യവനിക നീങ്ങുമ്പോൾ സാമാന്യം ഭേദപ്പെട്ടൊരു വീട്ടിലെ സ്വീകരണമുറിയാണു് പ്രത്യക്ഷപ്പെടുന്നതു്. നല്ല വിരിയിട്ടൊരുക്കിയ ഒരു വട്ടമേശ നടുവിൽ; ചുറ്റും സോഫാസെറ്റുകൾ. മേശപ്പുറത്തു് ചില്ലകളോടുകൂടി പൊട്ടിച്ചെടുത്ത ചുകന്ന പനിനീർപ്പൂക്കൾ കുത്തിനിർത്തിയ ഫ്ളവർവേസിൽ. അതിനു് ചുറ്റും എതാനും കളിക്കോപ്പുകൾ.
മധു, സോഫയിൽ ചാരിയിരുന്നു് ഏതോ പുസ്തകം വായിക്കുകയാണു്. അസ്പഷ്ടമായ മൂളൽ മാത്രമേ കേൾക്കാനുള്ളൂ. വായന ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോൾ അല്പം ആവേശം കയറുന്നു. പുസ്തകം ഇടതുകൈയിൽ മാറ്റിപ്പിടിച്ചു് വിദുരതയിലേക്കു തുറിച്ചുനോക്കി അല്പസമയം നിശ്ചലനായിരിക്കുന്നു. പാതി പുസ്തകത്തിൽ നോക്കിയും പാതി നോക്കാതെയും ഒരു ശ്ലോകം ചൊല്ലിക്കൊണ്ടു് എഴുന്നേല്ക്കുന്നു. ശ്ലോകത്തിന്റെ പൊരുൾ തികച്ചും മനസ്സിലാക്കിക്കൊണ്ടു് മുഖത്തു് അനുരൂപമായ ഭാവങ്ങൾ സൃഷ്ടിക്കുകയും, കൈകൊണ്ടു് പ്രസക്തമായ ചില അഭിനയങ്ങൾ കാണിക്കുകയും ചെയ്യുന്നു. ശ്ലോകം പിന്നേയും പിന്നേയും ആവർത്തിച്ചുകൊണ്ടു് മുൻപോട്ടുവരുന്നു.
അറിയില്ലനുരാഗമേറെയാൾ
അറിവോർ തെറ്റിടു;മൊക്കെയൊക്കുകിൽ
നിറവേറുകയില്ല കാമിതം;
കുറയും; ഹാ സഖി! ഭാഗ്യശാലികൾ…
ഒടുവിലത്തെ പാദം ആവർത്തിച്ചു് ചൊല്ലുമ്പോൾ മുഖത്തു് വിഷാദം പരക്കുന്നു… മുഖം താഴ്ത്തി മിണ്ടാതെ നടക്കുന്നു. തെല്ലിട കഴിഞ്ഞു് തന്നത്താൻ ആശ്വസിപ്പിച്ചുകൊണ്ടു് പറയുന്നു…
- മധു:
- ഭാഗ്യശാലികൾ കുറയുമെന്നല്ലേ പറയുന്നതു്! ആ കുറഞ്ഞവരുടെ പട്ടികയിൽ ഇന്നല്ലെങ്കിൽ നാളെ എന്റെ പേരും ഉൾപ്പെടും… മീനു, നീ പരുറാതെ നിന്നാൽ മതി… പണ്ടു് പൃഥ്വിരാജ് ചെയ്തപോലെ; വേണ്ടിവന്നാൽ കുതിരപ്പുറത്തു് കേറ്റി നിന്നെ ഞാൻ കൊണ്ടൂപോരും.
മധു സോഫയിൽനിന്നെഴുന്നേറ്റു് മുൻപോട്ടു് നടക്കാൻ തുടങ്ങുമ്പോൾ പിറകിലുള്ള വാതിലിന്നടുത്തു് ശങ്കരക്കുറുപ്പു് വന്നുനില്ക്കുന്നു. മധുവിന്റെ ശ്ലോകവും അതു കഴിഞ്ഞുള്ള സംഭാഷണവും ശ്രദ്ധിച്ചുകൊണ്ടു് മുൻപോട്ടു് വരുന്നു. മധു ശങ്കരക്കുറുപ്പിനെ കാണുന്നില്ല. ശങ്കരക്കുറുപ്പു് വട്ടമേശയ്ക്കടുത്തു് വന്നുനിന്നു് മേശപ്പുറത്തുള്ള കളിക്കോപ്പുകളിൽനിന്നു് വൈന്റ് ചെയ്തു് ഓടിക്കുന്ന ഒരു മോട്ടോർ കാർ കൈയിലെടുക്കുന്നു. ആവുന്നതും ശബ്ദം ചുരുക്കി അതു് വൈന്റ് ചെയ്യുന്നു.
