ഈലം (Elam) എന്ന സ്ഥലത്താണു് ലോക നാഗരികതയുടെ ഉറവിടം. ടൈഗ്രസ് നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന സുസ (Susa) ആയിരുന്നു ഈലത്തിന്റെ തലസ്ഥാനം.
സംസ്ക്കാരം ഉറങ്ങുകയോ ഉറങ്ങാതിരിക്കുകയോ ചെയ്യുന്ന നദീതടത്തിലാണു് നക്ഷത്രബാർ സ്ഥിതി ചെയ്യുന്നതു്. കാൽപാദം നനയാൻ മാത്രം വെള്ളമുള്ള നദി കടന്നു വരും പോലെയായിരുന്നു പുരികം നരച്ച അതികായൻ ബാറിലേക്കു് കയറിയതു്. ഗോത്രത്തലവൻ ആലിംഗനം ചെയ്ത പുരാതന മരത്തിന്റെ താഴ്ത്തടി കൊണ്ടു് നിർമ്മിച്ച ഫർണ്ണീച്ചറുകളായിരുന്നു ആ ബാറിൽ നിറയെ. വൃദ്ധൻ അതിൽ ഒന്നിൽ പോയി ഇരുന്നു. പതിവായി ഇരിക്കാറുള്ള വട്ടമേശക്കരുകിൽ. ഹാപ്പി ഹവർ ആയിരുന്നതിനാൽ ബാറിൽ വലിയ തിരക്കു് ഉണ്ടായിരുന്നില്ല. ഒരു പറ്റം ചെറുപ്പക്കാരുടെ ആഹ്ലാദ സംസാരത്തിൽ അലോസരപ്പെടാതെ തന്റെ നിഴൽ നോക്കിയിരുന്നു് മദ്യപിക്കുന്ന കഷണ്ടിക്കാരനെ കണ്ടപ്പോൾ വൃദ്ധനു് മനസുഖം തോന്നി. അയാൾ കസേരയിൽ ഒന്നമർന്നിരുന്നു. വെയിറ്റർ ജൈവീകമല്ലാത്ത പുഞ്ചിരി തൂകി അയാളെ വരവേറ്റു. “
രണ്ടു മെക്സിക്കൻ ബിയർ എടുത്തോ… ചിൽഡ് മതി”
വെയ്റ്റർ എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ വൃദ്ധൻ ഭാവ വ്യതാസമില്ലാതെ പറഞ്ഞു. ‘
സർ കഴിക്കാൻ മറ്റേതെങ്കിലും വേണോ?’ ‘
മീൻ ഐറ്റം എന്താണുള്ളതു്…?’ ‘
ചെമ്പല്ലിയുണ്ടു് സർ.’ ‘
വലുതാണോ?’ അയാളുടെ മുഖമൊന്നു വിടർന്നു. ‘
രണ്ടു കിലോക്കു് അടുത്തു് കാണും’. ‘
എങ്കിൽ വലുതു് നോക്കി ഒരെണ്ണം എടുത്തോ.’
വെയ്റ്റർ ഉടനെ പോയി ബിയറുമായി വന്നു. വലിയ ഗ്ലാസിൽ ഒഴിച്ചു് കൊടുത്തു. വൃദ്ധൻ പത പൊന്തുന്നതു് നോക്കികൊണ്ടിരുന്നു. കഴിഞ്ഞ ആഴ്ച ചെമ്പല്ലി തിന്നുമ്പോൾ അതിന്റെ ഉള്ളിൽ നിന്നു് ഒരു വെടിയുണ്ട ലഭിച്ചിരുന്നു. ആ ഓർമ്മയിൽ അയാൾ ബിയർ മുത്തി. അന്നു് ലഭിച്ച വെടിയുണ്ട ഒരു മദ്യകുപ്പിയിൽ അടച്ചു വെച്ചു് അലമാരയിൽ സൂക്ഷിച്ചിരിക്കുകയാണു്. വൃദ്ധൻ ആനന്ദത്തോടെ തണുത്ത ബിയർ ഗ്ലാസ് ഒന്നമർത്തി പിടിച്ചു.
വെയ്റ്റർ ഒരു വലിയ നാക്കില അയാളുടെ ടേബിളിൽ കൊണ്ടുവന്നു വിരിച്ചു. അതിനിടയിൽ ചുവന്ന ടീഷർട്ട് ധരിച്ച ഒരു ചെറുപ്പക്കാരനും അവന്റെ സുഹൃത്തും ബാറിലേക്കു് കയറി വന്നു് അധികാരഭാവത്തോടെ വൃദ്ധനു് മുന്നിലായി ഒരിടത്തു് സ്ഥാനം പിടിച്ചിരുന്നു. ബാറിലെ നേർത്ത സംഗീതം ആ ചെറുപ്പക്കാരുടെ സാന്നിദ്ധ്യത്തിനു് വളരെ ചേരുന്നതായി വൃദ്ധനു് തോന്നി.
വെയ്റ്റർ ചെറുപ്പക്കാരുടെ ഓർഡർ എടുത്തു അകത്തേക്കു് പോയി. മാനേജർ കസ്റ്റമേഴ്സിന്റെ ഇടയിലൂടെ പുഞ്ചിരിച്ചു കൊണ്ടു് ഒരു റൌണ്ട് നടന്ന ശേഷം കൗണ്ടറിൽ പോയി നിന്നു. അണിഞ്ഞ കോട്ടു് അയാൾക്കു് ഒട്ടും ചേരുന്നുണ്ടായിരുന്നില്ല. ഇറക്കുമതി ചെയ്ത പലതരം പച്ചക്കറികൾ ഒരേ വലുപ്പത്തിൽ നുറുക്കിയതുമായി വന്ന വെയ്റ്റർ അതു് നാക്കിലയിൽ, ചോറു് വിളമ്പും പോലെ വിളമ്പി. വെയ്റ്റർ പോയതും ചെറുനാരങ്ങ കഷ്ണങ്ങൾ എടുത്തു വൃദ്ധൻ സലാഡിൽ പിഴിഞ്ഞു രസിച്ചിരുന്നു. ചുവന്ന ടീഷർട്ട് ഇട്ട ചെറുപ്പക്കാരനു് മദ്യം കൊടുത്ത ശേഷം വെയിറ്റർ ആവി പറക്കുന്ന ചെമ്പല്ലിയുമായി വന്നു. നാടൻ മസാല മണത്തോടെ സലാഡുകൾക്കിടയിൽ ചെമ്പല്ലി കിടന്നു. വൃദ്ധനു് സന്തോഷമായി. ആവി പറക്കുന്ന ചെമ്പല്ലിയുടെ കണ്ണുകളിലേക്കു നോക്കി അയാൾ ബിയർ ഒറ്റ വലിക്കു് കുടിച്ചു. ചുണ്ടു തുടച്ച ശേഷം ചൂടു് വക വെക്കാതെ വിരലുകൾ കൊണ്ടു് ചെമ്പല്ലിയുടെ വയർ പൊളിച്ചു ഒരു കഷ്ണം അകത്താക്കി.
മാനേജർ വലിയ സ്ക്രീനിലെ ചാനൽ മാറ്റി. കഷണ്ടിക്കാരൻ സ്ക്രീനിലേക്കു് അശ്രദ്ധമായി നോക്കിയ ശേഷം അടുത്തതും ഒഴിച്ചു് കുടിച്ചു. വൃദ്ധൻ അയാളെത്തന്നെ നോക്കി ഇരിക്കുന്നതിനാലാവാം കഷണ്ടിക്കാരനും വൃദ്ധനെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. വെയ്റ്റർ വന്നു് വൃദ്ധനു് രണ്ടാമത്തെ ബിയറും പൊട്ടിച്ചു കൊടുത്തു. ‘
ഞാൻ ഒഴിച്ചോളാം…’ അയാൾ കട്ടിയുള്ള ശബ്ദത്തിൽ പറഞ്ഞു. വൃദ്ധന്റെ വണ്ണമുള്ള കൈത്തണ്ടയിലെ ചുരുണ്ട രോമങ്ങൾ മുഴുവനും നരച്ചിരുന്നു. വെയ്റ്റർ കൈ ശ്രദ്ധിച്ചിട്ടു് അയാൾ കർക്കശക്കാരനാണെന്നു് ഊഹിച്ചു. ബാറിൽ വരുന്നവരെ നിരീക്ഷിച്ചു ഓരോന്നു് നെയ്തെടുക്കുന്നതു് വെയ്റ്ററുടെ ജോലിസമയ വിനോദമായിരുന്നു.
വൃദ്ധൻ ബിയർ ഗ്ലാസ്സിലേക്കു ഒഴിച്ചു. അതിലെ പത പൊന്തുന്നതു് അയാളെ കടൽ തിര നുരയുന്നതിന്റെ ഓർമ്മകളിലേക്കു് കൂട്ടി കൊണ്ടു് പോയി. ഒരു പ്രൈവറ്റ് ബീച്ച് ആയിരുന്നു അതു്. അവളെ കെട്ടിപിടിച്ചു നിന്നപ്പോൾ തിര വന്നു് കാൽ നനച്ചതു്, തിര നുര അവളുടെ കാലിൽ പൊതിയുന്നതു് നോക്കി നിന്നതു്, നിലാവിൽ കടൽ കാറ്റേറ്റു് കൈ കോർത്തു നടന്നതു്… അവളുടെ വിയർപ്പിന്റെ കൂടെ ശരീരത്തിൽ പറ്റിയ മണലിന്റെ അവശിഷ്ടം അയാളെ തൽക്ഷണം ഒരു ചെറുപ്പക്കാരനാക്കി.
ജയശ്രീ ബറുവ!
അവൾ അയാളിലേക്കും അയാൾ അവളിലേക്കും വിനോദ യാത്ര പോയി.
ബിയർ നിറഞ്ഞു തൂകിയപ്പോഴാണു് അയാൾക്കു് പരിസര ബോധം വീണ്ടു കിട്ടിയതു്. അകാരണമായി അയാളുടെ കണ്ണുകൾ നിറഞ്ഞു.
