
അന്തിക്കു് നിലവിളക്കു കത്തിച്ചുവച്ചു് അതിനടുത്തു് ഇരുന്നു പെൺകുട്ടികളും ആൺകുട്ടികളും രാമനാമം ജപിക്കുന്നതു കേട്ടാൽ ഈശ്വരവിശ്വാസമില്ലാത്തവർക്കും സവിശേഷമായ അനുഭൂതി ഉണ്ടാകും. എന്നാൽ സംസ്കൃത ശ്ലോകമാണു് ചൊല്ലുന്നതെങ്കിൽ അതു ചൊല്ലുന്നവർക്കും കേൾക്കുന്നവർക്കും ഒന്നും തോന്നില്ല.
അഹിംസാ പ്രഥമം പുഷ്പം പുഷ്മമിന്ദ്രിയ നിഗ്രഹം
സർവഭൂതദയാ പുഷ്പം ക്ഷമാപുഷ്പം വിശേഷതഃ
ശാന്തിഃപുഷ്പം തപഃ പുഷ്പം വിഷ്ണോഃ പ്രതീകരം ഭവേതു്
(അഹിംസയാണു് അർചനത്തിനുള്ള ആദ്യത്തെ പുഷ്പം. ഇന്ദ്രിയനിഗ്രഹം രണ്ടാമത്തേതു്. സർവഭദ്രതയും ക്ഷമയും സവിഷേതയാർന്ന പുഷ്പങ്ങൾ. ശാന്തിയുടെയും തപസ്സിന്റെയും ധ്യാനത്തിന്റെയും സത്യത്തിന്റെയും പുഷ്പങ്ങളും അങ്ങനെതന്നെ. എട്ടുവിധത്തിലുള്ള ഈ പുഷ്പങ്ങൾ വിഷ്ണുവിനു പ്രതീകരമായി ഭവിക്കുന്നു.) എന്ന സംസ്കൃതപദ്യം എന്റെ പെൺമക്കൾ അക്ഷരത്തെറ്റോടുകൂടി, ഉച്ചാരണവൈകല്യത്തോടുകൂടി ചൊല്ലുമ്പോൾ അതിന്റെ അർത്ഥമറിയാവുന്ന എനിക്കു് അതിൽ വിലയം കൊള്ളാൻ കഴിയുന്നില്ല. സംസ്കൃതമറിയാത്ത ശ്രോതാക്കൾക്കും എന്റെ അനുഭവം തന്നെ. സംസ്കൃതമറിയാമെന്നു് ഭാവിക്കുന്നവർക്കും തെറ്റുപറ്റും. ഒരിക്കൽ മഹാകവി ഉള്ളൂർ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ പ്രഭാഷണം നിർവഹിക്കാനെത്തി. സമ്മേളനമൊക്കെ കഴിഞ്ഞതിനുശേഷം ഉള്ളൂരിനോടൊരുമിച്ചു് അധ്യാപകരായ ഞങ്ങൾ കാപ്പികുടിക്കാനിരുന്നു. പതിവായി വിഡ്ഢിവേഷം കെട്ടുന്ന ഒരു മലയാളാധ്യാപകൻ മഹാകവിയെ ‘ഇംപ്രെസ്’ ചെയ്തുകളയാമെന്നു വിചാരിച്ചു് “രഘുവംശ”ത്തിലെ ഒരു ശ്ലോകം ചൊല്ലി:
ജേതാരം ലോകപാലാനാം സ്വമുഖൈരർച്ചിതശ്വേരം
രാമസ്തുലിത കൈലാസമരാതിം ബഹ്വമന്യത

എന്നാൽ ബഹ്വമന്യത എന്നതിനുപകരം അഷ്യാപകൻ ബനുമന്യത എന്നാണു് പറഞ്ഞതു്. ഉള്ളൂർ ഉടനെ അതു തിരുത്തി ബഹ്വമന്യത എന്നു പറഞ്ഞു. (രാമഃബഹു അമന്യതം രാമൻ ബഹുമാനിച്ചു) ഉള്ളൂരിന്റെ സാന്നിദ്ധ്യത്തിൽ സംസ്കൃതശ്ലോകം ചൊല്ലേണ്ടതുണ്ടായിരുന്നോ ആ അധ്യാപകൻ? ഞാനിതു വഴിവിട്ടു പറഞ്ഞെന്നേയുള്ളു. അതു പോകട്ടെ. മാതൃഭാഷ സംസാരിക്കുമ്പോൾ വക്താവിന്റെ ഉള്ളിലെ ഓജസ്സു് മുഴുവൻ ബഹിഃപ്രകാശനം കൊള്ളും. ഏതു വിദേശിയുടെ ഭാഷ എത്ര സമർത്ഥമായിപ്പറഞ്ഞാലും അതുണ്ടാവില്ല. ഇംഗ്ലീഷ് സാഹിത്യത്തിന്റെ മേന്മ കൂടെക്കൂടെ എടുത്തുകാണിക്കുന്ന എനിക്കു് അതറിയാം. പി. കേശവദേവിന്റെ തനിക്കേരളീയങ്ങളായ കഥകൾ വായിക്കുമ്പോൾ ഇരുട്ടിൽ ആണ്ടുകിടക്കുന്നവയൊക്കെ പുറത്തേക്കു പോരും. അദ്ദേഹത്തിന്റെ കഥകളെക്കാൾ ആയിരം മടങ്ങു് കലാത്മകതയുള്ള പടിഞ്ഞാറൻ കഥകൾ വായിച്ചാൽ നമ്മൾ അദ്ഭുതപ്പെടും. പക്ഷേ, ഒരു സ്പഷ്ടതക്കുറവു്. സ്നിഗ്ദ്ധത നമ്മുടെ അന്തരംഗത്തിലുണ്ടായിരിക്കും. ‘ദൈവമേ കൈതൊഴാം കേൾക്കുമാറാകണം’ എന്നു് ബാലിക തൊഴുകൈയോടെ നിലവിളക്കിന്റെ മുൻപിലിരുന്നു ചൊല്ലുന്നതു കേൾക്കുമ്പോൾ ശ്രോതാവിനുണ്ടാകുന്ന അനുഭൂതിവിശേഷം അതു് ഇംഗ്ലീഷിലേക്കാക്കിപ്പറഞ്ഞാൽ ഉണ്ടാകുകില്ല.