മധു ചിന്താമഗ്നനായി അങ്ങട്ടുമിങ്ങട്ടും നടക്കുകയാണു്. എന്തോ പെട്ടെന്നൊരാശയം കിട്ടിയപോലെ തല നിവർത്തി അകലേക്കു് നോക്കി പിന്നേയും ശ്ലോകംചൊല്ലുന്നു:
- മധു:
- അറിയില്ലന്നുരാഗമോറെയാൾ… (നിഷേധഭാവത്തിൽ തലയാട്ടിക്കൊണ്ടു് നടക്കുന്നു.) അറിവോർ തെറ്റിടും. (കൈകളുയർത്തി അഭിനയിക്കുന്നു.) ഒക്കെയൊക്കുകിൽ നിറവേറുകയില്ല കാമിതം, (ശബ്ദം ഒതുക്കി ശോകരസം സ്ഫുരിപ്പിച്ചുകൊണ്ടു് അവസാനം മുഴുമിക്കുന്നു.) കുറയും, ഹാ!സഖി! ഭാഗ്യശാലികൾ!
- ശങ്കരക്കുറുപ്പു്:
- (വൈന്റ് പൂർത്തിയായ മോട്ടോർകാർ നിലത്തുവെച്ചു് ഓടിക്കുന്നു.)
- മധു:
- (കാറിന്റെ ശബ്ദം കേട്ടു് ഞെട്ടി തിരിഞ്ഞുനോക്കുന്നു.)
- ശങ്കരക്കുറുപ്പു്:
- (മധുവിനെ ശ്രദ്ധിക്കാതെ, ഓടുന്ന മോട്ടോർകാർ നോക്കി കുലുങ്ങിച്ചിരിക്കുന്നു. ഓട്ടം നിലച്ചപ്പോൾ ആ ചിരിയോടുകൂടിത്തന്നെ മധുവിനെ നോക്കുന്നു.)
- മധു:
- (എന്താണു് പറയേണ്ടതെന്നറിയാതെ കുഴങ്ങുന്നു.)
- ശങ്കരക്കുപ്പു്:
- (സാവകാശം സോഫയിൽ ചെന്നിരുന്നു് മകനെ വിളിക്കുന്നു.) മധൂ.
- മധു:
- അച്ഛാ.
- ശങ്കരക്കുറുപ്പു്:
- ആ മോട്ടോർകാർ ഇങ്ങെടുക്കൂ.
- മധു:
- (മോട്ടോർകാർ എടുത്തുകൊണ്ടുവന്നു് അച്ഛനു് കൊടുക്കാൻ ഭാവിക്കുന്നു.)
- ശങ്കരക്കുറുപ്പു്:
- വേണ്ട;നീതന്നെ വെച്ചാൽ മതി. അതൊന്നു വൈന്റ് ചെയ്യൂ.
- മധു:
- (വൈന്റു ചെയ്യുന്നു.)
- ശങ്കരക്കുറുപ്പു്:
- നല്ലപോലെ മുറുകിയോ?
- മധു:
- മുറുകി.
- ശങ്കരക്കുറുപ്പു്:
- ഇനി വയ്യാ?
- മധു:
- വയ്യ! ഇനി മുറുക്കിയാൽ പൊട്ടും.
- ശങ്കരക്കുറുപ്പു്:
- പൊട്ടിക്കരുതു്. ഇനിയാ നിലത്തുവെച്ചു് അതോടിക്കൂ.
- മധു:
- (നിലത്തുവെക്കാൻ തുടങ്ങുന്നു.)
- ശങ്കരക്കുറുപ്പു്:
- ഉം എണ്ണിക്കോളു. എത എണ്ണുന്നതുവരെ അതോടുമോന്നു് നോക്കണം.
- മധു:
- (നിലത്തുവെച്ചു് മോട്ടോർകാർ ഓടുമ്പോൾ എണ്ണാൻ തുടങ്ങുന്നു.)
- ശങ്കരക്കുറുപ്പു്:
- (അല്പമൊരു ചിരിയോടെ തന്നത്താൻ പറയുന്നു) തുടക്കും കണ്ടാൽ ഈ ഭുമി മുഴുവൻ ഒരു നിമിഷംകൊണ്ടു് ചുറ്റി വരുമെന്നു് തോന്നും. (ചിരിക്കുന്നു) അതാ, തളർന്നു് വേഗത കുറഞ്ഞു് (പൊട്ടിച്ചിരിക്കുന്നു) നില്ക്കാറായി! കഴിഞ്ഞു! കഴിഞ്ഞു… (ചിരിക്കുന്നു) നിന്നുപോയില്ലേ മധു!
- മധു:
- (ഒന്നും മനസ്സിലാവാതെ മൂളുന്നു) ഉം.
