സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2001-12-21-ൽ പ്രസിദ്ധീകരിച്ചതു്)

images/James_Baldwin.jpg
ജെയിംസ് ബൊൾഡ്വിൻ

അമേരിക്കയിലെ ജെയിംസ് ബൊൾഡ്വിൻ (James Baldwin, 1924–1987) നോവലിസ്റ്റും നാടകകർത്താവുമാണു്. അദ്ദേഹത്തിന്റെ ‘Giovanni’s Room’ എന്ന നോവലിൽ പ്രധാന കഥാപാത്രം ഭാര്യയോടുള്ള വെറുപ്പു് ഇങ്ങനെയാണു് വ്യക്തമാക്കുന്നതു്. അവൾ അയാൾക്കു് ആഹാരം വിളമ്പാൻ ചരിയുമ്പോൾ മുലയുടെ അറ്റം അയാളുടെ കൈത്തണ്ടിൽ മൃദുലമായി സ്പർശിക്കുന്നു. അതോടെ അയാളുടെ മാംസപേശികൾ പിൻവലിയുന്നു. അവളുടെ അടിയുടുപ്പുകൾ കുളിമുറിയിൽ ഉണങ്ങാൻ ഇട്ടതു കണ്ടപ്പോഴും അയാൾക്കു ജുഗുപ്സ. അവൾ നഗ്നയായി നടക്കുന്നതു് അയാൾ ചിലപ്പോൾ കണ്ടിട്ടുണ്ടു്. അതു കാണുമ്പോഴൊക്കെ അയാളുടെ വിചാരം ആ ശരീരം ഉറച്ചതായിരുന്നെങ്കിൽ, കാഠിന്യമാർന്നതായിരുന്നെങ്കിൽ എന്നായിരിക്കും. അവളുടെ മുലകൾ അയാളെ ഭീഷണിപ്പെടുത്തി. അവളുമായി ചേരുമ്പോൾ അയാൾക്കു തോന്നലുണ്ടാകും ജീവനോടെ താൻ അവളിൽ നിന്നു വേർപെട്ടു പോരുകയില്ലെന്നു്. ഒരിക്കൽ അയാളെ ആഹ്ലാദിപ്പിച്ചതൊക്കെ ഇന്നു വെറുപ്പു് ഉണ്ടാക്കുന്നു.

പുരുഷന്റെ അഭിലാഷത്തെ ഉദ്ദീപിപ്പിക്കുന്നതാണു് സ്ത്രീയുടെ ശരീരം. വിശേഷിച്ചും അവളുടെ നഗ്നത. അതുപോലും അയാൾക്കു് അറപ്പും വെറുപ്പും ജനിപ്പിക്കുന്നു. ഇതു ഏറിയകൂറും ദാമ്പത്യജീവിതത്തിന്റെ അതിപരിചയം കൊണ്ടുണ്ടാകുന്നതാണു്. എന്നാൽ ഇന്നത്തെ ഭാര്യ അന്നത്തെ കാമുകിയായിരുന്നപ്പോഴോ? കാമോത്സുകതയുടെ ഉടലെടുത്ത രൂപമായി അയാൾ പ്രത്യക്ഷനാകും. അപ്പോൾ അയാൾക്കു ഒരുദ്ദേശ്യമേയുള്ളു.

സ്വാഭാവികമായ സ്ത്രീത്വത്തെ പുറന്തള്ളി സിംഹിയാണെന്നു ഭാവിച്ചാൽ കുറെക്കാലം കഴിയുമ്പോൾ സിംഹിയുടെ മുഖഭാവം വരും. അരുന്ധതീ റോയി സൂക്ഷിക്കട്ടെ.

“The final aim of eroticism is fusion, all barriers gone, but its first stirrings are characterised by the presence of a desirable object” (Georges Bataille, Eroticism, Penguin Books, Pages 129, 130). എത്ര വേഗത്തിലാണു് അഭിലാഷം ഉളവാക്കുന്ന തരുണി മടുപ്പു് ജനിപ്പിക്കുന്നവളായി മാറുന്നതു് ! ‘ഒന്നും പ്രതിഫലം വേണ്ടെനിക്കാ മഞ്ജൂമന്ദസ്മിതം കണ്ടു കൺകുളിർത്താൽ മതി’ എന്നു് കവിയും ‘ഈ ലോകത്തു വച്ചു ഏറ്റവും മനോഹരമായതു് സ്ത്രീയുടെ ചിരിയാണു്’ എന്നു് ഫ്രഞ്ച് സാഹിത്യകാരൻ സങ്തേഗ്സ്യൂപേരീ യും (Saint-Exupery, 1900–1944) പറഞ്ഞതു് തീർച്ചയായും ഭാര്യയെക്കുറിച്ചാവില്ല. ചെറുപ്പക്കാരിയായ കാമുകിയുടെ ചിരിയെക്കുറിച്ചു തന്നെയാണു്. ഈ മഞ്ജുമന്ദസ്മിതത്തിന്റെ മഹാദ്ഭുതമാണു് ലിയോ നർദോ ദ വീൻചീ യുടെ (Leonardo da Vinci, 1452–1519) ‘മോന ലീസ്സ’ (Mona Lisa) എന്ന ചിത്രത്തിലുള്ളതു്. മോന ലീസ്സാ എന്ന പേരിനു പകരമായി ‘ലാ ജോകൊൻദ’ (La Gioconda) എന്നും ആ ചിത്രത്തിനു പേരുണ്ടു്.

