യവനിക നീങ്ങാൻ തുടങ്ങുന്നതിനു മുൻപു് പശ്ചാത്തലത്തിൽ സംഘഗാനം ആരംഭിക്കണം. രാമനെയും രാമന്റെ കീർത്തിചന്ദ്രികയേയും പ്രകീർത്തിക്കുന്നതായിരിക്കണം സംഘഗാനം. ഗാനം അതിന്റെ പരമകാഷ്ഠയിലെത്തുമ്പോൾ യവനിക പതുക്കെപ്പതുക്കെ നീങ്ങാൻ തുടങ്ങുന്നു.
രാജധാനിയിലെ കമാനങ്ങളും ചിത്രത്തൂണുകളുമാണു് പ്രത്യക്ഷപ്പെടുന്നതു്. വരിവരിയായി നില്ക്കുന്ന ചിത്രത്തൂണുകൾക്കിടയിൽ ഇരുവശത്തും ശരീരം പാതിമറഞ്ഞ നിലയിൽ കൊട്ടാരത്തിലെ കാവല്ക്കാർ വലിയ കുന്തവും പിടിച്ചു നില്ക്കുന്നു. രംഗത്തിന്റെ വലത്തുവശത്തുടെ ലക്ഷ്മണനാൽ അനുഗതനായ രാമൻ പതുക്കെ പ്രവേശിക്കുന്നു. കാവല്ക്കാർ തലചായ്ച്ചു ഭക്തിബഹുമാനപുരസ്സരം അഭിവാദ്യങ്ങളർപ്പിക്കുന്നു. കൊച്ചുകൊച്ചു പടവുകൾ കേറിക്കൊണ്ടു തന്റെ ഭദ്രാസനത്തിലെത്തി രാമൻ ഇരിക്കുന്നു. ലക്ഷ്മണൻ ഒരുവശത്തു മാറിനിൽക്കുന്നു. കാവൽഭടന്മാർ താണുതൊഴുതു പിന്മാറിപ്പോകുന്നു. പശ്ചാത്തലത്തിൽ അപ്പോഴും സംഘഗാനമുണ്ടു്; പതിഞ്ഞ മട്ടിൽ
- രാമൻ:
- (അല്പനേരത്തെ മൗനത്തിനുശേഷം ഒരു നെടുവീർപ്പോടെ സ്വയം പറയുന്നു.) കുമാരന്മാരുടെ അഭിഷേകം കഴിഞ്ഞു. അവർ കിരീടം ധരിച്ചു. അവരവർക്കധികാരപ്പെട്ട രാജ്യത്തേക്കു് പോവുകയും ചെയ്തു. അയോധ്യ പിന്നെയും ശുന്യതയിലാണ്ടു. (ലക്ഷ്മണനോടെന്നവിധം അല്പം ഉച്ചത്തിൽ) വസന്തം കഴിഞ്ഞ പൂവാടിപോലെ ഈ അയോധ്യ ക്രമേണ അസുന്ദരമായിത്തീരുന്നു; ഇല്ലേ ലക്ഷ്മണാ?
- ലക്ഷ്മണൻ:
- (രാമന്റെ മുഖത്തു പകച്ചു നോക്കുന്നു) അവിടുന്നരുളിചെയ്തതിന്റെ പൊരുളടിയനു മനസ്സിലായില്ല. അതിവിസ്തൃതമായ ഈ ഭൂമണ്ഡലം മുഴുവനും ഇന്നു രാമഭദ്രന്റെ വരുതിയിലാണു്. ആർക്കും ഒരതൃപ്തിയില്ല. സാമന്തന്മാർ ഇച്ഛാനുവർത്തികളാണു്. ഒരു രാജാധിരാജനു് ഇതിലേറെ എന്തു കൊതിക്കാനുണ്ടു്.
- രാമൻ:
- (അടക്കിപ്പിടിച്ച സ്വരത്തിൽ) എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തൊരവസ്ഥ. മഹായുദ്ധങ്ങളുടെ അനുഭവം നല്കുന്ന ഈ സമാധാനത്തെ ഞാൻ വെറുക്കുന്നു. ഈ അയോധ്യ ഇന്നെന്താണു്, ലക്ഷ്മണാ?
