images/Cosette-sweeping.jpg
Young Cosette sweeping, a painting by Émile Bayard (1837–1891).

വായനക്കാരുടെ പങ്കാളിത്തത്തോടെ പ്രൂഫ് തിരുത്തി പാവങ്ങൾ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു. അതിന്റെ ആവേശകരമായ മുഖവുരയും വിക്തോർ യൂഗോ തന്നെ പാവങ്ങളുടെ സാർവ്വലൌകികത വ്യക്തമാക്കിക്കൊണ്ടു് എഴുതിയ കത്തും ആദ്യപടിയായി പ്രസിദ്ധീകരിക്കുകയാണു്. പ്രതികരണങ്ങൾ അറിയിച്ചാൽ സഹായകരമാവും.

—സായാഹ്ന.

മുഖവുര
വിക്തോർ യൂഗോ
images/Cosette_Les_Miserables.jpg
കൊസെത്തിന്റെ ശില്പം.

നിയമത്തിന്റെയും ആചാരത്തിന്റെയും ബലത്തിന്മേൽ, ഭൂമിയിലെ പരിഷ്കാരത്തിന്റെ നടുക്കു് നരകങ്ങളെ ഉണ്ടാക്കിവെച്ചുകൊണ്ടും മനുഷ്യകർമ്മത്തെ വിധിയോടു കൂട്ടിച്ചേർത്തുകൊണ്ടും സമുദായത്താൽ കൽപിക്കപ്പെടുന്ന തീവ്രശിക്ഷാ വിധികൾ എത്രകാലം നിലനിൽക്കുന്നുവോ; പുരുഷാന്തരത്തിലെ മൂന്നു വൈഷമ്യങ്ങൾ—പുരുഷന്മാർക്കു വമ്പിച്ച ദാരിദ്ര്യത്താലുള്ള അധഃപതനം, സ്ത്രീക്കു് വിശപ്പുകാരണമുണ്ടാകുന്ന മാനഹാനി, കുട്ടികൾക്കു് അറിവില്ലായ്മയാൽ നേരിടുന്ന വളർച്ചക്കേടു്—ഇവ എത്രകാലം തീരാതെ കിടക്കുന്നുവോ; ലോകത്തിന്റെ ഏതു ഭാഗത്തെങ്കിലും സാമുദായികമായ വീർപ്പടങ്ങൽ പിടിപെടാൻ എത്രകാലം വഴിയുണ്ടോ; മറ്റൊരു വിധത്തിൽ കുറേക്കൂടി വ്യാപ്തിയുള്ള അർത്ഥത്തിൽ പറകയാണെങ്കിൽ, ഭൂമിയിൽ എത്രകാലം അജ്ഞാനവും ദാരിദ്ര്യവുമുണ്ടോ; അത്രകാലം പാവങ്ങൾപോലെയുള്ള പുസ്തകങ്ങൾ ഒരിക്കലും പ്രയോജനപ്പെടാതെ വരാൻ നിവൃത്തിയില്ല.

—വിക്തോർ യൂഗോ

പാവങ്ങൾ ഇറ്റാല്യൻ ഭാഷയിൽ പ്രസിദ്ധീകരിച്ച മൊസ്സ്യു ഡെയിലിക്കു മൂലഗ്രന്ഥകാരൻ അയച്ചതു് ഒരു കത്തു്
വിക്തോർ യൂഗോ

‘ഹോത്തോവിൽ’ ഭവനം

ഒക്ടോബർ 18, 1862.

