ഒരു നാടകശാലയിലെ ഗ്രീൻ റൂം. സാധനങ്ങൾ താറുമാറായും അട്ടിതെറ്റിയും കിടക്കുന്നു. മെയ്ക്കപ്പിനുള്ള സാധനങ്ങൾ അവിടവിടെ വാരിവലിച്ചു് ഇട്ടിട്ടുണ്ടു്: ഒന്നുരണ്ടു് വലിയ കണ്ണാടി-ഒന്നു രണ്ടു മേശ-കുറച്ചു് കസേരകൾ. ഒരു ചെറിയ കണ്ണാടിയും നോക്കി ഒരു നടൻ തന്റെ മെയ്ക്കപ്പിനു ഭംഗി കൂട്ടുന്നു. രംഗത്തിന്റെ ഇടത്തെ മൂലയിൽ തല അകത്തേക്കിട്ടു് ഒരു പുസ്തകവും മലർത്തിപ്പിടിച്ചു് പ്രോപ്രൈറ്റർ വായ് പൊളിച്ചു് എന്തൊക്കെയോ പറയുന്നുണ്ടു്. പ്രൊപ്രൈറ്റർ അസ്വസ്ഥനായി അങ്ങുമിങ്ങും നടക്കുന്നു; ഇടയ്ക്ക് ഒരു പഴുതിൽക്കൂടി പിന്നിലുള്ള രംഗത്തേക്കു് നോക്കുന്നുണ്ടു്. അകത്തുനിന്നു് വേണു ‘നീ മരിക്കണം’ എന്നു തുടങ്ങി നാടകത്തിലെ ആദ്യരംഗത്തു് പറഞ്ഞ ഭാഗങ്ങൾ ക്രമപ്രകാരം, വികാരാധീനനായി പതുക്കെ ഉച്ചരിക്കുന്നതു് കേൾക്കാം.
- പ്രൊപ്രൈറ്റർ:
- (പ്രോംപ്റ്ററോടു്) ശബ്ദമല്പം കുറച്ചു് പ്രോംപ്റ്റ് ചെയ്യൂ. ഓഡിയൻസ് കേൾക്കും. (പ്രോംപ്റ്റർ വായ കൂടുതൽ പൊളിച്ചു് അവ്യക്തശബ്ദങ്ങളുണ്ടാക്കുന്നു.) അടുത്ത രംഗത്തിൽ പോകേണ്ടവർ ആരൊക്കെയാണു്?
- പ്രോംപ്റ്റർ:
- (ഓടിവന്നു്) ഈ സീനോടെ നാടകം കഴിയും.
- പ്രൊപ്രൈറ്റർ:
- ഓ, ശരി. ഞാൻ മറന്നു. (കണ്ണാടിനോക്കിയിരിക്കുന്ന നടനോടു്) പിന്നെ താനെന്തിനാടോ ഭംഗിയും നോക്കി ഇവിടെയിരിക്കുന്നതു്? ആ വേഷമൊക്കെ ഒന്നഴിച്ചുവെയ്ക്കു… ഇനി ഇക്കണ്ട സാധനങ്ങളൊക്കെ ഒതുക്കിവെച്ചു് വെളുപ്പാൻകാലത്തുള്ള വണ്ടിക്കു് പോകണ്ടേ! (നടൻ ഇളിഭ്യതയോടെ എഴുന്നേറ്റു് പോകുന്നു.)
- വേണുവിന്റെ ശബ്ദം:
- ‘നിന്റ ഞരമ്പുകൾ വീർത്തു് വീർത്തു് പൊട്ടണം. നിന്റെ ശ്വാസകോശം…’
പെട്ടെന്നു് ജനങ്ങളുടെ പൊട്ടിച്ചിരിയും, ആർപ്പുവിളിയും, കൂവലും, ചൂളംവിളിയും. വേണു ബഫൂണിന്റെ വേഷത്തിലുള്ള ഡ്രൈവറെ കഴുത്തുപിടിച്ചു് കൊണ്ടുവരുന്നു. മുഖം പരിഭ്രാന്തമായിട്ടുണ്ടു്.
- പ്രൊപ്രൈറ്റർ:
- (ഓടി അടുത്തു ചെന്നു്) എന്താണു് സംഭവിച്ചതു്? ജനങ്ങൾ കൂവിയതെന്തിനാണു്? (വേണു മിണ്ടുന്നില്ല.) അവസ്സാനരംഗത്തു് അടിക്കടി അപ്ലാസ് കിട്ടാറുണ്ടല്ലോ. ഇന്നെന്തുപറ്റി?
- വേണു:
- ഹേ മനുഷ്യാ! അവനവനു് ബുദ്ധിയില്ലെങ്കിൽ മറ്റുള്ളവർ പറയുന്നതനുസരിക്കാനുള്ള തന്റേടമെങ്കിലും കാട്ടണം. എന്തുപറ്റി എന്നാണു് ചോദിക്കുന്നതു്?
- പ്രൊപ്രൈറ്റർ:
- പറയൂ മിസ്റ്റർ വേണൂ.
- വേണു:
- പറയാനല്ല പ്രവർത്തിക്കാനാണുദ്ദേശിക്കുന്നതു്. ഇവനെ ഞാനിന്നു് കൊല്ലും.
- പ്രൊപ്രൈറ്റർ:
- ഏങ്? ഏങ്? എന്തുണ്ടായി?
