‘കഥപറയുന്ന ആൾ’ എന്ന പ്രസിദ്ധമായ ലേഖനം വാൾട്ടർ ബെൻയാമിൻ ആരംഭിക്കുന്നതു തന്നെ കഥപറച്ചിൽ എന്ന കല മരിച്ചുകൊണ്ടിരിക്കുകയാണു് എന്നു് സാക്ഷ്യപ്പെടുത്തിക്കൊണ്ടാണു്. ‘നേരേ ചൊവ്വേ കഥ പറയാനറിയുന്ന ആളുകളെ വിരളമായേ നാം കാണുന്നുള്ളൂ. ഒരു കഥ കേൾക്കണമെന്ന ആഗ്രഹം ആരെങ്കിലും പ്രകടിപ്പിച്ചാൽത്തന്നെ ചുറ്റുമുള്ളവർ അങ്കലാപ്പിലാകുന്നു. ഒരിക്കലും നഷ്ടപ്പെടില്ല എന്നു കരുതിയ എന്തോ അനുഭവങ്ങൾ കൈമാറാനുള്ള കഴിവ് കൈമോശം വന്നാലെന്നപോലെ…’ അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഈ അവസ്ഥയുടെ മൂലകാരണത്തിലേക്കു് ബെൻയാമിൻ വെളിച്ചം വീശുന്നുണ്ട്: അനുഭവത്തിന്റെ വിലയിടിഞ്ഞിരിക്കുന്നു, ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്തുതന്നെ ഇതിന്റെ ആദ്യസൂചനകൾ വെളിവായിത്തുടങ്ങിയിരുന്നു. യുദ്ധക്കളത്തിൽ നിന്നു് മടങ്ങിയെത്തിയ പട്ടാളക്കാർ മാനികളായിരുന്നു. എന്തുകൊണ്ടോ തങ്ങളുടെ അനുഭവങ്ങളെക്കുറിച്ചു് വാചാലരാകാൻ അവർക്കു് കഴിഞ്ഞിരുന്നില്ല.
പിൽക്കാല സാഹിത്യത്തിൽ നിറഞ്ഞു നിന്ന ഈ മാറ്റത്തെ വിശദീകരിച്ചുകൊണ്ടു് ബെൻയാമിൻ പറയുന്നു: ‘പണ്ടൊരിക്കലുമുണ്ടായിട്ടില്ലാത്ത രീതിയിൽ യുദ്ധം അനുഭവജ്ഞാനത്തെ—വിശേഷിച്ചും വിലക്കയറ്റം സാമ്പത്തികമായ അനുഭവജ്ഞാനത്തെയും യാന്ത്രികമായ യുദ്ധം ശാരീരികാനുഭവങ്ങളേയും, അധികാരം ധർമബോധത്തെയും പൂർണമായും തകിടം മറിച്ചു. കുതിരവണ്ടിയിൽ സ്കൂളിലേക്കു് പോയിരുന്ന ഒരു തലമുറ തുറന്ന ആകാശത്തിനു കീഴിൽ എത്തിപ്പെട്ടു. അവർക്കു ചുറ്റുമുള്ളതെല്ലാ തലയ്ക്കു മുകളിലെ മേഘങ്ങളൊഴിച്ച്, തിരിച്ചറിയാനാകാത്തവിധം മാറിക്കഴിഞ്ഞിരിക്കുന്നു, മേഘങ്ങളും അസാമാന്യമായ വിനാശശക്തിയുള്ള തരംഗങ്ങളും അവയ്ക്കെല്ലാം നടുവിൽ ദുർബലമായ, നശ്വരമായ മനുഷ്യശരീരവും… (Illuminations, p. 83–107).
ഒരർത്ഥത്തിൽ കഥപറച്ചിലിനു് സംഭവിക്കുന്ന ഈ വിപര്യയം ആധുനിക സമൂഹത്തിന്റെ പിറവിയോളം തന്നെ പഴക്കമേറിയതാണു്. ആധുനിക കാലഘട്ടത്തിന്റെ സൃഷ്ടിയായ നോവലിന്റെ ഉറവിടങ്ങളെപ്പറ്റി ലൂക്കാച്ചു് വീടു് നഷ്ടപ്പെടുക എന്ന സർവാതിശായിയായ അനുവത്തിന്റെ ഇതിഹാസമെന്നു് നോവലിനെ വിശേഷിപ്പിക്കുന്നതു് വെറുതെയല്ല. എല്ലാവരും പരസ്പരമറിയുന്ന ഓർമ്മകളും വിശ്വാസങ്ങളും പങ്കുവയ്ക്കുന്ന പഴയ സമൂഹങ്ങളുടെ തകർച്ചയോടെ, എങ്ങനെ ആധുനിക മനുഷ്യൻ കൂടുതൽ അന്യവത്കൃതനും ഏകാകിയുമായി മാറുന്നു? ഈ അന്യവത്കരണം എങ്ങനെ നായകസങ്കൽപത്തെ പ്രശ്നവത്കരിച്ചുവെന്നും ലൂക്കാച്ചു് വിശദമായി പ്രതിപാദിക്കുന്നുണ്ടു് (Theory of the Novel). വസ്ത്രം നെയ്യുമ്പോഴും ബീഡി തെറുക്കുമ്പോഴും ബാല്യകാലത്തു് കുപ്പി വിളക്കിനു ചുറ്റും കൂട്ടംകൂടിയിരിക്കുമ്പോഴും എല്ലാം നമ്മുടെ പൂർവ്വികരെ കഥ പറഞ്ഞ് രസിപ്പിച്ചിരുന്ന ആളുകൾ ഇന്നു് അതിവിദുരമായ ഓർമ്മ മാത്രമാണു്. കാരണം ആഖ്യാനങ്ങളിൽ നിന്നു് വായനാമുറിയിലേക്കു് ചുരുങ്ങിപ്പോയിരിക്കുന്നു. വാചിക ആഖ്യാനങ്ങളിലെ ഈ നഷ്ടലോകത്തെ വീണ്ടും നമുക്കു കാട്ടിത്തരുന്നു എന്നുള്ളതാണു് ഗ്രബിയേൽ ഗാർസ്യ മാർകേസിന്റെ ഏറ്റവും വലിയ പ്രസക്തി.
