images/tkn-chuvanna-kadal-cover.jpg
Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940).
ഇരുപത്തിയൊന്നു്

ഉത്ക്കണ്ഠാകുലമായ ഒരു മാസം കടന്നുപോയി. മൂടിക്കെട്ടിയ ആകാശത്തിനു കീഴിൽ, ചുറ്റും കടൽത്തിരകൾ മതിൽകെട്ടിയുയർത്തിയ “സോകോത്രാ”ദീപിൽ, ഒരു കൊച്ചുകുടിലിൽ ദുഃഖിതനും വിവശനുമായ അബു ഫർണാണ്ടസ്സിനെ ശുശ്രൂഷിച്ചു കൊണ്ടിരിപ്പാണു്. ഒന്നും പറയാറായിട്ടില്ല. ജീവിതത്തിനും മരണത്തിനുമിടയിൽ കിടന്നു പൊരുതുന്ന രോഗിയെ പറങ്കിക്കപ്പലിലെ വൈദ്യനാണു് ചികിത്സിക്കുന്നതു്. ഫർണാണ്ടസ്സിന്റെ ജീവനു് അപകടം സംഭവിച്ചാൽ തടവുകാരായി പിടിച്ച മുഴുവൻ പറങ്കികളെയും കടലിൽ കെട്ടിത്താഴത്തി കൊല്ലുമെന്നാണു് അബു താക്കീതു നൽകിയതു്. അതുകൊണ്ടു തങ്ങളുടെ ജീവനേക്കാൾ പറങ്കികൾക്കിന്നു പ്രിയപ്പെട്ടതു് ഫർണാണ്ടസ്സിന്റെ ജീവനാണു്.

ദ്വീപുവാസികളുടെ തലവൻ മൂന്നുനേരം മുടങ്ങാതെ വന്നു ഫർണാണ്ടസ്സിന്റെ മുറിവിൽ മന്ത്രിച്ചതും. മന്ത്രംകൊണ്ടു സാധിക്കാത്ത യാതൊന്നുമില്ലെന്നാണു് തലവന്റെ വിശ്വാസം. അന്നു പരിവാരസമേതം കപ്പൽ കൊള്ളചെയ്യാനും കപ്പലിലുള്ളവരെ കൊലചെയ്യാനും വന്ന ഉഗ്രമൂർത്തിയായ തലവൻ ഇന്നു് അബുവിന്റെ വിനീതദാസനാണു്. ഒരു മാൻകുട്ടിയെപ്പോലെ നിരുപദ്രവിയാണു്. ആ വലിയ കാര്യം സാധിച്ചതിൽ അബുവിനു് അഭിമാനമുണ്ടു്.

എല്ലാം അവസാനിച്ചെന്നു കരുതി ബോധംകെട്ടു വീഴാൻ പോയതാണു്. ആർത്തുവിളിച്ചു് അത്യുത്സാഹത്തോടെ ഓടിവരുന്ന ആ പ്രാകൃതജീവികളുടെ കൈയിൽ വലിയ കുന്തവും അമ്പും വില്ലും ഊത്തുകുഴലുമുണ്ടായിരുന്നു; തിമിംഗിലത്തെ വേട്ടയാടുന്ന ചാട്ടുളിയും! മരണം തീർച്ചപ്പെട്ട നിലയ്ക്കു് അവസാനത്തെ ഒരടവു പ്രയോഗിക്കാൻ അബു തീരുമാനിച്ചു. പീരങ്കികളിൽ ഒന്നു നിറയൊഴിച്ചു.

അടവു കുറിക്കു കൊണ്ടു. പീരങ്കിമുഴക്കം അവസാനിക്കുന്നതിനുമുമ്പു് എതിർക്കാൻ വന്നവർ ഓടി രക്ഷപ്പെട്ടു. ദ്വീപു മുഴുവനും വിജനമായി തോന്നി.

ഭാഗ്യം!

ഒരു വെടികൂടി പൊട്ടിച്ചേ കഴിയു എന്ന സ്ഥിതിവിശേഷം വന്നാൽ കള്ളി വെളിച്ചത്താവുമായിരുന്നു. വെടിക്കോപ്പുകൾക്കു് അത്ര വലിയ ക്ഷാമമുണ്ടായിരുന്നു. അതൊന്നും വേണ്ടിവന്നില്ല. മന്ത്രംകൊണ്ടു കൊടുങ്കാറ്റു സൃഷ്ടിക്കുകയും സമുദ്രക്ഷോഭമുണ്ടാക്കുകയും കപ്പലുകളെ പിടിച്ചു നിർത്തുകയും പ്രകൃതികോപത്തെ നിയന്ത്രിക്കുകയും ചെയ്യുന്നവർ ഒറ്റ വെടികൊണ്ടു കീഴടങ്ങി. ചെകുത്താനെപ്പോലും തലകുനിപ്പിക്കുന്ന പീരങ്കിയെ നിർവ്വീര്യമാക്കാൻ അവരുടെ കൈയിൽ മന്ത്രമില്ല.

അല്പം കഴിഞ്ഞപ്പോൾ തലവനും നാലഞ്ചനുയായികളും നിലത്തു കമിഴ്‌ന്നുകിടന്നു മുമ്പോട്ടു് ഇഴയുന്നതു കണ്ടു. അതു കീഴടങ്ങിയതിന്റെ ലക്ഷണമാണു്. അബുവിനു മനസ്സിലായി. അവൻ ഏതാനും കൂട്ടുകാരൊന്നിച്ചു കപ്പലിൽ നിന്നിറങ്ങി പതുക്കെ നടന്നു തലവനെ സമീപിച്ചു. അവർ സന്ധിചെയ്തു. കാലവർഷക്കെടുതി കഴിയുന്നതുവരെ കപ്പലിലുള്ളവർക്കു ദ്വീപിൽ അഭയം നൽകാമെന്നും വേണ്ട സഹായം ചെയ്തുകൊടുക്കാമെന്നും തലവൻ സമ്മതിച്ചു. അബു സന്ധിനിർദേശത്തെ മാനിച്ചു പരസ്പരസൗഹൃദം സ്ഥാപിച്ചതിനടയാളമായി കുറെ പട്ടുതുണിയും വെള്ളിയും തലവനു സമ്മാനിച്ചു. പിന്നെ കുഴപ്പമൊന്നുമില്ല. പീരങ്കിക്കാരുടെ രാജാവു മുറിവേറ്റു കപ്പലിൽ കിടക്കുകയാണെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിനു താമസിക്കാൻ പ്രത്യേകമായൊരു കുടിൽ ക്ഷണത്തിൽ പണിതീർത്തു. മറ്റുള്ളവർക്കു് ഏതാനും പഴയ കുടിലുകൾ ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു.

മന്ത്രം കൊണ്ടാണെന്നു തലവനും മരുന്നുകൊണ്ടാണെന്നു വൈദ്യനും അഭിമാനം കൊള്ളത്തക്കവിധം ഒരു ദിവസം ഫർണാണ്ടസ് കണ്ണു തുറന്നു. അടുത്തിരിക്കുന്ന അബുവിനോടു തലവൻ ആവേശത്തോടു പറഞ്ഞു: “മന്ത്രത്തിന്റെ ശക്തി?”

“അല്ല മരുന്നിന്റെ വീര്യം!” വൈദ്യർ അഭിപ്രായപ്പെട്ടു.

“മന്ത്രത്തിനു മീതെ ഒരു മരുന്നുമില്ല.” തലവൻ.

“മരുന്നിനു മീതെ ഒരു മന്ത്രവുമില്ല.” വൈദ്യർ

തലവനും വൈദ്യരും വീറോടെ വാദിച്ചു. സത്യം എന്തായാലും ഫർണാണ്ടസ് രക്ഷപ്പെട്ടിരിക്കുന്നു. അബുവിനു് അതുമതി.

ദ്വീപു മുഴുവൻ ഉത്സവം ആഘോഷിക്കാൻ തലവൻ കൽപന കൊടുത്തു. ആണുങ്ങളും പെണ്ണുങ്ങളും സംഘം സംഘമായി വന്നു് ഫർണാണ്ടസ്സിന്റെ കുടിലിനു മുമ്പിൽ പാട്ടുപാടിനൃത്തം വെച്ചു. ഉപ്പിട്ടുണക്കിയ തിമിംഗലമാംസം എത്രയെങ്കിലും കാഴ്ചയായി കൊണ്ടു വന്നു. ഫർണാണ്ടസ്സിനു് ഒന്നും മനസ്സിലായില്ല. തനിക്കുചുറ്റും, ഏതോ വിചിത്രലോകത്തുനിന്നു് ഇറങ്ങിവന്ന ജീവികൾ ആടുകയും പാടുകയും ചെയ്യുന്നു.

“അബു, ഇതെന്താണു്?” ക്ഷീണിച്ച സ്വരത്തിൽ ഫർണാണ്ടസ് ചോദിച്ചു.

“ലാജാവു്.” അബു പതുക്കെ ചെവിയിമന്ത്രിച്ചു.

“രാജാവോ? എവിടെ?” ഫർണാണ്ടസ്സിന്റെ കണ്ണുകൾ കുടിലിനകത്തു വിസ്തരിച്ചു പരിശോധന നടത്തി. അതിനു മറുപടിയായി അബു ഫർണാണ്ടസ്സിനെ ചൂണ്ടിക്കാട്ടി. കാര്യം മനസ്സിലായപ്പോൾ ഫർണാണ്ടസ്സിനു ചിരിവന്നു. പക്ഷേ, ചിരിക്കാൻ വയ്യ. ശരീരം മുഴുവൻ വേദനയാണു്. എന്തു വേണമെങ്കിലും നടക്കട്ടെയെന്നു കരുതി അവൻ വിണ്ടും കണ്ണടച്ചു കിടന്നു.

