ഡോക്ടർ ശ്രീധരന്റെ വീടു്. ഒന്നാം രംഗത്തിലെ സജ്ജീകരണങ്ങൾ, രാവിലെ എട്ടരമണി. ഭാസി ഒരു സ്പോർട്സ് മാഗസിൻ വായിച്ചുകൊണ്ടു് കസേരയിൽ ഇരിക്കുന്നു. ശങ്കരൻ മുട്ടുകുത്തി നിലത്തിരുന്നു് അതിന്റെ പുറത്തുള്ള ചിത്രങ്ങൾ നോക്കുന്നു.
- ശങ്കരൻ:
- ഹായ് (സാദ്ഭുതം) ഇതാരാണു് തടിച്ചു് നല്ല കുഭേരൻ!
- ഭാസി:
- ആരാണെടോ? (മാസികയുടെ പുറംചട്ട നോക്കുന്നു.)
- ശങ്കരൻ:
- ഇതാ, ഈ ചിത്രം! കുഭേരൻതന്നെ?
- ഭാസി:
- അതൊരു റഷ്യൻ കോച്ചാണു്.
- ശങ്കരൻ:
- വെറുതെയല്ല തടിച്ചതു്. പണി കോച്ചലല്ലേ? (ഭാസി ചിരിക്കുന്നു.) ഈ റഷ്യൻ കോച്ചൽ എനിക്കൊന്നു് പഠിക്കണം. എന്നിട്ടു് ആ പ്രൊപ്രൈറ്ററോടൊന്നു് പയറ്റിനോക്കണം. അങ്ങോർ മൂരാച്ചിയാണു്. പിരിവൊക്കെ അടിച്ചുവാരി കീശയിലാക്കും.
- ഭാസി:
- ശങ്കരാ, ‘കോച്ച് കോച്ചെ’ന്നിവിടെ പറഞ്ഞതു് പോക്കറ്റടിയോ ആളെത്തോല്പിക്കലോ അല്ല.
- ശങ്കരൻ:
- പിന്നെ?
- ഭാസി:
- ഫുട്ബോൾ പഠിപ്പിക്കുന്നതിന്റെ പേരാണു്. ഇയാൾ നല്ല കളിക്കാരനാണു്.
- ശങ്കരൻ:
- ഓഹോ! എന്നാൽ പോട്ടെ.
- ഭാസി:
- ഏങ്? എന്താ? അത്ര നിസ്സാരമാക്കിത്തള്ളിയതു്.
- ശങ്കരൻ:
- എനിക്കീ ഫുട്ബോൾ കളി കണ്ടു കൂടാ.
- ഭാസി:
- കാരണം?
- ശങ്കരൻ:
- അതു് കുറച്ചൊരന്തസ്സും മറ്റുമുള്ളവർക്കു് പറ്റിയ കളിയല്ല.
- ഭാസി:
- വലിയ അന്തസ്സുകാരൻ! ശങ്കരാ, ഇന്നു് നല്ലൊരു ഫുട്ബോൾ കളിക്കാരനു് ഒരു പ്രധാനമന്ത്രിയുടെ ബഹുമാനമാണു്.
- ശങ്കരൻ:
- പിന്നെയല്ലാതെ?
- ഭാസി:
- നല്ല കാര്യങ്ങളെന്തെങ്കിലും നീ വിശ്വസിച്ചിട്ടുണ്ടോ? എല്ലാം പോട്ടെ; പത്തോ ഇരുപതിനായിരമോ ആളുകളെ നീ ഒരുമിച്ചു് കണ്ടിട്ടുണ്ടോ?
- ശങ്കരൻ:
- (പാരവശ്യത്തോടെ) ഓ, അക്കഥമാത്രം എന്നെക്കൊണ്ടു് പറയിക്കരുതു്.
- ഭാസി:
- ഏതു് കഥ?
- ശങ്കരൻ:
- അതു് വിചാരിക്കുമ്പോ ശരീരം ആസകലം വിറയ്ക്കും. (കൈ വിറപ്പിച്ചു്) കണ്ടോ, കണ്ടോ, വിയർപ്പു് കുത്തിയൊലിക്കും. (നെറ്റിയിൽനിന്നു് വിയർപ്പു് വടിക്കുന്നു.) ദാഹം വരും; കാഴ്ച കുറയും…
- ഭാസി:
- ശങ്കരാ, നീ കാര്യം പറ.
- ശങ്കരൻ:
- ഇരുപതിനായിരം ആളുകളെ ഒരുമിച്ചൊരു ദിവസം ഞാൻ കണ്ടു.
- ഭാസി:
- എങ്ങനെ?
- ശങ്കരൻ:
- ഒരു ദിവസം ഉച്ചയ്ക്കു് കാർ കൊണ്ടുചെന്നു് ഞാനൊരു കുട്ടിയുടെ മേലു് മുട്ടിച്ചു. വന്നല്ലോ, നിങ്ങളു് പറഞ്ഞ ഇരുപതിനായിരമാളുകളൊരുമിച്ചു്! ചിലരുടെ കണ്ണു് ഓരോ മച്ചിങ്ങയോളമുണ്ടു്-ചുകന്നിട്ടു്. ചിലരു് കുപ്പായത്തിന്റെ കൈ വലിച്ചു് കേറ്റിയിരിക്കുന്നു. ചിലരു് മുഷ്ടി ചുരുട്ടിപ്പിടിച്ചിരിക്കുന്നു. ശങ്കരനെ ബഹുമാനിക്കാൻ വരുന്നതാണു്!
- ഭാസി:
- എന്നിട്ടു്, ബഹുമാനിച്ചോ?
- ശങ്കരൻ:
- അവിടെ ദൈവം തുണച്ചു. അതല്ലേ ഭാഗ്യം! അടുത്തു് വന്നാൽ ശങ്കരന്റെ രോമം തൊടാൻ ഒരാൾക്കു് ധൈര്യം വരില്ല.
- ഭാസി:
- നിന്നെപ്പേടിച്ചു് ജനങ്ങൾ തല്ലാതെ പോയെന്നോ?
- ശങ്കരൻ:
- പേടിച്ചിട്ടുതന്നെ.
- ഭാസി:
- നുണ.
- ശങ്കരൻ:
- എന്നുവെച്ചാൽ ജനങ്ങൾ കാറിനു് ചുറ്റും വന്നു് നോക്കുമ്പോൾ ശങ്കരൻ മരിച്ചിരിക്കുന്നു.
- ഭാസി:
- എന്തു്?