അടിയന്തരാവസ്ഥയുടെ അവസാനനാളുകളിൽ കൽക്കത്തയിലെ നാഷണൽ ലൈബ്രറിയിൽ പുതിയ പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന മേശയിൽ ഒരു വിസ്മയം പോലെ മാർകേസിന്റെ ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ പ്രത്യക്ഷപ്പെട്ടതു് ഞാനിന്നും ഓർക്കുന്നു. മകാൻഡോ എന്ന സാങ്കൽപിക നഗരത്തിന്റെ ദുരന്തപൂർണമായ ചരിത്രവും ഏകാധിപത്യത്തിനെതിരായി കേണൽ ഒറീലിയോ ബുവൻഡ നയിക്കുന്ന സായുധസമരത്തിന്റെ പരാജയവുമാണു് അദ്ദേഹത്തിന്റെ മിക്ക കൃതികളുടെയും പ്രമേയം. ഏകാന്തതയുടെ നൂറു വർഷങ്ങളിൽ’ ബുവൻഡയുടെ ഐതിഹാസികമായ ചെറുത്തുനില്പും മകാൻഡോ എന്ന ബനാനാ റിപ്പബ്ലിക്കിന്റെ ഉയർച്ചയും തകർച്ചയുമാണു് മാർകേസ് വിവരിക്കുന്നതു്. സമരരംഗത്തു നിന്നു് തന്റെ വലിയ വീട്ടിലെ ഇരുണ്ട മുറിയിലേക്കു് പിൻവാങ്ങി സ്വർണത്തിൽ സമ്മോഹനമായ മത്സ്യരൂപങ്ങൾ നിർമ്മിച്ചും നശിപ്പിച്ചും ജീവനൊടുക്കാൻ വൃഥാ പരിശ്രമിച്ചും കഴിയുന്ന ബുവൻഡയുടെ ചിത്രം ഐതിഹാസികമായ ഹാസ്യം കലർന്ന നിസ്സംഗതയോടെയാണു് മാർകേസ് അവതരിപ്പിക്കുന്നതു്. ബുവൻഡയുടെ പരാജയത്തിനു് ശേഷം ചിതറിപ്പോയ അദ്ദേഹത്തിന്റെ സഖാക്കൾ നടത്തുന്ന വ്യക്തിപരമായ ചെറുത്തുനില്പുകളാണു് ‘No one writes to the Colonel’, ‘Leaf Storm’ തുടങ്ങിയ കൃതികളുടെ പ്രമേയം.
‘The Autumn of the Partriarch’, ‘Big Mama’s Funaral’, ‘The General in his Labyrinth’ തുടങ്ങിയ കൃതികളിൽ നിശിതവും പലപ്പോഴും ക്രൂരവുമായ ഹാസ്യത്തോടെ മാർകേസ് ലാറ്റിനമേരിക്കയിലെ ഏകാധിപത്യ ഭരണകൂടങ്ങളെ ചിത്രീകരിക്കുന്നു. ഓർമ്മയും ഓർമ്മത്തെറ്റും, പേക്കിനാവുകളും ആർദ്രമോഹങ്ങളും കൊടും ക്രൂരതയും രക്തപ്പുഴകളും കൂടിപ്പിണഞ്ഞൊഴുകുന്ന ‘കുലപതിയുടെ ശിശിര’ത്തിലെ വിശ്രമാത്മകമായ ആഖ്യാനം ഒരുപക്ഷേ, സമൂഹ യാഥാർത്ഥ്യത്തെ കൂടുതൽ സത്യസന്ധമായി ആവിഷ്കരിക്കുന്നുണ്ടു്. തിരത്തലപ്പത്തു് നുരഞ്ഞു പൊന്തുന്ന പതപോലെ മനസ്സിൽ വിടരുന്ന വേതാളരൂപങ്ങൾ പോലും സമൂഹത്തിന്റെ സംഘർഷങ്ങളിൽ നിന്നാണു് പിറവിയെടുക്കുന്നതെന്ന മാർക്സിന്റെ പ്രസ്താവം (German ideology) ഇവിടെ സംഗതമാണു്.
രൂക്ഷമായ സംഘട്ടനങ്ങളും പീഡാനുഭവങ്ങളും പരാജയപ്പെടുന്ന വിമോചനോദ്യമങ്ങൾ പിച്ചിച്ചീന്തിയ ലാറ്റിനമേരിക്കയുടെ രോദനമാണു് മാർകേസിന്റെ കൃതികളുടെ സ്ഥായീഭാവം.
