images/Joseph_Strong.jpg
Man with a Yoke Carrying Taro, a painting by Joseph Strong .
ഒറ്റയാനായ ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ കുറിപ്പുകളിൽനിന്നു്
സുന്ദര്‍

മൃഗശാലയിലൂടെ നടക്കുന്നതുപോലെയായിരുന്നു. ഒരു വലിയ ക്യാമ്പസ്—മുപ്പത്തിരണ്ടു് ഏക്കർ—ആരോ പറഞ്ഞു.

ഓ. പി. ബ്ലോക്ക് കടന്നു് ഒരിറക്കത്തിലൂടെ ഞങ്ങൾ നടന്നു—രണ്ടു കെട്ടിടങ്ങൾ കടന്നു്—വാർഡുകൾ. ഓരോ വാർഡിന്റെയും വരാന്തയിൽ നൂറോളംപേർ നിലക്കുന്നുണ്ടായിരുന്നു. വാർഡുകൾ വൃത്തിയാക്കുകയാണു്—ഡോക്ടർ പറഞ്ഞു.

വാർഡിലെത്ര ബെഡ്ഡുണ്ടു്?

ക്ഷമാപണപൂർവ്വം ഡോക്ടടൊന്നു ചിരിച്ചു: ബെഡ്ഡോ? ബെഡ്ഡൊന്നുമില്ല. അവർ നിലത്തു കിടക്കും.

ഇത്രയധികം പേരോ?

അതെ. ശരിക്കും ഓവർക്രൗഡഡ് ആണു്. പുതിയ കെട്ടിടങ്ങളില്ല. രോഗികളുടെ എണ്ണം കൂടുന്നുമുണ്ടു്.

*****

എങ്ങനെയുണ്ടു് ഇവിടത്തെ ജീവിതം? നോർമലാണെന്നു് തോന്നിക്കുന്ന ഒരാളോടു് ഞാൻ ചോദിച്ചു.

ജീവിതമോ? ജീവിതം മോശമാണു്. വേണ്ടത്ര ആഹാരമില്ല. അയാൾ രണ്ടുകഷണം മോഡേൺബ്രഡ് കൈയിൽ പിടിച്ചിട്ടുണ്ടായിരുന്നു.

ഇതാണു് ഞങ്ങൾക്കു് കിട്ടുന്നതു്.

ഒരാൾ വലിയൊരു അലുമിനിയം ബക്കറ്റിൽനിന്നു പരന്ന അലുമിനിയം പാത്രങ്ങളിലേക്കു് കടുത്ത ബ്രൗൺ നിറമുള്ളൊരു ദ്രാവകം ഒഴിക്കുകയായിരുന്നു.

അതെന്താണു്—ഞാൻ അത്ഭുതപ്പെട്ടു—ചെളിവെള്ളംപോലിരിക്കുന്നു.

കാപ്പിയായിരിക്കും. ഒരു വിദ്യാർത്ഥി പറഞ്ഞു.

ആ പരന്ന പാത്രങ്ങൾ കതകിനടിയിലൂടെ സെല്ലിനുള്ളിലേക്കു തള്ളി.

It was appalling downright shocking

*****

കുടുസ്സായ സെല്ലുകളിലോരോന്നിലും ശരാശരി ആറെട്ടു് ഇൻമേറ്റ്സ്—മിക്കവരും പൂർണ്ണനഗ്നർ. മറ്റുള്ളവർ അഴുക്കുമുണ്ടുടുത്തിരിക്കുന്നു.

*****

ഞങ്ങൾ ഫീമെയിൽവാർഡ് നടന്നുകാണവേ ഒരു വിദ്യാർത്ഥി പറഞ്ഞു: അസുഖം ഭേദമായവരെ കണ്ടുപിടിച്ച് പറഞ്ഞുവിടാൻ എന്തെങ്കിലുമൊരു സിസ്റ്റമുണ്ടാക്കണം. പേഷ്യൻസിന്റെ അബ്നോർമാലിറ്റിയുടെ ബേസിസിൽ അവരെ ഗ്രേഡ്ചെയ്യേണ്ടതാണു്.

അതെയതെ. അത്തരമൊരു സിസ്റ്റമുണ്ടാവേണ്ടതാണു്. മറ്റുപലരും യോജിച്ചു.