വനഫൂലിന്റെ (ബാലചന്ദ് മുഖോപാധ്യായയുടെ) ‘താജ്മഹൽ’ എന്ന കഥ ഉദാഹരണമായിയെടുത്തു് ഇതു വ്യക്തമാക്കാം. ബംഗാളിക്കഥയാണു് ഇതെന്നു മറന്നല്ല ഞാൻ ഇതു പറയുന്നതു്. ബംഗാളിന്റെ സംസ്കാരവും കേരളത്തിന്റെ സംസ്കാരവും വിഭിന്നമല്ല. എന്നതുകൊണ്ടു മാത്രമാണു് ഞാൻ ഇക്കഥയെടുത്തു വിശദീകരിക്കുന്നതു്. ആഗ്രയ്ക്കടുത്താണു് വനഫൂൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതു്. ഒരു ദിവസം ഒരു വലിയ കുട്ടയുമായി ഒരു മുസൽമാൻ അദ്ദേഹത്തിന്റെ ഗെയ്റ്റ് കടന്നു് അകത്തെത്തി. ആ പാവത്തിന്റെ നട്ടെല്ല് കുട്ടയുടെ ഭാരം കൊണ്ടു വളഞ്ഞു പോയിരുന്നു. അയാൾ കുട്ട പണിപ്പെട്ടു താഴെവച്ചിട്ടു് വനഫൂലിനോടു പറഞ്ഞു. ആ കുട്ടയിലിരിക്കുന്നതു് തന്റെ ഭാര്യയാണെന്നു്. നാസിക പിളർന്നുപോകുന്ന ദുർഗന്ധം അതിൽനിന്നു ഉയർന്നു. വനഫൂൽ ആശുപത്രിയിലേക്കു് അവളെ മാറ്റി പരിശോധിച്ചു. അവളുടെ മുഖത്തിന്റെ പകുതിയോളം അഴുകിക്കഴിഞ്ഞു. ആ ഭാഗത്തെ പല്ലുകൾ ഡോക്ടർക്കു് ഭീകരദർശനമായി. കവിൾ അഴുകിയതുകൊണ്ടു് ആ പല്ലുകളാകെ വെളിയിൽ ആണു്. ആശുപത്രിയുടെ വരാന്തയിലാണു് വനഫൂൽ ആ രോഗിണിയെ കിടത്തിയതു്. വാട സഹിക്കാനാവാതെ മറ്റു രോഗികൾ പ്രതിഷേധിച്ചു. കമ്പൗണ്ടറോ ഡ്രെസ്സറോ അവളുടെ അടുത്തു പോകില്ല. ഭർത്താവു് ഭാര്യയുടെ അടുത്തുനിന്നു മാറിയതുമില്ല. പ്രതിഷേധം സഹിക്കാനാവാതെ ഡോക്ടർ ആ രോഗിണിയെ ആശുപത്രിവളപ്പിലെ ഒരു വലിയ മരത്തിന്റെ ചുവട്ടിലാക്കി. ഒരു ദിവസം വനഫൂൽ ഏതോ രോഗിയെ നോക്കിയിട്ടു തിരിച്ചെത്തി. കോരിച്ചൊരിയുന്ന മഴ. വൃദ്ധനും അയാളുടെ ഭാര്യയും മഴയിൽ കുതിർന്നു് മരച്ചുവട്ടിൽ നില്ക്കുന്നതു അദ്ദേഹം കണ്ടു. ഭാര്യ രക്ഷപ്പെടുമോ എന്നു് ഭർത്താവു ഡോക്ടറോടു ചോദിച്ചു. സത്യം പറയാതെ തരമില്ലെന്നായി അദ്ദേഹത്തിനു്. ‘ഇല്ല’ എന്നു വനഫൂൽ മുസൽമാനോടു പറഞ്ഞു.
തെല്ലകലെയാണു് ‘താജ്മഹൽ’. ഷാജഹാന്റെ മുംതാസിന്റെ ചരമസ്മാരകമാണതു്. ഒരു രാത്രി വനഫൂൽ അതിന്റെ അടുത്തേക്കു പോയി. ചന്ദ്രിക പരന്നൊഴുകുന്നു. മാന്ത്രികത്വമുള്ള താജ്മഹൽ അദ്ദേഹം കണ്ടു. മുംതാസ് ചന്ദ്രരശ്മി കൊണ്ടുള്ള സ്വപ്നസദൃശ്യമായ ‘ഷാൾ’ പുതച്ചു വനഫൂലിനെ സ്വീകരിക്കുന്നുവെന്നു് അദ്ദേഹത്തിനു തോന്നി. ആ മാന്ത്രികത്വത്തിനു വിധേയമായി അദ്ദേഹം ഒന്നും മിണ്ടാനാവാതെ താജ്മഹലിന്റെ മുൻപിൽ നിന്നു.
പ്രതിഭാശാലി കഥയെഴുതുമ്പോൾ ഓരോ വാക്കിനകത്തും ഊർജ്ജം കടത്തിവിടും. വായനക്കാരൻ കഥ വായിക്കുമ്പോൾ ആ ഊർജ്ജം വലിച്ചെടുത്തു ശക്തനായി പരിണമിക്കും.
ഈ സ്മരണ ഡോക്ടറിൽനിന്നു് വിട്ടുപോയില്ല. ഒരുദിവസം അദ്ദേഹം ആശുപത്രിയിലെത്തിയപ്പോൾ മരച്ചുവടു് ശൂന്യമായിരിക്കുന്നതു് കണ്ടു. അനേകദിവസങ്ങൾ കഴിഞ്ഞു. ഏതോ രോഗിയെ പരിശോധിച്ചിട്ടു് വനഫൂൽ തിരിച്ചു ആശുപത്രിയിലേക്കു വരുമ്പോൾ മുസൽമാൻ വയലിൽ എന്തോ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതു് അദ്ദേഹം കണ്ടു. വൃദ്ധൻ പൊട്ടിയ ചുടുകല്ലുകൾ പ്ലാസ്റ്റർ ചെയ്യുകയാണു്. ചെളി പൂശുകയായിരുന്നു അയാൾ കല്ലുകളിൽ. അയാൾ എന്തു ചെയ്യുന്നു എന്നു വനഫൂൽ ചോദിച്ചു.