സേർ,

പാവങ്ങൾ എന്ന പുസ്തകം എല്ലാ രാജ്യക്കാർക്കും വേണ്ടി എഴുതപ്പെട്ടതാണെന്നു നിങ്ങൾ പറയുന്നതു ശരിയാണു്. അതു് എല്ലാവരും വായിച്ചുനോക്കുമോ എന്നെനിക്കറിഞ്ഞുകൂടാ; പക്ഷേ, ഞാൻ അതു് എല്ലാവർക്കുംകൂടി എഴുതിയിട്ടുള്ളതാണു്. അതു് ഇംഗ്ലണ്ടെന്നപോലെ സ്പെയിനും, ഇറ്റലിയെന്നപോലെ ഫ്രാൻസും, ജർമനിയെന്നപോലെ ഐർലാണ്ടും, അടിമകളുള്ള പ്രജാധിപത്യരാജ്യമെന്ന പോലെ അടിയാരുള്ള ചക്രവർത്തിഭരണരാജ്യങ്ങളും ഒരേവിധം കേൾക്കണമെന്നുവെച്ചു് എഴുതപ്പെട്ടിട്ടുള്ളതാണു്. സാമുദായികങ്ങളായ വിഷമതകൾ രാജ്യസീമകളെ കവച്ചുകടക്കുന്നു. മനുഷ്യജാതിക്കുള്ള വ്രണങ്ങൾ, ഭൂമണ്ഡലം മുഴുവനും വ്യാപിച്ചുകിടക്കുന്ന ആ വമ്പിച്ച വ്രണങ്ങൾ, ഭൂപടത്തിൽ വരയ്ക്കപ്പെട്ട ചുകന്നതോ നീലച്ചതോ ആയ ഓരോ അതിർത്തിയടയാളം കണ്ടതുകൊണ്ടു് നിൽക്കുന്നില്ല. മനുഷ്യൻ അജ്ഞനും നിരാശനുമായി എവിടെയുണ്ടു്, ഭക്ഷണത്തിനുവേണ്ടി സ്ത്രീകൾ എവിടെ വിൽക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള ഗ്രന്ഥവും തണുപ്പു മാറ്റാനുള്ള അടുപ്പും കിട്ടാതെ കുട്ടികൾ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം പാവങ്ങൾ എന്ന പുസ്തകം വാതിൽക്കൽ മുട്ടി വിളിച്ചുപറയും: ‘എനിക്കു വാതിൽ തുറന്നുതരിക; ഞാൻ വരുന്നതു നിങ്ങളെ കാണാനാണു്.’

നാമിപ്പോൾ കടന്നുപോരുന്നതും ഇപ്പോഴും അത്രമേൽ ദുഃഖമയവുമായ പരിഷ്കാരഘട്ടത്തിൽ പാവങ്ങളുടെ പേർ മനുഷ്യൻ എന്നാണു്; അവൻ എല്ലാ രാജ്യത്തുംകിടന്നു കഷ്ടപ്പെടുന്നു; എന്നല്ല, അവൻ എല്ലാ ഭാഷകളിലും നിലവിളിക്കുന്നു.

images/Fantine.jpg
ഫൻതീൻ.

ഈ ദുഃസ്ഥിതിയിൽനിന്നു് നിങ്ങളുടെ ഇറ്റലിക്കു് ഞങ്ങളുടെ ഫ്രാൻസിനെക്കാൾ ഒട്ടുമധികം ഒഴിവു കിട്ടിയിട്ടില്ല. പ്രശംസനീയമായ നിങ്ങളുടെ ഇറ്റലിരാജ്യത്തിന്റെ മുഖത്തുണ്ടു് ഈ എല്ലാ കഷ്ടതകളും. ദാരിദ്ര്യത്തിന്റെ ശുണ്ഠിയെടുത്ത സ്വരൂപമാകുന്ന തട്ടിപ്പറി നിങ്ങളുടെ മലമ്പ്രദേശങ്ങളിൽ പാർത്തുവരുന്നില്ലേ? ഞാൻ ഈ ഗ്രന്ഥത്തിൽ നിദാനം നോക്കാൻ ശ്രമിച്ചിട്ടുള്ള കന്യകാമഠവ്രണംകൊണ്ടു് ഇറ്റലിയെപ്പോലെ മറ്റധികം രാജ്യങ്ങളൊന്നും അളിഞ്ഞിട്ടില്ല. റോം, മിലാൻ, നേപ്പിൾസ്, പലെർമോ, ദ്യൂറിൻ, ഫ്ളോറൻസ്, സിയെന, പൈസ, മാൻത്വ, ബൊളോന, ഫെറാർ, ജെനോവ, വെനിസ്സ് എന്നീ പട്ടണങ്ങളും അന്തസ്സുകൂടിയ നഗരാവശേഷങ്ങളും, വീരധർമ്മാത്മകമായ ഒരു ചരിത്രവും, എല്ലാമിരുന്നാലും നിങ്ങൾ, ഞങ്ങളെപ്പോലെതന്നെ ദരിദ്രരാണു്. അത്ഭുതവസ്തുക്കളാലും അണുകൃമികളാലും നിങ്ങൾ മൂടപ്പെട്ടിരിക്കുന്നു. നിശ്ചയമായും, ഇറ്റലിയിലെ സൂര്യൻ പ്രകാശമാനൻതന്നെ; പക്ഷേ, ഹാ കഷ്ടം, ആകാശത്തിലെ നീലനിറം മനുഷ്യദേഹത്തിൽ കീറത്തുണികളില്ലാതാക്കുന്നില്ല!

