ഭരണഭാഷയിൽ ചൊല്ലാം—ഞങ്ങളുടേത് ഒരു സന്തുഷ്ടകുടുംബം.
ഞാൻ,
അനുകൂലശാലീന പത്നി വരദ,
രണ്ടാൺകുട്ടികൾ,
കൊച്ചുമോൾ രജിയും.
ആൺകുട്ടികളുടെ പേർ പ്രസക്തമല്ല, അവരീ നിഴൽനാടകത്തിലെ ശബ്ദവും വെളിച്ചവും മാത്രമാകുന്നു.
കാറ്റുപോലും കരിഞ്ഞു മറഞ്ഞുപോയ ചൈത്രമാസസായന്തനം. കട്ടിലിൽ മലർന്നു കിടക്കുകയായിരുന്നു ഞാൻ. തൊട്ടടുത്തൊരു കസേരയിൽ വരദ. അവളുടെ മടിയിൽ കിടന്നിരുന്ന രജിമോള് എന്തോ കുസൃതി കാട്ടി. അമ്മ കോപിച്ചു. മകൾ കലമ്പി. എണീറ്റു വന്നു കട്ടിലിന്റെ അങ്ങേ തലയ്ക്കൽ മുഖം കുനിച്ചിരിപ്പായി.
മിനിട്ടുകൾ ആ കലമ്പലിനെ കുലുക്കുന്നില്ലെന്നു കണ്ടു് ഞാനവളെ ഒന്നു വിളിച്ചു നോക്കി.
മോൾ അനങ്ങിയില്ല.
വരദ അനുനയം പറഞ്ഞു.
ഞാൻ പുന്നാരിച്ചു വിളിച്ചു.
മോൾ അനങ്ങിയില്ല.
നിലത്തിരുന്ന പേപ്പറിലെന്തോ വരച്ചുകളിക്കയും ഇടയ്ക്കിടെ തമ്മിൽ പിണങ്ങി ഒച്ചവയ്ക്കുകയും വീണ്ടും രഞ്ജിപ്പായി കളി തുടരുകയും ചെയ്തിരുന്ന പുത്രന്മാർ ഇതൊന്നും ശ്രദ്ധിച്ചില്ല.
ഗാംഭീര്യത്തിൽ തലകുനിച്ചിരിക്കുന്ന ആ കുഞ്ഞുകലഹത്തിന്റെ ഓമനത്തം പലവുരു നുകർന്നു്, ചിരി പരസ്പരം കണ്ണുകളിൽ മിന്നിച്ചൊതുക്കി, ഞാനും വരദയും.
ഞാൻ കൈമുട്ടിനു മേലൊരല്പമുയർന്നു വിളിച്ചു:
“അച്ചന്റെ ചെല്ലമോളല്ലേ…? ഇങ്ങടുത്തു വരൂന്ന്…?”
പക്ഷേ, അങ്ങുളളിലേതും പ്രസാദമില്ല. പിന്നെ അമ്മയുടെ വക അടവുകളായി. ഒന്നുമൊന്നും അങ്ങേശുന്നില്ല.
അടുത്തനിമിഷം എന്നിലെ കുസൃതിയുണർന്നു. ഞാൻ ഗൗരവംനടിച്ചു പറഞ്ഞു:
“നീ വരണ്ട… കേട്ടോ വരദേ, എന്റെ മറ്റേമോളെ വിളിച്ചോണ്ടു വരാം”.
അമ്മ ഒരു പുഞ്ചിരിത്തെല്ലിൽ മോളെ നോക്കി.
രജി മുഖമുയർത്തിയില്ല. എന്നാലാകുഞ്ഞിക്കൺമുന ഇങ്ങോട്ടു ചായുന്നുണ്ടായിരുന്നു.
“അവള് രജിമോളെപ്പോലെ ചീത്തയല്ല. ഒരിക്കലും പിണങ്ങില്ലാ… എന്തു വഴക്കുപറഞ്ഞാലും ചിരിച്ചോണ്ടിരിക്കും. അച്ഛന് നൂറുനൂറുമ്മ തരും. നാളെത്തന്നെ കൂട്ടിക്കൊണ്ടു വരാം”.
