പണ്ടുകാലത്തെ ഈജിപ്റ്റിൽ കോപ്റ്റിക് സഭ (Coptic Church) എന്ന പേരിൽ ഒരു ക്രിസ്തീയ സഭ ഉണ്ടായിരുന്നു. അവർ ഉപയോഗിച്ചിരുന്ന ഭാഷ കോപ്റ്റിക് ഭാഷയായിരുന്നു. വടക്കെ ഈജിപ്റ്റിൽ നഗ്ഹമാദി (Nag Hamadi) എന്ന സ്ഥലത്തു് കോപ്റ്റിക് സഭയുടെ വകയായി ഒരു വലിയ ഗ്രന്ഥശേഖരം ഉണ്ടായിരുന്നതു്, പതിനാറു നൂറ്റാണ്ടുകൾക്കുശേഷം 1945-ൽ ഈജിപ്റ്റിലെ ഗ്രാമീണർ കണ്ടെത്തുകയുണ്ടായി. മണ്ണിൽ പൊതിഞ്ഞുകിടന്ന പതിമൂന്നു പാപ്പിറസ് ഗ്രന്ഥങ്ങൾ അവിടെ വലിയ ഭരണികളിൽ സൂക്ഷിച്ചിരിക്കുന്നതായി കണ്ടു. ഈ ഗ്രന്ഥങ്ങളിൽ നാല്പത്തെട്ടു കൃതികൾ ഉൾപ്പെട്ടിരുന്നു. അതിലൊന്നാണു് അപ്പോസ്തലനായ തോമസ് എഴുതിയ സുവിശേഷം. അതിൽ യേശുക്രിസ്തുവിന്റെ 114 തിരുവചനങ്ങൾ ഉൾപ്പെട്ടിരുന്നു. ഇതുപോലെ ഒരു ഗ്രന്ഥശേഖരം ചാവുകടലിന്റെ (Dead Sea) വടക്കുപടിഞ്ഞാറേ തീരത്തു് പുരാവസ്തുഗവേഷകർ കണ്ടെത്തുകയുണ്ടായി. അതിൽ പഴയനിയമത്തോടു് സംബന്ധമുള്ള ഒട്ടേറെ പ്രസ്താവങ്ങളുടെയും സങ്കീർത്തനങ്ങളുടെയും പാപ്പിറസ് ലേഖനങ്ങൾ ഉണ്ടായിരുന്നതു് പണ്ഡിതന്മാരെ അത്ഭുതാധീനരാക്കുകയും അതോടൊപ്പംതന്നെ സംശയഗ്രസ്തരാക്കുകയും ചെയ്തിരുന്നു. ഏതാണ്ടു് അതുപോലെയുള്ള പ്രതികരണങ്ങളാണു് നഗ്ഹമാദിയിൽ കണ്ടെത്തിയ കോപ്റ്റിക് ഗ്രന്ഥങ്ങളോടും പണ്ഡിതലോകം കാണിച്ചതു്. പുതിയനിയമത്തിലെ അറിയപ്പെട്ടിരുന്ന ചില വചനങ്ങളോടു് വളരെയേറെ സാദൃശ്യം ഉള്ളതായ ഈ ലേഖനം അസാധാരണമായും അത്യന്തം പ്രയോജനകരമായും അതിന്റെ പഠിതാക്കൾക്കും തോന്നിയതിൽ അത്ഭുതപ്പെടാനില്ലല്ലോ?
ആ ലേഖനത്തിന്റെ പൂർണ്ണമായ ഇംഗ്ലീഷ് തർജ്ജമ അമേരിക്കയിലെ ‘ഹാർപ്പർ ആന്റ് റോ’ എന്ന പ്രസാധകർ പ്രസിദ്ധം ചെയ്യുകയുണ്ടായി. നാരായണ ഗുരുകുലത്തിലെ ഒരന്തേവാസിയായ വിനയചൈതന്യ എഴുതിയ മലയാള വിവർത്തനമാണു് ഈ പുസ്തകം. പ്രസ്തുത പുസ്തകത്തിന്റെ മൂലകൃതിയിൽ തോമാശ്ലീഹായെ, ‘ദിദിമോസ് യൂദാസ് തോമസ്’ എന്നാണു് രേഖപ്പെടുത്തിയിരിക്കുന്നതു്.
തോമാശ്ലീഹായുടെ സുവിശേഷം എന്നു വിശ്വസിക്കപ്പെടുന്ന ഈ കൃതി, സിനോപ്റ്റിക് (Synoptic) സുവിശേഷങ്ങളെന്നു് അറിയപ്പെടുന്ന മത്തായി, മാർക്കോസ്, ലൂക്കൊസ് എന്നിവരുടെ കൃതികളെ അനുസ്മരിപ്പിക്കുന്നതാണു്. യേശുക്രിസ്തുവിന്റെ തിരുവചനങ്ങളായി മുമ്പു കേൾക്കാൻ ഇടവന്നിട്ടില്ലാത്ത അതീവ ശ്രദ്ധേയവും ഗുപ്തവുമായ ഒട്ടേറെ മനോഹരവാക്യങ്ങൾ.
ഈ ലഘുകൃതിയിൽ ഉൾപ്പെട്ടിരിക്കുന്നു. നോസ്റ്റിക് (Gnostic), പാറ്റ്റിസ്റ്റിക് (Patristic), മാനിക്കേയൻ (Manikayan), കത്തേയർ (Cathaire) എന്നിങ്ങനെ പൂർവ്വികമായ പാഠഭേദങ്ങളുണ്ടായിരുന്ന, ഭാഷാന്തരങ്ങളിൽ വിട്ടുപോയ, കണ്ണികളെ പൂർത്തീകരിക്കുവാൻ വിലതീരാത്ത ഈ ചെറുപുസ്തകം അത്യന്തം സഹായിക്കും എന്നതിനു സംശയമില്ല. മൂലത്തിന്റെ കോപ്റ്റിക് ഭാഷയിലുള്ള പരിചയം അവകാശപ്പെടുന്നവർ നന്നേ വിരളമായതുകൊണ്ടു് ഇതിന്റെ വിവർത്തനത്തിനു വിനയചൈതന്യ പൂർണ്ണമായും ഇംഗ്ലീഷ് ഭാഷയെത്തന്നെയാണു് ആശ്രയിച്ചിരിക്കുന്നതു്.
ദൈവത്തിന്റെ തിരുവചനംതന്നെ പുരുഷാകൃതി പൂണ്ടതാണല്ലോ ക്രിസ്തു യേശു.
ആ വചനത്തിന്റെ പ്രതിധ്വനി ഈ വാക്യങ്ങളിൽ മുഴങ്ങി കേൾക്കുന്നതായി അനുവാചകനു അനുഭവപ്പെടാതിരിക്കയില്ല. ഈശ്വരീയമായ പരമാർത്ഥത്തെ സ്വസഹോദരങ്ങൾക്കു പകർന്നു കൊടുക്കുന്നതിനേക്കാൾ സന്തോഷകരമായ ഒന്നുംതന്നെ ശ്രദ്ധാലുക്കളായ വേദപഠിതാക്കൾക്കു് ഉണ്ടാകുവാൻ ഇടയില്ലല്ലോ. അത്യാഹ്ലാദത്തോടെയാണു് മാർത്തോമാ പുണ്യശ്ലീഹാ എഴുതിയ ഈ സുവിശേഷരത്നങ്ങൾ ഞങ്ങൾ സത്യസ്നേഹികളായ സജ്ജനങ്ങളുടെ സവിശേഷമായ ശ്രദ്ധയ്ക്കായി സമർപ്പിക്കുന്നതു്.
നാരായണഗുരുവിന്റെ ശിഷ്യനും അനന്തരഗാമിയുമായ നടരാജഗുരുവിന്റെ പാദാന്തികത്തിരുന്നു്, എല്ലാ മതങ്ങളെയും സമബുദ്ധിയോടും ഭക്തിയോടും പഠിച്ചുവരുന്നതിനിടയ്ക്കാണു് ഇംഗ്ലീഷിൽ പ്രസിദ്ധപ്പെടുത്തിയ ‘തോമസിന്റെ സുവിശേഷം’ കാണുവാൻ എനിക്കു ഭാഗ്യമുണ്ടായതു്. യേശുക്രിസ്തുവിനെ ഒരു ജഗദ്ഗുരുവായി കാണുവാനും ബൈബിളിലുടനീളം ഒളിഞ്ഞും തെളിഞ്ഞും വിളങ്ങുന്ന ജ്ഞാനത്തിന്റെ പൊന്‍നൂലു ചൂണ്ടിക്കാട്ടി, അതിലെ സംരചനാക്രമം (Structuralism) തിരിച്ചറിയുവാനും ഒക്കെ എന്നെ പഠിപ്പിച്ചതും നടരാജഗുരു തന്നെ. തോമാശ്ലീഹായെയും കേരളത്തിലെ ക്രൈസ്തവ പാരമ്പര്യത്തെയുംപറ്റി പറയവെ “You must go into the depths of it” (നീ അതിന്റെ ആഴങ്ങളിലേയ്ക്കിറങ്ങിച്ചെല്ലണം) എന്നു് ഗുരു നല്‍കിയ നിര്‍ദ്ദേശത്തിന്റെ ഭാഗികപൂരണമാണു് ഈ കൃതിയെന്നും ആമുഖമായി പറഞ്ഞുകൊള്ളട്ടെ. ഇറങ്ങിച്ചെല്ലുന്തോറും ആഴം ഏറിക്കൊണ്ടിരിക്കുന്നു. അങ്ങനെ 114 വചനങ്ങൾ മാത്രമുള്ള ഈ ചെറിയ മഹാഗ്രന്ഥം പഠിച്ചുവരവെ, മലയാളം മാത്രമറിയാവുന്ന സഹോദരരുമായി ഇതു പങ്കുവയ്ക്കണമെന്നു് ആഗ്രഹമുണ്ടായി. കേരളത്തിൽ തോമസിന്റെ പുണ്യനാമം ചിരപരിചിതവുമാണല്ലോ.
തങ്ങളുടെ വയലിലേയ്ക്ക് വളം ശേഖരിക്കാൻ പോയ അലി അൽസമ്മാൻ, മുഹമ്മദ് ഖലീഫ എന്നീ രണ്ടു കർഷക സഹോദരന്മാരാണു് 1945 ഡിസംബറിൽ തോമസിന്റെ സുവിശേഷമടങ്ങുന്ന പുസ്തകശേഖരം ഈജിപ്തിലെ നാഗ് ഹമ്മദ് എന്ന സ്ഥലത്തു് കണ്ടെത്തിയതു്. 1966 മുതൽ Coptic Gnostic Library Project എന്ന പേരിൽ ഈ ഗ്രന്ഥശേഖരത്തെ പണ്ഡിതന്മാർ സൂക്ഷ്മപഠനങ്ങൾക്കു് വിധേയമാക്കിക്കൊണ്ടിരിക്കുന്നു. 1977-ൽ ജെയിംസ് എം. റോബിന്‍സണ്‍ എഡിറ്റു ചെയ്തു് The Nag Hammadi Library in English എന്ന പേരിൽ Harper and Row ഇതു് പ്രസിദ്ധം ചെയ്തിട്ടുണ്ടു്. ഈ ശേഖരത്തിലെ ഗ്രന്ഥങ്ങളെല്ലാം ഒരേ ദർശനത്തിന്റേതു തന്നെയാണെന്നു് പറയാനാവില്ല. എന്നാൽ, ശേഖരിച്ചവർ എന്തെങ്കിലും പൊതുസ്വഭാവത്തിന്റെ അടിസ്ഥാനത്തിൽത്തന്നെ ആയിരിക്കണം അവ ശേഖരിച്ചതു്.
പൊതുധാരകളിൽനിന്നൊഴിഞ്ഞു്, സാധാരണ ജീവിതത്തെ ഉല്ലംഘിക്കുന്ന ഒരു ആദർശ ജീവിതമാതൃകയാണു് ഈ ഗ്രന്ഥശേഖരത്തിൽ പൊതുവായി കാണുന്നതു്. ആളുകൾ സാധാരണയായി ആഗ്രഹിക്കുന്ന വസ്തുവകകളെല്ലാം ത്യജിച്ചു് പൂർണ്ണ സ്വാതന്ത്ര്യത്തെ ലാക്കാക്കിയുള്ള ഒരു ജീവിതമാതൃക, ഉപഭോക്തൃ സമൂഹത്തിന്റെ ചരക്കുകളിൽ താല്പര്യമില്ലായ്മ, പട്ടണങ്ങളുടെ കടിപിടികളിൽ നിന്നു വിട്ടുമാറി സമാനമാനസരുടേതായ ചെറു കമ്മ്യൂണുകളിലേയ്ക്കുള്ള പിന്‍വാങ്ങൽ, രാഷ്ട്ര (കു)തന്ത്രങ്ങളിൽ ഇടപെടാതിരിക്കൽ, ഭൂരിപക്ഷത്തിന്റെ വിനാശകാരിയായ സ്വാർത്ഥപൂരണത്തെക്കുറിച്ചു് തിരിച്ചറിവും അതിനു ബദലായ ഒരു സമത്വപൂർണ്ണ ലോകസങ്കല്പവും—ഇതൊക്കെ ഇന്നെന്നപോലെ അന്നും എന്നും മനുഷ്യജീവിതത്തിന്റെ തികവിനു് ആവശ്യമായിരുന്നുവെന്നു് വെളിവാക്കുന്നവയാണു് ശേഖരത്തിലെ ഗ്രന്ഥങ്ങളെല്ലാം. ഇവയിൽ ഏറ്റവും പൂർണ്ണമായതു് തോമസിന്റെ സുവിശേഷം തന്നെയാണു്. അതു് 1959-ൽ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു.
മാർത്തോമ്മാശ്ലീഹാ കേരളത്തിൽ വന്നുവെന്നും പള്ളികൾ സ്ഥാപിച്ചുവെന്നും വിശ്വസിക്കുന്നവരാണു് നമ്മുടെ പൂർവ്വികർ. ഇല്ല; നാലാം നൂറ്റാണ്ടിലോ മറ്റോ വന്ന ‘ക്നാനായി തൊമ്മൻ’ ആണു് ക്രിസ്തുവിന്റെ ഉപദേശത്തെ മലയാളത്തിലെത്തിച്ചതെന്നു് വിശ്വസിക്കുന്നവരുമുണ്ടു്. ഈ വിവാദത്തിലേക്കു് പ്രവേശിക്കാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല.
ഈ സുവിശേഷത്തിന്റെ പ്രാമാണികതയാണു് മറ്റൊരു തർക്കവിഷയം. ഈ ഗ്രന്ഥം അപ്രമാണികമാണെന്നു് സഭാപണ്ഡിതന്മാർ പറയുന്നു. പുതിയനിയമത്തിന്റെ പ്രാമാണികതയുള്ള നാലു് സുവിശേഷങ്ങളെക്കാൾ വൈകിയാണു് തോമസിന്റെ സുവിശേഷം വരമൊഴിയിലായതെന്നതു് അതിന്റെ വിശ്വാസ്യത കുറയ്ക്കുന്നില്ല. ആരു്, എന്നു് എഴുതി എന്നതിനേക്കാൾ എന്തെഴുതിയെന്നതിനാണല്ലോ വിചാരമതികൾ വിലകല്പിക്കുക. എന്തുതന്നെയായാലും പഠിതാവിനു് ഇതുകൊണ്ടുണ്ടാകുന്ന പ്രയോജനം തന്നെയാണു് അന്തിമ വിധികർത്താവു്. ‘പണിക്കാർ തള്ളിക്കളഞ്ഞ കല്ലുതന്നെ മൂലക്കല്ലാകുന്ന’ സാഹചര്യങ്ങളുമുണ്ടല്ലോ.
ഉടുവസ്ത്രങ്ങൾ ഉരിഞ്ഞുകളഞ്ഞു് അവയ്ക്കുമേൽ നൃത്തം ചവിട്ടുന്ന ശിശുക്കളുടെ നൈസർഗികതയെയാണു് ഇവിടെ സ്വർഗരാജ്യത്തിനു് ഉദാഹരണമായി യേശു പറയുന്നതു്. ദൈവരാജ്യം ഇനി വരേണ്ടിയിരിക്കുന്ന ഒരവസ്ഥയല്ല, അതു് ഇപ്പോഴേ വന്നുകഴിഞ്ഞിരിക്കുന്നു; നിങ്ങളതിനെ തിരിച്ചറിയുന്നില്ല. അത്തിയിലകൾകൊണ്ടു മറച്ച നാണം മുതൽ തുടങ്ങിയ കപടവേഷങ്ങളെയെല്ലാം ഉരിഞ്ഞു കളഞ്ഞു്, ശിശുക്കളുടെ സഹജനൈർമല്യത്തോടെ ജീവിക്കണമെന്നും യേശു പറയുന്നു. ഇതൊക്കെ നമുക്കു വേറൊരു നാട്ടിൽനിന്നു വരുന്ന ഉപദേശങ്ങളായിട്ടല്ല അനുഭവപ്പെടുന്നതു്, നേരെമറിച്ചു് നമ്മുടെതന്നെ ജീവസ്പന്ദങ്ങളായാണു്. അതുകൊണ്ടു് യേശു ഭാരതത്തിൽ വന്നിരുന്നുവെന്നും, ഭാരതത്തിൽ മാത്രമേ ഈ ജ്ഞാനസ്രോതസു് മനുഷ്യദാഹം ശമിപ്പിച്ചിരുന്നുള്ളൂവെന്നും കരുതേണ്ടതില്ല. കാലദേശങ്ങൾക്കതീതമായി നിലകൊള്ളുന്നതാണു് മനുഷ്യന്റെ സത്യാഭിവാഞ്ഛയുടെ ധ്വനികളും പ്രതിധ്വനികളുമെല്ലാം.
