സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2002-06-28-ൽ പ്രസിദ്ധീകരിച്ചതു്)

images/OutOfAfrica.jpg

ആഫ്രിക്കയെക്കുറിച്ചുള്ള അതിമനോഹരമായ പുസ്തകമാണു് ഈസാക്ക് ദീനസന്റെOut of Africa ” എന്നതു്. (Isak Dinesen, 1885–1962) അതു് മാസ്റ്റർപീസായി കരുതപ്പെടുന്നു. ആ രീതിയിൽ മാസ്റ്റർപീസായിട്ടില്ല പോളണ്ടിലെ റിഷർദ് കാപൂഷ്സിൻസി (Ryzard Kapuscinski, ജനനം 1932) ആഫ്രിക്കയെക്കുറിച്ചു് എഴുതിയ “The Shadow of the Sun—My African Life ” എന്ന പുസ്തകം പോളണ്ടിൽ journalist of the century എന്നു് പേരിലാണു് റിഷർദ് അറിയപ്പെടുന്നത്. അദ്ദേഹമെഴുതിയ ഇപ്പുസ്തകം വായിക്കൂ. ശതാബ്ദത്തിലെ ജേർണലിസ്റ്റ് തന്നെയാണു് റിഷർദ് എന്നു് നമ്മൾ സംശയം കൂടാതെ പറയും. മാത്രമല്ല പല നിരൂപകരും അഭിപ്രായപ്പെടുന്നതുപോലെ നോവലെഴുത്തുകാരന്റെ സിദ്ധികൾ അദ്ദേഹത്തിനുണ്ടെന്നു് നമ്മൾ സമ്മതിക്കുകയും ചെയ്യും. ജേണലിസത്തിൽ ഉൾക്കാഴ്ചയില്ല. സാഹിത്യത്തിൽ അതിനാണു് പ്രാധാന്യം. ഭാവനയും ഉൾക്കാഴ്ചയും ചേർന്നുവരുമ്പോൾ കലാസൃഷ്ടിയാകും. റിഷർദിന്റെ ഈ പുസ്തകം സർഗ്ഗാത്മകത്വമുള്ളതാണു്. അതുകൊണ്ടാണു് ഒരു തവണ പാരായണം കഴിഞ്ഞാൽ വീണ്ടും വായിക്കാൻ നമ്മൾ ഇപ്പുസ്തകം എടുക്കുന്നതു്. വി. എസ്. നയ്പൊളിന്റെ സ്വഭാവചിത്രീകരണപാടവവും ഐസക്ക് ബാബിലിന്റെ ജീവിതവീക്ഷണ വൈദഗ്ദ്ധ്യവും ഈ ഗ്രന്ഥത്തിൽ ദൃശ്യമാണെന്നു് ഒരു നിരൂപകൻ. ഗാന (Ghana), നൈജീരിയ, ഉഗാൻഡ, റ്റൻസ്സാനിയ, എത്തിയോപ്പിയ ഈ രാജ്യങ്ങളുടെ പ്രകൃതിഭംഗിയും സങ്കീർണ്ണത ആവഹിക്കുന്ന രാഷ്ട്രവ്യവഹാരവും റിഷർദിന്റെ പ്രഗൽഭമായ തുലിക ആലേഖനം ചെയ്തു് ജീവിതതത്ത്വങ്ങൾ ചൂണ്ടിക്കാണിക്കുന്നതിൽ തൽപരനാണു് ഈ ഗ്രന്ഥകാരൻ.

images/Karen_Blixen.jpg
ഈസാക്ക് ദീനസ്

ഉറക്കം വരാത്ത രാത്രികളിൽ അദ്ദേഹം പല്ലികൾ ഇരതേടുന്നതു് നോക്കിക്കൊണ്ടിരിക്കും. പ്രയാസം കൂടാതെ അവ ചുവരുകളിലും മേൽത്തട്ടിലും ചലനം കൊള്ളും. ശാന്തമായ കാൽവയ്പുകളില്ല അവയ്ക്ക്. ചലനരഹിതമായി നിന്നിട്ടു് അവ കുതികൊള്ളും പൊടുന്നനെ. വീണ്ടും നിശ്ചലമാകും. മുറിയിൽ പ്രകാശം പ്രസരിച്ചതിനു ശേഷമാണു് അവയുടെ ഇരതേടൽ. പല തരത്തിലുള്ള ഷഡ്പദങ്ങൾ. ഈച്ചകൾ, വണ്ടുകൾ, ശലഭങ്ങൾ, കൊതുകുകൾ ഇവയെയാണു് പല്ലികൾ നോട്ടമിടുന്നതു്. തല ചലിപ്പിക്കാതെ അവ ചുറ്റും നോക്കും. 180 ഡിഗ്രി ഭ്രമണത്തിനു് യോഗ്യമാണു് അവയുടെ കണ്ണുകൾ.

