അടിസ്ഥാനപരമായ പ്രശ്നങ്ങൾ കേരളത്തിലെ മൂന്നു് ആശുപത്രികളിലും നിലനിൽക്കുന്നു. തൃശൂർ മാനസികരോഗാശുപത്രിയെക്കുറിച്ചു് ഈയിടെ ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിൽ ലേഖനമുണ്ടായിരുന്നു. പക്ഷേ, വർഷങ്ങൾക്കുമുമ്പേ കുപ്രസിദ്ധിയാർജ്ജിച്ച കോഴിക്കോടു് മാനസികരോഗാശുപത്രിയുടെ ഇരുമ്പുമറ ഭേദിക്കാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. നിർദ്ദേശങ്ങൾക്കു് ഇപ്പോഴും പ്രസക്തിയുള്ളതിനാൽ എന്തു ചെയ്യണമെന്നാലോചിക്കാം.
- കേരളത്തിലെ മൂന്നു ചിത്തരോഗാശുപത്രികളും വളർന്നു വലുതായ നഗരങ്ങളിൽത്തന്നെയാണു് സ്ഥിതിചെയ്യുന്നതു്. ഇതു് നഗരമദ്ധ്യത്തിൽത്തന്നെയാവണം എന്നു് നിർബ്ബന്ധമൊന്നുമില്ലല്ലോ. സാമ്പത്തികപ്രയാസംകൊണ്ടാണു് സർക്കാർ മാനസികരോഗാശുപത്രികൾ നന്നാക്കാത്തതെങ്കിൽ ഇതാ ഒരു പോംവഴി. ഇപ്പോൾ ആശുപത്രികൾ സ്ഥിതിചെയ്യുന്ന സ്ഥലം ഹൗസിങ് കോംപ്ലക്സ്-കം-പാർക്ക് ആക്കി മാറ്റുക. ധാരാളം പണംകിട്ടും. മൂന്നു നഗരങ്ങളിൽനിന്നും കുറെ മാറി ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രീയ മാനസികരോഗാശുപത്രി പണിഞ്ഞ ആർക്കിടെക്ട് ബേക്കറിനെക്കൊണ്ടു് പുതിയ ആശുപത്രികൾ ഡിസൈൻ ചെയ്തു് പണിയിക്കുക. ഈ മൂന്നു നഗരങ്ങളിലെയും ഏക്കറു കണക്കിനുള്ള ഭൂമി വിൽക്കുന്ന പണം ഇതിനു് ധാരാളം മതിയാകും.
- എല്ലാ ജനറൽ ആശുപത്രികളിലും മാനസികരോഗികൾക്കായി വാർഡുകൾ പണിയുക. ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്തുക. ചികിത്സ ജനങ്ങളിലെത്തിക്കാൻ സാറ്റലൈറ്റ് കേന്ദ്രങ്ങൾ ആരംഭിക്കുക. അസുഖം തുടക്കത്തിലേ കണ്ടുപിടിക്കാനുള്ള സൗകര്യങ്ങളുണ്ടാക്കുക.
- ആശുപത്രികളിൽ ‘ബൈസ്റ്റാൻഡേഴ്സ്’ രോഗിയോടൊപ്പം ഉണ്ടാവണം എന്നു് നിർബന്ധിക്കുക. വീട്ടുകാർ പൊലീസ്സ്റ്റേഷൻവഴി രോഗികളെ മാനസികരോഗാശുപത്രികളെത്തിക്കുന്ന പ്രവണത ഇല്ലാതാക്കുക. മദ്രാസിൽ ചെയ്യുന്നതുപോലെ, രോഗികളുടെ ബന്ധുക്കളോടു് നേരിട്ടു് രോഗിയുമായി ആശുപത്രിയിലെത്താൻ പറയട്ടെ. അഡ്മിഷൻ സമയത്തു് രോഗിയുടെ വിലാസം ഉറപ്പുവരുത്തുക, അതോടൊപ്പം നിംഹാൻസിൽ ചെയ്യുന്നതുപോലെ ബസ്സുകൂലിയുടെ മൂന്നിരട്ടി (രോഗിക്കു് വീട്ടിലെത്താനും വീട്ടിൽ കൊണ്ടുവിടുന്ന ജീവനക്കാരനു് പോയി മടങ്ങിവരാനും) ആദ്യമേ വാങ്ങുക. രോഗിയുടെ സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തിൽ എന്തുകൊണ്ടു് ചികിത്സിക്കാൻ സർക്കാരിനു് പണം ഈടാക്കിക്കൂടാ?
