ലക്ഷ്മണൻ വിചാരമഗ്നനായി രംഗത്തു് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. പശ്ചാത്തലത്തിൽ ഇടിവെട്ടിന്റെ ശബ്ദം. ആ ശബ്ദത്തെത്തുടർന്നു രംഗം ഇരുളുന്നു. പിന്നെയും പിന്നെയും ഇടിവെട്ടു്, മിന്നൽപ്രകാശം. ഓരോ തവണയും പരിഭ്രാന്തനായ ലക്ഷ്മണനെ രംഗത്തു കാണിക്കുന്നു. ഇടിവെട്ടിനെ തുടർന്നു കെട്ടിടങ്ങൾ ഇടിഞ്ഞുതകർന്നു വീഴുമ്പോലെയും ഒരുകൂട്ടം ആനകൾ ഒരുമിച്ചു് അലറും പോലെയുമുള്ള ശബ്ദം. അതു കഴിഞ്ഞു് രംഗത്തു് അല്പം വെളിച്ചം വരുന്നു.
- ലക്ഷ്മണൻ:
- (ഉഗ്രസ്വരത്തിൽ) ആരവിടെ?
- കാവൽഭടൻ:
- (പ്രവേശിച്ചു തൊഴുത്) അടിയൻ.
- ലക്ഷ്മണൻ:
- എന്താണവിടെ വിയ ശബ്ദം കേട്ടതു്?
- കാവൽഭടൻ:
- ആകാശം ഇരുളുകയും ഇടിവെട്ടുകയും ചെയ്തു.
- ലക്ഷ്മണൻ:
- നമ്മുടെ കൊമ്പനാനകൾക്കു് മദം പൊട്ടിയിട്ടുണ്ടോ? അവ ചങ്ങല പൊട്ടിച്ചു ഓടീട്ടുണ്ടോ? വേഗത്തിൽ ചെന്നു നോക്കു.
- കാവൽഭടൻ:
- (തൊഴുതുകൊണ്ടു് പോകുന്നു.)
- ലക്ഷ്മണൻ:
- (അസ്വസ്ഥതയോടെ) കാർമേഘങ്ങളില്ലാതെ ആകാശം മൂടിക്കെട്ടിന്നില്ക്കുക, ഇടിവെട്ടുക, കെള്ളിമീൻ പായുക ഇതെല്ലം ഏതത്യാഹിതത്തിന്റെ സൂചനകളാണാവോ? അയോധ്യ പുതിയ വല്ല! പരീക്ഷണത്തേയും നേരിടുകയാണോ?
അകലത്തു രാമനാമജപം കേൾക്കുന്നു. ക്രമേണ ഭീകരശബ്ദങ്ങളില്ലാതാവുകയും രംഗം പൂർണ്ണമായി പ്രകാശിക്കുകയും ചെയ്യുന്നു. ലക്ഷ്മണൻ രാമനാമം ശ്രദ്ധിച്ചുകൊണ്ടു് നില്ക്കുന്നു. അതു് അടുത്തടുത്തു് വരുംതോറും ലക്ഷ്മണന്റെ മുഖം പ്രസന്നമാവുന്നു.
- ദുർവാസാവ്:
- (രാമനാമം ഉച്ചരിച്ചുകൊണ്ടു് കടന്നുവരുന്നു.)
- ലക്ഷ്മണൻ:
- (തലകുനിച്ചു്) മഹാമുനേ, അയോധ്യ മുഴുവനും അവിടുത്തെ പാദങ്ങളിൽ പ്രണമിക്കുന്നു.
- ദുർവാസാവ്:
- കുശലീ ഭവ!
- ലക്ഷ്മണൻ:
- അഗ്രഹാരത്തിലെഴുന്നള്ളി അർഘ്യപാദ്യങ്ങൾ സ്വീകരിച്ചു് അനുഗ്രഹിക്കണം.
- ദുർവാസാവ്:
- ലക്ഷ്മണാ, നമുക്കു് എത്രയും വേഗത്തിൽ രാമഭദ്രനെ കാണണം.
- ലക്ഷ്മണൻ:
- രാമഭദ്രൻ അടിയന്തിരവും അതിരഹസ്യവുമായ കാര്യാലോചനായിൽ ഏർപ്പെട്ടിരിക്കയാണു്.
- ദുർവാസാവ്:
- ചെന്നറിയിക്കൂ. ദുർവാസാവ് കാണാൻ വന്നിട്ടുണ്ടെന്നു്.
