images/tkn-pushpavrishtti-cover.jpg
Duck houses, an oil on canvas painting by August Haake (Maler) (1889–1915).
രംഗം 5
മങ്ങിയ വെളിച്ചം മാത്രമുള്ള പൂന്തോട്ടം. പൂങ്കുലകൾ വാടി വിളർത്തു ഞെട്ടിയിൽ തൂങ്ങിനില്ക്കുന്നു. ഘോരമായ ഇടിവെട്ടും മിന്നലും. ഉഗ്രമായ ഒരു മിന്നൽ. ആ പ്രകാശത്തിൽ വലിയൊരു സിംഹപ്രതിമയിൽ ചാരി രാമൻ വിദൂരതയിലേക്കു നോക്കിനില്ക്കുന്നതു കാണുന്നു. മിന്നലിനെ തുടർന്നു വീണ്ടും ഇടിവെട്ടി. ഒരു കാറ്റു് ഉഴറിക്കൊണ്ടു് വന്നു ചെടികളെയും മരച്ചില്ലകളെയും പിടിച്ചുകുലുക്കി. കരിയിലകൾ പൊങ്ങിപ്പറന്നു വീണ്ടും തറയിൽ വീണു. രാമൻ പരിസരത്തെപ്പറ്റി ബോധം വെടിഞ്ഞ നിലയിൽ നില്പാണു്. ആരെയോ അന്വേഷിച്ചെന്നപോലെ ചുറ്റിലും അകലത്തും നോക്കിക്കൊണ്ട് ലക്ഷ്മണൻ കടന്നുവരുന്നു. പെട്ടെന്നൊരു മിന്നലും ഇടിവെട്ടും. മിന്നൽവെളിച്ചത്തിൽ രംഗം തെളിഞ്ഞുകാണുന്നു. ലക്ഷ്മണൻ ചിന്താഗ്രസ്തനായി നില്ക്കുന്ന രാമനെ കാണുന്നു. മെല്ലെ അടുത്തു ചെല്ലുന്നു; വിളിക്കുന്നു.
ലക്ഷ്മണൻ:
ജ്യേഷ്ഠാ. (രാമൻ യന്ത്രപ്പാവപോലെ മുഖം തിരിക്കുന്നു; ലക്ഷ്മണനെ നോക്കുന്നു. മുഖത്തു വേദനയുടെ നഴൽ വീശിയിയിരിക്കുന്നു?) ഈ ഏകാന്തതയിൽ നിന്നുകൊണ്ടു് ജ്യേഷ്ഠനിത്ര കഠിനമായി ആലോചിക്കുന്നതെന്താണു്?
രാമൻ:
(നിവർന്നു നിന്നു്) ഞാനീ കഴിഞ്ഞതു പലതും ആലോചിക്കുകയാണു്; മുഖ്യമായി? ആ മുഹൂർത്തത്തെപ്പറ്റി?
ലക്ഷ്മണൻ:
ഏതു മുഹൂർത്തത്തെപ്പറ്റി
രാമൻ:
യാഗാഗ്നിയിൽനിന്നു അച്ഛനു പായസം കിട്ടിയ ആ മുഹൂർത്തത്തെപ്പറ്റി. ഞാനതിനെ ശപിക്കുന്നു… ആ മുഹുർത്തമാണു് നമ്മുടെ ജന്മം കുറിച്ചതു്… ലക്ഷ്മണാ, പുത്രലാഭത്തിനുവേണ്ടി അച്ഛൻ യാഗം കഴിച്ചു. (പതുക്കെ മുൻപോട്ടു നടക്കുന്നു. ലക്ഷ്മണനെ സമീപിക്കുന്നു. ഇപ്പോൾ രണ്ടു പേരുടെ പിറകിലാണു് സിംഹപ്രതിമ) പുത്രദുഃഖംമൂലം വിലപിച്ചു് വിലപിച്ചു് അച്ഛൻ കണ്ണടച്ചു… ആ ദുരിതാനുഭവം അച്ഛൻ കാലേക്കൂട്ടി കണ്ടിരുന്നുവെങ്കിൽ, അങ്ങനെയൊരു യാഗത്തിനു മുതിരുമായിരുന്നോ? ഈ ദുർഭഗനായ രാമൻ ആത്മതുല്യം സ്നേഹിക്കുന്ന സഹോദരനെ കാലാന്തരത്തിൽ വധിക്കുമെന്നറിഞ്ഞാൽ നമ്മുടെ അമ്മമാരാരെങ്കിലും ആ പായസം സ്വീകരിക്കുമായിരുന്നോ?
ലക്ഷ്മണൻ:
അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങൾ.
രാമൻ:
അതേ, കഴിഞ്ഞവയെ ഞാൻ ശപിക്കുന്നു… വരാനുള്ളുവയെ വെറുക്കുന്നു. ലക്ഷ്മണാ, തന്റെ കഴിവിനെപറ്റി ഊറ്റം കൊള്ളുന്ന മനുഷ്യൻ ചിന്താശൂന്യനാണെന്നു ഞാൻ പറയും. ഉറപ്പിച്ചു പറയും. നിനക്കും, എനിക്കും, മറ്റുള്ളവർക്കും ഉണ്ടെന്നു നാം അഭിമാനംകൊള്ളുന്ന ആ കഴിവു് —ശക്തി—കാലത്തിന്റെ കൈയിൽ ഒരു നീർക്കുമിള മാത്രമാണു്. പതുക്കെ ഒന്നൂതിയാൽ പൊട്ടിത്തകർന്നു നാമാവശേഷമാകുന്ന നീർക്കുമിള മനുഷ്യൻ ഏതു യുഗത്തിലും ഇതിൽനിന്നു വ്യത്യസ്തനായിരിക്കയില്ല; തന്റെ പരിശ്രമത്തെച്ചൊല്ലിയും വിജയത്തെച്ചൊല്ലിയും അവൻ വിറോടെ പ്രസംഗിക്കുമ്പോൾ, കാലം പിറകിൽനിന്നു കാലുയർത്തുന്നുണ്ടാവും; എല്ലാം ചവുട്ടിത്തകർക്കാൻ. ഈ സത്യം ആരും ചിന്തിക്കാറില്ല. നീയും ഞാനും ഇതിൽ കുറ്റക്കാരാണു്. മനുഷ്യന്റെ ശക്തി നിസ്സാരമാണെന്നു് ഇവിടെ നിന്നുകൊണ്ടു ഞാൻ ഉറക്കെ പ്രഖ്യാപിക്കുന്നു… ജീവിതത്തിൽ പരാജയപ്പെട്ടതു കൊണ്ടു് ഞാനിതു പറയുന്നതല്ല… ഇതു സത്യമാണു്! ഏതു യുഗത്തിലും ഇളക്കമില്ലാത്ത സത്യം! (ചിന്താമഗ്നനായി തലതാഴ്ത്തി നടക്കുന്നു?) (ലക്ഷ്മണൻ ഉത്തരം പറയാൻ വിഷമിച്ചു നില്ക്കുന്നു.) (അല്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം പെട്ടെന്നു തലയുയർത്തി) ഇന്നലെവരെ തലോടിയ കൈകൊണ്ടു് ഇന്നു ഞാനനുഷ്ഠിക്കേണ്ട കർമമെന്താണു്? എന്താണു് ലക്ഷ്മണാ?