“ഞാൻ എന്റെ ഭാര്യയുടെ ശവകുടീരം നിർമ്മിക്കുകയാണു്” എന്നു് അയാളുടെ മറുപടി.
വനഫൂൽ: “ശവകുടീരമോ?”
വൃദ്ധൻ: “അതേ ഹുസൂർ”
വനഫൂൽ നിശ്ശബ്ദനായി. കുറെക്കഴിഞ്ഞു് അദ്ദേഹം അയാളോടു ചോദിച്ചു.
“നിങ്ങൾ എവിടെ താമസിക്കുന്നു?”
“ഞാൻ ആഗ്രയിൽ ചുറ്റിനടന്നു യാചിക്കുന്നു” എന്നു മുസൽമാൻ.
“നിങ്ങളുടെ പേരെന്തു്?” എന്നു വനഫൂൽ. അയാളുടെ മറുപടി: ഷാജഹാൻ എന്നാണു്.
ഒരുവാക്കുപോലും പറയാനാവാതെ വനഫൂൽ അവിടെത്തന്നെ നിന്നു.
ഇക്കഥ വായിച്ചുതീർന്നപ്പോൾ ഒരു മിന്നൽപ്പിണർ എന്റെ മാനസിക മണ്ഡലത്തിലൂടെ പാഞ്ഞു. ഷാജഹാൻ ചക്രവർത്തിയെക്കാൾ ഞാൻ ആ മുസൽമാനെ സ്നേഹിച്ചു. ബഹുമാനിച്ചു. താജ് മഹൽ ഞാൻ കണ്ടിട്ടില്ല. ഇനി ഞാൻ കണ്ടാൽ അതിന്റെ മാന്ത്രികശക്തിക്കു് ഞാൻ അടിമപ്പെടുകയില്ല. എന്നെസ്സംബന്ധിച്ചിടത്തോളം ആ യാചകൻ പൊട്ടിയ ചുടുകല്ലുകളിൽ ചെളിതേച്ചു് നിർമ്മിച്ച ശവകുടീരമാണു് പ്രധാനം. അതിന്റെ സൗന്ദര്യം സാക്ഷാൽ താജ്മഹലിന്റെ സൗന്ദര്യത്തെക്കാൾ മികച്ചതാണു്.
താജ്മഹലിന്റെ മായികത്വത്തിൽ വായനക്കാരെ നയിച്ചതിനുശേഷം വനഫൂൽ നിത്യജീവിതത്തിന്റെ പാരുഷ്യത്തിലേക്കു കൊണ്ടു വരുന്നതു കാണേണ്ട കാഴ്ചയാണു്. ഇതും ഇതുപോലെയുള്ള കഥകളും വായിക്കുമ്പോൾ നമ്മുടെ അന്തരംഗത്തിനു പരിവർത്തനം വരുന്നു. നമ്മൾ കൂടുതൽ നന്മയുള്ളവരായിത്തീരുന്നു.
(വനഫൂലിന്റെ ഈ കഥയും അദ്ദേഹത്തിന്റെ മറ്റു അഞ്ചുകഥകളും “ബാലികാവധു” (Ballika Badhu) എന്ന ബംഗാളി കഥാസമാഹാരത്തിലുണ്ടു്. ശരത്ചന്ദ്ര ചട്ടോപാദ്ധ്യായ, വിഭൂതിഭൂഷൻ വന്ദ്യോപാദ്ധ്യായ, താരാശങ്കർ വന്ദ്യോപാദ്ധ്യായ ഇവരുടെയൊക്കെ കഥാരത്നങ്ങൾ ഈ ഗ്രന്ഥം ഉൾക്കൊള്ളുന്നു. Rupa & Co പ്രസാധനം. വില 195 രൂപ പുറങ്ങൾ 334.)

സംവത്സരങ്ങൾക്കു മുൻപു് തിരുവനന്തപുരത്തെ ജന്തുശാലയിൽ നിന്നു് ഒരു കാണ്ടാമൃഗം പുറത്തുചാടി. അതു മ്യൂസിയം വളപ്പിനു വെളിയിലായി റോഡിലൂടെ നടന്നു. ജന്തുശാലയിലെ സമർത്ഥരായ ജോലിക്കാർ അതിനെ പിടികൂടി കൂട്ടിലടച്ചു. ഞാൻ വിചാരിക്കുകയാണു്. കാണ്ടാമൃഗത്തിനു പകരമായി കടുവയാണു് കൂട്ടിൽനിന്നു രക്ഷപ്പെട്ടതെങ്കിലോ? എത്രയെത്ര പാവങ്ങളെ അതു കൊന്നുതിന്നേനേ. ആദ്യം ഒരോട്ടമാണു് കടുവയ്ക്കു്. മ്യൂസിയത്തിന്റെ തെക്കേ ഗെയ്റ്റിലൂടെ അതു റ്റാറിട്ട മെയിൻ റോഡിലെത്തും. ട്രാഫിക് കൺസ്റ്റബിൾ യൂണിഫോമിൽ നില്ക്കുകയാണു്. പൊലീസ് ഡിപാർട്മെന്റിലുള്ളയാളാണെന്നു് കടുവ വിചാരിക്കുമോ. ഇല്ല. ആ കാക്കിവേഷത്തിനകത്തു് മാംസമുണ്ടു്. അതു കടിച്ചുകീറിത്തിന്നാലെന്താ? കടുവയെക്കണ്ടു് പ്രാണനുംകൊണ്ടു് കൺസ്റ്റബിൾ വടക്കോട്ടൊരു ഓട്ടം. അയാൾ രക്ഷപ്പെട്ടു. ഓട്ടോറിക്ഷാ ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങളിൽ ഇരിക്കുകയാണു്. കടുവ അവരെ ആർത്തിയോടെ നോക്കുന്നു. അവരും ഓടി രക്ഷപ്പെടുന്നു. കടുവ വെള്ളയമ്പലമെന്ന സ്ഥലത്തേക്കു നടക്കുന്നു. സ്ത്രീപൊലീസ് ട്രാഫിക് നിയന്ത്രിച്ചു കൊണ്ടു് കെൽട്രോണിന്റെ മുൻവശത്തു നില്ക്കുന്നു. ആ സ്ത്രീയും കെൽട്രോൺ ഓഫീസിലേക്കു് ഓടി മറയുന്നു. അപ്പോഴാണു് ഒരു സുന്ദരി ഒരാഫീസിൽ നിന്നു് ഫുട്പാത്തിലേക്കു കാലെടുത്തു വയ്ക്കുന്നതു്. സുന്ദരിയാണു് തനിക്കു് അഭിമുഖമായി വരുന്നതെന്നു് കടുവ വിചാരിക്കുമോ? സുന്ദരി പലായനം ചെയ്യുന്നു. കടുവ വെള്ളയമ്പലമെന്ന സ്ഥലത്തെത്തി. വടക്കേ ഇന്ത്യയിൽ താമസിക്കുന്ന ഐശ്വര്യറോയി അവിടെയെത്തിയെന്നു വിചാരിക്കു. ഒരുവർഷം വേൾഡ് ബ്യൂട്ടിയായി വിജയം വരിച്ച ചെറുപ്പക്കാരിയാണു് അവളെന്നു വിചാരിക്കുമോ കടുവ? പൊലീസുകാരന്റെ വിയർപ്പിൽ മുങ്ങിയ ശരീരം കിട്ടിയാലെങ്ങനെ കടുവ തിന്നുമോ, അതേ മട്ടിൽ മൃദുലവും പരിമളമാർന്നതുമായ ആ സുന്ദരിയുടെ മാംസം കടിച്ചുകീറിത്തിന്നാൻ കടുവ ചാടിയേക്കും. ചുരുക്കത്തിൽ ഒരു പുരുഷനെയും ഒരു സ്ത്രീയെയും അവരായിത്തന്നെ ആ ക്രൂരമൃഗം കാണില്ല. മാംസമായിട്ടേ കാണൂ. വായനക്കാരെ മാംസമായി കാണാൻ കെ. രഘുനാഥൻ തുടങ്ങിയിട്ടു സംവത്സരങ്ങളേറെയായി. അദ്ദേഹത്തിന്റെ കഥയുടെ കടിയേറ്റു് അനുവാചകരെന്ന പാവങ്ങൾ മൃതപ്രായരായിരിക്കുന്നു. ഇത്തവണയും അദ്ദേഹത്തിന്റെ ഒരു കഥാവ്യാഘ്രം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ രാജരഥ്യയിൽ നാക്കുനീട്ടി ലാലാജലം ഒലിപ്പിച്ചു നടക്കുന്നു. അതുകണ്ട സാഹിത്യവാരഫലക്കാരൻ ഓടി രക്ഷപ്പെട്ടു. മറ്റു വായനക്കാരെന്ന കാൽനടത്തക്കാരോടു പി. ടി. ഉഷ ഓടുന്ന വേഗത്തിൽ ഓടാൻ സ്നേഹപരതന്ത്രനായ ഞാൻ ഉപദേശിക്കുന്നു. ഈ മൃഗത്തിന്റെ കടിയേല്ക്കരുതു്. ചത്തുപോകും.
പ്രതിഭാശാലി കഥയെഴുതുമ്പോൾ ഓരോ വാക്കിനകത്തും ഊർജ്ജം കടത്തിവിടും. വായനക്കാരൻ കഥ വായിക്കുമ്പോൾ ആ ഊർജ്ജം വലിച്ചെടുത്തു ശക്തനായി പരിണമിക്കും. സങ്കീർണ്ണമായി കഥയെഴുതുന്ന രഘുനാഥന്റെ ഒരു വാക്കിലും ഊർജ്ജമില്ല. പൊള്ളയായ വാക്കുകളുടെ സമാഹാരമാണു് അദ്ദേഹത്തിന്റെ രചനാവിശേഷം. കഥയുടെ സംഗ്രഹമൊന്നും നല്കേണ്ടതില്ല. തലവേദന ഉളവാക്കുന്നതാണു് അതിന്റെ പ്ലോട്ട്. ഒന്നേ എനിക്കു രഘുനാഥനോടു പറയാനുള്ളു. പാവങ്ങളായ വായനക്കാരെ ഇങ്ങനെ കടിച്ചുകീറിത്തിന്നാൻ കഥാകടുവകളെ കൂടുപൊളിച്ചു വിടരുതു് അദ്ദേഹം.
ചോദ്യം: കലയെക്കുറിച്ചു് പ്രതിപാദിക്കുന്ന ഏതു ഗ്രന്ഥമാണു് നിങ്ങൾ ഏറെ പ്രാവശ്യം വായിച്ചതു്?
ഉത്തരം: ഫ്രഞ്ച് എഴുത്തുകാരനും രാജ്യതന്ത്രജ്ഞനുമായ ആങ്ങ്ദ്രേ മൽറോ യുടെ “The Voices of Silence” എന്ന പുസ്തകം.
ചോദ്യം: നമ്മുടെ രാജ്യത്തിന്റെ സ്വഭാവ പ്രത്യേകതയിൽ നിങ്ങൾക്കു് അഭിമാനമില്ല?