ഇറ്റലിയിലെ ചിത്രകാരനും വാസ്തുശില്പ വിദഗ്ദ്ധനും കലാചരിത്രകാരനുമായിരുന്ന ജോർജോ വാസ്സാറീ യുടെ (Giorgio Vasari, 1511–1574) ‘Lives of the Artists’ എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗം ഞാൻ വായിച്ചിട്ടുണ്ടു്. അതിൽ ഈ ചിത്രത്തെ വാസ്സാറീ പ്രശംസിക്കുന്നതു കേട്ടാലും: “The eyes had their natural lustre and moistness, and around them were the lashes and all those rosy and pearly tinty that demand the greatest delicacy of execution… The mouth, jointed to the flesh—tints of the face by the red of the lips, appeared to be living flesh rather than paint. On looking closely at the pit of her throat one could swear that the pulses were beating… while he was painting Mona Lisa. Who was a very beautiful woman, he employed singers and musicians or jesters to keep her full of merriment and so chase away the melancholy that painters usually give to portraits. As a result, in this painting of Leonardo’s there was a smile so pleasing that it seemed divine rather than human” (Lives of Artists, Giorgio Vasari, Vol I, Penguin, pp. 266, 267).

ദവീൻചീ മരിക്കുമ്പോൾ വാസ്സാറീക്കു് എട്ടു വയസ്സു്, അതിനാൽ ചിത്രത്തിന്റെ നവീനത നഷ്ടപ്പെടാതെതന്നെ വാസ്സാറീ അതു കണ്ടു. അദ്ദേഹത്തിന്റെ ഈ വർണ്ണനയ്ക്കു് അക്കാരണത്താൽ വിശ്വാസ്യതയേറും. ലൗകികത്വമുള്ള എന്നാൽ ദുർജ്ഞേയമായ മന്ദസ്മിതമാണു് മോന ലീസ്സയുടേതു്. അത്രകണ്ടു സുന്ദരിയല്ല അവൾ.

പക്ഷേ, ആ മന്ദസ്മിതമുണ്ടല്ലോ അതു് അന്യാദൃശമാണു്, നിരുപമമാണു്. ദ വീൻചീയുടെ കാലത്തു ജീവിച്ച വാസ്സാറി മാത്രമല്ല ഇരുപതാം ശതാബ്ദത്തിലെ പ്രമുഖ ചരിത്രകാരനും തത്ത്വചിന്തകനുമായ വിൽ ഡ്യൂറന്റ് (Will Durant, 1885–1981) പോലും ഹർഷാതിരേകത്തോടെ എഴുതുന്നു: What is she smiling at? The efforts of the musicians to entertain her? The leisurely diligence of an artist who paints her through a Thousand days and never makes an end? Or is it not just Mona Lisa smiling but all women, saying to all men: ‘poor impassioned lovers! A nature blindly commanding continuance burns your nerves with an absurd hunger for our flesh, softens your brains with a quite unreasonable idealization of our charms, lifts you to lyrics that subside with consummation-and all that you may be precipitated into parentage!’

images/Antoine.jpg
സങ്തേഗ്സ്യൂപേരീ

വിൽ ഡ്യൂറന്റ് 1981-ൽ തൊണ്ണൂറ്റി ആറാമത്തെ വയസ്സിൽ മരിച്ചു. ഭാര്യ നേരത്തെ മരിച്ചതു് അദ്ദേഹത്തെ അറിയിക്കാതെ വച്ചിരിക്കുകയായിരുന്നു. പക്ഷേ, റ്റെലിവിഷനിൽ നിന്നോ മറ്റോ അതു ഗ്രഹിച്ചയുടനെ അദ്ദേഹത്തിന്റെ ഹൃദയം നിശ്ചലമായി. The story of civilization (11 ഭാഗങ്ങൾ) എന്ന അതിമനോഹരമായ ഗ്രന്ഥത്തിന്റെ പ്രസാധനത്തോടുകൂടി രാഷ്ട്രാന്തരീയ പ്രശസ്തി നേടിയ ഡ്യൂറന്റിന്റെ അവസാനത്തെ പുസ്തകമായ ‘Heroes of History’ എന്നതിൽ നിന്നാണു് മുകളിലെഴുതിയ ഭാഗം ഞാൻ ഉദ്ധരിച്ചതു്. അദ്ദേഹത്തിന്റെ ചരമത്തിനു ശേഷം ഇരുപതു കൊല്ലം കഴിഞ്ഞിട്ടാണു് ഇപ്പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി കണ്ടുകിട്ടിയതു്. അതു് ന്യൂയോർക്കിലെ Simon Schuster പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു (348 പുറങ്ങൾ, വില 27.50, ഇന്ത്യയിലെ വില 22.00, പ്രസാധന വർഷം 2001). ഈ ഗ്രന്ഥത്തിന്റെ പ്രസാധനം ഒരു major event ആയി നിരൂപകർ പരിഗണിക്കുന്നു.

രാഷ്ട്രത്തിന്റെ സമുന്നതമായ സാംസ്കാരികനേട്ടം ഭാഷയാണെങ്കിൽ വിൽ ഡ്യൂറന്റിന്റെ The Story of Civilization ആ രീതിയിലുള്ള നേട്ടമാണു്. സുന്ദരമായ ഇംഗ്ലീഷ് ഭാഷയിൽ അദ്ദേഹം ചരിത്രസംഭവങ്ങളെയും മഹാവ്യക്തികളെയും വർണ്ണിക്കുന്നു. മൂല്യനിർണ്ണയത്തിൽ അദ്ദേഹത്തെ അതിശയിച്ച വേറൊരു ചരിത്രകാരനില്ല. ദുർഗ്രഹമായ തത്ത്വചിന്തകളെ ലളിതമായി, അസങ്കീർണ്ണമായി ഡ്യൂറന്റ് ആവിഷ്കരിക്കുന്നതു് കാണേണ്ട കാഴ്ചയാണു്. The Story of Civilization എന്ന ഗ്രന്ഥപരമ്പരയുടെ ഈ സവിശേഷതകളെല്ലാം ഈ ചെറിയ പുസ്തകത്തിലുമുണ്ടു്. ചെറുതു സുന്ദരമെന്നു് പറയുന്നതു് ഈ ഗ്രന്ഥത്തിനു ചേരും. വലുതു് സുന്ദരമെന്നതു് പതിനൊന്നു ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയ The Story of Civilization എന്ന പുസ്തകത്തിനും ചേരും. മഹാഗ്രന്ഥവും മഹദ്ഗ്രന്ഥവുമാണതു്. (മഹാ ഗ്രന്ഥം = വലിയ ഗ്രന്ഥം; മഹദ്ഗ്രന്ഥം = മഹാന്റെ ഗ്രന്ഥം).

