images/tkn-pushpavrishtti-cover.jpg
Duck houses, an oil on canvas painting by August Haake (Maler) (1889–1915).
രംഗം 4
ഒന്നാംരംഗത്തിന്റെ തുടക്കത്തിലുള്ള സംഘഗാനം കേട്ടുകൊണ്ടാണു് യവനിക നീങ്ങുന്നതു്. രാമൻ ദുഃഖിതനായി തന്റെ ശയ്യാഗാരത്തിലെ മണിമഞ്ചത്തിലിരിക്കുന്നു. സംഘഗാനം അടുത്തുവന്നു് ഉച്ചത്തിൽ തെല്ലിട നിന്നു പതുക്കെപ്പതുക്കെ അകന്നുപോകുന്നു. രാമൻ അസഹ്യതയോടെ എഴുന്നേറ്റു നടക്കുന്നു. തന്നത്താനെന്നവിധം സംസാരിക്കുന്നു.
രാമൻ:
എല്ലാവരും രാമരാജ്യത്തെ പ്രകീർത്തിക്കുന്നു; രാമന്റെ അപദാനങ്ങളെ പാടിപ്പുകഴ്ത്തുന്നു. എന്നാൽ ആ രാമനോ? വിധിയുടെ കൈയിലകപ്പെട്ട ഒരു കളിപ്പന്തുമാത്രം. അടിയേല്ക്കുമ്പോൾ നിലംപൊത്തുകയും ശക്തിപൂർവ്വം ഉയരുകയും വീണ്ടും പൊടിമണ്ണിൽ വീണുരുളുകയും ചെയ്യുന്ന ഒരു കളിപ്പന്തുമാത്രം രാമന്റെ നെടുവീർപ്പിനു് പ്രളയാഗ്നിയുടെ ചൂടുണ്ടെന്നാരും മനസ്സിലാക്കുന്നില്ല; അതിനെക്കുറിച്ചാരും പാടുന്നുമില്ല… കിരീടം ചുടാൻവയ്യാതെ കാടുതെണ്ടുക, പ്രിയതമയെ പരിരക്ഷിക്കാൻ ശക്തനല്ലാതെ ദുഃഖാർത്തനായി അലയുക, ജനാപവാദത്തെ നേരിടാൻ കരുത്തില്ലാതെ ഗർഭിണിയായ ധർമ്മപത്നിയെ കാട്ടിലുപേക്ഷിക്കുക, ആ ഭീരുത്വത്തെച്ചൊല്ലി പിന്നീടു് വിലപിക്കുക. അശ്വമേധം കഴിക്കുമ്പോൾ സ്വർണപ്രതിമയ്ക്കു് അർദ്ധാസനം നല്കി സംതൃപ്തനാവുക… ജനങ്ങൾ കീർത്തിക്കുന്ന രാമനെവിടെ? ജീവിതത്തിൽ ശാന്തിയും സമാധാനവും കണികാണാനില്ലാതെ വിഷമിക്കുന്ന രാമനെവിടെ?
മിണ്ടാതെ പിന്നേയും നടക്കുന്നു. രാമന്റെ ഹൃദയഭാരം വർധിക്കുന്നതിനൊപ്പം രംഗത്തെ വെളിച്ചം കുറഞ്ഞു കുറഞ്ഞു വരണം. അങ്ങനെ എല്ലാം ഏതാണ്ടൊരവ്യക്തതയിലാവുമ്പോൾ, അങ്ങകലെ കണ്ണീരിൽ കുതിർന്നൊരു ഗാനമുയരുന്നു. “രാമാ… രാമാ” എന്നിങ്ങനെ രാമനെ ചൊല്ലി വിലപിക്കുന്നൊരു ഗാനം. (സ്ത്രീസ്വരം.) രാമൻ ശ്രദ്ധിക്കുന്നു. രാമന്റെ മുഖഭാവം വ്യക്തമാക്കാൻ മാത്രം ഒരു സ്പോട്ട് ലൈറ്റുണ്ടായിരിക്കണം… ഇനിയങ്ങോട്ടു് രാമന്റെ ചലനത്തിനനുസരിച്ചു് ആ സ്പോട്ടലൈറ്റ് നീങ്ങിക്കൊണ്ടിരിക്കുകയും വേണം. ശോകഗാനം അടുത്തടുത്തുവരുന്നു. രാമന്റെ മുഖം പ്രകാശംകൊള്ളുന്നു. കണ്ണുകൾ നവചൈതന്യമേല്ക്കുന്നു. രംഗത്തിനു പിറകിൽ വളരെ അകലെ മറ്റൊരു സ്പോട്ട് ലൈറ്റിൽ ഒരു വനത്തിന്റെ ഏതാനും ഭാഗം പ്രത്യക്ഷപ്പെടുന്നു. സീത ഒരു മരത്തണലിൽ ഇരുന്നു് തേങ്ങിത്തേങ്ങി രാമനെ വിളിക്കുകയാണു്, “രാമാ… രാമാ…” അഴിഞ്ഞുവീണ തലമുടി, കണ്ണീരിൽ നനഞ്ഞ മുഖം. രാമൻ ആ ഭാഗത്തേക്കു ശ്രദ്ധിക്കുന്നു.)
