രഘുവിന്റെ ഭാര്യവീടു്.
ഒരു പടിഞ്ഞാറ്റിനിയുടെ ഉമ്മറവും അതിന്റെ വലത്തുഭാഗത്തു് പത്തായപ്പുരയുടെ ഏതാനും ഭാഗവും ഒരു വാതിലും കാണാം. രംഗത്തു് ഒന്നുരണ്ടു് കസേര, ഒരു മേശ, ഒരു ബഞ്ചു് ഇത്രയുമുണ്ടു്. മീനു-രഘുവിന്റെ ഭാര്യയുടെ ഇളയ സഹോദരി-ഒരു കസേരയിലിരുന്നു് തുവാലയിൽ പൂക്കൾ തുന്നിപ്പിടിപ്പിക്കുകയാണു്. രമണനിലെ ഏതാനും ഈരടികൾ പതുക്കെ മൂളുന്നുണ്ടു്. അല്പനേരം കഴിഞ്ഞു് തുന്നിക്കൊണ്ടിരിക്കുന്ന തുവാല മാറിൽ നിവർത്തിവെച്ചു് അതിന്റെ ചന്തം നോക്കുന്നു. മതിയാവാഞ്ഞിട്ടു് അതിന്റെ പൂക്കളും ലതകളും കാണുമാറു് കസേരയുടെ ചാരിൽവെച്ചു് കൂറെ പിറകോട്ടു് മാറിനിന്നു് നോക്കുന്നു. ഒരു വിടർന്ന പനിനീർപ്പുവിലിരുന്നു് ചിത്രശലഭം തേൻ കുടിക്കുന്ന ചിത്രമാണു് തുന്നിപ്പിടിപ്പിച്ചതു്. ‘M’ എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ മുകളിലത്തെ വിടവിലാണു് പനിനീർപ്പൂവിന്റെ ഞെട്ടി ചേർത്തുവെച്ചതു്. മീനു തുവാലയുടെ ചന്തം നോക്കുമ്പോൾ മീനുവിന്റെ അമ്മ-കല്യാണിക്കുട്ടിയമ്മ-അകത്തുനിന്നു് കടന്നുവരുന്നു. അമ്മയുടെ കാൽപ്പെരുമാറ്റം കേട്ടപ്പോൾ മീനു ഓടിച്ചെന്നു് തൂവാലയെടുത്തു് പിറകിൽ ഒളിപ്പിച്ചുപിടിച്ചു് മാറി നില്ക്കുന്നു. അല്പമൊരു ഈർഷ്യയോടെ കല്യാണിക്കുട്ടിയമ്മ മകളെ നോക്കുന്നു. വിളിക്കുന്നു.
- കല്യാണിക്കുട്ടിയമ്മ:
- മീനു!
- മീനു:
- (ഒന്നും സംഭവിക്കാത്ത മട്ടിൽ) എന്താണമ്മേ?
- കല്യാണിക്കുട്ടിയമ്മ:
- (കൈ നീട്ടി) നോക്കട്ടെ; എന്താണതു്?
- മീനു:
- എന്തമ്മേ?
- കല്യാണിക്കുട്ടിയമ്മ:
- (ഭാവം മാറ്റി) അതിത്രവേഗം തുന്നിക്കഴിഞ്ഞോ? അതിലെ; പൂക്കളൊക്കെ ഒന്നു കാണട്ടെ.
- മീനു:
- അമ്മ കണ്ടില്ലേ?
- കല്യാണിക്കുട്ടിയമ്മ:
- നല്ലോണം ഒന്നു് കാണട്ടെ (ഒരു സ്ഥലത്തു് ഇരിക്കുന്നു.)
- മീനു:
- അത്ര കണ്ടാൽ മതി.
- കല്യാണിക്കുട്ടിയമ്മ:
- (അല്പം ശുണ്ഠിയോടെ) ഇങ്ങട്ടെടുക്കൂ.
- മീനു:
- വേണ്ടമ്മേ.
- കല്യാണിക്കുട്ടിയമ്മ:
- നിനക്കു തരുന്നതാണു് നല്ലതു്.
- മീനു:
- (അല്പം പിന്നിലോട്ടു് മാറിനിന്നു്) എന്തിനാ വേണ്ടാത്ത കാര്യത്തിലമ്മ ശാഠ്യം പിടിക്കുന്നതു്.
- കല്യാണിക്കുട്ടിയമ്മ:
- നിനക്കതെന്റെ കൈയിൽ തരുന്നതാണു് നല്ലതു്.
- മീനു:
- ഞാൻ തരില്ല.
- കല്യാണിക്കുട്ടിയമ്മ:
- ഒരുത്തി അകത്തിരുന്നു് കണ്ണീരു് കുടിക്കുന്നതു് നീ കാണുന്നുണ്ടോ?
- മീനു:
- അമ്മയെന്തൊക്ക്യാ പറയുന്നതു്?
- കല്യാണിക്കുട്ടിയമ്മ:
- ഈ വയസ്സിനു് അങ്ങനെയൊരു തരക്കേടുണ്ടൂ് പെണ്ണെ. ചില ഭാഷയൊന്നും മനസ്സിലാവില്ല നിന്റെ ഏട്ടത്തിയില്ലെ. അകത്തിരുന്നു് നെടുവീർപ്പിടുന്ന നിന്റെ ഏട്ടത്തി അവൾക്കും ഇങ്ങന്യായിരുന്നു. ഒന്നും മനസ്സിലാവില്ല. മനസിലാവാതെ മനസ്സിലാവാതെ, ഒടുവിൽ ചെന്നുചാടി; ഒരു കുണ്ടിൽ (എഴുന്നേറ്റ്) നീയതിങ്ങട്ടു് തരുന്നുണ്ടോ?