images/Kapuscinski.jpg
റിഷർദ് കാപൂഷ്സിൻസി

പല്ലി ഒരു കൊതുകിനെ കണ്ടുകഴിഞ്ഞു. അതു് അങ്ങോട്ടു നീങ്ങുകയാണു്. കൊതുകു് അതുകൊണ്ടു് രക്ഷനേടാൻ ശ്രമിക്കുന്നു. അതു ഒരിക്കലും താഴത്തേക്കു പറക്കുകയില്ല. വായുവിലേക്കു് ഉയർന്നു് ഭ്രമണം ചെയ്യുന്നു. എന്നിട്ടു് മേൽത്തട്ടിൽ ചെന്നു് ഇരിക്കുന്നു. പല്ലിക്കു വിജയമുറപ്പായി. അതു മേൽത്തട്ടിലേക്കു ചാടി കൊതുകിനു ചുറ്റും ക്രമേണ കുറഞ്ഞുകുറഞ്ഞു വരുന്ന വൃത്തങ്ങളിൽ കറങ്ങുന്നു. കൊതുകിനു് ശൂന്യസ്ഥലത്തേക്കു പറന്നു രക്ഷപ്പെടാം. പക്ഷേ, അതനങ്ങുന്നില്ല. താളാത്മകമായി അതു വട്ടത്തിന്റെ വ്യാസം കുറച്ചുകുറച്ചു് ചാടുന്നു. ചാട്ടത്തിനുശേഷം നിശ്ചലത. വീണ്ടും ചാട്ടം പിന്നീടു് നിശ്ചലത. കൊതുകിനു് പേടി. അതിനു രക്ഷപ്പെടാൻ മാർഗ്ഗമില്ല. പരാജയപ്പെട്ടു് പല്ലി അതിനെ വിഴുങ്ങാൻ അനുമതി നല്കുന്നു. ഈ പരാജയത്തിനു് ഒരു മൂല്യമില്ലാതില്ല. മനുഷ്യർക്കു് ഒരു കൂരയ്ക്കുതാഴെ പല വ്യക്തികൾക്കു് ഒരുമിച്ചു താമസിക്കാം. അവർക്കു അന്യോന്യം ധാരണ വേണമെന്നില്ല. പൊതുവായ ഭാഷ വേണമെന്നില്ല. പല്ലി ഇരയെപ്പിടിക്കുന്നതു് ആർക്കും വർണ്ണിക്കാം. പക്ഷേ, അതിനെ മനുഷ്യസ്വഭാവവുമായി ചേർക്കാൻ, അങ്ങനെ ഒരു ജീവിതതത്ത്വം പ്രദർശിപ്പിക്കാൻ റിഷർദിനു മാത്രമേ കഴിയൂ.

images/VS_Naipaul.jpg
വി. എസ്. നയ്പൊൾ

കാലത്തെക്കുറിച്ചു് ഗ്രന്ഥകാരൻ പറയുന്നതൊക്കെ തത്ത്വചിന്തകനു യോജിച്ച രീതിയിലാണു്. കാലത്തെസ്സംബന്ധിച്ചു് യൂറോപ്യനും ആഫ്രിക്കനും വിഭിന്നങ്ങളായ ആശയങ്ങളാണുള്ളതു്. യൂറോപ്യന്റെ ലോകാഭിവീക്ഷണത്തിൽ കാലം മനുഷ്യനു് വെളിയിലാണു് വർത്തിക്കുന്നതു്. അതു വസ്തുനിഷ്ഠമത്രേ. അതിനെ അളക്കാം. രേഖാരൂപമാണതിനു്. ന്യൂട്ടന്റെ സങ്കൽപം കാലം കേവലമാണു് എന്നാണു്. കേവലവും സത്യാത്മകവും ഗണിതശാസ്ത്രപരവുമായ കാലം ബാഹ്യമായ ഒന്നിനോടും ബന്ധം പുലർത്താതെ പ്രവഹിക്കുന്നു. യൂറോപ്യനാകട്ടെ കാലത്തിന്റെ അടിമയാണു്. അതിനെ അവൻ ആശ്രയിക്കുന്നു. അവൻ അതിനു വിധേയനാണു്… മനുഷ്യനും കാലവും തമ്മിൽ സംഘട്ടനം ചെയ്യുന്നു. അതിൽ അവനു പരാജയം. കാലം അവനെ കൊല്ലുന്നു.

ആഫ്രിക്കാക്കാർ കാലത്തെ വിഭിന്ന രീതിയിൽ കാണുന്നു… മനുഷ്യനാണു് കാലത്തിൽ സ്വാധീനത ചെലുത്തുന്നതു്. മനുഷ്യനു് കാലത്തെ സൃഷ്ടിക്കാൻ കഴിയും രണ്ടു സൈന്യങ്ങൾ പരസ്പരം യുദ്ധം ചെയ്യുന്നില്ലെങ്കിൽ ആ യുദ്ധം നടക്കുന്നില്ല.

നമ്മുടെ പ്രവൃത്തികളുടെ ഫലമാണു് കാലം. അതിനെ അവഗണിക്കുമ്പോൾ അതു് അപ്രത്യക്ഷമാകുന്നു.

images/Isaac_Babel.jpg
ഐസക്ക് ബാബിൽ

നിങ്ങൾ ഉച്ചയ്ക്കുശേഷം, മീറ്റിംങ് നടക്കാൻ ഏർപ്പാടു ചെയ്ത ഗ്രാമപ്രദേശത്തു് പോകുകയും അവിടെ ആരെയും കാണാതിരിക്കുകയും ചെയ്താൽ ചോദിക്കുന്നു: “എപ്പോഴാണു് മീറ്റിങ്?” ആ ചോദ്യത്തിൽ അർത്ഥമില്ല. “ആളുകൾ വരുമ്പോൾ മീറ്റിംങ് തുടങ്ങും” എന്ന ഉത്തരം നിങ്ങൾക്കറിയാം.

നമ്മുടെ നാട്ടിലാരുണ്ടു് ഇത്തരത്തിൽ ഉദാത്തമായി എഴുതാൻ? ഇവിടെയുള്ളവർ എസ്. കെ. പൊറ്റെക്കാട്ടിന്റെ ബഹിർഭാഗസ്ഥങ്ങളായ യാത്രാവിവരണങ്ങൾ വായിച്ചു് അഹോ രൂപം! അഹോ സ്വരം! എന്നു പറഞ്ഞു കൊണ്ടിരിക്കുന്നു.

ചോദ്യം, ഉത്തരം

ചോദ്യം: ശ്രീരാമകൃഷ്ണൻ, രമണമഹർഷി, അരവിന്ദഘോഷ് ഇവർക്കൊക്കെ വ്യക്തികൾ സ്നേഹിതന്മാരായിരുന്നില്ല. എന്താവാം കാരണം?

ഉത്തരം: അതുകൊണ്ടാണു് സന്ന്യാസിമാർ വ്യക്തികൾ മരിക്കുമ്പോൾ ദുഃഖിക്കാത്തതും.