രജിമോളുടെ മുഖം മെല്ലെ മെല്ലെ ഉയർന്നു. ആ കണ്ണുകൾ ചോദ്യചിഹ്നമായി എന്റെ മുഖത്തു തറഞ്ഞു.
ഞാൻ അതു കണ്ടതായി ഭാവിച്ചില്ല.
ആ സങ്കല്പപുത്രിയെക്കുറിച്ചുള്ള വർണ്ണന തുടർന്നു.
അവളുടെ നിറം…
ചിരിയുടെ ചന്തം…
കൊഞ്ചലിന്റെ അരുമ…
അങ്ങനെയങ്ങനെ ഒത്തിരിദൂരം…
രജിമോളുടെ മുഖത്തുനിന്നു ഗൗരവം ഇറ്റിറ്റു വാർന്നൊഴിഞ്ഞു. അവിടെ പിന്നിപ്പറക്കുന്ന മേഘനാരുകൾ ഉരുൾ തരംഗങ്ങളായലഞ്ഞു.
എങ്കിലും ഈ കേൾപ്പതൊന്നും സത്യമല്ലെന്നു സ്വയം വിശ്വസിപ്പിക്കാനായിരുന്നു ആ കുരുന്നു മനസ്സിന്റെ ശ്രമം. അവൾ ചുണ്ടിൻകോണിൽ പരിഹാസം ചാലിച്ചൊരു ചിരിപൂശി ഞങ്ങളെ മാറിമാറി നോക്കി.
ഞങ്ങളുടെ നിർമ്മമതയിലുരഞ്ഞ് ആ ചിരി വിളറിപ്പൊലിഞ്ഞു. ഒരു സഹായം തേടിയെന്നോണം കണ്ണുകൾ ഏട്ടൻമാരിലേക്കു തിരിഞ്ഞു. ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന വരകളുടെ ലോകത്തിലാഴ്‌ന്ന അവർ ഇക്കഥയേതുമറിഞ്ഞില്ല.
പടർന്നു കയറിയ നിരാലംബതയിൽ കുഞ്ഞ് അമ്മയെ ഒരിക്കൽക്കൂടി നോക്കി. ചാരുശീലകൾക്കുള്ളൊരു ഗ്രന്ഥത്തിന്റെ താളുകൾ തലോടുകയായിരുന്നു മാതൃനയനം.
കുഞ്ഞിന്റെ വല്ലായ്മ വാക്കുകളായി ചോർന്നു.
“ങ്ങും… അച്ഛൻ വെറുതെ പറയ്ണ്…”
ആ കുഞ്ഞിക്കണ്ണുകളിൽ നിന്ന് രണ്ടു് പ്രകാശരേണുക്കൾ ഉണ്മ തേടി എന്റെ കണ്ണിലിറങ്ങി.
ഞാൻ ആർദ്രതയില്ലാതെ ഉറക്കെ ചിരിച്ചു. “പിന്നെ വെറുതെ…! ഞാൻ കൂട്ടിക്കൊണ്ടുവരുമ്പോ കാണാലോ..”
ആൺകുട്ടികൾ കലപിലയുണ്ടാക്കി പുറത്തേയ്ക്കോടി.
ആ കോലാഹലം മുറിച്ച വാക്കുകളെ ഞാൻ വീണ്ടും തൊടുത്തു.
“അതല്ലെ ചെല ദിവസം ഓഫീസിന്നു വരാൻ വൈകിപ്പോണത്. ഓഫീസിനു തൊട്ടടുത്താ മോൾടെ വീട്. ഇടയ്ക്കിടെ അച്ഛനെ കാണണമവൾക്ക്. ഇല്ലെങ്കിൽ കരയും. കരഞ്ഞുകരഞ്ഞ് ഉറങ്ങാതെ പട്ടിണികിടക്കും…”
രജിമോൾ വീണ്ടും ചിരിക്കാൻ സാഹസപ്പെട്ടു. ഉതിരാനൊരുങ്ങും മുമ്പെ പൊലിഞ്ഞുപോകുന്ന ചിരിയുടെ കുമിളകൾ… എങ്കിലും അവൾ പറഞ്ഞു, ആവതും ശക്തിയിൽ—“കള്ളം… കള്ളം… അച്ഛൻ കള്ളം പറയ്യ്യാ… അല്ലേ അമ്മേ...”