തിരക്കെല്ലാം കഴിഞ്ഞപ്പോൾ തലവന്റെ വരവായി. ഏറ്റവും വില പിടിപ്പുള്ള കാഴ്ചദ്രവ്യങ്ങളാണു് തലവൻ കൊണ്ടുവന്നതു്. പീരങ്കികളുള്ള രാജാവിനെ തലവൻ താണുവീണു നമസ്കരിച്ചു. എന്നും ‘സോകോത്രാ’ ദ്വീപിലുള്ളവരോടു മമതയിലിരിക്കണമെന്നു് അഭ്യർത്ഥിച്ചു.

ഫർണാണ്ടസ് കണ്ണുമിഴിച്ചു് നോക്കിയതേയുള്ളു. രാജാവിന്റെ പ്രതിനിധിയെന്ന നിലയിൽ സംസാരിച്ചതുമുഴുവൻ അബുവായിരുന്നു.

ഏർപ്പെടുന്ന യുദ്ധങ്ങൾ മുഴുവൻ ജയിക്കാനും രോഗബാധയിൽനിന്നും ചെകുത്താന്റെ ബാധയിൽ നിന്നും മോചനം കിട്ടാനും അത്യുത്തമമെന്നു വിധിക്കപ്പെട്ട ഒരു ചെമ്പുതകിടു വെള്ളിക്കുടിൽ അടക്കം ചെയ്തു രാജാവിന്റെ കൈത്തണ്ടയിൽ തലവൻ കെട്ടിച്ചു കൊടുത്തു. മൂർദ്ധാവിൽ നൂറ്റൊന്നുരു മന്ത്രിച്ചൂതി. ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ ഒരു തവണകൂടി താണുവീണു നമസ്കരിച്ചു്, പൃഷ്ഠം തിരിക്കാതെ, ബഹുമാനസൂചകമായി പിന്നോട്ടു നടന്നു് തലവൻ വിട വാങ്ങി. അവർക്കൊരു രാജാവില്ലെങ്കിലും രാജാവിന്റെ മുമ്പിൽ പെരുമാറേണ്ട വിധം ഏറെക്കുറെ എല്ലാവരും പഠിച്ചുവെച്ചിരിക്കുന്നു. നല്ല കാലത്തിനു് എപ്പോഴെങ്കിലുമൊരു രാജാവുണ്ടായാൽ ഉപകരിക്കുമെന്നു കരുതി.

ചികിത്സകൊണ്ടും മന്ത്രവാദംകൊണ്ടും വിശ്രമംകൊണ്ടും ഫർണാണ്ടസ്സിനു് ആരോഗ്യം പരിപൂർണമായും തിരിച്ചുകിട്ടാൻ രണ്ടുമാസം പിന്നെയും കഴിയേണ്ടിവന്നു. പടമെടുത്തൂതുന്ന തിരമാലകളെ കുഴലൂതി മയക്കി കൂടുകളിലടയ്ക്കാൻ ശരൽക്കാലം ഒരു കുറവനെപ്പോലെ വന്നെത്തി. കടലിൽ തിമിംഗലവേട്ടയ്ക്കിറങ്ങിയ ദ്വീപുവാസികളുടെ കപ്പലുകളും ആകാശത്തിൽ വെണ്മേഘശകലങ്ങളും കാറ്റിന്റെ ഗതിക്കൊത്തു ചലിച്ചു. ആകാശം തെളിയുകയും ഉദയാസ്തമന വേളകളിൽ കിഴക്കും പടിഞ്ഞാറും മനോഹരവർണങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. അലക്കി വെളുപ്പിച്ച പകലും അഴകേറിയ രാത്രിയും ജീവിതത്തിനു് നവചൈതന്യം നൽകി.

സങ്കോചമില്ലാതെ കുടിലിനകത്തു കയറിവന്ന ഇളം ചൂടാർന്ന പോക്കുവെയിൽ ഒരുനാൾ ഫർണാണ്ടസ്സിനു് ഒരു സന്ദേശവുംകൊണ്ടുവന്നു.

“എഴുന്നേൽക്കൂ ചുറ്റുപാടുമുള്ള ലോകം പൊന്നിൽ കുളിച്ചു നിൽക്കുകയാണു്.”

ഫർണാണ്ടസ് ഉത്സാഹഭരിതനായി ആ സന്ദേശത്തെ സ്വീകരിച്ചു. നനഞ്ഞമർന്നുകിടക്കുന്ന പൂഴിമണ്ണിൽ ചവുട്ടി കുടിലിന്റെ മുറ്റത്തേക്കു കടന്നുനിന്നു. കാറ്റിൽ ആടുന്ന കുതിരവാൽപ്പുല്ലുകൾക്കപ്പുറം നീലിച്ച കടലാണു്. അവിടെ കടൽക്കാക്കകൾ കൂട്ടമിട്ടു പറക്കുന്നു. ഓളത്തട്ടുകളുടെ തോളിൽ താണിരുന്നു കൂതിരസ്സവാരി നടത്തുന്നു. ചക്രവാളച്ചെരുവിലെ ചെമ്പരുത്തിക്കാടു മുഴുവൻ പുത്തുനിൽക്കുന്നു.

കാലുകൾ അറിയാതെ നീങ്ങി. തഴച്ചുവളർന്ന കുതിരവാൽപ്പുല്ലുകൾക്കിടയിൽ നീണ്ടു കിടക്കുന്ന ഒറ്റയടിപ്പാത കടൽത്തീരത്തു ചെന്നാണു് അവസാനിക്കുന്നതു്. അവിടെ വിജനമാണു്. അടുത്തൊന്നും കുടിലുകളില്ല. കടൽ ഒന്നു കൺകുളിർക്കെ കണ്ടിട്ടു ദിവസങ്ങളായി. അവിടെ, ആ ഉപ്പുവെള്ളത്തിൽ, ഭീകരങ്ങളായ പല ജീവിതാനുഭവങ്ങളും രോമാഞ്ചം കൊള്ളിക്കുന്ന സ്മരണകളും അലിഞ്ഞുകിടപ്പുണ്ടു്.

നനവുണ്ടെങ്കിലും തിരമാലകൾ കഴുകി വെടുപ്പാക്കിയ പൂഴിയിലിരിക്കാൻ രസംതോന്നി. പണ്ടു് വളയക്കടപ്പുറത്തങ്ങനെ ഇരുന്നിട്ടുണ്ടു്. പാഞ്ചാലിയെ മുട്ടിയുരുമ്മിക്കൊണ്ടു്. കടൽക്കാറ്റിൽ ഇളകിയാടുന്ന അവളുടെ നീലാളകങ്ങൾ അവന്റെ കവിളിൽ കിടന്നു് ഇഴഞ്ഞിട്ടുണ്ടു്.

പാഞ്ചാലിയോടുള്ള വാഗ്ദാനം മുഴുവൻ നിറവേറ്റണം. ഒരു കപ്പൽ നിറയെ സ്വർണ്ണമുണ്ടു്. അവൾക്കു പട്ടംകെട്ടിയ ആനയെ വേണോ? വാങ്ങാം. അവളെ സ്വർണ്ണംകൊണ്ടു മൂടണോ? മൂടാം. ഒരു മാളികവീടുപണിതീർക്കണോ? ആലോചന അവിടെ എത്തിയപ്പോൾ ആലിക്കുട്ടിയുടെ രൂപം മനസ്സിൽ തെളിഞ്ഞുവന്നു.

…കറുത്ത വട്ടത്താടിയും ക്ഷൗരംചെയ്തു മിനുക്കിയ തലയും നിസ്കാരത്തഴമ്പാർന്ന നെറ്റിയും നീണ്ടു വളഞ്ഞ മുക്കും തിളങ്ങുന്ന കണ്ണുകളും കറുകപ്പുല്ലുപോലെ രോമം വളർന്നുനിൽക്കുന്ന ചെവിയും നെടുതായ ശരീരവും കനത്തു മുമ്പോട്ടുതുങ്ങുന്ന വയറും…

അതേ, ആലിക്കുട്ടിതന്നെ. വർഷങ്ങൾക്കുമുമ്പു കണ്ടതാണു്. എന്നിട്ടും എളുപ്പത്തിൽ മനസ്സിലായി. ഫർണാണ്ടസ്സിന്റെ കണ്ണുകൾ കലങ്ങി. കോപംകൊണ്ടു ചുണ്ടു വിറച്ചു.

വളയക്കടപ്പുറത്തെത്തിയാൽ ആദ്യത്തെ ചുമതല പകവീട്ടലാണു്. ആലിക്കുട്ടിയെ പിടിച്ചുകെട്ടി ഭേദ്യം ചെയ്തുകൊല്ലണം. ഒരടിക്കോ വെട്ടിനോ കൊല്ലരുതു്. പതുക്കെപ്പതുക്കെ കൊല്ലണം. എല്ലാ വേദനകളും അനുഭവിപ്പിക്കണം. അവന്റെ കുടുംബത്തെ മാളികയ്ക്കൽ നിന്നു പിടിച്ചു പുറത്താക്കണം. അവർ ഉണ്ണാൻ വകയില്ലാതെ, ഉറങ്ങാൻ വീടില്ലാതെ, തെണ്ടിത്തിരിയണം. കൈ നീട്ടി യാചിക്കണം. ഐദ്രോസിന്റെ കുടുംബത്തെപ്പോലെ പെരുവഴിയിൽ വീണു മരിക്കണം.

ഫർണാണ്ടസ്സിന്റെ ഉള്ളിലെ പോരാളി ഉറക്കത്തിൽ നിന്നു് ഉണരുകയാണു്. കൈയും കാലും കുടഞ്ഞു് എഴുന്നേൽക്കുകയാണു്.