ചോദ്യം: ആരോടും മിണ്ടാതെ, ഒന്നിലും താൽപര്യമില്ലാതെ കഴിയുന്നവരെക്കുറിച്ചു് എന്തുപറയുന്നു?

ഉത്തരം: അവർ ജീവിക്കുന്നു എന്നേയുള്ളു. ആ ജീവിതം മൂല്യമില്ലാത്തതാണു്. മുകളിൽപ്പറഞ്ഞ പുസ്തകത്തിൽ നിശ്ചലമായ വായുവിനു് മൂല്യമില്ലെന്നും അതു ചലനം കൊള്ളുമ്പോഴാണു് മൂല്യം സൃഷ്ടിക്കപ്പെടുന്നതെന്നും പറഞ്ഞിട്ടുണ്ടു്. ശരിയല്ലേ? വായു അനക്കമില്ലാതെ നില്ക്കുമ്പോൾ നമ്മുടെ അറപ്പും വെറുപ്പും ‘കാറ്റ് വീശാത്ത സ്ഥലം’ എന്ന പ്രസ്താവത്തിലൂടെ ആവിഷ്കരിക്കപ്പെടും. കാറ്റു് ചലനം കൊണ്ടാൽ നമുക്കു സുഖം സുഖം നല്കാനുള്ള വായുവിന്റെ ആ ചലനാത്മക ശക്തിക്കാണു് നമ്മൾ വില കല്പിക്കുന്നതു്.

ചോദ്യം: നവീന കവികളുടെ കൈകളിൽ മലയാള കവിതയുടെ ഭാവി ഭദ്രമല്ലേ?

ഉത്തരം: പശുക്കുട്ടി കടുവയുടെ ഗുഹയിൽ സുരക്ഷിതമായി വളർന്ന കഥകൾ കേട്ടിട്ടുണ്ടോ താങ്കൾ?

ചോദ്യം: ജി. ശങ്കരക്കുറുപ്പിന്റെ ‘ആ സന്ധ്യ’ എന്ന കവിത മനോഹരമല്ലേ?

ഉത്തരം: ‘ആരെയോ വിചാരിക്കെ’ എന്ന തുടക്കം തന്നെ കൃത്രിമമാണു്. ആ കാവ്യത്തിന്റെ പര്യവസാനം ആ സന്ധ്യയും ആ ഹർഷോന്മാദവും പോയി എന്നതു് പരകീയമാണു്.

യഃകൗമാരഹരസ്സ ഏവ ഹിവരസ്താ.

ഏവ ചൈത്രക്ഷപാ

സ്തേ ചോന്മീലിതമാലതീ സുരഭയഃ

പ്രൗഢാഃ കദംഭാ നിലാഃ

സാ ചൈവാസ്മി, തഥാപി തത്ര സുരത

വ്യാപാര ലീലാ വിധൗ

രേവാരോധസി വേതസീ തരുതലേ

ചേതസ്സമുൽക്കണ്ഠതേ

എന്നു കാശ്മീർകാരിയായ ഒരു പെൺകുട്ടി എഴുതിയ ശ്ലോകത്തിന്റെ വിപുലീകരണമാണു് മഹാകവിയുടെ “ആ സന്ധ്യ” എന്ന കാവ്യം സംസ്കൃത ശ്ലോകത്തിന്റെ തർജ്ജമ കൂടി നല്കാം.

‘എൻ കൗമാരം ഹരിച്ചോൻ വര,

നിരവുകളും ചൈത്രമാസത്തിലെത്താൻ

ഫുല്ലശ്രീ പിച്ചകച്ചുമണമുടയകദം

ബാനിലന്നില്ലഭേദം

ആ ഞാൻ താനെങ്കിലും

നർമ്മദയുടെ തടഭൂവിങ്കലാറ്റുവഞ്ഞി-

ക്കീഴേ ചെയ്താരതി ക്കൈകളിൽ

മനമധികോൽക്കണ്ഠയുൾക്കൊണ്ടിടുന്നു”

ചോദ്യം: ചൂതസായകനു് പ്രായഭേദമില്ല എന്നു കവി പറഞ്ഞതിൽ സത്യം എത്രയുണ്ടു്?

ഉത്തരം: ഫ്രഞ്ച് രാജ്യതന്ത്രജ്ഞൻ ക്ലമാങ്സോ (Clemenceau) എൺപതാമത്തെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ഒരു സുന്ദരിപ്പെൺകുട്ടി റോഡിലൂടെ പോയി. അവളെക്കൊണ്ടു് അദ്ദേഹം ‘ഓ, എനിക്കു എഴുപതു വയസ്സായിരുന്നെങ്കിൽ’ എന്നു പറഞ്ഞു പോലും. കേരളത്തിലെ സ്ഥിതി വിഭിന്നമാണു്. എഴുപതു വയസ്സായ സ്കൗൺഡ്രലും എൺപതു വയസ്സായ സ്കൗൺഡ്രലും സദൃശർ. എൺപതു വയസ്സായവൻ വലിയ സ്കൗൺഡ്രൽ എന്നും പറയാം.

ചോദ്യം: ഇളങ്കുളം കുഞ്ഞൻപിള്ള യെ നേരിട്ടറിയാമായിരുന്നോ?

