SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 2002-06-14-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

images/Stendhal.jpg
സ്റ്റ​ങ്ദൽ

പത്തൊൻ​പ​താം ശതാ​ബ്ദ​ത്തി​ന്റെ പൂർ​വാർ​ദ്ധ​ത്തിൽ ഫ്രാൻ​സിൽ ജീ​വി​ച്ച മഹാ​നായ നോ​വ​ലി​സ്റ്റ് സ്റ്റ​ങ്ദൽ (Stendhal, 1783–1842) “Love” എന്ന പേരിൽ മനോ​ഹ​ര​വും വി​ദ്വ​ജ്ജ്നോ​ചി​ത​വു​മായ പു​സ്ത​ക​മെ​ഴു​തി​യി​ട്ടു​ണ്ടു്. ഇന്നും അതി​ന്റെ നൂ​ത​ന​ത്വം നശി​ച്ചി​ട്ടി​ല്ല. അതിൽ ശാ​രീ​രിക പ്രേ​മ​ത്തെ​ക്കു​റി​ച്ചു് ഇങ്ങ​നെ പറ​ഞ്ഞി​രി​ക്കു​ന്നു. നി​ങ്ങൾ വേ​ട്ട​യാ​ടു​ക​യാ​ണു്. കാ​ട്ടി​ലൂ​ടെ ഓടു​ന്ന സു​ന്ദ​രി​യായ പെൺ​കു​ട്ടി​യെ നി​ങ്ങൾ കാ​ണു​ന്നു. ഇത്ത​രം ആഹ്ളാ​ദ​ത്തിൽ നി​ന്നാ​ണു് പ്രേ​മം ഉണ്ടാ​കു​ന്ന​തെ​ന്നു് എല്ലാ​വർ​ക്കും അറി​യാം. നി​ങ്ങൾ എത്ര ദയ​നീ​യാ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ലും ഇവി​ടെ​യാ​ണു് പതി​നാ​റു വയ​സ്സിൽ നി​ങ്ങ​ളു​ടെ പ്രേ​മ​ജീ​വി​തം ആരം​ഭി​ക്കു​ന്ന​തു്. മര​ങ്ങൾ​ക്കി​ട​യി​ലൂ​ടെ ഓടു​ന്ന സു​ന്ദ​രി​യെ​ക്ക​ണ്ടാൽ മാ​ത്ര​മ​ല്ല പ്രേ​മ​ത്തി​ന്റെ ഉദ്ഭ​വം നി​ങ്ങൾ രാ​ജ​ര​ഥ്യ​യി​ലൂ​ടെ നട​ക്കു​മ്പോൾ നി​ങ്ങൾ​ക്ക​ഭി​മു​ഖ​മാ​യി ഒരു പരി​ച​യ​വു​മി​ല്ലാ​ത്ത സു​ന്ദ​രി വരു​ന്നു. അവ​ളു​ടെ ചു​ണ്ടു​ക​ളിൽ മന്ദ​സ്മി​തം. ആ മന്ദ​സ്മി​ത​ത്തോ​ടു​കൂ​ടി അവൾ നി​ങ്ങ​ളെ കട​ന്നു​പോ​കു​ന്നു. ഉൾ​ക്കു​ളി​രു​ണ്ടാ​കു​ന്നു നി​ങ്ങൾ​ക്കു്, നി​ങ്ങൾ നട​ക്കു​ന്നു. കമ്പി​വേ​ലി​ക്ക​പ്പു​റ​ത്തു് ഒരു പൂ വി​ടർ​ന്നു നി​ല്ക്കു​ന്ന​തു കാ​ണു​ന്നു. അതും ആഹ്ലാ​ദ​ജ​ന​കം. ഇങ്ങ​നെ​യാ​ണു് വ്യ​ക്തി​ക​ളും വസ്തു​ക്ക​ളും നമ്മ​ളു​മാ​യി ബന്ധ​പ്പെ​ടു​ന്ന​തു്. വൈ​രൂ​പ്യ​മാർ​ന്ന ആളു​ക​ളും വസ്തു​ക്ക​ളും നി​ങ്ങൾ​ക്കു ക്ഷോ​ഭം ജനി​പ്പി​ച്ചെ​ന്നു​വ​രാം. പക്ഷേ, സൗ​ന്ദ​ര്യ​ത്തി​ന്റെ അതി​പ്ര​സ​ര​വും അതിൽ നി​ന്നു് ഉണ്ടാ​കു​ന്ന ആഹ്ലാ​ദാ​നു​ഭൂ​തി​യു​മാ​ണു് ജീ​വി​ത​ത്തെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തു്. സ്റ്റ്ങ്ങ്ദൽ അപ​രി​ചി​ത​യെ​ക്ക​ണ്ടു്—വൃ​ക്ഷ​ങ്ങൾ​ക്കി​ട​യി​ലൂ​ടെ ഓടി​മ​റ​യു​ന്ന പെൺ​കു​ട്ടി​യെ ദർ​ശി​ച്ചു്—കൊ​ടു​മ്പി​രി​ക്കൊ​ണ്ട വി​കാ​ര​ത്തി​നു വി​ധേ​യ​നാ​യി ഈ വി​കാ​രം സ്റ്റ​ങ്ദ​ലി​ന്റെ സൗ​ന്ദ​ര്യ​ബോ​ധ​ത്തോ​ടു ബന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.

