images/Children_Feeding_Pigeons_in_the_Park.jpg
Children Feeding Pigeons in the Park, a painting by Eugène Joors (1850–1910).
മനുഷ്യന്റെ ഗുണങ്ങളിന്മേൽ ഒരു ഭ്രാന്താശുപത്രി
സുന്ദര്‍

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത്, മദ്രാസ്. നിംഹാൻസ് ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടല്ലേ, അവിടെ ഇതൊക്കെ സാദ്ധ്യമാകും എന്നാവും കേരളത്തിലെ മാനസികരോഗാശുപത്രിയധികൃതർ പറയുക. പക്ഷേ, മദ്രാസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്തോ? ഇതു് തമിഴ്‌നാടു് സംസ്ഥാന ഗവണ്മെന്റിന്റേതല്ലേ?

*****

ആശുപത്രിയുടെ ഗേറ്റ് മലർക്കെ തുറന്നുകിടക്കുന്നു. ആശുപത്രി പരിസരത്തെങ്ങും വെള്ള ട്രൗസറും ഷർട്ടുമിട്ട രോഗികൾ നടക്കുന്നതും പണിയെടുക്കുന്നതും കാണാം. ഒരുപക്ഷേ, വസ്ത്രത്തിനു് വെണ്മ കുറവാകാം. പക്ഷേ, ഇവർ വസ്ത്രം ധരിച്ചിരിക്കുന്നു. ഇവർക്കു് ഇവിടെ തൊഴിൽചെയ്യാം. സംഗീതം കേൾക്കാം. ക്യാമ്പസ്സിൽ സ്വതന്ത്രമായി നടക്കാം. ഇവർ ഡ്രില്ലിൽ പങ്കെടുക്കണം. ആയിരത്തിയഞ്ഞൂറോളം രോഗികളുണ്ടിവിടെ. ഇവിടെ ചികത്സിക്കാൻ ഇരുപത്തിയഞ്ചു് സൈക്യാട്രിസ്റ്റുകൾ, ഇരുപത്തിനാലു് സോഷ്യൽ വർക്കേഴ്സ്, മൂന്നു് റിക്രിയേഷണൽ തെറപ്പിസ്റ്റുകൾ, മൂന്നു് ഓണററി സർജന്മാർ, അഞ്ചു് പെയ്ഡ് സർജന്മാർ… നൂറ്റിയെഴുപതു് സ്റ്റാഫ് നേഴ്സുമാരുണ്ടത്രെ; അഞ്ഞൂറു് ലാസ്റ്റ്ഗ്രേഡ് ജീവനക്കാരും.

കുട്ടികളുടെ വാർഡ്, ടി. ബി. പേഷ്യന്റ്സ് വാർഡ് (പുരുഷന്മാർ), ലെപ്രസി വാർഡ്, യൂണിവേഴ്സിറ്റി ബ്ലോക്ക് ഫോർ മെൻ, അഡ്മിഷൻ വാർഡ്, ക്രിമിനൽ വാർഡ്, എപ്പിലെപ്റ്റിക് വാർഡ്, ഇ. എസ്. ഐ. കേസസ് ആൻഡ് ക്രോണിക് വാർഡ്, ഫീമെയ്ൽ ബ്ലോക്ക്, യൂണിവേഴ്സിറ്റി ബ്ലോക്ക്, ചിൽഡ്രൻസ് വാർഡ്, ക്രോണിക് ആൻഡ് ക്രിമിനൽ വാർഡ്, ക്രോണിക് ഫീമെയ്ൽ പേഷ്യന്റ്സ് വാർഡ്, എപ്പിലപ്റ്റിക് വാർഡ് എന്നിങ്ങനെ നിരവധി വാർഡുകളുണ്ടു് ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ.

ഇവിടെ രോഗികൾക്കു് വേണ്ട ചികിത്സ ലഭിക്കുന്നു.

ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റിനാലിൽ ആരംഭിച്ചു് ആയിരത്തി തൊള്ളായിരത്തി എഴുപതിൽ ഇൻസ്റ്റിറ്റ്യൂട്ടായിത്തീർന്ന ഈ ആശുപ്രതിയിൽ വർഷങ്ങൾക്കുമുമ്പേ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടായി.

