images/tkr-kazhchayude-koyma-cover.jpg
In the Park, an oil on canvas painting by Ivan Shishkin (1831–1898).
ധിഷണയുടെ അശുഭബോധവും ഇച്ഛയുടെ ശുഭാപ്തിവിശ്വാസവും
തത്ത്വശാസ്ത്രപരമായ ഒരാമുഖസംരംഭം

വിപ്ലവകാരികളെ സംബന്ധിച്ചിടത്തോളം ഗതകാല സമരങ്ങളുടെയും രക്തസാക്ഷിത്വങ്ങളുടെയും ഓർമ്മപുതുക്കലുകൾ വർത്തമാന കാലത്തെ പ്രതിസന്ധികളെ മറികടക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണു്. കാരണം ഒരു വൈരുദ്ധ്യവാദിയെ സംബന്ധിച്ചിടത്തോളം ചരിത്രപഠനം ജപമാലയിലെ രുദ്രാക്ഷമണികൾ ഉരുക്കഴിക്കും പോലെ കാലഘട്ടങ്ങളും പേരുകളും എണ്ണിപ്പറയലല്ല. ഭൂതകാലം വാസ്തവത്തിൽ ഇങ്ങനെയൊക്കെയായിരുന്നു എന്ന കണ്ടെത്തലുമല്ല. വാൾട്ടർ ബൻയാമിൻ പറയുംപോലെ ‘യഥാർത്ഥചരിത്രജ്ഞാനം ആപത്തിന്റെ നിമിഷത്തിൽ മനസ്സിലൂടെ മിന്നിമറയുന്ന ഒരോർമയെ കൈയെത്തിപ്പിടിക്കലാ’. ഇത്തരമൊരു ആപത്തിന്റെ നിമിഷത്തിലാണു് ലോകജനത ഇന്നു് എത്തിനിൽക്കുന്നതു്. കാരണം ആഗോളമുതലാളിത്തം രാഷ്ട്രീയപരവും സാമൂഹികവുമായ എല്ലാ അതിരുകളെയും മര്യാദകളെയും ലംഘിച്ചുകൊണ്ടു് ഒരു നാരകീയ യന്ത്രമായി വളർന്നുകൊണ്ടിരിക്കുന്നു. ഉദാരവും സമാധാനപരവുമായ എല്ലാ നാട്യങ്ങളും അതു് ഉപേക്ഷിച്ചിരിക്കുന്നു. നഗ്നമായ സൈനിക ശക്തിയുടെ ഭാഷ മാനുഷിക വ്യവഹാരങ്ങളെ ഭരിച്ചുതുടങ്ങിയിരിക്കുന്നു.

ഈ പുതിയ വ്യവസ്ഥയുടെ പ്രത്യയശാസ്ത്രകാരൻമാരിൽ പ്രമുഖനായ മിൽട്ടണ്‍ ഫ്രീഡ്മാൻ അർത്ഥശങ്കക്കിടയില്ലാതെ ഇതു് പറഞ്ഞുവെക്കുന്നുണ്ടു്. മൈക്രോസോഫ്ട് നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനെപ്പറ്റി അദ്ദേഹം പറയുന്നു: ‘സ്വതന്ത്ര കമ്പോളത്തിന്റെ കൈ അതിനെ രക്ഷിക്കും. കാരണം ഈ കൈകൾക്കു് പിന്നിൽ അദൃശ്യമായ ഒരു മുഷ്ടിയുണ്ടു്.’ എന്താണീ അദൃശ്യമായ മുഷ്ടിയെന്നോ? അമേരിക്കയുടെ നാവികസേനയും കരസേനയും വ്യോമസേനയുമാണു് അതു് ഇന്നു് അഫ്ഗാനിസ്ഥാനിലും പലസ്തീനിലും ഗുജറാത്തിലുമെല്ലാം അരങ്ങേറുന്ന കൂട്ടക്കുരുതികൾ സൈനികാധികാരത്തിലൂടെ തങ്ങളുടെ താല്പര്യങ്ങൾ ലോകജനതയെക്കൊണ്ടു് അംഗീകരിപ്പിക്കാമെന്ന സാമ്രാജ്യത്വത്തിന്റെ നിർലജ്ജമായ തീരുമാനത്തെയാണു് തുറന്നു കാട്ടുന്നതു്. ഒരർത്ഥത്തിൽ അതിപ്രതിലോമപരമായ ഒരു അച്ചുതണ്ടു് ലോകത്തു് രൂപംകൊണ്ടുകഴിഞ്ഞിരിക്കുന്നു. അമേരിക്കയും ഇസ്രയേലും ചേർന്നു് നയിക്കുന്ന ഈ അച്ചുതണ്ടിന്റെ ഭാഗമാവാനുള്ള തത്രപ്പാടിലാണു് ഇന്ത്യയിലെ ഹൈന്ദവ ഫാഷിസ്റ്റുകളും. സത്യത്തിൽ നാം ഇന്നു് നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിയുടെ വികാസത്തിനു് ഇറ്റലിയിലെയും ജർമനിയിലെയും ഫാഷിസത്തിന്റെ വളർച്ചയുമായി അസാധാരണ ഛായാസാമ്യമുണ്ടു്. ആർ. എസ്. എസിന്റെ സംസ്ഥാപനത്തിനു മുമ്പ് അതിന്റെ ആദ്യകാല നേതാക്കൾ ജർമനിയും ഇറ്റലിയും സന്ദർശിച്ചിരുന്നുവെന്നും നാസി നേതാക്കളുമായും ഫാഷിസ്റ്റ് നേതാക്കളുമായും ആശയവിനിമയം നടത്തിയിരുന്നുവെന്നും അവരുടെ സംഘടനാരൂപങ്ങളെ കുലങ്കഷമായി പഠിച്ചു് പകർത്താൻ ശ്രമിച്ചിരുന്നുവെന്നും ചരിത്രരേഖകൾ തെളിയിക്കുന്നുണ്ടു്. ഇന്നു് ഈ സംഘടനാരൂപങ്ങൾ അവയുടെ മാരകമായ സംഹാരശേഷി വെളിവാക്കിത്തുടങ്ങിയിരിക്കുന്നു. ഇതുകൊണ്ടുതന്നെ ഈ സംഘർഷഭരിതമായ ചരിത്രമുഹുർത്തത്തിൽ ഫാഷിസവുമായി പോരാടി മരിച്ച ഇറ്റാലിയൻ കമ്യൂണിസ്റ്റ്പാർട്ടി നേതാവായിരുന്ന അന്റോണിയോ ഗ്രാംഷിയെപ്പോലുള്ള വിപ്ലവകാരികളുടെ സ്മരണ നമ്മെ സംബന്ധിച്ചിടത്തോളം അതിപ്രസക്തമാണു്.

