ചു് ജനിതകവിജ്ഞാനം രൂപവത്കരിച്ച സോവിയറ്റ് ശാസ്ത്രജ്ഞനാണു് ലിസങ്ക (Lysenko, 1898–1976). അദ്ദേഹം സ്യൂഡോ ശാസ്ത്രജ്ഞനായിരുന്നുവെന്നാണു് പലരും പറയുക. അദ്ദേഹത്തോടു ബന്ധപ്പെടുത്തി റഷ്യൻ ജനിതകശാസ്ത്രം വളരെക്കാലം സോവിയറ്റ് യൂണിയനിൽ സ്വാധീനത ചെലുത്തിയിരുന്നുപോലും. അതുപോലെ ഹിറ്റ്ലറുടെ കാലത്തു് ‘ജർമ്മൻ ഫിസിക്സ്’ എന്നൊരു ശാസ്ത്രപദ്ധതിയും ഉണ്ടായിരുന്നു. ഐൻസ്റ്റൈന്റെ സിദ്ധാന്തങ്ങൾ പച്ചക്കള്ളമെന്നായിരുന്നു ഈ ജർമ്മൻ ഫിസിസ്റ്റുകളുടെ വാദം. ഇവരിൽ നിന്നു് വിഭിന്നനായിരുന്നു 1932-ൽ ഫിസിക്സിനു നോബൽ സമ്മാനം നേടിയ ജർമ്മൻ ശാസ്ത്രജ്ഞൻ ഹൈസൻബെർക് (Heisenberg, 1901–1976). ഡാനിഷ് ഫിസിസ്റ്റ് നീൽ ബോറിന്റെ (Neil Bohr, 1885–1962) ശിഷ്യനായിരുന്നു അദ്ദേഹം. ഐൻസ്റ്റൈന്റെ സിദ്ധാന്തങ്ങളിൽ വിശ്വാസമർപ്പിച്ച ഹൈസൻബെർക് ഏതു സമയത്തും നാത്സികളാൽ വധിക്കപ്പെടുമായിരുന്നു. എങ്കിലും അദ്ദേഹം മറ്റു ശാസ്ത്രജ്ഞരെപ്പോലെ ജർമ്മനിയിൽ നിന്നു പാലായനം ചെയ്തില്ല. ഒരാന്തര പ്രവാസിയായിരുന്നു (inner exile) ഹൈസൻബെർക്. അദ്ദേഹത്തിന്റെ ആന്തരവും ബാഹ്യവുമായ സംഘട്ടനങ്ങളെ ചിത്രീകരിക്കുന്ന നല്ല പുസ്തകമാണു് Elizabeth Werner Heisenberg എന്നതു് (Translated by S. Cappellari and C. Morris, Birkhauser, Boston, pp. 170, Price Rs 295).
അമേരിക്കൻ സിഗരറ്റ് വലിക്കുന്നതുപോലും മരണത്തിലേക്കു് കൊണ്ടുചെല്ലുമായിരുന്നു ഹൈസൻബെർകിനെ. അദ്ദേഹത്തിന്റെ ഭാര്യ പറയുന്നതു കേൾക്കുക:

Heisenberg pulled a pack of American Cigarettes he had acquired by chance the previous day out of his pocket and offered them to the SS man with the words: ‘I’m sure you haven’t smoked a good cigarette in quite a while here, take there!’ The man did, indeed, take the cigarettes and let Heisenberg continue on his way. (The consequences, had he not been a smoker, would have been too terrible to imagine.)
സാത്ത്വികശോഭ ഈ ഗ്രന്ഥത്തിലാകെയുണ്ടു്. ഹൈസൻബെർകിന്റെ പല ചിത്രങ്ങളും ഇപ്പുസ്തകത്തിലുണ്ടു്. ആ മുഖം നോക്കൂ. എന്തൊരു സാത്ത്വികവിശുദ്ധി!