രാമൻ:
(ഉദ്വോഗത്തോടെ പറയുന്നു) എന്തു്? ഭൂഗർഭത്തിലാണ്ടു പോയ ദേവി ഉയിർത്തെഴുന്നേറ്റെന്നോ? അയോധ്യയെ അനുഗ്രഹിക്കാൻ, ഈ രാമനു നവചൈതന്യമരുളാൻ! അതാ, ദേവിയുടെ ശോകസന്തപ്തമായ സ്വരം. ആ നിഷ്കാസനം ദേവിയുടെ ഹൃദയത്തിൽ അഗാധമായ മുറിവുകളേല്പിച്ചിട്ടുണ്ടു്… (മുമ്പോട്ടു് നീങ്ങുന്നു.) ഇതാ, ദേവീ കുറ്റങ്ങളേറ്റുപറഞ്ഞു് പ്രായശ്ചിത്തം ചെയ്യാൻ ദേവിയുടെ സന്നിധിയിലേക്കു് നിമിഷംകൊണ്ടു് രാമനെത്തുകയായി…
ആവേശത്തോടെ കൈകൾ നീട്ടിപ്പിടിച്ചു് മുൻപോട്ടു നീങ്ങുന്നു. ഏതാനും അടികൾ മുമ്പോട്ടു് നീങ്ങിക്കഴിയുമ്പോൾ പെട്ടെന്നു് ഗാനം നിലയ്ക്കുകയും രംഗത്തുള്ള വെളിച്ചം മുഴുവൻ ഇല്ലാതാവുകയും കനത്ത ഇരുട്ടു് പരക്കുകയും ചെയ്യുന്നു. പശ്ചാത്തലത്തിൽ ശോകസാന്ദ്രമായ ഉപകരണസംഗീതം ഉച്ചത്തിലാവുന്നു. വീണ്ടും വെളിച്ചം വരുമ്പോൾ പഴയ ശയ്യാഗാരംതന്നെ കാണുന്നു. ഒരു മാറ്റവുമില്ല. ഭിത്തിക്കരികിൽ രാമൻ അമ്പരന്നുനില്ക്കുന്നു. അല്പനേരം അങ്ങനെ നിന്നു് കൂടുതൽ നിരാശയോടെ, ദുഃഖഭാരത്തോടെ, പതുക്കെ മുൻപോട്ടു നടക്കുന്നു. അകത്തുനിന്നു് ഗദ്ഗദസ്വരത്തിൽ ഒരു സ്ത്രീ വിളിക്കുന്നു. പ്രഭോ… പ്രഭോ… രാമൻ ഞെട്ടുന്നു, പകച്ചുനോക്കുന്നു. അല്പംകൂടി അടുത്തു കേൾക്കുന്നു ആ സ്ത്രീസ്വരം. പ്രഭോ… പ്രഭോ… ഊർമിള—കരഞ്ഞുകലങ്ങിയ കണ്ണുകൾ, ഭയപ്പെട്ട നോട്ടം, അലസമായി പിന്നിൽ ചിതറിവീണ മുടി—കടന്നുവന്നു് രംഗത്തിന്റെ മധ്യഭാഗത്തു് നില്ക്കുന്നു. രാമൻ ഊർമിളയെ കണ്ടതും ഒന്നും മിണ്ടാതെ തിരിഞ്ഞുനിന്നു് മണിമഞ്ചത്തിലിരിക്കുന്നു.ഊർമിള മെല്ലെ രാമനെ സമീപിക്കുന്നു. രാമൻ തലതാഴ്ത്തി മിണ്ടാതിരിക്കുന്നു. അല്പനേരത്തെ നിശ്ശബ്ദത, ആ നിശ്ശബ്ദതയെ രാവി മുറിക്കുമ്പോലെ ഊർമിളയുടെ ഗദ്ഗദം കുറച്ചു കുറച്ചായി കേട്ടുതുടങ്ങുന്നു. ഒടുവിൽ പാതി കരച്ചിലും പാതി വിളിയുമെന്ന മട്ടിൽ ഒരു ശബ്ദം പുറത്തുവരുന്നു.