- ലക്ഷ്മണൻ:
- ശ്രീരാമഭദ്രന്റെ സാന്നിധ്യംകൊണ്ടു പരിപാവനമായൊരു മഹാക്ഷേത്രം.
- രാമൻ:
- എന്റെ സാന്നിധ്യം നിങ്ങൾക്കൊക്കെ സന്തോഷം നല്കുന്നുണ്ടാവാം. സമാധാനവും സംതൃപ്തിയും നല്കുന്നുണ്ടാവാം. പക്ഷേ, എന്റെ ഹൃദയം, അതനുഭവിക്കുന്ന വേദനകളും അതുൾക്കൊള്ളുന്ന സ്മരണകളും… ഈ രാമനല്ലാതെ മറ്റാരുമറിയുന്നില്ല. (എഴുന്നേല്ക്കുന്നു. വിചാരമഗ്നനായി മുൻപോട്ടു വരുന്നു. ഒന്നും മിണ്ടാതെ അങ്ങോട്ടുമിങ്ങോട്ടും സാവകാശം നടക്കുന്നു. അല്പം കഴിഞ്ഞു തന്നോടെന്നവിധം പറയുന്നു.) രാമഭദ്രൻ! രാമഭദ്രൻ! എല്ലാവരുടെ നാവും ആ നാമധേയം ഉച്ഛരിക്കുന്നു. ധർമം, സത്യം, നീതി എന്നിവയുടെ പര്യായമായി ജനങ്ങളതിനെ കണക്കാക്കുന്നു. (അടുത്തു വന്നുനില്ക്കുന്ന ലക്ഷ്മണന്റെ നേർക്കു തിരിഞ്ഞു) പക്ഷേ, എന്റെ ഉറ്റ സഹചാരിയും വലങ്കയ്യുമായ നീ കൂടി എനിക്കൊരു ഹൃദയമുള്ള കാര്യം മറക്കുന്നു.
- ലക്ഷ്മണൻ:
- (വികാരാധീനനായി) ജ്യേഷ്ഠാ, (പെട്ടെന്നു തെറ്റുതിരുത്തി.) മഹാപ്രഭോ…
- രാമൻ:
- (ഇടയിൽക്കടന്നു തടഞ്ഞുകൊണ്ടു്) ജ്യേഷ്ഠനെന്നുതന്നെ വിളിക്കു ലക്ഷ്മണാ. ആ പഴയകാലം തിരിച്ചുവരട്ടെ, മഹാരാജാവെന്ന വിളികേട്ടു എനിക്കു മടുത്തു. ഉറ്റവർ കൂടി മഹാരാജാവെന്നു വിളിക്കാൻ തുടങ്ങിയാൽ ഗതിയെന്താണു്? ഞാൻ നിങ്ങളിൽനിന്നൊക്കെ വളരെ അകന്നുപോയി. ഇനിയതു വയ്യ. ഞാൻ നിനക്കും ഭരതശത്രുഘ്നന്മാർക്കും ജ്യേഷ്ഠനാണു്. കുശലവന്മാർക്കു് അച്ഛനാണു്. ജ്യേഷ്ഠനെന്നും അച്ഛനെന്നും വിളിച്ചു കേൾക്കാനാണെനിക്കിഷ്ടം. ഭക്തിബഹുമാനങ്ങളല്ല, സ്നേഹമാണെനിക്കാവശ്യം. അതു തരാൻ നിങ്ങൾ തയ്യാറുണ്ടോ? ഉണ്ടോ, ലക്ഷ്മണാ?
- ലക്ഷ്മണൻ:
- അവിടുത്തെ ഹിതത്തിനുവേണ്ടി മാത്രം ജീവിക്കുന്നവരാണു് ഞങ്ങൾ.