- ശങ്കരക്കുറുപ്പു്:
- എത്ര എണ്ണുന്നവരെ ഓടി?
- മധു:
- ഇരുപത്തിയഞ്ചു്.
ഇവിടെ രംഗത്തുപയോഗിക്കുന്ന വസ്തു എത്രനേരം ഓടുന്നുവോ അത്ര കണക്കാക്കീട്ടാണു് എണ്ണം പറയേണ്ടതു്.
- ശങ്കരക്കുറുപ്പു്:
- ഇരുപത്തഞ്ചെണ്ണംവരെ, ഇല്ലെ? അതിന്റെ തുടക്കം കണ്ടപ്പോൾ ഈ യുഗത്തിലതു് നില്ക്കില്ലെന്നു് ഞാൻ വിചാരിച്ചു. (ചെന്നു് ആ കളിക്കോപ്പെടുത്തുകൊണ്ടു് വന്നു് സോഫയിലിരിക്കുന്നു. അതു് വീണ്ടും വൈന്റ് ചെയ്യാൻ ഭാവിക്കുന്നു.) (പതുക്കെ പോകാൻ തുടങ്ങുന്നു.)
- ശങ്കരക്കുറുപ്പു്:
- (തിരിഞ്ഞുനോക്കി) നീയെങ്ങട്ടാ പോണതു്?
- മധു:
- അകത്തേക്കു്.
- ശങ്കരക്കുറുപ്പു്:
- ഉം? എന്താ?
- മധു:
- എനിക്കു് നല്ല സുഖമില്ലച്ഛാ. ഒരു സ്ഥലത്തു് മിണ്ടാതെ കിടക്കാൻ തോന്നുന്നു.
- ശങ്കരക്കുറുപ്പു്:
- എന്താ സുഖക്കുറവു്?
- മധു:
- തലവേദന!
- ശങ്കരക്കുറുപ്പു്:
- ഓഹൊ സൂക്ഷിക്കണം.
- മധു:
- ഇതത്ര സാരമുണ്ടെന്നു് തോന്നുന്നില്ല. ഇന്നലെ വൈകിട്ടാഹാരം കഴിച്ചതുകൊണ്ടാവും.
- ശങ്കരക്കുറുപ്പു്:
- അതതെ, ദഹനം കുറഞ്ഞാൽ തലവേദനയുണ്ടാവും; ശരിയാണു്! ദഹനക്കുറവു് വയറ്റിൽത്തന്നെ വേണമെന്നില്ല; മനസ്സിലായാലും മതി.
- മധു:
- (പരുങ്ങുന്നു.) എന്തച്ഛാ?
- ശങ്കരക്കുറുപ്പു്:
- ദഹിക്കാതെ വല്ലതും മനസ്സിലുണ്ടെങ്കിൽ അതുകൊണ്ടും തലവേദന വരും… പിന്നെ, മധു!
- മധു:
- എന്താണച്ഛാ.
- ശങ്കരക്കുറുപ്പു്:
- നിനക്കിപ്പഴെത്ര വയസ്സായി?
- മധു:
- ഇരുപത്തിരണ്ടു്.
- ശങ്കരക്കുറുപ്പു്:
- (തന്നത്താനെന്നപോലെ) ഇരുപത്തിരണ്ടു്! ഇരുപത്തിരണ്ടു്… (മുഖത്തു് കൃത്രിമമായ പരിഭ്രമം കാണിച്ചുകൊണ്ടു്) അതെ; മധു! ഈ വയസ്സിലാണു് ഇരുത്തിരണ്ടാമത്തെ വയസ്സിലാണു് ഏട്ടനും സുഖക്കോടു് തുടങ്ങിയതു്.
- മധു:
- (ഒന്നും മനസ്സിലാവാതെ) എന്തു സുഖക്കേടച്ഛാ?
- ശങ്കരക്കുറുപ്പു്:
- തലവേദന! ഇരുപത്തിരണ്ടാമത്തെ വയസ്സിൽ അവനൊരു തലവേദന തുടങ്ങി. എപ്പഴു് നോക്കിയാലും മൗനം, ആരോടും മിണ്ടില്ല. ചിരിക്കില്ല. ആഹാരത്തിനു് രുചിയില്ല; തലവേദനയായിരുന്നു അവനു്. കലശലായ തലവേദന. എന്നിട്ടെന്താ ചെയ്തതെന്നു് നീ മനസ്സിലാക്കിട്ടുണ്ടോ?
- മധു:
- ഇല്ലച്ഛാ.
- ശങ്കരക്കുറുപ്പു്:
- രക്തം പരിശോധിപ്പിച്ചു.
- മധു:
- എന്നിട്ടു്?
