images/swadeshabhimani-vp-cover.png
The Flower Seller, an oil on canvas painting by Diego Rivera (1886–1957).
പലവക

ഒരു പത്രകാര്യാലയത്തിൽ പണിയേറ്റിരിക്കുന്ന വൃത്താന്തനിവേദകന്റെ പ്രതിഫലം ചെറിയ തുകയായിരിപ്പാനാണു് സംഗതിയുള്ളതെങ്കിലും, അവന്നു് മറുവഴിക്കു് ആദായം ഉണ്ടാക്കുവാൻ സൗകര്യമുണ്ടു്. തന്റെ പത്രത്തിലേക്കായി ശേഖരിക്കുന്ന വർത്തമാനങ്ങൾ മറ്റു പത്രങ്ങൾക്കും ഉപയോഗപ്പെടുത്തുവാൻ കഴിയുന്നതാണല്ലോ. അന്യദിക്കുകളിൽ നിന്നു പുറപ്പെടുന്ന പത്രങ്ങൾക്കു ലേഖനങ്ങളയക്കുവാനോ, പ്രതിദിന പത്രങ്ങളിലേക്കു് വർത്തമാനങ്ങൾ എഴുതിക്കൊടുപ്പുവാനോ അവന്നു് സാധിക്കുന്നതാണു്; ഇവയ്ക്കു് പ്രത്യേകം ആദായവും ലഭിക്കും. എന്നാൽ ഈ ഏർപ്പാടു് സർവ്വസാമാന്യമായി ആദരിക്കപ്പെടുമാറില്ല. ഒരുവൻ ഏതൊരു പത്രത്തിന്റെ അധീനതയിൽ പണിയെടുക്കുന്നുവോ ആ പത്രം പുറപ്പെടുന്ന സ്ഥലത്തുതന്നെയോ, അയൽദേശത്തോ ഉള്ള പത്രങ്ങൾക്കു്, അവൻ സഹായിക്കരുതെന്നു ഒരു നിബന്ധനയുണ്ടു്. കിടമൽസരമുള്ള പത്രങ്ങളായിരുന്നാൽ, ഇതു് നിഷ്കർഷമായി അനുഷ്ഠിക്കേണ്ടുന്നതുമാണു്. അകലേനിന്നു് പുറപ്പെടുന്നവയ്ക്കു് ലേഖനങ്ങളെഴുതുന്ന കാര്യത്തിൽ അവനെ വിരോധിക്കാറില്ലാ. പ്രതിദിനപത്രങ്ങൾക്കു് വാർത്തകൾ എഴുതി അയച്ചാൽ അവ സ്വീകരിച്ചു് പ്രസിദ്ധപ്പെടുത്തുന്നവയ്ക്കൊക്കെ പ്രതിഫലം നൽകുന്നതാണു്. ഇംഗ്ലാണ്ടിൽ, വരി ഒന്നിനു് രണ്ടണ വീതം കിട്ടുവാൻ മാർഗ്ഗമുണ്ടു്; സാധാരണ ഒരണ വീതമാണു് പ്രതിഫലം കൊടുക്കാറുള്ളതു്. മറ്റു പത്രങ്ങൾക്കു് ലേഖനങ്ങളെഴുതിക്കൊടുക്കുന്നതിന്നു് വേറെ ആദായം ലഭിക്കുന്നതാണു്. പത്രങ്ങൾക്കു് ലേഖനങ്ങൾ അയക്കുവാൻ ഉൽസാഹിക്കുമ്പോൾ, അവൻ നോക്കേണ്ടതു്, ആ പത്രങ്ങൾക്കു് ഏതേതു വിഷയങ്ങളിലാണു് അധികം താൽപര്യമുള്ളതെന്നാകുന്നു. പത്രങ്ങളുടെ അഭിരുചിയും നയവും അറിഞ്ഞു് അതിന്നൊത്തു് എഴുതിക്കൊണ്ടാൽ അത്തരം ലേഖനങ്ങൾക്കു് പ്രതിഫലം കിട്ടിക്കൊള്ളും. ഒരുവൻ പുതിയതായിട്ടാണു് ഒരു റിപ്പോർട്ടർസ്ഥാനത്തു വന്നതെങ്കിൽ, തന്റെ മുൻവാഴ്ചക്കാരൻ ഏതേതു പത്രങ്ങളിലേക്കു് ലേഖനങ്ങൾ അയച്ചിരുന്നു എന്നു് അന്വേഷിച്ചറിഞ്ഞു്, ആ പത്രങ്ങളുമായി ഏർപ്പാടു ചെയ്യാൻ ശ്രമിക്കണം. ഇങ്ങനെ വാരം പ്രതിയോ രണ്ടാഴ്ചയിലൊരിക്കലോ, ലേഖനങ്ങളയച്ചുകൊടുക്കുന്നതിനു് ഒരു മാസത്തേക്കോ, മൂന്നു മാസത്തേക്കോ, ആറു മാസം കൂടുമ്പോഴോ, ഒരു കൊല്ലത്തേക്കോ ഇത്രയിത്ര പ്രതിഫലം നൽകുമെന്നു വ്യവസ്ഥയുണ്ടായിരിക്കും. എന്നാൽ, അയക്കുന്ന വകയിൽ സ്വീകരിച്ചവയ്ക്കു വരിയെണ്ണി പ്രതിഫലം കൊടുക്കുന്ന വ്യവസ്ഥ ഭാഗ്യാധീനമെന്നേ പറവാനുള്ളു. ഈ വിഷയത്തിൽ ലേഖകൻ കുറെയേറെ മുൻകരുതലുള്ളവനായിരിക്കണം. താൻ അയക്കുന്ന വാർത്തകൾ ഒരു പത്രം സ്വീകരിക്കത്തക്കതായിരിപ്പാൻ കരുതീട്ടില്ലെങ്കിൽ അവന്നു തപ്പാൽക്കൂലിയോ, ചിലപ്പോൾ കമ്പിച്ചെലവോ നഷ്ടമായിത്തീരുന്നതിന്നും പുറമെ, ആദായം ഒന്നും ലഭിച്ചില്ലെന്നും വരാം. ഒരേ വാർത്തകൾ തന്നെ ഒന്നിലധികം പത്രങ്ങൾക്കു കൊടുത്താൽ, അവയിൽ ഒന്നോ അധികമോ പത്രങ്ങൾ സ്വീകരിച്ചുവെന്നു വരും. ഈ സംഗതിയിൽ അവന്നു