കുഞ്ഞാലിമരയ്ക്കാരുടെ കോട്ട. ആയിഷ ദുഃഖിതയായി ഇരിക്കുന്നു. കുഞ്ഞാലിമരയ്ക്കാർ അകത്തുനിന്നു് കടന്നുവരുന്നു. കാൽപെരുമാറ്റം കേട്ടു് ആയിഷ എഴുനേറ്റു് നില്ക്കുന്നു. കുഞ്ഞാലിമരയ്ക്കാർ ആയിഷയുടെ അടുത്തു ചെല്ലുന്നു. കുനിഞ്ഞുനില്ക്കുന്ന ആയിഷയുടെ താടിപിടിച്ചു പതുക്കെ മുഖമുയർത്തൂന്നു. വാത്സല്യത്തോടെ വിളിക്കുന്നു.
- കുഞ്ഞാലിമരക്കാർ:
- ആയിഷേ! (ആയിഷയുടെ കണ്ണു് നിറഞ്ഞൊഴുകുന്നു.) മോളിങ്ങനെ കരഞ്ഞാലോ! എനിക്കെല്ലാമറിയാം. എല്ലാം ഞാൻ മനസ്സിലാക്കീരുന്നു. പടച്ചോൻ സമ്മതിച്ചില്ല. (ആയിഷ തേങ്ങുന്നു.) കരയല്ല മോളേ… കരയില്ലെന്നു് ഇക്കാക്കാനോടു് പറ.
- ആയിഷ:
- (തട്ടംകൊണ്ടു് കണ്ണു് തുടച്ചു്) ഇല്ലിക്കാ, ഞാൻ കരയില്ല.
- കുഞ്ഞാലിമരയ്ക്കാർ:
- കുട്ട്യാലിയെ എല്ലാർക്കും പ്രിയമായിരുന്നു. നിനക്കു് മാത്രമല്ല… ഈ ഇക്കാക്ക സഹിക്കുന്നില്ലേ? ഇല്ലേ മോളേ?
- ആയിഷ:
- ഞാൻ പാപിയാണിക്കാ. ഉമ്മേല്ല, ബാപ്പേല്ല. (വിതുമ്മിപ്പോവുന്നു.)
- കുഞ്ഞാലിമരയ്ക്കാർ:
- (ശബ്ദമിടറിപ്പോകാതെ കഴിക്കാൻ പണിപ്പെടുന്നു.) ആരാണു് മോളേ, പാപിയല്ലാത്തതു്? എന്റെ ഉമ്മാടെ കാര്യം വിചാരിച്ചാൽ ആരും പിന്നെ കരയില്ല. എല്ലാരും പോയി; ഇനി ഞാനൊരുത്തനാണുള്ളതു്. (മൂർധാവിൽ തലോടിക്കൊണ്ടു്) മോൾ ധൈര്യായിട്ടിരിക്കണം. എന്റെ ഉമ്മയ്ക്കിനി മോളേയുള്ളു. നീയിങ്ങനെ കരഞ്ഞാൽ ഉമ്മയെ സമാധിപ്പിക്കാനാരാ?
- ആയിഷ:
- ഇല്ലിക്കാ, ഞാനിനി കരയില്ല.
- കുഞ്ഞാലിമരയ്ക്കാർ:
- നീ ധൈര്യായിട്ടിരിക്കുണം മോളേ. അഃ പിന്നെ ഇക്കാക്ക തമ്പുരാനെ കാണാൻ പോവ്വാണ്.
- ആയിഷ:
- യുദ്ധം തീർന്നോ ഇക്കാക്കാ?
- കുഞ്ഞാലിമരയ്ക്കാർ:
- ആ തീർന്നെന്നു് പറയാം. ഞാൻ വരുന്നതുവരെ ഉമ്മയ്ക്കൊരു ബുദ്ധിമുട്ടും ഉണ്ടാവരുതു്.
- ആയിഷ:
- ഇല്ലിക്കാ.
- കുഞ്ഞാലിമരയ്ക്കാർ:
- ഇവിടെ അബുവല്ലാതെ ആണുങ്ങളാരുമില്ല. എല്ലാം നീ നോക്കണം. ഉമ്മ വ്യസനിക്കാനിടവരരുതു്. പലതും പറഞ്ഞു് സമാധാനിപ്പിച്ചാണു് ഞാൻ സമ്മതം വാങ്ങിയതു്. (കുറുപ്പു വരുന്നു.) കുറുപ്പേ, എല്ലാവരും ഒരുങ്ങിയില്ലേ?