- ശങ്കരക്കുറുപ്പു്:
- ഒന്നുമില്ല തലയോട്ടിന്റെ എക്സറെ എടുപ്പിച്ചു ഇ. എൻ. ടി സ്പെഷലിസ്റ്റിനെക്കാട്ടി.
- മധു:
- എന്നിട്ടോ അച്ഛാ.
- ശങ്കരക്കുറുപ്പു്:
- എണ്ണ കാച്ചി തേച്ചു, മൂർധാവിൽ മരുന്നിട്ടു് നസ്യംചെയ്തു; അങ്ങനെ പലതും ചെയ്തു… വല്ല സുഖവും കിട്ടിയോ? ഇല്ല. (എഴുന്നേറ്റു് അങ്ങട്ടുമിങ്ങട്ടും നടക്കുന്നു. അപ്പോഴും കൈയിൽ മോട്ടോർകാറുണ്ടു്. അതു് പതുക്കെ, വൈന്റു ചെയ്യുകയാണു്. വല്ലാത്ത ഒരസുഖം ഭാവിച്ചുകൊണ്ടു്) ഹായ്! ഇരുപത്തിരണ്ടാമത്തെ വയസ്സിലെ തലവേദന! ഭയങ്കരം, ഭയങ്കരം! ഡോക്ടർമാർക്കു് മനസ്സിലാവില്ല. വൈദ്യൻമാർക്കു് മനസ്സിലാവില്ല. ചുരുക്കിപ്പറഞ്ഞാൽ എല്ലാ ശാസ്ത്രവും ആ തലവേദനയോടു തോറ്റു… (നിശ്ശബ്ദമായി തെല്ലിട നടക്കുന്നു. തിരിഞ്ഞു നില്ക്കുന്നു) മധു…
- മധു:
- അച്ഛാ.
- ശങ്കരക്കുറുപ്പു്:
- അത്ര ഭയങ്കരമാണു് ഇരുപത്തിരണ്ടാമത്തെ വയസ്സിലെ തലവേദന; മനസ്സിലായോ?
- മധു:
- (മിണ്ടാതെ നില്ക്കുന്നു.)
- ശങ്കരക്കുറുപ്പു്:
- നീയെന്താ മിണ്ടാത്തതു്? ഒടുവിൽ ഡോക്ടർമാർ തീർത്തു പറഞ്ഞു, പാരമ്പര്യമായിതിക്കുമെന്നു്; അങ്ങനെവരാൻ ഒരു വഴീം ഉണ്ടായിരുന്നില്ല. അമ്മയ്ക്കു് ഇരുപത്തിരണ്ടാമത്തെ വയസ്സിൽ തലലേദനയുണ്ടായിരുന്നില്ല. എനിക്കും ഉണ്ടായിരുന്നില്ല: പിന്നെ എങ്ങനെ പാരമ്പര്യമാവും?
- മധു:
- ഇതത്രയ്ക്കൊന്നും വലിയ തലേദനയല്ലച്ഛാ (പോകാൻ തുടങ്ങുന്നു.)
- ശങ്കരക്കുറുപ്പു്:
- എവിടേയ്ക്കാ നീ പോണതു്? ഇങ്ങട്ടു് വരൂ. നിന്റെ ഏട്ടന്റെ തലവേദന ഞങ്ങളെ വളരെ ബുദ്ധിമുട്ടിച്ചു; ഒടുവിലല്ലേ മനസ്സിലാവുന്നതു്, അനുരാഗമാണെന്നു്… (മധുവിനെ സൂക്ഷിച്ചു നോക്കിനില്ക്കുന്നു.)
- മധു:
- (തിരിച്ചുവന്നു് ഒന്നും മനസ്സിലാവാതെ നില്ക്കുന്നു. അനുരാഗമെന്ന വാക്കു കേട്ടപ്പോൾ മുഖത്തുണ്ടായ അമ്പരപ്പു് മറയ്ക്കാൻ തല കുനിക്കുന്നു.)