ജീവിതത്തിൽ ഒരിക്കൽ സംഭവിച്ചതു് രണ്ടാമതൊന്നു് ഓർക്കുന്നതു് അയാളുടെ ശീലമല്ല. ഇന്നു് പലതും തികട്ടി വരുന്നു. ഇതൊരു ദുഃസൂചനയാണോ…? രോഗം വരുമ്പോഴും മരണം വരുമ്പോഴും ദുർബലനാവുന്ന മനുഷ്യന്റെ ഉള്ളിലാണു് ഭൂതകാലം സങ്കടമായി പെരുകുന്നതു്. പതിവു് വേഗത്തേക്കാൾ വേഗത്തിൽ ബിയർ അകത്താക്കി കൊണ്ടു് അയാൾ തന്റെ വിശ്വാസത്തിൽ നിന്നു് പുറത്തു കടക്കാൻ ശ്രമിച്ചു. ചിന്ത ദൂരീകരിക്കാനായി കഷണ്ടിക്കാരനെ നോക്കിയപ്പോൾ അയാൾ തന്നെ നോക്കിയിരിക്കുന്നതാണു് വൃദ്ധൻ കണ്ടതു്. ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ വൃദ്ധൻ തന്റെ നോട്ടം ഒരു അപരാധിയെ പോലെ പിൻവലിച്ചു. എന്നിട്ടു് ചെമ്പല്ലി മറിച്ചിട്ടു് മറുഭാഗം തിന്നാൻ തുടങ്ങി.
ഈ കഷണ്ടിക്കാരനെ താൻ ജീവിതത്തിലെവിടെയോ വെച്ചു് കണ്ടുമുട്ടിയിട്ടുണ്ടു്. തർക്കിച്ചിട്ടുണ്ടു്… ചുണ്ടോടടുപ്പിച്ച ഗ്ലാസ് താഴെ വെച്ചിട്ടു് തത്ത ചീട്ടു് എടുക്കും പോലെ അയാൾ ആ ഓർമ്മയെ വലിച്ചു പുറത്തിട്ടു. എന്നിട്ടു് ആ ചീട്ടു് വ്യാഖ്യാനിക്കാൻ തുടങ്ങി.
കഷണ്ടിക്കാരൻ ഒരു ബ്രോക്കറാണു്. അയാൾക്കന്നു് കുറെ കൂടി മുടി ഉണ്ടായിരുന്നു. പെങ്ങളുടെ പേരിലുള്ള റോഡ് സൈഡിലെ കണ്ണായ സ്ഥലം വിൽപ്പിക്കാനായി അയാൾ കുറെ ശ്രമിച്ചതാണു്. നിത്യവും വന്നു് മോഹവില പറഞ്ഞു പ്രലോഭിപ്പിക്കും. അവസാനം ശല്യം സഹിക്കാനാവാതെ “ഈ സ്ഥലം വിൽക്കാനുള്ളതല്ല” എന്നു് വലിയ ബോർഡ് പറമ്പിൽ സ്ഥാപിക്കേണ്ടി വന്നു. വർഷങ്ങൾക്കു മുമ്പു് ഇതിന്റെ പേരിൽ ഞാൻ ഇയാളുമായി വാക്കുതർക്കം നടന്നിരുന്നു. പെങ്ങൾ പിടിച്ചു മാറ്റിയതിനാലാണു് അന്നു് അവിടെ ഒരു ചോരക്കളി നടക്കാതിരുന്നതു്. അതെ, ഇയാൾ ഒരു നശിച്ച ഭൂമി ബ്രോക്കർ ആണു്. ഇവനൊക്കെ ചാകുമ്പോൾ കുഴിച്ചിടാൻ മണ്ണു് കാണില്ല!! ‘
ചെമ്പല്ലി എങ്ങിനെയുണ്ടു് സർ?’ വെയ്റ്റർ വൃദ്ധന്റെ മുന്നിൽ പ്രത്യക്ഷപെട്ടു. ‘
അന്നു് കഴിച്ചതിനേക്കാൾ രുചിയുണ്ടു്.’ ആനന്ദം കിട്ടാനെന്നോണം വൃദ്ധൻ വെറുതെ നുണ പറഞ്ഞു.
അപ്പോൾ വെയ്റ്ററുടെ കവിളിൽ ഒരു നുണക്കുഴി തെളിഞ്ഞു വന്നു. വെയ്റ്റർക്കു് ഒരു ഗോത്രത്തലവന്റെ തൂവൽകിരീടം വെച്ചു് കൊടുക്കാനാണു് അപ്പോൾ വൃദ്ധനു് തോന്നിയതു്. അയാൾ ആ തമാശ പറയാൻ തുനിഞ്ഞെങ്കിലും വെയ്റ്റർ മറ്റൊരു ടേബിളിലേക്കു ഓർഡർ എടുക്കാൻ നടന്നു കഴിഞ്ഞിരുന്നു. വൃദ്ധൻ ചെമ്പല്ലിയുടെ വലിയ കണ്ണുകൾ ചൂഴ്‌ന്നെടുത്തു് വായിലിട്ടു ചവക്കാൻ തുടങ്ങി.
ബാറിൽ ഏറ്റവും ആദ്യം വന്ന ഏഴു ചെറുപ്പകാരുടെ കൂട്ടം പോകാനുള്ള ഒരുക്കത്തിലായിരുന്നു. പക്ഷേ, മദ്യം തീർന്നിട്ടും അവർ സംസാരം നിർത്തുന്ന മട്ടില്ല. സുഹൃത്തു് വിവാഹമോചനം നേടിയതിന്റെ പാർട്ടിയാണതെന്നു് അവരുടെ സംസാരത്തിൽ നിന്നു് വൃദ്ധൻ മനസ്സിലാക്കിയിരുന്നു. അയാൾ കാലി ഗ്ലാസ് ഉയർത്തിപ്പിടിച്ചു അവരുടെ സന്തോഷത്തിനു് ചിയേർസ് പറഞ്ഞു.
മദ്യം അകത്തു ചെല്ലുംതോറും വൃദ്ധനു് ചുറ്റും ഒരു പ്രഭാവലയം തെളിഞ്ഞു വരുന്നുണ്ടോയെന്നു് മാനേജർക്കു് സംശയം തോന്നി. അടിയന്തരാവസ്ഥക്കാലത്തു് യുവാക്കളായ മനുഷ്യസ്നേഹികളെ ഉരുട്ടിക്കൊന്ന പോലീസ് മേധാവിയാണു് ഇയാൾ. ദുരൂഹ സാഹചര്യത്തിൽ കാണാതായ ചെറുപ്പക്കാരുടെ ശവം പോലും ഈ അതികായൻ പുറംലോകം കാണിച്ചിട്ടില്ല. ആവുന്ന കാലത്തു് ഇയാൾ മരണത്തിന്റെ ആത്മാവായിരുന്നു. വാർദ്ധക്യം അയാളെ മാപ്പിനർഹനാക്കുന്നില്ല! മാനേജർ ഇങ്ങനെ ഓരോന്നു് ആലോചിക്കുന്നതിനാലാവണം വൃദ്ധനു് ചെമ്പല്ലിയുടെ എരിവു് നെറുകയിൽ കയറി. അയാൾ നിർത്താതെ തുമ്മാൻ തുടങ്ങിയപ്പോൾ ചുവന്ന ടീഷർട്ട് ധരിച്ച ചെറുപ്പക്കാരൻ തിരിഞ്ഞൊന്നു നോക്കി. തലയിൽ കൈ വെച്ചു് തുമ്മുന്നതിനിടയിൽ വൃദ്ധൻ അവന്റെ കണ്ണുകൾ ശ്രദ്ധിച്ചു. തിളക്കമുള്ള ചർമ്മം ശ്രദ്ധിച്ചു. ചെറി ചുവപ്പുള്ള തടിച്ച ചുണ്ടുകളുടെ അഴകളവിൽ ലയിച്ചതിനാലാവണം അയാളുടെ തുമ്മൽ നിലച്ചു പോയതു്!
ബന്ധുവിന്റെ മരണവീട്ടിൽ തന്റെ അടുത്തു് കിടന്ന ചെറുപ്പക്കാരനെ അപ്പോൾ അയാൾക്കു് ഓർമ്മ വന്നു. അയാളുടെ കാലിടുക്കിൽ ഒരു ഹൃദയമിടിപ്പുണ്ടായി!! ബാക്കി വന്ന സലാഡ് എടുത്തു അയാൾ സാവധാനം കഴിച്ചു. ഇലയിൽ കിടന്ന മീനിന്റെ മുൾരൂപം ഒന്നു് പിടഞ്ഞു. വൃദ്ധൻ കണ്ണടച്ചിരുന്നു. ചെമ്പല്ലി ചിറകു വിരിച്ചു വായുവിലേക്കുയർന്നു് ജലത്തിലെന്ന പോലെ നീന്താൻ തുടങ്ങി. കൗതുകമുണർത്തുന്ന ഒരു വാലനക്കമായിരുന്നു അതിന്റേതു്. നീന്തുന്നിതിനിടയിൽ ചെമ്പല്ലി ഉന്മാദത്തിന്റെ കുമിളകൾ വിടുന്നുണ്ടായിരുന്നു. അതിമനോഹരമായി വളഞ്ഞും പുളഞ്ഞും നീന്തിയ ചെമ്പല്ലി ചുവന്ന ടീഷർട്ട് ധരിച്ച ചെറുപ്പക്കാരന്റെ തലക്കു ചുറ്റും വലം വെച്ച ശേഷം അവന്റെ ചുണ്ടിൽ മുത്തമിട്ടു. വൃദ്ധൻ കണ്ണു് തുറന്നു് ശെരിക്കും നോക്കി. ചെമ്പല്ലി അവന്റെ ചുണ്ടിൽ ഫ്രഞ്ച് ചുംബനം നൽകുകയാണു് !! ചുണ്ടുകൾ നുണഞ്ഞതിനു ശേഷം പോയതിനേക്കാൾ വേഗത്തിൽ മടങ്ങി വന്ന ചെമ്പല്ലി ഇലയിൽ ഒരു മുൾരൂപമായി കിടന്നു.
ആനന്ദ ലഹരിയിലായിരുന്നു വൃദ്ധൻ ബിയർ ഗ്ലാസ് ഉയർത്താൻ ശ്രമിച്ചു. അപ്പോൾ ബാറിന്റെ ചില്ലുവാതിൽ ആരോ തുറന്നതിനാൽ, നദിയുടെ ആത്മാവ് കാറ്റിനൊപ്പം അകത്തേക്കു് കടന്നു. ബിയർ വലിച്ചു കുടിക്കുന്നതിനിടെ വൃദ്ധന്റെ പ്രാണൻ പോയി. പൊടുന്നനെ, മരിച്ച വീട്ടിലേതുപോലുള്ള ഒരു അന്തരീക്ഷം ബാറിൽ നിറഞ്ഞു.
ഒരു പ്രതിമ പോലെ ഗ്ലാസ് കൈയ്യിൽ തന്നെ ഏറെ നേരം ഇരിക്കുന്നതു് കണ്ടപ്പോഴാണു് വെയ്റ്റർ വൃദ്ധനെ പോയി തട്ടി നോക്കിയതു്. ഉടൻ മരിച്ചു പോയ ഒരു പ്രാണനെ അയാൾ ആദ്യമായാണു് തൊടുന്നതു്!