ക്ഷു​ദ്ര​വ​സ്തു​ക്കൾ നേ​രി​ട്ടു​ള്ള ദർ​ശ​ന​ത്താ​ല​ല്ല അവ​യു​ടെ പരോ​ക്ഷ​സാ​ന്നി​ദ്ധ്യം കൊ​ണ്ടു​ത​ന്നെ പു​രു​ഷ​ന്മാ​രെ ചലനം കൊ​ള്ളി​ക്കു​മെ​ന്ന​തി​നു് തെ​ളി​വാ​യി ഒരു ഫ്ര​ഞ്ച് കഥ​യി​ലെ ചില സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു് എനി​ക്കു പറയാൻ കൗ​തു​ക​മു​ണ്ടു്. ഒരു പോ​ലീ​സ് ഉദ്യോ​ഗ​സ്ഥൻ താൻ താ​മ​സി​ക്കു​ന്ന മു​റി​ക്കു് മു​ക​ളി​ലാ​യി ഫ്ലാ​റ്റിൽ വസി​ക്കു​ന്ന ഒരു പെൺ​കു​ട്ടി​യു​ടെ ഷൂ​സി​ന്റെ പിൻഭാഗം-​മടമ്പു-ഉണ്ടാക്കുന്ന ശബ്ദം കേ​ട്ടു ഹർ​ഷോ​ന്മാ​ദ​ത്താൽ വീ​ഴു​ന്നു. ആദ്യ​മാ​ദ്യം മട​മ്പി​ന്റെ ശബ്ദം പോ​ലീ​സ് ഓഫീ​സ​റെ രസി​പ്പി​ച്ചി​രു​ന്നി​ല്ല. ക്ര​മേണ അയാൾ​ക്ക​തു രസ​ജ​ന്യ​മാ​യി. ആ ഒച്ച കേൾ​ക്കാൻ അയാൾ കാ​ത്തു​നി​ല്ക്കു​മാ​യി​രു​ന്നു. മു​ക​ളി​ലു​ള്ള പെൺ​കു​ട്ടി​യു​ടെ അൺ​ഡെർ​വെ​യ​റി​നെ​ക്കു​റി​ച്ചു അയാൾ വി​ചാ​രി​ച്ചു തു​ട​ങ്ങി. ആ നശി​ച്ച മേ​ല്ത്ത​ട്ടു് ഇല്ലാ​യി​രു​ന്നെ​ങ്കിൽ കൈ​നീ​ട്ടി അവ​ളു​ടെ തു​ട​യിൽ തൊ​ടാ​മാ​യി​രു​ന്നു അയാൾ​ക്കു്. ആ ഊഷ്മ​ള​മായ തു​ട​ക​ളാ​ണു് അയാൾ​ക്കു് വേ​ണ്ടി​യി​രു​ന്ന​തു്. അവ​ളു​ടെ തു​ട​ക​ളാൽ അമർ​ത്ത​പ്പെ​ട്ടു് ശ്വാ​സം​മു​ട്ടി മരി​ക്കാ​നാ​യി​രു​ന്നു അയാ​ളു​ടെ ആഗ്ര​ഹം. പെൺ​കു​ട്ടി നട​ക്കു​മ്പോൾ മട​മ്പിൽ നി​ന്നു​ണ്ടാ​കു​ന്ന ശബ്ദം അയാൾ റെ​ക്കോർ​ഡ് ചെ​യ്തു​വ​ച്ചു. രാ​ത്രി​യിൽ ഇയർ​ഫോ​ണി​ലൂ​ടെ അതു് അയാൾ വീ​ണ്ടും കേ​ട്ടു് ആഹ്ലാ​ദി​ച്ചു. ഒരു ദിവസം അയാൾ തന്റെ കബഡ് (cupbord) പെൺ​കു​ട്ടി നട​ക്കു​ന്ന സ്ഥ​ല​ത്തി​ന്റെ താ​ഴെ​ക്കൊ​ണ്ടു വച്ചു് മൂ​ക്കു് മേൽ​ത്ത​ട്ടിൽ തട്ട​ത്ത​ക്ക​വി​ധ​ത്തിൽ അതി​ന്റെ മു​ക​ളിൽ കി​ട​ന്നു. ഒരോ ദി​വ​സ​വും രണ്ടു​മ​ണി​ക്കൂർ​നേ​രം അയാൾ അവിടെ കി​ട​ക്കു​മ​ങ്ങ​നെ. ഏതാ​നും സെ​ന്റി​മീ​റ്റ​റി​നു് താഴെ കി​ട​ക്കു​ന്ന അയാളെ ചവി​ട്ടി​കൊ​ണ്ടാ​ണു് അവ​ളു​ടെ നട​ത്തം. അയാ​ളു​ടെ കവി​ളു​ക​ളിൽ അവ​ളു​ടെ സൂ​ചി​പോ​ലു​ള്ള മട​മ്പി​ന്റെ സ്പർ​ശ​മേ​റ്റു് തുള വീഴും. അവൾ അയാ​ളു​ടെ മാം​സ​ത്തി​ലൂ​ടെ, വാ​രി​യെ​ല്ലു​ക​ളി​ലൂ​ടെ നട​ക്കു​ക​യാ​ണു്. അവൾ അയാ​ളു​ടെ ജന​നേ​ന്ദ്രി​യ​ത്തെ നട​ത്ത​ത്താൽ തകർ​ക്കു​ക​യാ​ണു്. അടി​യിൽ കി​ട​ന്നു​കൊ​ണ്ടു് അയാൾ പെൺ​കു​ട്ടി​യെ നോ​ക്കു​ക​യാ​ണു്. സ്ക്കൂ​ളിൽ ടീ​ച്ചർ മു​ക​ളി​ലേ​ക്കു പോ​കു​മ്പോൾ കു​ട്ടി തല വള​ച്ചു് അവ​രു​ടെ പാ​വാ​ട​യു​ടെ താ​ഴ​ത്തെ ഭാ​ഗ​ത്തി​ലൂ​ടെ മു​ക​ളി​ലേ​ക്കു നോ​ക്കു​ന്ന​തു​പോ​ലെ. ഞാൻ ഇക്കഥ മു​ഴു​വൻ സം​ഗ്ര​ഹി​ച്ചെ​ഴു​തു​ന്നി​ല്ല. നേ​രി​ട്ടു​ള്ള ദർ​ശ​ന​മി​ല്ലാ​തെ പരോ​ക്ഷ​ദർ​ശ​നം കൊ​ണ്ടു് വി​കാ​ര​മ​നു​ഭ​വി​ക്കാം എന്ന തത്വ​ത്തി​നു് നി​ദർ​ശ​ക​മാ​യി ഒരു ഫ്ര​ഞ്ച് കഥ​യു​ടെ ഏതാ​നും ഭാഗം എടു​ത്തു കാ​ണി​ച്ച​തേ​യു​ള്ളൂ. നമ്മു​ടെ മാ​ന​ദ​ണ്ഡ​ങ്ങൾ വച്ചു നോ​ക്കി​യാൽ അതു അശ്ലീ​ല​ത​യിൽ പെ​ട്ടേ​ക്കാം. എനി​ക്ക​തിൽ വി​പ്ര​തി​പ​ത്തി​യി​ല്ല. പ്ര​ത്യ​ക്ഷ​വും പരോ​ക്ഷ​വു​മായ വസ്തു​ക്ക​ളും വസ്തു​ത​ക​ളും സഹൃ​ദ​യ​രെ രസി​പ്പി​ക്കു​ന്നു എന്ന കലാ​ത​ത്ത്വം സ്പ​ഷ്ട​മാ​ക്കാ​നാ​ണു് ഞാൻ ഇത്ര​യു​മെ​ഴു​തി​യ​തു് (The Oxford Book of French Stories, Elizabeth–Fallaize, Oxford University Press. See page 333 for the story; Total pages 352, Rs. 495.00).

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: ചന്ദ്ര​നിൽ മനു​ഷ്യൻ കാൽ കു​ത്തി​യ​തി​നു​ശേ​ഷം അതി​നോ​ടു​ള്ള മാ​ന​സി​ക​നി​ല​യ്ക്കു മാ​റ്റം വന്നി​ല്ലേ?

ഉത്ത​രം: ചന്ദ്ര​നിൽ മനു​ഷ്യൻ ഇറ​ങ്ങിയ ദി​ന​ത്തി​ന്റെ അടു​ത്ത ദി​വ​സ​ത്തിൽ ജി. ശങ്ക​ര​ക്കു​റു​പ്പി ന്റെ പ്ര​ഭാ​ഷ​ണ​മു​ണ്ടാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ ടൗൺ​ഹാ​ളിൽ. അദ്ദേ​ഹം പ്ര​ഭാ​ഷ​ണ​ത്തി​നി​ട​യ്ക്കു പറ​ഞ്ഞു ‘മനു​ഷ്യർ ദി​വ​സ​വും ചന്ദ്ര​നി​ലേ​ക്കു യാ​ത്ര​ചെ​യ്താ​ലും പൂർ​ണ്ണ​ച​ന്ദ്ര​നെ കാ​ണു​മ്പോൾ വി​ര​ഹ​ദുഃ​ഖ​മ​നു​ഭ​വി​ക്കു​ന്ന സ്ത്രീ​ക്കു് ദുഃഖം കൂടും. ഒരി​ക്കൽ പവനൻ പ്ര​സം​ഗി​ക്കു​ന്ന​തു ഞാൻ കേ​ട്ടു. അദ്ദേ​ഹം മദ്രാ​സ് കട​പ്പു​റ​ത്തു വെ​ളു​ത്ത വാ​വിൻ​നാ​ളിൽ വി​ശ​ന്നു കി​ട​ക്കു​മ്പോൾ ആഗ്ര​ഹി​ച്ച​ത്രേ ചന്ദ്രൻ ദോ​ശ​യാ​യി​രു​ന്നെ​ങ്കിൽ, അതു തി​ന്നാൻ കി​ട്ടി​യി​രു​ന്നെ​ങ്കിൽ എത്ര നന്നാ​യി​രു​ന്നു​വെ​ന്നു്.

ചോ​ദ്യം: സന്താ​ന​ങ്ങ​ളോ​ടു് അച്ഛ​ന​മ്മ​മാർ​ക്കു സ്നേ​ഹം എത്ര വർഷം നി​ല്ക്കും?

ഉത്ത​രം: പെൺ​പി​ള്ള​രോ​ടു​ള്ള അവ​രു​ടെ സ്നേ​ഹം കൂ​ടി​വ​ന്നാൽ പത്തു​വർ​ഷം നി​ല്ക്കും. ആൺ​പി​ള്ള​രോ​ടു​ള്ള സ്നേ​ഹം ഏഴു​വർ​ഷം നി​ല്ക്കും. പി​ന്നെ നീ​ര​സ​മു​ണ്ടാ​കും. അവ​രോ​ടു് നീരസം ഇഷ്ട​ക്കേ​ടിൽ നി​ന്നു് ശത്രു​ത​യി​ലേ​ക്കു വളരും. ഇരു​പ​തു വയ​സ്സായ മകനെ അച്ഛ​നു കണ്ണി​നു കണ്ടു​കൂ​ടാ എന്നാ​വും.