പക്ഷേ, ആരാണീ സിസ്റ്റം നടപ്പിലാക്കാൻപോകുന്നതു? ആർക്കാണു് താല്പര്യം? ആരു് മുൻകൈയെടുക്കും? നമ്മൾ ചെയ്യുമോ? നമുക്കു് സജസ്റ്റ്ചെയ്യാം. എല്ലാരും ചെയ്യുന്നുമുണ്ടു്. എല്ലാവർക്കും എത്ര ഐഡിയലായിട്ടാണു് കാര്യങ്ങൾ നടേത്തണ്ടതെന്നറിയാം. പക്ഷേ, നിങ്ങളോ ഞാനോ അതിന്റെ റെസ്പോൺസിബിലിറ്റി എടുക്കുമോ? ആർക്കും സത്യത്തിൽ താല്പര്യമില്ല. അതാണു് പ്രശ്നം.

അതെ. ആർക്കാണു് താല്പര്യം?

തിരുവനന്തപുരം മാനസികരോഗാശുപ്രതിയിലെ സ്റ്റാഫ് പാറ്റേൺ താഴെ കൊടുക്കുന്നു: (ഇതിൽ ഓഫീസ് സ്റ്റാഫ് ഉൾപ്പെടുന്നില്ല).

images/sundar-ottayan-table1.jpg

ആകെ പന്ത്രണ്ടു് ഡോക്ടർമാരുള്ളതിൽ ആറുപേർ സൈക്യാട്രിസ്റ്റുകളാണു്.

ഇതു് തീർത്തും അപര്യാപ്തമാണു്. ഉദാഹരണത്തിനു് നഴ്സിങ് സ്റ്റാഫിന്റെ കാര്യമെടുക്കാം. എണ്ണൂറു് രോഗികൾക്കു് ശാസ്ത്രീയമായി ഇരുനൂറു് നേഴ്സുമാർ വേണം. ഈ ആശുപത്രിയിലെ അനുവദിച്ച ബെഡ് സ്ട്രങ്ത്ത് അഞ്ഞൂറ്റിയേഴാണു്. അതിനുപോലും നൂറ്റിയിരുപത്തേഴു് നേഴ്സുകളാവശ്യമാണു്. ഇപ്പോൾ മുപ്പത്തൊന്നുപേരാണുള്ളതു്. പലപ്പോഴും ആയിരത്തോളം രോഗികളുണ്ടാവാറുണ്ടു്. കൂടുതൽ സ്റ്റാഫിനെ നിയമിക്കുക. ശാസ്ത്രീയമായ അനുപാതത്തിൽ സൈക്യാട്രിസ്റ്റിന്റെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും സൈക്യാട്രിക് സോഷ്യൽ വർക്കറിന്റെയും സൈക്യാട്രിക് നേഴ്സിന്റെയും തസ്തികകൾ പുനർനിർണ്ണയം ചെയ്യുകയും നല്ല ടീം വർക്ക് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണു്.

*****

അഡ്മിഷനും ഡിസ്ചാർജ്ജും ഇപ്പോൾ തീർത്തും അശാസ്ത്രീയമാണു്. അതു് ശാസ്ത്രീയമാക്കുകയും ഇപ്പോൾ ഇവിടെയുള്ള രോഗികളെ നന്നായി പരിശോധിച്ചു് അസുഖമില്ലാത്തവരെ—ഭേദമായവരെ വിടുക—റിഹാബിലിറ്റേറ്റ് ചെയ്യുക.

ഇപ്പോൾ ഇവിടെ ജോലിചയ്യുന്നവർ വർഷങ്ങളായി ഈ വൃത്തിേകടും മാലിന്യവും കണ്ടു് പ്രതികരണശേഷി നഷ്ടപ്പെട്ടവരായതിനാൽ ഡോക്ടറും ഓഫീസ് സ്റ്റാഫും ഉൾപ്പെടുന്ന അവരെ സ്ഥലംമാറ്റി പുതിയ ജീവനക്കാരെ ഈ ആശുപത്രിയിലേക്കു് റിക്രൂട്ടുചെയ്യുകയും ട്രാൻസ്ഫർ ചെയ്യുകയും ചെയ്യുക. അതോടൊപ്പം പരമാവധി ഒന്നു്, ഒന്നരമാസത്തിനപ്പുറമൊരു തീയതി ഡെഡ്ലൈനാക്കി നിശ്ചയിച്ചു് ഒരു ‘ഓപ്പറേഷൻ സ്റ്റിംക്’ നടപ്പിലാക്കുക—ഇവിടെ മാത്രമല്ല, കോഴിക്കോട്ടെയും തൃശൂരെയും ആശുപത്രികളിലും.