ലക്ഷ്മണൻ:
(പതുക്കെ) ഞാനങ്ങയോടു് ഒരു വരം ചോദിക്കാൻ വന്നതാണു്.
രാമൻ:
എന്തു വരം? ഇനിയും വരദാനത്തിനു ശക്തിയുണ്ടോ നിന്റെ ജ്യേഷ്ഠനു്?
ലക്ഷ്മണൻ:
ജ്യേഷ്ഠന്റെ ശക്തി ഒട്ടും ക്ഷയിച്ചിട്ടില്ല.
രാമൻ:
ക്ഷയിക്കുകയുമില്ല.
ലക്ഷ്മണൻ:
ആ ചന്ദ്രതാരം ജ്യേഷ്ഠന്റെ ശക്തിയും യശസ്സും നിലനില്ക്കും.
രാമൻ:
നിമ്മി വിശുദ്ധ സ്നേഹത്തിനു് അതിരു് കുറഞ്ഞൊന്നും ആഗ്രഹിക്കാൻ സാധ്യമല്ല; പ്രതീക്ഷിക്കാനും.
ലക്ഷ്മണൻ:
ജ്യേഷ്ഠൻ സമചിത്തനായിരുന്നാൽ മതി.
രാമൻ:
(സപരിഹാസം) പിന്നെന്തു വേണം?
ലക്ഷ്മണൻ:
ഈ അനുജനു വളരെ ചെറിയൊരു വരം നല്കുകയും വേണം.
രാമൻ:
ആവശ്യപ്പെട്ടോളൂ.
ലക്ഷ്മണൻ:
അതിനുമുന്പു് തിരുമുമ്പിൽ ഒരു കാര്യം.
രാമൻ:
(ഇടയിൽ തടഞ്ഞു) ലക്ഷ്മണാ ഇന്നെങ്കിലും ഈ മുഹൂർത്തത്തിലെങ്കിലും, ആ തിരുവടി തിരുമുൻപുമൊക്കെ നീയൊന്നു മാറ്റിവെക്കൂ. നിസ്സഹായതയുടെ നെടുവീർപ്പുകൊണ്ടു് ഇടയ്ക്കിടെ ഞെട്ടിത്തെറിക്കുന്ന ഈ കിരീടം നിരന്തരക്ലേശത്തിന്റെ ചുടേറ്റു് ഉരുകിത്താഴാൻ തുടങ്ങുന്ന ഈ കിരീടം തലയിലിരുന്നു് എന്തെ പരിഹസിക്കുമ്പോൾ എന്തു തിരുവടിയാണു് ലക്ഷ്മണാ? പറയൂ നിന്റെ ജ്യേഷ്ഠനോടു്, ദുർബലനായ ഈ രാമനോടു് നിനക്കു പറയാനുള്ളതെന്തും തുറന്നുപറയൂ.
ലക്ഷ്മണൻ:
അങ്ങു സത്യത്തിന്റെ പ്രവാചകനാണു്.
രാമൻ:
സത്യത്തിന്റെ മഹാഭാരം ചുമന്നു തളർന്നവനെന്നു പറയൂ.
ലക്ഷ്മണൻ:
ധർമ്മനിരതനെന്ന പേരിൽ ലോകം അങ്ങയെ വാഴ്ത്തുന്നു.
രാമൻ:
(വേദനപുരണ്ട ചിരിയോടെ) പിന്നെ?
ലക്ഷ്മണൻ:
അങ്ങു് നീതിയുടെയും…
രാമൻ:
തടഞ്ഞുകൊണ്ടു് മതി മതി, എന്റെ അപദാനങ്ങളെപറ്റിയാണു് പറയാനുള്ളതെങ്കിൽ നീ വിഷമിക്കേണ്ടാ. രാമൻ തൃപ്തിവരുവോളം അതു കേട്ടവനാണു്; അന്യരിൽ നിന്നും ബന്ധുക്കളിൽനിന്നും.
ലക്ഷ്മണൻ:
ഒരു ജീവിതം മുഴുവനങ്ങു സത്യത്തിനുവേണ്ടി ഉഴിഞ്ഞു വെച്ചു. ഇന്നിതാ അവസാന പരീക്ഷണം വന്നെത്തിയിരിക്കുന്നു.
രാമൻ:
(ദുസ്സഹദുഃഖത്തോടെ) തീവ്രമായ പരീക്ഷണം.
ലക്ഷ്മണൻ:
അങ്ങു സമചിത്തനായി ഈ പരീക്ഷണത്തേയും നേരിടണം; വിജയം വരിക്കണം.