നഷ്ടമുണ്ടായിരിക്കയില്ല. എന്നാൽ, ചില പത്രങ്ങൾക്കു് അതതുസ്ഥലങ്ങളിൽ പ്രത്യേകമായി സ്വന്തം ലേഖകന്മാരുള്ളതിനാലും, വർത്തമാനങ്ങൾ ശേഖരിച്ചു് എത്തിപ്പാൻ പ്രത്യേകം സംഘങ്ങൾ ഏർപ്പെട്ടിട്ടുള്ളതിനാലും, ഇതിലൊന്നിലും ബന്ധമില്ലാത്ത ലേഖകന്നു ഭാഗ്യം പരീക്ഷിപ്പാൻ സൗകര്യം ചുരുങ്ങും. റൂട്ടരുടെ കമ്പി എന്നിങ്ങനെ ചില സംഘക്കാർ പ്രത്യേക വ്യവസ്ഥയിൽ കമ്പിവഴി വാർത്തയയക്കുന്നതു് വായനക്കാർ അറിഞ്ഞിരിപ്പനിടയുണ്ടു്. ഇത്തരം സംഘക്കാർക്കു ലോകത്തിൽ പലേ ദിക്കുകളിലും പ്രതിനിധികൾ ഉണ്ടു്. അതതു ദിക്കിൽ നടക്കുന്ന വിശേഷ വാർത്തകളെ പ്രതിനിധികൾ ഉടനുടൻ അറിയിച്ചുകൊടുക്കുന്നതുകൊണ്ടു് അവരുടെ കയ്ക്കൽ എത്താത്തതോ, അവർ വിട്ടുപോയതോ ആയ വാർത്തകൾ മാത്രം യഥോചിതം അയച്ചുകൊടുക്കുവാൻ ശ്രദ്ധവെയ്ക്കുകയാണു് മറ്റു ലേഖകന്മാർ ചെയ്യേണ്ടിയിരിക്കുന്നതു്. വാർത്തകൾ എഴുതി തപാലിൽ അയയ്ക്കുന്നതിലുമധികം പണച്ചെലവു കമ്പിവഴി അയയ്ക്കുന്നതിനാകയാൽ, ഇതിൽ കുറെക്കൂടി ശ്രദ്ധവേണ്ടതാണു്. ഒരേകമ്പി വാർത്തയെ ഒന്നിലധികം പത്രങ്ങൾക്കയപ്പാൻ പ്രത്യേകം സൗജന്യമായ കൂലിനിരക്കുണ്ടു്: ഒന്നാമത്തേതിന്നു മുഴുക്കൂലി കൊടുത്താൽ പിന്നെ ഓരോ ഇരട്ടിക്കും ചുരുങ്ങിയ തുക പകർത്തുകൂലിയേ വേണ്ടിയിരിക്കൂ. ആകയാൽ, ഒന്നിലധികം പത്രങ്ങൾക്കു കമ്പി അയയ്ക്കുന്നതുകൊണ്ടു്; ഏതെങ്കിലുമൊരു പത്രം സ്വീകരിച്ചു പ്രതിഫലം കൊടുത്തുവെന്നു വരും. പക്ഷേ, എല്ലാ പത്രങ്ങളും സ്വീകരിക്കയും അവ ഓരോന്നും വെവ്വേറെ ആദായം നൽകുകയും ചെയ്തു എന്നും വരാം. ഇന്നയിന്ന പത്രങ്ങൾക്കു് ഇന്നയിന്ന സംഗതികളെപ്പറ്റിയുള്ള വാർത്തകൾ സ്വീകര്യങ്ങളായിരിക്കുമെന്നു് അറിഞ്ഞിരുന്നാൽ, പ്രതിദിനപത്രങ്ങളിലേയ്ക്കയയ്ക്കുന്ന കമ്പികൾക്കു് പുറമെ, ചില പ്രതിവാര പത്രങ്ങൾക്കു വിശേഷലേഖനങ്ങളയച്ചു് ആദായമുണ്ടാക്കാനും കഴിയുന്നതാണു്. കമ്പി അയയ്ക്കുന്ന കാര്യത്തിൽ, പത്രാധിപരുമായി മുൻകൂട്ടി ഏർപ്പാടു ചെയ്യുന്നതു് ഏറെ ഉത്തമം. ഇന്ന സംഗതിയെക്കുറിച്ചു് ഇത്ര പംക്തി കമ്പിവാർത്ത അയച്ചുതരുക എന്നു് ഒരു പത്രാധിപർ സമ്മതിച്ചിരുന്നാൽ കമ്പിവാർത്ത അയച്ചുകൊടുക്കുക; അതു പ്രസിദ്ധപ്പെടുത്തിയാലും ഇല്ലെങ്കിലും, പ്രതിഫലം അയച്ചുതരും. ഇങ്ങനെ പല പത്രങ്ങൾക്കു പല പ്രകാരത്തിലുള്ള കമ്പി അയയ്ക്കേണ്ടിയിരുന്നാൽ, പ്രസംഗങ്ങൾ ചുരുക്കെഴുത്തിൽ കുറിച്ചെടുക്കുമ്പോൾ സാരഭാഗങ്ങളെ പ്രത്യേകം അടയാളപ്പെടുത്തിക്കൊള്ളുന്ന സമ്പ്രദായം സൗകര്യസമ്പാദകമായിരിക്കും. ഓരോ വിധത്തിലേയ്ക്കു വേണ്ടതു് ഓരോ പ്രകാരത്തിൽ അടയാളപ്പെടുത്തുന്നതായാൽ, തീരെ ശ്രമം കൂടാതെ ഒരേ കാലത്തുതന്നെ എല്ലാറ്റിന്നും കമ്പി അയയ്ക്കുവാൻ സാധിക്കും. പ്രതിഫലത്തിന്നു പുറമെ, കമ്പി അയയ്ക്കുന്ന വക ചെലവും പത്രാധികാരി തരും. ചിലപ്പോൾ, അകാലങ്ങളിൽ കമ്പി അയയ്ക്കേണ്ടിവന്നാൽ വിശേഷാൽ കൂലി കൊടുക്കേണ്ടിവന്നേക്കും; ഈ കാര്യങ്ങളൊക്കെ ഇംഗ്ലീഷ് പത്രങ്ങളുടെ വിഷയത്തിൽ ഉള്ളവയാണു്; മലയാളപത്രങ്ങൾക്കു് ഇതിലേയ്ക്കുള്ള ഭാഗ്യം ഇപ്പോൾ ഉണ്ടായിട്ടില്ല; മേലിൽ ഉണ്ടാകുമെന്നു ആശിക്കാം.

