യജമാനന്മാർ അടിമകളും അടിമകൾ യജമാനന്മാരുമായി സ്ഥാനംമാറി സ്ഥലംപിടിച്ച പറങ്കിക്കപ്പുലുകളെല്ലാം ഇന്നു ഫർണാണ്ടസ്സിന്റെ സ്വന്തമാണു്. വേണമെങ്കിൽ അവനു സമുദ്രം മുഴുവനും അതോടിച്ചു കൊണ്ടുപോകാം; വേണ്ടെങ്കിൽ മുക്കിക്കളയാം. ആരും ചോദിക്കാനില്ല; കൽപിക്കാനും.
രണ്ടുദിവസം പീരങ്കികൾ പ്രയോഗിക്കാനുള്ള പരിശീലനം നൽകുന്ന തിരക്കായിരുന്നു. പിരങ്കിയും വെടിക്കോപ്പും ധാരാളമുണ്ടായാൽ പോരല്ലോ. വേണ്ടസമയത്തു് അതു പ്രയോഗിക്കാനും കഴിയേണ്ടേ? മരയ്ക്കാർകോട്ടയിലുള്ളപ്പോൾ ഫർണാണ്ടസ് അതു വേണ്ടപോലെ പഠിച്ചുറപ്പിച്ചിരുന്നു. ഏതാനും പേരെ തിരഞ്ഞെടുത്തു് അവൻ അവർക്കു പരിശീലനം നൽകി.
അബു ഒന്നിലും പെടാതെ ഒഴിഞ്ഞുമാറി നിന്നു. പറങ്കികളെ തോൽപ്പിക്കാൻ കഴിഞ്ഞതിൽ അവനു സന്തോഷമുണ്ടു്. പക്ഷേ, അതു് അവൻ പുറത്തുകാണിച്ചില്ല. പിണക്കമാണു്. ഫർണാണ്ടസ് അവനെ നിർദ്ദയമായി തല്ലി. ഒരടിമയെപ്പോലെ പിടിച്ചു കെട്ടിയിട്ടു. അവൻ വേദനകൊണ്ടു് പിടയുമ്പോൾ ഫർണാണ്ടസ് പൊട്ടിച്ചിരിച്ചു. ആ ചിരിയുടെ ശബ്ദം അപ്പോഴും അവന്റെ കാതുകളിൽ മുഴങ്ങുന്നു. തല്ലിന്റെ വേദന സാരമില്ല; ഹൃദയവേദനയാണു് സഹിക്കാത്തതു്. നാലുഭാഗവും പീരങ്കിവെടികൾ മുഴങ്ങുകയാണു്. പറങ്കിക്കപ്പലുകളിൽ നിന്നു കിട്ടിയ വീഞ്ഞു കുടിച്ചു് പലരും മദോന്മത്തരായി പാടുന്നുണ്ടു്. സ്വബോധം വിട്ടു നൃത്തം വയ്ക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടു്. എല്ലാം അബുവിനു് അസഹ്യമായി തോന്നി. അവൻ ഒഴിഞ്ഞ ഒരു കോണിൽ ആരുടെ ശ്രദ്ധയിലും പെടാതെ ചിന്താമഗ്നനായി നിന്നു. പീരങ്കിയുണ്ടകൾ വീണു. കടൽവെള്ളം ചിതറിത്തെറിക്കുന്നു. ആ പീരങ്കിയുണ്ടപോലെ ഒരു ദിവസം താനും കപ്പലിൽനിന്നു ചീറി പുറത്തേക്കു പായുമെന്നു് അവൻ ഉറപ്പിച്ചു.
ആരോ പിൻഭാഗത്തൂടെ വന്നു തോളിൽകൈയിട്ടു. ആരായാലും വേണ്ടില്ല; ആ കപ്പലിൽ ആരോടും അവനു ചങ്ങാത്തമില്ല. എല്ലാം അവന്റെ ശത്രുക്കളാണു്. ആർക്കും അവനോടു സ്നേഹമോ സഹതാപമോ ഇല്ല. കുറേനേരം അങ്ങനെ നിന്നു; കടന്നുപൊയ്ക്കൊള്ളട്ടെ; മിണ്ടില്ലെന്നു് അവൻ തീരുമാനിച്ചു.
“അബു” അതു ഫർണാണ്ടസ്സിന്റെ ശബ്ദമാണു്. അബുവിന്റെ ശരീരം കോപംകൊണ്ടു വിറച്ചു.
“നിനക്കെന്നോടു പിണക്കമാണോ?”
അബു മിണ്ടിയില്ല. പല്ലു കടിച്ചുകോപം നിയന്ത്രിച്ചുനിന്നു. പട്ടിയെ തല്ലും പോലെ പിടിച്ചുകെട്ടി തല്ലീട്ടു സ്നേഹിക്കാൻ വന്നിരിക്കുന്നു! തോളിലെ കൈ തട്ടിമാറ്റി അവൻ അല്പം പുറകോട്ടുമാറി.
“ഇതാ, ഈ താക്കോലു നീ വെച്ചോ.”
അബുവിനു താക്കോലും വേണ്ടാ, പൂട്ടും വേണ്ടാ. പട്ടിയോടെന്നപോലെ പെരുമാറാഞ്ഞാൽമതി. ഫർണാണ്ടസ് വീണ്ടും സംസാരിക്കുന്നു:
“പറങ്കികളോടു പിടിച്ചെടുത്ത ഒരുപാടു പൊന്നും വെള്ളിയും പൂട്ടിവെച്ചിട്ടുണ്ടു്. അറയുടെ താക്കോലാണിതു്. ഇതു മറ്റൊരാളെ ഏല്പിക്കാൻ കാണുന്നില്ല.”
അബു അറിയാതെ ഒന്നു ഞെട്ടി. പൊന്നും വെള്ളിയും വെച്ചുപൂട്ടിയ അറയുടെ താക്കോൽ ഏൽപ്പിക്കാൻ മറ്റൊരാളെ കാണുന്നില്ലെന്നോ? എല്ലാംകഴിഞ്ഞു കളിയാക്കാൻ വന്നതായിരിക്കും. സഹിക്കാതെ തരമില്ലല്ലോ. അവന്റെ കൈയിൽ ആയുധമില്ല. ബലപരീക്ഷയ്ക്കൊരുങ്ങിയാൽ ഫർണാണ്ടസ്സിനോടു് ജയിക്കാനും പ്രയാസം. പറയട്ടെ. ഇഷ്ടംപോലെ പറയട്ടെ. ഒരു താൽപ്പര്യവും കാണിക്കാതെ അവൻ നിന്നു.
“പൊന്നും പണവും പിണക്കമുണ്ടാക്കും. എല്ലാം കഴിഞ്ഞു് ഒരു കരപറ്റുന്നതുവരെ പിണക്കമൊന്നുമുണ്ടാവാതെ കഴിക്കണം. അതിനു നീ എന്നെ സഹായിക്കണം. ഈ താക്കോൽ നീ വെച്ചോ. മറ്റാരെയും എനിക്കു വിശ്വാസമില്ല.”
അബു അന്തംവിട്ടു നിന്നു. അവന്റെ മനസ്സിൽ അതിഭയങ്കരമായ സംഘട്ടനം നടക്കുകയാണു്. ഫർണാണ്ടസ് പറയുന്നതു സത്യമാണോ? എങ്ങനെ സത്യമാവും? ഏറ്റവും വിശ്വസിക്കുന്നവരെ കെട്ടിയിട്ടു തല്ലാറാണോ പതിവു്? ആലോചന അത്രത്തോളമെത്തിയപ്പോൾ രണ്ടു ന്യായം പറഞ്ഞേ കഴിയു എന്നു് അവന്നു തോന്നി.
“ഞമ്മക്ക് കേക്കണ്ടാ അന്റെ ബിസ്വാസം.”
“എന്താ അബു?” ഉറ്റ സുഹൃത്തെന്നപോലെ വീണ്ടും തോളിൽ കൈവെച്ചുകൊണ്ടു ഫർണാണ്ടസ് ചോദിച്ചു.
“അന്റെ ബിസ്വാസം ഞമ്മള് കണ്ടു്. ഇനി ഞമ്മളെ അയിനൊന്നും കിട്ടൂലാ. ഒരിക്കലേ മനിസന പോയത്തം പറ്റു.”
“അന്ന് തല്യേത്കൊണ്ടാ അബു പറേണത്?”
“പിന്ന്യല്ല്യാണ്ട്! അന്നിജ്ജ് കണ്ണിച്ചോരല്ലാണ്ടല്ലേ ഞമ്മളെ തല്ല്യത്!” അബു വിട്ടുനിന്നു. ഫർണാണ്ടസ്സിനെ ദഹിപ്പിക്കുമാറു് നോക്കി. ആ സംഭവത്തിനുശേഷം അന്നാണു് അവർ അന്യോന്യം കാണുന്നതും നോക്കുന്നതും. ഫർണാണ്ടസ് അതൊന്നും കാര്യമായെടുക്കാതെ അബുവിന്റെ കൈയിൽ കേറി പിടിച്ചു.
“നീ വാ, പറേട്ടെ.”
“വേണ്ടാ; ഞമ്മള് ബരൂലാ.”
“സാരേല്ല. തല്ലുകൊണ്ടത് എനിക്കാന്നിച്ചാ ഞാനും പിണങ്ങും. പക്കെങ്കില് നിന്നെ ഞാൻതല്യത് വെറുത്യേല്ല.”
“പിന്നെ വെലയ്ക്കോ?”
“തന്നെ. ഞാൻ കപ്പിത്താനാ.”
“ഞമ്മക്ക് കേക്കണ്ടാ അന്റെ ബലുപ്പം.”
“കപ്പിത്താൻ പറേണതു് അനുസരിച്ചില്ലേങ്കിലു് ശിക്ഷ കിട്ടും. അതാ കപ്പലിലെ സമ്പ്രദായം. നിന്നോടെനിക്കൊരു വിരോധോം ഇല്ല.”
“പിന്നെ? സ്നേഹംകൊണ്ടാ ജ്ജ് ഞമ്മളെ തല്ല്യേതു്?”
“ആ സ്നേഹം കൊണ്ടുതന്നെ. നിനക്കു തല്ലു കിട്ടിലേങ്കില് മറ്റുള്ളോരും അനുസരണക്കേടു കാണിക്കും. അപ്പോ പിന്നെ കപ്പിത്താനെന്താ ഒരു വെല?”
“ഞമ്മളെ കയ്യ് ബിട്.” അബു കുതറി. ഫർണാണ്ടസ് വിട്ടില്ല.
“ചാട്ടവാറ് ഇവിടേണ്ട്. അനുസരണക്കേട് കാണിച്ചാൽ ഇനീം തല്ല് കിട്ടും. നിയ്യാ കപ്പിത്താനെങ്കിൽ നിയ്യെംന്നം തല്ലിക്കോ” ഫർണാണ്ടസ്സിന്റെ ശബ്ദത്തിനു കനംകൂടുകയാണു്.
ആ ന്യായം അബുവിനിഷ്ടമായി. വിരോധംകൊണ്ടല്ല തല്ലിയതെന്നു് അവന്നു മനസ്സിലായി. കപ്പിത്താന്റെ അധികാരമാണു് ഫർണാണ്ടസ് ഉപയോഗിച്ചതു്. താനാണു് കപ്പിത്താനെങ്കിൽ തനിക്കും അനുസരണക്കേടു കാണിക്കുന്നവരെ തല്ലാം. അതു രസമുള്ള ഏർപ്പാടാണു്. അറിയാതെ അവൻ ഫർണാണ്ടസ്സിനു വഴങ്ങി. അവർ രണ്ടുപേരും നടന്നു. കപ്പിത്താന്റെ മുറിക്കടുത്താണു് കൊള്ളമുതൽ സൂക്ഷിച്ച അറ. ഫർണാണ്ടസ് അതു തുറന്നു. രണ്ടുപേരും ഒപ്പം അകത്തു കയറി.