ചോ​ദ്യം: സ്ത്രീ​ക്കു മഹാ​ദുഃ​ഖം ഉണ്ടാ​കു​ന്ന​തു എപ്പോൾ?

ഉത്ത​രം: മകനെ അതി​ര​റ്റു സ്നേ​ഹി​ച്ച അമ്മ അവ​ന്റെ വി​വാ​ഹ​ത്തി​നു​ശേ​ഷം അമ്മാ​യി​യ​മ്മ​യു​ടെ ദാ​സ​നാ​യി മാറി തന്നെ കാണാൻ വരാ​ത്ത​പ്പോൾ. പല ആൺ​മ​ക്ക​ളും ഇങ്ങ​നെ അമ്മ​മാ​രെ ദുഃ​ഖി​പ്പി​ക്കു​ന്നു​ണ്ടു്.

ചോ​ദ്യം: എന്റെ ആപ്ത​മി​ത്രം ആഹാ​ര​ത്തി​നു വഴി​യി​ല്ലാ​തെ പട്ടി​ണി കി​ട​ക്കു​ന്നു. ഞാനും ആ സു​ഹൃ​ത്തി​ന്റെ അടു​ത്തു ചെ​ന്നു​കി​ട​ക്കു​ന്ന​ത​ല്ലേ ഉചിതം?

ഉത്ത​രം: നി​ങ്ങ​ളു​ടെ ആ സ്നേ​ഹി​തൻ കാ​റ​പ​ക​ട​ത്തിൽ പെ​ട്ടു റോഡിൽ കി​ട​ന്നാൽ നി​ങ്ങൾ അയാളെ റ്റാ​ക്സി​യിൽ കയ​റ്റി ആശു​പ​ത്രി​യിൽ കൊ​ണ്ടു​പോ​കു​മോ അതോ അയാ​ളു​ടെ കൂടെ റോഡിൽ കി​ട​ക്കു​മോ?

ചോ​ദ്യം: സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചു വി​ശാ​ല​വീ​ക്ഷ​ണ​മു​ള്ള​വ​ര​ല്ലേ നമ്മു​ടെ നി​രൂ​പ​കർ?

ഉത്ത​രം: അവർ​ക്കു സങ്കു​ചിത വീ​ക്ഷ​ണ​മേ​യു​ള്ളൂ. നി​രൂ​പണ പ്ര​ബ​ന്ധ​ങ്ങൾ എഴു​തു​ന്ന ഒരു സ്ത്രീ വൈ​ലോ​പ്പി​ള്ളി യുടെ ‘കു​ടി​യൊ​ഴി​ക്ക​ലി​നെ’ കു​റി​ച്ചു് ആയി​ര​മാ​യി​രം ലേ​ഖ​ന​ങ്ങൾ എഴു​തി​ക്ക​ഴി​ഞ്ഞു. ജി. ശങ്ക​ര​ക്കു​റു​പ്പി​ന്റെ കവി​ത​യെ​ക്കു​റി​ച്ചു് വാ തോ​രാ​തെ പ്ര​സം​ഗി​കു​ന്നു; എഴു​തു​ന്നു. ഇതു വി​ശാ​ല​വീ​ക്ഷ​ണ​മാ​ണോ? ഒരു പു​രു​ഷൻ റ്റി. പദ്മ​നാ​ഭ​നെ​ക്കു​റി​ച്ചു് ഗ്ര​ന്ഥ​മെ​ഴു​തി. കു​ട്ടി​കൃ​ഷ്ണ​മാ​രാ​രെ​ക്കു​റി​ച്ചു് ഗ്ര​ന്ഥ​മെ​ഴു​തു​മെ​ന്നു് കേ​ര​ളീ​യ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു. പടി​ഞ്ഞാ​റൻ കഥാ​കാ​ര​ന്മാ​രു​ടെ കഥകൾ വാ​യി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ, കോൾ​റി​ജ്ജ്, എലി​യ​റ്റ് ഇവ​രു​ടെ നി​രൂ​പ​ണ​ങ്ങൾ വാ​യി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ പദ്മ​നാ​ഭൻ, മാരാർ, ഇവ​രെ​പ്പ​റ്റി അദ്ദേ​ഹം ഗ്ര​ന്ഥ​മെ​ഴു​താൻ തു​ട​ങ്ങു​മോ?

ചോ​ദ്യം: റോ​സാ​പ്പൂ, പി​ച്ചി​പ്പൂ, മു​ല്ല​പ്പൂ, ഇവയിൽ ഏതു പൂ​വി​ന്റെ മണ​മാ​ണു് നി​ങ്ങൾ​ക്കി​ഷ്ടം?

ഉത്ത​രം: എനി​ക്കു് ഈ പൂ​ക്ക​ളു​ടെ മണം ഇഷ്ട​മ​ല്ല പെ​ട്രോ​ളി​ന്റെ മണം ഇഷ്ട​മാ​ണു്.

ചോ​ദ്യം: ആറ്റൂർ രവി​വർ​മ്മ, കെ. ജി. ശങ്ക​ര​പി​ള്ള ഇവ​രു​ടെ കവി​ത​കൾ വാ​യി​ക്കു​ന്നു​ണ്ടോ നി​ങ്ങൾ?

ഉത്ത​രം: പഴയ റ്റെ​ലി​ഫോൺ ഡയ​റ​ക്ട​റി എന്റെ വീ​ട്ടി​ലു​ണ്ടു്. ഞാനതു വാ​യി​ക്കു​ന്നു. നല്ല രസം.

കൊ​ല്ല​രു​ത​നി​യാ കൊ​ല്ല​രു​ത്
images/G_Sankarakurup.jpg
ജി. ശങ്ക​ര​ക്കു​റു​പ്പ്

ഏർ​വി​ങ്ങ് സ്റ്റോ​ണി​ന്റെ നോ​വ​ലു​കൾ വാ​യി​ച്ചു് അത്ഭു​താ​ധീ​ന​നായ കെ. സു​രേ​ന്ദ്രൻ കേ​ര​ള​ത്തി​ലെ ചി​ല​രു​ടെ ജീ​വി​ത​ത്തെ അവ​ലം​ബി​ച്ചു് നോ​വ​ലു​കൾ എഴുതി. പക്ഷേ, സ്റ്റോ​ണി​ന്റെ നോ​വ​ലു​കൾ​ക്കു​ള്ള സൗ​ര​ന്ദ്യ​ത്തി​ന്റെ ആയി​ര​ത്തി​ലൊ​രം​ശം പോലും സു​രേ​ന്ദ്ര​ന്റെ നോ​വ​ലു​കൾ​ക്കു് ഇല്ലാ​യി​രു​ന്നു. കു​മാ​രാ​നാ​ശാ​ന്റെ ജീ​വ​ച​രി​ത്ര​ത്തെ അവ​ലം​ബി​ച്ചു് അദ്ദേ​ഹം രചി​ച്ച ഗ്ര​ന്ഥം മു​ണ്ട​ശ്ശേ​രി വേ​റൊ​രു ഗ്ര​ന്ഥ​ത്തെ​ക്കു​റി​ച്ചു പറ​ഞ്ഞ​തു​പോ​ലെ അമ്പേ പരാ​ജ​യ​മാ​യി​രു​ന്നു. താൻ ചി​ത്രീ​ക​രി​ക്കു​ന്ന വ്യ​ക്തി​യു​ടെ ജീ​വി​തം സാ​മാ​ന്യ​മായ രീ​തി​യിൽ പ്ര​തി​പാ​ദി​ച്ച​തേ​യു​ള്ളൂ സു​രേ​ന്ദ്രൻ. നോ​വ​ലി​സ്റ്റ് വി​ദ​ഗ്ദ്ധ​നായ ഫോ​ട്ടോ​ഗ്രാ​ഫ​റെ​പ്പോ​ലെ​യാ​ണു്. തന്റെ മുൻ​പി​ലി​രി​ക്കു​ന്ന വ്യ​ക്തി​യു​ടെ അനാ​ദൃ​ശ്യ​മായ ഒരു നി​മി​ഷം കണ്ടു​പി​ടി​ച്ചു് ഛാ​യാ​ഗ്ര​ഹ​ണ​പേ​ട​ക​ത്തി​ന്റെ ബട്ടൺ അമർ​ത്തി​യാൽ ആ ഫോ​ട്ടോ​യ്ക്കു് അനാ​ദൃ​ശ്യ​സ്വ​ഭാ​വം വരും. അയാ​ളു​ടെ സ്വ​ഭാ​വം മു​ഖ​ത്തു കാണും. സു​രേ​ന്ദ്രൻ ഈ വി​ധ​ത്തിൽ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്നി​ല്ല. ജീ​വ​ച​രി​ത്രം സം​ക്ഷേ​പി​ച്ചെ​ഴു​തു​മ്പോ​ഴും സൂ​ക്ഷ്മ​ത​യി​ലാ​യി​രു​ന്നു അദ്ദേ​ഹ​ത്തി​ന്റെ കണ്ണു്. സൂ​ക്ഷ്മ​ത​യിൽ മന​സ്സി​രു​ത്തു​ന്ന ഒരു കലാ​കാ​ര​നും ആ പേ​രി​നു് അർ​ഹ​നാ​യി​ട്ടി​ല്ല. അതി​നാ​ലാ​ണു് കെ. സു​രേ​ന്ദ്രൻ എന്ന നോ​വ​ലി​സ്റ്റ് ഇന്നു സാ​ഹി​ത്യ​മ​ണ്ഡ​ല​ത്തിൽ നി​ന്നു് അപ്ര​ത്യ​ക്ഷ്യ​നാ​യി​പ്പോ​യ​തു്.