ഉത്തരം: ഇല്ല. ഒരുകാലത്തും ഇന്ത്യക്കു് സ്വഭാവ സവിശേഷത ഉണ്ടായിരുന്നില്ല. മുഹമ്മദീയരുടെ ആക്രമണം നിമിത്തം സംസ്കൃതം ഇല്ലാതായി. അപ്പോൾ സ്വഭാവം പകുതിയോളം നഷ്ടമായി. ഈസ്റ്റ് ഇന്ത്യ കമ്പനി വന്നു് ഇംഗ്ലീഷ് അടിച്ചേല്പിച്ചപ്പോൾ ശേഷിച്ചതും നഷ്ടമായി. നമ്മുടെ സ്വഭാവ സവിശേഷത അല്പമെങ്കിലും നിലനിറുത്തുന്നതു് ഇംഗ്ലീഷ് അധ്യാപകരാണു്. അവർ മലയാളത്തിലേ സംസാരിക്കൂ. മലയാളാധ്യാപകർ ഇംഗ്ലീഷിലേ സംസാരിക്കുകയുള്ളൂ. അതു് അവരുടെ ‘ഇൻഫീരിയോറിറ്റി കോംപ്ലെക്സ് കൊണ്ടാണു്. ഹിന്ദി പഠിപ്പിക്കുന്നവർ ഗോസായി സംസ്കാരം നിലനിറുത്തുന്നു. താങ്കൾക്കറിയാമോ വിദ്യാർത്ഥികൾ മലയാളം പറഞ്ഞാൽ ശിക്ഷ നല്കുന്ന കോൺവെന്റ് സ്ക്കൂളുകൾ ഈ നാട്ടിൽ ഏറെയുള്ളതായി?
ചോദ്യം: നിങ്ങൾക്കു കഴിവുണ്ടെങ്കിൽ ഒരു ജാപ്പനീസ് ഹൈക്കേ എഴുതിക്കാണിക്കൂ?
ഉത്തരം: It is evening, O, a fool is asking me to write a haiku.
ചോദ്യം: ഈ ആഴ്ച നിങ്ങൾക്കു ഭാഗ്യമോ അതോ നിർഭാഗ്യമോ?
ഉത്തരം: ഭാഗ്യം. എന്റെ കാതു പൊടിക്കുന്ന റ്റെലിവിഷൻ സെറ്റ് കേടായി. പിന്നെ നിർഭാഗ്യമെന്നു പറയരുതു്. ദൗർഭാഗ്യമെന്നു പറയണം.
ചോദ്യം: സാഹിത്യകൃതികളിൽ വേണ്ടാത്ത സെക്സ് എഴുതുന്നവർ ജീവിതത്തിലും അങ്ങനെയാണോ?
ഉത്തരം: അല്ല. ഹെൻട്രി മില്ലർ കൃതികളിൽ അസഭ്യം എഴുതിയ ആളാണു്. പക്ഷേ, അദ്ദേഹം തന്നോടു തന്നെ കാർക്കശ്യം പുലർത്തിയിരുന്നു. തകഴി ശിവശങ്കരപ്പിള്ള യുടെ നോവലുകളിലും ചെറുകഥകളിലും ആവശ്യകതയിൽക്കവിഞ്ഞ സെക്സുണ്ടു്. എന്നാൽ തകഴി സദാചാര തൽപരനായിരുന്നു. നിത്യസംഭാഷണത്തിൽ അദ്ദേഹം ഒരസഭ്യപദം പോലും പ്രയോഗിക്കില്ല. അക്കാര്യത്തിൽ പുരുഷരത്നമായിരുന്നു തകഴി. നേരെ മറിച്ചാണു് ചിലരുടെ സ്ഥിതി. എഴുത്തിൽ സന്മാർഗ്ഗവാദി. പ്രവൃത്തിയിൽ ആഭാസൻ.
ചോദ്യം: തിരുവനന്തപുരത്തു് ആഹാരവസ്തുക്കളിൽ മായം ചേർക്കൽ വളരെക്കുടുതലാണല്ലേ?
ഉത്തരം: അതിനെക്കാൾ കൂടുതലാണു് നിത്യജീവിതത്തിൽ അധ്യാത്മികത്വത്തിന്റെ മായം ചേർക്കൽ. ഈ contamination കൊണ്ടു് ജീവിക്കാൻ വയ്യെന്നായിട്ടുണ്ടു്.
ചോദ്യം: പോസിറ്റിവിസം എന്നാൽ എന്താണു സാറേ?
ഉത്തരം: മനുഷ്യന്റെ നേത്രങ്ങൾകൊണ്ടു് കാണാൻ വയ്യാത്തതു് ‘ഇല്ല’ എന്നു പറയുന്നു ഒരു മണ്ടൻ ഫിലോസഫി.

പ്രോവൈസ് ചാൻസലറായിരുന്ന പി. ആർ. പരമേശ്വരപ്പണിക്കർക്കു് തിരുവനന്തപുരത്തെ സംസ്കൃത കോളേജിലെ അദ്ധ്യാപകനെയും കണ്ണിനു് കണ്ടുകൂടായിരുന്നു. ഒരു ദിവസം ഞാൻ ആ വിരോധത്തിനു് കാരണമെന്തെന്നു് അദ്ദേഹത്തോടു ചോദിച്ചു. പണിക്കർസ്സാറ് മറുപടി നല്കിയതു് ഇങ്ങനെ: “എന്റെ മേശയുടെ പൂട്ടു് കേടായാൽ അതു നന്നാക്കാൻ കൊല്ലനെ വിളിക്കണം. പ്രധാനമന്ത്രി ജവഹർലാൽ വിചാരിച്ചാൽ പൂട്ടിന്റെ കേടു് മാറ്റാൻ ഒക്കുകയില്ല. ഈ അധ്യാപകൻ ടെക്നിഷ്യനാണു്. നിത്യജീവിതവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ അവർക്കറിയാം. അവയെല്ലാം പാവപ്പെട്ട ചില പിള്ളേരുടെ തലയിൽ അവർ അടിച്ചു കേറ്റുന്നു. “പണിക്കർ സാറ് പറഞ്ഞതിൽ സത്യമില്ലാതില്ല. സംസ്കൃത കോളേജിൽ യാസ്കന്റെ നിരുക്തം പഠിപ്പിക്കുന്നുണ്ടോ എന്നെനിക്കു് അറിഞ്ഞുകൂടാ. പഠിപ്പിക്കുന്നെങ്കിൽ വേദത്തിലെ പദ്യങ്ങൾക്കു വ്യാഖ്യാനം നല്കുന്ന ആ ഗ്രന്ഥം കൊണ്ടെന്തു പ്രയോജനം? അതുപോലെ അന്ധവിശ്വാസജന്യമായ ജോത്സ്യം പഠിപ്പിക്കാൻ കൊച്ചുകുഞ്ഞാശാരി എന്ന പ്രഫെസർ അവിടെ ഉണ്ടായിരുന്നു. ഇതെല്ലാം ഒരുകണക്കിൽ ‘excess’ ആണു്. ഈ excess കൈകാര്യം ചെയ്യാൻ ടെക്നീഷ്യൻസ്. ഒന്നിലും excess—അമിതത്വം—പാടില്ല.