images/valjean_rescues_Marius.jpg
ഴാങ് വാൽഴാങും മരിയൂസും.

ഞങ്ങൾക്കെന്നപോലെ നിങ്ങൾക്കും അബദ്ധധാരണകളുണ്ടു്, അന്ധവിശ്വാസങ്ങളുണ്ടു്. പ്രജാപീഡനങ്ങളുണ്ടു്, മൂഢങ്ങളായ ആചാരങ്ങളെ സഹായിക്കുന്ന അന്ധനിയമങ്ങളുണ്ടു്. ഭൂതകാലത്തിന്റേതായ ഒരു വറുത്തിടലോടുകൂടിയല്ലാതെ, വർത്തമാനമോ ഭാവിയോ നിങ്ങൾക്കും സ്വാദു നോക്കാൻ കിട്ടുന്നില്ല. നിങ്ങൾക്കു് ഒരു കാട്ടാളനുണ്ടു് മതാചാര്യൻ; ഒരു കാടനുണ്ടു്, യാചകൻ. സാമുദായികവാദം ഞങ്ങൾക്കുള്ളതുതന്നെയാണു് നിങ്ങൾക്കും. വിശപ്പുകൊണ്ടുള്ള മരണം നിങ്ങളുടെ ഇടയിൽ കുറച്ചു കുറവാണെങ്കിൽ, പനികൊണ്ടുള്ള മരണം കുറച്ചധികമുണ്ടു്. സാമുദായികമായ ആരോഗ്യശാസ്ത്രം ഞങ്ങളുടേതിൽനിന്നു് ഒട്ടുമധികം നല്ലതല്ല നിങ്ങളുടേതു്; ഇംഗ്ലണ്ടിൽ പ്രോട്ടസ്റ്റാണ്ടാകുന്ന (പുതിയ കൂറ്റുകാർ) അന്ധതകൾ ഇറ്റലിയിൽ കത്തോലിക്കാണു് (പഴയ കൂറ്റുകാർ); എന്നാൽ, പേരു മാറിയെങ്കിലും നിങ്ങളുടെ പ്രധാന മതാചാര്യനും ഞങ്ങളുടെ മെത്രാനും ആളൊന്നാണു്; അർത്ഥം എന്നെന്നും അന്ധകാരം. ഏതാണ്ടു് രണ്ടും ഒരൊറ്റസ്സാധനം. വേദപുസ്തകത്തെ തെറ്റി വ്യാഖ്യാനിക്കുന്നതു പോലെത്തന്നെയാണു് ‘സുവിശേഷ’ത്തെ തെറ്റിദ്ധരിക്കുന്നതു്.