ഊർമിള:
പ്രഭോ…
രാമൻ:
(തലയുയർത്താതെ, നോക്കാതെ) ഊർമിളേ നീയെന്തിനിങ്ങോട്ടു വന്നു?
ഊർമിള:
മറ്റെങ്ങും പോവാനില്ലാഞ്ഞിട്ടു്… അടിയൻ…
രാമൻ:
(തടഞ്ഞുകൊണ്ടു്) മതി എങ്ങും പോകാനില്ലാഞ്ഞിടു് നീ തേടിപുറപ്പെട്ട സ്ഥലം നന്നായില്ല…
ഊർമിള:
കൊട്ടാരത്തിൽ എന്തൊക്കെയോ കേൾക്കുന്നു. (രാമൻ പ്രയാസപ്പെട്ട് വികാരത്തെ നിയന്ത്രിക്കുന്നു.) അടിയനിതൊന്നും മനസ്സിലാവുന്നില്ല. ഇതൊക്കെ സത്യമാണോ?
രാമൻ:
സത്യമാവാതിരിക്കട്ടെ എന്നു ഞാനാഗ്രഹിക്കുന്നു. പക്ഷേ,
ഊർമിള:
(ഉത്കണ്ഠയോടുകൂടി) പക്ഷേ
രാമൻ:
(അസ്വസ്ഥനായി എഴുന്നേല്ക്കുന്നു. മുൻപോട്ടു നടക്കുന്നു. ഊർമിളയെ നോക്കാതെ പറയുന്നു.) എല്ലാ സത്യങ്ങളും ഹിതകരങ്ങളല്ല.
ഊർമിള:
വ്യക്തമായി പറയൂ പ്രഭോ.
രാമൻ:
അഹിതങ്ങളും വേദനാകരങ്ങളുമായ ചില സത്യങ്ങളുണ്ട്.
ഊർമിള:
അവിടുത്തെ മുഖത്തുനിന്നു് അത്തരം സത്യങ്ങൾ കേൾക്കാൻ എനിക്കിടവരാതിരിക്കട്ടെ എന്നു ഞാൽ പ്രാർഥിക്കുന്നു.
രാമൻ:
(പതുക്കെ; എന്നാൽ ദൃഢതരമായി) പ്രാർഥനയുടെ സമയം കഴിഞ്ഞുപോയി.
ഊർമിള:
ഇനി പ്രാർഥിച്ചാലും അടിയനു് രക്ഷയില്ലെന്നോ?
രാമൻ:
നിനക്കല്ല, എനിക്കാണു് രക്ഷയില്ലാതായിത്തീർന്നതു്.
ഊർമിള:
(വേദനയും പരിഭവവും കലർന്ന സ്വരത്തിൽ) അപ്പോൾ അങ്ങു് സ്വന്തം കൈകൊണ്ടു് അനുജനെ വധക്കാൻ തീരുമാനിച്ചെന്നോ?
രാമൻ:
(ചിന്താകുലനായി നടന്നുകൊണ്ടു്) എല്ലാറ്റിലും വലുതു് ധർമ്മമാണു്.
ഊർമിള:
മതി പ്രഭോ, മതി എനിക്കു ധർമ്മത്തെപ്പറ്റി ഒന്നും കേൾക്കണമെന്നില്ല: ധർമ്മത്തിന്റെ പേരിൽ ഈ അയോധ്യയിൽ എന്തൊക്കെ നടന്നു? ഇന്നാണു് ഊർമിള അന്തഃപുരത്തുനിന്നു പുറത്തുകടന്നതു്. ഇതുവരെ അവൾ എല്ലാം സഹിക്കുകയായിരുന്നു. ഈ കൊട്ടാരത്തിലുള്ള പലരേയും ലോകമറിയും. പക്ഷേ, ഈ ഊർമിളയെമാത്രം അറിയില്ല.
രാമൻ:
അതു മഹാഭാഗ്യമാണു്. ഈ കൊട്ടാരത്തിലുള്ള പലരെയും ലോകം അറിഞ്ഞില്ലെങ്കിൽ—എന്നു ഞാനാശിച്ചുപോകുന്നു.
ഊർമിള:
പലതും ഞാൻ സഹിച്ചിടുണ്ടു് പ്രഭോ പലതും. അതങ്ങേക്കാറിയാവുന്ന കാര്യമാണു്. ഊർമിള ഇന്നുവരെ ശബ്ദിച്ചിട്ടില്ല. നിശബ്ദമായി എല്ലാം സഹിക്കാൻ പഠിച്ചവളാണു് ഊർമിള. ഇതും സഹിക്കുമായിരുന്നു.
