സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2002-04-05-ൽ പ്രസിദ്ധീകരിച്ചതു്)

images/Coelhopaulo.jpg
പൗലൂ കോഎല്യൂ

ലോകമെമ്പാടും പുകഴാർന്ന ബ്രസിലിയൻ നോവലെഴുത്തുകാരനാണു് പൗലൂ കോഎല്യൂ (Paulo Coelho, ബ്. 1947) 1988-ൽ “The Alchemist ” (രസായനവിദ്യ അറിയുന്നവൻ) എന്ന നോവൽ പ്രസിദ്ധപ്പെടുത്തിയതോടെയാണു് അദ്ദേഹം മഹായശസ്കനായതു്. സാന്ത്യാഗോ (Santiago) എന്ന ഇടയപ്പയ്യൻ ലോകനിധി അന്വേഷിച്ചു പോകുന്നതും ഈജിപ്തിലെ മണൽക്കാട്ടിൽ ചെല്ലുന്നതും അൽകെമിസ്റ്റിനെ കാണുന്നതുമൊക്കെയാണു് ഇതിലെ കഥ. ലാക്ഷണികസ്വഭാവമുള്ള ഇക്കഥയെ നോവൽ എന്നു വിളിക്കാൻ പ്രയാസമുണ്ടു്. എങ്കിലും മാന്ത്രികശക്തിക്കു വിധേയരാകാതെ നമുക്കിതു വായിച്ചു തീർക്കാൻ വയ്യ. ഇസ്രായേലിലെ ഒരു മുൻപ്രധാനമന്ത്രിക്കു് കോഎല്യുവിന്റെ നോവൽ വായിക്കാതെ ഉറക്കം വരില്ല പോലും. ഈ ബ്രസിലിയൻ എഴുത്തുകാരന്റെ ഏറ്റവും പുതിയ നോവലാണു് “The Devil and Miss Prym” എന്നതു് അമ്പത്തിയൊന്നു് ഭാഷകളിലേക്കു തർജ്ജമ ചെയ്യപ്പെട്ട “The Alchemist” എന്ന കൃതിയുടെ കർത്താവിന്റെ നൂതനരചനയെന്ന നിലയിൽ ഞാനിതു കൗതുകപൂർവം വായിച്ചു. നോവലെന്ന നിലയിലല്ല, കെട്ടുകഥ (fable) എന്ന രീതിയിൽ ഇതെനിക്കു് ആഹ്ലാദദായകമായി. ഈ കൃതിയുടെ നിരൂപണത്തിനല്ല ഞാൻ തുനിയുന്നതു്. അതിലെ ഒരു ഭാഗത്തേക്കു വായനക്കാരെ കൂട്ടിക്കൊണ്ടു പോകാനേ എനിക്കു് ഉദ്ദേശ്യമുള്ളു.

images/TheAlchemist.jpg

ഇറ്റലിയിലെ ചിത്രകാരനും ശില്പിയും വാസ്തുവിദ്യാ വിദഗ്ദ്ധനും എഞ്ചിനീയറും ശാസ്ത്രജ്ഞനുമായ ലേഓനാർദോ ദാവീഞ്ചീ (Leonardo da Vinci, 1452–1519) മീലാനിലെ ഒരു സന്ന്യാസിമഠത്തിൽ “The Last Supper” എന്ന ചുവർചിത്രം എഴുതുന്ന കാലം. അതു എഴുതുന്ന കാലത്തു് ചിത്രകാരനു് യേശുവിൽ നന്മയും ജ്രഡാസിൽ തിന്മയും ചിത്രീകരിക്കേണ്ടി വന്നു. ശരിയായ മാതൃകകൾ കിട്ടുന്നതുവരെ ചിത്രരചന ലേഓനാർദോക്കു നിറുത്തിവയ്ക്കേണ്ടി വന്നു. ഒരു ദിവസം പള്ളിയിലെ ഗായക സംഘത്തിൽ അദ്ദേഹം ഒരു ബാലനെകണ്ടു യേശുവിന്റെ ഛായയോടുകൂടി അദ്ദേഹം അവനെ സ്റ്റുഡിയോയിൽ കൂട്ടിക്കൊണ്ടു പോയി പലതരത്തിലുള്ള സ്കെച്ചുകൾ വരച്ചു. മൂന്നു കൊല്ലം കഴിഞ്ഞു ചിത്രം ഏതാണ്ടു പൂർണ്ണമായി എങ്കിലും ജ്രഡാസിന്റെ മാതൃക കണ്ടെത്താൻ കഴിയാത്തതുകൊണ്ടു് അതു സമാപ്തമാകാതെ തന്നെയിരുന്നു. മഠത്തിലെ അധികാരികൾ ചിത്രകാരനെ അലട്ടി. ഫലരഹിതങ്ങളായ അന്വേഷണങ്ങൾ നടന്നു. ഒടുവിൽ ഒരോടയിൽ കാലമെത്തുന്നതിനു മുൻപു പ്രായക്കൂടുതൽ തോന്നിക്കുന്ന ഒരു യുവാവു കീറിപ്പറഞ്ഞ വസ്ത്രങ്ങളോടുകൂടി കിടക്കുന്നതു് ചിത്രകാരൻ കണ്ടു. നിറച്ചു കുടിച്ചിരുന്നു ആ യുവാവു്. സമയം ഇല്ലാത്തതുകൊണ്ടു സ്കെച്ചുകൾ വരയ്ക്കാൻ അദ്ദേഹം തുനിഞ്ഞില്ല. അവനെ അദ്ദേഹം നേരേ മഠത്തിലേക്കു കൊണ്ടുപോയി. അവന്റെ മുഖത്തിൽ പ്രതിഫലിച്ച പാപം, അഹങ്കാരം, ദുഷ്ടത ഇവയൊക്കെ ചിത്രകാരൻ ചിത്രത്തിൽ വരച്ചു പടം പൂർണ്ണമായപ്പോൾ മദ്യത്തിന്റെ ലഹരിയിൽ നിന്നു് മോചനം നേടിയ യുവാവു് കണ്ണു് തുറന്നു പടത്തെ നോക്കി. ഭയവും വിഷാദവും കലർന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു “ഞാൻ മുൻപു് ഈ ചിത്രം കണ്ടിട്ടുണ്ടു്.” അദ്ഭുതസ്തബ്ധനായ ലേഓനാർദോ ചോദിച്ചു. “എപ്പോൾ?” “മൂന്നു വർഷം മുൻപു്. എനിക്കുണ്ടായിരുന്നതെല്ലാം നഷ്ടപ്പെടുന്നതിനു മുൻപു്. ഞാൻ പള്ളിയിലെ ഗായക സംഘത്തിൽ ചേർന്നു പാടിയിരുന്നു. എന്റെ ജീവിതം മുഴുവൻ സ്വപ്നങ്ങൾ നിറഞ്ഞതായിരുന്നു അക്കാലത്തു്. ചിത്രകാരൻ എന്നോടു് അപേക്ഷിച്ചു യേശുവിന്റെ മാതൃകയായി ചിത്രം വരയ്ക്കാൻ നിന്നു കൊടുക്കണമെന്നു്” എന്നു മറുപടി നല്കി അവൻ. ഈ സംഭവ വിവരണം കേട്ട ഒരു പുരോഹിതൻ പറഞ്ഞു: “നന്മയ്ക്കും തിന്മയ്ക്കും ഒരേ മുഖമാണു് എന്നു് ഇപ്പോൾ മനസ്സിലായോ? മനുഷ്യന്റെ മുൻപിലുള്ള പാത കടന്നു പോകുന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു നന്മതിന്മകളെക്കുറിച്ചുള്ള അവബോധം.” തങ്ങളുടെ ജീവിതങ്ങളിലെ ഏതു ബിന്ദുവിൽ വച്ചാണു് മാലാഖയോ പിശാചോ സ്പർശനം നല്കിയതു് എന്നു തങ്ങളോടു ചോദിച്ചു കൊണ്ടുതന്നെ ഭക്ഷണശാലയിൽ ഇരുന്ന എല്ലാ ആളുകളും അവിടെ നിന്നു പോയി. ഈ അന്ധകാരത്തിന്റെയും പ്രകാശത്തിന്റെയും സംഘട്ടനം ചിത്രീകരിക്കുകയാണു് പൗലൂ കോഎല്യൂവിന്റെ ഈ പുതിയ നോവൽ വായിക്കു. ഹൃദയസമ്പന്നത നേടു.

