images/Maria_Wiik_-_Alone_at_Home.jpg
Alone at Home, a painting by Maria Wiik (1853–1928).
മുൻകുറിപ്പു്
സുന്ദര്‍

രണ്ടുപതിറ്റാണ്ടുകൾക്കുമുമ്പു് കലാകൗമുദിയിൽ എഴുതിയ ഭ്രാന്താശുപത്രി ലേഖനങ്ങൾ ഇപ്പോൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിന്റെ പ്രസക്തി എന്താണു് എന്നൊരു ചോദ്യത്തിനു് മറുപടി പറയാൻ ബാദ്ധ്യസ്ഥനാണു് ഞാൻ എന്നു തോന്നുന്നു.

ഒ. വി. വിജയൻ പറഞ്ഞപോലെ, നാമൊക്കെ കാലഹരണപ്പെടാൻ വിധിക്കപ്പെട്ടവരാണു്. സന്തോഷം. നമ്മൾ പറയുന്നതും കാലഹരണപ്പെടുമെന്നതിനാൽ അവ ചരിത്രമായേക്കാം. അല്ലേ? ചില ചരിത്രങ്ങൾ ആവർത്തിക്കില്ലെന്നു് ഉറപ്പുവരുത്തേണ്ടതു് വരുംതലമുറകളുടെ കടമയെങ്കിൽ, എല്ലാ തലമുറകളുടെയും ഡോക്യുമെന്റേഷനുകൾക്കു് പ്രസക്തിയുണ്ടു്.

ഒരു മറുചോദ്യം. ‘ഭ്രാന്താലയങ്ങൾ’ മാനസികാരോഗ്യകേന്ദ്രങ്ങളായി നാമാന്തരെപ്പെട്ടങ്കിലും ഇവയുടെ മാനസികാരോഗ്യം കേരളത്തിന്റെ കളക്ടീവ് കോൺഷ്യസ്നസ്സിന്റെ ഭാഗമായിട്ടില്ലല്ലോ ഇന്നും? മാത്രമല്ല, നിർഭാഗ്യവശാൽ മാനസികരോഗികളുടെ ദുരവസ്ഥ ഒരു മനുഷ്യാവകാശ പ്രശ്നമായി മാറിയിട്ടില്ലല്ലോ ഇപ്പോഴും? കുറേ വർഷങ്ങളിലെ പത്രമാദ്ധ്യമങ്ങളിൽ (മാധ്യമത്തിൽവന്ന എം. സുചിത്രയുടെ ലേഖനങ്ങളൊഴികെ) ഭ്രാന്തിനെക്കുറിച്ചോ ഭ്രാന്തു് പിടിച്ചവരെക്കുറിച്ചോ അർത്ഥവത്തായ പഠനങ്ങളോ അനുതാപക്കുറിപ്പുകളോ കാണാറില്ലിവിടെ.

നാലാമതായി, നിർഭാഗ്യവശാൽ കേരളത്തിന്റെ ഭ്രാന്തു്, കഴിഞ്ഞ പത്തുപതിനഞ്ചു വർഷങ്ങൾക്കിടയിൽ ഉദാരവൽക്കരിക്കപ്പെട്ടു. കേരളത്തിന്റെ രാഷ്ട്രീയവിഴുപ്പലക്കലുകൾ, തകരുന്ന കുടുംബബന്ധങ്ങൾ, വിവാഹമോചനങ്ങൾ, ഏറിവരും ആത്മഹത്യകൾ, ജാതി മതസ്പർദ്ധകൾ, ഫെസ്റ്റിവൽ സ്പിരിറ്റിന്റെ സങ്കീർത്തനങ്ങൾ, ടി വി/എസ്എംഎസ് പൈങ്കിളികൾ, തരംതാണ ഫോർവേർഡഡ് മെസ്സേജുകൾ, കള്ളപ്പണത്തിന്റെ അശ്ലീലതകൾ, കടുത്ത രോഗാതുരതകൾ, വാസ്തു–മാന്ത്രിക–ഫുങ്ഷെ–ആൾദൈവ വിശ്വാസങ്ങളുടെ ദൈനംദിന പൊങ്കാലകൾ… നമുക്കൊരു ധാരണയുമില്ല, കേരളത്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ചു്.

നമുക്കൊരു ധാരണയുമില്ല കേരളത്തിന്റെ മാനസികാരോഗ്യ കേന്ദ്രങ്ങളെക്കുറിച്ചോ രോഗികൾക്കായുള്ള നോൺഗവണ്മെന്റ് ഓർഗനൈസേഷനുകളുടെ കേന്ദ്രങ്ങളെക്കുറിച്ചോ.

തെരുവിൽ അലഞ്ഞുനടക്കുന്ന ‘ഭ്രാന്തന്മാരെ’യും ‘ഭ്രാന്തികളെ’യും കേരളത്തിലെവിടെയും ഇന്നും കാണാം. പലതും തിരിച്ചറിയാനുള്ള സിദ്ധി നഷ്ടപ്പെട്ട മാനസികരോഗിയുടെയും ഒന്നുമറിയാത്ത ഇള്ളക്കുട്ടിയുടെയും മേത്തു് ഒരുപോലെ തിളച്ച വെള്ളമൊഴിക്കുന്നു നമ്മൾ. പാപപരിഹാരാർത്ഥം ഇടയ്ക്കു് മാനസികാരോഗ്യകേന്ദ്രത്തിൽ ഒരു കഞ്ഞിവീഴ്ത്തു്, ഒരു ബിരിയാണിസദ്യ.

ഡോ. പി. എൻ. ഗോപാലകൃഷ്ണൻ ആയിരത്തിതൊള്ളായിരത്തി എൺപതുകളിൽ ഇറക്കിയ ആശുപത്രിപ്രവേശനവിളംബരവും തുടർന്നുണ്ടായ ഉത്തരവുകളും നിലനിൽക്കുമ്പോഴും ഇന്നും കേരളത്തിലെ മാനസികാരോഗ്യകേന്ദ്രങ്ങളിൽ കടന്നുചെല്ലാൻ ബന്ധുമിത്രാദികൾക്കു് കഴിയില്ല. ഡോ. ഗൗരിയുടെ കാരുണ്യമില്ലായിരുന്നെങ്കിൽ എനിക്കു് രണ്ടായിരാമാണ്ടിൽ തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം സന്ദർശിക്കാനൊക്കില്ലായിരുന്നു.

ഇതെഴുതുന്നതിനിടയിൽ ഒരു മിഡിലീസ്റ്റ് പ്രവാസിസുഹൃത്തിനു് ‘ഭ്രാന്തി’യായ ഭാര്യയെയും കണ്ണൂരിൽനിന്നൊരു സുഹൃത്തിന്റെ ഭാര്യയ്ക്കു് ‘വെളിവു നഷ്ടെപ്പട്ട’ സ്വന്തം അമ്മയെയും ആജീവനാന്തം ‘സംരക്ഷിക്കാൻ’ തയ്യാറുള്ള ഒരു സ്ഥാപനെമവിെടയുെണ്ടന്നറിയണം. പണം ഒരു പ്രശ്നമല്ലത്രെ!

ഒരു കുറ്റബോധം വല്ലാതെ അലട്ടുന്നു. ഇരുപതുവർഷംമുമ്പു് തിരുവനന്തപുരത്തെ ഭ്രാന്താശുപത്രിയെക്കുറിച്ചു് അറിഞ്ഞകാലത്തു് തൃശൂർ, കോഴിക്കോടു് ആശുപത്രികൾ കാണാൻ കഴിഞ്ഞിട്ടുണ്ടു്. അവയും ഭീകരമായിരുന്നു. ജീവിതത്തിന്റെ പങ്കപ്പാടുകളിൽ പിന്നീടു് അവയുടെ അവസ്ഥ ‘ഫോളോ അപ്’ ചെയ്യാനോ ഒരു വരിയെങ്കിലുമെഴുതാനോ കഴിഞ്ഞില്ല. ഇപ്പോഴാവട്ടെ, വയസ്സായി. ഈ ആശുപത്രികൾ വീണ്ടും കാണാനോ അതെക്കുറിച്ചു് വിശദമായി ആരായാനോ മനസ്സിനു് ത്രാണിയില്ല, ശരീരത്തിനു് കെല്പുമില്ല.

എന്റെ സാമൂഹ്യശാസ്ത്ര പ്രൊഫസർ ഗോപാലകൃഷ്ണൻനായരാണു് ഭ്രാന്താശുപത്രികളെന്ന നരകത്തെക്കുറിച്ചു് ആദ്യം പറഞ്ഞതു്. ഡോ. രമേശ്കുമാറാണു് ഊളമ്പാറ കാണാൻ ഒരിക്കൽ കൂട്ടിക്കൊണ്ടുപോയതും ഡോ. സുരരാജ്മണിയുടെ ഡ്യൂട്ടിറൂമിലാണു് ജീവനക്കാരുടെ ‘ധാർമികരോഷ’ത്തിൽനിന്നുണ്ടായ വയലൻസിൽ നിന്നും രക്ഷതേടിയതും. പി. കെ. ഉത്തമനാണു് കെ. വി. സുരേന്ദ്രനാഥിനെ (ആശാൻ) പരിചയപ്പെടുത്തുന്നതും ഭ്രാന്താശുപത്രിക്കുറിപ്പുകൾക്കു് നിമിത്തമായതും.

images/Civic_Chandran.jpg
സിവിക്ചന്ദ്രൻ

കാസർകോട്ടുനിന്നു് രവീന്ദ്രൻമണിയാടു് ഈ ഭ്രാന്താശുപത്രിക്കു് നാവുണ്ടായിരുന്നെങ്കിൽ എന്നു് എൻ. ആർ. എസ്. ബാബു തലക്കെട്ടിട്ട ലേഖനത്തിന്റെ ഫോട്ടോക്കോപ്പിയെടുത്തു് നാനൂറോളം പേരെക്കൊണ്ടു് വായിപ്പിച്ചു് അവരുടെ ഒപ്പു് ശേഖരിച്ചു് അന്നത്തെ മുഖ്യമന്ത്രിക്കു് നിവേദനം സമർപ്പിച്ചു. അഡ്വക്കേറ്റ് ഗോപാലകൃഷ്ണൻനായർ, പൊതുതാല്പര്യഹർജി ഹൈക്കോർട്ടിൽ കൊടുത്തു. കുമാരപിള്ളസാറും സുജാതടീച്ചറും സിവിക്ചന്ദ്രനും, അറിയാത്ത നിരവധി മനുഷ്യരും മാനസികരോഗികളുടെ മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ നാട്ടാരെ ഒത്തുകൂട്ടി. അവരുടെ നന്മ. ഇങ്ങനെയൊക്കെ എഴുതുന്നതിൽ ഒരു ബോറു തോന്നുന്നു. വേറെയൊത്തിരി ബന്ധപ്പെട്ട കാര്യങ്ങളുണ്ടു്. അവയ്ക്കു് പ്രസക്തിയുണ്ടെങ്കിലും ഇല്ലെങ്കിലും നമുക്കതൊക്കെ വിടാം.