ഇതിനെ ഊന്നിപ്പറയേണ്ടതുണ്ടോ? ഈ ദുഃഖമയമായ സമത്വത്തെ ഇനിയും പരിപൂർണ്ണമായി തെളിയിക്കേണ്ടതുണ്ടോ? നിങ്ങളുടെ ഇടയിൽ ദിവസവൃത്തിക്കില്ലാത്തവരില്ലേ? കീഴ്പോട്ടു നോക്കൂ. നിങ്ങളുടെ ഇടയിൽ കാൽതിരുമ്മികളല്ലേ? മേല്പോട്ടു നോക്കു. വ്യസനകരമാംവണ്ണം സ്വയം നിലയ്ക്കു നിർത്താൻ നോക്കുന്ന കടുംവറുതി, കാൽതിരുമ്മൽ എന്നീ രണ്ടു തട്ടുകളോടുകൂടിയ ആ ഭയങ്കരത്തുലാസ്സു് ഞങ്ങളുടെയെന്നപോലെ, നിങ്ങളുടെയും മുമ്പിൽ ആടിക്കളിക്കുന്നില്ലേ? അധ്യാപകന്മാരാകുന്ന ഭടസംഘം, പരിഷ്കാരത്താൽ സ്വീകരിക്കപ്പെട്ട ഏകഭടസംഘം, എവിടെയുണ്ടു്?

images/Commencement.jpg
ലക്സംബർഗ് പൂന്തോട്ടത്തിൽ, കോസെത്തിനെ കാണുന്ന മരിയൂസ്.

പ്രതിഫലം കൂടാതെയും നിർബന്ധമായും കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്ന നിങ്ങളുടെ വിദ്യാലയങ്ങളെവിടെ? ദാന്തെയുടെയും[1] മൈക്കേൽ ഏൻജലോവിന്റെയും[2] രാജ്യത്തു് എല്ലാവർക്കും വായിക്കാനറിയാമോ? നിങ്ങളുടെ പട്ടാളത്താവളങ്ങളെയെല്ലാം നിങ്ങൾ പാഠശാലകളാക്കിയിട്ടുണ്ടോ? ഞങ്ങൾക്കെന്നപോലെതന്നെ, നിങ്ങൾക്കും വലുതായ യുദ്ധച്ചെലവും കുറച്ചുമാത്രം വിദ്യാഭ്യാസച്ചെലവുമല്ലേ കൊല്ലംതോറും ആയവ്യയക്കണക്കിൽ കാണുന്നതു്? പട്ടാളക്കാരുടെ അനുസരണശീലമാക്കി ക്ഷണത്തിൽ മാറ്റിക്കളയാവുന്ന ആ എതിർനില്പില്ലാത്ത അനുസരണശീലം നിങ്ങൾക്കുമില്ലേ? ഗാറിബാൾഡിയുടെ[3] നേരെ—അതായതു് ഇറ്റലിയുടെ ജീവത്തായ അഭിമാനത്തിനു നേരെ—വെടിവെയ്ക്കുക എന്ന അറ്റത്തോളം രാജ്യനിയമങ്ങളെ പിടിച്ചുന്തുന്ന പട്ടാളവ്യവസ്ഥ നിങ്ങളുടെ രാജ്യത്തുമില്ലേ? നിങ്ങളുടെ സാമുദായികസ്ഥിതിയെ ഒന്നു പരീക്ഷണം ചെയ്യട്ടെ. ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ അതിനെ നിർത്തി, സുസ്പഷ്ടമായ അതിന്റെ അപരാധങ്ങളെ ഒന്നു പരീക്ഷണം ചെയ്യട്ടെ; സ്ത്രീയേയും കുട്ടിയേയും എനിക്കൊന്നു കാണിച്ചുതരൂ. ഈ രണ്ടു് അബലങ്ങളായ സത്ത്വങ്ങൾക്കും ചുറ്റുമുള്ള രക്ഷയുടെ തുകയനുസരിച്ചാണു് പരിഷ്കാരത്തിന്റെ നില അളക്കേണ്ടതു്. നേപ്പിൾസിലെ വേശ്യാവൃത്തി പാരിസ്സിലുള്ളതിനെക്കാൾ കുറച്ചുമാത്രമേ ഹൃദയഭേദകമാകുന്നുള്ളുവോ? നിങ്ങളുടെ രാജ്യനിയമങ്ങളിൽനിന്നു് പുറപ്പെടുന്ന സത്യസ്ഥിതിയുടെ തുകയെന്താണ്? നിങ്ങളുടെ കോടതിവിചാരണകളിൽനിന്നു് എത്രകണ്ടു് നീതിന്യായം പുറപ്പെടുന്നുണ്ടു്? കോടതിവിചാരണ, നിയമസംബന്ധിയായ മാനഭംഗം, കാരാഗൃഹം, തൂക്കുമരം, കൊലയാളി, മരണശിക്ഷാവിധി—ഈവക അപകടം പിടിച്ച വാക്കുകളുടെ അർത്ഥത്തെപ്പറ്റി അറിവില്ലാതിരിക്കാൻ നിങ്ങൾക്കു് ഭാഗ്യമുണ്ടോ? അല്ലയോ ഇറ്റലിക്കാരേ, ഞങ്ങളെസ്സംബന്ധിച്ചേടത്തോളമെന്നപോലെ, നിങ്ങളുടെയും ഇടയിൽ ബിക്കാറിയ[4] മരിച്ചുപോയി; ഫാരിനെസ് [5] ജീവിച്ചിരിക്കുന്നു. ഇനി നിങ്ങളുടെ ഭരണത്തിനുള്ള യുക്തികളെ ഒന്നു സൂക്ഷിച്ചുനോക്കട്ടെ. സദാചാരവും രാജ്യഭരണതന്ത്രവും ഒന്നാണെന്നറിയുന്ന ഒരു ഭരണാധികാരി സംഘം നിങ്ങൾക്കുണ്ടോ? വീരപുരുഷന്മാർക്കു മാപ്പുകൊടുക്കുക എന്ന ഘട്ടത്തിൽ നിങ്ങൾ എത്തിയിട്ടുണ്ടു്! ഫ്രാൻസിലും ഇങ്ങനെയൊന്നു നടക്കുകയുണ്ടായി. നിൽക്കു, നമുക്കു് നമ്മുടെ കഷ്ടപ്പാടുകളെ പരിശോധിക്കുക; ഓരോരുത്തനും തനിക്കുള്ള മുതൽ കൂട്ടിവെയ്ക്കുക; ഞങ്ങളെപ്പോലെത്തന്നെ നിങ്ങളും സമ്പന്നന്മാരാണു്. ഞങ്ങൾക്കെന്നപോലെതന്നെ നിങ്ങൾക്കും രണ്ടു ശിക്ഷാവിധികളില്ലേ—മതാചാര്യൻ കല്പിക്കുന്ന മതസംബന്ധിയായ ശിക്ഷയും, ന്യായാധിപൻ കല്പിക്കുന്ന സാമുദായികമായ ശിക്ഷയും? അല്ലയോ ഇറ്റലിയിലെ മഹാജനങ്ങളേ, നിങ്ങൾ ഫ്രാൻസുകാരോടു ശരിയാണു്. കഷ്ടം, ഞങ്ങളുടെ സഹോദരന്മാരേ, നിങ്ങളും ഞങ്ങളെപ്പോലെതന്നെ പാവങ്ങളാണു്.