വൃദ്ധന്റെ മരണം സ്ഥിരീകരിക്കാനെന്നോണം അവസാന നെടുവീർപ്പിനൊപ്പം പുറത്തു വന്ന അധോവായു അന്തരീക്ഷത്തിൽ മണത്തു. ശവത്തിന്റെ പോക്കറ്റിൽ കിടന്നു് മൊബൈൽ അടിക്കാൻ തുടങ്ങി. വെയ്റ്റർ എന്തു് ചെയ്യണമെന്നറിയാതെ മാനേജരെ വിളിച്ചു. തന്റെ ഇരുപതു വർഷത്തെ കരിയറിൽ ബാറിൽ വെച്ചു് ഇങ്ങിനെയൊരു സംഭവം ഉണ്ടായിട്ടില്ല. മാനേജർ പക്ഷേ, മരണ വിവരം അറിഞ്ഞ ഞെട്ടലൊന്നും കാണിച്ചതേയില്ല. ‘
താൻ ഈ വിവരം ഇപ്പോൾ ആരോടും പറയേണ്ട. ഞാൻ സാറിനെ വിളിച്ചൊന്നു ചോദിക്കട്ടെ’.
സമൂഹത്തിൽ വിലയും നിലയുമുള്ള ആളുകൾ മാത്രം മദ്യപിക്കാൻ വരുന്ന ബാറാണിതു്. യാതൊരു ചീത്തപ്പേരും ഉണ്ടാവാൻ നമ്മളായിട്ടു് ഇടവരുത്തരുതു്. മാനേജർ ടൈ മുറുക്കിക്കൊണ്ടു പറഞ്ഞു. ‘
ഇയാൾ ആരായിരിക്കും?’ വെയ്റ്റർ വൃദ്ധനെ പറ്റി ചിന്തിക്കാൻ തുടങ്ങി. എന്നിട്ടു് ശവത്തിന്റെ മുഖത്തേക്കു് നോക്കാതെ ജീവനുള്ളപ്പോൾ അയാൾ കുടിച്ചു വറ്റിച്ച ബിയറിന്റെ കുപ്പികൾ എടുത്തു മാറ്റി. സെർവ് ചെയ്യുന്നതു് പോലെ വെയ്റ്റർ അഭിനയിക്കുന്നതു് കണ്ടു്, മാനേജർ ഇന്നവനു് പതിവിലധികം ടിപ്സ് കിട്ടട്ടെയെന്നു ആത്മാർത്ഥമായി ആഗ്രഹിച്ചു.
ബാറിലേക്കു് പിന്നെയൊരാളും കയറി വന്നില്ല. ശവത്തിന്റെ ടേബിളിനു് എതിർവശത്തു് ചുവന്ന ടീഷർട്ട് അണിഞ്ഞ ചെറുപ്പക്കാരനും സുഹൃത്തും റമ്മിൽ ബിയർ ഒഴിച്ചു് കുടിക്കുകയായിരുന്നു. ചുവന്ന ടീഷർട്ട് ധരിച്ച ചെറുപ്പക്കാരനാണു് ഊർജ്ജസ്വലനായി കാണപ്പെട്ടതു്. വെയ്റ്റർ അവർക്കു് ആവി പറക്കുന്ന ചീനചട്ടിയിൽ ബീഫ് ഉലർത്തിയതു് കൊണ്ടു് പോയി വെച്ചു. ചെറുപ്പക്കാർ പതിഞ്ഞ സ്വരത്തിൽ രാഷ്ട്രീയം പറഞ്ഞു തുടങ്ങിയിരുന്നു. മരണം നടന്ന വിവരം ഇപ്പോൾ വെയിറ്റർക്കും മാനേജർക്കും മാത്രമേ അറിയുകയുള്ളൂ. മൊബൈലിൽ ആരോടോ സംസാരിച്ചു കഴിഞ്ഞ ശേഷം മാനേജർ ശവത്തിന്റെ അരികിൽ വന്നു നിന്നു് ആരും ശ്രദ്ധിക്കുന്നില്ലെന്നു് ഉറപ്പു വരുത്തിയ ശേഷം ശവത്തിന്റെ ഒരു ഫോട്ടോ എടുത്തു. അതു് ആർക്കോ വാട്സ് ആപ്പ് ചെയ്തു കൊടുത്തു.
വെയ്റ്റർ വൃദ്ധനു് സെർവ് ചെയ്യുന്നതു് കുടിച്ചു പിമ്പിരിയായ കഷണ്ടിക്കാരൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വൃദ്ധൻ ബിയർ ഗ്ലാസ് താഴെ വെക്കാതെ അനങ്ങാതിരിക്കുന്നതു് തന്റെ തോന്നലാണെന്നു് സമാധാനിക്കാൻ ശ്രമിച്ചെങ്കിലും അതു് അയാളെ കൂടുതൽ അസ്വസ്ഥനാക്കികൊണ്ടിരുന്നു. ഗ്രീൻ സലാഡിലെ എരിവുള്ള നീണ്ട മുളകു് കടിച്ചുകൊണ്ടയാൾ തന്റെ ശ്രദ്ധ മാറ്റാൻ ശ്രമിച്ചെങ്കിലും അതൊരു പാഴ് ശ്രമമായി കലാശിച്ചു. മാനേജർ ബാറിലുള്ളവരെ മുഴുവൻ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അയാൾ ബാറിലെ സി സി ക്യാമറ ഓഫ് ആക്കണോയെന്നു് ഒരു നിമിഷം ശങ്കിച്ചു. പിന്നെ ആരെയോ ഫോൺ ചെയ്തു് ഒരു തീരുമാനത്തിൽ എത്തിയതുപോലെ കൗണ്ടറിനരികിൽ ചാരി നിന്നു. ‘
ഗുഡ് ഈവനിംഗ്.’ ഷോർട്ട് ഹെയർ ചെയ്ത ഒരു മധ്യവയസ്ക മാനേജരുടെ അടുത്തു് വന്നു. മാനേജരും പ്രത്യഭിവാദ്യം ചെയ്തു. ‘
സർ വന്നിരുന്നോ?’ അവർ ചോദിച്ചു. ‘
ഇല്ല.’ മാനേജർ മുഖത്തു് ചിരി വരുത്തി. അവർ നെറ്റിയിലേക്കു് വീണ മുടി ആകർഷകമായ ഒരു ചേഷ്ടയോടെ ഒതുക്കി കൊണ്ടു് ഒഴിഞ്ഞ ഒരു ടേബിളിനരികിൽ പോയി ഇരുന്നു.
ജനകീയ നേതാവാണു് പോലും. ആ തെണ്ടി പാവപ്പെട്ടവരെക്കുറിച്ചാണു് എപ്പോഴും വേവലാതി അഭിനയിക്കുന്നതു്. രണ്ടാഴ്ച കൂടുമ്പോൾ അവനു ഗോൾഡൻ ഫേഷ്യൽ ചെയ്യാൻ തന്നെ അയ്യായിരം രൂപ വേണം. ചുവന്ന ടീഷർട്ട് ധരിച്ച ചെറുപ്പക്കാരൻ ശബ്ദം നിയന്ത്രിക്കാനാവാതെ പറഞ്ഞു. വെയ്റ്റർ അവർക്കരുകിൽ വന്നു് മറ്റെന്തെങ്കിലും വേണോയെന്നു ചോദിച്ചു. അവർ അതു് കേട്ടതായി ഭാവിച്ചതേയില്ല. സംസാരത്തിനിടയിൽ ചുവന്ന ടീഷർട്ട് ധരിച്ച ചെറുപ്പക്കാരന്റെ കൂട്ടുകാരൻ ഇടയ്ക്കിടയ്ക്കു് വൃദ്ധനെ സംശയത്തോടെ നോക്കുന്നുമുണ്ടായിരുന്നു. മാനേജർ ബില്ലിംഗ് സെക്ഷനിൽ പോയി പഴയ ഒരു ബിൽ സംഘടിപ്പിച്ചു കൊണ്ടുവന്നിട്ടു് വെയിറ്ററെ ഏൽപ്പിച്ചു. അതിലെ സമയം രണ്ടു മണിക്കൂർ മുമ്പുള്ളതായിരുന്നു. ‘
ഈ ബിൽ ശവത്തിന്റെ പോക്കറ്റിൽ കൊണ്ടുപോയി തിരുകി വെക്കൂ’.
വെയ്റ്റർ ആദ്യം ഒന്നു് പരിഭ്രമിച്ചെങ്കിലും മുതലാളിയുടെ ഗുഡ്ബുക്കിൽ കയറി കൂടിയാൽ ലഭിക്കുന്ന അധിക സംരക്ഷണത്തെ പറ്റി ഓർത്തപ്പോൾ ഉത്സാഹവാനായി. അയാൾ അടുക്കളയിൽ ചെന്നു് ഒരു കൊഴുവ ഫ്രൈ എടുത്തു ശവത്തിന്റെ ടേബിളിൽ കൊണ്ടുവന്നു വെച്ചു. എന്നിട്ടു് വെറുതെ, ഇനിയെന്തെങ്കിലും വേണോ സർ എന്നു് സാമാന്യം ഉറക്കെ ചോദിച്ചു. ശവം അനങ്ങിയില്ല. അയാൾ ശവത്തിന്റെ പോക്കറ്റിൽ ബില്ല് തിരുകി വെക്കുമ്പോൾ മാനേജർ, മറ്റാരും അതു് കാണാത്ത വിധം അവിടെ ഒരു മറയായി നിന്നു് ഫോൺ ചെയ്യുന്നതായി അഭിനയിച്ചു. ‘
ശബാഷ്.’ മാനേജർ കോംമ്പ്ലിമെന്റ് നൽകുന്നതിൽ മിടുക്കനാണു്. അയാൾ ചിരിച്ചു കൊണ്ടു് മുമ്പു് വന്ന സ്ത്രീയുടെ അടുക്കലേക്കു് നടന്നു. ‘
മാഡം കഴിക്കാൻ ഒന്നും പറഞ്ഞില്ല.’ പ്രത്യേക പരിഗണന നൽകുകയാണെന്ന തോന്നൽ ഉണ്ടാക്കാനായി അയാൾ ഷോർട്ട് ഹെയർ ഉള്ള സ്ത്രീയോടു് ചോദിച്ചു. ‘
ജാക് ഡാനിയേൽ മതി.’