- കുറുപ്പു്:
- ഒരുങ്ങി.
- കുഞ്ഞാലിമരയ്ക്കാർ:
- (ആയിഷയോടു്) മോള് ഉമ്മാടെ അടുത്തേക്കു ചെല്ല്. പറഞ്ഞതൊക്കെ ഓർമവേണം.
- ആയിഷ:
- അ. (അകത്തേക്കു് പോകുന്നു.)
- കുഞ്ഞാലിമരയ്ക്കാർ:
- (കുറുപ്പിനോടു്) നമ്മളെത്രപേരുണ്ടു്?
- കുറുപ്പു്:
- നാല്പതു്.
- കുഞ്ഞാലിമരയ്ക്കാർ:
- ശരി; എന്നാൽ പുറപ്പെടാം.
- കുറുപ്പു്:
- ഉമ്മയോടു് പറഞ്ഞില്ലേ?
- കുഞ്ഞാലിമരയ്ക്കാർ:
- പറഞ്ഞു. (നെടുവീർപ്പു്) ഉമ്മാടെ കണ്ണീരു് കാണാൻ വയ്യ. എന്തു് ചെയ്തിട്ടും എന്നെ വിട്ടയച്ചില്ല കുറുപ്പേ. അതൊന്നും പറഞ്ഞിട്ടു് കാര്യമില്ല. പോകാം.
രണ്ടാളും പുറപ്പെടുന്നു. ഉമ്മ വാതില്ക്കൽ പ്രത്യക്ഷപ്പെടുന്നു.
- ഉമ്മ:
- കുഞ്ഞാലീ! (ആ വിളി കരച്ചിലിന്റെ ഒരു വകഭേദമാണു്…) (കുഞ്ഞാലിമരയ്ക്കാരും കുറുപ്പും നില്ക്കുന്നു.) മടങ്ങണ്ടാ. (ഒരു പ്രതിമ ചലിക്കുംപോലെ മുൻപോട്ടു് വരുന്നു.) എന്നെ ആരെയേല്പിച്ചിട്ടാണ് മോനേ, നീ പോണതു്?
- കുഞ്ഞാലിമരയ്ക്കാർ:
- എന്താണുമ്മാ ഇതു്?
- ഉമ്മ:
- സഹിക്ക്ണില്ല മോനേ, ഉമ്മയ്ക്കു് സഹിക്ക്ണില്ല!
- കുഞ്ഞാലിമരയ്ക്കാർ:
- കരയരുതുമ്മാ. ഉമ്മ കരയരുതു്. കുഞ്ഞാലി വേഗം വരും. ഉമ്മാടെ മോൻ പോവുന്നതു് തമ്പുരാനെ കാണാനാ. വേഗം തിരിച്ചുവരും. (ഉമ്മ ഇമവെട്ടാതെ കുഞ്ഞാലിയെ നോക്കിനില്ക്കുന്നു.) (തലയിൽ കെട്ടിയ പച്ചപ്പട്ടെടുത്തു് ഉമ്മയുടെ കണ്ണുനീരൊപ്പുന്നു.) ഇതാ ഈ തലപ്പാവു് ഉമ്മാടെ കെകയിലിരിക്കട്ടെ. കുഞ്ഞാലിയെ കാണുമ്പോലെ ഇതു് കണ്ടോണ്ടിരുന്നോളീ. ഉമ്മ കരയതു്, കുഞ്ഞാലി വേഗം വരും. (ഉമ്മ തലപ്പാവും കൈയിൽ പിടിച്ചു് പ്രതിമപോലെ നില്ക്കുന്നു.) (വാതിലിനടുത്തു് നില്ക്കുന്ന ആയിഷയെ നോക്കിവിളിച്ചു് പറയുന്നു.) ആയിഷാ, അകത്തുനിന്നു് ഒരുറൂമാലെടുത്തുകൊണ്ടുവാ.
ആയിഷ ബദ്ധപ്പെട്ടു് അകത്തുപോയി ഒരു തലപ്പാവുമെടുത്തു് കൊണ്ടുവരുന്നു. കറുത്തപട്ടാണു്. കുഞ്ഞാലിമരയ്ക്കാർ അതു് തലയിൽ കെട്ടി ഉമ്മയെ നല്ലപോലെയൊന്നു നോക്കി മുഖം തിരിച്ചു് ധൃതിയിൽ നടന്നുപോകുന്നു. കൂടെ കുറുപ്പും. ഉമ്മ അപ്പോഴും പ്രതിമപോലെ നില്ക്കുന്നു.
—യവനിക—