അതേസമയംതന്നെ മലബാർതീരവും മധ്യപൂർവദേശങ്ങളുമായി കൊടുക്കൽ വാങ്ങലുകൾ നടന്നിരുന്നുവെന്നതിനു് സംശയമില്ല. അലക്സാൻഡ്രിയ, അന്ത്യോക്യാ, ഏതൻസ്, റോം തുടങ്ങിയ ഇടങ്ങളെ മലബാർതീരവുമായി ബന്ധിപ്പിക്കുന്ന ‘സ്പൈസ് വൈൻ ആക്സിസ്’ പുനരുജ്ജീവിപ്പിക്കുകയാണെങ്കിൽ, വചനത്തിന്റെ പല കടങ്കഥകളേയും സംബന്ധങ്ങളേയും പറ്റി ഉൾക്കാഴ്ച ഉണ്ടാകുന്നതാണു്. സോക്രട്ടീസിന്റെ പശ്ചാത്തലം, പുനർജ്ജന്മത്തിൽ വിശ്വസിച്ചിരുന്ന സസ്യാഹാരികളായ പിത്തഗോറിയൻ ഗുരുകുലങ്ങളുടെ ഉത്ഭവത്തിന്റെ രഹസ്യം, പ്ലേറ്റോയുടെ സിദ്ധാന്തങ്ങളിൽ പലതിന്റെയും പാശ്ചാത്യതത്ത്വചിന്തയുടെതന്നെയും ഉറവിടമായ എലിയാറ്റിക് യവനചിന്തകരുടെ ‘ഈ വിശ്വത്തിലുള്ള എല്ലാറ്റിനും ജീവനുണ്ടു്’ എന്ന ഹൈലോസോയിസ്റ്റ് ദർശനം, പ്ലേറ്റോയുടെ ശിഷ്യനായ അരിസ്റ്റോട്ടിൽ പ്ലേറ്റോയുടെ ‘ഡയലെക്റ്റിക്സിനു്’ പുതിയ മാനങ്ങൾ കൊടുത്തു് സോക്രട്ടീസിനു മുമ്പെന്നപോലെ വീണ്ടും തത്ത്വചിന്തയെ വസ്തുനിഷ്ഠമാക്കിയതു്, ഒരു ഭാരതീയ ഗുരുവിനെപ്പോലെ ‘കൈവല്യത്തെ’പ്പറ്റി പറയുന്ന പ്ലോട്ടിനസ്, അദ്ദേഹത്തിന്റെ ഗുരുവും ‘ചാക്കും ചുമക്കുന്നവനെ’ന്നു പേരുള്ളവനുമായ ‘അമ്മൊണിയസ് സാക്കസ്’ തുടങ്ങിയ സമസ്യകൾക്കെല്ലാം പരിഹാരമായി പല പുതു (പഴ)വഴികളും നമുക്കു തെളിഞ്ഞു കിട്ടുന്നതാണു്.
മുള്‍നിറഞ്ഞതും ദുർഗമവുമായ ബൈബിളിന്റെ ഭൂമിശാസ്ത്രത്തിലേക്കും ചരിത്രത്തിലേക്കും കടന്നു ചെല്ലാനായാൽ, ഒട്ടകങ്ങളുടെ കാരവൻ പാതയിലൂടെയും, കടൽക്കാറ്റുകളുടെ വഴികളിലൂടെയും വന്നു സമ്മേളിച്ചിരുന്ന ‘വചന’ത്തെ അനുസന്ധാനം ചെയ്യാൻ സഹായകമാകും.
എന്നാൽ, നടക്കുന്ന ചരിത്രപഠനങ്ങളിലധികവും ദേശീയവും ഭാഷാപരവും ഒക്കെയായ പരിധികൾക്കുള്ളിൽപ്പെട്ടു് ‘താൻ പിടിച്ച മുയലിന്റെ കൊമ്പു’കളെപ്പറ്റി മാത്രമായിപ്പോകുന്നു. ചക്രവർത്തിമാരോടും രാജവംശങ്ങളോടും ബന്ധപ്പെടുത്തിയുള്ള ചരിത്രത്തിൽത്തന്നെ, അതിനെയൊക്കെ അതിലംഘിച്ചു്, പലതിനെയും ഒന്നാക്കി ഉരുക്കിച്ചേർത്തുണ്ടാക്കിയ ‘സംസ്കൃതികള്‍’ മനുഷ്യർക്കുണ്ടായിരുന്നു. വിശേഷിച്ചും ജ്ഞാനത്തിന്റെ, വചനത്തിന്റെ, ‘ഇതിഹാസ’ത്തിൽ. പരസ്പരം പൊരുതുന്ന നാടുവാഴികളുടെ അതിരുകൾക്കു് അതീതമായി ലോകം എന്നും ഒന്നുതന്നെ ആയിരുന്നു. ഇതു് തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്താൽ തത്ത്വചിന്തയുടെ, ദൈവശാസ്ത്രങ്ങളുടെ, ചരിത്രത്തിന്റെ, ഊരാക്കുടുക്കുകളിൽനിന്നും മനുഷ്യമനസ്സിനു് മോചനം ലഭിക്കും. അതോടൊപ്പം വചനത്തിന്റെ, അറിവിന്റെ, വിശ്വവ്യാപകത നമുക്കു് ബോദ്ധ്യമാവുകയും ചെയ്യും.
ബൈബിളിലെതന്നെ പല നിഗൂഢതകളിലേക്കു കടന്നുചെല്ലാനും ഇത്തരമൊരുൾക്കാഴ്ച, ഊഹാപോഹവിചക്ഷണത, നമുക്കു് വെളിച്ചം തരും. പഴയനിയമത്തിൽ വരുന്ന യാക്കോബിന്റെ സ്വപ്നം—യാക്കോബു തലയിണയാക്കി ഉപയോഗിച്ച കല്ലുനാട്ടിയിട്ടു് എണ്ണകൊണ്ടു് അഭിഷേകം ചെയ്യുന്നതു്, വിഗ്രഹാരാധനകളെപ്പറ്റി പ്രവാചകന്മാരിൽനിന്നു ഭിന്നമായ അഭിപ്രായമുള്ള മാലാഖമാര്‍, സ്വർണ്ണക്കാളക്കൂറ്റൻ, കൊടിയടയാളമായ പാമ്പു് തുടങ്ങിയവയും, പുതിയനിയമത്തിലെ കിഴക്കുനിന്നു വരുന്ന വിദ്വാന്മാര്‍, സദാ യഹൂദരെ പേടിക്കുന്ന മാർത്തമാരും മേരിമാരും, നിക്കോദേമസിനു് സുലഭമായിരുന്ന മീറയും കുന്തിരിക്കവുമൊക്കെ ഈ പ്രഹേളികാവലിയിൽ ഉൾപ്പെടുന്നതാണു്. ‘എഴുന്നേറ്റു് നിന്റെ കിടക്ക എടുത്തു നടക്കുക’ എന്നു് യേശു മുടന്തനെ സുഖപ്പെടുത്തിപ്പറയുന്നതു് നല്ലൊരുദാഹരണമാണു്. തണുപ്പേറിയ പടിഞ്ഞാറൻ നാടുകളിലെക്കാൾ, ഒറ്റപ്പായിൽ കിടക്കുക ശീലമായ നമുക്കു് ഇതു മനസ്സിലാക്കുവാൻ കൂടുതൽ എളുപ്പമാണു്. ഇപ്പോൾ നിലവിലിരിക്കുന്ന വാദഗതികൾക്കോ അഭ്യൂഹങ്ങൾക്കോ എതിരായിട്ടല്ല, മറിച്ചു് കൂടുതൽ വെളിച്ചം വീശാനുള്ള വഴികളാരായുന്നതിന്റെ ഭാഗമായി വേണം മുമ്പറഞ്ഞ സൂചനകളെ കണക്കാക്കുവാനെന്നും ഇവിടെ വ്യക്തമാക്കേണ്ടതുണ്ടു്.
യേശുക്രിസ്തുവിന്റെ ശിഷ്യരിൽ പല സവിശേഷതകളുള്ളവനാണു് തോമാശ്ലീഹ. ഉയിർത്തെഴുന്നേറ്റ ക്രിസ്തു ശിഷ്യർക്കു വെളിപ്പെട്ടപ്പോൾ ആണിപ്പഴുതുകളിൽ വിരലിട്ടേ വിശ്വസിക്കൂ എന്നു ശഠിച്ചതു് തോമസ് മാത്രമാണു്. ‘കാണാതെ വിശ്വസിക്കുന്നവരാണു് ഭാഗ്യവാന്മാര്‍’ എന്നു് യേശു തോമസിനോടു പറഞ്ഞു. ഇതുകൊണ്ടു് തോമസ് മറ്റു ശിഷ്യന്മാരെക്കാൾ കുറഞ്ഞവനാണെന്ന ഒരു ധാരണ (കേരളീയരല്ലാത്ത) ക്രിസ്ത്യാനികളുടെയിടയിൽ നിലവിലുണ്ടു്. കണ്ടവനു് അറിയാം, വിശ്വസിക്കേണ്ടതില്ലല്ലോ. വിശ്വാസത്തിനു് അനുഭവത്തിന്റെ സുനിശ്ചിതത്വംകൂടി വേണമെന്നു നിർബ്ബന്ധിക്കുന്നതു് കുറവാണോ? ‘യേശുവിന്റെ ഇരട്ടസഹോദരൻ’ എന്നു തോമസ് അറിയപ്പെടുന്നുവെന്നതും ശ്രദ്ധേയമാണു്. പാരസ്പര്യത്തികവാർന്ന ഒരു ഗുരുശിഷ്യബന്ധത്തിന്റെ സൂചനയായി വേണം തോമസിന്റെ ഈ സുവിശേഷത്തെ മനസ്സിലാക്കാൻ.
തോമസിന്റെ സുവിശേഷത്തിലെ പ്രധാന ആശയങ്ങളെല്ലാം ഗുരുശിഷ്യപാരസ്പര്യത്തിലൂടെ അറിവുപകരുന്ന ഒരു ജ്ഞാനസരണിയില്പെടുന്നതായിത്തന്നെയാണു് കാണേണ്ടതു്. മറ്റെല്ലാ ജനതകളിലും എന്നതുപോലെ യഹൂദരുടെയിടയിലും ഈ പാരമ്പര്യം നിലനിന്നിരുന്നു എന്നതിൽ അതിശയിക്കാനൊന്നുമില്ല. അന്ത്യന്യായവിധി കല്പനയിലധിഷ്ഠിതമായ യഹൂദമതത്തിന്റെ സാങ്കേതികസംജ്ഞകളെ ജ്ഞാന പ്രതിപാദനത്തിനായി തോമസ് ഉപയോഗിക്കുന്നു. ദൈവരാജ്യവും ജ്ഞാനവും തോമസിനു വെവ്വേറെയല്ല.
‘സ്വർഗ്ഗസ്ഥനായ പിതാവിനെപ്പോലെ പരിപൂർണ്ണരാകുവാൻ’ നമ്മെ സ്വജീവിതത്തിലൂടെ പഠിപ്പിക്കുന്ന ക്രിസ്തു ഒരേസമയം മനുഷ്യപുത്രനും ദൈവപുത്രനുമാണു്. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വഴിയാണു് അദ്ദേഹം നമുക്കു് കാണിച്ചു തരുന്നതു്. ‘ഞാൻ’ തന്നെയാണു് വഴിയും സത്യവും ജീവനും.
എന്നെന്നും എങ്ങെങ്ങും നിലനിൽക്കുന്നതാണു് സത്യം. ആ നിത്യസത്യത്തെ ഗുരുക്കന്മാർ കാലദേശങ്ങളുടെ ആവശ്യങ്ങൾക്കു് ഉതകുംവിധം പുനഃപ്രവചനംചെയ്തു് സമൂഹത്തിനു് ഉപദേശിക്കുന്നു; ജീവിച്ചു കാണിച്ചു കൊടുക്കുന്നു. “…എന്നു് നിങ്ങൾ കേട്ടിട്ടുണ്ടു്… ഞാനോ, സത്യമായും നിങ്ങളോടു് പറയുന്നു…” എന്നു പറയുന്ന യേശുവിന്റെ വചനങ്ങൾ ഈ പുനഃപ്രവചനത്തിനു് നല്ല ഉദാഹരണങ്ങളാണു്. കാലദേശ പരിമിതികളെ ഉല്ലംഘിക്കുന്ന ഒരു നിത്യജീവിതസ്രോതസ്സിൽ നിന്നാണു് ഗുരുക്കന്മാരെല്ലാവരും ശുദ്ധജ്ഞാനത്തിന്റെ തെളിനീരു് നമുക്കു് പകർന്നു തരുന്നതു്. പക്ഷേ, പകർന്നു തരുവാനുപയോഗിക്കുന്ന പാത്രങ്ങളുടെ സവിശേഷതകൾ വർണ്ണിക്കുന്നതിൽ കുടുങ്ങി ശുദ്ധജലത്തിന്റെ കുളിർമ്മ ആസ്വദിക്കാൻ കഴിയാതെ പോകുന്നുവെന്നതു് യേശുവിന്റെ കാലത്തെന്നതുപോലെ ഇന്നും സത്യമായിത്തന്നെയിരിക്കുന്നു.
യഹൂദ-ക്രൈസ്തവ-ഇസ്ലാം മതങ്ങൾക്കു് ഒരുപോലെ സ്വീകാര്യമായ ബൈബിളിന്റെ ഉല്പത്തിപുസ്തകത്തിൽ, സൃഷ്ടി പരിപൂർണ്ണമാകുന്നതു് ദൈവം തന്റെതന്നെ പ്രതിരൂപത്തിൽ മനുഷ്യനെ നിർമ്മിച്ചു് അവനിലേക്കു് തന്റെ ജീവശ്വാസം പകർന്നപ്പോഴാണു്. നന്മതിന്മകളുടെ അറിവുണ്ടാക്കുന്ന വിലക്കപ്പെട്ട കനി തിന്നു് ദ്വൈതബുദ്ധിയുണ്ടായി, ശരീരത്തിന്റെ സഹജാവസ്ഥയെക്കുറിച്ചു് ലജ്ജിതരായി, ഇലകൾ പറിച്ചു് നാണം മറയ്ക്കുന്നതു മുതൽ ദൈവസാന്നിദ്ധ്യം നമുക്കു് നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട ആ സഹജാവസ്ഥയെ വീണ്ടെടുക്കാൻ ലോകമെങ്ങും എക്കാലത്തും നടന്നിട്ടുള്ള ശ്രമങ്ങൾത്തന്നെയാണു് ചരിത്രപാതയിൽ വിളക്കുകളായി ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നതു്.
നന്മതിന്മകളെ തിരിച്ചറിയാൻ തുടങ്ങിയ മനുഷ്യൻ ഇനി ജീവന്റെ വൃക്ഷത്തിന്റെ കനിയും പറിച്ചുതിന്നു് നിത്യജീവനുള്ളവനായി തങ്ങളിൽ ഒരുവനെപ്പോലെ ആയിത്തീരുമോയെന്നൊരു ആത്മഗതവും ദൈവം നടത്തുന്നുണ്ടു്. “യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിയാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടി പറിച്ചുതിന്നു് എന്നേയ്ക്കും ജീവിപ്പാൻ സംഗതി വരരുതു് എന്നു കല്പിച്ചു” (ഉല്പത്തി 3:22). ഈ കനിയാകട്ടെ അതുവരെ വിലക്കപ്പെട്ടിരുന്നുമില്ല. നന്മതിന്മകളെക്കുറിച്ചുള്ള അറിവു് മനുഷ്യനെ ദൈവതുല്യൻ എന്ന അവസ്ഥയിൽനിന്നും വ്യതിചലിപ്പിച്ചു് ദേഹാഭിമാനിയാക്കിത്തീർത്തു. ജനനമരണങ്ങളുടെ ദേഹമാണു് താനെന്നു് വിചാരിക്കുന്നവനു് ദേഹത്തിന്റെ മരണം തന്റെതന്നെ മരണമാണല്ലോ. നിത്യജീവിതത്തിന്റെ സന്ദര്‍ഭത്തിൽ മാത്രമേ നമുക്കു് ആദ്ധ്യാത്മികതയെപ്പറ്റി, പൂർണ്ണതയെപ്പറ്റി, ചിന്തിക്കാനാവുകയുള്ളൂ. പതിനെട്ടാം വചനത്തിൽ, തങ്ങളുടെ അന്ത്യത്തെപ്പറ്റി ചോദിക്കുന്ന ശിഷ്യരോടു്, യേശു ഇങ്ങനെ പറഞ്ഞു: “അപ്പോൾ നിങ്ങൾ, നിങ്ങളുടെ ആദി കണ്ടുപിടിച്ചുകഴിഞ്ഞതു കൊണ്ടാണോ അന്ത്യം അന്വേഷിക്കുന്നതു്? എന്തുകൊണ്ടെന്നാൽ ആദി എവിടെയാണോ അന്ത്യവും അവിടെയായിരിക്കും. ആദിയിൽ തന്റെ നിലയുറപ്പിക്കുന്നവൻ അനുഗ്രഹീതനാകുന്നു; അവൻ അന്ത്യത്തെ അറിയും. അവൻ മരണമനുഭവിക്കുകയില്ല”.
ആദി എന്നുപറയുന്നതു് പറുദീസാ നഷ്ടപ്പെടുംമുമ്പുള്ള മനുഷ്യന്റെ സഹജാവസ്ഥയാണു്. മരണമില്ലായ്മ അനുഭവിക്കണമെങ്കിൽ അവിടെത്തന്നെ നിലകൊള്ളണം. ‘മൃത്യോര്‍മാ അമൃതംഗമയ’ എന്ന പ്രാർത്ഥനതന്നെയാണു് ഏതുഭാഷയിലായാലും പ്രാർത്ഥനകൾക്കെല്ലാം ആധാരമായിരിക്കുന്നതു്. തോമസിന്റെ സുവിശേഷം തുടങ്ങുമ്പോൾത്തന്നെ ‘ജീവിക്കുന്നവനായ യേശു പറഞ്ഞതും തോമസ് എഴുതിയെടുത്തതുമായ രഹസ്യവചനങ്ങളാണിവ’യെന്നു് പറയുന്നു. അടുത്തതായി പറയുന്നതു് ‘ഈ വചനങ്ങളുടെ ഗൂഢാർത്ഥം കണ്ടുപിടിക്കുന്നവൻ മരിക്കുകയില്ല’ എന്നാണു്. മോക്ഷോപായം ഉപദേശിക്കുന്ന ഒരു ഉപനിഷത്തായിത്തന്നെയാണു് യേശുവിന്റെ ഈ വചനങ്ങളെ മനനം ചെയ്യേണ്ടതെന്നു് തോമാശ്ലീഹ കാരുണ്യപൂർവം നമ്മെ തെര്യപ്പെടുത്തുകയാണു്. മറ്റു സുവിശേഷങ്ങളിൽ കണ്ടുവരുന്ന യേശുവിന്റെ അത്ഭുത സിദ്ധികളൊന്നും ഈ സുവിശേഷത്തിൽ പരാമർശിക്കപ്പെടുന്നില്ലായെന്നതും തോമസിന്റെ ജ്ഞാനാഭിമുഖ്യത്തെ വെളിപ്പെടുത്തുന്നു.
