ഏതെങ്കിലും യുവതിയോടു് പ്രായമെത്രയായി എന്നു ചോദിച്ചാൽ ഇരുപത്തിയഞ്ചു് എന്നു മറുപടി കിട്ടും. പത്തു വർഷത്തിനു ശേഷം അവളോടുതന്നെ വയസ്സു് എത്ര എന്നു ചോദിച്ചാൽ ഇരുപത്തിയഞ്ചു് എന്നു മറുപടിയുണ്ടാകും.
ഞാൻ പണ്ടു താമസിച്ച സ്ഥലത്തു് ഒരു ധനികന്റെ മനോഹരമായ രണ്ടുനിലക്കെട്ടിടം. കൊട്ടാരം പോലെയാണതു്. കുറഞ്ഞതു് അറുപതു മുറികളെങ്കിലും കാണും ആ ഭവനത്തിൽ. സന്ധ്യയാകുന്നതിനു മുൻപു് എല്ലാ മുറികളിലും വിദ്യുത്ച്ഛക്തി വിളക്കുകൾ ഒളി വിതറും. സ്ഫടികാഭമായ മുറ്റത്തു് ശക്തികൂടിയ ബൾബുകൾ പ്രകാശം പ്രസരിപ്പിച്ചിരിക്കും. ഗൃഹനാഥനു ചിരി. അയാളുടെ സഹധർമ്മിണി ചിരിക്കുന്നു. അവരുടെ മകൾ ചിരിക്കുന്നു. മകളുടെ കുഞ്ഞ് പല്ലില്ലാത്ത വായ് തുറന്നു ചിരിക്കുന്നു. അവരുടെ ആഹ്ലാദം കണ്ടു് പാതയിലൂടെ പോയ ഞാൻ സന്തോഷത്തോടെ ചിരിച്ചു തെല്ലുനേരം നിന്നു പോയി അവിടെത്തന്നെ. എന്താണു് ഈ ആഹ്ലാദത്തിനു ഹേതു? ആ ഭവനത്തെ തേജസ്സിൽ ആമജ്ജനം ചെയ്യിക്കുന്ന വിദ്യുത്ച്ഛക്തി പ്രകാശം തന്നെ. വീട്ടിലെ എല്ലാ വിളക്കുകളും കത്തിക്കാതെ ചെന്നു കയറുന്ന മുറിയിലെ ഒരു വിളക്കു മാത്രം കത്തിച്ചിരുന്നെങ്കിൽ ഗൃഹനായകൻ തൊട്ടു് ആ പിഞ്ചുകുഞ്ഞു വരെ ചിരിക്കുമായിരുന്നില്ല. പ്രകാശം ആഹ്ലാദദായകമാണു്. ഈ രണ്ടു നില കെട്ടിടത്തിനു് തൊട്ടപ്പുറത്തു് ഒരു ലെയ്നുണ്ടു്. അതിലൂടെ നടന്നാൽ ഒരു കുടിലു കാണാം. വലിയ കുടുംബം അവിടെ പ്രയാസപ്പെട്ടു താമസിക്കുന്നു; ജീവിക്കുന്നു. രാത്രിയായാൽ കൊടും തമസ്സിൽ ആ കുടിൽ മുങ്ങിയിരിക്കും. കാരണം അവർക്കു് വിദ്യുത്ച്ഛക്തി വിളക്കുകളില്ല എന്നതാണു്. മണ്ണെണ്ണ വിളക്കു് ഒരു മൂലയിലെവിടെയോ കത്തുന്നുണ്ടാവും അശക്തമായി. അസഹനീയമായ തണുത്ത കാറ്റേറ്റു് അതിന്റെ മെലിഞ്ഞ ദീപം വിറയ്ക്കുന്നുണ്ടാവും. അവിടെ താമസിക്കുന്ന ആളിനെ എനിക്കറിയാം. അയാൾ ചിരിക്കില്ല. അയാളുടെ സഹധർമ്മിണി ചിരിക്കില്ല. കുടുംബാങ്ങളിൽ ആരും തന്നെ ചിരിക്കില്ല. ഓരോ മുഖത്തിലും വിഷാദം ഘനീഭവിച്ചുകിടക്കുന്നു. അവരുടെ ആ ദു:ഖം കാണുമ്പോൾ എനിക്കും ദു:ഖം. എങ്ങനെ സങ്കടപ്പെടാതിരിക്കും? ഇരുട്ടിൽ വിഷാദത്തിനേ വഴിയുള്ളൂ. വെളിച്ചം ആഹ്ലാദജനകം. തമസ്സു് വിഷാദജനകം.

