ഡോക്ടർ ശ്രീധരന്റെ വീടു്. മുൻപിലത്തെ പോർട്ടിക്കോ. ഇരുട്ടുകൊണ്ടു് ഒന്നും വ്യക്തമല്ല. വികാരതീവ്രതയോടെ വേണു സംസാരിക്കുന്നുണ്ടു്.
- വേണു:
- നിനക്കു് മാപ്പുതരാൻ വയ്യ (കിതയ്ക്കുന്നു). നിന്റെ കുറ്റം അത്ര ഭയങ്കരമാണു്… നീ ഒളിച്ചതുകൊണ്ടു് കാര്യമില്ല. ഈ പ്രപഞ്ചത്തിന്റെ ഏതു കോണിൽച്ചെന്നു് തങ്ങിയാലും എന്റെ പ്രതികാരം നിന്നെ കണ്ടെത്തും… അതത്ര ഭയങ്കരമാണു്. അതിന്റെ ചാടിപ്പുളയുന്ന ജ്വാലകളേറ്റു് നീ കരിക്കട്ടയാവണം… (വീണ്ടും കിതയ്ക്കുന്നു. തീപ്പെട്ടിക്കോൽ ഉരസി ഒരു മെഴുകുതിരി കത്തിക്കുന്നു. അതു മുഖത്തിനുനേരെ ഉയർത്തിപ്പിടിച്ചു് മുന്നോട്ടു് തുറിച്ചു നോക്കുന്നു. ആ കണ്ണുകളിൽ പൈശാചികത്വം വിരിഞ്ഞു നില്പുണ്ടു്. മുഖത്തു് ഒരു കൊലപാതകിയുടെ ഭാവം. പതുങ്ങിയ കാൽവെപ്പോടെ മുന്നോട്ടു് നീങ്ങുന്നു.) നീ മരിക്കണം. അതോടെ ഉള്ളിൽ കാപട്യവും വഞ്ചനയും ഒളിപ്പിച്ചുവെച്ച നിന്റെ ചരിത്രം അവസാനിക്കണം. (ഇടതു കൈ മുന്നോട്ടു് നീട്ടി, വിരലുകൾ വളച്ചുപിടിച്ചു്, കഴുത്തു ഞെരിക്കാനെന്ന ഭാവത്തിൽ പതുക്കെ നീങ്ങുന്നു.) നിന്റെ ശ്വാസനാളം ഈ കൈപ്പിടിയിൽക്കിടന്നു് ഞെരിയണം… ശ്വാസകോശം കാറ്റു് നിറഞ്ഞ സഞ്ചിപോലെ വീർത്തുവീർത്തു് പൊട്ടണം… സിരാകൂടം കൊടുമ്പിരികൊള്ളണം… നീ മരിക്കണം.
പെട്ടെന്നു് മുറിയിൽ ആകമാനം വെളിച്ചം വീഴുന്നു. സ്വിച്ച് ബോർഡിൽനിന്നു് ഒരു കൈ പതുക്കെ താഴുന്നു. അറുപതിനോടടുത്ത വൃദ്ധന്റെ കൈയാണതു്. മുഖത്തു് ശാന്തിയും സമാധാനവും കളിയാടുന്നു. വെളിച്ചം വന്നപ്പോൾ അല്പം അമ്പരന്നുവെങ്കിലും വേണു കൊലപാതകിയുടെ ഭാവം വിട്ടിട്ടില്ല. എന്തുചെയ്യണമെന്നറിയാതെ നില്ക്കുന്നു. വൃദ്ധൻ അല്പം മുന്നോട്ടു് വന്നു് വിളിക്കുന്നു.
- വൃദ്ധൻ:
- വേണു! (വേണു മുഖഭാവം മാറ്റാൻ ശ്രമിക്കുന്നു. തിരിഞ്ഞുനോക്കുന്നില്ല) ആരാണു് മരിക്കേണ്ടതു്?
- വേണു:
- ആരും മരിയ്ക്കേണ്ടച്ഛാ. (വൃദ്ധന്റെ നേർക്കു് തിരിയുന്നു.)
- വൃദ്ധൻ:
- ആരോ മരിക്കണമെന്നു് നിനക്കു് നിർബന്ധമുള്ളതുപോലെ തോന്നി. (വേണുമിണ്ടുന്നില്ല. സാവകാശം വൃദ്ധന്റെ അരികിലേക്കു് നീങ്ങുന്നു. കൈയിൽ കത്തുന്ന മെഴുകുതിരി.) പറയൂ, ആരാണു് മരിക്കേണ്ടതു്? (ഇരിക്കുന്നു)
- വേണു:
- ജീവിച്ചിരിക്കുന്നവരാരുമല്ലച്ഛാ.
- വൃദ്ധൻ:
- പിന്നെ?
- വേണു:
- ഒരു കഥാപാത്രമാണു്.
- വൃദ്ധൻ:
- ഇവിടെയെങ്ങാനും വന്നിട്ടുണ്ടോ?
- വേണു:
- ഞാൻ നാടകത്തിലെ ഒരു ഭാഗം അഭിനയിച്ചതാണു്.