നോക്കൂ, പകരം നമുക്കു് എന്തു ചെയ്യാനാവുമെന്നു് ആലോചിക്കാം. ആശുപത്രികളിൽ വോളന്റിയർ വർക്കുൾപ്പെടെ എന്തൊക്കെയാവുമോ അതൊക്കെ ചെയ്യാം. ഏറ്റവും കുറഞ്ഞതു് മാനസികരോഗികളുടെ അവകാശങ്ങൾ മനുഷ്യാവകാശ പ്രശ്നങ്ങളായി കാണാം. നമ്മുടെ വേണ്ടപ്പെട്ടവർ, നിർഭാഗ്യവശാൽ ഇൻസ്റ്റിറ്റിയൂഷണലൈസ് ചെയ്യപ്പെടുകയാണെങ്കിൽ അവരുടെ അവസ്ഥ അറിയാൻ ജാഗ്രത കാട്ടാം. അവർക്കു് ചികിത്സയും വേണ്ടത്ര ഭക്ഷണവും വസ്ത്രവും വെട്ടവും മാന്യതയും കിട്ടുന്നുണ്ടോ അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നു് നിരന്തരം ആരായാം. കേരളത്തിന്റെ മെന്റൽ ഹെൽത്ത് തുടർച്ചയായി അളന്നുെകാണ്ടിരിക്കാം. നിരന്തരം ആശുപത്രികളും മറ്റുസ്ഥാപനങ്ങളും നന്നാക്കാൻ ശ്രമിക്കാം.

പ്രിയവായനക്കാരോടു് ഒരഭ്യർത്ഥന മനോരോഗം പൂർണ്ണമായോ ഭാഗികമായോ ഭേദപ്പെട്ടു്, വീട്ടുകാരുടെ പരിചരണത്തിൽ കഴിയാൻ പ്രാപ്തിയായവർക്കു് മാന്യമായൊരു തുക പെൻഷനായി കൊടുക്കാൻ കേരള സർക്കാരിനോടു് ആവശ്യപ്പെടുക. കർണ്ണാടകയിലുള്ളപോലെ മാനസികരോഗങ്ങളും മാനസികവൈകല്യങ്ങളുള്ളവർക്കും വൈകല്യമുള്ള വ്യക്തികൾക്കായുള്ള 1985-ലെ നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ ബസ്പാസ്, റെയിൽവേ കൺസെഷൻ എന്നിവ നടപ്പിലാക്കാനും അതിനുവേണ്ടിയുള്ള ഐഡന്റിറ്റി കാർഡുകൾ നൽകാനും സർക്കാരിനു നിവേദനം നൽകുകയും രാഷ്ട്രീയപ്പാർട്ടികളിൽ ഇതിനായി സമ്മർദ്ദം ചെലുത്തുകയും ചെയ്യുക. ഇത്രയെങ്കിലും ചെയ്യാൻ നമ്മൾ ബാദ്ധ്യസ്ഥരല്ലേ?

*****

ചരിത്രം അപാരശക്തിയുള്ളൊരു ആയുധം. ഈ പുസ്തകത്തിൽ എന്റെ കഴിവില്ലായ്മകൾക്കും അറിവില്ലായ്മകൾക്കുമപ്പുറം എന്തോ കുറെ യാഥാർത്ഥ്യങ്ങളുണ്ടെന്നും അവയ്ക്കെന്തെങ്കിലും പ്രയോജനമുണ്ടാവുമെന്നുമുള്ള തോന്നലിലാണു് ഇവ തുന്നിക്കൂട്ടുന്നതു്.

എഴുത്തുകാരൻ പരമാവധി ഒരു ചൂണ്ടുപലകമാത്രം. അതിനുമപ്പുറം എന്തെങ്കിലും അഹന്ത ഈ പുസ്തകത്തിൽ കടന്നുവന്നിട്ടുണ്ടെങ്കിൽ ദയവായി പൊറുക്കുക. ഒരു ഫ്രീലാൻസറായ എനിക്കു് തട്ടകം ഒരുക്കിത്തന്ന എൻ. ആർ. എസ്. ബാബു, എസ്. ജയചന്ദ്രൻനായർ, കെ. പി. വിജയൻ, ഇ. വി. ശ്രീധരൻ, പി. സുജാതൻ, ഓ. കെ. ജോണി എന്നിവരോടും വായനക്കാരോടും നന്ദി പറഞ്ഞുതീർക്കാനാവില്ല.

തെറ്റിദ്ധാരണയുണ്ടാവരുെതന്നുകരുതി കുറിക്കുകയാണു്. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തോ നിംഹാൻസോ അവസാന വാക്കല്ല. സ്ഥാപനവൽക്കരിക്കപ്പെട്ട മനോരോഗചികിത്സാകേന്ദ്രങ്ങളിലെ വളരെ ഭേദപ്പെട്ട രണ്ടെണ്ണത്തിലേക്കു് ശ്രദ്ധതിരിച്ചുവെന്നു മാത്രം.

ഈ പുസ്തകത്തിൽകാണും കാര്യങ്ങളിൽ വിശ്വാസംതോന്നുന്നെങ്കിൽ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംസാരിക്കുക. വിശ്വസിച്ചാലുമിെല്ലങ്കിലും വേണ്ടെപ്പട്ടവരോ പരിചയക്കാരോ ഏതെങ്കിലും മാനസികേരാഗാശുപ്രതിയിലുെണ്ടങ്കിൽ അവരുടെ സൗഖ്യം അന്വേഷിച്ചുറപ്പാക്കുക. മാനസികാരോഗ്യകേന്ദ്രങ്ങൾക്കും മാനസികരോഗികൾക്കും മനസ്സിന്റെ ഒരു കോണൊഴിച്ചിടുക. നാവുണ്ടായിട്ടും നാവില്ലാത്തവരാണവർ. നേരുപറയുമ്പോൾപ്പോലും ‘ഭ്രാന്തു പറയുന്ന’തായേ സമൂഹം കരുതൂ.

നമ്മുടെയും വരുംതലമുറകളുെടയും മനസ്സമാധാനത്തിനും മനശ്ശാന്തിക്കും മാനസികാരോഗ്യത്തിനുംവേണ്ടിയൊരു പ്രാർത്ഥനയായ് ഈ പുസ്തകം സമർപ്പിക്കുന്നു.

സുന്ദർ

തിരുവനന്തപുരം

ഫെബ്രുവരി 14, 2007

ഈ ഭ്രാന്താലയത്തിനു് നാവുണ്ടായിരുന്നെങ്കിൽ
സുന്ദര്‍
images/KV_Surendranath.jpg
കെ. വി. സുരേന്ദ്രനാഥ്

ആശാൻ എന്നറിയപ്പെടുന്ന കെ. വി. സുരേന്ദ്രനാഥ് എം. എൽ. എ.-യാണു് രാധാകൃഷ്ണനെയും എന്നെയും തിരുവനന്തപുരം മാനസികാരോഗാശുപത്രിക്കുള്ളിലേക്കു് ഈ ജൂൺ ഇരുപത്തിയാറാംതീയതി കൂട്ടിക്കൊണ്ടുപോയതു്.

ആയിരത്തി എണ്ണൂറ്റി എഴുപതിൽ സ്ഥാപിച്ച ഈ ആശുപത്രിയെക്കുറിച്ചു് രണ്ടുമൂന്നു് തലമുറയ്ക്കുമുമ്പേ പറയേണ്ടിയിരുന്ന മനം പുരട്ടുന്ന കാര്യങ്ങൾമാത്രമാണെനിക്കു പറയാനുള്ളതു്. അതിൽ നാണവും വിഷമവും തോന്നുന്നുണ്ടു്. ആയിരത്തി എണ്ണൂറ്റി അമ്പത്തിയൊന്നിലെ ബ്രിട്ടീഷ് മെന്റൽ ഹോസ്പിറ്റലുകളിലെ അവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ടിലുള്ളതിനേക്കാൾ മോശമാണു് ഈ ആശുപത്രിയുടെ അവസ്ഥ.

സ്ത്രീകളുടെ വാർഡ്: ആദ്യം കാണുന്ന ഡോർമിറ്ററിയിൽ ഒരു കട്ടിലുപോലുമില്ല. നിലത്താകെ വെള്ളം. രാവിലെ വെള്ളം കോരിയൊഴിച്ചു് വൃത്തിയാക്കിയതാവണം. അവിടെ നാണം മറച്ചവരും മറയ്ക്കാത്തവരും മലത്തിന്റെയും മൂത്രത്തിന്റെയും നാറ്റംസഹിച്ചു് കഴിയുന്നു. പുറത്തു് ഡ്രെയിനേജ് കേടുവന്നിരിക്കുന്നു. ഡോർമിറ്ററിയുടെ മുന്നിൽ നിൽക്കവേ, ഛർദ്ദിക്കുമെന്നു തോന്നി.

മറ്റൊരു ഡോർമിറ്ററി—വെറുംനിലത്തു് പൂർണ്ണനഗ്നയായി തവിട്ടുനിറമുള്ള അവൾ കിടക്കുന്നു—രണ്ടോ മൂന്നോ വയസ്സുള്ളൊരു കുട്ടിയെപ്പോലെ. നാൾക്കുനാൾ അവളുടെ തൊലിപ്പുറത്തു് കാലത്തിന്റെ പാടുവീഴും. മറ്റു പല രോഗികളെയുംപോലെ മുടിനരച്ചു്, പല്ലുകൊഴിഞ്ഞു്… അന്നും, ഒരുപക്ഷേ, അവൾ വെറുംനിലത്തു് നഗ്നയായി കിടക്കുന്നുണ്ടാവും. അന്നു് വേറെ ചെറുപ്പക്കാരികളും പൂർണ്ണ നഗ്നരായി കിടക്കുന്നുണ്ടാവും—ഈ അവസ്ഥ ഇപ്പോൾ മാറിയില്ലെങ്കിൽ.