- രാമൻ:
- (പതിഞ്ഞ സ്വരത്തിൽ) പതിവില്ലാത്തവിധം ഞാനിന്നു വികാരാധീനനാവുന്നു. കഴിഞ്ഞ കാര്യങ്ങൾ പലതും എന്റെ ഹൃദയത്തിലേക്കു് ഇഴഞ്ഞുകയറി വരുന്നു. (അകലെ ചുണ്ടിക്കാട്ടി) അതാ, കൊട്ടാരങ്ങളോരോന്നും ഹൃദയവേദനയുടെ കൂടാരംപോലെ കാണപ്പെടുന്നു. (സൂക്ഷിച്ചുനോക്കി) അതല്ലേ, കൈകേയിമാതാവിന്റെ കൊട്ടാരം?
- ലക്ഷ്മണൻ:
- അതേ, ജ്യേഷ്ഠാ.
- രാമൻ:
- (കൊട്ടാരത്തിനുനേരെ സൂക്ഷിച്ചുനോക്കി തെല്ലിട മൗനിയായി നില്ക്കുന്നു. ഒരു നെടുവീർപ്പോടെ തുടരുന്നു.) നമ്മുടെ അമ്മമാരൊക്കെ ഇന്നു സ്വർഗത്തിൽ വിശ്രമം കൊള്ളുന്നു. ആ കൊട്ടാരങ്ങളുടെ മണിമുറ്റങ്ങൾക്കു് നമ്മെ സംബന്ധിച്ചു് എന്തൊക്കെ കഥകൾ പറയാനുണ്ടാവും? (കൈ ചൂണ്ടി ലക്ഷ്മണൻ ഓരോന്നും പ്രത്യേകം കാട്ടിക്കൊടുത്തുകൊണ്ടു്.) അതാ, വഴിക്കുവഴി മൂന്നമ്മമാരുടെ കൊട്ടാരം. കളിമുറ്റം, പൂവനം, കളിപ്പൊയ്ക—എല്ലാം അന്നെന്നപോലെ ഇന്നും മാറ്റമില്ലാതെ നിലക്കൊള്ളുന്നു.
- ലക്ഷ്മണൻ:
- ഇന്നും ആ കളിപ്പൊയ്കയിൽ താമരമൊട്ടുകൾ വിടരുന്നു.
- രാമൻ:
- പൂർണിമരാവുകളിൽ പൂനിലാവു് വള്ളിക്കുടിലിൽ വിശ്രമം കൊള്ളുന്നു. കൈകേയിമാതാവിന്റെ കൊട്ടാരത്തിനു മുമ്പിൽ അടിമുടി പൂവണിഞ്ഞു നില്ക്കുന്ന ആ അശോകമില്ലേ-
- ലക്ഷ്മണൻ:
- എന്നും അതിന്റെ തണലിലായിരുന്നു ഞാനും ജ്യേഷ്ഠനും കളിക്കാറു്.
- രാമൻ:
- : അതേ, ഭരതശത്രുഘ്നാന്മാർ താമരപ്പൊയ്കയുടെ തീരത്തായിരിക്കും. (ലക്ഷ്മണന്റെ തോളിൽ കൈ വെക്കുന്നു.)
- ലക്ഷ്മണൻ:
- (ബാല്യകാലസ്മരണകൊണ്ടു മറ്റൊക്കെ മറന്നു രാമനോടു ചേർന്നു നില്ക്കുന്നു.) നമ്മൾ ആ അശോകത്തണലിലും.
- രാമൻ:
- നാം വളർന്നില്ലെങ്കിൽ—ഇന്നും അതുപോലെ അശോകത്തണലിലിരുന്നു കളിക്കും. അമ്മമാർ അകത്തുനിന്നു് അതു കണ്ടു സന്തോഷിക്കും. അച്ഛന്റെ കണ്ണിൽ ആനന്ദബാഷ്പം നിറയും. (അല്പനിമിഷം കൊട്ടാരങ്ങളിലേക്കുറ്റുനോക്കിനിന്നു്, ലക്ഷ്മണന്റെ തോളിൽ വെച്ച കൈ അറിയാതെ പിൻവലിച്ചു വീണ്ടും ആലോചനാമഗ്നനായി നടക്കുന്നു.) കളിക്കോപ്പുകളെച്ചൊല്ലി പിണങ്ങിയും വേഗത്തിലിണങ്ങിയും തമ്മിലാശ്ലേഷിച്ചു് കഴിഞ്ഞ ആ കാലം സുഖസമൃദ്ധമായിരുന്നു. എല്ലാം പരാജയപ്പെടുത്തിയതു് എന്റെ ഈ തലയാണു്.