The Devil and Miss Prym, Paulo Coelho, Translated by Amanda Hopkinson and Nick Caistor, Rs. 228/ 75, Harper Collins, 2001, pp. 201.)

ശോകനാശനം

ഒരു പത്രവും തുറന്നു നോക്കാൻ വയ്യ. ഭീകരങ്ങളായ കൊലപാതകങ്ങളുടെ വർണ്ണനകൾ നമ്മളെ ഞെട്ടിക്കുന്നു. ആ ഞെട്ടലോടെ നമ്മുടെ മാനസികനില തകരുന്നു.

കൊല്ലത്തെ ശ്രീനാരായണ കോളേജിൽ പഠിച്ചിരുന്ന ഒരനന്തരവളുണ്ടായിരുന്നു തോപ്പിൽ ഭാസിക്കു്. ഞാൻ ആ കുട്ടിയുടെ പടമേ കണ്ടിട്ടുള്ളു. സൗന്ദര്യത്താൽ അനുഹൃഹീത. രാത്രി ആ കുട്ടി മേശയ്ക്കരികിൽ ഇരുന്നു പഠിക്കുമ്പോൾ നേരത്തേ അവിടെ കയറിക്കിടന്ന പാമ്പു് ആ കുട്ടിയുടെ കാലിൽ കടിച്ചു. ബന്ധുക്കൾ കുട്ടിയെ അതിവേഗം വിദഗ്ദ്ധന്മാരെ കാണിച്ചു. ചെയ്യാവുന്ന ചികിത്സകൾ എല്ലാം ചെയ്തു. പക്ഷേ, ആ കുട്ടി മരിച്ചു പോയി. എന്റെ ബന്ധുവല്ല മരിച്ചതു്. ഞാൻ കണ്ടിട്ടുമില്ല. എങ്കിലും എനിക്കു മഹാദുഃഖം. പല ദുഃഖങ്ങളും ദിനങ്ങൾ കഴിയുമ്പോൾ കുറഞ്ഞു പോകുമല്ലോ. എന്നാൽ നിഷ്കളങ്കയായ, നിരപരാധയായ ഈ പെൺകുട്ടിയുടെ മരണം ജനിപ്പിച്ച ശോകത്തിനു് ഒരു കുറവും വന്നില്ല മാസങ്ങൾ കഴിഞ്ഞിട്ടും. അങ്ങനെയിരിക്കെ ജനയുഗം ആഴ്ചപ്പതിപ്പിന്റെ ആദ്യത്തെ പുറത്തു് ആ മരണത്തെക്കുറിച്ചു് പുതുശ്ശേരി രാമചന്ദ്രന്റെ ഒരു “നാൽക്കാലി” അച്ചടിച്ചു വന്നു. അതു വായിച്ചതോടുകൂടി എന്റെ വലിയ ദുഃഖത്തിനു ശമനമുണ്ടായി അത്രയ്ക്കു വിരൂപമായിരുന്നു പുതുശ്ശേരി രാമചന്ദ്രന്റെ കവിത.

images/Daniel_pearl.jpg
ഡാനിയൽ പേൾ

അടുത്ത കാലത്തു് എന്റെ മനസ്സിനെ ഇളക്കിമറിച്ച സംഭവമാണു് അമേരിക്കൻ ജേണലിസ്റ്റ് ഡാനിയൽ പേളി ന്റെ കഴുത്തു മുറിച്ചു് അദ്ദേഹത്തെ കൊന്നതു്. രാത്രിയിൽ ഉറങ്ങുന്ന ഞാൻ ഞെട്ടിയുണരും. അപ്പോഴൊക്കെ ആ യുവാവിന്റെ കഴുത്തിലൂടെ കത്തി നീങ്ങിയതു് ചിത്രമെന്ന പോലെ എന്റെ അകക്കണ്ണു് കാണും ഞാൻ ലൈറ്റിന്റെ സ്വിച്ച് ഇടും. എഴുന്നേറ്റു് കട്ടിലിൽ ഇരിക്കും. ഡാനിയൽ പേളിനെ ഓർമ്മിച്ചു കൊണ്ടു് നേരം വെളുക്കുന്നതു വരെ ഞാൻ അങ്ങനെയിരിക്കും. എന്റെ ഈ മഹാദുഃഖത്തിന്റെ തീക്ഷ്ണത കുറയ്ക്കുന്നു യൂസഫലി കേച്ചേരി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ “ഡാനിയൽ പേൾ” എന്ന കവിത.