- ശങ്കരൻ:
- ഉം. മരിച്ചിരിക്കുന്നു. ശ്വാസംകൂടിയില്ല. എടുത്തു് വേഗം ആശുപത്രിയിലേല്പിച്ചു. പിന്നെ ബോധം വന്നതു് ഒരാഴ്ച കഴിഞ്ഞിട്ടാണു്.
- ഭാസി:
- ജനങ്ങൾ നിന്നെ തല്ലാതിരുന്നതു് പേടിച്ചിട്ടുതന്നെ; സമ്മതിച്ചു. പക്ഷേ, ഞാനിവിടെ പറഞ്ഞ ആളുകൾ വേറെയാണു്. ഫുട്ബോൾകളിക്കാരനെ സ്നേഹിക്കുകയും അവനെ ബഹുമാനിക്കുകയും നിരത്തു് നീളെ തോളിലേറ്റിക്കൊണ്ടു് നടക്കുകയും ചെയ്യുന്ന ജനങ്ങൾ ഒരു ദിവസം നീ കാണും ശങ്കരാ.
- ശങ്കരൻ:
- എന്തു്?
- ഭാസി:
- ഈ നിരത്തിലൂടെ ജനങ്ങൾ എന്നെ തോളിലേറ്റി ആവേശപൂർവം ആർപ്പും വിളിച്ചു് പോകുന്നതു്.
- ശങ്കരൻ:
- തോളിലെടുക്കാൻ സമ്മതിക്കരുതു് കേട്ടോ?
- ഭാസി:
- അതെന്താ?
- ശങ്കരൻ:
- ആവേശം വന്ന ജനങ്ങളെ വിശ്വസിക്കാൻ പറ്റില്ല; ആവേശം തണിഞ്ഞാൽ അവർ താഴത്തിടും. അപ്പൊ ഊര ഡാമേജാവുകയും ചെയ്യും.
വൃദ്ധൻ അകത്തുനിന്നു് കടന്നുവരുന്നു. ഭാസി വൃദ്ധനെ കണ്ടയുടനെ എഴുന്നേറ്റു് അകത്തേക്കു് പോകുന്നു.
- വൃദ്ധൻ:
- (ശങ്കരനോടു്) ഇന്നു് ശ്രീധരൻ വീട്ടിലേക്കു് വരുന്നില്ലേ?
- ശങ്കരൻ:
- എന്നോടു് കാത്തുനില്ക്കേണ്ടെന്നു് പറഞ്ഞു.
- വൃദ്ധൻ:
- വല്ല സ്ഥലത്തും പോകാനുദ്ദേശിക്കുന്നുണ്ടോ?
- ശങ്കരൻ:
- അറിഞ്ഞുകൂടാ.
- വൃദ്ധൻ:
- ശരി (ഒരിടത്തു് ചെന്നു് മെല്ലെ ആലോചനാമഗ്നനായി ഇരിക്കുന്നു. ശങ്കരൻ അകത്തേക്കു് പോകാൻ തുടങ്ങുന്നു.) നീ കാർത്ത്യായനിയോടിങ്ങട്ടു് വരാൻ പറ.
ശങ്കരൻ തിരിഞ്ഞുനിന്നു് തലകുലുക്കി പോകുന്നു. വൃദ്ധൻ പിന്നേയും ആലോചനാമഗ്നനാവുന്നു. കാർത്ത്യായനി അമ്മ പ്രവേശിക്കുന്നു.
- കാർത്ത്യായനി അമ്മ:
- എന്തേ വിളിച്ചതു്?
- വൃദ്ധൻ:
- ഇന്നു് ആകെക്കൂടി ഒരു പന്തികേടു്.
- കാർത്ത്യായനി അമ്മ:
- ആർക്കു്?
- വൃദ്ധൻ:
- ഈ വീടിന്നു്, വേണു വന്നില്ലേ?
- കാർത്ത്യായനി അമ്മ:
- അവനകത്തെന്തോ വായിച്ചുകൊണ്ടിരിക്കുയാണു്.
- വൃദ്ധൻ:
- ശ്രീധരൻ മാത്രം വന്നില്ല, അല്ലേ?
- കാർത്ത്യായനി അമ്മ:
- ഇല്ല.
- വൃദ്ധൻ:
- അവനെന്താ വരാത്തതു്?
- കാർത്ത്യായനി അമ്മ:
- ഞാനെങ്ങനെ അറിയും?
- വൃദ്ധൻ:
- (അസ്വസ്ഥതയോടെ എഴുന്നേറ്റു്) പോകുമ്പോൾ നിന്നോടവൻ വല്ലതും പറഞ്ഞോ?
- കാർത്ത്യായനി അമ്മ:
- നിങ്ങൾക്കെന്താ ഒരു പരിഭ്രമം?
- വൃദ്ധൻ:
- നീ ചോദിച്ചതിനുത്തരം പറഞ്ഞാൽ മതി.
- കാർത്ത്യായനി അമ്മ:
- എന്നോടൊന്നും പറഞ്ഞിട്ടില്ല. പറയുന്ന പതിവുമില്ല.
- വൃദ്ധൻ:
- പതിവിനെപ്പറ്റി ഞാൻ ചോദിച്ചില്ല.
- കാർത്ത്യായനി അമ്മ:
- ഇല്ലെങ്കിൽ വേണ്ട (പോകാൻ തുടങ്ങുന്നു.)
- വൃദ്ധൻ:
- അവിടെ നില്ക്കൂ… ജയശ്രീ ചെന്നു് കിടന്നോ?
- കാർത്ത്യായനി അമ്മ:
- ഇല്ല; അടുക്കളയിലുണ്ടു്.
- വൃദ്ധൻ:
- എന്തു ചെയ്യുന്നു?
- കാർത്ത്യായനി അമ്മ:
- അങ്ങട്ടു ചെന്നു നോക്കു. ഇന്നെന്താ എല്ലാവരേയും ഒരു ഹാജരു് വിളിക്കലു്!
- വൃദ്ധൻ:
- കാർത്ത്യായനീ, ആ സത്യം ഞാൻ തുറന്നു പറയുന്നു.
- കാർത്ത്യായനി അമ്മ:
- ഏതു് സത്യം?
- വൃദ്ധൻ:
- ശ്രീധരൻ സംശയിക്കുന്നുണ്ടു്.
- കാർത്ത്യായനി അമ്മ:
- എന്തു്?
- വൃദ്ധൻ:
- നിനക്കു് ബുദ്ധിയില്ലേ? അവനു് ജയശ്രീയുടെ പേരിലും വേണുവിന്റെ പേരിലും…
- കാർത്ത്യായനി അമ്മ:
- ഇതൊക്കെ നിങ്ങളിരുന്നു് ഊഹിച്ചുണ്ടാക്കുന്ന കാര്യങ്ങളാണു്. വയസ്സുകാലത്തു് വേറേ തൊഴിലൊന്നുമില്ലല്ലോ!