- വൃദ്ധൻ:
- നാടകത്തിൽ കൊലപാതകവുമുണ്ടോ?
- വേണു:
- ഉണ്ടു്.
- വൃദ്ധൻ:
- നീയാണോ കൊല്ലുന്നതു്?
- വേണു:
- അതെ.
- വൃദ്ധൻ:
- നീ ആരെയാണു് കൊല്ലുന്നതു്?
- വേണു:
- ഒരു സ്ത്രീയെ.
- വൃദ്ധൻ:
- ഓഹോ, നല്ല കാര്യം! അവളും നീയുമായുള്ള ബന്ധം?
- വേണു:
- ഞങ്ങൾ തമ്മിൽ ബന്ധമൊന്നുമില്ല.
- വൃദ്ധൻ:
- നാടകത്തിലെ ബന്ധമാണു് ചോദിച്ചതു്.
- വേണു:
- നാടകത്തിൽ അവളെന്റെ ഭാര്യയാണു്.
- വൃദ്ധൻ:
- നിങ്ങൾക്കു് മക്കളുണ്ടോ?
- വേണു:
- ഇല്ല.
- വൃദ്ധൻ:
- ഭാഗ്യം. ഉണ്ടെങ്കിൽ നിർദോഷികളായ ആ മക്കൾ കഷ്ടപ്പെടുമായിരുന്നു. അച്ഛൻ അമ്മയെ കൊല്ലുക-അച്ഛനെ ഗവണ്മെന്റ് തൂക്കിക്കൊല്ലുക-
- വേണു:
- ആ ഭാഗമൊന്നും നാടകത്തിൽ വരുന്നില്ലച്ഛാ.
- വൃദ്ധൻ:
- പിന്നെ?
- വേണു:
- അവളെ കൊല്ലുന്നതോടുകൂടി നാടകം അവസാനിക്കുന്നു.
- വൃദ്ധൻ:
- പക്ഷേ, നിങ്ങളുടെ നാടകം കാണാൻ വരുന്നവർ മുഴുവനും കഴുതകളാവില്ലല്ലോ! അപ്പുറത്തുള്ള കാര്യം അവരാലോചിക്കില്ലേ! ഉടനെ കൊലപാതകസ്ഥലത്തു് പോലീസുവരും, ഇൻക്വസ്റ്റ് നടത്തും, ശവം പോസ്റ്റ്മോർട്ടത്തിനയയ്ക്കും. നിന്നെ പോലീസ് അറസ്റ്റ് ചെയ്യും.
- വേണു:
- എന്നെ എന്തിനറസ്റ്റുചെയ്യുണം?
- വൃദ്ധൻ:
- നിന്നെയല്ല, ആ കൊലപാതകം നടത്തിയ ഭർത്താവിനെ… അതിരിക്കട്ടെ കൊലചെയ്യാൻ നിന്നെ പ്രേരിപ്പിക്കുന്ന കാരണം?
- വേണു:
- പ്രേമവഞ്ചന.
- വൃദ്ധൻ:
- വലിയ കുറ്റംതന്നെ! ഇരിക്കട്ടെ; വിവാഹമോചനമെന്ന ഒരേർപ്പാടുണ്ടല്ലോ-അതു് നാടകത്തിൽ പറ്റില്ലേ?
- വേണു:
- അതെന്തിനച്ഛാ?
- വൃദ്ധൻ:
- കൊലപാതകം കൂടാതെകഴിക്കാൻ പറഞ്ഞതാണു്. അവനവനു് നിരക്കാത്ത ഭാര്യയെ ‘എന്നാൽ പിന്നെക്കാണാം’ എന്നു് യാത്രയുംപറഞ്ഞു് അവളുടെ വീട്ടിലേക്കയയ്ക്കുക-എന്താ?
- വേണു:
- ജീവിതത്തിലാവുമ്പോൾ അതു് പറ്റും. നാടകത്തിൽ അതു് പറ്റില്ല.
- വൃദ്ധൻ:
- കാരണം?
- വേണു:
- നാടകത്തിനു് ചില ടെക്നിക്കെല്ലാമുണ്ടച്ഛാ.
- വൃദ്ധൻ:
- ഓ! അതിനുമുണ്ടോ ടെക്നിക്ക്? കേൾക്കട്ടെ എന്തൊക്കെയാണു്?
- വേണു:
- അവസാനരംഗത്തിൽ നാടകത്തിലെ വികാരം ‘ക്ലൈമാക്സിൽ’ എത്തണം.
- വൃദ്ധൻ:
- എന്തു് മാക്സ്.
- വേണു:
- ക്ലൈമാക്സ്.
- വൃദ്ധൻ:
- ഓ! ഞാൻ വിചാരിച്ചു് കത്തിച്ചു തുക്കുന്ന വിളക്കാവുമെന്നു്. നാടകത്തിലതു് ധാരാളം വേണമല്ലോ.
- വേണു:
- തെറ്റുചെയ്ത ഭാര്യയെ പുറത്തു് തട്ടി. ‘എന്നാൽ പിന്നെ കാണാം.’ എന്നു് നല്ലവാക്കും പറഞ്ഞയച്ചാൽ കാണാൻ വന്നവർ കൂവും. അവർക്കതു് രസിക്കില്ല.