പണ്ടൊക്കെ പുരുഷന്മാർ താടിരോമം വളർത്തിയിരുന്നതു് ഭാര്യമാർ ഗർഭിണികളാകുമ്പോഴാണു്. അച്ഛൻ മരിച്ചാൽ ഒരു കൊല്ലത്തേക്കു് ഷേവു് ചെയ്യാതെ നടക്കുന്ന ഏർപ്പാടുമുണ്ടായിരുന്നു. ഇവ രണ്ടുമല്ലാതെ താടിരോമങ്ങൾ നെഞ്ചുവരെ നീട്ടിയിരുന്നു വേറെ ചിലർ. എന്റെ ഒരധ്യാപകൻ—കൊട്ടാരക്കര ഇംഗ്ലീഷ് ഹൈസ്ക്കൂളിലെ അധ്യാപകൻ—മുഖജരോമങ്ങൾക്കു് വിസ്തൃതിയും ആയാമവും വരുത്തിയതു് താടിയിലെ ‘ല്യൂക്കോഡേമിക് സ്പോട്സി’നു മറവുവരുത്താനായിരുന്നുവെന്നു് അദ്ദേഹത്തിന്റെ ശത്രുക്കളായ സഹപ്രവർത്തകർ വിദ്യാർത്ഥികളായ ഞങ്ങളോടു് പലപ്പോഴും പറഞ്ഞിരുന്നു. ല്യൂക്കോഡേമിക് സ്പോട്സല്ല സിഫിലിറ്റിക് സ്പോട്സാണെന്നു കടുത്ത ശത്രുക്കളും പറഞ്ഞു ഞങ്ങളോടു്.
ഇപ്പോൾ ഭാര്യ ഗർഭിണിയായാൽ പുരുഷൻ താടി വളർത്താറില്ല. അച്ഛൻ മരിച്ചാൽ മകൻ ക്ലീൻ ഷേവ് ചെയ്തു നടക്കും. ഉഷ്ണപ്പുണ്ണോ ത്വക്രോഗമോ വന്നാൽ അതു രോമദൈർഘ്യം കൊണ്ടു പ്രച്ഛന്നമാക്കാറില്ല ആരും. എങ്കിലും ചിലർ താടി വളർത്തുന്നു. അവർക്കു് അതു് ധൈഷണിക മുഖഭാവം നൽകും. ജന്മനാ ബുദ്ധിശാലികളായവർ താടിരോമങ്ങൾക്കു ദീർഘത വരുത്തുമ്പോൾ അതും മേന്മയായേ വരൂ. മറ്റു ചിലർ സ്വന്തം അപ്രഗത്ഭത മറയ്ക്കാനാണു് രോമായാമം ഉണ്ടാക്കുന്നതു്. ചലച്ചിത്ര സംവിധായകരും ചിത്രകാരന്മാരും താടിവളർത്തിക്കണ്ടാൽ അതു് അവരുടെ കഴിവുകേടിന്റെ ലക്ഷണമായി കരുതാവുന്നതാണു്.