ആയിരത്തി തൊള്ളായിരത്തി മുപ്പതിൽ ഓക്കുപ്പേഷണൽ തെറപ്പി യൂണിറ്റ് ആരംഭിച്ചു. അവിടെ ബുക്ക് ബയന്റിങ്, തുന്നൽ, കൊല്ലപ്പണി, മരപ്പണി, ചൂരൽപ്പണി, നെയ്ത്തു് എന്നിവയ്ക്കുള്ള സൗകര്യങ്ങൾ.

1956-ൽ ലബോറട്ടറി ആരംഭിച്ചു.

1962 മുതൽ രോഗികളെ പകൽസമയത്തേക്കു് കൊണ്ടുവിടാനായി ‘ഡേ ഹോസ്പിറ്റൽ’ സൗകര്യം.

1963-ൽ ചൈൽഡ് ഗൈഡൻസ് ക്ലിനിക്ക്.

1964-ൽ ഡിപ്പാർട്ടുമെന്റ് ഒഫ് റേഡിയോളജി.

1965-ൽ എലക്ട്രോ എൻകാഫലോഗ്രഫി ഡിപ്പാർട്ടുമെന്റ്.

1970-ൽ ന്യൂ സൈക്യാട്രിക് ഓ. പി. ഡിപ്പാർട്ടുമെന്റ്. അതേവർഷംതന്നെ ഇൻഡസ്ട്രിയൽ തെറപ്പി സെന്റർ.

1973-ൽ ഡെന്റൽ ഡിപ്പാർട്ടുമെന്റ്.

1985-ൽ ഒരു വിസിറ്റേഴ്സ് ഗാർഡൻ.

*****

ഈ ആശുപത്രിയിൽ റിക്രിയേഷൻ സൗകര്യങ്ങളുണ്ടു്. റേഡിയോയുണ്ടു്. ടി. വി.-യുണ്ടു്. ഒരു ലൈബ്രറി, ഒരു റീഡിങ് റൂം, രണ്ടു് റിക്രിയേഷൻ ഹാൾ, രോഗികൾക്കു് വായിക്കാൻ തമിഴു്, ഇംഗ്ലീഷ് പത്രങ്ങൾ. എല്ലാക്കൊല്ലവും വാർഷിക സ്പോർട്സ് മത്സരങ്ങൾ, രോഗികൾക്കു് കളിക്കാൻ സൗകര്യങ്ങൾ.

മാസത്തിലൊരിക്കൽ സാമൂഹ്യപ്രവർത്തകർ രോഗികളെ ‘ഔട്ടിങ്ങി’നു് കൊണ്ടുപോകുന്നു.

മനോരോഗികളുടെ പൂന്തോട്ടത്തിൽ രോഗിയുടെ ബന്ധുക്കൾ ആഹാരവുമായി വരുന്നു. രോഗികളുമായി സമയം ചെലവഴിക്കുന്നു.

ഈ ആശുപത്രിയിലെ ഡേ കെയർ സൗകര്യം ഉപയോഗിച്ചു് രാവിലെ എട്ടുമണിക്കു് രോഗിയെ കൊണ്ടുവിട്ടു് വൈകിട്ടു് മടക്കിക്കൊണ്ടുപോകുന്ന ബന്ധുക്കളുണ്ടു്. ഡേ ഹോസ്പിറ്റലിൽ ചികിത്സിച്ചിട്ടും അസുഖത്തിനു് കുറവില്ലെങ്കിൽ വാർഡുകളിൽ അഡ്മിറ്റ് ചെയ്യും.

ശാസ്ത്രീയ കാഴ്ചപ്പാടുള്ള ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടു് ഓ. പി. യൂണിറ്റ്. താഴത്തെ നിലയിലെ ഓ. പി. പുതിയ കേസുകളും മുകളിലത്തെ നിലയിലെ ഓ. പി. പഴയ കേസുകളും കൈകാര്യം ചെയ്യുന്നു. ഇവിടെ സ്പെഷ്യൽ ക്ലിനിക്കുകൾ: തിങ്കളാഴ്ച ന്യൂറോ സൈക്യാട്രി, ചൊവ്വാഴ്ച ചൈൽഡ് ഗൈഡൻസ് ബ്യൂറോ, ബുധനാഴ്ച ജിറിയാട്രിക് ക്ലിനിക്, വ്യാഴാഴ്ച എപ്പിലപ്റ്റിക് ക്ലിനിക്, വെള്ളിയാഴ്ച അഡോളസന്റ് ക്ലിനിക്, ശനിയാഴ്ച ന്യൂറോസിസ് ക്ലിനിക്; ഞായറാഴ്ചകളിൽ താഴെത്ത നിലയിലുള്ള ഓ. പി. മാത്രമേ പ്രവർത്തിക്കുന്നുള്ളു.