What is civilization എന്ന അദ്ധ്യായത്തോടെ പുസ്തകം തുടങ്ങുന്നു. പ്രാചീന കാലയളവുതൊട്ടു് നവീനയുഗത്തിന്റെ ഉദയംവരെയുള്ള സംസ്കാരത്തിന്റെ ചരിത്രം. ഈ ചരിത്ര പ്രതിപാദനത്തിൽ കുങ് ചീയൂ (K’ung Ch’iu, കൻഫ്യൂഷെസ് Confucius എന്നു് ലാറ്റിൻ രൂപം BC 551–479), ബുദ്ധൻ, പെരിക്ലിസ്, പ്ളേറ്റോ, അലിഗ്സാണ്ടർ, നീറോ, ഒറീലിയസ്, ക്രിസ്തു, ദ വീൻചീ, ഷെയ്ക്സ്പിയർ, ബേക്കൺ ഇവർ തത്ത്വചിന്തയുടെയും കലയുടെയും പ്രകാശം പ്രസരിപ്പിച്ച് പ്രത്യക്ഷരാകുന്നു. ഇവരുടെ കൂട്ടത്തിൽ ഇന്ദിരാ ഗാന്ധിയുമുണ്ടു്. പിരമിഡുകൾ, ഏതൻസിന്റെ സുവർണ്ണയുഗം, റോമൻ വിപ്ലവം, നവോത്ഥാനം, റെഫർമേഷൻ ഇവയൊക്കെ ഡ്യൂറന്റ് ഉദാത്തമായ രീതിയിൽ പ്രതിപാദിക്കുന്നു.

നിത്യ ജീവിതത്തിലും ചലച്ചിത്രത്തിലും അഭിനയിക്കാൻ സ്ത്രീകൾക്കു പ്രാഗലഭ്യമേറും.

പല വ്യക്തികളെക്കുറിച്ചും നമുക്കു് അറിയാൻ പാടില്ലാത്ത കാര്യങ്ങൾ ഡ്യൂറന്റ് പറഞ്ഞു തരുന്നു. സീസർ മുന്നറിയിപ്പുകൾ വകവയ്ക്കാതെ തീയറ്ററിൽ വന്നിരുന്നപ്പോൾ കൊലപാതകികൾ അദ്ദേഹത്തിന്റെമേൽ ചാടിവീണു. ബ്രൂട്ടസ് കഠാരയുമായി അദ്ദേഹത്തെ കുത്താൻ എത്തിയപ്പോൾ സീസർ ഗ്രീക്കിൽ ചോദിച്ചു പോലും. “Kai Suteknon” “You too my child?” സീസറിനു് ബ്രൂട്ടസിന്റെ അമ്മയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നെന്നും ബ്രൂട്ടസ് തന്റെ മകൻ തന്നെയെന്നു് സീസർ കരുതിയിരുന്നെന്നും ഡ്യൂറന്റ് ഒരു ചരിത്രകാരന്റെ പ്രസ്താവമെടുത്തു കാണിച്ചു് നമ്മളെ ഗ്രഹിപ്പിക്കുന്നു. അച്ഛനാണെങ്കിലും രാജ്യദ്രോഹിയെ സഹിക്കരുതു് ആരുമെന്നു ബ്രൂട്ടസ് ഒരു സുഹൃത്തിനു് എഴുതി അയച്ചുവെന്നും ഡ്യൂറന്റ് ആ രഹസ്യമായ പിതാപുത്രബന്ധത്തിനു് സ്ഥിരീകരണം നല്കുന്നു. ഇങ്ങനെ പലതും. രസപ്രദമായ ഗ്രന്ഥമാണു് ഡ്യൂറന്റിന്റെ Heroes of History.