- ലക്ഷ്മണൻ:
- (അന്തംവിട്ടു രാമനെ നോക്കിനില്ക്കുന്നു.)
- രാമൻ:
- (സ്വയം പറയുന്നു.) ഈ തല വളരാൻ തുടങ്ങി. കിരീടത്തിന്റെ വലുപ്പത്തിനു പാകമായി. അന്നുതൊട്ടു ക്ലേശങ്ങൾ ഓരോന്നായി എന്റെ ജീവിതത്തിലേയ്ക്കു് കടന്നു വന്നു. തിരിഞ്ഞുനോക്കുമ്പോൾ ആ കടുത്ത കൂരിരുട്ടിൽ ഒരേയൊരു തങ്കരേഖ കാണുന്നുണ്ടു്. അതെന്താന്നറിയാമോ?
- ലക്ഷ്മണൻ:
- ജ്യേഷ്ഠൻ തന്നെ പറയണം.
- രാമൻ:
- എന്റെ അനുജൻ ലക്ഷ്മണൻ അതാണാ തങ്കരേഖ… അശോകത്തണലിലെ എന്റെ കൂട്ടുകാരൻ ജീവിതത്തിലിന്നോളമെന്നെ പിരിയാതെ നിന്നു. ഏതാപത്തിലും നിഴലുപോലെ പിൻതുടർന്നു. ഇല്ല, ലക്ഷ്മണാ, നിന്നെ പിരിഞ്ഞൊരു ജീവിതം ആലോചിക്കാൻതന്നെ വയ്യ. (നിശ്ശബ്ദനായി വിചാരമഗ്നനായി നടക്കുന്നു.) ഇന്നിതാ, ഈ ഏകാന്തതയിലും എന്റെ മഹാഭാഗ്യംപോലെ നീ അടുത്തു നില്ക്കുന്നു.
- ലക്ഷ്മണൻ:
- എല്ലാം അവിടുത്തെ അനുഗ്രഹം, ആഗ്രഹം. ഞാനൊരുപകരണം മാത്രം.
- രാമൻ:
- സഹോദരസ്നേഹത്തിന്റെ വിശിഷ്ടമാത്യകയാണു് നീ. രാക്ഷസന്മാരെ ജയിച്ച രാമനെ, ഒരുപക്ഷേ, ലോകം മറന്നേക്കും. ബഹുജനഹിതത്തിനുവേണ്ടി പ്രാണപ്രേയസിയെ കാട്ടിലുപേക്ഷിച്ച രാമന്റെ ചരിത്രത്തെ ജനങ്ങൾ വിസ്മരിച്ചെന്നുവരും. പക്ഷേ; ലക്ഷ്മണാ, നിസ്വാർഥമായ നിന്റെ സേവനം, നിഷ്കാമമായ നിന്റെ സ്നേഹം—അതെന്നെന്നും ലോകം പുകഴ്ത്തും.
