സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2002-03-15-ൽ പ്രസിദ്ധീകരിച്ചതു്)

images/Osip_Mandelshta.jpg
ഒസ്യിപ് മൻസിൽഷ്തം

റ്റെലിഫോണിലൂടെയുള്ള അന്യോന്യസംഭാഷണം പലപ്പോഴും അസ്വസ്ഥതയുളവാക്കും. മലയാളികൾ സംഭാഷണം നടത്തുമ്പോഴാണു് ഈ വ്യാകുലത ജനിക്കുന്നതു്. കേരളത്തിനു വെളിയിലുള്ളവരോടു സംസാരിച്ചാൽ അസ്വസ്ഥതയില്ല. റ്റെലിഫോണിന്റെ മണിനാദം കേട്ടാലുടനെ ഞാൻ റിസീവറെടുത്തു ‘കൃഷ്ണൻ നായർ’ എന്നു പറയും. അതു കേട്ടാലുടനെ പേരു പറയുകയില്ല. വിളിക്കുന്നയാൾ. “സാർ സാഹിത്യവാരഫലത്തിന്റെ ഒരു വായനക്കാരനാണു്. എനിക്കൊരു സംശയം.” “പറയൂ എന്താ സംശയമെന്നു്” എന്നു ഞാൻ. സംശയം പറയുന്നു. എനിക്കറിയാമെങ്കിൽ പറഞ്ഞു കൊടുക്കുന്നു ഉത്തരം. റ്റെലിഫോൺ താഴെ വയ്ക്കുന്നതിനു മുൻപു് ഞാൻ തിടുക്കത്തിൽ ചോദിക്കുന്നു—“ആരാണു് വിളിച്ചതു്?” മറുപടി “ഞാൻ ഇവിടെ ഒരാഫീസിൽ ജോലിയാണു്.” ഇത്രയും പറഞ്ഞിട്ടു് ‘ടക്’ എന്ന ശബ്ദം കേൾപ്പിച്ചുകൊണ്ടു് അയാൾ റിസീവർ താഴെ വയ്ക്കുന്നു. കവിളിൽ അടിയേറ്റതു പോലെ ഞാൻ സ്തംഭിച്ചു നില്ക്കുന്നു. ഇവരൊക്കെ കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണനെ കണ്ടു പഠിക്കണം. അദ്ദേഹത്തെ വിളിച്ചാൽ റിസീവറെടുത്തു് “ബാലൻ” എന്നു ഉടനെ പറയും. പ്രെഫസർ ജി. എൻ. പണിക്കരും അങ്ങനെയാണു്. “പണിക്കരാണു് സംസാരിക്കുന്നതു്” എന്നു് അദ്ദേഹം ആ നിമിഷത്തിൽത്തന്നെ അറിയിക്കും. ഈ മാന്യത ഇവിടത്തെ റ്റെലിഫോൺ വിളിക്കാർക്കു് കൂടെ ഉണ്ടായെങ്കിൽ! ഇക്കാര്യത്തിൽ സ്ത്രീകളാണു് കൂടുതൽ സാപരാധകൾ. ഒരിക്കൽ വിളിച്ചാൽ അരമണിക്കൂറോളം സംസാരിക്കും അവർ. നൂറിനു നൂറുപേരും സ്വന്തം പേരു പറയുകയില്ല. എവിടെയാണു് ജോലിയെന്നു് അറിയിക്കുകയില്ല. പേരെന്തെന്നു് കൂടെകൂടെ ചോദിച്ചാൽ പേരു മാറ്റിപ്പറയും. നമ്മൾ പുരുഷന്മാരതു് വിശ്വസിക്കുകയും ചെയ്യും.

രാവണനാകാൻ എനിക്കാഗ്രഹമുണ്ടു്. എന്നാൽ പത്തു നാക്കുകൾ കൊണ്ടു് എനിക്കു സമകാലിക കവിതയെ നിന്ദിക്കാമല്ലോ.

ചില പുരുഷന്മാർ തെമ്മാടികളാണു്. റ്റെലിഫോണിൽ വിളിക്കുന്നു. അവരിൽ ഒരാളെന്നിരിക്കട്ടെ. സ്ത്രീയാണു് റിസീവറെടുക്കുന്നതെങ്കിൽ, നമ്പർ തെറ്റിപ്പോയെങ്കിൽ wrong number എന്നു പറയും. പക്ഷേ, വിളിക്കുന്നവൻ തുടരും. “റോങ്ങ് നമ്പറോ? അവിടത്തെ നമ്പരെത്ര?” സ്ത്രീകളല്ലേ? അവർ അത്രവേഗം ക്ഷോഭിക്കില്ല. നമ്പർ പറയുന്നു. “സ്ഥലമെവിടെ?” സ്ഥലവും പറയുന്നു സ്ത്രീ. തുടർന്നു അയാൾ പല ചോദ്യങ്ങളും കമ്പിയിലൂടെ എറിയുന്നു. സ്ത്രീയുടെ ശബ്ദം മാധുര്യമേറിയതാണല്ലോ. അതുകൊണ്ടു് അനവരതം ചോദ്യങ്ങൾ തന്നെ. നിഷ്കളങ്കയായ സ്ത്രീ ഉത്തരങ്ങൾ നല്കുകയും ചെയ്യും. സ്വരത്തിനുടെ മാധുര്യം കേട്ടാൽ ഒരുത്തിയെന്നു തീരുമാനിക്കാമെന്നു് ഉണ്ണായിവാരിയർ. സാത്ത്വികനായ ഉണ്ണായിവാരിയർ സ്ത്രീയുടെ മധുരശബ്ദത്താൽ ആകർഷിക്കപ്പെടുമെങ്കിൽ നമ്മുടെ ഇവിടത്തെ അലവലാതികളെക്കുറിച്ചു് എന്തു പറയാനിരിക്കുന്നു!