- മീനു:
- (അകത്തെ വാതിലിനു് നേർക്കു് നീങ്ങുന്നു)
- കല്യാണിക്കുട്ടിയമ്മ:
- (ഒരുമിച്ചു പിന്നാലെ ചെല്ലുന്നു. പിടിക്കാൻ ഭാവിക്കുമ്പോൾ രണ്ടുപേർക്കും അഭിമുഖമായി ശാന്ത പുറത്തേക്കു് വരുന്നു. തീരെ അശ്രദ്ധമായ വേഷം. നിരാശയും വ്യസനവും നിഴലിക്കുന്ന മുഖം. എപ്പോഴും വിദുരതയിൽ നോക്കിക്കൊണ്ടിരിക്കുന്ന കണ്ണുകൾ)
- മീനു:
- (വഴിമാറിക്കൊടുക്കുന്നു.)
- കല്യാണിക്കുട്ടിയമ്മ:
- (അമ്പരന്നു നോക്കുന്നു)
- ശാന്ത:
- (രണ്ടുപേരേയും ശ്രദ്ധിക്കാതെ ഒന്നും മിണ്ടാതെ അകലത്തെവിടെയോ തുറിച്ചുനോക്കിക്കൊണ്ടു് വരുന്നു. കുറച്ചു ദൂരം മുൻപിലേക്കു് നടക്കുന്നു.)
- കല്യാണിക്കുട്ടിയമ്മ:
- (ശാന്തയെ നോക്കിക്കൊണ്ടു്) നീയെങ്ങട്ടാ ശാന്തേ പോവുന്നതു്?
- ശാന്ത:
- ഏ? (ഉറക്കത്തിൽനിന്നുണർന്നപോലെ) ഒന്നൂല്യാ
- കല്യാണിക്കുട്ടിയമ്മ:
- (കുറച്ചു് മുൻപോട്ടുവന്നു്) എങ്ങട്ടാ പോവുന്നതെന്നാ ചോദിച്ചതു്.
- ശാന്ത:
- എങ്ങട്ടുമില്ല.
- കല്യാണിക്കുട്ടിയമ്മ:
- മോനെവിടെ?
- ശാന്ത:
- ഉറങ്ങി. (പെട്ടന്നെന്തോ ഓർമിച്ചപോലെ) അവൻ കട്ടിലിന്റെ മുകളിൽനിന്നു് വീഴ്‌വോ?
- കല്യാണിക്കുട്ടിയമ്മ:
- കട്ടിലിന്റെ മുകളിലാണോ? കിടത്തിയതു്?
- ശാന്ത:
- അതെ. അവിടെ കിടന്നു കളിച്ചു് കളിച്ചു് ഉറങ്ങി.
- കല്യാണിക്കുട്ടിയമ്മ:
- മീനു, നീ ചെന്നു് തലയണയെടുത്തു് കട്ടിലിന്റെ ഓരത്തു് വെക്കൂ.
- മീനു:
- ഞാനവിടെ കിടന്നാൽ പോരെ അമ്മേ?
- കല്യാണിക്കുട്ടിയമ്മ:
- വേണ്ട, വേണ്ട, നീയവിടെച്ചെന്നുറങ്ങും. തലയണ എടുത്തുവെച്ചു് അടുക്കളയിലേക്കു നടക്കു; അവിടെ കുറച്ചു് ജോലിയുണ്ടു്.
- മീനു:
- (പോകുന്നു)
- ശാന്ത:
- (കുട്ടിയുടെ കുപ്പായം തോളിൽ കിടക്കുന്നതു് എടുത്തു് തിരിച്ചും മറിച്ചും നോക്കുന്നു.) അമ്മേ, ഒരു കഷണം സോപ്പു തരു.
- കല്യാണിക്കുട്ടിയമ്മ:
- എന്തിനാ?
- ശാന്ത:
- ഞാനീ കുപ്പായമൊന്നു് നനച്ചിടട്ടെ.
- കല്യാണിക്കുട്ടിയമ്മ:
- പണിക്കാരത്തീടെ കയ്യിൽ കൊടുക്കൂ.
- ശാന്ത:
- വേണ്ടമ്മേ, ഞാൻതന്നെ നനച്ചിടാം. എന്നാൽ അവനുണരുമ്പോഴേക്കും ഇതുണങ്ങും.
- കല്യാണിക്കുട്ടിയമ്മ:
- അവനു് വേറെ കുപ്പായം ഇല്ലെ?
- ശാന്ത:
- (ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുന്നു)
- കല്യാണിക്കുട്ടിയമ്മ:
- ശാന്തെ.
- ശാന്ത:
- (മിണ്ടാതെ തിരിഞ്ഞുനോക്കുന്നു. കണ്ണിൽ വെള്ളം നിറഞ്ഞിട്ടുണ്ടു്.)
- കല്യാണിക്കുട്ടിയമ്മ:
- ആ കുപ്പായം ഇങ്ങട്ടു് തരൂ. ഞാൻ നനച്ചിടാം.
- ശാന്ത:
- വേണ്ടമ്മേ ഞാൻതന്നെ നനച്ചിട്ടോളാം.
- മീനു:
- (തിരിച്ചുവരുന്നു).