ഉത്തരം: എന്റെ ഗുരുനാഥനായിരുന്നു അദ്ദേഹം. ഞാനും കെ. വി. സുരേന്ദ്രനാഥും യുദ്ധകാലമായതുകൊണ്ടു് അരി കിട്ടാതെ പട്ടിണി കിടക്കുന്ന സമയം കരിഞ്ചന്തയിൽ പോലും അരി കിട്ടാനില്ല. അപ്പോൾ ഒരു ദിവസം കാലത്തു് കാർ വന്നു് ഞങ്ങളുടെ താമസസ്ഥലത്തു് നിന്നു. അതിൽ നിന്നു് അരച്ചാക്കു് അരിയുമായി ഇളങ്കുളം സാർ ഇറങ്ങിവന്നു. പട്ടിണിയെക്കുറിച്ചു് ആരോ അദ്ദേഹത്തോടു പറഞ്ഞു കാണും. അത്രയ്ക്കു നല്ല മനുഷ്യൻ. പിന്നെ, അദ്ദേഹമെഴുതിയ ചരിത്രമൊക്കെ നോൺസെൻസായിരുന്നുവെന്നു് സദസ്യതിലകൻ റ്റി.കെ. വേലുപ്പിള്ള എന്നോടു പറഞ്ഞു ഇസ്തിരിയിട്ട വെള്ള ജൂബാ ഉടയാതിരിക്കാൻ സാർ രണ്ടു കൈയും വിടർത്തി വച്ചു് നടക്കും. അതു കാണുമ്പോൾ ഒരു ചിത്രം എന്റെ മനസ്സിൽ വരും. സാർ കുളി കഴിഞ്ഞു വന്നു നില്ക്കും. വേലക്കാരനെ വിളിച്ചു് ‘ഇസ്തിരിയിടെടാ’ എന്നാജ്ഞാപിക്കും. അങ്ങനെ ധരിച്ചവേഷം ഇസ്തിരിയിട്ടാണു് സാറ് കോളേജിൽ വരുന്നതെന്നു് എനിക്കു തോന്നിയിട്ടുണ്ടു്. മഹാനായ മനുഷ്യസ്നേഹിയായിരുന്നു ഇളങ്കുളംസ്സാർ.

ചോദ്യം: കുട്ടിക്കൃഷ്ണമാരാരെക്കുറിച്ചു് നിങ്ങൾക്കു നല്ലതൊന്നും പറയാനില്ലേ?

ഉത്തരം: എല്ലാവരും എഴുതുന്ന രീതിയിൽ നിന്നു് വിഭിന്നനായി എഴുതുന്നവനാണു് നല്ല സാഹിത്യകാരൻ. അങ്ങനെ രചനയിൽ നൂതനത്വം കാണിച്ചയാളാണു് കുട്ടിക്കൃഷ്ണമാരാർ. ഞാൻ ആ നിലയിൽ അദ്ദേഹത്തെ സ്നേഹിക്കുന്നു. ബഹുമാനിക്കുന്നു. നൂതന രീതിയിൽ എഴുതിയ ആളാണു് സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ള. മുണ്ടശ്ശേരിയും അങ്ങനെതന്നെ. ഏ. ബാലകൃഷ്ണപിള്ളയ്ക്കു നവീനത കൈവരുത്താൻ കഴിഞ്ഞില്ല. ഉമിക്കരി ചവച്ചതു പോലിരിക്കും അദ്ദേഹത്തിന്റെ ഏതു പ്രബന്ധം വായിച്ചാലും.

വ്യക്തിമുദ്ര
images/Ramana_Maharshi.jpg
രമണമഹർഷി

എന്റെ ഒരഭിവന്ദ്യ സുഹൃത്തിനെക്കുറിച്ചു്, ശുദ്ധാത്മാവായ ആ സ്നേഹിതനെക്കുറിച്ചു് എൻ. മോഹനൻ (കഥാകാരൻ, നോവലിസ്റ്റ്) പല കഥകളും പ്രചരിപ്പിച്ചിരുന്നു. മോഹനനു് ആളുകളെ രസിപ്പിക്കണമെന്ന ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. ഒരു കഥയിതാ: സ്നേഹിതനു് പെട്ടെന്നു് ശരീരത്തിൽ ഒരു വളവു വന്നു. മറ്റുള്ളവർ എത്ര ശ്രമിച്ചിട്ടും ആ വക്രത മാറ്റാൻ പറ്റിയില്ല. സ്നേഹിതനും യത്നിച്ചു നോക്കി. ഒരു വശം വളഞ്ഞേയിരിക്കൂ. ഒടുവിൽ ആരോ ഡോക്‍ടറെ കൊണ്ടുവന്നു. അദ്ദേഹം പ്രാഥമിക പരിശോധനയ്ക്കുശേഷം സ്നേഹിതനെ കുളിമുറിയിലേക്കു കൊണ്ടുപോയി. അത്ഭുതങ്ങളിൽ അത്ഭുതം. കുളിമുറിയിൽ നിന്നിറങ്ങിയ സ്നേഹിതൻ വടിപോലെ നില്ക്കുകയാണു്. ഡോക്ടർ ഒരു വശത്തേക്കുള്ള ആ വളവു് എങ്ങനെയില്ലാതാക്കിയെന്നു് ഓരോ വ്യക്തിയും ആലോചിച്ചു് വിസ്മയിച്ചപ്പോൾ ഡോക്ടർ പറഞ്ഞു. “ഇനി മൂത്രമൊഴിക്കാൻ പോകുമ്പോൾ ട്രൗസേഴ്സിന്റെ ബട്ടൺ കോട്ടിന്റെ ബട്ടൺദ്വാരത്തിലിടരുതു്.

ഇതാണു് മോഹനന്റെ ഹാസ്യം. ഇതു സൃഷ്ടിക്കാൻ മോഹനനു് അല്ലാതെ വേറെ ആർക്കും സാധിക്കില്ല. ഇമ്മാതിരി പല നേരമ്പോക്കുകളും ഞാൻ കേട്ടിട്ടുണ്ടു്. ഓരോന്നിലും മോഹനന്റെ വ്യക്തിമുദ്ര പതിഞ്ഞിരിക്കും. കവികൾക്കും ഈ സവിശേഷതയുണ്ടു്.