- വേണു:
- ചോദിക്കൂ ഇവനോടു്. (ശങ്കരനെ കഴുത്തിൽപ്പിടിച്ചു് തള്ളി പ്രൊപ്രൈറ്ററുടെ അടുത്തേക്കയയ്ക്കുന്നു…)
ഗൗരി കടന്നുവരുന്നു. കഴുത്തിലെ പതക്കവും മറ്റും അഴിച്ചുമാറ്റിയിട്ടുണ്ടു്. ഒരു സ്ഥലത്തു് ചെന്നിരുന്നു്, കൈയിലും കാലിലും ഉള്ള ചമയങ്ങൾ ഓരോന്നായി മാറ്റുന്നു.
- പ്രൊപ്രൈറ്റർ:
- (വേണുവിനെ സമീപിച്ചു്) ദയവുചെയ്തു് പറയൂ.
- വേണു:
- അവനാണു് പറയേണ്ടതു്. (തിരിഞ്ഞു് മറ്റൊരു ഭാഗത്തു് നോക്കി നില്ക്കുന്നു) (പ്രൊപ്രൈറ്റർ ശങ്കരനെ നോക്കുന്നു.)
- ശങ്കരൻ:
- ഞാനൊന്നും ചെയ്തിട്ടില്ല.
- പ്രൊപ്രൈറ്റർ:
- പിന്നെ?
- ശങ്കരൻ:
- (ആംഗ്യം കാണിച്ചു്) കൈപൊക്കി ‘നീ മരിക്കണം’ എന്നു പറഞ്ഞു് മുൻപോട്ടു് നീങ്ങിയപ്പോൾ ഞാൻ രംഗത്തേക്കു് ചാടി ‘പോലീസ്, പോലീസ്’ എന്നു് വിളിച്ചു. ജനങ്ങൾ ചിരിച്ചു് കുന്തം മറിഞ്ഞു.
- പ്രൊപ്രൈറ്റർ:
- ഫലിതം കുറിക്കുകൊണ്ടു.
- ശങ്കരൻ:
- ഞാൻ വിട്ടില്ല.
വേണു ശങ്കരനെ ദഹിപ്പിക്കാൻമട്ടിൽ നോക്കുന്നു. ശങ്കരൻ പരുങ്ങുന്നു.
- പ്രൊപ്രൈറ്റർ:
- എന്നിട്ടു്?
- ഗൗരി:
- ഹോ, ഞാൻ ചിരിയടക്കാൻ പെട്ട പാടു്!
- ശങ്കരൻ:
- അതുകഴിഞ്ഞു് പിന്നെ ഞാൻ ഫോണെടുത്തു.
- ശങ്കരൻ:
- അവിടെ ഫോണുണ്ടായിരുന്നോ?
- ശങ്കരൻ:
- ഇല്ല. ഒക്കെ സങ്കല്പം. (അഭിനയിച്ചു് കാണിക്കുന്നു.) ഹല്ലോ-ഹല്ലോ-യെസ്സ്-പോലീസ്സ്-ഇൻസ്പെക്ടർ സ്പീക്കിങ്-യെസ്സ്-യെസ്സ്-മർഡർ… മർഡർ… ഇമ്മിഡിയറ്റ്ലി… സ്റ്റാർട്ട്… പച്ചക്കറി മാർക്കറ്റ്… ഓഡിറ്റോറിയം. യെസ്… യെസ്… യെസ്… താങ്ക്യൂ (ഫോണ്‍ താഴെ വെക്കുന്നതായി നടിക്കുന്നു.)
- വേണു:
- (ഗൗരവത്തിൽ ഒന്നുരണ്ടടി മുൻപോട്ടുവെച്ചു്) മിസ്റ്റർ പ്രൊപ്രൈറ്റർ! അന്നും ഞാൻ നിങ്ങളോടു് പറഞ്ഞു.
- പ്രൊപ്രൈറ്റർ:
- എന്തു്?
- വേണു:
- നിങ്ങൾക്കു് ബുദ്ധിയില്ലെന്നു്. നിങ്ങൾ നാടകക്കമ്പനി നടത്തേണ്ടവനല്ല. നിങ്ങൾക്കു് കലയെപ്പറ്റി ഒരു ചുക്കും അറിയില്ല. നാടകത്തിന്റെ തുടക്കത്തിൽ നിങ്ങളിന്നു് അർദ്ധനഗ്നകളായ കുറെ യുവതികളെ നൃത്തം ചെയ്യാനയച്ചില്ലേ?
- പ്രൊപ്രൈറ്റർ:
- ഇന്നത്തെ കലക് ഷൻ എത്രയെന്നറിഞ്ഞിട്ടുണ്ടോ? ഹോളിൽ സൂചികുത്താൻ പഴുതില്ല.
- വേണു:
- കഴിഞ്ഞോ
- പ്രൊപ്രൈറ്റർ:
- നമ്മുടെ ലക്ഷ്യമെന്താണു്?
- വേണു:
- എന്താണു്?
- പ്രൊപ്രൈറ്റർ:
- കിട്ടാവുന്നത്ര കാശുണ്ടാക്കണം.
- വേണു:
- (പുച്ഛമായി ചിരിച്ചു്) പിന്നെ?
- പ്രൊപ്രൈറ്റർ:
- ജനങ്ങളെ തൃപ്തിപ്പെടുത്തുകയും വേണം. കാശു വാങ്ങി അവരെ വഞ്ചിക്കരുതു്.