വെയ്റ്റർ അപ്പോഴേക്കും ഓടി വന്നു. അയാൾക്കു് ആ പതിവുകാരിയുടെ ഇഷ്ടാനിഷ്ടങ്ങൾ നന്നായി അറിയാമായിരുന്നു. ‘
ക്ലബ് സോഡാ പോരെ മാഡം?’ ‘
വേണ്ട. വെള്ളം മതി. ഇന്നൊരു ചേഞ്ച് ആയിക്കോട്ടെ.’ വെയ്റ്റർ കാര്യങ്ങൾ ഏറ്റെടുത്തപ്പോൾ മാനേജർ അവർക്കൊരു പുഞ്ചിരി സമ്മാനിച്ചു് പിൻവാങ്ങി. ‘
സർ ഇനിയെന്താണു് പ്ലാൻ?’ വെയ്റ്റർ കഷണ്ടിക്കാരന്റെ ടേബിളിൽ നിന്നു് മറ്റൊരു ഓർഡർ സ്വീകരിച്ചു മടങ്ങുന്ന വഴി മാനേജരോടു് ചോദിച്ചു. ‘
ഫോൺ വരാൻ കാത്തിരിക്കുകയാണു്. ഞാൻ പറയാം.’
വെയ്റ്റർ അടുക്കളവാതിൽ തുറന്നപ്പോൾ മീൻ വറുക്കുന്നതിന്റെ മണം ചെറുതായി ബാറിലേക്കു് വന്നു. എ സി തണുപ്പിൽ ശവം സുരക്ഷിതമായി ഇരിപ്പാണു്. ഒരു വലിയ ടേബിളിനു ചുറ്റും ഇരുന്ന ഏഴു പേരുടെ സംഘം ബില്ലടച്ചു് എഴുന്നേറ്റപ്പോൾ മാനേജർക്കു് വലിയ സന്തോഷം തോന്നി. ഇനി ബാറിൽ ഷോർട്ട് ഹെയർ ചെയ്ത മാഡവും കഷണ്ടിക്കാരനും രണ്ടു ചെറുപ്പക്കാരും മാത്രമേ ഉള്ളൂ.
ഏഴുപേരിൽ ഒരാൾ മൂത്രമൊഴിക്കാനായി വൃദ്ധന്റെ അരികിലൂടെ ബാത് റൂമിലേക്കു് പോയപ്പോൾ മാനേജർ ഓടിവന്നു് ശവത്തിനു കാവൽ നിന്നു. ആരെങ്കിലും കാൽ തെറ്റി ശവത്തിനു മുകളിലേക്കു് വീഴാതിരിക്കാൻ അയാൾ ജാഗ്രത പാലിച്ചു.
ബാത്റൂമിൽ ഫ്ലെഷ് ചെയ്യുന്നതിന്റെ ശബ്ദം പുറത്തേക്കു വരുന്നതും കാതോർത്തു അതിർത്തി ഭടന്റെ ജാഗ്രതയോടെ മാനേജർ അവിടെ നിന്നു. അയാളുടെ നിൽപ്പു് കണ്ടു് ശവത്തിനു തന്നെ ചിരി വന്നു കാണും.
ബാത്റൂമിൽ നിന്നു വന്ന കക്ഷി ശവത്തിന്റെ അരികിൽ നില തെറ്റി നിന്നു. എന്നിട്ട് പാന്റ്സ് വലിച്ചു കേറ്റി വൃദ്ധനെ നോക്കി, പരിഹാസം കലർന്ന സ്വരത്തിൽ മാനേജരുടെ ചെവിയിൽ സ്വകാര്യം പറഞ്ഞു. ‘
കിളവൻ നല്ല ടാങ്ക് ആണല്ലേ?’
അയാൾ അവിടെ വീഴുമെന്നു തോന്നിച്ചെങ്കിലും അതുണ്ടായില്ല. അത്ഭുതകരമായി ബാലൻസ് തിരിച്ചു പിടിച്ചു കൊണ്ടു് അയാൾ കൂട്ടുകാർക്കൊപ്പം ബാറിൽ നിന്നിറങ്ങി. മാനേജർ വെയിറ്ററെ വിളിപ്പിച്ചിട്ടു് ഇനി ആരെയും ബാറിലേക്കു് കയറ്റി വിടേണ്ടയെന്നു് ചട്ടം കെട്ടി. പുതിയതായി വരുന്നവരോടു് റൂഫ്ടോപ്പിൽ മാത്രമേ സർവീസ് ഉള്ളുയെന്നു് പറയാൻ കാവൽക്കാരനെയും ഏൽപ്പിച്ചു.
ഗ്ലാസ്സുകൾ കൂട്ടിമുട്ടുന്നതിന്റെ ഒച്ച ബാറിലെ നേർത്ത സംഗീതത്തിനിടയിലും വ്യക്തമായി കേൾക്കാമായിരുന്നു.
മദ്യപാനികളുടെ ശ്രദ്ധ ശവത്തിലേക്കു് തിരിയാതിരിക്കാനായി ബാറിലെ വലിയ സ്ക്രീനിലെ വോളിയം മാനേജർ കൂട്ടിവെച്ചു. അതിൽ നിന്നു് 13 എ ഡി ബാൻഡിന്റെ സംഗീതം പുറത്തേക്കു് വന്നു.
ഷോർട്ട് ഹെയർ കട്ടുള്ള സ്ത്രീ അൽപ്പനേരം സ്ക്രീനിൽ നോക്കികൊണ്ടിരുന്നു. രണ്ടു പെഗ് അവർ അപ്പോഴേക്കും തീർത്തു കഴിഞ്ഞിരുന്നു. ‘
സർ ഇനിയെന്താണു് ചെയ്യേണ്ടതു്?’ വെയ്റ്റർ പതിഞ്ഞ സ്വരത്തിൽ മാനേജരോടു് ചോദിച്ചു. ‘
ധൃതി വെക്കാതെ… ഞാൻ പറയാം. സാറിപ്പോൾ തിരിച്ചു വിളിക്കും.’
മാനേജർ കൗണ്ടറിൽ ഇരുന്നു് ഒരു പെഗ് അകത്താക്കി. ഡ്യൂട്ടി ടൈമിൽ അയാൾക്കു് മാത്രമേ മദ്യപിക്കാനുള്ള അനുവാദമുള്ളൂ. എത്ര കുടിച്ചാലും പരിസരബോധം മറക്കാത്ത ഒരു ജന്മമായിരുന്നു മാനേജരുടേതു്. അയാൾ ഈ ഭൂമിയിലെ ഏറ്റവും നല്ല ബാർ സൂക്ഷിപ്പുകാരനാണു്. നല്ല സമരിയക്കാരൻ…!
ബാറിന്റെ ആറാം നമ്പർ ടേബിളിൽ ഏഴുപേർ കഴിച്ചൊഴുവാക്കിയ കുപ്പികളും എച്ചിൽ പാത്രങ്ങളും വെയ്റ്റർ എടുത്തു മാറ്റി കൊണ്ടിരുന്നപ്പോൾ മേശയുടെ താഴെ നിന്നു് ഒരു പേഴ്സ് കിട്ടി. തുകലിന്റെ ബ്രാൻഡ് പേഴ്സ് ആയിരുന്നു അതു്. അയാളതു് മേനേജരെ ഏൽപ്പിച്ചു. സമയം പോകാനായി മാനേജർ അതു് തുറന്നു നോക്കി. അതിൽ ഖനനം ചെയ്തെടുത്ത, കൃത്രിമ കണ്ണു് വെച്ച ഒരു തലയോട്ടിയുടെ ഫോട്ടോ ഉണ്ടായിരുന്നു. കൂടുതൽ ഒന്നും നോക്കാതെ മാനേജർ പേഴ്സ് വലിപ്പിൽ നീരസത്തോടെ എടുത്തു വെച്ചു. എന്നിട്ടു് ബാക്കി വന്ന മദ്യം ധൃതിയിൽ ഒറ്റ വലിക്കു് അകത്താക്കി. ടിഷ്യു പേപ്പർ കൊണ്ടു് മുഖം ഒപ്പി.
കഷണ്ടിക്കാരൻ മേനേജരെ പൊതുമര്യാദ ലംഘിച്ചു കൊണ്ടു് വിസിലടിച്ചു വിളിച്ചു. ഉന്നതങ്ങളിൽ സ്വാധീനമുള്ള കഷണ്ടിക്കാരന്റെ പെരുമാറ്റം മേനേജർക്കു ഒട്ടും ഇഷ്ടമായില്ലെങ്കിലും അയാൾ പുഞ്ചിരിച്ചു കൊണ്ടു് അടുത്തേക്കു് ചെന്നു. ‘
എന്താണു് സർ?’ ‘
ആ കിളവൻ തട്ടിപ്പോയോ?’
കഷണ്ടിക്കാരന്റെ ചോദ്യം കേട്ടു് മാനേജർ തെല്ലൊന്നു പകച്ചു പോയി. ‘
ഞാൻ ചോദിച്ചെന്നേയുള്ളൂ.’ അയാൾ ഇറച്ചി ചവക്കാൻ തുടങ്ങിയപ്പോൾ മാനേജർ ശ്വാസം വിട്ടു. ‘
ഫിറ്റാണു് പഹയൻ.’ ‘
സർ നമ്മൾ ജീവിച്ചിരിക്കുന്ന ഒരാളെ പറ്റി ഇങ്ങിനെയൊക്കെ പറയുന്നതു് മോശമല്ലേ?’
മാനേജർ പ്രയാസപ്പെട്ടു് ചോദിച്ചു. ‘
ബാറിൽ നേരം ചെലവിടുന്നവരൊക്കെ എന്നേ മരിച്ചവരാടോ’.
കഷണ്ടിക്കാരൻ ഗൗരവക്കാരനെ പോലെ അഭിനയിക്കുന്നതായി മാനേജർക്കു് തോന്നി. ‘
ഓ കെ സർ.’
മാനേജർക്കു് അപ്പോൾ ഒരു കാൾ വന്നു. അയാൾ ധൃതിയിൽ നടന്നു് കൗണ്ടറിൽ കയറി കൈ പൊത്തി പിടിച്ചു സംസാരിക്കാൻ തുടങ്ങി.
ഷോർട്ട് ഹെയർ കട്ടുള്ള സ്ത്രീ വെയിറ്ററെ ആംഗ്യം കാണിച്ചു വിളിച്ചു. എന്തെങ്കിലും ഓർഡർ പറയാനാകുമെന്നാണു് വെയ്റ്റർ കരുതിയതു്. ‘
ഇരിക്കൂ…’ അവർ അയാളോടു് പറഞ്ഞു. ‘
ഇല്ല മാഡം… കസ്റ്റമറുടെ അടുത്തിരിക്കാൻ ഞങ്ങൾക്കു് അനുവാദമില്ല.’ ‘
അവിടെ ഇരിക്കുന്ന വൃദ്ധനെ എനിക്കു് നല്ല പരിചയം തോന്നുന്നു. പക്ഷേ, ആരാണെന്നു് ഒരു പിടിയും കിട്ടുന്നില്ല… ആരാണു് അദ്ദേഹം?’