26-6-85-ൽ ഇവിടെയുണ്ടായിരുന്ന രോഗികളുടെ എണ്ണംവച്ചു നോക്കുമ്പോൾ ഒരു രോഗിക്കു് ദിവസവും ശരാശരി ഒരുരൂപ തൊണ്ണൂറ്റിയെട്ടു് പൈസയുടെ മരുന്നു മാത്രമാണു് ലഭിക്കുന്നതു്. ഇതു് തീരെ കുറവാണു്. ഏറ്റവും കുറഞ്ഞതു് മുപ്പതുലക്ഷം രൂപയെങ്കിലും ഒരുവർഷത്തേക്കു് മരുന്നിനുവേണ്ടിമാത്രം ലഭ്യമാക്കേണ്ടതാണു്.

*****

ബന്ധുക്കൾക്കും പൊതുജനങ്ങൾക്കും പത്രക്കാർക്കും സന്ദർശനസമയത്തിലെങ്കിലും വാർഡിൽ കയറി രോഗികളെ കാണാനുള്ള സൗകര്യങ്ങളുണ്ടാക്കുക.—ഈ നരകത്തിനൊരു അറുതി വരുത്തുന്നതെങ്ങനെ?

‘അസൈലം’ സങ്കല്പം ഉരുത്തിരിഞ്ഞുവന്നതു് മാനസികരോഗികളെ സമൂഹത്തിൽനിന്നു രക്ഷിക്കാൻവേണ്ടിയാണു്. അല്ലാതെ സമൂഹത്തെ രോഗികളിൽനിന്നു രക്ഷിക്കാനല്ല.

ഒരു മാനസികരോഗാശുപത്രി എങ്ങനെ പ്രവർത്തിക്കുന്നുെവന്നറിയാൻ ഈ കാര്യങ്ങൾ പരിശോധിക്കേണ്ടിവരും:

  • ആശുപത്രിയുടെ ശുചിത്വം
  • രോഗികളുടെ സ്വകാര്യവകകൾ
  • രോഗികൾ എങ്ങനെ ഒരുദിവസം ചെലവാക്കുന്നു?
  • ആശുപത്രിക്കകത്തെ അവരുടെ ചലനസ്വാതന്ത്ര്യം
  • ഡോക്ടർമാരുടെയും ജീവനക്കാരുടെയും രോഗികളോടുള്ള മനോഭാവം
  • ആശുപത്രിയിലെ സൗകര്യങ്ങൾ അഡ്മിഷൻ ഡിസ്ചാർജ് നടപടിക്രമങ്ങൾ
  • ബോർഡ് ഓഫ് വിസിറ്റേഴ്സിന്റെ പ്രവർത്തനം
  • രോഗികൾക്കുകിട്ടുന്ന ചികിത്സയും ആഹാരവും
  • ഇവെയല്ലാം തുല്യപ്രാധാന്യമുള്ളവയാണു്.

*****

അടിസ്ഥാനപരമായി മാനസികരോഗാശുപത്രി ഒരു ആശുപ്രതിയാണു്. അതു കൊണ്ടുതന്നെ കാറ്റും വെട്ടവും കടക്കുന്ന വൃത്തിയുള്ള കെട്ടിടങ്ങൾ, കസേര, കട്ടിൽ, കിടക്ക, ഷീറ്റ്, ഫാൻ, കാലാവസ്ഥയ്ക്കനുസൃതമായ വേഷം, മൂട്ട, കൊതുകു് എന്നിവയിൽനിന്നുള്ള മോചനം, വേണ്ടത്ര വൃത്തിയുള്ള ബാത്ത്റൂമുകൾ, കുളിക്കാനും കുടിക്കാനും ശുദ്ധജലം, ടോയ്ലറ്റുകൾ, മഗ്ഗുകൾ, ബക്കറ്റുകൾ, സോപ്പ്, പേസ്റ്റ്, എണ്ണ, കാരം, ആവശ്യത്തിനുവേണ്ട നല്ല വൃത്തിയുള്ള പാത്രങ്ങൾ, ശുചിത്വം, ശുചിയായ സമീകൃതാഹാരം ഇവ മാന്യമായി ഉറപ്പുവരുത്തേണ്ടതാണു്.