മുത്തപ്പൻ പണികഴിപ്പിച്ച മാളികവീടു സ്വന്തമാക്കണം. എന്നെങ്കിലും അതു സ്വന്തമാക്കുമെന്നു ശപഥംചെയ്തതാണു്. അവിടെ അമ്മയും അച്ഛനും ചെന്നു പാർക്കണം; പാഞ്ചാലിയും! പുതിയ മാളികവീടു പണിയിക്കാൻ കഴിയാഞ്ഞിട്ടല്ല. അവകാശം പിടിച്ചുപറ്റാനുള്ള മോഹമാണു്.

ഇരിപ്പുറയ്ക്കുന്നില്ല; ഫർണാണ്ടസ് എഴുന്നേറ്റു. അവനിലെ പോരാളിയാണു് ധൃതികൂട്ടുന്നതു്.

വേഗം! വേഗം! വളയക്കടപ്പുറത്തെത്തണം.

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും പകവീട്ടാനും പകരം ചോദിക്കാനും!

മുഷ്ടി ചുരുട്ടിപ്പിടിച്ചു ഫർണാണ്ടസ് പൂഴിയിലൂടെ അങ്ങട്ടുമിങ്ങട്ടും നടന്നു.

കൂട്ടച്ചിരി മുഴങ്ങുന്നു.

ആദ്യം കേട്ടില്ല.

പിന്നെയും പിന്നെയും അതുമുഴങ്ങി.

പെണ്ണുങ്ങളുടെ ചിരിയാണു്.

ഫർണാണ്ടസ് ശ്രദ്ധിച്ചു. ഇടത്തുവശത്തെ കടൽത്തീരത്തുനിന്നാണു്. നോക്കിയാൽ കാണില്ല. പുൽപ്പടർപ്പു തഴച്ചുനിൽകുന്നു. ആ ചിരിക്കുന്നവരാരെന്നും ചിരിക്കുന്നതെന്തിനെന്നും കണ്ടുപിടിക്കാനൊരുമോഹം. പുൽപ്പടർപ്പിലൂടെ വഴിയില്ല. എങ്കിലും നടന്നു.

ചിരി കുടുതൽ വ്യക്തമായി കേൾക്കുന്നു. തലയുയർത്തി നോക്കി.

കടലിൽ നീന്തിത്തുടിക്കുന്ന പെണ്ണുങ്ങളാണു് ചിരിക്കുന്നതു്. കാണാൻ രസമുണ്ടു്. പരസ്പരം മുഖത്തു വെള്ളം തേവിയും പിടികൊടുക്കാതെ ബദ്ധപ്പെട്ടു നീന്തിയും പിന്നാലെ കുതിച്ചു പിടിച്ചാഴ്ത്തിയും മുതലക്കൂപ്പുകുത്തിയും അവർ ആഹ്ലാദിക്കുകയാണു്. നീലിച്ച കണ്ണും മഞ്ഞനിറത്തിലുള്ള മൂക്കും വെള്ളത്തിൽ കിടന്നു വിളറിയ ചുണ്ടും മുഖത്തിന്റെ മുക്കാലംശവും മറച്ചു പായൽപോലെ ഇരുവശത്തും വെള്ളത്തിൽക്കിടന്നിഴയുന്ന തലമുടിയും മാത്രമേ വ്യക്തമായിക്കാണാനുള്ളു.

ഫർണാണ്ടസ് നിർദ്ദോഷിയായി അതു നോക്കിനിൽക്കും; ശബ്ദമുണ്ടാക്കാതെ, ശല്യപ്പെടുത്താതെ, കടന്നുപോകും. പക്ഷേ അവനിലെ പോരാളി തികച്ചും വിഭിന്നനാണു്. കൈയും കെട്ടി നോക്കിനിൽക്കുന്ന കൂട്ടത്തിലല്ല. യുദ്ധത്തിലും വിനോദത്തിലും ഒരുപോലെ താത്പര്യം കാണിക്കും. ആ പോരാളി ഉണർന്നു പ്രവർത്തിക്കുന്ന സമയാണു്. ഒന്നു കടലിലേക്കെടുത്തു ചാടി പെണ്ണുങ്ങളൊന്നിച്ചു നീന്തിയാലെന്തെന്നു് ആ പോരാളിക്കുതോന്നി. ഫർണാണ്ടസ്സിനു മറുത്തൊന്നു പറയാനോ ചിന്തിക്കാനോ ഇടകിട്ടിയില്ല. പിന്നെ പ്രവർത്തിച്ചതൊക്കെ ആ പോരാളിയാണു്.

ഒറ്റക്കുതിക്കു പെണ്ണുങ്ങളുടെയിടയിൽ ചെന്നുചാടി. പെണ്ണുങ്ങൾ പേടിച്ചു നിലവിളിച്ചു പലഭാഗത്തേക്കും പാഞ്ഞു. പിന്നാലെ അവനും. അവർ പ്രാണരക്ഷയ്ക്കെന്ന വിധം പുൽപ്പടർപ്പിലേക്കു കയറി. അവനും വിട്ടില്ല. ഓടാൻ നല്ല രസമുണ്ടു്. ഒരു വിനോദത്തിൽകവിഞ്ഞ പ്രാധാന്യം അവൻ അതിനു നൽകിയില്ല. ഓട്ടം തുടങ്ങിയപ്പോൾ വാശിയായി. പിടിക്കണം. പെണ്ണുങ്ങളോടു് ഓട്ടപ്പന്തയത്തിൽ തോൽക്കുന്നതു പോരായ്മയാണു്. പലതവണ പാഞ്ചാലിയെ അവനങ്ങനെ ഓടിച്ചിട്ടുണ്ടു്.

ഒരുത്തിയെ കൈകൊണ്ടു തൊടാമെന്നായി. ഏന്തിയാൽ തലമുടി പിടിക്കാം. തലമുടി പിടിച്ചില്ലെങ്കിൽ ഇനിയും ഓടും. അതു പറ്റില്ല. വേഗത്തിൽ കീഴടക്കണം. അവൻ തലമുടിയിൽക്കേറിപ്പിടിച്ചു.

ഒരു ഭയങ്കര നിലവിളിയോടെ അവൾ പിറകോട്ടു ചാഞ്ഞു. അവന്റെ മാറിലേക്കു ബോധംകെട്ടു വീണു. ആ പാച്ചിലും പിടുത്തവും തമാശയാണെന്നു് അവൾക്കറിഞ്ഞുകൂടാ. അവൾക്കു ബോധമില്ലെന്നു മനസ്സിലായപ്പോഴാണു് യാഥാർത്ഥ്യത്തെപ്പറ്റി അവനോർത്തതു്.

തെറ്റുചെയ്തു. ചെയ്യാൻ പാടില്ലായിരുന്നു. ആലോചിക്കേണ്ട സമയം കഴിഞ്ഞുപോയി. തളർന്നുറങ്ങുന്ന ഒരു കുട്ടിയെപ്പോലെ അവൾ ഫർണാണ്ടസ്സിന്റെ മാറത്തു തല ചായ്ചു് കിടക്കുകയാണു്. നനഞ്ഞ തലമുടിയിൽ നിന്നു വെള്ളം ഇറ്റിറ്റു നിലത്തു വീഴുന്നുണ്ടു്. അങ്ങനെ അവിടെ വിട്ടുപോകാൻ വിഷമം. താങ്ങിപ്പിടിച്ചു മടിയിൽ കിടത്തിക്കൊണ്ടു് അവൻ പുൽപ്പടർപ്പിലിരുന്നു. ബോധം തെളിഞ്ഞു കണ്ണുമിഴിക്കുമ്പോൾ മാപ്പുചോദിക്കാം. കാത്തിരുന്നു.

അവളുടെ കൺപീലികൾ ചലിച്ചു. പാതിവിടർന്ന കണ്ണുകൊണ്ടു് അവൾ ഫർണാണ്ടസ്സിനെ നോക്കി. ദയനീയമായ നോട്ടം. ആ മുഖത്തു ഭയവും പരിഭ്രമവും മാറിമാറി നിഴലിച്ചു. ഒറ്റശ്വാസത്തിൽ ഫർണാണ്ടസ് എന്തൊക്കെയോ പറഞ്ഞു. മാപ്പപേക്ഷിച്ചു. അവൾ എഴുന്നേറ്റു തലകുനിച്ചു് ഒന്നും പറയാതെ പതുക്കെ നടന്നു. കണ്ണുകളിൽനിന്നു മഴ പെയ്തു. പുൽപ്പടർപ്പിനപ്പുറം അവളുടെ രൂപം അപ്രത്യക്ഷമാകുന്നതും നോക്കി ഫർണാണ്ടസ് ഇരുന്നു. ആശ്വാസമായി. ഏതോ ഭാരം ഹൃദയത്തിൽനിന്നു നീങ്ങിപ്പോയപോലെ.

കുടിലിൽ ചെന്നപ്പോൾ മനസ്സു നിറച്ചും വളയക്കടപ്പുറമായിരുന്നു. കഴിയുന്ന വേഗത്തിൽ അവിടെ ചെന്നെത്തണം. യാത്രയ്ക്കു വേണ്ട ഒരുക്കങ്ങൾ ചെയ്യാൻ അബുവിനു നിർദ്ദേശം നൽകി. പ്രഭാതത്തിൽ പുറപ്പെടണം. തലവനെ കണ്ടു യാത്ര പറയേണ്ട ചുമതലയും അബുവിനു നൽകി.

പാതിരാവിനുമുമ്പു് ഒരുക്കങ്ങൾ പൂർത്തിയായി. ഒന്നു മയങ്ങാനുദ്ദേശിച്ചു കിടന്നു. ഉറക്കം വരുന്നില്ല. വിരിപ്പിൽ അങ്ങട്ടുമിങ്ങട്ടും ഉരുണ്ടു. വല്ലാത്ത അസ്വാസ്ഥ്യം. ഹൃദയത്തിലെവിടെയോ ചെറുതായൊരു നീറ്റം.