സ്ത്രീകളുടെ വാർഡ് കഴിഞ്ഞു് മടങ്ങവെ, നേഴ്സിനോടു് ഈ ചോദ്യം ചോദിക്കാൻ മടിതോന്നി—തുണിയില്ലാത്തവരും അല്പം തുണിയുടുത്തവരുമായ ഈ സ്ത്രീകൾ ആർത്തവസമയത്തു് എന്തു ചെയ്യും?

താരതമ്യേന ഭംഗിയായി വസ്ത്രധാരണംചെയ്ത മൂന്നു ചെറുപ്പക്കാരികളെ ഡോർമിറ്ററിയുടെ ഒരുവശത്തേക്കു മാറ്റിനിർത്തിയതാണോ? ഡോർമിറ്ററിയുടെ കതകിനു് ഒരുറപ്പുമില്ല. രാധാകൃഷ്ണൻ അവരെ ചെന്നുനോക്കി. സംസാരിക്കാൻ സമയമൊത്തില്ല. ആശാന്റെയൊപ്പമെത്താൻ തിരക്കിട്ടു് നടക്കവേ തിരിഞ്ഞുനോക്കി. നേരത്തെ കാണാത്ത, മഞ്ഞസാരിയുടുത്ത, സൗന്ദര്യമുള്ള ഒരു യുവതി മറ്റു രോഗികളുടെ കൂട്ടത്തിൽനിന്നു് നോക്കുന്നു.

മറ്റൊരു ഡോർമിറ്ററിയിൽ പല പ്രായത്തിലുള്ള സ്ത്രീകളുടെ ഇടയിൽ പന്ത്രണ്ടുവയസ്സുപോലും പ്രായംതോന്നിക്കാത്ത ഒരു കൊച്ചുപെൺകുട്ടി. വെളുത്ത നിറം. ഒഡിയയാവണം ആ കുട്ടി സംസാരിക്കുന്നതു്. അമ്മയെപ്പോലെ അവളെ നോക്കാൻ അതേ ഡോർമിറ്ററിയിലെ മറ്റൊരു രോഗിയും.

മൊത്തം ഇരുനൂറു് സ്ത്രീകൾ. അതിൽ കുറച്ചുപേർ ഇരുണ്ട സെല്ലുകളിൽ. അവർക്കു് മൂത്രമൊഴിക്കാനും വെളിക്കിറങ്ങാനും ഒരു കുഴി. ഒരുസെല്ലിൽമാത്രം മൂന്നു സ്ത്രീകൾ. മറ്റൊരു സെല്ലിൽ ഒരു സ്ത്രീ മംഗളം വാരിക വായിച്ചു് ഒരു ഷീറ്റിൽ കിടക്കുന്നു.

ഒരുവശത്തു് പണിനിറുത്തിവച്ചിരിക്കുന്ന, പണിതീരാത്ത ബാത്ത് അറ്റാച്ച്ഡ് സെല്ലുകൾ. അടച്ചിട്ട ചികിത്സയിലുപരിയായിട്ടൊന്നു് എന്നാണിവിടെ ആലോചിക്കാൻകൂടി കഴിയുക? ഈ കെട്ടിടങ്ങളെല്ലാംതന്നെ ഒരുനൂറ്റാണ്ടുമുമ്പുള്ള മനഃശാസ്ത്ര കോൺസപ്റ്റുകളുടെ അടിസ്ഥാനത്തിൽ പണിയിച്ചതാണു്.

ഒരു സെല്ലിനുമുന്നിൽ ഒരു പ്ലേറ്റുനിറയെ മലം. സെല്ലുകളിൽ ടോയ്ലറ്റില്ലല്ലോ. ഒരു കുഴിയിൽ പ്രാഥമികാവശ്യങ്ങൾ നിർഹിക്കണം. ആ സ്ത്രീ ബുദ്ധിപൂർം പ്ലേറ്റ് അഴികൾക്കിടയിലൂടെ നിരക്കി പുറേത്തക്കാക്കി സെല്ലിൽ കിടന്നുറങ്ങിയിട്ടുണ്ടാവും. അല്ലെങ്കിൽ നിലത്തെ മലത്തിലല്ലേ അവർ ഉറങ്ങേണ്ടതു? നാറ്റം സഹിക്കാൻവയ്യ. ആ പ്ലേറ്റ് ആരും എടുത്തുമാറ്റുന്നില്ല. ആ രോഗി ആഹാരംകഴിക്കുന്ന പ്ലേറ്റാവും.

ക്രോണിക് വാർഡ് നിലത്തു് വെള്ളം. പായപോലുമില്ലാത്ത രോഗികൾ. ഒരുപാടു് രോഗികൾ. ചിലർ കിടക്കുന്നു. ചിലർ ജനാലക്കമ്പികളിൽ പിടിച്ചുനിൽക്കുന്നു. നഗ്നരാണവർ. ഒരാൾ ആ ഡോർമിറ്ററിയുടെ മൂലയ്ക്കു് വെളിക്കിറങ്ങുന്നു. ജീവനക്കാരാരും ശ്രദ്ധിക്കുന്നില്ല.

നഗ്നനായൊരാൾ ഒരു വെന്റിലേറ്ററിന്റെ കമ്പികളിൽ പിടിച്ചിരിക്കുന്നു. ഏറെ നേരമായിക്കാണും അവിടെ അയാൾ ഇരിക്കാൻ തുടങ്ങിയിട്ടു്. നിലത്തെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ, നനഞ്ഞ തറയിൽ, ഇരിക്കാൻ വയ്യാഞ്ഞാവണം.

ഇവിടത്തെ ഡോക്ടർമാർക്കിടയിൽ ക്രൂരമായ ഒരു തമാശയുണ്ടത്രെ. വെന്റിലേറ്ററിൽ കയറിയിരിക്കുന്ന രോഗിയുടെ അസുഖം മാറിക്കാണണം. നിലത്തെ വൃത്തിേകടുകളിലിരിക്കാൻ അവൻ കൂട്ടാക്കുന്നില്ലല്ലോ. ഡിസ്ചാർജ് ചെയ്തേക്കാം.

ക്രിമിനൽ വാർഡുകൾ: അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഭ്രാന്തന്മാരും കുറ്റകൃത്യങ്ങൾക്കു് ശിക്ഷിക്കപ്പെടുന്നവരും ശിക്ഷ കാത്തിരിക്കുന്നവരും ശിക്ഷയുടെ കാലാവധി കഴിഞ്ഞവരും ഇവിടെ സെല്ലുകളിൽ അടയ്ക്കപ്പെട്ടു് കഴിയുന്നു. നാം കരുതുംപോലെ ഇവർ ക്രിമിനലുകളാവണമെന്നില്ല. ഇവർ വയലന്റാവണമെന്നുപോലും നിർബ്ബന്ധമില്ല. പൊലീസ് കൊണ്ടുവരുന്ന എല്ലാവരും ക്രിമിനൽ സെല്ലിലാണു് കിടക്കുന്നതു്.

ഓരോ സെല്ലിലും അഞ്ചോ ആറോ പേർ. ഒന്നുരണ്ടു് സെല്ലുകളിൽ ഓരോ രോഗി. സെല്ലിൽ ടാപ്പില്ല. വെള്ളമില്ല. മൂലയ്ക്കൊരു കുഴി. അതിൽ പ്രാഥമികകർമങ്ങൾ നടത്താം. രാവിലെ കുറച്ചു നേരം അവരെ പുറത്തിറക്കാറുണ്ടത്രെ. ഇരുപത്തിമൂന്നു മണിക്കൂറിലേറെ, വെട്ടമില്ലാത്ത ഈ കുടുസ്സായ സെല്ലിൽ ആറും ഏഴുംപേർ. പൊട്ടിപ്പൊളിഞ്ഞ വെറും നിലത്തു്, പായപോലുമില്ലാതെ, നഗ്നശരീരങ്ങൾ. തൊട്ടുതൊട്ടവർ ഇരിക്കുകയും കിടക്കുകയും ചെയ്യുന്നു. പലരും വർഷങ്ങളായി, ചിലർ മുപ്പതുകൊല്ലമെങ്കിലുമായി, ഇവിടെ കിടക്കുന്നു. മലത്തിന്റെയും മൂത്രത്തിന്റെയുമിടയ്ക്കു്. എല്ലാ സെല്ലുകളുടെ മുന്നിലും ഒരു കുഴി. അവിടെ കഞ്ഞിയും മറ്റും കെട്ടിക്കിടക്കുന്നു. ഈച്ചകൾ പറന്നുനടക്കുന്നു. ദുസ്സഹമായ നാറ്റം.

ഒരു സെല്ലിൽ ഒരാൾ മറ്റൊരാളെ കെട്ടിപ്പിടിച്ചുറങ്ങുന്നു. “പത്തു മണിക്കുമുമ്പെ നിങ്ങൾ വരണമായിരുന്നു. ഒരിടത്തും നിൽക്കാനാവില്ല. മലം മുറിയാകെ കെട്ടിക്കിടക്കും. അതിൽ ഒരു ബക്കറ്റ് വെള്ളം കോരിെയാഴിക്കും. പിന്നെ ഭയങ്കര നാറ്റമാണു്.” ഒരു രോഗി പറഞ്ഞു.

തെരുവുപോലെയുള്ള സെല്ലുകൾ കഴിഞ്ഞു് ഒരു വാർഡ്. അവിടെ കുറെ രോഗികൾ. അവർ വസ്ത്രം ധരിച്ചിരിക്കുന്നു. പരാതി പറയുന്നു ചോറു് വേവുന്നില്ല, ആഹാരം മോശമാണു്, പലപ്പോഴും കിട്ടാറില്ല…

ഒരാൾ പുറത്തു് എന്തോ തുണി അടിച്ചു നനയ്ക്കുന്നു. ക്രിമിനൽ വാർഡിനുള്ളിൽ സ്വതന്ത്രമായി നടക്കാൻ അനുവാദം കിട്ടിയ രണ്ടുമൂന്നു പേർ. താരതമ്യേന അസുഖം ഭേദമായവർ. അവർ അവിടത്തെ ജീവനക്കാർ ചെയ്യേണ്ട ജോലികൾ ചെയ്യുന്നു. തിരുവനന്തപുരം ചിത്തരോഗാശുപത്രിയിലെ ഓക്കുപ്പേഷനൽ തെറപ്പി.