ആർക്കമീഡീസ്സ് പറഞ്ഞതു്

ആർക്കമീഡീസ്സ് എന്ന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞൻ (Archimedes, BC 287–212) പറഞ്ഞു: ‘ദൈർഘ്യമുള്ള ഒരു ലീവർ, (ദൃഢദണ്ഡൂ്) ശക്തിയാർന്ന ഒരു ഊന്നുവടി (Prop) ഇവ എനിക്കു തരൂ. ഞാനൊറ്റയ്ക്കു ലോകത്തെ ചലിപ്പിച്ചു തരാം.’ രണ്ടായിരം കൊല്ലം കഴിഞ്ഞപ്പോൾ കോൺറഡ് എന്ന നോവലിസ്റ്റു് പറഞ്ഞു: ‘ആർക്കമീഡീസ്സിനെക്കുറിച്ചു്, അദ്ദേഹത്തിന്റെ ലീവറിനെക്കുറിച്ച് എന്നോടു പറയരുതു്. അദ്ദേഹം ഗണിതശാസ്ത്രപരമായ ഭാവനയുള്ള, ശ്രദ്ധയില്ലാത്ത ആളായിരുന്നു. ശരിയായ വാക്കു് എനിക്കു തരൂ. ഭാഷണവും എനിക്കു തരൂ. ഞാൻ ലോകത്തെ മാറ്റിത്തരാം.’ വി. പി. മനോഹരൻ എന്ന ആൾ വളരെക്കാലമായി പറയുന്നു. ‘ഉത്കൃഷ്ടമായ ഒരു വാരികയുടെ രണ്ടു പുറങ്ങളെങ്കിലും എനിക്കു തരൂ. കഥയെന്ന പേരിൽ അലവലാതിത്തരമെഴുതി ഞാൻ വായനക്കാരെ ഛർദ്ദിപ്പിച്ചു തരാം’ എന്റെ അഭിവന്ദ്യസുഹൃത്തും നല്ല ആളുമായ സിദ്ധാർത്ഥൻ പരുത്തിക്കാടു് ഇതു കേട്ടുകേട്ടു് ഗത്യന്തരമില്ലാതെ അദ്ദേഹം എഡിറ്റ് ചെയ്യുന്ന വാരികയുടെ മുപ്പത്തിയൊന്നും മുപ്പത്തിരണ്ടും പുറങ്ങൾ മനോഹരനു് വിട്ടുകൊടുത്തു. ദേശാഭിമാനി വാരികയുടെ ആ രണ്ടു പുറങ്ങളും മലീമസമാക്കി മനോഹരൻ വിരാജിക്കുന്നു. ‘ശ്രീ കുട്ടിച്ചാത്തൻ മായാസാഹിത്യപുരസ്കാരം’ എന്നു് മനോഹരന്റെ രചനാവിശേഷത്തിന്റെ പേരു്. ഇതു ചെറുകഥയാണത്രേ. ആണെങ്കിൽ ഞാൻ മഹാത്മഗാന്ധിയാണു് (പ്രഫെസർ ഗുപ്തൻനായർ വേറൊരു കൃതിയെക്കുറിച്ചു പറഞ്ഞതിനോടു കടപ്പാടു്).

ചോദ്യം, ഉത്തരം

ചോദ്യം: അരുന്ധതീ റോയി യെക്കുറിച്ചു് എന്താണു് നിങ്ങളുടെ അഭിപ്രായം?

ഉത്തരം: സിംഹിയാണെന്നു ഭാവിക്കുന്നു ശ്രീമതി. ഭാവിക്കലിനു് തകരാറുണ്ടു്. സ്വാഭാവികമായ സ്ത്രീത്വത്തെ പുറന്തള്ളി സിംഹിയാണെന്നു ഭാവിച്ചാൽ കുറെക്കാലം കഴിയുമ്പോൾ സിംഹിയുടെ മുഖഭാവം വരും. അരുന്ധതീ റോയി സൂക്ഷിക്കട്ടെ. സ്ത്രീ lioness ആകുന്നതു് എനിക്കിഷ്ടമല്ല.

ചോദ്യം: അഭിനയിക്കാൻ സാമർത്ഥ്യമുള്ളവർ സ്ത്രീകളോ പുരുഷന്മാരോ?

ഉത്തരം: നിത്യജീവിതത്തിലും ചലച്ചിത്രത്തിലും അഭിനയിക്കാൻ സ്ത്രീകൾക്കു പ്രാഗല്ഭ്യമേറും.

ചോദ്യം: സെക്സ് മാറുന്നതു് സർവ്വസാധാരണമായിരിക്കുന്നല്ലോ സാറേ. എന്തു ചെയ്യണം?

ഉത്തരം: സ്ത്രീ, പുരുഷനായി മാറുന്നതു് വല്ലപ്പോഴും സംഭവിക്കുന്നതല്ലേ? അതു് സർവ്വസാധാരണമാണോ? എങ്കിലും സ്ത്രീകൾക്കു അധികാരമുള്ള ജോലി കൊടുത്താൽ അവരുടെ സെക്സ് മാറും.

ചോദ്യം: വള്ളത്തോളിന്റെ കവിതകളിലെ പ്രതിരൂപാത്മകത്വവും ജി. ശങ്കരക്കുറുപ്പിന്റെ കവിതകളിലെ പ്രതിരൂപാത്മകത്വവും താരതമ്യപ്പെടുത്താമോ?

ഉത്തരം: വള്ളത്തോൾ പ്രതിരൂപാത്മകത്വം കാവ്യങ്ങളിൽ കൊണ്ടുവരുമ്പോൾ അതു പ്രതിരൂപാത്മകത്വമാണെന്നു് വായനക്കാരനു തോന്നുകയില്ല. ശങ്കരക്കുറുപ്പു് അതനുഷ്ഠിക്കുമ്പോൾ കാവ്യങ്ങളിൽ പ്രതിരൂപങ്ങൾ പ്രാധാന്യമാർജ്ജിക്കും. അതിനാലാണു് അദ്ദേഹത്തിന്റെ കാവ്യങ്ങൾ പലപ്പോഴും കൃത്രിമങ്ങളാവുന്നതു്. ചൊല്ക്കൊണ്ട ‘ഇന്നു ഞാൻ നാളെ നീ’ എന്ന കാവ്യത്തിലും കൃത്രിമത്വം ഏറെയുണ്ടു്. വള്ളത്തോളിന്റെ ‘മഗ്ദലനമറിയം’ വായിക്കൂ. ഒരു ഭാഗത്തും കൃത്രിമത്വമില്ല.

ചോദ്യം: നിങ്ങൾ ശകാരിക്കുന്നതു സ്വീകരിച്ചു പുതിയ കവികളും പുതിയ നിരൂപകരും സാഹിത്യമുപേക്ഷിച്ചാൽ അവരുടെ അവസ്ഥ പിന്നീടെന്താവും?

ഉത്തരം: സർക്കാർ കോഴി വളർത്തലിനു് പണം കടം കൊടുക്കും. കോഴിക്കൃഷി നടത്തട്ടെ അവർ. ദിവസന്തോറും മുട്ടകൾ കിട്ടും. ആ മുട്ടകൾ അവരുടെ രചനകളേക്കാൾ പ്രയോജനം ചെയ്യും.