ദൈന്യതയുടെ നൂരികളിഴയുന്ന മകളുടെ നോട്ടം നോവലിൽ പൂഴ്‌ന്ന അമ്മയുടെ കണ്ണുകളിൽ ഉടക്കിയില്ല. രജി കൂടുതൽ വല്ലായ്മയിലായി.
ഞാൻ തലയണ ചാരി തെല്ലു കൂടെ നിവർന്നിരുന്ന്, ആ മാനസപുത്രിയെ പ്രശംസകൾ കൊണ്ടു് പിന്നെയും താലോലിപ്പാനൊരുങ്ങി.
രജി അസഹ്യതയുടെ നെല്ലിപ്പലകയിൽ ചവിട്ടി നിലത്തേയ്ക്കുർന്നു. ഞൊടിയിടപോലും പാഴാക്കാതെ മുറിയ്ക്കുപുറത്തേയ്ക്കു പാഞ്ഞു.
വരദ പ്രേമപുരസ്സരം എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചെങ്കിലും, ആ മാതൃഹൃദയം വിതുമ്പി:
“പാവം മോള്”—
ആ നിമിഷത്തിലാണു് അതിഥികളുടെ വേലിയേറ്റമുണ്ടായത്. എന്റെ ചില പൂർവ്വസുഹൃത്തുക്കൾ.
വരദയെ അവർക്കു പരിചയപ്പെടുത്തി. അവരെ അവൾക്കും.
തുടർന്ന് ഔപചാരിക കുശലപ്രശ്നം. ആത്മകഥാകഥനം, ചിരിയുടെ പഞ്ചവാദ്യം.
വരദയുണ്ടാക്കിയ ചായയുടെ കടുപ്പം നുണഞ്ഞ് ഞങ്ങൾ കഥയില്ലായ്മകളുടെ രസച്ചരടഴിച്ചു നീട്ടി.
ബഹളവും, ചങ്ങാതികളും പടിയിറങ്ങിയശേഷമാണു് ഞാൻ രജിയെ ഓർത്തത്. വരദയും മോളെ മറന്നുപോയിരുന്നു.
അകത്തെ ഇടനാഴിയിലിട്ട പഴയ കട്ടിലിൽ ചുരുണ്ടുകിടക്കുകയായിരുന്നു കുട്ടി.
അടുത്തു ചെന്നുനോക്കി. ഉറക്കമാണു്. കവളിൽ കണ്ണീരുണങ്ങിയ പാട്. അമ്മ മോളെ വാരിയെടുത്തു. കുഞ്ഞുണർന്നില്ലെങ്കിലും എന്തോ പുലമ്പുകയും ഞെളിപിരിയലാൽ പ്രതിഷേധത്തിന്റെ വില്ലുകുലയ്ക്കുകയും ചെയ്തു.
ആ വരണ്ട കണ്ണീർച്ചാല് എന്റെ മനസ്സിൽ നൊമ്പരത്തിന്റെ ഉറവയായി.
കുറ്റബോധം കൈയൊഴിയാനുള്ള വാസനയാലാവാം, ഞാൻ പുത്രന്മാരെ വിളിച്ചു ക്രോസ്സു ചെയ്തു:
“സത്യം പറഞ്ഞോ… ആരാ അനിയത്തിയെ കരയിച്ചതു്?”
പൈതങ്ങൾ പരസ്പരം മിഴിച്ചു നോക്കി. തൊടിയിൽ തുടിച്ചു നടന്ന അവരുണ്ടോ അവളെ കാണുന്നു! ആ രാത്രി ഉറങ്ങിക്കിടക്കുന്ന മോളുടെ തലമുടി പലവുരു മാടിയൊതുക്കിയും ആ കുഞ്ഞിക്കവിളിൽ ചുണ്ടു ചേർത്തും എന്റെ മനസ്സ് പശ്ചാത്തപിച്ചു.