- ലക്ഷ്മണൻ:
- (പരുങ്ങലോടെ) ക്ഷമിക്കണം.
- ദുർവാസാവ്:
- ഇതിലെന്തു ക്ഷമിക്കാനിരിക്കുന്നു? വേഗം ചെല്ലൂ, നമ്മുടെ സമയം വിലകൂടിയതാണു്.
- ലക്ഷ്മണൻ:
- (കൂടുതൽ പരുങ്ങലോടെ) ഏറ്റവും ഗൗരവമുള്ള കാര്യമല്ലെങ്കിൽ അങ്ങയെപ്പോലൊരു മഹാതാപസ്സനെ ഗോപുരദ്വാരത്തിൽ തടഞ്ഞുനിർത്താനിടവരുമോ? ലക്ഷ്മണൻ അത്ര ബുദ്ധിശൂന്യനാണോ?
- ദുർവാസാവ്:
- (ശാന്തസ്വഭാവം പതുക്കെ പരിത്യജിച്ചു്) എന്തു്? നമ്മെ ഗോപുരദ്വാരത്തിൽ തടഞ്ഞുനിർത്തിയെന്നാണോ പറഞ്ഞതു്?
- ലക്ഷ്മണൻ:
- അങ്ങു് ശാന്തനാവണം.
- ദുർവാസാവ്:
- നാം ശാന്തിയെപ്പറ്റിയും അശാന്തിയെപ്പറ്റിയും പ്രസംഗിക്കുന്നതു് കേൾക്കാൻ വന്നതുല്ല.
- ലക്ഷ്മണൻ:
- അർഘ്യപാദ്യങ്ങൾ സ്വീകരിച്ചു യത്രാക്ലേശം തീർക്കുമ്പോഴേക്കും രാമഭദ്രൻ തിരുമുനൻപിലെത്തിക്കഴിയും.
- ദുർവാസാവ്:
- (ലക്ഷ്മണൻ ഒഴിവുകഴിവുകൾ പറയുന്നതാണെന്നു മനസ്സിലാക്കി കടക്കണ്ണു് ചുവപ്പിച്ചുകൊണ്ടു് നോക്കുന്നു.) ലക്ഷ്മണൻ ആരോടാണു് സംസാരിക്കുന്നതെന്നു് മറക്കുന്നു.
- ലക്ഷ്മണൻ:
- ഈ ലക്ഷ്മണൻ അങ്ങയുടെ ദയയ്ക്കു് യാചിക്കുകയാണു്.
- ദുർവാസാവ്:
- ഈ പറഞ്ഞതിനർഥം നമുക്കു് രാമഭദ്രനെ കാണാൻ പാടില്ലെന്നാണു്. എന്നാൽ ലക്ഷ്മണാ, ഇന്നുവരെ ഈ നിമിഷം വരെ, ദുർവാസാവ് ഉദ്ദേശിച്ചതൊന്നും സാധിക്കാതെ പോയിട്ടില്ല, മുന്പോട്ടുവെച്ച കാൽ പിന്തിരിപ്പിക്കാൻ ആർക്കും കഴിഞ്ഞിട്ടുമില്ല. (ലക്ഷ്മണനെ ഗണ്യമാക്കാതെ മുൻപോട്ടു കടന്നു നടക്കാൻ തുടങ്ങുന്നു.)
- ലക്ഷ്മണൻ:
- (ദുർവാസാവിന്റെ മുൻപിൽ മുട്ടുകുത്തിനിന്നു പ്രാർഥിക്കുന്നു.) മഹാമുനേ?
- ദുർവാസാവ്:
- (മുൻ പോട്ടുവെച്ച കാലടി അമർത്തിച്ചവുട്ടി, ഉഗ്രമായ കോപത്തോടെ) ലക്ഷ്മണൻ തീക്കുണ്ഡത്തിൽ വീശുകയാണു്… ഈ ദുർവാസാവിന്റെ മാർഗ്ഗം മുടക്കുകയോ? ഏതു കടുത്ത വിഘ്നവും ദുർവാസാവിന്റെ കോപാഗ്നിക്കു് മുൻപിൽ കരിയിലയാണന്നോർമയിലിരിക്കട്ടെ.
- ലക്ഷ്മണൻ:
- അങ്ങു് അല്പംകൂടി ശാന്തനാവണം.
- ദുർവാസാവ്:
- (പിടിവാശിയോടെ) സാധ്യമല്ല
- ലക്ഷ്മണൻ:
- അല്പംകൂടി ക്ഷമിക്കണം.