ഒസ്യിപ് മൻദിൽഷ്തം (Osip Mandelshtam, 1891–1938) റഷ്യൻ മഹാകവിയാണു്. സ്റ്റാലിനെ അധിക്ഷേപിച്ചു് കവിതയെഴുതിയതിനു് അദ്ദേഹം 1934-ൽ അറസ്റ്റ് ചെയ്യപ്പെട്ടു. ആശുപത്രിയിലായ ആ കവി ആത്മഹനനത്തിനു ശ്രമിച്ചു. 1937-ൽ മോചനം നേടിയ ആ കവിയെ 1938-ൽ വീണ്ടും അറസ്റ്റ് ചെയ്തു. തടങ്കൽപ്പാളയത്തിലേക്കു കൊണ്ടുപോയ അദ്ദേഹത്തിനെക്കുറിച്ചു് പിന്നീടൊന്നും കേട്ടില്ല. മൻദിൽഷ്തമ്മിന്റെ ഭാര്യ നദ്യേഷ്ദ (Nadezhada) അദ്ദേഹത്തിനു് എഴുതിയ കത്തു് നോക്കുക.

images/Alain_de_Botton.jpg
Alain De Bottom

പ്രിയതമാ ഈ കത്തെഴുതാൻ എനിക്കു വാക്കുകളില്ല. ഒരുപക്ഷേ, അങ്ങ് ഇതു വായിച്ചെന്നു വരില്ല. ശൂന്യസ്ഥലത്താണു് ഞാനിതു് എഴുതുന്നതു്. ഒരു പക്ഷേ, അങ്ങ് തിരിച്ചുവരുമായിരിക്കും. അപ്പോൾ ഞാൻ ഇവിടെ കണ്ടില്ലെന്നു വരാം. ജീവിതം ദീർഘമായിരിക്കാം. നമ്മൾക്കു് ഒറ്റയ്ക്കായി മരിക്കാനിടവരുന്നതു് എത്ര കഠിനം. വേർപിരിയാത്ത നമുക്കു് ഇതാണോ വിധി? എന്റെ ഒടുവിലത്തെ സ്വപ്നത്തിൽ ഞാൻ വൃത്തികെട്ട ഒരു ഹോട്ടലിൽ നിന്നു് അങ്ങേയ്ക്കു് ഭക്ഷണം വാങ്ങുകയായിരുന്നു… ഞാൻ ഉണർന്നപ്പോൾ ഷൂരയോടു പറഞ്ഞു ഒസ്യിപ് മരിച്ചു. അങ്ങ് ഇപ്പോഴും ജീവിച്ചിരിക്കുന്നോ എന്നു് എനിക്കറിഞ്ഞുകൂടാ. പക്ഷേ, കിനാവു കണ്ട സമയം തൊട്ടു് അങ്ങ് എവിടെയാണെന്നു് എനിക്കറിഞ്ഞുകൂടാ. അങ്ങു ഞാൻ പറയുന്നതു കേൾക്കുമോ? ഞാൻ അങ്ങയെ എത്രമാത്രം സ്നേഹിക്കുന്നുവെന്നതു് അറിയാമോ? അതു് എനിക്കു പറയാൻ ഒക്കുകില്ല. ഇപ്പോഴും അതു പറയാൻ എനിക്കു വയ്യ. ഞാൻ അങ്ങയോടു മാത്രമേ സംസാരിക്കുന്നുള്ളൂ. അങ്ങയോടു മാത്രം. അങ്ങ് എപ്പോഴും എന്റെ കൂടെയുണ്ടു്. അനിയന്ത്രിതമായി കോപിക്കുന്ന ഞാൻ, ലളിതമായി കണ്ണീരൊഴുക്കാൻ കഴിയാത്ത ഞാൻ കരയുന്നു, കരയുന്നു, കരയുന്നു, കരയുന്നു. ഇതു് ഞാനാണു്, നാദിയ. അങ്ങ് എവിടെയാണു്?

ഹൃദയഭേദകമായ ഈ കത്തെഴുതിയ നദ്യേഷ്ദയെ നമ്മൾ കണ്ടിട്ടില്ല. അവരുടെ ഭർത്താവായ മഹാകവിയെയും നമ്മൾ കണ്ടിട്ടില്ല. എങ്കിലും ഇതു വായിക്കുമ്പോൾ നമ്മുടെ ഹൃദയം പിടയുന്നു. ഈ അവസ്ഥാവിശേഷം നമുക്കു് ഉളവാക്കുന്ന വാക്കുകളുടെ ശക്തിയെ Literary Seduction എന്നു് ഫ്രാൻസെസ് വിൽസൻ വിളിക്കുന്നു. പ്രൂസ്തിനെക്കുറിച്ചു് ‘How Proust Can Change Your Life’ എന്ന നല്ല പുസ്തകമെഴുതിയ Alain De Bottom ഇതിനെപ്പറ്റി പറഞ്ഞതു് I was seduced എന്നാണു്. പ്രിയപ്പെട്ട വായനക്കാർക്കു് വശീകരിക്കപ്പെടാൻ താൽപര്യമുണ്ടെങ്കിൽ ഫ്രാൻസെസിന്റെ ഈ പുസ്തകം വായിക്കൂ (Literary Seductions, Frances Wilson, faber and faber, pp. 258). എന്താണു് സാഹിത്യത്തെസ്സംബന്ധിച്ച വശീകരണം? ഗ്രന്ഥകർത്ത്രിയുടെ മതം സംഗ്രഹിച്ചെഴുതാം. വശീകരണം ഒരു പ്രതികരണമാണു്. ഭാഷയുടെ വശീകരണത്തിനു് അടിമകളാകുന്നു ചില എഴുത്തുകാർ. രചന മാത്രമാണു് അവരുടെ അഭിലാഷവസ്തു. അവർ രചനയ്ക്കു് നിർബന്ധരാകുന്നു. ജീവിതത്തെ പണയപ്പെടുത്തിയും അവർ എഴുതും. വാക്കുകൾ അവർക്കു് ഒരുതരത്തിൽ ‘ത്രിൽ’—തുടനം—ഉളവാക്കും. അവർ അതിനുവേണ്ടി മാത്രം എഴുതുന്നു. ഈ വശീകരണം ഹാർഡിയുടെ ഒരു ചെറുകഥയിൽ എങ്ങനെ കാണുന്നു എന്നു വ്യക്തമാക്കാൻ ഗ്രന്ഥകർത്ത്രി പറയുന്നുണ്ടു്. അനതിവിസ്തരമായി. ഞാൻ അക്കഥ പണ്ടേ വായിച്ചുള്ളതുകൊണ്ടു് കൂടുതൽ വിശദമായി ആവിഷ്കരിക്കാം. ‘On the Western Circuit’ എന്നാണു് ചെറുകഥയുടെ പേരു്. ലണ്ടനിലെ ഒരഭിഭാഷകൻ വാർഷികപ്രദർശനം നടക്കുന്ന വേളയിൽ അക്ഷരശൂന്യനായ, സുന്ദരിയായ ഒരു പെൺകുട്ടിയെക്കണ്ടു് രാഗത്തിൽ പതിക്കുന്നു. എഡിത് എന്നയുവതി ഭർത്താവിനോടൊരുമിച്ചു് താമസിക്കുന്ന വീട്ടിലാണു് പെൺകുട്ടിയും താമസിക്കുക. പരിചാരികയാക്കാൻവേണ്ടി അവളെ സ്വന്തം വീട്ടിൽ വിളിച്ചു താമസിപ്പിച്ചിരിക്കുകയാണു് എഡിത്. പത്തു മിനിറ്റു് നേരത്തേക്കു പ്രദർശനസ്ഥലത്തു പോകാൻ അന്നയ്ക്കു് (പെൺകുട്ടിയുടെ പേരു് അതാണു്) അനുമതി നല്കിയിരുന്നു എഡിത്. അവൾ തിരിച്ചെത്താൻ വൈകിയതുകൊണ്ടു് എഡിത് തന്നെ അന്വേഷിച്ചുപോയി. അന്ന ഒരു യുവാവിനോടു സംസാരിച്ചുനില്ക്കുന്നതു് എഡിത് കണ്ടു.