- വൃദ്ധൻ:
- കൊലപാതകമാണെങ്കിൽ?
- വേണു:
- അതവരെ ആവേശംകൊള്ളിക്കും.
- വൃദ്ധൻ:
- തരക്കേടില്ല! (എഴുന്നേല്ക്കുന്നു. ആലോചനാപൂർവം നടക്കുന്നു.) തമ്മിൽത്തല്ലും വഴക്കും കൊലപാതകവും. നിത്യ ജീവിതത്തിൽ ഇന്നു് വേണ്ടുവോളമുണ്ടു്. അതു് നിങ്ങൾ നാടകത്തിൽ പകർത്തിയും ജനങ്ങളെ കാണിക്കുക! (വേണുവിന്റെ നേർക്കു് തിരിഞ്ഞു്) വേണു, ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളേയും പരിഹരിക്കാൻ സ്നേഹത്തിന്റെ ഒരു മാർഗമുണ്ടു്. നാടകത്തിലൂടെ നിങ്ങൾക്കതൊന്നു് പരീക്ഷിച്ചുകൂടേ?
- വേണു:
- അച്ഛാ, കാണാനാളുകളില്ലെങ്കിൽ നാടകം പ്രദർശിപ്പിക്കുന്നതെന്തിനാണു്?
- വൃദ്ധൻ:
- സ്നേഹം ആളുകൾക്കിഷ്ടമല്ലേ?
- വേണു:
- വാക്കിൽ മാത്രം.
- വൃദ്ധൻ:
- ജീവിതത്തിലും നാടകത്തിലും നീയൊരു കൊലപാതകിയായിക്കാണാൻ എനിക്കിഷ്ടമില്ല. നീ അഭിനയിക്കുന്ന നാടകത്തിലെ കഥാപാത്രങ്ങളൊക്കെ കൊലപാതകികളാണോ?
- വേണു:
- അല്ലച്ഛാ-പ്രധാന നടൻ മാത്രം.
- വൃദ്ധൻ:
- അതു് ഭംഗിയായി! എന്നാലല്ലേ കൊലപാതകം വേണ്ടത്ര പ്രചരിക്കുകയുള്ളു! വല്ലാത്ത ലോകം… (മിണ്ടാതെ നടക്കുന്നു) ആട്ടെ, നീയിന്നു് റിഹേഴ്സലിന്നു് പോകുന്നുണ്ടോ?
- വേണു:
- ഉണ്ടു്.
- വൃദ്ധൻ:
- പിന്നെ എന്തിനിത്ര താമസിക്കുന്നു? വേഗം പോയിട്ടു് വരരുതേ? ഉറക്കൊഴിച്ചു് വല്ല രോഗവും വരുത്തും.
- വേണു:
- ഞാൻ പോവുകയാണു് (പോകാൻ തുടങ്ങുന്നു.)
വൃദ്ധൻ അകത്തേക്കു് പോകാൻ ഭാവിക്കുന്നു. അകത്തുനിന്നു് ഒരു ശോകഗാനത്തിന്റെ ഈരടി കേട്ടു് രണ്ടുപേരും തെല്ലിട നില്ക്കുന്നു. ഗാനത്തിന്റെ അവസാനത്തിൽ കാറിന്റെ ഹോൺ കേൾക്കുന്നു. വൃദ്ധൻ അകത്തേക്കു് പോകുന്നു. പോകുമ്പോൾ പറയുന്നു: ‘നിന്റെ ജേഷ്ഠൻ വരുന്നുണ്ടു്,’ വേണു ശ്രദ്ധിക്കുന്നില്ല. അയാൾ പുറത്തേക്കു് കടക്കാൻ തുടങ്ങുമ്പോൾ അഭിമുഖമായി ഡോക്ടർ ശ്രീധരനും, അദ്ദേഹത്തിന്റെ ഡ്രൈവറും കാര്യസ്ഥനുമെല്ലാമായ ശങ്കരനും പ്രവേശിക്കുന്നു. വഴിമാറി നില്ക്കുന്ന വേണുവിനെ ശ്രീധരൻ അല്പം രൂക്ഷമായി ഒന്നു നോക്കുന്നു. വേണു മുൻപോട്ടു വന്നു നില്ക്കുന്നു. കൈയിൽ പെട്ടിയും ചുമന്നു് ശങ്കരൻ മുൻനടന്നു് അകത്തേക്കു പോകുന്നു. ഡോക്ടർ ശ്രീധരൻ മേശപ്പുറത്തു കാൽ ഏറ്റിവെച്ചു് പകുതിയിരുന്നു് ഒരു സിഗരറ്റ് കൊളുത്തുന്നു. അപ്പോഴും നോട്ടവും ശ്രദ്ധയും വേണു കടന്നുപോയ ഭാഗത്തേക്കാണു്. ധൃതിയിൽ ഒരു പുകയെടുത്തു് അതു് പുറത്തേക്കു് വിട്ടുകൊണ്ടു് ഉറക്കെ വിളിക്കുന്നു-ശബ്ദത്തിനു് അല്പം ഒരിടർച്ച.
