images/Dhuah_Koonde.jpg
Dhuah Koonde, a painting by Thomas Daniell (1749–1840).
കുമ്പസാരം അറിയാത്തവർക്കായി ഒരു പാതിരാകുർബാന
സുന്ദര്‍

കേരളത്തിലെ മാനസികരോഗാശുപത്രികളെക്കുറിച്ചുള്ള അസുഖകരമായ വാർത്തകൾ ഉളവാക്കിയ പ്രതികൂലാന്തരീക്ഷത്തിൽ സെപ്തംബർ ഏഴു്, എട്ടു് തീയതികളിൽ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ ദക്ഷിണമേഖലാ വാർഷികസമ്മേളനം തൃശൂരിൽ നടന്നു.

ഏഴാം തീയതി രാവിലെ തൃശൂരിലെ പ്രതികരണസംഘം, യുവ മോർച്ച, സിമി, എസ്. ഐ. ഒ. തുടങ്ങിയ സംഘടനകളിലെ അറുപതോളം യുവാക്കൾ “രോഗിക്കു് അരപ്പിരി, ഡോക്ടർക്കു് മുക്കാപ്പിരി, ആശുപത്രിക്കു് മുഴുപ്പിരി” എന്ന മുദ്രാവാക്യംമുഴക്കി സമ്മേളനം നടക്കുന്ന ടൗൺഹാളിലെത്തി. പൊലീസ് അവരെ തടഞ്ഞു. നമ്മുടെ മനഃശാസ്ത്രജ്ഞന്മാർക്കറിയാത്ത യുവാക്കൾ, ശ്രീധരൻ തേറമ്പിൽ എന്ന മെല്ലിച്ച മനുഷ്യന്റെ നേതൃത്വത്തിൽ ടൗൺഹാളിനു മുന്നിൽ ഉച്ചവരെ കുത്തിയിരുന്നു. ഇതിനിടയിൽ “ഭൂമിയിൽ നരകമെന്നൊന്നുണ്ടെങ്കിൽ അതിവിടെയാണു്. മനോരോഗാശുപത്രികളിലാണതു്. ആ നരകത്തിന്റെ കാവൽക്കാരായ വൈദ്യശാസ്ത്രവിശാരദന്മാരോടു്, സ്നേഹപൂർവം” അവർ തൃശൂരിലെ യുവാക്കൾ വെളുത്ത കടലാസ്സിൽ, കറുത്ത ലിപികളിൽ, മനംനൊന്തു് ചോദിച്ചു:

“നിങ്ങൾ കാവൽക്കാരായ ഈ നരകങ്ങളിൽ ഒരു കുഞ്ഞു മാലാഖ ചിറകുവീശുന്നതു് സ്വപ്നം കാണാനെങ്കിലും നിങ്ങൾക്കാവില്ലേ? പ്രിയ ഡോക്ടർ, അത്രയെങ്കിലും പ്ലീസ്…” മനഃശാസ്ത്രജ്ഞന്മാർ അന്നു രാവിലെമുതൽ ഉച്ചവരെ ആൽക്കഹോളിസത്തെക്കുറിച്ചും മറ്റു മാനസികപ്രശ്നങ്ങളെക്കുറിച്ചും ചർച്ചനടത്തി. ‘പേപ്പറുകൾ പ്രസന്റുചെയ്തു് ’, പരസ്പരം കൈകുലുക്കിക്കാണണം; അന്യോന്യം അഭിനന്ദിച്ചുകാണണം.