- വേണു:
- ഇതു് വഞ്ചനയാണു്. കാശു മുതലിറക്കി ടിക്കറ്റു വാങ്ങി അകത്തു് കേറുന്നവർക്കു് അർധനഗ്നകകളായ കുറെ പെൺകുട്ടികളെ കാഴ്ചവെക്കുക! അവനവന്റെ മകളോ പെങ്ങളോ ആ കൂട്ടത്തിലുണ്ടെങ്കിൽ ആ കാഴ്ച കണ്ടു് രസിക്കാൻ എത്രപേരെ കിട്ടും? മിസ്റ്റർ പ്രൊപ്രൈറ്റർ! ഇതു് നാടകമാണു്; മാംസവില്പനസ്ഥലമല്ല.
- പ്രൊപ്രൈറ്റർ:
- ജനങ്ങൾക്കിഷ്ടമാണെങ്കിൽ നിങ്ങളെന്തിന്നു് വാശി പിടിക്കണം.
- വേണു:
- പിന്നെയും നിങ്ങൾ ജനങ്ങളുടെ കാര്യം പറയുന്നു! തെരുവിലിറങ്ങിയ ഭ്രാന്തന്റെ പിന്നിൽ പുരുഷാരം കൂടുന്നതു് നിങ്ങൾ കണ്ടിട്ടില്ലേ? പുരുഷാരത്തെ ആകർഷിക്കാൻ കഴിയുമെന്നുവെച്ചു് നിങ്ങൾ ഭ്രാന്തനാവാൻ ഒരുക്കമുണ്ടോ? നിങ്ങളുടെ മനഃസ്ഥിതി അത്രമാത്രം നശിച്ചിരിക്കുന്നു.
- പ്രൊപ്രൈറ്റർ:
- മിസ്റ്റർ വേണൂ, നിങ്ങളിങ്ങനെ ക്ഷോഭിക്കരുതു്.
- വേണു:
- എങ്ങനെ ക്ഷോഭിക്കാതിരിക്കും? ഒരു തവണ ഞാൻ നിങ്ങളോടു് പിണങ്ങിപ്പിരിഞ്ഞതാണു്. ജനങ്ങളുടെ പേരും പറഞ്ഞു് സ്ഥാനത്തും അസ്ഥാനത്തും സംഗീതം കുത്തിനിറയ്ക്കുക. വകതിരിവില്ലാതെ കോമഡിയന്മാരെ രംഗത്തേക്കു് അഴിച്ചുവിടുക. എന്നിട്ടു് നാടകമെന്നു് പറഞ്ഞാൽ പാട്ടും ചിരിയും കൂത്തും നഗ്നനൃത്തവുമാണെന്നു് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക. കള്ളുകച്ചവടംപോലെ; കാശുവാങ്ങി അവർക്കു് ലഹരി വില്ക്കുക… നിങ്ങൾ കലയുടെ കഴുത്തിന്നു് കത്തിവെയ്ക്കുകയാണു്.
- പ്രൊപ്രൈറ്റർ:
- ഈ സമ്പ്രദായവുമായി പരിചയപ്പെടുമ്പോ നിങ്ങളുടെ അഭിപ്രായം മാറിക്കൊള്ളും.
- വേണു:
- രണ്ടാമതും നിങ്ങളെന്നെ സമീപിച്ചതു് എന്തു് പറഞ്ഞാണു്?
- പ്രൊപ്രൈറ്റർ:
- നിങ്ങളെപ്പോലെ ഒരു നല്ല നടനെ ഞങ്ങൾക്കു് വേറെ കിട്ടാനില്ലെന്നു്.
- വേണു:
- നിങ്ങളുടെ മുഖസ്തുതി കേട്ടിട്ടാണോ ഞാൻ വന്നതു്? നിങ്ങൾ ഒരവധിക്കുമേലേ ലഹരിപിടിപ്പിക്കുന്ന യാതൊന്നും നാടകത്തിൽ ഉൾപ്പെടുത്തില്ലെന്നു് പറഞ്ഞില്ലേ?
- പ്രൊപ്രൈറ്റർ:
- ഉവ്വു്.
- വേണു:
- എന്നിട്ടെന്താണിന്നു് നടന്നതു്? മറ്റൊക്കെ ഞാൻ മാപ്പാക്കാം. അവസാനരംഗത്തു് നാടകം അതിന്റെ ക്ലൈമാക്സിലേക്കു് നീങ്ങിക്കൊണ്ടിരിക്കുന്വോൾ (ശങ്കരനെ ചൂണ്ടി) നിങ്ങളുടെ ഈ ചിരിക്കുന്ന മൃഗം-കഴുതയെന്നുതന്നെ പറയട്ടെ-അവിടെ ചാടിക്കടന്നുവന്നു് ആ രംഗം വഷളാക്കി.
- പ്രൊപ്രൈറ്റർ:
- ഇനിയങ്ങനെ വരില്ല. (അനുനയഭാവത്തിൽ.) മിസ്റ്റർ വേണൂ, കലാകാരനെന്നു് പറഞ്ഞാൽ കുറച്ചു് നേരമ്പോക്കും. പിന്നെ… (പറയാൻ മടിക്കുന്നു.)
- വേണു:
- പിന്നെ?