- ഡോക്ടർ ശ്രീധരൻ:
- വേണൂ, വേണൂ… (പുറത്തേക്കു് ശ്രദ്ധിച്ചു്, വേണു വിളികേട്ടു് വരുന്നുണ്ടെന്നു് മനസ്സിലാക്കി അസ്വസ്ഥയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.)
വേണു തിരിച്ചുവരുന്നു.
- വേണു:
- എന്നെ വിളിച്ചോ?
- ഡോക്ടർ ശ്രീധരൻ:
- (അല്പം പുച്ഛഭാവത്തിൽ) ഉവ്വു്, എങ്ങട്ടാ എഴുന്നള്ളത്തു്.
- വേണു:
- പുറത്തേക്കു പോവുകയാണു്.
- ഡോക്ടർ ശ്രീധരൻ:
- അതു് കണ്ടപ്പോൾ മനസ്സിലായി. രാത്രി പത്തുമണിക്കുശേഷം പുറത്തെന്താണു് നിനക്കു് ജോലി.
- വേണു:
- കലാലയത്തിലോളം ഒന്നു് പോകണം.
- ഡോക്ടർ ശ്രീധരൻ:
- (കൂടുതൽ പുച്ഛത്തോടെ) കലാലയത്തിൽ! ഏതാണെടാ നിന്റെ ഈ കലാലയം? എന്റെ മുഖത്തുനോക്കി നിനക്കതു് പറയാൻ ഭയമില്ലേ?
- വേണു:
- ഏതു്?
- ഡോക്ടർ ശ്രീധരൻ:
- നിന്റെ കലാലയത്തിന്റെ പേരു്.
- വേണു:
- അതു് പറയാൻ ഞാനെന്തിനു് ഭയപ്പെടണം?
- ഡോക്ടർ ശ്രീധരൻ:
- ഞാനാരാണെടാ? ഞാനാരെന്നു് നിനക്കു് മനസ്സിലായിട്ടുണ്ടോ?
- വേണു:
- എന്റെ ജ്യേഷ്ഠൻ.
- ഡോക്ടർ ശ്രീധരൻ:
- (പുച്ഛമായി ചിരിക്കുന്നു.) നിന്റെ ജ്യേഷ്ഠൻ. നീയങ്ങനെ കരുതുന്നതുതന്നെ എന്നിക്കപമാനമാണു്.
- വേണു:
- അതു് ഞാനറിഞ്ഞില്ല.
- ഡോക്ടർ ശ്രീധരൻ:
- നീയെന്തിനാടാ പഠിച്ചതു്? വല്ല ജോലിയുമന്വേഷിക്കാതെ നാടകക്കാരുടെ പിന്നാലെ നടക്കുക! എന്റെ വിലയും നിലയും നീ കെടുത്തും…
- വേണു:
- നാടകം അത്ര വിലകെട്ടതാണാ?
- ഡോക്ടർ ശ്രീധരൻ:
- അല്ല, പരിപൂജ്യമാണു്! എടാ നിന്റെ ആ കലാലയത്തിന്റെ നാറ്റംകൊണ്ടു് ഈ പട്ടണത്തിൽ ജീവിക്കാൻ വയ്യാതായിരിക്കുന്നു.
- വേണു:
- കലാലയത്തിനു് അങ്ങനെയൊരു നാറ്റമുള്ളതായി ഞാൻ മനസ്സിലാക്കീട്ടില്ല.
- ഡോക്ടർ ശ്രീധരൻ:
- നീ മനസ്സിലാക്കില്ല. അവനവന്റെ നാറ്റം അവനവനറിയില്ല.
- വേണു:
- അതു് പരമാർഥമാണു് (അല്പമൊന്നു് ചിരിക്കുന്നു).
- ഡോക്ടർ ശ്രീധരൻ:
- (കലശലായ ശുണ്ഠിയോടെ അടുത്തുചെന്നു്) നീയെന്താ ചിരിച്ചതു്.
- വേണു:
- ഒന്നുമില്ല.
- ഡോക്ടർ ശ്രീധരൻ:
- അല്ല; പറ!
- വേണു:
- ഞാൻ പറഞ്ഞതു് ജ്യേഷ്ഠനു് രസിക്കില്ല.
- ഡോക്ടർ ശ്രീധരൻ:
- എനിക്കു് രസിക്കാത്ത കാര്യം പോട്ടെ; നിനക്കിത്രവലിയ സന്തോഷമെന്തുണ്ടായി?
- വേണു:
- (കുറച്ചു് ഗൗരവത്തോടെ) അവനവന്റെ നാറ്റം അവനവനറിയില്ലെന്നു് പറഞ്ഞതു് ജ്യേഷ്ഠൻ മക്കരുതു്.
- ഡോക്ടർ ശ്രീധരൻ:
- എന്തു്? നീയിപ്പറഞ്ഞതിന്റെ അർത്ഥം?
- വേണു:
- ഇനിയും വ്യക്തമാക്കണോ
- ഡോക്ടർ ശ്രീധരൻ:
- വേണം.