രാമൻ:
(ലക്ഷ്മണന്റെ ഒടുവിലത്തെ വാക്കു കേട്ടു്, അതുവരെ രാമന്റെ മുഖത്തു് മുറ്റിനിന്ന വേദനയും നിസ്സഹായതയും മാറി, പകരം പൗരുഷവും സന്തോഷവും തെളിയുന്നു. വാത്സല്യം നിറഞ്ഞുതുളുമ്പുന്ന സ്വരത്തിൽ സംസാരിക്കുന്നു.) ഈ നിമിഷംവരെ എന്റെ ഹൃദയം ഒരു പടക്കളമായിരുന്നു. സത്യവും സഹോദരസ്നേഹവും അവിടെ വെച്ചു പടവെട്ടി. തുല്യ ശക്തിയുള്ള രണ്ടെതിരാളികൾ. ഇതിലാരു ജയിക്കുമെന്നു ഞാൻ നോക്കിനിന്നു. (വിജയഭാവത്തിൽ) ഇതാ ഒടുവിൽ സഹോദരസ്നേഹം സത്യത്തെ പരാജയപ്പെടുത്തിയിരിക്കുന്നു. (ആവേശത്തോടെ കൈനീട്ടി) വരു അനുജാ, വരു, എന്റെ മാറത്തു വിശ്രമിക്കൂ. (മുൻപോട്ടടുക്കുന്നു.)
ലക്ഷ്മണൻ മരപ്പാവകണക്കെ നോക്കിനില്ക്കുന്നു.
രാമൻ:
(കൈനീട്ടി കെട്ടിപ്പുണരാനടുക്കുന്നു.) നിന്റെ പേരിലുള്ള വാത്സല്യം അത്രയും ശക്തിമത്താണു്, ലക്ഷ്മണാ… അതിനെ ജയിക്കാൻ തക്ക കരുത്തുള്ള യാതൊന്നും ഈ പ്രപഞ്ചത്തിലില്ല. വരൂ, അനുജാ… (കെട്ടിപ്പുണരുന്നു, ലക്ഷ്മണൻ ഒരു കുട്ടിയെപ്പോലെ രാമന്റെ ആശ്ലേഷത്തിൽപ്പെട്ടു നില്ക്കുന്നു.) ഈ ബന്ധം അറുത്തുകളയാൻ ആർക്കും സാധിക്കില്ല. (പതുക്കെ) ഋഷിമാർക്കോ ദേവകൾക്കോ അസുരന്മാർക്കോ സാധിക്കില്ല. നമ്മെ വേർപെടുത്താൻ കെല്പുള്ള യാതൊരു ശക്തിയുമില്ല (ആശ്ശേഷത്തിൽനിന്നു വിട്ടു വാത്സല്യപൂർവം ലക്ഷ്മണന്റെ തോളിൽ കൈവെച്ചു നില്ക്കുന്നു.) ഈ മനോഹര രംഗം കണ്ടു സ്വർഗത്തിലുള്ള നമ്മുടെ അമ്മമാരു് രോമാഞ്ചം കൊള്ളുന്നുണ്ടാവും… നോക്കൂ ലക്ഷ്മണാ, നമ്മുടെ ബാലലീലകൾക്കു് സാക്ഷ്യംവഹിച്ച ആ കൊട്ടാരത്തോപ്പു് ആനന്ദനൃത്തം ചെയ്യുന്നു… (തന്നോടെന്ന മട്ടിൽ) സത്യവും ധർമ്മവുമൊക്കെ നമ്മുടെ ജീവിതത്തിൽനിന്നു തെല്ലിട മാറിനില്ക്കട്ടെ. (ലക്ഷ്മണൻ അറിയാതെ ഞെട്ടുന്നു. തുടർന്നു പറയുന്നു) സ്നേഹത്തിന്റെ ചെങ്കോലിവിടെ ഭരണം നടത്തട്ടെ.
ലക്ഷ്മണൻ:
(രാമന്റെ കൈ തോളിൽനിന്നു പതുക്കെ എടുത്തുമാറ്റുന്നു. ആശ്ചര്യത്തോടുകൂടി ചോദിക്കുന്നു) ജ്യേഷ്ഠനെന്താണു് പറഞ്ഞതു്? സത്യവും ധർമ്മവും നമ്മുടെ ജീവീതത്തിൽ നിന്നു തെല്ലിട മാറിനില്ക്കണമെന്നാണോ? (രാമൻ അസ്വസ്ഥനാവുന്നു.) കഴിഞ്ഞ കാലങ്ങളെ അങ്ങു മറന്നുപോയോ? ഓരോ വിഷമഘട്ടത്തിലും അങ്ങെനിക്കു് തന്ന വിലയേറിയ ഉപദേശങ്ങളെ വേദാന്തസൂക്തങ്ങളെ അങ്ങു മനപൂർവ്വം മറന്നുകളഞ്ഞോ? സത്യത്തിനുവേണ്ടി രാജ്യം വെടിഞ്ഞു; ധർമ്മത്തിനുവേണ്ടി ധർമ്മദാരങ്ങളെ പരിത്യചിച്ചു കായികവും മാനസികവുമായ നിരവധി ക്ലേശങ്ങളനുഭവിച്ചു—ഇതെല്ലം എന്തിനുവേണ്ടിയായിരുന്നു ജ്യേഷ്ഠാ?
രാമൻ:
ലക്ഷ്മണനെ വധിച്ചു സത്യത്തെ രക്ഷിക്കാൻ ഞാനുദ്ദേശിക്കുന്നില്ല.
ലക്ഷ്മണൻ:
ഈ തീരുമാനം വളരെ നേരത്തെ ആവാമായിരുന്നില്ലേ? കൈകേയി മാതാവിന്റെ അഭിലാഷത്തിനുമുൻപിൽ എന്തിനു വഴങ്ങിക്കൊടുത്തു? സത്യത്തെ ധിക്കരിക്കമെങ്കിൽ അന്നതു ചെയ്യാമായിരുന്നില്ലേ?
രാമൻ:
(തെല്ലിട മൗനം) തീർന്നോ ലക്ഷ്മണാ?
ലക്ഷ്മണൻ:
ഈ സഹോദരസ്നേഹം അന്ധമാണു്.
രാമൻ:
ലക്ഷ്മണന്റെ അഭിപ്രായമതാണോ?