- ശങ്കരക്കുറുപ്പു്:
- ഹൗ! ഇരുപത്തിരണ്ടാമത്തെ വയസ്സിലെ തലവേദന… നിനക്കും അതാരംഭിച്ചോ മധു? തുറന്നു പറഞ്ഞോളൂ. മടിക്കേണ്ട. കൈയിലുള്ള കാശത്രയും ഡോക്ടർമാർക്കു് കൊടുത്തിട്ടുവേണോ അവനവന്റെ മനസ്സിലെ ദഹനക്കേടു് മനസ്സിലാക്കാൻ? വേണോ മധു? (മോട്ടോർകാർ തിരക്കിൽ വൈന്റുചെയ്തു് നിലത്തുവിടുന്നു.) നോക്കൂ, നോക്കൂ, നിന്റെ ഏട്ടന്റെ അനുരാഗം ഇതായിരുന്നു. ആദ്യത്തെ ആവേശത്തിനു് ഒരോട്ടം. അതു തീർന്നു, നിന്നു… (ചിരിക്കുന്നു.) അല്ലെങ്കിൽ എന്തിനു് അവനെ മാത്രം പറയുന്നു! എല്ലാ അനുരാഗത്തിന്റെ തുടക്കവും ഇതുപോലെയാണു് ബഹുശക്തിയിൽ… അവസാനമോ? (മധുവിനെ നോക്കി ചിരിക്കുന്നു.) എന്താ നീ മിണ്ടാത്തതു്… ഏ? (ഈ ഘട്ടത്തിൽ മധുവിന്റെ ഏട്ടൻ രഘു എന്തോ അന്വേഷിച്ചുകൊണ്ടെന്നപോലെ ആ മുറിയിലേക്കു കടന്നുവരുന്നു. ഒരു കൈയിൽ ചെറിയൊരു സഞ്ചി, മറ്റേ കൈയിൽ കുട്ടികൾക്കുള്ള ചില കളിക്കോപ്പുകൾ എന്നിവയുമുണ്ടു്. അശ്രദ്ധമായ വേഷം, അവശമായ നോട്ടം. വേദനയുടെ കരിനിഴൽ തട്ടിയ മുഖം. മുറിയിൽ കടന്നുവന്നു് മേശപ്പുറത്തും മേശയ്ക്കടിയിലും ബദ്ധപ്പെട്ടു് തിരയുന്നു. ശങ്കരക്കുറുപ്പു് അല്പനേരം രഘുവിനെ നോക്കിനില്ക്കുന്നു. എന്നിട്ടു് വീണ്ടും മോട്ടോർകാർ കൈയിലെടുത്തുപിടിച്ചു് സോഫയിൽ ചെന്നിരിക്കുന്നു. മധു അച്ഛന്റെ ശ്രദ്ധയിൽപ്പെടാതെ സൂത്രത്തിൽ അകത്തേക്കു പോകുന്നു.)
- ശങ്കരക്കുറുപ്പു്:
- നീയെന്താ രഘു അന്വേഷിക്കുന്നതു്?
- രഘു:
- ഒരു കളിമക്കാപ്പുണ്ടായിരുന്നു ഇവിടെ. (അവിടേയും ഇവിടേയും നോക്കുന്നു.) ഒരു ചെറിയ മോട്ടോർകാർ.
- ശങ്കരക്കുറുപ്പു്:
- (കാണിച്ചുകൊണ്ടു്) ഇതാണോ?
- രഘു:
- (ബദ്ധപ്പെട്ടു് അടുത്തുചെന്നു്) അതേ. (അച്ഛന്റെ കൈയിൽ നിന്നു് വാങ്ങുന്നു. കളിക്കോപ്പുകൾ എല്ലാം മേശപ്പുറത്തു് കൊണ്ടുചെന്നു വെക്കുന്നു. എന്നിട്ടു് ഓരോന്നായി സഞ്ചിയിൽ അടക്കംചെയ്യാൻ തുടങ്ങുന്നു.)
- ശങ്കരക്കുറുപ്പു്:
- ഇതുകൊണ്ടെന്താ നീ കാണിക്കാനുദ്ദേശിക്കുന്നതു്?
- രഘു:
- ഇതൊക്കെ ഒന്നായി ഈ സഞ്ചിയിൽ ഇട്ടുവെക്കുട്ടെ.
- ശങ്കരക്കുറുപ്പു്:
- അതു് മനസ്സിലായി. എന്നിട്ടെന്തു് ചെയ്യാനാണു് ഭാവം?
- രഘു:
- ഒന്നും ചെയ്യാൻ ഭാവമില്ല.
- ശങ്കരക്കുറുപ്പു്:
- നിന്നോടു് ഞാൻ അതൊക്കെ എടുത്ത് ആ കുട്ടിക്കെത്തിച്ചു് കൊടുക്കാൻ പറഞ്ഞില്ലേ?
- രഘു:
- ഞാൻ കൊടുക്കില്ല.
- ശങ്കരക്കുറുപ്പു്:
- എന്തു്?
- രഘു:
- ഞാൻ കൊടുക്കില്ലച്ഛാ.
- ശങ്കരക്കുറുപ്പു്:
- ശരി! സന്തോഷം! നിനക്കു് ബുദ്ധിവെക്കാൻ തുടങ്ങി ഇല്ലേ?
- രഘു:
- (മനസ്സിലാവാതെ മുഖത്തു് സൂക്ഷിച്ചുനോക്കുന്നു.)