കുറിപ്പുകൾ

[1] ഇറ്റലിയിലെ കവിസാർവ്വഭൗമൻ.

[2] ഇറ്റലിയിലെ അദ്വിതീയനായ ശില്പശാസ്ത്രജഞൻ.

[3] ഇറ്റലിയെ സ്വതന്ത്രമാക്കിയ സുപ്രസിദ്ധ സ്വരാജ്യസ്നേഹി.

[4] സദാചാരത്തിന്റെയും രാജ്യഭരണതന്ത്രത്തിന്റെയും തത്ത്വങ്ങളെപ്പറ്റി ഈ ഇറ്റലിക്കാരൻ അനവധി ഗ്രന്ഥങ്ങൾ ഉണ്ടാക്കിയിട്ടുണ്ടു്. ‘കുറ്റങ്ങളും ശിക്ഷകളും’ എന്നതാണു് സുപ്രസിദ്ധം.

[5] ഇറ്റലിയിലെ ഒരു നോവലെഴുത്തുകാരൻ.

images/Gavroche.jpg
ഗവ്രോഷ്.

നിങ്ങൾ താമസിച്ചുപോരുന്ന അന്ധകാരത്തിന്റെ അഗാധതകളിൽനിന്നു ഞങ്ങളെക്കാൾ അധികമായി സ്വർഗ്ഗത്തിലെ പ്രകാശമാനവും ദൂരസ്ഥിതവുമായ പൂമുഖങ്ങളെ നിങ്ങളും കാണുന്നില്ല. ഒന്നുമാത്രം; മതാചാര്യന്മാർ തെറ്റിദ്ധരിച്ചിരിക്കുന്നു. ആ ദിവ്യങ്ങളായ പൂമുഖങ്ങൾ നമ്മുടെ മുൻപിലാണു്, പിന്നിലല്ല.

ഞാൻ ഇനിയും തുടങ്ങുന്നു. ഈ പുസ്തകം, പാവങ്ങൾ, ഞങ്ങളുടെ എന്നതിൽ ഒട്ടും കുറയാതെ, നിങ്ങളുടെയും കണ്ണാടിയാണു്. ചില ആളുകൾ, ചില വർഗ്ഗക്കാർ, ഈ ഗ്രന്ഥത്തോടു ശണ്ഠയിടുന്നുണ്ടു്—എനിക്കറിയാം. കണ്ണാടികളോടു, സത്യസ്ഥിതിയെ വെളിപ്പെടുത്തുന്നവയോടു്, വെറുപ്പുണ്ടാവും; അതുകാരണം അവ പ്രയോജനശുന്യങ്ങളാവുന്നില്ല.

images/Death_of_fantine.jpg
ഫൻതീന്റെ മരണം.

എന്നെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, ഞാൻ എന്റെ രാജ്യത്തിന്മേൽ അതിയായ സ്നേഹത്തോടുകൂടിയും, എന്നാൽ മറ്റൊരു രാജ്യത്തെക്കാളുമധികം ഫ്രാൻസിനായി മനസ്സിൽ സ്ഥലം കൊടുക്കാതെയും, സകലർക്കുംവേണ്ടിയാണു് ഇതെഴുതിയിട്ടുള്ളതു്. പ്രായം കൂടുംതോറും ഞാൻ അധികമധികം ഒതുങ്ങുകയാണു് ചെയ്യുന്നതു്; മനുഷ്യസമുദായത്തോടുള്ള സ്നേഹം അത്രമേൽ എനിക്കു് വർദ്ധിക്കയും ചെയ്യുന്നു.

എന്നല്ല, ഇതു് ഈ കാലത്തെ അനുസരിച്ചുള്ള ഗതിഭേദമാണു്—ഫ്രാൻസിലെ ഭരണപരിവർത്തനത്തിന്റെ സുസ്പഷ്ടഫലം. പുസ്തകങ്ങൾ ഫ്രഞ്ചോ ജർമനോ സ്പാനിഷോ ഇംഗ്ലീഷോ എന്ന നില പോകണം— യുറോപ്യനാവണം; പരിഷ്കാരവ്യാപ്തിയെ അനുസരിക്കണമെങ്കിൽ അധികമധികം മാനുഷമായിരിക്കണമെന്നു ഞാൻ പറയും.

അതിനാൽ മുൻകാലത്തു് ഇടുങ്ങിയവയും മറ്റുള്ളവയെപ്പോലെതന്നെ മേലാൽ വലുതായിവരേണ്ടവയുമായ വാസനയുടെയും ഭാഷാഗതിയുടെയും സ്ഥിതികളെ, എന്നില്ല സകലത്തെയും, മാറ്റിത്തീർക്കുന്നവിധം കലാവിദ്യയേയും പ്രതിപാദന രീതിയേയും സംബന്ധിച്ചു് ഒരു നൂതനമീമാംസാഗ്രന്ഥം ആ ഭരണപരിവർത്തനത്തിൽനിന്നാണുണ്ടായതു്.

images/Jean_Valjean_death.jpg
ഴാങ് വാൽഴാങിന്റെ മരണം.