images/Tsvetaeva.jpg
റ്റ്സ്വൈഈതായവ

അഭിഭാഷകന്റെ പ്രേമലേഖനങ്ങൾ പതിവായി അന്നയ്ക്കു് വരാൻ തുടങ്ങി. വിദ്യാഭ്യാസമില്ലാത്ത അന്ന എഡിത്തിനെക്കൊണ്ടു് കത്തുകൾ വായിപ്പിച്ചു. പ്രേമം തുളുമ്പിനിന്ന മറുപടികൾ എഡിത് തന്നെ അവൾക്കു് എഴുതിക്കൊടുത്തു. കത്തിന്റെ ഒടുവിൽ ‘അന്ന’ എന്നെഴുതുകയും ചെയ്തു. പ്രേമലേഖനങ്ങളുടെ മാന്ത്രികശക്തിക്കു് വിധേയരായ അഭിഭാഷകൻ—ചാൾസ്—അന്നയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹം നടന്നു. ചാൾസിന്റെ നിർബന്ധമനുസരിച്ചു് അന്നയ്ക്കു നവവരന്റെ സഹോദരിക്കു് കത്തെഴുതേണ്ടിവന്നു. അതോടെ സത്യം വ്യക്തമായി. താനെഴുതിയ കത്തുകളുടെ കർത്തൃത്വം എഡിത്തിനാണെന്നു് അന്ന സമ്മതിച്ചു.

“നീ എന്ന ചതിച്ചു. നശിപ്പച്ചു.” ചാൾസ് എഡിത്തോടു് പറഞ്ഞു.

“എനിക്കു് ആഹ്ലാദമൂണ്ടാകാൻ വേണ്ടിയാണു് ഞാനതു ചെയ്തതു്” എന്നു് എഡിത്.

“അതു് എന്തുകൊണ്ടു് നിനക്കു് ആഹ്ലാദമുണ്ടാക്കി?” എന്നു ചാൾസിന്റെ ചോദ്യം.

“ഞാനതു പറയില്ല” എന്ന അവളുടെ മറുപടി. ഗാഢാലിംഗനത്തിനു ശേഷം ചാൾസും എഡിത്തും പിരിഞ്ഞു.

അന്നയും ഭർത്താവും തീവണ്ടിയിൽ പോകുകയാണു്. ചാൾസിന്റെ വീട്ടിലേക്കു്. പോക്കറ്റ് ബുക്കിൽ വച്ചിരുന്ന ആ കത്തുകൾ ഓരോന്നായി വായിച്ചു ചാൾസ്. അയാളെ ഈശ്വരനെന്നു വിചാരിച്ചു് അന്ന അടുത്തുവന്നു ചോദിച്ചു: “പ്രിയപ്പെട്ട ചാൾസ്. അങ്ങ് എന്തു ചെയ്യുന്നു?”

“അന്ന” എന്നു് ഒപ്പിട്ട മധുരതമായ കത്തുകളാകെ ഞാൻ വായിക്കുകയാണു് എന്നു് അയാൾ വൈരസ്യത്തോടെ മറുപടി നല്കി.

ഇവിടെ കത്തുകൾ എഴുതുന്നതു് ഒരു സ്ത്രീ. ആ കത്തുകൾ വായിച്ചു് കാമുകൻ തെറ്റിദ്ധാരണയിൽ വീഴുന്നു കാമുകി എഴുതിയതാണു് അവയെന്നു്. ആ എഴുത്തുകളിലൂടെ അയാൾ കാമുകിയുടെ—അന്നയുടെ—ജീവിതത്തിലേക്കു കടന്നു ചെല്ലുന്നു. പക്ഷേ, കത്തുകൾ ആരുടെ ചിത്തവൃത്തികളെ പ്രകാശിപ്പിക്കുന്നു എന്നു മനസ്സിലാക്കിയതോടെ അയാൾ അവ എഴുതിയ സ്ത്രീയെ സ്നേഹിച്ചു തുടങ്ങുന്നു. ഭാര്യയോടുകൂടി തീവണ്ടിയിൽ പോകുമ്പോഴും മാന്ത്രികത്വമുള്ള ആ കത്തുകൾ വായിച്ചു രസിക്കുകയാണു് അയാൾ. രചനയാൽ വശീകരിക്കപ്പെടുന്ന പുരുഷനെയാണു് നമ്മൾ ഇക്കഥയിൽ കാണുന്നതു്. ഹാർഡി കഥ എഴുതിയപ്പോൾ ഇതെല്ലാം ഉദ്ദേശിച്ചിരുന്നോ എന്നു സംശയം. ഉദ്ദേശിച്ചില്ലെങ്കിൽത്തന്നെ ഇതാകുമെന്നാണു് എനിക്കു തോന്നുന്നതു്. ബർഗ്സോങ്ങ് എന്ന ഫ്രഞ്ച് തത്ത്വചിന്തകന്റെ ചിന്താമണ്ഡലത്തെ ബർനാഡ് ഷാ അനാവരണം ചെയ്തപ്പോൾ അദ്ദേഹം (ബർഗ്സോങ്ങ്) പറഞ്ഞു. ഷാ പറഞ്ഞതെല്ലാം തന്റെ തത്ത്വചിന്തയില്ലെന്നു്. ഷായുടെ മറുപടി രസകരമായിരുന്നു. ബർഗ്സോങ്ങിനു് സ്വന്തം തത്ത്വചിന്ത സമ്പൂർണ്ണമായും ഗ്രഹിക്കാനായില്ല എന്നാണു് ഷാ പറഞ്ഞതു്. എഴുത്തുകാരൻ കാണാത്ത ‘ഡൈമൻഷൻ’ (മാനം) കണ്ടുപിടിക്കുന്നവനാണു് നിരൂപകൻ. അതുകൊണ്ടു് ഈ ഗ്രന്ഥകർത്ത്രിയുടെ ശ്രമം നിഷ്ഫലമല്ല എന്ന മതമാണെനിക്കു്.