വെയ്റ്റർ പരിഭ്രമിച്ചു പോയി. ‘
അതു് എനിക്കറിയില്ല മാഡം… ഇവിടെ നിത്യവും വരാറുണ്ടു്.’ ‘
ആ…’ ‘
എനിക്കൊരു റാബിറ്റ് ഫ്രൈ എടുത്തോളൂ…’ അവർ താൻ കുടിച്ചു പകുതിയാക്കിയ ഗ്ലാസ് ഇടത്തെ കൈ കൊണ്ടു് നീക്കി വെച്ചു.
മാനേജരെ അസ്വാഭാവികമായി നോക്കികൊണ്ടു് വെയ്റ്റർ അടുക്കളയിലേക്കു് നടന്നു. മാനേജർ ഫോൺ സംസാരം നിർത്തുന്ന മട്ടില്ല.
ഷോർട്ട് ഹെയർ ഉള്ള സ്ത്രീ ആ വൃദ്ധനെ പറ്റി ഓരോന്നു് ആലോചിക്കാൻ തുടങ്ങി. തന്റെ ഇരുപതാം വയസ്സിൽ കടൽക്കരയിലെ ഫ്ലാറ്റിൽ താമസിക്കുന്ന കാലത്തു്, ഒരു നട്ടുച്ച നേരത്തു് കതകിനു് മുട്ടിയ മനുഷ്യനു് ഇയാളുടെ മുഖച്ഛായ ആയിരുന്നു. അന്നു്… ഓ… അതു് ഓർക്കുമ്പോൾ ഇന്നും കാലിടുക്കിൽ വലിയ നീറ്റലാണു്. ചുണ്ടു പൊട്ടിയ വേദനയാണു്. എത്ര ക്രൂരമായാണു്, യാതൊരു മയവുമില്ലാതെ… എന്നെ… അതെ ഇയാൾ അയാൾ തന്നെയാണു്. അവർ ഗ്ലാസിലെ മദ്യം വളരെ സാവധാനം നുണഞ്ഞു. മറ്റൊന്നു് ഒഴിച്ചു. എന്നിട്ടു് അതും തീർത്തു.
അവർ എല്ലാ ആഴ്ച അവസാനവും ബാറിൽ വരും. ഒരു ഫുൾ ജെ ഡി പറയും. അതു് തീർത്തിട്ടേ അവർ പോകാറുള്ളൂ. മിക്കപ്പോഴും സാറിനൊപ്പമാണു് ബാറിൽ നിന്നു് രാത്രിയിലേക്കു് ഇറങ്ങുന്നതു്.
അവർ വൃദ്ധനെ നോക്കികൊണ്ടു് തന്റെ തുടയിടുക്കിൽ വെറുതെ കൈ വെച്ചു. അസ്വസ്ഥയായ അവർ ഉടനെ കരയുമെന്നു് തോന്നി. അന്നേരം കുറെ ഓമനത്തമുള്ള വെളുത്ത മുയലുകൾ അവരുടെ കാലിടുക്കിൽ നിന്നും പുറത്തേക്കിറങ്ങി ബാറിൽ മേയാൻ തുടങ്ങി. അതിലൊന്നിനെ മടിയിലെടുത്തു വെച്ചതും അതു് അപ്രത്യക്ഷമായി. അവരുടെ കണ്ണു് നിറഞ്ഞു. ബാറിലെ സ്ക്രീൻ ഒരു നിമിഷനേരത്തേക്കു് ഓഫ് ആയിപോയി. അതിൽ ഇരുട്ടു് പരന്നു. “ദൈവമല്ല അപരിചിതരാണു് ഒരാളുടെ ജീവിതം ട്യൂൺ ചെയ്യുന്നതു്”. അവർ അടുത്ത ഗ്ലാസ് നിറച്ചു. അപ്പോഴേക്കും ടേബിളിൽ മുയലിറച്ചി വരട്ടിയതു് എത്തി. ‘
നന്നായി പെപ്പർ ഇട്ടിട്ടുണ്ടു് അല്ലേ… ഫൈൻ.’ തന്റെ മനോഹരമായ മുടി ഉഴിഞ്ഞു കൊണ്ടു് അവർ പറഞ്ഞു.
വെയ്റ്റർ ആത്മാഭിമാനത്തോടെ അവരുടെ മുന്നിൽ നിന്നു. ‘
അപ്പോൾ ആ വൃദ്ധനെ പറ്റി നിങ്ങൾക്കു് യാതൊന്നും അറിയില്ല?’ അവർ വീണ്ടും സംശയാലുവായി. ‘
ഇല്ല മാഡം… മാസങ്ങളായി മാഡവും ഈ ബാറിൽ വരുന്നുണ്ടു്. പക്ഷേ, മാഡം ആരാണെന്നോ എന്തു് ചെയ്യുന്നുവെന്നോ എവിടെ താമസിക്കുന്നുയെന്നോ എനിക്കറിയില്ലല്ലോ. ബാറിൽ വരുന്ന പതിവുകാരുടെ അഭിരുചികൾ മാത്രമേ ഞങ്ങൾക്കു് അറിയൂ.’ പല ജാതി മനുഷ്യരോടു് ഇടപഴകി ശീലിച്ച ചാതുര്യത്തോടെ വെയ്റ്റർ ശാന്തസ്വരത്തിൽ പറഞ്ഞു. ‘
ഐ ആം ലേഡി മാക്ബത്ത്…’ അവർ സാമാന്യം ഉറക്കെ നീണ്ടുനിൽക്കുന്ന ഒരു ചിരി പ്രസരിപ്പിച്ചു.
വെയ്റ്റർ ആ സ്ത്രീയുമായി കുറെ നേരം സംസാരിക്കുന്നതിൽ മാനേജർക്കു് നീരസം തോന്നി. ഷോർട്ട് ഹെയർ ഉള്ള സ്ത്രീ ഗ്ലാസിൽ ഒഴിച്ചതു് ഓൺ ദി റോക്ക്സ് ആയി അടിച്ചു കൊണ്ടേ ഇരുന്നു.
കഷണ്ടിക്കാരനു് ഇതു് കണ്ടു് ഉള്ളിൽ ചിരി പൊട്ടി. അയാൾ ഇറച്ചി ചവച്ചു കൊണ്ടു് ഏറെനേരം അവരെത്തന്നെ നോക്കിയിരുന്നു.
മാനേജരുടെ നിർദ്ദേശപ്രകാരം വെയ്റ്റർ അസ്വസ്ഥതയോടെ, തേക്കു് തടി കൊണ്ടു് നിർമ്മിച്ച കൗണ്ടറിലെ റാക്കിൽ പുതിയ ഇനം ബ്രാൻഡുകൾ അടുക്കിവെക്കാൻ തുടങ്ങി. ഇന്നു് താൻ മാത്രമേ സെർവ് ചെയ്യാൻ ഉള്ളൂ. ബില്ലിംഗ് സെക്ഷനിലും ആളില്ല. വല്ലാത്ത ഒരു ദിവസമാണിന്നു്. അയാൾ റൂഫ്ടോപ്പിലെ ഡ്യൂട്ടി ഒഴിവാക്കിയതിൽ ഖേദിച്ചു. വമ്പൻ ടിപ്സ് കിട്ടുമല്ലോയെന്നു നിനച്ചാണു് ഈ എക്സ്ട്രാ ഡ്യൂട്ടി ചോദിച്ചു വാങ്ങിയതു്. അതു് അബദ്ധമായോ…? അസ്വസ്ഥ വിചാരങ്ങൾക്കിടയിൽ കുപ്പികൾ കൂട്ടിമുട്ടി. അയാളുടെ ഉള്ളൊന്നു കാളി. വീണു പൊട്ടിയാൽ ആ ബ്രാൻഡിന്റെ കാശ് ശമ്പളത്തിൽ നിന്നു പോകും. ‘സാറേ ഇതിപ്പോ കുറെ നേരമായി… ഇനിയും വൈകിയാൽ ശവത്തെ കിടത്തണമെങ്കിൽ എല്ലൊക്കെ തല്ലി പൊട്ടിച്ചു നിവർത്തേണ്ടിവരും… ശരീരത്തിന്റെ ചൂടാറും മുമ്പേ ശവത്തെ കിടത്തേണ്ടേ?’
അയാൾ തന്റെ അസ്വസ്ഥത മാനേജർക്കു് പകർന്നു കൊടുത്തു. ‘
സാറിപ്പോൾ ഇങ്ങോട്ടു വരാമെന്നു പറഞ്ഞിട്ടുണ്ടു്. താൻ എന്നെ കൂടി ടെൻഷൻ ആക്കല്ലേ.’ മാനേജർ കൗണ്ടറിലെ ഉയർന്ന കസേരയിൽ പ്രയാസപ്പെട്ടിരുന്നു. മദ്യം തീർന്നപ്പോൾ ചെറുപ്പക്കാർ രാഷ്ട്രീയം പറച്ചിൽ നിർത്തി. ചുവന്ന ടീഷർട്ട് ധരിച്ച ചെറുപ്പക്കാരൻ ബാത്റൂമിലേക്കു പോയപ്പോൾ സഹമദ്യപൻ വൃദ്ധനെ തന്നെ നോക്കിയിരുന്നു. ജീവിതത്തിൽ എവിടെയോ വെച്ചു് ഞാൻ ഇയാളെ കണ്ടിട്ടുണ്ടു്. ഒന്നല്ല പലവട്ടം. പക്ഷേ, അതു് എവിടെ വെച്ചാണു്? നല്ല പരിചയമുള്ള ഒരാളെ പെട്ടന്നു് മറന്നു പോയാലുള്ള ഒരു തരം നീറ്റൽ അപ്പോൾ ആ ചെറുപ്പക്കാരനെ പിടി കൂടി. അവൻ അച്ചാർ തൊട്ടു നക്കി. വീണ്ടും ഓർമ്മകളിൽ പരതി. അസ്വസ്ഥനായി. ‘
ഇതു് ആ ചെകുത്താൻ ഡോക്ടർ തന്നെ. അയാൾ ഇത്ര പെട്ടന്നു് വൃദ്ധനായി പോയോ…? പക്ഷേ, ആ ഹെയർ സ്റ്റൈലിനു് യാതൊരു മാറ്റവും ഇല്ല. അതെ… ഇതു് അയാൾ തന്നെയാണു്. ചെകുത്താൻ ഡോക്ടർ…!