സാഹിത്യം പ്രകാശമാണു്. അതിനാൽ സാഹിത്യാസ്വാദനം നടത്തി അതു് വിദ്യാർത്ഥികൾക്കു് പകർന്നു കൊടുക്കുന്ന അധ്യാപകൻ ചിരിച്ച മുഖത്തോടെ മാത്രമേ പ്രത്യക്ഷനാകാറുള്ളൂ. എന്റെ ഗുരുനാഥനായിരുന്ന ഉമാമഹേശ്വരനെ (ഇംഗ്ലീഷ് ലക്ചറർ), സന്തോഷത്തോടെ പഠിപ്പിക്കുന്നതേ ഞാൻ കണ്ടിട്ടുള്ളൂ. സാറു് കവിയായിരുന്നു. റ്റെനിസൺ കവിത പഠിപ്പിക്കുമ്പോൾ അദ്ദേഹം ആഹ്ലാദാതിരേകത്താൽ വീഴാറുണ്ടായിരുന്നു. പ്രഫെസർ ജി. കുമാരപിള്ള കവിയായിരുന്നു. നല്ല അധ്യാപകനായിരുന്നു. പ്രസന്നവദനനായിട്ടേ അദ്ദേഹത്തെ ഞാൻ കണ്ടിട്ടുള്ളൂ. നേരെ മറിച്ചാണു് എന്നെ ബി. എസ്. സി ക്ലാസിൽ ഇംഗ്ലീഷ് വിക്റ്റോറിയൻ നോവലിസ്റ്റ് മെറഡിത്തിന്റെ George Meredith, 1828–1909) “The Ordeal of Richard Feverel” എന്ന കൃതി പഠിപ്പിച്ച ഒരു ഇംഗ്ലീഷ് പ്രഫെസറുടെ സ്ഥിതി. ഭാവാത്മകമാണു് ആ നോവലിലെ ശൈലി. രസശുഷ്കമായ രീതിയിൽ അദ്ദേഹം അതു് ക്ലാസിൽ വായിക്കും. സംഗ്രഹിച്ചു നോട്ടു് പറഞ്ഞുതരും. ഒരു ദിവസം ‘റിച്ചർഡ് ഫെവറലി’നെ സാറു് ക്ലാസിൽ കൊന്നുകൊണ്ടിരിക്കുമ്പോൾ എന്റെ വീട്ടിൽ നിന്നു് ഒരാൾ വന്നു് എന്നെ അറിയിച്ചു പൂജപ്പുര മഹിളാമന്ദിരത്തിൽ പഠിക്കുന്ന എന്റെ അനുജത്തിയുടെ കാൽ ക്ലാസിന്റെ ചുവർ ഇടിഞ്ഞു വീണു് ഒടിഞ്ഞു പോയിയെന്നു്.
സാഹിത്യം പ്രകാശമാണു്. അതിനാൽ സാഹിത്യാസ്വാദനം നടത്തി അതു് വിദ്യാർത്ഥികൾക്കു് പകർന്നു കൊടുക്കുന്ന അധ്യാപകൻ ചിരിച്ച മുഖത്തോടെ മാത്രമേ പ്രത്യക്ഷനാകാറുള്ളൂ.
അതറിഞ്ഞയുടനെ ഞാൻ അധ്യാപകന്റെ അടുത്തു ചെന്നു് പറഞ്ഞു: “സാർ സ്കൂളിന്റെ ചുവരിടിഞ്ഞു വീണു എന്റെ അനിയത്തിയുടെ കാലൊടിഞ്ഞുപോയി, എനിക്കുടനെ പോകേണ്ടിയിരിക്കുന്നു.” കഷായം കുടിച്ച രീതിയിലുള്ള മുഖവുമായി മെറഡിത്തിനെ കശക്കുന്ന അദ്ദേഹം പറഞ്ഞതിങ്ങനെ: “Don’t use such dirty tricks. I know you.” എന്തു ചെയ്യേണ്ടൂ എന്നറിയാതെ അവിടെ അനങ്ങാതെ നിന്ന എന്നെ നാലു വിരൽ ചേർത്തു് അദ്ദേഹം തർജ്ജനം ചെയ്തു. അനിയത്തിയുടെ കാലൊടിഞ്ഞതിന്റെ ദു:ഖം സഹിക്കാമായിരുന്നു. സത്യസന്ധതയോടെ ഞാൻ പറഞ്ഞ വാക്കുകൾ കള്ളമാണെന്നു് പ്രഖ്യാപിച്ച അധ്യാപകനെ അന്നു തൊട്ടു് ഞാൻ വെറുത്തു. കാലം കഴിഞ്ഞു. ഞാൻ കോളേജ് ലക്ചററായി. ഒരു ദിവസം ഉച്ചയ്ക്കു് ഞാനും സഹപ്രവർത്തകൻ ഇംഗ്ലീഷ് ലക്ചറർ എസ്. വൈദ്യനാഥയ്യരും യൂണിവേഴ്സിറ്റി കോളേജിന്റെ കിഴക്കു വശത്തു നിന്നു സംസാരിച്ചുകൊണ്ടിരുന്നപ്പോളെന്റെ പഴയ ഗുരു അവിടെയെത്തി “വൈദ്യനാഥയ്യർ, ഫിഡെലിറ്റിയാണോ ശരി? അതോ ഫൈഡലിറ്റിയോ?” എന്നു ചോദിച്ചു. വൈദ്യനാഥയ്യർക്കു് ശരിയുത്തരം അറിയാം. എങ്കിലും തന്നെയും പഠിപ്പിച്ച ആ ഇംഗ്ലീഷ് പ്രഫെസറൊടു ശരിയേതെന്നു പറയാനുള്ള മടികൊണ്ടു് ഒരു നിമിഷം മിണ്ടാതെ നിന്നു അദ്ദേഹം. ഉടനെ പ്രഫെസർ ‘നിങ്ങൾക്കറിയാമോ?’ എന്നു് എന്നോടു ചോദിച്ചു. ഞാൻ മറുപടി നൽകിയില്ല. നൽകാനുദ്ദേശവുമില്ലായിരുന്നു. എന്റെ മൗനം അജ്ഞത കൊണ്ടാണെന്നു ധരിച്ച അദ്ദേഹം “അല്ലെങ്കിലും മലയാളം വാദ്ധ്യാർക്കു ഇംഗ്ലീഷ് വാക്കിന്റെ ഉച്ചാരണം അറിയാമോ?” എന്നു് ‘സൊളിലക്വി’യുടെ മട്ടിൽ പറഞ്ഞു. അങ്ങ് പോകുകയും ചെയ്തു. പാവം! ഇന്നില്ല അദ്ദേഹം. ‘മരിക്കാൻ പോകുന്നവന്റെ ചുണ്ടുകളിൽ സത്യമിരിക്കുന്നു’ എന്നാരോ പ്രസ്താവിച്ചു. ആരോഗ്യത്തോടെ ഇരിക്കുന്നവന്റെ ചുണ്ടുകളിലും സത്യം കാണും. അതു് പ്രകാശിപ്പിക്കുമ്പോൾ ‘അസത്യം’ എന്നു പറയുന്നവനെ നമ്മൾ വെറുക്കും. മനുഷ്യാധമനെന്നു് വിളിക്കും.