- കല്യാണിക്കുട്ടിയമ്മ:
- നിനക്കു് വയ്യല്ലൊ മോളേ എത്ര ദിവസമായി നീ കുളിച്ചിട്ടു്? ചെന്നു കുളിക്കൂ. അപ്പഴയ്ക്കു് ഞാനിതു് നനച്ചിടാം.
- ശാന്ത:
- (അലസമായി) എനിയ്ക്കു് വയ്യമ്മെ കുളിക്കാൻ; ഞാനിതു് നനച്ചിടട്ടെ.
- മീനു:
- (തിരിച്ചുവന്നു്) വേണ്ട ഏട്ടത്തി, ഞാൻ നനച്ചിട്ടോളാം. ഇങ്ങട്ടു തരൂ.
- ശാന്ത:
- വേണ്ടാ (ഒരു നെടുവീർപ്പോടെ അകത്തേക്കു പോകുന്നു.)
- കല്യാണിക്കുട്ടിയമ്മ:
- കഷ്ടം അവളുടെ ഒരു വിധി!
- മീനു:
- ഇതു് ഏടത്തീടെ വിധിയല്ലമ്മേ.
- കല്യാണിക്കുട്ടിയമ്മ:
- പിന്നെ?
- മീനു:
- ആണുങ്ങളുടെ ചതിയാണു്. പെണ്ണുങ്ങൾ പാവങ്ങളാണമ്മേ, എത ക്ഷണത്തിലവർ വിശ്വസിക്കുന്നു.
- കല്യാണിക്കുട്ടിയമ്മ:
- നിന്റെ അച്ഛനൊരു ആണല്ലേ? എന്നിട്ടെന്താ അച്ഛനെന്നെ ചതിച്ചോ അതൊന്നും പറയേണ്ട; അവളുടെ വിധി. ആ ചെറിയ കുട്ടിക്കു് ഒന്നിനുപകരം ഒരു കുപ്പായം കൂടിയില്ല.
- മീനു:
- അമ്മയ്ക്കു് പറയായിരുന്നില്ലേ അച്ഛനോടു്.
- കല്യാണിക്കുട്ടിയമ്മ:
- അസ്സലായി. അതുകൂടിയെ ഇനി വേണ്ടൂ. അല്ലെങ്കിൽ തന്നെ അച്ഛനു് അങ്ങേയറ്റം കലികേറിയിരിക്കുന്നു.
- മീനു:
- അമ്മേ, ഇക്കാര്യത്തിൽ ഞാനച്ഛനെക്കൂടി കുറ്റപ്പെടുത്തും.
- കല്യാണിക്കുട്ടിയമ്മ:
- നിങ്ങൾക്കൊക്കെ എത്ര എളുപ്പത്തിലതു് കഴിയും.
- മീനു:
- കാര്യം ഇത്രത്തോളം വഷളാക്കിയതു് അച്ഛന്റെ വാശിയാണു്.
- കല്യാണിക്കുട്ടിയമ്മ:
- നിന്റെ നാവു് നീയൊന്നടക്കിക്കളയൂ. അച്ഛന്റെ സ്വഭാവം നിനക്കറിയില്ലേ?
- മീനു:
- അച്ഛനായാലും ആരായാലും ഈ പുരുഷന്മാരൊക്കെ ഒരു പോലെയാണു്. അവർക്കു് സ്ത്രീകളെപ്പറ്റി ഒന്നും അറിഞ്ഞകൂടാ. കുറെ അടിമകളെ പോറ്റാനല്ലാതെ അവർക്കെന്തറിയാം.
- കല്യാണിക്കുട്ടിയമ്മ:
- പോറ്റാനറിയാമെന്നു് നീ സമ്മതിക്കുന്നോ?
- മീനു:
- അതു വല്യ കാര്യാണോ അമ്മേ? അറക്കാനുള്ള ആടുകളെ കശാപ്പുകാരൻ പോറ്റുന്നില്ലേ?
- കല്യാണിക്കുട്ടിയമ്മ:
- നോക്കു് നിന്റെ നാവിന്നു് നീളം കൂടുന്നുണ്ടു്.
- മീനു:
- അമ്മേ, ഏട്ടത്തിക്കു് കുറച്ചു് സ്വാത്രന്ത്യബോധമുണ്ടു്. അതു് ഏട്ടത്തിയുടെ ഭർത്താവിനു് രുചിച്ചില്ല. തെറ്റിദ്ധാരണയായി, അലോഗ്യായി. അച്ഛന്റെ ശുണ്ഠി ആ തീയിൽ കുറെ നെയ്യും ഒഴിച്ചുകൊടുത്തു.
- കല്യാണിക്കുട്ടിയമ്മ:
- നീയെന്തു് വേണന്നിച്ചാൽ പ്രസംഗിച്ചോ. അച്ഛനെപ്പറ്റി മിണ്ടാതിരുന്നാൽ മതി എന്തിക്കിവിടെ കഴിച്ചുകുട്ടണം.
- മീനു:
- അല്ലമ്മേ, അച്ഛൻ വഴിപോലെ പെരുമാറിയാൽ-
- കല്യാണിക്കുട്ടിയമ്മ:
- മിണ്ടരുതു്. നിന്റെ നാവടക്കു്. അല്ലെങ്കിൽത്തന്നെ വരാൻ സമയമായി. വല്ലതും കേട്ടുപോയെങ്കിൽ നിന്നെക്കൊല്ലും. (അകലത്തു് നോക്കി) ആരാ ആ വരുന്നതു്? അച്ഛനല്ലേ?
- മീനു:
- അതേ.