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം യുറോപ്പിലാകെ ഒരു രോഗംപോലെ നിരാശ പടർന്നിരുന്ന നാളുകളിൽ, മധ്യവർഗങ്ങൾക്കും മുൻ പട്ടാളമേധാവികൾക്കും ഇടയിൽ മാത്രം സ്വാധീനമുള്ള തീവ്രവലതുപക്ഷ ഗ്രൂപ്പുകളായി രൂപംകൊണ്ട ഈ പ്രതിലോമശക്തികൾ, എങ്ങനെ പടിപടിയായി ജനമനസ്സുകളെ കൗശലപൂർവം വരുതിയിലാക്കി ഒരു മാരകവിപത്തായി വികസിച്ചു എന്നതു്, ഇന്നു് കൂലങ്കഷമായി പഠിക്കേണ്ടതു് ആവശ്യമാണു്. ജനങ്ങളുടെ അബോധശക്തിയിലുള്ള ചോദനകളെ തൊട്ടുണർത്തി അവരുടെ പേക്കിനാക്കളെയും ഭ്രമചിന്തകളെയും കൗശലപൂർവം പെരുപ്പിച്ചുകൊണ്ടാണു് ഇവർ ഓഷ്വിറ്റ്സിലെയും ബുഖൻവാൾഡിലെയും നരമേധങ്ങൾക്കുള്ള അരങ്ങൊരുക്കിയതു്. പ്രശസ്ത ചിന്തകനായ അഡർണോ പറയുംപോലെ ‘പഴയ മതാത്മകത വിമലീകരണത്തിലും ഉദാത്തവത്കരണത്തിലും ആയിരുന്നു ഊന്നിയിരുന്നതെങ്കിൽ ഇതിന്റെ വിപരീത പ്രക്രിയയാണു് ഫാഷിസ്റ്റുകളുടെ പ്രത്യയശാസ്ത്ര പ്രവർത്തനത്തിന്റെ ആധാരശില. അ-വിമലീകരണം (desublimation) ജനങ്ങൾക്കിടയിലുള്ള പരസ്പര സംശയങ്ങളെയും ചെറിയ ചെറിയ വിരോധങ്ങളെയും അസൂയയെയും പർവതീകരിച്ചു് ഒരു വിദ്വേഷ കലുഷിതമായ അവസ്ഥയെ സൃഷ്ടിച്ചെടുക്കുന്നു. അബോധത്തിന്റെ തമോമണ്ഡലങ്ങളിൽ വേരുപടർത്തിയാണു് ഈ വിഷവൃക്ഷം വളരുന്നതു്. വിദ്വേഷത്തിന്റെ നിറംപിടിപിച്ച ചില്ലുകളിലൂടെ നോക്കുമ്പോൾ നിർദോഷമായ അഭിപ്രായവ്യതാസങ്ങൾപോലും ശത്രുതയായി, കുടിപ്പകയായി രൂപാന്തരപ്പെടുന്നു. എല്ലാ തിന്മകളുടെയും ഉറവിടമായ ‘അവർ’ (other) എന്ന സങ്കല്പം ഈ പ്രത്യയശാസ്ത്ര ദൂർമന്ത്രവാദത്തിന്റെ സൃഷ്ടിയാണു്.

തന്റെ ദാരിദ്ര്യത്തിനു് കാരണം അയൽപക്കത്തു് ചെത്തി നടക്കുന്ന ‘ഗൾഫുകാരൻ’ പയ്യനാനെന്നും ഇന്ത്യയിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം പാകിസ്താനും അവരുടെ ചാരസംഘടനയായ ഐ. എസ്. ഐ ആണെന്നും ഉള്ള സൂത്രവാക്യം, ഒരു ദുർഭൂതത്തെപ്പോലെ ലോകത്തെ ആവേശിക്കുന്ന മുതലാളിത്തത്തിന്റെ ഭീഷണരൂപത്തെ ഒളിച്ചുവെക്കുന്നു. ആഗോള വത്ക്കരണത്തിന്റെ ഫലമായി പാപ്പരാകുന്ന കൃഷിക്കാരനോടു് അവന്റെ ദാരിദ്ര്യത്തിന്ന് കാരണം ജ ജീവനക്കാരന്റെ ‘ഉയർന്ന’ ശമ്പളമാണെന്നും നൂറ്റാണ്ടുകളായി അവന്റെ ജാതീയതയുടെ നിർദ്ദയ ഘടനയ്ക്കു് അടിപ്പെട്ടു് ജീവിച്ചു പോരുന്ന ദളിതനോ അവന്റെ യാതനകൾക്കു് കാരണം മുഗളന്മാരുടെ അധിനിവേശമാണെന്നും പറഞ്ഞുപഠിപ്പിക്കുന്ന പ്രത്യയശാസ്ത്രം നിർവഹിക്കുന്ന ദൗത്യവും ഫാഷിഷത്തിനനുകൂലമായ അന്തരീക്ഷ നിർമിതിതന്നെയാണു് എന്നു് സാരം. അങ്ങനെ നോക്കുമ്പോൾ ‘ജിഹാദി മുസ്ലിം’കളെപ്പറ്റിയുള്ള നമ്മുടെ പ്രഥാനമന്ത്രുയുടെ പ്രസ്താവനകൾ ആകസ്മികമല്ല. ഒരു പ്രത്യയശാസ്ത്ര ഘടനയുടെ അനിവാര്യമായ ഉത്പന്നമാണു്. അതുകൊണ്ടുതന്നെ ഇതിനെതിരായി സമരം സങ്കീർണ്ണവും ബഹുതബഹുതല സ്പർശിയുമാണു്.