അത്രയേറെ സ്വർണം അബു ഒരിക്കലും കണ്ടിട്ടില്ല. അവൻ അന്തം വിട്ടു നിന്നു.
“ഇതു നിനക്കും എനിക്കും ഒരുപോലെ അവകാശപ്പെട്ടതാ, അബൂ.” ഫർണാണ്ടസ് കളിയാക്കി അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു; “ഈ താക്കോൽ ഞാൻ നിന്റെ കൈയിൽ തരാം. നീയിതു സൂക്ഷിക്കണം. ഇന്നു മുതൽ നീ കപ്പിത്താന്റെ മുറിയിൽ താമസിച്ചോ.”
അബു സമാധാനമൊന്നും പറഞ്ഞില്ല. ഫർണാണ്ടസ്സിനോടുള്ള വൈരം പതുക്കെപ്പതുക്കെ മായുകയാണു്. കഴിഞ്ഞ സംഭവങ്ങൾ മുഴുവനും ആ നിൽപ്പിൽ അവനോർത്തു.
കപ്പലിൽ പറങ്കിക്കൊടി പറപ്പിച്ചതു് അവരോടുള്ള സ്നേഹംകൊണ്ടായിരുന്നില്ല; അതുപോലെ അവരുടെ ഉടുപ്പു ധരിക്കാൻ പറഞ്ഞതും. എല്ലാം പറങ്കികളെ വഞ്ചിക്കാനുള്ള ഉപായങ്ങളായിരുന്നു. അതു മനസ്സിലാക്കാൻ ശേഷിയില്ലാതെപോയ താനാണു് കുറ്റക്കാരനെന്നു് അബുവിനു തോന്നി. അപ്പോൾ തല്ലിയതു തെറ്റല്ല; സ്നേഹക്കുറവുമല്ല. കിട്ടേണ്ടതു കിട്ടി. അതിനു മറ്റുള്ളവരോടു് പരിഭവിച്ചിട്ടു കാര്യമില്ല. ഫർണാണ്ടസ്സിനു് തന്നോടു സ്നേഹമില്ലെങ്കിൽ ഇത്രയേറെ പൊന്നും വെള്ളിയും സൂക്ഷിച്ച അറയുടെ താക്കോൽ ഒരിക്കലും വിശ്വസിച്ചേൽപ്പിക്കില്ല.
അബു ക്രമേണ പഴയ പദവിയിലേക്കുയർന്നു. ഫർണാണ്ടസ്സിന്റെ പ്രധാനോപദേഷ്ടാവായിക്കഴിഞ്ഞു. കുഞ്ഞാലിമരയ്ക്കാരുടെ കീഴിൽ കടൽയുദ്ധം ശീലിച്ചു ആളല്ലേ? സ്വർണം സൂക്ഷിച്ച അറയുടെ താക്കോലും മടിക്കുത്തിൽ തിരുകി അബു അന്തസ്സിലങ്ങനെ നടക്കാന്ൻ തുടങ്ങി.
വ്യക്തമായ ലക്ഷ്യമൊന്നുമില്ലാതെ കപ്പലുകൾ പുറംകടലിൽ അലയുകയാണു്. അതു പറ്റില്ലെന്നു ഫർണാണ്ടസ്സിനു തോന്നി. വേണ്ടത്ര വേലക്കാരും ഭക്ഷണസാധനങ്ങളുമുള്ളപ്പോൾ ദിവസങ്ങൾ നഷ്ടപ്പെടുന്നതു് ശരിയല്ല. പുതിയ അനുഭവങ്ങൾ അന്വേഷിച്ചു പുറപ്പെടണം. ഏതു വഴി എങ്ങോട്ടു സഞ്ചരിച്ചാലാണു് മെച്ചമെന്നു ഫർണാണ്ടസ്സിനു നിശ്ചയമില്ല. അതുകൊണ്ടു കല്പന നൽകാൻ മടിച്ചുകൂടാ. വിഷമം മനസ്സിലാക്കിയ അബു പറഞ്ഞു: “ഞമ്മക്കു കൊളമ്പിലോട്ടു പൊഗ്ഗാ.”
“എന്തിനു്?” ഫർണാണ്ടസ് ചോദിച്ചു
“അബിടെ ബലിയ അങ്ങാടീം കാര്യോം ഒക്കെണ്ട്. കച്ചോടം ബല്ലതും ചെയ്യണന്നിച്ചാൽ ഒരു പുസ്തിമുട്ടൂല്ല.”
ഫർണാണ്ടസ് ഉത്തരമൊന്നും പറയാതെ ശ്രദ്ധിച്ചു. കച്ചവടത്തിൽ അവനു് താൽപ്പര്യമില്ല. ഈ സാഹസയാത്രയ്ക്കൊരുങ്ങിയതു പറങ്കികളെ നേരിടാനാണു്. അവരെ കണ്ടുമുട്ടാൻ സൗകര്യമുള്ള സ്ഥലത്തേക്കാണു് യാത്ര വേണ്ടതു്.
“പിന്നെ”, അബു തന്റെ അഭിപ്രായം പ്രകടിപ്പിക്കാൻ ധൃതികൂട്ടി:
“പറങ്ക്യേള് ബരണ്ടതും ആ ബയിക്കാണ്. എപ്പം കൊളമ്പുപ്പോയാലും പറങ്ക്യേളെ കാണാണ്ട കയ്യൂലാ.”