ടൗൺഹാളിൽ നാലുമണിക്കു് പൊതുസമ്മേളനം. പുറത്തു് ഒരു പോസ്റ്റർപോലുമില്ല. ഒരു നോട്ടീസുപോലും പതിച്ചിട്ടില്ല. വോളന്റിയർ ബാഡ്ജ് ധരിച്ചവർക്കുപോലും എപ്പോൾ, എവിടെ എന്താണെന്നറിയില്ല. അഞ്ചുമണിക്കു് യോഗം തുടങ്ങുന്നു. തൃശൂരിൽ നാലാളെക്കൂട്ടുന്ന, നമ്മളറിയുന്ന സി. അച്യുതമേനോനുണ്ടു്, ജി. കുമാരപിള്ളയുമുണ്ടു്. എന്നിട്ടും കുറെ മലയാളി ഡോക്ടർമാരും വിരലിലെണ്ണാവുന്ന പൊതുജനങ്ങളും മാത്രം. അന്വേഷിച്ചപ്പോൾ ആരും ഈ പൊതുസമ്മേളനത്തെക്കുറിച്ചു് അറിഞ്ഞിട്ടില്ല. ഒരുപക്ഷേ, പ്രകടനം നടത്തിയ യുവാക്കൾപോലും അറിയാതിരിക്കാൻ സംഘാടകർ ശ്രമിച്ചുകാണും.

ആധുനികസമൂഹത്തിൽ മാനസികരോഗാശുപത്രികളുടെ പ്രസക്തിയായിരുന്നു വിഷയം. സ്റ്റേജിൽ രണ്ടു ബൾബുകൾ ഒന്നു് പച്ച, ഒന്നു് ചുവപ്പു്. സ്വാഗതപ്രസംഗം നടത്തിയ തൃശൂർ മെന്റൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഫ്രാൻസിസ് പറഞ്ഞു: വീട്ടുകാർക്കു് വേണ്ടാത്ത രോഗികളാണു് അധികംപേരും. രോഗികളെ പ്രവേശിപ്പിക്കുന്നതു് സൂപ്രണ്ടല്ല, ഔദ്യോഗിക, അനൗദ്യോഗിക അംഗങ്ങളടങ്ങിയ ഒരു സംഘമാണെന്നും ആയിരത്തി തൊള്ളായിരത്തി പന്ത്രണ്ടിൽ ബ്രിട്ടീഷുകാർ എഴുതിയ ‘ലൂനസി അക്ടാ’ണു് നമ്മൾ ഇപ്പോഴും തുടരുന്നതെന്നും സൂപ്രണ്ട് പറഞ്ഞു. മനുഷ്യത്വം നഷ്ടപ്പെടാത്തവരും സഹൃദയരും മറ്റും മനോരോഗാശുപത്രിയിൽ ജോലി ചെയ്യുന്നവരിലുമുണ്ടു്. (ഒരു മൂലയ്ക്കു് ആരാലും ശ്രദ്ധിക്കപ്പെടാതിരിക്കുന്ന, സംഗീതവും സാഹിത്യവുമറിയുന്ന ഒരു സൈക്യാട്രിസ്റ്റിനെ ഞങ്ങളും കണ്ടു.) അപവാദങ്ങൾ ചൂണ്ടിക്കാട്ടുക, കുസൃതിയുടെ തലത്തിലേക്കു് താഴുന്നു, ഡോക്ടർ പറഞ്ഞു. (അനീതിയും അതിക്രമങ്ങളുമല്ലാതെ എന്താണു് ഡോക്ടർ ഞങ്ങൾക്കീ ആശുപത്രികളിൽ ചൂണ്ടിക്കാണിക്കാനുള്ളതു?)

images/C_achuthamenon.jpg
അച്യുതേമേനാൻ

അളന്നുമുറിച്ച വാക്കുകളിൽ അച്യുതമേനോൻ ഉദ്ഘാടനപ്രസംഗം നടത്തി. മാനസികരോഗാശുപത്രികളുടെ പ്രസക്തിയെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ ആവശ്യമില്ലെന്നും പക്ഷേ, ചികിത്സാരീതി ശരിയല്ലെന്നും അച്യുതമേനോൻ പറഞ്ഞു. ചിരികൾക്കിടയിൽ, നൂറുരൂപവച്ചു് ഡോക്ടർക്കു് കൊടുക്കുന്നതുെകാണ്ടാണു് ആശുപത്രികൾ തിങ്ങിനിറഞ്ഞു നില്ക്കുന്നതെന്നു് മാതൃഭൂമി പത്രത്തിൽ വായിച്ചുവെന്നും തനിക്കതറിയില്ലെന്നും ഇത്തരം കാര്യങ്ങൾ ‘ഇൻവെസ്റ്റിേഗറ്റ്’ ചെയ്യണെമന്നും അച്യുതേമേനാൻ ആവശ്യപ്പെട്ടു. ഡോക്ടർമാരിൽ ഏറിയപങ്കും അഴിമതിക്കാരാണു്. പക്ഷേ, എല്ലാവരും അങ്ങനെയല്ല. ബന്ധുക്കൾ കരുണകാട്ടണം. വീട്ടിൽവെച്ചുള്ള ചികിത്സയ്ക്കുവേണ്ട കാര്യങ്ങൾ ചെയ്യണം, അച്യുതമേനോൻ തുടർന്നു.