യുറോപ്പിലെ ഫാഷിസത്തിന്റെ വളർച്ച പരിശോധിക്കുമ്പോൾ വെളിവാകുന്ന ഏറ്റവും വിചിത്രമായ സത്യം ഒരു ഘട്ടത്തിൽ പോലും ഈ സംഘടനകൾക്കു് ഭൂരിപക്ഷത്തിന്റെ പിന്തുണ ഉണ്ടായിരുന്നില്ല എന്നതാണു്. പക്ഷേ, അസംഘടിതരായ ഭൂരിപക്ഷത്തിനിടയിൽ നിലനിൽക്കുന്ന ആശയകാലുഷ്യങ്ങളെയും അവ്യക്തതകളെയും സമർത്ഥമായി ഉപയോഗിച്ചാണു് അവർ വളർന്നതു്. ഈ തിരിച്ചറിവ് മറ്റൊരു ഫാഷിസ്റ്റ് ഭീഷണി അതിമുർത്തമായി പ്രത്യക്ഷപെട്ടിട്ടുള്ള ഈ സന്ദർഭത്തിൽ പ്രധാനമാണു്. ഫാഷിസ്റ്റുകൾക്കെതിരായ ഐക്യനിര കെട്ടിപ്പടുക്കുന്നതിൽ പുരോഗമന ശക്തികൾ നേതൃപരമായ ഒരു പങ്കാണു് വഹിക്കേണ്ടതു്. അതിൽ സംഭവിക്കുന്ന പാകപ്പിഴകൾക്കു് നാം കൊടുക്കേണ്ട വില ഭീമമായിരിക്കും. സൈദ്ധാന്തികമായ തലനാരിഴ കീറലുകളിൽമുഴുകി എങ്ങനെ ഇടതുപക്ഷശക്തികൾ ഫാഷിസത്തിനെതിരായ സമരം കെട്ടിപ്പടുക്കുന്ന ദൗത്യത്തിൽ പിഴവുകൾ വരുത്തി എന്നു് ഫാഷിസ്റ്റ് വിരുദ്ധഐക്യമുന്നണിയുടെ സൈദ്ധാന്തികനായിരുന്ന ദിമിത്രോവും ഇറ്റാലിയൻ മാർക്സിസ്റ്റായിരുന്ന തോലിയാത്തിയും ഗ്രാംഷിയും ദീർഘമായിത്തന്നെ വിവരിച്ചിട്ടുണ്ടു്. ഈ പാഠങ്ങൾ ഇന്നു നാം വീണ്ടും വായിച്ചെടുക്കേണ്ടിയിരിക്കുന്നു. ഫാഷിസ്റ്റ് പ്രത്യയശാസ്ത്ര കുടിലതകൾ എങ്ങനെ ജനമനസ്സുകളെയും നമ്മുടെ ദൈനംദിനത്തെയും സാമൂഹിക ജീവിതപരിസരത്തെയും വിഷലിപ്തമാക്കുന്നു എന്നുമനസ്സിലാക്കാൻ ഗ്രാംഷിയുടെ പരികല്പനകൾ ഏറെ സഹായകമാണു്.

മുതലാളിത്ത വ്യവസ്ഥയുടെ തകർച്ച ആസന്നമാണെന്നും ഈ പ്രതിസന്ധി ഭരണവർഗങ്ങൾക്കിടയിൽ സൃഷ്ടിക്കുന്ന ആന്തരിക ശൈഥില്യത്തിന്റെ ഉൽപന്നമാണു് ഫാഷിസമെന്നും മറ്റുമുള്ള ലളിതവത്കരണങ്ങൾ കമ്യൂണിസ്റ്റ് ഇന്റർനാഷണലിനെ ഭരിച്ചിരുന്ന ഘട്ടത്തിൽ അന്റോണിയോ ഗ്രാംഷി എഴുതിയ ഒരു ചെറു ലേഖനമുണ്ടു്. ഇറ്റലിയിലെയും സ്പെയിനിലെയും ഫാഷിസ്റ്റ് ശക്തികളുടെ വളർച്ചയെ വിശകലനവിധേയമാക്കിക്കൊണ്ടു് അദ്ദേഹം ചോദിക്കുന്നു: ‘അന്തർദേശീയ കാഴ്ചപ്പാടിൽനിന്നു് നോക്കുമ്പോൾ എന്താണു് ഫാഷിസം? ഉൽപാദനത്തിന്റെയും വിനിമയത്തിന്റെയും പ്രശ്നങ്ങളെ യന്ത്രത്തോക്കുകൾ കൊണ്ടും വെടിയുണ്ടകൾകൊണ്ടും പരിഹരിക്കാനുള്ള ശ്രമമാണിത്’ (Selection from Political Writings, 1921–26 പേജ്: 23–24). അന്നുതന്നെ ഫാഷിസത്തിന്റെ മധ്യവർഗ അടിത്തറ ഗ്രാംഷി തിരിച്ചറിഞ്ഞിരുന്നു. ഇറ്റലിയിലെ മധ്യവർഗങ്ങളെപറ്റി അദ്ദേഹം പറയുന്നതു് നോക്കുക. ‘സാമ്പത്തിക പ്രശ്നങ്ങളെ സൈനികമായ അക്രമംകൊണ്ടു് പരിഹരിക്കാമെന്നു് അവർ കരുതുന്നു. തൊഴിലില്ലായ്മയെ വെടിയുണ്ടകൾകൊണ്ടു് നിർമ്മാർജനം ചെയ്യാമെന്നും, യന്ത്രത്തോക്കുകൊണ്ടു് വിശപ്പുമാറ്റാമെന്നും സ്ത്രീകളുടെ കണ്ണീരൊപ്പാമെന്നും അവർ വ്യാമോഹിക്കുന്നു. ചരിത്രമറിയാത്ത ഈ മധ്യവർഗത്തെ സംബന്ധിച്ചിടത്തോളം ചരിത്രാനുഭവം ഒരു പ്രശ്നമേ അല്ല’ (Selection from Political Writings പേജ്: 24).