രണ്ടാം വചനത്തിൽത്തന്നെ അന്വേഷണവും കണ്ടെത്തലും വരുന്നു. ഈ സുവിശേഷത്തിലുടനീളം അന്വേഷണവും കണ്ടെത്തലും പരാമർശിക്കപ്പെടുന്നുണ്ടു്. കാണാതെപോയ ആടിനുവേണ്ടിയുള്ള അന്വേഷണം (വചനം 107), മുത്തു കണ്ടെത്തിയ വ്യാപാരിയുടെ അന്വേഷണം (വചനം 76), ലോകത്തെ അറിയുക വഴി ശരീരം കണ്ടെത്തുന്നതിലും ദൈവരാജ്യം കണ്ടെത്തുന്നതിലും (വചനം 80) ചെന്നെത്തുന്നു. സുവിശേഷത്തെ മൊത്തം കോർത്തിണക്കുന്ന പൊന്‍നൂൽ ഈ അന്വേഷണം തന്നെയാണെന്നു് പറയാം. പഴയനിയമകാലം മുതൽ ഈ അന്വേഷണത്വര നിലനിന്നുപോന്നതായും കാണാം. ഉദാഹരണങ്ങള്‍: സദൃശ്യവാക്യങ്ങൾ (proverbs) (1:28) “അപ്പോൾ അവരെന്നെ വിളിക്കും, ഞാൻ ഉത്തരം പറയുകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.” (8:17) “എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും”. ഗുരുശിഷ്യ പാരസ്പര്യത്തിലൂടെയുള്ള അറിവുപകരലിന്റെ ഉത്തമോദാഹരണമാണു് തോമസിന്റെ സുവിശേഷം.
“കണ്ടെത്തുന്നവൻ അസ്വസ്ഥനാകുകയും ആശ്ചര്യപ്പെടുകയും ചെയ്യു”ന്നുവെന്നതാണു് ഈ അന്വേഷണത്തിന്റെ ഒരു സവിശേഷത. മിന്നല്പിണർ കാണുമ്പോൾ നമ്മെ “ആഹ്!” എന്നു് പറയിപ്പിക്കുന്നതെന്തോ അതാണു് ബ്രഹ്മമെന്നു് ഉപനിഷത്തും പറയുന്നു.
മൂന്നാമത്തെ വചനത്തിൽത്തന്നെ ദൈവരാജ്യം ഉയരങ്ങളിലോ ആഴങ്ങളിലോ അല്ലെന്നും അതു് നിങ്ങൾക്കുള്ളിൽത്തന്നെയാണെന്നും തോമസ് വ്യക്തമാക്കുന്നു. ഇതും പഴയനിയമത്തിൽ കാണാവുന്ന ഒരു ജ്ഞാനസരണിയുടെ തുടര്‍ച്ചതന്നെയാണു്. ഉദാ: ആവർത്തന പുസ്തകം (Deuteronomy) (30:11–15) “ഞാനിന്നു് നിന്നോടു് ആജ്ഞാപിക്കുന്ന ഈ കല്പന നിനക്കു് പ്രയാസമുള്ളതല്ല, ദൂരമായുള്ളതുമല്ല. ഞങ്ങൾ കേട്ടു് അനുസരിക്കേണ്ടതിനു് ആരു് സ്വർഗ്ഗത്തിൽ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു് സ്വർഗ്ഗത്തിലല്ല; ഞങ്ങൾ കേട്ടു് അനുസരിക്കേണ്ടതിനു് ആരു് സമുദ്രം കടന്നു കൊണ്ടുവന്നുതരും എന്നു പറയത്തക്കവണ്ണം അതു് സമുദ്രത്തിന്നക്കരെയുമല്ല; നീ അനുസരിപ്പാൻ തക്കവണ്ണം, വചനം നിനക്കു് ഏറ്റവും സമീപത്തു്, നിന്റെ വായിലും നിന്റെ ഹൃദയത്തിലുംതന്നെ ഇരിക്കുന്നു.”
കൊരിന്ത്യർ (1:24)-ൽ അപ്പോസ്തലനായ പൗലോസ്. ക്രിസ്തു ദൈവശക്തിയും ദൈവജ്ഞാനവുമാണെന്നു് പറയുന്നു. യോഹന്നാന്റെ സുവിശേഷത്തിലും വി.പൗലോസ് കൊളോസ്യർക്കെഴുതിയ ലേഖനത്തിലും ക്രിസ്തുവും ജ്ഞാനവും ഒന്നുതന്നെയാണെന്ന പ്രസ്താവങ്ങളുണ്ടു്. ദൈവരാജ്യവും ജ്ഞാനവും ഒന്നുതന്നെയാണെന്നതും തോമസിന്റെ സുവിശേഷത്തിന്റെ ഒരു പ്രത്യേകതയാണു്. ദൈവരാജ്യം എന്നു പറഞ്ഞാൽ ഭൂമിയിൽ ദൈവത്തിന്റെ ഭരണം നടപ്പാക്കുന്നതും, അന്ത്യന്യായവിധിയും, തെരഞ്ഞെടുക്കപ്പെട്ടവരുടെ രക്ഷയും, പറുദീസയുടെ വീണ്ടെടുപ്പുമെല്ലാം അതിലുൾപ്പെടും. ഇനി വരേണ്ടിയിരിക്കുന്ന ഒന്നല്ല, ഇപ്പോഴേ വന്നു കഴിഞ്ഞിട്ടുള്ള ഒന്നാണതു്; നാമതു് തിരിച്ചറിയുന്നില്ലെന്നു മാത്രം (വചനം: 51).
സ്വയം അറിയുക വഴിയാണു് ഒരുവൻ ദൈവരാജ്യത്തിനു് അവകാശിയാവുന്നതു്. ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണു് താനെന്നു് അറിയുന്നതാണു് ജ്ഞാനം, അറിയാതിരിക്കുന്നതുതന്നെയാണു് ദാരിദ്ര്യം, അജ്ഞാനം. സുവിശേഷത്തിന്റെ അവസാനം (വചനം: 113) ശിഷ്യർ യേശുവിനോടു് (ദൈവ) രാജ്യം എന്നുവരും എന്നു ചോദിക്കുന്നതിനു് യേശു പറയുന്ന മറുപടി വളരെ ശ്രദ്ധേയമാണു്. “അതിനു വേണ്ടി കാത്തിരിക്കുന്നതുകൊണ്ടു് അതു വരികയില്ല. ‘അതു് ഇവിടെയാണു്’ എന്നോ ‘അതാ, അതു് അവിടെയാണു്’ എന്നോ പറയാവുന്ന കാര്യമല്ല അതു്. എങ്കിലോ, പിതാവിന്റെ രാജ്യം ഭൂമിയിൽ വ്യാപിച്ചിരിക്കുന്നു. മനുഷ്യർ അതു് കാണുന്നില്ല”. ഭാവിയിലേക്കു്, മരണാനന്തര ജീവിതത്തിലേയ്ക്കു്, ആകാംക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടുള്ളൊരു ചോദ്യമാണിതു്. (ദൈവ) രാജ്യത്തെ കാത്തിരിക്കുന്നതുകൊണ്ടു്, വരുമെന്നറിയാവുന്നതുകൊണ്ടു്, അതെന്നുവരും എന്ന ചോദ്യം അതു് കണ്ടെത്തുന്നതിനെക്കാൾ പ്രധാനമായിത്തീരുന്നു. യേശുവിന്റെ ഉത്തരമാകട്ടെ ഇപ്പോൾ ഇവിടെയുള്ള ഒരു രാജ്യത്തെത്തന്നെയാണു് ചൂണ്ടിക്കാണിച്ചുതരുന്നതു്. കണ്ടെത്തലിനു വേണ്ടിയേ കാത്തിരിക്കേണ്ടതായുള്ളൂ.
സദൃശ്യവാക്യങ്ങൾ (25:2)-ൽ “കാര്യം മറച്ചു വെയ്ക്കുന്നതു് ദൈവത്തിന്റെ മഹത്വം; കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം” എന്നുപറയുന്നതിന്റെ തുടര്‍ച്ചതന്നെയാണു് കണ്ടെത്തുന്നവൻ അസ്വസ്ഥനായി ആശ്ചര്യപ്പെട്ടതിനു ശേഷം ‘എല്ലാറ്റിനെയും അടക്കിഭരിക്കു’മെന്നു് തോമസ് പറയുന്നതു്. രാജാവു്, ഭരണാധിപൻ എന്നതിനൊക്കെ ജ്ഞാനി എന്നുതന്നെ അർത്ഥം. സദൃശ്യവാക്യങ്ങൾ (2:36) “നീ ബോധത്തിനായ് വിളിച്ചു് വിവേകത്തിനായി ശബ്ദമുയർത്തുന്നുവെങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു് നിക്ഷേപങ്ങളെപ്പോലെ തിരയുന്നുവെങ്കിൽ, നീ യഹോവാഭക്തി ഗ്രഹിക്കുകയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും”.
തന്നെത്താൻ അറിയുക എന്നതു് അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും തുടക്കം മാത്രമാണു്. ഉള്ളിൽ കണ്ടെത്തുന്ന (ദൈവ) രാജ്യത്തെ പുറത്തും നിറയുന്നതായി കാണേണ്ടതുണ്ടു്. തന്റെയുള്ളിൽ സുപ്തമായിരിക്കുന്ന സാധ്യതകളെ അവഗണിച്ചു് പുറത്തു് അന്വേഷിക്കുന്നതുകൊണ്ടും അതു കണ്ടുകിട്ടുകയില്ല.
“അകവും പുറവും തിങ്ങും മഹിമാവു്” (ദൈവദശകം—നാരായണഗുരു) തന്നെയാണു് ‘ഭൂമിയിൽ പിതാവിന്റെ രാജ്യമായി വ്യാപിച്ചിരിക്കുന്നതു്’. ഉപനിഷത്തിന്റെ ഭാഷയിലാണെങ്കിൽ ‘ഈശ്വരൻ ജഗത്തിലെല്ലാം ആവസിക്കുന്നതുകൊണ്ടു് നീ ചരിക്ക മുക്തനായി’. തന്റെ എന്നതുപോലെ എല്ലാറ്റിന്റെയും ഉള്ളിൽ അതിനെ കണ്ടെത്തുന്നതാണു് അറിവു്. ‘തന്നിൽനിന്നന്യമല്ലാതെയെന്നു കാണുന്നു സർവവും അന്നേതുമോഹം അന്നേതുശോകം ഏകത്വദൃക്കിനു്?’ (ഈശാവാസ്യോപനിഷദ് ഭാഷ—നാരായണഗുരു). അകത്തും പുറത്തും ഒരുപോലെ ദൈവസാന്നിദ്ധ്യം അനുഭവിക്കുന്നതാണു് ഏകത്വദൃഷ്ടി. അദ്വൈതസിദ്ധി എന്നു പറയുന്നതും ഇതുതന്നെ.
“എന്നു് നിങ്ങൾ സ്വയം അറിയുന്നുവോ അന്നു് നിങ്ങൾ അറിയപ്പെടുന്നവരും ആയിത്തീരും.” നിങ്ങൾ ദൈവത്തെ അറിയുമ്പോൾ ദൈവം നിങ്ങളെയും അറിയുന്നു. ഇങ്ങനെയൊരു പാരസ്പര്യം തോമസിന്റെ സുവിശേഷത്തിൽ മുഴുവനും കാണാം. മറഞ്ഞിരിക്കുന്നതു്—വെളിപ്പെടുന്നതു്, വെളിച്ചം—ഇരുട്ടു്, ജ്ഞാനം—ദാരിദ്ര്യം തുടങ്ങിയ ദ്വന്ദ്വങ്ങൾക്കുപരിയായ അവസ്ഥയിൽ എത്തുന്നവനാണു് ദൈവപുത്രൻ. ഈ ദ്വന്ദ്വങ്ങളുടെ പരസ്പരപൂരണത്തിലൂടെയും നിരാകരണത്തിലൂടെയും സമീകരണത്തിലൂടെയും അവയെ അതിവർത്തിക്കുന്ന ഒരു വിചാരധാര ബൈബിളിൽ പൊതുവായിത്തന്നെ ഒളിഞ്ഞിരിപ്പുണ്ടു്. ‘ഡയലെക്റ്റിക്കല്‍’ എന്നു് ഗ്രീക്കുകാർ വിളിച്ചുപോന്ന യോഗാത്മക ചിന്താരീതി ഈ സുവിശേഷത്തിൽ വളരെ പ്രകടമാണു്. ക്രിസ്തുതന്നെ പഠിപ്പിച്ച കര്‍തൃപ്രാർത്ഥന ഇതിന്റെ നല്ല ഉദാഹരണമാണു്. ‘അതോ’ ‘ഇതോ’ എന്നല്ല, ‘അതും ഇതും’ എന്നു രണ്ടിനെയുംചേർന്നു മനസ്സിലാക്കുന്ന രീതി. അറുപത്തൊന്നാംവചനം ഇതു വ്യക്തമാക്കുന്നു. “ഒരുവൻ അഖണ്ഡമായിരുന്നാൽ അവൻ പ്രകാശം കൊണ്ടു നിറയും. പക്ഷേ, അവൻ വിഭജിക്കപ്പെട്ടാൽ ഇരുട്ടുകൊണ്ടു നിറയും.”
ഇവയെപ്പറ്റി ഒരുമിച്ചു് അർത്ഥവിചാരം ചെയ്യുമ്പോൾ സൂക്ഷ്മദൃക്കുകൾക്കു് തെളിഞ്ഞോ ഒളിഞ്ഞോ വെളിവായിക്കിട്ടുന്ന പ്രയോജനമൂല്യത്തെത്തന്നെയാണു് നാം ഇവിടെ ഉൾക്കാഴ്ച, ഊഹാപോഹവിചക്ഷണത, ഏകത്വദൃഷ്ടി എന്നൊക്കെ പേരിട്ടു മനസ്സിലാക്കുന്നതു്. സാധാരണമായ ഏകപക്ഷീയ താർക്കികതകൾക്കു് അതീതമാണതു്. മറ്റു ജീവികളെക്കാൾ മനുഷ്യനു് എന്തെങ്കിലും മേന്മ അവകാശപ്പെടാനുണ്ടെങ്കിൽ, അതു് ഇത്തരമൊരുൾക്കാഴ്ചയുടേതാണു്. തല്ലാൻ വടിയുമായി വരുന്നവനെയും, തിന്നാനുള്ള പുല്ലുമായിവരുന്നവനെയും തിരിച്ചറിയാൻ പശുക്കൾക്കും സാധിക്കുന്നുണ്ടു്. മനുഷ്യനാകട്ടെ അപ്പം കൊണ്ടുമാത്രം സന്തുഷ്ടരാകുന്നതുമില്ല.
സ്വകാര്യവൽക്കരിക്കപ്പെട്ട, സാപേക്ഷമായ, സത്യം തന്നെയാണു് ജീവിതത്തിനു് ഏറ്റവും അപകടകരമായുള്ളതു്. വിശ്വവ്യാപിയും യോഗാത്മകവുമായ സത്യത്തിനുമാത്രമേ തന്നെയും തന്റെ അയൽക്കാരനെയും ഒരുമിച്ചു് ഉൾക്കൊള്ളാനാവൂ. ഇങ്ങനെയുള്ള സത്യത്തിനു മാത്രമേ നമ്മെ സ്വതന്ത്രരാക്കാനാവുകയുള്ളൂ എന്നതാണു് ഈ അറിവിനെ മനുഷ്യശാന്തിക്കു് ഒഴിച്ചുകൂടാൻ വയ്യാതാക്കിത്തീർക്കുന്നതു്.
“എല്ലാ മതങ്ങളുടേയും ഉദ്ദേശ്യം ഒന്നുതന്നെ. നദികൾ സമുദ്രത്തിൽ ചേർന്നാൽ പിന്നെ തിരക്കുഴിയെന്നും നടുക്കടൽ എന്നുമുണ്ടോ? ജീവാത്മാക്കൾക്കു ഊര്‍ദ്ധ്വമുഖത്വം ഉണ്ടാക്കുവാനുള്ള അധികാരമേ മതങ്ങൾക്കുള്ളൂ. അതു കഴിഞ്ഞാൽ സൂക്ഷ്മം അവർ താനേ അന്വേഷിച്ചു കണ്ടെത്തിക്കൊള്ളും. സൂക്ഷ്മാന്വേഷണത്തെ സഹായിക്കുന്ന മാർഗ്ഗദർശികൾ മാത്രമാണു മതങ്ങൾ. സൂക്ഷ്മം അറിഞ്ഞവനു മതം പ്രമാണമല്ല; മതത്തിനു് അവൻ പ്രമാണമാണു്. ബുദ്ധമതം പഠിച്ചാണോ ബുദ്ധൻ നിർവ്വാണമാർഗ്ഗം ഉപദേശിച്ചതു്? ബുദ്ധൻ നിർവ്വാണമാർഗ്ഗം ആരാഞ്ഞറിഞ്ഞു ആ മാർഗ്ഗം ഉപദേശിച്ചു; അതു പിന്നീടു് ബുദ്ധമതമായി. ബുദ്ധനു ബുദ്ധമതംകൊണ്ടു പ്രയോജനം ഉണ്ടോ? ഇല്ല. ക്രിസ്തുവിനു ക്രിസ്തുമതംകൊണ്ടും പ്രയോജനമില്ല. അതുപോലെ മറ്റു മതങ്ങളെക്കുറിച്ചും പറയാവുന്നതാണു്. എന്നാൽ ബുദ്ധമതംകൊണ്ടു ബുദ്ധമതക്കാർക്കും ക്രിസ്തുമതംകൊണ്ടു ക്രിസ്തുമതക്കാർക്കും പ്രയോജനമുണ്ടു്. അതുപോലെ എല്ലാ മതങ്ങളും അതാതു മതാനുയായികൾക്കു പ്രയോജനമുള്ളവതന്നെ. ഒന്നിനേയും ഇതുമാത്രം ശരിയെന്നു പ്രമാണമാക്കേണ്ട. എല്ലാത്തിനേയും ശരിയേതെന്നുള്ള അന്വേഷണത്തിനു ഉപകരണമാക്കാം.”