- പ്രൊപ്രൈറ്റർ:
- പിന്നെ കുറച്ചു് ഹൃദയത്തിന്റെ വിശപ്പും. (ശൃംഗാരച്ചിരി) പിന്നെ, പ്രചോദനത്തിനുവേണ്ടി അല്പം വാട്ടീസെടുക്കലും എല്ലാം ചേർന്ന ഒരു നല്ല മനുഷ്യനാണെന്നാണു് ഞാൻ കരുതിയതു്.
- വേണു:
- ഹൃദയത്തിന്റെ വിശപ്പും, കള്ളിന്റെ ദാഹവും! മനുഷ്യാ, ഇതൊന്നും കലാകാരന്റെ ലക്ഷണമല്ല. പുരോഗതിക്കും സ്നേഹസമാധാനങ്ങൾക്കും വേണ്ടി പ്രയത്നിക്കുന്ന ഒരു കലാകാരനും ഒരിക്കലും ഒരു വിടനോ മദ്യപാനിയോ ആയിരുത്തിട്ടില്ല. റോമയിൻ റോളണ്ട്, മാക്സിംഗോർക്കി, മഹാകവി ടാഗോർ (അല്പം പരിഹാസത്തിൽ) അല്ലെങ്കിൽ ആരോടാണു് ഞാനീ പറയുന്നതു്? നാടകം മാംസക്കച്ചവടമാണെന്നു് ധരിക്കുന്ന ഈ മനുഷ്യനോടോ!
- പ്രൊപ്രൈറ്റർ:
- ക്ഷമിക്കൂ മിസ്റ്റർ വേണൂ. ഇനി ഈ കോമഡിയൽ നിങ്ങളുടെ രംഗത്തു് വരില്ല.
- വേണു:
- ഇനി ഞാൻ നിങ്ങളുടെ നാടകരംഗത്തുണ്ടാവില്ല.
- പ്രൊപ്രൈറ്റർ:
- അങ്ങനെ പറയരുതു്. നിങ്ങളുടെ റോൾ ഇത്രയും ഭംഗിയായി അഭിനയിക്കാൻപറ്റിയ വേറൊരു നടനില്ല. (അടുത്തുചെന്നു് ട്രൗസറിന്റെ പോക്കറ്റിൽനിന്നു് നോട്ടുകളെടുത്തു്) ഇതാ, ഇന്നത്തെ വിജയത്തിന്റെ പേരിൽ ഒരു ഇരുപത്തഞ്ചുറുപ്പികകൂടി.
- വേണു:
- (നോട്ടുകെട്ടു് വാങ്ങി വലിച്ചെറിയുന്നു. അവ ആകാശത്തിൽ പാറിവീഴുന്നു.) നിങ്ങളുടെ പ്രതിഫലം! മാംസക്കച്ചവടത്തിൽ നിന്നു് വീതം വാങ്ങാൻ ഉദ്ദേശിച്ചിട്ടില്ല. കലയെ ബഹുമാനിച്ചു് അതിനെ സ്നേഹിച്ചു് വല്ലവരും നാലുകാശു തരുന്നുണ്ടെങ്കിൽ അതാണു് കലാകാരനുള്ള പ്രതിഫലം… നിങ്ങളുടെ നോട്ടുകെട്ടു്. നിങ്ങളുടെ ഈ കള്ളുകച്ചവടത്തിൽ എനിക്കു് പങ്കു് വേണ്ട.
- ജയശ്രീ:
- (പുറത്തുനിന്നു് വിളിക്കുന്നു) വേണു, വേണു… അകുത്തേക്കു് വരട്ടേ?
- വേണു:
- (പ്രയാസപ്പെട്ടു് കോപം അടക്കി) ആരാണതു്? വരൂ.
ജയശ്രീ കടന്നുവരുന്നു. വേണു അമ്പരന്നു് നോക്കുന്നു.
- ജയശ്രീ:
- എന്താ ഇങ്ങനെ അമ്പരന്നു് നോക്കുന്നതു്?
- വേണു:
- ജ്യേഷ്ഠത്തി നാടകം കാണാനുണ്ടായിരുന്നോ?
- ജയശ്രീ:
- ഉവ്വു്. വേണുവിന്റെ അച്ഛനും വന്നിട്ടുണ്ടു്.
- വേണു:
- അച്ഛനും വന്നിട്ടുണ്ടോ? (പ്രൊപ്രൈറ്ററെ പരിചയപ്പെടുത്തുന്നു.) ഇതു് ഞങ്ങളുടെ പ്രൊപ്രൈറ്റർ.
- ജയശ്രീ:
- നമസ്കാരം?
- പ്രൊപ്രൈറ്റർ:
- നമസ്കാരം
- വേണു:
- (ഗൗരിയെ ചുണ്ടി) ഇതു് ഞങ്ങളുടെ പ്രധാനനടി ഗൗരി.
- പ്രൊപ്രൈറ്റർ:
- നമസ്കാരം!
- പ്രൊപ്രൈറ്റർ:
- (എഴുന്നേറ്റു്) നമസ്കാരം!
- ജയശ്രീ:
- ഞാൻ ധാരാളം കേട്ടിട്ടുണ്ടു്. (അടുത്തു് ചെന്നു്) ഇന്നു് കാണാനും കഴിഞ്ഞു. അഭിനയം ഒന്നാന്തരമായിരുന്നു. കേട്ടോ?
- ഗൗരി:
- താങ്ക്സ്!