വേറൊരാളെക്കൊണ്ടു് എഴുതിക്കുന്നവനും ഗോസ്റ്റ് റ്റെറ്റിങ്ങ് നടത്തുന്നവനും ഒരുപൊലെ നിന്ദ്യന്മാരാണു്.

ഫ്രാൻസെസ് ഇതുപോലെയുള്ള വശീകരണങ്ങളെക്കുറിച്ചു് ഉപന്യസിക്കുന്നുണ്ടു്. അവയിലെല്ലാം അവരുടെ തുളച്ചുകയറുന്ന ധിഷണാശക്തി സംദൃശ്യമാണു്. ഒരു കാര്യം മറുപടി പറഞ്ഞുകൊണ്ടു് ഞാനിതു് അവസാനിപ്പിക്കാം. മറ്റൊരു റഷ്യൻ മഹാകവിയാണു് അന്ന ആഹ്മാതവ (Anna Akhmatova, 1889–1966, സ്ത്രീ). വേറൊരു പ്രതിഭാശാലിനി റ്റ്സ്വൈഈതായവ യെ (Marina Tsvetayeve, 1892–1941)-നെക്കുറിച്ചു് അന്ന ഒരു നിരൂപകനോടു ചോദിച്ചു. ‘Oh. remarkable’ എന്നു് അയാൾ മറുപടി പറഞ്ഞപ്പോൾ അന്ന—സാഹിത്യത്തിലെ വശീകരണക്കാരി എന്ന പദവി സൂക്ഷിക്കുന്ന അന്ന—അയാളോടു ചോദിച്ചു: “പക്ഷേ, അവരെ സ്നേഹിക്കാനൊക്കുമോ” എന്നു്. “സ്നേഹിക്കാതിരിക്കാൻ ഒക്കുകയില്ല” എന്ന നിരൂപകന്റെ മറുപടി റ്റ്സ്വൈഇതാവയ്ക്കു് ആഹ്മാതവയുടെ കവിതയെക്കുറിച്ചു വലിയ അഭിപ്രായമാണുണ്ടായിരുന്നതു് അവർ ഒരിക്കൽ ആഹ്മാതവയ്ക്കു് എഴുതി അയച്ചു.

At a sleepy, morning hour,

it seems as it was four fifteen-

I fell in love with you

Anna Akhmatova

ഇതാണു് യഥാർത്ഥമായ literary seduction. സാഹിത്യത്തിലെ ഈ വശീകരണശക്തിയെക്കുറിച്ചറിയാൻ കൊതിയുള്ളവർക്കു് ഈ പുസ്തകം പ്രയോജനം ചെയ്യും.

ചോദ്യം, ഉത്തരം

ചോദ്യം: സ്ത്രീകളുടെ സ്വഭാവത്തിൽ നിങ്ങൾക്കു രസിക്കാത്തതായി വല്ലതുമുണ്ടോ?

ഉത്തരം: ഉണ്ടു്. സാരിക്കടയിൽ നിന്നു് സാരി വാങ്ങിക്കൊണ്ടു വരും. ചെരിപ്പു കടയിൽ നിന്നു് ചെരിപ്പും. അടുത്തദിവസം രണ്ടും മാറ്റിവാങ്ങാൻ കടകളിലേക്കു പോകും. ഒരു പുരുഷനും ഇതു ചെയ്യുകയില്ല.

ചോദ്യം: എല്ലാ എഴുത്തുകാർക്കും സൗന്ദര്യബോധമില്ലേ?

ഉത്തരം: എഴുത്തുകാരുടെ ഭാര്യമാരെ നോക്കിയാൽ സത്യം മനസ്സിലാക്കാം. ഒരെഴുത്തുകാരന്റെയും ഭാര്യയെ സുന്ദരിയായി ഞാൻ കണ്ടിട്ടില്ല.

ചോദ്യം: താൻ എഴുതുന്നതിനുപകരം വേറൊരാളെക്കൊണ്ടു എഴുതിച്ചു് അതു വാരികയിൽ കൊടുക്കുന്നവരെക്കുറിച്ചു് എന്താണു് അഭിപ്രായം?

ഉത്തരം: അങ്ങനെ മറ്റൊരൾക്കു് വേണ്ടി എഴുതുന്നവനെ ഗോസ്റ്റ് റെറ്റർ എന്നു ഇംഗ്ലീഷിൽ പറയും. ആ രീതിയിൽ ജനവഞ്ചന നടത്തുന്നവരെ നാട്ടിൽ നിന്നു് ബഹിഷ്കരിക്കേണ്ടതാണു്. ‘എനിക്കിന്നു് കളിക്കാൻ തോന്നുന്നില്ല. പകരം നീയൊന്നു കളിച്ചേരേ’ എന്നു് ഭർത്താവു് ഭാര്യയോടു പറഞ്ഞാൽ അവൾ അതുപോലെ കളിച്ചാൽ നമ്മൾ രണ്ടുപേരെയും പുച്ഛിക്കില്ലേ? വേറൊരാളെക്കൊണ്ടു് എഴുതിക്കുന്നവനും ഗോസ്റ്റ് റെറ്റിങ്ങ് നടത്തുന്നവനും ഒരുപൊലെ നിന്ദ്യന്മാരാണു്.

ചോദ്യം: നിങ്ങൾ നിരൂപകനല്ല. രാവണനാണു്. യോജിക്കുന്നോ?

ഉത്തരം: നിരൂപകനല്ല എന്നതിനോടു യോജിക്കുന്നു. രാവണനാകാൻ എനിക്കാഗ്രഹമുണ്ടു്. എന്നാൽ പത്തു നാക്കുകൾ കൊണ്ടു് എനിക്കു സമകാലിക കവിതയെ നിന്ദിക്കാമല്ലോ

ചോദ്യം: സ്ത്രീ പുരുഷനെ അപേക്ഷിച്ചു നല്ലവളല്ലേ?