ക്രിമിനൽ വാർഡിൽനിന്നു് ഞങ്ങളിറങ്ങവേ, അഴികളിൽ പിടിച്ചുനിന്ന നഗ്നരായ ചില മനുഷ്യർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: താങ്ക്യൂ താങ്ക്യൂ.

രോഗംബാധിച്ചു് ശോഷിച്ച ഉടലുകൾ. ചുളുങ്ങിവരണ്ട തൊലി. മേലാകെ ചൊറി. അവിടെയവിടെ പൊട്ടിെയാലിച്ചിരിക്കുന്നു. പലരും മനുഷ്യരാണെന്നു് നമുക്കു് വിശ്വസിക്കാനാവില്ല.

വാർദ്ധക്യം ബാധിച്ച കന്നുകാലികളെ കഴുത്തിലൊരു കോർപ്പറേഷൻ സീല് കുത്തി അറക്കാൻ കൊണ്ടുപോകുന്നതു കണ്ടിട്ടില്ലേ? മാധവിക്കുട്ടിയുടെ ആ കഥ വായിച്ചിട്ടില്ലേ? ഈ രോഗികളെ കഴുത്തിലൊരു സീലും കുത്തി മെഴ്സി കില്ലിങ്ങിനു് വിധേയരാക്കിക്കൂടേ?

അടുക്കള—ഒരു വൃത്തികെട്ട കെട്ടിടം. അടുപ്പിൽ മീൻകറി തിളയ്ക്കുന്നു. ചോറു് വേവുന്നു. തറ ഇടിഞ്ഞുപൊളിഞ്ഞു് നിലമാകെ വെള്ളം കെട്ടിക്കിടക്കുന്നു. കടുകുവറുക്കാൻ ചീനച്ചട്ടിയില്ല. അവിടെയുള്ള ചീനച്ചട്ടി എടുത്തുകാണിച്ചു. തുരുമ്പുപിടിച്ചു് പകുതിയിലേറെ പൊത്തുപോയൊരു വലിയ ചീനച്ചട്ടി. ഒരുകൊല്ലമായി കടുകുവറുക്കാറില്ലെന്നും പുതിയ ചീനച്ചട്ടിക്കു് അന്നേ എഴുതിക്കൊടുത്തുവെന്നും അർദ്ധനഗ്നനായ കുക്ക് പറഞ്ഞു.

ചോറും കറിയും വയ്ക്കുന്ന പാത്രങ്ങൾ ഓട്ടയാണത്രേ. രാവിലെ പപ്പടം ഒട്ടിച്ചോ മറ്റോ ആണെന്നു പറഞ്ഞു, ആ ഓട്ട അടച്ചാണു് ഇവർ പാചകം നടത്തുന്നതു്. ഒരു വലിയ പാത്രത്തിൽ തേങ്ങ ചിരവി വച്ചിരിക്കുന്നു. അതിലാകെ ഈച്ചകൾ. നിലം മുഴുവൻ വൃത്തികേടു്. മൂലയ്ക്കു് ഉപയോഗിക്കാറില്ലാത്ത അഴുക്കുപിടിച്ചൊരു ഗ്രൈൻഡർ.

രോഗികളെ കണ്ടാൽ അവർ മാൽന്യൂട്രീഷൻകൊണ്ടു് കഷ്ടപ്പെടുന്നവരാണെന്നറിയാം. ഈ ആഹാരമൊക്കെ എവിടെപ്പോകുന്നു?

ആരു് ആരോടു ചോദിക്കാൻ?

*****

ഒരു വാർഡിനുമുന്നിൽ ‘ഇനാഗുറേറ്റഡ് ഓൺ ഗാന്ധിജയന്തി ഡേ’ എന്നെഴുതിയ മാർബിൾ ഫലകം. ആശാൻ, ഗാന്ധി എന്ന വാക്കു് വലംകൈകൊണ്ടു് പൊത്തി.

ഡോക്ടർമാർ റൗണ്ട്സ് നടത്തി രോഗികളെ കാണാറില്ല. ഇവർ ഡോക്ടർമാെരയും കാണാറില്ല. സെല്ലിനുള്ളിൽ വന്നയിടയ്ക്കു് കരികൊണ്ടു് കളംവരച്ചൊരു കലണ്ടറുണ്ടാക്കി, അതിൽ പിന്നിടുന്ന ദിവസങ്ങൾ വെട്ടിക്കളയാെനൊരു ശ്രമം നടത്തിയിരിക്കുന്നു. ആദ്യമാദ്യം കുറച്ചു ദിവസങ്ങൾ ഇവർ ദിവസങ്ങളുടെ ട്രാക്ക് സൂക്ഷിക്കാൻ ശ്രമിക്കുന്നു. പിന്നെ തളർന്നു് മടുത്തു് ആഴ്ചകളും തീയതികളും മറന്നു് വെജിറ്റബിളായിത്തീരുന്നു. ആരോരുമില്ലാത്തവരുടെ, ബന്ധുക്കൾ തഴഞ്ഞവരുടെ പകലുകൾ, രാവുകൾ. തടവുകാർക്കുപോലും തടവിന്റെ കാലയളവറിയാം. ഇവിടെ അതുപോലുമറിയാതെ, ഡോക്ടർമാർ ശ്രദ്ധിക്കാതെ, വാർഡന്മാരുടെ തല്ലുകൊണ്ടു്, തെറികേട്ടു്, മൃഗശാലയിലെ അന്തേവാസികൾക്കു കിട്ടുന്ന പരിഗണന പോലുമില്ലാതെ, മലമൂത്രവിസർജ്ജനങ്ങൾക്കിടയിൽ ഇവർ കഴിയുന്നു.

ഇവിടെ മാത്രമല്ല, തൃശൂരെയും കോഴിക്കോട്ടെയും മാനസിക രോഗാശുപത്രികളിൽ.

വാടിയ സൂര്യകാന്തിയുടെ നിറമാണു് രോഗികളുടെ പല്ലുകൾക്കു്. നിങ്ങൾക്കു് അടുത്തുനിൽക്കാനാവില്ല. പലപ്പോഴും പല്ലുതേക്കാൻ ഉമിക്കരിപോലും ഇവർക്കു കിട്ടാറില്ല. കുളിക്കാൻ, തുണി നനയ്ക്കാൻ, ഇവർക്കു് നൽകേണ്ട വാഷ്വെൽ സോപ്പുപോലും കിട്ടാറില്ല. ഉടുതുണിക്കു് മറുതുണിയില്ലാത്തതിനാൽ ഇവരിൽ പലർക്കും ഒന്നു കഴുകിയിട്ടാൽ അതുണങ്ങിക്കിട്ടുംവരെ (അല്ലെങ്കിൽ അതിനുള്ള സൗകര്യെമെവിട?) നഗ്നരായി കഴിയണം. ആ സമയംകൊണ്ടു് നിലത്തെ വൃത്തിേകടുകെളാക്കെ ദേഹത്തു പുരളും. പിന്നെ, വൃത്തികെട്ട ഒരാശുപത്രിയിൽ വൃത്തിയാക്കിയ വേഷംധരിച്ചിട്ടെന്തു കാര്യം? നാലു് ദോബികൾ ഈ ആശുപത്രിയിലുണ്ടത്രേ. തുണിയുടുത്തവരെ കണ്ടപ്പോൾ തുണി അലക്കാറുണ്ടെന്നു് തോന്നിയില്ല. അല്ലെങ്കിൽ, ഇത്ര നാറിയ ആശുപത്രിയിൽ, വൃത്തിയുള്ള വേഷത്തിനെന്തു പ്രസക്തി?

രോഗികളുടെ ഏക സ്ഥാവരജംഗമസ്വത്തു് ചുളുങ്ങി, കറയിറങ്ങി വൃത്തികേടായ ഒരു അലുമിനിയം പ്ലേറ്റാണു്. പണ്ടെങ്ങോ വാങ്ങിയ, ആ വൃത്തികെട്ട പ്ലേറ്റിലാണവർക്കു് ചോറും കറിയും കൊടുക്കുന്നതു്. കാപ്പി എന്നൊരു ബ്രൗൺ ദ്രാവകം ഇതേ പ്ലേറ്റിലാണു് ഒഴിച്ചുകൊടുക്കുന്നതു്. മിക്കപ്പോഴും കഞ്ഞിയും ചോറും കാപ്പിയുമൊക്കെ ഡോർമിറ്ററിയുെടയും സെല്ലിെന്റയും പൂട്ടിയ ഇരുമ്പു് വാതിലിനടിയിലൂടെ നിരക്കിയാണു് കൊടുക്കാറു്. കാപ്പി, നായ നക്കുന്നതുപോലെ നക്കിക്കുടിച്ചോളണം. പുറത്തു കുളിക്കാൻ കെട്ടിയിട്ടിരിക്കുന്ന ടാങ്കിൽനിന്നു് ഇതേ പ്ലേറ്റ് മഗ്ഗായി ഉപയോഗിച്ചു് വേണമെങ്കിൽ വെള്ളം കോരി ഒഴിച്ചോണം. ഡയേറിയ സർവ്വസാധാരണമായതിനാൽ അത്യാവശ്യം ഇതേ പ്ലേറ്റിൽ വെളിക്കിറങ്ങാം. ഡയേറിയ മിക്കവർക്കും ഒരേസമയം പിടിപെടുന്നതിനാൽ ചിലപ്പോൾ ടോയ്ലറ്റിൽ സൗകര്യമുണ്ടാവില്ല. (ഇതു് ടോയ്ലറ്റ് സൗകര്യമുള്ള ഡോർമിറ്ററികൾ. സെല്ലിലാണെങ്കിൽ കുഴിക്കുമുകളിൽ ആളുണ്ടാവും.) പ്ലേറ്റിൽ തൂറിയാലും അരും കഴുകാനുണ്ടാവില്ല. ആ പ്ലേറ്റു തന്നെ അടുത്തനേരം കാപ്പിയോ കഞ്ഞിയോ ചോറോ കഴിക്കാൻ ഉപയോഗിക്കാം.