- വേണു:
- മറ്റുള്ളവരൊക്കെ പുറത്തു് പോയിരിക്കുന്നു. (ശങ്കരനെ ചൂണ്ടി) ഇതു് പിന്നെ…
- ജയശ്രീ:
- നമ്മുടെ ഡ്രൈവറല്ലേ? (ചിരിക്കുന്നു)
- വേണു:
- ജ്യേഷ്ഠത്തിക്കു് മനസ്സിലായോ?
- ജയശ്രീ:
- വേഷംകൊണ്ടു് തിരിച്ചറിഞ്ഞില്ല. പക്ഷേ, ആ ശബ്ദം കേട്ടപ്പോൾ ഉറപ്പായി… (ചുറ്റുപാടും നോക്കി) വേണു, നാടകം എനിക്കു് നന്നേ പിടിച്ചു, കേട്ടോ? ഇത്രയധികം ഞാൻ പ്രതീക്ഷിച്ചില്ല.
- വേണു:
- ഈ നാടകത്തിന്റെ പൂർണരൂപം ഇതല്ല ജ്യേഷ്ഠത്തീ. ഇതിൽ പണത്തിനുവേണ്ടി വഷളത്തരങ്ങൾ ധാരാളം കുത്തിച്ചെലുത്തീട്ടുണ്ടു്.
- ജയശ്രീ:
- അതു് തോന്നി അതൊക്കെ ഉണ്ടായിട്ടും നാടകത്തിലെ സ്ഥായിയായ രസത്തെ കൊല്ലാൻ കഴിഞ്ഞിട്ടില്ല. ആരാണിതെഴുതിയതു്?
- വേണു:
- അതു് കേട്ടാൽ ജ്യേഷ്ഠത്തിക്കു് അഭിപ്രായം പോകും.
- ജയശ്രീ:
- പറയൂ.
- വേണു:
- ഇതുവരേയും ആരേയും അറിയിച്ചിട്ടില്ല.
- ജയശ്രീ:
- മനസ്സിലായി വേണു. അതിന്റെപേരിലും എന്റെ അഭിനന്ദങ്ങൾ! അവസാനരംഗത്തിൽ എന്റെ കണ്ണുകൾ നനഞ്ഞു. ഗദ്ഗദം നിയന്ത്രിക്കാൻ എനിക്കായില്ല.
- വേണു:
- പക്ഷേ, ഇടയിൽ ഈ വഷളൻ ചാടി വന്നു.
- ജയശ്രീ:
- ഞാനറിഞ്ഞതേയില്ല. മറ്റുള്ളവർ കാണാതെ കരയാൻ വളുരെ പാടുപെടേണ്ടി വന്നു. പക്ഷേ, എന്റെ ചുറ്റിലിരുന്നവരും കരയുകയായിരുന്നു.
- വേണു:
- എനിക്കതു് വേണ്ടപോലെ ചെയ്യാൻ കഴിഞ്ഞില്ല. നാടകത്തിന്റെ അവസാനരംഗത്തിൽ ഞാൻ ചെറിയൊരു മാറ്റം വരുത്തീട്ടുണ്ടു്. നായികയെ കഴുത്തു് ഞെരിച്ചു് കൊല്ലാൻ വരുമ്പോൾ നായകൻ ബോധംകെട്ട നിലയിലാണു്.
- ജയശ്രീ:
- അപ്പോൾ മദ്യത്തിന്റെ കൊള്ളരുതായ്മകൂടി ചിത്രീകരിക്കാൻ കഴിഞ്ഞു.
- വേണു:
- മാത്രമല്ല, നായിക നർദ്ദോഷിയാണെന്നും, തെറ്റിദ്ധാരണയും, സംശയവും മദ്യംകൊണ്ടു് വന്നുചേർന്നതാണെന്നും, കൊലപാതകത്തിനു് പ്രേരകമായ വസ്തു മദ്യമാണെന്നും തെളിയുന്നു.
- ജയശ്രീ:
- ഈ പട്ടണത്തിൽ മാന്യരായി ഞെളിഞ്ഞുനടക്കുന്ന ചിലരുടെനേർക്കു് ഇതൊരു പ്രഹരമാണു്.
- വേണു:
- നാടകം മനുഷ്യരെ നല്ല ലക്ഷ്യത്തിലേക്കു് നയിക്കുന്ന ഒരു രാജമാർഗവും കൂടിയാവണമെന്നു് ഞാനുദ്ദേശിച്ചിരുന്നു.
- ജയശ്രീ:
- ആ ഉദ്ദേശം തികച്ചും വിജയിച്ചിട്ടുണ്ടു്.
- വേണു:
- സ്നേഹം-അതാണു് ഈ ലോകത്തിൽ ഏറ്റവും ദുർലഭ വസ്തു. അതിന്റെ അഭാവത്തിൽ സംഭവിക്കാൻ പാടില്ലാത്തതൊന്നുമില്ല. സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പക്കുകയെന്ന മഹത്തായ കടമയും കലാകാരനുണ്ടു്.
- ജയശ്രീ:
- വേണുവിന്റെ പരിശ്രമങ്ങൾ ഇനിയുമിനിയും വിജയിക്കട്ടെ… വീട്ടിലേക്കു് വരാറായില്ലേ? അച്ഛൻ പുറത്തു് കാത്തുനില്ക്കുന്നുണ്ടു്.