സോഷ്യൽ വർക്കേഴ്സ് സൈക്കോസോഷ്യൽ ഡേറ്റാ ശേഖരിക്കുന്നു. സൈക്കോളജിയിൽ പോസ്റ്റുഗ്രാജ്വേറ്റുകളായ സൈക്കോളജിസ്റ്റ്സ് സൈക്കോളജി ടെസ്റ്റ് നടത്തുന്നു. ഡോക്ടർമാർ രോഗം നിർണ്ണയിക്കുന്നു, ചികിത്സിക്കുന്നു.

നേഴ്സുമാർ രോഗിയുടെ വൈകാരികതലത്തെക്കുറിച്ചു് ബോധമുള്ളവരാണു്. പലപ്പോഴും അടുത്തിടപഴകുന്നതിനാൽ രോഗികളെക്കുറിച്ചു് ഡോക്ടർമാരെക്കാൾ ഇവർക്കറിയാം. ചികിത്സ രോഗിക്കു് ഗുണകരമല്ലെങ്കിൽ ഇവർക്കു് അതു പറയാൻ സ്വാതന്ത്ര്യമുണ്ടിവിടെ. പ്രൊഫഷണൽ ചൊരുക്കുകളില്ലാതെ, സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും സൈക്യാട്രിക് സോഷ്യൽ വർക്കേഴ്സും സൈക്യാട്രിക് നേഴ്സുമാരും ഇവിടെ രോഗിയെ ചികിത്സിക്കുന്നു. സഹായത്തിനായി മെയ്ൽ, ഫീമെയ്ൽ സാനിറ്ററി വർക്കേഴ്സും അറ്റൻഡർമാരും.

*****

ഇന്ത്യയിൽ ഈ ആശുപത്രിക്കുമാത്രം അഭിമാനിക്കാവുന്ന ഒരു ഇൻഡസ്ട്രിയൽ തെറപ്പി സെന്റർ. ഇവിടെ പണിയെടുക്കുന്ന രോഗികൾക്കു് വേതനം ലഭിക്കുന്നു.

ഇവിടെ രോഗികൾ ഒരാഴ്ചയിൽ അറുപതിനായിരം ബ്രൗൺ ക്രാഫ്റ്റ് പേപ്പർ കവറുകളുണ്ടാക്കുന്നു. ദേവി കരുമാരിയപ്പൻ കോവിലിലേക്കും ചിന്താമണി സൂപ്പർമാർക്കറ്റിലേക്കും കവറുകൾ ഉണ്ടാക്കിക്കൊടുക്കുന്നു.

ബേക്കറി സെക്ഷനിൽ ബ്രെഡ്, ബൺ, കേക്ക്, ബിസ്ക്കറ്റ് എന്നിവയുണ്ടാക്കുന്നു. ഒരാഴ്ചയിൽ പതിനായിരം ബ്രെഡ്ഡാണു് രോഗികളുണ്ടാക്കുന്നതു്.

ഇവർ ഇവിടെ ഐ. റ്റി. സി. ബ്രാൻഡ് സോപ്പുണ്ടാക്കി വില്ക്കുന്നു.

ഇവിടത്തെ നൈലോൺ സെന്ററിൽ ടൗലുകൾ, എംബ്രോയ്ഡറിചെയ്ത നാപ്കിനുകൾ, കുഷൻ കവറുകൾ, ഷോപ്പിങ് ബാഗുകൾ, തോൾസഞ്ചികൾ എന്നിവയുണ്ടാക്കുന്നു.

സോഫ്റ്റ് റെക്സിൻകൊണ്ടു് രോഗികൾ അതിമനോഹരമായ കളിപ്പാട്ടങ്ങളും കൗതുകവസ്തുക്കളുമുണ്ടാക്കുന്നു. മുയലുകൾ, പട്ടികൾ, ഒട്ടകങ്ങൾ, കുതിരകൾ…

ഇവ ആശുപ്രതിയിലെ ഐ. റ്റി. സി.-യിൽനിന്നും മൗണ്ട്റോഡിലെ വി. റ്റി. ഐ.-യിൽനിന്നും പൊതുജനങ്ങൾക്കു് വാങ്ങാവുന്നതാണു്.