ചലച്ചിത്രതാരങ്ങളുടെ വിനയവും അഭിനയമാണു്. അഭിനയിച്ചു് അഭിനയിച്ചു് അവർ എല്ലാ മണ്ഡലങ്ങളിലും അഭിനയിക്കുന്നു.
ഈ സന്ദർഭത്തിൽ മോപസാങ്ങി ന്റെ ഒരു ചെറുകഥ എന്റെ ഓർമ്മയിലെത്തുന്നു. ആ ഫ്രെഞ്ചെഴുത്തുകാരന്റെ കഥയുടെ സമാഹാരം കൈയിലുള്ളതു് എടുത്തു് വായിച്ചിട്ടു് ഞാൻ ആ ചെറുകഥയുടെ സംഗ്രഹം നൽകാം. “ഒരു കഷണം നൂലു്, A piece of string” എന്നാണു് ആ കഥയുടെ പേരു്. അയാൾ നടന്നു വരുമ്പോൾ തറയിൽ ഒരു കഷണം നൂൽ കിടക്കുന്നതു കണ്ടു. പ്രയോജനമുള്ളതൊന്നും കളയാൻ പാടില്ല എന്ന വിശ്വാസക്കാരനായ അയാൾ അതു കുനിഞ്ഞെടുത്തു് വിരലിൽ ചുറ്റി. അയാളുടെ ശത്രു അതു കണ്ടു. അശ്വപരിച്ഛദമുണ്ടാക്കുന്ന ആളാണു് ശത്രു. അവർ കടിഞ്ഞാൺ ഉണ്ടാക്കുന്നതിനെക്കുറിച്ചു് ശണ്ഠ കൂടിയവരാണു്. കുനിഞ്ഞ് നൂൽക്കഷണമെടുക്കുന്നതു ശത്രു കണ്ടു എന്നറിഞ്ഞയുടനെ അതു് ഉടുപ്പിനകത്താക്കി അയാൾ.

നിലത്തു് വേറെയെന്തോ അന്വേഷിക്കുന്നതുപോലെ അയാൾ അല്പനേരം നോക്കിനിന്നിട്ടു് നടന്നകന്നു. ആ പ്രദേശത്തെ വേറൊരു പൗരന്റെ അഞ്ഞൂറു ഫ്രാങ്സു് അടങ്ങിയ പോക്കറ്റ് ബുക്ക് കളഞ്ഞുപോയതുകൊണ്ടു് സർക്കാർ കാര്യങ്ങൾ തെരുവിലൂടെ വിളിച്ചു പറയുന്നവർ നാട്ടുകാരെ അറിയിച്ചു; ഒരാൾക്കു് അഞ്ഞൂറു് ഫ്രാങ്സ് അടങ്ങിയ പോക്കറ്റ് ബുക്ക് നഷ്ടപ്പെട്ടുപോയിയെന്നു്. അതു് കണ്ടുകിട്ടുന്നവൻ ഉടനെ മേയറുടെ ഓഫീസിൽ അതേല്പിക്കണമെന്നും. കുറച്ചുകഴിഞ്ഞപ്പോൾ നൂലെടുത്തവനെ മേയർ ഓഫീസിലേക്കു വിളിപ്പിച്ചു. കുതിരയുടെ കടിഞ്ഞാണും മറ്റുമുണ്ടാക്കുന്നവൻ നൂലെടുത്തവനെക്കുറിച്ചു് മേയറോടു് പറഞ്ഞു എന്നതു വ്യക്തം. താനെടുത്തതു് ഒരു നൂൽക്കഷണമാണെന്നു പറഞ്ഞ് അയാൾ അതു മേയറെ കാണിച്ചു. മേയർക്കു് അതു വിശ്വാസം ജനിപ്പിച്ചില്ല. പോക്കറ്റ് ബുക്ക് വഴിയിൽ നിന്നു് കിട്ടിയവൻ അതു് മേയറെ ഏല്പിച്ചെങ്കിലും അതു് നൂലെടുത്തവന്റെ വിദ്യയായി വ്യാഖ്യാനിച്ചു ആളുകൾ. തന്റെ നിരപരാധസ്വഭാവത്തെക്കുറിച്ചു് അയാൾ വീണ്ടും വീണ്ടും പറഞ്ഞെങ്കിലും ആരും അതു് വിശ്വസിച്ചില്ല. “ഒരുത്തൻ ഒരു വസ്തു കണ്ടെടുക്കുന്നു. വേരൊരുത്തൻ അതു തിരിച്ചു കൊടുക്കുന്നു. ഇതു പഴയ വിദ്യ” എന്നാണു് പലരും അഭിപ്രായപ്പെട്ടതു്. നൂലു് റോഡിൽ നിന്നെടുത്തയാൾ രോഗവിവശനായി വീണു. മരണത്തോടു് മല്ലടിച്ചുകൊണ്ടു് അയാൾ അബോധാവസ്ഥയിൽ മറഞ്ഞു. “മേയർ, നോക്കൂ അതിവിടെയുണ്ടു്. ഒരു കഷണം നൂലു്. ഒരു കഷണം നൂലു്.” സത്യസന്ധന്മാരെ തസ്കരന്മാരായി തെറ്റിദ്ധരിക്കുന്ന സമുദായത്തിനു് ശക്തികലർന്ന അടികൊടുക്കുകയാണു് മോപസാങ്. നൂൽക്കഷണം താഴെ നിന്നെടുത്തവനെ കുറ്റക്കാരനാക്കുന്നു സമുദായം. അനിയത്തിയുടെ കാലൊടിഞ്ഞുവെന്നു സത്യസന്ധമായി പറഞ്ഞ എന്നെ കള്ളനാക്കി എന്റെ പ്രഫെസർ. ഇങ്ങനെ നിരപരാധരെ തെറ്റിദ്ധരിക്കുന്നവരിൽ നിന്നു് ആർക്കും രക്ഷപ്പെടാൻ കഴിയുകയില്ല. ലോകത്തിന്റെ രീതി ഇതത്രേ. “Don’t use such dirty tricks” എന്നു സമുദായം പറഞ്ഞുകൊണ്ടിരിക്കും.