“പെറ്റമ്മമാർ പിച്ച നടത്തീടുന്ന

കറ്റക്കിടാവിൻ പദപങ്കജങ്ങൾ

ചെറ്റങ്ങുമിങ്ങും പതിയുന്ന വീട്ടിൽ

മുറ്റത്തണിപ്പൂവിടൽ വേണ്ട വേറെ”

എന്നു കേട്ടാൽ ആ വള്ളത്തോൾക്കവിത വായിച്ചിട്ടില്ലാത്തവരും പറയും അതു വള്ളത്തോൾ എഴുതിയതാണെന്നു്. ഇതു മനസ്സിലാക്കിയിട്ടാണു് കുട്ടിക്കൃഷ്ണമാരാർ എന്നോടിങ്ങനെപ്പറഞ്ഞതു്. ‘നിങ്ങൾ ഒരു കത്തെഴുതിയാലും അതിലുണ്ടായിരിക്കണം നിങ്ങളുടെ വ്യക്തിത്വം.’ കുട്ടിക്കൃഷ്ണമാരാർ ഒരു വാക്യമെഴുതിയാലും മതി അതിൽ അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിഞ്ഞിരിക്കും.

images/S_K_Pottekkatt.jpg
എസ്. കെ. പൊറ്റെക്കാട്ട്

രചയിതാക്കൾ ആരാണെന്നു വ്യക്തമാക്കാതെ ബഷീറിന്റെ യോ തകഴി യുടേയോ കഥകൾ ആരെങ്കിലും വായിച്ചു കേൾപ്പിച്ചാൽ നമ്മൾ അസന്ദിഗ്ദ്ധമായി പറയും രചയിതാവിന്റെ പേരു്. ഈ വ്യക്തിത്വം സി. വി. ശ്രീരാമ ന്റെ കഥകൾക്കുണ്ടു്. മലയാളം വാരികയിൽ ‘ഇൻസെന്റീവ്’ എന്ന പേരിൽ അദ്ദേഹമെഴുതിയ കഥയിലുമുണ്ടു്. ഗ്ലോബലൈസേഷനെ കളിയാക്കുന്ന ആ രചന ശ്രീരാമന്റേതാണെന്നു് നമ്മൾ പ്രഖ്യാപിക്കും പേരു നല്കിയില്ലെങ്കിലും. പക്ഷേ, ആ വ്യക്തിമുദ്രയല്ലാതെ ഈ ആക്ഷേപഹാസ്യത്തിൽ വേറൊന്നുമില്ല. ധിഷണയുടെ സന്തതിയായ ഈ കഥയിൽ ഭാവനയുടെ പ്രകാശം വീണിട്ടില്ല.

ഓടയിൽ എറിയേണ്ടതു്
images/Elamkulam_Kunjan_Pillai.jpg
ഇളങ്കുളം കുഞ്ഞൻപിള്ള

കൈനിക്കര കുമാരപിള്ള യോടു് ഞാനൊരിക്കൽ ഒരു മലയാളം പ്രഫെസറെക്കുറിച്ചു പറഞ്ഞു: “ആളു് അല്പം എക്സെൻട്രിക്കാണു്.” അന്യരെക്കുറിച്ചു് ഒന്നും പറയാത്ത കൈനിക്കര ഉടനെ അറിയിക്കുകയായി: “അല്പമൊന്നുമല്ല. എക്സെൻട്രിസിറ്റി മനുഷ്യരൂപമാർജ്ജിച്ച ആളാണു് അയാൾ”. കൈനിക്കരയുടെ വാക്കുകൾ ഞാൻ മറന്നു പോയില്ല. ഒരു ദിവസം ആ മലയാളം പ്രഫെസറോടൊരുമിച്ചു് എനിക്കു തിരുവനന്തപുരത്തെ ഒരു റോഡിലൂടെ നടന്നു പോകേണ്ടതായി വന്നു. അദ്ദേഹത്തിന്റെ കണ്ണു് റോഡിന്റെ വശത്തുള്ള ഓടയിലായിരുന്നു. ഓടയിൽ പല കടലാസ്സുകളും കിടക്കുമല്ലോ. അച്ചടിച്ചതോ എഴുതിയതോ ആയ കടലാസ്സു കണ്ടാൽ പ്രഫെസർ ഉടനെ നില്ക്കും. അതിന്റെ മാലിന്യം വകവയ്ക്കാതെ റോഡിൽ നിന്നുതന്നെ വായിച്ചുതീർക്കും. “സർ പത്തരയ്ക്കു മുൻപു് നമ്മൾ വെള്ളയമ്പലത്തെത്തിയില്ലെങ്കിൽ അങ്ങേരു പോകും.” എന്റെ ഈ വാക്കുകൾ കേട്ടാൽ കടലാസ്സ് ഓടയിലെറിഞ്ഞിട്ടു പ്രഫെസർ എന്റെ കൂടെ വരും, അടുത്ത കടലാസ്സ് അവിടെ കാണുന്നതുവരെ കൈനിക്കര ജയിക്കട്ടെ എന്നു ഞാൻ മനസ്സിൽ പറഞ്ഞുപോയി. തിരുവനന്തപുരത്തു് ചില സ്ത്രീകളുണ്ടു്. കാലുകൾ നീട്ടിവച്ചു് കുഞ്ഞിന്റെ കാലുകൾ അപ്പുറവുമിപ്പുറവുമിട്ടു് കുഞ്ഞിന്റെ ചന്തിക്കു താഴെ വർത്തമാനപത്രത്തിന്റെ തുണ്ടു വയ്ക്കും. ശിശു ആ കടലാസ്സുകഷണം മലിനമാക്കിയാൽ അവർ അതെടുത്തു മതിലിന്നു മുകളിൽക്കൂടി ഓടയിലേക്കു് എറിയും. അത്തരം പത്രഖണ്ഡങ്ങളാണു് പ്രഫെസർ കൈകൊണ്ടെടുത്തു് കൈകൊണ്ടു തടവി ചുളിവുകൾ മാറ്റി വായിക്കുന്നതു്. ഞാൻ ഉടനെ അസീസിയിലെ ഫ്രാൻസിസ് പുണ്യാളനെക്കുറിച്ചു് ഓർമ്മിക്കുകയായി. ഓടയിൽ പാർച്ച്മെന്റ് കിടക്കുന്നതു കണ്ടാൽ ഉടനെ അദ്ദേഹമതെടുത്തു വായിക്കും. അക്ഷരങ്ങൾ പാവനങ്ങളാണെന്നും പുണ്യാളൻ വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ കാര്യം വേറെ, പ്രഫെസറുടെ കാര്യം വേറെ. ഫ്രാൻസിസിന്റെ കാലത്തു് വിശുദ്ധിയാർജ്ജിച്ച അക്ഷരങ്ങളെ പാർച്ച്മെന്റിൽ ഉണ്ടായിരുന്നുള്ളു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സന്തോഷ് ജെ. കെ. വി. എഴുതിയ “നിർദ്ദാക്ഷിണ്യം കൈയുയർത്തി” എന്ന ചെറുകഥയിലെ സകല അക്ഷരങ്ങളും പാപപങ്കിലങ്ങളാണു്. ക്രിക്കറ്റ് കളിയുടെ ദുർഗ്രഹങ്ങളായ ചില സാങ്കേതികപദങ്ങൾ ഉൾക്കൊള്ളിച്ചു് രചിച്ച ഒരു കലാഭാസമാണു് ഈ രചന. തിരുവനന്തപുരത്തെ സ്ത്രീകളുടെ സന്താനങ്ങൾക്കു് ഉപയോഗിക്കത്തക്കവിധത്തിൽ ഇതു് അയച്ചുകൊടുക്കാം. അല്ലാതെ മാതൃഭൂമി എന്ന ഉൽകൃഷ്ട വാരികയിൽ അച്ചടിമഷി പുരട്ടി വരേണ്ടതല്ല ഈ രാക്ഷസീയത.