എന്നാൽ മറ്റൊരു രാത്രി ഗാഢനിദ്രയിൽക്കിടന്ന മോൾ പുലമ്പുന്നതു് കേൾക്കായി—“ഞാൻ അച്ഛനോട് പിണക്കമാ. മിണ്ടൂല… ഇനിയും മിണ്ടേയില്ല… അച്ഛൻ ചീത്ത കുട്ടിയാ…”
വാരികയിൽനിന്ന് എന്റെ കണ്ണുകൾ പൊങ്ങി. മുന്നിൽ നിവർന്ന അവ്യക്തവിഷാദവികാരങ്ങളുടെ ഓളങ്ങളിൽ നിർന്നിമേഷം നിന്നുപോയ കണ്ണുകളെ വീണ്ടെടുത്ത് വായന തുടർന്നത് ഇത്തിരിക്കഴിഞ്ഞാണ്. അക്ഷരങ്ങൾ കുതിർന്നിരിക്കുംപോലെ തോന്നി.
രണ്ടാഴ്ചയോളം പിന്നിട്ടിരിക്കുണം. അന്ന് പതിവിലേറെ വൈകി വീട്ടിലെത്താൻ. കതകിലൊന്നു മുട്ടിയപ്പോഴേക്കും രജിമോളുടെ ശബ്ദം … “അമ്മേ അച്ഛൻ!”
വരദ ഒരു മയക്കത്തിന്റെ അലസതയോടെ വന്നു. “മോളെ നീ ഇനിയും ഉറങ്ങിയില്ലേ… ” എന്ന എന്റെ അന്വേഷണം കേട്ട് കുഞ്ഞ് തലയണയിൽ മുഖം പൂഴ്ത്തിക്കിടന്നു.
എങ്കിലും ഉടനെ എഴുന്നേറ്റുവന്ന് ഊണു മേശയ്ക്കടുത്തും പിന്നെ ഈസിചെയറിന്റെ അടുത്തും ചുറ്റിപ്പറ്റി നിന്നു. എന്തോ കേൾക്കാൻ കൊതിച്ച്, പക്ഷേ, ചോദിക്കാൻ മടിച്ചുള്ള നില്പ്. “മോൾ പോയി കിടന്നോളൂ”, എന്ന് അമ്മയുടെ ശാസനവും അവൾ ചെവിക്കൊണ്ടില്ല.
ഞാൻ വൈകിപ്പോയതിനുള്ള കാരണം പറയുമ്പോൾ മോൾ ജിജ്ഞാസയോടെ ചെവി വട്ടംപിടിച്ചു.
അതു കാൺകെ ഒരിടിമിന്നല്ലെന്നോണം എന്റെ ബുദ്ധിയുണർന്നു.
എന്റെ കുസൃതി, വെറുതെ എടുത്തെറിഞ്ഞൊരു വിത്ത്, കാറ്റായി, കൊടുങ്കാറ്റായി, പരിണമിക്കുകയാണ്! ഇളം കാറ്റിന്റെ ചുണ്ടിലൊരോലപീപ്പി ചേർത്തു വച്ചനേരം അതു സപ്തസ്വരങ്ങളുമാലപിച്ചേ അടങ്ങു എന്നോർക്കാത്ത ബുദ്ധിശൂന്യത! അജ്ഞാതയായ ചേച്ചിയുടെ വിശേഷമറിവാനാകണം അനിയത്തി ഉറക്കമിളച്ചു കാവൽകിടന്നത്.
രജിമോളുടെ കൂട്ടുകാരികൾ സുനിതയ്ക്കും, രമണിയ്ക്കും, സിന്ധുവിനും ചേച്ചിമാരുണ്ട്. സ്നേഹമയികളായ ചേച്ചിമാർ. അവരതു ചൊല്ലി മേനിനടിക്കുമ്പോൾ രജിമോൾക്ക് ചെറുതാവാൻ പറ്റുമോ?
അവരെയൊക്കെ അമ്പരിപ്പിച്ചുകൊണ്ട് അവളാ രഹസ്യംവെളിപ്പെടുത്തി.
പക്ഷേ രജിമോളുടെ മേനിയുടെ പെരുപ്പം ഒന്നാംക്ലാസ്സിനുള്ളിലോ സ്കൂൾ വരാന്തയിലോ ഒതുങ്ങിയില്ല. അയൽപക്കത്തെ അമ്മമാരുടെ കാതുകൾ തേടി അതെത്തി.