ഉത്തരം: അതിലെന്താ ഇത്ര സംശയം? പുരുഷൻ ബലാത്സംഗം നടത്തും. സ്ത്രീ അതു ചെയ്യുകയില്ല.

ചോദ്യം: യഥാർത്ഥകവിയും നിങ്ങൾ എപ്പോഴും ചീത്ത പറയുന്ന ആധുനിക കവിയും തമ്മിൽ എന്താ അത്രയ്ക്കു വ്യത്യാസം?

ഉത്തരം: നല്ല കവി അതുവരെ നമ്മൾ കണ്ടിട്ടില്ലാത്ത വസ്തുവിനെയും ഗ്രഹിച്ചിട്ടില്ലാത്ത വസ്തുതകളെയും വാക്കുകൾകൊണ്ടു് പ്രത്യക്ഷങ്ങളാക്കുന്നു. ആധുനിക കവി ഉള്ള വസ്തുവിനെയും വസ്തുതകളെയും ഭയം തോന്നിപ്പിക്കുന്ന മട്ടിൽ ആവിഷ്കരിക്കുന്നു.

ചോദ്യം: നിരൂപണം എഴുതുന്നവർ സഹൃദയരെ നേരായ മാർഗ്ഗത്തിൽ നയിക്കുകയല്ലേ?

ഉത്തരം: കേരളത്തിലെ നവീന നിരൂപകർ നിരൂപണം മതിയാക്കുന്നതാണു് നല്ലതു്. സർക്കാർ അവർക്കു ജന്തുശാലയിലെ കടുവകൾക്കു പല്ലു തേച്ചു കൊടുക്കുന്ന ജോലി നല്കണം.

പറയരുതു്, കാണിക്കണം
images/Oscar_Wilde.jpg
ഒസ്കർ വൈൽഡ്

ഐറിഷ് കവിയും നാടകകർത്താവുമായ ഒസ്കർ വൈൽഡ് സ്വവർഗ്ഗാനുരാഗത്തിന്റെ പേരിൽ കാരാഗൃഹത്തിലായി. രണ്ടു കൊല്ലത്തോളം അദ്ദേഹം ജയിലിൽ കിടന്നു. വൈൽഡിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനെക്കുറിച്ചു് ജോൺ ബറ്റ്ചമൻ എന്ന ബ്രിട്ടീഷ് കവി രസകരമായ കവിതയെഴുതിയിട്ടുണ്ടു് (John Betjeman, 1906–1984). അതിൽ നിന്നു് ഒടുവിലത്തെ രണ്ടു ഭാഗങ്ങൾ രണ്ടു പൊലീസ് ഉദ്യോഗസ്ഥന്മാർ വൈൽഡിനോടു പറയുന്നു:

“Mr Woilde, we’ave come for tew take yew

Where felons and criminals dwell:

We must ask yew tew leave with us quoietly

For this is the Cadogan Hotel!

അതുകേട്ടു് വൈൽഡ്

He rose,and he put down The Yellow Book

He staggered-and terrible eyed,

He brushed past the paimson the staircase

And was helped to a hansom outside”

(The Best of Betjman, Penguin Books, pp. 22 and 23.)

ഒസ്കർ വൈൽഡ് കോടതിയിലെ ബ്ലോക്കിൽ നില്ക്കുകയാണു്. വാദിയുടെ വക്കീൽ അദ്ദേഹത്തോടു ചോദിച്ചു: “നിങ്ങൾ ആ യുവാവിനെ ചുംബിച്ചോ?” “ഇല്ല, അയാൾ സുന്ദരനായിരുന്നില്ല.” വീണ്ടും വക്കീൽ “ചുംബിക്കാതിരുന്നതു് അയാൾ സുന്ദരനല്ലാത്തതുകൊണ്ടാണോ?” പ്രത്യുൽപന്നമതിത്വത്തിനു പേരുകേട്ട വൈൽഡിനു മറുപടി പറയാൻ വയ്യാതെയായി പോയി. ഈ സംഭാഷണത്തിനു് യുക്തിദ്രമായ ഘടനയുണ്ടു്. അതാണു് നമ്മെ രസിപ്പിക്കുന്നതും. എന്നാൽ ഇനി ഞാൻ പറയാൻ പോകുന്ന സംഭാഷണത്തിൽ അതില്ല. ഇല്ലാത്തതുകൊണ്ടു് ആ സംഭാഷണം കഴിയുന്നതും വേഗത്തിൽ അവസാനിപ്പിക്കാൻ ആഗ്രഹിച്ചു. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിലെ ഈവനിങ്ങ് കോളേജിൽ എനിക്കു ജോലി. അഞ്ചു മണിക്കു സ്റ്റാഫ് റൂമിൽ കയറിയ ഞാൻ ഒരു ലക്ചറർ ഒറ്റയ്ക്കു് ഇരിക്കുന്നതു കണ്ടു. നേരം പോകണമല്ലോ ഞാൻ അദ്ദേഹത്തോടു ചോദിച്ചു. “സാററിഞ്ഞോ എന്തോ രാസദ്രവ്യം കലർന്ന പഞ്ചാര കഴിച്ചു് ഒരുപാടാളുകൾ മരിച്ചുപോയി.”