- വേണു:
- ജ്യേഷ്ഠനെ നാറുന്നുണ്ടു്. (ഡോക്ടർ ശ്രീധരൻ പാന്റിന്റെ കീശയിൽനിന്നു് ടവ്വലെടുത്തു് മുഖം തുടയ്ക്കുന്നു.) ഇനിയും വ്യക്തമാക്കണോ? കള്ളു് നാറുന്നുണ്ടു്, കള്ളു്! ഈ നാറ്റം പരത്തിക്കൊണ്ടാണു് ജ്യേഷ്ഠൻ കലാലയത്തെ കുറ്റം പറയുന്നതു്.
- ഡോക്ടർ ശ്രീധരൻ:
- (ഉത്തരം മുട്ടിയ ഇളിഭ്യതയോടെ) എടാ, മാന്യന്മാരെ അങ്ങനെ ചിലതു് നാറും. ഈ പട്ടണത്തിൽ എന്നേക്കാൾ മാന്യതയുള്ളവരെ നാറുന്നുണ്ടു്.
- വേണു:
- എന്നാൽ ആ നാറുന്ന മാന്യതയുംകൊണ്ടു് വായ തുറക്കാത്തതാണു് ഭേദം. മറ്റുള്ളവർ അവരവരുടെ പാട്ടിനു് ജീവിച്ചോട്ടെ.
- ഡോക്ടർ ശ്രീധരൻ:
- അതു് നിന്റെ വ്യാമോഹമാണു്. നിന്റെ പാട്ടിനു് നിന്നെ ഞാൻ വിടാൻ വിചാരിച്ചിട്ടില്ല. എനിക്കു് നിന്റെ പേരിൽ ചില അധികാരങ്ങളെല്ലാമുണ്ടു്.
- വേണു:
- ഞാൻ ചെയ്യേണ്ടതെന്തെന്നു് പറയൂ.
- ഡോക്ടർ ശ്രീധരൻ:
- നീ കലാലയവുമായി നിനക്കുള്ള ബന്ധം മുഴുവൻ വിടണം.
- വേണു:
- സാദ്ധ്യമല്ല.
- ഡോക്ടർ ശ്രീധരൻ:
- നീയിനി നാടകത്തിൽ വേഷമെടുക്കരുതു്.
- വേണു:
- അതും സാധ്യമല്ല.
- ഡോക്ടർ ശ്രീധരൻ:
- ഇവിടെ മാന്യന്മാരുടെ ക്ലബ്ബിൽ ഞാൻ പ്രസിഡന്റാണു്. എനിക്കു് എന്നേപ്പോലുള്ള നാലുപേരുടെ കൂട്ടത്തിൽ തലയുയർത്തി നില്ക്കണം.
- വേണു:
- ഞാൻ അതിനു് തടസ്സമല്ല.
- ഡോക്ടർ ശ്രീധരൻ:
- ആണു്. നിന്നേയും നിന്റെ കലാലയത്തേയും പറ്റി നാറുന്ന കഥകളാണു് പ്രചരിക്കുന്നതു്. അവിടെ നടക്കുന്നതെന്താണെടാ?
- വേണു:
- കലാപരിപാടികൾ-നൃത്തം, സംഗീതം, നാടകം…
- ഡോക്ടർ ശ്രീധരൻ:
- മതിമതി. എല്ലാവരും ചേർന്നുള്ള നൃത്തം… ആണും പെണ്ണും ഭേദമില്ലാതെ.
- വേണു:
- (സഹികെട്ടു്) അതു് മാന്യന്മാരുടെ ക്ലബ്ബിലാവും.
- ഡോക്ടർ ശ്രീധരൻ:
- അല്ലെടാ; നിന്റെ കലാലയത്തിൽ. ആ പെണ്ണെന്തുചെയ്യുന്നു.
- വേണു:
- ഏതു് പെണ്ണു്?
- ഡോക്ടർ ശ്രീധരൻ:
- കുമാരി ഗൗരിയില്ലേ? നിങ്ങളുടെ സ്റ്റാർ. നീയവളുടെ എത്രാമത്തെ കാമുകനാണു്?
- വേണു:
- (ശുണ്ഠിയെടുത്തു്) ജ്യേഷ്ഠാ, ജ്യേഷ്ഠൻ നിലവിട്ടു് സംസാരിക്കരുതു്.
- ഡോക്ടർ ശ്രീധരൻ:
- (മുൻപോട്ടടുത്തു്) എന്താ സംസാരിച്ചാൽ? ഏങ്? എന്താ?
ഡോക്ടർ ശ്രീധരൻ മുമ്പോട്ടു നീങ്ങുമ്പോൾ മറുവശത്തുകൂടെ അവരുടെ രണ്ടുപേരുടേയും അനുജൻ ഭാസി പ്രവേശിക്കുന്നു. ഫുട്ബോൾ വേഷം. ഒരു ചെറുനാരങ്ങ കടിച്ചു് അതിന്റെ രസം മുത്തിക്കുടിച്ചാണു് വരവു്. നേരേ അകത്തേക്കു് പോകുന്നു. ഡോക്ടർ ശ്രീധരൻ രൂക്ഷമായി നോക്കുന്നു.