- കല്യാണിക്കുട്ടിയമ്മ:
- അകത്തേക്കു് പോയ്ക്കോളൂ. ഇവിടെ നില്ക്കുന്നതു് കണ്ടാൽ മതി ലഹളകൂടാൻ. പണിയൊന്നും ചെയ്യാൻ വയ്യെങ്കിൽ അടുക്കളയിൽ പോയിരുന്നോളു. ഉം!
- മീനു:
- അച്ഛന്റെ ഈ സ്വഭാവമാണു്…
- കല്യാണിക്കുട്ടിയമ്മ:
- മിണ്ടരുതു്. നീ അകത്തേക്കു് പോകുന്നുണ്ടോ, വേഗത്തിൽ.
- മീനു:
- …(പോകുന്നു.)
- കല്യാണിക്കുട്ടിയമ്മ:
- …(എഴുന്നേറ്റു് പുറത്തു് നോക്കിക്കൊണ്ടു് നില്ക്കുന്നു. നാരായണമേനോൻ പുറത്തുനിന്നു് വരുന്നു. ഒരു ചെറിയയാത്ര കഴിഞ്ഞ ഭാവമുണ്ടു്. ഒരിക്കലും ചിരിക്കാത്ത ഗൗരവവും ശുണ്ഠിയും സദാ കളിയാടുന്ന മുഖം, ക്രൂരമായ നോട്ടം, കഷണ്ടികേറിയ തല. കല്യാണിയമ്മയെ ഒരു ശത്രുവിനെയെന്നപോലെ നോക്കിക്കൊണ്ടാണു് വരുന്നതു്.)
- കല്യാണിക്കുട്ടിയമ്മ:
- …(ലൗകീകം ഭാവിച്ചു്) ഇത്ര വേഗത്തിൽ മടങ്ങിയോ?
- നാരായണമേനോൻ:
- … (തിരിഞ്ഞുനിന്നു്) എന്താ പാടില്ലേ? ഞാനിവിടെ ഇല്ലാതിരിക്കുന്നതാ നിങ്ങൾക്കൊക്കെ സന്തോഷം; ഇല്ലേ? (മുൻപോട്ടു് നടക്കുന്നു.)
- കല്യാണിക്കുട്ടിയമ്മ:
- (പിന്നാലെ നടന്നു്) അതുകൊണ്ടു് ചോദിച്ചതല്ല.
- നാരായണമേനോൻ:
- പിന്നെ എന്തുകൊണ്ടു് ചോദിച്ചതാ? നിങ്ങൾക്കൊക്കെ അതു് തോന്നും. ഞാനിവിടെ ഇല്ലാതാവണം; അപ്പളറിയാം (ഒരു സ്ഥലത്തു് ചെന്നിരിക്കുന്നു).
- കല്യാണിക്കുട്ടിയമ്മ:
- ഇതൊന്നും ഇവിട്യാരും പറഞ്ഞിട്ടില്ലല്ലോ.
- നാരായണമേനോൻ:
- എന്തിനു് പറയണം? വിചാരിച്ചാൽ പോരെ? നിങ്ങളുടെയൊക്കെ വിചാരം എനിക്കസ്സലായിട്ടറിയാം.
- കല്യാണിക്കുട്ടിയമ്മ:
- ഞാൻ വിചാരിച്ചിട്ടൂല്ല; പറഞ്ഞിട്ടൂല്ല (അല്പം അടുത്തേക്ക് ചെന്നുനിന്നു്) എന്താ ഈ സഞ്ചിയിൽ?
- നാരായണമേനോൻ:
- (രൂക്ഷമായി നോക്കി) സഞ്ചിയിൽ നിധി! ഞാൻ നിധിയെടുക്കാൻ പോയതായിരുന്നു. അവിടെ നിന്നു് പ്രസംഗിക്കാതെ കുറച്ചുവെള്ളം കൊണ്ടുവന്നു് തരൂ, കുടിക്കാൻ. ദാഹിച്ചു് തൊണ്ട പൊട്ടുന്നു!
- കല്യാണിക്കുട്ടിയമ്മ:
- എന്നാൽ അതു് പറയരുതേ! പറയാതെ എങ്ങനെ അറിയും.
- നാരായണമേനോൻ:
- പറഞ്ഞുകഴിഞ്ഞില്ലേ, ഇനിയെങ്കിലും എഴുന്നള്ളിക്കൂടെ?
- കല്യാണിക്കുട്ടിയമ്മ:
- (പിറുപിറുത്തുകൊണ്ടു് പോകുന്നു.) ഒരിക്കലെങ്കിലും ഒരു നല്ലവാക്കു് പറയില്ല. വല്ലാത്തൊരു സ്വഭാവം. (പോകുന്നു.)
- നാരായണമേനോൻ:
- (ചാടിയെണീറ്റു് വാതിലിന്നടുത്തുചെന്നു് അകത്തേക്കു നോക്കി) പ്രിയതമേ, പ്രാണനാഥേ, ശകുന്തളേ സാവിത്രീ പോരേ? നല്ലവാക്കു് പോരെ? (മടങ്ങിവരുന്നു) നല്ല വാക്കു് പറയണമത്രേ നല്ല വാക്കു്! നല്ല വാക്കു് പറഞ്ഞു് താലേോലിക്കേണ്ടൊരു വർഗം. ഫൂ!അശ്രീകരങ്ങൾ (ഇരിക്കുന്ന സഞ്ചിയിൽ കൈയിട്ടു് ഒരു ബൊമ്മ പുറത്തേക്കെടുക്കുന്നു.) അച്ഛനുള്ള മക്കൾക്കും വേണം ഞാൻ വാങ്ങിക്കൊണ്ടുവരാൻ. അത്രയ്ക്കുണ്ടു് ഈ വർഗ്ഗത്തിന്റെ ഒരു ഭാഗ്യം.