- ശങ്കരക്കുറുപ്പു്:
- ഈ കളിക്കോപ്പുകളൊക്കെ നിനക്കാണാവശ്യം അതെ. പ്രായപൂർത്തി വന്നതുകൊണ്ടോ മീശ മുളച്ചതുകൊണ്ടോ കുട്ടിപ്രായം വിടില്ല. നീയിന്നും മുപ്പതു് വയസ്സായൊരു പിഞ്ചുകുട്ടിയാണു്. ആ ബൊമ്മയും മോട്ടോർകാറുമൊക്കെ നിനക്കാണു് ചേർന്നതു്! ഉം! കൊണ്ടുപോയി കളിച്ചോളൂ.
- രഘു:
- അച്ഛൻ കാര്യം മനസ്സിലാക്കാതെയാണു് സംസാരിക്കുന്നതു്.
- ശങ്കരക്കുറുപ്പു്:
- പ്രവർത്തിക്കുന്നതും അങ്ങനെയാണെന്നു് പറയൂ. പക്ഷേ, രഘു, നിങ്ങൾക്കൊക്കെ പിഴച്ചിരിക്കുന്നു. കാര്യം വേണ്ടപേലെ മനസ്സിലാക്കീട്ടാണു് ഞാനിതൊക്കെ ചെയ്തതും ചെയ്യുന്നതും. അതു നീ ധരിച്ചില്ലല്ലോ. ഞാൻ നിങ്ങളുടെയൊക്കെ അച്ഛനാണു്; ജയിൽ വാർഡനല്ല. അങ്ങനെ ആവാൻ എനിക്കറിഞ്ഞുകുടാ. ഇനി ആയാൽത്തന്നെ ഇതല്ലാതെ മറ്റൊരു പ്രശ്നം ഈ വീട്ടിലുണ്ടാവും. എനിക്കു പറ്റിയ തെറ്റു് അവിടെയൊന്നുമല്ല. പിന്നെയെവിടെയാണു്? (രഘുവിന്റെ മുഖത്തു് സൂക്ഷിച്ചുനോക്കുന്നു.) നീയെന്താ മിണ്ടാത്തതു്?
- രഘു:
- എനിക്കൊന്നും അറിയാത്തതുകൊണ്ടു്.
- ശങ്കരക്കുറുപ്പു്:
- (വേദന കലർന്ന സ്വരത്തിൽ) ഒരച്ഛനായതാണു് എന്റെ തെറ്റു്. (ഒരല്പം സ്വരമുയർത്തി) മനസ്സിലായോ?
- രഘു:
- (മിണ്ടുന്നില്ല)
- ശങ്കരക്കുറുപ്പു്:
- നീ നിന്റെ ഭാര്യയെ ഉപേക്ഷിച്ചു; കുട്ടിയെ ഉപേക്ഷിച്ചു.
- രഘു:
- ഇല്ല; അവനെ ഞാനുപേക്ഷിക്കില്ല, അവനെന്റെ മകനാണു്.
- ശങ്കരക്കുറുപ്പു്:
- അനുഭവം വെച്ചു പറയൂ. നിന്റെ മകനാണെങ്കിൽ അവൻ നിന്റെ അരികത്തുണ്ടാവേണ്ടതല്ലേ?
- രഘു:
- അതു ഞാൻ കാട്ടിത്തരാം.
- ശങ്കരക്കുറുപ്പു്:
- (പിന്നെയും വേദനിക്കുന്ന സ്വരം) ഈ കളിക്കോപ്പൊക്കെ ആ കുട്ടിയുടേതാണു്. അതെല്ലാം അങ്ങട്ടയച്ചുകൊടുക്കൂ. അവൻ കളിക്കട്ടെ പാവം! നിങ്ങളുടെ ഈ വഴക്കിലൊന്നും അവനു പങ്കില്ലല്ലോ. (മിണ്ടാതെ അല്പനേരം രഘുവിനെ നോക്കിയിരിക്കുന്നു.) എന്താ, അയച്ചുകൊടുക്കില്ലേ
- രഘു:
- ഇല്ലച്ഛാ.
- ശങ്കരക്കുറുപ്പു്:
- (കലശലായ അസ്വാസ്ഥ്യം) നിനക്കു് ഹൃദയമെന്നൊന്നില്ലേ? ഈ കളിക്കോപ്പൊക്കെ ഇവിടെയിങ്ങനെ കാണുമ്പോൾ എന്തൊരസ്വാസ്ഥ്യമാണു്. പാവം! അവൻ പോയതോടെ ഈ വീട്ടിലെ വിളക്കു് കെട്ടു. എന്തിനു് ആ സ്മരണകൊണ്ടു് എന്നെ നീ വിഷമിപ്പിക്കുന്നു?