സിൽവാനാ പാറ്റർനോസ്ട്രോ മാർകേസിന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും കണ്ടു് നടത്തിയ അഭിമുഖങ്ങളും ‘Living to Tell the Tale’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയുടെ ഒന്നാം ഭാഗത്തിന്റെ ഇംഗ്ലീഷ് തർജമയും മാർകേസിന്റെ കഥാപ്രപഞ്ചത്തിലേക്കു് ഒരു പുതിയ വാതിൽ നമുക്കു് തുറന്നു തരുന്നുണ്ടു്. സാന്റിയാഗോ മൂറ്റിസും റാമോൻ ഇയാൻ ബാക്കയും മാർകേസിന്റെ ആഖ്യാനശൈലി എങ്ങനെ കൊളംബിയയിലെ ജനസംസ്കൃതിയുമായി ഇഴചേർന്നു കിടക്കുന്നുവെന്നു് വിവരിക്കുന്നുണ്ടു്. ‘ഏകാന്തതയുടെ നൂറു വർഷ’ങ്ങളെപ്പറ്റി മൂറ്റിസ് പറയുന്നതു് നോക്കുക;
‘ഇവിടെ ആളുകൾ ജീവിക്കുന്നതു് ഇങ്ങനെയാണു്. കൊളംബിയ ഒരു മാന്ത്രികരാജ്യമാണു്. ജനങ്ങൾ മന്ത്രവാദത്തിൽ വിശ്വസിക്കുന്നു. വില്ലാബിലൈവയിലെ ചന്തയിൽപ്പോയി നോക്കുക… ആളുകൾ ട്രക്കിനു് മുകളിൽ വിശുദ്ധജലം തളിക്കുന്നതു കാണാം. അങ്ങനെ ചെയ്താലതു് മറിയില്ല എന്നാണവരുടെ വിശ്വാസം.’
ബാക്ക ‘മാജിക്കൽ റിയലിസത്തി’ന്റെ വേരുകൾ എങ്ങനെയാണു് കൊളംബിയയുടെ സംസ്കാരത്തിൽ ആണ്ടിറങ്ങുന്നതെന്നു് വിശദീകരിക്കുന്നുണ്ടു്.
‘പിയാനോ വിദഗ്ധനായ ഒരാൾ ഏറെ പേരും പെരുമയും നേടി നാട്ടിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തെ ആദരിക്കാനായി നാട്ടുകാർ പിയാനോ വായിക്കാൻ ക്ഷണിച്ചു. പോപ്പിന്റെയും ലിസ്കിന്റെയും എല്ലാം കൃതികൾ അദ്ദേഹം വിദഗ്ധമായി വായിച്ചു. അപ്പോൾ അദ്ദേഹം നാട്ടിൽ പ്രസിദ്ധമായ ഒരു കൃതികൂടി വായിക്കണം എന്നായി ജനങ്ങളുടെ ആവശ്യം. ഇതൊരു വലിയ അവമതിയായിട്ടാണു് ആ സംഗീതജ്ഞൻ കരുതിയതു്. ഞാൻ പിയാനോ വായിക്കുന്നതു് ഈ നഗരം ഇനിയൊരിക്കലും കേൾക്കയില്ലെന്നു് അദ്ദേഹം പ്രതിജ്ഞയെടുത്തത്രേ. അപ്പോൾ അയാൾക്കു് മുപ്പതു വയസ്സു പ്രായമേ ഉണ്ടായിരുന്നുള്ളു. തൊണ്ണൂറു കഴിഞ്ഞിട്ടാണു് അയാൾ മരിക്കുന്നതു്. പക്ഷേ, അയാൾ തന്റെ പ്രതിജ്ഞ പാലിച്ചു. കാലത്തു് പിയാനോ പരിശീലിക്കുമ്പോൾ കമ്പികളിലയാൾ പഞ്ഞി നിറയ്ക്കുമായിരുന്നത്രേ. ശബ്ദം പുറത്തു കേൾക്കില്ലെന്നു് ഉറപ്പുവരുത്താൻ.