- വൃദ്ധൻ:
- ആ സംശയം… അതീ കുടുംബത്തെ നശിപ്പിക്കും. അതിന്റെ സമയവും അടുത്തെത്തിക്കഴിഞ്ഞു.
- കാർത്ത്യായനി അമ്മ:
- അങ്ങനെ വല്ലതും ശ്രീധരനഭിപ്രായമുണ്ടെങ്കിൽ വേണുവെന്തിന്നു് ഈ വീട്ടിൽ നില്ക്കണം?
- വൃദ്ധൻ:
- പിന്നെ അവനെന്തു് ചെയ്യണം?
- കാർത്ത്യായനി അമ്മ:
- രാജ്യം വിട്ടു് പോകരുതേ? വല്ല സ്ഥലത്തും ചെന്നു് മാന്യമായ തൊഴിലിലേർപ്പെടരുതേ?
- വൃദ്ധൻ:
- ഒരു സത്യം കൂടി ഞാൻ പറയുന്നു. നീയൊരമ്മയല്ല.
- കാർത്ത്യായനി അമ്മ:
- അല്ലെങ്കിൽ വേണ്ട.
- വൃദ്ധൻ:
- അമ്മമാരുടെ കൈയിൽ സ്നേഹം തൂക്കുന്ന ഒരു പൊൻതുലാസ്സാണുള്ളതു്. പക്ഷഭേദമില്ലാതെ ഉള്ളതത്രയും മകൾക്കു് തൂക്കി വീതിച്ചുകൊടുക്കുക. നീയതു് വലിച്ചെറിഞ്ഞു. ആളെ നോക്കി വാരിക്കൊടുക്കുകയാണു് നിന്റെ പതിവു്.
- കാർത്ത്യായനി അമ്മ:
- നിങ്ങൾക്കു് ഭ്രാന്തുണ്ടോ?
- വൃദ്ധൻ:
- എന്റെ മനശ്ശക്തികൊണ്ടു് എനിക്കു് ഭ്രാന്തെടുക്കുന്നില്ല. ഈ കുഴപ്പത്തിന്റെ മുഴുവൻ അടിസ്ഥാനകാരണം നീയാണു്.
- കാർത്ത്യായനി അമ്മ:
- മക്കളെ ശാസിച്ചു് വളർത്താനറിയാതെ താന്തോന്നികളാക്കിയിട്ടു് അവരെക്കൊണ്ടു് ശല്യമായപ്പോൾ എന്റെ പേരിൽ കുറ്റം ചുമത്തുക!
- വൃദ്ധൻ:
- കുറ്റം ചുമത്തിയതുകൊണ്ടൊന്നും ഇനി കാര്യമില്ല. നീ നിന്റെ മനഃസ്സാക്ഷിയോടു് ചോദിക്കൂ. ഈ മൂന്നു മക്കളേയും ഒപ്പം സ്നേഹിക്കാനുള്ള കഴിവു് നിനക്കിന്നുണ്ടോ? ശ്രീധരന്റെ പദവിയിലും അവന്റെ പണത്തിലും നിന്റെ സ്നേഹം മുഴുവൻ അങ്ങോട്ടു് ചോർന്നുപോയില്ലേ? നീയൊരമ്മയാണോ?
- കാർത്ത്യായനി അമ്മ:
- ഞാൻ സന്ന്യസിക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ല. അവൻ അദ്ധ്വാനിക്കുന്നവനാണു്; കുടുംബം പുലർത്തുന്നവനാണു്. അവനോടല്പം പ്രത്യേകത കാണിക്കുന്നതിൽ തെറ്റില്ല.
- വൃദ്ധൻ:
- ആ പ്രത്യേകത, അതാണു് കുടുംബത്തിന്റെ നാശം. നിന്റെ മുമ്പിൽവെച്ചുതന്നെ ഈ കുടുംബം നശിക്കും. നീയതു നോക്കി നില്ക്കും.
- കാർത്ത്യായനി അമ്മ:
- നിങ്ങൾക്കു് വേറെ വല്ലതും പറയാനുണ്ടോ?
- വൃദ്ധൻ:
- ആ ശങ്കുണ്ണിനായർ, പാവം! അയാൾക്കീ ലോകത്തോടു് ഒരേയൊരു ബന്ധമുള്ളതു് ആ മകളാണു്. കാർത്ത്യായനീ, ആ വൃദ്ധന്റെ ഒരേയൊരു ശാപം മതി, നമ്മളൊക്കെ വെന്തു വെണ്ണീറാവാൻ.
- കാർത്ത്യായനി അമ്മ:
- സന്നിജ്വരം പിടിച്ചപോലെ അവിടെ നിന്നു് പിറുപിറുത്തോളു. (പോകുന്നു.)
- വൃദ്ധൻ:
- പാവം! ഓമനിച്ചു് വളർത്തിയമകൾ. അവളെ ഒരു കാട്ടാളന്റെ കൈയിലേല്പിച്ചു. (ഉറക്കെ) വേണൂ… വേണൂ…
- വേണു:
- (അകത്തുനിന്നു്) എന്താണച്ഛാ?
- വൃദ്ധൻ:
- ഇവിടെ വാ.
വേണു പ്രവേശിക്കുന്നു.
- വേണു:
- എന്താണച്ഛാ?
- വൃദ്ധൻ:
- നിന്നോടു് എനിക്കു് പറയാൻ മടിയുണ്ടു്.
- വേണു:
- അച്ഛൻ പറയണം.
- വൃദ്ധൻ:
- ഇന്നീ വീട്ടിൽ എന്തെക്കെയോ സംഭവിക്കുമെന്നു് എനിക്കൊരു തോന്നൽ.
- വേണു:
- കാരണം?
- വൃദ്ധൻ:
- അതൊന്നും നീയെന്നോടു ചോദിക്കരുതു്. നീയെന്റെ മകനല്ലേ?
- വേണു:
- ഇതെന്തു ചോദ്യം?
- വൃദ്ധൻ:
- നിനക്കു് ബുദ്ധിയില്ലേ? നല്ല വഴി ചൂണ്ടിത്തന്നാൽ അതിലേ പോവാൻ നിനക്കു് മടിയുണ്ടോ?
- വേണു:
- ഇല്ലച്ഛാ, ഒരിക്കലുമില്ല.
- വൃദ്ധൻ:
- എന്നാൽ… (പറയാൻ വിഷമിക്കുന്നു)
- വേണു:
- എന്നാൽ?
- വൃദ്ധൻ:
- നീ… (പരുങ്ങുന്നു)
- വേണു:
- അച്ഛൻ പറയണം. എന്തുതന്നെയായാലും പറയണം.