രാമൻ:
ഉത്തമസ്ത്രീകളുടെ ലക്ഷണം അതാണു്.
ഊർമിള:
പക്ഷേ ഊർമിളയുടെ മനം ഇന്നു് പൊട്ടിത്തെറിച്ചു പോയി ഇന്നും ഊർമിള ശബ്ദിച്ചില്ലെകിൽ ലോകം അവളെ തെറ്റിദ്ധരിക്കും. ഊർമിള ഊമയായിരുന്നുവെന്നു് ചരിത്രകാരൻ എഴുതിവെക്കും… അതു വയ്യ. പ്രഭോ, ഇന്നെന്റെ ശബ്ദം, കൊട്ടാരത്തിൽ മുഴങ്ങണം. മതിൽക്കെട്ടുകളെ തകർത്തു് അതു വിശാലമായ ലോകത്തിൽ പരക്കണം. എനിക്കങ്ങയോടൊന്നേ ചോദിക്കാനുള്ളു; സ്വന്തം കൈകൊണ്ടു് അങ്ങു് അനുജനെ വധിക്കാൻ തീരുമാനിച്ചോ?
രാമൻ:
ഊർമിളേ, ലക്ഷ്മണൻ നിന്റെ ഭർത്താവു മാത്രമാണു്.
ഊർമിള:
അടിയനു മനസ്സിലായില്ല പ്രഭോ?
രാമൻ:
ഈ രാമനു ലക്ഷ്മണൻ ആരാണു് നീതന്നെ പറയൂ… (അല്പനേരത്തെ നിശ്ശബ്ദത; അതു കഴിഞ്ഞു തന്നോടെന്നപോലെ) ലക്ഷ്മണൻ രാമന്റെ ആത്മാവാണു്. ആത്മാവു് പിഴുതെറിഞ്ഞുകളയാൻ ആഗ്രഹിക്കുന്നവരുണ്ടാകുമോ?
ഊർമിള:
അതാണടിയനും അറിയേണ്ടതു്.
രാമൻ:
(മറ്റൊന്നും കേൾക്കാതെ, ശ്രദ്ധിക്കാതെ) ഇക്കാലമയും നിഴലുപോലെ എന്നെ പിന്തുടർന്നു്, എന്റെ സുഖദുഃഖങ്ങളെ പങ്കുവെച്ചവനാണു് ലക്ഷ്മണൻ. ലോകചരിത്രത്തിൽ ഇത്ര വലിയൊരു സഹോദരബന്ധം വേറെ കാണില്ല (തൊണ്ടയിടറി) ആ മഹത്തായ ബന്ധം ഛേദിച്ചുകളയാനിടവരുന്നതു് എത്രമാത്രം നിർഭാഗ്യകരമാണു്
ഊർമിള:
ആ നിർഭാഗ്യം സംഭവിക്കുമോ? പറയൂ പ്രഭോ സംഭവിക്കുമോ?
രാമൻ:
അയോധ്യ സ്വർഗത്തിൽനിന്നടർന്നുവീണ ഒരു കണ്ണു നീർത്തുള്ളിയാണു്. ഇവിടുത്തെ ഒരോ മണ്‍തരിക്കും കണ്ണീരിന്റെ പുളിപ്പുണ്ടു്. ആറുംതോറും പുതുതായിതിർന്നുവീഴുന്ന കണ്ണീർക്കണങ്ങൾകൊണ്ടു് ചതുപ്പുറ്റതാണീ നിലം.
ഊർമിള:
അതിൽ ഊർമിളയുടെ സംഭാവനയും കുറവമല്ല ഈ നിലത്തു് ഇവളുടെ കണ്ണീരും ഉതിർന്നുവീണിടുണ്ടു്. അതാരും ശ്രദ്ധച്ചിട്ടില്ലെന്നുമാത്രം. ഇവിടെ കണ്ണീരിന്റെ കാര്യത്തിലും അങ്ങനെ ചില പക്ഷപാതങ്ങളുണ്ടു്. കണ്ണുകൾക്കാണു് പ്രാധാന്യം കണ്ണീരീനല്ല. ആരും അറിയാതെ ആരുടെ ശ്രദ്ധയിലും പെടാതെ ഈ ഭുമി നനയ്ക്കുന്ന ചില കണ്ണീരുണ്ടു്. ഊർമിളയുകടെ കണ്ണിരു് ആ ഇനത്തിൽപ്പെട്ടതാണു്. (രാമൻ മിണ്ടാതെ ചിന്താധീനനായി നടക്കുന്നു.) (രാമന്റെ ഭാവം ശ്രദ്ധിച്ചു്) അതുക്കൊണ്ടു് എനിക്കിത്രമാത്രമേ പറയാനുള്ളൂ; കാട്ടുതീപോലെ കൊട്ടാരത്തിൽ പരന്ന ഈ കിംവദന്തി സത്യമാവാതിരിക്കട്ടെ. ധർമ്മത്തിന്റെ പേരിൽ ഈയൊരു ദുഃഖംകൂടി അയോധ്യക്കു് സഹിക്കാനിടവരാതിക്കട്ടെ. രഘുവംശത്തിന്റെ കീർത്തിക്കു മാലിന്യം പറ്റാതെ കഴിയട്ടെ; (പറഞ്ഞവസാനിപ്പിച്ചു രാമന്റെ ഭാവം ശ്രദ്ധിച്ചുകൊണ്ടു് മൗനം കൊള്ളുന്നു.)