- വേണു:
- ഓ, അച്ഛനും നടകം കാണാനുണ്ടായിരുന്നുവല്ലോ എന്തു് പറഞ്ഞു?
- ജയശ്രീ:
- ഒന്നും പറഞ്ഞില്ല. അത്രവേഗം പറയുന്ന കൂട്ടത്തിലല്ലല്ലോ അച്ഛൻ?
പെട്ടെന്നു് പുറത്തു് ഡോക്ടർ ശ്രീധരന്റെ ശബ്ദം. ‘ജയേ! ജയേ!’-ഭയങ്കരമായ കോപവും പകയും കലർന്ന വിളി. അതോടുകൂടി ഡോക്ടർ ശ്രീധരൻ പ്രത്യക്ഷപ്പെടുന്നു. കലങ്ങിച്ചുവന്ന കണ്ണുകൾ. തുടുത്ത മുഖം… ഡോക്ടർ ശ്രീധരനെ കണ്ടയുടനെ ശങ്കരൻ ബഫൂണിന്റെ കുപ്പായം ഊരിയെറിഞ്ഞു് ഓടിപ്പോകുന്നു. ഡോക്ടർ ശ്രീധരൻ രണ്ടടി മുൻപോട്ടുവന്നു് വേണുവിനേയും ജയശ്രീയേയും തുറിച്ചുനോക്കുന്നു; പിന്നെ രംഗത്തുള്ള എല്ലാവരേയും.
- ജയശ്രീ:
- വേണുവിന്നു് താമസമുണ്ടെങ്കിൽ പിന്നാലെ വന്നോളൂ. അച്ഛൻ കാത്തുനില്ക്കുന്നുണ്ടു്, ഞാൻ പോട്ടെ. (പോവാൻ തുടങ്ങുന്നു)
- ഡോക്ടർ ശ്രീധരൻ:
- (അട്ടഹസിക്കുന്നു) നില്ക്കവിടെ; (ആടിക്കൊണ്ടു് മുൻപോട്ടടുത്തു്) എന്തിനു് ബദ്ധപ്പെടണം?
- ജയശ്രീ:
- അച്ഛൻ കാത്തുനില്ക്കുന്നുണ്ടു്.
- ഡോക്ടർ ശ്രീധരൻ:
- അച്ഛനോ! അതെന്റെ അച്ഛനാണു്; മനസ്സിലായോ? അച്ഛനവിടെ നില്ക്കട്ടെ. നീയെന്തിനിവിടെ വന്നു?
- ജയശ്രീ:
- നാടകം കാണാൻ.
- ഡോക്ടർ ശ്രീധരൻ:
- (പല്ലു കടിച്ചു് മുൻപോട്ടടുത്ത്) നാടകം കാണാൻ, അല്ലേ? നാടകം! നാടകപ്രേമംകൊണ്ടാണോ നീയിവിടെ വന്നതു്? ആണോ?
- ജയശ്രീ:
- പിന്നല്ലാതെ?
- ഡോക്ടർ ശ്രീധരൻ:
- വേറെ പ്രേമമൊന്നുമില്ലേ നിനക്കു്?
- ജയശ്രീ:
- എന്തു്?
- ഡോക്ടർ ശ്രീധരൻ:
- നിനക്കു് ശുണ്ഠിവരുന്നുണ്ടോ? വേറെ പ്രേമമൊന്നുമില്ലേ നിനക്കെന്നു്?
- ജയശ്രീ:
- ഭ്രാന്തുപറയുന്നവരോടു് എനിക്കുത്തരം പറയാൻ വയ്യ. അച്ഛൻ കാത്തുനില്ക്കുന്നുണ്ടു്; ഞാൻ പോട്ടെ, (മുൻപോട്ടു് നീങ്ങി) വേണു, വേണുവിനു് താമസമില്ലേ? (രംഗത്തുനിന്നു് മറുവശത്തേക്കു് നീങ്ങുന്നു.)
- ഡോക്ടർ ശ്രീധരൻ:
- (തിരിഞ്ഞുനിന്നു്) നില്ക്കവിടെ!
- ജയശ്രീ:
- എന്താണാവശ്യം? അച്ഛൻ കാത്തുനില്ക്കുന്നു.
- ഡോക്ടർ ശ്രീധരൻ:
- അച്ഛനോ! അതെന്റെ അച്ഛനാണു്. കുറച്ചവിടെ കാത്തു് നില്ക്കട്ടെ. നീ, ചോദിച്ചതിനുത്തരം പറ.
- ജയശ്രീ:
- എന്തു് പറയാൻ?
- ഡോക്ടർ ശ്രീധരൻ:
- നീ എന്തു് പ്രേമവുംകൊണ്ടാണിങ്ങട്ടു് വന്നതു്?
- ജയശ്രീ:
- പ്രേമമോ! എന്താണീ പറയുന്നതു്?
- ഡോക്ടർ ശ്രീധരൻ:
- പ്രേമംതന്നെ, നീയിങ്ങട്ടു് പോന്നതു് ഇതാ, ഇവനോടു്… ഈ നില്ക്കുന്ന നടനോടു്… (വേണുവും ജയശ്രീയും അമ്പരന്നു് നോക്കുന്നു.) എന്റെ പൊന്നനിയനോടുള്ള പ്രേമം കൊണ്ടല്ലേ?