- ഡോക്ടർ ശ്രീധരൻ:
- ഭാസീ… ഭാസീ… (ഭാസി തിരിച്ചു വരുന്നു.) ഇത്ര താമസിക്കുന്നതുവരെ നീ പുറത്തെവിടെയായിരുന്നു?
- ഭാസി:
- ഇന്നൊരു ഫുട്ബോൾ മേച്ചുണ്ടായിരുന്നു.
- ഡോക്ടർ ശ്രീധരൻ:
- രാത്രിയാണോ മേച്ച്? ഇപ്പോൾ സമയമെന്തായി? എടാ, പത്തുമണിക്കു് മുമ്പെങ്കിലും വീട്ടിലെത്താൻ വയ്യേ? എന്താണെടാ നിന്റെയൊക്കെ ലക്ഷ്യം?
- ഭാസി:
- ഗോൾപോസ്റ്റ്.
വേണു പെട്ടെന്നു് ചിരിക്കുന്നു.
- ഡോക്ടർ ശ്രീധരൻ:
- (കലശലായ ശുണ്ഠിയോടെ) നിങ്ങളൊക്കെ കുടുംബം നശിപ്പിക്കാൻ പിറന്നതാണു്. ഒരുത്തന്റെ ലക്ഷ്യം ഗോൾപോസ്റ്റ്. മറ്റവന്റേതു് കലാലയം. എടാ, ഇനി രാത്രി പുറത്തിറങ്ങരുതു്. എട്ടുമണിക്കു് മുമ്പെ ഇവിടെ എത്തിക്കൊള്ളണം. ഉം… പൊയ്ക്കോളൂ.
ഭാസി പോകുന്നു.
- ഡോക്ടർ ശ്രീധരൻ:
- (വീണ്ടും വേണുവിന്റെനേർക്കു് തിരിഞ്ഞു്) ഇന്നു രണ്ടിലൊന്നു് തീരുമാനിക്കണം.
- വേണു:
- എന്തു് തീരുമാനിക്കാൻ?
- ഡോക്ടർ ശ്രീധരൻ:
- ഒന്നുകിൽ നീ ആ കലാലയവുമായുള്ള ബന്ധം അവസാനിപ്പിക്കണം. അല്ലെങ്കിൽ ഈ വീടുമായുള്ളതു്.
വേണു മറുപടി പറയാൻ അല്പം പരുങ്ങുന്നു. അകത്തുനിന്നു് ആദ്യത്തെ ശോകഗാനം വീണ്ടും കേട്ടുതുടങ്ങുന്നു. ഡോക്ടർക്കു് അതു് കേട്ടു് വിറളിപിടിക്കുന്നു.
- ഡോക്ടർ ശ്രീധരൻ:
- (വിളിക്കുന്നു) ശങ്കരാ… എടാ ശങ്കരാ!
ശങ്കരൻ ഓടിവരുന്നു.
- ശങ്കരൻ:
- ഓ!
- ഡോക്ടർ ശ്രീധരൻ:
- അവളോടു് ആ സംഗീതമൊന്നു് നിർത്താൻ പറേടാ. ഇവിടെക്കിടന്നു് മനുഷ്യൻ പൊറുത്തോട്ടെ. (ശങ്കരൻ അനുസരിച്ചു് പോകുന്നു.) ഒരു നാടകക്കാരനെ ഇവിടെ വെച്ചുപൊറുപ്പിക്കാൻ ഞാനുദ്ദേശിക്കുന്നില്ല.
- വേണു:
- ജ്യേഷ്ഠാ, നാടകം പകർച്ചവ്യാധിയൊന്നുമല്ല.
- ഡോക്ടർ ശ്രീധരൻ:
- ആണെങ്കിൽ ഞാൻ ചികിത്സിച്ചു് മാറ്റുമായിരുന്നു.
- വേണു:
- സഹോദരബന്ധം തകർക്കാൻ മാത്രമുള്ള അപകടമൊന്നും അതിലില്ല.
- ഡോക്ടർ ശ്രീധരൻ:
- നീയെന്നെ പഠിപ്പിക്കാൻ തുടങ്ങരുതു്. ചോദിച്ചതിനുത്തരം പറയൂ.
- വേണു:
- ഇപ്പഴതിന്നു പറ്റിയ സന്ദർഭമല്ല.
- ഡോക്ടർ ശ്രീധരൻ:
- ഈ സന്ദർഭത്തിലെന്താണു് കുറ്റം?
- വേണു:
- സ്വബോധമുള്ളപ്പോൾ പറയേണ്ട കാര്യമാണതു്.
- ഡോക്ടർ ശ്രീധരൻ:
- ആർക്കാണു് സ്വബോധമില്ലാത്തതു്?