ലക്ഷ്മണൻ:
(കേൾക്കാത്ത മട്ടിൽ) ധർമ്മത്തിന്റെ മുൻപിൽ വിലങ്ങടിച്ചു നില്ക്കാൻ ഇതിനെ അനുവദിച്ചുകൂടാ. (തൊണ്ടയിടറി) ശിക്ഷിച്ചാലും രക്ഷിച്ചാലും ഈ ജ്യേഷ്ഠൻ എന്നും എന്റെ ജ്യേഷ്ഠനായിരിക്കും. രഘുവംശത്തിനു കളങ്കം പറ്റിക്കൂടാ. നാളെ ലോകമെന്തു പറയും? ധർമ്മനിരതായ ജ്യേഷ്ഠനെ സഹോദരസ്നേഹവാത്സ്യല്യത്തിന്റെ പേരിൽ വഴിതെറ്റിച്ചവനാണു് ഈ ലക്ഷ്മണനെന്നു ലോകം എന്നെ അപഹസിക്കില്ലേ…
രാമൻ:
(ലക്ഷ്മണൻ പറഞ്ഞവസാനിപ്പിക്കുന്നതിനുമുൻപു്) ഏതാപത്തിലും തന്നെ പിൻതുടർന്ന സ്നേഹസമ്പന്നനായ അനുജനെ നിഷ്കരുണം വധിച്ച കൊലപാതകിയാണെന്നു രാമനെ ലോകം നിന്ദിച്ചുകൊള്ളട്ടെ; അല്ലേ ലക്ഷ്മണാ?
ലക്ഷ്മണൻ:
(രാമന്റെ വാക്കു് ശ്രദ്ധിക്കാതെ) അതുകൊണ്ടു, നമ്മുടെ വംശത്തിനുവേണ്ടി, ജ്യേഷ്ഠനുവേണ്ടി, എനിക്കുവേണ്ടി ഞാൻ ചെറിയൊരു വരം ആവശ്യപ്പെടുന്നു.
രാമൻ:
എന്തു വരം.
ലക്ഷ്മണൻ:
(മുൻപോട്ടു നീങ്ങി രാമന്റെ മുൻപിൽ മുട്ടുകുത്തി നിന്നു കൊണ്ടു്) അങ്ങു് എന്നെ വധിച്ചു ധർമ്മത്തെ രക്ഷിക്കു. (പെട്ടെന്നു രംഗത്തുള്ള വെളിച്ചം തീരെ ഇല്ലാതാവുന്നു; ഇരുട്ടു പരക്കുന്നു. അല്പനിമിഷത്തിന്നുശേഷം ഒരു ഇടിവാൾ മിന്നുകയും തുടർന്നു പ്രപഞ്ചം കുലുക്കുന്ന ഒരു ഇടി വെട്ടുകയും ചെയ്യുന്നു. വീണ്ടും വെളിച്ചം വരുമ്പോൾ രാമൻ കൽപ്രതിമപോലെ നില്ക്കുകയും ലക്ഷ്മണൻ കൈകൂപ്പി പ്രാർത്ഥിക്കുകയും ചെയ്യുന്നു.) ജ്യേഷ്ഠൻ ശങ്കിക്കരുതു്. നമ്മുടെ വംശത്തിനുവേണ്ടി ജ്യേഷ്ഠനു വേണ്ടി ഈ ലക്ഷ്മണൻ സന്തോഷത്തോടുകൂടിമരിക്കാം. (കണ്ണടച്ചു, തലതാഴ്ത്തി, കഴുത്തു നീട്ടി) ആത്മതുല്യം എന്നെ സ്നേഹിക്കുന്ന എന്റെ ജ്യേഷ്ഠന്റെ കൈകൊണ്ടു മരിക്കാൻ ഞാനെത്ര പുണ്യം ചെയ്യണം? ഒരു പൂമാല പോലെ ആ കരവാൾ എന്റെ കഴുത്തിൽ വീഴട്ടെ.
രാമൻ ലക്ഷ്മണന്റെ ഒടുവിലത്തെ വാക്കുകേട്ടു ചെറുതായൊന്നു ഞെട്ടുന്നു. പിൻതിരിഞ്ഞു നടക്കുന്നു. വീണ്ടും തിരിച്ചു വരുന്നു. ഒന്നും ചെയ്യാനോ പറയാനോ കഴിയാതെ വിഷമിക്കുന്നു. ഒടുവിൽ പതുക്കെ നടന്നു സിംഹപ്രതിമയുടെ അടുത്തുചെന്ന അവശതയോടെ അതിൽ ചാരി നില്ക്കുന്നു.
ലക്ഷ്മണൻ:
(അല്പനേരത്തിനുശേഷം, ലക്ഷ്മണൻ തലയുയർത്തി നോക്കുന്നു. എഴുന്നേറ്റു രാമന്റെ സമീപം ചെല്ലുന്നു. പതുക്കെ വിളിക്കുന്നു) ജ്യേഷ്ഠാ!
രാമൻ:
ഒട്ടും ചലനമില്ലാതെ ലക്ഷ്മണനെ നോക്കുന്നു. വേദനയോടെ സംസാരിക്കുന്നു.) നീയാവശ്യപ്പെട്ട വരം വിചിത്രമായിരിക്കുന്നു… ഈ രാമനെ, നിന്റെ പ്രിയപ്പെട്ട ജ്യേഷ്ഠനെ, ഹൃദയത്തിൽനിന്നു് നീ പിഴുതെറിഞ്ഞുകളഞ്ഞു. ഇല്ലേ ലക്ഷ്മണാ?
ലക്ഷ്മണൻ:
ഞാനെന്റെ ജ്യേഷ്ഠനെ ഹൃദയത്തിൽ കൂടുതൽ പ്രതിഷ്ഠിക്കുകയാണുണ്ടായതു്. അവിടുത്തെ ഉപദേശം തന്നെ ഞാനാവർത്തിക്കട്ടെ. നാം കാലത്തിന്റെ കൈയിലെ കളിപ്പാട്ടങ്ങളില്ലേ? ഈ ബന്ധവും സ്നേഹവുമെല്ലാം നശ്വരങ്ങളല്ലേ? നാശത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന നമുക്കു് ധർമ്മത്തെ സംരക്ഷിക്കാൻ കഴിഞ്ഞാൽ അതെങ്കിലുമൊരു നേട്ടമായി? കണക്കാക്കിക്കൂടേ?