വളരെയധികംപേരെ വിട്ടയയ്ക്കുകയെന്നല്ല, ആശുപത്രികൾ നന്നാക്കുകയാണു് വേണ്ടതെന്നും, പ്രാഥമികകാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യംമുതൽ ഭക്ഷണം, വസ്ത്രം തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ടാവണമെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. തന്റെ ജ്യേഷ്ഠനെ മാനസികരോഗാശുപത്രിയിൽ കിടത്തേണ്ടിവന്ന സംഭവം അച്യുതമേനോൻ ഓർത്തു: രണ്ടുദിവസംകഴിഞ്ഞു് ഡിസ്ചാർജ് ചെയ്തു. അല്ലെങ്കിൽ എന്താകുമായിരുന്നു?

ഗവണ്മെന്റാണു് ചിത്തരോഗാശുപത്രികളുടെ ശോചനീയാവസ്ഥയ്ക്കു പ്രധാന കാരണമെന്നു് അദ്ധ്യക്ഷപ്രസംഗത്തിൽ ബിഷപ്പ് ഡോക്ടർ ജോസഫ് കുണ്ടുകുളം പ്രസ്താവിച്ചു.

images/G_Kumarapilla.jpg
ജി. കുമാരപിള്ള

തുടക്കത്തിൽ ശാന്തനായിരുന്നു ജി. കുമാരപിള്ള. പിന്നീടു് ധാർമികരോഷംകൊണ്ടു് സ്വരം ഉച്ചത്തിലായി. ആയിരത്തി തൊള്ളായിരത്തി പന്ത്രണ്ടിലെ ബ്രീട്ടീഷുകാരുടെ ‘ലൂനസി ആക്ട്’ പരാമർശിച്ചു് ജി. കുമാരപിള്ള പറഞ്ഞു: “ഇന്ത്യയിൽത്തന്നെ ചില സ്ഥലങ്ങളിൽ മാനസികരോഗാശുപത്രികൾ നന്നായി നടക്കുന്നുണ്ടു്. മദ്രാസിലെയും ബാംഗ്ലൂരിലെയും ആശുപത്രികൾതന്നെ ഉദാഹരണം. പൊതുജനങ്ങളുമായി ഒരു ഭ്രാന്താശുപത്രിക്കു് സമ്പർക്കമുണ്ടാവേണ്ടതു് ആവശ്യമാണു്.”

സ്വരം പിന്നെ ഉച്ചത്തിലായി. മൂല്യബോധം നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തിലെ ഏറ്റവും ഭാഗ്യഹീനരാണു് മനോരോഗികൾ.

സാമൂഹ്യമായ മാറ്റത്തിനുവേണ്ടി പ്രവർത്തിക്കുന്നവരോടു് ഇതു് സമൂഹത്തിന്റെ സമഗ്രവീക്ഷണം ഉൾക്കൊള്ളുന്ന ഒരു പ്രവണതയല്ലെന്നു പറഞ്ഞു് അടിസ്ഥാനപരമായ മാറ്റത്തിനും വിപ്ലവത്തിനും വേണ്ടി കൈകെട്ടിയിരിക്കുന്ന ബുദ്ധിജീവികളോടു് ആ മനോഭാവം കളഞ്ഞു് പ്രവർത്തിക്കാൻ ജി. കുമാരപിള്ള ആവശ്യപ്പെട്ടു.