ഇൻഡസ്ട്രിയൽ തെറപ്പി സെന്ററിൽ രോഗികൾ ബ്രിട്ടീഷ് പെയ്ന്റ്സിനുവേണ്ടി പെയ്ന്റ് പായ്ക്കു ചെയ്തു് ലേബൽ ചെയ്യുന്നു.

ഈ ആശുപ്രതിയിലെ കഫേറ്ററിയ നടത്തുന്നതു് രോഗികളാണു്.

നിങ്ങൾക്കു് വിശ്വാസമാവില്ല. പക്ഷേ, റെക്സിൻകൊണ്ടുണ്ടാക്കിയ കറുത്ത പട്ടിക്കുട്ടിയുടെ കഴുത്തിൽ നീണ്ട ചുവന്ന റിബ്ബൺകെട്ടി, കത്രികകൊണ്ടു് ആ റിബ്ബൺ മുറിച്ചുതന്നതു് ഒരു രോഗിണിയാണു്. ആ ആംഗ്ലോ ഇന്ത്യൻ സ്ത്രീയുടെ കണ്ണുകളിലെ തിളക്കവും സന്തോഷവും മറക്കാനാവില്ല.

ആ ഒരു നിമിഷത്തിനായി ഐ. റ്റി. സി. എന്ന ആശയത്തിന്റെ ഉടമയായ ഡോക്ടർ ശാരദാമേനോനു് നന്ദി. ഐ. റ്റി. സി.-യുടെ ഡയറക്റ്ററായ ഡോക്ടർ പീറ്റർ ഫെർണാണ്ടസിനും നന്ദി.

*****

മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്തിനെക്കുറിച്ചു പറയവേ, സ്കാർഫിനെക്കുറിച്ചു പറയാതെ വയ്യ. ഇന്ത്യൻ മാനസികരോഗികളുടെ ദുരന്തത്തെക്കുറിച്ചുള്ള ബോധവും അവരോടുള്ള കാരുണ്യവുമാണു് സ്കാർഫ് എന്ന സംഘടനയ്ക്കു രൂപംനൽകിയതു്.

മാനസികരോഗങ്ങളിൽ ഏറ്റവും തളർത്തുന്ന സ്കിസോഫ്രേനിയ എന്ന രോഗത്തെക്കുറിച്ചു് പഠിക്കാനും സ്കിസോഫ്രേനിയ രോഗികളെ ചികിത്സിക്കാനും പുനരധിവസിപ്പിക്കാനുമായി ഒരു സംഘടന: സ്കാർഫ് സ്കിസോഫ്രേനിയ റിസർച്ച് ഫൗണ്ടേഷൻ (ഇന്ത്യ).

പതിേനഴുവർഷം മദ്രാസ് മാനസികേരാഗാശുപ്രതിയിലെ സൂപ്രണ്ടായിരുന്നു ഡോ. ശാരദാമേനോൻ. അവർക്കാവുന്നതെല്ലാം അവരവിടെ ചെയ്തു. അതൊരു നല്ല ആശുപത്രിയാക്കി. മരുന്നു് ലഭ്യമാക്കി; രോഗികളുടെ അഡ്മിഷനും ഡിസ്ചാർജും ശാസ്ത്രീയമാക്കി. ചികിത്സ ഉറപ്പുവരുത്തി. ഓക്കുപ്പേഷണൽ തെറപ്പി യൂണിറ്റ് ആരംഭിച്ചു. ഇന്ത്യയിലാദ്യമായി മനോരോഗികൾക്കായി ഒരു ഇൻഡസ്ട്രിയൽ തെറപ്പി സെന്റർ ആശുപത്രിയിൽ തുടങ്ങി.

മനസ്സിൽ മുമ്പേ കൊണ്ടുനടന്ന സ്കാർഫ് എന്ന ആശയത്തിനു് അവർ ആയിരത്തി തൊള്ളായിരത്തി എൺപത്തിനാലിൽ സംഘടനയുടെ രൂപംനൽകി. ഡോക്ടറുടെ മദ്രാസിലുള്ള വീട്ടിൽ ഏറെ നേരം മനോരോഗികളെക്കുറിച്ചും സ്കാർഫിനെക്കുറിച്ചും അവർ സംസാരിച്ചു.