രാമൻ:
(തന്റെ കരുത്തു മുഴുവൻ ഒരുമിച്ചു് ചേർത്തു് അകം നീറ്റുന്ന വികാരങ്ങളെ നിയന്ത്രിച്ചു ദൃഢസ്വരത്തിൽ വിളിക്കുന്നു.) ഊർമിളേ!
ഊർമിള:
(സന്തോഷകരമായ മറുപടി പ്രതീക്ഷിച്ചുകൊണ്ടു്) പ്രഭോ
രാമൻ:
ഞാൻ ആദ്യം മുതൽ തുടങ്ങാം.
ഊർമിള:
അടിയൻ കേൾക്കാം
രാമൻ:
അയോധ്യ മുഴുവൽ ഉത്സവം ആഘോഷിക്കുകയാണു്. (പശ്ചാത്തലത്തിൽ സന്തോഷസൂചകമായ സംഗീതം—മംഗളവാദ്യം) എന്നെ യുവരാജാവാക്കാൻ അച്ഛനു് തീരുമാനിച്ചു. അയോധ്യയിലെ ജനത മുഴുവൻ ആഹ്ലാദിച്ചു. ആർക്കും അഭിപ്രായവ്യത്യാസമില്ല! എല്ലാം ഒരുങ്ങി ഒരിടത്തും കുഴപ്പമില്ല പെട്ടെന്നതാ, ഭൂമണ്ഡലത്തെ മുഴുവനും അമ്മാനമാടാൻ കരുത്തുള്ളൊരു കൊടുങ്കാറ്റ്. (പശ്ചാത്തലത്തിൽ മംഗളവാദ്യം നിലയ്ക്കുകയും ഭീമമായ കൊടുങ്കാറ്റിന്റെ ഇരമ്പം അലച്ചുപൊങ്ങുകയും ചെയ്യുന്നു. തുടർന്നു് ശോകഗീതം.) ആ കൊടുങ്കാറ്റിന്റെ ഉദ്ഭവസ്ഥാനം എവിടെയെന്നാർക്കും മനസ്സിലായി എല്ലാവരും ഏകോപിച്ചു് കൈകേയിമാതാവിനെ പഴിച്ചു. പക്ഷേ; അതിന്റെ ഉദ്ഭവസ്ഥാനത്തിനു് ഒരു പേരേയുള്ളു; ദുർവിധി! ഞൊടിയിടകൊണ്ടു് രാമന്റെ കൈയിൽവല്ക്കലം വീണു.
ഊർമിള:
ജനതയുടെ ഏകോപിച്ച അഭിപ്രായത്തെയും അച്ഛന്റെ അഭിലാഷത്തെയും വകവെക്കാതെ അങ്ങു വിധിക്കു കീഴടങ്ങിയെന്നു സാരം.
രാമൻ:
ചിലരതു പറയും. മറ്റുചിലർ രാമന്റെ സത്യദീക്ഷയെ, ധർമ്മനിഷ്ഠയെ പുകഴ്ത്തും. സാരമില്ല! പലർക്കും പല അഭിപ്രായമാണല്ലോ—അവസാനിച്ചില്ല. ത്രിലോകങ്ങളെ ജയിക്കാൻ കരുത്തുള്ള രാമൻ രാവണന്റെ വഞ്ചനയ്ക്കു കീഴ്പ്പെട്ടു. ഭാര്യാദുഃഖമനുഭവിക്കേണ്ടിവന്നു… പിന്നീടു് പ്രതികാരത്തിനുള്ള വെമ്പലായി. എങ്ങനെയെങ്കിലും രാവണനെ കൊല്ലണം; ലങ്കയെ നശിപ്പിക്കണം. ദേവിയെ വീണ്ടെടുക്കണം. ഇതൊന്നേ രാമനു ചിന്തയുള്ളു. അതിനു വേണ്ടി എന്തു ക്ലേശം സഹിക്കാനും ഏതു കൂട്ടുകെട്ടിലകപ്പെടാനും രാമൻ സന്നദ്ധനായിരുന്നു.