അതു തരക്കേടില്ല. പറങ്കികളെ കാണുമെങ്കിൽ ഫർണാണ്ടസ് കൊളമ്പിലേക്കു പോകാൻ തയ്യാറാണു്; അതിനപ്പുറത്തേക്കും. എവിടെയെങ്കിലും പോകാതെ കഴിയില്ല. നല്ലനല്ലദിവസങ്ങൾ നഷ്ടപ്പെട്ടുപോകുന്നു. പുറംകടലിൽ എത്രനാളങ്ങനെ ചുറ്റിത്തിരിയും? അബുവിന്റെ നിർദേശപ്രകാരം യാത്ര കൊളമ്പിലേക്കാവാമെന്നു വച്ചു. ഉടനടി കല്പന പുറപ്പെട്ടു.
അബുവിനെയും കൂട്ടി തണ്ടുവലിക്കാരുടെ ഇടയിലൂടെ ഫർണാണ്ടസ് നടന്നു. പറങ്കിക്കപ്പിത്താൻ അടിമയെപ്പോലെ ചങ്ങലക്കെട്ടിൽ കുടുങ്ങി തണ്ടുവലിക്കുകയാണു്. കാണാൻചന്തമുണ്ടു്. ചെമ്പിച്ച താടിരോമങ്ങളിലൂടെ വിയർപ്പുതുള്ളികൾ ഇറ്റിറ്റുവീഴുന്നു. തുടുത്ത കവിളുകൾ കിതപ്പുകൊണ്ടു് വീർക്കുകയും ചുരുങ്ങുകയും ചെയ്യുന്നു. അതു കണ്ടപ്പോൾ പഴയ കാര്യങ്ങൾ ഓരോന്നായി ഫർണാണ്ടസ്സിന്റെ മനസ്സിലേക്കു കയറിവന്നു.
ക്ഷമിക്കാൻ വയ്യാത്ത കുറ്റങ്ങൾ. കോപംകൊണ്ടു് കണ്ണുകൾ ജ്വലിച്ചു. ചുണ്ടുകൾ വിറച്ചു. പകവീട്ടാനുള്ള മോഹം ജനിച്ചു. ചാട്ടവാർ കൈയിലേന്തി അവൻ പറങ്കികളെ തുറിച്ചുനോക്കി. അബു പേടിച്ചു പിൻമാറി…
…കുഞ്ഞാലിയെ കപ്പൽത്തട്ടിലിട്ടു കൊത്തിനുറുക്കുകയാണു്. ചോരത്തുള്ളികൾ തെറിക്കുന്നു. മാംസക്കഷണങ്ങൾ തെറിക്കുന്നു…
“ഠെ!” പറങ്കിക്കപ്പിത്താന്റെ പുറത്തു് ചാട്ടവാർ അമർന്നു പതിച്ചു. ഇടത്തും വലത്തും മാറിമാറി ചാട്ട വീശിക്കൊണ്ടു ഫർണാണ്ടസ് മുമ്പോട്ടും പിമ്പോട്ടും നടന്നു.
അബു പാമരത്തിന്റെ പിറകിൽ ഒളിച്ചുനിന്നു. ഫർണാണ്ടസ് പൊട്ടിച്ചിരിക്കുന്നു. കാര്യം പന്തിയല്ല. രക്ഷപ്പെടണം. കണ്ടാൽതല്ലുകിട്ടും.
“അബു!” ഫർണാണ്ടസ് വിളിക്കുകയല്ല. അലറുകയാണു്. എങ്ങനെ വിളികേൾക്കും? അബു പേടിച്ചുവിറച്ചു. മിണ്ടാതെ നിന്നാൽ അനുസരണക്കേടാവും. അനുസരണക്കേടു് കാണിച്ചാൽ കപ്പിത്താൻ ക്ഷമിക്കില്ലെന്നു പറഞ്ഞിട്ടുണ്ടു്. മിണ്ടിയാലും മിണ്ടാഞ്ഞാലും തല്ലുകിട്ടും. കുഴപ്പത്തിലായി.
“അബു!” ഫർണാണ്ടസ്സല്ല വിളിക്കുന്നതു്. അവന്റെ ഉള്ളിൽ മറ്റാരോ ഉണ്ടു്. ഏതോ ചെകുത്താൻ. ഇനിയൊരു വിളിക്കിടംകൊടുക്കുന്നതിനു മുമ്പു കീഴടങ്ങണം. കൊല്ലുമെങ്കിൽ കൊല്ലട്ടെ. അവൻ ശങ്കിച്ചു ശങ്കിച്ചു മുമ്പോട്ടു ചെന്നു തല താഴ്ത്തി നിന്നു. ഫർണാണ്ടസ്സിന്റെ മുഖത്തു നോക്കാൻ വയ്യാ.
“ഉം! ദ്ദാ… പിടിച്ചോ” അതൊരു കല്പനയായിരുന്നു. ചാട്ടവാർ അബുവിനെ ഏൽപിച്ചു് ഫർണാണ്ടസ് പറഞ്ഞു:
“ഈ പറങ്കികളെ പണിയെടുപ്പിക്കേണ്ടതു് ഇനി നീയാണു്.”
മറുപടി കേൾക്കാൻ കാത്തുനിൽക്കാതെ ഫർണാണ്ടസ് കപ്പിത്താന്റെ മുറിയിലേക്കു പോയി.
ആവൂ! രക്ഷപ്പെട്ടു. അബു ആകപ്പാടെ അന്തംവിട്ടുപോയിരുന്നു. അവന്നു ചുമതലകൾ വർദ്ധിക്കുകയാണു്. അധികാരം കൂടുകയാണു്. അതോർത്തപ്പോൾ രസംതോന്നി. പറങ്കികൾക്കു് കണക്കിൽ രണ്ടു കൊടുക്കണമെന്നു് ആശിക്കാൻ തുടങ്ങീട്ടു കാലം വളരെയായി. ഇപ്പോൾ അധികാരവും ചാട്ടവാറും കൈയിലുണ്ടു്. പറങ്കികളുടെ പുറവും ചാട്ടവാറും അവൻ മാറിമാറി നോക്കി.