- ജയശ്രീ:
- ഓ! (ചെവി പൊത്തുന്നു)
- വേണു:
- (ഗൗരവത്തോടെ) ജ്യേഷ്ഠൻ നിലവിട്ടു് സംസാരിക്കരുതു്.
- ഡോക്ടർ ശ്രീധരൻ:
- ഓ, താക്കീതാണില്ലേ? എടാ, നിന്നെ ചോറുതന്നു് പോറ്റിയതിതിനാണല്ലേ?
- വേണു:
- ജ്യേഷ്ഠാ, മറ്റുള്ളവരുടെ മുമ്പിൽവച്ചെങ്കിലും അല്പം മര്യാദയോടെ പെരുമാറൂ. ഇവരെന്റെ ജ്യേഷ്ഠത്തിയാണു്; സ്വന്തം സഹോദരി.
- ഡോക്ടർ ശ്രീധരൻ:
- സ്വന്തം സഹോദരി! എടാ, നാടകക്കാർക്കു് സഹോദരിയുണ്ടോ? ഉണ്ടോ? (ജയശ്രീയെനോക്കി) എടീ, നിന്നെ ഞാൻ കൊല്ലും! (ജയശ്രീയുടെ നേരെ അടുക്കുന്നു)
- വേണു:
- (ചാടിവീണു്) തൊടരുതു്! അവരെ തൊട്ടുപോവരുതു്?
- ഡോക്ടർ ശ്രീധരൻ:
- (പിടിച്ചു് തള്ളുന്നു.) ഏങ് നീയാരെടാ അവളെ രക്ഷിക്കാൻ? ഈശ്വരൻ വിചാരിച്ചാലും അവളെ രക്ഷിക്കാൻ ഇനി കഴിയില്ല… എടീ, നിന്റെ സംഗീതഭ്രമം ഇതിനായിരുന്നു, അല്ലേ?
- ജയശ്രീ:
- (ഒരടി മുൻപോട്ടു് വെച്ചു്) എന്നെ കൊന്നോളൂ. അതാണു് നല്ലതു്. ഇത്രയും ദയാശൂന്യമായി പെരുമാറുമെന്നു് ഞാൻ മനസ്സിലാക്കിയില്ല,
- ഡോക്ടർ ശ്രീധരൻ:
- ഭേഷ്! പ്രസംഗം നന്നാവുന്നുണ്ടു്. ഒരു നടിയാവാൻ പറ്റും.
- ജയശ്രീ:
- ദൈവത്തെപ്പോലെ കരുതി ആരാധിച്ചതിനുള്ള പ്രതിഫലം എനിക്കു് കിട്ടി. ഓ! സഹിക്കാത്ത വാക്കുകൾ! ഒരിക്കലും ഒരു സ്ത്രീയും ഇതു് സഹിക്കില്ല. സ്വന്തം സഹോദരനെക്കൊണ്ടു് അപവാദം പറയുക. സ്വന്തം ഭാര്യയെ കുറ്റപ്പെടുത്തുക… കൊന്നോളൂ! ആ കൈകൊണ്ടു് മരിക്കുന്നതിൽ ഇനി എനിക്കു് വ്യസനമില്ല.
- വേണു:
- ജ്യേഷ്ഠത്തീ, തന്റേടംവിട്ടു് എന്തെങ്കിലും പറയുന്നവരുടെ മുൻപിൽ നില്ക്കരുതു്. വരൂ, വീട്ടിലേക്കു് പോകാം.
- ഡോക്ടർ ശ്രീധരൻ:
- വീടോ എതു് വീടെടാ? നിനക്കു് വീടുണ്ടോ? ഇനി നീയും ഇവളും തെരുവിൽ.
- വേണു:
- (തിരിഞ്ഞുനിന്നു്) ജ്യേഷ്ഠാ, എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ. ഒരു കുറ്റവും ചെയ്യാത്ത ഈ ജ്യേഷ്ഠത്തിയെ ആക്ഷേപിക്കരുതു്. എന്നെ തെരുവിലിറക്കുകയോ, വീട്ടിൽ നിന്നകറ്റുകയോ, പരമാവധി കൊല്ലുകയോ ചെയ്തോളൂ. ഒരു കുഴപ്പവുമില്ല.
- ഡോക്ടർ ശ്രീധരൻ:
- ഓ സമ്മതപത്രമാണോ? എടാ നീചാ, നിന്നെ കൊല്ലാൻ എനിക്കു് സമ്മതപത്രമൊന്നും വേണ്ട (മുൻപോട്ടു് നടക്കുന്നു.) നില്ക്കവിടെ! എവിടേക്കാ പോകുന്നതു്? എങ്? (മുൻപോട്ടു് നടക്കുമ്പോൾ ഗൗരിയെ കാണുന്നു. തെല്ലിട നില്ക്കുന്നു. അമ്പരന്നു് സുക്ഷിച്ചുനോക്കി) ആരു് കുമാരി ഗൗരിയോ? ഓ, നമസ്കാരം!
- ഗൗരി:
- (പരുങ്ങി) നമസ്കാരം!
- ഡോക്ടർ ശ്രീധരൻ:
- അപ്പോൾ-നിങ്ങൾ-കുമാരി-ഗൗരിയല്ലേ?
- ഗൗരി:
- അതെ.
- ഡോക്ടർ ശ്രീധരൻ:
- കുമാരി ഗൗരി-അല്ലേ, കുമാരി ഗൗരി-കേട്ടിട്ടുണ്ടു്.