തകഴി ശിവശങ്കരപ്പിള്ളയുടെ നോവലുകളിലും ചെറുകഥകളിലും ആവശ്യകതയിൽക്കവിഞ്ഞ സെക്സുണ്ടു്. തകഴി സദാചാരതൽപ്പരനായിരുന്നു.
അടൂർ ഗോപാലകൃഷ്ണ ന്റെ ‘സ്വയംവരം’ എന്ന ചലച്ചിത്രം തിരുവനന്തപുരത്തെ പദ്മനാഭ തീയറ്ററിൽ പ്രദർശിപ്പിച്ചപ്പോൾ ഞാൻ അതു കാണാൻ പോയി അന്നു തന്നെ. അതിൽ നായികയായി അഭിനയിച്ച ശാരദയും ഫിലിം കാണാൻ എത്തി. സിനിമ തീർന്നപ്പോൾ ശാരദ കണ്ണീരൊഴുക്കിക്കൊണ്ടു് കാറിനടുത്തേക്കു നടക്കുന്നതു ഞാൻ കണ്ടു. എന്തിനാണു് അവർ കരഞ്ഞതു്? ചലച്ചിത്രത്തിന്റെ ദുരന്തസ്വഭാവം കണ്ടാണോ? തന്റെ അഭിനയപാഠവം നേരിട്ടുകണ്ടു് ഉണ്ടായ ആഹ്ലാദത്തിന്റെ കണ്ണീരായിരുന്നുവോ അതു്? അറിയാൻ വയ്യ. എന്തായാലും ശാരദയുടെ കണ്ണീരൊഴുക്കാൻ excess ആയിരുന്നു. എന്റെ വീട്ടിനകത്തു ശിവക്ഷേത്രമുണ്ടു്. അവിടെച്ചെന്നു് തൊഴുതിട്ടു് വികാരപാരവശ്യത്തോടെ വാതുറന്നു് ഭക്തജനങ്ങൾ റോഡിലേക്കു വരുന്നതു ഞാൻ പലപ്പോഴും കണ്ടിട്ടുണ്ടു്. എന്റെ കാരണവരുടെ ഭാര്യ ജി. ഭവാനിയമ്മ പറട്ടകളിൽ പറട്ടയായ തമിഴ് നോവലുകൾ വായിച്ചു കേൾപ്പിക്കുമായിരുന്നു എന്നെ. അവർ കൂടെക്കൂടെ കരയും. നായകൻ ട്രെയിൻ ‘മിസ്’ ചെയ്തു എന്നായിരിക്കും നോവലിൽ. ഭവാനി അമ്മയുടെ മൂക്കു ചുവക്കും. കണ്ണീർ നയാഗ്ര വെള്ളച്ചാട്ടം പോലെ ചാടും. എന്തിനു് ഈ excess എന്നു് ഞാൻ മനസ്സിൽ ചോദിക്കും. അമിതത്വം എവിടെയും നിന്ദ്യമാണു്.
കലയിലും സാഹിത്യത്തിനും excess പാടില്ല. അതു് കലാരാഹിത്യത്തിലേയ്ക്കു് നയിക്കുമാളുകളെ ഡിക്കൻസി ന്റെ “The Old Curiosity Shop എന്ന നോവലിലെ Little Nell without laughing.” വൈൽഡ്, ഡിക്കിൻസിന്റെ അതിഭാവുകത്വത്തെ ഈ വാക്യം കൊണ്ടു പരിഹസിക്കുകയായിരുന്നു എന്നതു സ്പഷ്ടം.

She was dead. Dear, gentle, patient, noble Nell was dead. Her little bird—a poor slight thing the pressure of a finger would have crushed—was stirring nimbly in its cage, and the strong heart of its child-mistress was mute and motionless for ever—എന്നു ഡിക്കൻസിന്റെ വാക്യങ്ങൾ. വായനക്കാരനോടു ‘കരയെടാ, ഇല്ലെങ്കിൽ ഞാൻ നിന്നെ കരയിക്കും’ എന്നു് പറയുന്നതുപോലെ എനിക്കു് വൈൽഡ് പറഞ്ഞതുപോലെ ചിരിക്കാനാണു് തോന്നിയതു്. ഈ അതിഭാവുകത്വം പോലെ—Sentimentalism പോലെ—നിന്ദ്യമാണു് അതിരുകടന്ന ധൈഷണികത്വവും, തോമസ് മാനി ന്റെ നോവലുകൾ ധിഷണാപരങ്ങളാണു്. our intellectual novelist എന്നാണു് ആളുകൾ അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിക്കുക. എന്തുകൊണ്ടു് അങ്ങനെ വിളിക്കുന്നു? “കടുകട്ടിയായ” ആശയാവിഷ്കാരത്തോടൊപ്പം ഭാവനാത്മകമായ ആഖ്യാനവും തോമസിന്റെ നോവലുകളിലുണ്ടു്. അവ രസജന്യങ്ങളത്രേ.
അതിഭാവുകത്വം, ധൈഷണികത്വം ഇവയെക്കാൾ അധമങ്ങളാണു് നിത്യജീവിതത്തെ അതേ രീതിയിൽ പകർത്തിവയ്ക്കുന്ന രചനകൾ.