ഫ്രാൻസിലെ ചില നിരൂപകന്മാർ, എന്റെ അപരിമിതമായ ആഹ്ലാദത്തിനു്, ‘ഫ്രാൻസുകാരുടെ സഹജമായ രുചിഭേദം’ എന്നു് അവർ പറയുന്ന ഒന്നിന്റെ അതിർവരമ്പുകളെ ഞാൻ അതിക്രമിച്ചിരിക്കുന്നു എന്നു് അധിക്ഷേപിക്കുകയുണ്ടായി; ഈ സ്തുതിയെ അർഹിക്കുന്നുണ്ടെങ്കിൽ, ഞാൻ കൃതാർഥനത്രേ. ചുരുക്കിപ്പറഞ്ഞാൽ, ഞാൻ എന്നെക്കൊണ്ടു കഴിയുന്നതും പ്രവർത്തിക്കുന്നു; എല്ലാവർക്കുമായുള്ള കഷ്ടുപ്പാടുകൊണ്ടു് ഞാനും കഷ്ടപ്പെടുന്നു; ഞാൻ അതിനെ കുറയ്ക്കാൻ ശ്രമിക്കുകയാണു്. ഒരു മനുഷ്യന്റെ നിസ്സാരശക്തികൾ മാത്രമേ എനിക്കുള്ളൂ. ഞാൻ എല്ലാവരുമായി ഉച്ചത്തിൽ പറയുന്നു: ‘എന്നെ സഹായിക്കണേ!’

സേർ, ഇതാണു് നിങ്ങളുടെ കത്തു വായിച്ചിട്ടു് എനിക്കു പറയാൻ തോന്നിയതു്; ഇതു ഞാൻ നിങ്ങൾക്കുവേണ്ടിയും നിങ്ങളുടെ രാജ്യത്തിനുവേണ്ടിയും പറയുന്നു. ഞാൻ അത്ര ശക്തിയിൽ ഊന്നിപ്പറയുന്നുണ്ടെങ്കിൽ, അതു് നിങ്ങളുടെ കത്തിലെ ഒരു വാചകം കാരണമാണു്. നിങ്ങൾ എഴുതുന്നു:

‘ഇങ്ങനെ പറയുന്ന ചില ഇറ്റലിക്കാരുണ്ടു്, അവരുടെ എണ്ണം കുറവില്ലതാനും: ‘ഈ പുസ്തകം, പാവങ്ങൾ, ഒരു ഫ്രഞ്ചുപുസ്തകമാണു്. നമുക്കു് ഇതുകൊണ്ടു് പ്രയോജനമില്ല. ഫ്രാൻസുകാർ ഇതൊരു ചരിത്രമായി വായിക്കട്ടെ; നമ്മൾ ഇതൊരു കെട്ടുകഥയായി മാത്രം വായിച്ചുനോക്കും.’ കഷ്ടം! ഞാൻ ഒരിക്കൽക്കൂടി പറയുന്നു; നമ്മൾ ഇറ്റലിക്കാരായാലും ഫ്രാൻസുകാരായാലും കഷ്ടപ്പാടു നമ്മെയെല്ലാം ബാധിക്കുന്നു. ചരിത്രം എഴുതിത്തുടങ്ങിയതുമുതൽ, തത്ത്വശാസ്ത്രം മനനം ചെയ്യപ്പെട്ടുവന്നതുമുതൽ, കഷ്ടപ്പാടു മനുഷ്യവർഗ്ഗത്തിന്റെ ഉടുപ്പാണു്; ആ പഴന്തുണിയെ പറിച്ചുകീറിക്കളഞ്ഞു്, മനുഷ്യസമുദായത്തിന്റെ നഗ്നശരീരത്തിൽ, ഭൂതകാലത്തിന്റെ ആ അപകടംപിടിച്ച വസ്ത്രത്തിന്റെ സ്ഥാനത്തു്, പ്രഭാതത്തിന്റെ മാഹാത്മ്യമേറിയ പള്ളിയുടുപ്പണിയിക്കാനുള്ള കാലം അത്യാസന്നമായിരിക്കുന്നു.’

images/Jean_Valjean_Cosette.jpg
മരിയൂസുമായുള്ള വിവാഹത്തിനു് ശേഷം ഴാങ് വാൽഴാങും കൊസെത്തും.