തെറ്റുചെയ്തു. ചെയ്യരുതായിരുന്നു. പറങ്കികളോട ഇക്കാലമത്രയും പകവെച്ചുപോരാൻ കാരണമെന്തായിരുന്നു? അവർ പെണ്ണുങ്ങളെ പിടിച്ചു കൊണ്ടുപോകുന്നു. അവരോടു മനുഷ്യോചിതമല്ലാത്ത തരത്തിൽപെരുമാറുന്നു. അന്നു വൈകുന്നേരം നടന്ന സംഭവം ഫർണാണ്ടസ്സിന്റെ മനസ്സിൽനിന്നു മായുന്നില്ല. തികച്ചും നേരമ്പോക്കായിട്ടാണു് തുടങ്ങിയതു്. പക്ഷേ, നിർദ്ദോഷികളായ പെണ്ണുങ്ങളെ അതു ഭയപ്പെടുത്തി. മടിയിൽകിടന്നു പ്രാണരക്ഷയ്ക്കു വേണ്ടി അഭ്യർത്ഥിച്ച ആ പെൺകുട്ടിയുടെ കണ്ണുകൾ അപ്പോഴും അവന്റെ മുമ്പിലുണ്ടു്.

അവന്റെ മുഖം ഇനി ദ്വീപിലുള്ളവർ കാണരുതു്. നേരം പുലരുന്നതിനു മുമ്പു സ്ഥലംവിടണം. ആലോചിച്ചാലോചിച്ചു് ഉറങ്ങിപ്പോയി.

കൈകൊട്ടും പാട്ടും കേട്ടുകൊണ്ടാണു് ഉണർന്നതു്. സംഭവമെന്തെന്നറിയാൻ ഓടിച്ചെന്നു കുടിലിന്റെ വാതിൽ തുറന്നു. മുറ്റം നിറയെ ആളുകൾ തിങ്ങിക്കൂടി നിൽക്കുന്നു. ജ്വലിക്കുന്ന പന്തങ്ങളുടെ വെളിച്ചത്തിൽ തലവനെ ഫർണാണ്ടസ് തിരിച്ചറിഞ്ഞു.

എന്താണു് സംഭവം?

തലവൻ ആൾക്കൂട്ടത്തിൽ നിന്നു മുമ്പോട്ടു വന്നു. ഫർണാണ്ടസ്സിനെ തൊഴുതുവണങ്ങി പറഞ്ഞു:

“ഇന്നു ദ്വീപുകാർക്കൊരുത്സവമാണു്. എന്റെ മകളെ ഞാൻ രാജാവിന്റെ കൈയിലേൽപ്പിക്കുന്നു. ഇന്നുമുതൽ അവൾ രാജാവിന്റെ ഭാര്യയാണു്.”

അന്തംവിട്ടു നിൽക്കുന്ന ഫർണാണ്ടസ്സിന്റെ മുമ്പിൽ ഒരു യുവതിയെ കൊണ്ടുവന്നു നിർത്തി. കൂടിനിൽക്കുന്നവർ സന്തോഷം കൊണ്ടു് ആർപ്പുവിളിച്ചു.

ഫർണാണ്ടസ്സിനു ശുണ്ഠിവന്നു. ഇതെന്തു ധിക്കാരം! പെണ്ണുങ്ങളെപ്പിടിച്ചു് ഏതെങ്കിലും പുരുഷന്റെ പിരടിക്കു കെട്ടുന്നതാണോ ദ്വീപുകാരുടെ മര്യാദ? അവൻ കലശലായി പ്രതിഷേധിച്ചു. മര്യാദയ്ക്കു മടങ്ങിപ്പോയില്ലെങ്കിൽ തല്ലി ഓടിക്കുമെന്നുവരെ പറഞ്ഞു.

തലവൻ ഒട്ടും കുലുങ്ങാതെ മുഴുവനും കേട്ടുനിന്നു. എന്നിട്ടു വിനയവും മര്യാദയും കൈവിടാതെ സംസാരിച്ചു:

“രാജാവേ, ഇതെന്റെ മകളാണു്. നിങ്ങൾ ഇവളുടെ കൈപിടിച്ചു. ഇവളെ തൊട്ടു. ഒരു സ്ത്രീയെ അന്യപുരുഷൻ തൊടുകയോ അവളുടെ കൈ പിടിക്കുകയോ ചെയ്താൽ ആ നിമിഷം മുതൽ അവൾ അവന്റെ ഭാര്യയാണു്. ഞങ്ങളുടെ ജാതി സമ്പ്രദായം അതാണു്.”

“നശിച്ച ജാതിസ്സമ്പ്രദായം!”ഫർണാണ്ടസ് പിറുപിറുത്തു:

“ഞാൻ അവളെ തൊട്ടിട്ടുമില്ല. കണ്ടിട്ടുമില്ല.”

“രാജാവേ!” തലവന്റെ ശബ്ദം ക്രമേണ പരുഷമാവുകയാണു്.

“ഇവളെ നോക്കൂ, എന്നിട്ടുപറയൂ.” നാലഞ്ചു പന്തങ്ങൾ ഒരുമിച്ചു യുവതിയുടെ മുമ്പിൽ ജ്വലിച്ചു. ഫർണാണ്ടസ് ഇഷ്ടമില്ലാതെയാണെങ്കിലും ഒന്നു നോക്കി.

ഉള്ളിൽ ഒരു ഇടിമിന്നൽ പാഞ്ഞു. കഴിഞ്ഞ സന്ധ്യയ്ക്കു താൻ ഓടിപ്പിടിച്ച യുവതിയാണതു്. ആ കണ്ണുകളിൽ അപ്പോഴും അഭ്യർത്ഥനയുണ്ടു്. തലവൻ തുടർന്നു സംസാരിക്കുന്നു:

“കൈപിടിച്ച പുരുഷൻ കെട്ടാൻ കൂട്ടാക്കിയില്ലെങ്കിൽ വ്യഭിചാരക്കുറ്റം ചുമത്തി ഇവളെ ഞങ്ങൾ കടലിൽ കെട്ടിത്താഴ്ത്തും. ജാതിമര്യാദയാണതു്. എന്റെ മകളെ അങ്ങനെ ചെയ്യാൻ എനിക്കു മനസ്സുവരില്ല. എന്നാലും ചെയ്യും. അതുകൊണ്ടു രാജാവു് ഇവളെ ഏറ്റുവാങ്ങണം. എനിക്കൊരു മകളേയുള്ളു. രാജാവേ, അവളെ കൊല്ലാനിടയാക്കരുതു്.”,

“പോടാ ഫോ! ജ്ജ് കപ്പലിലെ പീരങ്കി കണ്ടിട്ടില്ലേ?” പിറകിൽനിന്നു് അബുവാണു് വിളിച്ചുപറഞ്ഞതു്: “ഹറാമ്പുറപ്പു കാണിച്ചാൽ എല്ലാറ്റിനെയും ഞമ്മള് ചുടും!”

അബുവിനെ തടയണമെന്നു ഫർണാണ്ടസ്സിനുതോന്നി. അത്ര ക്രൂരമായി സംസാരിക്കരുതു്. എങ്കിലും അവനൊന്നും പറയാതെ: നിന്നു. പാഞ്ചാലിയിരിക്കെ മറ്റൊരു സ്ത്രീയെ സ്വീകരിക്കുകയെന്ന കാര്യം ഓർക്കാൻ വയ്യാ. കുഞ്ഞിക്കണ്ണൻമരയ്ക്കാനു പാഞ്ചാലിയെന്നപോലെ തലവൻ ഈ നിൽക്കുന്ന യുവതിയും ഒറ്റമകളാണു്. അവൾ തനിക്കു വേണ്ടി മരിക്കുന്നു. കല്ലുകെട്ടി കടലിലാഴ്ത്തുമ്പോൾ അവൾ ശപിക്കും. വയ്യാ. അവളെ രക്ഷിക്കണം. രക്ഷിച്ചാൽ ഭാര്യയായി സ്വീകരിക്കണ്ടേ? അതെങ്ങനെ കഴിയും?

“രാജാവേ, രാജാവെന്തു പറയുന്നു?” തലവന്റെ കണ്ഠം ഇടറുകയാണു്.

“ഇവൾക്കുവേണ്ടി ദ്വീപിലുള്ളവർ പീരങ്കിവെടികൊണ്ടു മരിക്കാൻ വിചാരിച്ചിട്ടില്ല. ഇവളെ കാലും കൈയും കെട്ടി കടലിൽ മുക്കിക്കൊല്ലുന്നതു ഞാൻ നോക്കിനിൽക്കണം. ഈ വയസ്സുകാലത്ത എങ്ങനെ ഞാൻ അതു സഹിക്കും?”

ഫർണാണ്ടസ്സിനു് ആ വൃദ്ധനെ ആശ്വസിപ്പിക്കണമെന്നുണ്ടു്. നാവനങ്ങുന്നില്ല. നിർദ്ദോഷിയായ ഒരു യുവതി ഉപ്പുവെള്ളം കുടിച്ചു ചാവാനിടയാവരുതു്. അതാ, തലവൻ പിന്നെയും സംസാരിക്കുന്നു. ഇത്തവണ ആ യുവതിയോടാണു്:

“നടക്കെടീ, നടക്കു്. നിനക്കു് ഉപ്പുവെള്ളം കുടിച്ചു മരിക്കാനാ യോഗം.” തലവൻ അവളെ കഴുത്തു പിടിച്ചു തള്ളി. തള്ളുന്നതിന്നിടയിൽ അയാൾ കരയുന്നുണ്ടു്, കണ്ണീരൊപ്പുന്നുണ്ടു്. ആൾക്കൂട്ടം അച്ഛനെയും മകളെയും പിൻതുടർന്നു.

ഫർണാണ്ടസ്സിനു സഹിച്ചില്ല. അവൻ ആൾക്കുട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി മുൻകടന്നു. തലവനെ തടഞ്ഞു:

“നിൽക്കൂ… അവളെ…” തെല്ലിട നിർത്തി അവൻ ആലോചിച്ചു. എന്തു പറയണം? താലികെട്ടുമെന്നു പറയാൻ വയ്യാ. എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ അവളുടെ ജീവൻ അപകടത്തിലാവും. അവളെ എനിക്കു തരൂ… ഞാൻ കൊണ്ടുപോവാം.”