വല്യപ്പച്ചന്റെ കാലു് മുറിച്ച പന്നി…’
പതിനഞ്ചു വർഷം മുമ്പാണു് സംഭവം. വല്യപ്പച്ചൻ നല്ല പുകവലിക്കാരൻ ആയിരുന്നു. തെരപ്പു ബീഡിയാണു് മൂപ്പരുടെ മെയിൻ ഐറ്റം. വെള്ളം കുടിക്കാൻ കിട്ടിയില്ലെങ്കിലും വേണ്ടിയില്ല ബീഡി വേണം എന്ന അവസ്ഥയായിരുന്നു. അങ്ങിനെ വർഷങ്ങൾ പുക വലിച്ചു വലിച്ചു കാലിലെ ഞെരമ്പുകളിൽ നിക്കോട്ടിൻ അടിഞ്ഞു കൂടി വേദനയൊന്നും അറിയാതെയായി. എവിടെയോ തട്ടി പഴുത്തതൊന്നും പുള്ളി അറിഞ്ഞില്ല. പഴുപ്പു് മണക്കാൻ തുടങ്ങിയപ്പോഴാണു് ആശുപത്രിയിൽ എത്തിയതു്. ഈ ചെകുത്താൻ ഡോക്ടർ ആയിരുന്നു നോക്കിയിരുന്നതു്. ഡോക്ടർ മുട്ടിനു താഴെ കാലു് മുറിക്കാൻ നിർദ്ദേശിച്ചു. അതു് ചെയ്തു. പക്ഷേ, പ്രശ്നം അവിടം കൊണ്ടൊന്നും അവസാനിച്ചില്ല. ചെകുത്താൻ ഡോക്ടറുടെ ആശുപത്രിയിൽ നിന്നു് കാലു് രോഗി തന്നെ കൊണ്ടുപോകണമെന്നു് പറഞ്ഞു. അവർക്കു് അതു് ഡിസ്പോസ് ചെയ്യാനുള്ള സംവിധാനം ഇല്ലത്രെ. നിയമവും അനുവദിക്കുന്നില്ലായെന്നാണു് അന്നു് ഡോക്ടർ പറഞ്ഞതു്. വീട്ടുകാർ കുടുങ്ങി. ഇനി കാലു് എന്തു് ചെയ്യും. വീട്ടു പറമ്പിലൊന്നും കുഴിച്ചിടാൻ സ്ഥലമില്ല. അവസാനം പള്ളിലച്ചന്റെ അടുത്തു് പോയി സംസാരിച്ചു. സെമിത്തേരിയിൽ ഒരിടത്തു കുഴിച്ചിടാനുള്ള അനുവാദം കിട്ടി. വല്യപ്പച്ചൻ പെട്ടിയിലാകും മുമ്പു് വല്യപ്പച്ചന്റെ കാലു് സെമിത്തേരിയിൽ വിശ്രമിച്ചു. ഉയിർത്തെഴുന്നേറ്റു…!
തന്റെ കാലു് കുറുക്കന്മാർ മാന്തി പുറത്തിടുമെന്നു് ദുസ്വപ്നം കണ്ടു് ആധി പിടിച്ചാണു് അവസാനം വല്യപ്പച്ചൻ പോയതു്. ‘
നീ ധ്യാനത്തിലിരിക്കുകയാണോ?’ തലയിൽ രണ്ടു കൈയും വെച്ചിരിക്കുന്ന കൂട്ടുകാരനോടു് ചുവന്ന ടി ഷർട്ട് ധരിച്ച ചെറുപ്പക്കാരൻ ചോദിച്ചു. ‘
ഫിറ്റായാൽ ഞാൻ നിന്നെ പോലെ അല്ലെടാ… എനിക്കു് പഴയ കാര്യങ്ങൾ തികട്ടി വരും.’ അവൻ ബാത്റൂമിലേക്കു് നടന്നു. മനസ്സു് മുഴുവൻ ആ വൃദ്ധനെക്കുറിച്ചുള്ള വിചാരങ്ങളാണു്. മൂത്രത്തോടൊപ്പം അവന്റെ അസ്വസ്ഥത ഒലിച്ചു പോയി. അതിനാൽ വൃദ്ധനോടു് പോയി സംസാരിക്കണമെന്ന തീരുമാനം അവനുപേക്ഷിച്ചു. ഭാരമൊഴിഞ്ഞ മനസ്സുമായാണു് അവൻ കസേരയിൽ വന്നിരുന്നതു്. ‘
നമുക്കു് ഓരോന്നു് കൂടി പറയാം അല്ലേ?’ കൂട്ടുകാരൻ പറഞ്ഞതിനോടു് അവൻ തലയാട്ടി. അവർ ഓർഡർ പറഞ്ഞു. ‘രണ്ടു് ലാർജ് റിപീറ്റ്… ഒരു ബിയറും.’ ‘
എടോ നീ ആ കിഴവനെ ശ്രദ്ധിച്ചോ?’ ‘
നമ്മൾ കഴിഞ്ഞ ആഴ്ച വന്നപ്പോഴും അയാൾ അതേ ടേബിളിലിരുന്നു് കുടിക്കുന്നുണ്ടായിരുന്നു. മനുഷ്യനായാൽ വാർദ്ധക്യം ഇങ്ങിനെ ആഘോഷിക്കണം… ഹി ഈസ് എ ബോൾഡ് മാൻ… അയാളുടെ സ്റ്റാലിന്റേതു പോലുള്ള മീശ കണ്ടോ?’ ചുവന്ന ടീഷർട്ട്കാരൻ കുലുങ്ങി ചിരിച്ചു. കൂട്ടുകാരനും ചിരിച്ചു. അവൻ തന്റെ വിചാരങ്ങളിൽ നടക്കുന്ന ഒറ്റകാലിനെ മണ്ണിട്ടു് മൂടി. ‘
സമയമാം രഥത്തിൽ നാം സ്വർഗ്ഗയാത്ര ചെയ്യുന്നു…’ ബാറിലെ സ്ഥിരതയെ ഹനിച്ചുകൊണ്ടു കഷണ്ടിക്കാരന്റെ പാട്ടു് ഉച്ചത്തിൽ മുഴങ്ങി. മാനേജർക്കു് ഇതു് കേട്ടു് ശരിക്കും കലിയിളകി. അയാൾ കഷണ്ടിക്കാരന്റെ അടുത്തു് ചെന്നു് ‘സർ മറ്റുള്ളവർക്കു് ബുദ്ധിമുട്ടാകും’ എന്നു് പറഞ്ഞു. ‘
ഓക്കേ… ഓക്കേ…’
കഷണ്ടിക്കാരൻ ഒരു കൊച്ചു കുഞ്ഞിനെ പോലെ ക്ഷമ യാചിച്ചു. എന്നിട്ടു് തന്റെ തന്നെ നിഴലിനെ നോക്കിയിരുന്നു. ഈ ലോകത്തു അയാൾക്കു് ഏറ്റവും സമാധാനം ലഭിക്കുന്ന കാര്യം അതാണെന്ന പോലെ.
ബാറിൽ നടക്കുന്ന കാര്യങ്ങൾക്കൊന്നും അധികം ശ്രദ്ധ കൊടുക്കാതെ ഷോർട്ട് ഹെയർ ഉള്ള സ്ത്രീ കുപ്പിയിലുള്ളതു് പകുതിയാക്കിയിരുന്നു. മുമ്പു് കണ്ട പ്രസരിപ്പൊന്നും ഇപ്പോൾ അവരുടെ മുഖത്തില്ല.
അവർ ഒരു ലാർജ് കൂടി ഒഴിച്ചു. എന്നിട്ടു് തന്റെ മനോഹരമായ ചുവന്ന നെയിൽ പോളിഷ് ചെയ്ത വിരൽ ഗ്ലാസിൽ മുക്കി, അതിന്റെ ഭംഗി നോക്കികൊണ്ടിരുന്നു. പിന്നെ ഫോണിൽ ആ ചിത്രം പകർത്തി എഡിറ്റ് ചെയ്ത ശേഷം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.
ശവത്തിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ വീണ്ടും അടിക്കാൻ തുടങ്ങി. വെയ്റ്റർ ഒരു ബിയറുമായി ശവത്തിന്റെ അരികിലേക്കെത്തിയതും റിങ്ങ് നിലച്ചു. റേഞ്ചു പോയതു് കൊണ്ടാണോ ചാർജ് തീർന്നതു് കൊണ്ടാണോ അതോ ആരും വിളിക്കാത്തതു കൊണ്ടാണോ എന്നറിയില്ല പിന്നീടു് ഫോൺ ശബ്ദിച്ചതേയില്ല.
വെയിറ്റർക്കു് ഈ കളി മടുത്തു തുടങ്ങിയിരുന്നു. ഇതു് പുലിവാലാകും. ഇവരൊക്കെ വലിയ ആളുകളാണു്. സ്വാധീനമുള്ളവരാണു്. തന്റെ ചെറിയ ജീവിതം ഈ അരണ്ട വെളിച്ചത്തിൽ ഒടുങ്ങി പോകുമോ എന്നയാൾ ഭയന്നു. അപ്പോൾ അയാൾ ഒരാഴ്ച മുമ്പു് വഴക്കിട്ടു് പോയ ഭാര്യയെ ഓർത്തു. അവൾ ഉണ്ടാക്കാറുള്ള മീൻകറി നാവിൽ രുചിച്ചപ്പോൾ അയാൾക്കു് കരച്ചിൽ വന്നു. കുടിച്ചു കൊണ്ടിരിക്കുമ്പോൾ വൃദ്ധൻ മരിച്ചുപോയിയെന്നു് ഉറക്കെ വിളിച്ചു പറയാൻ തോന്നി.
അന്നേരം ആരോ അയാളുടെ തോളിൽ കൈ വെച്ചു. മാനേജർ ആണു്. “ഇപ്പോൾ സാറ് വിളിച്ചിരുന്നു. കസേര സഹിതം ശവത്തെ സർവീസ് ലിഫ്റ്റ് വഴി താഴേക്കിറക്കാനാണു് നിർദ്ദേശിച്ചതു്.”