കൊലപാതകം എന്ന സംഭവത്തെ സാക്ഷാത്കരിക്കുമ്പോൾ അതിനു യോജിച്ച വികാരമുണ്ടാകും. ആ സാക്ഷാത്കാരം ഇവിടെയില്ല. അതിനാൽ വികാരരഹിതങ്ങളായ കുറേ വരികൾ മാത്രമേ യൂസഫിലിയിൽ നിന്നുണ്ടാകുന്നുള്ളു.

“സ്വാതന്ത്ര്യസത്തായിരുന്നു നീ ഡാനിയൽ പേൾ”

“അക്ഷരത്തീയായിരുന്നു നീ ഡാനിയൽ പേൾ”

“സ്വാതന്ത്ര്യത്താളായിരുന്നു ഡാനിയൽ പേൾ”

“നേടിയ സാഫല്യമാണു് നീ ഡാനിയൽ പേൾ”

“സംഗീതമാണു നീ ഡാനിയൽ പേൾ”

“മേഗ്ന കാർട്ടയാകുന്നു നീ ഡാനിയൽ പേൾ”

തകഴി, കേശവദേവ്, ബഷീർ, ഉറൂബ്, പൊൻകുന്നം വർക്കി, കാരൂർ ഇവരുടെ കഥകൾ അടിത്തട്ടു കാണാവുന്ന പുഴ പോലെ ഒഴുകുകയാണു്.

ഏതാനും വരികളുള്ള കവിതയിൽ എത്ര ഡാനിയൽ പേൾ! പഞ്ചാരയുടെ മാധുര്യം അറിയണമെങ്കിൽ അതു നാക്കിലിട്ടു നോക്കണം. അല്ലാതെ കടലാസ്സിൽ പഞ്ചാരയെന്നു എഴുതി വച്ചിട്ടു് നക്കിയാൽപ്പോരാ. ഡാനിയൽ പേൾ, യൂസഫലിയുടെ വരികളിൽ വീണ്ടും മരിക്കുന്നു. ശോകമാവിഷ്കരിക്കുന്ന കവിതയിൽ ഉചിതജ്ഞതയില്ലാതെ “കുങ്കുമ രശ്മിയാലെന്തു സന്ദേശമോ പങ്കജത്താളിൽ കുറിച്ചിട്ടു സൂര്യ നീ?” എന്ന അലങ്കാരം പ്രയോഗിക്കലുണ്ടല്ലോ യൂസഫലിയുടെ ഇതു കവിതയുടെ സാകല്യാവസ്ഥയിലുള്ള വൈരുപ്യത്തെ കൂട്ടുന്നു. പുതുശ്ശേരി രാമചന്ദ്രന്റെയും യൂസഫലി കേച്ചേരിയുടെയും ഇമ്മതിരി സേവനങ്ങൾ നമുക്കു വേണം. നമുക്കു മഹാദുഃഖമുണ്ടാകുമ്പോൾ കലാവൈരൂപ്യത്തിലൂടെ അവർ നമ്മെ അതിൽ നിന്നു് കരകയറ്റുന്നല്ലോ.

ചോദ്യം, ഉത്തരം

ചോദ്യം: അശ്ലീലം എന്താണെന്നു പറയാമോ?

ഉത്തരം: കെയ്സ്—ബലാത്സംഗക്കെയ്സ്— വിസ്തരിക്കുമ്പോൾ മജിസ്റ്റ്രേട്ടിനു് കാമവികാരമുളവാക്കുന്നതു് അശ്ലീലം. കുമാരസംഭവം പഠിപ്പിക്കുമ്പോൾ ‘ക്ഷണമിമകളിൽ നിന്നു തല്ലി ചുണ്ടിൽ കുളുർമുല മേലഖ വീണുടൻ തകർന്നു’ എന്ന ശ്ലോകം കാണുമ്പോൾ ഒരു കോളേജധ്യാപകൻ കുളുർമുല എന്നതു ക്ലാസ്സിൽ ചൊല്ലുകില്ല. അതു അദ്ദേഹം വിഴുങ്ങൽ നടത്തുന്നതു കാണാൻ സാധിക്കും. തിരുവനന്തപുരത്തെ യൂണിവേഴസിറ്റി കോളേജിൽ ജോലിയായിരുന്നു അദ്ദേഹത്തിനു്. പാവം മരിച്ചു പോയി. ഏതു വാക്കുകൾ ലക്ചറർ വിഴുങ്ങുന്നുവോ അവ അശ്ലീലം. ഈ ഉത്തരത്തിന്റെ ആദ്യം പറഞ്ഞ മജിസ്ട്രേട്ട് സാങ്കല്പിക വ്യക്തിയല്ല. പില്ക്കാലത്തു് സെക്രട്ടേറിയറ്റിൽ സെക്രട്ടറിയായി വന്നു അദ്ദേഹം. ഫയൽ കൊണ്ടു ചെല്ലുന്ന എന്നോടു് തിരുവല്ലയിലെ ബലാത്സംഗക്കേസിൽ ആക്ച്വൽ പെനിട്രേഷൻ’ നടന്നോ എന്നു് ചോദിച്ചു. ആ ചോദ്യത്തോടെ അദ്ദേഹത്തിനു് രതിമൂർച്ഛയുണ്ടായി. ഞാൻ മറുപടി പറയാതെ രക്ഷപ്പെട്ടു.