- വേണു:
- ജ്യേഷ്ഠനു്…
- ഡോക്ടർ ശ്രീധരൻ:
- എടാ, നിന്റെ അധികപ്രസംഗമുണ്ടല്ലോ. അതു് ഇന്നു് അവസാനിപ്പിക്കണം… (ഓടിച്ചെന്നു് ഷർട്ടിൽ പിടിക്കുന്നു.) ധിക്കാരം പറയുന്നതു് കുറച്ചു് സൂക്ഷിച്ചുവേണം. പറേടാ, ഒരു പ്രാവശ്യംകൂടി നീയതു പറ. നീയെന്നെ പഠിപ്പിക്കരുതു്.
- വേണു:
- ജ്യേഷ്ഠൻ സ്വയം പഠിച്ചാൽ മതി.
- ഡോക്ടർ ശ്രീധരൻ:
- എന്തു്? ഞാനിനിയെന്തു് പഠിക്കാൻ? ഈ ജ്യേഷ്ഠന്റെ പഠിപ്പുകൊണ്ടാണു് നിന്നെയും മറ്റുള്ളവരെയും പോറ്റുന്നതു്. എടാ, എന്റെ മുഖത്തു് നോക്കി അധികപ്രസംഗം പറയാനുള്ള ചങ്കൂറ്റം നിനക്കുണ്ടാക്കിത്തന്നതു് ആ പഠിപ്പാണു്.
- വേണു:
- കണക്കുകൂട്ടരുതു്.
- ഡോക്ടർ ശ്രീധരൻ:
- എന്തു്!
- വേണു:
- അങ്ങനെ കണക്കുകൂട്ടിയാൽ…
- ഡോക്ടർ ശ്രീധരൻ:
- കൂട്ടിയാൽ?
- വേണു:
- പലർക്കും പല കണക്കും കൂട്ടാനുണ്ടാവും. അപ്പോൾ നമ്മുടെയൊക്കെ ബന്ധം പലചരക്കുകടയിലെ ബന്ധമാവും.
- ഡോക്ടർ ശ്രീധരൻ:
- എന്നോടൊരുത്തനും കണക്കുപറയില്ല.
- വേണു:
- അകത്തിരിക്കുന്ന അച്ഛനെ മറക്കരുതു്.
- ഡോക്ടർ ശ്രീധരൻ:
- അച്ഛനോടുള്ള ചുമതലയുടെ പേരിൽ നിന്നെയും മറ്റും പോറ്റേണ്ട ആവശ്യമെനിക്കില്ല.
- വേണു:
- ഇല്ലെങ്കിൽ വേണ്ട. എനിക്കിങ്ങനെ വർത്തമാനം പറയാൻ വയ്യ. മടുത്തു. (പോകാൻ തുടങ്ങുന്നു.)
- ഡോക്ടർ ശ്രീധരൻ:
- (കലശലായ ശുണ്ഠിയോടെ ഓടിച്ചെന്നു് പിടിച്ചു്) ഇവിടെ വാടാ. ഇത്രനേരവും പറഞ്ഞതു് നിന്നോടല്ലേ? (വേണുവിനെപ്പിടിച്ചു് രംഗമധ്യേ കൊണ്ടുവരുന്നു.) കുറച്ചൊരനുസരണം കാണിച്ചാൽ ഒരബദ്ധവുമില്ല. ധിക്കാരം! അതിരു കടന്ന ധിക്കാരം!
പിടിവിട്ടു് മാറിനിന്നു് വേണുവിനെ രൂക്ഷമായി നോക്കുന്നു. ഡോക്ടർ ശ്രീധരന്റെ ഭാര്യ ജയശ്രീ, അകത്തുനിന്നു വരുന്നു. അല്പമൊന്നു് ഞെട്ടുന്നു. ഇരുവരുടേയും നടുവിലായി നില്ക്കുന്നു. ഡോക്ടർ ശ്രീധരൻ രണ്ടു പേരേയും മാറിമാറി, ദഹിപ്പിക്കാൻ മട്ടിൽ നോക്കുന്നു.
- ജയശ്രീ:
- (മുഖത്തുള്ള സ്ഥായിയായ ദീനഭാവം മാറ്റി മന്ദഹസിക്കാൻ ശ്രമിച്ചു്) എന്താണിവിടെ നടക്കുന്നതു്?
- ഡോക്ടർ ശ്രീധരൻ:
- നീയാരാണു് ചോദിക്കാൻ ഇപ്പഴെന്തിനിങ്ങട്ടു കടന്നുവന്നു?
- ജയശ്രീ:
- ഈ ബഹളമൊക്കെ എന്തിന്റെ പേരിലാണു്.
- ഡോക്ടർ ശ്രീധരൻ:
- നീ വീട്ടുകാര്യമന്വേഷിക്കാൻ വന്നതാണോ? നിനക്കതിനൊക്കെ നേരമുണ്ടോ? (പുച്ഛഭാവം) ഇക്കാര്യത്തിൽ തലയിട്ടു് വിഷമിക്കണ്ട. അകത്തുചെന്നിരുന്നു് പാടിക്കോളൂ.
- ജയശ്രീ:
- പാടുന്നതൊരപരാധമാണോ?
- ഡോക്ടർ ശ്രീധരൻ:
- തുടങ്ങി, ഇനി നിന്റെവകയാവട്ടെ. നാടകത്തിന്റെ ഗുണം കേട്ടുകഴിഞ്ഞതേയുള്ളൂ. ഇനി സംഗീതത്തിന്റെ ഗുണമായി.