“അന്വേഷണബുദ്ധിയും ജ്ഞാനതൃഷ്ണയും ഉള്ളവരെ സംബന്ധിച്ചുമാത്രമേ ഈ ഉപദേശം സാധുവാകയുള്ളൂ. സാമാന്യജനങ്ങൾക്കു് അവർ വിശ്വസിക്കുന്ന മതത്തിനാധാരമായ ഗ്രന്ഥം പ്രമാണമായിത്തന്നെയിരിക്കണം… രാജ്യങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലുമുള്ള ശണ്ഠ ഒന്നുമറ്റൊന്നിനെ തോല്പിക്കുമ്പോൾ അവസാനിക്കും. മതങ്ങൾ തമ്മിൽ പോരുതിയാൽ ഒടുങ്ങാത്തതുകൊണ്ടു് ഒന്നിനുമറ്റൊന്നിനെ തോല്പിക്കാൻ കഴിയില്ല. ഈ മതപ്പോരിനു അവസാനമുണ്ടാകണമെങ്കിൽ സമബുദ്ധിയോടുകൂടി എല്ലാമതങ്ങളും എല്ലാവരും പഠിക്കണം. അപ്പോൾ, പ്രധാനതത്വങ്ങളിൽ അവയ്ക്കു തമ്മിൽ സാരമായ വ്യത്യാസമില്ലെന്നു വെളിപ്പെടുന്നതാണു്. അങ്ങനെ വെളിപ്പെട്ടു് കിട്ടുന്ന മതമാണു് നാം ഉദ്ദേശിക്കുന്ന ‘ഏകമതം’.”
“വൈദികമതം, പൗരാണികമതം, സാംഖ്യമതം, വൈശേഷികമതം, മീമാംസകമതം, ദ്വൈതമതം, അദ്വൈതമതം, വിശിഷ്ടാദ്വൈതമതം, ശൈവമതം, ശാക്തേയമതം, വൈഷ്ണവമതം എന്നിങ്ങനെ പ്രത്യക്ഷത്തിൽ വിഭിന്നങ്ങളായിരിക്കുന്ന അനേകമതങ്ങൾക്കു് എല്ലാറ്റിനുംകൂടി ഹിന്ദുമതം എന്ന പൊതുപേരു പറയുന്നതു യുക്തിഹീനമല്ലെങ്കിൽ മനുഷ്യജാതിക്കെല്ലാറ്റിനും മോക്ഷപ്രാപ്തിക്കു് ഉപയുക്തങ്ങളായി ദേശകാലാവസ്ഥകളനുസരിച്ചു് ഓരോ ആചാര്യന്മാർ ഈഷദീഷല്‍ഭേദങ്ങളോടുകൂടി ഉപദേശിച്ചിട്ടുള്ള എല്ലാ മതങ്ങൾക്കുംകൂടി ഏകമായ ലക്ഷ്യത്തോടുകൂടിയ ‘ഏകമതം’ എന്നുപറയുന്നതിൽ എന്തിനാണു് യുക്തിഹീനത സംശയിക്കുന്നതു്…?”
“ഇന്നു് ഇന്ത്യയുടെ ആവശ്യം എന്താണു്? ജാതികൾ തമ്മിലും മതങ്ങൾ തമ്മിലുമുള്ള മത്സരത്തിൽനിന്നു മോചനം. സമബുദ്ധിയോടും സമഭക്തിയോടും എല്ലാ മതങ്ങളേയും എല്ലാവരും പഠിച്ചറിവാനും, ലഭിച്ച അറിവിനെ പരസ്പരം സ്നേഹപൂർവ്വം വിനിമയം ചെയ്യുവാനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല, മദം നിമിത്തമാണെന്നു് അപ്പോൾ മനസ്സിലാവും. മതപരിവർത്തനോത്സാഹവും അപ്പോൾ അസ്തമിക്കും”… നാരായണഗുരുവിന്റേതാണീ വാക്കുകൾ.
മനുഷ്യരെ നിരപേക്ഷസത്യത്തിന്റെ നിറവിലേക്കു നയിക്കുന്ന നിര്‍ദ്ദേശങ്ങൾ തന്നെയാണു് എല്ലാ മതങ്ങളും. അവയിൽ ചിലതു് പരമസത്യത്തെ ദൈവമെന്നു വിളിക്കുന്നു. ചരിത്രത്തിന്റെ ആവശ്യകതകൾ പലപ്പോഴും സത്യത്തിന്റെ ഏതെങ്കിലുമൊരു മുഖത്തെ കേന്ദ്രീകരിക്കാൻ മതങ്ങളെ നിർബ്ബന്ധിക്കുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും മതങ്ങൾക്കു് അവയുടെ അടിസ്ഥാന തത്ത്വങ്ങളിൽ പെടാത്തതോ, നിരക്കാത്തതോ ആയ നിറക്കൂട്ടുകളും സവിശേഷതകളും വന്നുകൂടി അവ മണ്ണടിഞ്ഞ നീരുറവകള്‍പോലെയായിത്തീരുന്നു. വെള്ളമവിടെയുണ്ടു്. എന്നാൽ, ദാഹം തീർക്കാനുതകണമെങ്കിൽ കുറെ പണി വേണ്ടിവരും. ഏറ്റവും വിപ്ലവകരമായ ദർശനത്തോടുകൂടിയുണ്ടാവുന്ന മതങ്ങളും കാലാന്തരത്തിൽ സ്ഥൈതികവും ഇരുളടഞ്ഞതുമായി ഭവിക്കുന്നു. എന്നാൽ, ഇത്തരം ആനുഷംഗികതകൾക്കു് അതീതമായി ആന്തരിക ലക്ഷ്യങ്ങളിലും, പ്രതിനിധാനം ചെയ്യുന്ന പ്രധാനമൂല്യങ്ങളിലും, അന്തഃസത്തയിലും, മതങ്ങളുടെ സാരം ഒന്നുതന്നെ. ഭഗവദ്ഗീതയിൽ ‘എന്റെ’ പാതതന്നെയാണു് എല്ലാവരും എല്ലാവിധത്തിലും പിന്തുടരുന്നതെന്നു പറയുമ്പോഴും, യേശു ‘ഞാൻ വഴിയും സത്യവും ജീവനുമാണു്’, ‘ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു’ എന്നു പറയുമ്പോഴും വരുന്ന ‘ഞാൻ’ ഒരു ചരിത്രപുരുഷനല്ല, പിന്നെയോ സത്യത്തിന്റെ പ്രതിനിധി മാത്രമെന്നു് വെളിവായിക്കിട്ടണം. ഇങ്ങനെ സങ്കുചിതത്വങ്ങളുടെ താദാത്മ്യത്തിൽനിന്നു് മനുഷ്യനെ അടർത്തിയെടുത്തു്, വിശ്വവ്യാപിയായ ഉണ്മയുടെ ഭാഗമാണു് താനെന്നും തനിക്കു് അതിന്റേതായ അവകാശങ്ങൾ മാത്രമല്ല, ഉത്തരവാദിത്തങ്ങളും ഉണ്ടെന്നും എല്ലാ മതങ്ങളും പഠിപ്പിക്കുന്നു.
ഒരു മതം അനുസരിക്കുന്നു എന്നതിനെ ശാസ്ത്രീയമായി മനസ്സിലാക്കുകയാണെങ്കിൽ, പരമസത്യത്തെ പ്രാപിക്കാനായി ആ മതം അനുശാസിക്കുന്ന മാർഗ്ഗത്തെ പിന്തുടരുന്നുവെന്നേ അർത്ഥമുള്ളൂ. ഇത്തരത്തിൽ നോക്കിയാൽ, എല്ലാ മതങ്ങൾക്കും ‘തെരഞ്ഞെടുക്കപ്പെട്ടവര്‍’ക്കു മാത്രം പ്രവേശനമുള്ള ‘സൂചിക്കുഴ’കളുടെ വാതിലുകളും വഴികളുമുണ്ടു്. സാപേക്ഷികതയുടെ പലവിധ തിരക്കുകളിൽ, ചിതറിപ്പോകുന്ന താല്പര്യങ്ങളിൽ കുടുങ്ങിപ്പോയാൽ, നിരപേക്ഷതയുടെ സമ്പൂർണ്ണതയിലെത്താനാവുകയില്ലെന്നു മനസ്സിലാക്കണം.
‘തെരഞ്ഞെടുക്കപ്പെട്ടവര്‍’ എന്ന പരാമര്‍ശം തോമസിന്റെ സുവിശേഷത്തിൽ അവിടവിടെ കാണുന്നതു് ഏതെങ്കിലും പ്രത്യേക ജാതിമതവിഭാഗങ്ങളെ സൂചിപ്പിക്കുന്നതല്ല. മുന്‍പറഞ്ഞ എകത്വദൃക്കുകൾ തന്നെയാണു് തെരഞ്ഞെടുക്കപ്പെട്ടവർ. എല്ലാവരും വെളിച്ചത്തിൽ നിന്നു വരുന്നവരും തെരഞ്ഞെടുക്കപ്പെടാൻ സാധ്യതയുള്ളവരുമാണു്. എങ്കിലും ഇരുളിനെ തെരഞ്ഞെടുക്കുവാനും ദരിദ്രരാകുവാനുമുള്ള സാധ്യതയും ഇരിക്കുന്നു. അന്വേഷിക്കാതെ കണ്ടെത്താൻ മാത്രം ‘തെരഞ്ഞെടുക്കപ്പെട്ടവ’രായി ആരുമില്ല. ഇരുപത്തിരണ്ടാം വചനം പറയുന്നു: “എപ്പോൾ നിങ്ങൾ രണ്ടായതിനെ ഒരുമിപ്പിക്കുന്നുവോ, എപ്പോൾ നിങ്ങൾ അകം പുറംപോലെയും പുറം അകംപോലെയും ആക്കുന്നുവോ അപ്പോൾ നിങ്ങൾ (ദൈവ) രാജ്യത്തിൽ പ്രവേശിക്കുന്നു”.
നിഷ്പക്ഷവും നിരപേക്ഷവുമായ സത്യത്തെ സാക്ഷാത്കരിക്കുവാൻ സമർത്ഥമായ ഉപായം യോഗചിന്ത തന്നെയാണെങ്കിലും, സൂക്ഷ്മമതികൾക്കു മാത്രമേ അതുവേണ്ടവണ്ണം പ്രയോഗിക്കാനാവുകയുള്ളൂ. അതുകൊണ്ടുതന്നെ സാധാരണക്കാർക്കുവേണ്ടി അതിലും എളുപ്പമായ ചിന്താപദ്ധതികളും മതങ്ങൾ ഉപയോഗപ്പെടുത്തി വരുന്നു. ഇങ്ങനെയുള്ള ‘ഒത്തുതീർപ്പു’കളിൽ ഐതിഹ്യം, കഥകൾ, ഉപമാനം, അനുമാനം ഇവയൊക്കെപ്പെടും. ജീവിതത്തിനു് പ്രത്യാശയും ലക്ഷ്യബോധവും ഉണ്ടാകണമെങ്കിൽ നിത്യതയുള്ള ഒരു മൂല്യത്തെ മുന്‍നിർത്തിയേ മതിയാവൂ എന്നതാണു് ഇതിനൊക്കെ ആധാരം.
മാനവരാശിയുടെ ഏകതയും വിശ്വസാഹോദര്യവും ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത മുമ്പെന്നത്തെക്കാളുമധികം നമുക്കു ബോധ്യപ്പെട്ടിരിക്കുകയാണിന്നു്. ‘പല്ലിനു പകരം പല്ലും കണ്ണിനു പകരം കണ്ണും’ എന്ന ഭീകരാവസ്ഥയിലേക്കു് നാം വീണ്ടും വീണുപോകാതിരിക്കണമെങ്കിൽ, അറിവിന്റെ എല്ലാ ശാഖകളുടെയും ശാസ്ത്രത്തിന്റെയും മതത്തിന്റെയും തത്ത്വചിന്തയുടെയുമെല്ലാം സമന്വയം അത്യാവശ്യമായിരിക്കുന്നു. സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പോക്കറ്റുകളിൽനിന്നു് സത്യദർശനത്തിനു മോചനമുണ്ടാകണം.
ഇരുളിൽനിന്നു് വെളിച്ചത്തിലേക്കുള്ള ഉണർവ്വിന്റെ സുവിശേഷമാണിതു്. ഉണരുംമുമ്പു് മനുഷ്യൻ ദാരിദ്ര്യത്തിൽ, ഇരുളിൽ വസിക്കുന്നു. ഉണർന്നവനു് (ദൈവ) രാജ്യത്തെ തിരിച്ചറിയാം, വെളിച്ചത്തെ സാക്ഷാത്കരിക്കാം, സ്വയം അറിയാം. കണ്ടെത്തുക, അറിയുക, വിളങ്ങുക, കാണുക, ചെയ്യുക—ഇവയെല്ലാം തോമസിനു് ഈ മാനസാന്തരപ്രക്രിയ തന്നെയാണു്.
ഏതെങ്കിലും ഒരു പ്രത്യേക തത്ത്വചിന്താപദ്ധതിയുടെയോ ദൈവശാസ്ത്രകക്ഷിയുടെയോ വശത്തുനിന്നല്ല ഈ സുവിശേഷത്തെ മനനം ചെയ്യേണ്ടതു്. പിന്നെയോ, വാക്കുകൾക്കു് അപ്രാപ്യമായ മൗനനിലകളിലേയ്ക്ക് കയറിച്ചെല്ലാനുള്ള ഒരു തുറന്ന വാതിലായി വേണം ഇതിനെ ധ്യാനിക്കാൻ എന്നൊരു പ്രാർത്ഥനയോടെ ഇതു് സജ്ജനസമക്ഷം അവതരിപ്പിക്കുന്നു.
ജീവിക്കുന്ന യേശു പറഞ്ഞതും ദിദിമോസ് യൂദാസ് തോമസ് എഴുതിയെടുത്തതുമായ രഹസ്യവചനങ്ങളാണു് ഇവ:
അവൻ വീണ്ടും, “ഈ വചനങ്ങളുടെ ഗൂഢാർത്ഥം കണ്ടുപിടിക്കുന്നവൻ മരിക്കുകയില്ല” എന്നുപറഞ്ഞു.
യേശു പറഞ്ഞു: “അന്വേഷിക്കുന്നവൻ കണ്ടെത്തുന്നതുവരെ അന്വേഷിക്കട്ടെ. കണ്ടെത്തുമ്പോൾ അവൻ അസ്വസ്ഥനാകും.
അസ്വസ്ഥനാകുമ്പോൾ അവൻ ആശ്ചര്യപ്പെടുകയും എല്ലാറ്റിനേയും അവൻ അടക്കി ഭരിക്കുകയും ചെയ്യും”.
യേശു പറഞ്ഞു: “നിങ്ങളെ നയിക്കുന്നവർ നിങ്ങളോടു്, ‘നോക്കൂ, ദൈവരാജ്യം ആകാശത്തിലാണു്’ എന്നു പറയുന്നുവെങ്കിൽ, ആകാശത്തിലെ പക്ഷികൾ നിങ്ങളെ മുന്‍ഗമിക്കും. അവർ നിങ്ങളോടു് ‘അതു് സമുദ്രത്തിലാണു്’ എന്നു പറയുന്നുവെങ്കിൽ മത്സ്യങ്ങൾ നിങ്ങളെ മുന്‍ഗമിക്കും. എങ്കിലോ ദൈവരാജ്യം നിങ്ങളുടെ ഉള്ളിലാണു്, അതു് നിങ്ങൾക്കു പുറത്തുമാണു്. നിങ്ങൾ എപ്പോൾ നിങ്ങളെത്തന്നെ അറിയുന്നുവോ, അന്നു നിങ്ങൾ അറിയപ്പെടുന്നവരാവുകയും ജീവിക്കുന്ന പിതാവിന്റെ പുത്രന്മാർ നിങ്ങൾ തന്നെയാണെന്നു് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യും. പക്ഷേ, നിങ്ങൾ സ്വയം അറിയുന്നില്ലെങ്കിലോ, നിങ്ങൾ ദാരിദ്ര്യത്തിൽ വസിക്കുന്നു. നിങ്ങൾ തന്നെയാണു് ആ ദാരിദ്ര്യം.”
യേശു പറഞ്ഞു: “വയസ്സിൽ വൃദ്ധനായ ഒരുവൻ ഏഴുദിവസം പ്രായമുള്ള ഒരു കുഞ്ഞിനോടു് ജീവിതത്തെപ്പറ്റി അന്വേഷിക്കുവാൻ മടിക്കാത്തതിനാൽ അവൻ ജീവിക്കും. എന്തുകൊണ്ടെന്നാൽ മുമ്പരായ പലരും പിമ്പരാവുകയും അവർ ഒന്നുതന്നെയായിത്തീരുകയും ചെയ്യും.”
യേശു പറഞ്ഞു: “നിങ്ങളുടെ കണ്മുമ്പിലുള്ളതിനെ അംഗീകരിക്കുക. നിങ്ങളിൽനിന്നും മറഞ്ഞിരിക്കുന്നതും അപ്പോൾ നിങ്ങൾക്കു് വെളിവാകും. എന്തെന്നാൽ, മറഞ്ഞിരിക്കുന്നതായ യാതൊന്നും വെളിപ്പെടുകയില്ലാത്തതായി ഇല്ല.”
ശിഷ്യന്മാർ അവനോടു്: ‘ഞങ്ങൾ നിരാഹാരം അനുഷ്ഠിക്കണമെന്നു നീ പറയുന്നുവോ? ഞങ്ങൾ എങ്ങനെയാണു് പ്രാർത്ഥിക്കേണ്ടതു്?
ഞങ്ങൾ ദാനം ചെയ്യട്ടെയോ? എന്തു് ആഹാരനിയമങ്ങളാണു് ഞങ്ങൾ അനുഷ്ഠിക്കേണ്ടതു്?’ എന്നുചോദിച്ചു.