ഈ കലാ​ത​ത്ത്വം കവി​ക്കും കഥാ​കാ​ര​നും യോ​ജി​ക്കും. മനുഷ്യജീവിതം-​കാര്യകാരണബന്ധമുള്ള മനു​ഷ്യ​ജീ​വി​തം. അതു​പോ​ലെ പകർ​ത്തി​വ​ച്ചാൽ കല​യാ​വു​ക​യി​ല്ലെ​ന്നു് നമ്മു​ടെ എഴു​ത്തു​കാർ​ക്കു് അറി​ഞ്ഞു​കൂ​ടാ. വ്യ​ക്തി​ക​ളെ നേ​രി​ട്ടു കഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ക്ക​ള​യും സു​രേ​ന്ദ്രൻ. ഒരു നോ​വ​ലിൽ ഡോ​ക്ടർ അയ്യ​പ്പ​പ്പ​ണി​ക്ക​രെ കയ​റ്റി​യി​ട്ടു​ണ്ടു് അദ്ദേ​ഹം. പേരു മാ​ത്രം മാ​റ്റും. ഈ വാചിക വസ്ത്ര​ധാ​ര​ണം വ്യ​ക്തി​യു​ടെ വ്യ​ക്തി​ത്വ​ത്തെ അനാ​വ​ര​ണം ചെ​യ്യു​ക​യി​ല്ല. മു​ണ്ടും ഷേർ​ട്ടും ധരി​ച്ചു് താ​ടി​വ​ളർ​ത്തി കാറിൽ സഞ്ച​രി​ക്കു​ക​യോ നട​ന്നു പോ​വു​ക​യോ ചെ​യ്യു​ന്ന അയ്യ​പ്പ​പ്പ​ണി​ക്ക​രെ നമ്മ​ളെ​ല്ലാ​വ​രും കണ്ടി​ട്ടു​ണ്ടു്. അദ്ദേ​ഹ​ത്തെ അതേ രീ​തി​യിൽ നോ​വ​ലി​ലും കാ​ണു​ന്ന​തു​കൊ​ണ്ടു് എന്തു പ്ര​യോ​ജ​നം? പൊ​ക്കം കു​റ​ഞ്ഞ തെ​ങ്ങിൽ നി​ന്നു് തേങ്ങ പറി​ച്ചെ​ടു​ക്കു​ന്ന​തു​പോ​ലെ ജീ​വ​ച​രി​ത്ര​ത്തെ സം​ബ​ന്ധി​ച്ച സം​ഭ​വ​നാ​ളി​കേ​ര​ങ്ങൾ പറി​ച്ചെ​ടു​ത്തു നമ്മു​ടെ മുൻ​പിൽ വച്ചു കെ. സു​രേ​ന്ദ്രൻ. അദ്ദേ​ഹ​ത്തി​ന്റെ പാ​ര​മ്പ​ര്യം ഇവിടെ പലരും പു​ലർ​ത്തി​പ്പോ​രു​ന്നു.

രണ്ടാ​മ​ത്തെ രീതി എന്തെ​ന്നു് ഞാൻ വി​ശ​ദീ​ക​രി​ക്കേ​ണ്ട​തി​ല്ല. അതി​ന്റെ സ്വ​ഭാ​വം മന​സ്സി​ലാ​ക്കു​ന്ന​തി​നു് മാ​തൃ​ഭൂ​മി ആഴ്ച്ച​പ്പ​ത്തിൽ ‘കളി​ത്തോ​ക്കു്’ എന്ന പേരിൽ അർ​ഷാ​ദ് ബത്തേ​രി എഴു​തിയ കഥ വാ​യി​ച്ചാൽ മതി. സം​ഭ​വി​ക്കാ​ത്ത​തും സം​ഭ​വി​ക്കു​ന്ന​തു​മായ പല കാ​ര്യ​ങ്ങ​ളെ അവ​ലം​ബി​ച്ചു് കഥാ​കാ​ര​ന്മാർ എഴു​താ​റു​ണ്ടു്. അർ​ഷാ​ദി​ന്റെ രീതി, സം​ഭ​വി​ക്കാ​ത്ത​തു്. വർ​ണ്ണി​ച്ചു് വാ​യ​ന​ക്കാ​രെ ‘അങ്ക​ലാ​പ്പിൽ’ ആക്കുക എന്ന​താ​ണു്. ആദ്യം നമ്മൾ കാ​ണു​ന്ന​തു് കൈ​ത്തോ​ക്കാ​ണു്. അതു് കളി​ത്തോ​ക്കാ​ണ​ത്രേ. കാ​ഞ്ചി വലി​ച്ച​പ്പോൾ അതിൽ നി​ന്നു് വെ​ള്ളം വന്നു​പോ​ലും. ഈ കളി​ത്തോ​ക്കു് മാ​ര​കാ​യു​ധ​മാ​യി​ത്തീ​രു​ന്നു കഥ​യു​ടെ പര്യ​വ​സാ​ന​ത്തിൽ. അതിൽ നി​ന്നു പൊ​ട്ടു​ന്ന വെടി കഥ പറ​യു​ന്ന​വ​ന്റെ നെ​ഞ്ചി​ലേ​ക്കാ​ണു് പാ​ഞ്ഞു​ക​യ​റുക. അവൻ മരി​ച്ചി​ല്ലാ​യി​രി​ക്കും. മരി​ച്ചെ​ങ്കിൽ ആത്മ​കഥ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തു് എങ്ങ​നെ. എന്തൊ​രു ഇഡി​യ​സി​യാ​ണു് ഇക്കഥ! ബഷീ​റും മറ്റും രച​ന​കൊ​ണ്ടു് വാ​യ​ന​ക്കാ​രെ hypnotize ചെ​യ്തി​രു​ന്നു. ഇക്കാ​ല​ത്തു് ഏറെ​പ്പേ​രും കഥ​യെ​ഴു​തി വാ​യ​ന​ക്കാ​രെ കൊ​ല്ലു​ന്നു.