അടിയന്തര ചികിത്സ വേണ്ട മാരകരോഗം പിടിപെട്ടിരിക്കുകയാണു് നമ്മുടെ ഭ്രാന്താശുപത്രികൾക്കു് എന്ന സുധീരൻ കമ്മിറ്റി റിപ്പോർട്ടിലെ വാചകം രണ്ടുകുറി ആവർത്തിച്ചു പറഞ്ഞു്, സമഗ്രമായ മാറ്റത്തിനായി കാത്തുനിൽക്കാതെ മുന്നോട്ടുവരാൻ കുമാരപിള്ള ഡോക്ടർമാരെ ക്ഷണിച്ചു.

ഡോക്ടർമാർക്കെതിരെയല്ല, ഭരണവർഗ്ഗത്തിനെതിരെ തിരിയാനും വ്യവസ്ഥിതി മാറ്റാനും അഡ്വക്കേറ്റ് പുഴങ്കര ബാലനാരായണൻ ആഹ്വാനം ചെയ്തു.

“ഞാനൊരു സത്യം പറയാം, ഞങ്ങൾക്കു വലിയ വിവരമൊന്നുമില്ല. ഈ കാര്യത്തിൽ നിങ്ങളെക്കാൾ വലിയ വിവരമൊന്നുമില്ല.” പിന്നീടു് പ്രസംഗിച്ച ഡോക്ടർ കുരുവിള വിനയത്തോടെ പറഞ്ഞു.

സത്യസന്ധനായ ഒരു ധിക്കാരിയുടെ സ്വരത്തിൽ ഡോ. പി. എൻ. ഗോപാലകൃഷ്ണന്റെ ശബ്ദമായിരുന്നു ഈ സമ്മേളനത്തിൽ മുഴങ്ങിക്കേട്ടതു്. സമയം തീരാറായി എന്നു കാണിക്കുന്ന പച്ചവിളക്കിന്റെ വെളിച്ചം ഡോക്ടറെ ക്ഷുഭിതനാക്കി. അദ്ധ്യക്ഷനായ ബിഷപ്പിനോടദ്ദേഹം പറഞ്ഞു: “ഞാൻ നിങ്ങളുടെ വിളക്കുകളെ ബഹുമാനിക്കുന്നില്ല.”

തിരുവനന്തപുരം മാനസികരോഗാശുപത്രിയുടെ ഇപ്പോഴത്തെ ഈ സൂപ്രണ്ട് മാനസികരോഗാശുപത്രികളെക്കുറിച്ചും ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും ഏറെനേരം സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങൾ അതുപോലെ കൊടുക്കുന്നു:

“1912-ലെ നാലാം ആക്ടായ ലൂനസി ആക്ടനുസരിച്ചാണു് ഞങ്ങളുടെ കൈയ്ക്കു് വിലങ്ങിട്ടിരിക്കുന്നതെന്നു് പറയുന്നു. ഞങ്ങളുടെ കൈയ്ക്കു് ഒരു വിലങ്ങുമില്ല.”

“മെന്റൽ ഹോസ്പിറ്റലിലെ അഡ്മിഷൻ നടത്തുന്നതു് ലൂനസി ആക്ടനുസരിച്ചാണത്രെ. ഒരു രോഗി ആശുപത്രിയിൽ വരുന്നു. എനിക്കു് ഭ്രാന്താണു്, എന്നെ ഈ ആശുപത്രിയിൽ കിടത്തി ചികിത്സിക്കണമെന്നു് ഒരു അപേക്ഷ വിസിറ്റേഴ്സ് ബോർഡിനു് സമർപ്പിക്കുന്നു. അയാൾ ഒപ്പിട്ടുതരുന്നു. മാനസികമായി സമനില തെറ്റിയ ഒരു മനുഷ്യൻ എങ്ങനെ ഇതെഴുതിത്തരും? അയാൾ ഒപ്പിടില്ല. ബലം പ്രയോഗിച്ചു് വിരലടയാളം പതിപ്പിക്കുന്നു. ഇതു് ഇന്ത്യൻ ലൂനസി ആക്ടനുസരിച്ചുള്ള നിയമമാണോ?”