എന്റെ ഒന്നാം പുത്രിയുടെ നിറം, ചിരിയുടെ ചന്തം, ഉടുപ്പുകളുടെ വിശേഷം അങ്ങനെ എണ്ണമറ്റ കൗതുകവാർത്തകൾ ആ നാലാം നമ്പർ തെരുവിൽ പാറിനടന്നു. പലരും തങ്ങളുടെ ഭാവനകൊണ്ടെന്റെ സങ്കൽപ്പപുത്രിക്ക് ധാടി കൂട്ടി.
അവസാനം ആ കഥ മതിലുകൾക്കു മുകളിലൂടെ വരദയുടെ കാതിലുമെത്തി.
ഞങ്ങളുടെ സല്ലാപത്തിന് ആ പാഠഭേദങ്ങൾ നല്ലൊരു വിഷയമായി. അതിനാൽ ബന്ധപ്പെട്ട എല്ലാ ഭാവനസമ്പന്നർക്കും സ്തുതി ചൊല്ലി. ചേച്ചിയെക്കുറിച്ച് പുതിയൊരു വിശേഷം കേൾക്കാൻ കാത്തുകാത്തിരുന്ന് സഹികെട്ടിരിക്കണം രജിമോൾ.
ഒരു നാൾ പൊടുന്നനെ, ആ സഹികേട് നാണം പുരണ്ട ചോദ്യനുണുങ്ങുകളായി ഉതിർന്നു വീണു.
“അച്ഛൻ അന്നു പറഞ്ഞില്ല്യേ…”
“എന്തു മോളെ?”
“ഒരുകാര്യം”
“എന്തുകാര്യം?”
“ചേച്ചിയുടെ…”
“ങേ?”
“അച്ഛന്റെ മോളുടെ…”
ഞാൻ ചിരിച്ചുപോയി. എങ്കിലും രജിമോളുടെ നാണവും ജിജ്ഞാസയും കണ്ടപ്പോൾ ആ നീർപ്പോളയിൽ ഒരു നുള്ളു ചായംകൂടി പൂശാനാണ് തോന്നിയത്.
“ങാ… ങാ അച്ഛൻ ഇന്നലെയും കണ്ടു. രജിമോൾക്ക് സുഖമാണോ, നല്ലവണ്ണം പഠിക്കുന്നുണ്ടോ എന്നെല്ലാം ചോദിച്ചു”.
മോളുടെ മുഖം തുടുത്തു വിടർന്നു.
ഞാൻ പെട്ടെന്ന് ചോദിച്ചു:
“അച്ഛൻ ചേച്ചിയെ കൂട്ടിക്കൊണ്ടു വരട്ടെ?”
മോളുടെ മുഖത്തെ പ്രകാശം മെല്ലെ മങ്ങി. അവൾ ഉത്തരം പറഞ്ഞില്ല. ഞാൻ ചോദ്യം ആവർത്തിച്ചപ്പോൾ അവൾ മുഖം ഫ്രോക്കിലേക്ക് കുനിച്ച് അതിൽ തുന്നിയിരുന്ന പടത്തിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു.
“എന്തോ എനിക്കു് അറിഞ്ഞുകൂടാ.”
“മോൾക്ക് ഇഷ്ടമാണെങ്കിൽ അച്ഛൻ കൂട്ടിക്കൊണ്ടു വരാം. നല്ല ചേച്ചിയല്ലേ… നിങ്ങൾക്കു രണ്ടാൾക്കും കൂടെ ഒരുമിച്ച് സ്ക്കൂളിൽ പോകാം. കളിക്കാം, ഉറങ്ങാം.”
കുഞ്ഞ് എന്നിട്ടും മറുപടി പറഞ്ഞില്ല. ഉത്തരത്തിന് നിർബന്ധിച്ചപ്പോൾ ഒരാകസ്മികതപോലെ പുറത്തേക്കൂർന്നുകളഞ്ഞു.
മറ്റൊരു ദിവസം. മുറ്റത്ത് ഏട്ടന്മാരും അനിയത്തിയും തമ്മിലൊരു കലഹം. വാഗ്വാദം മുന്നേറിയപ്പോൾ.
“കൊച്ചേട്ടനും വല്യേട്ടനും ചീത്തയാ…”
“നോക്കിക്കോ ഞാനങ്ങ് പോവുല്ലോ”
“എവിടെ?”