ആത്മ​വ​ഞ്ചന, ജന​വ​ഞ്ചന
images/Alberto_Moravia.jpg
അൽ​ബെർ​തോ മൊ​റാ​വ്

ആത്മ​വ​ഞ്ച​ന​യും ജന​വ​ഞ്ച​ന​യും പടി​ഞ്ഞാ​റൻ പ്ര​സാ​ധ​കർ നട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അതിൽ പെ​ടു​ന്ന​വർ​ക്കു ക്ഷോ​ഭ​മു​ണ്ടാ​കു​ന്നു. ധന​ന​ഷ്ട​മു​ണ്ടാ​കു​ന്നു. എല്ലാം പറയാൻ സ്ഥ​ല​മി​ല്ല ഇവിടെ. അൽ​ബെർ​തോ മൊ​റാ​വ്യ യുടെ നോ​വ​ലു​ക​ളും ചെ​റു​ക​ഥ​ക​ളും ഞാൻ പണ്ടു വാ​യി​ച്ചി​ട്ടു​ണ്ടു്. രണ്ടു​മാ​സം മുൻ​പു് അദ്ദേ​ഹ​ത്തി​ന്റെ രണ്ടു നോ​വ​ലു​ക​ളു​ടെ തർ​ജ്ജമ വന്നു. പുതിയ പേ​രു​കൾ. ഞാൻ വലിയ വി​ല​കൊ​ടു​ത്തു് അവ രണ്ടും വാ​ങ്ങി. വീ​ട്ടിൽ​ക്കൊ​ണ്ടു​വ​ന്നു് വായന തു​ട​ങ്ങി​യ​പ്പോൾ മുൻപു വാ​യി​ച്ചു​വെ​ന്ന തോ​ന്നൽ. ഷെൽ​ഫിൽ നി​ന്നു് മൊ​റാ​വ്യ​യു​ടെ നോ​വ​ലു​കൾ എടു​ത്തു​നോ​ക്കി. പുതിയ നോ​വ​ലു​ക​ള​ല്ല ഞാൻ വാ​ങ്ങി​യ​തു്. നോ​വ​ലു​ക​ളു​ടെ പേ​രു​കൾ മാ​റ്റി അച്ച​ടി​ച്ചി​രി​ക്കു​ന്നു. ഞാൻ വഞ്ചി​ക്ക​പ്പെ​ട്ടു. ബോർ​ഹേ​സി​ന്റെ പ്ര​ബ​ന്ധ​ങ്ങൾ കണ്ടു വാ​ങ്ങി ഭീ​ക​ര​മായ വി​ല​യ്ക്കു്. വീ​ട്ടി​ലെ​ത്തി വായന തു​ട​ങ്ങി​യ​പ്പോ​ഴാ​ണു് ഓരോ പ്ര​ബ​ന്ധ​വും ഞാൻ മുൻ​പു് വാ​യി​ച്ചി​ട്ടു​ള്ള​താ​ണെ​ന്ന വസ്തുത ഗ്ര​ഹി​ക്കാ​നാ​യ​തു്. പേ​രു​മാ​റ്റം കരു​തി​ക്കൂ​ട്ടി പ്ര​സാ​ധ​കർ ചെ​യ്യു​ന്ന​താ​ണു് എന്ന​തിൽ സം​ശ​യ​മേ​യി​ല്ല.

രണ്ടാ​മ​ത്തെ വഞ്ചന പ്ര​സാ​ധ​കർ പു​സ്ത​ക​ത്തി​ന്റെ കവ​റി​ലും കവ​റി​ന്റെ മട​ക്കിയ ഭാ​ഗ​ങ്ങ​ളി​ലും അച്ച​ടി​ക്കു​ന്ന നി​രൂ​പ​ക​രു​ടെ പ്ര​സ്താ​വ​ങ്ങ​ളാ​ണു്. അവർ​ക്കു പണം കൊ​ടു​ത്താ​വും ഈ പ്ര​സ്താ​വ​ങ്ങൾ വാ​ങ്ങി അച്ച​ടി​ക്കുക. ബഹു​ജ​നം അവ കണ്ടു് പു​സ്ത​ക​ങ്ങൾ വാ​ങ്ങു​ന്നു, വാ​യി​ക്കു​ന്നു, ചവ​റാ​ണെ​ന്നു മന​സ്സി​ലാ​ക്കു​ന്നു. പണം നഷ്ട​പ്പെ​ട്ട ദുഃ​ഖ​ത്തോ​ടു​കൂ​ടി ഇരി​ക്കു​ന്നു. ഈയിടെ Hari Kunzru വി​ന്റെ “The Impressionist” എന്ന നോവൽ വാ​ങ്ങി ഞാൻ വഞ്ചി​ത​നാ​യി. “The most eagerly awaited debut of 2002” എന്നു Observer. “Epic in scope and ambition… the pace is rollicking… a work that will be talked about everywhere” എന്നു് Daily Telegraph. “Beautifully written, daringly plotted, funny and sweeping… sophisticated, relevant, heart-​breaking” എന്നു് Tracy Chevalier. ഇത്ര​യും കള്ളം പറ​യു​ക​യി​ല്ലെ​ന്നു കരുതി വലിയ വില കൊ​ടു​ത്തു നോവൽ വാ​ങ്ങി വാ​യി​ച്ചു. തല​യ്ക്കു മൂ​ന്നു​ത​വണ ചു​റ്റി ആവു​ന്ന​ത്ര ശക്തി സം​ഭ​രി​ച്ചു് ആഞ്ഞെ​റി​യേ​ണ്ട നോ​വ​ലാ​ണു് അതെ​ന്നു് ഗ്ര​ഹി​ച്ചു. ഡൊ​റ​ത്തി പാർ​ക്കർ പറ​ഞ്ഞി​ല്ലേ This is not a novel to be tossed aside lightly. It should be thrown with great force. എറി​ഞ്ഞാൽ പ്ര​സാ​ധ​ക​രു​ടെ മുൻ​പിൽ ചെ​ന്നു​വീ​ഴ​ണം. അത്ര​ക​ണ്ടു ഗർ​ഹ​ണീ​യ​മാ​ണി​തു്.