ചോദ്യം: നിങ്ങൾക്കു ദേഷ്യം വളരെ കൂടുതലാണെന്നു് ഇവിടെ ആരോ പറഞ്ഞു. ശരിയാണോ?
ഉത്തരം: ജീവിതാസ്തമയമായതുകൊണ്ടു് ഇപ്പോൾ ദേഷ്യമില്ല. ആരെന്തു പറഞ്ഞാലും അതു കേൾക്കുന്ന സന്ദർഭത്തിൽ ഒരു പിരിമുറുക്കമുണ്ടാകും. അടുത്ത ക്ഷണത്തിൽ ഞാനതു മറക്കും. ചെറുപ്പത്തിൽ വിഭിന്നമായിരുന്നു രീതി. ഒരു തന്ത പറഞ്ഞുപോലും “ഞാനങ്ങനെ എന്റെ മകളും മരുമകനും താമസിക്കുന്ന വീട്ടിൽ പോകാറില്ല. മാസത്തിൽ രണ്ടു തവണ മാത്രം പോകും. ഒരു തവണ പോയാൽ പതിനഞ്ചു ദിവസം അവിടെ താമസിക്കും. രണ്ടാമത്തെ തവണയും പതിനഞ്ചു ദിവസം താമസിക്കും.” അതുപോലെയായിരുന്നു എന്റെ സ്ഥിതി. രണ്ടു വർഷം കൂടുമ്പോൾ രണ്ടു തവണ കോപിക്കും ഞാൻ. ഒരു തവണത്തെ ദേഷ്യം 365 ദിവസമുണ്ടായിരിക്കും. അടുത്ത തവണത്തെ കോപവും 365 ദിവസം നിലനിൽക്കും.
ചോദ്യം: യൗവ്വനം നിലനിറുത്താൻ എന്തുചെയ്യണം സാറേ?
ഉത്തരം: സ്ത്രീകളുടെ വിദ്യ നന്നു്. ഏതെങ്കിലും യുവതിയോടു് പ്രായമെത്രയായി എന്നു ചോദിച്ചാൽ ഇരുപത്തിയഞ്ചു് എന്നു മറുപടി കിട്ടും. പത്തു വർഷത്തിനു ശേഷം അവളോടുതന്നെ വയസ്സു് എത്ര എന്നു ചോദിച്ചാൽ ഇരുപത്തിയഞ്ചു് എന്നു മറുപടിയുണ്ടാകും. സ്ത്രീകൾ ഇങ്ങനെയാണു് യൗവനം നിലനിറുത്തുന്നതു്. കൈയക്ഷരം കണ്ടിട്ടു് നിങ്ങൾ സ്ത്രീയാണെന്നു തോന്നുന്നു. എന്റെ ഈ ഉപദേശം സ്വീകരിച്ചു നോക്കൂ. സ്വീകരിച്ചാലും ഇല്ലെങ്കിലും യൗവനമെന്നേ എഴുതാവൂ. യൗവ്വനം തെറ്റു്.
ചോദ്യം: എല്ലാ ചലച്ചിത്രതാരങ്ങളും വിനയത്തോടെ പെരുമാറുന്നു. സംസാരിക്കുന്നു. നിങ്ങളെന്തു് ഇങ്ങനെ അഹങ്കാരം കാണിക്കുന്നതു?
ഉത്തരം: ചലച്ചിത്രതാരങ്ങളുടെ വിനയവും അഭിനയമാണു്. അഭിനയിച്ചു് അഭിനയിച്ചു് അവർ എല്ലാ മണ്ഡലങ്ങളിലും അഭിനയിക്കുന്നു. അവരുടേതു് കപടമായ വിനയമാണു്. എനിക്കു് അഹങ്കാരമില്ല. സത്യം പറയുന്നവരെ അഹങ്കാരികളായി തെറ്റിദ്ധരിക്കും ആളുകൾ.
ചോദ്യം: മാന്യനാരു്?
ഉത്തരം: വീട്ടിലാരുമില്ലെങ്കിലും കുളിമുറിയിൽ കയറുമ്പോൾ വാതിലടച്ചു കുറ്റിയിടുന്നവർ മാന്യൻ. അയാളുടെ മനസ്സിൽ മാന്യതയുണ്ടു്. അതുകൊണ്ടാണു് വാതിൽ തുറക്കാൻ വയ്യാത്തവിധം അടയ്ക്കുന്നതു്.
ചോദ്യം: ദിവസവും പ്രസംഗിച്ചാൽ?
ഉത്തരം: വിദൂഷകനായി കാണും ബഹുജനം.
ചോദ്യം: ഗായിക സുന്ദരിയായിരിക്കണോ?