യേശു അവരോടു്, “കള്ളം പറയരുതു്, നിങ്ങൾ വെറുക്കുന്നതൊന്നും ചെയ്യുകയുമരുതു്. എന്തുകൊണ്ടെന്നാൽ സ്വർഗ്ഗത്തിന്റെ കാഴ്ചയിൽ എല്ലാം വ്യക്തമാണു്. എന്തെന്നാൽ മറഞ്ഞിരിക്കുന്ന യാതൊന്നും വെളിപ്പെടുകയില്ലാത്തതായും, മൂടപ്പെട്ടിരിക്കുന്ന യാതൊന്നും തുറക്കപ്പെടുകയില്ലാത്തതായും ഇല്ല” എന്നുപറഞ്ഞു.
യേശു പറഞ്ഞു: “മനുഷ്യനാൽ ആഹരിക്കപ്പെട്ടു് മനുഷ്യനായിത്തീരുന്ന സിംഹം അനുഗ്രഹിക്കപ്പെട്ടവനാകുന്നു. മനുഷ്യൻ സിംഹത്താൽ ആഹരിക്കപ്പെട്ടു് സിംഹംതന്നെ മനുഷ്യനായിത്തീർന്നാൽ ആ മനുഷ്യൻ ശപിക്കപ്പെട്ടവനാകുന്നു”.
അവൻ വീണ്ടും പറഞ്ഞു: “മനുഷ്യൻ കടലിൽ വലയെറിഞ്ഞ ഒരു ബുദ്ധിമാനായ മീൻപിടുത്തക്കാരനെപ്പോലെയാകുന്നു. വല നിറയെ ചെറിയ മത്സ്യങ്ങളെ അവൻ പിടിച്ചു. അവയുടെയിടയിൽ ആ ബുദ്ധിമാനായ മീൻപിടിത്തക്കാരൻ ഒരു വലിയ നല്ല മീനിനെ കണ്ടു.
യാതൊരു പ്രയാസവും കൂടാതെ അവൻ വലിയ മീനിനെ തെരഞ്ഞെടുക്കുകയും ചെറിയതിനെയെല്ലാം കടലിലേയ്ക്ക് തിരിച്ചിടുകയും ചെയ്തു.
കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ”.
യേശു പറഞ്ഞു: “വിതക്കാരൻ ഒരു കൈ നിറയെ വിത്തെടുത്തു കൊണ്ടുപോയി വിതച്ചു. ചില വിത്തുകൾ വഴിയിൽ വീണു, പക്ഷികൾ വന്നു് അവ തിന്നു. മറ്റു ചിലതു പാറമേൽ വീണു, അവ വേരു പിടിക്കുകയോ കതിരിടുകയോ ചെയ്തില്ല. മറ്റു ചിലതു മുള്ളുകൾക്കിടയിൽ വീണു, മുള്ളുകൾ അവയെ ഞെരുക്കി, പുഴുക്കൾ അവയെ തിന്നു. മറ്റു ചിലതു നല്ല മണ്ണിൽ വീഴുകയും നല്ല കതിർ പുറപ്പെടുവിക്കുകയും ചെയ്തു, അവ അറുപതു മേനിയും നൂറ്റിരുപതു മേനിയും വിളഞ്ഞു”.
യേശു പറഞ്ഞു: “ഞാൻ ലോകത്തിന്മേൽ തീ വിതറിയിരിക്കുന്നു. കാണ്‍ക, അതു പടരുന്നതുവരെ ഞാനതിനെ കാക്കുകയാണു്”.
യേശുപറഞ്ഞു: “ഈ സ്വർഗ്ഗം നീങ്ങിപ്പോകും, അതിനുമുകളിലുള്ളതും നീങ്ങിപ്പോകും. മരിച്ചവർ ജീവിച്ചിരിക്കുന്നില്ല, ജീവിച്ചിരിക്കുന്നവർ മരിക്കുകയുമില്ല. നിങ്ങൾ മരിച്ചവരെയൊക്കെ ആഹരിച്ച നാളുകളിൽ നിങ്ങളവയെ ജീവനുള്ളവയാക്കി. നിങ്ങൾ പ്രകാശത്തിൽ വസിക്കുമാറാകുമ്പോൾ നിങ്ങൾ എന്തുചെയ്യും? നിങ്ങൾ ഒന്നായിരുന്ന ദിവസം നിങ്ങൾ രണ്ടായിത്തീർന്നു. പക്ഷേ, നിങ്ങൾ രണ്ടായിത്തീരുമ്പോൾ നിങ്ങളെന്തുചെയ്യും?”
ശിഷ്യന്മാർ യേശുവിനോടു്: “നീ ഞങ്ങളെ വിട്ടുപോകുമെന്നു് ഞങ്ങൾക്കറിയാം. (അതിനുശേഷം) ആരാണു ഞങ്ങളെ നയിക്കേണ്ടതു്?” എന്നു ചോദിച്ചു. യേശു അവരോടു്: “നിങ്ങളെവിടെയായിരുന്നാലും ധർമ്മനിഷ്ഠനായ ജെയിംസിന്റെയടുത്തേക്കു പോകേണ്ടതാണു്, അവനു വേണ്ടിയത്രേ സ്വർഗ്ഗവും ഭൂമിയുമുണ്ടായതു്” എന്നുപറഞ്ഞു.
യേശു തന്റെ ശിഷ്യന്മാരോടു്: “എന്നെ ആരോടെങ്കിലും താരതമ്യപ്പെടുത്തി ഞാൻ ആരെപ്പോലെയാണു് എന്നുപറയുവിന്‍”.
ശീമോൻ പത്രോസ് അവനോടു്: ‘നീ നീതിമാനായ ഒരു മാലാഖയെപ്പോലെയാണു്’ എന്നുപറഞ്ഞു. മത്തായി: ‘നീ ജ്ഞാനിയായ ഒരു തത്ത്വചിന്തകനെപ്പോലെയാണു്’ എന്നുപറഞ്ഞു.
തോമസ്: ‘ഗുരോ, നീ ആരെപ്പോലെയാണു് എന്നുപറയുവാൻ എന്റെ നാവു് തികച്ചും അശക്തമാണു്’ എന്നുപറഞ്ഞു.
യേശു അവനോടു്: “ഞാൻ നിന്റെ ഗുരുവല്ല; ഞാൻ അളന്നുതന്ന നുരയ്ക്കുന്ന ഉറവയിൽനിന്നും കുടിച്ചതിനാൽ നിനക്കു ലഹരി പിടിച്ചിരിക്കുന്നു.”
യേശു അവനെ വിളിച്ചുകൊണ്ടുപോയി മൂന്നു് കാര്യങ്ങൾ അവനോടു് പറഞ്ഞു. തോമസ് തിരിച്ചുവന്നപ്പോൾ അവന്റെ കൂട്ടുകാർ അവനോടു്: ‘യേശു നിന്നോടു് എന്തുപറഞ്ഞു’ എന്നു് ചോദിച്ചു. തോമസ് അവരോടു്: ‘അവൻ എന്നോടു പറഞ്ഞതിൽ ഒരു വാക്കു് ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ കല്ലുപെറുക്കി എന്നെ ഏറിയും; ആ കല്ലുകളിൽനിന്നും തീ പുറപ്പെട്ടുവന്നു് നിങ്ങളെ ദഹിപ്പിക്കും’ എന്നുപറഞ്ഞു.
യേശു അവരോടു്: “നിങ്ങൾ ഉപവസിച്ചാൽ നിങ്ങൾ നിങ്ങൾക്കുതന്നെ പാപമുണ്ടാക്കും. പ്രാർത്ഥിച്ചാൽ നിങ്ങൾ പുച്ഛിക്കപ്പെടും. ദാനം ചെയ്താൽ നിങ്ങളുടെ ആത്മാവിനെ ദോഷിക്കും. നിങ്ങൾ ഏതെങ്കിലും ദേശത്തുപോയി സഞ്ചരിക്കുമ്പോൾ അവർ നിങ്ങളെ സ്വീകരിച്ചാൽ, അവർ നിങ്ങളുടെ മുമ്പിൽ വെയ്ക്കുന്നതു് ഭക്ഷിക്കുകയും അവരിൽ രോഗികളായവരെ സുഖപ്പെടുത്തുകയും ചെയ്യുക. എന്തുകൊണ്ടെന്നാൽ നിങ്ങളുടെ വായിലേക്കുപോകുന്നതു നിങ്ങളെ അശുദ്ധമാക്കുകയില്ല. പക്ഷേ, നിങ്ങളുടെ വായിൽനിന്നു് പുറത്തുവരുന്നതെന്തോ അതാണു നിങ്ങളെ അശുദ്ധപ്പെടുത്തുക” എന്നുപറഞ്ഞു.
യേശു പറഞ്ഞു: “സ്ത്രീയിൽനിന്നും ജനിച്ചവനല്ലാത്ത ഒരുവനെ കാണുമ്പോൾ അവന്റെ മുമ്പിൽ വീണു് അവനെ നമസ്കരിക്കുക. അവൻ നിങ്ങളുടെ പിതാവാകുന്നു.”
യേശു പറഞ്ഞു: “ഒരുപക്ഷേ, ഞാൻ ഭൂമിയിൽ സമാധാനം വിതയ്ക്കുവാനാണു വന്നിരിക്കുന്നതെന്നു മനുഷ്യർ വിചാരിച്ചേക്കാം. ഞാൻ അസമാധാനം വിതയ്ക്കുവാനാണു് വന്നിരിക്കുന്നതെന്നു് അവർ അറിയുന്നില്ല; അഗ്നിയും വാളും യുദ്ധവും. എന്തെന്നാൽ, ഒരു വീട്ടിൽ അഞ്ചുപേരുണ്ടെങ്കിൽ മൂന്നുപേർ രണ്ടുപേർക്കെതിരും, രണ്ടുപേർ മൂന്നുപേർക്കെതിരും, അച്ഛൻ മകനെതിരും, മകൻ അച്ഛനെതിരും ആകും. അവർ ഒറ്റപ്പെട്ടവരായി നില്ക്കും.”
യേശു പറഞ്ഞു: “ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു കൈയും തൊട്ടിട്ടില്ലാത്തതും മനുഷ്യമനസ്സിനു് ഒരിക്കലും തോന്നിയിട്ടില്ലാത്തതുമായതിനെ ഞാൻ നിങ്ങൾക്കു തരും”.
ശിഷ്യന്മാർ യേശുവിനോടു് പറഞ്ഞു: ‘ഞങ്ങളുടെ അന്ത്യം എങ്ങനെയായിരിക്കുമെന്നു ഞങ്ങളോടു പറയുക’. യേശു അവരോടു്:
“അപ്പോൾ, നിങ്ങൾ നിങ്ങളുടെ ആദി കണ്ടുപിടിച്ചു കഴിഞ്ഞതുകൊണ്ടാണോ അന്ത്യം അന്വേഷിക്കുന്നതു്? എന്തുകൊണ്ടെന്നാൽ, ആദി എവിടെയാണോ അന്ത്യവും അവിടെയായിരിക്കും. ആദിയിൽ തന്റെ നിലയുറപ്പിക്കുന്നവൻ അനുഗ്രഹീതനാകുന്നു; അവൻ അന്ത്യത്തെ അറിയും. അവൻ മരണമനുഭവിക്കുകയില്ല” എന്നുപറഞ്ഞു.
യേശു പറഞ്ഞു: “ഉണ്ടായതിനു മുമ്പുതന്നെ ഉണ്ടായവൻ അനുഗ്രഹീതനാകുന്നു. നിങ്ങൾ എന്റെ ശിഷ്യരായി എന്റെ വാക്കുകൾ ശ്രദ്ധിച്ചാൽ ഈ കല്ലുകൾ നിങ്ങളെ ഉപചരിക്കും. എന്തെന്നാൽ നിങ്ങൾക്കുവേണ്ടി പറുദീസയിൽ അഞ്ചുമരങ്ങളുണ്ടു്. വേനല്‍കാലത്തും ശീതകാലത്തും ആരും അവയിൽ കൈവെയ്ക്കുന്നില്ല, അവയുടെ ഇലകൾ പൊഴിയുന്നതുമില്ല. അവയെ അറിയുന്നവർക്കു് മരണം ഉണ്ടാവുകയില്ല.”
ശിഷ്യന്മാർ യേശുവിനോടു്: ‘സ്വർഗ്ഗരാജ്യം എന്തിനെപ്പോലെയാണെന്നു ഞങ്ങളോടു പറയുക’ എന്നുപറഞ്ഞു. അവൻ അവരോടു പറഞ്ഞു: “അതു വിത്തുകളിൽ ഏറ്റവും ചെറിയ വിത്തായ കടുകുമണിയെപ്പോലെയാണു്. എന്നാൽ, ഉഴുതമണ്ണിൽ വീണാൽ അതു വലിയ ചെടിയായിത്തീർന്നു് ആകാശത്തിലെ പറവകൾക്കു് ചേക്കയായിത്തീരും.”
മേരി യേശുവിനോടു്, ‘നിന്റെ ശിഷ്യന്മാർ ആരെപ്പോലെയാണു്?’ എന്നു ചോദിച്ചു. അവൻ പറഞ്ഞു: “അവർ തങ്ങളുടേതല്ലാത്ത സ്ഥലത്തു വാസമാക്കിയ കുട്ടികളെപ്പോലെയാണു്. സ്ഥലത്തിന്റെ ഉടമസ്ഥൻ വന്നു് ‘ഞങ്ങളുടെ സ്ഥലം തിരികെ തരിക’ എന്നുപറയുമ്പോൾ അവർ അവരുടെ മുമ്പിൽവെച്ചുതന്നെ ഉടുപ്പുകൾ ഊരിക്കളഞ്ഞിട്ടു് സ്ഥലം അവർക്കു തിരിച്ചുകൊടുക്കും. അതുകൊണ്ടു് ഞാൻ നിങ്ങളോടു് പറയുന്നു, കള്ളൻ വരുന്നുവെന്നു് ഒരു വീട്ടുകാരൻ അറിഞ്ഞാൽ കള്ളൻ വീടു തുരന്നു കയറി സാധനങ്ങൾ എടുത്തുകൊണ്ടു പോകുന്നതിനു മുമ്പുതന്നെ അവൻ കാവലിരിക്കും. അതുപോലെ നിങ്ങളും ഈ ലോകത്തിനെതിരെ സ്വയം കാക്കുക. കള്ളന്മാർ നിങ്ങളിലേയ്ക്കു വരാതിരിക്കുവാൻ മഹത്തായ ശക്തി ധരിക്കുക. എന്തെന്നാൽ നിങ്ങൾ പ്രതീക്ഷിക്കുന്ന പ്രയാസം നിശ്ചയമായും ഉണ്ടാകും. നിങ്ങളുടെയിടയിൽ ജ്ഞാനിയായ ഒരുവൻ ഉണ്ടായിരിക്കട്ടെ. ധാന്യം വിളഞ്ഞപ്പോൾ അവൻ കൈയിൽ അരിവാളുമായി വേഗം വന്നു കൊയ്തു. കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ”.
മുലകുടിക്കുന്ന കുഞ്ഞുങ്ങളെ കണ്ടു് യേശു തന്റെ ശിഷ്യന്മാരോടു്, “മുലകുടിക്കുന്ന ഈ കുഞ്ഞുങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നവരെപ്പോലെയാണു്.” എന്നുപറഞ്ഞു. ശിഷ്യന്മാർ അവനോടു്, “അപ്പോൾ ഞങ്ങളും കുഞ്ഞുങ്ങളായി ദൈവരാജ്യത്തിൽ പ്രവേശിക്കട്ടെയോ?” എന്നു ചോദിച്ചു. യേശു അവരോടു്: “നിങ്ങൾ എപ്പോൾ രണ്ടിനെ ഒന്നാക്കുന്നുവോ, എപ്പോൾ നിങ്ങൾ അകം പുറംപോലെയും പുറം അകംപോലെയും ആക്കുന്നുവോ, എപ്പോൾ നിങ്ങൾ ആണു് ആണും പെണ്ണു് പെണ്ണുമല്ലാത്തതുപോലെ ആണിനേയും പെണ്ണിനേയും ഒന്നാക്കിത്തീർക്കുന്നുവോ, എപ്പോൾ നിങ്ങൾ ഒരു കണ്ണിനു പകരം കണ്ണുകളും ഒരു കയ്യിനുപകരം ഒരു കയ്യും ഒരു പാദത്തിനുപകരം ഒരു പാദവും ഒരു സാമ്യതയുടെ സ്ഥാനത്തു ഒരു സാമ്യതയും ഉണ്ടാക്കുന്നുവോ, അപ്പോൾ നിങ്ങൾ ദൈവരാജ്യത്തിൽ പ്രവേശിക്കും” എന്നുപറഞ്ഞു.
യേശു പറഞ്ഞു: “ഞാൻ നിങ്ങളെ ആയിരത്തിൽനിന്നു് ഒന്നും, പതിനായിരത്തിൽനിന്നു് രണ്ടുമായി തെരഞ്ഞെടുക്കും. അവർ ഒറ്റയൊന്നായി നില്ക്കും.”
അവന്റെ ശിഷ്യന്മാർ അവനോടു്, ‘നീയുള്ള ഇടം ഞങ്ങൾക്കു കാണിച്ചു തരിക. കാരണം ഞങ്ങളവിടം അന്വേഷിക്കേണ്ടതായിരിക്കുന്നു’ എന്നുപറഞ്ഞു. അവൻ അവരോടു പറഞ്ഞു: “കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ. പ്രകാശവാനായ മനുഷ്യന്റെയുള്ളിൽ പ്രകാശമുണ്ടു്, അതു് ഈ ലോകത്തെ മുഴുവൻ പ്രകാശമാനമാക്കുന്നു. അവൻ പ്രകാശിക്കുന്നില്ലെങ്കിൽ അവൻ ഇരുട്ടാകുന്നു.”
യേശു പറഞ്ഞു: “നിങ്ങളുടെ സഹോദരനെ നിങ്ങളുടെ ആത്മാവിനെപ്പോലെ സ്നേഹിക്കുകയും അവനെ നിങ്ങളുടെ കണ്ണിന്റെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുകയും ചെയ്യുക.”