ജോലി ആരംഭിച്ചു. രണ്ടുവട്ടം അങ്ങട്ടുമിങ്ങട്ടും നടന്നു തല്ലി. ഒന്നു പൊട്ടിച്ചിരിച്ചാൽ വേണ്ടില്ലെന്നു തോന്നി. ഫർണാണ്ടസ് ചിരിക്കുമ്പോലെ ചിരിച്ചു. കേൾക്കാൻ പറ്റാത്ത ചിരി! ഒട്ടും ഗൗരവമില്ല. വേദനകൊണ്ടു പിടയുന്ന പറങ്കികൾപോലും തന്നെ പരിഹസിക്കുന്നതായി തോന്നി. തിരിച്ചു നേരെ നടന്നു. ഒന്നുരണ്ടു ദിവസംകൊണ്ടു് എല്ലാം ശരിപ്പെടുമെന്നു് അവൻ ആശ്വസിച്ചു.
കൊളമ്പിലെത്തുന്നതുവരെ പറങ്കിക്കപ്പലുകളൊന്നും കണ്ടില്ല. രണ്ടുദിവസം തുറമുഖത്തു തങ്ങാമെന്നുവെച്ചു. പട്ടുതുണിത്തരങ്ങൾ ധാരാളം കിടപ്പുള്ളതുകൊണ്ടു് ജോലിക്കാർക്കു പുതിയ ഉടുപ്പുകൾ തയ്പ്പിക്കാൻ തീരുമാനിച്ചു. അബുവിനെ അക്കാര്യം ചുമതലപ്പെടുത്തി. അവൻ പരിചയമുള്ളവനാണു്. ഓരോ ചെറുസംഘമായി ജോലിക്കാരെ അബുവിന്റെ നേതൃത്വത്തിൽ കരയിലേക്കയച്ചു. പച്ചനിറത്തിലുള്ള കാൽസരായിയും ചുവപ്പുകുപ്പായവും മഞ്ഞ തലയിൽക്കെട്ടുമാണു് ഫർണാണ്ടസ് അവർക്കു നിർദ്ദേശിച്ച വേഷം. ഹനുമാന്റെ അടയാളമുള്ള ഒരു പതാക തയ്പ്പിക്കാനും അവൻ ഏർപ്പാടു ചെയ്തു.
എല്ലാം കഴിഞ്ഞു. ഹനുമാന്റെ അടയാളമുള്ള പതാകയും പറപ്പിച്ചു് കൊളമ്പിൽ നിന്നു് മടങ്ങുമ്പോൾ ആകാശം ഇടയ്ക്കിടെ മുഖം കറുപ്പിക്കുന്ന സ്വഭാവം പ്രദർശിപ്പിച്ചിരുന്നു. അതു കാലവർഷാരംഭത്തിന്റെ സൂചനയാണു്. കടൽ ക്ഷോഭിച്ചിളകുന്നതിനു മുമ്പു വല്ല രക്ഷാസങ്കേതവും കണ്ടെത്തണം. കഴിയുംവേഗം മുമ്പോട്ടു കുതിക്കാൻ ഫർണാണ്ടസ് കൂട്ടുകാർക്കു നിർദേശം നൽകി.
കടൽ മൂരിനിവരുകയും നെടുവീർപ്പയയ്ക്കുകയും ചെയ്തുകൊണ്ടു് പലപ്പോഴും അസ്വസ്ഥഭാവം പ്രകടിപ്പിച്ചു. കാറ്റു മിക്കവാറും ഒരു ചിത്തരോഗിയുടെ മട്ടിൽ പെരുമാറി. ചിലപ്പോൾ വളരെ മര്യാദക്കാരനാവും. അടുത്ത നിമിഷം ഒട്ടും വ്യവസ്ഥയില്ലാതെ കപ്പൽപായകളെ പിച്ചിച്ചീന്താനൊരുങ്ങും. ഒരിക്കൽ തെക്കുപടിഞ്ഞാറുനിന്നു് ഓടിക്കൊണ്ടുവന്നാൽ മറ്റൊരിക്കൽ കിഴക്കുനിന്നു ചാടിവീഴും. മുന്നറിയിപ്പില്ലാതെ കൊടുങ്കാറ്റിന്റെ രൂപം കൈക്കൊള്ളും. കടൽത്തിരകളെ വിളിച്ചുണർത്തി, കുഞ്ചിരോമം പിടിച്ചിളക്കി വാശിപിടിപ്പിക്കും.
ലക്ഷണങ്ങളൊന്നും പന്തിയല്ല. തണ്ടുവലിക്കാർ കിണഞ്ഞു പ്രയത്നിക്കുന്നുണ്ടു്. അബു പറങ്കികളെ വേണ്ടപോലെ തല്ലുന്നുണ്ടു്. യാത്ര പുറങ്കടലിലേക്കു നീങ്ങിപ്പോകരുതെന്നു് ഫർണാണ്ടസ് താക്കീതു് നൽകി. പെട്ടെന്നു കടൽ ക്ഷോഭിച്ചാൽ ഏതെങ്കിലുമൊരു താവളത്തിൽ പറ്റിപ്പിടിച്ചുകൂടാൻ ശ്രമിക്കണം.
അബു പറഞ്ഞിട്ടാണറിഞ്ഞതു് അകലത്തു കാണുന്നതു കൊച്ചിത്തുറമുഖമാണു്. പറങ്കികളുടെ പ്രബലസങ്കേതം. കോട്ടയക്കു മുകളിൽ പറങ്കികളുടെ പതാക പാറിക്കളിക്കുന്നതു വ്യക്തമായി കാണാം. അതുകണ്ടുകൊണ്ടു് കടന്നുപോകാൻ മനസ്സുവരുന്നില്ല. കുറച്ചു പുറങ്കടലിലേക്കു മാറി കപ്പലുകൾ നങ്കൂരമിട്ടു നിർത്താൻ ഫർണാണ്ടസ് കല്പിച്ചു.