ചോദ്യം: പെൻഷൻ പ്രായം അമ്പത്തിയെട്ടു് ആക്കുന്നതിനോടു് നിങ്ങൾക്കു യോജിപ്പു് ഉണ്ടോ?

ഉത്തരം: ഉദ്യോഗസ്ഥന്മാരുടെ ഭാര്യമാരെക്കരുതി യോജിക്കുന്നു. മൂന്നു കൊല്ലം കൂടി ഓഫീസിൽ ഇരിക്കുമല്ലോ. അത്രയും കാലം ഭാര്യമാർക്കു സ്വൈരമായി ജീവിക്കാം. പെൻഷൻ പറ്റിയ ഭർത്താവു് പത്തിരട്ടി ഭർത്താവായിച്ചമയും ഭാര്യമാരുടെ മുൻപിൽ. അത്രയ്ക്കു് അവർക്കു ദുഃഖവും കൂടും. ഐ. എ. എസ്. ഓഫീസർമാരുടെ പെൻഷൻ പ്രായം എഴുപതാക്കണം എന്ന മതമാണു് എനിക്കു്. ബഹുജനം ക്ലേശിക്കും. എങ്കിലും അവരുടെ ഭാര്യമാർക്കു ക്ലേശം കുറയും.

ചോദ്യം: അലവലാതികൾ ആരു്? മദാമ്മമാരോ കേരളത്തിലെ സ്ത്രീകളോ?

ഉത്തരം: സംശയമെന്തു്? മദാമ്മമാർ. മിനഞ്ഞാന്നു് ഞാൻ സ്പെൻസർ സ്റ്റോഴ്സിൽ ഒരു കാഴ്ച കണ്ടു. ഒരു മദാമ്മ നീളം കൂടിയ ചോക്ക്ലെറ്റ് വാങ്ങി കടലാസ്സ് നീക്കി അതിൽ ഒരു കടി കടിച്ചു. തുപ്പൽ പുരണ്ട, വാനാറ്റം കൊണ്ടു മലീമസമായ ബാക്കി ചോക്ക്ലെറ്റ് ഭർത്താവു് കടിക്കാൻ വേണ്ടി അയാളുടെ വായിൽ വച്ചു കൊടുത്തു. അയാൾ കടിച്ചങ്ങു തിന്നു. ഒരു മലയാളി സ്ത്രീയും ഇതു ചെയ്യുകയില്ല. റോഡിലൂടെ കപ്പലണ്ടി തിന്നു നടക്കുന്നവർ മദാമ്മമാരല്ലേ?

ചോദ്യം: അത്യന്താധുനിക കവിതയെ പേടിക്കുന്നോ നിങ്ങൾ?

ഉത്തരം: കേട്ടുകേട്ടു് പേടി പോയി. പക്ഷേ, അതിനെക്കുറിച്ചു സിംപോസിയം നടത്തുമ്പോൾ ഞാൻ പേടിക്കുന്നു. പത്രങ്ങളിൽ അതിന്റെ റിപോർട്ട് വരുമല്ലോ, സിംപോസിയത്തിൽ പങ്കുകൊണ്ടവരുടെ പടം വരുമല്ലോ എന്നതുകൊണ്ടാണു് വല്ലാത്ത പേടി.

ചോദ്യം: റ്റെലിവിഷൻ കാണാറുണ്ടോ നിങ്ങൾ?

ഉത്തരം: റ്റെലിവിഷൻ ലിറ്റററി ഡിസ്കഷനുള്ളതാണു്. അതു നടക്കുമ്പോൾ മാന്യന്മാർ സെറ്റ് ഓഫാക്കും. ഡിസ്കഷൻ നടത്തുന്നവർ തങ്ങളുടെ ആകൃതിസൗഭഗവും ശബ്ദമാധുര്യവും പ്രേക്ഷകർക്കു ആഹ്ലാദജനകമാകുന്നല്ലോ എന്നു വിചാരിച്ചു കൂടുതലായി സംസാരിക്കും. ചേഷ്ടകൾ കാണിക്കും.

ചോദ്യം: നിങ്ങൾ പതിവായി ചെയ്യുന്ന തെറ്റു് എന്താണു് ?

ഉത്തരം: പരിചയമില്ലാത്ത സ്ത്രീകൾ എന്നെക്കാണുമ്പോൾ ചിരിക്കും. അതു് മര്യാദയോടെ സ്വീകരിക്കണമല്ലോ. ഞാൻ കൈ കൂപ്പും. അവർ തിരിച്ചു തൊഴാതെ പോകും. കവിളിൽ അടി കിട്ടിയ പോലെ ഞാൻ ഇസ്പീഡ് ഗുലാനെപ്പോലെ റോഡിൽ നിന്നുപോകും.

വിചാരങ്ങൾ

ബിംബങ്ങൾ നിവേശിപ്പിക്കുമ്പോൾ അതിൽ നിന്നു ലയമുണ്ടാകും. ആ ലയം അർത്ഥ സംക്രമണത്തിനും വികാര സംക്രമണത്തിനും സഹായിക്കും. ഇതൊന്നും നമ്മുടെ കഥാകാരന്മാർക്കു് അറിഞ്ഞുകൂടാ.