ആഭാസം
images/D_H_Lawrence.jpg
ഡി. എച്ച്. ലോറൻസ്

വലിയ ഉദ്യോഗസ്ഥനായിരുന്നു് പെൻഷൻ പറ്റിയ ഒരാൾ ജോലിയിലിരുന്ന കാലത്തു് അക്ഷരവൈരിയായിരുന്ന ഒരാൾ. പബ്ളിക് ലൈബ്രറിയിലെ ‘എ’ ക്ലാസ്സ് മെംബറായി. ‘എ’ ക്ലാസ്സ് മെംബർക്കു് അക്കാലത്തു് ഒൻപതു പുസ്തകങ്ങൾ എടുക്കാം. ഞാൻ ലൈബ്രറിയിൽ പോകുമ്പോഴൊക്കെ ഈ റിട്ടയർഡ് ഓഫീസറെ കാണും. ഞാൻ അയാളെടുക്കുന്ന പുസ്തകങ്ങൾ എന്തെല്ലാമാണെന്നു് ഒളികണ്ണിട്ടു നോക്കി. എല്ലാം സെക്‍സ് ഗ്രന്ഥങ്ങൾ. അവയിൽ ചിലതു സ്ത്രീകളുടെ നഗ്നത പ്രദർശിപ്പിക്കുന്നവയായിരുന്നു. നാല്പതുവയസ്സു കഴിഞ്ഞാൽ സെക്സ് ഗ്ലാൻഡ്സിന്റെ ശക്തി കുറയും. അതോടെ ലൈംഗികാഭിലാഷവും കുറയേണ്ടതാണു്. പക്ഷേ, അയാൾക്കു അതു കൂടുകയാണുണ്ടായതെന്നു എനിക്കു തോന്നി. പിറ്റേദിവസം ഞാൻ എൻ. ഗോപാലപിള്ളസ്സാറിനെ കണ്ടപ്പോൾ പെൻഷൻ വാങ്ങിയ ആ വ്യക്തിയുടെ lust-നെക്കുറിച്ചു ഗോപാലപിള്ളസ്സാർ ചിരിച്ചുകൊണ്ടു പറയുകയായി: “അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. സ്ത്രീകളുടെ ആ നഗ്നചിത്രങ്ങൾ നോക്കി രസിച്ചതിനുശേഷം അയാൾ അവയെ നെഞ്ചോടു ചേർക്കുകയും ചെയ്യും. ഇതൊരിക്കലും അവസാനിക്കില്ല. നഗ്നചിത്രത്തിനു reciprocation-നു് ശക്തിയുണ്ടു്. അതുകൊണ്ടു് അയാൾ ജീവിച്ചിരിക്കുന്ന കാലമത്രയും പബ്ളിക് ലൈബ്രറിയിൽപ്പോയി നഗ്നചിത്രങ്ങൾ ഉള്ള പുസ്തകങ്ങൾ എടുക്കും. അവ നെഞ്ചോടു ചേർക്കുകയും ചെയ്യും. സാറ് ഇംഗ്ലീഷിൽ ഇത്രയും കൂടി പറഞ്ഞു: “Krishanan Nair, Do not think I am exceptional in such cases. I may do the very same thing.” മുപ്പത്തിയൊന്നു കഥകൾ അച്ചടിച്ച ഭാഷാപോഷിണി മാസികയിൽ എസ്. സിതാര എഴുതിയ ‘അപരിചിത്’ എന്ന കഥ മാത്രം ഞാൻ വായിച്ചതെന്തിനു് ? ആ കുട്ടി പതിവായി ‘ആഭാസം’ എഴുതുന്നതുകൊണ്ടാണോ? കഥ വായിച്ചിട്ടു് പെൻഷൻ പറ്റിയ ആളിനെപ്പോലെ അതു് നെഞ്ചോടു ചേർക്കാനാണോ? ആത്മപരിശോധന നടത്തി ഞാൻ. ‘അല്ല’ എന്ന തീരുമാനത്തിലെത്തുകയും ചെയ്തു. അൽബർതോ മൊറാവ്യയുടെ അശ്ലീലത നിറഞ്ഞ നോവലുകൾ എനിക്കിഷ്ടമില്ല. ഹെൻട്രി മില്ലറുടെ “ആഭാസം” നിറഞ്ഞ നോവലുകളും എനിക്കിഷ്ടപ്പെട്ടവയല്ല. പക്ഷേ, ഡി. എച്ച്. ലോറൻസിന്റെ നോവലുകൾ ഞാൻ വായിച്ചു രസിക്കുന്നു. ലോറൻസ് ‘ലേഡി ചാറ്റർലീസ് ലൗവർ’ എന്ന നോവലിൽ രതിക്രീഡ വർണ്ണിക്കുമ്പോൾ ഞാൻ അതിന്റെ ലയത്തിലാണു് നീന്തിത്തുടിക്കുന്നതു്. ‘ലസ്റ്റി’ലല്ല. സിതാര എസ്സിന്റെ കഥകളിൽ സെക്‍സിന്റെ ലയമില്ല. കാമമേയുള്ളു. കാമവർണ്ണനകളിലൂടെ കടന്നുപോകുന്ന വായനക്കാരൻ സ്വന്തം മാനസികശക്തികളെ ഉദ്ദീപിപ്പിക്കുന്നില്ല. അതു് നിന്ദ്യമായ വികാരങ്ങളെ മാത്രം ഉദ്ദീപിപ്പിക്കുന്നതേയുള്ളു. സിതാര എഴുതുന്ന കഥകൾ അക്കാരണത്താൽ സാഹിത്യമെന്ന വിഭാഗത്തിൽ പെടുന്നില്ല. ഒരുത്തനു് മൂന്നു ഭാര്യമാർ. ഓരോ ഭാര്യയും സെക്ഷ്വൽ nuisance ആകുമ്പോൾ അയാൾ വേറെ വിവാഹം കഴിക്കും. മൂന്നാമത്തെ ഭാര്യയും വർജ്ജിക്കപ്പെടേണ്ടവളാണെന്നു് അയാൾക്കു തോന്നുന്നു. പക്ഷേ, ‘പാവം പിടിച്ച’ ആ സ്ത്രീക്കു ഗത്യന്തരമില്ല. അവൾ അയാളെ കെട്ടിപ്പിടിച്ചുറങ്ങുമ്പോൾ കഥ തീരുന്നു. നമ്മുടെ സമുദായത്തിലെ സ്ത്രീയുടെ നിസ്സഹായാവസ്ഥ ഇതിൽ നിന്നു ധ്വനിക്കുന്നുണ്ടെങ്കിലും ഇതു സാഹിത്യമല്ല. പബ്ളിക് ലൈബ്രറിയിൽ നിന്നു് പുസ്തകങ്ങൾ എടുക്കുന്ന പെൻഷൻ പറ്റിയ ഉദ്യോഗസ്ഥൻ മരിച്ചുപോയി. ജീവിച്ചിരുന്നെങ്കിൽ സിതാരയുടെ കഥ ആ മനുഷ്യനു് പ്രയോജനം ചെയ്യുമായിരുന്നു.