രാത്രി വരെ അങ്ങനെ കഴിച്ചുകൂട്ടി. നല്ല മഴക്കാറുള്ള രാത്രിയായിരുന്നു. വിളക്കുകളെല്ലാം അണച്ചു് ഫർണാണ്ടസ്സിന്റെ കപ്പലുകൾ തുറമുഖത്തിനുനേർക്കു സഞ്ചരിച്ചു. പീരങ്കിയുണ്ടകൾക്കു പറന്നെത്താൻ കഴിയുന്ന ദൂരമായെന്നു കണ്ടപ്പോൾ ആക്രമണത്തിനു കല്പന കൊടുത്തു.
ആദ്യത്തെ പീരങ്കിവെടി തുറമുഖം കുലുക്കി. പറങ്കികൾ അമ്പരന്നു. പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും തയ്യാറെടുക്കുന്നതിനു് മുമ്പുതന്നെ നാശനഷ്ടങ്ങൾ സംഭവിച്ചു. വഴിക്കുവഴി പീരങ്കിയുണ്ടകൾ ഉതിർന്നുകൊണ്ടിരുന്നു.
രാത്രി മുഴുവൻ വെടിവെപ്പു്. പകൽ പുറങ്കടലിലേക്കു പിൻവാങ്ങൽ. അങ്ങനെ നാലു ദിനരാത്രങ്ങൾ കഴിഞ്ഞു. യുദ്ധത്തിന്റെ അടവൊന്നു മാറ്റണമെന്നു് ഫർണാണ്ടസ്സിനു തോന്നി. അഞ്ചാംദിവസം രാത്രി വിശ്വസ്തരും അഭ്യാസനിപുണരുമായ ഏതാനും അനുയായികളെ ചേർത്തുകൊണ്ടു് ഫർണാണ്ടസ് തോണിയിൽ പുറപ്പെട്ടു. വാളും വെണ്മഴുവും കരുതിയിരുന്നു.
തുറമുഖത്തുള്ള പറങ്കികൾ അന്നു പാതിരവരെ കാത്തിരുന്നിട്ടും ശത്രുക്കളുടെ ഭാഗത്തുനിന്നു് പ്രവർത്തനമൊന്നും കാണാത്തതുകൊണ്ടു് ഇനിയൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന മട്ടിൽ അലസരായിരുന്നു. കുഞ്ഞാലിമരയ്ക്കാരുടെ കക്ഷിയിൽപ്പെട്ട കടൽക്കള്ളന്മാരിൽ വല്ലവരും ആ വഴി കടന്നുപോകുമ്പോൾ ഒന്നു ഭീഷണിപ്പെടുത്തിയതു മാത്രമാവും. അല്ലാതെ തുറമുഖം ആക്രമിക്കാനോ കീഴടക്കാനോ ശത്രുക്കൾ ഉദ്ദേശിച്ചിരിക്കില്ല. വെടിക്കോപ്പുകൾ തീർന്നപ്പോൾ തിരിച്ചു പോയിട്ടുണ്ടാവും. പറങ്കികളുടെ കപ്പിത്താൻ തുടങ്ങി കീഴോട്ടെല്ലാവർക്കും ഈയൊരു വിശ്വാസമായിരുന്നു. എങ്കിലും കരുതിയിരിക്കണം. പീരങ്കികൾ പ്രവർത്തിപ്പിക്കുന്നവർ കടലിലേക്കു് ഉറ്റു നോക്കിയിരുന്നു.
പാതിരാവു കഴിഞ്ഞിട്ടുണ്ടാവും. കൊടിക്കപ്പലിൽ ആകപ്പാടെ ബഹളം. ആരോ വിളക്കുകൾ മുഴുവനും തല്ലിക്കെടുത്തി. ഇരുട്ടിൽ കാര്യമറിയാൻ ഓടിയെത്തിയവരെ വെട്ടിവീഴ്ത്തി. ഒന്നും മനസ്സിലാവുന്നില്ല. അവിടവിടെ കിടന്നുറങ്ങുന്നവർ ബഹളം കേട്ടോടിവന്നു. ഉറക്കപ്പിച്ചുവിടാതെ, ആയുധമില്ലാതെ, പരിശ്രമിച്ചു വരുമ്പോഴാണു് വെട്ടേൽക്കുന്നതു്. ഒന്നു നിലവിളിക്കാൻ കൂടി ഇടകിട്ടുന്നില്ല. അടുത്ത കപ്പലുകളിലുള്ളവർ ബഹളംകേട്ടു പലതും വിളിച്ചു ചോദിക്കുന്നുണ്ടു്. ഉത്തരമില്ല. എന്തോ നിസ്സാരമായ വഴക്കാവുമെന്നു കരുതി അവർ മിണ്ടാതിരുന്നു.
വളരെ ധൃതിയിലാണു് കാര്യങ്ങൾ നടന്നതു്. ഉണർന്നവരെ മുഴുവനും വെട്ടിവീഴ്ത്തി. ഉറങ്ങുന്നവരെ കാലുംകൈയും കെട്ടി വായിൽ തുണി നിറച്ചു് അനങ്ങാനും ശബ്ദിക്കാനും വയ്യാത്ത നിലയിലാക്കി.
ഫർണാണ്ടസ് ഒരു പന്തം കൊളുത്താൻ കൽപിച്ചു. പന്തത്തിന്റെ വെളിച്ചത്തിൽ സ്ഥലപരിശോധന നടത്തി. കപ്പിത്താന്റെ മുറി അടഞ്ഞു കിടക്കുകയാണു്. നല്ല ഉറക്കമായിരിക്കും. ബഹളമൊന്നും കേട്ടിരിക്കില്ല. ഫർണാണ്ടസ് വാതിലിന്നു തട്ടി.
“ആരാതു്?” അകത്തുനിന്നു ശബ്ദം. പോർച്ചുഗീസ് ഭാഷയിലാണു്.