തുടക്കത്തിലേ കണ്ടുപിടിച്ചു് ചികിത്സിക്കാമെങ്കിൽ സ്കിസോഫ്രേനിയ ഭേദമാക്കാനാവും. പക്ഷേ, നമ്മുടെ സമൂഹത്തിലാർക്കും ഉറ്റവർക്കു് രോഗമുണ്ടെന്നു് അംഗീകരിക്കാൻ വയ്യ. വീട്ടുകാരറിയുന്നില്ല, സ്കൂളിലെ അദ്ധ്യാപകരറിയുന്നില്ല. അവർ ഒരു ജനറൽ ഫിസിഷ്യനെ കാണിക്കുന്നു; എഴുതുന്ന ടോണിക് വാങ്ങിക്കൊടുക്കുന്നു.

ചികിത്സ ലഭിക്കുന്നില്ലെങ്കിൽ ഈ രോഗം ബാധിച്ചയാൾക്കു് എന്തെങ്കിലും ചെയ്യാനുള്ള ഇച്ഛയും കരുത്തും നഷ്ടെപ്പടുന്നു. കുടുംബവുമായി അയാൾക്കു് പൊരുത്തപ്പെടാനാവില്ല. ആരുമായും അയാൾക്കു് പൊരുത്തപ്പെടാനാവില്ല. വീട്ടുകാർക്കു് അയാളെ ഇഷ്ടമാവില്ല; അയാൾക്കു് സമൂഹെത്തയും വീട്ടുകാെരയും. സ്വന്തമാെയാരു ലോകത്തിൽ, ശബ്ദങ്ങൾ കേട്ടു് അയാൾ കഴിയുന്നു. തിരിച്ചുവരാനാവാത്ത ഒരു യാത്ര. പലപ്പോഴും ഒരു വെജിറ്റബിൾ അസ്തിത്വം. ഒരു ആത്മഹത്യയോ, ആത്മഹത്യാശ്രമമോ. ഇവർക്കു വേണ്ടതു് മരുന്നുകളും കൗൺസലിങ്ങും ഫാമിലി തെറപ്പിയും റീഹാബിലിറ്റേഷനുമാണു്. ഇവർക്കു വേണ്ടതു് ഇവർ മനുഷ്യരാണെന്ന അംഗീകാരമാണു്; മനസ്സിലാക്കാനുള്ള ശ്രമമാണു്. ചെയ്യാനൊരു ജോലിയും അതിൽനിന്നുള്ള വേതനവും അംഗീകാരവുമാണു്.

സമൂഹത്തിനു് ഇന്നാവശ്യം ഈ രോഗത്തെക്കുറിച്ചുള്ള പഠനങ്ങളാണു്. നമുക്കിന്നാവശ്യം ഇവരെ ചികിത്സിക്കാനുതകുന്ന സെന്ററുകളാണു്.

സാമ്പത്തികമായി കഴിവുള്ള, സോഷ്യൽ സപ്പോർട്ടില്ലാത്ത രോഗികളുണ്ടു്. സോഷ്യൽ സപ്പോർട്ടുള്ള, സാമ്പത്തികമായി കഴിവില്ലാത്ത രോഗികളുണ്ടു്. ഇതു് രണ്ടുമില്ലാത്ത രോഗികളും.

ആശുപത്രിയിൽനിന്നു് ചികിത്സലഭിച്ചു് പുറത്തിറങ്ങുന്ന സ്കിസോഫ്രേനിയാ രോഗി എന്തുചെയ്യും? എവിടെപ്പോകും? ഈ രോഗം ബാധിച്ചു് പരീക്ഷയെഴുതാൻ പറ്റാത്ത വിദ്യാർത്ഥി അടുത്ത പരീക്ഷവരെയുള്ള കാലയളവു് എങ്ങനെ ചെലവാക്കും?