‘ഇതു മാജിക്കൽ റിയലിസമല്ലെങ്കിൽ മറ്റെന്താണു്?’ ബാക്ക ചോദിക്കുന്നു. ‘Innocent Erendira’-യിലും ‘In Evil Hour’-ലും ‘Love in the Time of Cholera’-ലും എല്ലാം മാർകേസിന്റെ ആഖ്യാനം യാഥാർത്ഥ്യവും മിഥ്യയും ഇടകലരുന്നതാണു്. സ്വപ്നദൃശ്യങ്ങളെയാണു് പലപ്പോഴും അവ അനുസ്മരിപ്പിക്കുന്നതു്. ഈ സ്വപ്നാത്മകത സാമുഹ്യയാഥാർത്ഥ്യവുമായി അതിനുള്ള നാഭീനാളബന്ധത്തെ ഒരിക്കലും അറുത്തുകളയുന്നില്ല. ഇരുപതു കൊല്ലം കൊണ്ടാണു് ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’അദ്ദേഹം പൂർത്തീകരിച്ചതെന്നും എഴുതിക്കൊണ്ടിരിക്കുമ്പോൾ രണ്ടായിരം ചോദ്യങ്ങളുള്ള ഒരു ചോദ്യാവലി അദ്ദേഹം ഒരു സുഹൃത്തിനു് അയച്ചു കൊടുത്തിരുന്നുവെന്നും അറിയുമ്പോഴാണു് ഇതു് കൂടുതൽ വ്യക്തമാവുന്നതു്. കാഫ്കയേയും തോമസ് മാനിനേയും ചർച്ച ചെയ്യുമ്പോൾ ലൂക്കാച്ചു് പറയുന്ന ഒരു കാര്യമുണ്ടു്. കാഫ്കയുടെ മെറ്റാമോർഫസിസിന്റെ തുടക്കം ഏതു് റിയലിസ്റ്റ് കഥാകൃത്തിനെയും അതിശയിക്കുന്ന തരത്തിൽ ട്രാവലിങ് സെയിൽസ്മാന്റെ മുറിയുടെ മിഴിവാർന്ന ഒരു ചിത്രം നമ്മുടെ മുന്നിൽ പ്രദർശിപ്പിക്കുന്നുണ്ടു്. ചുവരിൽ ആണിയടിച്ചു വച്ചിട്ടുള്ള സുന്ദരിയുടെ ചിത്രവും സാമ്പിളുകൾ അടുക്കി വെച്ചിട്ടുള്ള യാത്രാസഞ്ചിയും അലാറം ക്ലോക്കും എല്ലാം കൃത്യതയോടെ നമ്മുടെ കൺമുന്നിൽ തെളിയുന്നു. പക്ഷേ, അല്പം കൂടിയുറങ്ങാം എന്നു തീരുമാനിക്കുന്ന ഗ്രിസോകു് സാംസ തെന്നിപ്പോയ പുതപ്പ് വലിച്ചെടുത്തു് മൂടിപ്പുതച്ചുറങ്ങാൻ നോക്കുമ്പോൾ ഈ റിയലിസ്റ്റ് ചിത്രം കീഴ്മേൽ മറിയുന്നു. കാരണം സംസയ്ക്കിപ്പോൾ കൈകളില്ല. നിഷ്ഫലമായി വായുവിലാടുന്ന കുറേ കാലുകൾ മാത്രമേയുള്ളൂ. വളരെ കണിശമായി കാഫ്ക ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ യാഥാർത്ഥ്യത്തെ അവതരിപ്പിക്കുന്നതിനു് പകരം യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഒരു പ്രേതദർശനത്തെ ആണു് അവതരിപ്പിക്കുന്നതെന്നും ഭീതിയും സംഭ്രമവും നിറഞ്ഞ (angst-ridden) ഒരു ജീവിത ദർശനത്തെയാണു് അതു് ആവിഷ്കരിക്കുന്നതെന്നും ലുക്കാച്ചു് പറയുന്നുണ്ടു്. ലുക്കാച്ചിന്റെ സാഹിത്യസമീപനങ്ങളോടു് പൊതുവേ യോജിക്കാത്ത ബർതോൾഡ് ബ്രഹ്തും കാഫ്കയെക്കുറിച്ചു് ഏതാണ്ടു് ഇതേ കാര്യം തന്നെ പറയുന്നുവെന്നതു് ശ്രദ്ധേയമാണു്. ‘അയാളുടെ കൃത്യത കൃത്യതയില്ലാത്ത ഒരു മനുഷ്യന്റേതാണു്. ഒരു സ്വപ്നജീവിയുടെ…’
എന്നാൽ മാർകേസിന്റെ കഥാപ്രപഞ്ചത്തിൽ ചുരുൾ നിവരുന്ന ഭ്രമദൃശ്യങ്ങൾ യാഥാർത്ഥ്യത്തിന്റെ കൂടുതൽ വ്യക്തമായ ആവിഷ്കരണങ്ങളാണു്. അതു് ആധുനികതയുടെയും ഉത്തരാധുനികതയുടെയും ഭ്രമദൃശ്യങ്ങളിൽനിന്നു് ഗുണപരമായും വ്യത്യസ്തമായ ഒരു മണ്ഡലത്തിലാണു് വ്യാപരിക്കുന്നതു്. ജോസ് സാൽഗർ ഈ സവിശേഷത ഭംഗിയായി തിരിച്ചറിയുന്നുണ്ടു്.
‘കാര്യങ്ങൾ കൃത്യമായി പറയുക എന്നതാണു് മാജിൿ റിയലിസത്തിന്റെ അർത്ഥം—സത്യത്തിൽ നിന്നാരംഭിക്കുക; അതിനു് കൂടുതൽ മിഴിവ് നൽകുക… മാർകേസ് സത്യത്തോടു് സൗന്ദര്യത്തെ ചേർത്തു.’
മാർകേസിന്റെ ‘ആത്മകഥയുടെ ഒന്നാം ഭാഗം അദ്ദേഹത്തിന്റെ പണിപ്പുരയിലേക്കു് നമ്മെ എത്തിക്കുന്നു. സിയാറ നവാഡയുടെ താഴ്‌വാരങ്ങളിലെ വാഴത്തോട്ടങ്ങൾക്കിടയിൽ നിന്നാരംഭിക്കുന്ന മാർകേസിന്റെ സ്മരണകൾ കൊളംബിയയുടെയും മൂന്നാംലോക രാജ്യങ്ങളുടെയും അനുഭവമണ്ഡലങ്ങളിലേക്കു് വ്യാപിക്കുന്ന ഒരനുഭവമായി മാറുന്നു. ജീവിതമെന്നതു് ഒരാൾ ജീവിച്ച ഒന്നല്ല നാം ഓർമിക്കുന്ന ഒന്നാണു് എന്ന പ്രസ്താവത്തെ തലക്കുറിയാക്കിക്കൊണ്ടാണു് ഈ ആത്മകഥ ആരംഭിക്കുന്നതു്.