“വാതിൽ തുറക്കൂ.” അതേ ഭാഷയിൽ ഫർണാണ്ടസ് മറുപടി കൊടുത്തു.
അകത്തു കാൽപ്പെരുമാറ്റവും ശബ്ദവും കേൾക്കുന്നുണ്ടു്. ശ്രദ്ധിച്ചു നിന്നു. വാതിൽ തുറന്നു് കപ്പിത്താൻ ഒരു കാൽ പുറത്തേക്കു വെച്ചു. ഫർണാണ്ടസ്സിന്റെ വാൾമുന കഴുത്തിലേക്കുയർന്നു. അവൻ കല്പിച്ചു:
“അനങ്ങിപ്പോവരുതു്?”
കപ്പിത്താനു് ഒന്നും മനസ്സിലായില്ല. പുറത്തു വെച്ച കാൽ അകത്തേക്കു പിൻവലിക്കാൻ ഫർണാണ്ടസ് കല്പിച്ചു. കപ്പിത്താൻ അനുസരിച്ചു. ഫർണാണ്ടസ്സും മുറിയിലേക്കു കടന്നു. വാതിൽ പുറകിലേക്കു ചാരി. കപ്പിത്താനോടു വിളക്കു കൊളുത്താൻ ആജ്ഞാപിച്ചു.
വിളക്കു കൊളുത്തി. തെളിഞ്ഞ പ്രകാശത്തിൽ ഫർണാണ്ടസ് കപ്പിത്താനെ അടിമുടി പരിശോധിച്ചു. മുമ്പു പരിചയമുണ്ടോ? പ്രായക്കൂടുതൽകൊണ്ടു് ചുളിവീണ മുഖം. അതു നല്ലകാലത്തു പണ്ടെവിടെയോ കണ്ടിട്ടുണ്ടു്. അവൻ ആലോചിച്ചു: എവിടെയാവും? ഓർമ്മ തെളിഞ്ഞുതെളിഞ്ഞു വരുന്നു. കൂട്ടത്തിൽ പല സംഭവങ്ങളും. ഹൃദയവിക്ഷോഭം അടക്കാൻ കഴിയുന്നില്ല. പല്ലു കടിച്ചുകൊണ്ടു് അവൻ പതുക്കെപ്പറഞ്ഞു: “മണ്ടോസ.”
തന്റെ പേരുച്ചരിക്കുന്നതു് ആരാണെന്നറിയാൻ കപ്പിത്താനു് ഓത്സുക്യം തോന്നി. മണ്ടോസ ഫർണാണ്ടസ്സിനെ നോക്കി. അവരുടെ നോട്ടം പരസ്പരമിടഞ്ഞു.
അരയിൽനിന്നു വാളൂരി, ഫർണാണ്ടസ് മണ്ടോസയ്ക്കു കൊടുത്തു:
“എടുത്തോളൂ. ആയുധമില്ലാത്ത നിന്നെ ഞാൻ തൊടില്ല.”
മണ്ടോസയുടെ മുഖത്തു് അതുവരെ നിഴലിച്ചുകണ്ട പരിഭ്രമം മാറി. ഫർണാണ്ടസ് കൊടുത്ത വാൾ സന്തോഷത്തോടെ സ്വീകരിച്ചു് അയാൾ യുദ്ധത്തിനൊരുങ്ങി. വാതിൽക്കൽ ഉത്ക്കണ്ഠയോടെ ഉറ്റുനോക്കി നിൽക്കുന്ന കൂട്ടുകാരിൽനിന്നു് ഒരു വാൾ വാങ്ങി ഫർണാണ്ടസ്സും യുദ്ധത്തിനു തയ്യാറെടുത്തു. കപ്പിത്താന്റെ മുറിയിൽവെച്ചാണു് യുദ്ധം. വാളുകൾ കൂട്ടിമുട്ടുന്നതു പുറത്തുകേൾക്കില്ല. മുറുകിയ യുദ്ധമാണു് നടക്കുന്നതു്. രണ്ടുപേരും പരസ്പരം വെട്ടിവാങ്ങിയും വെടിക്കേറിയും പൊരുതുകയാണു്.
“എടാ, നീ ബലാത്സംഗം ചെയ്തു കൊന്ന പെങ്ങന്മാർക്കു വേണ്ടി, ഇതാ, ഇതു് ഏറ്റുവാങ്ങിക്കോ” ഫർണാണ്ടസ് ഉഗ്രമായൊന്നു വെട്ടി. അതിന്റെ ശക്തിയേറ്റു മണ്ടോസയുടെ വാൾ അകലെ തെറിച്ചുവീണു. ഗതി മുട്ടിയ മണ്ടോസ പരിഭ്രമിച്ചു ചുറ്റും നോക്കുന്നതിനിടയിൽ ഫർണാണ്ടസ് ആ വാൾ സ്വന്തം കൈകൊണ്ടെടുത്തു സമ്മാനിച്ചു.
പിന്നെയും വെട്ടലും തടുക്കലം നടന്നു. ഒഴിയാനും മാറാനും ആഞ്ഞുവെട്ടാനും ഇടംപോരാത്ത മുറിയാണു്. മണ്ടോസയാണെങ്കിൽ അസാമാന്യനും! പ്രായക്കുടുതലുണ്ടെങ്കിലും ഒട്ടും തളരാത്ത കൈകളാണു്. ഫർണാണ്ടസ്സിനോടു് ഒപ്പത്തിനൊപ്പംതന്നെ നിന്നു പൊരുതുന്നു.
തടുക്കുകയും കൊടുക്കുകയും ചെയ്യുന്ന തിരക്കിൽ മണ്ടോസയുടെ കള്ളക്കണ്ണു് മുറിയിൽപരിശോധന നടത്തുകയായിരുന്നു. ഫർണാണ്ടസ് അതു സൂക്ഷിച്ചില്ല. ഒരിക്കൽ മിന്നൽ വേഗത്തിൽ മണ്ടോസ വെട്ടു തടുത്തു. പകരം വെട്ടിയതു് വിളക്കിനായിരുന്നു. വിളക്കു കെട്ടു മുറി മുഴുവൻ അന്ധകാരം പരന്നു. അല്പം പരവശമായ സ്വരത്തിൽ ഫർണാണ്ടസ് പറയുന്നതു കേട്ടു:
“ചതിച്ചല്ലോ?”