തലവന്റെ ഭാവം മയപ്പെട്ടു. ആൾക്കൂട്ടത്തിൽനിന്നു് ആഹ്ലാദശബ്ദം ഉയർന്നു. വീണ്ടും കൈകൊട്ടും പാട്ടും ആരംഭിച്ചു.

വിവാഹച്ചടങ്ങു നിസ്സാരമാണു്. അഗ്നിസാക്ഷിയായി അച്ഛൻ മകളെ കൈ പിടിച്ചു ഫർണാണ്ടസ്സിന്റെ കൈയിലേൽപ്പിച്ചു. അവർക്കു ചുറ്റും സ്ത്രീപുരുഷന്മാർ നൃത്തം ചെയ്തു.

വരനും വധുവും കൈയും കൈയും കോർത്തുപിടിച്ചു കുടിലിലേക്കു നടന്നു. ഉപ്പിട്ടുണക്കിയ തിമിംഗലമാംസവും കടലാനക്കൊമ്പുകൊണ്ടു പിടിയിട്ട ആയുധങ്ങളും തിമിംഗലവേട്ടയ്ക്കുപയോഗിക്കുന്ന ചാട്ടുളികളും വലിയൊരു കപ്പലും സ്ത്രീധനമായി ഫർണാണ്ടസ്സിനു നൽകി.

പുതിയ ബന്ധമുറപ്പിക്കാൻ നവവരൻ ശ്വശുരനു വല്ലതും കൊടുക്കണം; പാരിതോഷികമായിട്ടു്. അതും ജാതിമര്യാദയാണു്. ഫർണാണ്ടസ് പിടിച്ചടക്കിയ പറങ്കിക്കപ്പലിൽ പകുതിയും തടവുകാരായ പറങ്കികളെയും തലവനു കൊടുത്തു.

കിഴക്കു വെള്ളയുദിച്ചപ്പോൾ കപ്പലുകൾക്കു പുറപ്പെടാനുള്ള കല്പന കിട്ടി. അബു കപ്പിത്താനോടു സംശയം ചോദിച്ചു:

“എബിടെയ്ക്കാ പോണ്ടത്?”

വെള്ള്യാൻകല്ലിലേക്കു്.” ഫർണാണ്ടസ് സംശയിക്കാതെ ഉത്തരം പറഞ്ഞു.

കാറ്റില്ലാത്തതുകൊണ്ടു് തണ്ടുവലിക്കാർക്കു കിണഞ്ഞദ്ധാനിക്കേണ്ടിവന്നു. ആർക്കും ക്ലേശം തോന്നിയില്ല. കപ്പൽ വെള്ള്യാൻകല്ലിലേക്കാണു് പോകുന്നതെന്ന വിചാരം എല്ലാവരെയും ആവേശം കൊള്ളിച്ചു. നാടുകാണാം. ഉറ്റവരെ കാണാം. അല്പദിവസം വിശ്രമിക്കാം. അറിയാതെതന്നെ കുപ്പലുകൾക്കു വേഗം കൂടി.

ഫർണാണ്ടസ് കപ്പൽതട്ടിലാണു് കഴിച്ചുകൂട്ടുന്നതു്. കപ്പിത്താന്റെ മുറിയിൽ ആ യുവതിയുണ്ടു്. അവളുടെ സാന്നിദ്ധ്യം അവനിഷ്ടപ്പെട്ടില്ല. ഒരു തരത്തിലും അവളുമായി ബന്ധപ്പെടാൻവയ്യാ. അകന്നു നിൽക്കണം. ഏതെങ്കിലുമൊരു നല്ല താവളം കണ്ടുപിടിച്ചു് അവളെ പാർപ്പിക്കണം. വേണ്ടതൊക്കെ എത്തിച്ചുകൊടുക്കാം. അതിലപ്പുറം ഒന്നും സാധ്യമല്ലെന്നു് അവനുറപ്പിച്ചു. കഷ്ടകാലത്തിനു കഴുത്തിൽ കുടുങ്ങിയതാണു്.

സന്ധ്യവരെ അവൾ കപ്പിത്താന്റെ മുറിയിൽ ഒതുങ്ങിക്കഴിഞ്ഞു. സന്ധ്യയായപ്പോൾ കഴുത്തുനിറയെ കവിടിമാലയുമണിഞ്ഞ അവൾ പുറത്തിറങ്ങി. നഗ്നത മറയ്ക്കാൻ ഒരു മഞ്ഞപ്പട്ടു ചുറ്റിയതു് അരക്കെട്ടിൽ നിന്നു് കാൽമുട്ടോളം ഇറങ്ങിനിൽക്കുന്നു. ഫർണാണ്ടസ് ശ്രദ്ധിച്ചില്ല.

തെല്ലിട സംശയിച്ചുനിന്നശേഷം അവൾ ഒന്നും പറയാതെ ഓടി വന്നു. ഫർണാണ്ടാസ്സിന്റെ കഴുത്തിൽ കൈകളും കോർത്തുകെട്ടി ഊഞ്ഞാലാടാൻ തുടങ്ങി. എന്നിട്ടു മാറത്തും കഴുത്തിലും മുഖമമർത്തി കിക്കിളികൂട്ടി. താക്കോൽക്കൂട്ടം കുലുങ്ങുംപോലെ കിളുകിളെ ചിരിച്ചു.

ഫർണാണ്ടസ്സ് മരവിച്ചുനിന്നു.

“പിണക്കാണോ?” അവൾ ചോദിച്ചു.

അവൻ അവളെ പിടിച്ചുമാറ്റി അവളുടെ കണ്ണുകളിലേക്കുറ്റുനോക്കികൊണ്ടു ചോദിച്ചു: “നിന്റെ പേരു്?”

“സൊകസ്സു.” അവൾ കൊഞ്ചിക്കൊണ്ടുപറഞ്ഞു:

“എന്താ?”

“നീ ചെന്നു വല്ലതും കഴിച്ചു നേരത്തെ മുറിയിൽ കേറി കിടക്കു്.”

“തനിച്ചോ?”

“അതേ.”

“പിണക്കാണോ?”

“അല്ലെന്നു പറഞ്ഞില്ലേ?” പറങ്കിക്കപ്പലുകൾ പതുങ്ങിക്കൊണ്ടുവരും. വരുന്നതു കണ്ടില്ലെങ്കിൽ അവർ നിന്നെയും എന്നെയും പിടിചുകൊണ്ടുപോകും. അടിമച്ചന്തയിൽ കൊണ്ടുചെന്നു വിൽക്കും.”

അവളുടെ കണ്ണുകളിൽ ഭീതി നിഴലിക്കുന്നതു കണ്ട ഫർണാണ്ടസ്സിനു് ഉത്സാഹമായി.

“അടമച്ചന്തയിൽ ചെന്നാൽനിന്നെ വല്ല പട്ടാളക്കാരനും ലേലത്തിലെടുക്കും; കേട്ടോ. സൊകസ്സു, നിന്നെ അവൻ കൈയിൽ കിട്ടിയാൽ കൊല്ലും.”

അവൾ പേടിച്ചു വിറച്ചു മുറിയിലേക്കു പോയി.

“മുറി അകത്തുനിന്നു പൂട്ടിക്കോ.” അവൻ വിളിച്ചുപറഞ്ഞു. സൊകസ്സു മുറി പൂട്ടുന്ന ശബ്ദം കേട്ടു.

സൊകസ്സു സുന്ദരിയാണു്. സ്വഭാവഗുണമുള്ളവളാണു്. പക്ഷെ, അവളുടെ തുറന്ന പെരുമാറ്റം സഹിക്കാൻ വയ്യാ. കഴുത്തിൽതാലികെട്ടികൊണ്ടുവന്ന ഭാര്യയായാലും ഇങ്ങനെ നാണംകെട്ടു പെരുമാറുന്നതു്. ഫർണാണ്ടസ്സിനിഷ്ടമല്ല. ദ്വീപുകാരുടെ ജാതിമര്യാദയായിരിക്കുമെന്നു് അവൻ സമാധാനിച്ചു. പറങ്കിക്കപ്പലുകളെക്കാളേറെ സൊകസ്സുവിനെ അവൻ പേടിച്ചു. സൂക്ഷിച്ചില്ലെങ്കിൽ അവൾ കഴുത്തിൽ ഞാന്നു് ഊഞ്ഞാലാടാൻ തുടങ്ങും.

ഒരു ദിവസം സന്ധ്യ കഴിഞ്ഞു വെള്ള്യാൻ കല്ലിലെത്തി. ആകാശം മൂടിക്കെട്ടി നിന്നതുകൊണ്ടു നാട്ടുവെളിച്ചും പോലും കമ്മിയായിരുന്നു. കപ്പലുകൾ നങ്കൂരമിടാനും സാധനങ്ങൾ പാറപ്പുറത്തിറക്കിവെയ്ക്കാനും വേണ്ട നിർദേശങ്ങൾനൽകി, എല്ലാറ്റിന്റെയും മേൽനോട്ടം വഹിക്കാൻ അബുവിനെ ഏൽപ്പിച്ചു്, നാലഞ്ചു വിശ്വസ്തരായ അനുയായികളെയും കൂട്ടി ഫർണാണ്ടസ് ഒരു തോണിയിൽ വളയക്കടപ്പുറത്തേക്കു പുറപ്പെട്ടു.

ഹൃദയത്തുടിപ്പു കൂടിക്കൂടിവന്നു. തോണിക്കു വേഗം പോരെന്നു തോന്നി. തുഴച്ചിൽക്കാർക്കു ചുണയില്ലെന്നു തോന്നി. നിമിഷങ്ങൾക്കു യുഗങ്ങളുടെ വലിപ്പം തോന്നി.