പത്രങ്ങൾക്കു ലേഖനങ്ങൾ എഴുതിക്കൊടുക്കുന്നവർ രണ്ടിനമായി പിരിയുന്നു എന്നു പറഞ്ഞിട്ടുണ്ടല്ലോ: ഒന്നു, പത്രകാര്യാലയത്തിൽത്തന്നെ, മാസപ്പടിക്കാരായി പണിയെടുക്കുന്നവർ; മറ്റൊന്നു്, ഇങ്ങനെ പത്രകാര്യാലയത്തിൽ ഇരുന്നു പണിയെടുക്കാത്തവരായും, പത്രത്തിന്നു ലേഖനമെഴുതി സഹായിച്ചു് അതിന്നു മാത്രമുള്ള പ്രതിഫലം വാങ്ങിക്കൊള്ളുന്നവരായും ഉള്ള എഴുത്തുകാർ. ഈ രണ്ടാമിനക്കാർക്കു വൈതനികൻ എന്നർത്ഥമാകുന്ന ‘ഫ്രീലാൻസ്’ എന്നു ഇംഗ്ലീഷിൽ പേരു വിളിക്കുന്നു. ഈ നില ഒരു പ്രകാരത്തിൽ സ്വതന്ത്രമാണെങ്കിലും, ഇത്തരക്കാർക്കു തങ്ങളുടെ പ്രയത്നത്തിനു് എന്തെങ്കിലും പ്രതിഫലം കിട്ടുവാൻ സാമാന്യത്തിലധികം ശ്രദ്ധവെച്ചുകൊണ്ടിരിക്കേണ്ടതുണ്ടു്. താൻ എഴുതിക്കൊടുക്കുന്ന ലേഖനങ്ങൾക്കു ന്യായമായി കിട്ടാവുന്ന പ്രതിഫലം മേടിച്ചുകൊണ്ടിരിക്കാമെന്നു കരുതുന്നവർ അറിഞ്ഞു നടക്കേണ്ട ചില കാര്യങ്ങളുണ്ടു്. ഒന്നാമതു, താൻ എഴുതാൻ പുറപ്പെടുംമുമ്പു തന്റെ ചരക്കു വില്ക്കേണ്ടിയ അങ്ങാടി ഏതെന്നു ചിന്തിക്കുക. ഏത്ര വളരെ ബുദ്ധിശാലിയായിരുന്നാലും, പട്ടിണി കിടക്കാൻ ആഗ്രഹമില്ലെന്നിരിക്കിൽ, ഈ മാർഗ്ഗം അവലംബിച്ചേ തീരൂ. മുഖപ്രസംഗമോ കഥയോ, മറ്റു വല്ല വിശിഷ്ടോപന്യാസമോ എഴുതിത്തയ്യാറാക്കിവെച്ചുകൊണ്ടു്, ഏതുപത്രത്തിലേയ്ക്കയക്കേണ്ടു എന്നു നിശ്ചയമില്ലാതെ. ആദ്യം മനസ്സിൽ തോന്നിയ ഒരു പത്രത്തിനു് അയച്ചുകൊടുക്കുകയും, അതു് ഉപേക്ഷിച്ചാൽ പിന്നെ മറ്റു പത്രങ്ങളെ തേടിപ്പോകയും, ഒടുവിൽ ഏതെങ്കിലുമൊരു പത്രത്തിൽ സ്വീകരിക്കയും ചെയ്യുന്ന സമ്പ്രദായം ശ്ലാഘ്യമാണെന്നു വിചാരിച്ചുകൂടാ. അനിശ്ചിതമായ ഒരു മാർഗ്ഗത്തെ ആശ്രയിക്കയാണോ നല്ലതു്? ഏതു മാർഗ്ഗമാണു വേണ്ടതെന്നു മുൻകൂട്ടി നിർണ്ണയപ്പെടുത്താൻ കഴികയില്ല, പണം കിട്ടാൻ വൈകുമെങ്കിൽ പട്ടിണികിടന്നുകളയാം—എന്നു സമാധാനപ്പെടുന്നപക്ഷം, പട്ടിണി കിടപ്പാൻ അത്രയേറെ സാമർത്ഥ്യം ലേശവും ആവശ്യമില്ലെന്നു് ഓർക്കണം. അതിനാൽ, താൻ ചെയ്യുന്ന പ്രവൃത്തിക്കു കഴിയുന്നതും നേരത്തേ പ്രതിഫലം കിട്ടേണമെന്നാഗ്രഹിക്കുന്നുവെങ്കിൽ, വാണിഭത്തിനു തക്കതായ അങ്ങാടി അറിയേണ്ടതാവശ്യം. അങ്ങാടിയിൽ പല മാതിരി സാധനങ്ങൾ വില്പാനും വാങ്ങാനും ആളുകൾ ചെല്ലുന്നുണ്ടു്; വാങ്ങാനാവശ്യക്കാരായവരിൽ ആരെങ്കിലുമൊരാൾ വാങ്ങത്തക്കതായ ഒരു സാധനം നിർമ്മിച്ചു കൊണ്ടുചെന്നാൽ അതിന്നു് ഉടനടി വിലയും കിട്ടും. ഏതു പത്രത്തിലേയ്ക്കു ലേഖനമയപ്പാൻ വിചാരിക്കുന്നുവോ ആ പത്രത്തിന്റെ മുൻ ലക്കങ്ങൾ വായിച്ചുനോക്കി അതിലേയ്ക്കു് ഏതു മാതിരി ലേഖനങ്ങൾ പറ്റും എന്നു നിർണ്ണയിക്കണം. എന്നിട്ടുവേണം, അതിലേയ്ക്കു ലേഖനമെഴുതി അയപ്പാൻ. ‘ഫ്രീലാൻസു’കാരൻ (വൈതനികൻ) അറിഞ്ഞുനടക്കേണ്ട രണ്ടാമത്തെ കാര്യം ഇതാണു്: അങ്ങാടിയിൽ വില്ക്കാൻ കൊണ്ടു ചെല്ലേണ്ട സാധനങ്ങൾക്കു് എത്രമേൽ ‘ജാത്യം’ വേണമെന്നു നിഷ്ക്കർഷയുണ്ടോ, അത്രമേൽ ജാത്യപ്പെടുത്തുവാൻ ഉൽസാഹിക്കുക. ലേഖനങ്ങൾ തിരുത്തിയും, ഭേദഗതി ചെയ്തും, കൂടുതൽ കാര്യം ചേർത്തും പുതുക്കിയെഴുതി, തേച്ചുമിനുക്കി, ലേഖനകർത്താവുതന്നെ തൃപ്തിപ്പെടണം; കുറിക്കുതന്നെ കൊള്ളിച്ചുവെങ്കിൽ പിന്നെ ദുശ്ശങ്കകൾക്കവകാശമില്ല. മൂന്നാമതായി, തന്റെ പ്രവൃത്തിയിൽ മൂന്നു നാലു മാസക്കാലത്തേയ്ക്കെങ്കിലും ചൊടിത്തത്തോടുകൂടിയിരിക്കയും, തന്റെ മേലാലത്തെ കാര്യങ്ങൾക്കു യോഗ്യമായ നടപടിക്രമം ശീലിക്കുകയും ചെയ്യണം. വൈതനികനായിരുന്നു പത്രപ്രവർത്തനത്തിൽ ശീലിപ്പാൻ തലച്ചോറു മാത്രം പോരാ എന്നും നടത്തകൂടെ ആവശ്യം എന്നും അറിയണം. ഇതിലേക്കു്, പ്രാരംഭകാലങ്ങളിൽ കൂട്ടർകൂടി നടക്കാതെയും, സമയം പാഴായിക്കളയാതെയിരിക്കേണ്ടതാണു്; അന്യന്മാരുമായി പരിചയപ്പെട്ടതുകൊണ്ടു വിശേഷാൽ ഗുണമുണ്ടാകയില്ല; അവരെപ്പറ്റിയ അറിവുകൊണ്ടല്ലാ, തന്നെയും തന്റെ പ്രാപ്തിയെയും പറ്റിയ അറിവുകൊണ്ടാണു തന്റെ പ്രവൃത്തിക്കു ഗുണമുണ്ടാവുന്നതു്. നിങ്ങൾക്കില്ലാത്ത പ്രാപ്തി മറ്റൊരുവനാൽ ഉണ്ടാക്കിത്തരാൻ കഴികയില്ലെന്നറിയുക. നാലാമതായി, പത്രത്തിന്റെ അധിപരെപ്പറ്റി ചിന്തിക്കുക: പത്രാധിപന്മാർക്കു മനുഷ്യസാധാരണമായ ന്യൂനതകൾ പലതും ഉണ്ടാവാം; അവരുടെ നയവും ഹിതവും, അറിഞ്ഞിരുന്നാൽ അവരുടെ അപ്രീതി സമ്പാദിക്കാതെ കഴിക്കാം. ലേഖനങ്ങൾ നല്ല കയ്പടയിൽ വൃത്തിയായി എഴുതിയിരുന്നാൽ, അവ വായിച്ചുനോക്കാനിരിക്കുന്ന പത്രാധിപർക്കു മനസ്സു മടുക്കുകയില്ല. പിന്നെ ചില പത്രകാര്യാലയങ്ങളിൽ കിട്ടുന്ന പകർപ്പുകൾ ചിലപ്പോൾ കണ്ടില്ലെന്നു വന്നേക്കും. ഈ നിലയിൽ ലേഖനകർത്താവിന്നു് ഇച്ഛാഭംഗവും നേരിടും; ആകയാൽ, വിശിഷ്ടലേഖനങ്ങൾക്കു തൽകർത്താക്കന്മാരുടെ കയ്ക്കൽ ഒരു പകർപ്പു വെച്ചുകൊള്ളുന്നതു് ഉത്തമം. വൈതനികൻ അവശ്യം ചെയ്യേണ്ട മറ്റൊരു കാര്യം, ദിവസംതോറും രാത്രി ഉറങ്ങാൻ പോകുംമുമ്പു, പിറ്റെന്നാൾ താൻ ചെയ്യാൻ വിചാരിക്കുന്ന പ്രവൃത്തികൾക്കു ഒരു ഓർമ്മക്കുറിപ്പു എഴുതി വയ്ക്കുകയാണു്. തനിക്കു യഥാശക്തി ചെയ്തുതീർക്കാൻ കഴിയുന്ന പ്രവൃത്തികളേ വേണ്ടു; അസാദ്ധ്യമായവ ആവശ്യമില്ല. അത്രയുമല്ല, ഒരു പത്രത്തിലേയ്ക്കു ലേഖനമയപ്പാൻ ഒരുങ്ങുമ്പോൾ, ആ പത്രത്തിന്റെ നടപടിപ്രകാരം ആവശ്യപ്പെടുന്നുണ്ടെങ്കിലല്ലാതെ, ഒരിക്കലും, താൻ ഇന്നയിന്നതെഴുതി അയക്കുന്നതു സ്വീകരിക്കുമോ എന്നു മുൻകൂട്ടി പത്രാധിപർക്കെഴുതി സമ്മതം ചോദിക്കരുതു്; ലേഖനമയച്ചുംകൊണ്ടു് അതൊന്നിച്ചു് ഒരു കത്തയയ്ക്കേണ്ടതിൻവണ്ണം ചെയ്താൽ മതി. പത്രാധിപർക്കു് നിങ്ങൾ എന്തെഴുതാൻ വിചാരിക്കുന്നു എന്നറിയേണ്ട ആവശ്യമില്ല; നിങ്ങളെഴുതി അയയ്ക്കുന്ന ലേഖനം സ്വീകാര്യയോഗ്യമോ എന്നു നിർണ്ണയിപ്പാൻ വായിച്ചുനോക്കേണ്ട ആവശ്യമേയുള്ളു. ഏതൊരു കാര്യവും പത്രഭാരവാഹിയായ പത്രാധിപരോടോ പത്രമാനേജരോടോ ഉടമസ്ഥരോടോ നേരിട്ടു ചോദിക്കുകയല്ലാതെ, താണതരക്കാരായ ജീവനക്കാരോടു് ചോദിക്കരുതു്.