“പറയുല്ലല്ലോ ഒരു സ്ഥലത്ത്…”
“ഉം. സ്ഥലം! ഇരിക്ക്ണ്!”
“ഞാൻ പറേട്ടെ”
“ഉം…”
“പറ. പെണ്ണിന്റെ ചുണകാണട്ടെ”
“ഞാൻ… ഞാൻ… ചേച്ചിയുടെ അടുത്ത് പോകും.”
ഏട്ടന്മാർ കൊഞ്ഞനം കാട്ടി കളിയാക്കിയിട്ടും മോൾ ഭീഷണി ആവർത്തിച്ചു കൊണ്ടിരിന്നു.
നിരുദ്ദേശമായി ഊതിവിട്ടൊരു നീർക്കുമിള കാറ്റിലലഞ്ഞ് പെരുകിപ്പെരുകി വീർത്ത് എന്തെന്ത് വർണ്ണപ്പൊലിമകളാർജ്ജിച്ചു വളർന്നിരിക്കുന്നു!
എന്റെ ഉള്ളിൽ ഭീതിയുടെ ഒരു ചിറ്റോളം തെന്നി.
മോളുടെ മനസ്സിൽ അജ്ഞാതയായ ചേച്ചി സുന്ദരിക്കുട്ടിയായി, സുശീലയായി നാൾതോറും വളർന്നു. അവളെപ്പറ്റി അറിവാനും പറവാനും ഉള്ള ഉത്സാഹവും.
അയൽപ്പക്കത്തെ അടുക്കളത്തളങ്ങളിൽ എന്റെ മാനസപുത്രിയെപ്പറ്റി പുതുപുത്തൻ ഗാഥകൾ കിളിമൊഴികൾ പാടി. ചില അമ്മമാരെങ്കിലും ചിന്താക്കുഴപ്പത്തിലായിരിക്കണം.
ആ കടങ്കഥ വളർന്നുവളർന്ന് നിസ്സഹായതയുടെ ആവൃതിയായി എന്നെ പൊതിയുന്നത് ഞാൻ അറിഞ്ഞു. ആ നേർമ്മയേറിയ വർണ്ണപ്പൊലിമയിലൊരു പോറലേല്പിക്കാൻ പോലും അശക്തനായി ഞാൻ ഭവിക്കുകയാണെന്നും ധർമ്മസങ്കടത്തോടെ മനസ്സിലാക്കി.
ഒരിക്കലും സംഭവിക്കില്ലെന്നു ഞാൻ എന്നെത്തന്നെ നൂറുതവണ വിശ്വസിപ്പിച്ച് ആശ്വസിച്ചിരുന്ന പരിണാമംതന്നെ ഒരു പ്രഭാതത്തിൽ വന്നുഭവിച്ചു.
ഞാൻ ഓഫീസിൽ പോകാൻ ഒരുങ്ങുകയായിരുന്നു. മോൾ വന്നു എന്നെ ഉരുമ്മിനിന്ന് മൊഴിഞ്ഞു:
“അച്ഛാ… നാളെ”
“നാളെ എന്താ മോളെ?”
“അച്ഛൻ എല്ലാം മറക്കണ്… നാളെ എന്റെ പിറന്നാളല്ലേ?”
“ശരിയാണല്ലോ” ഞാൻ ചിരിച്ചു.
കുനിഞ്ഞ് ഞാൻ കവിളിൽ ഒരു മുത്തം നല്കി.
“മോൾക്ക് എന്താ വേണ്ടത്?”
“ഞാൻ പറയട്ടെ?”
“ഉം…”
“പറഞ്ഞാ… കൊണ്ടര്വോ”
“പിന്നെ… കൊണ്ട്വരില്ലേ?”
“തീർച്ച”
“ചേച്ചിയെ കൂട്ടിക്കൊണ്ട്വരോന്ന്?”
ഞാനൊന്നു പിടഞ്ഞു.
എന്റെ മുഖം വിളറുന്നതു മോൾ കാണാതിരിക്കാൻ കുടയെടുത്തു നിവർത്തി നിരീക്ഷിച്ചു.