അതിഭാവുകത്വം, ധൈഷണികത്വം ഇവയെക്കാൾ അധമങ്ങളാണു് നിത്യജീവിതത്തെ അതേ രീതിയിൽ പകർത്തി വയ്ക്കുന്ന രചനകൾ. ആ വിധത്തിൽ ഒരു രചനയാണു് മലയാളം വാരികയിലെ “കഥയിലേക്കു് ഒരു ക്ലാർക്കു് വീണ്ടും കടന്നു വരുന്നു” എന്ന “കഥ”. ഒരു ക്ലാർക്കിന്റെ ജീവിതം അതേപടി പകർത്തിവച്ചിരിക്കുന്നു കഥയെഴുതിയ ടി. എൻ. പ്രകാശ്. സാഹിത്യത്തിന്റെ ഭംഗിയോ മൃദുത്വമോ കാരുണ്യമോ ഇല്ലാത്ത രചന വായനക്കാർക്കു കാണണമെങ്കിൽ പ്രകാശിന്റെ ഇക്കഥ വായിച്ചാൽ മതി. മനുഷ്യത്വം ഒട്ടുമില്ലാത്ത ഇതു് വായനക്കാരെ കൊല്ലുന്നു. എന്തു വേണമെങ്കിലും ആയിക്കൊള്ളു. രചയിതാവു് അതാവരുതു്.
ഐൻസ്റ്റൈൻ: വ്യക്തിപരങ്ങളായ അഭിലാഷങ്ങളുടെ സാഫല്യത്തിനു് യത്നിക്കുന്ന ആൾ വൈകിയോ പിന്നീടോ കടുത്ത നൈരാശ്യത്തിലെത്തും.
ജീവിതത്തിൽ നിങ്ങൾക്കു് ആഹ്ലാദം വേണമെങ്കിൽ ഒരു ലക്ഷ്യത്തിൽ അതിനെ ബന്ധിപ്പിക്കണം. ആളുകളിലോ വസ്തുക്കളിലോ ആകരുതു് ആ ബന്ധം.
വ്യക്തിയുടെ അമരത്വത്തിൽ വിശ്വാസമില്ല എനിക്കു്.
ജി. ശങ്കരക്കുറുപ്പ്: ബിഷപ്പിന്റെ മുയൽ പർവ്വതത്തിൽ ഒരു ദ്വാരമുണ്ടാക്കി അതിനകത്തു കയറിരുന്നുകൊണ്ടു വിചാരിച്ചു. പർവ്വതത്തെ താങ്ങുന്നതു് അതാണെന്നു് അതുപോലെയാണു് ജോസഫ് മുണ്ടശ്ശേരി യുടെ വിചാരം.
നിങ്ങളെ എൻ. ഗോപാലപിള്ള ഉപദ്രവിക്കാൻ പോകുന്നതു് നേരത്തെ തന്നെ സർവകലാശാലയിലെ അധികാരികളെ അറിയിക്കണം.
ഇടപ്പള്ളി രാഘവൻപിള്ള: എന്റെ കവിതയാണു് ചങ്ങമ്പുഴ യുടെ കവിതയെക്കാൾ ഉത്കൃഷ്ടം. പക്ഷേ, യശസ്സു് ചങ്ങമ്പുഴയ്ക്കും.
പി. കുഞ്ഞിരാമൻനായർ: എന്റെ ഷഷ്ടിപൂർത്തി വേളയിൽ അനുജനായ നിങ്ങൾ എറിഞ്ഞ കല്ലുകൊണ്ടു് എന്റെ നെറ്റി പൊട്ടി ചോരയൊലിക്കുന്നു നോക്കൂ.
ചങ്ങമ്പുഴയെയാണു് ഇഷ്ടം അല്ലേ? ചങ്ങമ്പുഴയെക്കവിഞ്ഞൊരു കവിയില്ലെന്നു് നിങ്ങൾ ക്ലാസ്സിൽ പറഞ്ഞതു് ചില വിദ്യാർത്ഥികൾ എന്നെ അറിയിച്ചു.
പാലാ നാരായണൻനായർ: കാലത്തും വൈയ്കുന്നേരത്തും എരുമകളെ ചായക്കടയുടെ മുൻപിൽ കൊണ്ടുചെന്നു കെട്ടി പാലു കറന്നു് ഉടമസ്ഥനു് ഒഴിച്ചു കൊടുക്കും ചിലർ. അതുപോലെയാണു് അത്യന്താധുനിക കവികൾ കവിതയെഴുതി പത്രാധിപകർക്കു കൊടുക്കുന്നതു്.
നീ അധഃസ്ഥിതനാണു് എന്നുറപ്പിക്കാൻ വേണ്ടി വിപ്ലവ കവികൾ പൂന്തണലിൽ എന്നതിനു് പൂന്തണലില് എന്നു ശിഖണ്ഡിപ്രയോഗം നടത്തുന്നു. നീ എത്ര വിചാരിച്ചാലും ഭാഷ ശരിയായി എഴുതാൻ ഒക്കുകയില്ല എന്നു് അരക്കിട്ടു് ഉറപ്പിക്കാനാണു് ഈ പ്രയോഗം.
ഏതു കവിയെ വാഴ്ത്തിയാലും സമ്പൂർണ്ണമായ പ്രശംസ പാടില്ല. ഒരുടക്കു് ഇട്ടേക്കണം. പിന്നീടു് വേണ്ടി വന്നാൽ അറ്റാക്ക് ചെയ്യാം അതുവച്ചു്.
എം. പി. അപ്പൻ: ചങ്ങമ്പുഴയുടെ കവിത ഏകസ്സ്വരമാർന്നതാണെന്നു് നിങ്ങൾ എഴുതിയിരിക്കുന്നതു കണ്ടു. ഈ സത്യം ഇപ്പോൾ മാത്രമേ മനസ്സിലാക്കിയുള്ളോ? ഞാനിങ്ങനെ പറഞ്ഞെന്നു് നിങ്ങൾ രേഖപ്പെടുത്തരുതു്.

ശൂരനാട്ടു കുഞ്ഞൻ പിള്ള യും എൻ. ഗോപാലപിള്ള യും ഡോക്ടർ കെ. ഭാസ്കരൻ നായരും ഒരുമിച്ചിരുന്നു് സംസാരിക്കുന്നിടത്തു് ഞാൻ ചെന്നു കയറി. എൻ. ജി. പി.-ക്കു് അതു രസിച്ചില്ല. (എൻ. ജി. പി. ഗോപാലപിള്ള) നിങ്ങൾ ഇതു രേഖപ്പെടുത്തുന്നതു്.