ഊർമിള:
ഈ കാലഘട്ടത്തിൽ ഇതൊക്കെ വിസ്തരിക്കുന്നതെന്തിനെന്നെനിക്കു മനസ്സിലാവുന്നില്ല.
രാമൻ:
നിനക്കു മനസ്സിലാവാൻ വിഷമമുണ്ടു് എങ്കിലും കേൾക്കു. സുഗ്രീവനോടു് സഖ്യം ചെയ്തു ബാലിയെ കൊല്ലേണ്ടിവന്നു.
രാമൻ:
അതു ധർമ്മത്തിന്നുവേണ്ടിയായിരുന്നില്ലേ?
രാമൻ:
ബാലിവശം ധർമ്മത്തിനു് ഒഴിച്ചുകൂടാത്തതായിരുന്നോ?
രാമൻ:
അങ്ങനെയായിരുന്നു ഞങ്ങളൊക്കെ ധരിച്ചതു്.
രാമൻ:
പക്ഷേ; അനുജനുവേണ്ടി ജ്യേഷ്ഠനെ കൊന്നു. അതു സത്യമല്ലേ?
ഊർമിള:
അങ്ങു കുറച്ചുമുമ്പെ പറഞ്ഞപോലെ ഹിതകരമല്ലാത്ത സത്യം.
രാമൻ:
സുഗ്രീവനുവേണ്ടി, അല്ലെങ്കിൽ സുഗ്രീവനുമായി സഖ്യത്തിലേർപ്പെടാൻ വേണ്ടി, ബാലിയെ വധിച്ചു. ധർമ്മത്തിന്റെയും അധർമ്മത്തിന്റെയും കാര്യമവിടെ നില്ക്കട്ടെ! എന്റെ ഒളിയമ്പേറ്റു മാറു പിളർന്നു ഭൂമിയിൽ പതിച്ച ബാലി കരഞ്ഞിട്ടുണ്ടെങ്കിൽ അതെന്തിനെ ചൊല്ലിയാവണം?
ഊർമിള:
അവിടുന്നുതന്നെ പറയണം.
രാമൻ:
താരയെയും അംഗദനെയും ചൊല്ലി ബാലി കരഞ്ഞില്ല. തന്റെ സഹോദരന്റെ പേരിലാണു് ബാലി കണ്ണീർക്കണമൊഴുക്കിയതു്. അതുവരേയുള്ള വൈരാഗ്യത്തിന്റെ തീ നാളം കെട്ടടങ്ങി. അവസാനം ശ്വാസം വലിക്കുമ്പോൾ സുഗ്രീവനെ വിളിച്ചു ബാലി പറഞ്ഞ ആ വാക്കുകൾ ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നു. (അസ്വസ്ഥനായി തലകുനിച്ചു മിണ്ടാതെ നടക്കുന്നു.)
ഊർമിള:
അങ്ങു കഴഞ്ഞ കാര്യങ്ങൾ ഇത്രയും വിശദമായി വിവരിച്ചു കേൾപ്പിക്കുന്നതെന്തിനാണു്?
രാമൻ:
(ഊർമിളയുടെ വാക്കു ശ്രദ്ധിക്കാതെ) ചെറിയൊരു തെറ്റിദ്ധാരണകൊണ്ടാണു് ആ സഹോദരന്മാർ അകന്നതു്. പക്ഷേ, അതത്രയും വലിയൊരു പകവീട്ടലിൽ ക്രൂരമായ കൊലപാതകത്തിൽ, എത്തിച്ചേരുമെന്നു ബാലി കരുതീട്ടുണ്ടാവില്ല. തന്നെ ചതിച്ചു കൊല്ലിച്ച സഹോദരനോടു് ഉള്ളുരുകി അവസാനയാത്ര പറഞ്ഞ ബാലിയുടെ മുഖം-അതിപ്പോഴും എന്റെ കൺമുൻപിലുണ്ടു്.
ഊർമിള:
എങ്കിലും ബാലിക്കു സമാധാനിക്കാമായിരുന്നു. മാറുപിളർന്നു പ്രാണൻ പിഴുതെടുത്ത ബാണം സുഗ്രീവന്റെതായിരുന്നില്ല. സഹോദരന്റെ കൈകൊണ്ടു മരിക്കാനുള്ള ദുർവിധി ബാലിക്കുണ്ടായില്ലല്ലോ.