പത്രക്കാർ അവശ്യം അനുഷ്ഠിക്കേണ്ടതായ ചില നീതികളെപ്പറ്റി പറയും മുമ്പു്, ലേഖകന്മാർ വൃത്താന്തസംഭരണപ്രവൃത്തിയിൽ അറിഞ്ഞു നടക്കേണ്ട ചില മാർഗ്ഗങ്ങൾ ഉള്ളവ പ്രസ്താവിക്കാം. ഒരു സംഗതിയെപ്പറ്റി റിപ്പോർട്ട് തയ്യാറാക്കുമ്പോൾ, എന്തൊക്കെയാണു് അതിൽ ഉൾപ്പെടുത്തിയിരിക്കേണ്ടതു്? ഏതു ക്രമത്തിനനുസരിച്ചാണു് എഴുതേണ്ടതു്? ഇവയിൽ ചില വിവരങ്ങൾ മുമ്പു് സൂചിപ്പിച്ചിട്ടുണ്ടു്. എന്നാൽ, സാധാരണ, പ്രദർശനം, പന്തുകളി, കല്യാണം മുതലായ സംഗതികളെപ്പറ്റി ചില സൂചനങ്ങൾ അറിഞ്ഞിരിക്കാനുണ്ടു്.

ഒരു റിപ്പോർട്ടറെ മേല്പറഞ്ഞ വല്ല കാര്യത്തിനായും നിയോഗിച്ചിരുന്നാൽ, അയാൾ ആദ്യമായി ചെയ്യേണ്ടതു് അതുസംബന്ധിച്ചു് മുൻകൂട്ടി ലഭിക്കാവുന്നെടത്തോളം വിവരങ്ങൾ അറിയുകയാണു്. പത്രത്തിന്റെ മുൻലക്കങ്ങളിൽ അതിനെപ്പറ്റി പ്രസ്താവിച്ചിരുന്നാൽ, അതൊക്കെ വായിച്ചു് മനസ്സിലാക്കണം. അതില്ലെങ്കിൽ, അതിലെ നടപടി വിവരങ്ങൾക്കു് വ്യവസ്ഥാപത്രം തയ്യാറാക്കിയിരുന്നാൽ, അതിലൊരു പ്രതി മേടിച്ചു് വിവരങ്ങൾ ഗ്രഹിക്കണം. ഒരു സംഗതിയെപ്പറ്റി ഏതൊക്കെ നിലകളിൽ നിന്നു് നോക്കി അറിയേണമോ അതൊക്കെ നടത്തിയിട്ടു വേണം റിപ്പോർട്ട് എഴുതുവാൻ. കായികാഭ്യാസക്കളികൾ, പന്തുകളി മുതലായവയെപ്പറ്റി റിപ്പോർട്ട് തയ്യാറാക്കേണ്ടിയിരുന്നാൽ, മുമ്പത്തെകുറി എന്തൊക്കെ, എങ്ങനെ, നടന്നിരുന്നു എന്നു് പത്രത്തിന്റെ മുൻലക്കങ്ങൾ വായിച്ചു മനസ്സിലാക്കുക. ഓരോ വക കളികളും ഇന്നയിന്ന സമയങ്ങളിൽ നടന്നു, ഇന്ന ആളുകൾ ജയിച്ചു, ഇന്ന ആളുകൾ ചേർന്നു് യോഗ്യതാനിർണ്ണയം ചെയ്തു, ഇന്നയിന്ന സമ്മാനങ്ങൾ നിശ്ചയിച്ചു എന്നിവയെല്ലാം എഴുതണം. എല്ലാ മുഖ്യവിവരങ്ങളും അടക്കിയിരിക്കേണ്ടതാവശ്യം; കളിക്കാരിൽ പ്രഖ്യാതന്മാരായി ആരെങ്കിലുമുണ്ടായിരുന്നാൽ അവരുടെ പേരുവിവരവും പറയണം. ഓരോ കളിക്കും അതിന്നു് പ്രത്യേകമായ പേരുകൾ ഉണ്ടായിരിക്കും. ഇവയെ ശരിയായി മനസ്സിലാക്കിയിരിക്കണം. കളിയെപ്പറ്റി എഴുതുമ്പോൾ, കളിക്കാർ ഉപയോഗിക്കുന്ന സാങ്കേതികപദങ്ങൾ പ്രയോഗിക്കുന്നതിന്നുപകരം ലേഖകന്നു് തോന്നിയതെഴുതിയാൽ, റിപ്പോർട്ട് നിഷ്പ്രയോജനമായിത്തീരും.

കൃഷിപ്രദർശനത്തിൽ പലേ കൗതുകകരമായ സംഗതികളുണ്ടു്. മുമ്പത്തെ കുറി നടന്ന പ്രദർശനത്തിന്റെ വിവരങ്ങൾ പത്രത്തിൽ പ്രസ്താവിച്ചിരുന്നുവെങ്കിൽ, അവ വായിച്ചുനോക്കുക. കാഴ്ചസ്സാധനങ്ങൾ, സമ്മാനവിവരങ്ങൾ, മുതലായവയെപ്പറ്റി, വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ, അതു് കുറിച്ചെടുക്കുക. പ്രദർശനശാലയിൽ കാലേക്കൂട്ടി എത്തുക; സ്വാഗത വചനങ്ങളോ മുദ്രാവാക്യങ്ങളോ ഏഴുതിപ്പറ്റിച്ചിരുന്നാൽ, അതുകൾ കുറിച്ചെടുക്കുക; പിന്നെ, നേരെ, പ്രദർശനകാര്യദർശിയുടെ അടുക്കലേക്കു പോവുക; കാഴ്ചസ്സാധന വിവരങ്ങൾക്കും മറ്റും പട്ടിക തയ്യാറാക്കിയിരുന്നാൽ ഒരു പ്രതി വാങ്ങുക. കഴിഞ്ഞ കൊല്ലങ്ങളിലെ പ്രദർശനങ്ങളെ അപേക്ഷിച്ചു് ഇപ്പോഴത്തേതു് എത്ര വ്യത്യാസപ്പെട്ടിട്ടുണ്ടെന്നു് കാര്യദർശിയോടു ചോദിച്ചറിയുക. ഇതു നിർണ്ണയിപ്പാൻ കണക്കുകളുണ്ടെങ്കിൽ, കുറിച്ചെടുക്കുക. ഏതേതു വകുപ്പുകളിൽ അഭിവൃദ്ധിയുണ്ടായിട്ടുണ്ടെന്നും, ഏതേതിൽ താഴ്ചയാണെന്നും, ഇവയുടെ കാരണമെന്തെന്നും അന്വേഷിക്കുക. കാഴ്ചപ്പന്തലിൽ ചുറ്റിനടന്നു് ഓരോ ഭാഗത്തും കാണുന്ന വ്യവസ്ഥകളുടെ വിവരങ്ങൾ കുറിക്കുക. ഓരോ വകുപ്പും വിസ്തരിച്ചെഴുതാനാണു് വിചാരമെങ്കിൽ, അതതു വകുപ്പിന്റെ ചുമതലക്കാരെക്കണ്ടു് വേണ്ടവിവരങ്ങൾ ചോദിച്ചറികയും, വിശേഷസമ്മാനങ്ങൾക്കു യോഗ്യതയുള്ള ഉരുക്കളുടെ വിവരങ്ങൾ കുറിച്ചെടുക്കയും ചെയ്ക. കാഴ്ചസാധനപ്പട്ടികയിൽ സമ്മാനാർഹമായ ഓരോന്നിനെയും അടയാളപ്പെടുത്തുക. വിശേഷ സമ്മാനങ്ങൾ കൊടുത്തുകഴിയുമ്പോൾ, സമ്മാനം കിട്ടിയവരുടെ പേരുവിവരങ്ങളും, മുമ്പു് എവിടെവെച്ചെങ്കിലും സമ്മാനം ലഭിച്ചിരുന്നാൽ ആ വിവരവും ചോദിച്ചു് കുറിച്ചെടുക്കണം. കാഴ്ച ഒരു ദിവസംകൊണ്ടു കഴിഞ്ഞിട്ടില്ലെന്നിരിക്കിൽ, അടുത്ത ദിവസത്തേയ്ക്കു് ഉള്ളതൊക്കെ എന്താണെന്നു് സൂചനം ചെയ്ക. ഈ വേലകളിൽ ചിലതു് മറ്റു പത്രറിപ്പോർട്ടർമാരുമായി പങ്കിട്ടുചെയ്യാവുന്നതും, തമ്മിൽ വിവരങ്ങൾ കൈമാറ്റാവുന്നതുമാകുന്നു. വേണ്ടതെല്ലാം കുറിച്ചെടുത്തതിന്റെശേഷം, താഴെപ്പറയുന്ന ക്രമത്തിൽ റിപ്പോർട്ടെഴുതുക: പ്രസ്താവന; സ്ഥാപനത്തിന്റെ പേരു ചരിതം, അഭിവൃദ്ധി; കാര്യനിർവാഹകന്മാരുടെ പേരുവിവരം; സമ്മാനത്തുക; വിശേഷസമ്മാനങ്ങൾ, മുൻകൊല്ലങ്ങളെ അപേക്ഷിച്ചു് കാഴ്ചസ്സാധനങ്ങളിലും മറ്റും ഉണ്ടായിട്ടുള്ള വർദ്ധന; പ്രദർശനം കാണ്മാൻ എത്തുന്നവരെ സൽകരിക്കുന്നതിനായി ചെയ്തിട്ടുള്ള വ്യവസ്ഥകൾ; കാലാവസ്ഥ; പ്രാരംഭസമയം കാഴ്ചക്കാരായി കൂടിയവരുടെ സംഖ്യ; കാഴ്ചസ്ഥലത്തിന്റെ വർണ്ണനം; ഓരോ വകുപ്പിന്റെയും വർണ്ണന—ആടു്, മാടു്, കുതിര, പോത്തു്, പന്നി, കോഴി, കൃഷിക്കോപ്പുകൾ, ധാന്യങ്ങൾ, മുതലായ വകുപ്പുകളൊക്കെ വർണ്ണിക്കണം—വിശ്രമകരഭോജനം, പ്രസംഗങ്ങൾ, ഇവയുണ്ടെങ്കിൽ മാത്രം—വിശേഷിച്ചു് വല്ല കായികാഭ്യാസങ്ങളോ കളികളോ ഉണ്ടായിരുന്നാൽ അവ, പകൽ വെയിലോ മഴയോ മൂടലോ എങ്ങനെയായിരുന്നു എന്നു; ആകെ കൂടിയ കാഴ്ചക്കാരുടെ എണ്ണം; പ്രവേശനം അനുവദിക്കയാൽ കിട്ടിയ ആദായം; സമ്മാനവിവരങ്ങൾ. ഈ സമ്പ്രദായങ്ങൾ തന്നെ മറ്റു കാഴ്ചവേല റിപ്പോർട്ടുകൾക്കും പറ്റുന്നതാണു്.