- ജയശ്രീ:
- നല്ല കാര്യങ്ങളൊന്നും കേൾക്കാൻ പാടില്ലേ?
- ഡോക്ടർ ശ്രീധരൻ:
- (അലറുന്നു) ജയേ! അധികപ്രസംഗം പറയാതെ അകത്തേക്കു് കടന്നുപൊക്കോളു! ഞാൻ വളരെ ചീത്തയായ സമയമാണു്.
- ജയശ്രീ:
- ഇയ്യിടെ എപ്പോഴും അങ്ങനെയാണു്.
- ഡോക്ടർ ശ്രീധരൻ:
- നീയകത്തു് പോകുന്നുണ്ടോ?
- ജയശ്രീ:
- (ചിരിക്കാൻ ശ്രമിച്ചുകൊണ്ടു്) പോയില്ലെങ്കിൽ?
- ഡോക്ടർ ശ്രീധരൻ:
- അടിച്ചു് ഞാൻ പുറത്തിറക്കും. നിന്റെ നോട്ടവും കലാലയത്തിലേക്കാണെങ്കിൽ ഇവന്റെ പിറകെ നീയും ഇറങ്ങിക്കോളു.
ജയശ്രീ ചെവിപൊത്തുന്നു. വേണു എന്തോ പറയാൻ ഭാവിച്ചു് ഡോക്ടർ ശ്രീധരനെ നോക്കുന്നു. വൃദ്ധൻ പിറകിൽനിന്നു് വരുന്നു.
- വൃദ്ധൻ:
- (അല്പമൊരു കണ്ഠമിടർച്ചയോടെ) നിങ്ങളെല്ലാം കൂടി ഇവിടെയൊരു കുരുക്ഷേത്രമാക്കും. ശ്രീധരാ, നീ അകത്തു പോവുന്നുണ്ടോ? ആ ഉടുപ്പൊക്കെ മാറ്റി ചെന്നു് കുളിക്കൂ… (ഡോക്ടർ ശ്രീധരൻ ഒന്നും പറയാതെ അകത്തേക്കു് പോകുന്നു.) റിഹേഴ്സൽ ഇന്നു് ഇവിടെവെച്ചായിരുന്നു, ഇല്ലേ? എന്റെ ഭാഗ്യത്തിനു് കൊലപാതകം മാത്രം നടന്നില്ല.
- വേണു:
- ഞാൻ നിർദ്ദോഷിയാണച്ഛാ.
- വൃദ്ധൻ:
- ഞാൻ കുറ്റക്കാരെ കണ്ടുപിടിക്കാൻവേണ്ടി പറഞ്ഞതല്ല നീതിന്യായക്കോടതിയിലെത്തുമ്പോൾ ആ ചുമതല അധികാരികൾ നിർവഹിച്ചുകൊള്ളും. (അസ്വസ്ഥതയോടെ നടക്കുന്നു.) ഇതൊക്കെ നിന്റെ കൊള്ളരുതായ്മയാണു്.
- വേണു:
- അച്ഛാ…
- വൃദ്ധൻ:
- വല്ല ജോലിയും സമ്പാദിച്ചാൽ മറ്റുള്ളവരുടെ ആക്ഷേപം കേൾക്കാതെ മാനമായി ജീവിക്കാം. അതു് നിനക്കാവില്ലല്ലോ. കേട്ടോളൂ, വേണ്ടത്ര.
വേണു ഒന്നും മിണ്ടാതെ വിചാരമഗ്നനായി കടന്നുപോകുന്നു. ജയശ്രീ മുഖം പൊത്തി അല്പാല്പം വിങ്ങുന്നു.
- വൃദ്ധൻ:
- നിയെന്തിനാ ജയേ കരയുന്നതു്? ഈ വഴക്കുകളിലൊക്കെ തലയിടാൻ എന്തിനു വരണം?
- ജയശ്രീ:
- എപ്പോഴും സഹിക്കാൻ പാടില്ലാത്ത വാക്കുകളാണച്ഛാ പറയുന്നതു്.
- വൃദ്ധൻ:
- നിന്റെ ആവലാതിയതാണു്. ഈ വീട്ടിൽ ആവലാതിയില്ലാത്തവർ ചുരുങ്ങും. അകത്തേക്കു് ചെല്ലൂ. അവന്റെ ആവശ്യങ്ങളെന്തെന്നന്വേഷിക്കൂ. മുഖം വീർപ്പിച്ചു് നിന്നു് ഇനിയും വഴക്കുണ്ടാക്കേണ്ട.
- ജയശ്രീ:
- ഞാനങ്ങു് ചെന്നാൽ വഴക്കു് മൂക്കുകയേ ഉള്ളൂ.
- വൃദ്ധൻ:
- നിനക്കതു് പരിചയമില്ലാത്തതല്ലല്ലോ. ചെല്ലൂ അങ്ങട്ടു്.
ജയശ്രീ പോകുന്നു. വൃദ്ധൻ ആലോചനാമഗ്നനായി നടക്കുന്നു.
—യവനിക—