രാമൻ:
ലക്ഷ്മണൻ പറയുന്ന ആ ധർമ്മത്തിലുപരി സഹോദരബന്ധത്തെ ഞാൻ കാണുന്നു. ആ ബന്ധത്തിനുവേണ്ടി എല്ലമുപേക്ഷിക്കാൻ ഞാൻ തയ്യാറാണു്. (നിവർന്നുനിൽക്കുന്നു. ലക്ഷ്മണനെ സമീപിച്ചു് ചോദിക്കുന്നു.) നീ എന്നെ സ്നേഹിക്കുന്നില്ലേ?
ലക്ഷ്മണൻ:
എന്തിലുമുപരി.
രാമൻ:
(ഉറയിൽനിന്നു് വാളൂരി) എങ്കിൽ ഇതാ ഇതു വാങ്ങൂ. (ലക്ഷ്മണൻ വാങ്ങുന്നു.) നീ ആവശ്യപ്പെട്ട വരം മറ്റൊരു രൂപത്തിൽ തിരിച്ചുതരുന്നു. എന്തിലുമുപരി നീയെന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്റെ കഴുത്തറുത്തു് ഈ ധർമ്മസങ്കടത്തിൽ നിന്നു വേദനയിൽനിന്നു് നീയെന്നെ രക്ഷിക്കൂ.
ലക്ഷ്മണൻ:
(അസഹ്യതയോടെ) എന്തു്? എന്താണു് ജ്യേഷ്ഠൻ കല്പിച്ചതു്.
രാമൻ:
(അല്പംകൂടി അടുത്തു്) ഉം! വേഗമാവട്ടെ എന്തിനു മടിക്കണം?
ലക്ഷ്മണൻ:
വയ്യ, ജ്യേഷ്ഠാ, വയ്യ. എന്നെ പരീക്ഷിക്കരുതു്.
രാമൻ:
വയ്യാ, അല്ലേ? (കഠിനമായ വേദനയോടെ) നീ മടിക്കുന്ന, നിന്റെ ഹൃദയം വെറുക്കുന്ന നീചകൃത്യം നിന്റെ ജ്യേഷ്ഠൻ അനുഷ്ഠിക്കണമെന്നു്! നിന്റെ സ്നേഹശൂന്യതയെ ഞാൻ പൊറുക്കാം. പക്ഷേ, ഈ സ്വാർഥം? അതെങ്ങനെ ഞാൻ പൊറുക്കും? അവനവനു ചെയ്യാൻ കഴിയാത്തതു മറ്റുള്ളവരെ നിർബന്ധിച്ചു് ചെയ്യിക്കുക… (മിണ്ടാതെ നടക്കുന്നു. തിരിഞ്ഞുനിന്നു് ചോദിക്കുന്നു.) നിന്റെ വരം നിനക്കിനി വേണോ ലക്ഷ്മണാ? (ലക്ഷ്മണന്റെ കൈയിൽനിന്നു് വാൾ തിരിച്ചുവാങ്ങി ഉറയിലിട്ടു, വേദനയോടെ പറയുന്നു.) ഈ നിർഭാഗ്യവാനായ രാമനെ ലോകം ശരിയായ അർഥത്തിൽ മനസ്സിലാക്കിയാൽ മതി. സത്യപാരായണവും ധർമ്മനിഷ്ഠനുമായ രാമൻ ആരും കാണാതെ ഏകാന്തതയിലിരുന്നു് ഭുമിയിലേക്കൊഴുകിയ കണ്ണീരിന്റെ ഒരു കണികയെങ്കിലും ലോകം കണ്ടെത്തിയാൽ മതി. രാമന്റെ നിർഭാഗ്യം, രാമന്റെ ധർമ്മസങ്കടം, രാമന്റെ സ്നേഹം—ഇതൊക്കെ ശരിയായ അർഥത്തിൽ അംഗീകരിച്ചാൽ മതി… സത്യം പുലർത്താൻ, ധർമ്മം സംരക്ഷിക്കാൻ, ആയുധമേന്തിയ നിർദ്ദയനായ ഒരു കാട്ടാളനായിരുന്നു രാമനെന്നു് ലോകം പഴി പറയാതിരിക്കട്ടെ. (തിരിച്ചു വീണ്ടും സിംഹപ്രതിമയുടെ സമീപം ചെന്ന് അവശനായി അതിൽ ചാരുന്നു.) ലക്ഷ്മണാ, എന്നെ തനിച്ചു വിടു! എന്റെ അസ്വസ്ഥമായ ഹൃദയത്തിലെ; കൊടുങ്കാറ്റൊന്നു് ശമിക്കട്ടെ; പിന്നെ വരൂ.
രംഗം ക്രമേണ ഇരുളാൻ തുടങ്ങുന്നു. കഠിനമായി ഇടിവെട്ടും മിന്നലും. മിന്നൽവെളിച്ചത്തിൽ ഇടയ്ക്കിടെ രാമനേയും ലക്ഷ്മണനേയും കാണുന്നു. രാമൻ സിംഹപ്രതിമയിൽ ചാരി കൈകൊണ്ടു് തലയും താങ്ങി നില്ക്കുകയാണു്. ലക്ഷ്മണൻ ആദ്യം നിന്ന സ്ഥലത്തു് ഒരു പ്രതിമപോലെ നില്ക്കുകയാണു്. തുടരെത്തുടരെയുള്ള ഇടിയും മിന്നലും കഴിഞ്ഞു രംഗം പൂർണമായ നിശ്ശബ്ദതയിലും, കനത്ത ഇരുട്ടിലും മൂടിനില്ക്കുന്നു. അല്പനിമിഷങ്ങൾക്കുശേഷം വളരെ വിദൂരതയിൽനിന്നു് ശ്രീരാമനെ പ്രകീർത്തിച്ചുകൊണ്ടുള്ള ഒരു സ്വരം ഉയരുന്നു. ഒരു ഭജനഗാനമാണു്. ആ ഗാനം അടുത്തടുത്തു വരുന്നതിനനുസരിച്ചു രംഗം വീണ്ടും പ്രകാശിക്കുന്നു. രാമനും ലക്ഷ്മണനും ശ്രദ്ധിക്കുന്നു. രംഗത്തു പൂർണപ്രകാശം വീഴുമ്പോൾ ഒരു വശത്തൂടെ വസിഷ്ഠൻ കടന്നുവരുന്നു. രാമനും ലക്ഷ്മണനും ഒരുമിച്ചു് അറിയാതെ മുൻപോട്ടു നീങ്ങുന്നു. രണ്ടുപേരുടെയും മധ്യത്തിലൂടെ വസിഷ്ഠൻ രംഗത്തിന്റെ മധ്യഭാഗത്തെത്തി നില്ക്കുന്നു. രാമനും ലക്ഷ്മണനും ഇരുവശങ്ങളിലായി നിൽപുറപ്പിക്കുന്നു. ഇപ്പോൾ സിംഹപ്രതിമ വസിഷ്ഠന്റെ തൊട്ടുപിറകിലാണു്. ആചാര്യാ പ്രണാമം (തല കുനിക്കുന്നു.) ലക്ഷ്മണനും തല കുനിക്കുന്നു.