ഞാൻ ഇൻഡ്യൻ കോഫി ഹൗസിലിരുന്നു കാപ്പി കുടിക്കുകയായിരുന്നു. എനിക്കു ഒട്ടും പരിചയമില്ലാത്ത ഒരാൾ വന്നു് എന്റെ മേശയ്ക്കു് അരികിലിരുന്നു. വേറെ എത്രയോ കസേരകളും മേശകളും ഒഴിഞ്ഞുകിടക്കുന്നു. ഇയാളെന്തിനു് ഇവിടെ വന്നു് ഇരിക്കുന്നു എന്നു ഞാൻ എന്നോടു തന്നെ ചോദിച്ചു് നീരസം ഉള്ളിലൊതുക്കി. ഞാൻ ഒരു മേശപ്പുറത്തു് കാപ്പിയുള്ള കപ്പ് വച്ചു് ഇരിക്കുമ്പോൾ അതിന്റെ (മേശയുടെ) പകുതി ഭാഗം എന്റേതാണു്. ആ ഭാഗത്തേക്കു പുതുതായി വന്നവൻ ബാഗ് തള്ളി വച്ചാൽ എനിക്കു വിരോധമുണ്ടാകും. അവിടെ അയാൾ വന്നിരുന്നതേ തെറ്റു്. കൂടാതെ തടിച്ച ബാഗിന്റെ അറ്റം എനിക്കു് അധികാരമുള്ള ഭാഗത്തേക്കു തള്ളി വയ്ക്കുകയും ചെയ്തു. ഞാൻ ദേഷ്യം പുറത്തു കാണിച്ചില്ല. മേശയുടെ പകുതി ഭാഗം എന്റേതാണെന്ന വിചാരത്തിനു് ഇംഗ്ലീഷിൽ territorial imperative എന്നു പറയും. ഇതിന്റെ സ്വാധീനത മറ്റു പല മണ്ഡലങ്ങളിലും കാണാം. ഇംഗ്ലീഷ് അധ്യാപകർ കീറ്റ്സിനെക്കുറിച്ചും ബ്രൗണിങ്ങിനെക്കുറിച്ചും പറഞ്ഞുകൊള്ളണം; അവർ വള്ളത്തോൾക്കവിതയെ നിരൂപണം ചെയ്യാൻ അർഹതയുള്ളവരല്ല എന്നു മലയാളാധ്യാപകർ കരുതുന്നു. ഇംഗ്ലീഷ് പഠിപ്പിക്കുന്നവർ മലയാളകവിത എഴുതിയാൽ ആദ്യം പ്രതിഷേധിക്കുന്നതു മലയാളാധ്യാപകരായിരിക്കും. അതുപോലെ ഐ. എ. എസ്. ഉദ്യോഗസ്ഥന്മാർ, ഐ. പി. എസ്. ഉദ്യോഗസ്ഥന്മാർ കഥയോ കവിതയോ എഴുതിയാൽ മലയാളത്തിലെ പ്രെഫഷനൽ സാഹിത്യകാരന്മാർക്കു് ലേശം പോലും ഇഷ്ടം കാണില്ല. ഞാൻ പബ്ളിക് ലൈബ്രറിയിൽ അംഗമായിരുന്ന കാലത്തു് മൂന്നും നാലും ഇംഗ്ലീഷ് പുസ്തകങ്ങൾ എടുത്തു് നെഞ്ചോടു ചേർത്തുവച്ചു് ബസ്സ്റ്റോപ്പിലേക്കു നടക്കുന്നതു പതിവായിരുന്നു. അതുകണ്ടു് സെക്രട്ടേറിയറ്റിനു മുൻപിലുള്ള കാൽനടപ്പാതയിൽ ‘വാനോട്ടം’ നടത്താനായി കൂടിനില്ക്കുന്ന ചില ഇംഗ്ലീഷ് പ്രഫെസേഴ്സ് ‘feeding instruction through the chest’ എന്നു പറയുമായിരുന്നു. പരീക്ഷ ജയിച്ചാൽ റ്റെനിസൺ വരെ അറിയാം. അല്ലെങ്കിൽ ഡിക്കിൻസ് വരെ വായിച്ചിട്ടുണ്ടു്. Then the door is closed. ഇവന്മാരാണു് വായനയിൽ കൗതുകമുള്ള മലയാളാധ്യാപകരെ ഹീനമായി കളിയാക്കുന്നതു്.

images/Stefan_Zweig.png
ഷ്ടെഫാൻ റ്റ്സ്വൈഖ്

ഞാൻ തിരുവനന്തപുരത്തെ ചാല ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ പഠിച്ചിരുന്നു. എന്റെ കണക്കുസ്സാർ സുന്ദരമയ്യർ. (പില്ക്കാലത്തു് D. E. O.) ഒരു ദിവസം ഇംഗ്ലീഷധ്യാപകൻ വരാതിരുന്നപ്പോൾ സുന്ദരമയ്യർസ്സാർ ക്ലാസ്സിലെത്തി, വേഡ്സ് വർത്തിന്റെ ‘Solitary Reaper’ എന്ന കവിത ഒന്നാന്തരമായി പഠിപ്പിച്ചിട്ടു പോയി. വേറൊരു സന്ദർഭത്തിൽ സാറ് ഉള്ളൂരിന്റെ കവിതയെക്കുറിച്ചു് പ്രൗഢമായി പ്രസംഗിച്ചു. എനിക്കു് അത്ഭുതമായി. Pythagoras’ theorem ബഹുകേമമായി പഠിപ്പിക്കുന്ന സാറ് ഉള്ളൂരിന്റെ ‘പിംഗള’യെക്കുറിച്ചു് അവഗാഹത്തോടെ സംസാരിക്കുകയോ? വിസ്മയങ്ങളിൽ വിസ്മയം! ഞാൻ സാറിനെ സ്നേഹിച്ചു. ബഹുമാനിച്ചു. ഒരു ദിവസം, ഞാൻ എഴുതിയ ഒരു ചെറുകഥ സാറിനെ കാണിച്ചു് അടുത്ത ദിവസം അഭിപ്രായം പറയാമെന്നു് അറിയിച്ചു് സാറതു കൊണ്ടുപോയി. അടുത്ത ദിവസം സാറ് എന്നെ തുറിച്ചുനോക്കിക്കൊണ്ടു് പറഞ്ഞു: “Krishna, you are not an artist. You are only a fabricator.” എന്റെ ചോദ്യം “Sir, may I know what fabrication is?” സാറ് പറഞ്ഞു: “Fabrication is manufacture. It is untruthful composition. Your story is a manufacture. It is untruthful composition. Your story is a manufactured product from the many parts of the stories of Takazhi, Kesava Dev and S. K. Pottekkatt. The artist is a magician. You are not a magician.” ഞാൻ വല്ലാതെ ക്ഷീണിച്ചു. പിന്നീടു് കഥയെഴുതിയിട്ടില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘പറയാതെ പോയതു് എന്ന കഥയെഴുതിയ പ്രഫുല്ലചന്ദ്രൻ, മൂടാടിയെ ഞാൻ എം. കൃഷ്ണൻ നായർ ആക്കുന്നു. ഞാൻ സുന്ദരമയ്യർ സാറും. എന്നിട്ടു് അദ്ദേഹത്തോടു പറയുന്നു. “Mr. Praphulla Chandran, you are neither a fabricator nor an artist.” വെറും നിർമ്മിതി (തട്ടിക്കൂട്ടൽ) അല്ല പ്രഫുല്ല ചന്ദ്രൻ നടത്തുന്നതു്. എന്നാൽ അദ്ദേഹത്തിന്റെ രചനയ്ക്കു കലയുടെ മാന്ത്രികത്വം ഇല്ലതാനും. ശാന്തി ഒരു യുവാവിനു് ബെല്ലയെ പരിചയപ്പെടുത്തിക്കൊടുക്കുന്നു. ബെല്ലയും യുവാവുമടുത്തപ്പോൾ ശാന്തിക്കു അസൂയ. ബെല്ല, അപ്രത്യക്ഷയാകുന്നു. കഥയും തീരുന്നു. യുക്തിക്കു ചേർന്ന ഘടന പ്ലോട്ടിനുള്ളതുകൊണ്ടു് ഇതു ആശാരി മരപ്പലകകൾ കൂട്ടിവച്ചു് മരയാണി അടിച്ചു കയറ്റുന്ന പ്രതീതി ജനിപ്പിക്കുന്നില്ല. പക്ഷേ, കലയുടെ മാത്രികത്വമില്ല. “And mark in every face I meet/Marks of weakness, marks of woe” എന്നു് കവി പറഞ്ഞതുപോലെ ഞാൻ കാണുന്ന കഥകളിലെല്ലാം ദൗർബ്ബല്യവും വിഷാദവും.