ഉത്തരം: ശരീരം കാണിക്കുന്നില്ലെങ്കിൽ സുന്ദരിയായിരിക്കണമെന്നില്ല. ടെലിവിഷനിലൂടെ, റേഡിയോയിലൂടെ അവരുടെ മനോഹരമായ ഗാനം ഒഴുകുമ്പോൾ ആളുകൾ ഹർഷത്തിൽ വീഴും. ലതാ മങ്കേഷ്കർ ആളുകളുടെ മുൻപിൽ വന്നു പാടാതിരുന്നെങ്കിൽ ശ്രീമതി കൂടുതൽ ആദരം നേടിയേനേ.
ചോദ്യം: മലയാളത്തിലെ നവീന നിരുപകർ?
ഉത്തരം: ഇന്റലക്ച്ച ്വൽ ക്രൈമിൽ ഒരു മടിയും കൂടാതെ വ്യാപരിക്കുന്നവർ.

ജപ്പാനിന്റെ ഹൈക്കു കവി മാത്സുഒ ബാഷോ (Matsu Basho, 1644–1694) ഹൈക്കു എന്ന കാവ്യരൂപത്തെ സെൻ ബുദ്ധമതത്തിന്റെ ആധ്യാത്മികതയുമായി കൂട്ടിയിണക്കി. ഒരിക്കൽ ഒരു വസന്തകാലത്തു് അദ്ദേഹം ഒരു സ്ഥലത്തെ പൂക്കൾ കാണാൻ തീരുമാനിച്ചു. യാത്ര ചെയ്യുന്ന വേളയിൽ, അച്ഛനമ്മമാരെ പരിരക്ഷിക്കുന്ന ഒരു പാവം പെൺകുട്ടിയെക്കുറിച്ചു് അദ്ദേഹമറിഞ്ഞു. ബാഷോ അവളെ അന്വേഷിച്ചു പോയി. കണ്ടു. യാത്രച്ചെലവിനു കൊണ്ടുവന്ന പണമെല്ലാം അദ്ദേഹം അവൾക്കു കൊടുത്തു. പൂക്കളെ കാണാതെ തിരിച്ചു വീട്ടിലേക്കു പോരുകയും ചെയ്തു. ബാഷോ പറഞ്ഞു. “ഈ വർഷം ഞാൻ പൂക്കളെക്കാൾ നന്മയുള്ള ഒരു കാര്യം കണ്ടു.” ജി. ശങ്കരപ്പുറുപ്പിന്റെ ഓരോ കാവ്യവും ഓരോ പൂവാണു്. അവയെല്ലാം നേരിട്ടു കാണാതെ എസ്. ഗുപ്തൻ നായർ കവിയെസ്സംബന്ധിച്ച ഓർമ്മകളിൽ വ്യാപരിക്കുന്നു. ഗുപ്തൻ നായരുടെ ഹൃദ്യമായ ശൈലിയിലൂടെ ആ സ്മരണകൾ പുനരാവിഷ്കരിക്കപ്പെടുമ്പോൾ അവ പൂക്കളായി മാറുന്നു. കവിത വായിച്ചാലുണ്ടാകുന്ന സുഖം ഇതു വായനക്കാർക്കു നൽകുന്നു (ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ). കാവ്യപുഷ്പങ്ങളെ ഗുപ്തൻ നായർസ്സാറ് കണ്ടില്ലെന്നു ഞാൻ എഴുതിയതു് തെറ്റു്. സ്മരണകളെ ആലേഖനം ചെയ്യുമ്പോൾ ലേഖകൻ ‘കുറുപ്പു് മാഷ്ടെ’ കവിതയ്ക്കുള്ള സൗന്ദര്യാതിശയത്തെക്കൂടി പരോക്ഷമായി കാണിച്ചു തരുന്നുണ്ടു്. അങ്ങനെ എല്ലാവിധത്തിലും നന്മയാർന്ന പ്രബന്ധമാണിതു്. The greatest novel written in our time, and one of the great books of the century എന്നു് അമേരിക്കനെഴുത്തുകാരി സുസൻ സാന്റാഗ് വാഴ്ത്തിയ നോവലാണു് ഹംഗറിയിലെ പേറ്റർനാദസിന്റെ ‘A Book of Memories’ എന്നതു്. അതിലൊരിടത്തു് ‘Propriety and good taste demand that we pause now in recollections’ എന്നു പറഞ്ഞിട്ടുണ്ടു്. ഉചിതജ്ഞതയോടെ, ആദരണീയമായ അഭിരുചിയോടെ ഗുപ്തൻനായർ സ്മരണകൾ ആവിഷ്കരിച്ചതു കണ്ടപ്പോൾ ജി. ശങ്കരക്കുറുപ്പിനെ divine poet ആയി കരുതുന്ന എനിക്കു് അനല്പമായ ആഹ്ലാദമുണ്ടായി.