സാർ:
എന്തു രാസദ്രവ്യം?
ഞാൻ:
അതറിഞ്ഞുകൂടാ സാർ. ഫോളിഡോൾ എന്നോ മറ്റോ പറയുന്നതു കേട്ടു.
സാർ:
പഞ്ചാരയിൽ വീണോ രാസദ്രവ്യം?
ഞാൻ:
അതേ.
സാർ:
പഞ്ചാരയുണ്ടാക്കുന്നതു് എവിടെ?
ഞാൻ:
അതുമറിഞ്ഞുകൂടാ. തിരുവല്ലയിൽ മന്നം ഷുഗർ മിൽസ് ഉണ്ടു്.
സാർ:
മന്നമോ? നായർ നേതാവോ?
ഞാൻ:
അതേ.
സാർ:
നായന്മാർക്കു് ഈഴവരോളം സംഖ്യാബലമുണ്ടോ?
ഞാൻ:
ഇല്ല.
സാർ:
സംഖ്യാബലം നല്ലതല്ലേ?
ഞാൻ:
അതേ
സാർ:
പിന്നെ നിങ്ങൾ എന്തുകൊണ്ടു് ഈഴവനാകുന്നില്ല.
ഞാൻ:
എനിക്കു ജാതിയിൽ വിശ്വാസമില്ല. നായർ കുടുംബത്തിൽ ഞാൻ ജനിച്ചു. അങ്ങനെ കഴിയുന്നു. മരണം വരെ അങ്ങനെ കഴിഞ്ഞു പോകുകയും ചെയ്യും.
സാർ:
മരണത്തിനു പേടിക്കേണ്ടതല്ലേ?
ഇങ്ങനെ പോകുമായിരുന്നു അദ്ദേഹം. പക്ഷേ, ഭാഗ്യം കൊണ്ടു് കോളേജ് ആരംഭിക്കാനുള്ള ബെൽ അടിച്ചു. ഞാൻ ക്ലാസിലേക്കു പോയി. മണിനാദമേ, അതു കേൾപ്പിച്ച പ്യൂണേ നന്ദി. നിങ്ങൾ സഹായിച്ചിരുന്നില്ലെങ്കിൽ ഞാൻ ലക്ചറുടെ മുൻപിരുന്നു ചത്തുപോകുമായിരുന്നു. ഹനുമാൻ ഇവിടെ നിന്നു ലങ്കയിലേക്കു ചാടിയതു പോലെയാണു് ആ സാറ് ഒരു ചോദ്യത്തിൽ നിന്നു വേറെ ചോദ്യത്തിലേക്കു ചാടിയതു്. ഒരു വ്യത്യാസം ഹനുമാനു് സീതയെ കാണണമെന്ന ലക്ഷ്യമുണ്ടായിരുന്നു. അദ്ദേഹം ബുദ്ധിമാനുമായിരുന്നു. ലക്ചറർക്കു് ലക്ഷ്യമില്ല. തിരുമണ്ടനുമായിരുന്നു അദ്ദേഹം. രാസദ്രവ്യത്തിൽ തുടങ്ങിയ സംഭാഷണം ചെന്നു നിന്നതു പേടിയിൽ. യുക്തിരഹിതങ്ങളായ ചോദ്യങ്ങൾ സാറിന്റേതു്. അദ്ദേഹമെങ്ങനെ ലക്ചറായി എന്നാലോചിച്ചു് ഞാൻ അദ്ഭുതപ്പെട്ടു.
images/Anna_Akhmatova.jpg
അന്ന ആഹ്മാതവ

കോളേജിൽ കണ്ട ലക്ചററെ വീണ്ടും ഞാൻ കാണുന്നതു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ഇരുളിനെ അകറ്റുന്നതു് എന്ന ചെറുകഥയെഴുതിയ മധുപാലിലാണു്. ഒരു കരുണാകരേട്ടനെക്കുറിച്ചു് അദ്ദേഹം അന്യോന്യബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നു. ഒടുവിൽ ദുർഗ്രഹങ്ങളായ ചില വാക്യങ്ങൾ എഴുതിക്കൊണ്ടു് രചന! തിരുവനന്തപുരത്തെ ചാല ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ എന്നെ ഗണിതശാസ്ത്രം പഠിപ്പിച്ച സുന്ദരമയ്യർസ്സാറ് സാഹിത്യതൽപരനായിരുന്നു. ഞാൻ ചെറുകഥയെഴുതി അദ്ദേഹത്തെ കാണിച്ചു. സാറ് ക്ഷമയോടെ അതു വായിച്ചിട്ടു് ‘Show incidents. Don’t tell’ എന്നു പറഞ്ഞു. ലൂക്കാച്ചിന്റെ ഒരു പ്രബന്ധത്തിൽ ഇതുതന്നെ പറഞ്ഞിരുന്നു. മധുപാലിനു് പ്രദർശിപ്പിക്കാൻ അറിഞ്ഞുകൂടാ. പറയാനേ അറിയൂ. പറയുന്നതു് ലക്ചറുടെ രീതിയിൽ അന്യോന്യബന്ധമില്ലാതെയും വസ്തുതകളുടെ യുക്തിപരമായ ബന്ധമില്ലാതെ വായിൽ വന്നതു കോതയ്ക്കു പാട്ടു് എന്ന മട്ടിൽ എഴുതുന്നതു് വായനക്കാരെ കൊല്ലാതെ കൊല്ലാൻ മാത്രമേ പ്രയോജനപ്പെടൂ.

1921-ൽ നോബൽ സമ്മാനം നേടിയ ഫ്രഞ്ച് സാഹിത്യകാരൻ തീബോയുടെ (Thibauit) തൂലികാ നാമമാണു് അനതൊൽ ഫ്രാങ്ങ്സ് (Anatole France, 1844–1924) എന്നതു്. ‘നോബൽ സാഹിത്യജേതാക്കൾ’ എന്ന പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതുന്ന മേലാറ്റൂർ രാധാകൃഷ്ണൻ അദ്ദേഹത്തെ അനാടോൾ ഫ്രാൻസ് എന്നാക്കിയിരുന്നു. ഫ്രാങ്ങ്സിനു സാഹിത്യഗ്രന്ഥങ്ങൾ എഴുതുക എന്ന ജോലി മാത്രമല്ല ടോൾ പിരിവും ഉണ്ടായിരുന്നു എന്നു ഞാൻ അങ്ങനെ ഗ്രഹിച്ചു. യൂണിവേഴ്സിറ്റി കോളേജിൽ മലയാളം ലക്ചറർ ആയിരുന്ന കീഴ്ക്കുളം രാമൻപിള്ള സാറ് ഉള്ളൂരിന്റെ

“ഒരൊറ്റ മതമുണ്ടൂലകിന്നുയിരാം പ്രേമമതൊന്നല്ലോ

പരക്കെ നമ്മെപ്പാലമുരുട്ടും പാർവണ ശശിബിംബം.”

എന്ന രാഗത്തിൽ ചൊല്ലുമ്പോൾ ക്ലാസിലെ പിൻവശത്തെ ബഞ്ചിലിരുന്നു ഒരാഭാസപ്പയ്യൻ “പൂജപ്പുരയിൽ ടോളുപിരിക്കും മന്തൻ നാരായണാ നിന്റെ മന്തുകാലും തൊന്തി വയറുമെന്തൊരു ചന്തമെടാ” എന്നു ഉറക്കെപ്പറയും. ക്ലാസ്സിൽ ബഹളം ഡസ്കിലടി. കൂവൽ. ചിരി. ഫ്രാങ്ങ്സ് പാരീസിൽ ഏതോ റോഡിൽ നിന്നു് ടോൾ പിരിച്ചിരിക്കും.