ഗൗരി പരുങ്ങുന്നു.
- ഡോക്ടർ ശ്രീധരൻ:
- എന്താ മിണ്ടാത്തതു്?
- ഗൗരി:
- ഒന്നുമില്ല.
- ഡോക്ടർ ശ്രീധരൻ:
- (ഒരു കസേര വലിച്ചിട്ടു് ഇരിക്കുന്നു. പെട്ടെന്നെഴുന്നേറ്റു് ഗൗരിയോടു്) ഇരിക്കൂ.
- ഗൗരി:
- വേണ്ട, ഇവിടെ നില്ക്കാം.
- ഡോക്ടർ ശ്രീധരൻ:
- പാടില്ല, ഇവിടെ ഇരിക്കണം.
- ഗൗരി:
- വേണ്ട.
- ഡോക്ടർ ശ്രീധരൻ:
- എന്നാൽ ഞാനും നില്ക്കാം, ഏങ്… ധാരാളം കേട്ടിട്ടുണ്ടു്.
- ഗൗരി:
- ഉണ്ടാവാം.
- ഡോക്ടർ ശ്രീധരൻ:
- എന്നെ കേട്ടിട്ടുണ്ടോ? (ഗൗരി മൗനം) ഡോക്ടർ ശ്രീധരൻ, എന്നുവെച്ചാൽ (വളരെ ആലോചിച്ചു്) ഡോക്ടർ ശ്രീധരൻതന്നെ. ക്ലബ്ബിന്റെ പ്രസിഡണ്ടാണു്. മാന്യന്മാരുടെ ക്ലബ്ബിന്റെ. (ആലോചിച്ചു്) ഡാൻസ് ചെയ്യാറുണ്ടോ?
- ഗൗരി:
- ഉണ്ടു്.
- ഡോക്ടർ ശ്രീധരൻ:
- ഭേഷ് (ഇംഗ്ലീഷ് ട്യൂണ്‍ ചൂളം വിളിച്ചു് ഇംഗ്ലീഷ് ഡാൻസിന്റെ സ്റ്റെപ്പുകൾ വെക്കുന്നു. ചിരി) ക്ലബ്ബിലൊരു ഡാൻസ് വേണം. നല്ല ഡാൻസ്. എന്താ വിരോധമുണ്ടോ?
- ഗൗരി:
- എനിക്കെന്തു് വിരോധം!
- ഡോക്ടർ ശ്രീധരൻ:
- കുമാരി ഗൗരി ക്ലബ്ബിൽ ഡാൻസ് ചെയ്യണം. ഇംഗ്ലീഷ് ഡാൻസറിയാമോ?
- ഗൗരി:
- ഇല്ല.
- ഡോക്ടർ ശ്രീധരൻ:
- പഠിക്കണം. ഇങ്ങനെ… (എഴുന്നേറ്റു് ഡാൻസ് പോസിൽ മുന്നോട്ടടുക്കുന്നു)
ഗൗരി പരിഭ്രമിച്ചു് പിന്നോട്ടു് നീങ്ങുന്നു.
- പ്രൊപ്രൈറ്റർ:
- (അടുത്തു ചെന്നു്) ഡോക്ടർ…
- ഡോക്ടർ ശ്രീധരൻ:
- (തിരിഞ്ഞുനിന്നു്) നിങ്ങൾ?
- പ്രൊപ്രൈറ്റർ:
- ഞാൻ പ്രൊപ്രൈറ്റർ.
- ഡോക്ടർ ശ്രീധരൻ:
- വെരി ഗുഡ്, മിസ്റ്റർ പ്രൊപ്രൈറ്റർ, ഇംഗ്ളീഷ് ഡാൻസറിയാമോ?
- പ്രൊപ്രൈറ്റർ:
- കുറച്ചൊക്കെ അറിയാം.
ഗൗരി പതുങ്ങിപ്പതുങ്ങി പോകുന്നു.
- ഡോക്ടർ ശ്രീധരൻ:
-
എക്സലന്റ്! (പിന്നെയും ഡാൻസ് പോസിൽ പ്രൊപ്രൈറ്ററോടടുക്കുന്നു)
(പ്രൊപ്രൈറ്റർ പരുങ്ങുന്നു.)
- പ്രൊപ്രൈറ്റർ:
- ഡാൻസ് ക്ലബ്ബിൽവെച്ചല്ലേ വേണ്ടതു്?
- ഡോക്ടർ ശ്രീധരൻ:
- യേസ്… കുമാരി ഗൗരി ഡാൻസ് ചെയ്യണം. (തിരിഞ്ഞു് നോക്കുന്നു) എവിടെ കുമാരി ഗൗരി?
- പ്രൊപ്രൈറ്റർ:
- വരൂ, ഞാൻ കാണിച്ചുതരാം.
- ഡോക്ടർ ശ്രീധരൻ:
- വെരിഗുഡ്! എവിട്യാണു്?
- പ്രൊപ്രൈറ്റർ:
- ഇങ്ങോട്ടു് വരൂ.
പ്രൊപ്രൈറ്റർ മുൻപിലും ഡോക്ടർ ശ്രീധരൻ ഇംഗ്ലീഷ് ട്യൂണ്‍ വിസിൽചെയ്തുകൊണ്ടു് പിന്നിലുമായി പുറത്തേക്കു് പോകുന്നു.
—യവനിക—