- വൃദ്ധൻ:
- ഈ കുടുംബത്തിന്റെ രക്ഷയ്ക്കു വേണ്ടി നീയീ (തൊണ്ടയിടറുന്നു) വീടു വിട്ടു പോകണം.
- വേണു:
- എന്നെന്നേക്കുമായി പോവണോ അച്ഛാ?
- വൃദ്ധൻ:
- വേണ്ട കുട്ടീ… താല്ക്കാലികമായി നീയൊന്നു് വിട്ടുനില്ക്കണം… ഇവിടെ എന്തൊക്കെയോ സംഭവിക്കും. എന്തെന്നു് പറയാൻ വയ്യ. പലതും വിങ്ങിനില്ക്കുകയാണു്. ഒരു ചെറിയ ചലനംകൊണ്ടു് എല്ലാം പൊട്ടും. പൊട്ടിയാൽ പിന്നെ ഒന്നും ബാക്കിനില്ക്കില്ല. അതുകൊണ്ടു് എന്റെ കുട്ടി ഒന്നു് വിട്ടുനില്ക്കണം. (അസ്വസ്ഥതയോടെ നടക്കുന്നു) നിനക്കൊരു ജോലിയില്ല. ജീവിക്കാൻ മാർഗമില്ല… നീ കഷ്ടപ്പെടും… എന്നാലും കുറച്ചുകാലം… ഈ കുടുംബത്തിനുവേണ്ടി… എനിക്കു വേണ്ടി…
- വേണു:
- മതിയച്ഛാ… ഞാൻ സന്തോഷത്തോടെ പോകാം… എന്നെന്നേക്കുമായി, വേണമെങ്കിൽ-
- വൃദ്ധൻ:
- ഓ, അതൊന്നും പറയല്ലേ-
- വേണു:
- അച്ഛൻ വ്യസനിക്കരുതു്. അച്ഛന്റെ ഏതാഗ്രഹവും സാധിപ്പിക്കാൻ ഞാനൊരുക്കമാണു്. ഒരു വേദനമാത്രം… നിങ്ങളെയൊക്കെ വിട്ടുപിരിഞ്ഞു് നില്ക്കുന്നതിൽ… ഈ വീട്ടിൽ സമാധാനം നിലനിന്നുകാണാൻ ഞാനും ആഗ്രഹിക്കുന്നു.
അതുപറഞ്ഞവസാനിക്കുന്നതിനുമുൻപ് ഡോക്ടർ ശ്രീധരൻ, കോട്ടഴിച്ചു് തോളിൽ തുക്കി, അല്പം വിചാരമഗ്നനും കുറഞ്ഞൊരു മത്തുള്ളവനുമായി കടന്നു് വരുന്നു. ആരേയും ശ്രദ്ധിക്കാതെ അകത്തേക്കു് പോകാനാണു് ഭാവം.
- വേണു:
- (അല്പമൊന്നു് നിർത്തി വീണ്ടും ആരംഭിക്കുന്നു.) അച്ഛാ, അതിനുവേണ്ടി-ഈ വീട്ടിലെ സമാധാനത്തിനും, നിങ്ങളുടെയൊക്കെ സുഖത്തിനും വേണ്ടി-ഞാനെന്തും ചെയ്യാൻ തയ്യാറാണു്. (ഡോക്ടർ ശ്രീധരൻ തിരിഞ്ഞുനില്ക്കുന്നു-പകുതി മാത്രം.) അച്ഛന്റെ അഭിപ്രായം ഞാൻ സന്തോഷത്തോടെ സ്വീകരിച്ചു.
- വൃദ്ധൻ:
- (വേദനയോടെ) മോനേ, ഒരച്ഛനെ എത്രമാത്രം വേദനിപ്പിക്കുന്ന കാര്യമാണിതെന്നു് നീ മനസ്സിലാക്കുന്നുണ്ടോ ഈ അച്ഛൻ-
- വേണു:
- അതെ അച്ഛാ. അച്ഛന്റെ ധർമ്മസങ്കടം ഞാൻ മനസ്സിലാക്കുന്നുണ്ടു്. ഞാനിപ്പോൾത്തന്നെ പോകാം.
- ഡോക്ടർ ശ്രീധരൻ:
- (കുറച്ചുകൂടി അടുത്തുവന്നു് ചാഞ്ഞുനോക്കി) അവളെയും കൂട്ടണം. (വൃദ്ധൻ ഞെട്ടുന്നു. എന്താണു് ചെയ്യേണ്ടതെന്നറിയാതെ പരുങ്ങുന്നു.) ആ മുധേവിയില്ലേ?-അവളെ, അവൾ പാടും, അവൾ പാടട്ടെ. പാട്ടും ആട്ടവും. നിങ്ങൾ രണ്ടാളും ചേരും.
- വൃദ്ധൻ:
- (ആവുന്നത്ര ശക്തി ഉപയോഗിച്ചു്) ശ്രീധരാ!
- ഡോക്ടർ ശ്രീധരൻ:
- (ശ്രദ്ധിക്കാതെ) എന്താ നടനൊന്നും പറയാത്തതു്?
- വേണു:
- ജ്യേഷ്ഠാ, ആദ്യമൊക്കെ ഇതു് കേൾക്കുമ്പോൾ എനിക്കൊരു ഞെട്ടലുണ്ടായിരുന്നു. ഇപ്പോഴതില്ല. ജ്യേഷ്ഠനെന്തു് വേണമെങ്കിലും പറഞ്ഞോളൂ.
- ഡോക്ടർ ശ്രീധരൻ:
- നിന്റെ സമ്മതം തരലാണു് പറ്റാത്തതു്. പറയാനും ചെയ്യാനുമൊക്കെ എനിക്കെന്തിനെടാ നിന്റെ സമ്മതം? ഏങ്!
- വൃദ്ധൻ:
- എടാ ശ്രീധരാ, മനുഷ്യരായാൽ കുറച്ചെങ്കിലും ബുദ്ധി വേണം. ആ പാവപ്പെട്ട പെൺകുട്ടിയെ പഴിക്കാൻ നിനക്കെങ്ങനെ നാക്കു് പൊങ്ങുന്നു?
- ഡോക്ടർ ശ്രീധരൻ:
- ബുദ്ധി… അച്ഛാ, ബുദ്ധിയാണെന്നെ കുഴപ്പത്തിൽ ചാടിച്ചതു്. അതില്ലെങ്കിൽ ആയുഷ്കാലം മുഴുവൻ അവളെന്നെ വഞ്ചിക്കുമായിരുന്നു.
- വൃദ്ധൻ:
- ദുഷ്ടാ!-പരമദുഷ്ടാ!