വിവാഹാഘോഷങ്ങൾക്കു് വധൂവരന്മാരെയും അവരുടെ കുടുംബങ്ങളുടെ ചരിതങ്ങളെയും പറ്റി മുൻകൂട്ടിതന്നെ വിവരങ്ങൾ ശേഖരിച്ചിരിക്കേണ്ടതാണു്. ഇതിന്നും പുറമെ വിവാഹം എവിടെവെച്ചു് നടത്തുന്നു; വിവാഹത്തിന്നുള്ള ഒരുക്കങ്ങൾ എന്തൊക്കെ; പ്രമാണികൾ ആരൊക്കെ ഹാജരായി; സദ്യയുടെ വിഭവങ്ങൾ എങ്ങനെ, ഇപ്രകാരം പല വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കണം.

സംസ്ഥാനഭരണാധിപന്മാർ മുതലായ മഹാപ്രസിദ്ധ ജനങ്ങളുടെ ആഗമനാഘോഷങ്ങളുണ്ടായാൽ, അതു സംബന്ധിച്ച നടപടിക്രമപത്രങ്ങൾ മുൻകൂട്ടി നിർവാഹകസംഘക്കാരോടു് മേടിക്കുക; മംഗളപത്രങ്ങൾ സമർപ്പിക്കുന്നുണ്ടെങ്കിൽ അവയുടെ പകർപ്പുകൾ സമ്പാദിക്കുക; പ്രവേശനത്തിനു് പ്രത്ര്യേക അനുവാദം വേണ്ടിയിരുന്നാൽ അതും മേടിച്ചിരിക്കുക; ആഘോഷങ്ങളിൽ ഉണ്ടാകുന്ന വിശേഷങ്ങളെല്ലാം കുറിക്കുക ഇത്രയും അത്യാവശ്യമാണു്.

അഗ്നിബാധ, കൊലപാതകം, തീവണ്ടി അപകടം, ലഹള മുതലായവയിൽ പോലീസുകാരുടെ സഹായം കൂടാതെ കഴികയില്ല. ഒരു വീടു് വെന്താൽ: അതു് ആരുടേതു്, ആർ പാർത്തിരുന്നു, എന്തു സാമാനങ്ങൾ നശിച്ചു, നഷ്ടം എത്ര വരും, വല്ല ബീമ ഉടമ്പടികളും ഉണ്ടോ, എന്നൊക്കെയുള്ള വിവരങ്ങൾ പോലീസുകാരിൽനിന്നു് ലഭിക്കും. പിന്നെ, തീക്കെടുത്തുന്നതിനു് അധികൃതന്മാരും ജനങ്ങളും ചെയ്ത യത്നങ്ങൾ എന്തായിരുന്നു എന്നും വർണ്ണിക്കണം. കൊലപാതകസംഗതിയിൽ വിവരങ്ങൾ അറിവാൻ പോലീസുകാരെയും, കൊലചെയ്യപ്പെട്ട ആളുടെ ബന്ധുക്കളെയും ഭൃത്യന്മാരെയും, അയൽക്കാരെയും കണ്ടു് വിവരങ്ങൾ ചോദിച്ചറിയണം. കൊലപാതകക്രിയയെക്കുറിച്ചും, കുറ്റക്കാരനായി പിടിച്ചിരിക്കുന്നവനെക്കുറിച്ചും, കൊലചെയ്യപ്പെട്ട ആളെക്കുറിച്ചും സാക്ഷ്യം പറയാൻ കഴിയുന്നവരായി ആരെല്ലാമുണ്ടെന്നു് അറിവു കിട്ടുന്നപക്ഷം, അതും പറയണം. എന്നാൽ തെളിവിൽ വരാത്ത യാതൊരു സംഗതിയും ഉറപ്പിച്ചു പറയരുതു്. തീവണ്ടി അപകടമായിരുന്നാൽ, ഏതു വണ്ടിക്കാണു് ആപത്തു പറ്റിയതു്, ആ വണ്ടി മുൻ സ്റ്റേഷനിൽനിന്നു എപ്പോൾ പുറപ്പെട്ടു, അപകടം പറ്റിയതു ഏതു സ്ഥലത്തുവെച്ച്; അവിടെ ഏതു സമയം എത്തേണ്ടതായിരുന്നു, എന്നു് അന്വേഷിച്ചറിയണം. അപകടത്തിന്റെ കാരണം, ഫലം, എന്നിവയെപ്പറ്റി, യാത്രക്കാരോടു ചോദിച്ചറിയണം. സമീപത്തു തീവണ്ടിപ്പാത വേലക്കാരുണ്ടായിരുന്നാൽ അവരോടും ചോദിച്ചറിയുക. അപകടസംഭവത്തെപ്പറ്റി എത്രയും വിവരമായും, ആദി മുതൽ അവസാനംവരെ യാതൊരു സംഗതിയും വിടാതെയും എഴുതേണ്ടതാവശ്യമാകുന്നു. ലഹളകളെ സംബന്ധിച്ചു, പൊലീസുകാരോടു വിവരങ്ങൾ അന്വേഷിച്ചറിക. ലഹള നടക്കുന്ന സ്ഥലം, കാലം, ആൾക്കൂട്ടം, അക്രമ പ്രവൃത്തികൾ, ഫലങ്ങൾ എന്നിവയെല്ലാം എഴുതിയിരിക്കേണ്ടതാകുന്നു. ഇക്കാര്യങ്ങളിലൊക്കെയും, വർത്തമാനങ്ങൾ ശേഖരിപ്പാൻ പോകുന്ന പത്രക്കാരനു് അസാമാന്യമായ ബുദ്ധികൌശലവും നയോപായവും ഉണ്ടായിരിക്കണം. അവന്നു ഏതു ഭാഗത്തുനിന്നാണോ വിവരങ്ങൾ കിട്ടേണ്ടതു് ആ ഭാഗത്തുതന്നെ അവൻ എത്തിച്ചേർന്നിരിക്കണം. മറ്റുള്ള ജനങ്ങൾ അറിയുംമുമ്പു് വിവരങ്ങൾ ഗ്രഹിക്കയും ഉപായത്തിൽ സ്ഥലം വിട്ടു് അതിശീഘ്രം പത്രത്തിലേക്കു് റിപ്പോർട്ട് കൊടുക്കയും വേണം. ഇതിലേക്കു്, പത്രക്കാരൻ സർക്കാരുദ്യോഗസ്ഥന്മാരോടും പൊതുജനകാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇതരന്മാരോടും വിശ്വാസ്യനായി ഇടപഴകേണ്ടതുമാണു്.