കടപ്പുറത്തു ചവിട്ടിയപ്പോൾ കാലടികളിൽ കിടന്നു പൂഴിമണ്ണു കരഞ്ഞു. മണ്ണുകൂടി മറന്നിട്ടില്ല. വേഗത്തിൽ നടന്നു. ആരെങ്കിലും വരും. ആദ്യം വരുന്നവരാരായാലും അവരെ കെട്ടിപ്പിടിക്കണം. കണ്ടിട്ടെത്രകാലം കഴിഞ്ഞു! ആർത്തിയോടെ നാലുവശവും നോക്കിക്കൊണ്ടു നടന്നു. ആരും വരുന്നില്ല. വളയക്കടപ്പുറം ചത്തുപോയോ? ഇവിടെ മനുഷ്യരില്ലേ?

എങ്ങോട്ടാണു് പോകുന്നതു്? അമ്മയെ കാണാനോ? പാഞ്ചാലിയെ കാണാനോ? ഓ! സ്നേഹവും പ്രേമവുമൊക്കെ ഒടുവിൽ. ആദ്യം ആലിക്കുട്ടിയെ കണ്ടു് പകരം ചോദിക്കണം. പകവീട്ടണം.

മാളികയ്ക്കലെ തെങ്ങിൻതോപ്പിലെത്തിയപ്പോൾ കൂട്ടുകാരോടു് അവിടെ നിൽക്കാൻ പറഞ്ഞു. ആവശ്യമായാൽ വിളിക്കും. വിളിക്കുമ്പോൾ ചെല്ലണം.

തെങ്ങിൻതോപ്പിലൂടെ നടന്നു. തെങ്ങുകൾ വളർന്നുപോയി. ഈ മാറ്റം മനുഷ്യരിലും വന്നിട്ടുണ്ടാവും. ആലോചിച്ചുകൊണ്ടു് മുറ്റത്തിറങ്ങി. ശബ്ദമില്ല. വെളിച്ചമില്ല. എല്ലാവരും ഉറക്കമാവും.

കോലായിൽകയറി അകത്തു വല്ല ശബ്ദവുമുണ്ടോ? ഇല്ല. വിളിക്കാൻ തീരുമാനിച്ചു. വാതിലിൽ മുട്ടി. ആരും ഒന്നും ചോദിക്കുന്നില്ല. പിന്നെയും മുട്ടി.

“ആരാതു്?” അകത്തുനിന്നൊരു സ്ത്രീയാണു് വിളിച്ചുചോദിച്ചതു്.

“വാതിൽ തുറക്കു്.” വികാരത്തെ കഴിയുന്നതും നിയന്ത്രിച്ചുകൊണ്ടു് അവൻ പറഞ്ഞു.

“പുതിയാപ്ല്യാണോ?”

“അതെ.”

അകത്തു കാൽപ്പെരുമാറ്റം കേൾക്കുന്നു. വാതിൽ ശബ്ദിക്കുന്നു. ഫർണാണ്ടസ് മാറിനിന്നു. വാതിൽ തുറന്നു. അകത്തു നിന്നു നേരിയ വെളിച്ചം വാതിൽപഴുതിലൂടെ പുറത്തേക്കു ചാടി.

ഒട്ടും സങ്കോചമില്ലാതെ ഫർണാണ്ടസ് അകത്തു കടന്നു. അപരിചിതനെക്കണ്ടു. വാതിൽതുറന്ന സ്ത്രീ നിലവിളിക്കാനൊരുങ്ങി.

“മിണ്ടരുതു്! അറുത്തുകളയും.” വലിയൊരി കഠാരിയുടെ അലകു് വെട്ടിത്തിളങ്ങിയതു കണ്ടു് അവർ മിണ്ടാതെ ഒരിടത്തിരുന്നു. മുമ്പിൽക്കണ്ട വിളക്കെടുത്തു് മുറികളോരോന്നായി പരിശോധിച്ചുകൊണ്ടു ഫർണാണ്ടസ് നടന്നു. മൂന്നാമത്തെ മുറിയിലെത്തിയപ്പോൾ അവിടെയൊരു കട്ടിലിൽ ആലിക്കുട്ടി കിടക്കുന്നു.

താടിരോമം മുഴവനും കൊഴിഞ്ഞു്, കവിളൊട്ടി, കണ്ണുനട്ടു്, ശരീരം മെലിഞ്ഞു്, അനങ്ങാൻ വയ്യാതെയാണു് കിടപ്പു്. അവൻ വിളക്കു താഴ്ത്തി കുനിഞ്ഞുനിന്നു നോക്കി. ആ മുഖം വികാരശുന്യമാണു്. കണ്ണുകൾ നിശ്ചലമാണു്. അവന്റെ മുത്തപ്പനും ഇതുപോലെയാണു് കിടന്നതു്. എന്നിട്ടും അവൻ പല്ലുകടിച്ചുകൊണ്ടു് പറഞ്ഞു:

“എടാ, ഇതു പൊക്കനാണു്; പൊക്കൻ. നീ പറങ്കികൾക്കു പിടിച്ചു വിറ്റ പൊക്കൻ.”

അവസാനമായി ആ പുറന്തൊണ്ടു് അടർന്നു നിലത്തു വീണു. പൊക്കനെ പൊതിഞ്ഞു നിൽക്കുന്ന ഫർണാണ്ടസ് എന്ന പുറന്തൊണ്ടു്.

ആലിക്കുട്ടിയുടെ കൺപോളകൾ തുരുതുരെ തുടിച്ചു. ശ്വാസഗതി കൂടിയപ്പോൾ മാറിടം വേഗം താഴാനും പൊങ്ങാനും തുടങ്ങി. കഠാരിമുന ആലിക്കുട്ടിയുടെ കഴുത്തിൽ ചേർത്തുവെച്ചു. പിന്നെയും അവൻ പറഞ്ഞു:

“നിന്റെ ചോരയ്ക്കുവേണ്ടി വന്നതാണു് ഞാൻ.”

“പൊക്കാ!” പിറകിൽനിന്നു നെഞ്ചു പൊട്ടിപ്പിളർന്നുപുറപ്പെട്ടൊരു വിളി കേട്ടു. അവൻ തിരിഞ്ഞുനോക്കി. കദീശുമ്മയാണു്. കരയുന്നുണ്ടു് അവൻ ശ്രദ്ധിച്ചു.

“ജ്ജെന്തിന് മേനേ, ഈ പാപം കയ്യേല്ക്കണ്?”

അവൻ ഉത്തരമൊന്നും പറയാതെ നിന്നു. കദിശുമ്മ തുടർന്നു: “മരിച്ചാങ്കെടക്ക്ണതു് എത്തിരകാലായി! കൊടുത്തേന് മുയമനും കൂലി കിട്ടി, മോനേ. ഇന്നേം ന്റെ മക്കളേം ബിജാരിച്ച് ജ്ജൊന്നും കാട്ടല്ലേ!”

കദീശുമ്മ പറഞ്ഞതു ശരിയാണു്. ആ കിടപ്പു കണ്ടാലറിയാം കൊടുത്തതു മുഴുവനും കണക്കുകൂട്ടി വാങ്ങുകയാണു്. ശവംപോലെ കിടക്കുന്നവരെ കൊല്ലുന്നതു പൗരുഷമല്ല. അവൻ കഠാരി അരയിൽ തിരുകി നടന്നു. പോകുമ്പോൾ കദീശുമ്മയെ നല്ലപോലെ ഒന്നു നോക്കി. എന്തൊരു മാറ്റം! പ്രായം വളരെ കൂടിയിരിക്കുന്നു.

“ഇക്കണക്കിനു് അമ്മയെക്കണ്ടാലും മനസ്സിലാവില്ല.”

കൂട്ടുകാരൊന്നിച്ചു് തെങ്ങിൻതോപ്പിലൂടെ കടപ്പുറത്തിറങ്ങി. ആദ്യം പാഞ്ചാലിയെ കാണണോ? അമ്മയെ കാണണോ? സംശയിച്ചുനിന്നു.

കദീശുമ്മയെ കണ്ടതുമുതൽ അമ്മയെപ്പറ്റിയുള്ള വിചാരം അവന്റെ ഹൃദയത്തെ ശക്തിപൂർവൃം കീഴടക്കിയിരുന്നു.

കൂട്ടുകാരെ തോണിയിലേക്കു് തിരിച്ചുയച്ചു് അമ്മയെ കാണാൻ തീരുമാനിച്ചു നടന്നു. വഴിയിൽ ആരുമില്ല. കുടിലുകൾ പലതും കെട്ടിമേയാതെ പഴകി ദ്രവിച്ചു വീണുകിടക്കുന്നു. എന്തുപറ്റി? ഈ കുടിലിലുണ്ടായിരുന്നവരൊക്കെ എവിടേക്കു കടന്നുകളഞ്ഞു? ഒരെത്തുംപിടിയും കിട്ടുന്നില്ല. ചോദിച്ചറിയാനാണെങ്കിൽ വഴിയിൽ ആരെയും കണ്ടുമുട്ടുന്നുമില്ല. വലിയ മാറ്റമെന്തോ സംഭവിച്ചിട്ടുണ്ടു്. തീർച്ച.

എല്ലാം അമ്മയോടു ചോദിച്ചു മനസ്സിലാക്കാം. ധൃതിവെച്ചു നടന്നു. കുടിലിന്റെ മുറ്റത്തിറങ്ങി. ആ മാവു് അവിടെയുണ്ടു്. അതിന്റെ തണലിൽ വല്ലാത്ത ഇരുട്ടു്. എന്തൊക്കെപ്പറഞ്ഞാണു് അമ്മയെ സമാധാനിപ്പിക്കേണ്ടതെന്നു് ആലോചിച്ചു കുറച്ചവിടെ നിന്നു. പിന്നെ വാതിലിന്നടുത്തു ചെന്നു വിളിച്ചു:

“അമ്മേ… അമ്മേ…”

അച്ചനെങ്കിലും ഉണരേണ്ടതായിരുന്നു. വാതിൽതുള്ളിനോക്കി. അകത്തേക്കുമറിഞ്ഞു വീണു. അകത്തു് ആളില്ലേ? പിന്നെയും വിളിച്ചു നോക്കി.