- ഡോക്ടർ ശ്രീധരൻ:
- അതെ, അച്ഛനും എനിക്കെതിരാണു്. നിങ്ങളെല്ലാവരും യോജിച്ചു് എന്നെ തുലയ്ക്കാനുള്ള ഭാവമാണു്. (തിരിഞ്ഞു് രണ്ടടി നടന്നു് ആലോചനാപൂർവം ഒരിടത്തുനിന്നു് ഉറക്കെ വിളിക്കുന്നു.) അമ്മേ… അമ്മേ…
- കാർത്ത്യായനി അമ്മ:
- (അകത്തുനിന്നു്) എന്താ മോനേ?
- ഡോക്ടർ ശ്രീധരൻ:
- ഇങ്ങട്ടു വരൂ അമ്മേ. (കാർത്ത്യായനി അമ്മ അകത്തുനിന്നു് വരുന്നു. പിന്നിൽ ജയശ്രീയുമുണ്ടു്. ജയശ്രീ വാതിലിന്നടുത്തു് ശങ്കിച്ചു് നില്ക്കുന്നു.) ഇവിടെ എല്ലാവരും എനിക്കെതിരാണു്.
- കാർത്ത്യായനി അമ്മ:
- അയ്യയ്യോ! എന്താ ശ്രീധരാ, നീയിപ്പറയുന്നതു്!
- ഡോക്ടർ ശ്രീധരൻ:
- അതെ അമ്മെ, എല്ലാവരും എതിരാണു്. ഞാനിനി ഇവിടെ താമസിക്കില്ല.
- കാർത്ത്യായനി അമ്മ:
- നീയെങ്ങട്ട് പോവാൻ?
- വൃദ്ധൻ:
- അവൻ ഈ അച്ഛന്റെ പിണ്ഡംവെക്കാൻ പുറപ്പെട്ടതാണു്.
- ഡോക്ടർ ശ്രീധരൻ:
- അമ്മേ, ഞാനിന്നു് ഈ വീടു് വിട്ടു് പോകും.
- കാർത്ത്യായനി അമ്മ:
- എങ്ങട്ട്?
- ഡോക്ടർ ശ്രീധരൻ:
- അമ്മേ, ഞാൻ പൂവ്വും. (ഉറക്കെ) ശങ്കരാ… ശങ്കരാ…
- ശങ്കരൻ:
- (അകത്തുനിന്നു്) ഓ!
- ഡോക്ടർ ശ്രീധരൻ:
- ഇവിടെ വാടാ! ഈ വീട്ടിലെ മുഴുവൻ സാധനങ്ങളും എടുത്തു് കെട്ടണം.
- ശങ്കരൻ:
- എന്തു്?
- ഡോക്ടർ ശ്രീധരൻ:
- ചെവിടു് കേൾക്കില്ലേടാ? ഇല്ലേ? അകത്തു് ചെന്നു് സാധനങ്ങളൊക്കെ കെട്ടണം. തയ്യാറാക്കാൻ! (തിരിഞ്ഞു്) അമ്മേ, അമ്മ എന്റെ കൂടെ വരാനൊരുക്കമുണ്ടോ?
- കാർത്ത്യായനി അമ്മ:
- എങ്ങട്ടു് മോനേ?
- ഡോക്ടർ ശ്രീധരൻ:
- എങ്ങട്ടായാലും അമ്മയ്ക്കു് വന്നുകൂടെ?
- കാർത്ത്യായനി അമ്മ:
- അതിലെന്താ സംശ്യം? ജയകൂടി വരണ്ടേ?
- ഡോക്ടർ ശ്രീധരൻ:
- ജയയോ? ആരാണു് ജയ?
- കാർത്ത്യായനി അമ്മ:
- നീ ഭ്രാന്തുപറയുകയാണോ?
- വൃദ്ധൻ:
- നിനക്കിപ്പഴേ അതു് മനസ്സിലായിട്ടുള്ളൂ? നന്നായി! ഇപ്പോഴെങ്കിലും മനസ്സിലായല്ലോ?
- കാർത്ത്യായനി അമ്മ:
- ജയയും വന്നോട്ടെ മോനേ.
- ഡോക്ടർ ശ്രീധരൻ:
- ഞാനങ്ങനെയൊരുത്തിയെ അറിയില്ല.
- ജയശ്രീ:
- (മുൻപോട്ടുവന്നു്) എന്നാൽ അറിയാത്തവരെ എന്തിനിവിടെ നിർത്തണം. (ഡോക്ടർ ശ്രീധരൻ ശ്രദ്ധിക്കാതെ മുഖം തിരിക്കുന്നു.) ഈ പുച്ഛവും അവഹേളനവുമൊന്നും സഹിച്ചു് എനിക്കിവിടെ പാർക്കേണ്ട ആവശ്യമില്ല. എനിക്കൊരു് വീടുണ്ടു്. എന്നെ അങ്ങട്ടയച്ചേയ്ക്കു.
- വൃദ്ധൻ:
- മോളേ മോളെന്തിനാ ഈ ബഹളത്തിലേക്കു് വന്നതു്?
- ജയശ്രീ:
- (അല്പം തേങ്ങി) അച്ഛാ, കുറെയേറെ ഞാനിതു് സഹിച്ചു. ആരും കാണാതെ, ആരുമറിയാതെ, ഞാനെത്രയോ? കണ്ണീരൊഴുക്കിയിട്ടുണ്ടു്! ഇതെന്തിനുവേണ്ടി ഞാൻ സഹിക്കണമച്ഛാ? അച്ഛൻ പറയൂ. സ്നേഹത്തിന്റെ പ്രതിഫലം ഇതാണോ ആരാധനയുടെ പ്രതിഫലം ഇതാണോ? ആണോ അച്ഛാ?
- വൃദ്ധൻ:
- മോളേ, വിവേകം നശിച്ചാൽ ഇങ്ങനെ പലതുമുണ്ടാവും.
- ജയശ്രീ:
- ഞാനിനി സഹിക്കാനൊരുക്കമില്ല. പാവം എന്നെപ്പിരിഞ്ഞു് ഒരുനിമിഷം കഴിച്ചുകൂട്ടാൻ എന്റെ അച്ഛനു് വിഷമമാണു്. ഞാനവിടെച്ചെന്നു് എന്റെ അച്ഛനെ ശുശ്രൂഷിച്ചു് കഴിഞ്ഞുകൊള്ളാം.
- ഡോക്ടർ ശ്രീധരൻ:
- ആ തന്തയ്ക്കു് നിന്റെ ശവം പാഴ്സലാക്കേണ്ടതായിരുന്നു. പക്ഷേ, ഞാനതു് ചെയ്യുന്നില്ല. നീ ജീവിക്കണം.