യേശു പറഞ്ഞു: “നിങ്ങളുടെ സഹോദരന്റെ കണ്ണിലെ കരടു് നിങ്ങൾ കാണുന്നു. പക്ഷേ, നിങ്ങളുടെ കണ്ണിലുള്ള കോലു് നിങ്ങൾ കാണുന്നില്ല. നിങ്ങളുടെ കണ്ണിൽനിന്നും കോലു് നിങ്ങളെടുത്തു കളഞ്ഞാൽ, അപ്പോൾ സഹോദരന്റെ കണ്ണിലെ കരടെടുത്തു കളയുവാൻ നിങ്ങൾക്കു നല്ലവണ്ണം കാണും.”
യേശു പറഞ്ഞു: “ലോകത്തിൽനിന്നും നിങ്ങൾ ഉപവസിക്കുന്നില്ലെങ്കിൽ, നിങ്ങൾ (ദൈവ) രാജ്യം കണ്ടെത്തുകയില്ല. ശാബ്ബത്തു് ശാബ്ബത്തായി ആചരിച്ചില്ലെങ്കിൽ നിങ്ങൾ പിതാവിനെ കാണുകയില്ല.”
യേശു പറഞ്ഞു: “ഞാൻ ലോകത്തിന്റെയിടയിൽ സ്ഥാനംപിടിക്കുകയും ശരീരത്തോടുകൂടി അവർക്കു മുമ്പിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. പക്ഷേ, അവരെല്ലാം കുടിച്ചു മത്തുപിടിച്ചവരായി ഞാൻ കണ്ടു; ദാഹിക്കുന്നവരായി ആരെയും കണ്ടില്ല. ഹൃദയത്തിൽ അന്ധരായി, കാഴ്ചയില്ലാതിരുന്ന മനുഷ്യപുത്രർക്കുവേണ്ടി എന്റെ ആത്മാവു് നൊന്തു. എന്തുകൊണ്ടെന്നാൽ അവർ ഒന്നുമില്ലാതെ ലോകത്തിലേക്കു വന്നു. വെറും കൈയോടെ ലോകംവിടുന്ന മാർഗ്ഗമാണവർ തിരയുന്നതു്. തല്ക്കാലം അവർ ഉന്മത്തരാണു്; പക്ഷേ, വീഞ്ഞിന്റെ ലഹരിയിറങ്ങുമ്പോൾ അവർ പശ്ചാത്തപിക്കും.”
യേശു പറഞ്ഞു: “ആത്മാവു് കാരണം ശരീരമുണ്ടായെങ്കിൽ അതൊരാശ്ചര്യമാണു്. ശരീരം കാരണം ആത്മാവുണ്ടായെങ്കിൽ അതു് ആശ്ചര്യങ്ങളിൽ ആശ്ചര്യമാണു്. ഈ മഹാധനം ഈ ദാരിദ്ര്യത്തിൽ എങ്ങനെ വാസമാക്കിയെന്നതു് എനിക്കു് ആശ്ചര്യം തന്നെയാണു്.”
യേശു പറഞ്ഞു: “എവിടെ മൂന്നു ദേവന്മാരുണ്ടോ, അവർ ദേവന്മാരാണു്. എവിടെ രണ്ടോ ഒന്നോ ഉണ്ടോ ഞാൻ അവനോടുകൂടിയാണു്.”
യേശു പറഞ്ഞു: “ഒരു പ്രവാചകനും തന്റെ നാട്ടിൽ സ്വീകരിക്കപ്പെടുന്നില്ല; ഒരു വൈദ്യനും അവനെ അറിയാവുന്നവരെ സുഖപ്പെടുത്തുന്നുമില്ല.”
ഒരു ഉയർന്ന പർവ്വതത്തിൽ കോട്ട കെട്ടി അതിനുള്ളിൽ പണിയുന്ന നഗരം പതിക്കുകയില്ല, അതിനെ ഒളിച്ചുവെക്കാനും കഴിയില്ല.
യേശു പറഞ്ഞു: “നിങ്ങൾ കേൾക്കുന്നതിനെ നിങ്ങളുടെ വീടുകളുടെ മുകളിൽനിന്നു് ഉദ്ഘോഷിക്കുക. എന്തുകൊണ്ടെന്നാൽ ആരും വിളക്കുകത്തിച്ചു് പറയുടെ അടിയിലോ മറവിലോ വെക്കുന്നില്ല. വരുന്നവരും പോകുന്നവരും വെളിച്ചം കാണുന്നതിനായി അതു വിളക്കുകാലിന്മേൽ വെക്കുന്നു.”
യേശു പറഞ്ഞു: “ഒരു കുരുടൻ മറ്റൊരു കുരുടനെ നയിച്ചാൽ രണ്ടുപേരും കുഴിയിൽ വീഴും.”
യേശു പറഞ്ഞു: “ഒരു ശക്തനായ മനുഷ്യന്റെ കൈകൾ കെട്ടാതെ അവന്റെ വീട്ടിൽ അതിക്രമിച്ചു കയറാനും അതിനെ കൈക്കലാക്കാനും ആർക്കും കഴികയില്ല. അവനെ ബന്ധിച്ചതിനുശേഷം വീടുകൊള്ള ചെയ്യാൻ സാധിക്കും.”
യേശു പറഞ്ഞു: “പ്രഭാതം മുതൽ പ്രദോഷം വരെയും പ്രദോഷം മുതൽ പ്രഭാതം വരെയും നിങ്ങൾ എന്തു ധരിക്കും എന്നതിനെപ്പറ്റി വിചാരിക്കാതിരിക്കുക.”
ശിഷ്യന്മാർ യേശുവിനോടു്, ‘നീ എന്നു ഞങ്ങൾക്കു വെളിപ്പെടും? ഞങ്ങൾ എന്നു നിന്നെക്കാണും?’ എന്നു ചോദിച്ചു. യേശു പറഞ്ഞു: “കൊച്ചുകുട്ടികളെപ്പോലെ നിങ്ങൾ എന്നു് നാണിക്കാതെ നിങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചു കാലിന്നടിയിലിട്ടു ചവിട്ടുമോ അന്നു നിങ്ങൾ ജീവിച്ചിരിക്കുന്നവന്റെ പുത്രനെ കാണും. നിങ്ങൾ ഭയപ്പെടുകയുമില്ല.”
യേശു പറഞ്ഞു: “ഞാൻ നിങ്ങളോടു പറയുന്ന ഈ വാക്കുകൾ കേൾക്കാൻ നിങ്ങൾ പല പ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ടു്. ഇതു് മറ്റാരിൽനിന്നെങ്കിലും കേൾക്കാനും നിങ്ങൾക്കാരുമില്ല. നിങ്ങൾ എന്നെ അന്വേഷിക്കുന്നതും നിങ്ങൾക്കു് എന്നെ കാണാൻ സാധിക്കാത്തതുമായ നാളുകളുണ്ടാകും.”
യേശു പറഞ്ഞു: “പരീശന്മാരും ശാസ്ത്രിമാരും അറിവിന്റെ താക്കോലുകൾ എടുത്തൊളിച്ചു വെച്ചിരിക്കുന്നു; അവർ സ്വയം പ്രവേശിച്ചിട്ടുമില്ല. നിങ്ങളോ, സർപ്പങ്ങളെപ്പോലെ ബുദ്ധിയുള്ളവരും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമാവുക”
യേശു പറഞ്ഞു: “പിതാവിനു വെളിയിൽ ഒരു മുന്തിരിവള്ളി നട്ടിരിക്കുന്നു. പക്ഷേ, ഉറപ്പില്ലാത്തതാകയാൽ അതു് വേരോടെ പിഴുതു നശിപ്പിക്കപ്പെടും.”
യേശു പറഞ്ഞു: “തന്റെ കൈയ്യിൽ എന്തെങ്കിലുമുള്ളവനു് കൂടുതൽ ലഭിക്കും. ഇല്ലാത്തവനോ, അവനുള്ള അല്പവുംകൂടി നഷ്ടപ്പെടും.”
യേശു പറഞ്ഞു: “വഴിപോക്കരാവുക”.
അവന്റെ ശിഷ്യന്മാർ അവനോടു് ചോദിച്ചു: ‘ഈ കാര്യങ്ങൾ ഞങ്ങളോടു പറയാൻ നീ ആരാണു് ?’ യേശു അവരോടു പറഞ്ഞു: “ഞാൻ നിങ്ങളോടു് പറയുന്നതിൽനിന്നു് ഞാൻ ആരാണെന്നു് നിങ്ങൾ മനസ്സിലാക്കുന്നില്ല. പിന്നെയോ, നിങ്ങൾ യഹൂദന്മാരെപ്പോലെയായിത്തീർന്നിരിക്കുന്നു. എന്തെന്നാൽ അവർ (ഒന്നുകില്‍) മരത്തെ സ്നേഹിക്കുകയും അതിന്റെ ഫലത്തെ വെറുക്കുകയും അല്ലെങ്കിൽ ഫലത്തെ സ്നേഹിക്കുകയും മരത്തെ വെറുക്കുകയും ചെയ്യുന്നു.”
യേശു പറഞ്ഞു: “പിതാവിനെതിരെ (ദൈവ) ദൂഷണം പറയുന്നവർ ക്ഷമിക്കപ്പെടും, പുത്രനെതിരെ (ദൈവ) ദൂഷണം പറയുന്നവരും ക്ഷമിക്കപ്പെടും. പക്ഷേ, പരിശുദ്ധാത്മാവിനെതിരെ (ദൈവ) ദൂഷണം പറയുന്നവർ ഭൂമിയിലാകട്ടെ, സ്വർഗ്ഗത്തിലാകട്ടെ ക്ഷമിക്കപ്പെടുകയില്ല.”
യേശു പറഞ്ഞു: “മുള്ളുകളിൽനിന്നു മുന്തിരിങ്ങ പറിയ്ക്കുന്നില്ല. ഞെരിഞ്ഞിലിൽനിന്നു് അത്തിപ്പഴവും ശേഖരിക്കുന്നില്ല. എന്തെന്നാൽ അവ ഫലം പുറപ്പെടുവിക്കുന്നില്ല. ഒരു നല്ല മനുഷ്യൻ തന്റെ കലവറയിൽനിന്നു നന്മ കൊണ്ടുവരുന്നു. തീയവനാകട്ടെ തന്റെ തിന്മയുടെ കലവറയിൽനിന്നും ചീത്ത സാധനങ്ങൾ കൊണ്ടുവരുന്നു. തിന്മയുടെ കലവറ അവന്റെ ഹൃദയമാകുന്നു. അവൻ ചീത്തവാക്കുകൾ പറയുന്നു. ഹൃദയത്തിന്റെ സമൃദ്ധിയിൽനിന്നു് അവൻ ചീത്തസാധനങ്ങൾ കൊണ്ടുവരുന്നു.”
യേശു പറഞ്ഞു: “സ്ത്രീകളിൽനിന്നും ജനിച്ചവരിൽ ആദം മുതൽ യോഹന്നാൻ സ്നാപകന്‍വരെ ഉള്ളവരിൽ, യോഹന്നാന്റെ മുമ്പിൽ ദൃഷ്ടികുമ്പിടേണ്ടാത്തവനായി, അവനെക്കാൾ ശ്രേഷ്ഠനായി ഒരുത്തനുമില്ല. എങ്കിലോ, ഞാൻ പറയുന്നു; നിങ്ങളിൽ ആരു് ഒരു കുഞ്ഞിനെപ്പോലെ ആയിത്തീരുന്നുവോ അവൻ (ദൈവ) രാജ്യത്തെ അറിയുകയും യോഹന്നാനേക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്യുന്നു.”
യേശു പറഞ്ഞു: “ഒരു മനുഷ്യനു് (ഒരേസമയം) രണ്ടു കുതിരകളുടെ പുറത്തു കയറുവാനോ രണ്ടു വില്ലുകൾ കുലയ്ക്കുവാനോ കഴിയുകയില്ല. ഒരു ഭൃത്യനു രണ്ടു യജമാനന്മാരെ സേവിക്കാനും കഴിയുകയില്ല. അവൻ ഒരാളെ ബഹുമാനിക്കുകയും മറ്റേയാളെ നിന്ദിക്കുകയും ചെയ്യും. ഒരുത്തനും പഴയ വീഞ്ഞു കുടിച്ചയുടനെ പുതുവീഞ്ഞു കുടിക്കാൻ ആഗ്രഹിക്കുന്നില്ല. പഴയ പാത്രങ്ങൾ ഉടയാതിരിക്കുവാൻ അവയിൽ പുതിയ വീഞ്ഞു് നിറയ്ക്കുന്നില്ല. ചീത്തയാകുമെന്നതിനാൽ പഴയ വീഞ്ഞു് പുതിയ പാത്രങ്ങളിലും നിറയ്ക്കുന്നില്ല. കീറിപ്പോകുമെന്നതിനാൽ പഴയ തുണിക്കഷണം പുതിയ വസ്ത്രത്തോടു് ചേർത്തു തയ്ക്കുന്നുമില്ല.”
യേശു പറഞ്ഞു: “ഒരു വീട്ടിൽ രണ്ടുപേർ പരസ്പരം സമാധാനമുണ്ടാക്കുന്നുവെങ്കിൽ, അവർ പർവ്വതത്തോടു് ‘മാറിപ്പോകൂ’ എന്നു പറഞ്ഞാൽ അതു മാറിപ്പോകും.”
യേശു പറഞ്ഞു: “ഏകാന്തികരും തെരഞ്ഞെടുക്കപ്പെട്ടവരുമായവർ ഭാഗ്യവാന്മാര്‍, നിങ്ങൾ (ദൈവ) രാജ്യം കണ്ടെത്തും. എന്തുകൊണ്ടെന്നാൽ അതിൽനിന്നാണു് നിങ്ങൾ വന്നതു് അതിലേക്കുത്തന്നെ നിങ്ങൾ തിരിച്ചുപോവുകയും ചെയ്യും.”
യേശു പറഞ്ഞു: “അവർ നിങ്ങളോടു്, ‘നിങ്ങൾ എവിടെനിന്നു വന്നു?’ എന്നു ചോദിച്ചാൽ, ‘ഞങ്ങൾ പ്രകാശത്തിൽനിന്നു വന്നു; എവിടെ പ്രകാശം ഉണ്ടായി, സ്വയം സ്ഥാപിതമായി അവരുടെ രൂപങ്ങളിലൂടെ പ്രത്യക്ഷമായോ, അവിടെനിന്നു വന്നു’ എന്നു പറയുക. അവർ നിങ്ങളോടു് ‘നിങ്ങൾ അതാണോ?’ എന്നു ചോദിച്ചാൽ ‘ഞങ്ങൾ അതിന്റെ മക്കളും ജീവിച്ചിരിക്കുന്ന പിതാവിന്റെ തെരഞ്ഞെടുക്കപ്പെട്ടവരുമാണു്’ എന്നു പറയുക. അവർ നിങ്ങളോടു് ‘നിങ്ങളുടെ പിതാവിന്റെ എന്തു് അടയാളമാണു് നിങ്ങളിലുള്ളതു്’ എന്നു ചോദിച്ചാൽ, ‘അതു ചലനവും വിശ്രമവുമാണു്’ എന്നുപറയുക.”
അവന്റെ ശിഷ്യന്മാർ അവനോടു് ‘മരിച്ചവരുടെ വിശ്രമം എന്നു വന്നുചേരും? പുതിയ ലോകം എന്നുവരും?’ എന്നുചോദിച്ചു. അവൻ അവരോടു പറഞ്ഞു: “നിങ്ങൾ വരാൻ കാത്തിരിക്കുന്നതു വന്നുകഴിഞ്ഞു. പക്ഷേ, നിങ്ങളതിനെ തിരിച്ചറിയുന്നില്ല.”
അവന്റെ ശിഷ്യന്മാർ അവനോടു്: ‘ഇരുപത്തിനാലു പ്രവാചകന്മാർ ഇസ്രായേലിൽ സംസാരിച്ചു. അവരെല്ലാം നിന്നിൽ സംസാരിച്ചു’ എന്നുപറഞ്ഞു. അവൻ അവരോടു പറഞ്ഞു: “നിങ്ങളുടെയടുക്കൽ ജീവിച്ചിരിക്കുന്നവനെ വിട്ടുകളഞ്ഞിട്ടു് മരിച്ചുപോയവരെപറ്റി മാത്രം നിങ്ങൾ സംസാരിക്കുന്നു.”
അവന്റെ ശിഷ്യന്മാർ അവനോടു്: ‘സുന്നത്തു ചെയ്യുന്നതു ഗുണകരമോ അല്ലയോ?’ എന്നു ചോദിച്ചു. അവൻ അവരോടു്, “അതു ഗുണകരമായിരുന്നുവെങ്കിൽ, അവരുടെ പിതാവു് അതു ചെയ്തവരായി തന്നെ അവരുടെ അമ്മയിൽനിന്നു് അവരെ ജനിപ്പിക്കുമായിരുന്നു.
എന്നാലോ, ആത്മാവിലുള്ള ശരിയായ സുന്നത്തു കഴിക്കുന്നതു് പൂർണ്ണമായും പ്രയോജനകരമായിരിക്കുന്നു” എന്നുപറഞ്ഞു.
യേശു പറഞ്ഞു: “ദരിദ്രരായവർ ഭാഗ്യവാന്മാര്‍; എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവരുടേതാകുന്നു.”
യേശു പറഞ്ഞു: “തന്റെ പിതാവിനേയും മാതാവിനേയും വെറുക്കാത്തവനു് എന്റെ ശിഷ്യനാകാൻ കഴിയുകയില്ല. തന്റെ സഹോദരന്മാരെയും സഹോദരിമാരെയും വെറുക്കാതെയും തന്റെ കുരിശെടുത്തുകൊണ്ടു് എന്റെ വഴിയിൽ വരാതെയും ഇരിക്കുന്നവനും എനിയ്ക്ക് യോഗ്യനാവുകയില്ല.”
യേശു പറഞ്ഞു: “ലോകത്തെ മനസ്സിലാക്കാൻ കഴിഞ്ഞവർ ശവത്തെയാണു് കണ്ടതു്. ശവത്തെ കണ്ടവർക്കു് ലോകം യോഗ്യമല്ല.”