ചോദ്യം: വിനയം വേണ്ടതല്ലേ സാഹിത്യകാരന്മാർക്കു്?

ഉത്തരം: വിനയം വേണം. പക്ഷേ, അതിരു കടന്ന വിനയം കള്ളമാണു്. ചിലപ്പോൾ മാനസികരോഗവും.

ചോദ്യം: സുന്ദരി നിലാവിൽ നിന്നാൽ?

ഉത്തരം: അവളുടെ സൗന്ദര്യം കൂടും. The night shows stars and women in a better light എന്നു് ഒരു ഇംഗ്ലീഷ് കവി പറഞ്ഞിട്ടുമുണ്ടു്.

ട്വിസ്റ്റ്, ഷോക്ക്

ഭർത്താവിനാൽ നിർവ്യാജമായി സ്നേഹിക്കപ്പെടുന്ന സ്ത്രീ, മക്കളാൽ സത്യസന്ധമായി സ്നേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീ ഒരിക്കലും ഫെമിനിസ്റ്റായി മാറുകില്ല. ഭർത്താവിന്റെ ‘സോഷൽ പൊസിഷൻ’ അധമമാണെങ്കിലേ ഭാര്യ എന്നും വൈകിട്ടു് മീറ്റിങ്ങിനു പോയി അർദ്ധരാത്രി വീട്ടിൽ തിരിച്ചെത്താൻ ധൈര്യപ്പെടൂ. കാമുകന്റെ പരസ്ത്രീഗമനം കണ്ടെത്താത്ത ഒരു കാമുകിയും അയാളോടു പിണങ്ങുകയില്ല. അച്ഛനമ്മമാർ സദാചാരതൽപരരായി ഇരിക്കുന്നിടത്തോളം കാലം ഒരു പെൺകുട്ടിയും കാമുകനോടുകൂടി ഒളിച്ചോടുകില്ല. അദ്ധ്യാപകന്റെ, അദ്ധ്യാപികയുടെ രചനയിലെ വ്യാകരണത്തെറ്റു് പ്രഗല്ഭനായ വിദ്യാർത്ഥി ചൂണ്ടിക്കാണിക്കുന്നതുവരെ അവർ അയാളെ വെറുക്കുകില്ല. കഥാരചനയുടെ പ്രാഥമിക പാഠങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ സതീഷ് ബാബു പയ്യന്നൂർ ‘മകൾ, മകൾ’ എന്ന കഥ എഴുതുമായിരുന്നില്ല (കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ). മകൾ ഒളിച്ചോടുന്നു കാമുകനോടുകൂടി. അച്ഛനമ്മമാർ അതോടെ അവളെ മനസ്സിൽ നിന്നു പോലും നിഷ്കാസനം ചെയ്യുന്നു. വർഷങ്ങൾ കഴിഞ്ഞു. ഒളിച്ചോടിയ മകൾ അമ്മയെ റ്റെലിഫോണിൽ വിളിക്കുന്നു ആശുപത്രിയിൽ നിന്നു്. അമ്മ അവിടെ ചെല്ലുമ്പോൾ മകൾ അവളുടെ കുഞ്ഞുമായി ഇരിക്കുന്നു ബെഞ്ചിൽ. ഭർത്താവു് അവളെ ഉപേക്ഷിച്ചത്രേ. മകൾ കുഞ്ഞിനെ അമ്മയെ ഏല്പിച്ചിട്ടു് (അമ്മൂമ്മയെ ഏല്പിച്ചിട്ടു്) ആശുപത്രിയിൽ നിന്നും പോകുമ്പോൾ കഥ അവസാനിക്കുന്നു.

images/giorgiovsari.jpg
ജോർജോ വാസ്സാറീ

കഥയ്ക്കു് അതിന്റേതായ ലോകമുണ്ടെന്നു ഞാൻ സമ്മതിക്കുന്നു. അതിനു് അതിന്റേതായ വിശ്വാസങ്ങളും നിയമങ്ങളുമുണ്ടു്. നമ്മൾ ജീവിക്കുന്ന ലോകത്തിന്റെ വിശ്വാസങ്ങളിൽ നിന്നു്, നിയമങ്ങളിൽ നിന്നു് അതു വിഭിന്നമാണു്. അതും സമ്മതിച്ചു. എങ്കിലും വായനക്കാരനു് വിശ്വാസമുണ്ടാകേണ്ടേ? പ്ളോട്ടിനു വേണ്ടിയാണു്, കഥയുടെ പര്യവസാനത്തിൽ വായനക്കാരനു് ഷോക്കുണ്ടാക്കുന്നതിനു വേണ്ടിയാണു് സതീഷ് ബാബു കുഞ്ഞിനെ അതിന്റെ അമ്മൂമ്മയെ ഏല്പിച്ചിട്ടു് നടന്നകലുന്ന താൽകാലിക വിധവയെ ചിത്രീകരിച്ചതെന്നു് ഏതൊരു സഹൃദയനും പറയും. കഥ പറഞ്ഞു പോകുമ്പോൾ ആഖ്യാനവും അനുഭവങ്ങളും തമ്മിലുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരണമെന്നു് നിരൂപകർ പറയുന്നു. ഇവിടെ ദൂരം കുറയുന്നില്ല. അതുകൊണ്ടു് സ്വന്തം കുഞ്ഞിനെ അമ്മയുടെ കൈയിൽ ഏല്പിച്ചിട്ടു് അപ്രത്യക്ഷയാകുന്ന ആ യുവതിയെ സഹതാപത്തോടെ നോക്കുന്നില്ല സഹൃദയൻ. ‘നീ അച്ഛനമ്മമാരെ അപമാനിച്ചവളല്ലേ, പോടീ പോ’ എന്നാണു് ഓരോ വായനക്കാരന്റെയും തോന്നൽ. കഥയുടെ പര്യവസാനത്തിൽ ട്വിസ്റ്റോ ഷോക്കോ ഉണ്ടാക്കിയാൽ കലയാവുകയില്ല. സതീഷ് ബാബു പയ്യന്നൂർ ഇതു മനസ്സിലാക്കിയെങ്കിൽ!