മാർകേസ് അജ്ഞാതരും അപരിചിതരുമായ തന്റെ വായനക്കാരോടു് വരമൊഴിയിലൂടെ സംവദിക്കുന്ന ആധുനിക നോവലിസ്റ്റല്ല. ഭാഷണത്തിന്റെ ഓരോ ഞെളിവും പിരിവും സാകൂതം കേട്ടിരിക്കുന്ന ഒരു സഭയെ അഭിസംബോധന ചെയ്യുന്ന പഴയ കഥപറച്ചിലുകാരൻ ആണു്. ‘വലിയമ്മച്ചിയുടെ ശവസംസ്കാര’ത്തിന്റെ ആദ്യവരികൾ തന്നെ ഈ സവിശേഷതയിലേക്കു് വിരൽ ചൂണ്ടുന്നു:
ലോകത്തിലുള്ള എല്ലാ അവിശ്വാസികളുടേയും അറിവിലേക്കായി തൊണ്ണൂറ്റിരണ്ടാം വയസ്സു വരെ മക്കൻഡോ സാമ്രാജ്യത്തിന്റെ സർവ്വധിപതിയായി അഭംഗുരം വാണരുളി, കഴിഞ്ഞ സെപ്തംബർ മാസത്തിലെ ഒരു ചൊവ്വാഴ്ച ദിവസ്സം ദിവ്യസൗരഭം പരത്തിക്കൊണ്ടു് ഇഹലോകവാസം വെടിഞ്ഞ പുണ്യശാലിനിയായ വല്യമ്മച്ചിയുടെ, അതിവിശുദ്ധ പോപ്പ് തിരുമേനി പോലും പങ്കെടുത്ത, ശവസംസ്കാര ചടങ്ങുകളുടെ ഈ സത്യമായ വിവരണം രേഖപ്പെടുത്തിക്കൊള്ളട്ടെ.
ജിവധാരങ്ങളെപ്പോലും കമ്പനം കൊള്ളിച്ച ആ മഹാസംഭവത്തിന്റെ നടുക്കത്തിൽ നിന്നു് മെല്ലെ ഉണർന്ന രാഷ്ട്രം അതിന്റെ സമചിത്തത ഒട്ടൊക്കെ വീണ്ടെടുത്തിരിക്കുന്ന നിലയ്ക്ക്, സാൻജസിന്റോവിൽ നിന്നെത്തിയിരുന്ന കുഴലൂത്തുകാരും ഗ്വാജിറയിൽ നിന്നെത്തിയിരുന്ന കള്ളക്കടത്തുകാരും, സിനുവിൽ നിന്നെത്തിയിരുന്ന നെൽകൃഷിക്കാരും കൂക്കാമയൽ ദേശത്തു നിന്നെത്തിയിരുന്ന വേശ്യകളും, സിയിർപ്പിയിൽ നിന്നെത്തിയിരുന്ന വാഴത്തോട്ടപ്പണിക്കാരും, ദീർഘ ദീർഘമായിരുന്ന ആ കാത്തിരിപ്പിന്റെ ക്ഷീണത്തിൽ നിന്നും ഉണർന്നു്, അവരുടെ കൂടാരങ്ങൾ പൊളിച്ചു്, ഭാണ്ഡം മുറുക്കി, വീണ്ടും പ്രശാന്ത ചിത്തരായിത്തീർന്നിരിക്കുന്ന നിലയ്ക്കു് ചരിത്രത്തിന്റെ ഏടുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പ്രൗഢഗംഭീരമായ ശവസംസ്കാരവേളയിൽ സന്നിഹിതരായിരുന്ന, ബഹുമാനപ്പെട്ട രാഷ്ട്രപതിയും മന്ത്രിമാരും ലൗകികവും അലൗകികമായ ശക്തികളുടെ മറ്റു പ്രതിനിധികളും എല്ലാം അവരവരുടെ ഭരണസ്ഥാനങ്ങളിൽ മടങ്ങിച്ചെന്നു് അധികാരത്തിന്റെ കടിഞ്ഞാണുകൾ വിണ്ടും കയ്യാളിയിരിക്കുന്ന നിലയ്ക്കു് അതു് വിശുദ്ധ പിതാവ് ഉടലോടെ സ്വർഗാരോഹണം ചെയ്തിരിക്കുന്ന നിലയ്ക്ക്; സർവോപരി സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്ന വമ്പിച്ച ജനസഞ്ചയം ബാക്കിയിട്ടുപോയ കാലിക്കുപ്പികളും സിഗരറ്റു കുറ്റികളും ചവച്ചുതുപ്പിയ എല്ലിൽകഷ്ണങ്ങളും ഒഴിഞ്ഞ പാട്ടകളും കീറത്തുണികളും മലമൂത്രാദിവിസർജ്യന വസ്തുക്കളും, മക്കാൻഡോവിലെ തെരുവുകളിലൂടെ നടക്കുക എന്നതു് അസാദ്ധ്യമാക്കിയിരിക്കുന്നു. എന്ന നിലയ്ക്കു്; എന്ന നിലയ്ക്കു് ഉമ്മറത്തു് ഒരു കസാലയിട്ടിരുന്നു് ചരിത്രപണ്ഡിതന്മാർക്കു് കൈവയ്ക്കാൻ അവസരം കിട്ടുംമുൻപേ, രാഷ്ട്രത്തെ മുഴുവൻ ഇളക്കിമറിച്ച ഈ മഹാസ്സംഭവത്തിന്റെ വിശദാംശങ്ങൾ തുടക്കും മുതൽക്കുതന്നെ, വിവരിക്കാനുള്ള സമയമായിരിക്കുന്നു (വല്യമ്മച്ചിയുടെ ശവസംസ്കാരം, മാർകേസ്).