രാമൻ:
(അവിചാരിതമായി ഞെട്ടുന്നു. മുഖത്തു ദുഃഖത്തിന്റെ കരിനിഴൽ വീശുന്നു. ഞൊടിയിടകൊണ്ടു വികാരം നിയന്ത്രിച്ചു തുടരുന്നു. പക്ഷേ, ശബ്ദം ഇടയ്ക്കിടെ ഇടറുന്നുണ്ട്.) കഴിഞ്ഞില്ല. അവിടംകൊണ്ടും അവസാനിച്ചില്ല. അധർമിയായ രാവണൻ മരിക്കേണ്ടതാണു്. രാവണന്റെ നിലനില്പു് ഭൂമിക്കും സ്വർഗത്തിനും ഭീഷണിയാണു്. സത്യത്തിനും ധർമ്മത്തിനും സദാചാരത്തിനും നാശമാണു്. പക്ഷേ, രാവണനെ വധിക്കാൻ, ലങ്കയെ നശിച്ചിക്കാൻ, വിഭീഷണനെ ആയുധമാക്കിയതു വലിയൊരു പിശകായിരുന്നു.
ഊർമിള:
ഇതൊക്കെ ഇന്നു്, ഈ മുഹൂർത്തത്തിൽ, ഇവിടെ വെച്ചാലോചിക്കുന്നതിലുള്ള ഗുണം ഊർമിളയ്ക്കു് മനസ്സിലാകുന്നില്ല:
രാമൻ:
(ഊർമിളയുടെ വാക്കു ശ്രദ്ധിക്കാതെ തുടരുന്നു.) ഒടുവിൽ രാമസായകമേറ്റു രാവണനും വീണു. ആ കിടപ്പിൽ രാവണന്റെ കൺപീലികൾ നനഞ്ഞിട്ടുണ്ടെങ്കിൽ അതു് അന്തപുരത്തെച്ചൊല്ലിയോ ലങ്കയെച്ചൊല്ലിയോ ആയിരുന്നില്ല; വിഭീഷണനെച്ചൊല്ലി, സ്വന്തം സഹോദരനെച്ചൊല്ലി അന്ത്യനിമിഷത്തിൽ രാവണൻ വേദനിച്ചു. സ്വന്തം രക്തത്തെച്ചെല്ലി അങ്ങനെ രണ്ടു സഹോദരത്മാരുടെ വാത്സല്യം ഉരുകിയുരുകി കണ്ണീരായി ഈ ഭൂമിയിൽ പതിച്ചിട്ടുണ്ടു്. അതിനീ രാമൻ സമാധാനം പറയണം. (അല്പനേരത്തെ നിശ്ശബ്ദതയ്ക്കു് ശേഷം നെടുവീർപ്പിട്ടുകൊണ്ടു്) ഊർമിളയ്ക്കു് മനസ്സിലായോ?
ഊർമിള:
ഇല്ല പ്രഭോ
രാമൻ:
അച്ഛനെച്ചൊല്ലി, അമ്മമാരെച്ചൊല്ലി, പ്രേയസ്സിയെച്ചൊല്ലി ഈ രാമൻ ദുഃഖിച്ചിട്ടുണ്ടു്. കണ്ണീർ വാർത്തിട്ടുണ്ടു്. എന്നാൽ സഹോദരന്മാരെചൊല്ലി രാമനതു വേണ്ടിവന്നിട്ടില്ല. ഇനി അതിന്റെ ഊഴമാണു്. (ഊർമിള ഞെട്ടി കണ്ണുപൊത്തി, വിങ്ങുന്നു. തൊണ്ടയിടറിക്കൊണ്ടു്) എന്റെ സഹോദരന്മാർ സ്നേഹസമ്പന്നരാണു്. തങ്ങളുടെ ജ്യേഷ്ഠനു വേണ്ടി, എനിക്കുവേണ്ടി, ആത്മബലി നടത്താൻപോലും മടിക്കാത്തവരാണു്… അവരെച്ചൊല്ലി കരയാൻ എനിക്കിന്നുവരെ ഇടവന്നിട്ടില്ല… ഇന്നാവട്ടെ, രാമന്റെ കർമഫലം രാമനനുഭവിക്കാൻ പോകുന്നു…
ഊർമിള:
(കണ്ണുപൊത്തിയ കൈയെടുത്തു ചെവിടു പൊത്തി ദുസ്സഹമായ ദുഃഖത്തോടെ) മതി പ്രഭോ മതി. കൂടുതലൊന്നും പറയരുതു്.
രാമൻ:
(ദുഃഖത്തെ നിയന്തിക്കാനാവാതെ) ഊർമിളേ, നീയിങ്ങനെ കരയരുതു്.