- ലക്ഷ്മണൻ:
- ജ്യേഷ്ഠനിന്നു വളരെയധികം വികാരാധീനനായിത്തീർന്നിക്കുന്നു. കാരണം മനസ്സിലാവുന്നില്ല;
- രാമൻ:
- ഞാൻ പറഞ്ഞില്ലേ, ലക്ഷ്മണാ, നിങ്ങളാരും എന്റെ ഹൃദയം കാണുന്നില്ലെന്നു്. അതിലെ കോളിളക്കങ്ങളും ചുഴികളും നിങ്ങൾക്കജ്ഞാതമാണു്. അനുനിമിഷം അതിൽനിന്നുയരുന്ന ഗദ്ഗദങ്ങൾ നിങ്ങൾ കേൾക്കുന്നില്ല (കൂടുതൽ വികാരാധീനനായി) ഈ കിരീടം, ഈ ചെങ്കോൽ ഈ രത്നസിംഹാസനം—ഇതു മാത്രമാണു് നിങ്ങൾ കാണുന്നതു്. കേൾക്കുന്നതോ? രാമഭദ്രന്റെ കീർത്തിചന്ദ്രികയെപ്പറ്റി വന്ദികൾ പാടുന്ന സ്തുതിഗീതങ്ങൾ! (പശ്ചാത്തലത്തിലെ സംഘഗാനം അല്പനിമിഷം ഉച്ചത്തിലാവുന്നു. അതു ക്രമേണ അകന്നകന്നു് ഇല്ലാതാവുന്നു.) പക്ഷേ, എന്റെ കണ്മുൻപിൽ പരന്നുകിടക്കുന്നതു് അശാന്തിയുടെ മണലാരണ്യമാണു്. എന്റെ കാതുകളിൽ മുഴങ്ങുന്നതോ, ശുന്യതയുടെ സംഗീതവും!
- ലക്ഷ്മണൻ:
- ലോകചരിത്രം അങ്ങയെപ്പോലൊരു സമ്രാട്ടിന്റെ കഥ ഇന്നോളം രേഖപ്പെടുത്തിയിട്ടില്ല. ഇനി രേഖപ്പെടുത്തുകയുമില്ല.
- രാമൻ:
- ഒരിക്കലുമതു സംഭവിക്കാതിരിക്കട്ടെ!
- ലക്ഷ്മണൻ:
- ധർമ്മത്തിനു വേണ്ടി ഇങ്ങനെ വീറോടെ പടവെട്ടിയ ഒരു സാമ്രാട്ടുണ്ടായിട്ടില്ല.
- രാമൻ:
- തന്നോടുതന്നെ പടവെട്ടി തോറ്റ മറ്റൊരു സമ്രാട്ടും. ലക്ഷ്മണാ, ലോകവിജയിയായ രാമൻ ഭീമമായൊരു പരാജയമാണന്ന സത്യം എന്തിനു മറച്ചുവെക്കണം? അശ്വമേധം വാജപേയം, ദശഗുണം, അഗ്നിഷ്ടോമം എന്നിങ്ങനെ എത്രയെത്ര യാഗങ്ങൾ ഈ രാമൻ നടത്തി! അന്നൊക്കെ രാമന്റെ വാമഭാഗമലങ്കരിച്ചതു് ഒരു സ്വർണ്ണപ്രതിമയായിരുന്നു. (മുഖത്തു് കലശലായ ദുഃഖം സ്ഫുരിക്കുന്നു; വാക്കിലും) രാമൻ അവിവാഹിതനായിരുന്നോ? രാമൻ വിധുരനായിരുന്നോ? (വികാരാധിക്യത്തോടെ ലക്ഷ്മണനെ സമീപിച്ചു്) ഈ രാമൻ—നിന്റെ ജ്യേഷ്ഠൻ—വിധിയാംവണ്ണം വിവാഹം കഴിച്ചിരുന്നില്ലേ? സദ്ഗുണസമ്പന്നയായ ഒരു ധർമ്മപത്നി—ഈ രാമനുണ്ടായിരുന്നില്ലേ… ഇല്ലേ ലഷ്മണാ? നീയെന്താണൊന്നും പറയാത്തതു്? നിന്റെ ജ്യേഷ്ഠന്റെ പരാജയം മറ്റാരേക്കാളും നിനക്കറിയാം.
- ലക്ഷ്മണൻ:
- (ഉത്തരം പറയാൻ വയ്യാതെ വിഷമിക്കുന്നു.)