മരണശേഷമുള്ള ദുർവിധിയെ പറ്റി മാനേജർക്കു് അപ്പോൾ തെല്ലു സങ്കടമുണ്ടായി. അയാൾ ഉടനെ ചെന്നു് സംഗീതത്തിന്റെ വോളിയം കുറച്ചു. ചുവന്ന ടീഷർട്ട് ഇട്ട ചെറുപ്പക്കാരൻ വെയിറ്ററെ വിളിച്ചു. കൈയ്യിലുള്ള ബിയർ ശവത്തിന്റെ ടേബിളിൽ വെക്കണോ അതോ തിരിച്ചു കൊണ്ടുപോകണോ എന്ന സന്ദേഹം അപ്പോഴാണു് വെയിറ്റർക്കു് മാറിയതു്. അയാൾ ബിയറുമായി ചെറുപ്പക്കാരുടെ ടേബിളിനരികിൽ സന്തോഷം വരുത്തി നിന്നു. ‘
ഇനി ഒന്നും വേണ്ട… ബില്ല് എടുത്തോളൂ.’
ചുവന്ന ടീഷർട്ട് ധരിച്ച ചെറുപ്പക്കാരൻ ഇതു് പറയുമ്പോൾ അവന്റെ കൂട്ടുകാരൻ തല ഉയർത്താതെ തന്റെ നീല ബ്രാൻഡഡ് ബോട്ട് ഷൂവിലേക്കും നോക്കിയിരിപ്പായിരുന്നു.
ഒരു ഫുൾ ബോട്ടിൽ പകുതിയിലധികം തീർത്തിട്ടും ഷോർട്ട് ഹെയറുള്ള സ്ത്രീക്കു് യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല. അവർ ഒന്നു് എഴുനേറ്റു നിന്നു് പാന്റ്സിന്റെ മുൻപോക്കറ്റിൽ നിന്നു് മൊബൈൽ എടുത്തു ടേബിളിൽ വെച്ചു. പ്രയാസപ്പെട്ടു് നമ്പർ ഡയല് ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നെ ചുറ്റിലും നോക്കിയപ്പോൾ മുയലുകൾ ഓടി കളിക്കുന്നതായി അനുഭവപ്പെട്ടു. വല്ലാതെ പേടി തോന്നിയതിനാൽ അവർ രണ്ടു് കൈപ്പത്തി കൊണ്ടും തുടയിടുക്കിൽ പൊത്തിപ്പിടിച്ചു വിതുമ്പി. ബാർ ഇതൊന്നും അറിഞ്ഞതേയില്ല. ശവം ഒന്നും കാണാത്തതു പോലെ കണ്ണടച്ചിരുന്നു.
ബില്ല് വന്നപ്പോൾ അറ്റുപോയ ഒരു കാലു് ബാറിലൂടെ നടക്കുന്നതായി കൂട്ടുകാരൻ ചുവന്ന ടീഷർട്ട് ഇട്ട ചെറുപ്പക്കാരനോടു് ഭയം പറഞ്ഞു. ‘
നീ ഫിറ്റ് ആയാൽ എപ്പോഴും ഒരു മാന്ത്രികൻ ആണു്.’ ‘
എടാ ആ കിഴവൻ ഒരു പിശാചാണു്…’ ‘
പോടോ… പുറത്തു പോയി വാളു് വെച്ചാൽ നിന്റെ പ്രശ്നം മാറിക്കൊള്ളും.’ അവർ ടിപ്സ് കൊടുത്തു ബാറിന്റെ പിൻവാതിലിലൂടെ പുറത്തേക്കിറങ്ങി.
ശവം ഭാഗ്യം കൊണ്ടു് വന്നിരിക്കുന്നു. അവന്മാർ അഞ്ഞൂറു് രൂപയാണു് ടിപ്സ് വെച്ചിരിക്കുന്നതു്. വെയിറ്റർക്കു അതിയായ സന്തോഷം തോന്നി. അയാൾ ശാപവാക്കുകൾ പറയാതെ അവരുടെ എച്ചിൽ പാത്രങ്ങളെടുത്തു കൊണ്ടു് പോയി.
കഷണ്ടിക്കാരൻ ബാത്റൂമിലേക്കു പോകുന്ന വഴി കൗണ്ടറിൽ രണ്ടു് കൈയും കുത്തി നിന്നു. മാനേജർ അയാളെ വിനയം അഭിനയിച്ചു കൊണ്ടാണു് നേരിട്ടതു്. ‘
ആ വൃദ്ധനെ എനിക്കറിയാം…’ കഷണ്ടിക്കാരൻ പറഞ്ഞു.
അയാൾ ഒരു നല്ല മനുഷ്യനാണു്. ഞാൻ കുട്ടിയായിരിക്കുമ്പോൾ ആദ്യമായി എന്നെ കടൽ കാണിക്കാൻ കൊണ്ടുപോയ അയൽവാസിയുടെ മുഖമാണു് അയാൾക്കു്. ‘
ഇയാൾ തലവേദനയാകുന്ന ലക്ഷണമാണല്ലോ…’ മാനേജർ ചിരിച്ചു…
തിരിച്ചു ചിരിക്കാതെ കഷണ്ടിക്കാരൻ ബാത്റൂമിലേക്കു് നടന്നു.
ശവത്തിനരികിലേക്കു അയാൾ ചെന്നതേയില്ല. മാനേജരും വെയിറ്ററും വലിയ സ്ക്രീനിൽ പതിമൂന്നു എ ഡി ബാൻഡിന്റെ സംഗീതം ആസ്വദിച്ചു കൊണ്ടു് നിന്നു. ഒരു നിമിഷം അവർ ശവത്തെ പറ്റി മാത്രം മറന്നു പോയിരുന്നു. ബാത്റൂമിൽ നിന്നു കഷണ്ടിക്കാരൻ വരാൻ വൈകുന്നതു് കണ്ടു് മാനേജർ വെയിറ്ററോടു് കണ്ണു് കൊണ്ടു് എന്തോ ആംഗ്യം കാണിച്ചു. വെയ്റ്റർ ശവം ഇരുന്ന കസേര വലിച്ചു അരികിലേക്കു് നീക്കാൻ ശ്രമിച്ചു. കസേര നീക്കുന്ന ഒച്ച കേട്ടു് ഷോർട്ട് ഹെയർ ഉള്ള സ്ത്രീ തല ഉയർത്തി നോക്കി. വെയ്റ്റർ ശവത്തിന്റെ കൈയ്യിൽ നിന്നു് ബിയർ ഗ്ലാസ് വിടുവിച്ചു. അപ്പോൾ ശവം ഇവരെല്ലാം തന്നെ പറ്റി എന്തെല്ലാമാണു് ചിന്തിച്ചു കൂട്ടുന്നതെന്നു് വ്യസനഭാവം വരുത്തി അനങ്ങാതിരുന്നു. ഇപ്പോഴാണു് വെയ്റ്ററും ശവത്തിന്റെ മുഖം ശ്രദ്ധിച്ചതു്. കണ്ടാൽ മരിച്ച ഒരാളാണെന്നു് തോന്നുകയേ ഇല്ല.
ജീവിതത്തിൽ എപ്പോഴോ അടുത്തിടപഴകിയ, കേട്ടറിഞ്ഞ ഒരാളെ പോലെ തോന്നിയെങ്കിലും ശവത്തെ വെയിറ്റർക്കു കൃത്യമായി നിർവചിക്കാനായില്ല. ഒരാൾ ഉപയോഗിച്ച മൊബൈൽ ഫോൺ മരണശേഷം അയാളെ കൂടുതൽ വെളിപ്പെടുത്തുമെന്നു് വെയ്റ്റർക്കു മനസ്സിലായി. ശവത്തിന്റെ കീശയിലെ മൊബൈൽ ഫോൺ ഒന്നു് റിങ് ചെയ്യാൻ വേണ്ടി അയാൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്തു.
താൽക്കാലിക നിരാശ ബാധിച്ച ഒരു കുട്ടിയെ പോലെ കഷണ്ടിക്കാരൻ വാഷ്റൂമിൽ നിന്നു ഇരിപ്പിടത്തിൽ വന്നിരുന്നു തന്റെ മനസ്സിനോടുപോലും സംസാരിക്കാതെ ബാറടക്കുന്നതു വരെ അവിടെ തടവിലെന്ന പോലെ ഇരിക്കണമെന്നു് അയാൾക്കുണ്ടായി. ബാറിലെ അരണ്ട വെളിച്ചമോ സംഗീതമോ പെൺ സാന്നിധ്യമോ തന്നെ പറ്റി ഓർക്കുന്നവരുടെ ദുഷിച്ച മനസ്സോ അപ്പോൾ അയാളെ ബാധിച്ചതേയില്ല.
ബാർ മാനേജർ വെയ്റ്ററെ സ്നേഹപൂർവ്വം വിളിച്ചിട്ടു് ഒരു ലാർജ് ഒഴിച്ചു് കൊടുത്തു. ‘
വേണ്ട സർ… ഡ്യൂട്ടിക്കിടയിൽ…’ ‘
ഇന്നു് നമുക്കു് സ്പെഷ്യൽ ഡ്യൂട്ടി ഉള്ളതല്ലേ…’ അയാൾ നിർബന്ധിച്ചപ്പോൾ വെയ്റ്റർ വിലപിടിപ്പുള്ള മദ്യം കണ്ണടച്ചു് കുടിച്ചു.
തന്നെ അലോസരപ്പെടുത്തുന്നതെന്തോ ഈ ബാറിനുള്ളിൽ നടക്കുന്നതായി ഷോർട്ട് ഹെയറുള്ള സ്ത്രീക്കു് തോന്നിയിരുന്നുവെങ്കിലും അതു് എന്താണെന്നുള്ള ബോധം അവർക്കുണ്ടായിരുന്നില്ല. തനിക്കു് ഏറെ ഇഷ്ടപെട്ട മുയലിറച്ചി ഫ്രൈ അവർ ഒന്നു് രുചിച്ചു പോലും നോക്കിയില്ല. ബാർ ഒരു മരണവീടുപോലെ ശാന്തമൂകമായിരിക്കുന്നതിൽ അവർക്കു് അത്ഭുതം തോന്നി. ഇന്നത്തെ മാനസികാവസ്ഥയിൽ ജെ ഡി മുഴുവൻ തീർക്കാനാവില്ലയെന്നു അവരുടെ മനസ്സു് പറഞ്ഞു. തന്നിലൂടെ കടന്നു പോയ ഒരാൾ മരിച്ചതു് പോലെ ഒരു സങ്കടം അവരെ പിടികൂടി. ആരോ വരാനായി കാത്തിരിക്കുന്നതിനിടയിൽ അവർ വെയ്റ്ററെ വിളിച്ചു ബിൽ സെറ്റിൽ ചെയ്തു. എന്നിട്ടു് ഒഴിഞ്ഞു കിടക്കുന്ന കസേരകളിലേക്കു നോക്കി ഇരുന്നു മടുത്തതും അവർ ഉറങ്ങിപ്പോയി.