- കല്യാണിക്കുട്ടിയമ്മ:
- (ഒരു ഗ്ലാസ്സിൽ വെള്ളം കൊണ്ടുവന്നു് കൊടുക്കുന്നു.) ഇദാ വെള്ളം.
- നാരായണമേനോൻ:
- (അതു വാങ്ങി കുടിക്കുന്നു.)
- കല്യാണിക്കുട്ടിയമ്മ:
- (നാരായണമേനോൻ സഞ്ചിയിൽനിന്നു് പുറത്തെടുത്തു് വെച്ച ബൊമ്മ എടുത്തു് തിരിച്ചും മറിച്ചും നോക്കുന്നു.) ഈ ബൊമ്മ മോനു് കളിക്കാനാണോ?
- നാരായണമേനോൻ:
- (വെള്ളം തീർത്തുകുടിച്ചു്) അല്ല, നിനക്കു് കളിക്കാൻ, ഒന്നു് കളിച്ചോളൂ! (കഠിന ശുണ്ഠിയോടെ) ഇന്നാ ഗ്ലാസ്സ്.
- കല്യാണിക്കുട്ടിയമ്മ:
- (ഗ്ലാസ്സ് വാങ്ങുന്നു.)
- നാരായണമേനോൻ:
- ഇതൊക്കെ ഇങ്ങനെ ആലോചിക്കുമ്പോൾ (പല്ലുകടിച്ചു്) സകലത്തിനേം അടിച്ചു് പടിയിറക്കാൻ തോന്ന്വാണു്. ഏതെങ്കിലും വകതിരിവുള്ളൊരു തറവാട്ടുകാരനെ കണ്ടുപിടിച്ചു് ഏല്പിക്കാമെന്നു് വിചാരിച്ചതാണു്. അപ്പഴയ്ക്കും തുടങ്ങ്യല്ലൊ, അനുരാഗം! പ്രേമം! കെട്ടിത്തുക്കി കൊല്ലണം. എന്നിട്ടെന്തായി? (രൂക്ഷമായി നോക്കി) നിന്നോടാ ചോദിച്ചതു്.
- കല്യാണിക്കുട്ടിയമ്മ:
- ഇതിൽ ഞാനെന്തു പിഴച്ചു?
- നാരായണമേനോൻ:
- നീ പിഴച്ചില്ലേ? ആ കഴുത ഇവിടുത്തെ പടി കേറുമെന്നു് നിനക്കു തോന്ന്യോ? നീയല്ലേ, കരഞ്ഞും പിഴിഞ്ഞും പറഞ്ഞതു്; അല്ലേ?
- കല്യാണിക്കുട്ടിയമ്മ:
- എനിക്കെങ്ങെന്യാ മനസ്സിലാവ്വാ മനുഷ്യരെ ചൂന്നു നോക്കാൻ പറ്റ്വോ?
- നാരായണമേനോൻ:
- ചൂന്നു് നോക്കേണ്ടടത്തു് ചൂന്നു നോക്കണം. അവനവന്റെ മക്കളെയാണു് പിടിച്ചു് കൊടുക്കുന്നതു്.
- കല്യാണിക്കുട്ടിയമ്മ:
- കഴിഞ്ഞതിനെപ്പറ്റിയിങ്ങനെ പറഞ്ഞിട്ടെന്താ?
- നാരായണമേനോൻ:
- കഴിഞ്ഞതോ? അതു് കഴിഞ്ഞിട്ടില്ല; നിന്നോടാരു് പറഞ്ഞു ഇതിൽ മധ്യസ്ഥം വഹിക്കാൻ. നിനക്കറിയില്ലേ എന്റെ സ്വഭാവം? ഈ അനുരാഗോം പ്രേമോം ഒന്നും എന്റെ പടി കയറില്ല. ഒക്കെ നീയുണ്ടാക്കിത്തീർത്തതാണു്.
- കല്യാണിക്കുട്ടിയമ്മ:
- പിന്നേം എനിക്കാണോ കുറ്റം?
- നാരായണമേനോൻ:
- പിന്ന്യാർക്കാ? അനുഭവിച്ചോളൂ. അനുഭവിച്ചോളൂ. മൂത്ത മകളു് എടുക്കാത്ത നാണ്യായിട്ടു് അകത്തു് കിടപ്പായില്ലേ? ഇത്ര ചെറുപ്പത്തിൽ ഒന്നാംവേളിയും കഴിഞ്ഞു. രണ്ടാം വേളി നോക്കി ഇരിപ്പായില്ലേ?
- കല്യാണിക്കുട്ടിയമ്മ:
- അയ്യൊ! ഒന്നു് പതുക്കെപ്പറഞ്ഞാൽ വേണ്ടീല്ലല്ലോ. അല്ലെങ്കിൽത്തന്നെ അവൾ കരഞ്ഞു് കരഞ്ഞു് പകുതിയായി.
- നാരായണമേനോൻ:
- ഇനിയിവിടെ ഇളയ രാജ്ഞീണ്ടല്ലൊ. കല്യാണിക്കുട്ടീ, ഞാൻ പറയാം, ഇങ്ങനെ കണ്ണും മുക്കും ഇല്ലാതെ അവളും പുറപ്പെട്ടാൽ ഈ വീട്ടിനു് ഞാൻ തീ കൊടുക്കും. സൂക്ഷിച്ചോളൂ! പെണ്‍കുട്ടികളായാൽ അടങ്ങി വളരണം.