“അമ്മേ! അമ്മേ”

ഉത്തരമില്ല. നല്ല ഇരുട്ടു്. ഇരുന്നു് തറ മുഴുവൻ തപ്പിനോക്കി. ആരുമില്ല. പരിഭ്രമമായി. പുറത്തുകടന്നു് പിന്നെയും വിളിച്ചു;

“അമ്മേ!”

ഹൃദയം നൊന്തു് പലതവണ വിളിച്ചു. ആരും വിളി കേട്ടില്ല. ഒരു ഭ്രാന്തനെപ്പോലെ കടൽത്തീരത്തേക്കു് ഓടി.

അകലത്തു് വെളിച്ചം കാണുന്നു. ആരൊക്കെയോ വരുന്നുണ്ടു്. ഓ, ശരി! വേട്ടുവശ്ശേരിക്കാവിൽ നിറമാലയുണ്ടാവും. അതു കഴിഞ്ഞിട്ടുള്ള വരവാണു്. അച്ഛനും അമ്മയുമുണ്ടാവും. കാണാം എത്ര കാലമായി കണ്ടിട്ടിട്ടു്!

അവൻ കാത്തുനിന്നില്ല. അവരെ തേടി അങ്ങോട്ടുചെന്നു. മുമ്പിൽ പന്തവും കത്തിച്ചുനടക്കുന്നതു് ആശാനാണു്. പണിക്കരാശാൻ. കണ്ട ഉടനെ മനസ്സിലായി.

“ആശാനേ!”

ആശാൻ പന്തം പൊക്കി മുമ്പിലേക്കു നോക്കി.

“ആരാതു്?”

“ഞാനാണാശാനേ, പൊക്കൻ.”

“ഏതു പൊക്കൻ?” ആശാൻ അല്പം പരിഭ്രമമായി.

“ആശാനെന്നെ മറന്നോ? പൈതൽ മരതയ്ക്കാന്റെ…”

മുഴുവൻ പറഞ്ഞുതീരുന്നതിനുമുമ്പു് ഇടർച്ചയോടെ ആശാൻ ചോദിച്ചു; “ആര്?”

ഭൂതപ്രേതാദികളെ അകറ്റാനുള്ള മന്ത്രം ആശാൻ പതുക്കെ ഉരുക്കഴിച്ചുതുടങ്ങി.

“ആശാനെന്താ വിറയ്ക്കുന്നതു്?”

ഭയപ്പെടാനില്ല. പ്രേതമാണെങ്കിൽ ഇങ്ങനെ ബുദ്ധിപൂർവ്വം സംസാരിക്കില്ല. ആശാന്റെ പരിഭ്രമം കുറഞ്ഞു.

“എടോ, ഈവഴി ഇപ്പോൾ പകലുംകൂടി ആരും നടക്കാറില്ല. വസൂരിപിടിച്ചു കടപ്പുറത്തുള്ളവർ മുക്കാലും ചത്തു. ബാക്കിയുള്ളവർ ഓടിപ്പോകുകയും ചെയ്തു. ഞാനിപ്പം ഒരു പണ്ടാരടക്കീട്ടാ വരുന്നതു്.”

“എന്റെ അമ്മ എവിടെയ്ക്കാ ആശാനേ, പോയതു്? വസൂരിപേടിച്ചു പോയതാണോ?”

ആശാൻ ഉത്തരം ഒന്നും പറഞ്ഞില്ല. അവൻ പിന്നെയും പലതും ചോദിച്ചു. നിൽക്കക്കള്ളിമുട്ടിയ ആശാൻ സത്യം പറയാൻ നിർബ്ബന്ധിതനായി:

“നിന്റെ അമ്മ.”

“എന്റെ അമ്മ?”

“എടോ, ഒക്കെ വിധിയാണു്.”

“എന്താണാശാനേ?” അവന്റെ ഹൃദയത്തുടിപ്പു് ആശാൻ കേൾക്കുന്നുണ്ടു്.

“നിന്റെ അമ്മയ്ക്കും വസൂരിയായിരുന്നു. വേണ്ടതൊക്കെ ഞാൻ തന്നെ ചെയ്തു.”

“ഓ! എന്റമ്മേ!” കൈപ്പടം കടിച്ചമർത്തിയില്ലെങ്കിൽ അവൻ ഉറക്കെ കരഞ്ഞേനെ. അമ്മ മരിച്ചുപോയെന്നോ? വിശ്വസിക്കാൻ കഴിയുന്നില്ല. ചവുട്ടിനിൽക്കുന്ന ഭൂമി പൊട്ടിപ്പിളരുംപോലെ തോന്നി. നിൽക്കാൻ വയ്യ. ഇരുന്നു. ആശാൻ വേദാന്തം പറയുന്നുണ്ടു്. കൂട്ടത്തിൽ അച്ഛൻ മരിച്ച വിവരവും. ഇനി എന്തും കേൾക്കാം.

“എടോ, കരഞ്ഞതുകൊണ്ടു കാര്യമില്ല.”

ഒന്നുകൊണ്ടും കാര്യമില്ലെന്നു് അവൻ ഉറപ്പിച്ചു. ആശാൻ തുടർന്നു പറയുകയാണു്.

“ഇക്കാലത്തു മരിക്കുന്നതാ സുഖം. ദുരിതം അനുഭവിക്കേണ്ടല്ലോ.”

ഒരു കാര്യംകൂടി അവൻ അറിയാനുണ്ടു്. ആശാനും അവനെക്കുറിച്ചു് ചിലതു് അറിയാനുണ്ടു്. മരിച്ചുപോയെന്നാണു് കേട്ടതു്. എന്നിട്ടു് ഇപ്പോൾ എങ്ങനെ തിരിച്ചെത്തി? പക്ഷേ, അങ്ങോട്ടു് ഒന്നും ചോദിക്കാൻ പഴുതുകിട്ടുന്നില്ല.

“ആശാനേ” പൊക്കൻ വിളിച്ചു. അവസാനത്തെ കാര്യംകൂടി ആശാന്റെ മുഖത്തുനിന്നു കേൾക്കണം. “പാഞ്ചാലിയും മരിച്ചോ, ആശാനേ?”

“ഇല്ല.”

ഭാഗ്യം! അവനു് എഴുന്നേൽക്കാമെന്നായി.

“അവൾ ദണ്ഡംപിടിച്ചു കിടപ്പാണു്.” ആശാൻ തുടർന്നു: പറങ്കിൾ പിടിച്ചുകൊണ്ടുപോയ ദിവസം മുതൽ ആ പെണ്ണിന്റെ നാശം തുടങ്ങി. കുഞ്ഞിക്കണ്ണൻമരയ്ക്കാൻ പോയതിൽപ്പിന്നെ അവൾ കിടന്ന പായയിൽ നിന്നെഴുന്നേറ്റിട്ടില്ല.”

കുഞ്ഞിക്കണ്ണൻമരയ്ക്കാനും പോയി! കേട്ടതു മതി. ആശാന്റെ കൈയിൽ നിന്നു് പന്തവും വാങ്ങി അവൻ ബദ്ധപ്പെട്ടോടി. വാതിൽ തള്ളിത്തുറന്നു കുടിലിന്നകത്തുകടന്നു.

കീറിപ്പൊളിഞ്ഞൊരു പായിൽ പഴകിദ്രവിച്ചൊരു പുതപ്പിനുള്ളിൽ പാഞ്ചാലി കിടക്കുന്നു. തലമാത്രം പുറത്തുകാണാം. പന്തം തറയിൽ ഊന്നിനിർത്തി അവൻ പായിലിരുന്നു. തൊട്ടുനോക്കി. തീപോലെ പനിക്കുന്നു. പുറം തലോടിക്കൊണ്ടു് അവൻ വിളിച്ചു:

“പാഞ്ചാലീ!”

ചലനമില്ല.

മുഖം കുനിച്ചു ചുണ്ടു ചെവിടോടടുപ്പിച്ചു് അവൻ മന്ത്രിച്ചു:

“പാഞ്ചാലീ, നിന്റെ പൊക്കനാ വന്നതു്.

മന്ത്രം ഫലിച്ചു. അവൾ മലർന്നുകിടന്നു. കൺപോളകൾക്കിടയിൽ കൃഷ്ണമിഴി പതുക്കെ ചലിച്ചു. കഫപ്പറ്റുള്ള കണ്ഠം ശ്വാസോച്ഛ ്വാസത്തിന്റെ ക്രമത്തിനൊത്തു് നേരിയ ശബ്ദമുണ്ടാക്കി.

കണ്ണുതുറന്നു നോക്കും. മനസ്സിലാവും. ചിരിക്കും. കഥ പറയും-അവൻ അത്യാർത്ഥിയോടെ കാത്തിരുന്നു.

ഒന്നും സംഭവിച്ചില്ല. പ്രജ്ഞയില്ലാതെ കിടപ്പാണെന്നു മനസ്സിലായി. പിന്നെ താമസിച്ചില്ല. ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ അവളെ വാരിയെടുത്തു തോളിലിട്ടുകൊണ്ടു് അവൻ നടന്നു. തോണിയിൽ കയറി. നിറഞ്ഞ കണ്ണുകളോടെ വളയക്കടപ്പുറത്തോട അവസാന യാത്ര പറഞ്ഞു.