തിരുവനന്തപുരത്തെ ആൾ ഇൻഡ്യ റേഡിയോയിൽ ജിക്കു ജോലിയുണ്ടായിരുന്ന കാലത്തു് അദ്ദേഹം താമസിച്ചതു് ആർട്സ് കോളേജിനു് വടക്കു വശത്തുള്ള ഒരു രണ്ടുനില കെട്ടിടത്തിലായിരുന്നു. രണ്ടാമത്തെ നിലയിൽ ഇരുന്നു് അദ്ദേഹവുമായി സംസാരിക്കുകയായിരുന്നു ഞാൻ. അക്കാലത്തു് മുറുക്കുന്ന ശീലം (താംബൂലചർവണം) എനിക്കുണ്ടായിരുന്നു. ഞാൻ കവിയോടു് ചോദിച്ചു: “മാഷേ ഈ ജന്നലിലൂടെ തുപ്പാമല്ലോ?” അദ്ദേഹം മറുപടി നൽകി: “ആകാം. കോളേജിന്റെ മുറ്റത്തു് ആർക്കു വേണമെങ്കിലും തുപ്പാമല്ലോ” മാതൃഭൂമിയുടെ എഡിറ്റർ ഉചിതജ്ഞതയോടെ പ്രസാധനം ചെയ്ത ജി ശതാബ്ദിപ്പതിപ്പിൽ ഉണ്ണികൃഷ്ണൻ (ഉണ്ണികൃഷ്ണൻ എന്നു വാരികയിൽ) കിടങ്ങൂർ എഴുതിയ ‘നദീമുഖത്തെ കുഞ്ഞുങ്ങൾ’ എന്നൊരു ചെറുകഥ ചേർത്തിട്ടുണ്ടു്. കോളേജിന്റെ മുറ്റത്തല്ല, സാഹിത്യത്തിന്റെ തിരുമുറ്റത്തു് ആർക്കും കാർക്കിച്ചു തുപ്പാമെന്നു് അതു സ്പഷ്ടമാക്കിത്തരുന്നു. ഞാൻ കഥയുടെ സംഗ്രഹമോ ക്രിട്ടിക്കൽ കമന്റ്സോ നൽകുന്നില്ല. ഇതുപോലെയുള്ള നിഷ്ഠീവനങ്ങൾ സാഹിത്യാംഗനയെ നാറ്റിക്കാനേ പ്രയോജനപ്പെടൂ എന്നു മാത്രം പറയുന്നു.
ഞാൻ കലാകൗമുദി വാരികയിൽ ആഴ്ചതോറും എഴുതിക്കൊണ്ടിരുന്ന കാലം. ഒരു ദിവസം തപാൽ വന്നപ്പോൾ ഗൾഫ് രാജ്യത്തു നിന്നു് ഒരു വായനക്കാരൻ കലാകൗമുദിയുടെ ചില പുറങ്ങൾ അയച്ചതായി കണ്ടു. ഓരോ ഷീറ്റിലെയും സ്ത്രീകളുടെ ഭുജങ്ങളിൽ കറുത്ത മഷി തേച്ചിരിക്കുന്നു. സ്ത്രീയുടെ തോൾതൊട്ടു കൈമുട്ടു വരെയുള്ള ഭാഗം നഗ്നമാണെങ്കിൽ ആ ഗൾഫ് രാജ്യത്തെ സെൻസർ കറുത്ത മഷി പുരട്ടും. എനിക്കു് ഈ സെൻസറിങിൽ അദ്ഭുതം തോന്നി. രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് ഞാൻ ആ രാജ്യത്തു് പോയപ്പോൾ ഈ പ്രവൃത്തി ചെയ്യുന്ന ഉദ്യോഗസ്ഥനെ കണ്ടു. അവിടത്തെ മുസ്ലിമല്ല, മലയാളി തന്നെയാണു് ഇതു ചെയ്തിരുന്നതു്. “നിങ്ങളെന്തിനു് വിവേകമില്ലാതെ ഇങ്ങനെ കറുത്ത മഷി തേക്കുന്നതു്” എന്നു ഞാൻ ചോദിച്ചു അയാളോടു്. മറുപടി ഇങ്ങനെ: “എന്റെ വയറ്റിപ്പാടാണു്. നഗ്നമായ അവയവം മഷിതേച്ചു് മറയ്ക്കണമെന്നേ നിയമം അനുശാസിക്കുന്നുള്ളൂ. ശമ്പളത്തിനു കുഴപ്പം വരാതിരിക്കാനായി ഞാൻ നഗ്നമായ ഭുജത്തിലും കറുപ്പു തേക്കുന്നു. അത്രയേയുള്ളൂ.” പിന്നീടു് ഞാൻ ഒന്നും പറഞ്ഞില്ല.

രാഷ്ട്രാന്തരീയ പ്രശസ്തിയുള്ള Desmond Morris എന്ന ജന്തുശാസ്ത്രജ്ഞൻ ഈ സെൻസറിങിന്റെ ബീഭത്സത അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ “The Naked Eye” യിൽ നമുക്കു് കാണിച്ചു തരുന്നുണ്ടു്. മദ്ധ്യധരണ്യാഴിയിലെ ദ്വീപായ മാൽറ്റയിൽ ഏറെക്കാലം താമസിച്ചു മോറിസ്. അവിടെയുള്ള സെൻസറെക്കുറിച്ചു് പറയുകയാണു് അദ്ദേഹം. മുലക്കണ്ണു് മാറ്റുന്നതിൽ സ്പെഷലൈസ് ചെയ്ത സെൻസറായിരുന്നു അയാൾ. കാലത്തു് കിടക്കയിൽ നിന്നെഴുന്നേറ്റു് അയാൾ ഓഫീസിലെത്തി മാസികക്കൂമ്പാരത്തിന്റെ മുൻപിലിരിക്കും. ഓരോ മാസികയുടെ പെയ്ജും അയാൾ പ്രയാസപ്പെട്ടു മറിച്ചു നോക്കും. സ്ത്രീയുടെ നഗ്നമായ മുലക്കണ്ണുകണ്ടോ, ആ അസഭ്യമായ ഉപാംഗത്തിൽ മഷി പുരട്ടിയതു തന്നെ. അശ്ലീലതയാർന്ന ഈ മുലക്കണ്ണുകളെ ജനതയുടെ കണ്ണുകളിൽ നിന്നു് ആ സെൻസർ അങ്ങനെ മറച്ചു പോന്നു. അല്ലെങ്കിൽ ജനങ്ങൾക്കു് ഷോക്ക് ഉണ്ടാകുമല്ലോ. 1968 മുതൽ 1974 വരെയുള്ള കാലയളവിലാണു് മോറിസ് മാൽറ്റയിൽ താമസിച്ചതു്. ഇന്നു് മാൽറ്റയിൽ ഈ രീതിയിൽ സെൻസറിങ് ഉണ്ടോ എന്നു് എനിക്കറിഞ്ഞുകൂടാ. പക്ഷേ, ഒരു കാര്യം തീർച്ച. ഇന്നു സ്ത്രീയുടെ സമ്പൂർണ്ണ നഗ്നത പോലും ആരും ശ്രദ്ധിക്കുന്നില്ല. കാലം അത്രകണ്ടു് മാറിപ്പോയിരിക്കുന്നു. സെക്സിനു് ഇന്നു ഡീമിസ്റ്റിഫിക്കേഷൻ (അദ്ഭുതാംശത്തെ ദൂരീകരിക്കൽ) വന്നിരിക്കുന്നു. അതു് നല്ലതാണു താനും. (The Naked Eye, Desmond Morris, Page 13, Total pages 342, Published in Great Britain in 2000 AD.)