- രഘു:
- (കളിക്കോപ്പുകളൊക്കെ സഞ്ചിയിൽ നിറച്ചു് തൂക്കിപ്പിടിച്ചു് അകത്തേക്കു് പോകാൻ തുടങ്ങുന്നു.) ആരെന്തു് പറഞ്ഞാലും ഞാനിതയച്ചുകൊടുക്കില്ല… എന്നല്ല, ഞാനെന്താണു് ചെയ്യാൻ പോകുന്നതെന്നു് നിങ്ങൾക്കു് കാട്ടിത്തരാം. (അകത്തേക്കു ധൃതിയിൽ പോകുന്നു.)
- ശങ്കരക്കുറുപ്പു്:
- (രഘു പോയ വഴിയിലേക്കു നോക്കി) ശരീരത്തിനൊപ്പം മനസ്സും വളരാഞ്ഞാലുള്ള കുഴപ്പം! ഇതൊക്കെ എന്തിനുള്ള കളിയാണെന്നാരു് കണ്ടു? (അസ്വസ്ഥതയോടെ അങ്ങട്ടുമിങ്ങട്ടും നടക്കുന്നു.)
- രഘു:
- (ഒരു കുടയും എടുത്തു് പുറത്തേക്കു് വരുന്നു. വേഷം പഴയതുതന്നെ)
- ശങ്കരക്കുറുപ്പു്:
- നീയെങ്ങട്ടാ പുറപ്പെട്ടതു്? നിനക്കു് ഭ്രാന്തുണ്ടോ രഘു?
- രഘു:
- ഉണ്ടച്ഛാ, എനിക്കൊരുതരം ഭ്രാന്തുണ്ടു്. അതു് മാറ്റാനാണു് ഞാൻ പോകുന്നതു്.
- ശങ്കരക്കുറുപ്പു്:
- നീയെങ്ങട്ടാ പുറപ്പെട്ടതെന്നു്?
- രഘു:
- എനിക്കെന്റെ കുട്ടിയെ വേണം.
- ശങ്കരക്കുറുപ്പു്:
- (അമ്പരന്നു്) എന്തു്?
- രഘു:
- കുട്ടിക്കു പകരം കളിക്കോപ്പും താലോലിച്ചു കഴിഞ്ഞുകൂടാൻ ഞാൻ ഒരുക്കമില്ല.
- ശങ്കരക്കുറുപ്പു്:
- നിന്റെ ഉദ്ദേശമെന്തെന്നു് പറയൂ!
- രഘു:
- ഞാൻ ചെന്നു് എന്റെ കുട്ടിയെ എടുത്തുകൊണ്ടുവരും.
- ശങ്കരക്കുറുപ്പു്:
- (ബദ്ധപ്പെട്ടു്) എന്തു്?
- രഘു:
- എന്റെ കുട്ടിയെ കൊണ്ടുവരാൻ പുറപ്പെട്ടതെന്താണെന്നു്. (മുൻപോട്ടു് നടക്കുന്നു.)
- ശങ്കരക്കുറുപ്പു്:
- നില്ക്കവിടെ (അല്പം ശുണ്ഠി)
- രഘു:
- (നില്ക്കുന്നു)
- ശങ്കരക്കുറുപ്പു്:
- നിനക്കു് ഭ്രാന്താണു്; മുറുകിയ ഭ്രാന്തു്. ഈ കുഴപ്പങ്ങളൊന്നും മതിയായിട്ടില്ലേ നിനക്കു്?
- രഘു:
- അച്ഛാ, അവരെന്നെ അപമാനിച്ചുകഴിഞ്ഞു.
- ശങ്കരക്കുറുപ്പു്:
- നിനക്കതിൽ വേദനയുണ്ടോ? (ദുഃഖം പുരണ്ട ചിരി) ഉണ്ടോ രഘു?
- രഘു:
- ഉണ്ടച്ഛാ.
- ശങ്കരക്കുറുപ്പു്:
- ഉണ്ടെങ്കിൽ നീയിങ്ങനെയല്ല.
- രഘു:
- അച്ഛാ, ഇതിങ്ങനെ വിട്ടാൽ പറ്റില്ല. ഇതിനൊരവസാനം കണ്ടെത്തണം. ആ നാരായണാമേനോൻ എന്നെ കോടതി കേറ്റാൻ തീരുമാനിച്ചിരിക്കുന്നു.
- ശങ്കരക്കുറുപ്പു്:
- എന്തിനു്?
- രഘു:
- വിവാഹബന്ധം വേർപെടുത്താൻ.
- ശങ്കരക്കുറുപ്പു്:
- നിനക്കു വേണ്ടാത്ത വിവാഹം വേർപെടുത്തിയാലെന്തു്?
- രഘു:
- അല്ലെങ്കിൽത്തന്നെ ജനാപവാദംകൊണ്ടു് ഇരിക്കപ്പൊറുതിയില്ല.