ദീർഘത പലപ്പോഴും വൈദഗ്ദ്ധ്യമില്ലായ്മയുടെ അടയാളമായി വരും. ഒന്നര മണിക്കൂർ നേരം പ്രസംഗിച്ചു് ശ്രോതാക്കളെ തളർത്തുന്നവൻ, കാളമൂത്രം പോലെ ലേഖനമെഴുതുന്നവൻ ഇവരെല്ലം അവിദഗ്ദ്ധരാണു് എന്നതിൽ എനിക്കു സംശയമേയില്ല. രോമത്തിന്റെയും വാക്കുകളുടെയും ദീർഘത എവിടെക്കണ്ടാലും നമ്മൾ സംശയാലുക്കളാവണം. കുങ്കുമം വാരികയിൽ വേണുഗോപാൽ ശാലീനയുടെ ‘പ്രവാസം’ എന്ന നീളം കൂടിയ കഥ എഴുതിക്കണ്ടപ്പോൾ തന്നെ ഞാൻ വിചാരിച്ചു വായനക്കാരനെ കൊല്ലുന്ന രചനയാണു് അതെന്നു്. തലവേദന വരാതിരിക്കാൻ രണ്ടു് ആസ്പിരിൻ ഗുളിക വിഴുങ്ങിക്കൊണ്ടു ഞാനതു വായിച്ചു തീർത്തു. ദൈർഘ്യം കഴിവില്ലായ്മയുടെ സന്തതിയാണെന്നു ഗ്രഹിക്കുകയും ചെയ്തു. കഥയെന്താണെന്നും മറ്റും ഞാൻ എഴുതുന്നില്ല. ഇതു് ‘ശുദ്ധമായ’ അലവലാതി വർത്തമാനമാണു്. കുങ്കുമം വാരികയുടെ വില പിടിച്ച അഞ്ചു പുറങ്ങളോളം നിറഞ്ഞു കിടക്കുന്ന ഈ മുഖജരോമദീർഘത അറപ്പും വെറുപ്പും ജനിപ്പിക്കുന്നു.

സീദോനീ ഗേബ്രിയൽ കൊലത് (Sidonie Gabrielle Collette, 1873–1954) മഹായശസ്വിനിയായ ഫ്രഞ്ചെഴുത്തുകാരിയാണു്. അവരുടെ ആദ്യത്തെ ഭർത്താവിന്റെ ആദ്യത്തെ ജോലി അവരെ മുറിയിൽ പൂട്ടിയിടുക എന്നതായിരുന്നു. അവർ അവിടെയിരുന്നു നോവലെഴുതിക്കൊള്ളണം. അങ്ങനെ നാലു നോവലുകൾ അവരെക്കൊണ്ടു് എഴുതിച്ചു് അവ ‘വില്ലി’ എന്ന തൂലികാനാമത്തിൽ ഭർത്താവെന്ന നരാധമൻ പ്രസിദ്ധപ്പെടുത്തി, പണം വാരുകയും ചെയ്തു. വായനക്കാർ സംശയിക്കാതിരിക്കാനായി നോവലിന്റെ ആമുഖത്തിൽ അയാളെഴുതും—നോവൽ രചനയിൽ ചെറിയ സഹായം ഭാര്യ നൽകിയിട്ടുണ്ടെന്നു്. ബഹുജനം അതു വിശ്വസിച്ചു. ഭർത്താവെന്ന ഒഴിയാ ബാധയെ കൊല്ലാതെ ഒഴിവാക്കിയപ്പോൾ മാത്രമേ സത്യമെന്തെന്നു് ജനങ്ങൾ മനസ്സിലാക്കിയുള്ളൂ.
കേരളത്തിൽ ഭാര്യമാരെ മുറിക്കകത്തു് പൂട്ടിയിട്ടു് ഓഫീസിൽ പോകുന്ന മൃഗസദൃശ്യർ ഉണ്ടു്. പക്ഷേ, ആ സ്ത്രീകൾ നോവലെഴുതുന്നവരല്ല. എഴുതിയിരുന്നെങ്കിൽ അവന്മാർക്കു് പണവും സമ്പാദിക്കാമായിരുന്നു! പണ്ടു് മലയാളസാഹിത്യത്തിൽ പേരെടുത്ത രണ്ടു് എഴുത്തുകാരികൾക്കു് അക്ഷരം പോലുമറിയാൻ പാടില്ലായിരുന്നെന്നും യശസ്സാർജ്ജിച്ച ഒരു കോയിത്തമ്പുരാനാണു് അവർക്കു് എല്ലാം എഴുതിക്കൊടുത്തതെന്നും ചിലർ പറയുന്നു. സത്യം ആർക്കറിയാം?