സ്പെയിനിലും ജർമനിയിലും ഇറ്റലിയിലും ഒരു കാട്ടുതീ പോലെ ഫാഷിസം പടർന്നുപിടിച്ച നാളുകളിൽ വിപ്ലവശക്തികൾക്കകത്തു് നിലനിന്നിരുന്ന ആശയ കാലുഷ്യങ്ങളും അബദ്ധ ധാരണകളും ഇന്നു തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതാവഹവും ദാരുണവുമാണു്. സോഷ്യൽ ഡമോക്രസിയും ഫാഷിസവും ഒരു നാണയത്തുട്ടിന്റെ തന്നെ രണ്ടുവശങ്ങളാണു് എന്നും മറ്റുമുള്ള തീവ്രവാദധാരണകൾ ഏറെ വ്യാപകമായിരുന്ന ആ നാളുകളിൽ വേറിട്ടൊരു ശബ്ദത്തിന്റെ ഉടമയായിരുന്നു അന്റോണിയോ ഗ്രാംഷി. ലോകജനത മൂലധന വ്യാപനത്തിന്റെയും ഭരണവർഗ കടന്നാക്രമണങ്ങളുടെയും ആയ പുതിയ ദശാസന്ധിയിൽ എത്തിനിൽക്കുന്നു ഇന്നു് അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾക്കു് അഭൂതപൂർവമായ കാലിക പ്രസക്തി കൈവന്നിരിക്കുന്നു.

അതിനിശിതമായ യാഥാർത്ഥ്യബോധത്തോടെ തനിക്കുചുറ്റും ഉരുണ്ടുകൂടുന്ന ഇരുട്ടിന്റെ ആഴം ഗ്രാംഷി തിരിച്ചറിഞ്ഞു. ‘ധിഷണയുടെ അശുഭബോധവും ഇച്ഛാശക്തിയുടെ ശുഭാപ്തിവിശ്വാസവും’ എന്ന റൊമയിൻ റോളണ്ടിന്റെ പ്രയോഗം പാർട്ടി മുഖപ്പത്രത്തിന്റെ തലക്കുറിയായി സ്വീകരിച്ചതിൽ ഈ ഉൾക്കാഴ്ച പ്രതിഫലിക്കുന്നുണ്ടു്. 1926-ൽ ഒരു പതിനഞ്ചു വയസ്സുകാരൻ മുസ്സോളിനിയെ കൊല്ലാൻ ശ്രമിച്ചു എന്നതിന്റെ പേരിൽ അവശേഷിക്കുന്ന ജനാധിപത്യ സ്ഥാപനങ്ങളെക്കൂടി കൊലക്കത്തിക്കു് ഇരയാക്കാൻ ഫാഷിസ്റ്റുകൾ തീരുമാനിച്ചപ്പോൾ ഗ്രാംഷിയും മറ്റു നേതാക്കളും അറസ്റ്റിലാ7വാൻ ഇടയുണ്ടെന്നു് പാർട്ടി നേതൃത്വം വിലയിരുത്തി. രഹസ്യമായി അദ്ദേഹത്തെ സിറ്റ്സർലണ്ടിലേക്കു് അയക്കണമെന്നും. എന്നാൽ ഈ നിർദേശത്തെ ഏറ്റവും ശക്തിയായി എതിർത്തതു് ഗ്രാംഷിയായിരുന്നു. പിന്നീടു് ജയിലിൽ വെച്ചു് എഴുതിയ ഒരു കുറിപ്പിൽ ഇതിനുള്ള കാരണങ്ങളെക്കുറിച്ചു് ഗ്രാംഷി വിശദീകരിക്കുന്നുണ്ടു്. ‘കപ്പൽഛേദം സംഭവിക്കുമ്പോൾ കപ്പിത്താൻ അവസാനമേ കപ്പലുപേക്ഷിക്കാവൂ’ എന്നൊരു നിയമമുണ്ടു്. അതായതു് എല്ലാവരും സുരക്ഷിതരാണെന്നു് ഉറപ്പുവരുത്തിയതിനുശേഷം മാത്രം. കപ്പിത്താൻ കപ്പലിനൊപ്പം മുങ്ങുന്നതാണു് ശരിയെന്നുപോലും ചിലർ വാദിച്ചിട്ടുണ്ടു്. ഇത്തരം പ്രസ്താവങ്ങൾ അയുക്തികമാണെന്നു് തോന്നാമെങ്കിലും വാസ്തവത്തിൽ അതങ്ങനെയല്ല. വാദത്തിനു വേണമെങ്കിൽ, കപ്പിത്താൻ ആദ്യം രക്ഷപ്പെടുന്നതു് ന്യായീകരിക്കാവുന്ന ചില സന്ദർഭങ്ങൾ ഉണ്ടാവുമെന്നു് നമുക്കു് അംഗീകരിക്കാം. പക്ഷേ, ഈ സാഹചര്യങ്ങളെ നിയമത്തിന്റെ അടിസ്ഥാനമാക്കുകയാണെങ്കിൽ കപ്പിത്താൻ തന്നാൽക്കഴിയുന്നതെല്ലാം ചെയ്തു എന്നുറപ്പുവരുത്താൻ നമുക്കു് കഴിയുമോ? കപ്പിത്താൻ അവസാനം മാതമേ കപ്പൽ വിടുകയുള്ളുവെന്നും വേണ്ടിവന്നാൽ അതോടൊപ്പം മുങ്ങിമരിക്കാൻ അയാൾ തയ്യാറാണെന്നും ഉറപ്പുവരുത്താത്ത പക്ഷം കൂട്ടായ ജീവിതം അസാദ്ധ്യമായിത്തീരും. കാരണം ആരും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനോ തങ്ങളുടെ ജീവൻ മറ്റുള്ളവരുടെ കൈയിൽ ഏൽപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ മുതിരുകയില്ല. ഈ അർപ്പണബോധവും ത്യാഗസന്നദ്ധതയും ഫാഷിസ്റ്റ് വിരുദ്ധ പ്രവർത്തനതിനു് ഒഴിച്ചുകൂടാനാവാത്തതാണു്.