images/B_Croce.jpg
ബേനോ ദേതെ ക്രോചെ

സാഹിത്യമെന്നാൽ എന്തെന്നു് നമ്മുടെ ചെറുപ്പക്കാർക്കു അറിഞ്ഞുകൂടാ. സവിശേഷമായ ലോകം ഉദ്ഘാടനം ചെയ്തുതരണം ഓരോ കഥയും ഓരോ നോവലും രചയിതാവിനു് സ്വന്തമായ കലാവീക്ഷണം വേണം പ്രകടമായ സദാചാരം കൃതിയിൽ പാടില്ലെങ്കിലും സദാചാരത്തെക്കുറിച്ചു് ബോധമുണ്ടു് എഴുത്തുകാരനെന്നു് അനുവാചകർക്കു തോന്നണം നിത്യജീവിതത്തിൽ ഹോമർ ഭീരുവായി പെരുമാറിയിരിക്കാം. പക്ഷേ, ‘ഇലിയഡി’ൽ അദ്ദേഹം ധീരതയുടെ ബോധമുള്ളവനാണെന്നു് സ്പഷ്ടമാക്കി (ബേനോ ദേതെ ക്രോചെ യുടെ അഭിപ്രായം ഹോമറിനെക്കുറിച്ചു് ക്രോചെ പറഞ്ഞിട്ടില്ല. അതു് എന്റെ ആശയമാണു്).

നിരീക്ഷണങ്ങൾ

എന്റെ ഒരു ബന്ധുവിനു് ഗർഭാശയത്തിൽ കാൻസറായിരുന്നു അതു കൂടിക്കൂടി വന്നപ്പോൾ അവർ യാതനകൊണ്ടു നിലവിളിച്ചു് അടുത്ത വീട്ടുകാർക്കും അസ്വസ്ഥത ജനിപ്പിച്ചു. ആദ്യമൊക്കെ ‘സാരിഡോൻ’ ഗുളിക കഴിച്ചു വേദനയിൽ നിന്നു രക്ഷനേടി പിന്നീടു് ആ ഗുളികകൊണ്ടു് പ്രയോജനമില്ലാതെയായി. അപ്പോൾ ഡോക്‍ടറുടെ നിർദ്ദേശമനുസരിച്ചു് മോർഫിയ കുത്തിവയ്ക്കും. ഒടുവിൽ മോർഫിയ കൊണ്ടും പ്രയോജനമില്ലെന്നായി. ഞാൻ അവരുടെ വേദന കണ്ടു് ഡോക്‍ടറെ കാണാൻ പോകും. അദ്ദേഹം ഒരിക്കൽപ്പറഞ്ഞതു് എന്നെ ഞെട്ടിച്ചു. “The sooner the worries are over the better for her.” ഡോക്‍ടർ അങ്ങനെ പറയാമോ medical ethics അനുസരിച്ചു്? പാടില്ലെങ്കിലും അതിനു നീതിമത്കരണമുണ്ടു്. വേദന കണ്ടുകണ്ടു് ഡോക്‍ടർക്കു നിസ്സംഗതയുണ്ടാവും. ശസ്ത്രക്രിയയ്ക്കു മേശപ്പുറത്തു കിടക്കുന്ന രോഗിയെ യന്ത്രമാക്കി കാണാൻ ഡോക്‍ടർക്കു പ്രയാസമില്ല. അതു മനുഷ്യസ്വഭാവമാണു്. അതിനാൽ ആ ഡോക്‍ടറോടു് എനിക്കു വിരോധമില്ല.