ധൃതിയിൽ പുറപ്പെട്ടുകൊണ്ടു് പറഞ്ഞു:
“നോക്കട്ടെ”
ഓഫീസിൽ ഫയൽനാടകളിലിറുകി മനസ്സ് തളരുമ്പോഴും എന്നെ പ്രതീക്ഷമുറ്റിയ രണ്ടു കൊച്ചുകണ്ണുകൾ അക്ഷീണം വേട്ടയാടിക്കൊണ്ടിരുന്നു.
വൈകുന്നേരം എന്തു പുത്തൻ നുണ ചൊല്ലിയാണ് മോളെ സാന്ത്വനിപ്പിക്കുക! മരവിച്ച ബുദ്ധിയുമായി ഒരുത്തരംതേടി ഞാൻ ആ രാജപാതയിൽ ചുറ്റി നടന്നു.
ആവോളം വൈകിയാണ് വീട്ടിലെത്തിയത്.
അമ്മയെ മുന്നിട്ടുവന്ന് കതക് തുറന്നത് മോളാണ്. ആ കണ്ണുകൾ എന്റെ പിറകിലേക്ക് ചാടി നീണ്ടിട്ട് സാവകാശം പിൻവാങ്ങി. എന്റെ കണ്ണുകളിലെക്കുയർന്ന ആ ഓമനമിഴികളിൽ വിഷാദം വിങ്ങി.
ഷർട്ട് മാറി പൂമുഖത്തു മടങ്ങിയെത്തിയപ്പോൾ സെറ്റിയിൽ മുഖം കനപ്പിച്ചിരിപ്പാണവൾ.
ഞാൻ സാവകാശം ഈസി ചെയറിൽ കിടന്നു. മോളെ മടിയിലിരുത്തി താലോലിച്ചു. ചേച്ചിയെ കൊണ്ടുപോരാത്തതിന് അപ്പോൾ വീണുകിട്ടിയ ഒരു കാരണം വിശദീകരിച്ചു തുടങ്ങി.
രംഗത്തേക്കു വന്ന വരദയുടെ പുഞ്ചിരിയിൽ പുലിവാലു പിടിച്ച നായർക്കുനേരെയുള്ള ഹാസം.
ഞാൻ ശബ്ദം പതറാതെ പറഞ്ഞു.
“മോളെ, അച്ഛൻ പോയി ചേച്ചിയെ വിളിച്ചു… അവൾക്ക് വരാൻ ഇഷ്ടമാ. പക്ഷേ, അമ്മ അയക്കില്ല.”
മോൾ ജാഗ്രതയോടെ ശ്രദ്ധിക്കുകയാണ്.
“നാളെത്തന്നെ തിരികെ കൊണ്ടുവിടാമെന്ന് പറഞ്ഞുനോക്കി… അമ്മ പറയണത് എന്താണെന്നോ…? അവൾക്കും വരണമെന്ന്”
മോൾ ഒരു പ്രതിമകണക്കെ ഇരിപ്പായി.
ഒരുനിമിഷത്തെ ഇടവേള നൽകിയിട്ട് ഞാൻ ചോദിച്ചു. “അവരെ രണ്ടുപേരെയും കൊണ്ടു പോരട്ടെ?”
കുഞ്ഞിന്റെ മുഖം കുനിഞ്ഞു. അവൾ മറ്റെന്തോ ചിന്തിക്കും മട്ടിലിരുന്നു. ഞാൻ തുടർന്നു:
“ആ അമ്മയ്ക്ക് രജിമോളെ എന്തിഷ്ടമാണ്! മോളെപ്പറ്റി എപ്പോഴും ചോദിക്കും. മിടുക്കിയാണോ… പഠിക്ക്വോ… കരയ്വോ… എന്നൊക്കെ…”
എന്നിട്ടും രജിമോൾക്കൊരു ഭാവവ്യത്യാസവുമില്ലെന്നു കണ്ട് എന്നിലെ ശപ്തമായ കുസൃതിക്കു ഹരം പിടിച്ചു.
“മോളെ, ആ അമ്മയെ കാണാനെന്തു രസമാണെന്നോ. ചന്ദനക്കട്ടിയില്ലേ; അതിന്റെ നിറമാണ്. നീണ്ട കണ്ണ്, റോസാപ്പൂവു പോലെയിരിക്കും കവിള്… മോൾ ഒന്ന് കണ്ടാൽപ്പിന്നെ വിട്ടയയ്ക്കില്ല. നല്ലോണം പാടാനും അറിയാം ദെവസവും രജിമോളെ പാട്ടു പഠിപ്പിക്കും.”