എന്റെ ഇടതുകണ്ണിലെ തിമിരം മാറ്റിയതു് അതിവിദഗ്ദ്ധനായ ഡോക്ടർ ദിനേശ് കെ നായരാണു്. (ഇപ്പോൾ അദ്ദേഹം അലൈൻ സർക്കാർ കണ്ണാശുപത്രിയിൽ ജോലിനോക്കുന്നു.) ശസ്ത്രക്രിയ തുടങ്ങിയ സമയം തൊട്ടു് അദ്ദേഹം അതിനോടു് ബന്ധപ്പെട്ട കാര്യങ്ങൾ എന്നോടു് പറയുന്നുണ്ടായിരുന്നു. “This is a surgical operation for the removal of your cataract covered lens” എന്നു് ശസ്ത്രക്രിയ തുടങ്ങുന്നതിനു മുൻപു് ഡോക്ടർ പറയുന്നു. എന്നെ മേശമേൽ കിടത്തിയിട്ടു് അദ്ദേഹം: This is a painless injection. Now goes the cataract lens. അല്പം കഴിഞ്ഞു ഡോക്ടർ The cataract extraction has been done. കുറച്ചു മിനിറ്റുകൾക്കു ശേഷം അദ്ദേഹം: An intraocular lens is placed permanently in your eye. അല്പം കഴിഞ്ഞ്: The surgery is over and I am covering your eye with a dressing. വർഷങ്ങൾ ഏറെയായി ഈ ശസ്ത്രക്രിയ S. U. T. ആശുപത്രിയിൽ വച്ചു നടന്നിട്ടു്. ഇന്നും എനിക്കു് clear vision. ശസ്ത്രക്രിയ നടക്കുന്ന സന്ദർഭത്തിൽ ഡോക്ടർ എന്നോടു് എന്തിനങ്ങനെയെല്ലാം പറഞ്ഞുവെന്നു് എനിക്കറിഞ്ഞുകൂടാ. ഇന്നു് മോറിസിന്റെ പുസ്തകം വായിച്ചപ്പോൾ എനിക്കതിനു ‘സമാധാനം’ കിട്ടിയിരിക്കുന്നു. കനേഡിയൻ സൊഷ്യോലജിസ്റ്റ് എർവിങ് ഗോഫ്മാൻ ഓപറേറ്റിങ് തീയറ്ററുകളിലെ ഡോക്ടർമാരെക്കുറിച്ചു് പറഞ്ഞിട്ടുണ്ടു്. അവർ ശസ്ത്രക്രിയ നടത്തുമ്പോൾ നേരമ്പോക്കുകൾ പറയും. ലഘുവായ പരിഹാസത്തിൽ മുഴുകും. ഇതു ബോധശൂന്യനായി കിടക്കുന്ന രോഗിയോടു അനാദരം കാണിക്കലല്ല. ജീവന്മരണാവസ്ഥയിൽ പിരിമുറുക്കം ഇല്ലാതാക്കാനുള്ള വിദ്യയാണു്. അവർ നടത്തുന്ന കൃത്യത്തിന്റെ അസാധാരണത്വത്തെ സ്വീകരണീയമായ തലത്തിൽ കൊണ്ടുവരികയാണതു് (Page 61). ദിനേശ് കെ നായർ ഇതിനോടു് യോജിക്കുമോ എന്തോ?