- രാമൻ:
- (മൗനനമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അല്പം കഴിഞ്ഞു) രാമഭദ്രന്റെ കീർത്തി! പ്രജാവാത്സല്യം ധർമ്മ നിഷ്ഠ! ഓ! ഈ നിന്ദാസ്തുതികളൊക്കെ ഞാൻ സഹിക്കേണ്ടി വന്നു. ഇന്നു രാമൻ മുത്തൊഴിഞ്ഞ ചിപ്പിയാണു്… ഈ കിരീടത്തിലും സിംഹാസനത്തിലും നിറയെ മുള്ളാണു്… അയോധ്യ കാടാണു്… ഭയങ്കരമായ ഏകാന്തത പതുക്കെപ്പതുക്കെ എന്നെ വിഴുങ്ങുകയാണു്. (കഠിനമായ വേദനയോടെ) ലക്ഷ്മണാ ആലപിച്ചു കഴിഞ്ഞ ഒരു രാഗമാണിന്നു് നിന്റെ ജ്യേഷ്ഠൻ!
- ലക്ഷ്മണൻ:
- (കണ്ഠമിടറി) ജ്യേഷ്ഠാ…
- രാമൻ:
- എല്ലാമൊന്നു തുറന്നുപറഞ്ഞു ഹൃദയഭാരം കുറയ്ക്കാൻ ഞാനിന്നൊരുമ്പെട്ടതാണു്. എനിക്കീഭാരം താങ്ങാൻകഴിയുന്നില്ല (പതുക്കെ നടന്നു സിംഹാസനത്തിൽ ചെന്നിരിക്കുന്നു. നെറ്റിത്തടം കൈകൊണ്ടു് താങ്ങുന്നു.)
ഒരു കാവൽഭടൻ പ്രവേശിച്ചു തൊഴുതുകൊണ്ടു പറയുന്നു.
- ഭടൻ:
- മഹാപ്രഭോ, ഒരു താപസൻ കൊട്ടാരത്തിലേക്കെഴുന്നള്ളുന്നുണ്ടു്.
- രാമൻ:
- (താപസൻ എന്ന വാക്കു കേട്ടതും മുഖമുയർത്തി വികാരം നിയന്ത്രിച്ചു കൊണ്ടു് ചോദിക്കുന്നു.) താപസനോ… ലക്ഷ്മണാ, വേഗം ചെന്നു് എതിരേറ്റു കൂട്ടിക്കൊണ്ടുവരു. താപസന്മാർക്കു് മാർഗവിഘ്നം വരുത്തരുതല്ലോ.
ലക്ഷ്മണനും ഒപ്പം കാവൽഭടനും പുറത്തേക്കു പോകുന്നു. രാമൻ തനിച്ചാവുന്നു. ഈ നേരമത്രയും മുഖത്തു് നിഴലിച്ച വിഷാദം കഴിയുന്നതും മാറ്റാനുള്ള ശ്രമം നടക്കുകയാണു്. അല്പനിമിഷം കഴിഞ്ഞു് അകലത്തു് താപസനെ കാണുകയും എഴുന്നേറ്റു രംഗത്തിന്റെ ഒരു ഭാഗത്തേക്കു പതുക്കെ ചെല്ലുകയും സ്വാഗതം ചെയ്യാനൊരുങ്ങിനില്ക്കുകയും ചെയ്യുന്നു.
- താപസൻ:
- (കടന്നുവന്നു് കൈ പൊക്കി ആശീർവദിക്കുന്നു.) കുശലീഭവ!
- രാമൻ:
- (താപസനെ മുന്നോട്ടാനയിച്ചു ഭദ്രാസനത്തിൽ കൊണ്ടുചെന്നിരുത്തി താനും ഇരിക്കുന്നു.) അങ്ങു് ഏതു് തപോവനത്തെ സാന്നിധ്യംകൊണ്ടു് ശുദ്ധീകരിക്കുന്നെന്നും പാദസ്പർശംകൊണ്ടു് ഇപ്പോൾ അയോധ്യയെ അനുഗ്രഹിക്കാൻ തുനിഞ്ഞതു് എന്തിനെന്നും അറിയാൻ രാമൻ പ്രാർഥിക്കുന്നു.
- താപസൻ:
- ഞാൻ ഒരു ദിവ്യർഷിയുടെ ദൂതനാണു്.