നിങ്ങൾ ഇക്കാര്യം രേഖപ്പെടുത്തരുതു്.
ഞാനിങ്ങനെ പറഞ്ഞുവെന്നു് നിങ്ങൾ രേഖപ്പെടുത്തരുതു്.
കുമാരനാശാൻ മഹാകവിയാണു്. രേഖപ്പെടുത്തരുതേ.
ഡോക്ടർ കെ. ഭാസ്കരൻനായർ: മലയാളം ലക്ചറർമാർ വള്ളത്തോളിനെക്കുറിച്ചും കുമാരനാശാനെക്കുറിച്ചും ഉള്ളൂരിനെക്കുറിച്ചും പ്രസംഗിക്കും. എല്ലാ പ്രസംഗങ്ങളും ഒരുപോലെയിരിക്കും.
(പാവപ്പെട്ട എൻ.ജി.ഒ.യുടെ പുതിയ വീടുകണ്ടിട്ടു് ധർമ്മരോഷത്തോടെ) See: corruption.
കാമവികാരത്തിൽ ആറാട്ടു നടത്തുന്ന പീറക്കവിതകളെക്കുറിച്ചാണു് നിങ്ങൾ എഴുതുന്നതു്. ഭാരതീയസംസ്കാരത്തെക്കൂറിച്ചു് എഴുതണം നിങ്ങൾ.
ഇവന്മാർ എഴുതുന്ന കാളമൂത്രം പോലുള്ള ലേഖനങ്ങൾ ഞാൻ വായിക്കാറില്ല. അവ കണ്ടെന്നു ഭാവിക്കാറുമില്ല.
ഡോക്ടർ കെ. ഗോദവർമ്മ: ചങ്ങമ്പുഴ കൃഷ്ണപിള്ള ഇംഗ്ലീഷ് കവിതകളിൽ നിന്നു് ധാരാളം മോഷ്ടിച്ചിട്ടുണ്ടു്. അവയൊക്കെ നിങ്ങൾ എഴുതിത്തരണം എനിക്കു്.
നാലാങ്കൽ കൃഷ്ണപിള്ള: സുഗതകുമാരി ജന്മനാ കവിയണു്. ഒ.എൻ.വി. കുറുപ്പിന്റെ കവിത കൃത്രിമമാണു്.
മാന്യനും ഉത്തിഷ്ഠമാനനുമായ ഒരു നിരൂപകൻ: ഡെക്കഡന്റ് റൊമാന്റിസിസത്തിന്റെ മൂർദ്ധന്യാവസ്ഥയിലാണു് ഒ.എൻ.വിയുടെയും സുഗതകുമാരിയുടെയും കവിത. അവർക്കു് അവിടെനിന്നു് ഒരടിപോലും മുന്നോട്ടു വയ്ക്കാൻ കഴിയുകയില്ല. സാക്ഷാൽ കവി അയ്യപ്പപ്പണിക്കരാണു്.
എം. ആർ. ബി.: (വള്ളത്തോളിന്റെ മകൻ ചിറ്റൂരെ തത്തമംഗലത്തു താമസിക്കുന്നു എന്നു പറഞ്ഞ എന്നോടു്) വള്ളത്തോളിന്റെ ഏതു ഭാര്യയിലെ മകൻ?
എ. ബാലകൃഷ്ണപിള്ള: നിങ്ങൾക്കു വിപ്ലവസാഹിത്യത്തിലാണു് താൽപര്യമെങ്കിൽ ഹൗപ്റ്റ്മാൻ എന്ന ജർമ്മൻ നാടകകർത്താവിന്റെ ‘Weavers’എന്ന നാടകം വായിക്കൂ.
എൻ. വി. കൃഷ്ണവാരിയർ കവിതയെ ശുഷ്കപദ്യമാക്കി എന്നു നിങ്ങളെഴുതിയതു് ശരിയല്ല. അതു തിരുത്തിയെഴുതണം.
യാത്രപറഞ്ഞു മുറ്റത്തിറങ്ങിയ എന്നോടു് രോഗാർത്തനായ അദ്ദേഹം എൻ. വി. കൃഷ്ണവാരിയർ നല്ല കവിയാണെന്നു് നിങ്ങൾ തിരുത്തിയെഴുതാൻ മറക്കരുതു്.
ശൂരനാട്ടു കുഞ്ഞൻപിള്ള: ഉള്ളൂരിന്റെ കവിത ഷെയ്ക്സ്പിയറിന്റെ കവിതയ്ക്കു തുല്യമാണു്. ചിലപ്പോൾ ഷെയ്ക്സ്പിയറെ അതിശയിക്കുകയും ചെയ്യും ഉള്ളൂർ.
കെ. സുരേന്ദ്രൻ: എൻ ഗോപാലപിള്ള ഉപ്പുമാങ്ങാഭരണിയാണു്. അറിവിന്റെ ശകലങ്ങൾ അദ്ദേഹത്തിൽ നിറച്ചുവച്ചിരിക്കുന്നു. പ്രാക്റ്റിക്കൽ ആഅല്പിക്കേഷനില്ല.
എൻ. ഗോപാലപിള്ള: ജി ശങ്കരക്കുറുപ്പിന്റെ കവിത കവിതയല്ല. അതു വെറും ടെക്നിക്കാണു്. കൃഷ്ണൻ നായർ ശ്രമിച്ചുനോക്കൂ. കുറുപ്പിനെപ്പോലെ എഴുതാൻ സാധിക്കും.
എം. എച്ച്. ശാസ്ത്രികൾ: ശ്രീരാമനെ നേരിട്ടു കണ്ടു പൂജിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടു് ശ്രീരാമന്റെ പ്രതിമ വച്ചു പൂജിക്കുന്നതു ഔപചാരികകർമ്മം. ആമുഖ്യപ്രക്രിയ എന്നർത്ഥം. അതിനാൽ formal എന്ന അർത്ഥത്തിൽ ഔപചാരികം എന്നു പ്രയോഗിച്ചുകൂടാ. ഔപചാരികം informal ആണു്…