- കല്യാണിക്കുട്ടിയമ്മ:
- ഇതൊക്കെ ഇങ്ങിനെ ലഹളകൂട്ടി പറയേണ്ട കാര്യാമാണോ സാവകാശത്തിൽ പറഞ്ഞൂടെ?
- നാരായണമേനോൻ:
- നിനക്കെന്തറിയും? പെണ്‍മക്കളായാൽ പിന്നെ വിശ്വസിക്കാൻ പറ്റില്ല.
- കല്യാണിക്കുട്ടിയമ്മ:
- അതു് ആൺമക്കളില്ലാഞ്ഞിട്ടു് തോന്നുന്നതാ.
- നാരായണമേനോൻ:
- (ഒന്നും മിണ്ടാതെ സഞ്ചിയിലെ കളിക്കോപ്പുകൾ പുറത്തെടുക്കുന്നു.)
- കല്യാണിക്കുട്ടിയമ്മ:
- (ഓരോന്നായി വാങ്ങുന്നു.) ആവൂ എന്റെ മോളു് ഇന്നെങ്കിലും ഒന്നു് ചിരിക്കും.
- നാരായണമേനോൻ:
- ഓ! അവളെ ചിരിപ്പിക്കാൻവേണ്ടി വാങ്ങീന്നാണോ വിചാരം? ഇങ്ങട്ടു് കൊണ്ടുവാ. ഒരൊറ്റൊന്നു് തരില്ല.
- കല്യാണിക്കൂട്ടിയമ്മ:
- ഞാനൊന്നും പറഞ്ഞിട്ടില്ല. ഒന്നും മിണ്ടാൻ വയ്യാന്നിച്ചാലോ?
- നാരായണമേനോൻ:
- എനിക്കു് പെണ്ണുങ്ങളുടെ ശബ്ദം കേട്ടുകൂടാ.
- കല്യാണിക്കുട്ടിയമ്മ:
- ഞാൻ ശാന്തയെ വിളിക്കട്ടെ.
- നാരായണമേനോൻ:
- മറ്റവളേം വിളിച്ചോളു എന്നിട്ടിവിടെ സഭ കൂടട്ടെ… സഭകൂടി സഭകൂടി ഒന്നിന്റെ കാര്യം നീ നന്നാക്കി.
- കല്യാണിക്കുട്ടിയമ്മ:
- നാരായണ, നാരായണ, നാരായണ…
- നാരായണമേനോൻ:
- (പുച്ഛഭാവത്തിൽ നോക്കുന്നു.) ജപിക്കുന്നതു് പിന്ന്യാവാം. ഇതൊക്കെ ഒന്നു് അകത്തു് കൊണ്ടൂവെക്കൂ.
കല്യാണിക്കുട്ടിയമ്മ അതൊക്കെ കൂട്ടിപ്പിടിച്ചെടുക്കാൻ തുടങ്ങുന്നു. ശാന്ത നനച്ച കുപ്പായം കുടഞ്ഞു് അതു തോരാനിടാനെന്ന മട്ടിൽ കടന്നുവരുന്നു. കല്യാണിയമ്മയുടെ കൈയിൽ കളിക്കോപ്പുകൾ കാണുന്നു. ആ കണ്ണുകളിൽ ഒരു പുതിയ പ്രകാശം പരക്കുകയും, മുഖത്തു് മന്ദഹാസം വിരിയുകയും ചെയ്യുന്നു. ബദ്ധപ്പെട്ടു് കല്യാണിയമ്മയെ സമീപിക്കുന്നു. അതിലോരോന്നും വാങ്ങിനോക്കുന്നു.
- ശാന്ത:
- (ബൊമ്മ നോക്കി) എന്റെ മോനു് ഇതുപോലെത്തന്നെ ഒന്നവിടെ ഉണ്ടായിരുന്നു.
- നാരായണമേനോൻ:
- (രൂക്ഷമായി നോക്കുന്നു.)
- ശാന്ത:
- (അതു ശ്രദ്ധിക്കാതെ) അവനു് വല്ല്യഷ്ടാവും, മോട്ടോർ കാറും വാങ്ങീട്ടില്ലേ.
- നാരായണമേനോൻ:
- (ഗൗരവസ്വരത്തിൽ) ഇതാ.
- ശാന്ത:
- (മുഖം ശ്രദ്ധിക്കാതെ കൈനീട്ടി വാങ്ങുന്നു. സന്തോഷം ഇരട്ടിക്കുന്നു.) അതെ, ഇതുപോലത്തെ ഒന്നായിരുന്നു അവിടെ ഉണ്ടായിരുന്നതു്. (അതു് വൈന്റു ചെയ്തു് നിലത്തുവെക്കുന്നു. ഓടുന്നതുനോക്കി.) ആവൂ, ന്റെ മോനിതു്; കാണുമ്പോൾ പൊട്ടിപൊട്ടിച്ചിരിക്കും. അതു പിടിക്കാൻ പിച്ചപിച്ച നടന്നു് പിന്നാലെ ചെല്ലും. (മോട്ടോർകാർ കൈയിലെടുക്കുന്നു) ഈ നിറോം ഇതുതന്നെ.
- നാരായണമേനോൻ:
- പക്ഷേ കാശു കൊടുത്തതു് ഞാനാ.