അധഃപതനം

ഇങ്ങോട്ടു് ആക്രമിക്കുന്നവർ ഭീരുക്കളായിരിക്കും അങ്ങോട്ടു് ആ രീതിയിൽ വേണ്ട; ചെറുതായി ഒന്നു കൊടുത്താൽ മതി മൗനം.

തിരുവനന്തപുരത്തു് വഞ്ചിയൂർ എന്ന സ്ഥലത്താണു് കോടതികൾ പ്രവർത്തിക്കുന്ന കെട്ടിടം. അതു് ഒരുകാലത്തു് ശ്രീമൂലവിലാസം ഹൈസ്കൂളായിരുന്നു. സ്കൂൾ കെട്ടിടം നിർമ്മിക്കാൻ അന്നത്തെ സർക്കാർ തീരുമാനിച്ചപ്പോൾ ആളുകൾക്കു് വലിയ സന്തോഷമായി. വയലായിരുന്നു കെട്ടിട നിർമ്മാണത്തിനു തിരഞ്ഞെടുത്ത സ്ഥലം. നിർമ്മിതി തുടങ്ങി. അപ്പോൾ ചീഫ് എഞ്ചിനീയർ ഒരു ദിവസം ദിവാനോടു് പറഞ്ഞു. സ്ഥലം വയലായതുകൊണ്ടു് കെട്ടിടം ഉറയ്ക്കുകയില്ലെന്നു്. ദിവാൻ അതുകേട്ടു് കല്പിച്ചു “അവിടെത്തന്നെ പ്ലാൻ അനുസരിച്ചുള്ള കെട്ടിടം നിർമ്മിക്കണം. അതു മൂന്നു മാസത്തിനകം തീർന്നിരിക്കുകയും വേണം.” ചീഫ് എഞ്ചിനീയർ ആ കല്പന കേട്ടു പേടിച്ചിരിക്കണം. കെട്ടിടം തീർന്നു. ഇന്നു് അതു് തിരുവനന്തപുരത്തെ നല്ല കെട്ടിടങ്ങളിൽ ഒന്നാണു്. സർക്കാരുദ്യോഗസ്ഥനായ പിതാവിനു സ്ഥലം മാറ്റം വന്നപ്പോൾ വടക്കൻ തിരുവിതാംകൂറിൽ പഠിച്ചിരുന്ന ഞാൻ ശ്രീമൂലവിലാസം ഇംഗ്ലീഷ് ഹൈസ്കൂളിലേയ്ക്കു ട്രാൻസ്ഫർ സേർട്ടിഫിക്കറ്റു് വാങ്ങി ഇവടെ വന്നു ചേരാൻ ശ്രമിച്ചു. ഹെഡ്മാസ്റ്റർ രാമൻ നമ്പീശൻ എന്ന മഹാവ്യക്തി. അദ്ദേഹം അച്ഛനോടു പറഞ്ഞു: “നിങ്ങളുടെ മകനെ ഇവിടെ ചേർക്കാൻ ഒക്കുകില്ല. നാലു ഡിവിഷനിലും ഒഴിവില്ല. അതുകൊണ്ടു് ചാല ഇംഗ്ലീഷ് ഹൈസ്കൂളിൽ ചേർക്കണമെന്നു് ഞാൻ റ്റി.സി.യിൽ എഴുതിത്തരാം”. ഞാനതു കേട്ടു കണ്ണീരൊഴുക്കി. മനോഹരമായ ആ കെട്ടിടത്തിൽ ഇരുന്നു പഠിക്കാനായിരുന്നു എന്റെ ആഗ്രഹം. എന്റെ കണ്ണീരു കണ്ടു് നമ്പീശൻ സാറു് ചോദിച്ചു “എന്തെടാ ഇവിടത്തെ കണ്ണാടി ജന്നലുകളും മറ്റും നിനക്കു വീട്ടിൽ കൊണ്ടുവയ്ക്കണോ. എവിടെയെങ്കിലും പഠിച്ചാൽപ്പോരേ?” ഗത്യന്തരമില്ലാതെ ഞാൻ ചാലയിലെ വിദ്യാലയത്തിൽ ചേർന്നു. നമ്പീശൻ സാറിന്റെ അഭിപ്രായം ശരിയല്ലെന്നു് അന്നേ എനിക്കു തോന്നി. ഓല മേഞ്ഞ ഷെഡ്ഡിൽ കാലു പോയ ബെഞ്ചിലിരുന്നു പഠിച്ചാൽ ആ വിദ്യാഭ്യാസം ശരിയാവുകയില്ല. കണ്ണാടിയിട്ട ജന്നലുകളും കണ്ണാടിയിട്ട വാതിലുകളും ഉള്ള സൗധസദൃശമായ വിദ്യാലയത്തിൽ ഇരുന്നു പഠിച്ചാൽ ഫസ്റ്റു് ക്ലാസു് കിട്ടും. ഷെഡ്ഡിലാണു് ഇരുന്നു പഠിക്കുന്നതെങ്കിൽ വിദ്യാർത്ഥി തോറ്റു പോകും പരീക്ഷയിൽ.