യേശു പറഞ്ഞു: “പിതാവിന്റെ രാജ്യം (നല്ല) വിത്തു് വിതച്ച മനുഷ്യനെപ്പോലെയാണു്. അവന്റെ ശത്രു രാത്രിയിൽ വന്നു് നല്ല വിത്തിനിടയിൽ കളകൾ വിതച്ചു. കർഷകനാകട്ടെ കള പറിക്കുവാൻ അവരെ അനുവദിച്ചില്ല.” അവൻ അവരോടു പറഞ്ഞു: “നിങ്ങൾ കള പറിക്കുവാൻ പോയി അതോടൊപ്പം ഗോതമ്പും പറിച്ചു കളയുമെന്നു ഞാൻ ഭയപ്പെടുന്നു. എന്തെന്നാൽ കൊയ്ത്തിന്‍നാൾ കളകൾ നന്നായി കാണപ്പെടുകയും അവ പിഴുതു കത്തിച്ചു കളയുകയും ചെയ്യാം.”
യേശു പറഞ്ഞു: “ദുഃഖിച്ചു ജീവിതം കണ്ടെത്തിയ മനുഷ്യൻ അനുഗ്രഹീതനാകുന്നു.”
“ജീവിച്ചിരിക്കുന്നവനെ നിങ്ങൾ ജീവിച്ചിരിക്കുമ്പോൾത്തന്നെ ശ്രദ്ധിക്കുക. അല്ലെങ്കിൽ നിങ്ങൾ മരിക്കുകയും അവനെ കാണാൻ അന്വേഷിച്ചു് സാധിക്കാതിരിക്കുകയും ചെയ്യും.”
ഒരു ശമര്യാക്കാരൻ ഒരാട്ടിന്‍കുട്ടിയേയും ചുമന്നുകൊണ്ടു് ജുഡിയയിലേക്കു് പോകുന്നതു് കണ്ടു്, യേശു ശിഷ്യന്മാരോടു് “ആ മനുഷ്യൻ എന്തിനാണു് ആട്ടിന്‍കുട്ടിയെ ചുമന്നു നടക്കുന്നതു്?” എന്നു ചോദിച്ചു. ശിഷ്യന്മാർ പറഞ്ഞു: ‘അതിനെ കൊന്നുതിന്നുവാൻ വേണ്ടി.’ അവൻ അവരോടു പറഞ്ഞു: “അതിനു ജീവനുള്ളപ്പോൾ അവൻ അതിനെ തിന്നുകയില്ല. അതിനെ കൊന്നു്, അതു് ശവമായിക്കഴിഞ്ഞിട്ടേ അവൻ അതിനെത്തിന്നുകയുള്ളു.” ശിഷ്യന്മാർ പറഞ്ഞു: ‘അങ്ങനെയല്ലാതെ അവനതു സാധിക്കയില്ല.’ അവൻ അവരോടു പറഞ്ഞു: “നിങ്ങളും അഭയത്തിനുള്ളിൽ നിങ്ങൾക്കു് സ്ഥലം അന്വേഷിക്കുക. അല്ലെങ്കിൽ നിങ്ങളും ശവമായിത്തീർന്നു് തിന്നപ്പെടും.”
യേശു പറഞ്ഞു: “രണ്ടുപേർ ഒരേ കട്ടിലിൽ വിശ്രമിക്കും, ഒരാൾ മരിക്കും, മറ്റേയാൾ ജീവിക്കും.” ശലോമി ചോദിച്ചു: ‘ഒന്നായതിൽ നിന്നെന്നപോലെ വന്നു് എന്റെ ഇരിപ്പിടത്തിൽ ഇരിക്കുകയും എന്റെ മേശയിൽനിന്നു ഭക്ഷിക്കുകയും ചെയ്ത മനുഷ്യാ, നീ ആരാകുന്നു?’
യേശു അവളോടു് പറഞ്ഞു: “അഖണ്ഡമായതിൽ നിന്നുള്ളവനാണു് ഞാൻ. എന്റെ പിതാവിന്റേതായ ചിലതു് എനിക്കു് നല്കപ്പെട്ടിരിക്കുന്നു.”
ശലോമി പറഞ്ഞു: ‘ഞാൻ നിന്റെ ശിഷ്യയാണു്’. യേശു പറഞ്ഞു: “അതുകൊണ്ടു് ഞാൻ പറയുന്നു, അവൻ അഖണ്ഡമായിരുന്നാൽ അവൻ പ്രകാശംകൊണ്ടു് നിറയും. പക്ഷേ, വിഭജിക്കപ്പെട്ടാൽ അവൻ ഇരുട്ടുകൊണ്ടു നിറയും.”
യേശു പറഞ്ഞു: “രഹസ്യങ്ങൾക്കു യോഗ്യരായവരോടാണു് ഞാൻ എന്റെ രഹസ്യങ്ങൾ ഉണർത്തിക്കുന്നതു്. നിങ്ങളുടെ വലതുകൈ എന്താണു് ചെയ്യുന്നതെന്നു് ഇടതുകൈ അറിയാതിരിക്കട്ടെ.”
യേശു പറഞ്ഞു: “വളരെ ധനമുള്ള ഒരു പണക്കാരനുണ്ടായിരുന്നു. അവൻ പറഞ്ഞു: ‘എനിക്കു് ഒന്നിനും കുറവില്ലാതിരിക്കാനായി ഞാൻ എന്റെ പണം മുടക്കി വിതയ്ക്കുകയും കൊയ്യുകയും ചെയ്തു് എന്റെ കളപ്പുര വിഭവങ്ങളെക്കൊണ്ടു നിറയ്ക്കും.’ അവന്റെ ഉദ്ദേശ്യം അതായിരുന്നു. പക്ഷേ, അതേ രാത്രിയിൽ അവൻ മരിച്ചു. കാതുള്ളവൻ കേൾക്കട്ടെ.”
യേശു പറഞ്ഞു: “ഒരു മനുഷ്യൻ വിരുന്നൊരുക്കിയിരുന്നു. അത്താഴമൊരുക്കിയതിനു ശേഷം അവൻ അതിഥികളെ ക്ഷണിക്കുവാൻ തന്റെ ഭൃത്യനെ അയച്ചു. അവൻ ഒന്നാമന്റെ അടുത്തുപോയി. ‘എന്റെ യജമാനൻ നിങ്ങളെ ക്ഷണിക്കുന്നു.’ എന്നുപറഞ്ഞു. അവൻ, ‘എന്നോടു കടപ്പെട്ടിരിക്കുന്ന ചില വ്യാപാരികളുണ്ടു്; അവർ ഇന്നു വൈകീട്ടു് എന്റെയടുക്കൽ വരും. ഞാൻ പോയി അവരെ കാണേണ്ടിയിരിക്കുന്നതുകൊണ്ടു് എനിക്കു് അത്താഴത്തിനു വരാൻ കഴിയാത്തതു ക്ഷമിക്കണം’ എന്നുപറഞ്ഞു. ഭൃത്യൻ വേറൊരാളുടെ അടുത്തുപോയി. ‘എന്റെ യജമാനൻ നിങ്ങളെ ക്ഷണിച്ചിരിക്കുന്നു’ എന്നുപറഞ്ഞു. അവൻ ഭൃത്യനോടു് ‘ഞാൻ ഒരു പുതിയ വീടു വാങ്ങിയിരിക്കുന്നിടത്തു് ഇന്നു് മുഴുവനും ഞാൻ വേണ്ടിയിരിക്കുന്നു, എനിക്കു് തീരെ സമയമില്ല’ എന്നുപറഞ്ഞു. ഭൃത്യൻ മറ്റൊരുവന്റെ അടുത്തുപോയി ‘എന്റെ യജമാനൻ നിങ്ങളെ ക്ഷണിക്കുന്നു’ എന്നുപറഞ്ഞു. അവൻ ഭൃത്യനോടു് ‘ഞാൻ ഇപ്പോൾ ഒരു തോട്ടം വാങ്ങിയിട്ടുണ്ടു്, അവിടെ പാട്ടം പിരിക്കാൻ പോവുകയാണു ഞാന്‍; എനിക്കു വരാൻ കഴിയുകയില്ല’ എന്നുപറഞ്ഞു. ഭൃത്യൻ വേറൊരാളുടെ അടുത്തുപോയി, ‘എന്റെ യജമാനൻ നിങ്ങളെ ക്ഷണിക്കുന്നു’ എന്നുപറഞ്ഞു. അവൻ അവനോടു് ‘എന്റെ സ്നേഹിതൻ വിവാഹിതനാകാൻ പോകുന്നു, ഞാനാണു് സദ്യയൊരുക്കേണ്ടതു്. എനിക്കു വരാൻ സാധിക്കുകയില്ല എന്നെ ഒഴിവാക്കണം.’ എന്നുപറഞ്ഞു. ഭൃത്യൻ തിരിച്ചുവന്നു് തന്റെ യജമാനനോടു് ‘നിങ്ങൾ അത്താഴത്തിനു ക്ഷണിച്ചവർ എല്ലാവരും ഒഴിവു ചോദിച്ചിരിക്കുന്നു’ എന്നുപറഞ്ഞു. യജമാനൻ അവനോടു്, ‘പുറത്തെ തെരുവുകളിലേയ്ക്ക് പോയി അവിടെ കാണാനിടയാകുന്നവരെ അത്താഴത്തിനു് ക്ഷണിച്ചു കൊണ്ടുവരിക. വണിക്കുകളും വ്യാപാരികളും എന്റെ പിതാവിന്റെ ഇടങ്ങളിൽ പ്രവേശിക്കുകയില്ല’ എന്നുപറഞ്ഞു.”
യേശു പറഞ്ഞു: “ഒരു നല്ല മനുഷ്യനു് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അവൻ അതു കർഷകർക്കു് പാട്ടത്തിനു കൊടുത്തു. പാട്ടക്കാരുടെ കൈയിൽനിന്നും പാട്ടം പിരിക്കുന്നതിനായി അവൻ തന്റെ ഭൃത്യനെ അയച്ചു. അവർ ഭൃത്യനെ പിടിച്ചുകെട്ടിയിട്ടു് അടിച്ചവശനാക്കി. ഭൃത്യൻ തിരിച്ചുപോയി തന്റെ യജമാനനോടു് വിവരം പറഞ്ഞു. യജമാനൻ ‘ഈ ഭൃത്യനെ ഒരുപക്ഷേ, അവർ തിരിച്ചറിഞ്ഞില്ലായിരിക്കും’ എന്നുപറഞ്ഞു വേറൊരു ഭൃത്യനെ അയച്ചു. അവനെയും അവർ അടിച്ചു. ഉടമസ്ഥൻ ‘എന്റെ പുത്രനെ അയച്ചാൽ അവർ മര്യാദ കാണിച്ചേക്കും’ എന്നുപറഞ്ഞു് തന്റെ പുത്രനെ അയച്ചു. കുടിയാന്മാർക്കു് ‘ഇവനാണു് മുന്തിരിത്തോട്ടത്തിനവകാശി’ എന്നറിയാമായിരുന്നതിനാൽ അവർ അവനെ പിടിച്ചു കൊന്നുകളഞ്ഞു. കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ.”
യേശു പറഞ്ഞു: “കെട്ടിടം പണിക്കാർ തള്ളിക്കളഞ്ഞ കല്ലു് എനിക്കു് കാണിച്ചു തരിക, അതാണു് മൂലക്കല്ലു്.”
യേശു പറഞ്ഞു: “സമഷ്ടിതന്നെ കുറവുള്ളതാണെന്നു വിശ്വസിക്കുന്നവനാണു് കുറവുള്ളവൻ.”
യേശു പറഞ്ഞു: “നിങ്ങൾ പീഡിതരും ദ്വേഷിതരുമാകുമ്പോൾ നിങ്ങൾ അനുഗ്രഹീതരാകുന്നു. എവിടെയെല്ലാം നിങ്ങൾ പീഡിപ്പിക്കപ്പെട്ടുവോ, അവർ ഒരു സ്ഥലവും കണ്ടെത്തുകയില്ല.”
യേശു പറഞ്ഞു: “അവരവരുടെ ഉള്ളിൽത്തന്നെ പീഡിതരായവർ അനുഗ്രഹീതരാകുന്നു; അവരാണു് സത്യത്തിൽ പിതാവിനെ അറിയാൻ ഇടയായവർ. വിശപ്പുള്ളവർ അനുഗ്രഹീതരാകുന്നു; എന്തെന്നാൽ ആഗ്രഹിക്കുന്നവന്റെ വയറ് നിറയ്ക്കപ്പെടും”.
യേശു പറഞ്ഞു: “നിങ്ങൾക്കുള്ളതു് നിങ്ങൾ നിങ്ങളുടെ ഉള്ളിൽനിന്നുതന്നെ പുറത്തു കൊണ്ടുവരുന്നെങ്കിൽ അതു നിങ്ങളെ രക്ഷിക്കും. നിങ്ങളുടെ ഉള്ളിലില്ലാത്തതു്, അതു് നിങ്ങളുടെ ഉള്ളിലില്ലെങ്കിൽ അതു് നിങ്ങളെ കൊല്ലും.”
യേശു പറഞ്ഞു: “ഞാൻ ഈ വീടു് നശിപ്പിക്കും, അതു പുതുക്കിപ്പണിയുവാൻ ആർക്കും കഴിയുകയില്ല.”
ഒരു മനുഷ്യൻ യേശുവിനോടു്, ‘എന്റെ പിതാവിന്റെ സ്വത്തുക്കൾ എന്നോടു കൂടി പങ്കുവയ്ക്കാൻ എന്റെ സഹോദരന്മാരോടു് പറയുക,’ എന്നുപറഞ്ഞു. യേശു അവനോടു്: “മനുഷ്യാ, എന്നെ ആരാണു് ഒരു പങ്കുവയ്പുകാരനാക്കിയതു്?” എന്നു ചോദിച്ചു:
അവൻ തന്റെ ശിഷ്യന്മാരുടെ നേരെ തിരിഞ്ഞു് “ഞാൻ ഒരു പങ്കുവയ്പുകാരനല്ല, ആണോ?” എന്നു ചോദിച്ചു.
യേശു പറഞ്ഞു: “കൊയ്ത്തു വലുതും കൊയ്ത്തുകാർ ചുരുക്കവുമത്രേ. അതുകൊണ്ടു കൊയ്ത്തിനു കൂടുതൽ വേലക്കാരെ അയക്കുവാൻ യജമാനനോടു് അപേക്ഷിക്കുക.”
അവൻ പറഞ്ഞു: “ദൈവമേ, നീർത്തൊട്ടിക്കു ചുറ്റും വളരെപ്പേരുണ്ടു്. പക്ഷേ, കിണറ്റിൽ ഒന്നുമില്ല.”
യേശു പറഞ്ഞു: “വാതില്ക്കൽ വളരെപ്പേർ കാത്തുനില്ക്കുന്നു. പക്ഷേ, ഏകാകിയാണു മണവറയിൽ പ്രവേശിക്കുക”.
യേശു പറഞ്ഞു: “പിതാവിന്റെ രാജ്യം വളരെയധികം കച്ചവടച്ചരക്കുകൾ വാങ്ങുകയും, അതിൽ ഒരു മുത്തു കണ്ടുപിടിക്കുകയും ചെയ്ത ഒരു കച്ചവടക്കാരനെപ്പോലെയാകുന്നു. അവൻ സമർത്ഥനായിരുന്നു. അവൻ ചരക്കെല്ലാം വില്ക്കുകയും തനിക്കായി മുത്തു മാത്രം വാങ്ങുകയും ചെയ്തു. നിങ്ങളും അവന്റെ നാശമില്ലാത്തതും നിത്യവുമായ നിധി അന്വേഷിക്കുക. അതിനെ തിന്നാൻ ഒരു കീടവും അടുത്തുവരുന്നില്ല. ഒരു പുഴുവും അതിനെ നശിപ്പിക്കുന്നുമില്ല.”
യേശു പറഞ്ഞു: “ഞാനാണു് അവർക്കെല്ലാം മുകളിലുള്ള പ്രകാശം. എല്ലാം ഞാൻ തന്നെയാണു്. എല്ലാം എന്നിൽനിന്നു് ഉത്ഭവിക്കുകയും എന്നിലേയ്ക്ക് വ്യാപിക്കുകയും ചെയ്തു. ഒരു മരക്കഷണം കീറുക, ഞാനവിടെയുണ്ടു്. കല്ലു പൊക്കി നോക്കുക, നിങ്ങൾ അവിടെയും എന്നെക്കാണും.”
യേശു പറഞ്ഞു: “നിങ്ങൾ എന്തിനാണു മരുഭൂമിയിലേക്കു വന്നിരിക്കുന്നതു്? ഒരു ഈറ്റ കാറ്റിലാടുന്നതു് കാണുവാനോ? നിങ്ങളുടെ രാജാക്കന്മാരെപ്പോലെയും മഹാന്മാരെപ്പോലെയും നല്ല വസ്ത്രങ്ങൾ ധരിച്ചിരിക്കുന്ന ഒരു മനുഷ്യനെക്കാണുവാനോ? നല്ല വസ്ത്രങ്ങൾ അവരുടെ മേലുണ്ടു്; പക്ഷേ, സത്യത്തെ വിവേചിക്കുവാൻ അവർക്കു കഴിയുന്നില്ല.”
പുരുഷാരത്തിൽനിന്നും ഒരു സ്ത്രീ യേശുവിനോടു്, ‘നിന്നെ വഹിച്ച ഉദരവും നിന്നെ പോഷിപ്പിച്ച സ്തനങ്ങളും അനുഗ്രഹീതമാകുന്നു’ എന്നുപറഞ്ഞു. യേശു അവളോടു്: “പിതാവിന്റെ വാക്കുകേൾക്കുകയും സത്യമായി അതിനെ പാലിക്കുകയും ചെയ്തിരിക്കുന്നവർ അനുഗ്രഹീതരാകുന്നു. എന്തുകൊണ്ടെന്നാൽ, ഗർഭം ധരിച്ചിട്ടില്ലാത്ത ഉദരവും പാൽചുരത്തിയിട്ടില്ലാത്ത സ്തനങ്ങളും അനുഗ്രഹീതങ്ങളാണെന്നു് നിങ്ങൾ പറയുന്ന നാളുകൾ വരും” എന്നുപറഞ്ഞു.
യേശു പറഞ്ഞു: “ലോകത്തെ തിരിച്ചറിഞ്ഞവൻ ശരീരത്തെ കണ്ടിരിക്കുന്നു. പക്ഷേ, ശരീരത്തെ കണ്ടെത്തിയവൻ ലോകത്തേക്കാളും ശ്രേഷ്ഠനാണു്.”