- ജയശ്രീ:
- എന്നെ കൊന്നോളൂ. ഇതിലും ഭേദം മരണമാണു്.
- ഡോക്ടർ ശ്രീധരൻ:
- പാടില്ല, നീ ജീവിക്കണം. എന്നിട്ടു് എന്റെ ഉയർച്ച കണ്ടു് നീ അസൂയപ്പെടണം. നീ വ്യസനിക്കണം. (കോട്ട് വലിച്ചു് മേശപ്പുറത്തു് എറിയുന്നു. അകത്തേക്കു് ബദ്ധപ്പെട്ടു് പോകുന്നു.)
- വൃദ്ധൻ:
- (സാവകാശം രണ്ടടി നടന്നു്) വേണു, ഈ കുഴപ്പം കണ്ടറിയാൻ എനിക്കു് താമസം പറ്റി.
- വേണു:
- അച്ഛാ, അച്ഛനെ വേദനിപ്പിക്കേണ്ടിവന്നതിൽ ഞാൻ ലജ്ജിക്കുന്നു.
- വൃദ്ധൻ:
- നീ എന്തിനു് ലജ്ജിക്കണം?
- ജയശ്രീ:
- അച്ഛാ, ഇതിൽ ഒരാൾ മാത്രമേ ലജ്ജിക്കേണ്ടതുള്ളൂ.
- വൃദ്ധൻ:
- അവനു് ലജ്ജയില്ല; മോളേ.
- വേണു:
- ഇതൊരു വല്ലാത്ത പ്രശ്നമായി… ഈ ജ്യേഷ്ഠത്തിയുടെ കാര്യമാലോചിക്കുമ്പോൾ…
- ജയശ്രീ:
- ഇല്ല വേണു; എനിക്കൊന്നുമില്ല. എന്റെ അച്ഛനെ ശുശ്രൂഷിക്കാനുള്ള സൗകര്യമാണെനിക്കിപ്പോൾ കിട്ടുന്നതു്. ഞാനതിൽ സന്തോഷിക്കുന്നു. പിന്നെ ഈ അപവാദത്തിന്റെ കാര്യം, അതു് സാരമില്ല.
- വേണു:
- അങ്ങനെ തള്ളിക്കളയാനെളുപ്പമാണോ?
- ജയശ്രീ:
- ഞാൻ ഇതിലും വലിയ അപവാദം സഹിക്കാനൊരുക്കമാണു്. പക്ഷേ, അദ്ദേഹത്തിന്റെ അധഃപതനം അതെന്നെ വേദനിപ്പിക്കുന്നു. ആരംഭം മുതല്ക്കു് സർവ്വശക്തിയുമുപയോഗിച്ചു് ഞാനതിനെ ചെറുത്തു. പക്ഷേ, പരാജയപ്പെടുകയാണുണ്ടായതു്. തീർച്ചയായും ഞാൻ കൊള്ളാവുന്നൊരു ഭാര്യയല്ല. (തേങ്ങുന്നു) എനിക്കദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല.
- വൃദ്ധൻ:
- നീ കരയരുതു് ജയേ, നിന്റെ കണ്ണീരുകൂടി കാണുമ്പോൾ അച്ഛന്റെ ഹൃദയം തകരുന്നു. ആരും ആരേയും കുറ്റപ്പെടുത്തിയിട്ടു് കാര്യമില്ല. അങ്ങനെ ചിന്തിക്കുമ്പോൾ ഇതെന്റെ കുറ്റമാണു്. അവൻ എന്റെ മകനല്ലേ? അവനെ നിയന്ത്രിച്ചു് വളർത്തേണ്ട ചുമതല എനിയ്ക്കില്ലേ?
- കാർത്ത്യായനി അമ്മ:
- ഓ, അവൻ അകത്തേക്കു് പാഞ്ഞുപോയതെന്തിനാവോ? വല്ല അവിവേകവും കാണിക്ക്യോ!
- വൃദ്ധൻ:
- അവൻ അവിവേകമല്ലാതെ വല്ലതും കാണിച്ചിട്ടുണ്ടോ? ചെന്നു് നോക്കൂ. അതിലൊരു പങ്കു് നിനക്കും അനുഭവിക്കാം.
- കാർത്ത്യായനി അമ്മ:
- നിങ്ങളെല്ലാവരും ആ പങ്കനുഭവിക്കുന്നുണ്ടു്. (അകത്തേക്കു് ഓടിപ്പോകുന്നു.)
ജയശ്രീ കരയുന്നു.
- വൃദ്ധൻ:
- ജയേ! നീ കരയുന്നതെന്തിനു്?
- ജയശ്രീ:
- എനിക്കദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല.
- വൃദ്ധൻ:
- നിനക്കെന്നല്ല; ആരു് വിചാരിച്ചാലും അവനെ രക്ഷിക്കാൻ സാദ്ധ്യമല്ല.
- വേണു:
- അച്ഛാ, അച്ഛൻ മറ്റുള്ളവർക്കൊരു മാതൃകയാണു്. ഞാനാവട്ടെ, അച്ഛന്റെ കാല്പാടുകളിലുടെ നടക്കാൻ ശ്രമിക്കുകയുമാണു്. സദാചാരത്തിനും സൗഹൃദത്തിനും വേണ്ടി വീട്ടിലും പുറത്തും നടത്തിയ എന്റെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടു.
- വൃദ്ധൻ:
- ഭീരു! ഈ ഘട്ടത്തിലാണോ നീ തന്റേടം വിടുന്നതു്? നല്ല വഴി തെളിക്കാനുള്ള പരിശ്രമം ഒരു കാലത്തും പരാജയപ്പെടില്ല… ജയേ?
- ജയശ്രീ:
- അച്ഛാ!
- വൃദ്ധൻ:
- കണ്ണു തുടയ്ക്കൂ. ഇനി കരയരുതു്. ഉറച്ചു് നില്ക്കൂ.
- ജയശ്രീ:
- ഇല്ലച്ഛാ, ഇനി ഞാൻ കരയില്ല.
ഡോക്ടർ ശ്രീധരൻ ഒന്നു രണ്ടു് പെട്ടിയും മറ്റും തൂക്കിയെടുത്തു് കടന്നുവരുന്നു. അവ കീഴെ വെയ്ക്കുന്നു.
- വേണു:
- ജ്യേഷ്ഠാ, ജ്യേഷ്ഠനിങ്ങനെ വിഷമിക്കേണ്ട. അതൊക്കെ ഞാൻ ചുമന്നുകൊള്ളാം.