- പ്രധാന പ്രശ്നം റീഹാബിലിറ്റേഷനാണു്. സാമൂഹ്യസംഘടനകൾ ഇക്കാര്യത്തിൽ മുൻകൈയെടുക്കേണ്ടതാണു്; അതോടൊപ്പം സർക്കാരും. ആരോരുമില്ലാത്ത രോഗികൾക്കായി തൊഴിലവസരങ്ങൾ, റീഹാബിലിറ്റേഷൻ സെന്റർ ഇവ അടിയന്തിരമായി ഉണ്ടാക്കേണ്ടതാണു്.
- പാഠപുസ്തകങ്ങളിൽ മെന്റൽ ഹെൽത്ത് ഒരു വിഷയമാക്കേണ്ടതാണു്. ജനങ്ങളെ മാനസികരോഗങ്ങളെക്കുറിച്ചു് ബോധവാന്മാരാക്കേണ്ടതുമാണു്. രോഗം ആദ്യഘട്ടങ്ങളിൽ കണ്ടുപിടിക്കണമെങ്കിൽ, വീട്ടുകാർക്കും അദ്ധ്യാപകർക്കും മാനസികരോഗത്തെക്കുറിച്ചുള്ള പ്രാഥമികമായ അറിവെങ്കിലും ഉണ്ടാകണം.
- കമ്യൂണിറ്റി സൈക്യാട്രിക്ക് അസാമാന്യ പ്രസക്തിയുണ്ടു്. സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കേഴ്സ്, നേഴ്സുമാർ, സൈക്കോളജിയിൽ ബാച്ച്ലർ ഡിഗ്രിയെടുത്തവർ ഈ യാഥാർത്ഥ്യം ഇനിയും അംഗീകരിക്കേണ്ടിയിരിക്കുന്നു. ഇവരുടെ ടീം വർക്കുകൊണ്ടുമാത്രമേ സമൂഹത്തിന്റെ മാനസികാരോഗ്യം മെച്ചപ്പെടുകയുള്ളു.
ഇതിനെല്ലാം മുൻകൈയെടുക്കേണ്ടതു് ഈ നാട്ടിലെ ജനങ്ങളാണു്. ആത്മാർത്ഥമായ ശ്രമം ഇന്നുണ്ടാവുകയാണെങ്കിൽ മാനസികരോഗാശുപത്രികൾ നന്നാവും; അടുത്ത തലമുറയെങ്കിലും രക്ഷപ്പെടും.
ജനനം: ഏപ്രിൽ 23, 1953, തിരുവനന്തപുരം.
മരണം: നവംബർ 12, 2016 (വയസ്സ് 63), സിഡ്നി, ഓസ്ട്രേലിയ.
തൊഴിൽ: കഥാകൃത്തു്, നിരൂപകന്‍, കാർട്ടൂൺ ചരിത്രകാരൻ.
പൗരത്വം: ഓസ്ട്രേല്യന്‍.
വിദ്യാഭ്യാസം: എം.ഫില്‍., വിഷയം: സാമൂഹികവികസനം.
ജീവിതപങ്കാളി: ഗിരിജ
- Tragic Idiom
- ഹൃദയത്തിനുള്ളിലെ ഇടം
- ഈ ഭ്രാന്താലയത്തിനു് നാവുണ്ടായിരുന്നെങ്കില്‍