*****

രണ്ടുവർഷംമുമ്പു് ആദ്യമായി മാനസികരോഗാശുപ്രതിയിൽ കടന്നപ്പോൾ ആദ്യം കണ്ടതു് കാക്കിവസ്ത്രം ധരിച്ച ഒരു വാർഡൻ ഒരു കമ്പു ചെത്തി വൃത്തിയാക്കുന്നതാണു്. ചെത്തി പാകംവരുത്തിയ രണ്ടു കമ്പുകൾ ഡസ്കിൽ വച്ചിരിക്കുന്നു. അന്നു് പല രോഗികളുടെയും ദേഹത്തു് അടികൊണ്ട പാടുകൾ കണ്ടു. ഇന്നും കണ്ടു.

ഇന്നു് ദൂരെനിന്നു നോക്കവേ, കാക്കിവസ്ത്രം ധരിച്ച പലരുടെയും കയ്യിൽ വടിയുണ്ടായിരുന്നു. എം. എൽ. ഏ. ഇൻസ്പെക്ഷനു വന്നതാണെന്ന തോന്നലുകൊണ്ടാവണം, ഞങ്ങൾ അടുത്തെത്തവേ, ആരുടെപക്കലും വടിയുണ്ടായിരുന്നില്ല.

നേരുപറയണമല്ലോ. സുരേന്ദ്രനാഥിന്റെ വരവറിഞ്ഞു് അറ്റൻഡർമാർ പരിസരം വൃത്തിയാക്കിക്കാൻ ആവതും ശ്രമിച്ചു. ആശുപത്രി കോമ്പൗണ്ടിലെ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു് എത്താനെടുത്ത നേരംകൊണ്ടു് പലയിടവും രോഗികളെക്കൊണ്ടു് അവർ വൃത്തിയാക്കിക്കാൻ ശ്രമിച്ചു. കുറച്ചു് രോഗികളെയെങ്കിലും കട്ടിയുള്ള ഷീറ്റ് ഉടുപ്പിക്കാൻ ശ്രമിച്ചു.

ഒന്നുറപ്പായി. ആരെങ്കിലും ചെന്നു് പരിശോധിക്കുകയാെണങ്കിൽ കാര്യങ്ങൾ മെച്ചപ്പെടും. പൊതുജനങ്ങൾക്കു് പ്രവേശനമുണ്ടാവുകയാണെങ്കിൽ ഈ അവസ്ഥ പാടേ മാറും.

*****

ഈശ്വരാ, എന്തൊക്കെ കഥകളാവും ഈ ആശുപത്രിക്കു് പറയാനുണ്ടാവുക. ഞങ്ങളെത്തുന്നതിനു രണ്ടുനാൾമുമ്പു്, മദ്യപിച്ച രണ്ടു വാർഡന്മാർ ഒരു പൂച്ചയെ ഡോർമിറ്ററിയിലേക്കു് അടിച്ചുകയറ്റി. പേടിച്ചരണ്ട പൂച്ച രോഗികളെ കടിച്ചു. പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിക്കുന്ന പൂച്ചയെ വീണ്ടും ഡോർമിറ്ററിക്കുള്ളിലേക്കു് വാർഡന്മാർ തള്ളിവിടുന്നു. പൂച്ച രോഗികളെ വീണ്ടും കടിക്കുന്നു. ഭയങ്കര ബഹളം. ഡ്യൂട്ടിഡോക്ടർ പൊലീസിനെ വിളിക്കുന്നു.

ആയിരത്തി തൊള്ളായിരത്തി എൺപത്തിനാലു് ഫെബ്രുവരിയിൽ കുറെ രോഗികൾക്കു് മരുന്നു് കൂടുതൽകൊടുത്തു് ബോധംകെടുത്തിയ ഒരു കേസ് എവിടെയോ മുങ്ങിപ്പോയി.

സിസ്റ്റർമാരുടെ ജീവിതം കഷ്ടമാണു്. കുടുംബംപോറ്റാൻ ജോലിയ്ക്കുവരുന്ന അവരെ ഉപദ്രവിക്കാൻ എളുപ്പമാണു്. ഏതെങ്കിലും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനു് സ്വല്പം വിരോധം തോന്നിയാൽമതി അല്ലെങ്കിൽ ആ നേഴ്സ് ജോലിയോടു് ‘ആവശ്യത്തിലേറെ കൂറു്’ കാണിച്ചാൽ മതി രോഗിയെക്കൊണ്ടു് ദേഹത്തു പിടിപ്പിക്കാം. അല്ലെങ്കിൽ തീട്ടംവാരിയെറിയിക്കാം. അതിനു വലിയ ചെലവൊന്നുമില്ല. ഏറിയാലൊരുകെട്ടു് ബീഡി. ആരോടു പരാതിപറയാൻ? നിസ്സാരമായൊരു തുക റിസ്ക് അലവൻസായി കിട്ടുന്നതല്ലേ?

ബീഡിയാണു് ഈ ആശുപത്രിയിലെ കറൻസി. തീട്ടം കോരണോ, ഡ്രെയിനേജ് പൊട്ടിയൊലിക്കുന്ന തീട്ടം കോരി മാറ്റണോ, ഈ. സി. റ്റി.-ക്കുള്ള രോഗിയെ പിടിച്ചുവയ്ക്കണോ, കഞ്ഞിയും ചോറും മറ്റും തലയിലേന്തി വാർഡിലെത്തിക്കണമോ, എന്തിനു്, ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ ചെയ്യേണ്ട എന്തു ജോലി വേണമെങ്കിലും അസുഖം ഏറെക്കുറെ ഭേദമായ പാവം രോഗികൾ ചെയ്തോളും. ബീഡികൊടുത്താൽ മതി.

നിങ്ങളറിഞ്ഞോ? നാലുവർഷംമുമ്പു് ഒരുകൂട്ടർ രണ്ടായിരത്തോളം ഇഡ്ഡലി ഒരുനാൾ വിതരണംചെയ്തു. രോഗികൾ, വൃദ്ധരുൾപ്പെടെ, ഇഡ്ഡലികണ്ടു് സന്തോഷംകൊണ്ടു് നൃത്തംചെയ്തത്രെ. അന്നുവരെ ഇവർ ഗോതമ്പുകഞ്ഞിയും ചോറും മാത്രമെ കണ്ടിരുന്നുള്ളു. എന്റെയും നിങ്ങളുടെയും ഇടയ്ക്കുനിന്നു പുറത്താക്കപ്പെട്ടവർ—ഇഡ്ഡലികണ്ടു് നൃത്തം ചെയ്യുക.

*****

images/Irvington_statue_of_Rip_van_Winkle.jpg
വാഷിംഗ്ടൺ ഇർവിംഗിന്റെ സ്വദേശമായിരുന്ന “സണ്ണിസൈഡിൽ” നിന്നു് ഏറെ അകലെയല്ലാതെ ന്യൂയോർക്കിലെ ഇർവിംഗ്ടണിലുള്ള റിപ് വാൻ വിങ്കിൾ പ്രതിമ.

ഇവർ ഇതിനുള്ളിൽ കയറിയതിനുശേഷം ഓണാഘോഷത്തിനൊഴികെ സംഗീതം കേട്ടിട്ടില്ല. ഭൂരിപക്ഷം ഒരു പത്രമോ വാരികയോ വായിച്ചിട്ടില്ല. സിനിമ കണ്ടിട്ടില്ല. പുറംലോകം കണ്ടിട്ടില്ല. വർഷങ്ങൾക്കുശേഷം ആശുപത്രി വിടുന്നവർ പുറംലോകം കണ്ടു് മാറ്റങ്ങൾ കണ്ടു്, പകച്ചുനിൽക്കും. മനുഷ്യശരീരത്തിന്റെ ഘടനമാത്രമാവും മാറാതെ അവശേഷിക്കുക. നിരത്തിലെ വെളിച്ചം കണ്ടു്, കെട്ടിടങ്ങൾ കണ്ടു്, വാഹനങ്ങളുടെ വേഗത കണ്ടു് ഇവർ അന്തംവിടും. റിപ്വാൻവിങ്കിളി നെപ്പോലെതന്നെ ഇവർക്കും പൊരുത്തപ്പെടാനാവില്ല. പിന്നീടു് താളംതെറ്റാനും വീണ്ടും ആശുപത്രിയിൽ വന്നടിയാനും അധികംനേരം വേണ്ട.

*****

ഏഴെട്ടുവർഷംമുമ്പു് തിരുവനന്തപുരം ചിത്തരോഗാശുപത്രിയിലെ ചുമരുകൾ പെയിന്റുചെയ്യാൻപോയ ഒരു മനുഷ്യനെ കണ്ടു. ചെറുപ്പത്തിന്റെ ചൂരിൽ കുറെ സ്ത്രീകളുടെ നഗ്നതകാണാൻവേണ്ടിയാണു് അയാളും കൂട്ടുകാരും കൺട്രാക്ടറുടെ കൂടെക്കൂടി പെയിന്ററുടെ റോളെടുത്തതു്.

വസ്ത്രമില്ലാത്ത, അല്പവസ്ത്രം ധരിച്ച, മലമൂത്രവിസർജ്ജനങ്ങൾക്കിടയിൽ പുഴുക്കെളേപ്പാലെ കിടക്കുന്ന സ്ത്രീകെളയും പുരുഷന്മാരെയുംകണ്ടു് അയാളുടെ ഉറക്കം നഷ്ടപ്പെട്ടു.

വിറകുകൊള്ളികൊണ്ടു് രോഗിയെ തല്ലിയ വാർഡനോടയാൾ തട്ടിക്കയറി. സ്വന്തം കാശുകൊണ്ടു് രോഗികൾക്കു് ബീഡി വാങ്ങിക്കൊടുത്തു. എങ്ങനെയെങ്കിലും ഈ നരകത്തിൽനിന്നു രക്ഷപെടണമേ എന്നായി അയാളുടെ പ്രാർത്ഥന. അടുത്തവർഷംമുതൽ അയാളോ സുഹൃത്തുക്കളോ പെയിന്റ് ചെയ്യാൻ അവിടെ ചെന്നിട്ടില്ല. ഏഴുവർഷങ്ങൾക്കുശേഷവും ഇതിനെക്കുറിച്ചു് പറയവേ, അയാളുടെ സ്വരം പതറുന്നുണ്ടായിരുന്നു.