- ഡോക്ടർ ശ്രീധരൻ:
- വിട്ടുനില്ക്കെടാ! എന്നെ വേഗത്തിൽ പറഞ്ഞയയ്ക്കണമല്ലേ?
- വേണു:
- ജ്യേഷ്ഠനോടാരും അങ്ങനെ പറഞ്ഞിട്ടില്ലല്ലോ!
- ഡോക്ടർ ശ്രീധരൻ:
- പിന്നെ നീയെന്നെ സഹായിക്കാനുദ്ദേശിച്ചതാണോ? ആണോ? (മുൻപോട്ടടുക്കുന്നു.) എന്റെ ക്ഷമ നീ പരിശോധിക്കരുതു്!
- വൃദ്ധൻ:
- (മുൻപോട്ടു നീങ്ങി) ശ്രീധരാ, നീയവനെ തൊടരുതു്. തൊട്ടാൽ കാര്യം വഷളാവും.
കാർത്ത്യായനി അമ്മ ഓടിവരുന്നു.
- കാർത്ത്യായനി അമ്മ:
- അയ്യോ മക്കളേ, പറഞ്ഞുപറഞ്ഞു കയ്യാങ്കളിക്കുള്ള വട്ടാണോ (വേണുവിനെ ഈർഷ്യയോടെ നോക്കി) ഓ! ചുറ്റിപ്പറ്റി നില്ക്കുന്നു. ആപത്തുണ്ടാക്കാൻ!
- വൃദ്ധൻ:
- ഓ! മക്കളോടുള്ള നിന്റെ വാത്സല്യം, കാർത്ത്യായനീ!
- കാർത്ത്യായനി അമ്മ:
- മക്കളെല്ലംകൂടി തല്ലിച്ചാവുന്നതു് നിങ്ങൾക്കു് കാണണം.
- വൃദ്ധൻ:
- മദ്യപിച്ചു് മൃഗങ്ങളാവുന്നതിലും ഭേദം തല്ലിച്ചാവുന്നതാണു്.
അകത്തുനിന്നു് ശങ്കരന്റെ കരച്ചിൽ. എല്ലാവരും അങ്ങോട്ടു ശ്രദ്ധിക്കുന്നു. ശങ്കരൻ കരഞ്ഞുകൊണ്ടു് വരുന്നു.
- ഡോക്ടർ ശ്രീധരൻ:
- എന്തിനാടാ കരയുന്നതു്?
- ശങ്കരൻ:
- (കരഞ്ഞുംകൊണ്ടു്) എന്നെ…
- ഡോക്ടർ ശ്രീധരൻ:
- നിന്നെ?
- ശങ്കരൻ:
- തല്ലി.
- ഡോക്ടർ ശ്രീധരൻ:
- ആരു തല്ലിയെടാ? ഇവിടെ ആർക്കാണു് നിന്നെ തല്ലാൻ ധൈര്യം. അതാണെനിക്കറിയേണ്ടതു്.
ഭാസി പെട്ടെന്നു് വാതിൽക്കൽ പ്രത്യക്ഷപ്പെടുന്നു.
- ഭാസി:
- ഞാനാണു്.
എല്ലാവരും അമ്പരക്കുന്നു.
- ഡോക്ടർ ശ്രീധരൻ:
- നീയോ.
- ഭാസി:
- അതെ.
- ഡോക്ടർ ശ്രീധരൻ:
- നിനക്കതിനുള്ള തന്റേടമുണ്ടോ?
- ഭാസി:
- ഉണ്ടു്. അതുകൊണ്ടാണു് തല്ലിയതു്.
- കാർത്ത്യായനി അമ്മ:
- മോനേ, ഭാസീ!
- ഭാസി:
- മിണ്ടാതിരിക്കൂ അമ്മേ.
- ഡോക്ടർ ശ്രീധരൻ:
- ഇന്നുവരെ നീയെന്റെ മുഖത്തുനോക്കി സംസാരിച്ചിട്ടില്ല.
- ഭാസി:
- ഇല്ല, ഞാൻ വിചാരിച്ചു നിങ്ങളെ നേർവഴികാട്ടാൻ ഈ ജ്യേഷ്ഠത്തിയമ്മ മതിയെന്നു്. പക്ഷേ, മതിയായില്ല… നിങ്ങൾ ജ്യേഷ്ഠത്തിയമ്മയുടെ അപേക്ഷകൾ ശ്രദ്ധിച്ചില്ല. അവരെ നിങ്ങളവഗണിച്ചു. ഒരു മാന്യനു് നിരക്കാത്തവിധം നിങ്ങളവരെ അപമാനിക്കുകയും ചെയ്തു.
- ഡോക്ടർ ശ്രീധരൻ:
- (മുൻപോട്ടടുത്തു്) എടാ, നീയതിനു് സമാധാനം ചോദിക്കാൻ വന്നതാണോ?
- ഭാസി:
- ഇങ്ങോട്ടടുക്കരുതു് ഞാനൊരു ഫുട്ബോൾകളിക്കാരനാണു്. എതിരിടുന്നതാരായാലും ഞാൻ പിന്മടങ്ങില്ല. പിന്നെ നിങ്ങളേക്കാൾ കൂടുതൽ ബലവുമെനിക്കുണ്ടു്. (ഡോക്ടർ ശ്രീധരൻ സ്തംഭിച്ചുനില്ക്കുന്നു. സാവകാശം മുൻപോട്ടു് നീങ്ങി പതുക്കെ) അച്ഛാ, ക്ഷമിക്കണം. അച്ഛനുള്ളപ്പോൾ ഇവിടെ ഒരു പന്തുകളിക്കാരന്റെ ഭരണം പാടില്ലാത്തതാണു്.
- വൃദ്ധൻ:
- നീയെന്താണെടാ ഈ കാണിക്കുന്നതു്?
- ഭാസി:
- അച്ഛന്റെ അന്തസ്സിനു് നിരക്കാത്ത യാതൊന്നും ഞാൻ കാണിക്കില്ല. ഒരു നിമിഷം ഈ വീട്ടിന്റെ ഭരണം ഞാനേറ്റെടുക്കുന്നു. ഇവിടെ ഞാൻ ഫുട്ബോളിന്റെ തത്ത്വശാസ്ത്രമാണു് പ്രയോഗിക്കാൻ പോകുന്നതു്. (ഉറക്കെ) അമ്മേ!
- കാർത്ത്യായനി അമ്മ:
- എന്താ ഭാസീ?
- ഭാസി:
- അല്പം മുൻപു് അമ്മ ഈ വീടു് വിട്ടു് പോകാമെന്നു് ജ്യേഷ്ഠനോടു് സമ്മതിച്ചില്ലേ?