- രാമൻ:
- ദിവ്യർഷിയുടെ ദൂതനോ? എങ്കിൽ ആ പുണ്യശ്ലോകനേതെന്നും അദ്ദേഹത്തിന്റെ സന്ദേശമെന്തെന്നുമറിയാൻ ബദ്ധപ്പാടായി മഹാമുനിയുടെ ഇംഗിതം നിറവേറ്റാനാണു് രാമനീ മുടി ചൂടുന്നതു്.
- താപസൻ:
- അതു സർവവിദിതമായ പരമാർഥമാണു്. സന്ദേശമറിയിക്കുന്നതു് ചില നിബന്ധനകളോടുകൂടിമാത്രം.
- രാമൻ:
- എന്താണാവോ നിബന്ധനകൾ?
- താപസൻ:
- സന്ദേശം എത്രയും രഹസ്യമായി അറിയിക്കേണ്ടതാണു്.
- രാമൻ:
- മറ്റൊരു ചെവി കേൾക്കാതെ, അക്കാര്യം സാധിക്കാം.
- താപസൻ:
- മാത്രമല്ല, നാം സംഭാഷണത്തിലേർപ്പെട്ടാൽ സംഭാഷണ സ്ഥലത്തു് മറ്റാരും വരാൻ പാടില്ല.
- രാമൻ:
- ആരും വരില്ല കർശനമായ് നിയന്ത്രിക്കാം.
- താപസൻ:
- അതുകൊണ്ടുമായില്ല, നിയന്ത്രണങ്ങൾ ലംഘിച്ചു്…
- രാമൻ:
- (ഇടയിൽ കടന്നു) എന്റെ നിയന്ത്രണം ലംഘിക്കുകയോ?
- താപസൻ:
- (ശ്രദ്ധിക്കാതെ) അവിചാരിതമായി, ആകസ്മികമായി, വല്ലവർക്കും അങ്ങനെ ചെയ്യേണ്ടിവന്നാൽ…
- രാമൻ:
- ചെയ്യേണ്ടിവന്നാൽ?
- താപസൻ:
- കാര്യത്തിന്റെ ഗൗരവം ഉറപ്പിക്കാൽ ആദ്യംതൊട്ടു് ഞാൻ ഒന്നുകൂടി പറയും. നാം സംഭാഷണത്തിലേർപ്പെട്ടിക്കുമ്പോൾ ആരും അവിടെ വല്ലവരും പാടില്ല; വല്ലവരും വന്നാൽ അവരെ സ്വന്തം കൈകൊണ്ടു വധിക്കണം.
- രാമൻ:
- (ചെറുതായൊന്നു ഞെട്ടുന്നു. ഉടനെ വികാരത്തെ മറച്ചു പിടിച്ചു് അല്പമൊരു മന്ദഹാസത്തോടെ പറയുന്നു.) ഇത്രയും ഗുരുതരമായൊരു നിബന്ധന സ്വീകരിപ്പിക്കുന്നതു് എന്തിനെന്നു മനസ്സിലായില്ല.
- താപസൻ:
- അങ്ങു് ഈ നിബന്ധന സ്വീകരിച്ചല്ലാതെ, സന്ദേശം അറിയിക്കാൻ പാടില്ലെന്നാണു് മഹാമുനിയുടെ കല്പന.
- രാമൻ:
- ശരി, നിബന്ധന അക്ഷരംപ്രതി ഞാൻ സ്വീകരിച്ചിരിക്കുന്നു. (എഴുന്നേറ്റു്) ലക്ഷ്മണാ, താപസന്റെ നിർദ്ദേശങ്ങൾ മുഴുവനും നീ കേട്ടില്ലേ? ചെല്ലൂ, നീതന്നെ ദ്വാരപാലകനായവിടെ നില്ക്കൂ. സംഭാഷണം കഴിയുന്നതുവരെ ആരേയും അകത്തു കയറ്റിവിടരുതു്. (താപസനോടു്) മന്ത്രശാലയിലേക്കെഴുന്നള്ളാം. അവിടെവെച്ചു് രഹസ്യമായിത്തന്നെ സംസാരിക്കാം. (താപസൻ എഴുന്നേൽക്കുന്നു. രണ്ടുപേരും പോകാൻ തുടങ്ങുന്നു.)
—യവനിക—