സ്വപ്നങ്ങൾ മരിച്ച രണ്ടു ശരീരങ്ങൾ ബാറിൽ സ്വയം നഷ്ടപ്പെട്ടിരിക്കുന്ന തക്കം നോക്കി വെയ്റ്ററും മാനേജരും കൂടി ശവത്തെ കസേരയോടെ പൊക്കിയെടുത്തു ലിഫ്റ്റിൽ കയറ്റി. അസ്വസ്ഥനായി കാണപ്പെട്ട മാനേജർ ശവത്തിന്റെ കണ്ണുകൾ ഒന്നുകൂടി തിരുമ്മിയടച്ചു.
ഇയാൾ ആരായിരിക്കും…? വെയ്റ്റർ ശവത്തെ നോക്കി ആലോചിക്കുന്നതു് മാനേജർ പിടിച്ചെടുത്തു. ‘നീ കാടു് കയറുകയൊന്നും വേണ്ട. പോയതു് പോയി.’ ശവത്തിന്റ അരികിൽ നിന്നു് പെട്ടന്നു് മാറി നിന്ന ശേഷം, ഇന്നു് രാത്രി തന്നെ ഭാര്യയെ പോയി കാണണമെന്നു് വെയ്റ്റർ ആരോടെന്നില്ലാതെ പറഞ്ഞു. അപ്പോൾ മാനേജർ തന്റെ വലത്തേ കൈയ്യിൽ കെട്ടിയ ചുവന്ന ചരടു് അമർത്തി പിടിച്ചു മിണ്ടാതെ നിന്നു.
ലിഫ്റ്റ് അതിവേഗം താഴേക്കു പോകുന്നതിന്റെ കമ്പനം ഇരുവരുടെയും ഹൃദയത്തെ ബാധിച്ചു. ശവം ഒരു സുഹൃത്തിനെ പോലെ അവരുടെ മനസ്സിനിടയിൽ കുടുങ്ങി ശ്വാസമെടുക്കാൻ ശ്രമിച്ചു.
ലിഫ്റ്റ് താഴേക്കു കുതിക്കുംതോറും ശവത്തിനു പ്രായം കുറഞ്ഞുവരുന്നതായി മാനേജർക്കു് തോന്നി. പണ്ടു്… വളരെ പണ്ടു് താൻ കുട്ടിയായിരിക്കുമ്പോൾ ഒരു മരണവീട്ടിൽ വെച്ചു് തന്നെ ഭോഗിച്ച ചെറുപ്പക്കാരന്റെ മുഖം പോലെ ശവത്തിന്റെ മുഖം പരിണമിക്കുന്നതായി മാനേജർ പേടിച്ചു പോയി.
ലിഫ്റ്റ് ഇരുപതാം നിലയിൽ നിന്നു് ഗ്രൗണ്ട് ഫ്ലോറിൽ വന്നുനിന്നു. അവർ ബാറിനു് പിന്നിലുള്ള നദിക്കരയിലെ ഇരുട്ടിൽ ശവത്തെ കൊണ്ടുപോയി ഉപേക്ഷിച്ചു. എന്നിട്ടു് യാതൊന്നും സംഭവിക്കാത്തതു് പോലെ ഒഴിഞ്ഞ കാസേരയുമായി ലിഫ്റ്റ് കയറി. ‘
എനിക്കൊരു പെഗ് കൂടി വേണം സർ.’ സമ്മർദ്ദം സഹിക്കാനാവാത്തതു പോലെ വെയ്റ്റർ മാനേജരെ നോക്കി. ‘ഇല്ല… ഡ്യൂട്ടി സമയത്തു മദ്യപിക്കാൻ ഞാൻ അനുവദിക്കില്ല.’ മാനേജർ ടൈ മുറുക്കികൊണ്ടു് തല വെട്ടിച്ചു.
ഷട്ടർ ഉയർത്തുന്നതിന്റെ ശബ്ദം ബാറിലെ സംഗീതത്തെയും അതിക്രമിച്ചു ഉള്ളിലേക്കു് വന്നു. കഷണ്ടിക്കാരൻ ഒരു സ്വപ്നം കണ്ടു് എഴുന്നേറ്റ പോലെ കണ്ണു് തുറന്നു. ബില്ലടച്ചു പോകാനൊരുമ്പോൾ തന്റെ നവരത്ന മോതിരം കൈവിരലുകളിൽ ഉണ്ടെന്നു് അയാൾ ഉറപ്പു വരുത്തി. ‘
പൂച്ചകുട്ടികളെ ചാക്കിൽ കെട്ടി നാടു് കടത്തിയ ബാല്യം നിനക്കുമില്ലേടോ?’ വെയ്റ്റർക്കു പുഞ്ചിരിക്കൊപ്പം ചുരുട്ടി പിടിച്ച നോട്ടുകൾ നൽകുമ്പോൾ കഷണ്ടിക്കാരൻ കാതിൽ പറഞ്ഞു.
ഒന്നും മനസ്സിലായില്ലെങ്കിലും വെയ്റ്റർക്കു അപ്പോൾ വല്ലാതെ നെഞ്ചു് വേദനിച്ചു. വാഷ്റൂമിൽ പോയി അനേകം തവണ മുഖം കഴുകിയിട്ടും അയാൾക്കു് സ്വസ്ഥത ലഭിച്ചില്ല. മാനേജർ അറിയാതെ അയാൾ സർവീസ് ലിഫ്റ്റിറങ്ങി നദീതടത്തിലെ ഇരുട്ടിൽ ശവത്തെ ചെന്നു് നോക്കി. കുളിപ്പിച്ചു് ഭസ്മം തൊട്ടതു പോലെ ശവത്തിന്റെ നെറ്റിയിൽ ഒരു ബാർകോഡ് തെളിഞ്ഞു കിടപ്പുണ്ടായിരുന്നു.
നദീ തടത്തിലെ മാളങ്ങളിൽ നിന്നു് ഞണ്ടുകൾ കൂട്ടത്തോടെ പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ വെയ്റ്റർ അതിവേഗം അവിടെ നിന്നു് പിൻവാങ്ങി. അയാൾ കിതച്ചു കൊണ്ടു് ബാറിനകത്തു കടന്നപ്പോൾ എല്ലാ ടേബിളിലും മദ്യപിക്കാൻ വന്നവരുടെ ആഹ്ലാദം മെനു നോക്കുന്നുണ്ടായിരുന്നു.
ഓർഡറെടുത്തു ഓടി നടക്കുന്നതിനിടയിൽ വെയ്റ്റർ എ സി തണുപ്പിൽ വിയർക്കാതെ കിതച്ചു. മദ്യപാനികൾ നല്ല മൂഡിലായപ്പോൾ, വൃദ്ധൻ ഇരുന്നു മരിച്ച കസേരയിൽ വെയ്റ്റർ അൽപനേരം വിശ്രമിച്ചു നന്നായി ശ്വാസമെടുത്തു. അന്നേരം ഒരു വലിയ നിഴലിനൊപ്പം ബാർകോഡ് സ്കാനറിന്റെ ബീപ്പ് ബീപ്പ് ശബ്ദം അയാളെ വന്നു പൊതിഞ്ഞു.
ബിഹാറിൽ ജനനം. പാറ്റ്നയിലും കോഴിക്കോടുമായി വിദ്യാഭ്യാസം. ആദ്യ കഥ പാമ്പും കോണിയും ചില്ല മാസികയിൽ 2000-ത്തിൽ പ്രസിദ്ധികരിച്ചു. കണ്ണു് സൂത്രം ആദ്യ കഥാസമാഹാരം ഗ്രീൻ പെപ്പർ പബ്ലിക്ക 2016-ൽ പ്രസിദ്ധികരിച്ചു. ലോഗോസ് പ്രസിദ്ധികരിച്ച ഉറുമ്പു് ദേശം ആണു് പുതിയ കഥാ സമാഹാരം.
ഈലം എന്ന ചെറുകഥയെ ആസ്പദമാക്കി സംവിധാനം ചെയ്ത ചിത്രം, ഹോളിവുഡിലെ പ്രശസ്തമായ ചൈനീസ് തിയേറ്ററിൽ വെച്ചു് നടന്ന ഗോൾഡൻ സ്റ്റേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ ഫിലിം അവാർഡ് നേടി. പോർട്ടോറിക്കോയിലെ ബയമറോൺ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച പരീക്ഷണ ചിത്രത്തിനുള്ള ജൂറി പ്രൈസ് നേടി. റോം ഫിലിം അവാർഡ്, ഇറ്റലിയിൽ നിന്നുള്ള പ്രിസ്മ ഫിലിം അവാർഡ് (സംവിധാനം), എന്നിവയടക്കം 14 അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഈലത്തിനു ലഭിച്ചു.
2003-ൽ കഥയെഴുതി സംവിധാനം ചെയ്ത ഡോക്യു ഫിക്ഷൻ വേൾഡ് സോഷ്യൽ ഫോറം ഫിലിം & വാട്ടർ ഇവന്റ് (മെക്സിക്കോ), വേൾഡ് സോഷ്യൽ ഫോറം മുംബൈ, ടോറോന്റോ ആക്ടിവിസ്റ്റ് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ ഒഫിഷ്യൽ എൻട്രി.
16 വർഷം, ഡൽഹി പ്രസ്സ് മാഗസിൻ ഗ്രൂപ്പിൽ എഡിറ്റോറിയൽ ഇൻ ചാർജ് ആയിരുന്നു.
പോയട്രി ഇൻസ്റ്റാലേഷൻ എന്ന കലാരൂപത്തിന്റെ ഉപജ്ഞാതാവു്. 2015-ൽ ലോകത്തിലെ ആദ്യ 3D പോയട്രി ഇൻസ്റ്റലേഷൻ കൊച്ചി ദർബാർ ഹാളിൽ പ്രദർശിപ്പിച്ചപ്പോൾ ഉത്ഘടനം ചെയ്ത മല്ലിക സാരാഭായ് cross polination of Art എന്നു വിശേഷിപ്പിച്ചു. പോയട്രി ഇൻസ്റ്റലേഷൻ ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. പിന്നീടു് 2016, 2017, 2018 വർഷങ്ങളിൽ ഡാർവിഷ് മുഹമ്മദ്, തെൻസിന് സിന്ദു, അമൃത പ്രീതം, സച്ചിദാനന്ദൻ, നെരൂദ, ജോയ് മാത്യു, എന്നിവരുടെ കവിതകളുടെ 10 ഇൻസ്റ്റലേഷൻ ചെയ്തു.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: വി. പി. സുനിൽകുമാർ