വർഷം 1903. ബ്ര​ട്ടീ​ഷു​കാർ ഇന്ത്യ ഭരി​ക്കു​ന്ന കാലം. അവ​രു​ടെ ഒരു​ദ്യോ​ഗ​സ്ഥ​നായ റൊ​നാൾ​ഡ് ഫോ​സ്റ്റർ മലയിൽ നി​ന്നു് ഒഴുകിവന്ന-​അസാധാരണമായ വേ​ഗ​ത്തിൽ ഒഴുകിവന്ന-​വെള്ളത്തിൽ പെ​ട്ടു​പോ​യി. ശ്വാ​സ​കോ​ശ​ത്തിൽ വെ​ള്ളം നി​റ​ഞ്ഞു് ശ്വാ​സ​ത്തി​നു​വേ​ണ്ടി വലി​ച്ചു വലി​ച്ചു് അയാൾ ഒരു ഗു​ഹാ​മു​ഖ​ത്തെ​ത്തി. അവിടെ നി​ല്ക്കു​ന്നു ഒരു ദേവത. പ്രാ​കൃ​ത​വും നി​ഷ്ഠൂ​ര​വു​മായ രൂപം അവ​ളു​ടേ​തു്. ശരീ​ര​മാ​കെ ചെളി. താൻ അവളെ സൃ​ഷ്ടി​ച്ച​താ​ണോ എന്നു് അയാൾ​ക്കു സംശയം. അവൾ മു​ന്നോ​ട്ടേ​ക്കു​വ​ന്നു് അയാ​ളു​ടെ ഷേർ​ടി​ന്റെ ബട്ടൺ ഊരി. അപ്പോ​ഴാ​ണു് അയാൾ​ക്കു മന​സ്സി​ലാ​യ​തു് അവ​ളാ​ണു് തന്നെ സൃ​ഷ്ടി​ച്ച​തെ​ന്നു്. ഗു​ഹ​യ്ക്കു പു​റ​ത്തു് കൊ​ടു​ങ്കാ​റ്റു് തകർ​ക്കു​ന്നു.… inside the cave her small hands are curling around his penis and lugging down in a tumble of limbs on to the floor. (ഈ ഭാഗം വാ​യി​ച്ച​പ്പോൾ ഞാൻ നോ​വ​ലി​സ്റ്റി​ന്റെ പ്രാ​യം നോ​ക്കി. ജനി​ച്ച​വർ​ഷം 1969. മു​പ്പ​ത്തി​മൂ​ന്നു വയ​സ്സു്. ഈ പ്രാ​യ​ത്തിൽ ഇത്ര​യ​ല്ലേ എഴു​തി​യു​ള്ളൂ കൺ​സ്രൂ) ഗു​ഹ​യി​ലെ അഗ്നി കെ​ടു​ന്ന​തു​വ​രെ അവർ ഒരു​മി​ച്ചു കി​ട​ന്നു. ഫോ​റ​സ്റ്റർ ഗു​ഹ​യ്ക്ക​ക​ത്തു​നി​ന്നു പു​റ​ത്തു വന്നു. ഒരു മരം വെ​ള്ള​പ്പൊ​ക്ക​ത്തിൽ ഒഴു​കി​വ​ന്നു. അയാൾ അതിൽ ചാ​ടി​ക്ക​യ​റി. മരം അയാ​ളെ​യും കൊ​ണ്ടു ഒഴു​കി​പ്പോ​യി. അയാളെ ബലാ​ത്സം​ഗം ചെയ്ത ദേ​വ​ത​യു​ടെ പേരു് അമൃത. അവൾ​ക്കു പത്തൊൻ​പ​തു് വയ​സ്സു്. അമൃ​ത​യു​ടെ വി​വാ​ഹം തീർ​ച്ച​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണു്. പോർ​ട്ടർ​മാർ അവളെ ഭാ​വി​ഭർ​ത്താ​വി​ന്റെ അടു​ക്ക​ലേ​ക്കു കൊ​ണ്ടു​പോ​കും. ഇങ്ങ​നെ അവി​ശ്വാ​സ്യ​ത​യിൽ ആരം​ഭി​ക്കു​ന്ന നോവൽ ആ അവി​ശ്വാ​സ്യത പു​ലർ​ത്തി​കൊ​ണ്ടു് മു​ന്നോ​ട്ടു​പോ​കു​ന്നു. അമൃത പെ​റ്റു. സാ​യ്പി​ന്റെ മകൻ. പ്രാൺ​നാ​ഥ്—സാ​യി​പ്പി​ന്റെ മകൻ—തന്ത​യെ​പ്പോ​ലെ​ത​ന്നെ. ബലാ​ത്സം​ഗ​ത്തി​ലാ​ണു് അവനു താൽ​പ​ര്യം. പരി​ചാ​രി​ക​യെ ബലാ​ത്കാ​ര​സം​ഭോ​ഗം ചെ​യ്യാൻ അവൻ തു​നി​ഞ്ഞു. തന്റെ മക​നാ​യി വി​ല​സു​ന്ന പ്രാൺ​നാ​ഥി​ന്റെ യഥാർ​ത്ഥ​പി​തൃ​ത്വം ഏതാ​ണ്ടു ഗ്ര​ഹി​ച്ച ഗൃ​ഹ​നാ​യ​കൻ അവനെ വീ​ട്ടി​നു പു​റ​ത്താ​ക്കി. കു​റെ​ക്കാ​ലം ഒരു വേ​ശ്യാ​ല​യ​ത്തിൽ കഴി​ഞ്ഞു​കൂ​ടിയ പ്രാൺ​നാ​ഥ് ഒരു ബ്ര​ട്ടീ​ഷ് ഉദ്യോ​ഗ​സ്ഥ​ന്റെ രതി​ക്കു വി​ധേ​യ​നാ​യി​ട്ടു് ഒരു സാ​യി​പ്പി​ന്റെ പേരു സ്വീ​ക​രി​ച്ചു് ലണ്ട​നിൽ പോയി. ഓക്സ്ഫ​ഡിൽ ചെന്ന അയാൾ ഒടു​വിൽ ആഫ്രി​ക്ക​യി​ലേ​ക്കു യാ​ത്ര​യാ​യി.

images/O_V_Vijayan.jpg
ഓ. വി. വിജയൻ

കു​റ​ച്ചു് അഡ്ഓ​ലെ​സ​ന്റ് സെ​ക്സ്. പ്ര​ധാന കഥാ​പാ​ത്ര​ത്തി​ന്റെ സാ​ഹ​സ​കർ​മ്മ​ങ്ങൾ, അവി​ശ്വാ​സ്യത ഇവ​യെ​ല്ലാം കൂ​ട്ടി​ച്ചേർ​ത്ത ഒരു അവിയൽ പൈ​ങ്കി​ളി​യാ​ണു് ഈ നോവൽ. പതി​നാ​റാം ശതാ​ബ്ദ​ത്തിൽ ഉണ്ടാ​കേ​ണ്ട ഒരു കൃതി. കഷ്ട​പ്പെ​ട്ടു​ണ്ടാ​ക്കു​ന്ന പണം അപ​ഹ​രി​ച്ചു​കൊ​ണ്ടു് പത്ര​ക്കാ​രു​ടെ സൗ​ജ​ന്യ​മാ​ധു​ര്യ​ത്താൽ പ്ര​ചാ​ര​മാർ​ന്നു് അതു് വി​രാ​ജി​ക്കു​ന്നു. പൊ​ടി​പ​ട​ല​ത്തെ കാ​റ്റു് അടി​ച്ചു പറ​ത്തു​മ്പോൾ സൂ​ര്യ​ര​ശ്മി അതിൽ പതി​ഞ്ഞാൽ ഓരോ പൊ​ടി​യും വജ്ര​മാ​യി​ത്തീ​രു​മെ​ന്നു് ഒരു ഇം​ഗ്ലീ​ഷ് കവി പറ​ഞ്ഞി​ട്ടു​ണ്ടു്. നി​ത്യ​ജീ​വി​ത​സം​ഭ​വം പൊ​ടി​യാ​ണെ​ങ്കിൽ ഭാ​വ​ന​യു​ടെ രശ്മി അതിൽ വീ​ഴു​മ്പോ​ഴാ​ണു് വജ്ര​കാ​ന്തി ചി​ന്തു​ന്ന​തു്. കൺ​സ്രു​വി​നു് ഭാ​വ​ന​യി​ല്ല. അതി​നാൽ അദ്ദേ​ഹ​ത്തി​ന്റെ ഈ നോവൽ വെറും ചവ​റാ​ണു് (The Impressionist; Hari Kunzru; Hamish Hamilton, p. 481, Indian price Rs. 7.50).