- ശങ്കരക്കുറുപ്പു്:
- അതിലൊക്കെ നിനക്കുണ്ടോ ഭയം? ഉണ്ടെങ്കിൽ കാര്യം ഇവിടെയൊന്നും എത്തിച്ചേരില്ലല്ലൊ. ആട്ടെ, നീയെന്താണിപ്പോൾ ചെയ്യാൻ ഭാവിച്ചതു്?
- രഘു:
- ഭാര്യയെ വേണ്ടെന്നല്ലാതെ കുട്ടിയെ വേണ്ടെന്നു് ഞാൻ പറഞ്ഞിട്ടില്ല.
- ശങ്കരക്കുറുപ്പു്:
- ഭേഷ്! ബുദ്ധിമാൻ, ഹൃദയാലു…
- രഘു:
- അതുകൊണ്ടു് ഞാനവിടെച്ചെന്നു് എന്റെ കുട്ടിയെ എടുത്തുകൊണ്ടുവരും.
- ശങ്കരക്കുറുപ്പു്:
- (ഉള്ളിൽത്തട്ടി) രഘു…
- രഘു:
- ഇല്ല, എന്നെ ആരും ഇതിൽനിന്നു് തടയരുതു്.
- ശങ്കരക്കുറുപ്പു്:
- എടാ, നിന്റെ ബുദ്ധിശുന്യതകൊണ്ടു് രണ്ടു് കുടുംബം ഒന്നിച്ചു് നശിക്കാൻ പോവുകയാണു്. നിർദോഷിയായ ആ ഓമനയെ ഒരു പൂനുള്ളിയെടുക്കുംപോലെ നുള്ളിയെടുത്തു് നീ നശിപ്പിക്കരുതു്.
- രഘു:
- അച്ഛനെന്നെ വിലക്കരുതെന്നു് ഞാൻ പറഞ്ഞില്ലേ.
- ശങ്കരക്കുറുപ്പു്:
- നിന്റെ പ്രവ്യത്തി മുഴുവനിങ്ങനെയാണു്. അനുരാഗം വന്നു; എന്തൊരാവേശം! പിന്നെ ഇരിക്കപ്പൊറുതിയില്ല ഗുണദോഷം കേൾക്കാനിടയില്ല. ഈ അവിവേകം കാണിക്കാൻ തുടങ്ങുമ്പോഴും അതേ ആവേശമാണു് നിനക്കുള്ളതു്. ഇതിന്റെ ഫലമെന്തായിരിക്കുമെന്നു് നീ മനസ്സിലാക്കീട്ടുണ്ടോ?
- രഘു:
- എല്ലാം അറിഞ്ഞുകൊണ്ടാണച്ഛാ ഞാൻ പുറപ്പെടുന്നതു്.
- ശങ്കരക്കുറുപ്പു്:
- നീയാ കുട്ടിയെ നശിപ്പിക്കും. നിന്നെ നശിപ്പിക്കും. രണ്ടു് കുടുംബതെമയും നശിപ്പിക്കും.
- രഘു:
- എന്നെ അപമാനിച്ചിട്ടു് പിന്നെയും എന്റെ കുട്ടിയെ അവിടെ വെച്ചിരിക്കാൻ ഞാൻ സമ്മതിക്കില്ല.
- ശങ്കരക്കുറുപ്പു്:
- എടാ, എതിർക്കാനും നിഷേധിക്കാനും കഴിയാത്ത ഒരച്ഛനായല്ലേ ഞാൻ. നീ സൂക്ഷിച്ചോളു, ഈ പ്രവൃത്തി നിന്നെ കണ്ണീരു് കുടിപ്പിക്കും.
- രഘു:
- ഞാനതു് സന്തോഷത്തോടുകുടി കുടിക്കുമച്ഛാ. എന്റെ കുട്ടിയെ ഞാനാണു് വളർത്തേണ്ടതു്. അതിനുള്ള ബുദ്ധിമുട്ടൊക്കെ ഞാൻ സഹിക്കും. (ബദ്ധപ്പെട്ടു് പുറത്തേക്കു പോവുന്നു.)
- ശങ്കരക്കുറുപ്പു്:
- (പിടിച്ചുനിർത്താനെന്നപോലെ മുൻപോട്ടു് നടന്നു വിളിക്കുന്നു.) രഘു! രഘു… (രഘു അകുന്നുപോകുന്നതു നോക്കി ദേഷ്യവും വേദനയും കലർന്ന സ്വരത്തിൽ) എടാ, ഇതിലും നീ ആവേശം കാട്ടുന്നു. ഈ ആവേശം തിന്നെ എവിടെയെത്തിക്കുമെന്നു് നീ മനസ്സിലാക്കുന്നില്ല… (ഉഗ്രസ്വരത്തിൽ പിന്നെയും വിളിക്കുന്നു.) രഘു! രഘു! (രണ്ടടി മുൻപോട്ടു് നീങ്ങുന്നു.)
—യവനിക—