- ദുർവാസാവ്:
- തീരെ സാധ്യമല്ല. നമ്മോടാരും ഇതുവരെ ക്ഷമിക്കാനപേക്ഷിച്ചിട്ടില്ല നാം ക്ഷമിച്ചിട്ടുമില്ല.
- ലക്ഷ്മണൻ:
- അങ്ങേക്കെന്താവശ്യമുണ്ടോ? കല്പിക്കണം. ഈ നിമിഷമതിവിടെയെത്തും.
- ദുർവാസാവ്:
- നമ്മുടെ ആവശ്യമാണു് പറഞ്ഞതു്. രാമഭദ്രനെ കാണണം. അതിനി ഒരു നിമിഷം വൈകിച്ചുകൂടാ.
- ലക്ഷ്മണൻ:
- (എഴുന്നേല്ക്കുന്നു അസ്വസ്ഥതയോടെ മുഖം താഴ്ത്തി നില്ക്കുന്നു.)
- ദുർവാസാവ്:
- നമ്മുടെ ക്ഷമ ആരും ഇത്രയധികം പരീക്ഷിച്ചിട്ടില്ല; ഇത്രധികം ഒന്നും നാം സഹിച്ചിട്ടുമില്ല. ലക്ഷ്മണാ ഈ പരീക്ഷണം ഇനിയും തുടരുന്നതു് നന്നല്ല;
- ലക്ഷ്മണൻ:
- (ദുർവാസാവിനെ ശാന്തനാക്കുവാൻ ശ്രമിച്ചുകൊണ്ടു്) തപസശ്രേഷ്ഠനായ അവിടുന്നു അടിയനുവേണ്ടി രാമഭദ്രനു വേണ്ടി അല്പംകൂടി ക്ഷിമിക്കണം.
- ദുർവാസാവ്:
- നമ്മുടെ തപശ്ശക്തിയെപ്പറ്റി ബോധമില്ലത്തപോലെ സംസാരിക്കുന്നു. കാട്ടിലോ മലയിലോ മേഘമാലക്കൾക്കിടയിലോ, എവിടെ നാമിരുന്നാലും കാണേണ്ടവരെ കണ്‍മുമ്പിലെത്തിക്കാനുള്ള കരുത്തു നമുക്കുണ്ടു്.
- ലക്ഷ്മണൻ:
- അതടിയൻ നിഷേധിക്കുന്നില്ല.
- ദുർവാസാവ്:
- നമ്മുടെ ഇച്ഛക്കെതിരായി പ്രവർത്തിക്കുന്നതു് കുലപർവതങ്ങൾ തന്നെയായാലും നാം പൊടിതൂകിച്ചുകളയും. നമ്മുടെ കോപം കൊടുങ്കാറ്റാണു്, ഇടിവാളാണു്, പ്രളയാഗ്നിയാണു്.
- ലക്ഷ്മണൻ:
- താപസന്മാർ കോപാതാപാദികളെ ജയിച്ചവരാണല്ലോ.
- ദുർവാസാവ്:
- (അമർഷം പൂണ്ട ചിരിയോടെ) ശരി, കോപതാപാദികളെ ജയിച്ചവരെന്നും പറഞ്ഞു് താപസന്മാരെ നിങ്ങൾക്കു കുരങ്ങു കളിപ്പിക്കണമല്ലേ? ലക്ഷ്മണാ, ആ താപസൻ കാട്ടിലാണു് നാം അത്തരത്തിൽപ്പെട്ടവനല്ല. ശഠനോടു് ശാഠ്യം. കരുത്തനോടു കരുത്തു്. അതാണു് നമ്മുടെ പ്രമാണം. ഉം! രണ്ടിലൊന്നു തീരുമാനിക്കൂ. നമ്മുടെ ആഗ്രഹം നിറവേറ്റുന്നോ അതല്ല കോപാഗ്നിക്കിരയാവുന്നോ?
- ലക്ഷ്മണൻ:
- അങ്ങെന്നെ ശപിച്ചുകൊള്ളണം.
- ദുർവാസാവ്:
- എന്തു്? കാളസർപ്പത്തിന്റെ പല്ലെണ്ണുകയോ?
- ലക്ഷ്മണൻ:
- ഞാനൊരുത്തൻ നശിച്ചാലും അയോധ്യ രക്ഷപ്പെടട്ടെ! രാമഭദ്രൻ രക്ഷപ്പെടട്ടെ!