വസിഷ്ഠൻ:
(കൈകൾ പൊക്കി രണ്ടു പേരുടേയും മൂർധാവിൽ വെച്ചു കൊണ്ടു്.) കുശലീ ഭവ.
ലക്ഷ്മണൻ:
അങ്ങ് ഈ സന്ദർഭത്തിലിവിടെ എഴുന്നള്ളിയതു ഭാഗ്യമായി (വസിഷ്ഠൻ മാറിമാറി രണ്ടുപേരുടേയും ഭാവം ശ്രദ്ധിക്കുന്നു. സൂക്ഷിച്ചു് പഠിക്കുന്നു.)
രാമൻ:
തക്ക സന്ദർഭത്തിലായി ഈ എഴുന്നള്ളത്തു്. അയോധ്യ വീണ്ടും ഇരുട്ടിലേക്കു നീങ്ങുകയാണു്.
വസിഷ്ഠൻ:
രാമഭദ്രന്റെ സാന്നിധ്യത്തിലും അങ്ങനെ സംഭവിക്കുമെന്നോ?
രാമൻ:
ആചാര്യ, ഈ രാമനിന്നു ബലഹീനനാണു്.
വസിഷ്ഠൻ:
ഇതൊരു കുറ്റസമ്മതമാണോ?
ലക്ഷ്മണൻ:
അങ്ങു രഘുവംശത്തെ രക്ഷിക്കണം. ഈ ജ്യേഷ്ഠൻ ഇന്നാദ്യമായി ധർമ്മത്തിൽനിന്നു ഒളിച്ചോടുകയാണു്. ഒരു ഭീരുവെപ്പോലെ കർത്തവ്യത്തിന്റെ മുമ്പിൽ ചൂളുകയാണു്.
രാമൻ:
അതു ഭീരുത്വമാണെങ്കിൽ ഭീരുത്വത്തെ ഞാൻ ആദരിക്കുന്നു ആചാര്യ. രഘുവംശത്തിന്റെ ജയക്കൊടി നാട്ടിയ പിതൃപിതാമഹന്മാരെ ഞാനിപ്പോൾ എന്റെ മുൻപിൽ കാണുന്നു. അവരുടെ കീർത്തി ആചന്ദ്രതാരം നിലനില്ക്കട്ടെ (ശബ്ദം താഴ്ത്തി) അങ്ങു ഞങ്ങളുടെ കുലഗുരുവാണു്. ഞങ്ങളുടെ വംശാവലിപ്പട്ടികയിൽ നിന്നു് അങ്ങു് ഈ രാമന്റെ പേരു് വെട്ടിക്കളയണം.
വസിഷ്ഠൻ:
(പുഞ്ചിരിയോടെ) ഇതെന്തു വിചിത്രമായ അഭ്യർഥന?
ലക്ഷ്മണൻ:
ആചാര്യാ, ഈ ലക്ഷ്മണന്റെ നിവേദനം അങ്ങു് ചെവിക്കൊള്ളണം. ജ്യേഷ്ഠൻ വിഷമിക്കുന്നതു കേവലം നിസ്സാരമായ ഒരു കാര്യത്തെചൊല്ലിയാണു്. ഇന്നുവരെ ക്ലേശിച്ചാർജ്ജിച്ച പുണ്യപരമ്പരയെ തട്ടിത്തെറിപ്പിക്കാനൻ അങ്ങനുവദിക്കരുതു്. ഞങ്ങളുടെ കുലഗുരുവായ ആചാര്യൻ കല്പിക്കണം, ലക്ഷ്മണനെ വധിച്ചു് ജ്യേഷ്ഠനോടു ധർമ്മത്തെ ജയിക്കാൻ.
രാമൻ:
അനുജനെ വധിച്ചു ധർമ്മത്തെ രക്ഷിക്കാൻ രാമൻ തയ്യാറില്ല;
ലക്ഷ്മണൻ:
ആചാര്യൻ കല്പിക്കില്ലേ?
രാമൻ:
അത്ര കഠിനഹൃദയനാണോ ആചാര്യൻ?
ലക്ഷ്മണൻ:
പറയു, ഗുരോ, അങ്ങു കല്പിക്കില്ലേ.
രാമൻ:
അങ്ങയുടെ വാത്സല്യ ഭാജനമായ രാമനോടു് അങ്ങേയ്ക്കു ദയയില്ലെന്നോ?
ലക്ഷ്മണൻ:
ഇതു് അവസാനത്തെ പരീക്ഷണമാണു് ഇതിലും ജ്യേഷ്ഠൻ ജയിക്കണം. ഇല്ലെങ്കിൽ എല്ലാം നശിക്കും.
രാമൻ:
അതു പ്രപഞ്ചനിയമമാണു്. എല്ലാം നാശത്തിലേക്കാണു് നീങ്ങിക്കൊണ്ടിരിക്കുന്നതു്. പറയൂ ആചര്യാ, നശിക്കാത്തതു് വല്ലതുമുണ്ടോ?
വസിഷ്ഠൻ:
ധർമം അതുമാത്രം നശിക്കില്ല.