മദർ തെരീസാ ഒരിക്കൽ ഈ ആശുപത്രി സന്ദർശിച്ചു. അവർ നിസ്സഹായരായ രോഗികളുടെ ജീവിതംകണ്ടു് വിങ്ങിക്കരഞ്ഞു. പലരെയും ഉടുതുണിയുടുപ്പിച്ചു.

പതിനൊന്നു രോഗികൾ ചാടിപ്പോയതിന്റെ പേരിൽ ഒരിക്കൽ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു. ഹോസ്പിറ്റൽ മെയിന്റനൻസിന്റെപേരിൽ എത്ര കുറി സസ്പെന്റ് ചെയ്യേണ്ടതാണു് എത്ര സൂപ്രണ്ടുകളെ എത്രപ്രാവശ്യം ഡിസ്മിസ്സ് ചെയ്യേണ്ടതാണു്.

മൂന്നു വർഷം മുമ്പു് നഗരത്തിലെ സാമൂഹ്യസംഘടനകളിലൊന്നിൽ ഒരു സോഷ്യൽ സയൻസ് വിദ്യാർത്ഥി മാനസികരോഗാശുപ്രതിയുടെ അവസ്ഥയെക്കുറിച്ചു് സംസാരിച്ചു. രണ്ടുമൂന്നുനാൾക്കകം ആശുപത്രി സൂപ്രണ്ട് കോളേജ് അധികാരികളെ വിളിച്ചുപറഞ്ഞു ഇനി ഇങ്ങെനയാരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ആ കോളേജിൽനിന്നു് ആരും ആശുപത്രിയിലേക്കു് പഠിക്കാൻ വരണ്ട.

അതേ കോളേജിൽ മുമ്പു് പഠിച്ച ഒരു വിദ്യാർത്ഥി പറഞ്ഞതു് ആശുപത്രി കണ്ടതിനുശേഷം ഏറെനാളുകൾ ആഹാരംപോലും കഴിക്കാനൊത്തില്ല എന്നാണു്. ആശുപത്രിയുടെ ദുരന്തങ്ങൾ അയാളെ വല്ലാതെ അലട്ടി. മെഴ്സി കില്ലിങ് അല്ലേ ഇതിനേക്കാൾ ഭേദം, അയാൾ പറഞ്ഞുനിറുത്തി.

*****

കോളേജ് ഒഫ് ഫൈൻ ആർട്സിലെ ഒരു വിദ്യാർത്ഥിയും അയാളുടെ സുഹൃത്തു് ഡോക്ടറുംകൂടി ഒരിക്കൽ ഈ മാനസികാശുപത്രിയിലെത്തി. അവിടമൊന്നു കാണാൻ. അന്നത്തെ സൂപ്രണ്ട് കയറാൻ പറ്റില്ലെന്നു പറഞ്ഞു. നിങ്ങൾ കണ്ടു് എന്തെങ്കിലും പത്രത്തിലെഴുതിയാൽ എനിക്കു കുഴപ്പമാവും. ഡോക്ടർ വേണെമങ്കിൽ കയറിക്കണ്ടോളു. സൂപ്രണ്ട് പറഞ്ഞു.

ഏതു നിയമമനുസരിച്ചാണു് ഇവിടെ പൊതുജനങ്ങളെയും ബന്ധുക്കളെയും പത്രക്കാരെയും കടത്തിവിടാത്തതു? ഏതു് ആക്ടിലാണു് ഇവിടെ ഫോട്ടോയെടുക്കാൻ പാടില്ലായെന്നു് പറയുന്നതു? ഒന്നു് പറഞ്ഞുതരാമോ? ഒരിടത്തും ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു എന്ന ബോർഡ്പോലും കണ്ടില്ല. അഥവാ, അങ്ങനെ നിയമമുണ്ടെങ്കിൽ അതു് കാലഹരണപ്പെട്ടതും പ്രാചീനവുമല്ലേ? അതു മാറ്റാനുള്ള സമയം കഴിഞ്ഞില്ലേ? സത്യത്തിൽ ഈ കോമ്പൗണ്ടിലെ ഭീകരമായ യാഥാർത്ഥ്യങ്ങൾ പുറത്തറിയിക്കാതിരിക്കാൻ മാത്രമല്ലേ ആരെയും ഉള്ളിലേക്കു് കടത്തിവിടാത്തതു?

സാമൂഹ്യവിരുദ്ധർ കയറി പ്രശ്നങ്ങളുണ്ടാക്കുമെന്നതാണോ കാരണം? അതുണ്ടാവില്ല. സാമൂഹ്യവിരുദ്ധർപോലും ഭ്രാന്താശുപത്രിയിലെ അവസ്ഥകണ്ടാൽ തളരും. അവരുടെ കണ്ണുനിറയും.

ഫോട്ടോ പത്രത്തിലച്ചടിച്ചുവന്നാൽ രോഗിയുടെ ബന്ധുക്കൾ കേസുകൊടുക്കുമെന്ന പേടിയാണോ? പണ്ടാരോ നോട്ടീസയക്കുകയോ നോട്ടീസയയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയോ ചെയ്തതിന്റെ പേടിയാണോ?

*****

രാധാകൃഷ്ണൻ എട്ടാംക്ലാസ്സിൽ പഠിക്കുമ്പോഴാണു് ഊളമ്പാറയെക്കുറിച്ചാദ്യം കേൾക്കുന്നതു്. വീട്ടിനടുെത്താരു വൃദ്ധനെ അവിടെ അഡ്മിറ്റ് ചെയ്തിരുന്നു. അയാളുടെ മകൻ രോഗിയായ അച്ഛനെ കാണാൻചെന്നപ്പോൾ ഒരു പുതിയ മുണ്ടുവാങ്ങി വാർഡനെ ഏല്പിച്ചു. കോടിമുണ്ടുടുത്ത അച്ഛൻ മകനെ കാണാൻ സന്ദർശകർക്കുള്ള സ്ഥലത്തെത്തി. രാധാകൃഷ്ണൻ പറയുകയായിരുന്നു നാം എത്ര പെട്ടെന്നാണു് യാഥാർത്ഥ്യങ്ങൾ അംഗീകരിക്കുന്നതു്. അച്ഛൻ മുണ്ടുടുത്തിട്ടുണ്ടാവില്ലെന്നോ അഥവാ മുണ്ടുടുത്തിട്ടുണ്ടെങ്കിൽ അതു് ചെളിയും തീട്ടവും മൂത്രവും പുരണ്ടു് വൃത്തികെട്ടതായിരിക്കുമെന്നോ മകനു് അറിയാമായിരുന്നു. ഇത്രയും വർഷങ്ങളായി എത്ര ബന്ധുക്കൾ രോഗികൾ കിടക്കുന്ന ഇടം കാണണമെന്നു പറഞ്ഞിട്ടുണ്ടു്? എഴുതിയാവശ്യപ്പെട്ടിട്ടുണ്ടു്?

ഊളമ്പാറയുടെ ഇരുണ്ട വാർഡുകളിലേക്കു് രോഗികളെ തള്ളുന്ന ബന്ധുക്കൾക്കാവട്ടെ, സത്യത്തിൽ രോഗികളോടു് വെറുപ്പാണു്. എങ്ങനെയെങ്കിലും അവരെ ഒഴിവാക്കണമെന്നുണ്ടു്. അതിനൊരു കാരണം ഈ രോഗികൾ വീട്ടുകാർക്കു് അത്ര പ്രയാസമുണ്ടാക്കിക്കാണും. രക്തബന്ധത്തിന്റെ കനത്തചങ്ങലപോലും മുറിക്കാനവർ തയ്യാറാവുന്നു. അതുകൊണ്ടുതന്നെയാണു് രോഗികളെ നന്നായി നോക്കുന്നുണ്ടോ ഇല്ലയോ എന്നു് ബന്ധുക്കൾ അന്വേഷിക്കാത്തതു്. ദേ കാൺട് അഫോർഡ് ടു ഫേസ് ദ റിയാലിറ്റി.

പക്ഷേ, സമൂഹത്തിന്റെ ചവറ്റുകൊട്ടയൊന്നുമല്ല മാനസികരോഗാശുപത്രി. ചൊറിപിടിക്കുന്നതിനേക്കാൾ എളുപ്പം മനസ്സിനു് അസുഖം പിടിപെടാം. സാനിറ്റിക്കും ഇൻസാനിറ്റിക്കുമിടയിൽ ഒരു നൂലിഴപോലും ദൂരമില്ല. കരുണനിറഞ്ഞ പെരുമാറ്റം, സമനില തെറ്റാനുള്ള സാഹചര്യം മനസ്സിലാക്കാനുള്ള ശ്രമം ഇവയൊക്കെക്കൊണ്ടു് രോഗത്തിനു് ഏറെ ശാന്തിവരുത്താം. ഒരു പ്രശസ്ത സൈക്യാട്രിസ്റ്റ് പറഞ്ഞതുപോലെ സത്യത്തിൽ തൊണ്ണൂറു ശതമാനം മാനസികരോഗികളെയും ചികിത്സിച്ചു് ഭേദമാക്കാനാവും. പക്ഷേ, ഡയബറ്റീസ്, ക്യാൻസർ, ഹൈപ്പർടെൻഷൻ എന്നിവയ്ക്കോ? റോക്ക്ഫെല്ലർ ഫൗണ്ടേഷന്റെ ‘ഡൂയിങ് ബെറ്റർ ആൻഡ് ഫീലിങ് വേഴ്സ്’ എന്ന പുസ്തകത്തിൽ ഹാർട്ട് അറ്റാക്ക്, ഹൈപ്പർ ടെൻഷൻ, ഡയബറ്റീസ്, അർത്രൈറ്റീസ് എന്നിവയുടെ കാര്യത്തിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ അറിവു് വട്ടപ്പൂജ്യമാണെന്നു് തുറന്നു സമ്മതിച്ചിട്ടുണ്ടു്.