- കാർത്ത്യായനി അമ്മ:
- സമ്മതിച്ചു.
- ഭാസി:
- അതു നടപ്പില്ലമ്മേ. അമ്മ അകത്തു് ചെന്നിരിക്കണം. വേഗം!
- കാർത്ത്യായനി അമ്മ:
- അപ്പോൾ ശ്രീധരൻ?
- ഭാസി:
- ഇനിയൊരക്ഷരം ഇക്കാര്യത്തിൽ സംസാരിക്കരുതു്.
- ഡോക്ടർ ശ്രീധരൻ:
- നീയാരാണെടാ കല്പിക്കാൻ?
- ഭാസി:
- ഞനോ? ഞാൻ അച്ഛന്റെ അനുവാദത്തോടുകൂടി ഇപ്പോൾ ഈ വീട്ടിന്റെ ഭരണം നടത്തുന്നവനാണു്.
- ഡോക്ടർ ശ്രീധരൻ:
- നിന്റെ ഭരണം! അതു് ഞാൻ കാട്ടിത്തരാം. (മുൻപോട്ടടുക്കുന്നു.)
- ഭാസി:
- നേർത്തേ പറഞ്ഞ കാര്യം ജ്യേഷ്ഠൻ മറക്കരുതു്. ഞാൻ ഒരു ഫുട്ബോൾ കളിക്കാരനാണു്. മത്സരത്തിലേർപ്പെട്ടാൽ ജീവനുപേക്ഷിച്ചും ഞാൻ കളിക്കും. (ഡോക്ടർ ശ്രീധരൻ സ്തംഭിച്ചു് നില്ക്കുന്നു.) അമ്മ കേട്ടില്ലേ പറഞ്ഞതു്. അകത്തേക്കു് പോകൂ. (കാർത്ത്യായനി അമ്മ പതുക്കെ പോകാൻ തുടങ്ങുന്നു.) ജ്യേഷ്ഠത്തിയമ്മേ, നിങ്ങളും എങ്ങും പോകരുതു്. എല്ലാം നാളെ നമുക്കു് കൂടിയിരുന്നാലോചിക്കാം.
- ജയശ്രീ:
- എനിക്കു് നിങ്ങളെയൊന്നും വിട്ടുപോകണമെന്നില്ല. പക്ഷേ, ഭാസീ, എന്റെ സദാചാരംപോലും ചോദ്യംചെയ്യപ്പെട്ടിരിക്കയാണു്.
- ഭാസി:
- അതിന്റെ ഗൗരവം ഞാൻ മനസ്സിലാക്കിട്ടുണ്ടു്. തല്ക്കാലം ജ്യേഷ്ഠത്തിയമ്മ അകത്തേക്കു് പോകൂ.
- വേണു:
- (മുൻപോട്ടു് വന്നു്) പൊട്ടിപ്പോയതു് ഏച്ചുകെട്ടീട്ടെന്താണു് ഭാസീ?
- ഭാസി:
- ഇതു് ഫുട്ബോളിന്റെ തത്ത്വശാസ്ത്രമാണു്.
- വേണു:
- ഏതു് തത്ത്വശാസ്ത്രമായാലും സമാധാനത്തിനുള്ള വഴിയുണ്ടാക്കണം.
- ഭാസി:
- ഇതു പരീക്ഷണമാണു്. ജ്യേഷ്ഠത്തിയമ്മ ഇനിയും പോയില്ലേ?
- ജയശ്രീ:
- ഞാൻ പോകാം. (പോകുന്നു.)
- ഭാസി:
- ഈ വീട്ടിൽനിന്നു് അച്ഛൻ ജീവിച്ചിരിക്കുമ്പോൾ ആരും എവിടെയും പോവാൻ പാടില്ല. ഈ വീട്ടിൽനിന്നു് യാതൊരു സാധനവും എടുത്തുമാറ്റാൻ ആർക്കും അവകാശവുമില്ല. (ശങ്കരനോടു്് കേട്ടോടാ?)
- ശങ്കരൻ:
- എന്നെ ഇനി തല്ലരുതു്. ഞാൻ പൊയ്ക്കോളാം.
- ഭാസി:
- നീയും പോവാൻ പാടില്ല. സാധനങ്ങളൊന്നും എടുത്തു മാറ്റരുതു്.
- ഡോക്ടർ ശ്രീധരൻ:
- ഞാനെടുക്കും. ഇവിടെയുള്ളത്രയും എനിക്കവകാശപ്പെട്ടതാണു്.
- ഭാസി:
- തീർച്ചയായും അച്ഛനും, ഞാനും, ഈ ജ്യേഷ്ഠനും എല്ലാവരും നിങ്ങൾക്കവകാശപ്പെട്ടതാണു്. എടുക്കുമ്പോൾ എല്ലാം ഒന്നിച്ചെടുക്കണം. അല്ലെങ്കിൽ ഇവിടെ മത്സരക്കളി നടക്കും. തീർച്ച.
ഡോക്ടർ ശ്രീധരൻ അസ്വസ്ഥനായി ഒരിടത്തിരിക്കുന്നു.
- വേണു:
- നിന്റെ തത്ത്വശാസ്ത്രംകൊണ്ടു് ഈ വീട്ടിൽ സമാധാനമുണ്ടാവുമെന്നു് നീ വിശ്വസിക്കുന്നുണ്ടോ?
- ഭാസി:
- ജ്യേഷ്ഠാ, ഏതു് മത്സരമായാലും മാന്യതയോടെ കളിക്കണം. കളിക്കാർ പരുക്കുപറ്റി പുറത്തുപോയാലും വീറോടെ കളിക്കണം. പക്ഷേ, പകയും വിദ്വേഷവും പാടില്ല. അതു് കളിക്കാർക്കു് യോജിച്ചതല്ല.
- വൃദ്ധൻ:
- നിന്റെ കളിക്കാരുടെ പ്രശ്നം ഇവിടെ വരുന്നില്ലല്ലോ.
- ഭാസി:
- അച്ഛനെപ്പോഴും പറയാറില്ലേ, എല്ലാം കളിയാണെന്നു്. കളിയിൽ ജയവും പരാജയവും പതിവാണു്. അതിൽ പരിഭവിക്കാൻ ആർക്കും അവകാശമില്ല. സ്പോർട്സ്മേൻ സ്പിരിട്ടെന്താണെന്നോ? ജയിച്ചവനും തോറ്റവനും പരസ്പരം കൈകൊടുക്കുക (മുൻപോട്ടുനീങ്ങി) ജ്യേഷ്ഠാ! (ഡോക്ടർ ശ്രീധരന്റെ നേരെ കൈ നീട്ടി കാണിക്കുന്നു.)
—യവനിക—