- ശാന്ത:
- (പെട്ടെന്നു് ഞെട്ടി അച്ഛന്റെ മുഖത്തു് നോക്കുന്നു. സന്തോഷം മായുന്നു.) കല്യാണി: (പരിഭ്രമിച്ചു് രണ്ടു പേരേയും നോക്കുന്നു.)
- ശാന്ത:
- (കണ്ണിൽ വെള്ളം നിറച്ചുകൊണ്ടു് അകലത്തേക്കു് നോക്കുന്നു. കൈയിൽനിന്നു് മോട്ടോർകാർ നിലത്തു വീഴുന്നു.)
- നാരായണമേനോൻ:
- നിങ്ങൾക്കാർക്കും ഞാൻ പറയുന്നതു് ഇഷ്ടമാവില്ലല്ലോ.
- ശാന്ത:
- (തേങ്ങുന്നു.) അച്ഛാ…
- നാരായണമേനോൻ:
- ഈ കരച്ചിൽ കണ്ടാൽ എനിക്കു ശുണ്ഠി അധികമാവും. പഴയ കാര്യങ്ങളൊക്കെ എനിക്കോർമ്മവരും. പിന്നെ എന്റെ ക്ഷമ നശിക്കും.
- ശാന്ത:
- (ഒന്നും പറയാതെ കണ്ണുതുടച്ചുകൊണ്ടു് അകത്തേക്കു പോകുന്നു.)
- കല്യാണിക്കുട്ടിയമ്മ:
- ഞാൻ പറഞ്ഞില്ലെ അവളെ കരയിക്കരുതെന്നു്.
- നാരായണമേനോൻ:
- എന്നെ ഉപദേശിക്കാൻ വരണ്ടാ. വേണന്നിച്ചാൽ അതെടുത്തു് അകത്തു് കൊണ്ടുപോയ്ക്കോളു. അല്ലെങ്കിൽ എടുത്തു് പുറത്തുകളയും.
- കല്യാണിക്കുട്ടിയമ്മ:
- (കളിക്കോപ്പുകളൊക്കെ പെറുക്കിയെടുത്തു് അകത്തേക്കു് പോകുന്നു.)
നാരായണമേനോൻ അസ്വസ്ഥതയോടെ അങ്ങട്ടുമിങ്ങട്ടും നടക്കുന്നു. രഘു നടന്നു് ക്ഷീണിച്ചമട്ടിൽ കടന്നുവരുന്നു. മുഖം കുടുതൽ കറുത്തിരുണ്ടിട്ടുണ്ടു്. കണ്ണുകളിൽ ശോകരസത്തേക്കാൾ വീര്യമാണു് നിഴലിക്കുന്നതു്. രഘു രംഗത്തിന്റെ നടുക്കു് വന്നു് നില്ക്കുന്നു. ഒന്നു ചുമയ്ക്കുന്നു. നാരായണമേനോൻ തിരിഞ്ഞുനോക്കി പെട്ടെന്നു മുഖം തിരിക്കുന്നു.)
- രഘു:
- (ശബ്ദം നിയന്ത്രിച്ചു്) പിന്നെ, നിങ്ങളോടൊരു കാര്യം പറയാനാണു് ഞാൻ വന്നതു്.
- നാരായണമേനോൻ:
- (ഗർജിക്കുന്നു.) കടക്കൊടാ പുറത്തു്?
- രഘു:
- പറയുന്നതു് ആദ്യം കേൾക്കൂ.
- നാരായണമേനോൻ:
- എനിക്കു് നിന്റെ ശബ്ദം കേൾക്കണ്ടാ.
- രഘു:
- കേൾക്കുണം. കേൾപ്പിക്കാനാണു് ഞാൻ വന്നതു്.
- നാരായണമേനോൻ:
- നീ മര്യാദയ്ക്കു് പോകുന്നുണ്ടോ?
- രഘു:
- നിങ്ങളെന്നെ അപമാനിച്ചിരിക്കുന്നു!
- നാരായണമേനോൻ:
- നിനക്കു മാനാപമാനമുണ്ടോ?
- രഘു:
- അക്കാര്യം ഞാൻ തീരുമാനിച്ചുകൊളുളാം.
- നാരായണമേനോൻ:
- ഉണ്ടെങ്കിൽ നിന്നെ ഇനിയും ഞാനപമാനിക്കും. ഇതുകൊണ്ടായില്ല, എന്റെ കുലം കെടുത്തതും പോരാ; നീ പകരം ചോദിക്കാൻ വന്നിരിക്കുന്നു!
- രഘു:
- കുടുംബകലഹമില്ലാത്ത വീടില്ല.
- നാരായണമേനോൻ:
- അതിനു് ഞാനെന്തു വേണം?
- രഘു:
- ശാന്തയും ഞാനും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടു്.
- നാരായണമേനോൻ:
- നീയവളുടെ പേരു് മിണ്ടരുതു്.
- രഘു:
- ഞാനവളെ ശാസിച്ചിട്ടുണ്ടു്.
- നാരായണമേനോൻ:
- നിന്നോടവിടെനിന്നു് പ്രസംഗിക്കരുതെന്നു് പറഞ്ഞതു്.
- രഘു:
- ഞങ്ങളുടെ വഴക്കു് നിങ്ങളൂതിക്കത്തിച്ചു. എന്നിട്ടും നിങ്ങളൊരച്ഛനാണെന്നു് പറയുന്നു. എല്ലാം കഴിഞ്ഞു് നിങ്ങൾ വിവാഹബന്ധം വേർപെടുത്താൻ കോടതികേറിയിരിക്കുന്നു.