ലാറ്റിൻ അമേരിക്കയിലെ ബനാനാ രാജ്യങ്ങളുടെയും അവയിലെ ക്രൂരരായ സ്വേച്ഛാധിപതികളുടെയും നീണ്ട നിരയിലാണ്, ‘വല്യമ്മച്ചി’യുടെയും സ്ഥാനം. ചരിത്രവും ആഖ്യാനവും മിഥ്യയും യാഥാർത്ഥ്യവും ഇഴയിടുന്ന ഈ മാന്ത്രികക്കമ്പളങ്ങൾ, പക്ഷേ, നീറുന്ന സാമുഹിക–രാഷ്രീയ പ്രശ്നങ്ങളോടു് ഒരു ഘട്ടത്തിലും മുഖം തിരിഞ്ഞു നിൽക്കുന്നില്ല. മരിക്കും മുമ്പ് തന്റെ ‘അധികാരശക്തിയുടെയും പ്രഭാവത്തിന്റെയും പരമവും അദ്വിതീയവുമായ ഉറവിടത്തിന്റെ—തന്റെ സ്ഥാവരജംഗമ സ്വത്തുക്കളുടെ—വിശദമായ പട്ടിക’ അധികാരിക്കു് ചൊല്ലിക്കൊടുത്തു്, വിൽപ്പത്രവും ഒപ്പുവെച്ചിട്ടാണു് അവർ മരിക്കുന്നതു്. തന്റെ പ്രാപഞ്ചികമായ സ്വത്തുക്കളുടെ പട്ടിക പറഞ്ഞു തീർക്കാൻ അവർക്കു് മൂന്നു മണിക്കൂറോളം വേണ്ടിവന്നുവത്രെ. മക്കാൻഡോവിലെ ആറു നഗരങ്ങളും ഭരണസ്ഥാനം തന്നെയും വല്യമ്മച്ചിയുടെ ഭൂമിയിലാണു്. അതുകൊണ്ടു് മെക്കാണ്ടോ നിവാസികൾ നികുതി കൊടുക്കേണ്ടതു് വല്യമ്മച്ചിക്കാണു്. സർക്കാർ പോലും നാട്ടിലെ വഴികൾ ഉപയോഗിക്കാൻ അവർക്കു് കരം ഒടുക്കിയിരുന്നു, എന്നാൽ മൂർത്തവും ദൃശ്യവും ആയ ഈ വസ്തുവഹകളേക്കാൾ വിചിത്രമായ ഒരു പ്രത്യയശാസ്ത്ര സമ്പത്തിനും അവർ ഉടമകളായിരുന്നുവെന്നു് ചൂണ്ടിക്കാണിക്കാൻ മാർക്കേസ് മറക്കുന്നില്ല നൂറ്റാണ്ടുകളായി ആ കുടുംബത്തിന്റെ ധാർമ്മികാടിത്തറയായി വർത്തിച്ചിരുന്ന അമൂർത്ത സങ്കല്പങ്ങളുടെ പട്ടിക ചൊല്ലിക്കൊടുക്കുന്നതിനിടയിൽ വീർപ്പുമുട്ടി ഉച്ചത്തിൽ ഏമ്പക്കം വിട്ടുകൊണ്ടാണു് വല്യമ്മച്ചി മരിക്കുന്നതു്.
‘അടിമണ്ണി’ലെ ധാതുസമ്പത്തു്, രാജ്യത്തിന്റെ ജലാതിർത്തി രാഷ്ട്രത്തിന്റെ പരമാധികാരം, ദേശീയപതാകയുടെ നിറങ്ങൾ അംഗീകൃതരാഷ്ട്രീയ സംഘടനകൾ, പൗരാവകാശങ്ങൾ മനുഷ്യാവകാശങ്ങൾ, ദേശീയ നേത്യത്വം, ഹർജി സമർപ്പിക്കാനുള്ള അവകാശം, നിയമസഭാ കമ്മിറ്റികൾ നടത്തുന്ന അന്വേഷണങ്ങൾ, ശുപാർശക്കത്തുകൾ, ചരിത്രരേഖകൾ, സ്വത്രന്തമായ തെരഞ്ഞെടുപ്പു്, സൗന്ദര്യറാണികൾ, വേദാന്തസാര പ്രഭാഷണങ്ങൾ, വമ്പിച്ച റാലികൾ, കുലീന യുവതികൾ, ‘മാന്യരായ’ ചെറുപ്പക്കാർ, കർത്തവ്യനിരതരായ പട്ടാള ഉദ്യോഗസ്ഥർ, അതിവിശുദ്ധ തിരുമേനി സുപ്രീംകോടതി, ഇറക്കുമതി നിരോഗിക്കപ്പെട്ട ചരക്കുകൾ, ‘വിശാലമനസ്കരായ’ സ്ത്രീകൾ, ഇറച്ചിപ്രശ്നം, ഭാഷയുടെ സംശുദ്ധി, ശരിയായ മാതൃക കാണിച്ചുകൊടുക്കുന്നതിന്റെ ആവശ്യകത, സ്വതന്ത്രവും എന്നാൽ തികഞ്ഞ ഉത്തരവാദിത്തബോധം