കപ്പിത്താന്റെ മുറിയിൽ പട്ടുവിരിപ്പിലാണു് പാഞ്ചാലി കിടക്കുന്നതു്. പനി വിട്ടുമാറാനുള്ള ഭാവമില്ല. ബോധം തെളിയുന്നുമില്ല. എങ്ങും പോവാതെ അവൻ അടുത്തിരുന്നു ശുശ്രൂഷിച്ചു. സൊകസ്സു വേണ്ടതെല്ലാം ഒരുക്കിക്കൊടുക്കും. ശുശ്രൂഷയിൽ അവളും വലിയ ഉത്സാഹം കാണിച്ചു.

ഒരാഴ്ച കഴിഞ്ഞു. മാറ്റമൊന്നുമില്ല. അവൻ കാത്തിരിക്കുകയാണു്. എന്തെല്ലാം പറയാനുണ്ടു്! ആലിക്കുട്ടി ചതിച്ചതു്, പറങ്കികളുടെ കൈയിൽപെട്ടതു്, മതംമാറി ഫർണാണ്ടസ്സായതു്, തടവുചാടി കുഞ്ഞാലി മരയ്ക്കാരുടെ ഭാഗം ചേർന്നു പൊരുതിയതു്, കടലിൽ പറങ്കികളെ നായാടാനിറങ്ങി പകവീട്ടിയതു്, കണക്കില്ലാത്ത സ്വർണ്ണത്തിനു് ഉടമയായതു്…

“വെള്ളം!” വളരെ ക്ഷീണിച്ച സ്വരം. പാഞ്ചാലിയാണോ പറഞ്ഞതു്? മുറിയിൽ വെളിച്ചമില്ല. വിളക്കു കൊളുത്തി. അതേ പാഞ്ചാലി തന്നെ. ആഹ്ലാദം കൊണ്ടു് അവൻ മതിമറന്നു. അവൾ കണ്ണു തുറന്നു നോക്കുന്നു! ഒന്നും മനസ്സിലാവാത്തപോലെ വെള്ളവുംകൊണ്ടു് ഓടിച്ചെന്നു.

“പാഞ്ചാലീ!” ആ വിളി ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നാണു് പൊങ്ങിയതു്. “നിന്റെ പൊക്കനാണിതു്; മനസ്സിലായോ?”

പാഞ്ചാലി സൂക്ഷിച്ചുനോക്കി. വെള്ളത്തിനുവേണ്ടി പതുക്കെ വായ പൊളിച്ചു. വെള്ളം കുടിച്ചു് പിന്നെയും നോക്കി.

“ഇനി നിന്റെ പൊക്കനെങ്ങും പോവില്ല, പാഞ്ചാലീ”

ഇമവെട്ടാതെ നോക്കിക്കൊണ്ടിരിക്കെ അവളുടെ ക്ഷീണിച്ച കണ്ണുകളിൽ സന്തോഷത്തിന്റെ കൈത്തിരി കത്തി. വിളറിയ മുഖത്തു സംതൃപ്തിയുടെ പ്രകാശം പരന്നു. ഒരു തവണകൂടി പതുക്കെപ്പറഞ്ഞു;

“വെള്ളം!”

ഭൂമി മുഴുവൻ പതിച്ചുകിട്ടിയാലും പൊക്കൻ ഇത്ര സന്തോഷിക്കില്ല. ഒഴിക്കുംതോറും ആർത്തിയോടെ അവൾ വെള്ളം കുടിച്ചു. ഇരുവശത്തും തളർന്നു വീണുകിടന്ന കൈകൾ പതുക്കെ ഇളകി.

പൊക്കന്റെ കൈ പിടിച്ചു് അവൾ മുഖത്തു വെച്ചു. കണ്ണുകളിൽ അമർത്തി. അങ്ങനെ ആശ്വാസത്തോടെ കിടന്നു. അവൻ തലകുനിച്ചു് അവളുടെ നെറ്റിയിലും മൂർദ്ധാവിലും മാറിമാറി ചുംബിച്ചു.

പാഞ്ചാലി പിന്നെയും കണ്ണടച്ചു. ഇത്തവണ ബോധക്ഷയമല്ല, ഉറക്കമാണെന്നു് അവൻ ആശ്വസിച്ചു. സൊകസ്സു മുറിയിലേക്കു വന്നു. ശുശ്രൂഷയുടെ ചുമതല ഏറ്റെടുത്തു. അവൻ ഇത്തിരി കാറ്റു കൊള്ളാൻ വേണ്ടി കപ്പൽത്തട്ടിലേക്കു നടന്നു.

പാതിരാവുവരെ അങ്ങനെ നിന്നു. എങ്ങും ഒരു ചലനമില്ല. ശബ്ദമില്ല. കൂട്ടുകാർ പാറപ്പുറത്തു് കിടന്നുറങ്ങുന്നു. അകലത്തു് ശ്മശാനതുല്യമായ വളയക്കടപ്പുറം ഇരുട്ടിൽ മുങ്ങിക്കിടക്കുന്നു. അവിടെ യാതൊന്നുമില്ല. എല്ലാ ബന്ധങ്ങളും അറ്റുപോയി.

സൊകസ്സു മുറിയിൽ നിന്നു വിളിക്കുന്നു; ഏതോ അപകടപറ്റിയപോലെ. ഓടിച്ചെന്നു. പാഞ്ചാലി ചലനമില്ലാതെ കണ്ണുതുറിച്ചു മിഴിച്ചു് കിടക്കുന്നു. ഉരുവിട്ടു വിളിച്ചു. ശരീരം മുഴുവൻ തണുത്തു മരവിച്ചിട്ടുണ്ടു്. ശ്വാസമില്ല.

“ഓ! ചതിച്ചല്ലോ, പാഞ്ചാലീ!” അവൻ പാഞ്ചാലിയുടെ മാറത്തു മുഖമമർത്തി വിങ്ങിവിങ്ങിക്കരഞ്ഞു.

സൊകസ്സുവിന്റെ നിലവിളി കേട്ടു കുട്ടുകാർ ഉണർന്നെത്തി…

ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾ കൂട്ടി. മൃതദേഹം സുഗന്ധതൈലത്തിൽ കുളിപ്പിച്ചു പട്ടുവസ്ത്രത്തിൽ പൊതിഞ്ഞു കപ്പൽത്തട്ടിൽ കിടത്തി.

പൊക്കൻതന്നെ ആ കപ്പൽത്തണ്ടു വലിച്ചു് അകലത്തു കൊണ്ടു പോയി നങ്കൂരമിട്ടു നിർത്തി. കണ്ണടച്ചു മുതദേഹത്തിനടുത്തുനിന്നു പ്രാർത്ഥിച്ചു. കണ്ണീരുകൊണ്ടു് ഒന്നും കാണുന്നില്ല. പട്ടുവസ്ത്രം നീക്കി അവസാനമായി ആ മുഖമൊന്നു നോക്കി. ഗദ്ഗദത്തോടെ വിടവാങ്ങി. ഒപ്പം വന്ന തോണിയിൽ കയറി വെള്ള്യാൻകല്ലിലെത്തി.

അവിടെ വില്ലിൽ തൊടുത്ത തീയമ്പുകളുമായി കൂട്ടുകാർ ഒരുങ്ങി നിൽക്കുന്നു. കല്പനയ്ക്കുവേണ്ടി. നിറഞ്ഞ കണ്ണുകളോടെ അവൻ കൂട്ടുകാരെ നോക്കി. സംസാരിക്കാൻ വയ്യ. തലകൊണ്ടു് ആംഗ്യം കാണിച്ചു കല്പന കൊടുത്തു.

ഇരുട്ടിന്റെ മാറിടം പിളർന്നുകൊണ്ടു് തീയമ്പുകൾ വഴിക്കുവഴി കപ്പലിനെ ലക്ഷ്യംവെച്ചു കുതിച്ചു. കപ്പൽ തീയമ്പുകൾകൊണ്ടു നിറഞ്ഞു. പതുക്കെപ്പതുക്കെ അവിടെയുമിവിടെയും പറ്റിപ്പിടിച്ചു കയറാൻ തുടങ്ങിയ തീജ്ജ്വാലകൾ നിമിഷനേരം കൊണ്ടു് വീർക്കുകയും വലുതാവുകയും ചെയ്തു. മൃതദേഹത്തോടൊപ്പം കപ്പലിനെ വലയം ചെയ്തു് അവ നൃത്തം വെച്ചു. നാലുപാടും ചുവന്ന വെളിച്ചം പരന്നു. കടൽ വെള്ളത്തിലതു പ്രതിബിംബിച്ചു.

തന്റെ പ്രാണൻ കപ്പൽത്തട്ടിൽ കിടന്നു ചാമ്പലാവുന്നതും നോക്കി വേദനയോടെ പൊക്കൻ വെളള ്യാൻകല്ലിൽ നിന്നു. കണ്ണുകൾ നിറഞ്ഞൊഴുകി കവിൾത്തടം കഴുകുകയാണു്.

സൊകസ്സു പൊക്കനെ ചേർന്നു നിന്നു. കവിൾത്തടം തുടച്ചാറ്റി.

ശക്തിയോടെ കാറ്റടിച്ചു് തീജ്ജ്വാലകൾ ചിതറിയപ്പോൾ ഒരുതവണകൂടി മൃതദേഹം എല്ലാവരും കണ്ടു. വിശന്ന ചെന്നായ്ക്കളെപ്പോലെ അടുത്ത നിമിഷം തീജ്ജ്വാലകൾ അതിന്മേൽ ചാടിവീണു നക്കിത്തിന്നാൻ തുടങ്ങി.

Colophon

Title: Cuvanna Kaṭal (ml: ചുവന്ന കടൽ).

Author(s): Thikkodiyan.

First publication details: Eye Books; Kozhikode, Kerala; 1; 2016.

Deafult language: ml, Malayalam.

Keywords: Novel, Thikkodiayan, തിക്കോടിയൻ, ചുവന്ന കടൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 23, 2022.

Credits: The text of the original item is copyrighted to P. Pushpakumari (inheritor). The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Late Autumn Plant, embroidery and mixed technique on fabric by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.