നി​രീ​ക്ഷ​ണ​ങ്ങൾ
  1. ഞാൻ ചെ​റു​പ്പ​ക്കാർ ഓടി​ക്കു​ന്ന ഓട്ടോ​റി​ക്ഷ​യിൽ കയ​റാ​റി​ല്ല. വാഹനം അവർ വലിയ വേ​ഗ​ത്തിൽ ഓടി​ക്കും. അതു് ആപ​ത്തു​ണ്ടാ​ക്കും. ഒരു ദിവസം ചെ​റു​പ്പ​ക്കാ​രൻ ഡ്രൈ​വ​റാ​യി​രു​ന്ന ഓട്ടോ​റ​ക്ഷ​യിൽ കയ​റേ​ണ്ട​താ​യി വന്നു എനി​ക്കു്. മി​ന്നൽ​വേ​ഗ​ത്തി​ലാ​ണു് ഓടി​ക്കൽ. ഞാ​നൊ​രു കള്ളം പറ​ഞ്ഞു: ‘അനിയാ എനി​ക്കു ഹൃ​ദ​യ​ത്തി​നു രോ​ഗ​മു​ണ്ടു്. നി​ങ്ങൾ​ക്കു സഡൻ ബ്രെ​യ്ക്ക് ഇടേ​ണ്ട​താ​യി വന്നാൽ ഞാൻ ഇതി​ലി​രു​ന്നു ചാകും. നി​ങ്ങൾ എന്നെ​ക്കൊ​ന്ന​താ​ണെ​ന്നു് പോ​ലീ​സ് പറയും. ചെ​യ്യാ​ത്ത കു​റ്റ​ത്തി​നു് നി​ങ്ങൾ മർ​ദ്ദി​ക്ക​പ്പെ​ടും.’ ഇത്ര​യും പറ​ഞ്ഞു​തീ​രു​ന്ന​തി​നു​മു​മ്പു് അയാൾ വാ​ഹ​ന​ത്തി​ന്റെ വേഗം കു​റ​ച്ചു. എങ്കി​ലും സ്വ​ന്തം പ്ര​വൃ​ത്തി​യെ നീ​തി​മ​ത്ക​രി​ക്കാ​നാ​യി അയാൾ പറ​ഞ്ഞു: ‘വരാ​നു​ള്ള​തു് വരും. ഈശ്വ​ര​നി​ശ്ച​യ​മ​നു​സ​രി​ച്ചേ ഏതും നട​ക്കൂ.’ ഞാൻ മറു​പ​ടി നൽകി:- “ഈശ്വ​രൻ ഒരു principle ആണു്. ആ പ്രിൻ​സി​പ്പൽ അനു​സ​രി​ച്ചു് മൂർ​ച്ച​യു​ള്ള പേ​നാ​ക്ക​ത്തി കൊ​ണ്ടു വി​ര​ലിൽ ആഞ്ഞു​വെ​ട്ടി​യാൽ അതു മു​റി​ഞ്ഞു​പോ​കും. അതു​പോ​ലെ വാ​ഹ​ന​ത്തി​ന്റെ വേഗം കൂ​ടി​യാൽ അതു മറി​യും. മറ്റു വാ​ഹ​ന​ങ്ങ​ളിൽ ചെ​ന്നി​ടി​ക്കും. അതും ഈശ്വ​ര​നി​യ​മ​മാ​ണു്. പതു​ക്കെ​പ്പോ​യാൽ ആപ​ത്തു​വ​രി​ല്ല എന്ന​തു് ഈശ്വ​ര​നി​യ​മ​മ​ത്രേ.” ‘അതു ശരി’ എന്നു ഡ്രൈ​വർ സമ്മ​തി​ച്ചു. കഴി​ഞ്ഞ​യാ​ഴ്ച​യും ഞാൻ ചെ​റു​പ്പ​ക്കാ​രൻ ഓടി​ക്കു​ന്ന ഓട്ടോ​റ​ക്ഷ​യിൽ കയറി. വാഹനം നി​റു​ത്തി​ക​ഴി​ഞ്ഞാൽ കേറുക എന്ന​തേ സാ​ദ്ധ്യ​മാ​കൂ. അത​ല്ലാ​തെ ഡ്രൈ​വ​റു​ടെ പ്രാ​യം നോ​ക്കാ​നൊ​ക്കു​മോ? പ്രാ​യം ചോ​ദി​ക്കാ​നൊ​ക്കു​മോ? പ്രാ​യം ചോ​ദി​ച്ചാൽ ഇപ്പോ​ഴ​ത്തെ ഡ്രൈ​വർ​മാർ എം. എ.ക്കാ​രും എം. എസ്. സി.ക്കാ​രു​മാ​ണു്. ‘എന്റെ വി​വാ​ഹം കഴി​ഞ്ഞു എന്റെ പ്രാ​യ​മ​റി​ഞ്ഞ​തു​കൊ​ണ്ടു് താ​ങ്കൾ​ക്കു് പ്ര​യോ​ജ​ന​മി​ല്ല എന്നു് പറ​ഞ്ഞാ​ലോ? ഞാൻ പ്ര​തീ​ക്ഷ​ച്ച​തു സം​ഭ​വി​ച്ചു. പേ​ടി​യു​ണ്ടാ​കു​ന്ന മട്ടിൽ ഡ്രൈ​വർ വാ​ഹ​ന​മോ​ടി​ച്ചു. വീടു് അടു​ക്കാ​റാ​യി. മന​സ്സി​രു​ത്താ​തെ ഷേർ​ടി​ന്റെ പോ​ക്ക​റ്റിൽ വച്ചി​രു​ന്ന നൂ​റു​രൂപ നോ​ട്ടു് പറ​ന്നു​പോ​യി. കു​റ്റി​ക്കാ​ടു​ക​ളാ​ണു് റോ​ഡി​ന്റെ ഒരു​വ​ശ​ത്തു്. ഞാൻ ഓട്ടോ​റി​ക്ഷ നി​റു​ത്തി​ച്ചു് നോ​ട്ടു് നോ​ക്കി. കണ്ടി​ല്ല. നി​രാ​ശ​നാ​യി. വീ​ണ്ടും വാ​ഹ​ന​ത്തിൽ കയറി. തെ​ല്ലു ദൂരം താ​ണ്ടി​യ​പ്പോൾ വീ​ട്ടി​ന്റെ നട​യി​ലെ​ത്തി. രൂപ നഷ്ട​പ്പെ​ട്ട ദുഃ​ഖ​ത്തോ​ടെ കു​ട്ടി​കൃ​ഷ്ണ​മാ​രാ​രു​ടെ രഘു​വം​ശം ഗദ്യ​പ​രി​ഭാഷ വാ​യി​ച്ചു. രാ​ത്രി​യാ​യി. നല്ല നി​ലാ​വു്. ഒന്നു​കൂ​ടെ നോ​ക്കാ​മെ​ന്നു വി​ചാ​രി​ച്ചു് നോ​ട്ടു് നഷ്ട​പ്പെ​ട്ട സ്ഥ​ല​ത്തെ​ത്തി. പാ​ലു​പോ​ലു​ള്ള നി​ലാ​വു്. നല്ല​പോ​ലെ നോ​ക്കി. നോ​ട്ടു് കി​ട്ടി​യി​ല്ല. സൂ​ര്യ​പ്ര​കാ​ശ​ത്തിൽ അതി​ന്റെ തീ​ക്ഷ​ണ​ത​യിൽ കാ​ണാ​ത്ത നോ​ട്ടു് ചന്ദ്ര​പ്ര​കാ​ശ​ത്തിൽ കാ​ണു​മോ? വീ​ണ്ടും വീ​ട്ടി​ലെ​ത്തി. മാ​രാ​രു​ടെ വ്യാ​ഖ്യാ​ന​മു​ള്ള ഗ്ര​ന്ഥ​മെ​ടു​ത്തു വായന തു​ട​ങ്ങി. അദ്ഭു​താ​വ​ഹ​മായ സാ​ദൃ​ശ്യം മല്ലി​നാ​ഥൻ പറ​ഞ്ഞ​തേ കു​ട്ടി​കൃ​ഷ്ണ​മാ​രാർ​ക്കും പറ​യാ​നു​ള്ളൂ. മാരാർ പറ​ഞ്ഞ​തു് വെ​ള്ള​മേ​റെ ചേർ​ത്തി​ട്ടാ​ണു് എന്ന​തു വ്യ​ത്യാ​സം. എന്തി​നു് അദ്ഭു​തം. സൂ​ര്യ​ന്റെ രശ്മി​കൾ പതി​ഞ്ഞി​ട്ട​ല്ലേ ചന്ദ്രൻ പ്ര​കാ​ശി​ക്കു​ന്ന​തു്. തീ​ക്ഷ്ണത മൃ​ദു​ത്വ​മാ​യി മാറും പ്ര​തി​ഫ​ല​ന​മു​ണ്ടാ​കു​മ്പോൾ. മല്ലി​നാ​ഥ​ന്റെ മയൂഖ തീ​ക്ഷ്ണത കു​ട്ടി​കൃ​ഷ്ണ​മാ​രാ​രു​ടെ വ്യാ​ഖ്യാ​ന​ത്തിൽ മയൂ​ഖ​മൃ​ദു​ത്വ​മാ​യി മാറും.