images/Ayyappapanikkar.jpg
കെ. അയ്യപ്പപ്പണിക്കർ

കോടാനുകോടി സൂര്യന്മാർ അന്തരീക്ഷത്തിൽ നിന്നു് രശ്മികൾ പ്രസരിപ്പിക്കുന്നു. ബുദ്ധൻ, സോക്രട്ടീസ്, ക്രിസ്തു, ഔപനിഷദീയ ഗ്രന്ഥങ്ങൾ രചിച്ച മഹർഷിമാർ, ശങ്കരാചാര്യർ, രാമാനുജൻ, ഗാന്ധി ഇവരിൽ ഓരോ വ്യക്തിയും സൂര്യനാണു്. ആ സൂര്യന്മാരിൽ നിന്നു് പുറപ്പെടുന്ന മയൂഖങ്ങൾ നമ്മളുടെ കണ്ണുകൾ തുറപ്പിക്കുന്നില്ല. അന്ധത്വമാണു് നമുക്കു്. ഈ അന്ധത്വം മാറ്റാനല്ല നമ്മടെ യത്നം. കത്തിയെടുത്തു് സഹോദരന്റെ കഴുത്തു മുറിക്കുന്നു നമ്മൾ. ഒരു പത്രവും തുറന്നു നോക്കാൻ വയ്യ. ഭീകരങ്ങളായ കൊലപാതകങ്ങളുടെ വർണ്ണനകൾ നമ്മളെ ഞെട്ടിക്കുന്നു. ആ ഞെട്ടലോടെ നമ്മുടെ മാനസികനില തകരുന്നു. ആ ദിനം മുഴുവൻ നമുക്കു ‘ഡിപ്രെഷൻ’.

images/Pattom_Thanu_Pillai.jpg
പട്ടം താണു പിള്ള

ഞാൻ പ്രതിലോമകാരിയാണെന്നു് പ്രിയപ്പെട്ട വായനക്കാർ കരുതരുതു്. നമ്മുടെ സമുന്നത സ്ത്രീത്വത്തിന്റെ ശാശ്വത പ്രതീകങ്ങൾ സീതയും ദമയന്തിയും ശീലാവതിയുമാണു്. അവർക്കെന്താണു് മഹനീയത? ചാരിത്ര്യശാലിനികളായിരുന്നെന്നോ? സീത മറ്റൊരു പുരുഷനെ കടാക്ഷിച്ചില്ലെന്നോ? ദമയന്തി നളനോടുള്ള ഭക്തികൊണ്ടു് അയാളുമായുള്ള പുനസ്സമാഗമം വരെ ചാരിത്ര്യം സംരക്ഷിച്ചെന്നോ? ഇതിലൊക്കെ ഇത്ര ഉത്കൃഷ്ടമായി എന്തുണ്ടു്? രക്തബന്ധമില്ലാത്ത അന്യപുരുഷനോടു ഭക്തിയുണ്ടായാൽ, സ്നേഹമുണ്ടായാൽ അതിലെന്താണിത്ര കേമത്തം? നേരേമറിച്ചാണു് ആന്റിഗണി. അവൾ ചോരയുടെ ബന്ധമുള്ള സഹോദരന്റെ മൃതദേഹത്തിൽ രാജാജ്ഞയെ തൃണവൽ ഗണിച്ചു് മണ്ണു് വാരിയിട്ടു് ദുരന്തം വരിക്കുന്നില്ലേ? ആന്റിഗണയുടെ അടുത്തു വരാനുള്ള യോഗ്യത സീതയ്ക്കുണ്ടോ ദമയന്തിക്കുണ്ടോ? സൂര്യനെ ഉദിപ്പിക്കാത്ത ശീലാവതിക്കുണ്ടോ? പക്ഷേ, ആന്റിഗണിയുടെ ആ മഹത്ത്വം പണ്ടുകാലത്തു മാത്രം. വിവാഹിതയായി ഭർത്താവിനോടൊരുമിച്ചു കഴിയുന്ന ഇന്നത്തെ സഹോദരി ഭർത്താവിന്റെ ആജ്ഞയനുസരിച്ചു് തന്നെ വളർത്തി നല്ല നിലയിലാക്കിയ ചേട്ടനു് എതിരായി കെയ്സ് കൊടുക്കുന്നു. ചേട്ടൻ അനുജനെ വെട്ടിക്കൊല്ലുന്നു. ഭർത്താവു് ഭാര്യയെ ഞെക്കിക്കൊല്ലുന്നു. ഞാൻ വർഷങ്ങൾക്കു മുൻപു് പൂജപ്പുര സെൻട്രൽ ജയിൽ കാണാൻ പോയി നോവലിസ്റ്റ് കെ. സുരേന്ദ്രനുമൊരുമിച്ചു്. ഒരു തടവുകാരിയോടു്—ചെറുപ്പക്കാരിയോടു്—ഞാൻ ചോദിച്ചു “എന്തു കുറ്റം ചെയ്തു”വെന്നു്. അവൾ മര്യാദയോടുകൂടി പറഞ്ഞു: “ഞാൻ എന്റെ ഭർത്താവിനെ വിഷം കൊടുത്തു കൊന്നു” എന്നു്.