- നാരായണമേനോൻ:
- എടാ നിന്നെപ്പോലെ ഒരു പട്ടിക്കു് എന്റെ മകളെ ഞാൻ തരില്ല.
- രഘു:
- നിങ്ങളോടു് അതിരക്കാൻ ഞാൻ വന്നിട്ടില്ല. വരാനുദ്ദേശിക്കുന്നുമില്ല.
- നാരായണമേനോൻ:
- നീ കടന്നുപോകുന്നുണ്ടോ?
ശബ്ദം കേട്ടു് കല്യാണിക്കുട്ടിയമ്മ വരുന്നു. രംഗം കണ്ടു് അമ്പരക്കുന്നു; മുൻപോട്ടു് വരുന്നു.
- കല്യാണിക്കുട്ടിയമ്മ:
- അയ്യൊ എന്താണിതു് ഇവിടെ എന്താണു് നടക്കുന്നതു്?
- നാരായണമേനോൻ:
- ഫോ! കടന്നു് അകത്തു് ഫോ! ഇവിടെ പെണ്ണുങ്ങളുടെ വാഴ്ചകൊണ്ടാണു് മുഴുവനാപത്തും വന്നതു്.
- കല്യാണിക്കുട്ടിയമ്മ:
- അയ്യൊ ഇങ്ങനെ ശുണ്ഠിപിടിക്കാതെ പറയാനുള്ളതെന്തെന്നു് കേൾക്കരുതോ?
- നാരായണമേനോൻ:
- കല്യാണിക്കുട്ടീ, നിന്നെ ഒരു നിമിഷം ഇനി ഇവിടെകാണരുതു്. പോണ്ണ്ടോ?
- കല്യാണിക്കുട്ടിയമ്മ:
- (പിൻവാങ്ങി വാതിലിന്നടുത്തേക്കു് പോകുന്നു.)
- രഘു:
- നിങ്ങൾ വഴക്കുണ്ടാക്കുന്നതു് നിങ്ങൾക്കു് നന്നല്ല. നിങ്ങളുടെ മകളെ എനിക്കാവശ്യമില്ല.
- നാരായണമേനോൻ:
- ആരും തരാനും പോണില്ല.
- രഘു:
- വേണ്ടെന്നു് പറഞ്ഞില്ലേ.
- നാരായണമേനോൻ:
- നിന്നോടു് പടിയിറങ്ങാൻ പറഞ്ഞതു് നീ കേട്ടില്ലേ?
- രഘു:
- ഞാൻ ഇവിടെ താമസിക്കാൻ വന്നതല്ല.
പുറത്തെ ബഹളം കേട്ടു് ശാന്ത കടന്നുവരുന്നു. സ്വപ്നത്തിലെന്നപോലെ മുന്നോട്ടു് നടക്കുന്നു. രഘു കാണുന്നു. മുഖം തിരിക്കുന്നു. കല്യാണിക്കുട്ടിയമ്മ പിറകെ വരുന്നു.
- കല്യാണിക്കുട്ടിയമ്മ:
- മോളെ, ശാന്തെ ഇങ്ങട്ടു് പോരു.
- നാരായണമേനോൻ:
- അമ്മയോടും മകളോടുമാണു് ഞാൻ പറയുന്നതു്. കടന്നു് അകത്തേക്കു പൊയ്ക്കോളാൻ അതാണു് നല്ലതു്.
- രഘു:
- വെറുതെ ബഹളം കൂട്ടീട്ടും ശകാരിച്ചിട്ടും കാര്യമില്ല. എനിക്കെന്റെ മകനെത്തരണം.
- നാരായണമേനോൻ:
- (അമ്പരന്നു്) എന്തു്?
- ശാന്ത:
- (മിഴിച്ചുനോക്കുന്നു.)
- രഘു:
- അവനെ കൊണ്ടുപോകാനാണു് ഞാൻ വന്നതു്.
- ശാന്ത:
- (ഒരു ദീന ഞരക്കത്തോടെ) അയ്യോ അമ്മെ, അമ്മെ! (ബോധംകെട്ടു വീഴുന്നു.)
- കല്യാണിക്കുട്ടിയമ്മ:
- (താങ്ങുന്നു) മോളേ, ശാന്തേ, ശാന്മേ ശാന്തേ (കുലുക്കിവിളിക്കുന്നു.)
- രഘു:
- തടഞ്ഞിട്ടൊന്നും കാര്യമില്ല. ഞാനവനെ കൊണ്ടുപോകും. അവനെന്റെ മകനാണു്.
- നാരായണമേനോൻ:
- എന്തു്? (പല്ലുകടിച്ചു് മുൻപോട്ടു് വരുന്നു.)
- രഘു:
- ശുണ്ഠിയെടുത്തിട്ടും ഭീഷണിപ്പെടുത്തീട്ടും കാര്യമില്ല. മര്യാദയ്ക്കു തന്നോളു.
- നാരായണമേനോൻ:
- തരില്ല.
- രഘു:
- എന്നാൽ ഞാൻ കൊണ്ടുപോകും.
- നാരായണമേനോൻ:
- അതു് കാണട്ടെ.
- രഘു:
- ഇതാ കണ്ടോളു. (ഭുതാവേശംകൊണ്ടെന്നപോലെ അകത്തേക്കോടുന്നു.)
- നാരായണമേനോൻ:
- എടാ, കടക്കെടാ പുറത്തു്. നിന്നെ കൊന്നിട്ടിനിക്കാര്യം. (പിന്നാലെ അകത്തേക്കോടുന്നു.)
—യവനിക—