പ്രകടിപ്പിക്കുന്നതുമായ പത്രങ്ങൾ, തെക്കൻ അമേരിക്കയിലെ ഏതൽസ്, ബഹുജനാഭിപ്രായം, ജനാധിപത്യത്തിന്റെ പാഠങ്ങൾ, ക്രിസ്തീയ സദാചാര സങ്കല്പങ്ങൾ, വിദേശനാണ്യക്കമ്മി അഭയം ലഭിക്കാനുള്ള അവകാശം, കമ്യൂണിസ്റ്റു ഭീഷണി ഭരണക്കപ്പൽ, ഉയർന്ന ജീവിതച്ചെലവ്, അധസ്ഥിത വർഗങ്ങൾ, രാഷ്ടീയ പിന്തുണ പ്രഖ്യാപിക്കുന്ന പ്രസ്താവനകൾ…
മൂന്നാം ലോക രാജ്യങ്ങളിലെമ്പാടും, നമ്മുടെ നാട്ടിലും, പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന കുട്ടി ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ ആദിരൂപമാണു് വല്യമ്മച്ചിയുടെ മക്കാണ്ടോ, അതിലെ പഴക്കമ്പനി, ഇന്നു് നമ്മുടെ ഭൂഗർഭജലവും വായുവും അന്തരീക്ഷവും ധാതുസമ്പത്തും എല്ലാം കൊള്ളയടിക്കുന്ന കോളഭീമന്മാരുടെ പൂർവസൂരിയും. അങ്ങനെ നോക്കുമ്പോൾ അരാക്കാറ്റക്കയ്ക്കടുത്തു് ഉണ്ടായിരുന്ന പഴക്കമ്പനിയുടെ പേരാണു് മക്കാണ്ടോ എന്നതു് ആകസ്മികമല്ല.
തന്റെ കാൽച്ചുവട്ടിലെ പൊള്ളുന്ന മണ്ണിനെപ്പറ്റി, തനിക്കു ചുറ്റുമുള്ള നിസ്വരായ ജനങ്ങളെപ്പറ്റി, മാർകേസിനുള്ള തീക്ഷ്ണമായ അവബോധമാണു് അദ്ദേഹത്തിന്റെ കൃതികളെ ദീപ്തമാക്കുന്നതു്. ഒരിക്കൽ അദ്ദേഹം അതീവ ദുഃഖിതനായി കാണപ്പെട്ടപ്പോൾ അതിന്റെ കാരണം അന്വേഷിച്ച സുഹൃത്തിനു് മാർകേസ് നല്കുന്ന മറുപടി, തലേന്നു രാത്രി താൻ ‘സോഷ്യലിസം പ്രാവർത്തികമല്ല’ എന്നു് സ്വപ്നം കണ്ടു എന്നാണു്. ഈ രാഷ്ട്രീയപ്രതിബദ്ധത തന്നെയാണു് മാർകേസിനെ ആഗോളവത്കരണത്തിന്റെ ഉത്തരാധുനിക ന്യായീകരണങ്ങളിൽ അഭിരമിക്കുന്ന മൂന്നാം ലോക ബുദ്ധിജീവികളിൽ നിന്നു് വ്യത്യസ്തനാക്കുന്നതു്.
ഒരർത്ഥത്തിൽ സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലും ‘സോഷ്യലിസത്തിനുണ്ടായ തിരിച്ചടിക്കുശേഷം ഭ്രാന്തമായ വേഗത്തിൽ ലോകത്തെമ്പാടും ഒരു നാരകീയ യന്ത്രംപോലെ പടർന്നുകൊണ്ടിരിക്കുന്ന മുതലാളിത്തക്രമം പ്രാദേശിക സ്വേച്ഛാധിപതികളെ സർവതന്ത്രസ്വതന്ത്രരാക്കിയിരിക്കുന്നു. പിറന്നാളിനു് ‘ലോകത്തുണ്ടാക്കിയിട്ടുള്ള ഏറ്റവും വലിയ’ കേക്കു മുറിച്ചും മക്കളുടെ വിവാഹങ്ങൾ ദേശീയോത്സവങ്ങളാക്കിയും, വിലകൂടിയ പാദരക്ഷകൾ വാങ്ങിക്കൂട്ടിയും, തൊഴിലാളികളുടെ നാവടച്ചും, പത്രക്കാരെ ജയിലിൽ തള്ളി മര്യാദ പഠിപ്പിച്ചും അഭംഗുരം വാഴുന്ന ഈ വല്യമ്മച്ചിമാർക്കും/വല്യപ്പൻമാർക്കും ഉള്ള താക്കീതാണു് ‘വല്യമ്മച്ചിയുടെ ശവസംസ്കാരത്തിന്റെ അന്തിമ ഖണ്ഡം’.