“പൊതുജനങ്ങൾ ആശുപത്രിയിൽ കയറാൻ പാടില്ല എന്നു് ലൂനസി ആക്ടിലൊരിടത്തും പറഞ്ഞിട്ടില്ല. പക്ഷേ, നിങ്ങളെ ഞങ്ങൾ അകത്തു കേറ്റില്ല. ഫോട്ടോ എടുക്കാൻ അനുവദിക്കില്ല. കാരണം ഇത്രയും രോഗികളുടെ ഉത്തരവാദിത്വം ഞങ്ങളിലാണു്.”

“രോഗിയോടു് ഇടംവലം തിരിയരുതെന്നു പറയും. സെല്ലുകളിലിട്ടു് പൂട്ടും, ചികിത്സയൊന്നും കൊടുത്തില്ലെന്നിരിക്കും; ചികിത്സ കൊടുത്താലുമില്ലെങ്കിലും ബന്ധുക്കൾ വന്നാൽ തിരിച്ചു് ഏല്പിച്ചു കൊടുക്കുന്നു. അതിന്റെ ബാദ്ധ്യത ഞങ്ങൾക്കുണ്ടു്.” അതിനിടയ്ക്കു് ചവിട്ടി, അടിച്ചു, കൊന്നു എന്നൊക്കെ വരും. പരിഹാസത്തിന്റെയും വേദനയുടെയും സ്വരത്തിൽ ഡോക്ടർ പറഞ്ഞു. അതിനു് ആരാണു് ഉത്തരവാദി, ഡോക്ടർ ചോദിക്കുന്നു. ഞങ്ങളാേണാ, നിങ്ങളാണോ?

“ഇന്നു രാവിലെ ഇവിടെയൊരു കരിങ്കൊടിപ്രകടനം നടത്തിയെന്നു കേട്ടു. അതിനെതിരെ സംസാരിക്കണെമന്നു് ഒരുസംഘം ഡോക്ടർമാർ എന്നോടു പറഞ്ഞു. എന്തിനാണു് നാം പൊതുജനത്തെ ഭയപ്പെടുന്നതു? നാം പൊതുജനത്തിന്റെയൊരു ഭാഗമല്ലെ? നാം അഴിമതി ചെയ്യുന്നുണ്ടെങ്കിൽ അതു് ചൂണ്ടിക്കാണിക്കുമ്പോൾ എന്തിനു് വിറയ്ക്കുന്നു?”

“ഞാൻ എന്റെ സഹപ്രവർത്തകർക്കെതിരെ സംസാരിക്കുകയല്ല. അതിനകത്തു നടക്കുന്ന കാര്യങ്ങൾ പുറത്തറിയാതിരിക്കേണ്ടതു് എന്റെയും മറ്റു സൂപ്രണ്ടന്മാരുടെയും ആവശ്യമാണു്. അതു് നിങ്ങളറിഞ്ഞാൽ ഞങ്ങളെ കുരിശിലേറ്റിയെന്നുവരും.” മാനസികരോഗാശുപത്രികൾക്കുപുറത്തു് പണിയെടുക്കുന്ന മനഃശാസ്ത്രജ്ഞന്മാേരാടദ്ദേഹം പറഞ്ഞു.

“ജനങ്ങൾക്കു് കൂട്ടുത്തരവാദിത്വമാണുള്ളതു്. നൂറു കത്തയച്ചാലും നിങ്ങൾ രോഗിയെ വന്നുകൊണ്ടുപോകില്ല. പുറത്തിറക്കിവിട്ടാൽ രാഷ്ട്രീയസമ്മർദ്ദം ചെലുത്തി ഞങ്ങളെ ട്രാൻസ്ഫർ ചെയ്യും. ഇവിടെ പ്രവേശിപ്പിക്കുന്ന ഒരു രോഗിയുടെകൂടെ ആൾ നില്ക്കണമെന്നുപറഞ്ഞാൽ സൗകര്യമില്ലെന്നു പറയുന്നു. മെഡിക്കൽകോളേജ് ആശുപത്രിയിൽ നിങ്ങളുടെ സഹോദരനു് ഹൃദ്രോഗമായി കൊണ്ടുപോയാൽ ഒന്നല്ല പത്തുപേർ കൂടെ നില്ക്കും.” അതിന്റെ സാമൂഹ്യപശ്ചാത്തലം വിവരിച്ചു് ഡോക്ടർ പറഞ്ഞു.