ചില മനസ്സുകളെ വെളിച്ചം വെപ്പിക്കുവാനും ചില തെറ്റിദ്ധാരണകളെ ഇല്ലാതാക്കുവാനും ഈ കത്തു് ഉപയോഗപ്പെടുമെന്നു തോന്നുന്നപക്ഷം, സേർ ഇതു് പ്രസിദ്ധീകരിക്കുവാൻ നിങ്ങൾക്കധികാരമുണ്ടു്. എന്റെ ക്ഷേമാശംസകളെ നിശ്ചയമായും ഞാൻ വീണ്ടും നിങ്ങൾക്കായർപ്പിക്കുന്നതിനെ സ്വീകരിക്കണമെന്നു പ്രാർഥിക്കുന്നു.

—വിക്തോർ യൂഗോ

വിക്തോർ യൂഗോ
images/VictorHugo.jpg

വിക്തോർ മരീ യൂഗോ (ഫെബ്രുവരി 26, 1802–മെയ് 22, 1885). ഒരു ഫ്രഞ്ച് കവിയും നോവലിസ്റ്റും നാടകകൃത്തും ഉപന്യാസകാരനും ദൃശ്യകലാകാരനും രാഷ്ട്രതന്ത്രജ്ഞനും മനുഷ്യാവകാശ പ്രവർത്തകനും ആയിരുന്നു. ഫ്രാൻസിലെ കാല്പനികതാപ്രസ്ഥാനത്തിലെ ഏറ്റവും പ്രബലനായ വക്താവും വിക്തോർ യൂഗോ ആയിരുന്നു.

ഫ്രാൻസിൽ യൂഗോയുടെ സാഹിത്യ സംഭാവനകളിൽ അദ്ദേഹത്തിന്റെ കവിതകളും നാടകങ്ങളുമാണു് ഏറ്റവും പ്രധാനമായി കരുതുന്നതു്. യൂഗോയുടെ പല വാല്യങ്ങളിലായുള്ള കവിതകളിൽ “ലെ കൊണ്ടമ്പ്ലേഷൻസ്”, “ലാ ലെജാന്റ് ദെ സീക്ലിസ്” എന്നിവ നിരൂപകരുടെ ഇടയിൽ മഹത്തരമായി കരുതപ്പെടുന്നു. യൂഗോയെ പലപ്പോഴും ഏറ്റവും മഹാനായ ഫ്രഞ്ച് കവി എന്നു് വിശേഷിപ്പിക്കാറുണ്ടു്. ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്തു് യൂഗോയുടെ ഏറ്റവും പ്രധാന കൃതികളായി കരുതുന്നതു് യൂഗോയുടെ നോവലുകളായ “ലേ മിസെറാബ്ൾ” (പാവങ്ങൾ), “ദ് ഹഞ്ച്ബാക്ക് ഓഫ് നോത്ര്ദാം” (ഈ പുസ്തകത്തിന്റെ മലയാളം തർജ്ജിമ നോത്ര്ദാമിലെ കൂനൻ എന്നാണു് അറിയപ്പെടുന്നതു്. പലപ്പോഴും ഇംഗ്ലീഷിൽ ഈ പുസ്തകത്തിന്റെ തർജ്ജിമ “ദ് ഹഞ്ച്ബാക്ക് ഓഫ് നോത്ര്ദാം” എന്നു് അറിയപ്പെടുന്നു).

യുവാവായിരുന്ന കാലത്തു് വളരെ യാഥാസ്ഥിതികനായിരുന്ന യൂഗോ വർഷങ്ങൾ കഴിഞ്ഞപ്പോൾ രാഷ്ട്രീയത്തിന്റെ ഇടതുപക്ഷത്തേക്കു് നീങ്ങി. റിപ്പബ്ലിക്കനിസത്തിനെ യൂഗോ ശക്തമായി പിന്താങ്ങി. യൂഗോയുടെ കൃതികൾ പ്രധാനമായും രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളെയും ആ കാലഘട്ടത്തിലെ കലയുടെ ദിശയെയും കാണിക്കുന്നു.

Colophon

Title: Pavangal (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Sayahna Foundation; Trivandrum, Kerala; 2021-03-27.

Deafult language: ml, Malayalam.

Keywords: Letters, Victor Hugo, Pavangal, വിക്തോർ യൂഗോ, പാവങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 9, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Young Cosette sweeping, a painting by Émile Bayard (1837–1891). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.