യേശു പറഞ്ഞു: “ധനികനായി തീർന്നവൻ രാജാവാകട്ടെ. ശക്തിയുള്ളവൻ അതിനെ ത്യജിക്കട്ടെ.”
യേശു പറഞ്ഞു: “എന്റെ അടുത്തുള്ളവൻ തീയുടെ അടുത്താണു്. എന്നിൽനിന്നു് അകന്നിരിക്കുന്നവൻ രാജ്യത്തിൽനിന്നു് അകന്നിരിക്കുന്നു.”
യേശു പറഞ്ഞു: “പ്രതിച്ഛായകൾ മനുഷ്യനു പ്രത്യക്ഷമാണു്, പക്ഷേ, അവയിലുള്ള വെളിച്ചം പിതാവിന്റെ വെളിച്ചത്തിന്റെ പ്രതിച്ഛായയായി സ്വരൂപത്തിൽ മറഞ്ഞിരിക്കുന്നു. അവൻ പ്രത്യക്ഷപ്പെടും, പക്ഷേ, അവന്റെ സ്വരൂപം അവന്റെ പ്രകാശത്താൽ മറഞ്ഞിരിക്കും.”
യേശു പറഞ്ഞു: “നിങ്ങളുടെ സാദൃശ്യം കാണുമ്പോൾ നിങ്ങൾ ആഹ്ലാദിക്കുന്നു. പക്ഷേ, നിങ്ങൾക്കു മുമ്പുണ്ടായതും മരണമില്ലാത്തവയും പ്രത്യക്ഷപ്പെടാത്തവയുമായ നിങ്ങളുടെ സ്വരൂപങ്ങൾ കാണുമ്പോൾ നിങ്ങൾ എങ്ങനെ അവയെ ഉൾക്കൊള്ളും?”
യേശു പറഞ്ഞു: “ആദം ഒരു മഹത്തായ ശക്തിയിൽനിന്നും ധനത്തിൽനിന്നുമാണു് വന്നതു്. പക്ഷേ, അവൻ നിങ്ങൾക്കു യോഗ്യനായില്ല; യോഗ്യനായിരുന്നെങ്കിൽ അവൻ മരിക്കുകയില്ലായിരുന്നു.”
യേശു പറഞ്ഞു: “നരികൾക്കു മാളങ്ങളും പക്ഷികൾക്കു കൂടുകളുമുണ്ടു്. പക്ഷേ, മനുഷ്യപുത്രനു തലചായ്ചു വിശ്രമിക്കാൻ ഒരിടവുമില്ല.”
യേശു പറഞ്ഞു: “ഒരു ദേഹത്തെ ആശ്രയിക്കുന്നതായ ദേഹം ദുരിതം പിടിച്ചതാണു്. ഇതു രണ്ടിനേയും ആശ്രയിക്കുന്ന ആത്മാവും ദുരിതം പിടിച്ചതാണു്.”
യേശു പറഞ്ഞു: “മാലാഖമാരും പ്രവാചകന്മാരും നിങ്ങളുടെ അടുത്തുവന്നു് നിങ്ങൾക്കുള്ളവതന്നെ നിങ്ങൾക്കു തരും. നിങ്ങളും നിങ്ങൾക്കുള്ളവ അവർക്കു കൊടുക്കയും ‘അവർ എന്നാണു വന്നു് അവരുടേതായി എടുക്കുക?’ എന്നു് സ്വയം പറയുകയും ചെയ്യുക.”
“നിങ്ങൾ എന്തിനാണു് കോപ്പയുടെ പുറം കഴുകുന്നതു്? അകം ഉണ്ടാക്കിയവൻ തന്നെയാണു പുറവും ഉണ്ടാക്കിയതെന്നു് നിങ്ങൾ മനസ്സിലാക്കുന്നില്ലയോ?”
യേശു പറഞ്ഞു: “എന്റെയടുക്കൽ വരിക. എന്റെ യോഗം എളുപ്പമുള്ളതും എന്റെ പ്രഭുത്വം സൗമ്യവുമാകുന്നു, നിങ്ങൾ വിശ്രാന്തി കണ്ടെത്തും.”
അവർ അവനോടു്, ‘ഞങ്ങൾ നിന്നിൽ വിശ്വസിക്കുന്നതിനായി, നീ ആരാണെന്നു ഞങ്ങളോടു് പറയുക’ എന്നുപറഞ്ഞു.
അവൻ അവരോടു് പറഞ്ഞു: “നിങ്ങൾ ആകാശത്തിന്റേയും ഭൂമിയുടെയും മുഖം വായിക്കുന്നു, എങ്കിലും നിങ്ങളുടെ മുമ്പിൽ നില്കുന്നവനെ നിങ്ങൾ തിരിച്ചറിയുന്നില്ല; ഈ ക്ഷണത്തെ വായിക്കാനും നിങ്ങൾക്കറിയില്ല.”
യേശു പറഞ്ഞു: “അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും. എങ്കിലോ, മുന്നമേ നിങ്ങൾ എന്നോടു ചോദിച്ചതും ഞാൻ നിങ്ങളോടു് അന്നു പറയാതിരുന്നതുമായതിനെ ഇപ്പോൾ നിങ്ങളോടു് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ, നിങ്ങളതിനെപ്പറ്റി ചോദിക്കുന്നില്ല”.
യേശു പറഞ്ഞു: “പരിശുദ്ധമായതിനെ നായ്ക്കൾക്കു് കൊടുക്കരുതു്; എന്തെന്നാൽ അവ അതിനെ കുപ്പക്കൂനയിൽ വലിച്ചെറിയും. മുത്തുകൾ പന്നികൾക്കു് എറിഞ്ഞു കൊടുക്കരുതു്; അവ മുത്തുകളെ പൊടിയാക്കി അരച്ചുകളയും.”
യേശു പറഞ്ഞു: “അന്വേഷിക്കുന്നവൻ കണ്ടെത്തും; മുട്ടുന്നവൻ അകത്തു പ്രവേശിക്കും.”
യേശു പറഞ്ഞു: “നിങ്ങൾക്കു് പണമുണ്ടെങ്കിൽ അതു് പലിശയ്ക്ക് കടം കൊടുക്കരുതു്. പിന്നെയോ, നിങ്ങൾക്കു് തിരിച്ചുതരികയില്ലാത്തവനു് കൊടുക്കുക.”
യേശു പറഞ്ഞു: “പിതാവിന്റെ രാജ്യം ഒരു സ്ത്രീയെപ്പോലെയാകുന്നു. അവൾ വളരെ കുറച്ചു പുളിച്ച മാവെടുത്തു ധാന്യപ്പൊടിയിൽ അടക്കിവച്ചിട്ടു് വലിയ അപ്പങ്ങളുണ്ടാക്കി. കാതുള്ളവൻ കേൾക്കട്ടെ.”
യേശു പറഞ്ഞു: “പിതാവിന്റെ രാജ്യം ഒരു ഭരണിയിൽ ധാന്യപ്പൊടി ചുമന്നുകൊണ്ടു പോയ ഒരു സ്ത്രീയെപ്പോലെയാകുന്നു. വീട്ടിലേക്കു് പിന്നേയും കുറച്ചു ദൂരമുള്ളപ്പോൾ വഴിക്കുവച്ചു് ഭരണിയുടെ കൈപ്പിടി പൊട്ടി അവളുടെ പിന്നിൽ ധാന്യം ചൊരിഞ്ഞുപോയി. ഇങ്ങനെ സംഭവിച്ചതു് അവൾ ശ്രദ്ധിച്ചില്ല. അവൾ വീട്ടിലെത്തി ഭരണി താഴെവെച്ചപ്പോൾ അതു് ഒഴിഞ്ഞതായിക്കണ്ടു.”
യേശു പറഞ്ഞു: “പിതാവിന്റെ രാജ്യം ശക്തനായ ഒരുവനെ കൊല്ലുവാൻ ആഗ്രഹിച്ച ഒരു മനുഷ്യനെപ്പോലെയാകുന്നു. അവൻ തന്റെ വീട്ടിൽവെച്ചു് തന്റെ വാൾ ഊരി ഭിത്തിയിൽ തറച്ചു് തന്റെ കൈക്കു് സാധിക്കുമോ എന്നു പരീക്ഷിച്ചു. പിന്നീടു് അവൻ ആ ശക്തനെ വധിച്ചു”.
ശിഷ്യന്മാർ അവനോടു്: ‘നിന്റെ അമ്മയും സഹോദരന്മാരും വെളിയിൽ നിൽക്കുന്നു.’ എന്നുപറഞ്ഞു. അവൻ അവരോടു്: “ഇവിടെയുള്ളവരിൽ ആരു് എന്റെ പിതാവിന്റെ ഹിതം ചെയ്യുന്നുവോ അവരാണു് എന്റെ സഹോദരന്മാരും എന്റെ മാതാവും. അവരാണു് എന്റെ പിതാവിന്റെ രാജ്യത്തിൽ പ്രവേശിക്കുക” എന്നുപറഞ്ഞു.
അവർ യേശുവിനെ ഒരു സ്വർണ്ണനാണയം കാണിച്ചിട്ടു് അവനോടു് ‘സീസറിന്റെ ആളുകൾ ഞങ്ങളോടു് നികുതി ചോദിക്കുന്നു’ എന്നുപറഞ്ഞു. അവൻ അവരോടു് “സീസറിന്റേതു സീസറിനു കൊടുക്കുക, ദൈവത്തിന്റേതു ദൈവത്തിനു കൊടുക്കുക, എന്റേതു എനിക്കും തരിക” എന്നുപറഞ്ഞു.
യേശു പറഞ്ഞു: “ഞാൻ ചെയ്യുന്നതുപോലെ ആരു തന്റെ പിതാവിനേയും മാതാവിനേയും വെറുക്കുന്നില്ലയോ അവനു് എന്റെ ശിഷ്യനാകാൻ കഴിയുകയില്ല. ഞാൻ ചെയ്യുന്നതുപോലെ ആരു തന്റെ പിതാവിനെയും മാതാവിനെയും സ്നേഹിക്കുന്നില്ലയോ അവനും എന്റെ ശിഷ്യനാകാൻ കഴിയുകയില്ല. എന്തെന്നാൽ എന്റെ മാതാവു് എനിക്കു് അസത്യത്തെ തന്നു. പക്ഷേ, എന്റെ യഥാര്‍ഥത്തിലുള്ള മാതാവു് എനിക്കു ജീവൻ നല്കി.”
യേശു പറഞ്ഞു: “പരീശന്മാർക്കു് ഹാ കഷ്ടം! എന്തുകൊണ്ടെന്നാൽ അവർ കാലിത്തൊഴുത്തിലെ പുൽക്കൂട്ടിൽ കിടക്കുന്ന ഒരു നായയെപ്പോലെയാകുന്നു. അവൻ തിന്നുന്നുമില്ല, കാലികളെ തിന്നാൻ അനുവദിക്കുന്നുമില്ല.”
യേശു പറഞ്ഞു: “കൊള്ളക്കാർ ഏതിലെ വരുമെന്നറിയാവുന്നവൻ ഭാഗ്യവാനാകുന്നു. എന്തെന്നാൽ ആക്രമണമുണ്ടാകും മുമ്പേ അവൻ എഴുന്നേറ്റു് തന്റെ ആളുകളെ ശേഖരിച്ചു് ആയുധങ്ങൾ ധരിക്കും.”
യേശു പറഞ്ഞു: “ഞാൻ എന്തു പാപം ചെയ്തു? അഥവാ, ഞാൻ എന്തിലാണു് തോൽപ്പിക്കപ്പെട്ടിരിക്കുന്നതു്? പക്ഷേ, മണവാളൻ മണവറ വിട്ടുപോകുമ്പോൾ അവർ ഉപവസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യട്ടെ”.
യേശു പറഞ്ഞു: “പിതാവിനേയും മാതാവിനേയും അറിയുന്നവൻ ‘അഭിസാരികയുടെ മകൻ’ എന്നു വിളിക്കപ്പെടും.”
യേശു പറഞ്ഞു: “നിങ്ങൾ എപ്പോൾ രണ്ടിനെ ഒന്നാക്കുന്നുവോ, അപ്പോൾ നിങ്ങൾ മനുഷ്യപുത്രരാകുകയും, നിങ്ങൾ ‘പർവതമേ, മാറിപ്പോകൂ’ എന്നുപറഞ്ഞാൽ അതു മാറിപ്പോവുകയും ചെയ്യും.”
യേശു പറഞ്ഞു: “(ദൈവ) രാജ്യം നൂറു് ആടുകളുള്ള ഒരാട്ടിടയനെപ്പോലെയാകുന്നു. അവയിൽ ഏറ്റവും വലുതായ ഒന്നു് കൂട്ടം വിട്ടുപോയി. ഇടയൻ തൊണ്ണൂറ്റി ഒന്‍പതാടുകളേയും വിട്ടിട്ടു് അതിനെ അന്വേഷിച്ചുകണ്ടെത്തി.”
യേശു പറഞ്ഞു: “എന്റെ വായിൽ നിന്നു് കുടിക്കുന്നവൻ എന്നെപ്പോലെയായിത്തീരും. ഞാന്‍തന്നെ അവനായിത്തീരുകയും മറഞ്ഞിരിക്കുന്നവ അവനു വെളിപ്പെടുകയും ചെയ്യും”
യേശു പറഞ്ഞു: “(ദൈവ) രാജ്യം തന്റെ വയലിൽ നിധിയുണ്ടായിരുന്നെങ്കിലും അതറിയാതിരുന്ന ഒരു മനുഷ്യനെപ്പോലെയാണു്. അവൻ മരിച്ചപ്പോൾ സ്ഥലം അവന്റെ മകനു് കിട്ടി. മകനും നിധിയുള്ളതറിഞ്ഞില്ല. അവൻ ആ വയൽ വിറ്റു. അതുവാങ്ങിയ ആൾ വയലുഴുതപ്പോൾ നിധി കണ്ടെത്തി. അവൻ തനിക്കു് മനസ്സുവന്നവർക്കു് പണം കൊടുക്കാൻ തുടങ്ങി.”
യേശു പറഞ്ഞു: “ആരു് ലോകത്തെ കണ്ടെത്തുകയും ധനികനാവുകയും ചെയ്യുന്നുവോ അവൻ ലോകത്തെ ത്യജിക്കട്ടെ.”
യേശു പറഞ്ഞു: “നിങ്ങളുടെ സാന്നിദ്ധ്യത്തിൽ സ്വർഗങ്ങളും ഭൂമിയും ചുരുട്ടിവയ്ക്കപെടും. ജീവനുള്ളവനിൽനിന്നു ജീവിക്കുന്നവൻ മരണം കാണുകയില്ല. യേശു പറയുന്നില്ലേ, സ്വയം കണ്ടെത്തിയവൻ ലോകത്തേക്കാളും ശ്രേഷ്ഠനാണെന്നു്.”
യേശു പറഞ്ഞു: “ആത്മാവിനെ ആശ്രയിക്കുന്ന ശരീരത്തിനു് ഹാ കഷ്ടം! ശരീരത്തെ ആശ്രയിക്കുന്ന ആത്മാവിനു് ഹാ കഷ്ടം!”
അവന്റെ ശിഷ്യന്മാർ അവനോടു ചോദിച്ചു: ‘എന്നാണു് (ദൈവ) രാജ്യം വരിക?’
യേശു പറഞ്ഞു: “അതിനായി കാത്തിരിക്കുന്നതുകൊണ്ടു് അതു് വരികയില്ല. ഇതാ, അതു് ഇവിടെയാണെന്നോ, അതാ, അതു് അവിടെയാണെന്നോ പറയാവുന്ന ഒരു കാര്യമല്ല അതു്. എങ്കിലോ, പിതാവിന്റെ രാജ്യം ഭൂമിയിൽ വ്യാപിച്ചിരിക്കുന്നു. മനുഷ്യർ അതു് കാണുന്നില്ല.”
ശീമോൻ പത്രോസ് അവരോടു പറഞ്ഞു: ‘മറിയം നമ്മളെ വിട്ടുപോകട്ടെ; എന്തെന്നാൽ സ്ത്രീകൾ നിത്യജീവനു് അര്‍ഹരല്ല.’ യേശു പറഞ്ഞു: “പുരുഷനാകാൻ വേണ്ടി ഞാൻ തന്നെ അവളെ നയിക്കും. അപ്പോൾ അവളും നിങ്ങൾ പുരുഷന്മാരെപ്പോലെ ഒരു ജീവിക്കുന്ന ആത്മാവാകും. എന്തെന്നാൽ തന്നെത്താൻ പുരുഷനാക്കുന്ന ഓരോ സ്ത്രീയും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കും.”
മുവാറ്റുപുഴയിൽ ജനിച്ചു. വിദ്യാർത്ഥിയായിരിക്കേ നടരാജഗുരുവിനെ കണ്ടുമുട്ടിയതു മുതൽ ഗുരുവിന്റെ അന്തേവാസിയായി കഴിയുന്നു.
ഗുരുവിൽ നിന്നു് ബ്രഹ്മചര്യ-ഗാർഹസ്ഥ്യ ദീക്ഷകളും ഗുരു നിത്യചൈതന്യയതിയിൽ നിന്നു് വാനപ്രസ്ഥ-സന്ന്യാസ ദീക്ഷകളും കൈക്കൊണ്ടു.
1973 മുതൽ 2009 വരെ ബാംഗ്ലൂർ നാരായണഗുരുകുലത്തിന്റേയും ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ബ്രഹ്മവിദ്യയുടെ സൗന്ദര്യശാസ്ത്രപഠന വിഭാഗത്തിന്റേയും അദ്ധ്യക്ഷനായിരുന്നു. ഇപ്പോൾ അത്യാശ്രമിയും പരിവ്രാജകനുമാണു്.
Songs for Siva, അക്കമഹാദേവിയുടെ വചനങ്ങളുടെ ഇംഗ്ലീഷ് വിവർത്തനം, Bouquet of Meditation, ദൈവദശകം-നാരായണഗുരു ജീവചരിത്രം, (കന്നഡ) തോമസിന്റെ സുവിശേഷം, മിലരേപ (വിവർത്തനം) എന്നിവയാണു് മറ്റു കൃതികൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.