“ഒരു പത്തുവർഷംമുമ്പു് തൃശൂർ മാനസികരോഗാശുപത്രിയിലെ ഒരു രോഗിണി ഗർഭിണിയായി. അന്നവിടത്തെ ഒരു ഡോക്ടറെ സ്ഥലംമാറ്റി. ആ ഡോക്ടറായിരുന്നോ ആ രോഗിക്കു് ഗർഭമുണ്ടാകാൻ കാരണം? ട്രാൻസ്ഫർ ഓർഡർ ഞാൻ കണ്ടതാണു്. അത്രയ്ക്കു് നീചമായ രീതിയിൽ ജനം ഞങ്ങളെ കൈകാര്യം ചെയ്യുന്നു.”

തിരുവനന്തപുരം ചിത്തരോഗാശുപത്രിയിലെ ദൃശ്യങ്ങൾ ഉളവാക്കിയ ധാർമികരോഷംകൊണ്ടാവണം, ഡോക്ടർ ഗോപാലകൃഷ്ണൻ ചോദിച്ചു: “നിങ്ങൾക്കു് കലാപരിപാടികൾ കാണണോ? എന്റെ ഭ്രാന്താശുപത്രിയിലേക്കു് വരിക, നഗ്നരായി കിടക്കുന്ന ഭ്രാന്തന്മാരെ കാണാം. സ്ത്രീകളവിടെ വന്നാൽ പറയും എത്രയോ സഹോദരന്മാരാണു് ഇവിടെ തുണിയില്ലാതെ കഴിയുന്നതു്. പുരുഷന്മാർ അവിടെ വന്നാൽ പറയും എത്രയോ സഹോദരിമാരാണു് ഇവിടെ തുണിയില്ലാതെ കഴിയുന്നതു്.”

“നിങ്ങൾ എന്തുകൊണ്ടവർക്കു് തുണി കൊടുത്തില്ല?” അതെ. നമ്മൾ എന്തുകൊണ്ടവരുടെ നഗ്നത മറയ്ക്കുന്നില്ല?

(ഈ കുറിപ്പെഴുതിയതിൽ സദാശിവനും പങ്കുണ്ടു്.)

സുന്ദര്‍
images/Sundar.jpg

ജനനം: ഏപ്രിൽ 23, 1953, തിരുവനന്തപുരം.

മരണം: നവംബർ 12, 2016 (വയസ്സ് 63), സിഡ്നി, ഓസ്ട്രേലിയ.

തൊഴിൽ: കഥാകൃത്തു്, നിരൂപകന്‍, കാർട്ടൂൺ ചരിത്രകാരൻ.

പൗരത്വം: ഓസ്ട്രേല്യന്‍.

വിദ്യാഭ്യാസം: എം.ഫില്‍., വിഷയം: സാമൂഹികവികസനം.

ജീവിതപങ്കാളി: ഗിരിജ

പ്രധാനകൃതികള്‍
  • Tragic Idiom
  • ഹൃദയത്തിനുള്ളിലെ ഇടം
  • ഈ ഭ്രാന്താലയത്തിനു് നാവുണ്ടായിരുന്നെങ്കില്‍

Colophon

Title: Kumbasaram Ariyaththavarkkayi Oru Pathirakurbana (ml: കുമ്പസാരം അറിയാത്തവർക്കായി ഒരു പാതിരാകുർബാന).

Author(s): Sundar.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Sundar, Kumbasaram Ariyaththavarkkayi Oru Pathirakurbana, സുന്ദര്‍, കുമ്പസാരം അറിയാത്തവർക്കായി ഒരു പാതിരാകുർബാന, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 10, 2025.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Dhuah Koonde, a painting by Thomas Daniell (1749–1840). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.