ഊർമിള:
(കരഞ്ഞുകൊണ്ടു) അല്ലാത ഈ ഊർമിള എന്തു ചെയ്യണമെന്നാണങ്ങു് കല്പിക്കുന്നതു്?
രാമൻ:
കരയുന്നതുകൊണ്ടുള്ള നേട്ടമെന്തു്?
ഊർമിള:
കരയാൻകൂടി ഊർമിളയ്ക്കാവകാശമില്ലെന്നോ?
രാമൻ:
ഞാനനുഭവിക്കുന്ന വേദന ഊർമിള മനസ്സിലാക്കുന്നില്ല;
ഊർമിള:
അതുകൊണ്ടു മറ്റുള്ളവരുടെ വേദന കുറയില്ലല്ലോ.
രാമൻ:
(കൂടുതൽ ദുഃഖത്തോടെ) രാമനും ലക്ഷ്മണനും ദേഹം രണ്ടായിരിക്കാം. പക്ഷേ ആത്മാവൊന്നാണു്.
ഊർമിള:
(രാമൻ കൂടുതൽ സംസാരിക്കുന്നതു് കേൾക്കാനാഗ്രഹിക്കാതെ കാര്യം തുറന്നു പറയുന്നു.) അങ്ങയുടെ കൈകൊണ്ടു് വൈധവ്യദുഃഖമനുഭവിക്കാൻ ഊർമിളയ്ക്കു് യോഗമുണ്ടെന്നോ? (ദുഃഖവും ഭയവും നൈരാശ്യവും കലർന്ന സ്വരത്തിൽ) ഞാനീ നില്ക്കുന്നതയോധ്യയിലാണോ? എന്റെ മുൻപിൽ നില്ക്കുന്നതു സത്യപ്രേമിയും ധർമ്മനിരതനുമായ രാമചന്ദ്രനാണോ? ഇതു ഭുമിയാണോ? (രാമൻ അസ്വസ്ഥനായി തലയും താഴ്ത്തി അങ്ങുമിങ്ങും നടക്കുന്നു. കരഞ്ഞുകൊണ്ടു്) മംഗല്യച്ചരടറ്റുപോയ സതിക്കു പിന്നെ ജീവിതമെന്തിനു്?… ഓ! സഹിക്കാൻ കഴിയുന്നില്ല… ഈ വിപത്തു് സംഭവിക്കുന്നതിനുമുൻപു് എന്നെ കൊന്നുകളയാനങ്ങു കല്പിക്കു. ഊർമിള സന്തോഷത്തോടെ മരിക്കാം. അതിനുള്ള ദയയെങ്കിലും അങ്ങേക്കുണ്ടാവണം.
രാമൻ:
(ദൃഢസ്വരത്തിൽ) ഊർമിളേ, കരഞ്ഞതുകൊണ്ടു കാര്യമില്ല ഈ നില്ക്കുന്ന രാമൻ ഇന്നു നിർവികാരനാണു്. രാമന്റെ! ഹൃദയം കരിങ്കല്ലാണെന്നുകൂടി പറഞ്ഞാൽ തെറ്റില്ല… നിങ്ങളെല്ലാവരുംകൂടി എന്നെ ശപിച്ചുകൊള്ളു… ലോകം മുഴുവനുമെന്നെ വെറുക്കട്ടെ… ഇന്നുവരെ ശാന്തിയും സമാധനവും എന്തെന്നറിയാത്ത രാമൻ അവസാനത്തെ ഈ പരീക്ഷണത്തേയും നേരിടാനുറച്ചു. (ഊർമിളയെ അഭിമുഖീകരിക്കാൻ കഴിയാതെ തിരിഞ്ഞു നടക്കുന്നു.)
ഊർമിള:
(കൽപ്രതിമപോലെ സ്തംഭിച്ചു നില്ക്കുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടു് കൈകൾ മുൻപോട്ടു് നീട്ടി വിളിക്കുന്നു.) പ്രഭോ, പ്രഭോ (പിന്നാലെ ബദ്ധപ്പെട്ടു നടക്കുന്നു; രാമൻ അപ്രത്യക്ഷനാവുന്നു. കരഞ്ഞുകൊണ്ടു് പിന്നെയും വിളിച്ചു പിൻതുടരുന്നു.) പ്രഭോ… പ്രഭോ…
പശ്ചാത്തലത്തിൽ ശോകഗാനം

—യവനിക—

Colophon

Title: Pushpavrshṭṭi (ml: പുഷ്പവൃഷ്ടി).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Play, Thikkodiyan, തിക്കോടിയൻ, പുഷ്പവൃഷ്ടി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 12, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Duck houses, an oil on canvas painting by August Haake (Maler) (1889–1915). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.