*****

മെന്റൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ കുറെ അന്താരാഷ്ട്രീയ മാനദണ്ഡങ്ങളുണ്ടു്. റിക്രിയേഷനും പുനരധിവാസത്തിനുമുള്ള സൗകര്യം, ഓക്കുപ്പേഷണൽ തെറപ്പി, സൈക്കോ തെറപ്പി, ബിഹേവിയറൽ തെറപ്പി, മില്യൂ തെറപ്പി ഇവ അനിവാര്യമാണു്. ഒരു നല്ല ലബോറട്ടറി, ത്വകു് രോഗം, ശ്വാസകോശ രോഗങ്ങൾ, ഇ. എൻ. റ്റി., റെസ്പിറേറ്ററി, ഡെൻറൽ രോഗങ്ങൾ എന്നിവയ്ക്കു് ചികിത്സാ സൗകര്യങ്ങൾ, ഒരു ആംബുലൻസ്, വേണ്ടത്ര മരുന്നു് എന്നിവ ഉടനടി ഉണ്ടാവേണ്ടതാണു്.

*****

ഒരു കനത്ത തുക നോൺപ്രാക്ടീസിങ് അലവൻസായി നല്കിയെങ്കിലും ഡോക്ടർമാരുടെ പ്രൈവറ്റ് പ്രാക്ടീസ് കർശനമായി നിരോധിക്കേണ്ടതാണു്.

*****

രോഗികളെ ഉപദ്രവിക്കുന്നവർക്കെതിരെ, കൈക്കൂലിവാങ്ങുന്നവർക്കെതിരെ, സാധനങ്ങൾ കടത്തിക്കൊണ്ടുപോകുന്നവർക്കെതിരെ, ഡ്യൂട്ടിയിൽ അലംഭാവം കാണിക്കുന്നവർക്കെതിരെ കർശനമായ അച്ചടക്കനടപടികൾ എടുക്കുക. ഒപ്പം സ്റ്റാഫിന്റെ റിസ്ക് അലവൻസ് ഇപ്പോഴുള്ളതിന്റെ നാലിരട്ടിയെങ്കിലുമാക്കി വർദ്ധിപ്പിക്കേണ്ടതാണു്.

സുന്ദര്‍
images/Sundar.jpg

ജനനം: ഏപ്രിൽ 23, 1953, തിരുവനന്തപുരം.

മരണം: നവംബർ 12, 2016 (വയസ്സ് 63), സിഡ്നി, ഓസ്ട്രേലിയ.

തൊഴിൽ: കഥാകൃത്തു്, നിരൂപകന്‍, കാർട്ടൂൺ ചരിത്രകാരൻ.

പൗരത്വം: ഓസ്ട്രേല്യന്‍.

വിദ്യാഭ്യാസം: എം.ഫില്‍., വിഷയം: സാമൂഹികവികസനം.

ജീവിതപങ്കാളി: ഗിരിജ

പ്രധാനകൃതികള്‍
  • Tragic Idiom
  • ഹൃദയത്തിനുള്ളിലെ ഇടം
  • ഈ ഭ്രാന്താലയത്തിനു് നാവുണ്ടായിരുന്നെങ്കില്‍

Colophon

Title: Ottayanaya Oru Medical Vidhyarthiyude Kurippukalilninnu (ml: ഒറ്റയാനായ ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ കുറിപ്പുകളിൽനിന്നു്).

Author(s): Sundar.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Sundar, Ottayanaya Oru Medical Vidhyarthiyude Kurippukalilninnu, സുന്ദര്‍, ഒറ്റയാനായ ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ കുറിപ്പുകളിൽനിന്നു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 8, 2025.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Man with a Yoke Carrying Taro, a painting by Joseph Strong . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.