ഇതൊക്കെയറിഞ്ഞിട്ടും രോഗിയെ സമൂഹത്തിൽവെച്ചു് ചികിത്സിക്കാതെ നാമവരെ ഭ്രാന്താശുപത്രിയിലടയ്ക്കുന്നു. എവിടെയാണോ പ്രശ്നത്തിന്റെ ഉറവിടം അവിടം നാം അവഗണിക്കുന്നു. ആശുപത്രിയിലടച്ചവരുടെ ജീവിതം ദുസ്സഹമാക്കുന്നു. ആശുപത്രിയിൽനിന്നു് അസുഖം ഭേദമായി പുറത്തിറങ്ങുമ്പോഴും അസ്വാസ്ഥ്യങ്ങളിലേക്കു നയിച്ച സാഹചര്യങ്ങൾ അതേപടി നിലനിൽക്കുകയും അതേപ്രശ്നങ്ങൾ വീണ്ടും പൊന്തിവരികയും അവരുടെ മനസ്സിന്റെ ശ്രുതി തെറ്റുകയും ചെയ്യുന്നു. അസുഖം മാറാനുപകരിക്കാത്ത ചികിത്സ.

സാമൂഹ്യമായ അയിത്തം ഒരു പ്രധാന ഘടകമാണു്. ഒരിക്കൽ മനസ്സിന്റെ സമനില നഷ്ടപ്പെട്ടവർക്കു് പിന്നീടു് സമൂഹം സ്വൈരം കൊടുക്കില്ല. അവരെന്തുചെയ്താലും ഭ്രാന്തിന്റെ ലക്ഷണമായി കരുതും. ആ വീട്ടിലൊരു വിവാഹം പ്രയാസമാവും. ഇതിനിടയിൽ കനത്ത ബില്ലുചെയ്യുന്ന പ്രൈവറ്റ് നെഴ്സിങ് ഹോമുകൾ. മനഃശാസ്ത്രവിജ്ഞാനം പകരാൻ ചോദ്യോത്തരപംക്തിയെഴുതുന്ന സൈക്കോതെറപ്പിസ്റ്റുകൾ, അസുഖത്തിനു് ‘പ്രോൺ’ ആയവർക്കു് മനഃശാസ്ത്ര ജാർഗണുകൾ ഈഡിപ്പസ്, എലക്ട്രാ കോംപ്ലക്സുകൾ, മെലങ്ഗളി ഡിപ്രഷൻ, ഏനൽ, ഓറൽ… രോഗികളെ സൃഷ്ടിച്ചു് പ്രാക്ടീസ് വർദ്ധിപ്പിക്കുന്ന—ഒരു വിദഗ്ദ്ധനായ മനഃശാസ്ത്രജ്ഞനെ (അതായതു് മറുപടി എഴുതുന്നയാളെത്തന്നെ) കാണാൻ ഉപദേശം.

ഇതൊരു വല്ലാത്ത വിഷമവൃത്തം.

ഇതിനിടയിൽ ഗൾഫ് സിൻഡ്രം, മൊഴിചൊല്ലൽ, തൊഴിലില്ലായ്മ തുടങ്ങി അനവധി പ്രശ്നങ്ങളും.

*****

മാനസികരോഗാശുപത്രിയിലാവട്ടെ മൂന്നുതരം ഡോക്ടർമാരുണ്ടു്. പ്രാക്ടീസ് ഓറിയന്റഡ് ഡോക്ടർമാർ, അക്കദമിക് ഓറിയന്റഡ് ഡോക്ടർമാർ, പിന്നെ പോസ്റ്റ്ഗ്രാജ്വേറ്റ് വിദ്യാർത്ഥികൾ. ഈ മൂന്നുതരം ഡോക്ടർമാർക്കും അവരവരുടേതായ ലക്ഷ്യങ്ങളുണ്ടു്. ആദ്യത്തെ കൂട്ടർ ക്ലാസ്സിക് സ്റ്റീരിയോടൈപ്പാണു് സമൂഹത്തിൽ ഉന്നതന്മാരായ, വീട്ടിൽ കനത്ത പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാർ. അവർക്കു് ഈ ആശുപത്രിയുടെ ബാനർ പ്രൈവറ്റ് പ്രാക്ടീസിനുള്ള ഒരു കെയറോഫ് മാത്രമാണു്. എണ്ണത്തിൽ കുറഞ്ഞ രണ്ടാമത്തെ കൂട്ടർക്കാവട്ടെ രോഗികളെ പരിശോധിക്കാനും അതിന്റെ പേപ്പർ പ്രസന്റ് ചെയ്യാനും ദേശീയവും അന്തർദ്ദേശീയവുമായ കോൺഫറൻസുകൾ പങ്കെടുക്കാനും മാത്രമാണു് താല്പര്യം. വിദ്യാർത്ഥികൾക്കാവട്ടെ ഒരു ലക്ഷ്യമേയുള്ളു—പരീക്ഷ പാസ്സാവുക.

ആശുപ്രതിക്കുള്ളിലെ നാറ്റം ആരും അറിയുന്നില്ല. ഒരു ഡ്യൂയൽ റോളാണവരുടേതു്. കുറ്റബോധം തീരെ തോന്നാത്തതിനാൽ, മനസ്സാക്ഷിക്കുത്തില്ലാത്തതിനാൽ, അവസ്ഥയിലെന്തെങ്കിലും മാറ്റംവരുത്താൻ ശ്രമിക്കാറുമില്ല. ഡോക്ടർമാരുടെയും രോഗികളുടെയും അസ്തിത്വം രണ്ടുതലത്തിലാണു്. ഒരേ കോമ്പൗണ്ടിലാണെങ്കിലും അവർ തമ്മിൽ കാണാറുപോലുമില്ല.

images/Balachandran_chullikad.jpg
ബാലചന്ദ്രൻ ചുള്ളിക്കാട്

ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞതു നേരാണു്. മനഃശാസ്ത്രജ്ഞനോടടുക്കാൻ പലർക്കും പേടിയാണു്. അവരുടെ മുന്നിൽ ട്രാൻസ്പെരന്റായിപ്പോകും എന്ന പേടി. സത്യത്തിൽ അതിനുള്ള സിദ്ധിയൊന്നുമവർക്കില്ല.

മാത്രവുമല്ല, കനത്ത പ്രാക്ടീസും പേരിന്റെ വാലായിവരുന്ന അക്ഷരങ്ങളുടെ എണ്ണവും അവതരിപ്പിച്ച പേപ്പറുകളുടെ എണ്ണവും സമൂഹം മാന്യതയുടെ അളവുകോലായിട്ടെടുക്കുന്നിടത്തോളം കാലം, ഈ അവസ്ഥ എങ്ങനെ മാറാൻ?

ആയിരത്തിലേറെ രോഗികളുള്ള ഈ ആശുപത്രിയിൽ ഒരു ചികിത്സാസൗകര്യവുമില്ല. ഇതൊരു ആശുപത്രിയല്ലേ? ഊളമ്പാറ എന്ന ഫിൽറ്ററിലൂടെ നമുക്കു് കാര്യങ്ങൾ കാണാതിരിക്കാം. മാനസികരോഗികൾക്കു് ശാരീരികാസുഖങ്ങൾ ഉണ്ടാവില്ലെന്നോമറ്റോ ധാരണയാർക്കെങ്കിലുമുണ്ടോ? ഇതു് പരസ്പരപൂരകങ്ങളാണു്. ഇവിടത്തെ രോഗികളിൽ എത്രപേർക്കു് ടി. ബി.-യുണ്ടാവും? ഡെർമിറ്റോളജി, റെസ്പിറേറ്ററി, ഡെന്റൽ ട്രീറ്റ്മെന്റിനുള്ള ഒരു സൗകര്യവുമിവിടെയില്ല. എന്തിനു്, ഒരു ആംബുലൻസ്പോലുമില്ല. എക്സ്റേ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടോ? വേണ്ട സജ്ജീകരണങ്ങളുള്ള ഒരു ലബോറട്ടറിപോലുമില്ല. ന്യൂറോളജിയുമായി ബന്ധപ്പെട്ടൊന്നുമില്ല, ലംബാർ പംക്ചർ നടത്താനുള്ള സൗകര്യമില്ല. ഓക്കുപ്പേഷണൽ തെറപ്പിയില്ല. റിഹാബിലിറ്റേഷൻ ഇല്ല. റിക്രിയേഷനുള്ള സൗകര്യംപോലുമില്ല. ഇതൊരു ആശുപത്രിയല്ല, നരകമാണു്.

*****

സത്യത്തിൽ അനാസ്ഥയും കാരുണ്യത്തിന്റെ അഭാവവും വിവരക്കേടും മാത്രമല്ല ഈ അവസ്ഥയ്ക്കു കാരണം. കുറെയേറെ, അകത്തെയും പുറത്തെയും രാഷ്ട്രീയമാണു്. ഒരു വൻതുക നല്കിയാണത്രേ മുമ്പു് പലരും സൂപ്രണ്ടായതു്.

പതിനായിരക്കണക്കിനു് രൂപ ചെലവാക്കിയാണു് ഇവിടത്തെ സൂപ്രണ്ടാവുന്നതെങ്കിൽ തീർച്ചയായും കാശുണ്ടാക്കാനാവണം. അതിനു് ‘ഇല്ലാത്ത കിടക്ക’ വിൽക്കണം.

അസുഖം മാറിയ രോഗികളെ വിളിച്ചുകൊണ്ടുപോകാൻ കത്തു കിട്ടുമ്പോൾ അവരുടെ ബന്ധുക്കളുടെ സ്വാധീനത്തിൽ രാഷ്ട്രീയക്കാർ ഇടപെടുകയായി. രാഷ്ട്രീയക്കാരെ പിണക്കാൻ പറ്റാത്തതു കൊണ്ടു് അസുഖമില്ലാത്തവൻ ഭ്രാന്തനാവും. അസുഖം ഭേദപ്പെട്ടവൻ ‘ക്രോണിക്’ രോഗിയായി മാറും.

സാമാന്യബുദ്ധി ഉന്നയിക്കുന്ന ഒരു ചോദ്യം: ഇത്രയും വൃത്തികെട്ട ഒരാശുപത്രിയിലെ സൂപ്രണ്ടാവാൻ എന്തേ ഡോക്ടർമാർക്കിത്ര കൊതി? എന്തേ അതിന്റെ പേരിൽ കസേരകളികൾ? ഒരേസമയം പേരൂർക്കട മാനസികരോഗാശുപത്രിയിൽ രണ്ടു സൂപ്രണ്ടുമാർ ഉണ്ടായിരുന്നില്ലേ? ഈ താല്പര്യത്തിനു പിറകിൽ വ്യക്തിപരമായ നേട്ടത്തിൽക്കവിഞ്ഞു് അർപ്പണമനോഭാവമോ രോഗികളോടുള്ള കരുണയോ ആവില്ല.