പിടികിട്ടാപ്പുള്ളികൾ

ഞാൻ വടക്കൻ പറവൂർ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ ഏഴോ എട്ടോ മൈൽ അകലെയുള്ള വാരാപ്പുഴയിലാണു് താമസിച്ചിരുന്നതു്. പിതാവു് വാടകയ്ക്കു് എഴുത്ത ‘പാവന’ വീടിന്റെ തൊട്ടടുത്തായിരുന്നു പൊലീസ് സ്റ്റെയ്ഷൻ. ഇൻസ്പെക്ടർ ഇല്ല അവിടെ. ഒരു ഹെഡ് കൺസ്റ്റബിളും അഞ്ചു് കൺസ്റ്റബിളുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ആ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ പ്രീതി നേടി എപ്പോഴും സ്റ്റെയ്ഷൻ വരാന്തയിൽ ചെന്നിരുന്നു് ഏതെങ്കിലും കൺസ്റ്റബിളിനോടു സംസാരിച്ചുകൊണ്ടിരിക്കും. എന്നെ ആ സ്റ്റെഷ്യനിൽ ആകർഷിച്ചതു് പിടികിട്ടാപുള്ളികളുടെ ഫോട്ടോകളായിരുന്നു. അവ ഫ്രയിം ചെയ്തു് സ്റ്റെയ്ഷൻ വരാന്തയുടെ ചുവരിൽ വച്ചിട്ടുണ്ടു്.

കേരളത്തിലെ നവീന നിരൂപകൻ നിരൂപണം മതിയാക്കുന്നതാണു് നല്ലതു്. സർക്കാർ അവർക്കു ജന്തുശാലയിലെ കടുവകൾക്കു പല്ലുതേച്ചു കൊടുക്കുന്ന ജോലി നല്കണം.

അവയെക്കുറിച്ചു് എന്തെങ്കിലും വിവരം നല്കിയാൽ അതു നല്കുന്നവനു് പ്രതിഫലം നല്കുമെന്നു് കുറിപ്പുമുണ്ടായിരുന്നു. ഫോട്ടോകളുടെ താഴെയായി എന്നെ എപ്പോഴും ഹോൺട് ചെയ്ത ആ ചിത്രങ്ങൾ. അവരിൽ ആരെങ്കിലും പിടികിട്ടിയാൽ എന്റെ കൂട്ടുകാരായ കൺസ്റ്റബിൾസ് എന്തുചെയ്യുമെന്നു് വിചാരിച്ചു് ഞാൻ ഞെട്ടുമായിരുന്നു. കുറ്റം ചെയ്തവനെങ്കിലും അവൻ മർദ്ദനമേല്ക്കുന്നതു് എനിക്കു് വിചാരിക്കാൻ പോലും വയ്യ. അതുകൊണ്ടാണു് ആ പിടികിട്ടാപ്പുള്ളികളുടെ ഫോട്ടോകൾ എന്നെ ഹോൺട് ചെയ്തിരുന്നുവെന്നു് പറഞ്ഞതു് ഇതെഴുതുമ്പോഴും എന്റെ നിലയ്ക്കു മാറ്റമില്ല. ഏതാനും വർഷങ്ങൾക്കു മുൻപു് കേരള സാഹിത്യ അക്കാഡമിയിലെ അംഗമായി ഞാൻ ഒരു ദിവസം അവിടെ ചിത്രങ്ങൾ വച്ച മുറിയിൽ ചെന്നുപെട്ടു. എനിക്കോർമ്മ ഉടനെ വന്നതു് വരാപ്പുഴ പൊലീസ് സ്റ്റെയ്ഷനിലെ ചുവരും അവിടെ വച്ച ഫോട്ടോകളുമാണു്. ഓരോ ചിത്രവും ഞാൻ നോക്കി. ആരെയും പരിചയമില്ല. ഒടുവിൽ എനിക്കറിയാവുന്ന ഒരെഴുത്തുകാരന്റെ ചിത്രം കണ്ടു. അതോടെ പിടികിട്ടാപ്പുള്ളികൾ ജനിപ്പിച്ച സംഭ്രമം ഇല്ലാതായി.

images/Anatole_France.jpg
അനതൊൽ ഫ്രാങ്ങ്സ്

കലാകാരന്മാരുടെ കഥകൾ (ചിലപ്പോൾ രചയിതാക്കളുടെ ചിത്രങ്ങളോടുകൂടി) വാരികകളിൽ അച്ചടിച്ചു വരുന്നതു കാണുമ്പോൾ എനിക്കു സ്റ്റെയ്ഷൻ വരാന്തയും അവിടത്തെ ചുവരിലെ ചിത്രങ്ങളും ഓർമ്മയിലെത്തും. എന്നാൽ അക്കാഡമി ഹോളിലെ പരിചയക്കാരന്റെ ചിത്രം സംഭ്രമം അകറ്റിയ പോലെ ഒന്നും സംഭ്രമമില്ലാതാക്കാൻ പ്രയോജനപ്പെടുന്നുമില്ല. ഈ ആഴ്ചത്തെ ദേശാഭിമാനി വാരികയിൽ “ദുരന്തത്തിന്റെ വഴികൾ” എന്ന കഥ അച്ചടിച്ചിരിക്കുന്നതു കണ്ടു. അതിനു മുകളിലായി എൻ. കെ. കണ്ണൻ മേനോൻ എന്ന പേരു കണ്ടതോടെ സന്ത്രാസമില്ലാതെയായി. ആശ്വാസത്തോടെ കഥ വായിച്ചു. അതിന്റെ ദീർഘതയെ വകവയ്ക്കാതെ. വായിച്ചുതീർന്നപ്പോൾ കണ്ണൻ മേനോൻ അപരിചിതനായി. ഒരുത്തൻ ചെറുപ്പക്കാരിയായ ഭാര്യ അയാളുടെ അനുമതി ഇല്ലാതെ വീടുവിട്ടു് ഇറങ്ങിപ്പോകുന്നു. അത്തവണ അവൾ കൂട്ടുകാരിയുമൊരുമിച്ചു് മദ്രാസിലേക്കാണു് പോയതു്. ഭർത്താവിനു് വല്ലാത്ത ഉത്കണ്ഠ. മാനക്ഷയം. അവൾ റ്റെലിഫോണിലൂടെ ഒരു വലിയ സംഖ്യ അയാളോടു ആവശ്യപ്പെടുന്നു. ഭാര്യയുടെ താന്തോന്നിത്തരം കണ്ടുമടുത്ത അയാൾ പണം അയച്ചുകൊടുക്കുന്നില്ല. മാത്രമല്ല അവളുമായുള്ള ബന്ധം വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നു.