ഇതു രചനകളുടെ പ്രസിദ്ധീകരണത്തിലും ശരിയാണു്. ഒ.വി. വിജയന്റെ കഥ പൈങ്കിളി വാരികയിലാണു് വരുന്നതെങ്കിൽ ആ കഥയ്ക്കു ഉത്കൃഷ്ടത നശിച്ചുപോകും. പേരുകേട്ട ജേണലിൽ പൈങ്കിളിക്കഥ അച്ചടിച്ചു വന്നാൽ ആ ജേണലിന്റെ ഉത്കൃഷ്ടസ്വഭാവത്തിനു് ന്യൂനത വരും. തുടങ്ങിയ കാലം തൊട്ടു The Little Magazine എന്ന മാസികയ്ക്കു് പ്രചാരമുണ്ടു്. അതു് നല്ല പ്രസാധനമാണെന്നു് കരുതപ്പെടുന്നു. അതിന്റെ മേന്മയെ ഇല്ലാതാക്കുന്നു സുലേഖ സന്യാലി ന്റെ ‘The Sunnysis of Sundarpur’ എന്ന ചെറുകഥ. ബംഗാളി ചെറുകഥയുടെ ഇംഗ്ലീഷ് തർജ്ജമയാണതു്. All Political stories are proverbially bad stories എന്ന ചൊല്ലിനെ സാർത്ഥകമാക്കുന്നു ഈ രചന. സർക്കാരിനോടു് എതിർത്തു് ഒരുത്തൻ ജയിലിൽ പോകുന്നു. കാലം കഴിഞ്ഞു് അയാൾ സ്വന്തം വീട്ടിൽ തിരിച്ചെത്തുന്നു. അയാളുടെ ഭാര്യക്കു അമിതമായ ആഹ്ലാദം. അവരും ആ പ്രദേശത്തു വസിക്കുന്നവരും കുടിവെള്ളം പോലും കിട്ടാതെ കഷ്ടപ്പെടുകയാണു്. മന്ത്രി ആ സ്ഥലം കാണാൻ എത്തുന്നു. മന്ത്രിയെ എതിർത്തവരുടെ കൂട്ടത്തിൽ അയാളുമുണ്ടു്. മറ്റു പലരുടെയും കൂട്ടത്തിൽ അയാളെയും അറസ്റ്റു് ചെയ്തു വാനിൽ കയറ്റിക്കൊണ്ടു പോകുന്നു പൊലീസു്. അതുകണ്ടു ഭാര്യ നിലവിളിച്ചു കൊണ്ടു മണ്ണിൽ കിടന്നുരുളുന്ന. ഈ പഴഞ്ചൻ വിഷയം പ്രതിപാദിക്കുന്ന, എട്ടടിച്ചേരയ്ക്കൊപ്പം ദീർഘതയുള്ള കഥ പ്രസിദ്ധീകരിച്ചല്ലോ ഒരു നല്ല ജേണലിൽ. അന്തസ്സുകെട്ട പ്രവൃത്തിയെന്നല്ലാതെ എന്തു പറയാൻ? ചിലർ ലക്ഷക്കണക്കിനു് പണം ചെലവാക്കി അതിസുന്ദരമായ സൗധം വച്ചുതീരുമ്പോൾ ഒന്നുകിൽ ഭിത്തിയിൽ വിടവു്. അല്ലെങ്കിൽ അസ്തിവാരം തകർന്നു സൗധം താഴോട്ടു പോരും. അങ്ങനെ ചരിഞ്ഞ സൗധം വളരെ വർഷങ്ങൾ നില്ക്കും. വിടവോടു കൂടി, ചരിഞ്ഞ ഈ മാസിക നില്ക്കുന്നതു ഞാൻ കാണുന്നു.

അവനാണു് ധീരൻ

1. സാഹിത്യകാരന്റെ വീട്ടിലേയ്ക്കു കയറാൻ പടികളുണ്ടു്. ആ പടികൾ കയറിക്കൊണ്ടിരിക്കുമ്പോൾ എ ൻ.വി. കൃഷ്ണവാരിയർ ചോദിച്ചു. “എത്ര പടികളുണ്ടു്?” സാഹിത്യകാരൻ മറുപടി നല്കി. എൻ.വി. കൃഷ്ണവാരിയർ വീണ്ടും ചോദിച്ചു. “എന്തേ പതിനെട്ടു പടികളാക്കാത്തതു?” ആധ്യാത്മികത്വത്തെ സൂചിപ്പിച്ചുകൊണ്ടുള്ള ആ ചോദ്യം എന്നെ രസിപ്പിച്ചു പിന്നീടു് ഞാൻ ആ സംഭവം ഈ കോളത്തിൽത്തന്നെ എഴുതി. വെറുതെ എഴുതിയാൽ പോരല്ലോ. ചില പൊടിപ്പും തൊങ്ങലുമൊക്കെ വേണ്ടേ? അതിനുവേണ്ടി സാഹിത്യകാരന്റെ വീട്ടിലേയ്ക്കുള്ള വഴി വർണ്ണിച്ചു. അദ്ദേഹത്തിന്റെ ഭവനത്തെ ശബരിമല ക്ഷേത്രമായി സങ്കല്പിച്ചു് കൃഷ്ണവാരിയർ ചോദിച്ചതിനെ മനസ്സിൽ വച്ചു് ഭവനത്തിലേയ്ക്കുള്ള വഴിയുടെ രണ്ടു വശങ്ങളിലും നില്ക്കുന്ന വൃക്ഷസമുഹത്തെ കാട്ടിലെ വൃക്ഷങ്ങളായിക്കരുതി കാനന പ്രതീതിയുണ്ടായി എനിക്കെന്നും എഴുതി. പ്രത്യക്ഷമായും പരോക്ഷമായുമുള്ള സ്തുതിവചനങ്ങളായിരുന്നു അതു്. ഇതിനുശേഷം ഒരാഴ്ചയായില്ല. അതിനുമുൻപു് എനിക്കൊരു നോട്ടീസു്. സാഹിത്യകാരന്റെ ഭവനം കാനനത്തിലാണെന്നു് ഞാൻ എഴുതിയതുകൊണ്ടു് അദ്ദേഹത്തിന്റെ മകളെ വിവാഹം കഴിക്കാൻ സന്നദ്ധനായ ഒരാൾ വിവാഹം വേണ്ടെന്നു വച്ചെന്നും അതിന്റെ ഫലമായി മകളുടെ ഭാവി തകർന്നെന്നും നഷ്ടപരിഹാരമായി എത്രയോ ലക്ഷം രൂപ ഞാൻ കൊടുക്കണമെന്നും കാണിച്ചായിരുന്നു നോട്ടീസു്. കെയ്സു് കൊടുത്താൽ എനിക്കു കോടതിച്ചെലവു് സാഹിത്യകാരൻ തരേണ്ടതായി വരുമെന്നു് എനിക്കറിയാമായിരുന്നു. എങ്കിലും കോടതിയിൽ കയറിയിറങ്ങുന്ന പ്രയാസവും മറ്റും കരുതി ഞാൻ ഡി. സി. കിഴക്കേമുറിയോടു് ഇക്കാര്യം പറഞ്ഞു. അദ്ദേഹം സാഹിത്യകാരനോടു പറഞ്ഞതു കൊണ്ടാവണം പിന്നീടു് ഒരാക്‍ഷനും ആ നോട്ടീസിന്റെ പേരിൽ ഉണ്ടായില്ല.