രാമൻ:
അതനുഷ്ഠിക്കുന്ന മനുഷ്യൻ? അവനു നാശമില്ലേ ഗുരോ? രഘുവംശത്തിന്റെ കാര്യം തന്നെയെടുക്കാം. അല്ലെങ്കിൽ, എന്തിനു മുഴുവനായെടുക്കുന്നു? ഞങ്ങളുടെ പിതാവാരായിരുന്നു? അദമ്യശക്തിയുടെ തീനാളം സ്വർഗത്തിലോളമെത്തിച്ച മഹാപുരുഷനായിരുന്നില്ലേ? അദ്ദേഹമിന്നെവിടെ അദ്ദേഹത്തിന്റെ പൂർവികരെവിടെ?
വസിഷ്ഠൻ:
അവരുടെ ഭൗതിക ദേഹമേ നശിച്ചിട്ടുള്ളൂ? കീർത്തി ഇന്നും നിലനില്ക്കുന്നു.
രാമൻ:
കീർത്തിയുടെ കാര്യത്തിലും ഞാൻ അനശ്വരത കാണുന്നില്ല. സൂര്യോദയത്തിൽ നക്ഷത്രങ്ങൾ മങ്ങുംപോലെ പുതിയ പുതിയ കീർത്തികൾ പൂത്തും തളിർത്തും വരുമ്പോൾ പഴയവ മങ്ങുന്നു; വിസ്മരിക്കപ്പെടുന്നു. ത്രികാലജ്ഞനായ ആചാര്യനു് എല്ലാം അറിയാവുന്നതല്ലേ?
വസിഷ്ഠൻ:
എല്ലാം അറിയുന്നതാണു് കുഴപ്പം.
ലക്ഷ്മണൻ:
ജീവിതത്തിൽ ഇന്നു് ആദ്യമായി ജ്യേഷ്ഠൻ ഒരു പ്രതിജ്ഞ ലംഘിക്കാനൊരുങ്ങുകയാണു്.
രാമൻ:
ഒരുക്കത്തിന്റെ സമയം കഴിഞ്ഞു.
ലക്ഷ്മണൻ:
ഇന്നോളം അയോധ്യയെ നേർവഴിക്കു നയിച്ച ആചാര്യൻ തന്നെ ഈ പ്രശ്നത്തിനൊരു പരിഹാരം നിർദ്ദേശിക്കണം.
വസിഷ്ഠൻ:
ആകസ്മികസംഭവങ്ങൾകൊണ്ടു് നെയ്തെടുത്തതാണു് ഈ അയോധ്യ. ഇടിവെട്ടിനുമുൻപു് ഒരു മിന്നൽപിണരെങ്കിലുമുണ്ടാവും. പക്ഷേ, അയോധ്യയിലെ സംഭവങ്ങൾ ഇടിവെട്ടിനേക്കാൾ ആകസ്മികങ്ങളാണു്. ജനങ്ങളൊന്നു പ്രതീക്ഷിക്കും. പ്രതീക്ഷകളെ തട്ടിത്തകർത്തുകൊണ്ടു് മറ്റൊന്നു സംഭവിക്കും. ഇതാ ഇന്നും അതുപോലൊരു സംഭവത്തോടേറ്റുമുട്ടി അയോധ്യ നടുങ്ങുന്നു.
ലക്ഷ്മണൻ:
നല്ലതിനുള്ള നടുക്കങ്ങളും ചിലപ്പോൾ അനുഭവപ്പെടും.
വസിഷ്ഠൻ:
ചുരുക്കിപ്പറയാം. ഈ പരീക്ഷണത്തിലും അയോധ്യ ജയിക്കണം. രാമൻ ജയിക്കണം.
രാമൻ:
ഇല്ല ഗുരോ, അതു സാധ്യമല്ല
വസിഷ്ഠൻ:
ഞാൻ നിങ്ങളുടെ ആചാര്യനല്ലേ? വിജയത്തിലേക്കുള്ള മാർഗം ഞാൻ നിർദ്ദേശിക്കാം. (അല്പനേരത്തെ മൗനം) രാമാ…
രാമൻ:
ആചാര്യാ!
വസിഷ്ഠൻ:
പ്രതിജ്ഞ പാലിക്കുകതന്നെ വേണം. (രാമൻ മിണ്ടാതെ നില്ക്കുന്നു.) സ്തുതികളും വേദങ്ങളും ഉദ്ഘോഷിക്കുന്നതെന്തെന്നറിയാമോ? വധവും തിരസ്കാരവും ഒന്നാണു്. നാം സ്നേഹിക്കുന്നവരെ മനസ്സിൽനിന്നകറ്റുക. (രാമനും ലക്ഷ്മണനും ഒരുമിച്ചു ഞെട്ടുന്നു.) (തുടർന്നു പറയുന്നു) അതു വധത്തിന്റെ ഫലം ചെയ്യും. വധമാണെങ്കിൽ നടക്കുന്നുമില്ല. അതുകൊണ്ടു് പ്രതിജ്ഞ നിറവേറ്റി ധർമ്മത്തെ രക്ഷിക്കാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം അതാണു്. അതിലെ സഞ്ചരിച്ചു ധർമ്മത്തെ രക്ഷിക്കൂ.
രാമൻ:
(വേദനയോടെ) ലക്ഷ്മണനെ ഉപേക്ഷിക്കുക?
വസിഷ്ഠൻ:
അതേ.
ലക്ഷ്മണൻ:
ആചാര്യാ, അങ്ങു് അല്പംകൂടി കരുണ കാണിക്കണം. (അല്പംകൂടി അടുത്തുനിന്നു്) ഈ ജ്യേഷ്ഠന്റെ ഹൃദയത്തിൽ നിന്നു് എന്നെന്നേക്കുമായി ലക്ഷ്മണനെ പറിച്ചെറിയുകയോ?
രാമൻ:
ആചാര്യാ ലക്ഷ്മണൻ എന്റെ ആത്മാവാണു്. അവനെ ഉപേക്ഷിക്കുകയെന്നു പറഞ്ഞാൽ?
ലക്ഷ്മണൻ:
വേണ്ടാ, ഈ എളുപ്പമാർഗം വേണ്ടാ.
രാമൻ:
തിരസ്കാരത്തിലും ഭേദം വധമാണു്.
ലക്ഷ്മണൻ:
ഞാൻ സന്തോഷത്തോടെ മരിക്കാം.