വന്മരങ്ങളെ താഴെ വീഴ്ത്താൻ പ്രയാസമുണ്ടു്. ആദ്യം കൊമ്പുകൾ മുറിച്ചു താഴെയിടാം. എന്നിട്ടു് ഒറ്റത്തടിയായി നിൽക്കുന്ന മരത്തിന്റെ ചുവട്ടിൽ കോടാലികൊണ്ടു് ആഞ്ഞാഞ്ഞുവെട്ടാം. വെട്ടുതുടങ്ങുന്നതിനുമുൻപു് മരത്തിന്റെ അഗ്രത്തിൽ കയറി വടം കൊണ്ടുകെട്ടാം. വളരെ നേരത്തെ കോടാലിപ്രയോഗത്തിനുശേഷം ചുവടു് നേർത്തുവരുമ്പോൾ വടത്തിന്റെ ഒരറ്റം പിടിച്ചുവലിച്ചുനോക്കാം കൂലിക്കാർക്ക്. അപ്പോൾ വൃക്ഷം അവർക്കു് അനുകൂലമായ വശത്തേക്കുവരാതെ പ്രതിഷേധം കാണിച്ചു് മറുവശത്തേക്കു ചാഞ്ഞുനിൽക്കും. വൃക്ഷത്തോടു് ആദരവുള്ളവർ അപ്പോൾ നിറുത്തേണ്ടതാണു് അവരുടെ പ്രക്രിയ. എങ്കിലും ‘വാശിയും വൈരാഗ്യവും’ കാണിച്ചു് അവർ വലിക്കും. നേർത്ത ചുവടു് ഒടിഞ്ഞു മഹാശബ്ദത്തോടെ അതു വീഴുകയും ചെയ്യും. മഹാവൃക്ഷത്തെ ഇങ്ങനെ വീഴ്ത്തുന്നതു കണ്ടിട്ടുണ്ടു് എൻ. ഗോപാലപിള്ളയും ജോസഫ് മുണ്ടശ്ശേരിയും. അതുകൊണ്ടു് അവർ മഹാകവി ജി. ശങ്കരക്കുറുപ്പിനെയും വീഴ്ത്താൻ നോക്കി. എൻ. ഗോപാലപിള്ളയെ സഹായിക്കാൻ പലരുമെത്തി. എം. എച്ച്. ശാസ്ത്രികളും കെ. ബാലരാമപ്പണിക്കരും ഓരോ ‘കൈ നോക്കി’ അതിനു വേണ്ടി. പക്ഷേ, ‘നീലപ്പുൽത്തറകൾക്കുമേൽ പല നിഴൽക്കൂടാരമുണ്ടാക്കിയും കാലത്തിൻ കനിയേകിയും കിളികൾ തൻ ഗാനോത്സവം കൂട്ടിയും’ ജി എന്ന മഹാവൃക്ഷം നിന്നു. ഇന്നും നിൽക്കുന്നു. ഇത്തരം കുത്സിതപ്രവർത്തനങ്ങൾക്കു ഫലമുണ്ടാകാറുണ്ടു്. Demoralization എന്നു ഇംഗ്ലീഷിൽ പറയുന്ന ധർമ്മച്യുതിയാണു് ആ ഫലം. ജി. ശങ്കരക്കുറുപ്പിന്റെ കാവ്യനിർമ്മിതി വെറും ടെക്നിക്കാണെന്നു് എൻ. ഗോപാലപിള്ളയും മനുഷ്യജീവിതം ആവിഷ്കരിക്കാനറിഞ്ഞുകൂടാത്ത versifier ആണു് അദ്ദേഹമെന്നു് മുണ്ടശ്ശേരിയും പറഞ്ഞപ്പോൾ സാഹിത്യമണ്ഡലത്തിൽ സന്മാർഗ്ഗച്യുതി ഉണ്ടായി. അദ്ദേഹത്തിന്റെ കാവ്യനിർമ്മാണം സാവയവരൂപകത്തിൽക്കവിഞ്ഞൊന്നുമല്ലെന്നു് പാലാ നാരായണൻ നായർ പറഞ്ഞു. ജിയുടെ കവിതകളിലെ പ്രതിരൂപാത്മകത്വം ശുദ്ധമായ ഭോഷ്കാണെന്നു ഈ. എം. ജെ. വെണ്ണിയൂർ പ്രസംഗിച്ചു നടന്നു. ഈ രണ്ടുപേരുടെയും അഭിപ്രായം ഞാൻ മുൻപു പറഞ്ഞ demoralization-നു് ആക്കം കൂട്ടി. അതിൽ നിന്നു രക്ഷപ്പെടാൻ കേരളീയർക്കു കുറച്ചുകാലം വേണ്ടിവന്നു. ഒരാളിന്റെ പേരു വിട്ടുപോയി. പി. കേശവദേവു്. അദ്ദേഹവും തന്നാലാവുന്നവിധം നോക്കി ജിയെ വീഴ്ത്താൻ. പക്ഷേ, സൂര്യനു പ്രകാശമില്ലെന്നു പറയുന്നതുകൊണ്ടു പ്രയോജനമില്ലെന്നു ഇവർ അറിഞ്ഞിരുന്നില്ല. പി. കുഞ്ഞിരാമൻനായരെ അതിരറ്റുവാഴ്ത്തി ജിയോടുള്ള ശത്രുത കാണിച്ചു ഡോക്ടർ കെ. ഭാസ്കരൻനായർ. രാത്രിയിൽ നദീതീരത്തു കത്തുന്ന മൺവിളക്കോടുകൂടി നില്ക്കുന്ന ആൾ ആധ്യാത്മിക പ്രതീതി ഉളവാക്കുമെന്നു് ജി പറഞ്ഞതായി ഞാൻ ഭാസ്കരൻ നായരോടു് പറഞ്ഞപ്പോൾ അദ്ദേഹം മറുപടി നൽകിയതു് ഇങ്ങനെ: “അച്ചിവീട്ടിൽ പോകാൻ കടത്തുവള്ളം കാത്തിരിക്കുന്ന കിഴങ്ങൻ നായരുടെ പ്രതീതിയാണു് അതെനിക്കു് ഉളവാക്കുന്നതു്.” (അച്ചി = ഭാര്യ; നായർ = ഭർത്താവു്). ഒരിക്കൽ ധനുവച്ചപുരം കോളേജിൽ ഞാൻ ജിയുടെ കവിതയെക്കുറിച്ചു പ്രസംഗിച്ചു. കൂടെയുണ്ടായിരുന്ന കെ. ബാലകൃഷ്ണൻ (എം. പി. കൗമുദിയുടെ എഡിറ്റർ) എന്നോടു് ദേഷ്യത്തിൽ പറഞ്ഞു: “കൃഷ്ണൻ നായർ ഇനി ഞാൻ കൂടിയുള്ള സമ്മേളനത്തിൽ ഇയാളുടെ കവിതയെക്കുറിച്ചു് സംസാരിക്കരുതു്. സംസാരിച്ചാൽ ഞാൻ അവിടെനിന്നു് ഇറങ്ങിപ്പോകും”. ജിക്കു് ശത്രുക്കൾ ഏറെയുണ്ടായിരുന്നു.