1928 മെയ് മാസത്തിൽ ഗ്രാംഷിയെയും മറ്റുനേതാക്കളെയും ഇറ്റലിയിലെ ഫാഷിസ്റ്റ് ഭരണകൂടം വിചാരണ ചെയ്തു. തെളിവുകളും വാദവുമൊക്കെ, രാഷ്ട്രീയ പ്രചാരണം മാത്രം ഉന്നംവെച്ചിരുന്ന ആ നാടകത്തിൽ അപ്രസക്തമായിരുന്നു. തന്റെ വാദം അവസാനിപ്പിച്ചുകൊണ്ടു് ഗ്രാംഷിയുടെ നേർക്കു് വിരൽചൂണ്ടി പബ്ലികു് പ്രോസിക്യൂട്ടർ പറഞ്ഞതിത്രമാത്രം: ‘ഇരുപതു് വർഷത്തേക്കു് നാം ഈ മസ്തിഷ്ക്കത്തെ പ്രവർത്തിക്കാൻ അനുവദിച്ചുകൂടാ’, ഇരുപതു വർഷത്തെ തടവുശിക്ഷക്കു് വിധിക്കപ്പെട്ട ഗ്രാംഷി പിന്നീടൊരിക്കലും ‘സ്വതന്ത്രനായില്ല. ഗുരുതരമായ രോഗങ്ങളും തടവുജീവിതത്തിന്റെ കാഠിന്യവും കാർന്നുതിന്ന അദ്ദേഹത്തെ 1935-ൽ റോമിനടുത്തുള്ള ഒരു ആശുപത്രിയിലേക്കു് മാറ്റി.

1937 ഏപ്രിൽ 27-നു് അദ്ദേഹം അന്തരിച്ചു. പക്ഷേ, ആ മസ്തിഷ്കം പ്രവർത്തിക്കരുതെന്ന പ്രോസിക്യൂട്ടറുടെ ആഗ്രഹം വൃഥാവിലായി. കാരണം ജയിലിൽവെച്ചു് അദ്ദേഹം തയ്യാറാക്കിയ മുപ്പത്തിമുന്നു് നോട്ടു പുസ്തകങ്ങൾ താത്തിയാന മോസ്ക്കോവിലേക്കു് ഒളിച്ചു കടത്തി. വിപ്ലവാശയങ്ങളുടെ ഒരു അമൂല്യ ഖനിയാണു് ഈ നോട്ടു പുസ്തകങ്ങളിൽ അടങ്ങിയിട്ടുള്ളതു്.

നരകതുല്യമായ ജീവിതാവസ്ഥകളെപ്പോലും എങ്ങനെ മനുഷ്യേച്ഛ മറികടക്കുന്നുവെന്നതിന്റെ ഇതിഹാസമാണു് ഗ്രാംഷിയുടെ ജയിൽജീവിതം. വെളിച്ചത്തേക്കാളേറെ ഇരുട്ടു് ചക്രവാളത്തിൽ തങ്ങിനിൽക്കുന്ന ഇന്നു് അദ്ദേഹത്തിന്റെ ചിന്ത ഒരു പ്രകാശഗോപുരം പോലെ പൊരുതുന്ന ജനങ്ങൾക്കു് വഴികാട്ടിയാവുന്നു. അസാധാരണമായ ഉൾക്കാഴ്ചയോടെ തന്റെ ദുരന്തപൂരിതമായ ഭാഗധേയം ഗ്രാംഷി തിരിച്ചറിഞ്ഞിരുന്നു എന്നു വ്യക്തമാക്കുന്ന ഒരു കുറിപ്പുണ്ടു്. അതിൽ അദ്ദേഹം പറയുന്നു. ‘അടിസ്ഥാനപരമായി തന്നെ എന്തോ മാറിയിരിക്കുന്നു. ഇതു് വ്യക്തമാണു്. എന്താണതു്. പണ്ടൊക്കെ എല്ലാവർക്കും ചരിത്രത്തിന്റെ ഉഴവുകാരാവണമായിരുന്നു. ചരിത്രഗതിയിൽ സജീവമായ പങ്കു് വഹിക്കണമായിരുന്നു. ആരും ചരിത്രത്തിനു് വളമാകാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, വളമിടാതെ പറമ്പിൽ ഉഴവു തുടങ്ങാൻ പറ്റുമോ?’ അങ്ങനെ നോക്കുമ്പോൾ ഉഴവുകാരും വളവും രണ്ടും ആവശ്യമാണെന്നു് വരുന്നു. ഇതു് അമൂർത്തമായിപ്പറഞ്ഞാൽ എല്ലാവരും അംഗീകരിക്കും. പക്ഷേ, പ്രയോഗത്തിലോ, വളമാവുന്നതു് വളമാവട്ടെ. നമുക്കു് നിഴലുകളിലേക്ക്, വിസ്മൃതിയിലേക്കു് പിൻമടങ്ങാം. ഇന്നു പക്ഷേ, ഇതു് അടിസ്ഥാനപരമായി മാറിയിരിക്കുന്നു. കാരണം ഇന്നു് തത്ത്വശാസ്ത്രപരമായി തന്നെ വളമാവാൻ തയ്യാറുള്ളവർ, തങ്ങളെന്താണ് ചെയ്യേണ്ടതെന്നു് തിരിച്ചറിയുന്നവർ ഉയർന്നു വന്നിരിക്കുന്നു, ധിഷണയുടെഅശുഭബോധവും ഇച്ഛാശക്തിയുടെ ശുഭദർശനവും ഒരുപോലെ പ്രതിഫലിക്കുന്ന ഈ കുറിപ്പ് ഗ്രാംഷി അവസാനിപ്പിക്കുന്നതു് ഇങ്ങനെയാണ്: ‘ഒരു നിമിഷാർധത്തിൽ ജീവൻ ത്യജിക്കാൻപോലും തീരുമാനിക്കാൻ എളുപ്പമാണു്. എന്നാൽ ഇന്നു് ഈ തീരുമാനം പോലും തുടർച്ചയായി നീട്ടിവെക്കപ്പെടുന്നു. ഒരു ദിവസമെങ്കിലും സിംഹത്തെപ്പോലെ ജീവിക്കണോ ഒരു നൂറുവർഷം ആടുകളായിക്കഴിയണോ എന്നതല്ല ചോദ്യം. നിങ്ങൾ ഒരുനിമിഷം പോലും സിംഹമായി ജീവിക്കുന്നില്ലെന്നതോ പോകട്ടെ, നീണ്ട വർഷങ്ങൾ ആടുകളേക്കാൾ മോശമായ അവസ്ഥയിൽ ജീവിക്കേണ്ടിവരും. ‘ഈ പുതിയ ബോധത്തിന്റെ അടിസ്ഥാനത്തിൽ’ ഗ്രീക്കുകാരുടെ പ്രോമിത്യൂസിനെക്കാൾ ഹിബ്രു ജനതയുടെ ഇയോബാണു് യാഥാർത്ഥ്യത്തോടു് അടുത്തുനിൽക്കുന്നത്’ എന്നു് ഗ്രാംഷി പ്രസ്താവിക്കുന്നു.