ഇവേരാടു് കരുണകാട്ടാൻ, ഇവർക്കുവേണ്ട സൈക്യാ്രടിക് ടെസ്റ്റ് നടത്താൻ, ചികിത്സ ലഭ്യമാക്കാൻ, ഇവരെ തൊഴിലുകൾ പരിശീലിപ്പിക്കാൻ, തൊഴിലുകളിലേർപ്പെടുത്താൻ, ജനങ്ങളെ ഈ അസുഖത്തെക്കുറിച്ചു് ബോധവന്മാരാക്കാൻ, ഇവരോടു് സംസാരിക്കാൻ, പ്രശ്നങ്ങൾ മനസ്സിലാക്കാൻ, ഇവരുടെ കുടുംബങ്ങൾക്കു വേണ്ട അറിവു നല്കാൻ ഒരു സംഘടന അതാണു് സ്കാർഫ്. ഇതിൽ നമ്മളറിയുന്ന ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. എം. എസ്. വല്യത്താനുണ്ടു്. സംഗീത സംവിധായകനായ എം. ബി. ശ്രീനിവാസനുണ്ടു്. മാലാഖയെപ്പോലൊരു സ്ത്രീ എന്നു് ഒരു സുഹൃത്തു് വിശേഷിപ്പിച്ച ഡോ. ശാരദാമേനോനുണ്ടു്.

മദ്രാസ് മെന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഐ. റ്റി. സി. അടുത്തിടെ സ്കാർഫ് ഏറ്റെടുത്തു.

നിങ്ങൾക്കു് സ്കാർഫിനെ സാമ്പത്തികമായി സഹായിക്കാം. സ്കിസോഫ്രേനിയ രോഗികളുടെ കുട്ടികളുടെ വിദ്യാഭ്യാസം സ്പോൺസർ ചെയ്യാം. റിസർച്ച് പ്രൊജക്ടുകളോ വർക്ക്ഷോപ്പുകളോ സ്പോൺസർ ചെയ്യാം. ഒരു മെമ്പറോ വോളന്ററിയായോ ആകാം.

സ്കാർഫിന്റെ വിലാസം: സ്കാർഫ് (ഇന്ത്യ), R 7A നോർത്ത് മെയ്ൻ റോഡ്, അണ്ണാനഗർ വെസ്റ്റ് (എക്സ്റ്റെൻഷൻ), ചെന്നൈ 600 101, തമിഴ്‌നാടു്.

നമുക്കു് സ്കാർഫുമായി സഹകരിക്കാം. ഇവിടെ സ്കാർഫ് പോലെയുള്ള സംഘടനകൾക്കു് രൂപം നല്കാം. സ്കാർഫിന്റെ യൂണിറ്റുകൾ തുടങ്ങാൻ ഡോ. ശാരദാമേനോനെ നിർബ്ബന്ധിക്കാം. അതിനുവേണ്ട ഒത്താശ ചെയ്യാം. മാനസികരോഗികളോടുള്ള സാമൂഹ്യ അയിത്തം മാറ്റാം. അവരോടു് കരുണകാട്ടാം. അവരുടെ കുടുംബങ്ങളോടും. നിസ്സഹായരായ രോഗികളും അവരുടെ കുടുംബങ്ങളും ഇത്രയും പരിഗണനയെങ്കിലും അർഹിക്കുന്നില്ലേ?

സുന്ദര്‍
images/Sundar.jpg

ജനനം: ഏപ്രിൽ 23, 1953, തിരുവനന്തപുരം.

മരണം: നവംബർ 12, 2016 (വയസ്സ് 63), സിഡ്നി, ഓസ്ട്രേലിയ.

തൊഴിൽ: കഥാകൃത്തു്, നിരൂപകന്‍, കാർട്ടൂൺ ചരിത്രകാരൻ.

പൗരത്വം: ഓസ്ട്രേല്യന്‍.

വിദ്യാഭ്യാസം: എം.ഫില്‍., വിഷയം: സാമൂഹികവികസനം.

ജീവിതപങ്കാളി: ഗിരിജ

പ്രധാനകൃതികള്‍
  • Tragic Idiom
  • ഹൃദയത്തിനുള്ളിലെ ഇടം
  • ഈ ഭ്രാന്താലയത്തിനു് നാവുണ്ടായിരുന്നെങ്കില്‍

Colophon

Title: Manushyante Gunaganangalinmel Oru Bhranthasupathri (ml: മനുഷ്യന്റെ ഗുണങ്ങളിന്മേൽ ഒരു ഭ്രാന്താശുപത്രി).

Author(s): Sundar.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Sundar, Manushyante Gunaganangalinmel Oru Bhranthasupathri, സുന്ദര്‍, മനുഷ്യന്റെ ഗുണങ്ങളിന്മേൽ ഒരു ഭ്രാന്താശുപത്രി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 10, 2025.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Children Feeding Pigeons in the Park, a painting by Eugène Joors (1850–1910). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.