ആ ശക്തി പ്രകടനം കണ്ടു കണ്ണു മഞ്ഞളിച്ചു പോയിരുന്ന സാധാരണ ജനങ്ങൾ, നാട്ടിലെ പ്രഭുക്കൾ തമ്മിലുള്ള തർക്കങ്ങൾക്കറുതി വരുത്തിക്കൊണ്ടു് ശവസംസ്കാര തീരുമാനം പ്രഖ്യാപിക്കപ്പെട്ടപ്പോഴും, ഉന്നതന്മാർ ശവമഞ്ചം തോളിലേറ്റി പുറത്തേക്കു വന്നപ്പോഴും, വല്യമ്മച്ചിയുടെ വീടിനു ചുറ്റുമുള്ള മരങ്ങളിൽ തങ്ങിക്കൂടിയിരുന്ന കൊതിപെരുത്ത കഴുകന്മാരുടെ കലമ്പൽ ശ്രദ്ധിച്ചതേയില്ല. വേനൽചൂടിലുരുകുന്ന മക്കാണ്ടോവിലെ തെരുവീഥികളിലൂടെ ആ ശവഘോഷയാത്രമെല്ലെ നീങ്ങിക്കൊണ്ടിരിക്കേ അവധാനപൂർവ്വം അതിനെ പിന്തുടർന്നിരുന്ന ശവംതീനിക്കഴുകന്മാരുടെ നിഴലുകളും ആരും കണ്ടില്ല. ശവമഞ്ചവും ഏറ്റിനടക്കുന്ന ഉന്നതന്മാർ പോയവഴി മുഴുവൻ ദുർഗന്ധം വമിക്കുന്ന ചപ്പുചവറുകൾ ചിതറിവീണിരുന്നതും ആരും ശ്രദ്ധിക്കുകയുണ്ടായില്ല. മൃതദേഹം പുറത്തേക്കെടുത്തയുടൻ, വല്യമ്മച്ചിയുടെ മരുമക്കളും, അരുമക്കിടാങ്ങളും, ആശ്രിതന്മാരും, ജോലിക്കാരും എല്ലാം ചേർന്നു് വീടിന്റെ വാതിലുൾ കൊട്ടിയടച്ചു് നിലത്തെ പലകകൾ പൊളിച്ചെടുത്തു് അസ്തിവാരം തോണ്ടി വീടു് ഭാഗം വെയ്ക്കാൻ തുടങ്ങി എന്നതും ആരും ശ്രദ്ധിക്കാൻ ഇടവന്നില്ല. പതിന്നാലു് നാളുകൾ നീണ്ടുനിന്ന പ്രാർത്ഥനകൾക്കും ആഹ്ലാദപ്രകടനങ്ങൾക്കും തോറ്റം പാട്ടുകൾക്കുമെല്ലാം അന്ത്യം കുറിച്ചുകൊണ്ടു് ശവക്കുഴി ഒരു ഈയപ്പലക ഇട്ടു മൂടിയപ്പോൾ ജനങ്ങളിൽ നിന്നുയർന്ന ഉച്ചത്തിലുള്ള ആശ്വാസനിശ്വാസം മാത്രം എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടു. അവിടെ കൂടിയിരുന്നവരിൽ ചിലർക്കെങ്കിലും തങ്ങൾ ഒരു പുതുയുഗപ്പിറവിക്കു് സാക്ഷ്യം വഹിക്കുകയാണെന്നു് അറിയാമായിരുന്നു. ഇനി പ്രാപഞ്ചികമായ തന്റെ കർത്തവ്യങ്ങൾ പൂർത്തീകരിച്ച നിലയ്ക്ക്, പോപ്പു തിരുമേനിക്കു് ഉടലോടെ സ്വർഗത്തിലേക്കു് പോകാൻ തടസ്സമൊന്നുമുണ്ടാകില്ല. ഇനി രാഷ്ട്രപതിക്കു് തനിക്കു തോന്നിയ മട്ടിൽ ഭരണചക്രം തിരിക്കാനുള്ള സ്ഥാത്യന്ത്ര്യമുണ്ടാവും. ഇനി എല്ലാ റാണിമാർക്കും ഇഷ്ടപ്രകാരം വിവാഹം കഴിക്കുകയും ഗർഭം ധരിക്കുകയും ധാരാളം കുഞ്ഞുങ്ങൾക്കു് ജന്മമേകുകയും ആകാം. ഇനി സാധാരണക്കാർക്കു് വല്യമ്മച്ചിയുടെ അന്തമില്ലാത്ത സാമ്രാജ്യത്തിലെവിടെയും ഇഷ്ടം പോലെ വീടുകെട്ടാം. കാരണം, അവരെ തടയാനുള്ള ശക്തി ഉണ്ടായിരുന്ന ഏക വ്യക്തിയുടെ ശരീരം ഈയപ്പലക കൊണ്ടു മുടിയ ഒരു ശവക്കുഴിയിൽ കിടന്നു ചീഞ്ഞു തുടങ്ങിക്കഴിഞ്ഞു. മുറ്റത്തു് ഒരു കസാല വലിച്ചിടിരുന്നു് ലോകത്തിലെ അവിശ്വാസികളിൽ ഒരാൾ പോലും വല്യമ്മച്ചിയുടെ കഥ അറിയാതെ പോവില്ലെന്നു് ഉറപ്പു വരുത്താൻ ഭാവി തലമുറകൾക്കു് ഒരു ഉദാഹരണവും പാഠവും ആകേണ്ട ഈ സംഭവങ്ങളുടെ വിവരണം നൽകുക എന്നതു മാത്രമാണു് ഇനി അവശേഷിക്കുന്ന ഏക കർത്തവ്യം. അയാളതു് വേഗം തന്നെ പറഞ്ഞു തീർക്കണം. കാരണം നാളെ ബുധനാഴ്ചയാണു്. നാളെ വഴിതൂപ്പുകാർ വരും. അവർ വല്യമ്മയുടെ ശവസംസ്കാരത്തിന്റെ അവസാന അവശിഷ്ടങ്ങൾകൂടി എന്നെന്നേക്കുമായി അടിച്ചുകൂട്ടി കുപ്പയിൽ തള്ളും.
മാതൃഭൂമി ആഴ്ചപ്പതിപ്പു്, 2003 നവംബർ 23–29.