മാർക്സിയൻ ചിന്തയുടെ ചക്രവാളങ്ങൾ വികസിപ്പിക്കുന്നതിലും അതിന്റെ വിശകലനോപാധികൾക്കു് ശാസ്ത്രീയമായ കൃത്യതയും വ്യാപ്തിയും പകരുന്നതിലും ഗ്രാംഷി നൽകിയിട്ടുള്ള സംഭാവനകൾ വലുതാണു്. ഇതേപ്പറ്റിയുള്ള വിശദമായ പരിശോധന ഈ ചെറുലേഖനത്തിന്റെ സാദ്ധ്യതകൾക്കു് പുറത്താണു്. ഇന്നു നാം നേരിടുന്ന സമസ്യകളെ വിശകലനം ചെയ്യാൻ ഏറെ സഹായകമായേക്കാവുന്ന ചില പരികലപനകളെപ്പറ്റി വിവരിക്കാൻ മാത്രമേ ഇവിടെ മുതിരുന്നുള്ളു.

ഒരർത്ഥത്തിൽ, കാൾക്രോഷും ജോർജി ലുക്കാച്ചും ഫ്രാങ്ക്ഫർട്ടു് ചിന്തകരും ലൂയി അൽത്തുസേയും എല്ലാമടങ്ങുന്ന പാശ്ചാത്യ മാർക്സിസ്റ്റ് പാരമ്പര്യത്തിന്റെ നിർണായകമായ സ്വഭാവവിശേഷം അതു് സോവിയറ്റ് മാർക്സിസത്തോടു് നിലനിർത്തിപ്പോന്ന വിമർശനാത്മക സമീപനവും സോവിയറ്റ് ഇതരമായ വിപ്ലവമാതൃകകൾക്കായുള്ള അന്വേഷണവുമായിരുന്നു. വിപ്ലവഘട്ടത്തിൽ റഷ്യയിൽ നിലനിന്നിരുന്ന ചരിത്ര പരിതഃസ്ഥിതികളിൽനിന്നു് വ്യത്യസ്തമായ സാഹചര്യങ്ങളിൽ എങ്ങനെ വിപ്ലവപ്രവർത്തനവുമായി മുന്നോട്ടുപോകാം എന്നതു് ഇവരെല്ലാം തന്നെ ഉയർത്തുന്ന ചോദ്യമാണു്. ചൂഷണവും മർദ്ദനവും നിലനിൽക്കുമ്പോൾ എങ്ങനെ ഭരണവർഗങ്ങൾക്കു് അവരുടെ അധികാരം നിലനിർത്തിക്കൊണ്ടു് പോകാനാവുന്നു എന്നതു് വിപ്ലവത്തെ സംബന്ധിക്കുന്ന അതിപ്രധാനമായ സമസ്യയാണു്. ‘പാതകങ്ങൾ മഴപോലെപെയ്യുമ്പോഴും എന്തുകൊണ്ടു് ആരും ‘നിർത്തു’ എന്നു പറയുന്നില്ല എന്ന ബഹ്തിന്റെ ചോദ്യം ഇവിടെ പ്രസക്തമാണു്. ഭൗതീക ജീവിത സാഹചര്യങ്ങൾ പോരാടാനായി നിർബന്ധിക്കുമ്പോഴും ജനതയുടെ ഇച്ഛാശക്തിയെ പ്രതിലോമ പ്രത്യയശാസ്ത്രത്തിന്റെ ചങ്ങലക്കെട്ടുകളിൽ ഭരണവർഗങ്ങൾക്കു് വരിഞ്ഞിടാൻ കഴിയുന്നു എന്ന വസ്തുതയിലേക്കു് ലുക്കാച്ചും അൽത്തുസേയും എല്ലാം നമ്മുടെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ടു്. ഒരർത്ഥത്തിൽ പാശ്ചാത്യവിശകലന പാരമ്പര്യത്തിന്റെ ഒരു പ്രധാന സംഭാവനതന്നെ, പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള മാർക്സിസ്റ്റു സങ്കല്പങ്ങളുടെ വ്യാപ്തി അവർ വികസിപ്പിച്ചു എന്നതാണു്. ഈ രംഗത്ത ഗ്രാംഷിയുടെ സങ്കല്പങ്ങൾ അതീവ സംഗതമാണു്. ഗ്രാംഷിയെ സംബന്ധിച്ചിടത്തോളം പ്രത്യയശാസ്ത്രം ഒരു ഒറ്റക്കൽപ്പാറയല്ല (monolithic) കുംഭഗോപുരങ്ങളും കോട്ടമതിലുകളും കിടങ്ങും പത്തായപ്പുരയും കുശിനിയും എല്ലാമടങ്ങിയ ഒരു സങ്കീർണ ഘടനയോടാണു് ഗ്രാംഷി പ്രത്യയശാസ്ത്രത്തെ ഉപമിക്കുന്നതു്. മഹാദാർശനികരുടെ ചതുരശില്പമാർന്ന ചിന്താപദ്ധതികൾ മുതൽ ജനസാമാന്യത്തിൽ വ്യാപരിക്കുന്ന പഴഞ്ചൊല്ലുകളും അന്യാപദേശകഥകളും വരെ വ്യാപിച്ചുകിടക്കുന്ന ഒരു മണ്ഡലമായാണു് ഗ്രാംഷി പ്രത്യയശാസ്ത്രത്തെ കണ്ടതു്. ഒരു മൊട്ടുസൂചിയുടെ തുമ്പത്തു് എത്ര മാലാഖമാർക്കു് ഒരേസമയം നൃത്തം വെക്കാനാവുമെന്നു് കണക്കുകൂട്ടാൻ ശ്രമിച്ചിരുന്ന ദൈവശാസ്ത്രവും നാം അബോധപൂർവം ഉൾക്കൊള്ളുന്ന സാമാന്യ ബോധത്തിന്റെ കല്പനകളും ഒരേപോലെ ഇതിന്റെ ഭാഗമാണു്. പ്രത്യയശാസ്ത്ര വ്യവസ്ഥയെ ഘടനാവാദത്തിന്റെ ഉൾക്കാഴ്ചകളിലൂടെ അനാവരണം ചെയുന്ന അൽത്തുസേയുടെ പരികൽപ്പനകൾക്കൊപ്പം ഗ്രാംഷിയുടെ ഈ സങ്കൽപ്പനവും എങ്ങനെയാണു് സമൂഹത്തിന് ബുർഷ്വാമിത്തുകൾ പുലർന്നുപോരുന്നതു് എന്നു് വിശകലനം ചെയ്യാൻ നമ്മെ സഹായിക്കുന്നു. സാമാന്യബോധശത്തിന്റെ ‘നിർദോഷ’മായ മണ്ഡലം എങ്ങനെ മുച്ചൂടും പ്രത്യയശാസ്ത്രപരമാണു് എന്നു കാട്ടിത്തരുന്ന ഗ്രാംഷിയുടെ നിദർശനങ്ങൾ ദൈനംദിനത്തിന്റെ സൂക്ഷ്മതലത്തിൽ എങ്ങനെ പ്രത്യയശാസ്ത്രത്തിന്റെ അദൃശ്യമായ ചരടുകൾ നമ്മെ ബന്ധിക്കുന്നു എന്നു തിരിച്ചറിയാൻ സഹായകമാണു്.