സഭായോഗങ്ങൾ മുതലായവയ്ക്കു് റിപ്പോർട്ടർ കൃത്യമസമയത്തിനുമുമ്പു തന്നെ എത്തിയിരിക്കേണ്ടതുകൂടാതെ, ആവശ്യപ്പെട്ട ഉപകരണങ്ങളും കരുതിയിരിക്കണം. എഴുതുവാൻ പേനയെക്കാൾ സൗകര്യപ്പെടുന്നതു് പെൻസിലാണു്. പ്രസംഗങ്ങൾ കുറിച്ചെടുക്കുന്നതിനു്, രണ്ടോ മൂന്നോ പെൻസിൽ, ഇരുതലയും ചെത്തിക്കൂർമ്പിച്ചു് കരുതിവെയ്ക്കണം. കുറിക്കാനുള്ള പുസ്തകങ്ങൾ കൈയിലടങ്ങത്തക്കവയായിരിക്കണം; നീളവും വീതിയും അധികമായുള്ളവ ശല്യകാരണമായി തോന്നും; പ്രസംഗങ്ങൾ കുറിക്കുമ്പോൾ, മുൻവാചകത്തിന്റെ അന്ത്യഭാഗം വിടാതെയും ഓർമ്മവെച്ചുംവേണം അടുത്ത വാചകമെഴുതുവാൻ. ചിലപ്പോൾ ഇരുട്ടത്തിരുന്നു് കുറിക്കേണ്ടതായി വരും: ആ അവസരങ്ങളിൽ വരികൾ ഒന്നിനുമേൽ ഒന്നായി എഴുതാതിരിപ്പാൻ, ഇടത്തുകൈവിരൽകൊണ്ടു് വരിയുടെ ആരംഭമെവിടെയെന്നു് ലക്ഷ്യപ്പെടുത്തിക്കൊള്ളാവുന്നതാണു്.

ഒരു പത്രത്തിന്റെ റിപ്പോർട്ടർ മറ്റു പത്രങ്ങളുടെ റിപ്പോർട്ടർമാരുമായി സഹോദരസ്നേഹത്തോടുകൂടിയിരിക്കേണ്ടതു് മുഖ്യമായ ആവശ്യമാണു്. ഒരേദിവസം പ്രസിദ്ധപ്പെടുത്തുന്ന ഒന്നിലധികം പത്രങ്ങളുടെ റിപ്പോർട്ടർമാർ ഒരു സഭായോഗത്തിന്റേയോ മറ്റോ വിവരങ്ങൾക്കു് റിപ്പോർട്ട് എഴുതാൻ വന്നിരുന്നാൽ, അവരിൽ ഒരാളുടെ പക്കൽ വളരെ മുഖ്യമായ ഒരു രേഖ കിട്ടുന്നപക്ഷം, അതു് മറ്റുള്ളവർക്കു് കാൺമാനോ പകർത്തെടുക്കാനോ കൊടുക്കാതെ, തന്റെ പത്രത്തിലേക്കായി കൊണ്ടുപോകുന്ന സമ്പ്രദായം കിടമത്സരത്താൽ അനുവദിക്കപ്പെടുമായിരുന്നാലും സാമാന്യേന ആദരണീയമല്ല. പത്രക്കാർ എല്ലാവരും ഒരേ ഉദ്ദേശത്തിനായിട്ടാണല്ലോ വേലചെയ്യേണ്ടതു്. ലോകക്ഷേമാർത്ഥം വേലചെയ്യുമ്പോൾ, ഒരാൾ മറ്റൊരുവനെ പിന്നിൽ നിറുത്തേണമെന്നില്ല. സമദൃഷ്ടിയായി പ്രവർത്തിച്ചാൽ, വളരെ കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കാൻ കഴിയുന്നതുമാണു്. പത്രക്കാർ തമ്മിലുള്ള ‘സൗഭ്രാത്രം’ അല്ലെങ്കിൽ സൗഹാർദ്ദം ഇപ്പോൾ വർദ്ധിച്ചുവരുകയാണു്. ഒരു യോഗത്തിൽ നടക്കുന്ന പ്രസംഗം വളരെ ദീർഘമായിരിക്കുമ്പോൾ, പല പത്രങ്ങളുടെയും റിപ്പോർട്ടർമാർ ഒത്തുചേർന്നു്, ഓരോരുത്തൻ ഓരോ ഘട്ടം കുറിക്കയും മറ്റൊരുവൻ അതുംവെച്ചുംകൊണ്ടു കമ്പിവാർത്തയെഴുതുകയും മറ്റൊരുവൻ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുന്നതു് ഇപ്പോൾ നടപ്പായിത്തീർന്നിട്ടുണ്ടു്.