വസിഷ്ഠൻ:
(പുഞ്ചിരിയോടെ) വധത്തിന്റെ കാര്യം വന്നപ്പോൾ വയ്യാ. തിരസ്കാരത്തിന്റെ നിബന്ധനയായപ്പോൾ തീരെ വയ്യാ… സ്നേഹമുള്ളിടത്തു് ഇത്തരം ചാപല്യങ്ങൾ ധാരാളമാണു്… അന്നു ലങ്കയിൽ ഇന്ദ്രജിത്തിന്റെ അസ്ത്രമേറ്റു ബോധശൂന്യരായ നിങ്ങൾ ഉണർന്നില്ലെന്നു വിചാരിക്കൂ. എന്നാൽ പിന്നെ ഈ ബഹളത്തിനൊന്നും കാര്യമില്ല; നിസ്സാരന്മാരെപ്പോലെ ചാപല്യം കാട്ടരുതു്.
രാമൻ:
ആചാര്യാ ഇതു ചാപല്യമാണോ?
വസിഷ്ഠൻ:
(ലക്ഷ്മണന്റെ നേരെ തിരിഞ്ഞു തികഞ്ഞ ഗൗരവത്തോടെ വിളിക്കുന്നു.) ലക്ഷ്മണാ…
ലക്ഷ്മണൻ:
ആചാര്യാ!
വസിഷ്ഠൻ:
ഇങ്ങനെ ബലഹീനനാവരുതു്.
ലക്ഷ്മണൻ:
അടിയനെന്തുവേണമെന്നു കല്പിക്കണം.
വസിഷ്ഠൻ:
രഘുവംശത്തെ, ഈ നില്ക്കുന്ന നിന്റെ ജ്യേഷ്ഠനെ, ധർമ്മത്തെ രക്ഷിക്കേണ്ട ചുമതല നിന്റേതാണു്.
ലക്ഷ്മണൻ:
കല്പിക്കുന്നതെന്തും ചെയ്യാനടിയൻ തയ്യാറാണു്.
വസിഷ്ഠൻ:
ആദ്യമായി ബലഹീനത കളയൂ. (ലക്ഷ്മണൻ കണ്ണീരൊപ്പുന്നു.) നിന്റെ പൗരുഷം വീണ്ടെടുക്കൂ.
ലക്ഷ്മണൻ:
(ഗദ്ഗദംകൊണ്ടു് തടയപ്പെട്ടാണെങ്കിലും കനത്ത സ്വരത്തിൽ സംസാരിക്കുന്നു) ഈ ലക്ഷ്മണർ ഇന്നുവരെ ജീവിച്ചതു ജ്യേഷ്ഠനുവേണ്ടിയാണു്. ജ്യേഷ്ഠനു വേണ്ടി എന്തു ത്യാഗം സഹിക്കാനും ഞാനൊരുക്കമാണു്. വധമോ തിരസ്കാരമോ എന്തും.
വസിഷ്ഠൻ:
രാമാ… ധർമ്മത്തിനുവേണ്ടി പറയൂ… (രാമൻ നിശ്ചലനായി നില്ക്കുന്നു.) ലക്ഷ്മണനെ എന്നെന്നേക്കുമായി ഉപേക്ഷിച്ചെന്നു പറയൂ. (രാമൻ കഠിനമായ ദുഃഖത്തോടെ മുഖം തിരിക്കുന്നു.) ഉം! പറയൂ.
രാമൻ:
(ഗദ്ഗദസ്വരത്തിൽ വിളിക്കുന്നു.) ലക്ഷ്മണാ… (അപ്പുറം പറയാൻ കഴിയാതെ വിഷമിക്കുന്നു)
ലക്ഷ്മണൻ:
ആചാര്യാ, എന്നെ മുൻപിൽ കണ്ടുകൊണ്ടു് ജ്യേഷ്ഠനിതു പറയാൻ വിഷമമുണ്ടാവും. തിരസ്കാരത്തിനു മുൻപുതന്നെ ഞാൻ വിടവാങ്ങാം. (ഉള്ളിൽ തിങ്ങിവിങ്ങുന്ന ദുഃഖം ബലമായി ഒതുക്കിക്കൊണ്ടു രാമനെ സമീപിക്കുന്നു.) ജ്യേഷ്ഠാ… വിടതരൂ! അവസാനമായി ഞാനവിടുത്തെ പാദങ്ങളിലൊന്നു നമസ്കരിക്കട്ടെ…

(സാഷ്ടാംഗം നമസ്കരിക്കുന്നു.)

രാമൻ കണ്ണിൽ വെള്ളം നിറച്ചുകൊണ്ടു വിദൂരതയിലേക്കു് നോക്കിനില്ക്കുന്നു. നമസ്കരിച്ചെഴുന്നേൽക്കുന്ന ലക്ഷ്മണന്റെ മൂർധാവിൽ കൈവെക്കുന്നു.

ലക്ഷ്മണൻ എഴുന്നേറ്റു വസിഷ്ഠനേയും നമസ്കരിച്ചു പതുക്കെ പിൻതിരിഞ്ഞു പുറത്തേക്കു് നടക്കാൻ തുടങ്ങുന്നു.

രാമന്റെ ചുണ്ടുകൾ അസ്പഷ്ടമായി എന്തോ ഉച്ചരിക്കുന്നുണ്ടു്. കണ്ണീർ കവിളിലൂടെ ഒഴുകുന്നു…

ലക്ഷ്മണൻ പതുക്കെ രണ്ടടി മുന്നോട്ടുവെക്കുമ്പോൾ ആകാശത്തുനിന്നു പതുക്കെ പൂമഴ ആരംഭിക്കുന്നു… അതു ക്രമേണ വർധിച്ചു ലക്ഷ്മണനെ മൂടുന്നു. വസിഷ്ഠനും രാമനും ആ രംഗം നോക്കിനില്ക്കുന്നു.

—യവനിക—

Colophon

Title: Pushpavrshṭṭi (ml: പുഷ്പവൃഷ്ടി).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Play, Thikkodiyan, തിക്കോടിയൻ, പുഷ്പവൃഷ്ടി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 12, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Duck houses, an oil on canvas painting by August Haake (Maler) (1889–1915). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.