‘നാടോടുമ്പോൾ നടുവെ ഓടാനും’, ‘ചേരയെ തിന്നുന്നവരുടെ നാട്ടിൽ നടുക്കണ്ടം തിന്നാനും’ എല്ലാം നമ്മെ പഠിപ്പിക്കുന്ന സാമാന്യബോധം പ്രകടമായിത്തന്നെ സ്ഥിരസ്ഥിതി സംരക്ഷണപരമായ (status quo) ഒരു പങ്കാണു് വഹിക്കുന്നതു്. ഭരണവർഗങ്ങളുടെ അധീശത്വത്തെ അതു് അംഗീകരിക്കുകയും അവരുടെ പ്രത്യയശാസ്ത്ര കുറിപ്പടികളെ അനുസരണയോടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നിരിക്കിലും സൂക്ഷ്മവിശകലനത്തിൽ ഇവയിൽപ്പോലും വർഗസമരത്തിന്റെ വിരൽപ്പാടുകൾ പതിഞ്ഞു കിടപ്പുണ്ടെന്നു് നമുക്കു കാണാനാവും. ഒരു വർഗസമൂഹത്തിന്റെ നിർദ്ദയശാസനങ്ങൾക്കനുസരിച്ചു ജീവിക്കുന്ന കീഴാളവർഗങ്ങളുടെ നിസ്സഹായതയുടെയും ദാരുണതയുടെയും മിന്നലാട്ടങ്ങൾ ഈ ആറ്റിക്കുറുക്കിയ വാക്കുകൾക്കിടയിൽ തെളിയുന്നുണ്ടു്. വർഗസമൂഹം സൃഷ്ടിക്കുന്ന അമാനവീകരണത്തിനെതിരായ പ്രതിഷേധത്തിന്റെ കനലുകൾ പരാജയപ്പെട്ട സമരശ്രമങ്ങളുടെ ചാരംമുടിയാണെങ്കിൽപ്പോലും അവയിൽ അടങ്ങിക്കിടപ്പുണ്ടെന്നു് ഗ്രാംഷി നമ്മെ പഠിപ്പിക്കുന്നു. ഈ കനലുകളെ ഊതിക്കത്തിക്കുകയെന്നതാണു് വിപ്ലവാത്മകമായ സാംസ്കാരിക വിമർശനത്തിന്റെ മുഖ്യ കടമ. ഇന്നത്തെ ചരിത്രസന്ദർഭത്തിൽ ‘സംസ്കാരം’ സംഘർഷഭരിതമായ ഒരു മണ്ഡലം ആയിക്കഴിഞ്ഞിട്ടുണ്ടു്. പ്രകടമായും പ്രത്യയശാസ്ത്രപരമായ പല പ്രസ്താവങ്ങളും ഇന്നു് സംസ്കാരത്തിന്റെ മറപറ്റിയാണു് നമ്മുടെ മുന്നിൽ അവതരിക്കുന്നതു്. ആഗോളവത്കരണത്തിൽ എത്തിനിൽക്കുന്ന സാമ്രാജ്യത്വത്തിന്റെ മുഖ്യ പ്രത്യയശാസ്ത്രകാരന്മാരിലൊരാളായ സാമുവൽ ഹൺടിങ്ടൺ ലോകചരിത്രത്തെത്തന്നെ നാഗരികതകൾ തമ്മിലുള്ള കിടമത്സരമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതു് ആകസ്മികമല്ല. സപ്തംബർ പതിനൊന്നിനു് ശേഷമുള്ള സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങൾക്കു് കുരിശുയുദ്ധത്തിന്റെ പരിവേഷം ലഭിക്കുന്നതും ഈ ആക്രമണങ്ങളെ ന്യായീകരിക്കുന്ന പ്രത്യയശാസ്ത്രകാരന്മാർ ഇതിനെ ‘കാടത്ത’ത്തിനും തിന്മക്കും എതിരായ പോരാട്ടമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതും ഇങ്ങനെ നോക്കുമ്പോൾ സ്വാഭാവികമല്ല. ഗുജറാത്തിൽ കൂട്ടക്കൊലകൾ അരങ്ങേറുമ്പോഴും വാജ്പേയിക്കു് ആർഷസംസ്കാരപ്പഴമകളിൽ ആമുഗ്ധനാവാൻ കഴിയുന്നതും ഒരു തുടർക്കഥപോലെ ഒരു മാസത്തിലേറെയായി അവിടെ തുടരുന്ന വംശഹത്യകളെ സഹ്രസ്രാബ്ദങ്ങളിലേക്കു നീളുന്ന ഇന്ത്യയുടെ ചരിത്രവുമായി തട്ടിച്ചുനോക്കി ‘ഇതു് എത്ര ചെറിയ കാലയളവാണ്’ എന്നു് നിസ്സാരവത്കരിക്കാനും കഴിയുന്നതു് ഈ പ്രത്യയശാസ്ത്രപരമായ ആന്ധ്യംകൊണ്ടാണു്. ‘സ്വത്വം’ബോധങ്ങളെയും രാഷ്ട്രസങ്കൽപങ്ങളെയും എല്ലാം ഒരു സാംസ്കാരിക നിർവചനത്തിൽ കൊളുത്തിയിടാനുള്ള പരിശ്രമങ്ങൾക്കു് പിന്നിൽ പതിയിരിക്കുന്ന മാരകമായ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തെ നാം കാണാതിരുന്നുകൂടാ. കാരണം ഈ പുതിയ സ്വത്വബോധങ്ങൾ നമ്മുടെ സമ്പന്നവും ബഹുസ്വരവുമായ സാംസ്കാരിക പൈതൃകത്തെ സംഘപരിവാരത്തിന്റെ പ്രത്യയശാസ്ത്രകാരന്മാർ പടച്ചുവിടുന്ന ഇടുങ്ങിയ ‘ഹിന്ദുത്വ’ ചട്ടക്കൂട്ടിലേക്കു് വെട്ടിച്ചുരുക്കാനുള്ള ബ്രഹത്പരിപാടിയുടെ ഭാഗംതന്നെയാണു്. മതത്തിന്റെയും സംസ്കാരത്തിന്റെയും പേരിൽ കാട്ടുനീതി നടപ്പാക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ സാംസ്കാരിക വിമർശകരുടെ മുന്നിലുള്ള കടമകൾ ഭാരിച്ചതാണു്. അന്വേഷണഫലങ്ങളെ ഭയക്കാത്ത, ആ ഫലങ്ങൾ അധികാരശക്തികളിൽനിന്നു് വിളിച്ചുവരുത്തിയേക്കാവുന്ന അക്രമങ്ങളെ അത്രപോലും ഭയക്കാത്ത മാർക്സിസത്തിന്റെ കർക്കശമായ രീതിശാസ്ത്രം അതു് അവലംബിക്കേണ്ടിയിരിക്കുന്നു. ‘സംസ്കാരത്തിന്റെ എല്ലാ ഈടുവയ്പുകളും കാടത്തത്തിന്റെ കൂടി സാക്ഷ്യങ്ങളാണെന്ന’ വൈരുദ്ധ്യവാദത്തിന്റെ പാഠം നാം വീണ്ടും ഓർമിക്കേണ്ടിയിരിക്കുന്നു.

ദേശാഭിമാനി വാരിക, 2002 ഏപ്രിൽ.

Colophon

Title: Kaẓhcayuṭe kōyma (ml: കാഴ്ചയുടെ കോയ്മ).

Author(s): T K Ramachandran.

First publication details: Mathrubhumi Books; Calicut, Kerala; 2006.

Deafult language: ml, Malayalam.

Keywords: Articles, Cultural studies, T K Ramachandran, Kazhchayude Koyma, ടി കെ രാമചന്ദ്രൻ, കാഴ്ചയുടെ കോയ്മ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 19, 2021.

Credits: The text of the original item is copyrighted to Prem Nazir, Kochi, Kerala. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and shall be shared under the same terms.

Cover: In the Park, an oil on canvas painting by Ivan Shishkin (1831–1898). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: KB Sujith; proof-read by: Anupa Ann Joseph, Abdul Gafoor; Typesetter: Sayahna Foundation; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.