വാ തുറന്നാൽ സത്യം പറയാനൊക്കാത്ത പലരും ഇവിടെ പരസ്പരം വേലവയ്ക്കുന്നു. ഇടയ്ക്കിടെ ഒരാൾ പത്രക്കാർക്കൊരു വാർത്ത വിളിച്ചുകൊടുക്കുന്നു. ഇതു് മനഃസാക്ഷിക്കുത്തുകൊണ്ടൊന്നുമല്ല. മറിച്ചു്, മറ്റൊരാളുടെ കസേര തെറിപ്പിക്കാനോ ബുദ്ധിമുട്ടുണ്ടാക്കാനോ മാത്രം.

ഇവിടത്തെ ഹെൽത്ത് സർവീസുകാരും മെഡിക്കൽകോളേജ് സ്റ്റാഫും തമ്മിൽ പോരു്. ഇതിനു് പലപ്പോഴും രോഗികളെയാണവർ ഉപയോഗിക്കുന്നതു്. ഇതിനിടയിൽ താളംതെറ്റിയവരുടെ പ്രശ്നങ്ങൾമാത്രം പരിഹാരമില്ലാതെ തുടരുന്നു.

ഇക്കുറി ഒരു പ്രത്യേകത കണ്ടു. സൂപ്രണ്ടിന്റെ മുറിയുടെ മുന്നിൽ രോഗികളുടെയും ബന്ധുക്കളുടെയും തിരക്കു് കണ്ടില്ല. അന്വേഷിച്ചപ്പോൾ രോഗികളെ അഡ്മിറ്റ് ചെയ്യണോ വേണ്ടയോ എന്നു് തീരുമാനിക്കുന്നതു് ഡ്യൂട്ടിഡോക്ടർമാർതന്നെയാണെന്നറിഞ്ഞു. ആഴ്ചകൾക്കുമുമ്പു് സൂപ്രണ്ടിനുമാത്രമായിരുന്നു രോഗികളെ അഡ്മിറ്റ് ചെയ്യാനധികാരം.

ഈ ആശുപത്രിയിൽ കയറുന്നതിനു് തലേദിവസം മാനസികരോഗാശുപ്രതിയിലെ രോഗികളുടെ കദനകഥകെളഴുതുന്ന ഒരു പത്രപ്രവർത്തകനെ കണ്ടു. മുമ്പൊരു സൂപ്രണ്ട് രോഗികളെ ഇന്റർവ്യൂ ചെയ്യാൻ അയാളെ അനുവദിച്ചിരുന്നത്രേ. ഏറെ ചെലവാകുന്ന ഒരു ‘മ’കാര പ്രസിദ്ധീകരണത്തിൽ അയാളിന്നും രോഗികളുടെ കദനകഥകളെഴുതുന്നു. ആശുപത്രിയുടെ ഭ്രാന്തമായ അവസ്ഥ അയാൾക്കൊരു പ്രശ്നമേയല്ല. അതിനു് വില്പനസാദ്ധ്യതയില്ലല്ലോ.

*****

മാനസികരോഗാശുപത്രികണ്ടു മടങ്ങവേ, മനോജ് എന്ന വിദ്യാർത്ഥി ചോദിച്ചു നിങ്ങൾക്കെങ്ങനെ ഈ ഡോക്ടേഴ്സിനെയും സ്റ്റാഫിനെയും കുറ്റപ്പെടുത്താനാവും? അവർ നിസ്സഹായരല്ലേ? സർക്കാരിന്റെയും സമൂഹത്തിന്റെയും അലംഭാവം അംഗീകരിച്ചുതന്നെ പറഞ്ഞു അവർക്കെന്തൊക്കെ ചെയ്യാമായിരുന്നു? അവിടത്തെ ഡോക്ടേഴ്സിനും ഉദ്യോഗസ്ഥന്മാർക്കും ഈ നാറിയ അവസ്ഥയ്ക്കെതിരെ ശബ്ദമുയർത്തിക്കൂടേ? സത്യാഗ്രഹം നടത്തിക്കൂടേ? ഒരു ധർണ്ണ? കുറഞ്ഞപക്ഷം കുറെ മുദ്രാവാക്യങ്ങൾ? പോസ്റ്ററുകൾ? പാംഫ്ലറ്റുകൾ? ജനങ്ങൾ പ്രതികരിക്കുമായിരുന്നല്ലോ. പകരം ആശുപത്രിയുടെ കനത്ത ഇരുമ്പുമറ കൂടുതൽ ദൃഢമാക്കാൻമാത്രമല്ലേ അവർ ശ്രമിച്ചിട്ടുള്ളു. എല്ലാവരെയും അടക്കി കുറ്റപ്പെടുത്തുകയല്ല. പക്ഷേ അവിടെനിന്നു സാധനങ്ങൾ പുറത്തേക്കു പോയിട്ടില്ലേ? പേരൂർക്കടയിലെ പൊതുജനം അതു കണ്ടുപിടിച്ചിട്ടില്ലേ? രോഗികളെ തല്ലാറില്ലേ?

ഇത്രയും ജീർണ്ണമായൊരാശുപത്രിയിലെ സൈക്യാട്രിസ്റ്റുകൾക്കു് എങ്ങനെയൊരു സൈക്യാട്രിക് കോൺഫറൻസ് നടത്താൻ ധൈര്യംവരുന്നു മനോജ്?

ഒന്നറിയുക. സ്വത്തിനുവേണ്ടി, ഒരു കുഴപ്പവുമില്ലാത്തവനെ ഭ്രാന്തനാക്കാം. ഭാര്യയെയോ ഭർത്താവിനെയോ അച്ഛനെയോ അമ്മയെയോ മകനെയോ മകളെയോ ആങ്ങളയെയോ പെങ്ങളെയോ ആരെ വേണമെങ്കിലും, എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കാൻ എളുപ്പമാണു്; ‘ഭ്രാന്താക്കിയാൽ’ മതി. ഈ നാട്ടിൽ മറ്റാർക്കും ഇല്ലാത്ത അധികാരം ഇവിടത്തെ ഡോക്ടർമാർക്കുണ്ടു്. ഇവർക്കു് ആരിൽ വേണമെങ്കിലും ഭ്രാന്തിന്റെ മുദ്രകുത്താനാവും. ഒരിക്കൽ ഈ അസ്തിത്വം കിട്ടിയാൽപ്പിന്നെ അതുംകൊണ്ടു് നടക്കുകയേ നിവൃത്തിയുള്ളു.

അറിഞ്ഞതും കണ്ടതും കേട്ടതും യാഥാർത്ഥ്യത്തിന്റെ ആയിരത്തിലൊന്നു് മാത്രമാവും. അതിൽ പകുതിയിലേറെ എന്റെ ക്ലാവു പിടിച്ച മനസ്സിലും ചിന്തയിലുമായി പതിരായിപ്പോയി. ക്ഷമിക്കുക.

ഒന്നുകിൽ നമുക്കു് നാണിച്ചു തലതാഴ്ത്തി നമ്മുടെ കൂരകൾക്കുള്ളിൽ ചുരുണ്ടുകൂടി കിടന്നുറങ്ങാം. അല്ലെങ്കിൽ, സമൂഹമനസ്സാക്ഷിയുടെ ഒരു കണികയെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ, ഭ്രാന്താശുപത്രിയിലെ അവസ്ഥയ്ക്കെതിരെ ശബ്ദമുയർത്താം. ആശുപത്രിയുടെ ഭ്രാന്തു് നമുക്കു് ചികിത്സിച്ചു മാറ്റാം.

അതുവരെ നല്ല നാലു് അയൽക്കാർക്കു് എന്നെയോ നിങ്ങളെയോ പിടിച്ചു് തൂക്കിയൊരു ടാക്സിയിലിട്ടു് എവിടേക്കു് എന്നുപോലും പറയാതെ, ചിത്തരോഗാശുപത്രിയിലെത്തിക്കാം. അവിടെ കാര്യമായ പരിശോധനയൊന്നുമില്ല. ഭ്രാന്തില്ലെന്നു പറഞ്ഞാലും ഭ്രാന്തുണ്ടെന്നു പറഞ്ഞാലും അയൽക്കാർ ദ്രോഹിക്കുകയാണെന്നു പറഞ്ഞാലും അതു ഭ്രാന്തിന്റെ ലക്ഷണമായേ കരുതൂ. അഡ്മിറ്റ് ചെയ്യാനുള്ള അപേക്ഷാഫോറത്തിൽ നിങ്ങളുടെ വിരലടയാളങ്ങൾ പതിച്ചെടുക്കാൻ അത്ര പ്രയാസമൊന്നുമില്ല. ‘വോളന്ററി’ ബോർഡറായി മലമൂത്രവിസർജ്ജനങ്ങൾക്കിടയിൽ കഴിയാം. ഭാഗ്യമുെണ്ടങ്കിൽ എന്നെങ്കിലും പുറത്തിറങ്ങാം. ബഹളം കൂട്ടാതിരിക്കുകയാണു് ബുദ്ധി. മർദ്ദനവും തുടർച്ചയായ ഈ. സി. റ്റി.(E. C. T.)യുമാവും കിട്ടുക.

സുന്ദര്‍
images/Sundar.jpg

ജനനം: ഏപ്രിൽ 23, 1953, തിരുവനന്തപുരം.

മരണം: നവംബർ 12, 2016 (വയസ്സ് 63), സിഡ്നി, ഓസ്ട്രേലിയ.

തൊഴിൽ: കഥാകൃത്തു്, നിരൂപകന്‍, കാർട്ടൂൺ ചരിത്രകാരൻ.

പൗരത്വം: ഓസ്ട്രേല്യന്‍.

വിദ്യാഭ്യാസം: എം.ഫില്‍., വിഷയം: സാമൂഹികവികസനം.

ജീവിതപങ്കാളി: ഗിരിജ

പ്രധാനകൃതികള്‍
  • Tragic Idiom
  • ഹൃദയത്തിനുള്ളിലെ ഇടം
  • ഈ ഭ്രാന്താലയത്തിനു് നാവുണ്ടായിരുന്നെങ്കില്‍

Colophon

Title: Ee Bhranthalayaththinu Navundayirunnenkil (ml: ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ).

Author(s): Sundar.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Sundar, Ee Bhranthalayaththinu Navundayirunnenkil, സുന്ദര്‍, ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 8, 2025.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Alone at Home, a painting by Maria Wiik (1853–1928). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.