പുറത്തു നിൽക്കുന്ന അവന്റെ അനുയായികൾ മുറിയിലേക്കു തള്ളിക്കയറി. വാതിലടച്ചു ഭദ്രമാക്കി. എന്താണു് സംഭവിച്ചതെന്നൊന്നുമറിഞ്ഞുകൂടാ. പന്തം തെളിയിച്ചു.
ഫർണാണ്ടസ് ചോരയിൽ മുങ്ങിക്കിടക്കുകയാണു്. മണ്ടോസയെ കാണാനില്ല. അവർ മുറി മുഴുവനും പരിശോധിച്ചു. വലിയ പെട്ടികൾ മറിച്ചിട്ടു. മണ്ടോസ കട്ടിലിന്നടിയിൽ ഒളിച്ചുകൂടിയിരിക്കയാണു്. ഒട്ടും താമസമുണ്ടായില്ല. വലിച്ചു പുറത്തിട്ട ആ കപ്പിത്താന്റെ തല ഉടലിൽ നിന്നു വേർപെടുത്താൻ.
ഫർണാണ്ടസ്സിനു ബോധമില്ല. താങ്ങിപ്പിടിച്ചെടുത്തു് എല്ലാവരും കൂടി പുറത്തു കടന്നു. തോണിയിൽവെച്ചു കപ്പലിലെത്തിച്ചു. വലത്തെ തോളിലാണു് മുറിവേറ്റതു്. മരുന്നുവെച്ചുകെട്ടി. അബു കപ്പിത്താന്റെ ചുമതല ഏറ്റെടുത്തു. പുലരുന്നതിനുമുമ്പു യാത്ര തുടങ്ങി. നേരം പുലർന്നതു് അത്ര ഭംഗിയായിട്ടല്ല. ആകാശം ഇരുണ്ടുമുടി നിന്നു. തെക്കുപടിഞ്ഞാറൻ കാറ്റു് അലറിക്കൊണ്ടു വന്നു. തിരമാലകൾ ഒന്നിനു പിറകെ മറ്റൊന്നായി ഇളകിമറിഞ്ഞു. കാലവർഷം ആരംഭിച്ചതിനുള്ള ആദ്യത്തെ താക്കീതു കിട്ടി.
എവിടെ ചെന്നെത്തുമെന്നു നിശ്ചയമില്ലാതെ കപ്പലുകൾ ഓടിച്ചു. പലപ്പോഴും നിയന്ത്രണത്തിൽ നിന്നു കുതറിച്ചാടി കപ്പലുകൾ അതിന്റെ പാട്ടിനു സഞ്ചരിച്ചു. വലിയ തോണികളും ഏതാനും ചെറുകപ്പലുകളും വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ദിവസംപ്രതി കാലവർഷം ശക്തിപ്പെടുകയാണു്. പടിഞ്ഞാട്ടോ വടക്കോട്ടോ യാത്രയെന്നു തിട്ടപ്പെടുത്താൻ വയ്യാ. ദിക്കറിയാനും വയ്യാ. ആകാശം ഇരുണ്ടുമൂടിക്കിടക്കുന്നതുകൊണ്ടു നക്ഷത്രങ്ങൾ നോക്കി ദിക്കറിയാനുള്ള ഉപായവും മുടങ്ങി. ഉഗ്രമായ കാറ്റടിച്ചുവരുമ്പോൾ ദൈവത്തെ വിളിച്ചു. നിലവിളിക്കുകയല്ലാതെ മറ്റു വഴിയില്ല. ഫർണാണ്ടസ്സാണെങ്കിൽ ബോധംകെട്ടു കിടക്കുന്നു.
അഞ്ചു രാപ്പകലൊന്നായി ഇളകിമറിഞ്ഞ കടലിൽ അങ്ങുമിങ്ങും അലഞ്ഞുതിരിഞ്ഞു് ആറാംദിവസം രാവിലെ അവരുടെ കപ്പൽ ‘സോകോത്രാ’ ദ്വീപിലടുത്തു. ഗതികെട്ടവരല്ലാതെ അറിഞ്ഞുകൊണ്ടു് ആരും ആ ദ്വീപിൽ കപ്പലടുപ്പിക്കില്ല. ദുർമന്ത്രവാദികളായ പ്രാകൃതമനുഷ്യരാണു് അവിടെ കുടിപാർക്കുന്നതു്. അവർക്കു കൊടുങ്കാറ്റുണ്ടാക്കാനും കപ്പൽ മുക്കാനുമുള്ള മന്ത്രങ്ങളറിയാം. ഇഷ്ടദേവതകളെ പ്രീതിപ്പെടുത്താൻ നരബലി കൊടുക്കുന്ന സമ്പ്രദായം അനുവർത്തിച്ചു പോരുന്നവരാണു്. സമുദ്രസഞ്ചാരികൾക്കു കൊടുങ്കാറ്റിനേക്കാൾ, പ്രകൃതികോപത്തെക്കാൾ, ഭയമാണു് സോകോത്രാ ദ്വീപിലുള്ളവരെ.
വിദേശികളുടെ കപ്പൽ ദ്വീപിലടുത്തെന്നു കേട്ടപ്പോൾ ആണുങ്ങളും പെണ്ണുങ്ങളും കിഴവന്മാരും കുട്ടികളും ഒന്നൊഴിയാതെ കടൽത്തീരത്തേക്കോടിവന്നു. അബു ഒന്നേ നോക്കിയുള്ളു. ഓടിവരുന്നവരെല്ലാം നഗ്നരാണു്. അവന്നു ബോധക്ഷയം പോലെതോന്നി.