  2. ഞാൻ അങ്ങ​നെ സ്വ​പ്നം കാ​ണാ​റി​ല്ല. ഉറ​ക്ക​ത്തിൽ ഒരു ദിവസം എനി​ക്കൊ​രു പേ​ടി​സ്വ​പ്ന​മു​ണ്ടാ​യി. സ്വ​പ്ന​ത്തിൽ സഹ​ധർ​മ്മി​ണി വന്നു പറ​ഞ്ഞു: ‘ആരോ കാണാൻ വന്നി​രി​ക്കു​ന്നു.’ ഞാൻ എഴു​ന്നേ​റ്റു് ചെ​ന്നു വാതിൽ തു​റ​ന്നു. കോർ​പ്പ​റെ​യ്ഷൻ ഉദ്യോ​ഗ​സ്ഥൻ നി​ല്ക്കു​ന്നു. അദ്ദേ​ഹം ഗൗ​ര​വ​ത്തിൽ ചോ​ദി​ച്ചു: ‘നി​ങ്ങൾ മൂ​ട്ട​യെ വളർ​ത്തു​ന്നു​ണ്ടോ?’ ‘ഇല്ല’ എന്നു ഉത്ത​രം. ‘കട്ടി​ലിൽ മൂ​ട്ട​യി​ല്ലേ?’ എന്നു ഉദ്യോ​ഗ​സ്ഥൻ. ‘ഉണ്ടു്’ എന്നു എന്റെ മറു​പ​ടി. ‘അവ കടി​ച്ചാൽ നി​ങ്ങ​ളെ​ന്തു ചെ​യ്യും?’ എന്നു കോർ​പ്പ​റെ​യ്ഷൻ​കാ​രൻ വീ​ണ്ടും. എന്റെ ഉത്ത​രം. ‘ചൊ​റി​യാൻ വയ്യാ​ത്ത സ്ഥലം നോ​ക്കി മൂട്ട മു​തു​കിൽ കടി​ക്കും. ഞാൻ നീ​ള​മു​ള്ള പ്ലാ​സ്റ്റി​ക് സ്കെ​യിൽ അടു​ത്തു​വ​ച്ചി​ട്ടു​ണ്ടു്. അതു കടി​കൊ​ണ്ട ഭാ​ഗ​ത്തേ​ക്കു​നോ​ക്കി ചൊ​റി​യും. എന്നി​ട്ടു് തീ​പ്പ​ട്ടി ഉര​ച്ചു മൂ​ട്ട​യു​ള്ള ഭാ​ഗ​ത്തു് വയ്ക്കും. അതു കരി​യു​ന്ന നാ​റ്റം വന്നാ​ലേ ഞാൻ തീ​പ്പ​ട്ടി​കൊ​ള്ളി ഉര​യ്ക്കു​ന്ന​തും തീ​വ​യ്ക്കു​ന്ന​തും നി​റു​ത്തു​ക​യു​ള്ളൂ.’ ഉദ്യോ​ഗ​സ്ഥൻ കോ​പാ​കു​ല​നാ​യി അറി​യി​ച്ചു. ‘നി​ങ്ങൾ കൊ​തു​കു വളർ​ത്തു​ന്ന​വ​രാ​ണു്. ഇനി മൂ​ട്ട​യും വളർ​ത്തും. കൊ​തു​കി​നു് റ്റാ​ക്സ് വയ്ക്കാ​നു​ള്ള ഓർ​ഡ​റാ​യി. മൂ​ട്ട​യെ കൊ​ല്ല​രു​തു്. നി​ങ്ങ​ളെ അറ​സ്റ്റു് ചെ​യ്യും. മൂ​ട്ട​യെ ആവോളം വളർ​ത്തൂ. ഒരു മൂ​ട്ട​യ്ക്കു നൂ​റു​രൂപ റ്റാ​ക്സ് ഏർ​പ്പെ​ടു​ത്താൻ നഗരസഭ തീ​രു​മാ​നി​ച്ചു​ക​ഴി​ഞ്ഞു’. ഞാൻ ഞെ​ട്ടി കണ്ണൂ തു​റ​ന്നു. എന്താ ഉറ​ക്ക​ത്തിൽ മൂട്ട. കൊ​തു​കു് എന്നൊ​ക്കെ​പ്പ​റ​ഞ്ഞ​തു? പേ​ടി​സ്വ​പ്ന​ത്തി​ന്റെ പി​ടി​യിൽ​നി​ന്നു് സമ്പൂർ​ണ്ണ​മായ മോ​ച​ന​മി​ല്ലാ​തെ ഞാൻ ചോ​ദി​ച്ചു? അദ്ദേ​ഹം പോയോ? ‘ഏത​ദ്ദേ​ഹം?’ എന്നു സഹ​ധർ​മ്മി​ണി. ‘കോർ​പ്പ​റെ​യ്ഷൻ ഉദ്യോ​ഗ​സ്ഥൻ’ എന്നു് എന്റെ മറു​പ​ടി.
  3. ഓ. വി. വി​ജ​യ​ന്റെ ‘ഖസാ​ക്കി​ന്റെ ഇതി​ഹാ​സം’ എന്ന നോവൽ ആ പ്ര​ദേ​ശ​ത്തി​ന്റെ ഇതി​ഹാ​സ​മാ​യി നമു​ക്കു തോ​ന്നു​ന്നി​ല്ല. നമ്മ​ളും ഖസാ​ഖിൽ ജീ​വി​ക്കു​ന്ന​വ​രാ​യേ തോ​ന്നു​ക​യു​ള്ളൂ. അതു് രവി​യു​ടെ കഥ​യ​ല്ല. രവി നമ്മു​ടെ ബന്ധു​വാ​ണു്. ആ ബന്ധു​വി​ന്റെ ഭാ​ഗ്യ​വും ഭാ​ഗ്യ​ക്കേ​ടും നമ്മു​ടെ ഭാ​ഗ്യ​വും ഭാ​ഗ്യ​ക്കേ​ടു​മാ​ണു്. ഇതൊരു ഇലൂ​ഷ്യ​നാ​കാം. ആ ഇല്യൂ​ഷ​നു​ണ്ടാ​ക്കാൻ വി​ജ​യ​നു കഴി​ഞ്ഞി​രി​ക്കു​ന്നു.
  4. തക​ഴി​യു​ടെ ‘കയർ’ എന്ന നോവൽ വാ​യി​ച്ചാൽ അദ്ദേ​ഹം വർ​ണ്ണി​ക്കു​ന്ന പ്ര​ദേ​ശ​വും ക്ലാ​സി​പ്പേർ തു​ട​ങ്ങിയ കഥാ​പാ​ത്ര​ങ്ങ​ളും നമ്മു​ടേ​ത​ല്ല എന്നൊ​രു തോ​ന്നൽ. വിജയൻ അനാ​യാ​സ​മാ​യി ഇലൂ​ഷ്യൻ നിർ​മ്മി​ക്കു​ന്നു. കയർ എഴു​തിയ തക​ഴി​ക്കു് ആ നിർ​മ്മി​തി​ക്കു കഴി​യു​ന്നി​ല്ല. പക്ഷേ, അദ്ദേ​ഹ​ത്തി​ന്റെ ‘വെ​ള്ള​പ്പൊ​ക്ക​ത്തിൽ’ എന്ന ചെ​റു​ക​ഥ​യി​ലെ കു​ട്ട​നാ​ടൻ പ്ര​ദേ​ശം നമ്മു​ടെ സ്വ​ന്തം പ്ര​ദേ​ശ​മാ​യി തോ​ന്നു​ന്നു. അവിടെ വെ​ള്ള​പ്പൊ​ക്ക​ത്തിൽ മു​ങ്ങി​ച്ചാ​കാൻ പോ​കു​ന്ന നായ് നമ്മു​ടെ​നാ​യാ​യി മാ​റു​ന്നു. അതി​ന്റെ ശവം കണ്ടു് നയ​ന​ങ്ങൾ ആർ​ദ്ര​ങ്ങ​ളാ​വു​ന്നു. ഇല്യൂ​ഷ്യൻ നിർ​മ്മി​തി നട​ന്നു​വെ​ന്നു് അർ​ത്ഥം.
  5. ഈ നിർ​മ്മി​തി​യിൽ ഏറ്റ​വും വൈ​ദ​ഗ്ദ്യം ബഷീ​റി​നാ​ണു​ള്ള​തു്. പൂ​വ​മ്പ​ഴം എന്നു ഭാ​ര്യ​യെ​ക്കൊ​ണ്ടു പറ​യി​ച്ചു് ഓറ​ഞ്ചി​തൾ അവളെ തീ​റ്റി​ക്കു​ന്ന ഭർ​ത്താ​വി​നോ​ടു് എനി​ക്കു ശത്രുത. അതു തി​ന്നു് പൂ​വ​മ്പ​ഴം എന്നു പറ​യു​ന്ന ഭാ​ര്യ​യോ​ടു് എനി​ക്കു സ്നേ​ഹം. അവളെ ജീ​വ​നോ​ടെ കാണാൻ എനി​ക്കു കൊതി. കലാ​കാ​ര​ന്മാർ ഈ ഇല്യൂ​ഷൻ നിർ​മ്മി​ക്ക​ണം. അല്ലാ​തെ അത്യ​ന്താ​ധു​നി​ക​രെ​പ്പോ​ലെ വാ​യ​ന​ക്കാ​രെ കഥയിൽ നി​ന്നു വേർ​തി​രി​ച്ചു നി​റു​ത്ത​രു​തു്.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-06-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 9, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.