പത്രാധിപർ തുടങ്ങി വൃത്താന്തലേഖകൻവരെയുള്ള പല ഇനം പത്രക്കാരൊക്കെയും ഒരേ പ്രകാരത്തിൽ അനുഷ്ഠിക്കേണ്ടതായ ചില സദാചാര തത്ത്വങ്ങൾ ഉണ്ടു്. ഇവയിൽ ഒന്നു്, അന്യന്മാരോടു ന്യായബുദ്ധിയായിരിക്കമെന്നുള്ളതാകുന്നു. ഒരു ലേഖനത്തിൽ ആരെപ്പറ്റി പറയുന്നുവോ ആ ആളെ നിഷ്കാരണമായി വേദനപ്പെടുത്തുവാൻ യത്നിക്കരുതു്. ആ ആൾ ദുഷ്ടത പ്രവർത്തിച്ചിരുന്നാൽ, അയാളുടെ മേൽ വൃഥാദോഷാരോപം ചെയ്യരുതു്. വിശേഷിച്ചും, കക്ഷിവഴക്കുകൾ ഉള്ള സന്ദർഭങ്ങളിൽ, ഒരുവനെ അന്യായമായി നിന്ദിക്കയോ മറ്റൊരുവനെ, അനർഹമായി സ്തുതിക്കയോ ചെയ്യുന്നതു് സത്യത്തിന്നും നീതിക്കും വിപരീതമാണു്. ചിലപ്പോൾ, പത്രക്കാരൻ ശത്രുക്കളുടെ ദ്വേഷത്തിൽ കുടുങ്ങാനുമിടയാകും. എന്നാൽ താൻ പറയുന്നതു് സത്യത്തിന്നു് അനുസരണമായിരുന്നാൽ, അതുനിമിത്തം ഉണ്ടാകുന്ന ശത്രുക്കളെ ഗണ്യമാക്കേണ്ടതില്ല. സദാചാരകാര്യമായ മറ്റൊന്നു്, എപ്പോഴും, ബുദ്ധിസ്ഥൈര്യത്തോടുകൂടിയിരിക്കുകയാകുന്നു. ഇതിന്റെ അർത്ഥം, ബുദ്ധിക്കു് വിപ്ലവം ഉണ്ടാക്കുന്നതായ യാതൊന്നും സേവിക്കരുതെന്നാണു്. പത്രക്കാരന്റെ പണി വളരെ ക്ലേശകരമാണെന്നിരിക്കയാൽ, ക്ലേശങ്ങൾ അറിയാതെയിരിക്കുന്നതിനുവേണ്ടി, ലഹരിപേയങ്ങൾ സേവിക്കുന്നതു് നല്ലതാണെന്നു ചിലർ കരുതുമാറുണ്ടു്. മദ്യസേവകൊണ്ടു, ബുദ്ധിശക്തിക്കു ക്ഷയം തട്ടുന്നതും, ഗുണാഗുണനിർണ്ണയം ചെയ്യാൻ സാധ്യമല്ലാതെയാകുന്നതുമാണു്. പത്രക്കാരൻ ഏകാഗ്രചിത്തനായിരുന്നു തന്റെ പ്രവൃത്തിയെ ഒരു ന്യായാധിപന്നൊപ്പം നടത്തേണ്ടവനാകയാൽ, ന്യായാന്യായ വിചാരണശക്തിയെ ശിഥിലമാക്കുന്ന ദുശ്ശീലങ്ങൾക്കു വഴിപ്പെട്ടുകൂടാത്തതാകുന്നു. ഇവയ്ക്കെല്ലാറ്റിനും മീതെ നിൽക്കുന്ന ഒരു സദാചാരകാര്യമാണു് കൈക്കൂലിയെ സംബന്ധിച്ചുള്ളതു്. തന്റെ ദൂഷ്യങ്ങളെ മറയ്ക്കുവാനോ എതിരാളിയെ മറിയ്ക്കുവാനോ തനിക്കില്ലാത്തതായ ഗുണങ്ങളെ ഉള്ളതാക്കി സ്തുതിപ്പാനോ, അന്യന്റെ മേൽ ദോഷം ആരോപിപ്പാനോ, പത്രക്കാരന്നു് കൈക്കൂലി കൊടുത്താൽ സാധ്യമാകും എന്നു് വിചാരിക്കുന്നവർ ഉണ്ടു്. ഇങ്ങനെ വിചാരിക്കുവാൻ പത്രക്കാരർ ചിലർ സംഗതിയുണ്ടാക്കാറുമുണ്ടു്. കൈക്കൂലി പല തരത്തിലാവാം. ഒരു സർക്കാരുദ്യോഗസ്ഥന്റെയോ പ്രഭാവശാലിയായ മറ്റൊരുവന്റെയോ സംഗതിയിൽ, പത്രക്കാരന്നു് പണം കൊടുക്കുന്നതായ് വരാം; അവന്റെ സ്വന്തം കാര്യങ്ങൾ ഫലപ്പെടുത്തിക്കൊടുക്കുന്നതായ് വരാം; അവനു് ആദായമുണ്ടാക്കത്തക്ക പണികൾ ഏൽപിച്ചുകൊടുക്കുന്നതായ് വരാം; കൂലികിട്ടുന്നതായുള്ള സർക്കാർവക പരസ്യങ്ങൾ അവന്റെ പത്രത്തിലെക്കയച്ചുകൊടുക്കുന്നതായ് വരാം; ചിലപ്പോൾ പത്രക്കാരന്നു് സാപ്പാടും ‘കൈമടക്കു’കളും കൊടുക്കുന്നതായ് വരാം; ചിലപ്പോൾ അവനു് വീരശൃംഖലയോ, മോതിരമോ, വളയോ സമ്മാനമായിട്ടു് കൊടുപ്പിക്കുന്നതായ് വരാം; ചിലപ്പോൾ, അവനെ സർക്കാരുദ്യോഗസ്ഥന്റെ ഒപ്പം കൊണ്ടുനടക്കുന്നതായ് വരാം. ഇപ്രകാരമുള്ള കൈക്കൂലികൊണ്ടു് പത്രക്കാരെ പാട്ടിലാക്കി, പൊതുജനകാര്യങ്ങൾ, ജനതയുടെ ഹിതത്തിനു വിപരീതമായി, പ്രവർത്തിപ്പിക്കുന്നവരും, അതിന്നായി ആഗ്രഹിക്കുന്നവരും മലയാള രാജ്യങ്ങളിൽ സാധാരണമാണെന്നു പറയുന്നതു് നിശ്ശേഷം അവാസ്തവമല്ലാ. ജനങ്ങൾ പത്രക്കാരനെ തങ്ങളുടെ പ്രതിനിധിയായി കരുതി വിശ്വസിക്കുന്നു; പത്രക്കാരൻ അവരുടെ വിശ്വാസത്തെ ലംഘിക്കാതെ നടത്തേണ്ടതിന്നു കടമപ്പെട്ടിരിക്കുന്നു. അവൻ, പണാദായത്തെ കൊതിച്ചു്, ജനഹിതത്തിനു വിപരീതമായി ജനദ്രോഹികളായവരോടു ചേർന്നു്, കൈക്കൂലി മേടിച്ചു് ജനവഞ്ചന ചെയ്യുമ്പോൾ, പത്രധർമ്മത്തിന്നും ജനങ്ങൾക്കും ലോകക്ഷേമത്തിന്നും ദ്രോഹം ചെയ്യുന്നവനായിത്തീരുന്നു. പണമോഹത്താൽ ദുരാത്മാക്കളുടെ വലയിൽ കുടുങ്ങി, പൊതുജനവിശ്വാസഘാതം ചെയ്തു്, ജനങ്ങളാൽ നിന്ദിക്കപ്പെട്ടിട്ടു്, ഒടുവിൽ ദുഃഖിക്കാൻ സംഗതിവന്നിട്ടുള്ള ഒന്നിലധികം പത്രക്കാരുടെ കഥ മലയാളികളായ പത്രവായനക്കാർ അറിഞ്ഞിരിപ്പാൻ ഇടയുണ്ടു്. ഇത്തരക്കാർ പത്രത്തിന്റെ മഹത്തായ പദവിയെ കളങ്കപ്പെടുത്തുകയും, ലോകത്തിൽ അധർമ്മത്തിന്നും അധർമ്മികൾക്കും വളരുവാൻ സൗകര്യമുണ്ടാക്കിക്കൊടുക്കുയും ചെയ്യുന്നവരാണു്. പൊതുജനങ്ങളുടെ അഭിപ്രായത്തിന്നും ഹിതത്തിന്നും വിരോധമായി നടക്കാതിരിക്കാനാണു് പത്രപ്രവർത്തകൻമാർ ശ്രദ്ധ വയ്ക്കേണ്ടതു്.