നിത്യജീവിതത്തിലെ യഥാർത്ഥ്യമില്ല. കലയുടെ യാഥാർത്ഥ്യവുമില്ല ഇതിൽ. ചില സംഭവങ്ങൾ നിവേശിപ്പിച്ചു് ഫലപ്രാപ്തി ഉണ്ടാക്കാനാണു് കഥാകാരന്റെ യത്നം. നേരത്തെക്കൂട്ടി തീരുമാനിച്ച ഫലപ്രാപ്തി സ്വാഭാവികമായ ആഖ്യാനമുണ്ടായിട്ടും അസ്വാഭാവികമായി മാറുന്നു. ഭാവനയുടെ സഹായംകൊണ്ടു് സത്യത്തിലേക്കു ചെല്ലുന്നതാണു് ചെറുകഥ. അങ്ങനെ ചെല്ലാൻ കണ്ണൻമേനോനു കഴിയുന്നില്ല. സാഹിത്യ അക്കാഡമി ഹോളിൽ ഞാൻ കണ്ട പരിചയക്കാരന്റെ ചിത്രം പരിചയക്കാരന്റേതു് അല്ലാതെയായി മാറുന്നു. എനിക്കു വരാപ്പുഴ പൊലീസ് സ്റ്റെയ്ഷനിലെ ഫോട്ടോകൾ ഓർമ്മയിലെത്തുന്നു. ഹോൺട് ചെയ്യപ്പെടാനാണു് എന്റെ വിധി.

വശീകരണം, ബലാത്സംഗം

ഷൊലകോഫി ന്റെ (Mikhaif Sholokhov, 1905–1984) “Quiet Flows the Don” എന്ന നോവലിൽ ഒരു ചെറുപ്പക്കാരിയുടെ വസ്ത്രധാരണരീതിയെക്കുറിച്ചു് വർണ്ണനയുണ്ടു്. “The Sun shone through her white dress and Mlikta saw the vague outlines of shapely legs and the broad flowing lace of her underskirt. What surprised him most was the sanity whiteness of her bared calves…” ഇതുകണ്ടു് “What a skirt, eh! It’s like glass! You can see right through it!” എന്നൊരു കഥാപാത്രം പറയുന്നുണ്ടു്. ഇവിടെ ശൃംഗാരത്തിന്റെ ഛായയേയുള്ളൂ. അശ്ലീലതയ്ക്കാണു് പ്രാധാന്യം. ഇതു വായിച്ചാവും തകഴി ശിവശങ്കരപ്പിള്ള “അവൾ ഒരു മുണ്ടേ ഉടുത്തിരുന്നുള്ളൂ. അടിയിൽ തോർത്തില്ലായിരുന്നു. ആ മുണ്ടുതന്നെയും നേർത്തതായിരുന്നു” എന്നു “ചെമ്മീനിൽ” എഴുതുമ്പോൾ അശ്ലീലതയിൽ നിന്നു രക്ഷനേടുന്നില്ല.

images/Mikhail_Sholokhov.jpg
ഷൊലകോഫ്

ചില ആഭാസന്മാർ യുവതികളെ പാട്ടിലാക്കാനായി അശ്ലീലങ്ങളായ കഥകൾ അവരോടു പറയും. ഒരിക്കൽ ഞാനതു കേട്ടു് കഥ പറയുന്ന ആളിനോടു് അതിനെക്കുറിച്ചു ചോദിച്ചു. അയാൾ തുറന്നു സമ്മതിച്ചു. “ഞാൻ verbal seduction നടത്തുകയാണു്. അവൾക്കതു വേണം. ഞാൻ കഥപറയുന്നു” ഇങ്ങനെ അസഭ്യങ്ങൾ പറഞ്ഞുപറഞ്ഞു് അവളെ ഏതാണ്ടു പാട്ടിലാക്കി അയാൾ. Verbal seduction എങ്ങനെയിരിക്കുന്നു? എന്നു അയാളോടു ചോദിച്ച എനിക്കു കിട്ടിയ മറുപടി “ആ സ്റ്റെയ്ജ് കഴിഞ്ഞു. ഇപ്പോൾ verbal rape നടത്തുകയാണു് ഞാൻ” എന്നായിരുന്നു. കാലത്തു് പത്തു മണി ആകേണ്ടതില്ല. അതിനു മുൻപു് ചെറുപ്പക്കാരി അയാളുടെ മുൻപിൽ വന്നു് ഇരിക്കാം. verbal rape-നു് വിധേയനാകാൻ. Verbal rape സാക്ഷാൽ rape ആയോ എന്നെനിക്കറിഞ്ഞുകൂടാ. മിക്കവാറും സംഭവിക്കേണ്ടതു് സംഭവിച്ചിരിക്കും എന്നാണു് എന്റെ വിചാരം.

അശ്ലീലത വേറെ, ശൃംഗാരപ്രതീതി വേറെ

“വെണ്ണ തോല്ക്കുമുടലിൽ സുഗന്ധിയാ-

മെണ്ണ തേച്ചരയിലൊറ്റമൂണ്ടായി

തിണ്ണമേലതളുമാ നതാംഗി മു-

ക്കണ്ണനേകി മിഴികൾക്കൊരുത്സവം”

എന്ന വള്ളത്തോൾ ശ്ലോകത്തിൽ അശ്ലീലതയില്ല. ശൃംഗാരമേയുള്ളൂ. തകഴി ശിവശങ്കരപ്പിള്ളയുടെ വർണ്ണനം തികഞ്ഞ അസഭ്യമാണു്.

verbal seduction-ഉം verbal rape-നും വിധേയരാവുന്ന സ്ത്രീകൾ ഒന്നു മനസ്സിലാക്കണം. തെറിക്കഥ പറയുന്ന ആൾ അശ്ലീലതയിലും കവിഞ്ഞുള്ള ഡിമാന്റ് (ആജ്ഞ കലർന്ന ആവശ്യപ്പെടൽ) വച്ചാൽ ഒഴിഞ്ഞുമാറാൻ പ്രയാസമായിരിക്കും. നമ്മുടെ കഥാകാരന്മാർ വായനക്കാരെ verbal seduction നടത്തുന്നു. രണ്ടും തെറ്റാണെന്നു് നിരൂപകർ ഉറക്കെപ്പറയേണ്ടതാണു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-03-15.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 9, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.