വർണ്ണനയിൽ സ്വയം മറന്ന് ഞാൻ ഇടയ്ക്കൊന്ന് മുഖമുയർത്തുമ്പോൾ…
എന്നെതന്നെ നോക്കി നിൽക്കുന്നു ധർമ്മപത്നി. ആ കണ്ണുകളിൽ കുസൃതിച്ചിരി പറന്നുപോയിരിക്കുന്നു. ആ മുഖത്ത് കോടക്കാറിന്റെ കണങ്ങൾ.
ഞാൻ ഒന്നുഞെട്ടി. ആ ഞടുക്കത്തിൽ നാവിൻതുമ്പിലെത്തിയ കഥനുറുങ്ങി.
ചെറുകഥാകൃത്തും അദ്ധ്യാപകനുമായ എസ് വി വേണുഗോപൻ നായർ, അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, “ഉച്ചരാശികളിൽ രവിയും ശുക്രനും വ്യാഴവും, മേടത്തിൽ ബുധനും ഇടവത്തിൽ ശനിയും നിൽക്കെ, കുജസ്ഥിതമായ മിഥുനം ലഗ്നമായി, അവിട്ടം മൂന്നാം പാദത്തിൽ ജനിച്ചു”.
അച്ഛൻ: പി. സദാശിവൻ തമ്പി
അമ്മ: വിശാലാക്ഷിയമ്മ
ജന്മദേശമായ നെയ്യാറ്റിൻകര താലൂക്കിലെ സ്കൂളുകളിലും യൂണിവേഴ്സിറ്റി കോളേജിലും പഠിച്ചു. ബി. എസ്സി., എം. എ., എം. ഫിൽ, പി. എച്ച്. ഡി. ബിരുദങ്ങൾ നേടി. എൻ. എസ്. എസ്. കോളേജിയറ്റ് സർവ്വീസിൽ അദ്ധ്യാപകനായിരുന്നു. ഇപ്പോൾ, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നു.
‘രേഖയില്ലാത്ത ഒരാൾ’ ഇടശ്ശേരി അവാർഡിനും ‘ഭൂമിപുത്രന്റെ വഴി’ കേരള സാഹിത്യ അക്കാദമി അവാർഡിനും അർഹമായി. ഏറ്റവും നല്ല ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ. എം. ജോർജ്ജ് അവാർഡും ലഭിച്ചു.
ഭാര്യ: കെ. വത്സല മക്കൾ: ശ്രീവത്സൻ, ഹരിഗോപൻ, നിശാഗോപൻ
- കഥകളതിസാദരം (കഥാസമാഹാരം, സായാഹ്നയിൽ ലഭ്യമാണ്)
- ഗർഭശ്രീമാൻ (കഥാസമാഹാരം)
- മൃതിതാളം (കഥാസമാഹാരം)
- ആദിശേഷൻ (കഥാസമാഹാരം)
- തിക്തം തീക്ഷ്ണം തിമിരം (കഥാസമാഹാരം)
- രേഖയില്ലാത്ത ഒരാൾ (കഥാസമാഹാരം)
- ഒറ്റപ്പാലം (കഥാസമാഹാരം)
- ഭൂമിപുത്രന്റെ വഴി (കഥാസമാഹാരം)
- ബുദ്ധിജീവികൾ (നാടകം)
- വാത്സല്യം: സി. വി.യുടെ ആഖ്യായികകളിൽ (പഠനം)
- ആ മനുഷ്യൻ (നോവൽ വിവർത്തനം)
- ചുവന്ന അകത്തളത്തിന്റെ കിനാവ് (നോവൽ വിവർത്തനം)
- ജിം പ്രഭു (നോവൽ വിവർത്തനം)
- മലയാളഭാഷാചരിത്രം (എഡിറ്റ് ചെയ്തത്)
(ഈ ജീവചരിത്രക്കുറിപ്പ് കഥകളതിസാദരം എന്ന പുസ്തകത്തിൽ നിന്ന്.)