ലോകം ദുഃഖമയം ഈ ദുഃഖം ലേശമെങ്കിലും അകറ്റാമെന്നു് വിചാരിച്ചു് ദേശാഭിമാനി വാരികയിൽ വി. സുരേഷ് കുമാർ എഴുതിയ “കള്ളന്മാർ ഉണ്ടാകുന്നതു്” എന്ന കഥ വായിച്ചു അതിലെ കലാഹിംസ കണ്ടു് ഞാൻ ലേശം ഞെട്ടി. ഭക്ഷണം കഴിക്കാനില്ലാതെ ഒരു അധ്യാപകനും ശിഷ്യനും കള്ളന്മാരായി മാറുന്നത്രേ ഇത്തരം കഥകൾ പതിവായി വായിച്ചാൽ വായിക്കുന്നവർ അകാലചരമമടയും നമ്മുടെ ‘കാലത്തിന്നൊത്തിരിപ്പു’ രചനകൾ. “കരൾക്കെട്ടുകൾ പൊട്ടി”ക്കൊണ്ടിരിക്കുന്നു.

images/Letter_from_an_Unknown_Woman.jpg

തകഴി ശിവശങ്കരപ്പിള്ള യുടെ ‘നാളും പേരുമില്ലാത്ത കത്തു്’ (കഥയുടെ പേരു അതുതന്നെയോ?) ഷ്ടെഫാൻ റ്റ്സ്വൈഖിന്റെLetter from an unknown woman’ എന്ന കഥയുടെ തർജ്ജമയാണെന്നു് കാണിച്ചു് ഞാൻ അക്കാലത്തെ പ്രമുഖമായ ഒരു പത്രത്തിലെഴുതി (പട്ടം താണു പിള്ള യുടെ മരുമകൻ പട്ടം കൃഷ്ണപിള്ള പത്രാധിപരായിരുന്ന പത്രം). ലേഖനം വായിച്ചവരാകെ അഭിനന്ദനം കൊണ്ടു് എന്നെ ശ്വാസം മുട്ടിച്ചു, പ്രത്യേകിച്ച് ഡോക്ടർ പി. കെ. നാരായണപിള്ള great criticism എന്നു പറയാൻ പോലും പി. കെ. സാർ മടിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞു് തകഴിയുടെ മറുപടി വന്നു ആ പത്രത്തിൽത്തന്നെ. താൻ റ്റ്സ്വൈഖിന്റെ കഥ തർജ്ജമ ചെയ്തതാണെന്നു് തകഴി സമ്മതിച്ചു. അദ്ദേഹമല്ലാതെ ഒരു സാഹിത്യകാരനും ഇങ്ങനെ കുറ്റസമ്മതം നടത്തുകില്ല. ‘ഞാൻ അങ്ങനെയൊരു ഇംഗ്ലീഷ് കഥ, ഇംഗ്ലീഷ് കവിത കണ്ടിട്ടേയില്ല’ എന്നാവും മറുപടി നല്കുക തകഴി എപ്പോഴും ഈ ധൈഷണിക സത്യസന്ധത പ്രദർശിപ്പിച്ചിട്ടുണ്ടു്. പിന്നെന്തിനു് അദ്ദേഹം റ്റ്സ്വൈഖിന്റെ കഥ മലയാളത്തിലാക്കി എന്നു ചിലർ ചോദിച്ചേക്കും. എ. ബാലകൃഷ്ണപിള്ള യുടെ നിർദ്ദേശമനുസരിച്ചു് തകഴി എഴുതിയ കാലം. അദ്ദേഹം റ്റ്സ്വൈഖിന്റെ കഥ തർജ്ജമ ചെയ്യാൻ പറഞ്ഞിരിക്കും. തകഴി ഗുരുവിന്റെ ആജ്ഞയനുസരിച്ചിരിക്കും.

images/Onv.jpg
ഒ. എൻ. വി.