- ദുർവാസാവ്:
- കേവലം വ്യാമോഹം. കോപം വന്നാൽ വിട്ടുവീഴ്ച നമുക്കില്ല; അയോധ്യയും രാമഭദ്രനും രക്ഷപ്പെടുമെന്ന വിചാരം നിനക്കു വേണ്ടാ. (കണ്ണുകൾ ഇറുക്കി ശരീരം വിറപ്പിച്ചു്) ഇക്ഷ്വാകുവംശത്തിലെ പൂർവപിതാമഹന്മാർ തുടങ്ങി ആ വംശത്തിൽ ഇന്നുള്ള പിഞ്ചുകുട്ടികൾവരെ എല്ലാവരേയും നാം ശപിക്കും.
- ലക്ഷ്മണൻ:
- ക്ഷമിക്കണം, മഹാമുനേ, ക്ഷമിക്കണം. ഞാൻ നിമിത്തം ഇക്ഷ്വാകുവംശത്തിന്നു നാശം വരരുതു്. ഇതാ ഞാൻ ചെന്നു രാമഭദ്രനെ കൂട്ടിക്കൊണ്ടുവരാം. അങ്ങു കോപം കൊണ്ടു് എന്റെ വംശത്തെ നശിപ്പിക്കരുതു്. (അകത്തേക്കു പോകാൻ ഭാവിക്കുന്നു. തിരിഞ്ഞുനിന്നു) അങ്ങു് അർഘ്യ പാദ്യങ്ങൾ സ്വീകരിച്ചു് വിശ്രമിക്കണം.
- ദുർവാസാവ്:
- രാമഭദ്രനെക്കണ്ടല്ലാതെ ഇനി ഒരടി മുൻപോട്ടോ പിൻപോട്ടോ ഇളകില്ല. ഇവിടെ ഈ ഗോപുരദ്വാരത്തിൽ നില്ക്കും.
- ലക്ഷ്മണൻ:
- (മനമില്ലാമനസ്സോടെ മുൻപോട്ടു നീങ്ങുന്നു, വിഷമിച്ചു് പിൻതിരിഞ്ഞു പിന്നേയും ദുർവാസാവിനെ സമീപിക്കുന്നു. വിനയാന്വിതനായി പറയുന്നു.) ഇക്ഷ്വാകുവംശത്തിൽ പിറന്നവൾ ഇന്നോളം മഹാമുനിമാരുടെ അപ്രീതിക്കു് പത്രമായിട്ടില്ല.
- ദുർവാസാവ്:
- (നിശ്ചലനായി നിന്നുകൊണ്ടു്) ഇല്ല.
- ലക്ഷ്മണൻ:
- അവർ തപസ്വികളുടെ സുഖസന്തോഷങ്ങൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണു്.
- ദുർവാസാവ്:
- അതേ.
- ലക്ഷ്മണൻ:
- അങ്ങു് ഈ ലക്ഷ്മണനെ വിശ്വസിക്കണം.
- ദുർവാസാവ്:
- (ക്രമേണ കുറഞ്ഞുവന്ന ക്രോധം പെട്ടന്നു് ആളിക്കത്തുന്നു.) ഇതെന്തു ധിക്കാരം. ഇനിയും നമ്മെ പരീക്ഷിക്കാനുള്ള പുറപ്പാടാണോ? സഹസ്രാബ്ദങ്ങൾ നീണ്ടു നിന്ന കഠിനതപസ്സവസാനിപ്പിച്ചു രാമഭദ്രന്റെ കയ്യിൽ നിന്നു ഭിക്ഷാന്നം വാങ്ങാൻ വന്നതാണു്. കാര്യസിദ്ധിക്കിനിയും വിളംബം വരുത്തുന്നപക്ഷം നാം സഹിക്കില്ല. നമ്മുടെ കടുത്ത ശാപം നിങ്ങളുടെ തലയിൽ വീഴും. (പല്ലു കടിച്ചു) അയോധ്യ വെണ്ണീറാവും. ഇക്ഷ്വാകുവംശം മുടിയും! ഈ ഭുമിതന്നെ മുകളിലായിപ്പോവും. (ശപിക്കാൻ കൈയുയർത്തുന്നു)
- ലക്ഷ്മണൻ:
- അരുതു് മഹാമുനേ, അരുതു്. ഇതാ ഇക്ഷണം രാമഭദ്രനെ കൂട്ടി വരാം. (ധൃതിയിൽ അകത്തേക്കു പോകുന്നു.)
- ദുർവാസാവ്:
- (ഉയർത്തിയ കൈയോടെ നിശ്ചലനായി നില്ക്കുന്നു.)
—യവനിക—