images/willdurant.jpg
വിൽ ഡ്യൂറന്റ്

2. കൊട്ടാരക്കരയ്ക്കടുത്തുള്ള ഒരു സ്ഥലത്തു് മീറ്റിങ്. ക േശവദേവു് അധ്യക്ഷൻ. പാലാ നാരായണൻ നായരും ഞാനും പ്രഭാഷകർ. പാലാ നാരായണൻ നായർ പറഞ്ഞതെന്തോ കേശവദേവിനു് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഉപസംഹാര പ്രഭാഷണത്തിൽ പാലാ നാരായണൻ നായരെ അതിരു കടന്നു ഭർത്സിച്ചു. ഞാനായിരുന്നു പാലായുടെ സ്ഥാനത്തെങ്കിൽ മൈക്ക് പിടിച്ചു വാങ്ങിച്ചു ദേവിനെ സഭ്യേതരമായി ആക്രമിക്കുമായിരുന്നു പദങ്ങൾകൊണ്ടു്. പാലാ നാരായണൻ നായർ പാവം; മാന്യൻ. അദ്ദേഹം കേശവദേവിന്റെ തെറിവാക്കുകൾ കേട്ടു പുളഞ്ഞു. കവി ഒരു കടലാസു് കഷണം എടുത്തു ‘തേജോവധം ചെയ്യരുതു്’ എന്നെഴുതി പ്രസംഗം തകർക്കുന്ന ദേവിന്റെ കൈയിൽ കൊടുത്തു. അദ്ദേഹം ആക്രമണം നിറുത്തി. പാലാ നാരായണൻ നായർ ചെയ്തതു് ശരിയായില്ല. ഇടയ്ക്കു കയറി അദ്ദേഹം മറുപടി പറയേണ്ടതായിരുന്നു. തെറിവാക്കുകളുടെ ഉടമസ്ഥത കേശവദേവിനു മാത്രമല്ലല്ലോ ഉള്ളതു്. ചിലർ അങ്ങനെയാണു്. ‘എനിക്കെന്തും അന്യരെ പറയാം’ എന്നു് വിചാരം. ഇക്കൂട്ടരെ വെറുതേ വിടുന്നതു ശരിയല്ല. തെറിക്കുത്തരം മേൽത്തരം പത്തലാണു്. അതു വേണ്ട സമയത്തു് എടുക്കണം. അടി കൊടുക്കണം. ഒരിക്കലതു കിട്ടിയാൽ പിന്നെ മിണ്ടുകില്ല. ഇങ്ങോട്ടു് ആക്രമിക്കുന്നവർ ഭീരുക്കളായിരിക്കും. അങ്ങോട്ടു് ആ രീതിയിൽ വേണ്ട; ചെറുതായി ഒന്നു കൊടുത്താൽ മതി. മൗനം അവലംബിച്ചു കൊള്ളും. സാഹിത്യകാരന്മാർക്കു് അല്പത്വം കൂടുതലാണു്. ‘ചിത്തം ചലിപ്പതിനു ഹേതു മുതിർന്നു നില്ക്കെ നെഞ്ചിൽ കുലുക്കമെവനില്ലവനാണു് ധീരൻ’ എന്നു് ഒരു തുണ്ടു കടലാസ്സിൽ എഴുതി പോക്കറ്റിൽ ഇട്ടുകൊള്ളണം സാഹിത്യകാരൻ. കൂടക്കൂടെ അതു എടുത്തു വായിക്കണം. ആ തത്ത്വമനുസരിച്ചു ജീവിക്കുകയും വേണം.

കടപ്പുറത്തെ പഞ്ചാരമണലിലൂടെ നടക്കുന്ന സുന്ദരിയുടെ കാല്പാടുപോലെ, സന്ധ്യകഴിഞ്ഞ് തെങ്ങോലത്തുമ്പിൽ തൂങ്ങിനില്ക്കുന്ന ഒറ്റ നക്ഷത്രംപോലെ, പ്രഭാതത്തിൽ ജാലകപ്പഴുതിലൂടെ കടന്നുവരുന്ന സൂര്യരശ്മിയെപ്പോലെ എന്നെ ആഹ്ലാദിപ്പിക്കുന്നു.

“നിന്മണിമച്ചിൽനിത്യം നിശയിൽ

നിന്നിടും സ്വർണ്ണദീപനാളത്തിൽ

ചെന്നണഞ്ഞു ചേർന്നെന്നനലാംശം

മിന്നിമിന്നിജ്ജ്വലിച്ചിരുന്നെങ്കിൽ”

എന്ന വരികൾ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2001-12-21.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: S Sreeja; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.