ഇന്നു ഡോക്‍ടർമാർക്കുതന്നെ യന്ത്രത്തിന്റെ സ്വഭാവം വന്നിട്ടുണ്ടു്. രോഗി ചെന്നുകണ്ടാൽ മതി. അയാൾക്കു രോഗലക്ഷണങ്ങൾ ആകെപ്പറയണമെന്നുണ്ടു്. പക്ഷേ, ഡോക്‍ടർക്കു് അതു കേൾക്കാൻ ക്ഷമയില്ല. അദ്ദേഹം കടലാസ്സെടുത്തു മരുന്നു കുറിക്കും. അടുത്ത രോഗിയെ വിളിക്കാം. ഔഷധങ്ങളുടെ പേരുകൾ വേഗമെഴുതും. രോഗി ‘മിഴുങ്ങസ്യ’ എന്നു നില്ക്കുമ്പോൾ അദ്ദേഹം (ഡോക്‍ടർ) എന്താ പൊയ്ക്കൂടേ എന്ന മട്ടിൽ നോക്കും. ഇത്തരം ഡോക്‍ടർമാരെ ഞാൻ മെഡിക്കൽ മെഷ്യൻസ് എന്നു വിളിക്കുന്നു. പരിചിതത്വം അവഗണനയ്ക്കു കാരണമാകും എന്നതുകൊണ്ടു് ഈ മെഡിക്കൽ മെഷ്യൻസിനോടും എനിക്കു ശത്രുതയില്ല.

images/Thich_Nhat_Hanh.jpg
Thich Nhat Hanh

വിയറ്റ്നാമിലെ ബുദ്ധസന്ന്യാസി Thich Nhat Hanh എനിക്കു് ഇഷ്ടപ്പെട്ട ഗ്രന്ഥകാരനാണു്. നന്മയെയും തിന്മയെയും സംബന്ധിച്ച ആശയങ്ങളാൽ നമ്മൾ ബന്ധനസ്ഥരാണു് എന്നു് അദ്ദേഹം പറയുന്നു. നന്മ നന്മയില്ലാത്ത അംശങ്ങളാൽ നിർമ്മിതമാണെന്ന കാര്യം നമ്മൾ പലപ്പോഴും മറന്നുപോകുന്നു എന്നാണു് അദ്ദേഹത്തിന്റെ പ്രസ്താവം. സന്ന്യാസിയുടെ ഉദാഹരണത്തിന്റെ ചാരുത കണ്ടാലും:

മനോഹരമായ ഒരു വൃക്ഷശാഖ ഞാൻ കൈയിൽ വച്ചിരിക്കുകയാണെന്നു വിചാരിക്കൂ. അതിനു് ഇടത്തേയറ്റമുണ്ടു്. മറ്റേയറ്റം വലതു ഭാഗത്താണു്. ഇടത്തേയറ്റം മതി നമുക്കു്, വലത്തേയറ്റം വേണ്ട. വേണ്ട എന്നതുകൊണ്ടു് ഞാൻ വലതുവശം ഒടിച്ചെടുത്തു് ദൂരെയെറിയുന്നു, പക്ഷേ, അവശ്യമില്ലാത്ത ഭാഗം ഒടിച്ചെടുത്തു് ഞാൻ എറിയുമ്പോൾ അവശേഷിക്കുന്ന അറ്റം വലതുവശത്തു് ഉള്ളതായി പരിണമിക്കുന്നു (പുതിയ വലതുഭാഗം). ഇടതുഭാഗം ഉള്ളിടത്തോളം കാലം വലതുഭാഗവുമുണ്ടായിരിക്കും. മാനസികമായ തകർച്ചയിൽ പെട്ടു് ഞാൻ വലതുവശം ഒടിച്ചു് ദൂരെ എറിയുന്നു. പക്ഷേ, അപ്പോഴും വലതുഭാഗമുണ്ടു്. ഇതു നന്മയ്ക്കും തിന്മയ്ക്കും ചേരും. നന്മ മാത്രം നമുക്കു ഉണ്ടാകാൻ വയ്യ. തിന്മയെ ഇല്ലാതാക്കാൻ നമുക്കു കഴിയില്ല. തിന്മയുള്ളതുകൊണ്ടു് നന്മയുണ്ടു്. നന്മയുള്ളതുകൊണ്ടു് തിന്മയും (സ്വതന്ത്രതർജ്ജമ).

ബുദ്ധസന്ന്യാസിയുടെ ഈ മതം സാഹിത്യത്തിനും യോജിക്കും. അത്യന്താധുനികത തിന്മ. ക്ലാസിക്കൽ സാഹിത്യം നന്മ. നന്മയുള്ളതുകൊണ്ടാണു് തിന്മ സാഹിത്യത്തിൽ കാണുന്നതു്. തിന്മയുള്ളതുകൊണ്ടു് ക്ലാസിക്കൽ സാഹിത്യത്തിന്റെ നന്മയും നിലവിലിരിക്കുന്നു.

പ്രഗൽഭനാണു് ഈ സന്ന്യാസി ഞാൻ അദ്ദേഹത്തിന്റെ ഏറെപ്പുസ്തകങ്ങൾ വായിച്ചിട്ടുണ്ടു്. സംസ്കാരത്തിൽ തൽപരരായ വായനക്കാർ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചു് പ്രബുദ്ധരാകണമെന്നാണു് എന്റെ അഭിലാഷം.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-06-28.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 8, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.