പത്രസ്വാമിയായ ഉടമസ്ഥന്റെ നില എന്തായിരിക്കണം. അയാളും പത്രാധിപരും തമ്മിൽ ഏതുവിധം പെരുമാറണം? പത്രാധിപർ ഉടമസ്ഥരുടെ ആജ്ഞകളെ ശിരസാവഹിച്ചു നടത്തേണ്ടവൻ മാത്രമോ? പത്രത്തിൽ പ്രതിബിംബിപ്പിക്കേണ്ടതു് പത്രാധിപരുടെ അഭിപ്രായമോ, ഉടമസ്ഥരുടേതോ? പത്രാധിപർ എപ്പോഴും പൊതുജനങ്ങളുടെ ഹിതത്തിന്നായി കരുതിപ്രവർത്തിക്കേണ്ടവനാണു്. പൊതുജനങ്ങൾക്കു് ഇന്നതു ദോഷമെന്നും ഇന്നതു ഗുണമെന്നും അവർക്കഭിപ്രായമുണ്ടെങ്കിൽ അതിനെ പ്രതിഫലിപ്പിക്കേണ്ടതത്രേ പത്രാധിപരുടെ കടമ; ഈ സംഗതിയിൽ ഉടമസ്ഥനു് എങ്ങനെയോ അഭിപ്രായമുണ്ടായിരുന്നോട്ടെ; അയാളുടെ അഭിപ്രായം ഗണ്യമല്ലെങ്കിൽ തള്ളിക്കളയണം. എന്നാൽ, പത്രാധിപരുടെ ആഗ്രഹം പൊതുജനഹിതത്തിനും പൊതുജനാഭിപ്രായത്തിനും പ്രതികൂലമായിരുന്നാലോ, അയാൾ സ്വേച്ഛാചാരിയായി തന്റെ ഇഷ്ടം നടത്തരുതു്. അങ്ങനെ നടത്തിയാൽ, വായനക്കാർക്കു് പത്രത്തിന്റെ പേരിൽ അതൃപ്തി തോന്നുവാനും പത്രത്തിനു് ഇടിച്ചലുണ്ടാവാനും സംഗതിയാവും. ആകയാൽ, പത്രാധിപർ പത്രത്തിന്റെ അഭ്യുദയത്തെക്കൂടി നോക്കിവേണം തന്റെ പ്രവൃത്തി നടത്താൻ. പൊതുജനങ്ങളുടെ ഹിതത്തെയും അഭിപ്രായത്തെയും അനുഗമിക്കുന്നതോടുകൂടി, അവരുടെ അഭിപ്രായത്തെ വരുങ്കാലത്തേക്കു യോജിക്കത്തക്കവണ്ണം സ്വരൂപിപ്പാനും പത്രാധിപർക്കു കഴിയണം; അയാൾ ഏകദേശം ഒരു ദീർഘദർശിയെന്നോണം വേണം പൊതുജനകാര്യങ്ങളിൽ ജനങ്ങളെ ഉപദേശിക്കുവാൻ. ഈ സ്ഥിതിക്കു് പത്രാധിപർ ഒരിക്കലും ഉടമസ്ഥരുടെ ആജ്ഞാകരനായിരിക്കരുതു്. ഇങ്ങനെ ആജ്ഞാപിക്കുവാൻതന്നെയും ഉടമസ്ഥൻമാർക്കു് യോഗ്യത എന്തുള്ളൂ? കുറെ പണം കൈക്കലിരുന്നതു് പത്രം നടത്താനായി മുടക്കിയിട്ടു എന്നോ, അച്ചുകൂടം തന്റെ വകയായി നടത്തുന്നു എന്നോ, മറ്റോ സംഗതികളെ ആധാരമാക്കിക്കൊണ്ടു് പത്രത്തിന്റെ ഉടമസ്ഥനെന്നു ഞെളിയുന്നവരുണ്ടു്; ഇത്തരക്കാർക്കു് എങ്ങനെയും പണമുണ്ടാക്കണമെന്നു് മോഹമായിരിക്കുമ്പോൾ, പത്രങ്ങൾക്കു് സ്വാതന്ത്ര്യം എവിടെയുണ്ടാകാൻപോകുന്നു. പത്രനടത്തിപ്പുകാരൻ സ്വതന്ത്രനായിതന്നെ കഴിഞ്ഞുകൂടുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, താപസനായിരിക്കേണ്ടിവരും; എന്നിരുന്നോട്ടെ. എങ്കിലും പത്രങ്കൊണ്ടു് സമുദായത്തിലും, രാജ്യകാര്യങ്ങളിലും, സ്വാർത്ഥങ്ങൾ നേടിക്കൊള്ളാം എന്നു കരുതുന്നവരെ അതിലേക്കു് അനുവദിക്കേണമോ? സർക്കാർ കാര്യങ്ങളിൽ ഉദ്യോഗക്കയറ്റം മുതലായ പ്രസാദങ്ങൾ ലഭിപ്പാനായി ശ്രമിക്കുന്നവർക്കും സാഹിത്യകാര്യങ്ങളിൽ താൻ കേമനെന്നും തന്റെ കൃതികൾ നിർദ്ദോഷങ്ങളെന്നും കൊട്ടിഘോഷിപ്പാൻ ആഗ്രഹിക്കുന്നവർക്കും, ഇപ്രകാരം മറ്റു പലേ കൃത്രിമക്കാർക്കും പത്രം സഹായമായിരുന്നാൽ, പൊതുജനഹിതമെവിടെ നിൽക്കും! ഉടമസ്ഥൻ എന്റെ ഇഷ്ടനാണു്, ഞാൻ അപേക്ഷിക്കുമ്പോലെ പത്രത്തിൽ പ്രസ്താവിക്കും—എന്നും മറ്റും അന്യനൊരുവന്നു് വിചാരം ഉണ്ടാവാൻ തക്കവണ്ണം പത്ര ഉടമസ്ഥൻ അന്യൻമാരോടു് കൂട്ടുകൂടരുതു്; വിശേഷിച്ചും, രാജ്യകാര്യങ്ങളിൽ ഇടപെട്ടിരിക്കുന്നവരുമായി ഇങ്ങനത്തെ സഖ്യമേ യുക്തമല്ല. പത്രക്കാരന്റെ കർത്തവ്യങ്ങളിലൊന്നു് വർത്തമാനങ്ങൾ ശേഖരിച്ചു പ്രസിദ്ധപ്പെടുത്തുവാനാണു്; രാജ്യകാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചിലർക്കു് ചില വാർത്തകൾ പത്രത്തിൽ പ്രസിദ്ധപ്പെടുത്തരുതെന്നു് ഉൽക്കണ്ഠയുണ്ടായിരിക്കും; അതു് സാധിപ്പാൻ വേണ്ടി അവർ പത്രക്കാരനെ പാട്ടിൽവയ്ക്കും; ഏറിവന്നാൽ, കൈക്കൂലിയും കൊടുക്കും. ഉടമസ്ഥൻ ഇതിൽ അടിമപ്പെട്ടാൽ അയാളുടെ പത്രംകൊണ്ടു് എന്താണു് പൊതുജനോപകാരം? അയാൾ ബഹുജനങ്ങൾ അറിയേണ്ടിയ വർത്തമാനങ്ങളെ മറച്ചുവയ്ക്കുക നിമിത്തം അവരെ വഞ്ചിക്കുകയല്ലേ ചെയ്യുന്നതു്? ഇതിലുമപ്പുറം, അയാൾ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയോ, രാജ്യകാര്യപ്രസക്തന്റെയോ സേവയ്ക്കു നിന്നു് വാസ്തവത്തിനു വിരുദ്ധമായ പ്രകാരം പ്രസ്താവിച്ചാലുള്ള വഞ്ചന എത്രയോ വലുതാണു്. ഇനി മറ്റൊരു ദൂഷ്യമുണ്ടു്: പത്ര-ഉടമസ്ഥൻ, “ക്ലബ്” എന്നു പറയുന്ന വിനോദവിശ്രമ സംഘങ്ങളിൽ അംഗമായിചേർന്നു് ആ വഴിക്കും ദൂഷിതനാവാൻ ഇടയുണ്ടു്. പത്രത്തിന്റെ ശക്തി എത്രയേറെയോ, അത്രയേറെ ഊക്കോടു കൂടിയായിരിക്കും പത്രത്തിൽ പറയുന്ന ആക്ഷേപങ്ങൾ ഓരോരുത്തരുടെമേൽ തറയ്ക്കുന്നതു്. ഇത്തരം അനുഭവം ഒഴിച്ചുവെപ്പാൻ ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ പത്ര-ഉടമസ്ഥന്റെ ഇഷ്ടം സമ്പാദിക്കുന്നതിനു് ക്ലബിൽ കൂടുകയും, ഉടമസ്ഥനെ വശീകരിക്കുകയും ചെയ്യും. ഉടമസ്ഥൻ ഈ കെണിയിൽ കുടുങ്ങാതിരിക്കണം; അതിലേക്കു് ഉത്തമമായ ഉപായം സംഘത്തിൽ അംഗമായി ചേരാതിരിക്കുകതന്നെയാണു്. പത്രക്കാരൻ വെടിയേണ്ട മറ്റൊരു കാര്യമുണ്ടു്: പണക്കച്ചവടക്കാരായും, റബ്ബർക്കമ്പനി മുതലായ കൂട്ടുവ്യാപാരക്കാരായും, നേരിട്ടോ, മറ്റു പ്രകാരത്തിലോ, യാതൊരുസഖ്യവും അരുതു്; അത്തരം വ്യാപാരങ്ങളിൽ ചേർന്നുനടക്കയുമരുതു്.

ഇവയൊക്കെ നടപ്പില്ലാത്ത നിബന്ധനകളാണെന്നു് ചിലർക്കു തോന്നിയേക്കാം; സാധിപ്പാനും പ്രയാസമാവാം. എങ്കിലും തൊഴിലിന്റെ പവിത്രതയെ പാലിപ്പാൻ അത്യന്താപേക്ഷിതമായ ഇക്കാര്യത്തിൽ പത്രക്കാരനു് എന്തുതന്നെ കഷ്ടപ്പാടുകൾ നേരിട്ടാലും, അവനു് പൊതുജനക്ഷേമത്തെക്കരുതി പ്രവർത്തിച്ചു എന്നു് കൃതാർത്ഥനാകുവാൻ അവകാശമുണ്ടു്. അവന്റെ പുരുഷാർത്ഥങ്ങൾ സത്യം, ന്യായം, നീതി എന്ന ധർമ്മത്രയം ആയിരിക്കും; ഇതിങ്കൽ അവന്നു് ഈശ്വരസഹായം ഉണ്ടായിരിക്കുമെന്ന വിശ്വാസം ധർമ്മഭക്തിയെ വർദ്ധിപ്പിച്ചു് ധൈര്യം നൽകുന്നതും; അവനു് ക്ലേശപാശ ബന്ധത്തിൽ നിന്നു് മോക്ഷം സിദ്ധിക്കുന്നതുമാകുന്നു.

Colophon

Title: Vṛttānthapatṛapṛvaṛttanam (ml: വൃത്താന്തപത്രപ്രവർത്തനം).

Author(s): Swadeshabhimani Ramakrishna Pillai.

First publication details: Swadeshibhimani; Trivandrum, Kerala; 1912.

Deafult language: ml, Malayalam.

Keywords: Articles, Swadeshabhimani Ramakrishna Pillai, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, വൃത്താന്തപത്രപ്രവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 16, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes, if any, were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Flower Seller, an oil on canvas painting by Diego Rivera (1886–1957). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Shaji Arikkad; Typesetter: CVR; Digitizer: Shaji Arikkad; Proof read by: Shaji Arikkad, KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.