“At Home in the World A window on Contemporary Indian Literature” എന്ന പേരിൽ കെ. സച്ചിദാനന്ദനും മറ്റുള്ള പ്രാദേശിക എഴുത്തുകാരും ചേർന്നു് കമനീയമായ ഒരു ഗ്രന്ഥം പ്രസാധനം ചെയ്തിരിക്കുന്നു. ഗ്രന്ഥം കമനീയമാണെങ്കിലും ഉള്ളടക്കം അങ്ങനെയല്ല. മലയാള കഥയുടെ പ്രതിനിധിയായി സക്കറിയ യുണ്ടു് (ഈ എഴുത്തു് എന്ന കഥ). മലയാള കവിതയുടെ പ്രതിനിധികൾ കെ. സച്ചിദാനന്ദൻ തന്നെ (രണ്ടു കവിതകൾ). സുഗതകുമാരി യുടെ രണ്ടു കവിതകൾ—പാവം മാനവഹൃദയം, രാത്രിമഴ—മലയാള കവിതയ്ക്കു പ്രാതിനിധ്യസ്വഭാവം അരുളുന്നു. എഴുതാൻ വിട്ടുപോയി. എം. ടി. വാസുദേവൻ നായരു ടെ ‘രണ്ടാമൂഴ’ത്തിൽ നിന്നു് ഹ്രസ്വമായ ഭാഗം ചേർത്തു സഹൃദയരുടെ രൂക്ഷമായ നോട്ടത്തെ തടുത്തിരിക്കുന്നു സച്ചിദാനന്ദൻ. സ്വന്തം കവിതകൾ രണ്ടെണ്ണമാണു് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതു്. താൻ ഒരുക്കുന്ന സദ്യ താനല്ലാതെ മറ്റാരും അതു കഴിച്ചുകൂടല്ലോ. അക്ഷന്തവ്യമായ അപരാധം ഒ. എൻ. വി. കുറുപ്പി നെയും ഡോക്ടർ കെ. അയ്യപ്പപ്പണിക്കരെ യും ഈ ഗ്രന്ഥത്തിൽ നിന്നു് ഗളഹസ്തം ചെയ്തിരിക്കുന്നു എന്നതാണു്. ഒ. എൻ. വി.യുടെ കവിത ആധുനികമല്ലെന്നാണു് സച്ചിദാനന്ദന്റെ മതമെങ്കിൽ സുഗതകുമാരിയുടെ കവിതകൾ sentimental അല്ലേ? ഒ. എൻ. വി.യുടെ കവിതയ്ക്കു സുഗതകുമാരിയുടെ കവിതകളെക്കാൾ അർവാചീനതയില്ലേ? നിഷ്പക്ഷമായ വിലയിരുത്തലല്ല സച്ചിദാനന്ദന്റേതു്. അതിനെ പക്ഷപാത സങ്കീർണ്ണതയുടെ പ്രകാശനമായേ കാണാൻ കഴിയൂ. ഇത്തരം സാന്മാർഗ്ഗിക ഭ്രംശങ്ങൾക്കു ശിക്ഷ നല്കാൻ ഇന്ത്യൻ പീനൽ കോഡിൽ വ്യവസ്ഥയില്ല.

images/Kesavadev.jpg
കേശവദേവ്

തകഴി, കേശവദേവ്, ബഷീർ, ഉറൂബ്, പൊൻകുന്നം വർക്കി, കാരൂർ, ഇവരുടെ കഥകൾ അടിത്തട്ടു കാണാവുന്ന പുഴ പോലെ ഒഴുകുകയാണു്. ഒരു സംശയവും ഒരു കഥയെക്കുറിച്ചും ഉണ്ടാവുകയില്ല. ബിംബങ്ങളുടെ ക്രമാനുഗതമായ നിവേശനമാണു്. ഈ സ്പഷ്ടതയ്ക്കു ഹേതു. അതു ചെയ്യാതെ ബിംബങ്ങൾ താന്തോന്നികളായി കഥകളിൽ വന്നാൽ വായനക്കാരനു് ദുർഗ്രഹങ്ങളായിത്തോന്നും. അവയെക്കുറിച്ചു നിരൂപണം എഴുതുന്നവന്റെ നേർക്കു രചയിതാവിനു തട്ടിക്കയറേണ്ടതായിവരും. അടുത്ത കാലത്തു് ഒരു കഥയിലെ സ്ത്രീകഥാപാത്രം വേശ്യയാണെന്നു് ഞാനെഴുതി. മകൾ ആ കഥാപാത്രത്തെ അശ്ലീലത കലർന്ന ഭാഷയിൽ നിന്ദിച്ചതുകൊണ്ടാണു് ഞാൻ വേശ്യയെന്നു് എഴുതിയതു്. ഉടനെ കഥാകാരന്റെ കത്തു് എനിക്കുകിട്ടി. “ആ കഥാപാത്രം വേശ്യയല്ല. നിങ്ങൾക്കു കഥ വായിച്ചിട്ടു മനസ്സിലായില്ല” ഇങ്ങനെ പോകുന്നു കത്തു്. 33 കൊല്ലത്തെ റ്റീച്ചിങ് അനുഭവവും 65 കൊല്ലത്തെ ഗ്രന്ഥപാരായണവും കൊണ്ടു് ആർജ്ജിച്ച സംസ്കാരത്താലാണു് ഞാൻ വിമർശനം നടത്തുന്നതു്. ഞാൻ എഴുതിയതു് രചയിതാവു് ഉദ്ദേശിച്ചതല്ലെങ്കിൽ കുറ്റം എന്റേതല്ല. ബിംബങ്ങൾ നിവേശിപ്പിക്കുമ്പോൾ അതിൽ നിന്നു ലയമുണ്ടാകും. ആ ലയം അർത്ഥസംക്രമണത്തിനും വികാരസംക്രമണത്തിനും സഹായിക്കും. ഇതൊന്നും നമ്മുടെ കഥാകാരന്മാർക്കു് അറിഞ്ഞുകൂടാ. അവർ എന്തോ വിചാരിക്കുന്നു. അതു പ്രകാശിപ്പിക്കാൻ തുനിയുമ്പോൾ അർദ്ധപരാജയമാണു്. ‘എന്റെ കഥ ഒന്നാന്തരം’ എന്നു വിചാരിച്ചു് വാരികയ്ക്കു് അയക്കുന്നു. ഭാഗ്യക്കേടുകൊണ്ടു അതു അച്ചടിമഷി പുരണ്ടു വന്നാൽ നിരൂപകനു് അയാളുടെ സാഹിത്യസംസ്കാരമനുസരിച്ചേ അർത്ഥഗ്രഹണം ഉണ്ടാകൂ. അതുവച്ചു് അയാൾ നിരൂപണമെഴുതിയാൽ കഥാകാരൻ തെറിവാക്കുകളുമായി മുന്നോട്ടുവരും. ഇക്കാര്യം കഥാകാരന്മാർ മനസ്സിലാക്കണമെന്നാണു് എന്റെ അഭിലാഷം. അഭിലാഷങ്ങൾ കുതിരകളായിരുന്നെങ്കിൽ യാചകർ കുതിരസ്സവാരി ചെയ്യുമായിരുന്നു എന്നു് ഇംഗ്ലീഷ് പഴഞ്ചൊല്ല്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-04-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 10, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.